Sunday, November 20, 2011

സന്തോഷ് പണ്ഡിറ്റ് നൽകുന്ന സന്ദേശം

സന്തോഷ് പണ്ഡിറ്റ് നൽകുന്ന സന്ദേശം

ഒരു കാലത്ത് സിനിമ ഒരു ഹരമായിരുന്നു. തിയേറ്ററുകളിൽനിന്ന് ഇറങ്ങാതെ സിനിമ കണ്ടു നടന്നിരുന്നു എന്നൊക്കെ അതിശയോക്തി കലർത്തി പറയാം. അത്രയ്ക്കുണ്ടായിരുന്നു സിനിമാ കമ്പം. സിനിമാമാസികകൾ പലതിന്റെയും സ്ഥിരം വരിക്കാരനുമായിരുന്നു. ചെറുതും വലുതുമായ നടീനടന്മാരുടെയൊക്കെ പേരുകളും മുഖങ്ങളുമൊക്കെ വ്യക്തമായി അറിയാമായിരുന്നു. സിനിമാക്കാരുടെ വിശേഷങ്ങൾ അറിയാൻ അന്നൊക്കെ വലിയ കൌതുകമായിരുന്നു. എന്നാൽ ഇപ്പോൾ തിയേറ്ററിൽ പോയി സിനിമ കാണുന്ന പതിവ് നിർത്തിയിട്ട് ഒരുപാട് നാളായി. വർദ്ധിച്ച ടിക്കറ്റ് ചാർജും രണ്ടു രണ്ടര മണിക്കൂർ തിയേറ്ററിൽ ചെലവഴിക്കുന്നതിലുള്ള താല്പര്യമില്ലായ്മയും മറ്റുമാണ്. എങ്കിലും സമയം കിട്ടുമ്പോൾ സി.ഡി ഇട്ടും ടി.വി ചാനലുകളിലും സിനിമ കാണാറുണ്ട്. സിനിമ ഇഷ്ടവുമാണ്. എന്നാൽ താര-വീരാധനയൊന്നും ഇല്ല. ആരുടെ സിനിമയും കാണും. ആസ്വദിക്കും. ഇഷ്ടപ്പെട്ടെങ്കിൽ ഇഷ്ടപ്പെട്ടെന്ന് പറയും. ഇല്ലെങ്കിലില്ല്ല!

ഇവിടെ എല്ലാ മേഖലയും എത്തിപ്പെട്ടവരുടെ നിയന്ത്രണത്തിലായിരിക്കുമല്ലോ. സിനിമയിലും അങ്ങനെ തന്നെ. ഏതെങ്കിലും വിധത്തിൽ എത്തിപ്പെട്ട് വിജയം നേടുന്നവർ പുതുതായി മറ്റാരെയും കടന്നുവരാൻ അനുവദിക്കില്ല. രാഷ്ട്രീയത്തിലും അങ്ങനെയാണല്ലോ. നേതാക്കളുടെ നിരയിൽ എത്തിപ്പെട്ടവർ പിന്നെ പരസ്പരം ഒരൂ യൂണിയനായി നിന്ന് തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് ചെയ്യുക. പിന്നെ ആരൊക്കെ കടന്നുവന്ന് എന്തൊക്കെ ആകണമെന്ന് അവർ തീരുമാനിക്കും. രാഷ്ട്രീയവും സിനിമയും മാത്രമല്ല എല്ലാ മേഖലകളും അങ്ങനെതന്നെ. സിനിമാ മേഖലയുടെ കാര്യം പ്രത്യേകം പറയാനുമില്ല. എത്തിപ്പെട്ടവരുടെ സമഗ്രാധിപത്യമാണിവിടെ. നിർമ്മാതാക്കളും സംവിധായകരും സൂപ്പർ താരങ്ങളും ഒക്കെ അടങ്ങുന്ന ഒരു ചെറു വിഭാഗമാണ് സിനിമാ കച്ചവടത്തിന്റെ ഗതിവിഗതികൾ നിശ്ചയിക്കുന്നത്. സൂപ്പർ താരങ്ങൾ സ്വയം തീരുമാനിക്കുന്നതാണ് അവരുടെ റേറ്റ്. അതിനൊപ്പം തുള്ളാൻ നിർമ്മാതാക്കളും. പത്ത് ലക്ഷം രൂപയ്ക്ക് ചിത്രീകരിക്കാവുന്ന ഒരു ചിത്രം നിർമ്മാതാവിനെക്കൊണ്ട് കോടികൾ മുടക്കിയാകും നിർമ്മിക്കുക. നിർമ്മാതാവിനാകട്ടെ പരമാവധി ലാഭം എന്ന ഇച്ഛയാണ് മുന്നിൽ നിൽക്കുക. അതിനയാളെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.

ഇന്ന് മലയാള സിനിമ പ്രതിസന്ധിയിലാണ് പ്രതിസന്ധിയിലാണ് എന്ന് പറയുന്നു. എന്തു പ്രതിസന്ധി? ആരുണ്ടാക്കുന്ന പ്രതിസന്ധി? അനാവശ്യമായ കീഴ്വഴക്കങ്ങളും നിയമങ്ങളും നിബന്ധനകളും ഉണ്ടാക്കി വയ്ക്കുകയും തങ്ങൾ ആഗ്രഹിക്കുന്നതുപോലെയുള്ള അഥവാ തങ്ങളുടെ സാമ്പത്തിക താല്പര്യം സംരക്ഷിക്കുവാൻ ഉതകുന്ന വിധത്തിലുള്ള ഒരു ആസ്വാദനസംസ്കാരം സൃഷ്ടിക്കുവാനും അത് നിലനിർത്തുവാനുമാണ് സിനിമാ അധോലോകം ശ്രമിക്കുക. കോടികൾ മുടക്കി നിർമ്മിച്ചാലേ സിനിമയാകൂ, സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലേ നല്ല സിനിമയാകൂ തുടങ്ങി ഒട്ടേറെ വികലധാരണകൾ സിനിമാക്കാർ ജനങ്ങളിലേയ്ക്ക് അടിച്ചേല്പിക്കുന്നുണ്ട്. സുപ്പർ താരങ്ങളല്ലാത്തവരെ വച്ച് സിനിമ പിടിച്ച് വിജയിപ്പിച്ചു കാണിച്ചുകൊടുക്കാനുള്ള ആർജ്ജവം സിനിമാ ലോകത്ത് എത്തിപ്പെട്ടവർക്കുണ്ട്. ഒരു സിനിമയുടെ മൊത്തം നിർമ്മാണ ചെലവിനേക്കാൾ വലിയ തുക പ്രതിഫലം പറ്റുന്ന സൂപ്പർ താരങ്ങളെ വച്ച് മാത്രമേ പടമെടുക്കൂ എന്ന വാശി ഒഴിവാക്കിയാൽത്തന്നെ നമ്മുടെ സിനിമാലോകം പറഞ്ഞു പെരുപ്പിക്കുന്ന പ്രതിസന്ധി ഒഴിവാക്കാൻ കഴിയും.

സൂപ്പർ താരങ്ങളെ സൃഷ്ടിക്കുക, അവരെ ഉപയോഗപ്പെടുത്തി സിനിമ മാർക്കറ്റ് ചെയ്യുക എന്ന തന്ത്രമാണ് സിനിമാ ലോബി ചെയ്തുകൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങളില്ലാതെ സിനിമ വിജയിക്കില്ലെന്നും നഷ്ടം ഭയന്ന് നിർമ്മാതാക്കൾ കാശ് മുടക്കാൻ തയ്യാറാകില്ലെന്നുമാണ് സിനിമാ ലോബി പറയുന്നത്. സൂപ്പർ താരങ്ങളും മറ്റ് സൂപ്പർ ടെക്നീഷ്യന്മാരുമൊന്നുമില്ലാതെ പടമെടുക്കുന്ന ഒരു പതിവ് തുടങ്ങി വച്ചാൽ ഭാവിയിൽ പ്രേക്ഷകർ അതുമായി അങ്ങ് താദാത്മ്യം പ്രാപിച്ചുകൊള്ളും. സൂപ്പർ താരങ്ങളുടെ ശരീര ഭാഷയ്ക്കനുസരിച്ച് തിരക്കഥയുണ്ടാക്കുന്ന ശീലം മതിയാക്കിയാൽ ആരെ വച്ചും പടമെടുത്ത് വിജയിപ്പിക്കാം. പുതുമുഖങ്ങളെ വച്ച് എത്രയോ പടങ്ങൾ വിജയിച്ചിരിക്കുന്നു. റേറ്റ് ക്രമാതീതമായി കൂട്ടുമ്പോൾ വേറെ ആളെ തിരക്കണം. പിന്നല്ലാതെ! നഷ്ടം, പ്രതിസന്ധി എന്നും മറ്റും മുറവിളികൂട്ടുക, ബദൽ മാർഗ്ഗങ്ങൾ ആരായാതിരിക്കുക! പിന്നെങ്ങനെ മലയാള സിനിമ രക്ഷപ്പെടും? എന്തിനാണ് ഈ സൂപ്പർതാര പദവി? എങ്ങനെയെങ്കിലും ഒരു മേഖലയിൽ എത്തിപ്പെടുന്നവർക്ക് അവിടം മൊത്തമായും വെട്ടിപ്പിടിക്കണം, ആ മേഖല മുഴുവൻ കുത്തകയാക്കി വയ്ക്കണം എന്ന മനോഭാവം സിനിമാക്കാരെന്നല്ല ആരും, ഒരു മേഖലയിലും വച്ചു പുലർത്തുന്നത് ശരിയല്ല.

ഇപ്പോൾ ഈ അടുത്ത കുറച്ചുനാളുകളായി സന്തോഷ് പണ്ഡിറ്റ് എന്നൊരവതാരം ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. ഇതുസംബന്ധിച്ച് ഇന്റെർനെറ്റ്, പത്രവാർത്തകൾ, ചാനൽ ചർച്ചകൾ ഇവയിലൂടെ ഞാനും സന്തോഷ് പണ്ഡിറ്റിനെപ്പറ്റി കേട്ടിരുന്നു. യൂട്യൂബിൽ അദ്ദേഹത്തിന്റെ സിനിമയിലെ ചില പാട്ടുരംഗങ്ങൾ കാണുകയും ചെയ്തു. അതിനൊക്കെ ലഭിച്ചിരിക്കുന്ന തെറി കമന്റുകൾ അല്പം അതിരു കടന്നവയായിപ്പോയി എന്നു തോന്നാതിരുന്നില്ല. സർവ്വ പരിധികളും ലംഘിക്കുന്ന തെറികൾ! ഈ തെറികൾ എഴുതിയവർ ഈ സന്തോഷ് പണ്ഡിറ്റ് മാത്രമല്ല ആ സൈറ്റിൽ വന്ന് നോക്കുന്നത്, ആയിരക്കണക്കിന് അമ്മപെങ്ങന്മാരാരും കൂടിയാണെന്ന ന്ന കാര്യം വിസ്മരിക്കരുതായിരുന്നു. ആരെങ്കിലും തെറി അർഹിക്കുന്നുവെന്നു തോന്നിയാൽ ചിലരെങ്കിലും ഒന്നോരണ്ടോ തെറി പറയുന്നത് സ്വാഭാവികമാണ്. പക്ഷെ ഒരാളെ തെറി പറയുന്നതിനും തെറിയുടേതായ ഒരു സാംസ്കാരിക നിലവാരം ഉണ്ട്. അത് പാലിക്കണം. അച്ഛന്റെ തേങ്ങ, എന്നു പറയാതെ പിതാവിന്റെ നാളീകേരം എന്നൊന്നു വളച്ചുകെട്ടിപ്പറയാനെങ്കിലുമുള്ള സാമാന്യ മര്യാദ കാണിക്കണ്ടേ? സന്തോഷ് പണ്ഡിറ്റ് ആൾ ബുദ്ധിമാൻ തന്നെ. സ്വയം പരിഹാസ്യനായിക്കൊണ്ടാണെങ്കിലും ഒരു സമൂഹത്തെ മുഴുവൻ അയാൾ പരിഹസിക്കുകയാണ്.

സന്തോഷ് പണ്ഡിറ്റ് നോർമലോ അബ്നോർമലോ ആകട്ടെ. അയാൾക്ക് ഒരു ഇന്ത്യൻ പൌരൻ എന്ന നിലയ്ക്ക് സെൻസർ ബോർഡിന്റെ അനുവാദത്തോടെ ഒരു സിനിമ നിർമ്മിച്ച് പ്രദർശിപ്പിക്കുവാൻ അവകാശമുണ്ട്. തിയേറ്ററുകൾ ഏതെങ്കിലും സിനിമ പ്രദർശിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ തെരുവിലോ കല്യാണ മണ്ഡപങ്ങളിലോ മറ്റെവിടെയെങ്കിലുമോ പ്രദർശിപ്പിക്കും. അതിനെ ആർക്കും തടയാൻ അവകാശമില്ല. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ മോശമാണെന്നറിഞ്ഞാൽ അത് കാണാതിരിക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഇനി അഥവാ കണ്ട് ഇഷ്ടപ്പെടാതെ വന്നാൽ നാളിതുവരെ കണ്ട നിലവാരമില്ലാത്ത സിനിമകളിൽ ഒന്നായി അതിനെ തള്ളിക്കളയാം. വിമർശിക്കുകയും ചെയ്യാം. അല്ലാതെ ഇവിടെ ചില ചാനൽ ചർച്ചകളിൽ വന്നിരുന്ന് പ്രാമാണികരായ (എന്ന് ധരിക്കുന്ന) ചില സിനിമാക്കാർ പറയുന്നതുപോലെ ഇത്തരം സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നൊന്നും പറയാൻ ആർക്കും അധികാരമില്ല. തങ്ങൾ ചിലർക്ക് മാത്രമേ സിനിമയെടുക്കാവൂ എന്ന് പറയാൻ ഇവരാരാ? സിനിമാ രംഗം ആരെങ്കിലും അവർക്ക് തീറെഴുതിക്കൊടുത്തിട്ടുണ്ടോ? സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കിയ സിനിമയേക്കാൾ നിലവാരമില്ലാത്ത പല സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണുന്നവർക്ക് ഒരു തമാശയെങ്കിലുമാണ് (പക്ഷെ സന്തോഷ് പണ്ഡിറ്റ് വളരെ ഗൌരവത്തിലെടുത്തതാണത്രേ). തൊലിക്കട്ടി ഉള്ളവർക്ക് ഇങ്ങനെയും കാട്ടിക്കൂട്ടാം. പക്ഷെ അത് അയാളുടെ അവകാശമാണ്. സ്വാതന്ത്ര്യമാണ്. സന്തോഷ് പണ്ഡിറ്റിന്റെ കാട്ടിക്കൂട്ട് എന്തായാലും സെക്സ്-വയലൻസ് സിനിമകളെ പോലെ അപകടകാരിയല്ല.

എന്തായാലും വലിയ സിനിമാക്കാർ എന്ന് മേനി നടിച്ച് നടക്കുന്നവർക്ക് സന്തോഷ് പണ്ഡിറ്റ് ഒരു പാഠമാണ്. കൈയ്യിൽ കുറച്ച് കാശും സന്തോഷ് പൻഡിറ്റിനെ പോലെ ഒരു മനസും ഉണ്ടെങ്കിൽ ആർക്കും സിനിമയെടുക്കാം. നമ്മളാണിതിന്റെ ഉസ്താദുമാർ എന്നു പറഞ്ഞ് ആരും നെഗളിക്കേണ്ട. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയുടെ നിലവാരം, സന്തോഷ് പണ്ഡിറ്റിന്റെ വിചിത്രമായി തോന്നുന്ന സ്വഭാവ രീതികൾ എന്നിവ വച്ച് മാത്രം ഈ കാര്യത്തെ വിലയിരുത്തിക്കൂടാത്തതാണ്. നാളെ കുറച്ചു കൂടി കാര്യ ഗൌരവമുള്ളവരും അഞ്ചു ലക്ഷം രൂപയോ അതിൽ കുറവോ ചെലവിൽ സിനിമ എടുത്തെന്നിരിക്കും. നിലവാരം അല്പം കുറഞ്ഞുപോയാലും സിനിമ സിനിമ തന്നല്ലോ. ആർക്കും മനസുവച്ചാൽ ചുരുങ്ങിയ ചെലവിൽ സിനിമ നിർമ്മിക്കാം എന്ന് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും സിനിമ തെളിയിച്ചിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇനിയും ഇത്തരം ഉദ്യമങ്ങളുമായി വരുന്നവർ എല്ലാം സന്തോഷ് പണ്ഡിറ്റുമാരോ അവരുടെ സിനിമകൾ കൃഷ്ണനും രാധയും പോലെയോ ഉള്ളവയാകണമെന്നില്ലല്ലോ. സന്തോഷ് പണ്ഡിറ്റ് ചെലവാക്കിയതിലും ചെറിയ തുകയും നല്ല കഥയും നല്ല ആർട്ടിസ്റ്റുകളുമൊക്കെയായി പുതിയപുതിയ ആളുകൾ കടന്നുവന്നാൽ, അവരെ ഇവിടെ ഇപ്പോൾ സിനിമാ രംഗം അടക്കിവാഴുന്നവരും സിനിമാ സംഘടനകളും പിടിച്ച് മൂക്കിൽ കയറ്റുമോ? സിനിമ പ്രദർശിപ്പിക്കുവാൻ സിനിമാതിയേറ്ററുകൾ തന്നെ വേണമെന്ന് നിർബന്ധമൊന്നുമില്ല. അല്പം ഇരുട്ടുള്ള എവിടെയും, ഏതു ഹാളിലും അവ പ്രദർശിപ്പിക്കാം. അത് ആവിഷ്കാര സ്വാതന്ത്ര്യമാണ്.

4 comments:

mini//മിനി said...

സിനിമ കാണുക,,, എന്നത് ഒരു കാലത്ത് നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു,, ആ കാലത്ത് നായകന്മാരെ നോക്കിയിട്ടായിരുന്നില്ല തീയേറ്ററിൽ പോയത്,,
ഒരു സിനിമ കാണാൻ പോയ അനുഭവം എട്ട് സുന്ദരികളും ഒരു സിനിമയും ഇവിടെ കാണാം

Anonymous said...

അപ്പോള്‍ സൂപ്പര്‍ സ്ടാറുകള്‍ ആണ് പ്രശ്നം അല്ലെ ? ഈ പിണറായി വിജയനും അച്ചുതാനന്ദനും രണ്ടു സൂപ്പര്‍ സ്റാര്‍ ആയി നാടകം കളിക്കാന്‍ തുടങ്ങി പത്തു പതിനഞ്ചു കൊല്ലം ആയി , അവരെ മടുക്കുന്നില്ലേ? ഈ രണ്ടു സ്റാര് കളും കൂടി സീ പീ എമിനെ ഒരു വഴി ആക്കി , ഇവരെ കൊണ്ട് കേരളത്തിന്‌ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല ഒരാള്‍ ലാവലിന്‍ വഴി കുറെ കോടികള്‍ ഖജനാവിന് നഷ്ടം ഉണ്ടാക്കി മറ്റെയാള്‍ക്ക് ഇഷ്ടം പെണ്ണ് കേസ് ആണ് ആ വഴിയും ഖജനാവിന് കുറെ പണം പോയി ഒരു നേട്ടവും കേരള ജനതയ്ക്ക് ഉണ്ടായിട്ടില്ല ഇവര്‍ തമ്മിലുള്ള ഈഗോ ക്ലാഷ് കാരണം പാര്‍ടി തന്നെ രണ്ടു ഗ്രൂപ്പായി , അപ്പോള്‍ തറ തമ്യേന ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ ആയ ഉമ്മന്‍ ചാണ്ടി ആറുമാസം കൊണ്ട് എന്തെല്ലാം നല്ല കാര്യങ്ങള്‍ കേരളത്തിനു ചെയ്തു നല്ല ഒരു ടീം ഇല്ല, സുധീരനെ പോലെയുള്ള നിരൂപകര്‍ വേറെ , എന്നാലും ഒരു ഒറ്റയാള്‍ പട്ടാളം ആയി നല്ല ഒരു പ്രകടനം കാഴ്ച വെച്ച് ഉമ്മന്‍ ചാണ്ടി തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് , അതും കൂടി ഒന്ന് അഭിനന്ദിക്കൂ സജീമേ

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,

ഉമ്മൻ ചാണ്ടിയെ സന്തോഷ് പണ്ഡിറ്റിനോട് ഉപമിച്ചത് ഒട്ടും ശരിയായില്ല.

രാഷ്ട്രീയവും സിനിമയും ഒരുപോലെ അല്ല. അതിനാൽ ആ താരതമ്യം അംഗീകരിക്കുന്നില്ല. പിണറായിയും വി.എസും ഉമ്മൻ ചാണ്ടിയും സുധീരനുമെല്ലാം താരങ്ങളായിത്തന്നെ നിൽക്കട്ടെ. സത്യത്തിൽ അവരെ താരങ്ങളെനല്ല, ചുമതലക്കാർ എന്നാണ് വിളീക്കേണ്ടത്. സിനിമാഭിനയം താരങ്ങളുടെ ചുമതലയല്ല, അവരുടെ ആവശ്യമാണ്.

എന്നാൽ എത്തിപ്പെട്ടവരുടെ ആധിപത്യ സ്വഭാവം രാഷ്ട്രീയത്തിലും നന്നല്ല.

സൂപ്പർ താരങ്ങൾ അഭിനയിക്കരുതെന്നൊന്നും പറയുന്നില്ല.കഴിവുകൊണ്ട് ആരും ഒരു മേഖലയിലും താരങ്ങളാകുന്നതിൽ വിരോധവുമില്ല. അതിനെ തടയാനും കഴിയില്ല. പക്ഷെ ആധിപത്യ മനോഭാവം പാടില്ല. ഇനി നമ്മൾ ഒന്നുകിൽ ചീഞ്ഞൊഴിയണം, അല്ലെങ്കിൽ ചത്തൊഴിയണം എന്ന നിലപാട് ആർക്കും ഭൂഷണമല്ല.

വിധു ചോപ്ര said...

കുറെ നാൾ സൂപ്പർ സ്റ്റാറുകൾ ആളുകളെ പൊട്ടന്മാരാക്കി വാണു. നമ്മളിപ്പോൾ ഒരു പൊട്ടനെ ആളാക്കിയിരിക്കുന്നു. എല്ലാ കാലത്തും സ്വയം പൊട്ടന്മാരാകാനാകും ബാക്കിയുള്ളവരുടെ യോഗം