Saturday, December 31, 2011

സ്വബോധമുള്ളവർക്കെല്ലാം പുതുവത്സരാശംസകൾ!

പുതുവത്സരാശംസകൾ!

ഇപ്പോൾ സ്വബോധമുള്ളവർക്കെല്ലാം പുതുവത്സരാശംസകൾ; ഇപ്പോൾ സ്വബോധമില്ലാത്തവരും ബോധം തെളിയുമ്പോൾ ഈ ആശംസകൾ എടുത്തുകൊള്ളുക!

ഇപ്പോൾ കുപ്പി മുന്നിലുള്ളവർ അടുത്ത വർഷം മുതൽ മദ്യം തൊടില്ലെന്ന് കുപ്പിയിൽതൊട്ട് പ്രതിജ്ഞചെയ്യുക! ഇതിനകം ബോധം പോയവർ ബോധം തെളിയുമ്പോൾ ഈ പ്രതിജ്ഞ എടുക്കുക. ഇപ്പോഴും ബിവറേജസുകളുടെ ക്യൂകളിലും ബാറുകളിലുമുള്ളവർ ഇനി ഈ നാണക്കേടിന് പോകില്ലെന്നും പ്രതിജ്ഞയെടുക്കുക.

അല്ല, ഇനിയും കുടിച്ചേ പറ്റൂ എന്നു നിർബന്ധംതന്നെയുള്ളവർക്കെല്ലാം കുടിവത്സരാശംസകൾ ! അല്ലപിന്നെ!

Friday, December 16, 2011

ആതിരൻ

ഈ കഥ കഥയായി തോന്നിയെങ്കിൽ കഥാകാരൻ പരാജയപ്പെട്ടു. കാര്യമായി തോന്നിയെങ്കിൽ കഥാകാരൻ വിജയിച്ചു.

ആതിരൻ

ആതിരനെപ്പറ്റി തട്ടത്തുമലക്കാർക്ക് ആകെയുള്ളവിവരം ആനിയുടെ സഹോദരൻ എന്നത് മാത്രമാണ്. ആനി തട്ടത്തുമലയിലെ മറവക്കുഴി കോളനിയിൽ വീട്ടുനമ്പർ പതിനഞ്ചിൽ മുടിയൻ രവീന്ദ്രൻ കെട്ടിക്കൊണ്ടുവന്ന പെണ്ണാണ്. അവർക്ക് രണ്ട് സ്കൂൾത്തരം കുട്ടികളുമുണ്ട്. മൂത്തത് പെൺകുട്ടി എട്ടാംതരം സിമിയും ഇളയത് ആൺകുട്ടി ആറാംതരം ശ്യാമും. രവീന്ദ്രൻ നല്ലൊരു കൂലിവേലക്കാരനും എന്നാൽ നാട്ടിലെ മദ്യപ അസോസിയേഷനിൽ സജീവ അംഗത്വം ഉള്ള ആളുമാണ്. ആനിയുംകൂടി വല്ല പണിക്കും പോകുന്നതുകൊണ്ട് കുടുംബം ഭദ്രമായി പോകുന്നുവെന്ന് പറയുമ്പോൾ രവീന്ദ്രനെക്കുറിച്ചുള്ള ഒരു ചെറുവിവരണം അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുടി നീട്ടി വളർത്തുന്ന സ്വഭാവം കൊണ്ടുമാത്രമല്ല, ജീവിത ശൈലികൊണ്ടുകൂടി അർത്ഥഗർഭമായ പേരാണ് മുടിയൻ രവീന്ദ്രൻ എന്നത്.

ആതിരനെക്കുറിച്ച് പറയുമ്പോൾ മുടിയൻ-ആനി കുടുംബത്തെ ഇക്കഥയിൽ കൊണ്ടുവരാതിരിക്കാനാകില്ല. കാരണം രവീന്ദ്രൻ ആനിയെ കെട്ടിക്കൊണ്ടുവന്നതുകൊണ്ടാണ് ആനിയുടെ ആങ്ങള ആതിരൻ തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്ന് താമസിക്കുവാൻ ഇടയായത്. ആതിരൻ മുടിയൻ-ആനി കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ട് ഏതാനും നാളുകളേ ആവുകയുള്ളൂ. അതിനു മുമ്പും അയാൾ വല്ലപ്പോഴും വന്നുപോയിരുന്നു. അളിയൻ മുടിയന്റെ കുടിയും ഉപദ്രവങ്ങളും സഹോദരീ പുത്രരോട് ആതിരനുള്ള വലിയ വാത്സല്യവും കൊണ്ടാണത്രേ ആതിരൻ അവരോടൊപ്പം സ്ഥിരതാമസമാക്കിയത്. എന്തുപണിയും ചെയ്ത് ജീവിക്കാൻ കഴിവും സന്നദ്ധതയുമുള്ളവന് എവിടെയും സ്ഥിരതാമസമാക്കാമല്ലോ. സഹോദരൻ ആതിരൻ കൂടെ തങ്ങളുടെ കൂടിയതിനുശേഷം ആനിയ്ക്ക് പ്രത്യേകിച്ച് പണിയ്ക്കൊന്നും പോയില്ലെങ്കിലും കുടുംബം ഒരുവിധം നന്നായി നടന്നു പോകും എന്ന നിലയിലായി. മക്കളുടേ പഠനം, വസ്ത്രം ഒക്കെ ആ‍തിരന്റെ ചെലവിലായി.

വേറെയൊരു ഗുണമുണ്ടായത് മദ്യപിച്ച് വീട്ടിലെത്തിയാൽ സ്ഥിരമായി ആനിയ്ക്ക് ഭർത്താവ് മുടിയൻജിയിൽ നിന്ന് ലഭിക്കുന്ന കുറെ അടിയിടികളും തൊഴികളും കുറഞ്ഞുകിട്ടി. സഹോദരന്റെ മുമ്പിലിട്ട് ഭാര്യയെ അടിക്കാൻ മുടിയന്റെ കൈ അത്രയെളുപ്പം പൊങ്ങുമായിരുന്നില്ല. ആതിരൻ തങ്ങളോടൊപ്പം വന്നുകൂടിയത് സ്വന്തം പെങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കൂടിയാണോ എന്നൊരു സംശയം മുടിയനുണ്ടായിരുന്നെങ്കിലും അയാൾക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെയൊരു ദോഷഫലം എന്തായിരുന്നുവെന്നു ചോദിച്ചാൽ ആതിരന്റെ സഹായം കൂടി ഉള്ളതുകൊണ്ട് മുടിയന് വീട്ടുചെലവു ചെയ്യുന്നതിൽ നല്ല ഇളവ് ലഭിക്കുകയും, അയാൾ മദ്യപശ്രീപട്ടത്തിനും മദ്യപാനി അസോസിയേഷന്റെ പോളിറ്റ് ബ്യൂറോ അംഗത്വത്തിനും വേണ്ടി വന്നാൽ അഖിലേന്ത്യാ സെക്രട്ടറിവരെ ആകാൻ വരെ യോഗ്യനായി എന്നത് മാത്രമാണ്.

തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്നുകൂടിയ ആളാണെങ്കിലും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആതിരൻ തട്ടത്തുമലയിലും പരിസരപ്രദേശങ്ങളിലും ഏറെക്കുറെ പ്രശസ്തനായി. എന്തുപണിയും ചെയ്യാനുള്ള സന്നദ്ധതമാത്രമല്ല, ചില പണികളിൽ ആതിരനെ വെല്ലാൻ അധികമാരും ഈ പ്രദേശത്ത് ഇല്ലാത്തതു കൂടിയാണ് ആതിരനെ സ്ഥലത്തെ പ്രധാനിയും പ്രശസ്തനുമാക്കിയത്. പാടവും പറമ്പും കിളച്ചുമറിച്ച് കൃഷിചെയ്യാനാണെങ്കിലും, തെങ്ങിൽ കയറാനാണെങ്കിലും, കിണറുകൾ ഇറയ്ക്കാനാണെങ്കിലും മരംകയറാനും മരം മുറിയ്ക്കാനുമാണെങ്കിലും ആതിരൻ പരിചയസമ്പന്നനാണ്. എന്നാൽ എല്ലാവരും ഇത്തരത്തിൽ ഏതെങ്കിലുമൊരു ജോലിയിൽ പ്രത്യേക വൈദഗ്ദ്ധ്യവും താല്പര്യവും കാണിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ആതിരൻ ജലസംബന്ധമായ ജോലികളിലായിരുന്നു എക്സ്പെർട്ട്. പ്രത്യേകിച്ചും കിണറുകൾ ഇറയ്ക്കുന്നകാര്യത്തിൽ.

ഇനി എത്ര ആഴമുള്ള കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. ഇറങ്ങാൻ ഒരു തൊടിപോലും ഇല്ലാത്ത കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. എത്രവെള്ളം നിറഞ്ഞു കിടന്നാലും അയാൾക്കതൊരു പ്രശ്നമേ അല്ല. കാരണം നന്നായി നീന്തലറിയാം. നിലവെള്ളം ചവിട്ടാനറിയാം. തട്ടത്തുമലയെപോലെ പുഴയൊന്നുമില്ലാത്ത സ്ഥലത്തല്ല അയാൾ ജനിച്ചു വളർന്നത്. ഒരു പുഴയുടെ തീരംപറ്റി കുടിപാർത്തിരുന്നതാണ്. ഇപ്പോഴും അയാളുടെ അച്ഛനമ്മമാർ അവിടെ പുഴയോരത്തുതന്നെയാണ്. അതുകൊണ്ടുതന്നെ നീന്തലിൽ അഗ്രഗണ്യനാണ്. തട്ടത്തുമലയിൽ നീന്താനറിയാവുന്നവർ വളരെക്കുറവാണ്. കിണറ്റിൽ എലി, പാമ്പ്, പട്ടി, പൂച്ച ഇത്യാദികളൊക്കെ വീഴുന്ന ദൊർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി വെള്ളംകുടി മുട്ടുന്നവർ ഉടനെ ചെന്ന് ആതിരന്റെ വാതിലിൽ മുട്ടുകയായി! കിണറ്റിലിറങ്ങി അവയെ എടുത്തുകളഞ്ഞ് കിണർ വെള്ളം വറ്റിച്ച് വൃത്തിയാക്കുവാൻ ആതിരനെ പോക്കിയിട്ടേ മറ്റാരുമുള്ളൂ. കൂടെ ഒരു കയ്യാളുംകൂടി ഉണ്ടായാൽ പണി എളുപ്പം.

ഉണക്കു സീസണാകുമ്പോൾ എല്ലാവരും സാധാരണ കിണറുകൾ ഇറയ്ക്കാറുണ്ട്. ആ സീസണിൽപിന്നെ ആതിരന് കിണർ ഇറപ്പല്ലാതെ മറ്റ് പണികൾ ഒന്നുമില്ല. നല്ല കാശും കിട്ടും. ആതിരൻ ഉള്ളതുകൊണ്ടു മാത്രം ഇടയ്ക്കിടെ കിണർ ഒന്ന് വൃത്തിയാക്കിക്കളയാം എന്നു വിചാരിക്കുന്നവർകൂടി നട്ടിൽ ഉണ്ടായി. കിണറിന്റെ തൊടികളിലൂടെ കോവണിപ്പടികൾ ഇറങ്ങിപ്പോകുന്ന ലാഘവത്തോടെ ആതിരൻ ഇറങ്ങിപോകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ഇവിടത്തെ മറ്റ് കിണറിറപ്പുകാർക്ക് നീന്തൽ അത്ര വശമില്ലാത്തതുകൊണ്ട് വളരെ സൂക്ഷിച്ചേ കിണറ്റിലിറങ്ങാൻ സാധിക്കുകയുള്ളൂ. ആതിരന് വെള്ളത്തിൽ മുങ്ങി ചത്തുപോകുമെന്ന് ഭയപ്പെടേണ്ടതില്ല.കാരണം നീന്താനറിയാമല്ലോ!

ഇതിലൊക്കെ വച്ച് വലിയൊരദ്ഭുതം ഉള്ളത് എന്താണെന്നു വച്ചാൽ അല്പം വിസ്താരമുള്ളതും വെള്ളം നിറഞ്ഞു കിടക്കുന്നതുമായ കിണറാണെങ്കിൽ ഒന്നോ രണ്ടോ തൊടിയിറങ്ങിയിട്ട് ആതിരൻ വെള്ളത്തിലേയ്ക്ക് എടുത്തൊരു ചാട്ടമാണ്! നീന്തലും നിലവെള്ളം ചവിട്ടുമൊക്കെ വശമുള്ള ആതിരന് അതൊക്കെ ഒരു തമാശപോലെയാണ്. ആതിരൻ കിണറ്റിൽ ചെന്നു വീഴുന്നതും താഴ്ന്നു പോയിട്ട് പൊങ്ങിവന്ന് നിലവെള്ളം ചവിട്ടി നിൽക്കുന്നതും കിണറ്റിൽ ഇറങ്ങിയ ലക്ഷ്യം പൂർത്തീകരിച്ച് അനായാസേന കയറി വരുന്നതുമൊക്കെ ശ്വസമടക്കിപ്പിടിച്ചാണ് കരയിൽ നിന്ന് എത്തി നോക്കുന്നവർ കണ്ടുനിൽക്കാറുള്ളത്. പ്ലംബിങ്ങു പണിക്കാരും പലപ്പോഴും ആതിരന്റെ ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.

ആതിരൻ കിണർ ഇറയ്ക്കാൻ പോകുന്നിടത്തൊക്കെ കരയ്ക്കു നിന്നുള്ള ജോലികൾ ചെയ്യാൻ ഒരാളെകൂടി കൂട്ടിനു കൂട്ടാറുണ്ട്. ചിലപ്പോൾ അത് അളിയൻ മുടിയൻകുടിയനുമാകാം. വെള്ളവും അഴുക്കുമൊക്കെ വലിച്ചു കയറ്റുന്നത് സഹായിയുടെ ചുമതലയാണ്. വല്ല പാമ്പ് വർഗമോ വെള്ളത്തിൽ വീണതെടുക്കാനാണെങ്കിൽ, അവ ചത്തിട്ടില്ലെങ്കിൽ പോലും അവയെ കയ്യിലെടുത്ത് ഒന്നു ദേഹ പരിശോധനയൊക്കെ നടത്തി തഴുകിയും തലോടിയും താലോലിച്ചിട്ടൊക്കെയായിരിക്കും തൊട്ടിയിലോ കുട്ടയിലോ വച്ചുകെട്ടി മുകളിലേയ്ക്ക് വിടുക. പാമ്പ് പിടിത്തം തന്റെ തൊഴിലൊന്നുമല്ലെങ്കിലും കിണറ്റിൽ വീണു കിടക്കുന്നത് മൂർഖനാണെങ്കിലും ആതിരൻ കൈകൊണ്ടെടുക്കും. കീണറ്റിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹമുള്ളതുകൊണ്ട് കിണറ്റിൽ അകപ്പെടുന്ന ജീവികളൊന്നും ഉപദ്രവിക്കില്ലെന്ന അന്ധ വിശ്വാസം ആതിരൻ ഒരു വിശ്വാസമായി കൊണ്ടു നടക്കുന്നത്, മറിച്ചൊരു തിക്താനുഭവം അത്തരം ജീവികളിൽനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുകൊണ്ടാകാം.

കിണറിറപ്പ് കഴിഞ്ഞാൽ ആതിരന്റെ മറ്റൊരു വൈദഗ്ദ്ധ്യം മരം കയറ്റമാണ്. വല്ല ചക്കയോ മാങ്ങയോ തേങ്ങയോ അടർത്തണമെങ്കിലും ആതിരന്റെ കാൾഷീറ്റിനുവേണ്ടി ആളുകൾ കാത്തു നിന്നു. എത്ര കനവും ഉയരവുമുള്ള മരമാണെങ്കിലും അണ്ണാനെ പോലെ അയാൾ കയറിപ്പോകും. നല്ല കനവും അനേകം ശഖോപശാഖകളുമുള്ള മരമാണെങ്കിൽ ആ മരം അയാൾക്ക് ഒരു കളിസ്ഥലം പോലെയാണ്. എങ്കിലും മരം കയറാനും പ്രത്യേകിച്ച് തെങ്ങുകയറാനും ആളെക്കിട്ടാനില്ലാത്ത ഈ കാലത്തും എന്തുകൊണ്ടോ മരം കയറ്റം, തെങ്ങുകയറ്റം എന്നിവ ഒരു സ്ഥിരം ജോലിയായി അയാൾ സ്വീകരിച്ചിരുന്നില്ല. എല്ലാറ്റിന്റെയു കുത്തക ഏറ്റെടുക്കുന്നതിലുള്ള വൈമുഖ്യമാണോ അഭിരുചിയുടെ പ്രശ്നമാണോ എന്നറിയില്ല. എങ്കിലും അത്യാവശ്യത്തിന് ഒന്നോരണ്ടോ തേങ്ങയിടണമെന്നു പറഞ്ഞാൽ അത് ഒരു സഹായം എന്ന നിലയ്ക്കുതന്നെ ആതിരൻ ചെയ്തുകൊടുത്തിരിക്കുന്നു. അതിനു വല്ല കൂലിയോ കൊടുത്താൽ ഓ, ഇതിലൊക്കെ കൂലിവാങ്ങാനെന്തിരിക്കുന്നു എന്ന ഭാവമാണ്. എന്തായാലും ഒരു ദിവസം പോലും എന്തെങ്കിലും ജോലിയും കൂലിയുമില്ലാതെ കഴിഞ്ഞുകൂടേണ്ട സ്ഥിതി ഒരിക്കലും ആതിരനുണ്ടാകാറില്ല.

മറ്റൊരു പ്രശസ്തി കൂടി ആതിരനുണ്ട്. അതായത് പോലീസ് ഡിപ്പാർട്ട്മെന്റിൽ ആതിരന് നല്ല പേരാണ്. വല്ല കുളത്തിലോ പുഴയിലോ മറ്റോനിന്ന് വല്ല ശവവും തപ്പിയെടുക്കേണ്ടി വന്നാൽ ആതിരനെയാണ് അവർ തേടി എത്തുക. എവിടെയെങ്കിലും കെട്ടിത്തൂങ്ങി മരിച്ചുനിൽക്കുന്ന ശവങ്ങൾ അഴിച്ചിറക്കാനും ആതിരന്റെ സഹായം തേടാറുണ്ട്. വച്ചിരിക്കുന്നത് എടുക്കുന്ന ലാഘവത്തോടെ പുഴനീന്തി ശവമെടുക്കുന്ന പാരമ്പര്യത്തിനുടമയാണ് ആതിരൻ. കിണറ്റിൽ വീണ് മരിക്കുന്നവരുടെ ശവം ശാസ്ത്രീയമായി കരയ്ക്കെത്തിക്കാൻ ആതിരൻ ആവശ്യപ്പെടുന്നത് രണ്ട് പഞ്ചാരച്ചാക്കും അല്പം കയറും ഒടിയാത്ത ഒരു പത്തലിൻ കമ്പുമാണ്. പോലീസുകാരുടെയൊക്കെ വീടുകളിൽ പലജോലികൾക്കും ആതിരൻ പോകാറുണ്ട്. ആതിരന് പോലീസിൽ ഉള്ള പിടിപാട് പക്ഷെ ഇന്നാട്ടുകാർക്ക് ആദ്യം അറിയില്ലായിരുന്നു. അത് അറിയാനിടയായത് ഒരു അപകടം ഈ നാട്ടിൽ സംഭവിച്ചപ്പോഴായിരുന്നു.

തട്ടത്തുമലയിൽ അശുദ്ധജലം നിറഞ്ഞ് ഉപയോഗമില്ലാതെ കിടക്കുന്ന ഒരു ചിറയുണ്ട്. ഒരു വലിയ കുളമെന്നു പറയാം. അതിന്റെ ഉടമസ്ഥൻ തദ്ദേശവാസിയല്ലാത്തതുകൊണ്ട് അത് സാധാരണ വൃത്തിയാക്കാറൊന്നുമില്ല. ജലക്ഷാമമുള്ളപ്പോൾ ഉടമസ്ഥന്റെ അനുവാദത്തോടെ നാട്ടുകാർ അത് വൃത്തിയാക്കി ഉപയോഗിക്കും. പരിസരവാസികളുടെ കിണറ്റിലും കുളത്തിലുമൊക്കെ വെള്ളമുള്ളപ്പോൾ അത് പലവിധത്തിൽ മലിനമായി കാടും പടലും പായലും പിടിച്ച് കിടക്കും.

അങ്ങനെ ഈ പായൽച്ചിറ (അങ്ങനെയാണ് ഈ കുളം അറിയപ്പെടുന്നത്) കാടും പടലും പായലും പിടിച്ചു കിടക്കുമ്പോൾ ഒരു ദിവസം സ്കൂൾവിട്ട് ഇതിനടുത്ത് കൂടി കുറുക്കുവഴിപിടിച്ച് കളിച്ചും ചിരിച്ചും ഓടിച്ചാടി പോയ ഒരു കൂട്ടം കുട്ടികളിൽ ഒരാൾ കാൽവഴുതി കുളത്തിൽ വീണുപോയി. നാട്ടിലെ വലിയ ജന്മിയൊക്കെയായ ഗോപാലൻ നായരുടെ ചെറുമകൾ അഞ്ചാം ക്ലാസ്സുകാരി മിനിക്കുട്ടിയാണ് കുളത്തിലകപ്പെട്ടത്.

കുട്ടികളുടെ നിലവിളി കേട്ട് ഒടിക്കൂടിയവർ ആദ്യമൊന്നു പകച്ചു നിന്നു. നീന്തലറിയാത്ത പലരും ഇറങ്ങാൻ ശ്രമിച്ചെങ്കിലും നിറയെ വെള്ളമുള്ളതുകൊണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു.അല്പസ്വല്പം നീന്തലും ധൈര്യവും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെങ്കിലും മലിനജലം എന്നതായിരുന്നു പ്രധാന തടസ്സം. നീളൻ കമ്പൊക്കെ എടുത്ത് ആഴമൊക്കെ നോക്കി കയറോ വടമോ കൊണ്ടു വന്ന് കുളത്തിനക്കരേയ്ക്ക് എറിഞ്ഞ് അക്കരെയിക്കരെ നിന്ന് വടം പിടിച്ച് അതിൽ തൂങ്ങി ഇറങ്ങാനുള്ള പദ്ധതി ആലോച്ചിച്ച് ആരോ വലിയ വടത്തിനായി പ്രദേശത്തെ തടിക്കണ്ട്രാക്കിന്റെ വീട്ടിലേയ്ക്കോടി. ചിലർ സമീപത്തെ കിണറിനെ ലക്ഷ്യമാക്കിയും ഓടി. എല്ലാവർക്കും കുളത്തിലേയ്ക്ക് എടുത്തു ചാടണമെന്നുണ്ട്. പക്ഷെ ആർക്കും നീന്തലറിയാത്തതിനാൽ പകച്ച് നിൽക്കുകയാണ്.

ഇതിനിടയിൽ കൊച്ചിന്റെ തള്ളവന്ന് കുളത്തിലേയ്ക്ക് എടുത്തു ചാടാൻ ശ്രമിച്ചത് അവിടെ വന്നുകൂടിയവർക്ക് വലിയ ബുദ്ധിമുട്ടായി. അവരെ നാലുപേർ വരിഞ്ഞു പിടിച്ചു നിർത്തി. കുട്ടിയുടെ മുത്തശ്ശൻ നീന്തലറിയില്ലെങ്കിലും ഇറങ്ങാനൊരു ശ്രമം നടത്തി. പക്ഷെ കൂടുതൽ അപകടങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ കുളത്തിനരികിലേയ്ക്ക് വന്നുകൊണ്ടിരുന്നു. പോലീസിലും ഫയർ ഫോഴ്സിലും ഇതിനകം വിവരം അറിയിച്ചിരുന്നു.

ഈ വിവരം അറിഞ്ഞ് ആതിരനും അളിയൻ മുടിയനും സഹോദരി ആനിയും മക്കളും ഒക്കെ അല്പസമയത്തിനകം സ്ഥലത്തെത്തി. തൊട്ടടുത്താണ് അവർ താമസിക്കുന്ന മറവക്കുഴിക്കോളനി. ആതിരൻ വന്ന് ഇവിടെ താമസം തുടങ്ങിയിട്ട് ഏതാനും നാളുകളേ ആയിരുന്നുള്ളൂ. കുളക്കരയിൽ എത്തിയപ്പോൾ സ്ത്രീകളൊക്കെ നിലവിളിക്കുന്നു. ആണുങ്ങൾ നീളമുള്ള കമ്പും മറ്റും കുളത്തിലേയ്ക്ക് നീട്ടിയിറക്കാനും മറ്റും വൃഥാ ശ്രമിക്കുന്നുണ്ട്. കുട്ടിയ്ക്ക് കമ്പിൽ പിടി കിട്ടി രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. ഇതിനിടയിൽ കുട്ടി രണ്ടു പ്രാവശ്യം പൊങ്ങി താണു പോയിരുന്നു. ആതിരന്റെ സാദ്ധ്യതകളെ അവിടെ വന്നുകൂടിയ എല്ലാവർക്കുമൊന്നും അറിയില്ലായിരുന്നു. അവിടെ കൂടിയവരിൽ ചിലർക്കൊക്കെ കണ്ടു പരിചയമുണ്ടെന്നേയുള്ളൂ. ചിലരുടെ വീടുകളിൽ പണിയ്ക്കും ചെന്നിട്ടുണ്ട്. എങ്കിലും അവിടെ കൂടിയ എല്ലാവർക്കും നല്ല പരിചയമില്ല. എന്നാൽ നാട്ടിൽ ആതിരൻ ഇതിനകം ഏറെക്കുറെ പ്രശസ്തനായിക്കഴിഞ്ഞതുമായിരുന്നു. അറിയാൻ ചിലതൊക്കെ ബാക്കിവച്ചുകൊണ്ടാണെങ്കിലും!


കുളത്തിൻ കരയിൽ എത്തിയുടൻ ആനി ആങ്ങളയെ ഒന്നു നോക്കി. ഒട്ടും താമസിക്കാതെ ആതിരൻ ധരിച്ചിരുന്ന തന്റെ കയിലിയും ഉടുപ്പും ഉരിഞ്ഞ് കരയ്ക്കെറിഞ്ഞു. ആനിയ്ക്കും നീന്താനറിയാം എന്നത് അവിടെ കൂടിയവർ ആദ്യം അറിയുകയാണ്. ആനിയും എന്തിനും തയ്യാറായി കുളത്തിൽ അല്പഭാഗത്തേയ്ക്കിറങ്ങി സഹോദരനെ സഹായിക്കാനായി നിന്നു. ആനിയുടെ മക്കൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കരയിൽ നിന്നു. ആതിരൻ വെള്ളത്തിൽ ഒരു പ്രാവശ്യം ഒന്നു മുങ്ങി ഒന്നു പൊങ്ങിയതേ ഉള്ളൂ. അയാളുടെ കയ്യിൽ കുളത്തിൽ വീണ മിനിക്കുട്ടിയുണ്ടായിരുന്നു! ആതിരൻ കുട്ടിയെ പൊക്കി ഉയർത്തി ആനിയുടെ കൈയ്യിലേയ്ക്ക് കൊടുത്തു. ആനി കുട്ടിയെ കരയ്ക്കെത്തിച്ച് കുട്ടിയ്ക്ക് വേണ്ട പ്രാഥമിക ശുശ്രൂഷകൾ നടത്തി. കുട്ടിയുടെ ചെരിപ്പും ബാഗും തപ്പി ആതിരൻ പിന്നെയും നീന്തുകയായിരുന്നു. അതൊന്നും വേണ്ടെന്നു ആളുകൾ വിളിച്ചു പറഞ്ഞെങ്കിലും ആതിരൻ കേൾക്കാൻ കൂട്ടാക്കിയില്ല.

ഇതിനിടയിൽ പോലീസ് സംഘം സ്ഥലത്തെത്തി. അവർ ആദ്യം കണ്ടത് കുട്ടിയെ വെള്ളത്തിൽ നിന്നു കരകയറ്റുന്ന ആനിയെ മാത്രമാണ്.
ആളുകൾ ആതിരനെ കയറിവരാൻ നിർബന്ധിക്കുമ്പോൾ സ്കൂൾബാഗും കുട്ടിയുടെ ചെരിപ്പുകളുമായി അയാൾ അതാ പൊങ്ങുന്നു. അപ്പോഴാണ് വന്ന പോലീസുകാർ കുട്ടിയെ രക്ഷിച്ച ആതിരനെ ശ്രദ്ധിച്ചത്. അതോടെ വന്ന പോലീസുകാരിൽ നിന്ന് ഒരു ആരവം ഉയർന്നു.

“ഇത് നമ്മുടെ ആതിരനല്ലേ? ഇവനെങ്ങനെ ഇവിടെ വന്നു?”

ആതിരൻ വെള്ളത്തിൽ പൊങ്ങിനിന്ന് സാർ എന്നു വിളിച്ച് എസ്.ഐയെയും പോലീസുകാരെയും അഭിവാദ്യം ചെയ്തു. അപ്പോഴാണ് ആതിരനും പോലീസുകാരും തമ്മിലുള്ള “നിഗൂഢ“ ബന്ധം നാട്ടുകാരറിയുന്നത്. കരയിലേയ്ക്ക് നീന്തിവന്ന ആതിരനെ ഒരു പോലീസുകാരൻ ചെന്ന് കൈയ്യിൽ പിടിച്ച് വലിച്ച് കരയ്ക്കുകയറാൻ സഹായിച്ചു. അവർ തമ്മിൽ കുശല പ്രശ്നങ്ങളായി. ഇവിടെ സഹോദരിയോടൊപ്പമാണ് ഇപ്പോൾ താമസമെന്ന് പോലീസിനോട് ആതിരൻ ഉണർത്തിച്ചു. ഈയിടെ നിന്നെ അങ്ങോട്ടൊന്നും കാണാനൊന്നുമില്ലല്ലോ എന്ന് ചില പോലീസുകാർ പരാതിപ്പെടുന്നുമുണ്ടായിരുന്നു. അത് നമ്മളന്ന് ഇവനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞതുകൊണ്ടായിരിക്കുമെന്നായി ഒരു പോലീസുകാരൻ. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞതും ആതിരന്റെ മുഖം നാണം കൊണ്ട് ചുവന്നു. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞാൽ അവൻ നാണിച്ചു മരിച്ചു പോകുമെന്ന് എസ്.ഐയുടെ കമന്റ്. ചുരുക്കത്തിൽ കരയ്ക്കെടുത്ത കുട്ടിയല്ല ആതിരനാണ് അവിടെ അതിനേക്കാൾ ശ്രദ്ധേയനായത്.

കരയ്ക്കു കയറിയ ആതിരൻ മുണ്ട് തിരയുന്നതിനിടയിൽ സ്ഥലം എസ്.ഐ ആതിരന് തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് കവർ എടുത്ത് തുറന്ന് അതിൽനിന്നും ഒരു സിഗരറ്റെടുത്ത് ആതിരനു നൽകിയിട്ട് പറഞ്ഞു;

“മുണ്ടൊക്കെ പിന്നെ ഉടുക്കാം നീ ഇത് വലിച്ചൊന്ന് ശരീരം ചൂടാക്കെടാ എന്ന്!”

എസ്. ഐയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിക്കുന്ന ആതിരനെ അസൂയയോടെ പലരും നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ചീറിപ്പാഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് വന്നുകൊണ്ടിരുന്ന ഫയർഫോഴ്സ് വാഹനം ഇനി വരേണ്ടതില്ലെന്ന് എസ്. ഐ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്ഥലത്തെ കാഴ്ചക്കാരിൽ ഒരാളായ എക്സ് മിലിട്ടറി മുരളീധരൻ നായർ ആതിരന് തന്റെ മിലിട്ടറി കോട്ട ഒരെണ്ണം ഓഫർ ചെയ്തു.

ഇതു കേട്ട് ഒരു പോലീസ് ഏമാൻ പറഞ്ഞു;

“ആതിരനെ കുടിപ്പിച്ച് പാഴിക്കളളയാൻ പറ്റില്ല, അതുകൊണ്ട് മിലിട്ടറി കോട്ട ഇങ്ങ് നമുക്ക് തന്നേക്കൂ, സൌകര്യം പോലെ നമ്മൾ കുടിച്ചോളാം”

കുട്ടിഅപകടത്തിൽ‌പ്പെട്ടതിന്റെ വിഷമങ്ങൾക്കിടയിൽ ചെറിയ തമാശയ്ക്കും ചിരിക്കും ഈ സംഭാഷണം കാരണഭൂതവുമായി.

പുകവലിയും തലയും പുറവും തോർത്തലും ഒരുമിച്ച് കഴിച്ച ആതിരൻ കയ്ലിയും ഷർട്ടുമൊക്കെയിട്ട് കുട്ടിയുടെ അടുത്ത് ചെന്ന് ശുശ്രൂഷകൾ നിരീക്ഷിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപദേശിച്ചു.

പെട്ടെന്നു രക്ഷിക്കാൻ കഴിഞ്ഞതുകൊണ്ട് വെള്ളത്തിൽ നിന്നും കരയ്ക്കെടുത്ത മിനിക്കുട്ടിയ്ക്ക് കണ്ട ലക്ഷണത്തിൽ വലിയ കുഴപ്പമൊന്നുമില്ല. വെള്ളം കുറച്ച് കുടിച്ച് വയർ നിറഞ്ഞിട്ടുണ്ട്. ബോധം പൂർണ്ണമായി പോയിട്ടില്ല. എന്തായാലും ജീവാപായം സംഭവിക്കില്ല എന്ന് മനസിലാക്കി എല്ലാവരും സന്തോഷിച്ചു. ആനിയുടെ നേതൃത്വത്തിൽ കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. കുറെ വെള്ളം വയറിൽ തള്ളി ഞെക്കിക്കളഞ്ഞു.

ആനിയുടെ പ്രഥമിക ശുശ്രൂഷയിൽ മിനിക്കുട്ടിയ്ക്ക് ബോധം വന്നു. പുഴക്കരയിൽ ജനിച്ചു വളർന്ന ആനിയ്ക്കറിയാം വെള്ളം വയറ്റിൽ നിറഞ്ഞ കുട്ടിയെ എന്തൊക്കെ ചെയ്യണമെന്ന്. രണ്ട് വനിതാപോലീസുകാരികളും കുട്ടിയുടെ അമ്മയും ആനിയ്ക്കൊപ്പം കുട്ടിയെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. ബോധം വന്ന കുട്ടി കണ്ണുതുറന്ന് കണ്ണീരും കയ്യുമായി നിന്ന അവളുടെ അമ്മ ശാരദയെ കെട്ടിപ്പിടിച്ച് അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. ഭാഗ്യത്തിന് കുട്ടിയ്ക്ക് ജീവാപായം ഉണ്ടായില്ലെന്നതിൽ എല്ലാവരും ആശ്വസിച്ചു. ബോധക്ഷയവുമില്ല. അതും അദ്ഭുതംതന്നെ. അരമണിക്കൂറെങ്കിലും കുളത്തിലകപ്പെട്ടു കിടന്നതാണ് . ഉടൻ തന്നെ ഒരു വനിതാ പോലീസുകാരി കുട്ടിയെ പിടിച്ചു വാങ്ങി ജീപ്പ് ഡ്രൈവറെയും കൂട്ടി ജീപ്പ് കിടക്കുന്ന സ്ഥലത്തേയ്ക്ക് ഓടി. കൂടെ മറ്റേ വനിതാ പോലീസും. അവർ കുട്ടിയെയും ബന്ധുക്കളെയും കൂടെ വേഗം വിളിച്ചു കയറ്റി ആശുപത്രിയിലേയ്ക്ക് പോയി. വയറ്റിൽ വെള്ളം കയറിയതാണ്. അതും മലിന ജലം.

എസ്.ഐയും മറ്റ് രണ്ട് പോലീസുകാരും അപ്പോൾ ജീപ്പിൽ കയറി പോയില്ല. അല്പസമയത്തെ കുശല പ്രശ്നങ്ങൾക്കും, ഈ കുളത്തിനു ചുറ്റും വേലി വയ്ക്കേണ്ടതിന്റെ ആവശ്യകതയൊക്കെ നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിനും ശേഷം എസ്.ഐ യും മറ്റ് മൂന്ന് പോലീസുകാരും മറ്റൊരു കാറിൽ കയറി പോകുകയായിരുന്നു. പോകുമ്പോൾ എസ്.ഐ ആതിരനോട് പറഞ്ഞു;

“ആതിരാ നീ സൌകര്യം പോലെ വീട്ടിലോട്ടൊന്നു വരണം ഞാനിപ്പോൾ താമസിക്കുന്ന വീട്ടിലെ കിണർ ഒന്നിറയ്ക്കണം”

നാളെത്തന്നെ എത്തിക്കോളാമെന്ന് ആതിരന്റെ ഉറപ്പ്.

“പക്ഷെ സാർ അവനോട് പെണ്ണു കെട്ടാൻ പറയരുത്” കൂടെയുള്ള ഏട്ടിന്റെ കമന്റ്.

“അവനെക്കൊണ്ട് നമ്മൾ പെട്ട് കെട്ടിയ്ക്കും. അവന്റെ നാണം മാറാൻ അതേ മാർഗ്ഗമുള്ളൂ” എന്ന് എസ്.ഐ.

പെണ്ണെന്ന് കേട്ടതും ആതിരൻ പിന്നെയും ലജ്ജാവിവശനായി.

“അതാണവന്റെയൊരു വീക്ക്നെസ്സ്. ഐ മിൻ നാണം!” മറ്റൊരു പോലീസുകാരൻ.

അതറിയാവുന്നതുകൊണ്ട് എപ്പോഴും പോലീസുകാർ ആതിരനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞ് നാണിപ്പിച്ച് കളിയ്ക്കാറുണ്ടത്രേ!

കാറിൽ കയറാൻ നേരം എസ്.ഐയും പോലീസുകാരും ആതിരന്റെ വയറ്റിൽ ആ വെള്ളമെങ്ങാനും കയറിയെങ്കിൽ ആശുപത്രിയിൽ പോകാൻ ക്ഷണിച്ചു. എന്നാൽ അതൊന്നും സാരമില്ലെന്നും ഇനി നല്ലവെള്ളത്തിൽ പോയൊന്നു സോപ്പിട്ടുകുളിച്ചാൽ മതിയെന്നും പറഞ്ഞ് ആതിരൻ ഒഴിഞ്ഞു. താനിതൊക്കെ എത്രയോ കണ്ടിരിക്കുന്നുവെന്ന ഭാവം!

അങ്ങനെ വല്ല കിണറ്റിലോ പുഴയിലോ ഒക്കെ പെടുന്ന ജഡമെടുക്കൽ, പോലീസ് സ്റ്റേഷൻ കാടുപിടിച്ചാൽ വൃത്തിയാക്കൽ, പോലീസുകാരുടെ വീടുകളിൽ അത്യാവശ്യം ജോലികൾ ചെയ്തുകൊടുക്കൽ തുടങ്ങിയവ ആതിരൻ ചെയ്തു വരുന്നതായി ഇന്നാട്ടുകാരും അന്നു മനസിലാക്കി. പൊതുവേ അധികം സംസാരിക്കാത്ത ആതിരൻ ഇതൊന്നും ആരോടും കൊട്ടിഘോഷിച്ചു നടന്നിരുന്നില്ല. ആവശ്യത്തിനുമാത്രമേ സംസാരിക്കൂ. ആരെക്കണ്ടാലും ഒരു നിർമ്മലമായ ചിരി പാസ്സാക്കും. എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറയും. അത്രതന്നെ. സംസാരത്തിലല്ല, പ്രവൃത്തിയിലാണ് ആതിരന് കൂടുതൽ താല്പര്യം.

ഈ സംഭവത്തോടെ ആതിരൻ ഈ നാട്ടിലും പേരും പെരുമയും ഉള്ള ഒരാളായി മാറി എന്നുപറഞ്ഞാൽ മതിയല്ലോ. കുട്ടിയെ രക്ഷിച്ചതിന് മിനി മോളുടെ വീട്ടുകാരിൽ നിന്ന് പല പാരിതോഷികങ്ങളും നൽകിയെങ്കിലും അതൊന്നും ആതിരൻ വാങ്ങിയില്ല. എന്നാൽ ആശുപതിയിൽ നിരീക്ഷണത്തിൽ കിടന്നിരുന്ന മിനിക്കുട്ടിയ്ക്ക് ചില പലഹാരങ്ങളും മറ്റും ആതിരൻ വാങ്ങിക്കൊണ്ടുക്കൊടുക്കുകയും ചെയ്തു. തന്റെ സഹോദരീ പുത്രിയുടെ ഒപ്പം പഠിക്കുന്ന കുട്ടിയാണ് മിനിക്കുട്ടി. ഈ സംഭവത്തോടെ ആരും അത്രയൊന്നും ശ്രദ്ധിക്കതിരുന്ന ആനിയ്ക്കും നാട്ടുകാരുടെ ഒരു ശ്രദ്ധയൊക്കെ കിട്ടി. തന്റെ കുടുംബത്തിന് നാട്ടുകാരിൽ നിന്ന് പുതിയൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം താങ്ങാനാകാതെ ആനിയുടെ ഭർത്താവ് മുടിയൻ രവീന്ദ്രൻ സംഭവദിവസം രണ്ട് പെഗ്ഗ് കൂടുതലടിക്കുകയും വഴിയിലാകുകയും ചെയ്തു. മുമ്പും അങ്ങനെ സംഭവിച്ചിട്ടുള്ളതും ആരും ഗൌനിക്കാതെ കടന്നു പോയിട്ടുള്ളതുമാണെങ്കിലും അന്ന് ഒരു ആട്ടോ വിളിച്ച് ആരൊക്കെയോ സുരക്ഷിതമായി മുടിയനെ വീട്ടിലെത്തിച്ചു. അങ്ങനെ മുടിയനും നാട്ടിൽ ഒരു ഇമേജൊക്കെയായി!

അങ്ങനെയിങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആതിരൻ പല വീടുകളിലും പലപല ജോലികളും ചെയ്തു പോന്നു. പല ആപൽഘട്ടങ്ങളിലും അവൻ പലർക്കും തുണയായി. പോലീസുകാരുടെ കൂട്ടുകാരനായും കളിപ്പിള്ളയായും തുടർന്നു. തൂങ്ങി മരിച്ച ജഡങ്ങൾ അഴിച്ചിറക്കുന്നതിനും വെള്ളത്തിൽ വീണ ചീഞ്ഞു നാറിയ ശവങ്ങൾ പുറത്തെടുക്കുന്നതിലും രണ്ട് താലൂക്ക് പ്രദേശത്തെ പോലീസ്സ്റ്റേഷനുകൾക്ക് ആതിരന്റെ സേവനം തുടർന്നും ലഭിച്ചുകൊണ്ടിരുന്നു. ഒരു പോലീസുകാരനു നൽകുന്ന പരിഗണന പോലും പലരിൽ നിന്നും ആതിരനു ലഭിച്ചു. അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ പെർമനന്റ് അല്ലാത്ത,യൂണിഫോമില്ലാത്ത ഒരു ജീവനക്കാരനെ പോലെയും ആതിരൻ ജീവിച്ചു പോന്നു.

സാധാരണ ഇത്തരം ജോലികളൊക്കെ ചെയ്യുന്നവർ മദ്യത്തിന്റെ അടിമകളായിരിക്കും. എന്നാൽ ആതിരൻ ഒരു മദ്യാസക്തനായിരുന്നില്ല. വല്ലപോലീസുകാരോ കൂട്ടുകാരോ വിളിച്ച് വല്ലപ്പോഴും ഒരു പെഗ്ഗ് കൊടുത്താൽ കുടിക്കും. മര്യാദയ്ക്ക് വീട്ടിൽ പോകും. ആരും അത് അറിയുകയുമില്ല. പലപ്പോഴും അടുത്ത പരിസരങ്ങളിൽ എന്തെങ്കിലും അപകടം നടക്കുമ്പോൾ പാഞ്ഞുവരുന്ന ഫയർ ഫോഴ്സുകാർ ആതിരൻ കാരണം ഒന്നും ചെയ്യേണ്ടതില്ലാതെ മടങ്ങിയ ചരിത്രമുണ്ട്. കാരണം രക്ഷാ പ്രവർത്തനം അതിനകം ആതിരൻ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും.

ഏകദേശം അഞ്ചു വർഷക്കാലം ആതിരൻ ഈ നാട്ടുകാരനായി ജീവിച്ചു. വലിയ ശബ്ദ കോലാഹലങ്ങൾ ഒന്നുമില്ലാതെ ആതിരനും തന്നാലായത് എന്ന നിലയിൽ അങ്ങനെ ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നടുക്കുന്ന ഒരു വാർത്ത തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ നിന്നും പുറത്തുവന്നു. ആതിരൻ സഹോദരിയുടെ വീടിന്റെ ടെറസിനു മുകളിൽ മരിച്ചു കിടക്കുന്നു. വിഷം കഴിച്ചു മരിച്ചതാണത്രേ!

അവിശ്വസനീയവും നാട്ടുകാരെ അത്യധികം നടുക്കുന്നതുമായിരുന്നു ആവാർത്ത. ഒരു എക്സിസ്റ്റിംഗ് പഞ്ചായത്ത് പ്രസിഡന്റിനു ദുർമരണം സംഭവിച്ചാലെന്നതുപോലെയുള്ള ഒരാൾകൂട്ടമായിരുന്നു പിന്നെ തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ. അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ടേയ്ക്ക് ഓടിയെത്തി.

സാധാരണ ഒരു ദുർമരണമൊക്കെ നടന്നാൽ പോലീസുകാർ മറ്റ് ജോലികളൊക്കെ ഒതുക്കി നേരവും കാലവും നോക്കി സ്ഥലത്തെത്തുമ്പോൾ ഒരു നേരമാകും. എന്നാൽ ആതിരന്റെ ദുരൂഹമരണം കേട്ട മാത്രയിൽ നാട്ടിലെ മറ്റ് ക്രമസമാധാന പ്രശ്നങ്ങളൊക്കെ വിസ്മരിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനും സർക്കിളാഫീസുമൊക്കെ ഒന്നാകെ തട്ടത്തുമല ലക്ഷംവീട് മറവക്കുഴിക്കോളനിയിലേയ്ക്ക് പാഞ്ഞടുത്തു.

ചില പോലീസുകാർ വന്ന വരവിനാലേ “നമ്മുടെ ചെറുക്കനെന്തു സംഭവിച്ചു?” എന്ന് നിലവിളിച്ചുകൊണ്ടാണ് ആതിരൻ മരിച്ചു കിടക്കുന്ന ടെറസിനു മുകളിലേയ്ക്ക് ചാടിക്കയറിയത്. ആതിരനെ അരികിൽ ചെന്ന് വട്ടമിട്ടിരുന്ന് പിടിച്ചു തലോടി നീ എന്തിനിതു ചെയ്തെടാ പൊന്നു മോനേ എന്ന് ചോദിക്കുമ്പോൾ ചില പോലീസുകാർ സ്വന്തം മകൻ മരിച്ചതുപോലെ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എസ്.ഐ.യും പോലീസുകാരെയും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ പോലീസുകാരിൽ ചിലരുടെ വാവിട്ട കരച്ചിൽ എസ്.ഐ യുടെ കണ്ണുകളെ പോലും ഈറനണിയിക്കുകയായിരുന്നു. പിടിച്ചു നിൽക്കാനാകാതെ സർക്കിൾ ഇൻസ്പെക്ടർതന്നെ കരച്ചിലടക്കാൻ കഴിയാതെ കൂടെവന്ന ഒരു പോലീസുകാരന്റെ തോളിൽ ചാരി വിതുമ്പി നിന്നു. ഈ സർക്കിൾ ഇൻസ്പെക്ടർ ആതിരന്റെ വീട്ടിനടുത്തുള്ള പുറമൺകര പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരിക്കുമ്പോഴാണ് ആതിരൻ ആദ്യമായി പോലീസ് ഡിപാർട്ട്മെന്റിന്റെ സഹായിയായി എത്തുന്നത്. അത് പുഴയിൽ കുളിയ്ക്കാനിറങ്ങി കാണാതായ ഒരു യുവാവിന്റെ അഴുകിയ ശവം തപ്പിയെടുത്തുകൊണ്ടായിരുന്നു.

ആതിരൻ മരിച്ചതിന്റെ സങ്കടവും ആരോ ഈ മരണത്തിനുത്തരവാദിയാണെന്ന സംശയത്തിലുണ്ടായ ദ്വേഷ്യവും ഒക്കെ കൂടി ചേർന്ന് ചില പോലീസുകാർ ആനിയുടെയും മുടിയന്റെയും ഒക്കെ നട്ടുകാരുടെയുമൊക്കെ നേരെ ചീറിക്കടിച്ചുകൊണ്ട് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇങ്ക്വസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസുകാരിൽ വല്ലാത്ത സങ്കടവും ദ്വേഷ്യവും പ്രകടമാകുന്നുണ്ടായിരുന്നു. ആതിരന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ആരും തങ്ങളെ അറിയിച്ചില്ല എന്ന് എസ്.ഐ അദ്ദേഹം രോഷത്തോടെ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു. അവിടെ കൂടിയ പലരെയും പോലീസ് ചോദ്യം ചെയ്തു. ആനിയും മുടിയനും കുട്ടികളും ആതിരന്റെ അച്ഛനമ്മമാരും എല്ലാം നമ്മുടെ അറിവിൽ അവന് ഒരു പ്രശ്നവുമില്ലേ എന്നുപറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു.

മരണകാരണമെന്തെന്ന് ആർക്കുമറിയില്ല. ആനിയെയും മുടിയനെയും മറ്റ് ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം പോലീസ് നന്നായി ചോദ്യം ചെയ്തു. പക്ഷെ ആർക്കും ഒരെത്തും പിടിയുമില്ല. ആതിരന് ആരുമായെങ്കിലും വല്ല പ്രശ്നവുമുണ്ടോ, പ്രേമമുണ്ടോ, പെൺവിഷയമുണ്ടോ, കടബാദ്ധ്യതകളുണ്ടോ തുടങ്ങിയ പല ചോദ്യങ്ങളും പോലീസുകാരിൽ നിന്നും ഉണ്ടായി. പക്ഷെ ആർക്കും ഒന്നിനും ഉത്തരമില്ല. ആതിരന്റെ തങ്കപ്പെട്ട സ്വഭാവം വച്ച് അങ്ങനെയൊന്നും ഉണ്ടാകാനുള്ള ഒരു വിദൂര സാദ്ധ്യതയിലെയ്ക്ക് പോലും ആർക്കും വിരൽ ചൂണ്ടാനാകുന്നില്ല. കഴിച്ചിരിക്കുന്നത് കൊടിയ വിഷമാണെന്നു മാത്രം എല്ലവാരും മനസിലാക്കി.

ഒടുവിൽ ഒരു സഹപ്രവർത്തകൻ ഇങ്ങനെ മരിച്ചാലെന്നതുപോലെ പോലീസുകാർ ആതിരന്റെ ബോഡി ടെറസിൽ നിന്നും താഴെയിറക്കി. ആരെയും സഹായത്തിനു വിളിക്കാതെ അവർതന്നെ എല്ലാം ചെയ്യുകയായിരുന്നു. മൃതുദേഹം ആംബുലൻസിൽ കയറ്റി പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. നാട്ടിലെ പൊതുപ്രവർത്തകരും ആതിരന്റെ ബന്ധുക്കളും നാട്ടുകാരിൽ കുറച്ചുപേരും മറ്റ് പല വാഹനങ്ങൾ പിടിച്ച് ആംബുലൻസിനെ അനുഗമിച്ചു.

പോസ്റ്റ് മാർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതുദേഹം മറവക്കുഴി കോളനിയിൽ കൊണ്ടുവന്നു പൊതു ദർശനത്തിനു വയ്ക്കുമ്പോഴും വൻ ജനാവലിയായിരുന്നു. ഒപ്പം സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. ഉയർന്ന പോലീസ് ഓഫീസർമാരടക്കം സ്ഥലത്തെത്തിയിരുന്നു. ആതിരന്റെ മരണത്തെ പറ്റി കൂടുതൽ അന്വേഷിക്കുവാനും തീരുമാനമുണ്ടായി. അന്വേഷണത്തിന്റെ ഫലമെന്തായാലും നാട്ടുകാർക്ക് ആതിരന്റെ അകാല മരണം ഒരു തീരാ നഷ്ടമായി പരിണമിച്ചു. ദളിതനും കൂലിവേലക്കാരനുമായ ഒരു സാധാരണ മനുഷ്യന് ഇതുപോലെ ഒരു നാടിന്റെ മുഴുവൻ ശ്രദ്ധാഞ്ജലി കിട്ടുന്ന ഒരു സംഭവം ഇവിടെ ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.

ആതിരന്റെ അച്ഛന്റെ നിർബന്ധവും ലക്ഷം വീട് കോളനിയിൽ മൃതുദേഹം അടക്കം ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയും കണക്കിലെടുത്ത് സന്ധ്യയോടെ ആതിരന്റെ മൃതുദേഹം സ്വദേശമായ പുറമൺകര എന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വൻപോലീസ് സംഘവും നിരവധി വാഹനങ്ങളിൽ നാട്ടുകാരും അനുഗമിച്ചു. ആതിരന്റെ നാട്ടിലും വൻ ജലാവലി കാത്തു നിന്നിരുന്നു. രാത്രിയോടെ തന്നെ ശവസംസ്കാര കർമ്മങ്ങൾ നടന്നു. അങ്ങനെ ആതിരൻ എല്ലാവർക്കും ഒരോർമ്മയായി.

ആതിരൻ ഓർമ്മയായി ദിവസങ്ങളും മാസങ്ങളും ആണ്ടുകൾ കടന്നു പോയിട്ടും ആ ദുരൂഹത ഇന്നും ജനമനസുകളിൽ തളംകെട്ടി നിൽക്കുന്നു; ആർക്കും ഒരു ഉപദ്രവവുമില്ലാത്ത, എല്ല്ലാവർക്കും ഉപകാരങ്ങൾ മാത്രമുണ്ടായിരുന്ന, ആരുടെയും വെറുപ്പിന് ഒരിക്കലും പാത്രീഭവിച്ചിട്ടില്ലാത്ത, ദു:ശീലങ്ങൾ ഒന്നുമില്ലാതിരുന്ന, അദ്ധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നവനും അരോഗ ദൃഢഗാത്രനുമായിരുന്ന ചെറുപ്പക്കാരനായ ആ നല്ല മനുഷ്യൻ എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്? അല്ലെങ്കിൽ എങ്ങനെയാണു അത് സംഭവിച്ചത്? എന്താണ് മരണ കാരണം? വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെങ്കിലും ആതിരന്റെ മരണകാരണം ഇന്നും ദുരൂഹമായിത്തന്നെ നിലനിൽക്കുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു!

അതെന്തായാലും പക്ഷെ, ആതിരാ! ഇല്ല, നിനക്കു മരണമില്ല. നിന്നെയറിഞ്ഞ ജനഹൃദയങ്ങളിൽ നീയിന്നും ജീവിയ്ക്കുന്നു! നിനക്ക് സ്മരണാഞ്ജലിയായി, നിന്നെ നായകനാക്കി ഇതാ കണ്ണീരിൽ കുതിർന്ന ഒരു കഥയും ഈയുള്ളവനാൽ എഴുതപ്പെട്ടിരിക്കുന്നു!

Tuesday, December 6, 2011

സോഷ്യൽ നെറ്റ്വർക്കുകൾക്ക് നിയന്ത്രണം വരുന്നെന്ന്!

ഈ പോസ്റ്റിന്റെ ചുരുക്കം: ഏതാനും ചിലർ സോഷ്യൽ നെറ്റ്വർക്കുകളെ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് സോഷ്യൽനെറ്റ്വർക്കുകൾക്ക് മുഴുവൻ നിയന്ത്രണമേർപ്പെടുത്തുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുംപോലെയാണ്. ഇത് ജനാധിപത്യ നിഷേധമാണ്. ഇതിനെതിരെ പ്രതികരിക്കുക, പ്രതിഷേധിക്കുക, പൊരുതുക!

സോഷ്യൽ നെറ്റ്വർക്കുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നുപോലും!

സോഷ്യൽ നെറ്റ്വർക്കിനു നിയന്ത്രണം ഏർപ്പെടുത്താൻ പോകുന്നുവത്രേ! കേന്ദ്രമന്ത്രി കപിൽ സിപലാണ് പ്രഖ്യാപനവുമായി വന്നിരിക്കുന്നത്. നിയന്ത്രണമെന്നു പറഞ്ഞാൽ വെറും നിയന്ത്രണമൊന്നുമല്ല; നിരോധനം തന്നെയാകും ഉദ്ദേശിക്കുക. ഭരണകൂടം സൈബർ ലോകത്തെ ഭയന്നുതുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. പലലോകരാജ്യങ്ങളിലും സമീപകാലത്ത് പല ഭരണകൂടങ്ങളും അട്ടിമറിക്കപ്പെട്ടത് സോഷ്യൽനെറ്റ്വർക്കുകളിൽ കൂടിയാണെന്ന അനുഭവപാഠം കൂടിയാകാം ഇത്തരമൊരു നീക്കത്തിനുപിന്നിൽ. ഒപ്പം അണ്ണാഹസാരെയുടെ സമരത്തിന് സൈബർ ലോകത്ത് നിന്ന് ലഭിച്ച പ്രചോദനവും ഒരു കാരണമായിട്ടുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു.

ഉപയോഗവും ദുരുപയോഗവും എല്ലാ മേഖലകളിലുമുണ്ട്. വെട്ടുകത്തി തേങ്ങ പൊതിക്കാൻ മാത്രമല്ല, ആളുകളെ വെട്ടിക്കൊല്ലാനും ഉപയോഗിക്കാം. അതുകൊണ്ട് വെട്ടുകത്തിയും കറിയിരുമ്പും ഒക്കെ നിരോധിക്കുമോ? പത്ര മാധ്യമങ്ങൾക്കും ടി.വി ചാനലുകൾക്കും ഒക്കെ ഇതുപോലെ നിയന്ത്രണമേർപ്പെടുത്തുമോ? മൊബെയിൽ ഫോൺകൊണ്ട് ഉപയോഗങ്ങളും ദുരുപയോഗങ്ങളുമുണ്ട്. ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതുകൊണ്ട് മൊബെയിൽ ഫോൺ നിരോധിക്കുമോ? പണ്ട് സ്റ്റണ്ട് മാസിക പോലുള്ള അശ്ലീല മാസികകൾ പലതും ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങനത്തതൊക്കെ ഉണ്ട്. അതുകൊണ്ട് അച്ചടി മാധ്യമങ്ങൾ മൊത്തമായും നിരോധിക്കുമോ?

ഇപ്പോൾ തന്നെ ഇന്റെർനെറ്റിൽ ധാരാളം അശ്ലീല സൈറ്റുകൾ ഉണ്ട്. അതൊന്നും ഇതുവരെ ആരും നിയന്ത്രിച്ചിട്ടില്ല. ഇന്റെർനെറ്റിൽ ഒന്നിനെയും നിയന്ത്രിക്കാൻ കഴിയുമെന്നും തോന്നുന്നില്ല. പിന്നെ ഇപ്പോൾ എന്താണ് ഇങ്ങനെയൊക്കെ തോന്നാൻ കാരണമെന്ന് എല്ലാവർക്കും ഊഹിക്കാം. ഭരണകൂടത്തിനും ഇവ ഭീഷണിയാകുന്നുണ്ട്. രാഷ്ട്രീയ നേതാക്കൾക്കും മത- സാമുദായിക നേതാക്കൾക്കും ഇവ ഭീഷണിയാകുന്നുണ്ട്. മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസപ്രചരണങ്ങൾക്കും ചൂഷണങ്ങൾക്കും സോഷ്യൽ നെറ്റ്വർക്കുകൾ ഭീഷണി ഉയർത്തുന്നുണ്ട്. എന്നാൽ അന്ധവിശ്വാസങ്ങളും മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളും സുഗമമായി നടത്താൻ അതുമായി ബന്ധപ്പെട്ടവർതന്നെ സൈബർലോകത്തെ ഉപയോഗിക്കുന്നുമുണ്ട്. !

രാഷ്ട്രീയ നേതാക്കളെയും മതനേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ വരുന്നതാണത്രേ ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായത്. ഏതാനും ചിലർ സോഷ്യൽ നെറ്റ്വർക്കുകളെ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് സോഷ്യൽനെറ്റ്വർക്കുകൾക്ക് മുഴുവൻ നിയന്ത്രണമേർപ്പെടുത്തുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു തുല്യമല്ലേ? ആരാണോ വ്യക്തികളെ അപകീർത്തിപ്പേടുത്തുന്നത്, അഥവാ മറ്റെന്തെങ്കിലും തെറ്റുകൾ ചെയ്യുന്നത് അവർക്കെതിരെ നടപടിയെടുക്കാൻ ഇപ്പോൾത്തന്നെ നിയമങ്ങളുണ്ട്. അവ ആവശ്യമായ തരത്തിൽ പരിഷ്കരിച്ച് പ്രായോഗികമാക്കുക വഴി ദുരുപയോഗക്കാരെ മാത്രം ശിക്ഷിക്കാമല്ലോ. അതിനു മൊത്തം നിയന്ത്രണം, നിരോധനം എന്നൊക്കെ പറയുന്നത് ജനാധിപത്യാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമല്ലാതെ മറ്റൊന്നുമല്ല.

നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഏറ്റവുമധികം സഹായിക്കുന്ന മാധ്യമമാണ് ഇന്റെർനെറ്റും അതിന്റെ ഭാഗമായ സോഷ്യൽ നെറ്റ്വർക്കുകളും. ഏതൊരു സാധാരണ പൌരനും ഏതൊരു വിഷയത്തിലും തന്റെ പ്രതികരണം അറിയിക്കുവാൻ ഇവ സഹായിക്കുന്നു. അതുവഴി തനിക്കും രാജ്യത്ത് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്നൊരു അഭിമാനം ഓരോ പൌരനുമുണ്ടാകും. താനും ലോകത്തോടും രാജ്യത്തോടും ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരാളെണെന്ന ബോധം ഓരോ പൌരനിലുമുണ്ടാകും. ഇത് പൌരന്റെ കടമകൾ സ്വയം അറിഞ്ഞ് നിർവ്വഹിക്കുന്നതിനുകൂടി പ്രചോദനമാകും. രാജ്യസ്നേഹമുണ്ടാക്കും. ജനാധിപത്യബോധമുണ്ടാക്കും. സോഷ്യൽ നെറ്റ്വർക്കുകളെയും സൈബർ ലോകത്തെയും ദുർബലപ്പെടുത്തുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനു തുല്യമാണ്. പൌരാവകാശ നിഷേധമാണ്. സോഷ്യൽ നെറ്റ്വർക്കുകളെ അന്യായമായി നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ സൈബർ ലോകം മറ്റ് താല്പര്യങ്ങൾ മറന്ന് ഒരുമിച്ച് പ്രവർത്തിക്കണം.

ഇങ്ങണെ പോയാൽ ഇന്ത്യ ഒരു വലിയ ജനാധിപത്യരാജ്യമാണെന്ന് ഇനി അധികകാലം ആർക്കും ഊറ്റം കൊള്ളാനാകില്ല. പിന്നെ എന്തിന് ചൈനയെ പറയുന്നു? എങ്കിൽ പിന്നെ ഇവിടെയും ഇനി ചൈനയിലെ പോലെ ഏകകക്ഷി മേധാവിത്വം മതിയല്ലോ. കൊൺഗ്രസ്സ് മാത്രം മതി. പിന്നെ പ്രശ്നമില്ലല്ലോ. കോൺഗ്രസ്സിനെ എതിർക്കുന്നവരെ നാടുകടത്താം. ഇപ്പോൾ കോൺഗ്രസ്സ് ഗവർണ്മെന്റിന്റെ ഭാഗത്ത് നിന്നാണ് ജനാധിവത്യ വിരുദ്ധ നടപടി ഉണ്ടായിരിക്കുന്നത് എന്നതിനാൽ കോൺഗ്രസ്സിനെത്തന്നെയേ കുറ്റപ്പെടുത്താനാകൂ. അൺലിമിറ്റഡ് ജനാധിപത്യമുള്ള ദേശീയപാർട്ടി എന്നൊക്കെയുള്ള കോൺഗ്രസ്സിന്റെ അവകാശവാദം കോൺഗ്രസിനുള്ളിൽ തമ്മിലടിക്കാനുള്ള സ്വാതന്ത്ര്യം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നു സാരം.

പൌരാവകാശത്തെ അടിച്ചമർത്തുന്നതിനുപിന്നിലുമുണ്ട് ആഗോളവൽക്കരണ താല്പര്യം; ആരും പ്രതികരിക്കരുത് എന്ന താല്പര്യം. മുതലാളിത്തത്തിന് എങ്ങനെയും അരങ്ങ് വാഴാൻ വേണ്ടത് പ്രതികാരിക്കാത്ത ഒരു ഉപഭോക്തൃസമൂഹത്തെയാണ്. ശല്യമില്ലാത്ത ഒരു വിപണിയാണ് ബഹുരാഷ്ട്രകുത്തകകൾ ആവശ്യപ്പെടുന്നത്. പൌരാവകാശങ്ങളെ അടിച്ചമർത്തുക എന്ന മുതലാളിത്ത താല്പര്യം ഭരണകൂടത്തിന്റെ താല്പര്യമാകുന്നത്, മുതലാളിത്തവും ഭരണകൂടവും തമ്മിൽ വേർപെടുത്താനാകാത്ത പരസ്പരബന്ധം നിലനിൽക്കുന്നു എന്നതുകൊണ്ടുകൂടിയാണ്.

ഇപ്പോൾ സൈബർ ലോകത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം വരാനിരിക്കുന്ന നിരവധി പൊരാവകാശ നിരാസങ്ങളിലേയ്ക്കുള്ള ഭരണകൂടത്തിന്റെ ചുവടു വയ്പായിത്തന്നെ കാണേണ്ടിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണ് ഓരോരോ രോഗങ്ങളുടെ തുടക്കം. ആദ്യം തന്നെ ഫലപ്രദമായ ചികിത്സ നൽകിയില്ലെകിൽ പിന്നെ സ്ഥിതിഗതികൾ സങ്കീർണ്ണമാകും. പൌര സ്വാതന്ത്ര്യത്തിനുമേലുള്ള ഏതുതരം അന്യായമായ കടന്നുകയറ്റങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ സോഷ്യൽ നെറ്റ്വർക്കുകൾക്കുമേൽ നിയന്ത്രണമേർപ്പെടുത്താനുള്ള ദുരുദ്ദേശപരമായ കേന്ദ്രഗവർണ്മെന്റ്നീക്കത്തിനെതിരെ സൈബർ ലോകത്ത് നിന്നും അതിശക്തമായ പ്രതിഷേധം ഉയർന്നുവരണം.

Friday, December 2, 2011

മുല്ലപ്പെരിയാറും പുതിയ ചില ഉൽക്കണ്ഠകളും

മുല്ലപ്പെരിയാറും പുതിയ ചില ഉൽക്കണ്ഠകളും

മുല്ലപ്പെരിയാറിൽ അപകടാവസ്ഥയൊന്നുമില്ലെന്ന് കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നതും ഡാമിന്റെ സുരക്ഷയുമായി ബന്ധമൊന്നുമില്ലെന്നും മറ്റുമാണ് എ.ജി ഹൈക്കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നതത്രേ! ഇത് കേവലം ഒരു അഡ്വക്കേറ്റ് ജനറലിന്റെ മാത്രം അഭിപ്രായമായി കാണാൻ കഴിയില്ല. ഇതിനു പിന്നിൽ എന്തൊക്കെയോ പുകഞ്ഞു നീറുന്നുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി സ്വീകരിക്കുന്ന നിലപാട് പോലെയല്ല, കോടതിയ്ക്ക് അഡ്വക്കേറ്റ് ജനറലിന്റെ ഒരു മൊഴി. മുല്ലപ്പെരിയാർ വിഷയത്തിൽ ഭാവിയിൽ ഹൈക്കൊടതിയും സുപ്രീം കോടതിയുമൊക്കെ പറഞ്ഞേക്കാവുന്ന സുപ്രധാന വിധികളെ പോലും സ്വാധീനിക്കാൻ പോകുന്നതാണ് ഈ സംസ്ഥാനത്തെ അഡ്വ. ജനറലിന്റെ ഈ നിലപാട്. ഇത് കേരളത്തിന്റെ താല്പര്യങ്ങൾക്ക് ഗുണകരമായിരിക്കില്ല.

അഡ്വ. ജനറൽ നിലവിലുള്ള സർക്കാരിന്റെ ഒരു വക്താവാണ്; സാങ്കേതികാർത്ഥത്തിൽ അങ്ങനെയല്ലെന്നു വാദിക്കാമെങ്കിലും. അതുകൊണ്ടുതന്നെഅഡ്വക്കേറ്റ് ജനറലിന്റെ സത്യവാങ് മൂലങ്ങളെയും അഭിപ്രായപ്രകടനങ്ങളെയും മറ്റും ബന്ധപ്പെടുത്തി കേരളസർക്കാരിന്റെ നയവുമായി കാണാതിരിക്കാനാകില്ല. സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ജനറൽ സ്വീകരിച്ച നിലപാടിനെ സർക്കാരിന് പുറമേ ഒരു നയം അകമേ മറ്റൊന്ന് എന്നതിന്റെ വെളിപ്പെടുത്തലാണിതെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ കുറ്റം പറയാനാകില്ല. മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ മാധ്യമ സൃഷ്ടിയാണെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. അപ്പോൾ മുല്ലപ്പെരിയാർ അപകടമുണ്ടാക്കാവുന്ന നിലായിലാണെന്ന് വിദഗ്ദ്ധന്മാർ പറഞ്ഞതൊന്നും മാധ്യമങ്ങൾ കാണാതിരിക്കണമായിരുന്നെന്നാണോ ഇതിന്റെ അർത്ഥം.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള ജനതയുടെ താല്പര്യങ്ങളെയും നിലപാടുകളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ കേരളസംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങളിൽ നിന്നുതന്നെ ഉണ്ടാകുന്നു എന്നത് ലാഘവത്തോടെ കാണേണ്ടുന്ന ഒരു കാര്യമല്ല. മുല്ലപ്പെരിയാർ വിഷയത്തിൽ എന്തു നടക്കാൻ പോകുന്നുവെന്ന് ജനം ഉറ്റു നോക്കിക്കൊണ്ടിരിക്കവേ ഇത്തരമൊരു അഭിപ്രായ പ്രകടനം കോടതിയിൽ നടത്താൻ അഡ്വക്കേറ്റ് ജനറൽ ധൈര്യം കാണിച്ചതിൽ തന്നെ ചില അപകട സൂചനകൾ ഉണ്ട്. മുല്ലപ്പെരിയാറിൽ സംഭവിച്ചേക്കാമെന്ന് നാം ഭയപ്പെടുന്ന അപകടത്തേക്കാളും വലിയ അപകടങ്ങളായി നമ്മുടെ സർക്കാർ സംവിധാനങ്ങൾ മാറുന്നുവോ എന്ന ഉൽക്കണ്ഠ കൂടി നമ്മെ ബാധിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Thursday, December 1, 2011

മുല്ലപ്പെരിയാറും സി.പി.എം പോളിറ്റ് ബ്യൂറോയും

മുല്ലപ്പെരിയാറും സി.പി.എം പോളിറ്റ് ബ്യൂറോയും

മുൻകുറിപ്പ്: മുല്ലപ്പെരിയാർ പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്രഗവർണ്മെന്റും സുപ്രീം കോടതിയും അടിയന്തിരമായി ഇടപെടണമെന്നു പറഞ്ഞാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നും, അത് പണിഞ്ഞുതീരുന്നതുവരെ നിലവിലുള്ള ഡാം സുരക്ഷിതമാക്കണമെന്നും, ഇപ്പോൾ ഉയർന്നിട്ടുള്ള ജലനിരപ്പ് താഴ്ത്തണമെന്നും ഒക്കെത്തന്നെയാണ് സി.പി.എം പോളിറ്റ്ബ്യൂറോ ഉദ്ദേശിക്കുന്നത്.

സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ മുല്ലപ്പെരിയാർ വിഷയത്തിൽ എടുത്ത നിലപാട് മനോരമ ചാനൽ വിവാദമാക്കിയിരിക്കുന്നു. മനോരമയുടെ കണ്ണുകളിലൂടെ നോക്കിയാൽ സി.പി.എം ഏതുകാര്യത്തിൽ എന്ത് നിലപാടെടുത്താലും അതിനെ ദുർവ്യാഖ്യാനം ചെയ്യാം. ഏതൊരു വിഷയത്തിലും ഒരു ദേശീയ രാഷ്ട്രീയകക്ഷി എന്ന നിലയിൽ ദേശീയ താല്പര്യത്തിന് നിരക്കുന്ന നിലപാടുകളേ സ്വീകരിക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുനതിനു തമിഴ്നാടിന്റെ കൂടി സഹകരണം ആവശ്യമാണെന്നിരിക്കെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ വികാരത്തിന്റെ ഭാഗമെന്ന് വ്യാഖ്യാനിക്കത്തക്ക ഒരു നിലപാട് സി.പീ.എം പോളിറ്റ് ബ്യൂറോ സ്വീകരിച്ചിട്ടില്ല എന്നേയുള്ളൂ. കാരണം ഇരുകൂട്ടർക്കും ഈ വിഷയത്തിൽ അവരുടേതായ ചില ന്യായവാദങ്ങൾ ഉണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തിനു പ്രകോപനമുണ്ടാകുന്ന ഒരു നിലപാട് പരസ്യമായി സ്വീകരിക്കുവാൻ കഴിയില്ലാ എന്നത് ഒരു യാഥാർത്ഥ്യമാണ്.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും ഉൾപ്പെടുന്നതിനാൽ ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങളെ മുഖവിലയ്ക്കെടുത്തുകൊണ്ടുമാത്രമേ പാർട്ടിയ്ക്ക് ഈ വിഷയത്തെ സമീപിക്കാൻ കഴിയൂ . തമിഴ്നാട്ടിൽ സി.പി.ഐ. എം അത്രവലിയ പാർട്ടിയൊന്നുമായിട്ടില്ലെങ്കിലും പാർട്ടിയുടെ തമിഴ്നാട് ഘടകത്തിന്റെയും തമിഴ്ജനതയുടെയും വികാരം പരിഗണിക്കാതിരിക്കാനുമാകില്ല. എന്നാൽ ആത്യന്തികമായി വിഷയത്തിനൊരു ന്യായാന്യായം ഉണ്ടാകണമല്ലോ. അതിലേയ്ക്ക് എത്തിച്ചേരാൻ വൈകുന്നത് ഉചിതമായിരിക്കില്ല. അതിനാണല്ലോ ഈ വിഷയത്തിൽ കേന്ദ്രസർക്കാരും സുപ്രീം കോടതിയും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്നത്. സ്വാഭാവികമായും തമിഴ്നാട്ടിൽ അവിടുത്തെ പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും അഭിപ്രായങ്ങളെ മാനിക്കാതെ അവിടുത്തെ പാർട്ടിയ്ക്ക് മുമ്പോട്ട് പോകാനാകില്ല. അതൊക്കെ അവരുടെ കാര്യം!

പോളിറ്റ് ബ്യൂറോയുടെ നിലപാട് കേരളത്തിൽ പുതിയൊരു ഡാം പണിയുന്നതിനെതിരല്ല. അഥവാ എതിരായാലും അത് ഇവിടുത്തെ പാർട്ടി ഘടകത്തിനു ബാധകമാകാനും പോകുന്നില്ല. ഇവിടുത്തെ ഘടകത്തിന് ഇവിടുത്തെ ജങ്ങളുടെ വികാരത്തിനൊപ്പമേ നിൽക്കാൻ കഴിയുകയുള്ളൂ. ഇത് വലിയൊരു പ്രത്യയശാസ്ത്രപ്രശ്നമൊന്നുമല്ല. വൈവിധ്യങ്ങളിൽ ഏകത്വം പുലരുന്ന ഒരു രാജ്യം എന്ന നിലയിൽ ദേശീയ പാർട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എല്ലാ സംസ്ഥാനങ്ങൾക്കും ബാധകവും സ്വീകാര്യവുമായ ഒരു നിലപാട് സ്വീകരിക്കുക എല്ലായ്പോഴും പ്രായോഗികമല്ല. ഇങ്ങനെയുള്ള സങ്കീർണ്ണമായ പ്രശ്നങ്ങളും ഉയർന്നുവരാം. അവയെ വ്യത്യസ്തമായിത്തന്നെ കാണണം. ഇത് കേരളത്തിലെ സി.പി.എം അംഗങ്ങളും അനുഭാവികളടക്കം കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെ ഒരുപോലെ ബാധിക്കുന്ന വിഷയമാണ്. അത് ഒരുമിച്ചുനിന്ന് നേരിടാൻ തങ്ങൾ ഉൾപ്പെടുന്ന പ്രസ്ഥാനങ്ങളുടെ പൊതുവായ നിലപാടുകളോ നിസംഗതയോ ഒന്നും തടസ്സമാകില്ല. മുല്ലപ്പെരിയാർപോലുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒരു തടസ്സവും സി.പി.എമ്മിൽ നിന്നുണ്ടാകില്ല. സർക്കാരും കോടതിയുമൊക്കെ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ അംഗീകരിക്കുവാൻ സി.പി.എമ്മും ബാദ്ധ്യസ്ഥമാണ്.

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജീവന്മരണ പോരാട്ടമാണ്. കേന്ദ്ര-സംസ്ഥാന ഗവർണ്മെന്റുകളോ, കോടതിയോ, സി.പി.എം അടക്കമുള്ള ഏതെങ്കിലും രാഷ്ട്രീയകക്ഷികളോ ആത്യന്തികമായി കേരളത്തിലെ ജനങ്ങളുടെ ജീവന്റെ നിലനില്പിന് അനുകൂലമല്ലാത്ത നടപടികൾ സ്വീകരിച്ചാൽ എന്തുചെയ്യണമെന്ന് ജിവഭയമുള്ള ജനങ്ങൾക്കറിയാം. ആ ജനങ്ങൾക്കിടയിൽ സി.പി.എമ്മുകാരും ഉണ്ടാകും. ഇത് അവരുടേയും കൂടി ജീവന്റെ പ്രശ്നമാണ്. പോളിറ്റ് ബ്യൂറോ പുതിയ ഡാം സംബന്ധിച്ച് തൽക്കാലം നിശബ്ദത പാലിക്കുന്നു എന്ന അരോപണത്തിൽ കഴമ്പൊന്നുമില്ല. പോളിറ്റ്ബ്യൂറോ ഇന്ന് പാസ്സാക്കിയ പ്രമേയത്തിലെ വരികളുടെ മുൻപിൻ ക്രമം നോക്കി കേരളത്തിന്റെ താല്പര്യത്തിനു പോളിറ്റ് ബ്യൂറോ പ്രാധാന്യം നൽകിയില്ലെന്ന് സമർത്ഥിക്കുന്നതിൽ അർത്ഥമില്ല. ഇനി പുതിയ ഡാം നിർമ്മിക്കുന്ന കാര്യം അതിൽ സൂചിപ്പിക്കുന്നില്ലെന്നാണെങ്കിൽ, കേരളത്തിൽ പുതിയ ഡാം പണിയണമെന്ന കാര്യം പോളിറ്റ്ബ്യൂറോയുടെ പ്രമേയത്തിൽ എടുത്തുപറയേണ്ട ആവശ്യമില്ല. പുതിയ ഡാം പണിയാനുള്ള പാതയിലൂടെ കേരളത്തിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയം മറന്ന് കൈകോർത്ത് മുന്നേറുകയാണെന്ന കാര്യം പോളിറ്റ് ബ്യുറോയ്ക്കും അറിയാം. തമിഴ്നാട്ടിൽ നിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങൾക്കുകം അറിയാം.

ഇക്കാര്യത്തിൽ സി.പി.ഐ.എം എന്നല്ല, ഏതെങ്കിലും ദേശീയ രാഷ്ട്രീയ കക്ഷികൾ ദേശീയതലത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാനതാല്പര്യത്തിനു വിരുദ്ധമായാൽ അത് കേരളത്തിലെ ബന്ധപ്പെട്ട ഘടകങ്ങൾക്ക് പാലിക്കാൻ ബാദ്ധ്യതയില്ല. ഇത് അങ്ങനത്തെ ഒരു വിഷയമാണ്. അത് അറിഞ്ഞുകൊണ്ട് കേരളത്തിൽ പുതിയ ഡാം വേണ്ടെന്നൊരു നിലപാട് സ്വീകരിക്കാൻ മാത്രം വിവേകശൂബ്യരൊന്നുമല്ല സി.പി.എം പോളിറ്റ്ബ്യുറോ അംഗങ്ങൾ. ഇപ്പോൾ മുല്ലപ്പെരിയാർ ഡാം അപകടമില്ലാതെ സംരക്ഷിക്കണമെന്നു പറഞ്ഞാൽ പുതിയ ഡാം പണിയേണ്ടെന്നോ ഇപ്പോൾ ഉയർന്ന ജലനിരപ്പ് താഴ്ത്തണ്ടെന്നോ അതിനർത്ഥമുണ്ടെന്ന് വ്യഖ്യാനിച്ച് ചിന്താക്കുഴപ്പമുണ്ടാക്കേണ്ട കാര്യമില്ല. മുല്ലപ്പെരിയാർ പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്രഗവർണ്മെന്റും സുപ്രീം കോടതിയും അടിയന്തിരമായി നടപടികൾ കൈക്കൊള്ളണമെന്നു പറഞ്ഞാൽ പുതിയ ഡാം നിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നും, അതുവരെ നിലവിലുള്ള ഡാം സുരക്ഷിതമാക്കണമെന്നും, ഇപ്പോൾ ഉയർന്നിട്ടുള്ള ജലനിരപ്പ് താഴ്ത്തണമെന്നും ഒക്കെത്തന്നെയാണ് ഉദ്ദേശിക്കുന്നത്.

പിൻകുറിപ്പ്: മുല്ലപ്പെരിയാർ പ്രശ്നം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള കേവലം ഒരു നദീജലത്തർക്കമല്ല. ഒരു ഡാം തകർന്ന് കുറെ ആളുകൾ മരിക്കാൻപോകുന്നു എന്നതാണ് മുഖ്യമായ പ്രശ്നം. സമരങ്ങളുടെയും വിവാദങ്ങളുടെയും ലഹരിയിൽ എല്ലാവരും അത് മറന്നുപോകാതിരുന്നാൽ മതി!

Tuesday, November 29, 2011

മുല്ലപ്പെരിയാർ: രാഷ്ട്രീയപാർട്ടികൾ ഉണർന്നുവരുന്നു

മുല്ലപ്പെരിയാർ: രാഷ്ട്രീയപാർട്ടികൾ ഉണർന്നുവരുന്നു

മുല്ലപ്പെരിയാർ വിഷയത്തിൽ നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രതികരണങ്ങളിൽ തൃപ്തിയില്ലാതെ ഇതിനു തൊട്ടു മുമ്പ് ഞാൻ ഒരു പോസ്റ്റ് എഴുതിയിരുന്നു. വിഷയത്തിന്റെ ഗൌരവത്തിനൊപ്പം രാഷ്ട്രീയ പാർട്ടികൾ ഉണർന്നു പ്രവർത്തിക്കുന്നില്ലാ എന്നൊരു തോന്നൽ ഉണ്ടായതിനലാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. അതായത് എല്ല്ലാവർക്കും ഒരു തണുപ്പൻ പ്രതികരണം. പരസ്പരം പഴിചാരിയും സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയും ഉള്ള ചില പതിവ് അഴകൊഴാഞ്ചത്തരങ്ങൾ. ജീവഭയം കൊണ്ട് ആളുകൾ നിൽകവിളിക്കുന്നത് വേണ്ടത്ര കേൾക്കാത്തതുപോലെ.

എന്നാൽ ഇപ്പോൾ സ്ഥിതിഗതികളിൽ കാര്യമായ മാറ്റം ഉണ്ടായിരിക്കുന്നു. ഓരോ പാർട്ടികളും തങ്ങളുടേതായ രീതിയിൽ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. പാർളമെന്റിനു മുന്നിൽ രാഷ്ട്രീയം മറന്ന് എം.പി മാർ ധർണ്ണ നടത്തി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ആ സമരത്തെ അഭിവാദ്യം ചെയ്തു. ഈ വിഷയത്തിൽ അവർക്ക് വഹിക്കാനുള്ള പങ്ക് യഥാവിഥി നിറവേറ്റാനുള്ള ചെറിയൊരു സ്പിരിറ്റ് അതിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്ന ചില നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധാർഹമായ ചില ചലനങ്ങളൊക്കെ ഉണ്ടായിരിക്കുന്നു എന്ന് പറയാം. ഒന്ന് ആളിക്കത്തിയിട്ടുണ്ട്. ഇനിയത് കെടരുത്. കാരണം പ്രതീക്ഷിക്കുന്ന ഫലം കാണാൻ ഇതുവരെയുള്ള ശ്രമങ്ങൾ കൊണ്ടുമാത്രം കഴിയുകയില്ല. ഇനിയും ഇക്കാര്യത്തിൽ ശക്തമായ മുന്നേറ്റം നടത്തേണ്ടതുണ്ട്.

ഇനി കാലാവസ്ഥയൊക്കെ ഒന്നു മാറി ഡാമിലെ ജല നിരപ്പെല്ലാം താഴ്ന്ന്, ഭൂകമ്പ ഭീഷണിയൊക്കെ തെല്ലൊന്നകന്നു നിൽക്കാൻ തുടങ്ങുമ്പോഴേയ്ക്കും എല്ലാവരും തണുക്കാതിരുന്നാൽ മതി. കാരണം ഇനിയും മഴവരും. ജലനിരപ്പുയരും. ഭൂകമ്പം എപ്പോൾ വരുമെന്ന് ആർക്കും പറയാനുമാകില്ല. ഇപ്പോൾ ഈ കാര്യത്തിൽ ഉചിതമായ തീരുമാനങ്ങളിലും പരിഹാര നടപടികളിലും എത്തിച്ചേരാം കഴിഞ്ഞാൽ കഴിഞ്ഞു. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രീതിയിൽ ചെയ്യാനുള്ള ഇച്ഛാശക്തിയുണ്ടാകണം. കേരളത്തിൽ ഉദ്ഭവിച്ച് കേരളത്തിന്റെ കടലിൽ വിലയം പ്രാപിക്കുന്ന ഒരു നദിയിലെ വെള്ളം തടഞ്ഞ് കേരളത്തിന്റെ മണ്ണിൽ പുതിയ ഡാം പണിയാൻ തമിഴ്നാട്ടുക്കാർക്കെതിരെ പ്രക്ഷോഭം നടത്തിയിട്ടെന്തു കാര്യം? ഇക്കാര്യത്തിൽ അവരുടെ അനുവാദം നമുക്ക് ആവശ്യമില്ലല്ലോ! നമുക്ക് കാശ് കണ്ടെത്തണമെന്നേയുള്ളൂ.

ജനങ്ങളുടെ ഭീതിയും ഉൽക്കണ്ഠകളും അകലാൻ എന്നും വിവിധ സമര രൂപങ്ങൾ മാറി മാറി പരീക്ഷിച്ചുകൊണ്ടിരുന്നാൽ മാത്രം പോരാ.ഭരണപക്ഷവും പ്രതിപക്ഷവും എല്ലാംകൂടി സമരം ചെയ്യുമ്പോൾ സമരം ആർക്കെതിരെ എന്ന ചോദ്യവും ഉയർന്നുവരുന്നു. നടപടികൾ കൈക്കൊള്ളേണ്ടവർകൂടി സരമക്കാരോടൊപ്പം കൂടിയതുകൊണ്ടു മാത്രം പ്രശ്നപരിഹാരമാകില്ല. ഇനി പ്രശ്നപരിഹാരത്തിനുള്ള കർമ്മ പരിപാടികൾ തയ്യാറാക്കാൻ എല്ലാവരും കൈകോർക്കുകയാണു വേണ്ടത്. ഭരണക്കാർ അവരുടെ ഉത്തരവാദിത്തം ഗൌരവപൂർവ്വം ഉൾക്കൊള്ളുകയും വേണം. അതിനുള്ള സമരേതരമായ സമ്മർദ്ദങ്ങൾ കൂടി ഭരണാനുകൂല സംഘടനകളിൽ നിന്നും ഉണ്ടാകേണ്ടതുമുണ്ട്.

ഈ വിഷയത്തിൽ തൊട്ടുമുമ്പ് എഴുതിയ പോസ്റ്റ് ഈ ലിങ്കിലുണ്ട്
മുല്ലപ്പെരിയാറും രാഷ്ട്രീയ പാർട്ടികളും

Sunday, November 27, 2011

മുല്ലപ്പെരിയാറും രാഷ്ട്രീയപാർട്ടികളും

മുല്ലപ്പെരിയാറും രാഷ്ട്രീയപാർട്ടികളും

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഭരണകൂടങ്ങൾ ഉണ്ടാക്കുന്നതും അതിനെ നിയന്ത്രിക്കുന്നതും രാഷ്ട്രീയ പാർട്ടികളാണ്. ഭരണത്തിനുപുറത്തുള്ള പർട്ടികൾ വിമർശനബുദ്ധ്യാ ഭരണത്തെ നോക്കിക്കാണുകയും ഭരണകൂടത്തിന്റെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യും. ഭരണകക്ഷിയെ സദാ ജാഗ്രതപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിനും നല്ലൊരു പങ്കുണ്ട്. ജനങ്ങൾക്കുവേണ്ടി രാഷ്ട്രകാര്യങ്ങളുടെ സാരഥ്യം ഏറ്റെടുക്കുവാൻ സ്വയം സന്നദ്ധമാകുന്നവയാണ് രാഷ്ട്രീയ പാർട്ടികൾ. ആനിലയിൽ ജനങ്ങൾ അവയിൽ വശ്വാസമർപ്പിക്കുകയും അവയ്ക്ക് ഏറിയും കുറഞ്ഞും പിന്തുണനൽകുകയും ചെയ്യും. തെരഞ്ഞെടുപ്പുകൾ വഴി ഓരോ അവസരത്തിലും തരാതരം പോലെ ചില പാർട്ടികൾക്ക് ഭരണകൂടമുണ്ടാക്കാനുള്ള ഭൂരിപക്ഷവും നൽകും.

തെരഞ്ഞെടുപ്പും ഭരണകൂടവും ഭരണപ്രതിപക്ഷ കക്ഷികളും ഒക്കെ ഉൾപ്പെട്ട മൊത്തം സംവിധാനമാണ് ജനാധിപത്യവ്യവസ്ഥിതി. ഇന്ത്യ അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമാണ്. രാഷ്ട്രത്തിന്റെ ഭാവിഭാഗധേയം നിർണ്ണയിക്കുന്നത് ശരിക്കും രാഷ്ട്രീയകക്ഷികളാണ്. അപ്പോൾ നമ്മുടെ രാജ്യത്തെ ചെറുതും വലുതുമായ രാഷ്ട്രീയകക്ഷികൾക്ക് രാഷ്ട്രത്തോടും ജനങ്ങളോടും വലിയ ഉത്തരവാദിത്വമാണുള്ളത്. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും. എന്നാൽ ഇവിടുത്തെ രാഷ്ട്രീയപാർട്ടികൾ എത്ര നിരുത്തരവാദപരമായാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതെന്നതിന് ഏറ്റവും നല്ല തെളിവാണ് മുല്ലപ്പെരിയാർ പ്രശ്നം. അപകടം അരികിലെത്തി നിൽക്കുമ്പോഴാണ് ഇവിടെ നേതാക്കൾ കണ്ണും തിരുമ്മി എഴുന്നേൽക്കുന്നത്. പലരും ഇനിയും കണ്ണു തുറന്നുവരുന്നതേയുള്ളൂ.

ഇപ്പോൾ കേരളാ കോൺഗ്രസ്സ് പ്രതിനിധി ജോസ്.കെ. മാണി എം.പി. പാർളമെന്റിനു മുന്നിൽ നിരാഹാരമിരിക്കാൻ പോകുന്നു. തൊട്ടുപിന്നാലെ ഇടതുപക്ഷ എം.പി മാരും നാളെ പാർളമെന്റിൽ സത്യഗ്രഹമിരിക്കാൻ പോകുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇനിയും പലരും ഉറക്കച്ചടവോടെ എഴുന്നേറ്റ് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുമായിരിക്കും. ഭരണത്തിലുള്ളവരാകട്ടെ തിരിഞ്ഞും മറിഞ്ഞും കിടന്ന് കോട്ടുവാ ഇടുന്നതേയുള്ളൂ. മുല്ലപ്പെരിയാർ ഡാമൊക്കെ പൊട്ടി ആളുകളൊക്കെ ചത്തൊടുങ്ങിയിട്ട് മതിയായിരുന്നല്ലോ ഈ സത്യാഗ്രഹമൊക്കെ! പുതിയ ഡാം പണിയുന്നതും അതു കഴിഞ്ഞിട്ട് മതിയാകും. എന്തൊരു ക്ഷമാശീലം!

ഇനിയും കേരളത്തിൽ ഒരു നയം തമിഴ്നാട്ടിൽ മറ്റൊരു നയം എന്നത് ദേശീയരാഷ്ട്രീയാക്ഷികൾ ഉപേക്ഷിക്കാതിരിക്കുന്നതും ഒരു വലിയ ദുര്യോഗംതന്നെ! വൈകാരികപ്രശ്നമാണത്രേ! ആരുടെ വൈകാരികം? പാവപ്പെട്ട ജനങ്ങൾക്ക് സ്വയമേവ ഒന്നിലും വലിയ വികാരമൊന്നും വരില്ല. അത് ചിലർ കുത്തിപ്പൊക്കുന്നതാ‍ണ്. സാമാന്യജനങ്ങൾക്ക് സ്വസ്ഥമായി ജിവിക്കണം എന്നേയുള്ളൂ. അണയിൽ വെള്ളമാണെന്നും അത് കൃഷിക്കും കറണ്ടിനുമൊക്കെ വേണ്ടിയുള്ളതാണെന്നും ഉള്ള കേട്ടറിവല്ലാതെ പാവപ്പെട്ട നിരക്ഷരരായ ആളുകൾക്ക് ഇതേപറ്റിയൊന്നും വലിയ അറിവുകളുമുണ്ടാകില്ല. പിന്നെ അവരിൽ സ്വയം വികാരമുണ്ടാകുന്നതെങ്ങനെ? അത് ഉണ്ടാക്കുന്നതല്ലേ?

ഇരു സംസ്ഥാനങ്ങളുടെയും വൈകാരികപ്രശ്നമാണെന്ന നിലയിലാണ് പലരും മുല്ലപ്പെരിയാർ വിഷയത്തെ ചിത്രീകരിക്കുനത്. തമിഴർക്ക് അങ്ങനെ എന്തെങ്കിലും വികാരം (കുത്തിപ്പൊക്കപ്പെട്ടത്) ഉണ്ടെങ്കിൽതന്നെ കേരളത്തിലുള്ളവർക്ക് ഇപ്പോൾ ഒരു വികാരമേ ഉള്ളൂ. അവരുടെ ജീവൻ നിലനിർത്തണം. അതിന് പുതിയ ഡാം കെട്ടണം. അതിൽനിന്ന് ആർക്കും വെള്ളം കൊടുക്കില്ലെന്ന് നമ്മൾ ഒട്ടു പറയുന്നുമില്ല. പുതിയ ഡാം പണിയാൻ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അത് മാറ്റാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനും രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടാകണം. എത്രയോ കേസുകളിൽ സ്വമേധയാ കേസെടുക്കുന്ന ബഹുമാനപ്പെട്ട കോടതികൾക്കും ഇക്കാര്യത്തിൽ സ്വയം മുന്നോട്ടു വരാനും ഇടപെടാനുമുള്ള ഉത്തരവാദിത്വം ഉണ്ട്. അത്രമാത്രം ഉൽക്കണ്ഠാകുലമായ ഒരു സ്ഥിതി വിശേഷമാണിപ്പോൾ ഉള്ളത്.

സത്യത്തിൽ സത്യാഗ്രഹങ്ങൾക്കും സമരങ്ങൾക്കും ചർച്ചകൾക്കും പഠനത്തിനും പോലും കാത്തുനിൽക്കാനുള്ള ക്ഷമ കാണിച്ചുകൂടാത്തത്ര ഭീതിജനകമായ സ്ഥിതിയാണ് ഇവിടെയുള്ളത്. എത്രയും വേഗം നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടത്. കാട്ടിൽ എല്ലാറ്റിനെയും ബാധിക്കുന്ന വലിയൊരു അപകടമുണ്ടാകുമ്പോൾ കാട്ടിലെ ജന്തു- ജീവിവർഗ്ഗങ്ങളെല്ലാം ശത്രുതമറന്ന് ഒന്നിക്കും. ഇവിടെ ഒരു വലിയ പ്രളയം അടുത്തെത്തി നിൽക്കുമ്പോഴും പരസ്പരം കൊമ്പുകോർക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്തായലും ജീവൻ തന്നെ നഷ്ടത്തിലാകും എന്നുറപ്പുള്ള ഒരു ജനതയ്ക്ക് പിന്നെ മേലും കീഴും നോക്കാനില്ലെന്ന് എല്ലാവരും ഓർക്കുന്നത് നന്ന് !

Saturday, November 26, 2011

അപ്പോ, അതാണവന്റെ അത്യാവശ്യം!

അപ്പോ, അതാണവന്റെ അത്യാവശ്യം!

കിളിമാനൂർ ഗ്രാമപട്ടണത്തിലൂടെ വല്ലപ്പോഴുമൊക്കെയുള്ള സായാഹ്ന സവാരിയിലായിരുന്നു ഞാൻ. നമ്മുടെ തൊട്ടടുത്ത പട്ടണമാണ് കിളിമാനൂർ. അവിടെ കെ.എസ്.ആർ.റ്റി സി ബസ്സ്റ്റാൻഡിൽ ഇറങ്ങി വഴിയിൽ കാണുന്ന പരിചയക്കാരുമായൊക്കെ മിണ്ടിയും പറഞ്ഞും അങ്ങോട്ടുമിങ്ങോട്ടുമുള്ള അലസഗമനം ചിലപ്പോഴൊക്കെ നടക്കാറുള്ളതാണ്.

അന്ന് ഞാൻ വൈകുന്നേരം ആറുമണിയ്ക്ക് തിരക്കുള്ള ടൌണിലെത്തിയപ്പോൾ റോഡിന്റെ മറുവശത്തുകൂടി എന്റെ സുഹൃത്തും ടൌണിൽ ഡ്രൈവറുമായ മോഹനചന്ദ്രൻ തിരക്കിട്ട് അതിവേഗം നടന്നു വരുന്നത് കണ്ടു. കുറച്ചിങ്ങോട്ട് വന്ന് അവൻ വളരെ വെപ്രാളത്തിൽ റോഡ് ക്രോസ് ചെയ്യുന്നു. തൊട്ടപ്പുറത്തെ ട്രാഫിക്ക് ഐലൻഡിൽ നിൽക്കുന്ന പോലീസുകാരൻ ഗതാഗതം നിയന്ത്രിക്കാൻ നന്നേ പാടുപെടുന്ന സമയത്ത് ട്രാഫിക് പോലീസിന്റെ അധികാരഭാവത്തിൽ ഇരുകയ്യും രണ്ടുവശത്തേയ്ക്ക് കാട്ടി ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളെ സ്റ്റോപ്പടിച്ച് കുറുക്കെടുത്ത് ചാടുകയാണ് അവൻ. അവന്റെ മിടുക്കിൽ ഇരു വശത്തും റോഡു മുറിയ്ക്കാൻ നിന്ന മറ്റുചിലരും കൂടി അപ്പുറമിപ്പുറം റോഡ് ക്രോസ്സ് ചെയ്തു.

റോഡ് മുറിച്ചുകടന്ന മോഹനചന്ദ്രൻ ഇടതുവശം തിരിഞ്ഞ് എനിക്കു നേരെ തന്നെ നടന്നുവരികയാണ്. ഇനി അവന്റെ അത്യാവശ്യം എന്താണെന്ന് അറിഞ്ഞിട്ട് പോകാമെന്നുകരുതി ഞാൻ നടത്തം നിർത്തി അവന്റെ പാഞ്ഞുള്ളവരവും നോക്കി നിന്നു. അവനാകട്ടെ എന്നെ കാണുന്നുമില്ല. അടുത്തുവരട്ടെയെന്ന് കരുതി ഞാൻ കാത്ത് നിന്നു. ഞാനീ എത്തിനിൽക്കുന്ന സ്ഥലത്തിനു സമീപം അവൻ താമസിക്കുന്ന ലോഡ്ജ് മുറിയുണ്ട്.

ഇപ്പോൾ ഇവൻ വെപ്രാളപ്പെട്ട് വരുന്നത് അവന്റെ റൂമിൽ വല്ല ആവശ്യത്തിനും കയറാനായിരിക്കുമോ? അതോ വല്ല അപകടവും ആരെങ്കിലും വിളിച്ചു പറഞ്ഞ് ഇവിടെ വല്ലയിടത്തും പാർക്കു ചെയ്തിരിക്കുന്ന അവന്റെ കാറുമെടുത്ത് പോകാനുള്ള വരവായിരിക്കുമോ? അതോ അതിലും വലിയ മറ്റെന്തെങ്കിലും അത്യാവശ്യമായിരിക്കുമോ? ഒരു നിമിഷം ഇങ്ങനെയെല്ലാം ഞാൻ ചിന്തിക്കവേ അവൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

പെട്ടെന്ന് ഞാൻ അവനെ വിളിച്ചു.

“നീയിത്ര വെപ്രാളപ്പെട്ടിതെങ്ങോട്ടാണ്. നോക്കുമ്പാക്കുമില്ലാതെ?”

കുനിഞ്ഞുനോക്കി വിഹ്വലമായാ ഏതോ സ്വപ്നലോകത്തിലെന്നപോലെ വന്നിരുന്ന അവൻ അപ്പോഴാണ് എന്നെ കണ്ടതും സഡൻ ബ്രേക്കിട്ടതുപോലെ നിന്നതും! എന്റെ നേരെ മുഖമുയർത്തി വളരെ സമാധാനത്തിൽ അവൻ പറഞ്ഞു;

“ രാവിലെ എടുത്ത ഒരു പയന്റിന്റെ ബാക്കിയൊരല്പം കൂടി റൂമിലിരിക്കുന്നു. അതും കൂടിയങ്ങ് തീർത്താൽ പിന്നെ സമാധാനമായല്ലോ! കാറ് വർക്ക്ഷോപ്പിലാണ്; ചെറിയൊരുപണി. ഞാനിതാ വരുന്നു. നീയിവിടെ നില്ല്”!

എന്നിത്രയും പറഞ്ഞ് വന്ന വേഗതയിൽ അവൻ അവന്റെ റൂമിലേയ്ക്ക് കയറി പോയി. അപ്പോ അതാണവന്റെ അത്യാവശ്യം.

അല്പനിമിഷങ്ങൾക്കുള്ളിൽ മോഹനചന്ദ്രൻ ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചു വന്ന് എന്നോടൊപ്പം നാട്ടുവിശേഷങ്ങളും പറഞ്ഞ് വാക്കിംഗ് തുടങ്ങി!

നോക്കണേ നമുക്കിടയിലൂടെ തിരക്കിട്ടുപായുന്നവരിൽ ചിലരുടെ അത്യാവശ്യങ്ങൾ!

Thursday, November 24, 2011

അടി ആർക്കും എപ്പോഴും കിട്ടാം

അടി ആർക്കും എപ്പോഴും കിട്ടാം

ഒടുവിൽ ഭരണാധിപന്മാർക്ക് അടികിട്ടുന്ന സ്ഥിതിയിലായി കാര്യങ്ങൾ. കേന്ദ്രമന്ത്രി ശരദ് പവാറിന് അടികിട്ടി.സിക്ക്കാരനായ ഒരു ടാക്സി ഡ്രൈവറാണ് അടിച്ചത്. വിലക്കയറ്റത്തിലും അഴിമതിയിയിലും പ്രതിഷേധിച്ചാണത്രേ അയൾ അടിച്ചത്. ഈ അടിച്ചത് തെറ്റാണെന്നകാര്യത്തിൽ ചർച്ചയുടെ ആവശ്യം തന്നെയില്ല. അങ്ങനെ തുടങ്ങിയാൽ അടി അർഹിക്കാത്തവർ ആരുണ്ട് നമ്മുടെ രാജ്യത്ത്? അതൊരു പരിഹാരമേ അല്ല.

ഭരണാധിപന്മാർക്ക് അടികൊള്ളാനുള്ള സാഹചര്യം രാജ്യത്ത് നില നിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അങ്ങനെ നോക്കിയാൽ നാളിന്നുവരെ നമ്മുടെ നാട് മാറിമാറി ഭരിച്ച സകല മന്ത്രിമാർക്കും മുമ്പേ തന്നെ അടി കിട്ടേണ്ടതായിരുന്നു. കാരണം ഒരു ഭരണകൂടത്തിനും ഇവിടെ പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ വേണ്ടവിധം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഭരണകൂട-ബ്യൂറോക്രാറ്റിക്ക് വ്യവസ്ഥ മൊത്തമായും ജനവിരുദ്ധമാണ്. ജനവിരുദ്ധമെന്നു പറഞ്ഞാൽ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വിരുദ്ധം. സമ്പന്നർക്ക് ഒരിക്കലും ഒന്നിനും ഒരു കുറവും വരില്ല.

ഇപ്പോൾ ശരദ്പവാറിനു കിട്ടിയ അടി യു.പി.എ ഗവർമെന്റിനു കിട്ടിയ അടിയാണ്. പക്ഷെ നാളെ ഏത് ഗവർണ്മെന്റിനും ഇതേ അടി കിട്ടാം എന്ന് എല്ലാ പാർട്ടിക്കാരും ഓർക്കുന്നത് നല്ലതാണ്. ചില ഉദ്യോഗസ്ഥപ്രമാണിമാരും ഇത് ഓർത്തു വയ്ക്കുന്നത് നല്ലതാണ്. ചെയ്യാൻ പാടില്ലാത്ത കാര്യമാനെന്ന ബോധംകൊണ്ടല്ല ഇന്ത്യയിൽ ആരും ഇത്തരം അക്രമങ്ങൾ ഒറ്റയ്ക്കും കൂട്ടായും നടത്താത്തത്. നിയമത്തെയും ശിക്ഷകളെയും മറ്റ് പ്രത്യാഘാതങ്ങളെയും ഭയന്നാണ്. ഇതൊന്നും ഭയക്കാത്തവർ നാലും തുനിഞ്ഞിറങ്ങിയാൽ ആർക്കും കിട്ടും അടി. എല്ലാ കാലത്തും എല്ലാ കാര്യങ്ങളും ഒരേ രീതിയിൽ മുന്നോട്ട് പോകണമെന്നില്ല. ഇങ്ങനെയും വല്ലപ്പോഴും സംഭവിക്കാം.

സർവ്വ പ്രതാപിയായ ഒരു കേന്ദ്രമന്ത്രിയ്ക്ക് അടി കിട്ടിയ സ്ഥിതിയ്ക്ക് ചോട്ടാ മന്ത്രിമാരും നേതാക്കളും മുകൾതട്ട് മുതൽ താഴേ തട്ട് വരെയുള്ള ഉദ്യോഗസ്ഥന്മാരും ഒക്കെ ശ്രദ്ധിക്കണം. അതീവ സുരക്ഷാക്രമീകരണങ്ങളോടെ ജീവിക്കുന്ന മന്ത്രിമാരുടെ സ്ഥിതി ഇതാണെങ്കിൽ പ്രത്യേകിച്ച് സുരക്ഷയൊന്നുമില്ലാത്തവരുടെ സ്ഥിതി പ്രത്യേകം പറയേണ്ടല്ലോ. ഇപ്പോൾ പവാറിനെയും മുമ്പ് മുൻ കേന്ദ്രമന്ത്രി സുഖറാമിനെയും അടിച്ച ആ സിക്ക്കാരൻ ഹർവീന്ദർ സിംഗോ എന്തരാസിംഗിന്റെയോ മാതൃക മറ്റേതെങ്കിലും മനോരോഗികൾ രാജ്യത്തെവിടെയും സ്വീകരിച്ചുകൂടെന്നില്ല. ഇങ്ങനത്ത ആളുകളും സമൂഹത്തിലുണ്ടാകും. അത്തരക്കാരെ വേണമെങ്കിൽ തൂക്കിക്കൊല്ലാം. പക്ഷെ കിട്ടാനുള്ളത് കിട്ടിയിട്ട് തൂക്കിക്കൊന്നിട്ട് എന്തുകാര്യം?

ഒരു കാര്യം പറയാം. ഓരോ സാധാരണമനുഷ്യനിലും ഓരോ ധർവീന്ദർ സിംഗ് ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് എല്ലാവരും ഓർക്കുന്നത് നല്ലാതാണ്; ഏതൊരാളിൽ നിന്നും ഒരു ധർവീന്ദർസിംഗ് പൊട്ടിപ്പുറപ്പെടാം: മനോരോഗിയുടെ രൂപത്തിലായാലും അക്ഷമനായ അക്രമിയുടെ രൂപത്തിലായാലും ! ഞാൻ താൻ വലിയവൻ എന്ന് കരുതി ആരും നെഗളിക്കരുത്. ചുരുക്കിപ്പറഞ്ഞാൽ എല്ലാവരും ജാഗ്രതൈ!

ഒരു ഹർവീന്ദ്രർ സിംഗ് വിചാരിച്ചാലൊന്നും നമ്മുടെ രാജ്യമങ്ങു നന്നാകുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. അല്ലപിന്നെ!

Monday, November 21, 2011

ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷുകാർ

ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷുകാർ വരുന്നത് നല്ലത്

നമ്മുടെ സംസ്ഥാനത്ത് സ്കൂളൂകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷുകാരെ കൊണ്ടുവരുന്നു. ആദ്യഘട്ടത്തിൽ ഏതാനും സ്കൂളുകളിൽ മാത്രമാണ് വിദേശീയരായ ഇംഗ്ലീഷുകാരെ നിയമിക്കുന്നത്. ഇത് സ്വാഗതാർഹമായ ഒരു കാര്യമാണ്. കാരണം ഇവിടെ എൽ.പി ക്ലാസ്സുമുതൽ പി.ജി ക്ലാസ്സുവരെ പഠിച്ചാലും ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയുന്നില്ല. വായിച്ചാൽ മനസിലാകും. അത്യാവശ്യം എഴുതുകയും ചെയ്യും. പക്ഷെ സംസാരിക്കാൻ കഴിയില്ല. നമ്മുടെ സ്കൂളുകളിലെയും കോളേജുകളിലെയും ഇംഗ്ലീഷ് പഠിപ്പിക്കലിന്റെ പോരായ്മയാണിത്. ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകർ പോലും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയാത്തവരാണ്. പ്രത്യേകിച്ചും ഇംഗ്ലീഷ് സംസാരിക്കുന്ന കാര്യത്തിൽ. നമ്മുടെ ഇവിടെ കാലാകാലങ്ങളായി മറിവരുന്ന പാഠ്യപദ്ധതികളൊന്നും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നവയായിട്ടില്ല. അക്ഷരത്തെറ്റില്ലാതെ എഴുതാനോ വിക്കില്ലാതെ വായിക്കാനോ അത്യാവശ്യകാര്യങ്ങൾ എഴുതാനോ കൂടി കഴിയാത്തവരാണ് അഭ്യസ്തവിദ്യരിൽ നല്ലൊരു പങ്കും. പണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളൂകളിൽ പഠിക്കുന്ന കുട്ടികൾ ഒരുവിധം ഭാംഗിയായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. ഇപ്പോൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്കും ഇംഗ്ലീഷിൽ അത്ര പ്രാവീണ്യമൊന്നും കാണുന്നില്ല.

ഒരു ഭാഷ സംസാരിക്കണമെങ്കിൽ അത് സംസാരിച്ചുതന്നെ പഠിക്കണം. ഒരു ഭാഷ സംസാരിക്കുവാൻ നിർബന്ധിതമാകുകയാണെങ്കിൽ ഒരു നിരക്ഷരൻ പോലും അത് പഠിച്ചുകൊള്ളും. ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്നവർ അറബി പഠിക്കുന്നത് അതുകൊണ്ടാണ്. മറ്റേതെങ്കിലും ഭാഷക്കാരോടൊപ്പം കുറച്ചുനാൾ ഒരുമിച്ച് സഹവസിച്ചാൽ അവരുടെ ഭാഷ സ്വാഭാവികമായി പഠിക്കുംഒരു ഭാഷയിലെയും അക്ഷരങ്ങൾ അറിയില്ലെങ്കിലും . കോവളത്തെ നിരക്ഷരരായ കപ്പലണ്ടിക്കച്ചവടക്കാർ പോലും ഇംഗ്ലീഷ് പറയുന്നത് വിദേശികളുമായുള്ള നിരന്തര സമ്പർക്കംകൊണ്ടാണ്. എഴുത്തും വായനയും അറിയില്ലെങ്കിലും ഒരു ഭാഷ സംസാരിക്കാം. എന്നാൽ സ്കൂളും കോളേജുമായി പത്തു പതിനഞ്ചു കൊല്ലത്തിലധികം ഇംഗ്ലീഷ് പഠിക്കുന്നവർക്ക് ഫ്ലുവന്റായി ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയില്ല. ഏതെങ്കിലും ഉദ്യോഗത്തിനപേക്ഷിക്കുമ്പോൾ ബയോഡേറ്റയിൽ എത്ര ഭാഷ അറിയാമെന്നതിനു മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്ന് മിക്കവരും എഴുതിവയ്ക്കുന്നതുകാണാം. എന്നാൽ ആകെ അവർക്ക് മലയാളം മാത്രമേ സംസാരിക്കാൻ കഴിയൂ. പക്ഷെ ഈ മൂന്നു ഭാഷയും എഴുതുവാനും വായിക്കുവാനും കഴിയും. ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കാൻ കഴിയില്ല. പറഞ്ഞു വന്നതിന്റെ സാരം ഇവിടെ വർഷങ്ങളോളം ഇംഗ്ലീഷ് പഠിച്ചാലും ആ ഭാഷ നന്നായി സംസാരിക്കുവാൻ ഒരു ചെറുന്യുനപക്ഷത്തിനുമാത്രമേ കഴിയുന്നുള്ളൂ. പഠിപ്പിക്കുന്നവർതന്നെ ഇംഗ്ലീഷിന്റെ കാര്യത്തിൽ അല്പജ്ഞാനികളാകുമ്പോൾ അവർ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യം പറയാനില്ലല്ല്ലോ!

ഒരു ഭാഷ പഠിക്കുകയെന്നാൽ ആദ്യംതന്നെ ആ ഭാഷ സംസാരിക്കാൻ കഴിയുക എന്നതാകണം ലക്ഷ്യം. എഴുത്തും വായനയും പിന്നെയേ വരൂ. നിർഭാഗ്യവശാൽ ഇവിടെ ഒരുവിധം എഴുതാനും വായിക്കാനും മാത്രമുള്ള പരിജ്ഞാ‍നമേ വിദ്യാലയങ്ങളിൽനിന്നും ലഭിക്കുന്നുള്ളൂ. ഇത് നമ്മുടെ പാഠ്യ പദ്ധതികളുടെ കുഴപ്പമാണ്. ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷ് ബിരുദ ധാരികൾ തന്നെ വേണമെനൊരു നിബന്ധന നമ്മുടെ സംസ്ഥാനത്ത് നേരത്തേ കൊണ്ടുവന്നിരുന്നു. എന്നാൽ എല്ലാ വിദ്യാലയങ്ങളും ഇത് പാലിക്കുന്നില്ല. അഥവാ പാലിച്ചാൽത്തന്നെ നമ്മുടേ ഇംഗ്ലീഷ് ലിറ്ററേച്ചറുകാരുടെ നിലവാരവും അത്ര മെച്ചമൊന്നുമല്ല. നല്ല മാർക്ക് വാങ്ങി വിജയിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരു വിദ്യാർത്ഥി ഐച്ഛികമായി എടുത്ത വിഷയത്തിൽ നല്ല പ്രാവീണ്യം ഉള്ളവരായി മാറുന്നില്ല; ഇംഗ്ലീഷിന്റെ കാര്യം ഉൾപ്പെടെ. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷുകാർ തന്നെ വരണം. വേണമെങ്കിൽ സ്പോക്കൺ ഇംഗ്ലീഷ് കൂടി സിലബസിൽ ഉൾപ്പെടുത്തി അതിനു മാത്രമായി വിദേശികളെ നിയമിക്കാം. എഴുത്തും, വായനയും, ഗ്രാമറുമൊക്കെ നമ്മുടെ ഇവിടത്തുകാർതന്നെ പഠിപ്പിക്കട്ടെ. സംസാര ഭാഷ യഥാർത്ഥ ഇംഗ്ലിഷ്കാരും പഠിപ്പിക്കട്ടെ. അല്ലെങ്കിൽ ഇവിടുള്ളവർ ഇംഗ്ലണ്ടിലോ മറ്റോ പോയി പരിശീലനം നേടി വരണം.

അതുപോലെ ഹിന്ദി സംസാരിക്കുവാൻ പഠിപ്പിക്കുവാനും ഹിന്ദിക്കാരെത്തന്നെ നിയമിക്കണം. മാസത്തിൽ രണ്ടോ മൂന്നോ ദിവസംവീതം ഓരോ സ്കൂളൂകളിലും അന്യഭാഷാ ആധ്യാപകരെ ഉപയോഗപ്പെടുത്താവുന്നതാണ്. നമ്മുടെ മാതൃഭാഷയായമലയാളത്തിന് ഏറ്റവും മുന്തിയ പ്രാധാന്യം നൽകിക്കൊണ്ടുതന്നെ ദേശീയ ഭാഷയെന്ന നിലയിലും ഇന്ത്യയിൽ ഒരുപാട് പ്രദേശങ്ങളിൽ സംസാരിക്കുന്ന ഭാഷ എന്ന നിലയിലും ഹിന്ദിയ്ക്കും, ലോകഭാഷയെന്ന നിലയിൽ ഇംഗ്ലീഷിനും മതിയായ പ്രാധാന്യം നൽകണം. എത്ര ഭാഷ പഠിക്കാൻ കഴിയുന്നതും നല്ലതുതന്നെ. ഏതെങ്കിലും ഒരു അന്യഭാഷ പഠിപ്പിക്കുവാൻ ആ ഭാഷ മാതൃഭാഷയായിട്ടുള്ളവരെത്തന്നെ കൊണ്ടുവരുന്നതാണ് എന്തുകൊണ്ടും നല്ലത്. അത്തരം ഒരു ശ്രമം തുടങ്ങിവച്ച വിദ്യാഭ്യാസവകുപ്പിന് നന്ദി! ഇനിയെങ്കിലും നമ്മുടെ പിള്ളേർ നല്ല ഇംഗ്ലീഷ് പറയട്ടെ!

Sunday, November 20, 2011

സന്തോഷ് പണ്ഡിറ്റ് നൽകുന്ന സന്ദേശം

സന്തോഷ് പണ്ഡിറ്റ് നൽകുന്ന സന്ദേശം

ഒരു കാലത്ത് സിനിമ ഒരു ഹരമായിരുന്നു. തിയേറ്ററുകളിൽനിന്ന് ഇറങ്ങാതെ സിനിമ കണ്ടു നടന്നിരുന്നു എന്നൊക്കെ അതിശയോക്തി കലർത്തി പറയാം. അത്രയ്ക്കുണ്ടായിരുന്നു സിനിമാ കമ്പം. സിനിമാമാസികകൾ പലതിന്റെയും സ്ഥിരം വരിക്കാരനുമായിരുന്നു. ചെറുതും വലുതുമായ നടീനടന്മാരുടെയൊക്കെ പേരുകളും മുഖങ്ങളുമൊക്കെ വ്യക്തമായി അറിയാമായിരുന്നു. സിനിമാക്കാരുടെ വിശേഷങ്ങൾ അറിയാൻ അന്നൊക്കെ വലിയ കൌതുകമായിരുന്നു. എന്നാൽ ഇപ്പോൾ തിയേറ്ററിൽ പോയി സിനിമ കാണുന്ന പതിവ് നിർത്തിയിട്ട് ഒരുപാട് നാളായി. വർദ്ധിച്ച ടിക്കറ്റ് ചാർജും രണ്ടു രണ്ടര മണിക്കൂർ തിയേറ്ററിൽ ചെലവഴിക്കുന്നതിലുള്ള താല്പര്യമില്ലായ്മയും മറ്റുമാണ്. എങ്കിലും സമയം കിട്ടുമ്പോൾ സി.ഡി ഇട്ടും ടി.വി ചാനലുകളിലും സിനിമ കാണാറുണ്ട്. സിനിമ ഇഷ്ടവുമാണ്. എന്നാൽ താര-വീരാധനയൊന്നും ഇല്ല. ആരുടെ സിനിമയും കാണും. ആസ്വദിക്കും. ഇഷ്ടപ്പെട്ടെങ്കിൽ ഇഷ്ടപ്പെട്ടെന്ന് പറയും. ഇല്ലെങ്കിലില്ല്ല!

ഇവിടെ എല്ലാ മേഖലയും എത്തിപ്പെട്ടവരുടെ നിയന്ത്രണത്തിലായിരിക്കുമല്ലോ. സിനിമയിലും അങ്ങനെ തന്നെ. ഏതെങ്കിലും വിധത്തിൽ എത്തിപ്പെട്ട് വിജയം നേടുന്നവർ പുതുതായി മറ്റാരെയും കടന്നുവരാൻ അനുവദിക്കില്ല. രാഷ്ട്രീയത്തിലും അങ്ങനെയാണല്ലോ. നേതാക്കളുടെ നിരയിൽ എത്തിപ്പെട്ടവർ പിന്നെ പരസ്പരം ഒരൂ യൂണിയനായി നിന്ന് തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് ചെയ്യുക. പിന്നെ ആരൊക്കെ കടന്നുവന്ന് എന്തൊക്കെ ആകണമെന്ന് അവർ തീരുമാനിക്കും. രാഷ്ട്രീയവും സിനിമയും മാത്രമല്ല എല്ലാ മേഖലകളും അങ്ങനെതന്നെ. സിനിമാ മേഖലയുടെ കാര്യം പ്രത്യേകം പറയാനുമില്ല. എത്തിപ്പെട്ടവരുടെ സമഗ്രാധിപത്യമാണിവിടെ. നിർമ്മാതാക്കളും സംവിധായകരും സൂപ്പർ താരങ്ങളും ഒക്കെ അടങ്ങുന്ന ഒരു ചെറു വിഭാഗമാണ് സിനിമാ കച്ചവടത്തിന്റെ ഗതിവിഗതികൾ നിശ്ചയിക്കുന്നത്. സൂപ്പർ താരങ്ങൾ സ്വയം തീരുമാനിക്കുന്നതാണ് അവരുടെ റേറ്റ്. അതിനൊപ്പം തുള്ളാൻ നിർമ്മാതാക്കളും. പത്ത് ലക്ഷം രൂപയ്ക്ക് ചിത്രീകരിക്കാവുന്ന ഒരു ചിത്രം നിർമ്മാതാവിനെക്കൊണ്ട് കോടികൾ മുടക്കിയാകും നിർമ്മിക്കുക. നിർമ്മാതാവിനാകട്ടെ പരമാവധി ലാഭം എന്ന ഇച്ഛയാണ് മുന്നിൽ നിൽക്കുക. അതിനയാളെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.

ഇന്ന് മലയാള സിനിമ പ്രതിസന്ധിയിലാണ് പ്രതിസന്ധിയിലാണ് എന്ന് പറയുന്നു. എന്തു പ്രതിസന്ധി? ആരുണ്ടാക്കുന്ന പ്രതിസന്ധി? അനാവശ്യമായ കീഴ്വഴക്കങ്ങളും നിയമങ്ങളും നിബന്ധനകളും ഉണ്ടാക്കി വയ്ക്കുകയും തങ്ങൾ ആഗ്രഹിക്കുന്നതുപോലെയുള്ള അഥവാ തങ്ങളുടെ സാമ്പത്തിക താല്പര്യം സംരക്ഷിക്കുവാൻ ഉതകുന്ന വിധത്തിലുള്ള ഒരു ആസ്വാദനസംസ്കാരം സൃഷ്ടിക്കുവാനും അത് നിലനിർത്തുവാനുമാണ് സിനിമാ അധോലോകം ശ്രമിക്കുക. കോടികൾ മുടക്കി നിർമ്മിച്ചാലേ സിനിമയാകൂ, സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലേ നല്ല സിനിമയാകൂ തുടങ്ങി ഒട്ടേറെ വികലധാരണകൾ സിനിമാക്കാർ ജനങ്ങളിലേയ്ക്ക് അടിച്ചേല്പിക്കുന്നുണ്ട്. സുപ്പർ താരങ്ങളല്ലാത്തവരെ വച്ച് സിനിമ പിടിച്ച് വിജയിപ്പിച്ചു കാണിച്ചുകൊടുക്കാനുള്ള ആർജ്ജവം സിനിമാ ലോകത്ത് എത്തിപ്പെട്ടവർക്കുണ്ട്. ഒരു സിനിമയുടെ മൊത്തം നിർമ്മാണ ചെലവിനേക്കാൾ വലിയ തുക പ്രതിഫലം പറ്റുന്ന സൂപ്പർ താരങ്ങളെ വച്ച് മാത്രമേ പടമെടുക്കൂ എന്ന വാശി ഒഴിവാക്കിയാൽത്തന്നെ നമ്മുടെ സിനിമാലോകം പറഞ്ഞു പെരുപ്പിക്കുന്ന പ്രതിസന്ധി ഒഴിവാക്കാൻ കഴിയും.

സൂപ്പർ താരങ്ങളെ സൃഷ്ടിക്കുക, അവരെ ഉപയോഗപ്പെടുത്തി സിനിമ മാർക്കറ്റ് ചെയ്യുക എന്ന തന്ത്രമാണ് സിനിമാ ലോബി ചെയ്തുകൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങളില്ലാതെ സിനിമ വിജയിക്കില്ലെന്നും നഷ്ടം ഭയന്ന് നിർമ്മാതാക്കൾ കാശ് മുടക്കാൻ തയ്യാറാകില്ലെന്നുമാണ് സിനിമാ ലോബി പറയുന്നത്. സൂപ്പർ താരങ്ങളും മറ്റ് സൂപ്പർ ടെക്നീഷ്യന്മാരുമൊന്നുമില്ലാതെ പടമെടുക്കുന്ന ഒരു പതിവ് തുടങ്ങി വച്ചാൽ ഭാവിയിൽ പ്രേക്ഷകർ അതുമായി അങ്ങ് താദാത്മ്യം പ്രാപിച്ചുകൊള്ളും. സൂപ്പർ താരങ്ങളുടെ ശരീര ഭാഷയ്ക്കനുസരിച്ച് തിരക്കഥയുണ്ടാക്കുന്ന ശീലം മതിയാക്കിയാൽ ആരെ വച്ചും പടമെടുത്ത് വിജയിപ്പിക്കാം. പുതുമുഖങ്ങളെ വച്ച് എത്രയോ പടങ്ങൾ വിജയിച്ചിരിക്കുന്നു. റേറ്റ് ക്രമാതീതമായി കൂട്ടുമ്പോൾ വേറെ ആളെ തിരക്കണം. പിന്നല്ലാതെ! നഷ്ടം, പ്രതിസന്ധി എന്നും മറ്റും മുറവിളികൂട്ടുക, ബദൽ മാർഗ്ഗങ്ങൾ ആരായാതിരിക്കുക! പിന്നെങ്ങനെ മലയാള സിനിമ രക്ഷപ്പെടും? എന്തിനാണ് ഈ സൂപ്പർതാര പദവി? എങ്ങനെയെങ്കിലും ഒരു മേഖലയിൽ എത്തിപ്പെടുന്നവർക്ക് അവിടം മൊത്തമായും വെട്ടിപ്പിടിക്കണം, ആ മേഖല മുഴുവൻ കുത്തകയാക്കി വയ്ക്കണം എന്ന മനോഭാവം സിനിമാക്കാരെന്നല്ല ആരും, ഒരു മേഖലയിലും വച്ചു പുലർത്തുന്നത് ശരിയല്ല.

ഇപ്പോൾ ഈ അടുത്ത കുറച്ചുനാളുകളായി സന്തോഷ് പണ്ഡിറ്റ് എന്നൊരവതാരം ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. ഇതുസംബന്ധിച്ച് ഇന്റെർനെറ്റ്, പത്രവാർത്തകൾ, ചാനൽ ചർച്ചകൾ ഇവയിലൂടെ ഞാനും സന്തോഷ് പണ്ഡിറ്റിനെപ്പറ്റി കേട്ടിരുന്നു. യൂട്യൂബിൽ അദ്ദേഹത്തിന്റെ സിനിമയിലെ ചില പാട്ടുരംഗങ്ങൾ കാണുകയും ചെയ്തു. അതിനൊക്കെ ലഭിച്ചിരിക്കുന്ന തെറി കമന്റുകൾ അല്പം അതിരു കടന്നവയായിപ്പോയി എന്നു തോന്നാതിരുന്നില്ല. സർവ്വ പരിധികളും ലംഘിക്കുന്ന തെറികൾ! ഈ തെറികൾ എഴുതിയവർ ഈ സന്തോഷ് പണ്ഡിറ്റ് മാത്രമല്ല ആ സൈറ്റിൽ വന്ന് നോക്കുന്നത്, ആയിരക്കണക്കിന് അമ്മപെങ്ങന്മാരാരും കൂടിയാണെന്ന ന്ന കാര്യം വിസ്മരിക്കരുതായിരുന്നു. ആരെങ്കിലും തെറി അർഹിക്കുന്നുവെന്നു തോന്നിയാൽ ചിലരെങ്കിലും ഒന്നോരണ്ടോ തെറി പറയുന്നത് സ്വാഭാവികമാണ്. പക്ഷെ ഒരാളെ തെറി പറയുന്നതിനും തെറിയുടേതായ ഒരു സാംസ്കാരിക നിലവാരം ഉണ്ട്. അത് പാലിക്കണം. അച്ഛന്റെ തേങ്ങ, എന്നു പറയാതെ പിതാവിന്റെ നാളീകേരം എന്നൊന്നു വളച്ചുകെട്ടിപ്പറയാനെങ്കിലുമുള്ള സാമാന്യ മര്യാദ കാണിക്കണ്ടേ? സന്തോഷ് പണ്ഡിറ്റ് ആൾ ബുദ്ധിമാൻ തന്നെ. സ്വയം പരിഹാസ്യനായിക്കൊണ്ടാണെങ്കിലും ഒരു സമൂഹത്തെ മുഴുവൻ അയാൾ പരിഹസിക്കുകയാണ്.

സന്തോഷ് പണ്ഡിറ്റ് നോർമലോ അബ്നോർമലോ ആകട്ടെ. അയാൾക്ക് ഒരു ഇന്ത്യൻ പൌരൻ എന്ന നിലയ്ക്ക് സെൻസർ ബോർഡിന്റെ അനുവാദത്തോടെ ഒരു സിനിമ നിർമ്മിച്ച് പ്രദർശിപ്പിക്കുവാൻ അവകാശമുണ്ട്. തിയേറ്ററുകൾ ഏതെങ്കിലും സിനിമ പ്രദർശിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ തെരുവിലോ കല്യാണ മണ്ഡപങ്ങളിലോ മറ്റെവിടെയെങ്കിലുമോ പ്രദർശിപ്പിക്കും. അതിനെ ആർക്കും തടയാൻ അവകാശമില്ല. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ മോശമാണെന്നറിഞ്ഞാൽ അത് കാണാതിരിക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഇനി അഥവാ കണ്ട് ഇഷ്ടപ്പെടാതെ വന്നാൽ നാളിതുവരെ കണ്ട നിലവാരമില്ലാത്ത സിനിമകളിൽ ഒന്നായി അതിനെ തള്ളിക്കളയാം. വിമർശിക്കുകയും ചെയ്യാം. അല്ലാതെ ഇവിടെ ചില ചാനൽ ചർച്ചകളിൽ വന്നിരുന്ന് പ്രാമാണികരായ (എന്ന് ധരിക്കുന്ന) ചില സിനിമാക്കാർ പറയുന്നതുപോലെ ഇത്തരം സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നൊന്നും പറയാൻ ആർക്കും അധികാരമില്ല. തങ്ങൾ ചിലർക്ക് മാത്രമേ സിനിമയെടുക്കാവൂ എന്ന് പറയാൻ ഇവരാരാ? സിനിമാ രംഗം ആരെങ്കിലും അവർക്ക് തീറെഴുതിക്കൊടുത്തിട്ടുണ്ടോ? സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കിയ സിനിമയേക്കാൾ നിലവാരമില്ലാത്ത പല സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണുന്നവർക്ക് ഒരു തമാശയെങ്കിലുമാണ് (പക്ഷെ സന്തോഷ് പണ്ഡിറ്റ് വളരെ ഗൌരവത്തിലെടുത്തതാണത്രേ). തൊലിക്കട്ടി ഉള്ളവർക്ക് ഇങ്ങനെയും കാട്ടിക്കൂട്ടാം. പക്ഷെ അത് അയാളുടെ അവകാശമാണ്. സ്വാതന്ത്ര്യമാണ്. സന്തോഷ് പണ്ഡിറ്റിന്റെ കാട്ടിക്കൂട്ട് എന്തായാലും സെക്സ്-വയലൻസ് സിനിമകളെ പോലെ അപകടകാരിയല്ല.

എന്തായാലും വലിയ സിനിമാക്കാർ എന്ന് മേനി നടിച്ച് നടക്കുന്നവർക്ക് സന്തോഷ് പണ്ഡിറ്റ് ഒരു പാഠമാണ്. കൈയ്യിൽ കുറച്ച് കാശും സന്തോഷ് പൻഡിറ്റിനെ പോലെ ഒരു മനസും ഉണ്ടെങ്കിൽ ആർക്കും സിനിമയെടുക്കാം. നമ്മളാണിതിന്റെ ഉസ്താദുമാർ എന്നു പറഞ്ഞ് ആരും നെഗളിക്കേണ്ട. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയുടെ നിലവാരം, സന്തോഷ് പണ്ഡിറ്റിന്റെ വിചിത്രമായി തോന്നുന്ന സ്വഭാവ രീതികൾ എന്നിവ വച്ച് മാത്രം ഈ കാര്യത്തെ വിലയിരുത്തിക്കൂടാത്തതാണ്. നാളെ കുറച്ചു കൂടി കാര്യ ഗൌരവമുള്ളവരും അഞ്ചു ലക്ഷം രൂപയോ അതിൽ കുറവോ ചെലവിൽ സിനിമ എടുത്തെന്നിരിക്കും. നിലവാരം അല്പം കുറഞ്ഞുപോയാലും സിനിമ സിനിമ തന്നല്ലോ. ആർക്കും മനസുവച്ചാൽ ചുരുങ്ങിയ ചെലവിൽ സിനിമ നിർമ്മിക്കാം എന്ന് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും സിനിമ തെളിയിച്ചിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇനിയും ഇത്തരം ഉദ്യമങ്ങളുമായി വരുന്നവർ എല്ലാം സന്തോഷ് പണ്ഡിറ്റുമാരോ അവരുടെ സിനിമകൾ കൃഷ്ണനും രാധയും പോലെയോ ഉള്ളവയാകണമെന്നില്ലല്ലോ. സന്തോഷ് പണ്ഡിറ്റ് ചെലവാക്കിയതിലും ചെറിയ തുകയും നല്ല കഥയും നല്ല ആർട്ടിസ്റ്റുകളുമൊക്കെയായി പുതിയപുതിയ ആളുകൾ കടന്നുവന്നാൽ, അവരെ ഇവിടെ ഇപ്പോൾ സിനിമാ രംഗം അടക്കിവാഴുന്നവരും സിനിമാ സംഘടനകളും പിടിച്ച് മൂക്കിൽ കയറ്റുമോ? സിനിമ പ്രദർശിപ്പിക്കുവാൻ സിനിമാതിയേറ്ററുകൾ തന്നെ വേണമെന്ന് നിർബന്ധമൊന്നുമില്ല. അല്പം ഇരുട്ടുള്ള എവിടെയും, ഏതു ഹാളിലും അവ പ്രദർശിപ്പിക്കാം. അത് ആവിഷ്കാര സ്വാതന്ത്ര്യമാണ്.

Tuesday, November 15, 2011

എം.വി.ജയരാജന് ജാമ്യം; ഹൈക്കൊടതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം!

എം.വി.ജയരാജന് ജാമ്യം; ഹൈക്കൊടതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം!
സാ‍ധാരണ രാഷ്ട്രീയ നേതാക്കളും വലിയ പണക്കാരും ഒക്കെ ഏതെങ്കിലും കേസിൽ അകപ്പെട്ട് ശിക്ഷിക്കപ്പെട്ടാൽ ആ ശിക്ഷ വിധിക്കുന്ന നിമിഷം കോടതിയിൽ ബോധംകെട്ട് വീഴാറുണ്ട്. ഇതെന്ത് അസുഖമാണെന്ന് എല്ലാവർക്കും അറിയാം. പിന്നെ നേരേ ജയിലിലേയ്ക്കല്ല, ആശുപത്രിയിലേയ്ക്കാണ് കൊണ്ടുപോകുക. ചിലർക്ക് ജയിലിൽ ചെന്നതിനുശേഷമാകും സൌകര്യം പോലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുക.അല്പം താഴേ കിടയിലുള്ള നേതാക്കൾക്കും ഒരുവിധം മാത്രം സാമ്പത്തികശേഷിയുള്ളവർക്കും കൂടി ഇത്തരം വിചിത്രമായ ജയിൽ രോഗങ്ങളും കോടതിരോഗങ്ങളും അസാധാരണമായി ഉണ്ടാകാറുണ്ട്. അതൊക്കെ ഓരോരുത്തർക്കും “രോഗങ്ങളിൽ” ഉള്ള സ്വാധീനം അനുസരിച്ചിരിക്കും! ഈ രോഗങ്ങളെ വൈദ്യശാസ്ത്രം എന്തു വിളിക്കുമെന്ന് അല്പജ്ഞാനിയായ ഈയുള്ളവന് അറിയില്ല.
ശുംഭൻ എന്ന വാക്കുവർഷിച്ച് ചില ന്യായാധിപന്മാരെ അതിക്രൂരമായി വധിക്കാൻ ശ്രമിച്ച സ.എം.വി.ജയരാജന് നമ്മുടെ ബഹുമാനപ്പെട്ട കേരള ഹൈക്കൊടതി ആറുമാസം തടവ് വിധിച്ചു.കഠിനതടവല്ലെങ്കിലും കഠിനതടവെന്നാണ് ആദ്യം വിധിന്യായത്തിൽ പറഞ്ഞത്. പക്ഷെ ആറുമാസം തടവെന്നും കഠിനതടവെന്നും ഒക്കെ പറഞ്ഞിട്ടും അപ്പീൽ ജാമ്യം തരാൻ മനസില്ലെന്നു കോടതി പറഞ്ഞിട്ടും സ.ജയരാജൻ ബോധം കെട്ട് വീണില്ല. ജയിലിൽ ചെന്നിട്ടും അദ്ദേഹം ഒരു രോഗത്തെയും തന്റെ ശരീരത്തിലേയ്ക്കോ മനസിലേയ്ക്കോ ആവാഹിച്ചെടുത്തില്ല. ഉള്ള ചെറിയ രോഗങ്ങൾ തന്നെ മറച്ചു. പ്രത്യേക സൌകര്യങ്ങളോ ഫൈവ്സ്റ്റാർ ആശുപത്രിയോ അദ്ദേഹം ആവശ്യപ്പെട്ടില്ല. തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന അദ്ദേഹം നിയമവഴിയിൽ പൊരുതിയെങ്കിലും കോടതി അദ്ദേഹത്തിന്റെ വാദമുഖങ്ങളെ തള്ളി ശിക്ഷ വിധിച്ചു. അത് ഇവിടുത്തെ മാർക്സിസ്റ്റ് വിരുദ്ധതിമിരനേത്രങ്ങൾ സർജറി നടത്താതെ കൊണ്ടു നടക്കുന്നവർ ഒക്കെയും ആഘോഷിക്കുകതന്നെ ചെയ്തു.
പിന്നീട് കൊടതിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സി.പി.എം സമാധാനപരമായി ഹൈക്കൊടതി പരിസരത്ത് ഒത്തുകൂടി പ്രതിഷേധിച്ചു. അങ്ങനെ ഒരു പ്രതിഷേധം നീതി പീഠത്തിനെതിരെ നടത്തേണ്ടി വന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണ്. ജയരാജൻ എന്ന ഒരു വ്യക്തിയെ ശിക്ഷിച്ചു എന്നത് മാത്രമല്ല പ്രതിഷേധത്തിനിടയായത്. . പാതയൊര പൊതുയോഗം നിരോധിച്ചത്, അതിനെതിരെ പ്രസംഗമദ്ധ്യേ നിശ്ചിതാർത്ഥമില്ലാത്ത ഒരു വാക്ക് ഉപയോഗിച്ചു എന്ന ഒരു ചെറിയ കുറ്റത്തിനു നൽകിയ അന്യായമായ വലിയ ശിക്ഷ, അപ്പീൽ ജാമ്യം ലബിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം നിഷേധിച്ചത്, സ. ജയരാജനെ പുഴു എന്നു വിധിന്യായത്തിൽ പരാമർശിച്ചത്, രാഷ്ട്രീയക്കാരെ ഒഴിവാക്കാനാകാത്ത പിശാചുക്കൾ എന്നു വിശേഷിപ്പിച്ചത് തുടങ്ങിയ ഗൌരവമേറിയ വീഴ്ചകൾ കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുമ്പോൾ പ്രതികരണ ശേഷി ഉള്ള വ്യക്തികൾക്കോ, പ്രസ്ഥാനങ്ങൾക്കോ മിണ്ടാതിരിക്കാനാകില്ല. അതാണ് ഹൈക്കോടതിയ്ക്കുമുന്നിൽ പ്രതിഷേധക്കൂട്ടായ്മ ഉണ്ടായത്. ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്നതിലുള്ള ഉൽക്കണ്ഠ വിളിച്ചറിയിക്കുവാനാണ് ആ കൂടിച്ചേരൽ ഉണ്ടായത്.
സ.ജയരാജൻ സുപ്രീം കോടതിയിൽ അപ്പീൽ പോയി. ബഹുജനരോഷം വിളിച്ചു വരുത്തുന്ന സമീപനം ബഹുമാനപ്പെട്ട ഹൈക്കൊടതിയുടെ ഭാഗത്തുനിന്നുണ്ടായി എന്ന് ജയരാജന്റെ അപ്പീലിന്മേൽ ഉള്ള സുപ്രീം കോടതി വിധിയും പരാമർശങ്ങളും തെളിയിക്കുന്നു. ജയരാജന് അപ്പീൽ ജാമ്യം നിഷേധിക്കുകയും അദ്ദേഹത്തെ പുഴുവെന്നു വിളിക്കുകയും മറ്റും ചെയ്തതിനെ സുപ്രീം കോടതി നിശിതമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ജഡ്ജിമാർ വിധിപറയുമ്പോൾ അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ വിധിന്യായത്തെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന കാര്യം സുപ്രീം കോടതി എടുത്തു പറഞ്ഞു. ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. നാളെ അദ്ദേഹം ജയിൽ മോചിതനുമാകും. കൂട്ടത്തിൽ ഹൈക്കൊടതി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനെയും സുപ്രീം കോടതി വിമർശിച്ചു. എന്നാൽ ഇതാകട്ടെ ഹൈക്കൊടതിയ്ക്കുവേണ്ടി ഹാജരായ വക്കീൽ തെറ്റിദ്ധരിപ്പിച്ചതു മൂലമാണെന്ന് ആക്ഷേപമുണ്ട്.
ആ ഒരു പ്രതിഷേധം എന്തുകൊണ്ടുണ്ടായി എന്നതിന്റെ ഉത്തരം സുപ്രീം കോടതിയുടെ മറ്റ് പരാമർശങ്ങളിൽത്തന്നെ ഉണ്ട്. നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള സമീപനമാണ് ജയരാജൻ കേസിൽ ഹൈക്കൊടതി സ്വീകരിച്ചത് എന്ന കുറ്റപ്പെടുത്തലിന്റെ സൂചനയാണ് സുപ്രീം കോടതി പരാമർശങ്ങളിൽ ഉള്ളത്. എന്തായാലും നമ്മുടെ ഹൈക്കൊടതിയ്ക്കു മുകളിൽ ഒരു കോടതി ഉണ്ടായത് ശുഭപ്രതീക്ഷ നൽകുന്നു. നീതിപീഠത്തിനും തെറ്റു പറ്റാമെന്നും ആ തെറ്റു തിരുത്താനും നീതി പീഠത്തിനു കഴിയുമെന്നും ഉള്ള ഒരു ശുഭ സൂചന സുപ്രീം കോടതിവിധി നൽകുന്നുണ്ട്. ബാക്കിയൊക്കെ നമുക്ക് കാത്തിരുന്നു കാണാം. എന്തായലും സ. ജയരാജൻ ചുണക്കുട്ടിയാണ്. അദ്ദേഹത്തെ പോലെയുള്ള തന്റേടമുള്ള നേതാക്കളാണു നമുക്കവശ്യം. സ.എം.വി. ജയരാജന് ആയിരമായിരം അഭിവാദ്യങ്ങൾ!

Monday, November 14, 2011

ഹൈക്കോടതി പരിസരത്തെ സി.പി.എം പ്രതിഷേധം

ഹൈക്കോടതി പരിസരത്തെ സി.പി.എം പ്രതിഷേധം

സാധാരണ ഭരണകൂടങ്ങൾക്കെതിരെയാണ് ലോകത്തെവിടെയും പ്രക്ഷോഭങ്ങളുണ്ടാകുന്നത്. നീതിന്യായ വിഭാഗത്തിനെതിരെ അത്തരം പ്രക്ഷോഭങ്ങൾ സാധാരണമല്ല. കാരണം രാഷ്ട്രീയ ഭരണകൂടത്തോളം സമഗ്രമായ അധികാരം നിയമ വ്യവസ്ഥയ്ക്കില്ല. ഭാർണകൂടമടക്കം ഓരോരുത്തരും ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് പരിശോധിക്കുവാനും തെറ്റുകൾ ബോദ്ധ്യപ്പെട്ടാൽ ആവശ്യമായ ശിക്ഷ വിധിക്കുവാനുമുള്ള അധികാരമേ കോടതികൾക്കുള്ളൂ. ആ വിധികൾ നടപ്പിലാക്കാനുള്ള ചുമതല പോലും രാഷ്ട്രീയ ഭരണകൂടത്തിനും അതിന്റെ അനുബന്ധസംവിധാ‍നങ്ങൾക്കുമാണ്. ഇവിടെ ശിക്ഷിക്കുന്ന പ്രതിയെ കോടതിയിലേയ്ക്ക് ആനയിക്കുന്നതുപോലും ഭരണകൂടത്തിന്റെ മർദ്ദനോപകരണമായ പോലീസ് ആണ് എന്നതുതന്നെ ഉദാഹരണം. നിയമപണ്ഡിതന്മാർ എന്ന നിലയിൽ ചില ന്യായാധിപവിധികൾ അഥവാ കോടതിവിധികൾ പിന്നീട് കീഴ്വഴക്കങ്ങളായും അവ നിയമങ്ങളായും അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാൽ ഒരു പുതിയ നിയമം നിർമ്മിക്കുവാനുള്ള യഥാർത്ഥ അവകാശം കോടതികൾക്കില്ല. അത് നിയമ നിർമ്മാണ സഭകൾക്കാണ്. ചുരുക്കത്തിൽ നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നും ലംഘിക്കുന്നുണ്ടോ എന്നും നോക്കാനും ലംഘിയ്ക്കപ്പെടുമ്പോൾ ലംഘിക്കുന്നവരെ ശിക്ഷിക്കാനും നിയമങ്ങളെ വ്യക്തതയ്ക്ക് വേണ്ടി ആവശ്യമെങ്കിൽ വ്യാഖ്യാനിക്കുവാനും മറ്റും മാത്രമാണ് കോടതികൾക്കവകാശം. ഭരണകൂടവും നീതിപീഠവും പൌരസമൂഹവും ഉൾപ്പെട്ട മൊത്തം സംവിധാനത്തിന്റെ ഒരു കാവൽ ചുമതലയാണ് നിതി പീഠത്തിനുള്ളത്. ഇന്ത്യയെ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യത്തെയും അത് അനുവദിക്കുന്ന പൌരാവകാശങ്ങളെയും സംരക്ഷിക്കുക എന്നത് കോടതികളുടെയുംകൂടി ചുമതലയാണ്. എന്നാൽ നമ്മുടെ നീതിപീഠത്തിലെ ചില ന്യായധിപന്മാരുടെ വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങൾ ജനാധിപത്യ വിരുദ്ധമായ വിധികളായി പരിണമിക്കുന്നത് നിർഭാഗ്യകരമാണ്. അതിനെതിരെ ജനരോഷമുണ്ടാകുക സ്വഭാവികമാണ്.

ഇവിടെ പാതയോരപൊതുയോഗങ്ങൾ തുടങ്ങിയ പൌരാവകാശങ്ങൾ ഇല്ലാതാക്കുന്ന തരം നിലപാടുകൾ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ്. ഇതിനെ ന്യായീകരിക്കുന്നവർ ആരായാലും അവർ ഇരിക്കുന്ന കൊമ്പു മുറിക്കുന്നവരാണ്. നമ്മുടെ കോടതിയിൽ നിന്ന് അത്തരം ദൌർഭാഗ്യകരമായ ഒരു വിധി വന്നപ്പോൾ എം.വി.ജയരാജൻ എന്ന ഒരു പൌരൻ അതിനെതിരെ സംസാരിച്ചു. എന്നാൽ അദ്ദേഹം ഉപയോഗിച്ച ഭാഷ വിവാദമായി. കോടതിയ്ക്ക് അതിൽ അതൃപ്തിയുണ്ടായി സ്വയം കേസെടുത്തു. എന്നാൽ കുറ്റം കോടതിയ്ക്കു നേരെയാണു ചെയ്തിരിക്കുന്നത് എന്നു കരുതി ശിക്ഷ അന്യായമാകാമോ? ഓരോ കുറ്റത്തിന്റെയും കാഠിന്യമനുസരിച്ചാണ് ശിക്ഷവിധിക്കുക പതിവ്. ഇവിടെ കേവലം ഒരു പദപ്രയോഗത്തിന്റെ പേരിൽ വൈരാഗ്യബുദ്ധിയൊടെ അതിരുകടന്നതും അന്യായവുമായ ശിക്ഷയാണ് നൽകിയതെന്ന ആക്ഷേപം ഉണ്ടായിരിക്കുന്നു. ഇവിടെ ജയരാജനെ ന്യായമല്ലാത്ത ശിക്ഷനൽകുകയും അദ്ദേഹത്തിന് നിലവിലുള്ള നിയമമനുസരിച്ച് ന്യായമായി ലഭിക്കേണ്ട അപ്പീൽ അവകാശം പോലും നിഷേധിക്കുകയും ചെയ്തതിനെതിരെ മാത്രമായാലും ശരി, പാതയോരപൊതുയോഗനിരോധനത്തിനെതിരെ മാത്രം ആയാലും ശരി, ഇത് രണ്ടിനുമെതിരെ ഉള്ളതായാലും ഇന്ന് ഹൈക്കൊടതി പരിസരത്ത് സി.പി.എം നടത്തിയ പ്രതിഷേധം തികച്ചും ന്യായമാണ്.

ഇന്ന് ഹൈക്കൊടതി പരിസരത്ത് നടത്തിയ പ്രതിഷേധം കോടതി നടപടികൾ തടസ്സപ്പെടുത്താതെയും ജനങ്ങൾക്ക് ഒരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാ‍കതെയും ആയിരുന്നു. മുദ്രാവാക്യങ്ങൾക്കു പകരം പ്ലക്കാർഡുകൾ പിടിച്ചായിരുന്നു സമരം. പുതിയൊരു സമര മാതൃക ഇതു വഴി സൃഷ്ടിച്ചു എന്നത് ശരിതന്നെ. സ. ജയരാജന് ചെറിയ കുറ്റത്തിനു വലിയ കുറ്റത്തിന്റെ ശിക്ഷനൽകിയതിനെതിരെ മാത്രമാണ് പ്രതിഷേധം നടത്തിയതെങ്കിൽ ഈ നിശബ്ദസമരം കൊണ്ട് തൃപ്തിപ്പെടാമായിരുന്നു. എന്നാൽ പാതയോര പൊതുയോഗ നിരോധനം പോലെയുള്ള വലിയ ജനാധിപത്യാവകാശധ്വംസനങ്ങളെ ഇത്തരം മൃദുവായ ഒരു പ്രതിഷേധംകൊണ്ട് ലഘൂകരിച്ചതിനോട് വ്യക്തിപരമായി ഞാൻ യോജിക്കുന്നില്ല. കാരണം ഇത് വളരെ ഗൌരവമുള്ള പ്രതികരണം അർഹിക്കുന്നതാണ്. ഹൈക്കൊടതിയുടെ പ്രവർത്തനം സ്തംഭിപ്പികാതിരിക്കുന്നത് നല്ലാതാണെങ്കിലും ഒരു ദിവസമെങ്കിലും ഹൈക്കൊടതിയുടെ പ്രവർത്തനം സ്തംഭിപ്പിക്കുവാനും തുടർന്നും ഇതിനെതിരെ ബഹുവിധസമരമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതുമായ ഗൌരവം ഈ വിഷയത്തിനുണ്ട് എന്നതാണ് വസ്തുത. ബധിരകർണ്ണങ്ങൾക്കു നേരെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ലെന്നതുപോലെ അവരുടെ തിമിര നേത്രങ്ങൾക്കുനേരെ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടിയിട്ടും കാര്യമില്ല. ഹൈക്കൊടതി പരിസരത്ത് നല്ല നാലു മുദ്രാവാക്യം വിളിച്ചാൽ സി.പി.എമ്മിന്റെ ആകാശം ഇടിഞ്ഞു വീഴുമായിരുന്നില്ല. മൌന വ്രതം ആചരിക്കുവാൻ സി.പി.എം നേതാക്കളും പരവർത്തകരും അണ്ണാ ഹസാരെമാരാണോ? അക്രമസമരം ഒഴിവാക്കണമെന്നത് അംഗീകരിക്കാം. പക്ഷെ മുദ്രാവാക്യംവിളിയിൽ എന്താണക്രമം? ആരുടെ നാലു മുദ്രാവാക്യം കേട്ട് പൊട്ടുന്ന അരഷ്ട്രീയച്ചെവികൾ അങ്ങ് പൊട്ടട്ടെ എന്നു വിചാരിക്കണമായിരുന്നു.

സാധാരണ പോലീസ് സ്റ്റേഷനുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മറ്റുമൊക്കെ എതിരെ വമ്പിച്ച ഒരു മാർച്ച് നടത്തുമ്പോൾ സംഭവിക്കുന്നത് , വഴിയ്ക്കു വച്ച് അത് പോലീസ് തടയും. അപ്പോൾ മാർച്ച് ചെയ്യുന്നവർ അവിടെ ഇരിക്കുകയും നേതാക്കൾ പ്രസംഗിക്കുകയും ചെയ്യുന്ന രൂപത്തിൽ പ്രതിഷേധം നടത്തി മടങ്ങുന്ന ഒരു കീഴ്വഴക്കം അഥവാ ഒരു അഡ്ജസ്റ്റ്മെന്റാണ് നടന്നുവരാറുള്ളത്. ഇതുകൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. ഹൈക്കോടതിയ്ക്കു നേരെയും അങ്ങനെ ഒരു മാർച്ച് തന്നെ വേണമായിരുന്നു. അല്ലെങ്കിൽ ഒരു കൂട്ട നിരാഹാരസത്യാഗ്രഹാമായി നടത്തണമായിരുന്നു. ഈ പുതിയ സമരമുറയൊക്കെ ഗൌരവം കുറഞ്ഞ മറ്റ് ഏതെങ്കിലും വിഷയത്തിൻമേൽ ആകാമായിരുന്നു. ഈ മാതൃകാപരമായ പ്രതിഷേധ മാർഗ്ഗത്തെ മനോരമാ ചാനലടക്കം അനുകൂലിച്ചത് കാണാതെയല്ല, ഈ അഭിപ്രായപ്രകടനം നടത്തുന്നത്. പാതയോരത്ത് പൊതുയോഗം നടന്നില്ലെങ്കിൽ മനോരമയ്ക്കെന്ത്! അവർക്കതിലൊന്നും ഒരു പ്രതിഷേധവും ഇല്ല. സി. പി. എം ഈ വ്യവസ്ഥിതിയിലെ എല്ലാ തിന്മകൾക്കുനേരെയും കണ്ണടച്ച് ഇരുന്നുകൊള്ളണമെന്ന ശാസന നിരന്തരം നടത്തുന്ന മുതലാളിത്തത്തിന്റെയും വലതുപക്ഷത്തിന്റെയും കുഴലൂത്തുകാരുടെ കുഴലൂത്തുകാരാണ് മനോരമാദികൾ! മനോരമയുടെ നിങ്ങൾ പറയൂ എന്ന ഉഡായിപ്പ് സർവ്വേയുൽ സി.പി.എമ്മിനനുകൂലമായി കൂടുതൽ എസ്.എം. എസ് കിട്ടിയതായി മനോരമ സ്വയം പ്രഖ്യാപിക്കുന്നത് എന്റെ അറിവിൽ ഈ അടുത്തകാലത്ത് ഈ ഒരു വിഷയത്തിൽ മാത്രമാണ്. ഇടതുപക്ഷ നിലപാടുകൾക്ക് അനുകൂലമായി സാധാരണ നാല്പത് ശതമാനത്തിൽ കുറഞ്ഞ എസ്.എം.എസുകളേ അങ്ങോട്ട് ചെല്ലാറുള്ളൂ! ഈ വിഷയത്തിൽ തിരിച്ചായിരുന്നുവെന്നു തോന്നുന്നു.

മറ്റ് വിഷയങ്ങൾ ഉണ്ടാകുമ്പോൾ നടക്കാറുള്ളതുപോലെ ഏതാനും പ്രകടനങ്ങളും ധർണ്ണയും ഹർത്താലും കൊണ്ട് അവസാനിപ്പിക്കാവുന്ന ഒരു സമരമല്ല ഈ ജനാധിപത്യ നിരാസത്തിനെതിരെയുള്ള സമരം. സ. ജയരാജൻ പുറത്തിറങ്ങുന്നതോടെ നിർത്തേണ്ടതുമല്ല. ജയരാജനെ പുഴുവെന്നു വിളിച്ചത് അദ്ദേഹം ചില ന്യായാധിപന്മാരെ മാത്രം ഉദ്ദേശിച്ച് ശുംഭന്മാർ എന്നു വിളിച്ചതിനേക്കാൾ അപലപനീയവും രാഷ്ട്രീയക്കാരെ ഇനെവിറ്റബിൾ എവിൽ എന്ന് വിശേഷിപ്പിച്ചത് ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ ഭരണനേതൃത്വവും ഒരുമിച്ചു നിന്ന് എതിർക്കുകയും ഉചിതമായ നടപടികൾ എടുക്കേണ്ടതുമായ കാര്യങ്ങളാണ്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയക്കാരും ഒരിക്കലും ഒരു കാര്യത്തിലും ഒരുമിക്കില്ല എന്ന ബോധമായിരിക്കണം ഇത്ര ധൈര്യമായി രാഷ്ടീയക്കാരെ വിമർശിക്കുവാൻ കോടതിയെ പ്രേരിപ്പിച്ചിരിക്കുക. എല്ലാ രഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റ് ഭിന്നതകൾ മറന്ന് ഒരുമിച്ചു നിന്ന് നേരിടേണ്ട ഒന്നാണ് ജുഡീഷ്യറിയുടെ ഇതുപോലെയുള്ള ജനാധിപത്യനിഷേധവിധികൾ എന്നുള്ള എന്റെ ഉറച്ച അഭിപ്രായം ഈ കുറിപ്പിലും രേഖപ്പെടുത്തുന്നു. എന്നാൽ നിർഭാഗ്യവശാൽ മിക്ക രാഷ്ട്രീയക്കാരും മറ്റേതൊരു വിഷയവും പോലെ ഇതും രാഷ്ട്രീയവ്യത്യാസങ്ങൾ വച്ച് നോക്കിക്കാണുന്നതയാണ് കാണുന്നത്. ഇത് കേവലം ഒരു സി.പി.എം പ്രശ്നമായി മാത്രം കാണാൻ ശ്രമിക്കുന്നത് ഒരു തരത്തിലും നല്ലതല്ല. കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളിൽ അല്പം കാര്യഗൌരവം ഉള്ളവർപോലും ഇക്കാര്യത്തെയും അന്ധമായ മാർക്സിസ്റ്റ് വിരോധത്തിന്റെ തിമിരക്കണ്ണുകൾ കൊണ്ട് നോക്കിക്കാണുന്നതായിട്ടാണ് കാണുന്നത്. അല്ലെങ്കിൽ ചിലർ അറിഞ്ഞുകൊണ്ട് മൌനം നടിക്കുന്നു.

ചാനൽ ചർച്ചകളെ വളരെ കൌതുകത്തോടെയും എതിരഭിപ്രായങ്ങളെയെല്ല്ലാം വളരെ സഹിഷ്ണുതയോടെയുമാണ് ഞാൻ വീക്ഷിക്കാറുള്ളത്. പക്ഷെ ഹൈക്കോടതിയ്ക്കുമുന്നിലെ ഇന്നത്തെ സി.പി.എം പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ചാനൽ ചർച്ചകളിൽ വലതുപക്ഷപ്രതിനിധികളുടെ പ്രതികരണങ്ങളോട് ഇതുവരെയില്ലാത്ത ഒരു അലോസരം ഉള്ളിൽ തോന്നി. സി.പി.എം നേതാക്കളുടെ അഭിപ്രായങ്ങൾ ഹൈക്കോടതി പരിസരത്തെ പ്രതിഷേധം പോലെ തണുപ്പനുമായിരുന്നു. ആകെ കാര്യങ്ങൾ വസ്തുനിഷ്ഠമായും ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിൽ മുറുകെപ്പിടിച്ചും സംസാരിച്ച അഡ്വ. കാളീശ്വരം രാജിന്റെ അഭിപ്രായം ഏറെ ആശ്വാസകരമായി തോന്നി. ഇപ്പോഴത്തെ സ്ഥിതിഗതികളോട് അതിന്റെ ഗൌരവം ഉൾക്കൊണ്ട് അഭിപ്രായം പറയുവാൻ ശ്രീ. കാളീ‍ശ്വരം രാജിനു കഴിഞ്ഞു. പൊതുയോഗനിരോധനം പോലെയുള്ള ജനാധിപത്യാവകാശങ്ങളെ പുന:സ്ഥാപിക്കുവാൻ ഒരുമിച്ചു നിന്ന് പോരാടാൻ എല്ലാ രാഷ്ട്രീയക്കാർക്കും ജനാധിപത്യത്തെ അംഗീകരിക്കുന്ന നിയമജ്ഞർക്കും കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് ഈ കുറിപ്പ് തൽക്കാലം നിർത്തുന്നു.

Sunday, November 13, 2011

ചത്ത പാമ്പും കുട്ടിപ്പടക്കാരും

ചത്ത പാമ്പും കുട്ടിപ്പടക്കാരും

(ഇപ്പോഴത്തെ കുട്ടികൾ അങ്ങനെയാ.............)

വൃശ്ചികമാസത്തോടറ്റുക്കുമ്പോൾ കാലാവസ്ഥയിൽ വരുന്ന മാറ്റം ഈയുള്ളവനിൽ അല്പംചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അത് വരാതിരിക്കാൻ എന്തെങ്കിലും മുൻ കരുതലുകൾ എടുക്കണമെന്ന് എല്ലാ വർഷവും വിചാരിക്കും. ഓരോ വർഷവും ഈ സമയത്ത് എന്തെങ്കിലും ശാരീരികാസ്വസ്ഥതകൾ വന്നുകൂടുമ്പോൾ മാത്രമാകും വൃശ്ചികമാസമായി എന്ന് മനസിലാകുക. സാധാരണ ഒരു മൂക്കടപ്പും ജലദോദോഷവും തൊണ്ടയിൽ ഒരു തരം കിരുകിരുപ്പുമൊക്കെയായിട്ടാണ് ഈ “വൃശ്ചികമാസത്തിലെ അസ്വസ്ഥത” കടന്നുവരിക. ഇത്തവണ പക്ഷെ അത് ജലദോഷമായിട്ടല്ല, അല്പം കൂടി കടുത്ത ചില പ്രതികരണങ്ങളാണ് ശരീരത്തിലുണ്ടാക്കിയത്. ഒരു ദിവസം തിരുവനന്തപുരത്ത് ഒരു പരിപാടി കഴിഞ്ഞ് ബസിലിരുന്ന് കാറ്റും തണുപ്പുമൊക്കെക്കൊണ്ട് രാത്രി ഏറെ ഇരുട്ടി വീട്ടിൽ വന്നു കിടന്നതിന്റെ അന്നാണ് ഇത്തവണത്തെ ദേഹാസ്വാസ്ഥ്യം പ്രകടമായത്. വല്ല്ലാത്തൊരു ശരീര വേദനയും മറ്റും. ശരീരം ഒരുമാതിരി വറട്ടിയെടുക്കുന്നതുപോലെയും. പക്ഷെ ഇത് കാലാവസ്ഥയിലെ മാറ്റം കൊണ്ടാണെന്നോ വൃശ്ചികമാസത്തിലെ അസ്വസ്ഥതയാണെന്നോ മനസിലായില്ല. പിന്നെയും രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടാണ് അത് മനസിലായത്.

പറഞ്ഞതുപോലെ ഇത്തവണ ചെറിയൊരു ജലദോഷമായല്ല, ചുണ്ടിനടുത്ത് രണ്ട് കുരുക്കൾ, ഞരമ്പുകളടക്കം ശരീരമാസകലം പടരുന്നപോലത്തെ ഒരു വേദന, വയറിൽ ഒരു വല്ലാത്ത നൊമ്പലം, വയറു മുടക്ക്, മൂക്കിലും തൊണ്ടയിലുമൊക്കെ അല്പമാത്രം കിരുകിരുപ്പ്, പനിയുടെ ചില സൂചനകൾ അങ്ങനെ പലപല രോഗലക്ഷണങ്ങൾ ഒരുമിച്ച് ബാധിച്ചു. അല്ലെങ്കിൽത്തന്നെ വയറിന്റെ വലതുവശത്ത് ചെറിയൊരു വേദന കുറച്ചുകാലമായി സാരമാക്കാതെ കൊണ്ടു നടക്കുന്നുണ്ട്. ഇതൊന്നും സഹിക്കാൻ കഴിയുന്നതിനപ്പുറം ആയിട്ടില്ലെങ്കിലും ചെറുതായി ഒന്നു പേടിപ്പെടുത്തുന്നുണ്ട്. ഒന്നു രണ്ടു ദിവസമായി വീട്ടിൽ ഇടവിട്ടിടവിട്ട് കിടന്ന് റെസ്റ്റ് എടുക്കുകയാണ്. കുറച്ചു ദിവസം കൂടി ഈ ബെഡ് റെസ്റ്റും ചെയർ റെസ്റ്റും നീട്ടേണ്ടി വരുമെന്നു തോന്നുന്നു. നാട്ടിലാകെ മഞ്ഞക്കാമല പടർന്നു പിടിക്കുന്നതായി ഇതിനകം മനസിലാക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ആ വഴിയ്ക്ക് ഒരു ഉൽക്കണ്ഠ പിടി കൂടാതിരുന്നില്ല. കഴിഞ്ഞ ദിവസം സുഹൃത്തായ അമ്പുവിനെയും കൊണ്ട് അടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർ ഷേണായി നമ്മുടെ പ്രദേശത്തുനിന്ന് പലരും മഞ്ഞക്കാമല ബാധിച്ച് അവിടെ ആ ആശുപത്രിയിൽ എത്തിയിട്ടുള്ളതായി പറയുകയും മഞ്ഞക്കാമല ഈ പ്രദേശങ്ങളിൽ വ്യാപകമാകുന്നതായി ഉൽക്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളത്തിൽ നിന്നുണ്ടാകുന്ന മഞ്ഞൽക്കാമലയാണെന്നും ഡോക്ടർ പറഞ്ഞു. ഞാൻ അപ്പോൾ നമ്മുടെ അറിവിൽ നമ്മുടെ വീടുകൾക്കടുത്തൊന്നും ഈ രോഗം ആർക്കെങ്കിലും വന്നാതായി അറിയില്ലെന്നാണ് പറഞ്ഞത്.

എന്നാൽ അതിനുശേഷം അമ്പുവിനു ചില ടെസ്റ്റുകളൊക്കെ നടത്താൻ ആശുപത്രിയിൽ കറങ്ങി നടക്കുമ്പോഴുണ്ട് നമ്മുടെ പരിസരത്തൊക്കെയുള്ള പലരും അവിടെ അഡ്മിറ്റാണെന്ന് അറിഞ്ഞു. ഒരാളെ കയറി കാണുമ്പോൾ തൊട്ടടുത്തും സമീപ വാർഡുകളിലും ഒക്കെ പരിചയക്കാരും നാട്ടുകാരുമായ പലരും കിടക്കുന്നു. മിക്കവർക്കും മഞ്ഞക്കാമല. ഈ രോഗം കൂടുതലായി ബാധിച്ചത് നമ്മുടെ അടുത്ത പ്രദേശത്ത് കൊല്ലം ജില്ലയിൽ ഉൾപ്പെടുന്ന ചില പ്രദേശങ്ങളിലാണ്. പ്രത്യേകിച്ചും നിലമേൽ പ്രദേശം. തിരുവനന്തപുരം-കൊല്ലം ജില്ലകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണ് നമ്മുടെ വാസസ്ഥലം. നിലമേൽ ജംഗ്ഷനിലുള്ള ഒരു കിണർ ആരോഗ്യ വകുപ്പ് അധികൃതർ വന്ന് പരിശോധിച്ച് അടച്ചിട്ട് സീലും വച്ചു പോയതായും പിന്നീടറിഞ്ഞു. ആ കിണറിൽ നിന്നായിരുന്നു ചില ഹോട്ടലുകളിൽ വെള്ളം എടുത്തിരുന്നത്. തട്ടത്തുമലയിലും പലർക്കും ഈ രോഗം ഉണ്ടായി പല ആശുപത്രികളിൽ ആയി. പോരാത്തതിന് കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന മറ്റ് ചില അല്ലറ ചില്ലറ രോഗങ്ങളും.

എന്തായാലും ഞാൻ രണ്ടു ദിവസമായി ആശുപത്രിയിൽ പോകണോ പോകണ്ടെയോ, ഇന്നു പോകണോ നാളെ പോകണോ മറ്റന്നാൾ പോകണമോ എന്ന ആലോചനയിൽ വീട്ടിൽ വിശ്രമത്തിലും അല്പംചില സ്വന്തം ചികിത്സകളിലുമാണ്. സ്വന്തം മരുന്നുകളൊക്കെ അവനവന്റെ ശരീരത്തിൽ തന്നെ പരീക്ഷിക്കുന്നതാണല്ലോ അതിന്റെ ഒരു മര്യാദ! സ്വയം കുറിപ്പടി എഴുതിനൽകി വാങ്ങിയ പാരസൈറ്റാമോൾ, വയറിന്റെ ഐശ്വര്യത്തിന് ഉപ്പും പഞ്ചസാരയുമിട്ട ചൂടുവെള്ളംകുടി, കട്ടൻ ചായയിൽ നാരങ്ങാ പിഴിഞ്ഞൊഴിച്ച് കഴിക്കൽ, ഗ്ലൂക്കോസു കലക്കിക്കുടിക്കൽ , ആവി പിടിയ്ക്കൽ, കിടപ്പ്, എഴുന്നേൽക്കൽ ഇങ്ങനെയൊക്കെയാണ് സ്വയംചികിത്സ. അയ്യുർവ്വേദവും അലോപ്പതിയും ഹോമിയോയും ഒക്കെക്കൂടി സമം ചേർത്ത ഒരു സ്വയംചികിത്സാ പദ്ധതിയാണിത്. പേറ്റെന്റൊന്നും ഇല്ല. പാരമ്പര്യമായി പകർന്നുകിട്ടിയ നാട്ടറിവുകളാണ്. ആർക്കും പരീക്ഷിക്കാം. സ്വയം ചികിത്സയായതുകൊണ്ട് അസുഖം കുറഞ്ഞതായി തോന്നാതിരിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അല്പം ആശ്വാസമുണ്ടെന്ന് സ്വയം മനസിനെക്കൊണ്ട് സമ്മതിപ്പിച്ച് കഴിയുകയായിരുന്നു.

അങ്ങനെ ഇന്ന് ( 2011 നവംബർ 12) സന്ധ്യകഴിഞ്ഞും അല്പം കിടപ്പിന്റെ സുഖം അനുഭവിച്ചുകൊണ്ട് കിടക്കുമ്പോൾ സന്ധ്യ ഇരുട്ടുന്ന സമയത്ത് വീട്ടിനു മുമ്പിൽ റോഡിൽ ചില അടിയും വിളിയുമൊക്കെ കേട്ട് ചാടിയെഴുന്നേറ്റു. കാര്യം എനിക്ക് പിടികിട്ടിയിരുന്നു. റോഡിൽവച്ച് ഒരു പാമ്പിനെക്കണ്ട് അതിനെ ആരോ നിഷ്കരുണം അടിച്ചു കൊല്ലുകയാണ്. പല ദിവസവും എന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ആ പാമ്പ് തന്നെയാകണം. എന്റെ കൈകൊണ്ട് സമാധാനപരമായി തല്ലും തലോടലും ഏറ്റ് സുഖമായി മരിക്കാനായിരുന്നില്ല അതിന്റെ വിധി; കണ്ണിൽകണ്ട നാട്ടുകാരുടെ കൂട്ടത്തല്ലുകൊണ്ട് കിടന്ന് പുളഞ്ഞ് മരിക്കാനായിരുന്നു! ഏതായാലും ഞാൻ ഉടൻ തന്നെ ടോർച്ചുമെടുത്ത് അങ്ങോട്ടേയ്ക്കു കുതിച്ചു. അപ്പോൾ ഒരു ആട്ടോയിൽ വരികയായിരുന്ന നമ്മുടെ നാട്ടുകാർതന്നെയായ സുരേഷും ആട്ടോഡ്രൈവർ ബാബുവും കൂടി സംയുക്തമായി പാമ്പിനെ അടിച്ച് ചതച്ച് മുക്കാലും കൊന്നിരുന്നു.

ഒന്നു രണ്ട് മൂർഖൻപാമ്പിനെ ഈ ഭാഗത്തു നിന്ന് അടുത്തിടെ തന്നെ അടിച്ചു കൊന്നിട്ടുള്ളതാണ്. അവർ ഇവിടെ കൂട്ടു കുടുംബമായി കഴിയുന്നുണ്ട്. രണ്ടുവട്ടം റോഡിൽ വച്ച് ഒരു കൂറ്റാനെ കാണുകയും കമ്പും കൊല വിളിയുമായി നമ്മൾ എത്തുമ്പോഴേയ്ക്കും അതി വിദഗ്ദ്ധമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. ആ സാധനം തന്നെയാകണം ഇത. പക്ഷെ ഇത് വേറെ ഒരു ഒന്നൊന്നാംതരം സാധനം.ചേനത്തണ്ടനാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ സാക്ഷാൽ അണലിയാണ് ചത്തു മലച്ച് കിടക്കുന്നതെന്ന് പിന്നെ സ്ഥിരീകരിച്ചു. ആദ്യം നടന്നുവന്ന ഒരു യാത്രക്കാരനും തൊട്ടു പുറകേ വന്ന ഒരു ആട്ടോ റിക്ഷയ്ക്കും കുറുക്കുവയ്ക്കുകയായിരുന്നു ഈ പാമ്പ് കൂറ്റൻ (അതോ കൂറ്റാത്തിയോ). നടയാത്രക്കാരൻ പേടിച്ച് പിന്നോട്ടോടി. ആട്ടോ നിർത്തി അതിൽ വാന്നിരുന്നവർ സുരേഷും ആട്ടോ ഡ്രൈവർ- ബാബുവും കൂടിയാണ് സാധനത്തിനെ വകവരുത്തിയത്. ചുറ്റുമുള്ള ആളുകളും അതു വഴി പോയ വാഹനങ്ങൾ നിർത്തി അവയിലെ യാത്രക്കാരുമൊക്കെ ആരവത്തോടെ ആ അണലിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കടന്നുപോയി.

ഇതിനിടയിൽ അവനെ ഒന്നു കുഴിച്ചിടാൻ ഞാൻ പോയി മൺ വെട്ടിയെടുത്തുകൊണ്ടുവന്നു. അത് ഊരിപോയതിനാൽ കുന്താലി എടുത്തുകൊണ്ടു വരാൻ ഞാൻ അവിടെ ഉണ്ടായിരുന്ന അടുത്ത വീട്ടിലെ ഒരു എട്ടാം ക്ലാസ്സുകാരൻ പയ്യനോട് പറഞ്ഞു. അവൻ “ഒരു മിനുട്ട് പ്ലീസ്“ എന്നു പറഞ്ഞ് ഓടികയറിയത് അവന്റെ വീട്ടിലേയ്ക്ക്. ഞാൻ കരുതി അവിടെ നിന്ന് കുന്താലി എടുക്കാനായിരിക്കുമെന്ന്! അല്ല, അവൻ ക്യാമറാമൊബൈൽ എടുക്കാൻ പോയതാണ്. എന്നിട്ട് പിന്നെ നമ്മുടെ വീട്ടിൽ കയറി കുന്താലിയുമായി വന്നു. അപ്പോഴേയ്ക്കും “വൺ മിനുട്ട് പ്ലീസ്“ എന്നും പറഞ്ഞ് അടുത്ത വീട്ടിലെ സഹോദരങ്ങളായ ഒരു നാലാം ക്ലാസ്സുകാരിയും, ഒരു പ്ലസ്ടൂക്കാരിയും വീഡിയോയും സ്റ്റില്ലും ഒക്കെ എടുക്കാൻ അവരവരുടെ മൊബെയിൽ ഫോണുകളുമായി രക്ഷകർത്താക്കളെയും കൂട്ടി എത്തുകയായി. പിന്നെ അടുത്ത വേറെയും ചില വീടുകളിൽ നിന്ന് ഒരു കുട്ടിപ്പടതന്നെ ഇറങ്ങിവന്നു. എല്ലാവരുടെ കൈയ്യിലും മൊബെയിലുകൾ! ഇപ്പോഴത്തെ കുട്ടികൾ അങ്ങനെയാ!

പിന്നെ ചില മുതിർന്നവരും കുട്ടികളെ അനുകരിക്കുവാനായി അവരുടെ മൊബെയിലുകൾ കൈയ്യിലെടുത്തു. അതുവഴി വന്ന് നിർത്തിയ ഏതാനും ആട്ടോകൾ ബൈക്കുകൾ, കാറുകൾ എന്നിവയിൽ ഒരു അട്ടൊയുടെയും ഒരു ബൈക്കിന്റെയും ലൈറ്റുകൾ പാമ്പിനുനേരേ തെളിച്ചു. ഒപ്പം ഞാനടക്കം ചിലർ തങ്ങളുടെ ടോർച്ചുകളും പാമ്പിനോടടുത്ത് നിന്ന് തെളിച്ചുകൊടുത്തു. പാമ്പിനെ അടിച്ചുകൊന്ന സുരേഷ് അതിനെ കമ്പിനു കുത്തിയെടുത്തും തറയിൽ തിരിച്ചും മറിച്ചും ഇട്ടും കുട്ടികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഷൂട്ടിംഗ് വിജയിപ്പിച്ചു. ശേഷം ഇതെല്ലാം ഒരാഘോഷമാക്കിയ സുരേഷ്തന്നെ റോഡരികിൽ കുന്താലിക്ക് ഒരു ചെറുകുഴിയെടുത്ത് വൻജനാവലിയുടെയും അവരിൽ ചിലരുടെ ആചാര വെടികളുടെയും (കമന്റുകൾ) അകമ്പടിയോടെ അണലിയുടെ മൃതുദേഹം സംസ്കരിച്ചു.

Thursday, November 10, 2011

ശുംഭാനന്തര ശുംഭങ്ങൾ

ശുംഭാനന്തര ശുംഭങ്ങൾ

സത്യം ആരു വിളിച്ചു പറഞ്ഞാലും അതംഗീകരിക്കണം. എത്ര പറയാതിരിക്കാൻ ശ്രമിച്ചാലും ചില സത്യങ്ങൾ ചിലരുടെ ഉള്ളിലിരിക്കില്ല. അത് പുറത്തു ചാടും.മാർക്സിസ്റ്റ് വിരുദ്ധരിലും ഇത് സംഭവിക്കാം. അതിനുദാഹരണമാണ് ഇന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ പറഞ്ഞ അഭിപ്രായം. ശുംഭൻ പ്രയോഗത്തിൽ ഹൈക്കൊടതി ശിക്ഷിച്ച ജയരാജന് അപ്പീൽ പോകാനുള്ള അപേക്ഷപ്രകാരം ശിക്ഷ സസ്പെൻഡ് ചെയ്യാതിരുന്ന നടപടി വൈരാഗ്യ ബുദ്ധിയോടെ കോടതി പെരുമാറി എന്ന തോന്നൽ ജനങ്ങളിലുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. അതിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ കൂടിയാണ് ഈ കുറിപ്പുമായി ഇപ്പോൾ വന്നത്. ഇത് ഒരു തുടക്കം മാത്രമാണ്. ജനാധിപത്യത്തിൽ തരിമ്പെങ്കിലും വിശ്വാസമുള്ള എല്ലാവരും കോടതിയുടെ നീതി നിഷേധത്തിനും പൌരസ്വാതന്ത്ര്യ നിഷേധത്തിനും എതിരെ ക്രമേണ രംഗത്തു വരാൻ നിർബന്ധിതമാകുക തന്നെ ചെയ്യും. ആരു പറയുന്നു എന്നു നോക്കിയല്ല, എന്ത് പറയുന്നു എന്നു നോക്കിയാണ് ഒരാളുടെ അഭിപ്രായം ശരിയോ തെറ്റോ എന്നു നിർണ്ണയിക്കേണ്ടത്. അതുപോലെ ആര് ആരോട് ചെയ്യുന്നു എന്നല്ല, ചെയ്യുന്നതിന്റെ ന്യായാന്യായമാണ് പരിശോധിക്കേണ്ടത്. പത്തോ അഞ്ഞൂറോ രൂപ പെറ്റിയടിക്കാൻ പോലും പോലും ഗൌരവമില്ലാത്തതെന്ന് പലരും പലരും പറഞ്ഞിട്ടുള്ള ആ ശുംഭൻ വിളിക്കേസിൽ ജയരാജനെ ആറുമാസം ശിക്ഷിച്ചതിൽ സന്തോഷം തോന്നുന്നവർക്ക് സന്തോഷിക്കാം.

പക്ഷെ അപ്പീൽ നൽകാനുള്ള ഒരു പൌരന്റെ (സി.പി.ഐ.എം കാരനായി പോയെങ്കിലും അദ്ദേഹവും ഒരു പൌരനാണല്ലോ) അവകാശത്തെ അംഗീകരിക്കാതിരുന്ന കോടതിയുടെ നീതി നിഷേധത്തെയും അന്ധമായ മാർക്സിസ്റ്റ്വിരുദ്ധതിമിരനേത്രങ്ങൾ കൊണ്ടു നോക്കിക്കണ്ട് ന്യായീകരിക്കുന്നവർ ഭർത്താവ് ചത്താലും അമ്മാവിയമ്മയുടെ കണ്ണീരുകാണണമെന്ന മനോഭാവം വച്ചുപുലർത്തുന്നവരാണ്. അതുപോലെ പൊതുയോഗങ്ങളും പ്രകടനങ്ങളും ജാഥകളും മറ്റും നടത്തിക്കൂടെന്ന കോടതിവിധിയും സി.പി.ഐ.എമ്മിനേ മാത്രമോ രാഷ്ട്രീയപാർട്ടികളെ ഒന്നാകെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. എല്ലാ ജനങ്ങളേയും ബാധിക്കുന്ന ഒന്നാണ്. പൊതുവഴിയേ നടക്കരുതെന്നു പാതയോരത്ത് നിൽക്കരുതെന്നും പറയുന്നതിനു തുല്യമാണ് പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റും നടത്തരുതെന്നു പറയുന്നത്. മുദ്രാവാക്യം വിളീക്കാതെയും കൊടിഉപിടിക്കാതെയും ആളുകൾ കൂട്ടം കൂടി വഴിയേ നടന്നുപോയാലും കോടതി ശിക്ഷിക്കുമോ? ഈ നിരോധനനിയമം വച്ച് ഉത്സവത്തിനാളുകൂടിയാലും കല്യാണവണ്ടിയിൽ ആളുവന്നിറങ്ങിയാലും കേസെടുക്കേണ്ടി വരും. അതുമൊക്കെ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നവയാണല്ലോ! ഉത്സവാഘോഷങ്ങളും മതഘോഷയാത്രകളും ചടങ്ങുകളും പൊങ്കാലകളും പെരുന്നാളുകളും മറ്റും ഹനിക്കുന്നുവെന്നു പറഞ്ഞ് നിരോധിക്കുമോ കോടതി? മതങ്ങൾക്ക് ഉച്ചഭാഷിണി വച്ച് ഏതു നേരവും എത്ര ദിവസവും എത്ര ഉച്ചത്തിലും പ്രക്ഷേപണം നടത്താം. പക്ഷെ രാഷ്ട്രീയക്കാർക്ക് ഭയങ്കര നിയന്ത്രണവും! ഇത് വിവേചനപരമല്ലേ?

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പിറവത്തെ ടി.എം. ജേക്കബ് അനുസ്മരണത്തിനു പ്രസംഗിച്ചതു പോലെ വല്ല കടമണ്ടയിലും കയറി നിന്ന് പ്രസംഗിക്കുക. ജനങ്ങൾ യാതൊന്നുമറിയാത്തവരെ പോലെ താഴെ പൊതുസ്ഥലത്ത് നിരന്നു നിന്ന് കേൾക്കുക. ഹഹഹ! ജനങ്ങൾ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയ്ക്ക് തന്റെ സഹപ്രവർത്തകന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ വേദിയിൽ കയറാതെ വല്ലവരുടെയും കടത്തിണ്ണയെ ആശ്രയിക്കേണ്ടി വരിക. എത്ര അപഹാസ്യമാണിത്. എന്നിട്ടും ഉമ്മൻ ചാണ്ടിയ്ക്കും കൂ‍ട്ടർക്കും കോടതിയുടെ അനാവശ്യവും അനുചിതമായതും ജനാധിപത്യ വിരുദ്ധവുമെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ടിട്ടുള്ളതുമായ വിധികളിൽ ഒരു പ്രതിഷേധവുമില്ല. ജയരാജനെതിരെയുള്ള കോടതിതി വിധിയിൽ പരസ്യമായി പ്രതിഷേധിക്കുന്നില്ലെങ്കിലും പല കോടതിവിധികളും സർക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരസ്യമായി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നു. ഇടത്-വലത് ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പൊതുയോഗവും ജാഥയും മറ്റും വിലക്കുന്ന കോടതി വിധികളിൽ പ്രതിഷേധമുണ്ട്. അതിനെ എങ്ങനെ നേരിടണമെന്ന അലോചനയിലാണ് പലരും. സി.പി.ഐ എം ആകട്ടെ ഹൈക്കോടതിയിൽ ബഹുജന പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ്. സഹികെട്ട് ആളുകൾ കോടതിയുടെ നെഞ്ചത്ത് കയറാൻ തുടങ്ങിയാലുണ്ടാകുന്ന അപകടം ചെറുതല്ല. ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കാനിടയാക്കുന്ന വിധികൾ കോടതിയ്ക്ക് ഒഴിവാക്കാമായിരുന്നു എന്ന് പോലീസിലെയും നിയമരംഗത്തെയും പ്രമുഖർ മെർമ്മറിംഗ് നടത്തുന്നുണ്ട്.

മറ്റൊരു കാര്യം ജയരാജൻ ഒരു പ്രാവശ്യമേ ജഡ്ജിമാരെ ശുംഭരെന്ന് വിളിച്ചുള്ളൂ‍. പിന്നെ അദ്ദേഹം അതിൽ ഉറച്ചു നിൽക്കുകയേ ഉണ്ടായുള്ളൂ. ഇപ്പോൾ ഇതാ ഇപ്പോഴത്തെ ഈ കോടതി നടപടികളിൽ പ്രതിഷേധിച്ച് പ്രമുഖ നിയമജ്ഞരടക്കം നാടടങ്കലം കോടതിയെ ശുംഭൻമാർ എന്നതിൽനേക്കാൾ മോശപ്പെട്ട പദങ്ങൾ കൊണ്ട് വിമർശിക്കുന്നു. അങ്ങനെയൊരു സാഹചര്യം സ്വയം സൃഷ്ടിച്ചത് ശുംഭത്തരമല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇക്കാര്യം കോടതി ചിന്തിച്ചിട്ടുണ്ട്? കോടതിനടപടികൾ ഇത്രയധികം വിമർശിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചതിലും ഇല്ലേ കോടതിയുടെ ഭാഗത്തുനിന്ന് അല്പം ഒരു ശുംഭത്തരം (മണ്ടത്തരമെന്ന അർത്ഥത്തിലാണേ അവർ പറഞ്ഞത്. ബഹു: കോടതി ആറു മാസം പിടിച്ചിട്ടുകളയരുതേ!) എന്ന് ചില നിയമജ്ഞർ ചോദിക്കുന്നുണ്ട്. താൻ ചത്ത് മീൻപിടിക്കുന്ന നടപടികളാണ് ജയരാജൻ വിഷയത്തിൽ കോടതി നടത്തിയിരിക്കുന്നതത്രേ! . നീതിപീഠത്തിന്റെ വിശ്വാസ്യതയെയും അതിന്റെ ഗൌരവത്തെയും കൂടി ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടികൾ കോടതികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് ദൌർഭാഗ്യകരമാണ്. ശുംഭൻ വിളിയ്ക്കെതിരെയുള്ള കോടതി നടപടികളെക്കുറിച്ച് അഡ്വ. കാളീ‍ശ്വരം രാജ് പറഞ്ഞിരിക്കുന്നത് കോടതി ചെറുതായെന്നും ജയരാജൻ വലുതായെന്നുമാണ്.

സത്യത്തിൽ ജയരാജനെതിരേയുള്ള ഈ വിധിപോലും ഒരു പ്രതിഷേധ പ്രകടനമാണ്. ശുംഭൻ എന്നു ജയരാജൻ വിളിച്ചതിൽ കോടതിയ്ക്ക് ഇങ്ങനെ പ്രതിഷേധിക്കാം. പക്ഷെ അതുപോലാണോ പൊതുയൊഗവും ജാഥയും മറ്റും നിരോധിക്കുക വഴി ജനങ്ങളുടെ പ്രതികരണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത്? ജനങ്ങൾ പാലിക്കാത്ത നിയമങ്ങൾ നിർമ്മിച്ചാൽ വില പോകുന്നതാരുടെ? കോടതികളുടെ വില പോയാൽ നിങ്ങൾ ജഡ്ജിമാർക്കല്ല ജനങ്ങൾക്കുകൂടിയാണ് ദോഷം. ജഡ്ജിമാർ വരും പോകും. നമ്മുടെ രാജ്യത്ത് ഏതെങ്കിലും സമര രൂപങ്ങളെയോ പൊതു സമ്മേളനങ്ങളെയോ എന്നത്തേയ്ക്കും നിരോധിക്കാൻ സാധിക്കുന്ന കാര്യമാണോ? അഥവാ അത് ശരിയാണോ? എങ്കിൽ പിന്നെ എന്ത് ജനാധിപത്യം? ഏതാനും ജഡ്ജിമാർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലായിരിക്കാം. പക്ഷെ ജനങ്ങൾക്ക് ഉണ്ട്.കോടതിവിധിയാണെന്നു കരുതി ജനാധിപത്യ ധ്വംസനത്തെ എത്രകാലം എല്ല്ലാവർക്കും അംഗികരിക്കാൻ കഴിയും? നമുക്ക് കാത്തിരുന്ന് കാണുക! ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ഒരു ആരോഗ്യകരമല്ലാത്ത ഒരു ഉരസലിന്റെ വക്കിലേയ്ക്ക് കാര്യങ്ങൾ എത്തിക്കാതിരിക്കാനുള്ള ബാദ്ധ്യത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

വിഷയത്തിൽ ഇതിനു മുമ്പെഴുതിയ ലേഖനം വായിക്കുവാൻ ലിങ്കിൽ ക്ലിക്കുചെയ്യുക
ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

Wednesday, November 9, 2011

ബ്ലോഗെഴുത്തിനെതിരെ ടോയ്‌ലെറ്റ്മൌത്ത്

ഈ ലേഖനം ആദ്യം പോസ്റ്റ് ചെയ്ത എന്‍റെ അഭിപ്രായബ്ലോഗം എന്ന ബ്ലോഗിലും കമന്റുകൾ സഹിതം വായിക്കാവുന്നതാണ്
http://easajimabhiprayangal.blogspot.com/2011/11/blog-post_9515.html

ബ്ലോഗെഴുത്തിനെതിരെ ഏതോ ഒരു ടോയ്‌ലെറ്റ്മൌത്ത്

(പുവ്വാൻപറയെന്നേ! അല്ലപിന്നെ!)

ദേശാഭിമാനി ഓൺലെയിനിൽ ഏതോ ഒരു ചവറെഴുത്തുപുള്ളി ബ്ലോഗെഴുത്തിനെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തോട് നടത്തിയ പ്രതികരണം. ആ ചവറു ലേഖനത്തിലേയ്ക്കുള്ള ലിങ്ക് ഇതാ

http://www.deshabhimani.com/newscontent.php?id=80962

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ദേശാഭിമാനിയുടെ ചുവരിൽ ബ്ലോഗെഴുത്ത് ടോയ്‌ലറ്റ് സാഹിത്യമാണെന്നൊക്കെ എഴുതിപ്പിടിപ്പിക്കാൻ ഇടം നൽകിയതിൽ ആയിരക്കണക്കിനു മലയാളം ബ്ലോഗ്ഗർമാരെ സ്വയം പ്രതിനിധീകരിച്ച് പ്രതിഷേധിക്കുന്നു. ഏതായീ ഇന്ദു മേനോൻ? പേപ്പറിൽ ടോയ്‌ലറ്റ് സാഹിത്യം എഴുതുന്ന ആളാണെന്ന് പറയാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല. ചവറെഴുത്തെന്ന് വേണമെങ്കിൽ പറയാം. ബ്ലോഗെഴുത്തിനു നിലവാരം കുറവാണെന്ന് എഴുതിയാൽ അതിനൊരു മര്യാദയൊക്കെയുണ്ട്. ടോയ്‌ലറ്റ് സാഹിത്യം എന്ന പ്രയോഗം നടത്തിയതു വഴി ഇന്ദു മേനോന്റെ സംസ്കാര ശൂന്യത വെളിപ്പെടുത്തിയതിനു നന്ദി! ബ്ലോഗെഴുത്തിനെ ടോയ്ലറ്റ് സാഹിത്യം എന്നു വിളിക്കുന്നവരുടെയൊക്കെ നാവിനെയാണ് ഈ പച്ചമലയാളത്തിൽ കക്കൂസ് വായ എന്നു പറയുന്നത്.

സാധാരണ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്ത ചില വിഡ്ഡികളാണ് ഇന്റെർനെറ്റ് സാഹിത്യത്തെ വിമർശിക്കുന്നത്. ഇതിപ്പോൾ ഇവർ അങ്ങനെയാണോ എന്നറിയില്ല. നിങ്ങൾ പേപ്പറിലെഴുത്തുകാർ എങ്ങനെയൊക്കെയാണ് ആനുകാലികങ്ങളിൽ നിങ്ങളുടെ വികല സൃഷ്ടികൾ തിരുകിക്കയറ്റി ഉൽകൃഷ്ട സാഹിത്യകാരാകുന്നതെന്നു നമുക്കൊക്കെ അറിയാം. ആണുങ്ങളായിരുന്നെങ്കിൽ കുറച്ചുകൂടി തെളിച്ചു പറയാമായിരുന്നു. സ്ത്രീകളെ ബഹുമാനിക്കാനുള്ള വിവരമൊക്കെ ബ്ലോഗെഴുത്തുകാർക്കുണ്ട് എന്നതിനാൽ കടുപ്പിക്കുന്നില്ല. പുസ്തകം ഇറക്കുന്നതു തന്നെ പലരും ഇപ്പോൾ പ്രസാധകർക്ക് അങ്ങോട്ട് പണംകൊടുത്തും മണിയടിച്ചുമാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ആരും അത്രയ്ക്കങ്ങോട്ട് ഞെളിയേണ്ട. ബ്ലോഗെഴുത്തിനെ വെറും ചുവരെഴുത്തെന്ന് ആരോപിക്കുന്ന മുഖ്യധാരാ (എന്തു മുഖ്യധാര? ഒലക്കേട മൂട്!) എഴുത്തുകാരിൽ പലരും അക്ഷരത്തെറ്റില്ലാതെ ടോയ്ലീറ്റിൽ നാല് ചീത്തയെഴുതിവയ്ക്കാൻ കഴിയാത്തവരാണ്.

ബ്ലോഗിൽ നല്ലതും ചീത്തയും വരുന്നുണ്ട്. പ്രിന്റെഴുത്തിലും നല്ലതും ചീത്തയും വരുന്നുണ്ട്. അതുപോലെ സാഹിത്യകാരിൽ നല്ലവരും ചീത്തവരും ഉണ്ട്. ഇന്ദുമേനോനെ പോലെയുള്ളവരും അല്ലാത്തവരും ഉണ്ട്. ഇന്ദുമേനോൻ സാറ് ബ്ലോഗുകൾ വായിക്കണമെന്നില്ല. എഴുതണം എന്നും ഇല്ല. എന്തായാലും ബ്ലോഗുകൾ ആയിരക്കണക്കിന്, പതിനായിരക്കണക്കിനാളുകൾ വായിക്കുന്നുണ്ട്. നിങ്ങളുടെ പുസ്തകങ്ങൾ പലതും പലയിടത്തും മാറാല പിടിച്ചിരിക്കുന്നുണ്ടാകും. ആനുകാലികങ്ങൾ പലതും വീടുകളിലെ സിറ്റ്-ഔട്ടുകളിലെ അലങ്കാര വസ്തുക്കളാണ്. അതൊക്കെ എത്രപേർ തുറന്നു നോക്കുന്നു? ചുമ്മാ പിള്ളേർ കീറിക്കളിക്കുന്നു. പ്രബല ആനുകാലികങ്ങൾ പലതും എത്ര കോപ്പി അടിക്കുന്നുണ്ടെന്നും എത്ര വിറ്റു പോകുന്നുണ്ടെന്നും എല്ലാവർക്കുമറിയാം. പലരും പരസ്യത്തിനും പ്രതാപത്തിനും വേണ്ടി അങ്ങ് അടിച്ചു വിടുന്നുവെന്നേയുള്ളൂ. പറഞ്ഞാൽ ഒരുപാടുണ്ട്. ബാക്കി ഞങ്ങൾ ബ്ലോഗുകളിൽ ലിങ്ക് സഹിതം ഇട്ട് പറഞ്ഞുകൊള്ളാം.

എല്ലാ മാധ്യമങ്ങളെയും സഹിഷ്ണുതയൊടെ നോക്കിക്കാണാൻ എഴുത്തുകാരി എന്നോ എഴുത്തുകാരൻ എന്നോ ഉള്ള ജാഡയുള്ളതുകൊണ്ട് മാത്രം കഴിയില്ല. അതിനു അല്പസ്വല്പം വിവരമൊക്കെ വേണം. നമ്മൾ മേലാളരും മറ്റുള്ളവർ കീഴാളരും എന്ന ചിന്ത കൈവെടിയുക. അവനവൻ പ്രസാധനത്തിന്റെ ന്യൂനതകൾ പൊറുക്കാം. പക്ഷെ പ്രിന്റെഴുത്തിന്റെ ന്യൂനതകൾ പൊറുക്കാനാകില്ല. കാരണം അത് എഡിറ്ററുടെ കൈകടത്തി വരുന്നതാണ്. പക്ഷെ എന്നിട്ടു പോലും ഇന്ദു മേനോനെ പോലെയുള്ള പ്രിന്റ് സാഹിത്യക്കാരിൽ നിന്നും ടൊയ്ലറ്റ്-സോറി ഞങ്ങൾ അത്തരം വാക്കുകൾ ഉപയോഗിക്കില്ല- നിലവാരമില്ലാത്ത സാധനങ്ങളാണല്ലോ വരുന്നത്. കാരണം പത്രമാഫീസിലെ സ്വന്തക്കാരാണല്ലോ ഇവരിൽ പലരെയും സാഹിത്യകാരാക്കുന്നത്!

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായിക്കൊണ്ടിരിക്കുന്ന ഇന്റെർനെറ്റ് എഴുത്തിന്റെ അനന്തമായ സാദ്ധ്യതകൾ മനസിലാക്കാതെ എന്തെങ്കിലും വിഡ്ഡിത്തം എഴുന്നള്ളിച്ച് ആരും സ്വയം അപഹാസ്യരാകാതിരിക്കുക. ബ്ലോഗുകൾ ഉൾപ്പെടെയുള്ള നെറ്റകത്തെ എഴുത്തും വരയും വായനയും പോഡ്കാസ്റ്റിംഗും വീഡിയോ പബ്ലിഷിംഗും എല്ല്ലാം ഇന്ന് പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ സാഹിത്യ മൂല്യവും ജനാധിപത്യമൂല്യവും ഒക്കെ വിവരമുള്ളവർ ഏറേ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ടോയ്ലറ്റ് നാവുമായി ( പറയേണ്ടെന്നു വച്ചാലും അങ്ങനെ തന്നെ മറുപടി പറഞ്ഞുപോകുകയാണ്) ഇങ്ങനെ ചില ഇന്ദു മേനോൻമാർ പ്രത്യക്ഷപ്പെടുന്നത്. ഈ പറയുന്ന ഇന്ദു മേനോൻ ഇത്ര അഹങ്കരിക്കാൻ മാത്രം എന്തെങ്കിലും സംഭാവനകൾ മലയാള സാഹിത്യത്തിനു ചെയ്തിട്ടില്ല.

ദേശാഭിമാനി അടക്കം നല്ല വാർത്തകളും എഡിറ്റോറിയലുകളും ഷെയർ ചെയ്യുകയും ആ പത്രത്തിന്റെ വരിക്കാരായിരിക്കുകയും ചെയ്യുന്നവരാണ് ബ്ലോഗ്ഗർമാരിൽ നല്ലൊരു പങ്ക്. ഈ ഇന്ദു മേനോൻ ഒരു പക്ഷെ ദേശാഭിമാനിയുടെ വരിക്കാരി പോലും ആയിരിക്കില്ല എന്ന വിവരം ദേശാഭിമാനി മാനേജ്മെന്റ് ഓർക്കുക. ദേശാഭിമാനി ആ ടോയ് ലെറ്റ് പ്രയോഗം എടുത്തു മാറ്റിയിട്ട് അവിടെ വല്ല നിലവാരമില്ലാത്ത എഴുത്തെന്നോ മറ്റോ തിരുത്തണം. ബ്ലോഗെഴുത്തിനെ മ്ലേച്ഛഭാഷയിൽ വിമർശിച്ച ഈ അന്തർദേശീയ എഴുത്തുകാരിയ്ക്ക് ഇനിയും ചവറുകൾ എഴുതാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു!

Tuesday, November 8, 2011

ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

മുൻകുറിപ്പ്: ശുംഭൻ പ്രയോഗത്തിൽ സ. എം.വി. ജയരാജനെ ഹൈക്കൊടതി ശിക്ഷിച്ചെങ്കിലും അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കുപരി ബഹുമാനപ്പെട്ട കോടതികളോടുള്ള സർവ്വ ബഹുമാനവും നിലനിർത്തിക്കൊണ്ട് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.

ജഡ്ജിമാർക്കെതിരെ സി.പി.ഐ.എം നേതാവ് എം.വി.ജയരാജൻ നടത്തിയ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കൊടതി സ്വമേധയാ എടുത്ത കേസിന്റെ വിധി കാത്തിരിക്കുമ്പോഴാണ് ഈ കുറിപ്പ് എഴുതുന്നത്. ജയരാജൻ തന്നെ പറഞ്ഞിരിക്കുന്നത് നീതി തേടിയെത്തുന്ന പൌരന്റെ ആശ്രയം കോടതികളാണെന്നാണ്. എന്നാൽ തന്റെ ശുംഭൻ എന്ന പ്രയോഗത്തിൽ വലിയ കുറ്റമൊന്നും കാണുന്നില്ലെന്നാണ് ജയരാജൻ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. കേരളത്തിൽ പല ഭാഗത്തും പല അർത്ഥത്തിലാണ് ആ വാക്ക് പ്രയോഗിക്കുന്നത്. നിയതവും സർവ്വവ്യാപകവുമായ ഒരു അർത്ഥം ആ വാക്കിനില്ല. ഗൌരവമുള്ള കാര്യങ്ങളെ നിസാരമായി കാണുന്നതിനു ശുംഭത്തരം എന്ന് ചിലയിടങ്ങളിൽ അർത്ഥം കല്പിക്കുന്നതായി ജയരാജൻ പറയുന്നു. ഇതു സംബന്ധിച്ച് കോടതി തന്നെ മലയാള ഭാഷാ പണ്ഡിതന്മാരിൽ നിന്നും അർത്ഥം തേടിയിരുന്നു. ഇന്ന് കോടതി പറയാനിരിക്കുന്ന വിധി എന്തുമാകട്ടെ. ഈ കേസിനാസ്പദമായ വിഷയം ഇവിടെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്.

പാതയൊരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട ജയരാജന്റെ അഭിപ്രായപ്രകടനത്തിനിടയിലാണ് ശുംഭൻ പ്രയോഗം വന്നത്. കോടതികളും കോടതി വിധികളും വിമർശനങ്ങൾക്കതീതമാണോ എന്ന കാര്യം ഗൌരവമായി ചർച്ചയ്ക്കെടുക്കേണ്ടതാണ്. ഒരു കീഴ്ക്കോടതി പറയുന്ന വിധിക്കെതിരേ അപ്പീൽ പോകുന്നതും ഒരുതരത്തിൽ ആദ്യം വിധിപറഞ്ഞ ആ കീഴ്ക്കോടതിക്കെതിരെയുള്ള വിമർശനത്തിനു തുല്യമല്ലേ? കോടതികളും കോടതിവിധികളും വിമർശനങ്ങൾക്കതീതമാണെങ്കിൽ പിന്നെ അപ്പീൽ നൽകുനതും ഒരർത്ഥത്തിൽ കോടതിയലക്ഷ്യമല്ലേ? വിമർശനങ്ങൾ, പൊതുയോഗങ്ങൾ പ്രകടനങ്ങൾ, സമരങ്ങൾ എന്നിവയെല്ലാം ജനാധിപത്യാവകാശങ്ങളാണ്. എല്ലാ കാലത്തും പ്രക്ഷോഭങ്ങളും സമരങ്ങളും പൊതുയോഗങ്ങളും പ്രകടനങ്ങളും എല്ലാം പൊതുസ്ഥലങ്ങളിൽ തന്നെയാണ് നടന്നു പോരുന്നത്. ലോകത്ത് എവിടെയും അങ്ങനെയാണ്. പണ്ടുമതേ, ഇപ്പോഴുമതേ! ഇന്ത്യയിൽ സ്വാതന്ത്ര്യസമര സേനാനികൾ സ്വാതന്ത്ര്യ സമരം നടത്തിയത് അവരവരുടെ വീടുകളി ഇരുന്നല്ല. പൊതു സ്ഥലങ്ങളിൽ തന്നെയാണ് വിവിധ പ്രക്ഷോഭസമരങ്ങൾ നടത്തിയത്. പൊതുസ്ഥലങ്ങളിൽ ഇതെല്ലാം നിരോധിക്കുന്ന കോടതി പിന്നെ എങ്ങനെയാണ്, എവിടെയെല്ലാമാണ് സമരങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തേണ്ടത് എന്നും കൂടി പറയാൻ ബാദ്ധ്യസ്ഥമല്ലേ?

ഭരണകൂടങ്ങൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്നത് പണ്ടും ഇന്നും ലോകത്തെവിടെയും നടക്കാറുള്ള കാര്യമാണ്. എന്നാൽ കോടതികൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്ന സംഭവം അത്ര സർവ്വസാധാരണമല്ല. ജനാധിപത്യാവകാശങ്ങളെയും അതിൽ ഉൾപ്പെടുന്ന രാഷ്ട്രീയാവകാശങ്ങളെയും ഭരണകൂടം അടിച്ചമർത്തിയാൽ ആ ഭരണകൂടത്തെ അതിൽ നിന്ന് പിന്തിരിപ്പിച്ച് ജനങ്ങൾക്ക് നീതി നൽകേണ്ടതുതന്നെ കോടതികളാണ്. ആ കോടതികൾ തന്നെ ഏതെങ്കിലും ജനാ‍ധിപത്യവിരുദ്ധരും അരാഷ്ട്രീയ വാദികളും സ്വാർത്ഥമതികളുമായ ഹർജിക്കാരെ ശല്യക്കാരായ വ്യവഹാരികളായി കണ്ട് നടപടി സ്വീകരിക്കുന്നതിനു പകരം അത്തരക്കാർക്കനുകൂലമായി വിധി പറയുന്നത് നമ്മുടെ ഭരണ കൂടത്തോടുള്ള് അനാദരവായി ആരെങ്കിലും ഉയർത്തി കാട്ടിയാൽ അതിനെ കുറ്റം പറയാൻ സാധിക്കുമോ? ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളുടെ അസഹിഷ്ണുതയും അലോസരവും തന്മൂലമുണ്ടാകുന്ന ചൊറിച്ചിലും മാറ്റാൻ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ പൌരാവകാശങ്ങളെത്തന്നെ ഇല്ലാതാക്കുന്ന വിധികൾ പറയുന്നത് കോടതികളിൽ പൊതു സമൂഹത്തിനുള്ള വിശ്വാസ്യതയെ തകർക്കാനേ ഉപകരിക്കുകയുള്ളു.

സമരവും പ്രകടനങ്ങളും ജാഥകളും പൊതുയോഗങ്ങളും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ്. പാതയോര പൊതുയോഗ നിരോധനത്തെ ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കോടതിയുടെ പാതയൊര പൊതുയോഗ നിരോധനത്തെ മറികടക്കാൻ സർവ്വരാഷ്ട്രീയ കക്ഷികളുമായി ആലോചിച്ചുതന്നെ പുതിയ നിയമം നിർമ്മിച്ചിരുന്നു. എന്നാൽ ആ നിയമവും ഇപ്പോൾ ഹൈക്കൊടതി മരവിപ്പിച്ചു. ആ മരവിപ്പിക്കലിനെയും ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കാരണം അതിനു ശേഷവും എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതു സ്ഥലങ്ങളിൽ പ്രകടനങ്ങളും സമരങ്ങളും പൊതുയോഗങ്ങളും മറ്റും നടത്തി വരുന്നു. ഈ നിരോധനം എത്രകണ്ട് ജനം പാലിക്കും എന്നത് ഇനിയും കണ്ടറിയേണ്ടതാണ്. ബഹുമാനപ്പെട്ട കോടതികളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ ഇത്തരം ജനവിരുദ്ധമായ വിധികളിൽ നിന്ന് കോടതികൾ ഒഴിഞ്ഞു നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന അഭിപ്രായമാണ് ഈ ലേഖകനെ പോലെ അരാഷ്ട്രീയവാദികളല്ലാത്തവർക്ക് ഉണ്ടാവുക.

ഇപ്പോൾ ജയരാജന്റെ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കോടതി വിധി വന്നിരിക്കുന്നു. അദ്ദേഹത്തിന് ആറുമാസത്തെ വെറും തടവും രണ്ടായിരം രൂപാ പിഴയും വിധിച്ചിരിക്കുന്നു. കോടതികൾക്കെതിരെ വാക്കുകൾ ഉപയോഗിക്കുമ്പോൾ ചില സൂക്ഷ്മതകൾ എല്ലാവരും പുലർത്താൻ ഈ വിധി സഹായിച്ചേക്കാം. എന്നാൽ ഈ വിധിയിലൂടെ ജയരാജൻ ശുംഭൻ പ്രയോഗം നടത്താനുണ്ടായ സാഹചര്യം ഗൌരവമർഹിക്കുന്ന ഒന്നല്ലാതെ വരുന്നില്ല. കോടതിക്ക് വളരെ നിസാരമായി തള്ളിക്കളയാവുന്ന ഒരു പരാമർശമായിരുന്നു ഇത്. ഇത്തരം നിസാര കാര്യങ്ങൾക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നതിനെ പ്രമുഖ അഭിഭാഷകർതന്നെ വിമർശിച്ചിട്ടുണ്ട്. സ്വന്തം നിലപാടിൽ ഉറച്ചുനിന്ന്നേരിട്ട ജയരാജന്റെ ചങ്കൂറ്റം അംഗീകരിക്കേണ്ടതാണ്. ശിക്ഷയെങ്കിൽ ശിക്ഷ എന്ന നിലയിൽ തന്നെ ജയരാജൻ ഇതിനെ കണ്ടത്. ഇത് ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി, മൌലികാവകാശ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം നടത്തിയ ഒരു പോരാട്ടം എന്ന നിലയിൽ തന്നെ കാണാവുനതാണ്. കാരണം ജനാധിപത്യം സംരക്ഷിക്കേണ്ട കോടതിയുടെ ഭാഗത്തു നിന്ന് തന്നെ ജനാധിപത്യ വിരുദ്ധമായ ഒരു വിധിവന്നു എന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹം അത്തരം ഒരു പരാമർശംതന്നെ നടത്താൻ ഇടയായത്.

ഇപ്പോൾ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ജയരാജന്റെ വാദം കോടതി നിരാകരിച്ചു. അദ്ദേഹത്തെ ജയിലിലേയ്ക്കു തന്നെ കൊണ്ടു പോകുന്നു. ഇനി വേണമെങ്കിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകാം. എന്തായാലും അഴിമതിയ്ക്കും പെൺ വാണിഭത്തിനുമൊന്നുമല്ലല്ലോ അദ്ദേഹം ജയിലിൽ പോകുന്നത്. പൌരാവകാശം സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തകരും കോടതിയും തമ്മിലുള്ള ഒരു സംവാദത്തിന്റെ ഒരു പരിണിതഫലം മാത്രമാണ് ഈ വിധി. ഈ ശിക്ഷകൊണ്ട് സി.പി.ഐ.എമ്മോ ജയരാജനോ തകരാൻ പോകുന്നില്ല. പൌരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നായാലും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നാ‍യാലും പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് സി.പി.ഐ.എമ്മിനെ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. പൊതുയോഗവും, സമരവും, പ്രകടനവും, ജാഥയും എല്ലാം എല്ലാവർക്കും വേണം.

പിൻകുറിപ്പ്: ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ജനാധിപത്യത്തിനു മീതെയല്ല ഒരു പൌരനും, ഭരണകൂടവും കോടതികളും!