Wednesday, March 21, 2012

പിറവം ഉപതെരഞ്ഞെടുപ്പുഫലം സംബന്ധിച്ച്

ഈ പോസ്റ്റ് വേണ്ടവിധം വായിച്ചു നോക്കാത്തതിനാൽ അക്ഷരത്തെറ്റുകൾ കണ്ടേക്കാം. ദയവായി ചൂണ്ടിക്കാണിക്കുക.

അനൂപ് ജേക്കബിന് അഭിനന്ദനങ്ങൾ

പിറവം ഉപതെരഞ്ഞെടുപ്പിൽ വിജായിച്ച അനൂ‍പ് ജേക്കബിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ!

അങ്ങനെ ആ സസ്പെൻസും പൂർത്തിയായി. പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച അനൂപ് ജേക്കബ് വിജയിച്ചു. പതിനായിരത്തിനു മുകളിലാണ് ഭൂരിപക്ഷം. മുൻമന്ത്രിയും കേരളാ കോൺഗ്രസ്സ് ജേക്കബ്ബ് വിഭാഗം ചെയർമാനുമായിരുന്ന ടി.എം.ജേക്കബ്ബിന്റെ നിര്യാണം മൂലമാണ്,    അദ്ദേഹം മത്സരിച്ചു വിജയിച്ച പിറവം നിയമസഭാ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അനൂപ് ജേക്കബ് ടി.എം.ജേക്കബ്ബിന്റെ മകനാണ്. 

പിറവം  ഉപതെരഞ്ഞെടുപ്പിൽ ആർക്കാണ്  വിജയസാദ്ധ്യതയെന്നത് ഇതു സംബന്ധിച്ച എന്റെ ഒരു മുൻ‌പോസ്റ്റിൽ ഞാൻ  സൂചിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ പിറവം  ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചത് ഈയുള്ളവനെ അദ്ഭുതപ്പെടുത്തിയ ഒന്നല്ല. തെരഞ്ഞെടുപ്പിനു മുമ്പ്  വിജയസാധ്യതകളെ പറ്റി സാമാന്യേന ഓരോ പാർട്ടിക്കാരും മുന്നണിക്കാരും പറയുന്നതിൽ തെറ്റൊന്നുമില്ല. ആത്മവിശ്വാസവും വേണം. എന്നാൽ അതിരുവിട്ട അവകാശവാദങ്ങളും പ്രവചനങ്ങളും  മുൻ‌വിധികളും ഗീർവാണങ്ങളും ആർക്കുംതന്നെ ഭൂഷണമല്ല എന്നാണ് എന്റെ അഭിപ്രായം.  അത് എന്റെ ആ മുൻ പോസ്റ്റിൽ ഞാൻ ആത്മാർത്ഥമായിത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അല്ലാതെ ആരോ അതിൽ കമന്റിട്ടതു പോലെ പിറവത്തെ പരാജയം മുൻ‌കൂട്ടി കണ്ടിട്ടൊന്നുമല്ല ഞൻ അങ്ങനെ പറഞ്ഞിട്ടുള്ളത്.   ഇരുമുന്നണികളിലെയും നേതാക്കൾ മുൻ‌കൂർ നടത്തിയ വിജയപ്രഖ്യാപനങ്ങൾ കണ്ടിട്ടാണ് ഞാൻ അതേ പറ്റി എഴുതിയത്. (അതിന്റെ ലിങ്ക്). എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പിറവം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച എം.ജെ.ജേക്കബ്ബിന്  ജനങ്ങൾക്കിടയിലുള്ള മതിപ്പും  സ്വീകാര്യതയും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം തുച്ഛമായ വോട്ടുകൾക്കാണ് തോറ്റുപോയത് എന്നതും, എൽ.ഡി.എഫ് ഇപ്പോൾ ഭരണത്തിലല്ലാ എന്നതും മാത്രമായിരുന്നു അവിടെ എൽ.ഡി.എഫിന് അനുകൂലമായ ഘടകങ്ങൾ. മറ്റെല്ലാ ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമായിരുന്നു. തെരഞ്ഞെടുപ്പിനു  മുമ്പ് ഇരു മുന്നണികളും പറഞ്ഞിരുന്നതുപോലെ ഈ ഉപതെരഞ്ഞെടുപ്പ് ഇപ്പോൾ കേരളത്തിൽ ഭരണത്തിലുള്ള ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ മാത്രം ആണെന്ന്  ഞാൻ ഇപ്പോഴും  കരുതുന്നില്ല. ഒരു തെരഞ്ഞെടുപ്പിൽ പല ഘടകങ്ങളും സ്വാധീനിക്കും. അതിൽ സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലും പല സ്വാധീന ഘടകങ്ങളിൽ ഒന്നു മാത്രമായിരിക്കും.

പിറവത്ത് ടി.എം.ജേക്കബിന്റെ മകന്റെ സ്ഥാനാർത്ഥിത്തം, ടി.എം.ജേക്കബ്ബിനോടും കുടുംബത്തോടുമുള്ള സഹതാപം, അനുപ് ജയിച്ചാൽ മന്ത്രിയാകുമെന്ന ആ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതീക്ഷ, യുവസ്ഥാനാർത്ഥിയെന്ന ഇമേജ്,  എന്നീ ഘടകങ്ങളുടെ സ്വാധീനമുണ്ട്. കൂടാതെ  സാമുദായിക ശക്തികളുടെ നിർണ്ണായകമായ പിന്തുണ അവിടെ യു.ഡി.എഫിന്  അനുകൂലമായിരുന്നു. സാമുദായിക ശക്തികളുടെ അകമഴിഞ്ഞ പിന്തുണ യു.ഡി.എഫിനു ലഭിക്കും പോലെ എൽ.ഡി.എഫിന് ഒരിടത്തും ഒരു കാലത്തും സ്വാഭാവികമായും ലഭിക്കില്ല. പിറവത്തും മറിച്ചായിരിക്കില്ലല്ലോ. അതൊക്കെ അതിജീവിച്ച് വേണം എൽ.ഡി.എഫിന് ജയിക്കാൻ. അതിനുള്ള ഒരു സാഹചര്യമോ, ജനങ്ങൾക്ക്  ഇപ്പോഴത്തെ യു.ഡി.എഫ്  സർക്കാരിനെ വിലയിരുത്താനുള്ള ഒരു സമയമോ ആയിട്ടുമുണ്ടായിരുന്നില്ല. പിന്നെ ഭരണയന്ത്രങ്ങളുടെ  ദുരുപയോഗം  ഈ തെരഞ്ഞെടുപ്പ് വിജയത്തെ പല രൂപത്തിൽ  കുറച്ചൊക്കെ സ്വാധീനിച്ചിട്ടുണ്ടാകണം. പണം, മദ്യം എന്നിവയൊഴുക്കിയുള്ള വോട്ട് നേടലും ഒരളവുവരെ പിറവത്തും നടന്നിട്ടുണ്ടാവണം. മദ്യവും, പണവും ഒഴുക്കുന്ന കാര്യത്തിൽ യു.ഡി.എഫിനെ വെല്ലാൻ എൽ.ഡി.എഫിനു കഴിയില്ല. ഭരണത്തിലുള്ള കക്ഷിയ്ക്ക് പ്രതിപക്ഷത്തുള്ളവരേക്കാൾ കള്ള വോട്ട് ചേർക്കാനും കഴിയും. അതൊന്നും യു.ഡി.എഫ്കാർ മാത്രം ചെയ്യുന്നതാണെന്ന് ഞാൻ പറയുന്നില്ല. ഇരുപക്ഷത്തുള്ളവരും പലയിടത്തും ഏറിയും കുറഞ്ഞും അതൊക്കെ പരീക്ഷിക്കുന്നുണ്ട്. ഞാൻ പൊതുവേ  അതിന് എതിരാണ്. എങ്കിലും മദ്യവും പണവും നൽകി വോട്ടു പിടിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് യു.ഡി.എഫുകാർ തന്നെയാണെന്നാണ് എനിക്ക് നേരിൽ കാണാൻ കഴിഞ്ഞിട്ടുള്ള  അനുഭവം.

പണം, മദ്യം, കള്ളവോട്ട് എന്നീക്കാര്യങ്ങൾ കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന പ്രവണത ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നത് നിഷേധിക്കനാകില്ല. ജാതിമതശക്തികളുടെ രാഷ്ട്രീയ ഇടപെടലും സ്വാധീനവും കാലം കഴിയുന്തോറും കൂടി വരികയുമാണ്. അത് പിറവത്തും പ്രകടമാണ്. ഇതെല്ലാം കൂടി സമം ചേർന്നില്ലായിരുന്നെങ്കിൽ ഇത്രയും ഭൂരിപക്ഷം (12,070 നു പുറത്താണ്   ഭൂരിപക്ഷം)) അനൂപിന് അവിടെ ലഭിക്കുമായിരുന്നില്ല. ഞാനീ  യു.ഡി.എഫിനിട്ട് അല്പം കുത്തിക്കുത്തി പറഞ്ഞുവന്നത്  തെരഞ്ഞെടുപ്പിൽ പലഘടകങ്ങളും സ്വാധീനിക്കും എന്നുള്ളതാണ്. മത്സരിക്കുന്നവരിൽ  ഒരാളുടെ വിജയത്തിന്റെ രൂപത്തിൽ അതെല്ലാം പുറത്ത് വരും. അതുകൊണ്ട് പിറവം ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ഇപ്പോൾ അധികാരത്തിലുള്ള യു.ഡി.എഫ്  സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ  ഒരു വിലയിരുത്തലായി മാത്രം കാണാൻ കഴിയില്ല എന്നാണ് എന്റെ പക്ഷം. കാരണം ഈ യു.ഡി.എഫ് സർക്കാർ അത്ര ജനപ്രിയ സർക്കാരൊന്നുമല്ല. ബഡ്ജറ്റ് വന്നതോടെ അത് കൂടുതൽ വ്യക്തമായതാണ്. നിലവിലുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരെ പ്രീതിപ്പെടുത്താൻ പെൻഷൻ പ്രായം കൂട്ടുകവഴി  തൊഴിൽ കാത്തു കഴിയുന്ന അഭ്യസ്ഥ വിദ്യരായ ലക്ഷക്കണക്കിനു ചെറുപക്കാരോട് ഈ സർക്കാർ അനീതി കാട്ടി. അവർക്ക് ടെസ്റ്റ് എഴുതാനുള്ള പ്രമാവധി പ്രായം കൂട്ടുകപോലും ചെയ്യാതെയാണ് പെൻഷൻ പ്രായം അന്യായമായി വർദ്ധിപ്പിച്ചത്. എത്ര വലിയ ജകീയപ്രതിഷേധവും ക്ഷണിച്ചു വരുത്തുന്ന നടപടികൾപോലും  പ്രഖ്യാപിക്കാൻ ധിക്കാരം കാണിക്കുന്ന ഒരു ജനവിരുദ്ധ സർക്കാരാണിതെന്നതിന് മറ്റൊരുദാഹരണം വേണ്ട. പെൻഷൻ പ്രായം കൂട്ടുന്നതുപോലെ ഒരു തീരുമാനം കൈക്കൊള്ളുമ്പോൾ  സർക്കാരിന് നേരിയ ഭുരിപക്ഷം മാത്രമേയുള്ളൂ എന്ന ഒരു വിചാരം പോലും ഉണ്ടായില്ല. അത്ര ധിക്കാരം.

എന്തായാലും കൂട്ടത്തിൽ രാഷ്ട്രീയംവിട്ട്  ചിലതുകൂടി പറയാം. പിറവം ഉപതെരഞ്ഞെടുപ്പ് വാശിയേറിയ ഒരു തെരഞ്ഞെടുപ്പായിരുന്നു. രാഷ്ട്രീയവും വികസനവും നന്നായി ചർച്ച ചെയ്യപ്പെട്ട ഒരു തെരഞ്ഞെടുപ്പ്. ഞാൻ മേൽ സൂചിപ്പിച്ച ചില ചില്ലറ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ തികച്ചും ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്. പൊതുവേ വലിയ അക്രമ സംഭവങ്ങളൊന്നും ഇല്ലാതെ നടന്ന തെരഞ്ഞെടുപ്പ്. സമ്പൂർണ്ണസാക്ഷരത നേടിയ ഒരു സംസ്ഥാനം എന്ന നിലയിൽ ഇവിടുത്തെ എല്ലാ ജനങ്ങളും  അങ്ങേയറ്റം പ്രബുദ്ധരാണെന്ന് പറയാനാകില്ലെങ്കിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്  ഇവിടുത്തെ ജനങ്ങൾ പ്രബുദ്ധരാണ്. ഉത്തരേന്ത്യയിലെ കൈയൂക്ക്, പണം, ഗുണ്ടായിസം, ജാതിമതം തുടങ്ങിയവയാൽ നിർണ്ണയിക്കപ്പെടുന്ന രഷ്ട്രീയവും തെരഞ്ഞെടുപ്പുകളും അവയുടെ ഫലങ്ങളും വച്ചു നോക്കുമ്പോൾ നമുക്ക് കേരളത്തിൽ ഏറെ അഭിമാനിക്കാവുന്ന ഘടകങ്ങളുണ്ട്. പിറവത്ത് നടന്ന സമാധാനപരവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പും ഏറെക്കുറെ പ്രബുദ്ധതയുടെയും ജനാധിപത്യ ബോധത്തിന്റെയും അടയാളമായിത്തന്നെ കാണാം. ഞാൻ മേൽ മുന്നേ സൂചിപ്പിച്ച ചില ദുസ്വാധീനങ്ങളും അനഭിലഷണീയപ്രവണതകളും കാണാതെയല്ല, ഇത് പറയുന്നത്. ഇപ്പോഴും നിലനിൽക്കുകയും വളരുകയും ചെയ്യുന്ന അത്തരം ദുഷ്പ്രവണതകളും ദു:സ്വാധീനങ്ങളും പൂർണ്ണമായും  ഇല്ലാതാക്കേണ്ടതുണ്ട്. അവയെ പറ്റി മുമ്പും ഞാൻ എഴുതിയിട്ടുണ്ട്. ഇനിയും എഴുതും. അത് ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തെ മാത്രം അടിസ്ഥാനമാക്കി ചർച്ചചെയ്യേണ്ടതല്ല. വരും നാളുകളിലും   വിശദമായി ചർച്ച ചെയ്യേണ്ടതാണ് എന്ന് കരുതുന്നു. ഉത്തർ പ്രദേശിൽ അഖിലേഷ് യാദവ് അവിടുത്തെ ഗുണ്ടാ മാഫിയാ രാഷ്ട്രീയത്തെ ദുർബ്ബലപ്പെടുത്താൻ ചില ശ്രമങ്ങൾ തുടങ്ങി വച്ചിരിക്കുന്നു എന്നുള്ള അവിടെ നിന്നുള്ള വാർത്തകൾ ശുഭസൂചനയാണ്. അങ്ങനെ ചില നല്ല അനക്കങ്ങൾ ഉത്തരേന്ത്യയിൽ ഒരിടത്തെങ്കിലും സംഭവിച്ചു തുടങ്ങുമ്പോൾ നമ്മൾ ഇപ്പോഴുള്ളതിലും മോശപ്പെട്ട അവസ്ഥയിലേയ്ക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. 

പിറവത്ത് അമിതമായ ആത്മ വിശ്വാസം വച്ചുപുലർത്താൻ മാത്രം അനുകൂലമായ എന്തെങ്കിലും ഘടകങ്ങൾ യു.ഡി.എഫിനെ അപേക്ഷിച്ച് എൽ.ഡി.എഫിന് ഉണ്ടായിരുന്നില്ല എന്ന് ഞാൻ നേരത്തേതന്നെ സൂചിപ്പിച്ചു. എങ്കിലും ഇരു മുന്നണികളും ആത്മ വിശ്വാസത്തോടെയും വിജയപ്രതീക്ഷയൊടെയും തെരഞ്ഞെടുപ്പിനെ നേരിട്ടു. യു.ഡി.എഫിനെ സംബന്ധിച്ച് ഇത് കേവലം ഒരു പ്രിസ്റ്റീജ് തെരഞ്ഞെടുപ്പായിരുന്നില്ല. മറിച്ച് ജീവൻ‌മരണ പോരാട്ടമായിരുന്നു. ഗവർൺ‌മെന്റിന്റെ നിലനില്പിനെ തന്നെ ബാധിച്ചേക്കാമെന്ന ഭയം  നിലവിലുള്ള കക്ഷിനില വച്ച് സ്വാഭാവികവുമാണ്. സെൽ‌വരാജുമാർ ഇനിയും അധികം ഉണ്ടാകണമെന്നില്ലല്ലോ. അതുകൊണ്ട് ആ ഒരു ഗൌരവം ഉൾക്കൊണ്ടുകൊണ്ട് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫിനു കഴിഞ്ഞു. മറുപക്ഷത്ത് എൽ.ഡി.എഫിനെ സംബന്ധിച്ച് ഒരു രാഷ്ട്രീയ വിജയം എന്നതിനപ്പുറം ഒരു പ്രിസ്റ്റീജ് തെരഞ്ഞെടുപ്പായിരുന്നില്ല പിറവം. കാരണം അത് ഒരു സ്ഥിരം എൽ.ഡി.എഫ് മണ്ഡലമല്ല. ചുരുക്കം തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് അവിടെ എൽ.ഡി.എഫിന് നേരിയ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പിൽ നിസാര വോട്ടുകൾക്കാണ് അന്നത്തെയും സ്ഥാനാർത്ഥിയായിരുന്ന എം.ജെ. ജേക്കബ്  തോറ്റുപോയത് എന്നത് എൽ.ഡി.എഫിന് ആത്മ വിശ്വാസം നൽകിയിരുന്നു. എം.ജെ.ജേക്കബ്ബിനെ മുൻ‌നിർത്തി ഒരു കടുത്ത മത്സരം സൃഷ്ടിക്കുവാൻ എൽ.ഡി.എഫിനു കഴിഞ്ഞു. ആരു ജയിച്ചാലും ഒരു അയ്യായിരത്തിനകം വോട്ടിന്റെ ഭൂരിപക്ഷത്തിനപ്പുറം പോകില്ലെന്നായിരുന്നു പൊതുവിൽ വിലയിരുത്തപ്പെട്ടിരുന്നതെങ്കിലും അനൂപ് ജേക്കബിന്റെ ഭുരിപക്ഷം പതിനായിരത്തിനു മുകളിലേയ്ക്ക് ഉയരത്തക്ക വിധം ചില സ്വാധീനങ്ങളും ദു:സ്വാധീനങ്ങളും പിറവത്ത് സംഭവിച്ചു.

അതൊക്കെ എന്തുതന്നെ ആയാലും ഏതെങ്കിലും  ഒരു ഉപതെരഞ്ഞെടുപ്പോടെയോ പൊതുതെരഞ്ഞെടുപ്പോടെയോ തന്നെ എക്കാലത്തേയ്ക്കുമുള്ള ഒരു സൂചന അത് നൽകുന്നുവെന്ന് ആർക്കും കരുതാനാകില്ല. ഇനിയിപ്പോൾ ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പരാജയപ്പെട്ടതുകൊണ്ട് കേരളത്തിലെ എൽ.ഡി.എഫോ സി.പി.ഐ.എമ്മോ നിലമ്പരിശായി എന്നും ആരും കരുതേണ്ടതില്ല. എൽ.ഡി.എഫിന്റെയോ സി.പി.ഐ.എമ്മിന്റെയോ ജനകീയാടിത്തറയിൽ എന്തെങ്കിലും ഇളക്കം തട്ടിയെന്നും ആരും കരുതേണ്ടതില്ല. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ അടിസ്ഥാനമാക്കിയല്ല സി.പി.ഐ.എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ വളർച്ചയും തളർച്ചയും നിർണ്ണയിക്കപ്പെടുന്നത്. ഭരണത്തിലിരുന്ന് വളർന്നതുമല്ല ഇടതുപക്ഷപ്രസ്ഥാനങ്ങൾ. ഭരണമില്ലാത്തപ്പോഴാണ് എൽ.ഡി.എഫും, സി.പി.ഐ.എമ്മും ഒക്കെ കൂടുതൽ വളർന്നിട്ടുള്ളത്. കോൺഗ്രസ്സിനെയോ മറ്റ് യു.ഡി.എഫ് കക്ഷികളെയോ പോലെ തെരഞ്ഞെടുപ്പുകളെയോ ഭരണത്തെയോ മുന്നിൽകണ്ടും അധികാരത്തിനു വേണ്ടി മാത്രവും പ്രവർത്തിക്കുന്ന കേവലം ഒരാൾകൂട്ടമല്ല സി.പി.ഐ.എമ്മും ഇടതുപക്ഷവും. സദാ ജനങ്ങൾക്കൊപ്പം സേവന രംഗത്തും സമര രംഗത്തും  നിൽക്കുന്ന മുന്നണിയാണ് ഇടതുപക്ഷം.  ഈ മുതലാളിത്ത- ബൂർഷ്വാ സാമൂഹ്യ വയവസ്ഥിതിയിൽ ഇടയ്ക്കിടെ ലഭിക്കുന്ന ഭരണം പോലും ഒരു സമരമാണ് ഇടതുപക്ഷത്തിന്. സമൂലമായ സാമൂഹ്യമാറ്റങ്ങൾക്കുവേണ്ടിയാണ് അത് നില നിൽക്കുന്നത്. അതുകൊണ്ടാണ് രാജ്യവ്യാപകമയി മറ്റു ബൂർഷ്വാ പ്രസ്ഥാനങ്ങളെപ്പോലെ  ഇടതുപക്ഷത്തിന് കടന്നു ചെല്ലാൻ കഴിയാത്തതും. കമ്മ്യൂണിസം വളരുന്നത് പല സ്ഥാപിത താല്പര്യങ്ങൾക്കും തടസ്സമാകും. അതുകൊണ്ടുതന്നെ അതിന്റെ വളർച്ചയെ പ്രതിരോധിക്കാൻ ഒളിഞ്ഞും തെളിഞ്ഞും  മുതലാളിത്ത ശക്തികളും  ജാതിമത-വർഗ്ഗീയ ശക്തികളും  അവർ കൈയ്യാളുന്ന ഭരണകൂടവും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അതിന്റെയൊക്കെ ഭാഗമായി പിറവത്തെ പോലെ പല തിരിച്ചടികളും ഉണ്ടാകും. അതിനെയൊക്കെ അതിജീവിച്ച് ഇടതുപക്ഷ പ്രസ്ഥാനം മുൻപോട്ടുതന്നെ പോകുകയും ചെയ്യും. തിരിച്ചടികൾ ഇടതുപക്ഷത്തെ പിന്നോട്ടടിക്കുന്ന ഘടകങ്ങളെ അല്ല.

ഈ ഒരു ഉപതെരഞ്ഞെടുപ്പ് ഫലത്തെ മുൻ നിർത്തി പോലും ചിലർ പറയും; എൽ.ഡി.എഫ് തകർന്നെന്നും സി.പി.ഐ.എം തകർന്നെന്നും കമ്മ്യൂണിസം കാലഹരണപ്പെട്ടെന്നും ഇനി എൽ.ഡി.എഫ് ഒരിക്കലും അധികാരത്തിൽ വരില്ലെന്നും ഒക്കെ.  ചുമ്മാ! ഇതൊക്കെ  എത്രയോ കണ്ടിരിക്കുന്നു!  കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നു പൊതുവിൽ എല്ലാവരും കരുതിയതാണ്. തൊട്ടുമുമ്പ് നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അല്പം മേൽകൈ ഉണ്ടായിരുന്നതുമാണ്. പക്ഷെ എന്നിട്ടും തൊട്ടു പിന്നാലെ നടന്ന നിയമസഭാ പൊതു തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭൂരിപക്ഷത്തോട് അടുത്തു വന്നു. നിസാരമായ സീറ്റുകളുടെ വ്യത്യാസത്തിലാണ് എൽ.ഡി.എഫിനു ഭരണം നഷ്ടപ്പെട്ടതും യു.ഡി.എഫിനു ഭരണം ലഭിച്ചതും. അതുകൊണ്ട് എക്കാലത്തും കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലിരിക്കും എന്നൊരു അഹന്ത ആരും വച്ചു പുലർത്തേണ്ട. കേരളത്തിൽ ഇനിയും എൽ.ഡി.എഫ് അധികാരത്തിൽ വരും. അതുപോലെ ഇനി  നെയ്യാറ്റിൻ‌കര നിയമസഭാ നിയോജക മണ്ഡലത്തിൽ  ഉപതെരഞ്ഞെടുപ്പ് വരുന്നു. അവിടുത്തെ എം.എൽ.എ ആയിരുന്ന സെൽ‌വരാജ് എം.എൽ.എ സ്ഥാനം രാജിവച്ച് സി.പി.ഐ.എം വിട്ടു പോയതാണ് ഉപതെരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തിയത്.  പിറവത്ത് ജയിച്ചതുകൊണ്ട്  യു.ഡി.എഫ് നെയ്യാറ്റിൻ കരയിൽ വിജയിക്കുമെന്നു കരുതേണ്ട. നെയ്യാറ്റിൻ‌കരയിൽ യു.ഡി.എഫിന് അനുകൂല ഘടകങ്ങൾ ഉണ്ടെങ്കിൽ ജയിക്കും. അല്ലാതെ പിറവം ജയിച്ചതുകൊണ്ട് നെയ്യാറ്റിൻ‌കരയിൽ ജയിക്കുമെന്ന് യു.ഡി.എഫോ പിറവം തോറ്റതുകൊണ്ട് നെയ്യാറ്റിൻ‌കരയിൽ തോൽക്കുമെന്ന് എൽ.ഡി.എഫോ കർതേണ്ട. എല്ലായ്പോഴും ഒന്നിന്റെ തനിയാവർത്തനമായിരിക്കും മറ്റൊന്ന് എന്ന് കരുതുന്നതിൽ യാതൊരു യുക്തിയുമില്ല. കേരളത്തിൽ ഒരിക്കൽ ഭരണത്തിലിരിക്കുന്നവർ പിന്നെ അധികാരത്തിൽ വരില്ലെന്ന ധാരണ പൊതുവിൽ ഉണ്ടായിരുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ മാറിത്തുടങ്ങിയിട്ടുണ്ട്. കാരണം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമായിരുന്നു.വിജയത്തിൽ ആരും അഹങ്കരിക്കുകയോ പരാജയത്തിൽ പ്രകൊപിതരാകുകയോ ചെയ്യാൻ പാടില്ല.

അന്യായമായ കുടുംബവാഴ്ചയ്ക്ക് ഞാൻ എതിരാണെങ്കിലും രാഷ്ട്രീയക്കരുടെ മക്കൾ രഷ്ട്രീയത്തിൽ  വരുന്നതിൽ തെറ്റുണ്ടെന്നു കരുതുന്നില്ല. പല രാഷ്ട്രീയ നേതാക്കളും സ്വന്തം മക്കളെ കേട് കൂടാതെ  ഫ്രിഡ്ജിൽ വച്ചിട്ടാണ് മറ്റുള്ളവരുടെ മക്കളെ സംഘടിപ്പിക്കാനിറങ്ങുന്നത്. അനൂപ് ജേക്കാബ് പക്ഷെ അച്ഛന്റെ അനുമതിയോടെ മുമ്പേ തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടുള്ളതാണ്. ടി.എം. ജേക്കബ്ബിനൊപ്പം അദ്ദേഹത്തിന്റെ മരണം വരെയും തുടർന്നിപ്പോൾ മകൻ അനൂപ് ജേക്കബ്ബിനും  പാർട്ടിക്കുമൊപ്പം നിൽക്കുന്ന ജോണി നെല്ലൂരിനെ മറികടന്നാണ് പിറവത്ത് മത്സരിച്ച് ജയിച്ചത് എന്നൊരു ന്യൂനതയുണ്ട് എന്നിരിക്കിലും ജോണി നെല്ലൂരിന് അതിൽ  കുണ്ഡിതമില്ലാത്ത സ്ഥിതിയ്ക്ക് അത് കാര്യമാക്കേണ്ടതില്ലെന്നു കരുതാം. ഏതായാലും അനൂപ് ജേക്കബ്ബിന്റെ തിളക്കമാർന്ന  വിജയത്തിൽ സന്തോഷിക്കുന്നുവെങ്കിലും ഒരു  സി.പി.ഐ.എം കാരൻ എന്ന നിലയിൽ എൽ.ഡി.എഫിന്റെ പരാജയത്തിൽ ദു:ഖിച്ചുകൊണ്ട് ഈ കുറിപ്പ് ചുരുക്കുന്നു. അച്ഛന്റെ പാതയിൽ ഇനി കേരളത്തിലെ ഒരു മന്ത്രികൂടി ആകാനിരിക്കുന്ന അനൂപ് ജേക്കബിന് ആശംസകൾ!

(രാവിലെ തെരഞ്ഞെടുപ്പ്ഫലം അറിഞ്ഞുടൻ നീട്ടിപ്പരത്തിയ ഒരു   പോസ്റ്റ് ഏതാണ്ട് പൂർണ്ണമായി എഴുതിക്കഴിഞ്ഞപ്പോൾ  കറണ്ട് പോയി. സേവ് ചെയ്യാൻ മറന്നു പോയതിനാൽ അതു നഷ്ടമായി. യു.പി.എസ് കേടാണ്. പിന്നെ ഉച്ചയ്ക്കു ശേഷം  എഴുതിയ ഈ പോസ്റ്റ് ആദ്യം എഴുതിയതിന്റെയത്ര സുഖം എനിക്ക് നൽകുന്നില്ല എന്ന ദു:ഖംകൂടി ഇതൊനോടൊപ്പം  പങ്കു വയ്ക്കുന്നു. ഒരിക്കൽ എഴുതിയത് രണ്ടാമത് ഒന്നുകൂടി അതേപടി എഴുതുക എന്നെ സംബന്ധിച്ച് അല്പം  ശ്രമകരമാണ്. ആദ്യം എഴുതിയത് പലതും മറക്കും. )

13 comments:

ഇ.എ.സജിം തട്ടത്തുമല said...

കമന്റാക്രമണം തുടങ്ങിക്കൊള്ളൂ!

siyad said...

താത്വികമായ ഒരു അവലോകനം ആണ് ഞാന്‍ ഉദേശിക്കുന്നത്...ഒന്ന് വിഖടനവാതികളും പ്രതിക്രിയ വാതികളും പ്രഥമ ദ്രിഷ്ട്യാ അകല്ച്ചയിലായിരുന്നെങ്കിലും അവര്കിടയിലുള്ള അന്ദര്ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍................. .... ..മാത്രമല്ല ബൂര്‍ഷ്വാസികളും തക്കം പാര്തിരിക്കുക ആയിരുന്നു...അങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ നമ്മള്‍ പരാജയപ്പെട്ടത്..

മനസിലായില്ല...

അതായത് വര്‍ഗതിപത്യവും കൊലോനിയളിസ്റ്റ് ചിന്തസരനികളും, റാഡി ക്കലയിട്ടുള്ള ഒരു മാറ്റം അല്ല..ഇപ്പോള്‍ മനസിലായോ..

എന്ത് കൊണ്ട് തോറ്റു എന്നങ്ങു ലളിതമായി പറഞ്ഞാല്‍ പോരെ..

ഉത്തമാ മിണ്ടാതിരിക്ക്‌... ........സ്റ്റഡി ക്ലാസ്സിലോന്നും വരാത്തത് കൊണ്ടാ നിനക്കൊന്നും മനസിലാക്തത്....

Anonymous said...

എന്താ താമസിച്ചെന്ന് വിചാരിച്ചു വിഷമിക്കുകയായിരുന്നു ഒന്നുമല്ല സജീം വല്ല കടുംകൈ ചെയ്തോ എന്ന പേടി? മദ്യവും പണവും മന്ത്രി പദവും കൊണ്ട് ജയിക്കാം എങ്കില്‍ എന്താണ് വടക്കാഞ്ചേരിയില്‍ മുരളി തോറ്റത്? അന്ന് യു ഡീ എഫ് ഇങ്ങിനെ പലായനം ചെയ്തില്ല , ഇത്ര ഭൂരിപക്ഷം എങ്ങിനെ വന്നു? ബേസിക്കലി പറഞ്ഞാല്‍ ഒരു ക്രിസ്ത്യാനി മുഖ്യമന്ത്രിയെ മാറ്റി വേറെ ഒരു ജാതിക്കാരനെ അവിടെ ഇരുത്താന്‍ ഒരു ക്രിസ്ത്യാനിയും ഇഷ്ടപ്പെട്ടില്ല , എം എ ബേബിയും ഐസക്കും അരമനയില്‍ പോയി കാവല്‍ കിടന്നത് മിച്ചം , ഒരു വഴിയില്‍ കൂടെ അച്ചന്മാര്‍ക്കും ബിഷപ്പിനും പണി കൊടുക്കും നിക്ര്ഷ്ട ജീവി എന്ന് വിളിക്കും ഇലക്ഷന്‍ അടുക്കുമ്പോള്‍ അവരുടെ കൈ മുത്താന്‍ ചെല്ലും , ഈ നാടകം ഒക്കെ എത്ര കണ്ടിരിക്കുന്നു , അനൂപ്‌ പയ്യന്‍ ആണ് പിന്നെ അച്ഛനോടുള്ള സഹതാപം കാണും എന്നാലും പ്രധാനമായും യു ഡി എഫ് പാരവയ്ക്കല്‍ നടത്തിയില്ല എന്നതാണ് പ്രധാനം , ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു , മദ്യം കൊണ്ടാണ് ജയിച്ചതെന്ന് ചുമ്മാ പറയുകയാണ്‌, മദ്യം എല്‍ ഡീ എഫുകാര്‍ ഉപയോഗിക്കുന്നില്ലേ , ഇവിടെ പാര്‍ടി കോണ്ഗ്രസ് നടന്നപ്പോള്‍ പരസ്യമായി ജാഥക്ക് മുന്പ് കൊടുക്കുന്നത് കണ്ടതാണ് ഞാന്‍ അവര്‍ ജാത തൊഴിലാളികള്‍ ആയിരിക്കാം , ശരി അപ്പോള്‍ നെയ്യാടിന്‍ കര കാണാം, അവിടെ ശെല്‍വ രാജന്‍ ആയിരിക്കും സ്ഥാനാര്‍ഥി , മുരളി ഗ്രൂപ്പ് ചിലപ്പോള്‍ അല്‍പ്പം പാരയും വച്ചേക്കാം, എല്‍ ഡീ എഫിന്റെ സിടിംഗ് സീറ്റാണ് , അത് ഇതാ യു ഡീ എഫ് തിരിച്ചു പിടിക്കാന്‍ പോകുന്നു , അപ്പോള്‍ കാണാം ലാല്‍ സലാം

Pheonix said...

ഇനി (നെയ്യാറ്റിന്‍കര) കാവിലെ പാട്ട് മല്‍സരത്തില്‍ കാണാം സഖാവേ.."പടകാളി...എന്ന പാട്ട് ഓര്‍മ്മ വരുന്നു.

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,

നെയ്യാറ്റിൻ‌കരയും യു.ഡി.എഫിന്റെ സ്ഥിരം മണ്ഡലമാണ്. കഴിഞ്ഞതവണ സെൽ‌രജിനു പാറശാല സീറ്റു കൊടുക്കാത്തതു സംബന്ധിച്ച ചർച്ചകളാണ് സെൽ‌വരാജിന്റെ വിജയത്തിനു ഒരു കാരണം. പക്ഷെ ഇനി ഉപതെരഞ്ഞെടുപ്പിൽ സെൽ‌വരാജനാണ് യു.ഡി.എഫ് സ്ഥാനർത്ഥിയെങ്കിൽ എൽ.ഡി.എഫിന് കൂടുതൽ പ്രതീക്ഷയുണ്ട്. പിറവം ഇഫ്ഫെക്ട് മറികടക്കുക എന്നതുംകൂടിയാകുമ്പോൾ എൽ.ഡി.എഫിന് അല്പം പണി കൂടും. സാരമില്ല. നോക്കാം!

ഞാന്‍ പുണ്യവാളന്‍ said...

അങ്ങനെ എൽ.ഡി.എഫ് പിറവത്തില്‍ പരിവത്തില്‍ ആയി ......

നെയ്യാറ്റിന്‍കരയും പിടിച്ചെടുത്തു സ്വസ്ഥമായി സന്തോഷമായി അഞ്ചു വര്ഷം ഭരിക്കും ,

ഇവിടെ എന്തോകെയോ നടക്കുമെന്നും നടന്നു വെന്നുമോകെ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ആരായാലും ഒന്ന് ചിന്തിക്കും ! സത്യം ഏതായാലും ! അതായിരുന്നിരിക്കും ജയപരാജയം തീരുമാനിച്ചത്

സജീം മാഷ്‌ പോസ്റ്റിന്റെ നീളം ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിര്‍ക്കും ഒരു പ്രധാന വാര്‍ത്ത‍ വരുമ്പോ കൂടെ പോസ്റ്റും കാണുമെന്ന് കരുതി വരുന്നവരില്‍ ഒരാള്‍ ആണ് പുണ്യാളനും , വായിപ്പിച്ചു വധിക്കരുത് ഹ ഹ ഹ ( ചിലകാര്യങ്ങള്‍ വിശദ്ധമായി പറയേണ്ടി വരുമെന്ന കാര്യം മറക്കുന്നില്ല എങ്കിലും )

ഇ.എ.സജിം തട്ടത്തുമല said...

ചുരുക്കിയെഴുതുന്ന കര്യമാണ് പുണ്യാളാ എനിക്ക് പ്രയാസം. ഇതു തന്നെ ഇങ്ങനെ നിർത്തണമെന്ന് ആഗ്രഹിച്ചിട്ടല്ല കൈ കഴച്ചിട്ട് നിർത്തിയതാണ്. ഹഹഹ!

ChethuVasu said...

അച്ചുതാനന്ദനെ തോല്‍പ്പിക്കാന്‍ വേണ്ടി പാര്‍ട്ടിയെ തന്നെ തോല്‍പ്പിച്ചു കളഞ്ഞ പാര്‍ട്ടിയാണ് എല്‍ ഡി എഫ് .. പിരവത്ത്തിനു തുല്യം അല്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ഈ ട്രെന്‍ഡ് അവര്ത്തിക്കപ്പെടും , യഥാര്‍തത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ ഉണ്ടാക്കിയെടുത്ത വ്യത്യാസം കൊണ്ടാണ് പാര്‍ട്ടിക്ക് ഒരു പാട് വോട്ടുകള്‍ കിട്ടിയത് . അച്യുതാനന്ദനെതിരെ കേസുകള്‍ എടുക്കുന്നതിലും പ്രതിച്ഛായ തകര്‍ക്കുന്നതിലും യു ഡി എഫ് വിജയിക്കുകയും , അനവസരത്തിലുള്ള പദപ്രയോഗത്തെ മാധ്യമ സഹായത്തോടെയും ,സമൂഹത്തിന്റെ കപ സദാചാര ബോധത്തിന്റെയും സഹായത്തോടെ അമിത വ്യാഖ്യാനം ചെയ്യുകയും വഴി ആ ഫാക്ടര്‍ യി ഡി എഫ് മറികടന്നു . ഇനി കേരള രാഷ്ട്രീയത്തില്‍ ഇടതു പഷത്തിനു കാര്യമായ റോള്‍ ഇല്ല. പാര്‍ട്ടി നിലനില്‍ക്കും ഏറെ കാലം കൂടി . പക്ഷെ പാര്‍ട്ടി അല്ല ആര് ഭരിക്കണം എന്ന് തിരുമാനിക്കുന്നത് , പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്ന പാര്‍ട്ടിക്കാര്‍ അല്ലാത്ത ജനങ്ങള്‍ ആണ് . അവര്‍ക്ക് മുന്‍പില്‍ ലളിത ജീവിത നയിച്ച്‌ , ത്യാഗ ബോധവും സമൂഹത്തോട് ( പാര്ട്ടിയോടല്ല) അര്പന മനോഭാവവും ഉള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമായ പാര്‍ട്ടി നേതാക്കളെ ശ്രുഷ്ടിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമോ , എങ്കില്‍ മാത്രമേ ഇടതു പക്ഷം ആ നിലക്ക് രാഷ്രീയ അധികാരം പ്രതീക്ഷിക്കെണ്ടാതുള്ളൂ . അല്ലെങ്കില്‍ എന്നെങ്കിലും ഒരു ദിവസം മുസ്ലീം ലീഗോ കേരള കൊണ്ഗ്രസ്സോ തങ്ങളുടെ കൂടെ വരും എന്ന് സ്വപ്നം കണ്ടിരിക്കേണ്ടി വരും ! ! !

ജാതി മതങ്ങള്‍ ആളുകളെ സ്വാധീനിക്കുന്നു എന്ന് , ചില വിഭാഗങ്ങളെ കൂടുതലായി സ്വാധീനിക്കുന്നു എന്നത് ഒരു പുതിയ തിരിച്ചറിവ് അല്ലല്ലോ .എന്നാല്‍ ജാതി മതങ്ങള്‍ക് വിധേയര്‍ ആയി വോട്ടു ചെയ്യാത്തവരെ അല്ലെങ്കില്‍ അങ്ങനെ ഉള്ള പ്രവണത കൂടുതല്‍ കാണിക്കുന്ന സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം , ഇപ്പറഞ്ഞ ജാതി മതങ്ങള്‍ക്ക് ആപേക്ഷികമായി കൂടുതല്‍ പരിഗണന കൊടുത്തു കൊണ്ടല്ലേ ഇടതു പക്ഷവും ഭരിക്കുന്നത്‌ ..? അവര്‍ പറഞ്ഞ എല്ലാ കാര്യവും സാധിച്ചു കൊടുക്കുന്നില്ല എന്നതില്‍ ആണ് അവര്‍ക്ക് അമര്‍ഷം ..എന്നാല്‍ അവരെ സന്തോഷിപ്പിക്കാന്‍ പരിധി വിട്ടു അവരുടെ ചില ആഗ്രഹാങ്ങളോട് ചേര്‍ന്ന് നില്‍ക്കാനും പൊതു സമൂഹത്തിനു അത് വഴി നഷ്ടം സംഭവിക്കാനും ഇടത്പക്ഷവും കാരണം ആയിട്ടുണ്ട്‌ .. ആദ്യം ഒക്കെ ആളുകള്‍ ഇത് കണ്ടില്ലെന്നു നടിക്കും..പിന്നെ പിന്നെ അല്പാല്പം ആയിട്ടെങ്കിലും മനം മടുത്തു ആളുകള്‍ അവരുടെ കാര്യം നോക്കും ..ഒരു പക്ഷെ ഇത് വരെ അവര്‍ക്ക് ഇല്ലാതിരുന്ന സമുദായ ബോധം അവര്‍ക്ക് പതിയെ വന്നെന്നും ഇരിക്കും ..

എതിര്‍ക്കുമ്പോള്‍ , ആ എതിരിപ്പ് ശക്തവും വ്യക്തവും ആയിരിക്കണം,അതിനു വിശ്വാസ്യത ഉണ്ടായിരിക്കണം , വിമോചന സമരത്തിന്‌ ശേഷം ഇടതു പക്ഷത്തിനു ആ ശക്തി നഷ്ടപ്പെട്ടതാണ് ഇന്നത്തെ അപചയങ്ങളുടെ മൂല കാരണം .

മണിഷാരത്ത്‌ said...

പിറവത്തെ ഒരു വോട്ടര്‍ എന്ന നിലയില്‍ പറയട്ടെ..പിറവം ഒരു ഇയടതുപക്ഷ മണ്ഡലമല്ല,എന്നാല്‍ ഇയടതുപക്ഷം ഇവിടെ ജയിച്ചിട്ടുണ്ട്‌ എന്നത്‌ മറ്റു പലസാഹച്ര്യങ്ങളിലായുരുന്നു എന്നു മാത്രം.ആന്റണി കോണ്‍ഗ്രസ്സ്‌ ഇടതുപക്ഷത്തായിരുന്നപ്പോള്‍ പി സി ചാക്കോ ഇവിടനിന്ന് ജയിച്ചിരുന്നു.സി പൗലോസ്‌ കോണ്‍ഗ്രസ്സ്‌ വിമതനായിരുന്നപ്പോള്‍ ഗോപി കോട്ടമുറിക്കല്‍ വിജയിച്ചു.2006 ല്‍ എം.ജെ.ജേക്കബിനെ വിജയിപ്പിച്ചത്‌ കോണ്‍ഗ്രസ്സുകാര്‍ തന്നെയായിരുന്നു.ഡിക്കില്‍ പോയതിന്‌ അവര്‍ നല്‍കിയ പ്രതികാരമായിരുന്നു അത്‌.2011 ലും കോണ്‍ഗസ്സിന്‌ ടി.എം.ജേക്കബ്ബിനെ ജയിപ്പിക്കുവാന്‍ കോണ്‍ഗ്രസ്സ്‌ ഒന്നും ചെയ്തില്ലന്നതാണ്‌ സത്യം.മണ്ഡല പുനര്‍ക്രമീകരണത്തിന്റെ ഭാഗമായി ഇലഞ്ഞി പഞ്ചായത്ത്‌ പിറവം മണ്ഡലത്തില്‍ ചെര്‍ത്തു.ഇവിടെ മാണി കോണ്‍ഗ്രസ്സിനു നല്ല സ്വാധീനമുള്ള മണ്ഡലമാണ്‌.അതിനാല്‍ 2011 ല്‍ കഷ്ടി രക്ഷ്പ്പെട്ടന്നു മാത്രം.ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യം മറ്റോന്നായിരുന്നു.ഇവിടെ ജയം കോണ്‍ഗ്രസ്സിന്‍്‌ അത്യാവശ്യമായിരുന്നു. അവര്‍ പണിയെടുത്തു അവര്‍ക്കു കിട്ടി.അതിനായി എന്തെല്ലാമാണാ്‌ ചെയ്തതെന്ന് ഇവിടത്തെ വോട്ടര്‍മാര്‍ക്കറുയാം..

ഇ.എ.സജിം തട്ടത്തുമല said...

മണി ഷാരത്ത്,
താങ്കൾ പിറവം മണ്ഡലത്തിൽ ഉള്ള ആളാണെങ്കിൽ അവിടെ നടന്നിരിക്കാനിടയുള്ള കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകും. എന്നെ പോലെ പുറത്തുനിന്നുള്ള ആളുകൾക്ക് കേട്ടറിവുകൾ വച്ച് “അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം” എന്ന മട്ടിലേ പറയാൻ കഴിയൂ. താങ്കൾക്ക് നേരിട്ട് അനുഭവമുണ്ടാകും. ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസ്സുകാർ ചെയ്യുന്നതെന്തൊക്കെയെന്ന് എല്ലാവർക്കുമറിയാം. പണവും ചാരായവും ഒരു തെരഞ്ഞെടുപ്പിൽ വഹിക്കുന്ന പങ്ക് അത്ര ചെറുതൊന്നുമല്ല.ഇടതുപക്ഷ പ്രവർത്തകർ ദിവസങ്ങളോളം കയറിയിറങ്ങി പ്രവർത്തിച്ചും പ്രചരണം നടത്തിയും വോട്ടുകൾ കാൻ‌വാസ് ചെയ്തു വയ്ക്കും. കോൺഗ്രസിന്റെ പ്രതിഫലം വാങ്ങിയുള്ള പ്രവർത്തകർ കിട്ടുന്ന കാശിനുമാത്രം എന്തെങ്കിലും ചെയ്തെന്നു വരുത്തും. പക്ഷെ തലേ ദിവസം ഇടതുപക്ഷ പ്രവർത്തകർ ഉറപ്പിച്ചു വച്ച വോട്ടുകളെല്ലാം കോളനികളിലും മറ്റും രഹസ്യമായി പണം നൽകിയും ചാരായമൊഴുക്കിയും യു.ഡി.എഫുകാർ അട്ടിമറിക്കും. അതിനാൽ ഇപ്പോഴും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ദിവസങ്ങളിൽ ഇടതു പ്രവർത്തകർ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കാറുണ്ട് പലയിടത്തും. കോൺഗ്രാസ്സുകാർ പണമൊഴുക്കാതിരിക്കാൻ! അങ്ങനെ എന്തെല്ലാം അതിജിവിച്ചാണ് എൽ.ഡി.എഫുകാർ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത്! ഇടതു പക്ഷത്തിന് ഇതുപോലെ ശക്തമായ പാർട്ടി മിഷണറി കൂടിയില്ലായിരുന്നെങ്കിൽ പറയാനുമില്ല.തനി ഉത്തരേന്ത്യൻ മാതൃകയിലായിരുന്നേനേ കാര്യങ്ങൾ.

മണിഷാരത്ത്, ഒരാളെങ്കിലും വന്ന് യു.ഡി.എഫിനെതിരെ ഒരു സത്യം പറഞ്ഞതുകൊണ്ട് ഇത്രയും എഴുതിയെന്നു മാത്രം!

Pheonix said...

നെയ്യാറ്റിന്‍കരയില്‍ അമിതമായ ആത്മവിശ്വാസം വേണ്ട സഖാവേ. പിറവത്ത്‌ രാഹുല്‍ ഗാന്ധി വന്നില്ല അതുകാരണം യു.ഡി.എഫിന് കാര്യങ്ങള്‍ എളുപ്പമായി. ആ ചങ്ങായി വേണ്ടാതീനം ഒന്നും ഒപ്പിച്ച്ചില്ലല്ലോ! പിന്നെ സഭകള്‍ ഈ വിജയത്തില്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. കാരണം ഉമ്മന്‍ പോയാല്‍ പിന്നെ സമീപ ഭാവിയില്‍ ഒരു അച്ചായനെ മുഖ്യനായി കിട്ടില്ല - ആദര്‍ശധീരന്‍ ഇനി കേരളത്തിലേക്ക്‌ വരാന്‍ ചാന്‍സ്‌ പറ്റെ പോക്ക്). ഇനി പ്രതിപക്ഷം ഭരണം പിടിച്ചാലും അവരുടെ നിരയില്‍ ഒരു അച്ചായന്‍ ഇല്ല മുഖ്യനാവാന്‍.(ഈ സ്ഥിതി നേരിടാന്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്നു അച്ചായന്‍ മുഖ്യനെ കാത്തു സൂക്ഷിക്കാന്‍ സഭകള്‍ നന്നായി കളിച്ചതിന്റെ ഫലമാണ് ഈ വന്‍ ഭൂരിപക്ഷം.

kaalidaasan said...

സഭകള്‍ നന്നായി കളിച്ചതിന്റെ ഫലമാണ് പിറവത്തെ വന്‍ ഭൂരിപക്ഷം എങ്കില്‍ കഴിഞ്ഞ തവണ നെയ്യാറ്റിന്‍കരിയില്‍ നാടാര്‍ ജാതി കളിച്ചതായിരുന്നു എന്ന് വ്യാഖ്യാനിക്കേണ്ടി വരും. നെയ്യാറ്റിന്‍കരയും ഉറച്ച യു ഡി എഫ് മണ്ഡലമാണ്. ഉറച്ച് യു ഡി എഫ് മണ്ഡലത്തില്‍ എല്‍ ഡി എഫ് ജയിക്കണമെങ്കില്‍ അതിനു വ്യക്തമായ നയപരിപാടികള്‍ വേണം. വോട്ടര്‍മാരെ ബോധ്യപ്പെടുത്തണം. ജനദ്രോഹകരമായ പല നടപടികളും കൈക്കൊള്ളുന്ന യു ഡി എഫ് സര്‍ക്കാരിനെ മറിച്ചിടാന്‍ ഉദ്ദേശ്യമില്ല എന്നു പറഞ്ഞാല്‍ ജനങ്ങള്‍ എല്‍ ഡി എഫിനു വോട്ടു ചെയ്യില്ല.

http://kaalidaasan-currentaffairs.blogspot.com.au/2012/03/blog-post_24.html

ജയിംസ് സണ്ണി പാറ്റൂർ said...

സജീമേ ആദ്യം അഭിനന്ദിക്കേണ്ടതു്
അച്ചന്മാരേയും, എൻഎസ്എസിനെയും
എസ്എൻഡിപിയേയുമാണു്. പ്രബുദ്ധ
കേരളത്തിന്റെ ഒരു പോക്കേ കോൺഗ്രസിന്റെ
മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ ആരാനും
നിശ്ചയിക്കുക അമ്മയുടെ കൂടെ ആരു കിടക്കണ
മെന്നു ആരാനും തീരുമാനിക്കുന്നതു പോലെ.