Showing posts with label കലോത്സവം. Show all posts
Showing posts with label കലോത്സവം. Show all posts

Friday, January 22, 2016

സ്കൂൾ കലോത്സവം- 2016

സംസ്ഥാന സ്കൂൾ കലോത്സവം -2016

സംസ്ഥാന സ്കൂൾ കലോത്സവം 2016 ജനുവരി 19 മുതൽ 25 വരെ തിരുവനന്തപുരത്ത് നടക്കുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാൻ തിരുവനന്തപുരത്ത് പോയിരുന്നു (2016 19). വലിയ ഘോഷയാത്രയും പ്രൗഢമായ ഉദ്ഘാടന ചടങ്ങുമൊക്കെ ഉണ്ടായിരുന്നു. ബോധപൂർവ്വം സംഘടിപ്പിക്കപ്പെടുന്ന ആഘോഷത്തിന്റേതായ ഒരു പൊലിമയുണ്ടായിരുന്നു. എന്നുവച്ച് ആളുകളിൽ അത്ര വലിയ ആവേശമൊന്നും കണ്ടില്ല. ഉദ്ഘാടന സമ്മേളനം നടന്ന പുത്തരിക്കണ്ടം മൈതാനത്ത് വിവിധ ചാനലുകളുടെയും റേഡിയോകളുടെയും താൽക്കാലിക സ്റ്റുഡിയോകൾക്ക് സമീപം നല്ല തിരക്കുണ്ടായിരുന്നു. അവിടെയൊക്കെ നടക്കുന്ന കാര്യങ്ങൾ കാണാനുള്ള കൗതുകം കൊണ്ട്! എന്തായാലും ചാനലുകാർക്കും റേഡിയോക്കാർക്കും മറ്റ് മാധ്യമങ്ങൾക്കും ഒക്കെ ആഘോഷം തന്നെ. 

വിവിധ മത്സരങ്ങൾ നടക്കുന്ന വേദികൾ തമ്മിലുള്ള അകലമാണ് ഈ കലോത്സവത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഓടി നടന്ന് പരിപാടി കാണാൻ കഴിയില്ല. ഏതാണ്ടൊരു രണ്ട് കിലോമീറ്റർ ചുറ്റളവിലെങ്കിലും എല്ലാ വേദികളും സജ്ജീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. നാടക മത്സരം തന്നെ ചില വിഭാഗങ്ങളുടേത് പാളയത്ത് വി.ജെ.റ്റി ഹാളിലും മറ്റ് ചിലത് ജനറൽ ആശുപത്രിയ്ക്ക് സമീപം സെന്റ് ജോസെഫ് സ്കൂളിലുമാണ്. തൈക്കാട്ടും മണക്കാടും ഒക്കെ വേദികളുണ്ട്. ഊട്ട് പൂജപ്പുരയിലാണത്രെ! പാളയത്തു നിന്ന് സംഘാടകരുടെ വണ്ടി കിട്ടിയില്ലെങ്കിൽ ആട്ടോ വിളിച്ച് പൂജപ്പുര പോയി ആഹാരം കഴിക്കുന്നതിനെക്കൾ ലാഭം പാളയത്ത് നിന്നോ കിഴക്കേ കിഴക്കേ കോട്ടയിൽ നിന്നോ ബിരിയാണി വാങ്ങി കഴിക്കുന്നതാണ്. അഥവാ പൂജപ്പുര പോയി ഉണ്ടിട്ട് തിരിച്ച് പാളയത്തോ കിഴക്കേ കോട്ടയയിലോ എത്തുമ്പോൾ അടുത്ത വിശപ്പിന്റെ വിളി കേട്ടു തുടങ്ങും. മത്സരിക്കാൻ വേണ്ടിത്തന്നെയും മത്സരാർത്ഥികളും അവരെ കൊണ്ടുവരുന്ന രക്ഷകർത്താക്കളും അദ്ധ്യാപകരുമൊക്കെ തേരാ പാരാ നെട്ടോട്ടമോടേണ്ടി വരും.

പാളയത്തിനു ചുറ്റുമുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും വി.ജെറ്റി ഹാാളിലും സെനറ്റ് ഹാളിലും യുണ്ണിവേഴ്സിറ്റി കോളേജിലും പബ്ലിക്ക് ലൈബ്രറിയിലുമൊക്കെയായിരുന്നുഎല്ലാ വേദികളും സജ്ജീകരിച്ചിരുന്നതെങ്കിൽ കുറച്ചു കൂടി സൗകര്യമായിരുന്നേനെ! ഇതിപ്പൊൾ പുത്തരിക്കണ്ടം എവിടെ കിടക്കുന്നു, പാളയം എവിടെക്കിടക്കുന്നു മണക്കാടെവിടെ കിടക്കുന്നു. പൂജപ്പുര എവിടെ കിടക്കുന്നു! അതുകൊണ്ടുതന്നെ ഇത് തിരുവനന്തപുരത്തുകാരുടെ മഹോത്സവമായിട്ടൊന്നും മാറാൻ പോകുന്നില്ല. ഒരു വേദിയിൽ നിന്ന് അടുത്ത വേദിയിലേയ്ക്ക് എളുപ്പത്തിൽ എത്താൻ കലാസ്വാദകർക്ക് കഴിയണം. അതാണ് അതിന്റെയൊരു രസം. മത്സരാർത്ഥികൾക്കും കൂടെ വരുന്നവർക്കുമൊക്കെ വണ്ടികൾ ഏർപ്പാടാക്കിയിട്ടുണ്ട്. എങ്കിലും ട്രാഫിക്ക് ബ്ലോക്കുകളൊക്കെ താണ്ടി വേണം പല പല വേദികളിലും ഊട്ടുപുരയിലുമൊക്കെ എത്താൻ! ഓരോ പരിപടിയും നടക്കുന്ന സ്ഥലങ്ങളിലെ കൊച്ചു കൊച്ചു പരിപാടികളായി മേള ചുരുങ്ങുന്നതുപോലെ അനുഭവപ്പെടും. 

സ്കൂൾ കലോത്സവത്തിന്റെ ക്രിയാത്മക വശം പൂർണ്ണമായും നിഷേധിക്കുന്നില്ല്ല. എങ്കിലും സ്കൂൾ കലോത്സവങ്ങളിൽ മത്സരിക്കുന്നവർ മിക്കവരും കൃത്രിമമ്മായി ട്രെയിൻ ചെയ്യപ്പെട്ട് വരുന്ന കുട്ടികളാണ്. അല്പം സാമ്പത്തിക ശേഷിയുള്ള രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇങ്ങനെ പരിശീലിക്കപ്പെട്ടു വരുന്നത്. പിന്നെ ധനശേഷിയുള്ള ചില സ്കൂളുകളും നന്നായി കുട്ടികളെ ട്രെയിൻ ചെയ്യിപ്പിച്ച് മത്സരത്തിനയക്കുന്നുണ്ട്. ഗ്രേസ് മാർക്കാണ് മത്സരാർത്ഥികളുടെ- പ്രത്യേകിച്ച്-അവരുടെ രക്ഷകർത്താക്കളുടെയും മുഖ്യ ആകർഷണം.പാവപ്പെട്ട കുട്ടികൾക്ക് അതിനൊന്നും അവസരം ലഭിക്കില്ല. പണക്കാരുടെ ഒരു മേളയായി കലോത്സവം മാറുന്നു എന്ന വിമർശനം മുമ്പേതന്നെ ഉള്ളതാണ്. പാവപ്പെട്ട കുട്ടികളുടെ സർഗ്ഗ വാസനകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ എല്ലാ സ്കൂളുകളിലും സൗകര്യങ്ങൾ ഒരുക്കണാം. 

ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കം എന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ല. ഇതിന്റെ പ്രയോജനം ആർക്കൊക്കെ ലഭിക്കുന്നു എന്നതും ചിന്താവിഷയമാകണം. സാമ്പത്തിക ശേഷിയുള്ളവരുടെ പണമൊഴുക്കി കൃത്രിമമായും കഠിനമായും പരിശീലനം നേടിയെത്തുന്ന സമ്പന്നരുടെ മക്കൾക്ക് മാത്രം മാറ്റുരയ്ക്കാനുള്ള വേദിയായി സ്കൂൾ കലോത്സവം മാറുന്നത് നീതീകരിക്കാനാകില്ല. പാവപ്പെട്ട്വരുടെ മക്കൾക്കും മത്സര വേദികളിൽ എത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം. അല്ലെങ്കിൽ സർക്കാർ ഖാജാനയിൽ നിന്നും ഇത്രയധികം പണം ധൂർത്തടിക്കുന്നത് ആർക്കു വേണ്ടി എന്തിനു വേണ്ടി എന്ന്ചോദ്യം ഉന്നയിക്കപ്പെടും.

Wednesday, March 4, 2015

സ്കൂൾ കലോത്സവങ്ങൾ അപ്പീൽ മഹോത്സവങ്ങളാകരുത്

സ്കൂൾ കലോത്സവങ്ങൾ അപ്പീൽ മഹോത്സവങ്ങളാകരുത്

ഈ കുറിപ്പ് എഴുതുമ്പോൾ കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പരിപാടിയാണ് ഇത്. എന്നാൽ ഈ മഹാമേളയുടെ തിളക്കം കെടുത്തുന്ന ചില പ്രവണതകൾ ഇതിന്റെ കൂടെപ്പിറപ്പാണ്. ഇത്തവണയും അതിനു മാറ്റമൊന്നുമുണ്ടായില്ല. സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും റവന്യൂ ജില്ലാതലത്തിലും മത്സരിച്ച് ഏ ഗ്രേഡും വാങ്ങി വിജയിച്ചെത്തുന്ന കുട്ടികളാണ് സംസ്ഥാന കലോത്സവത്തിൽ എത്തുന്നത്. അതുകൊണ്ടു തന്നെ എല്ലാ മത്സര ഇനങ്ങളിലും ഭേദപ്പെട്ട നിലവാരമുള്ള കലാ-സാഹിത്യ പരിപാടികളാകും സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിക്കപ്പെടുക. പരിപാടികൾ എത്ര ഉയർന്ന നിലവാരം പുലർത്തിയാലും എല്ലാവർക്കും ഒന്നാം സമ്മാനം ലഭിക്കുക എന്നത് ഒരു മത്സരത്തിലും സാധ്യമല്ല. എന്നാൽ ഇപ്പോൾ കലോത്സവത്തിൽ അപ്പീലുകളുടെ പ്രളയമാണ്. പലരും സ്കൂൾ-ഉപജില്ലാ- റവന്യൂ ജില്ലാ തലങ്ങളിൽ തന്നെ അപ്പീൽ നൽകിയും കോടതി വിധികൾ വാങ്ങിയും മറ്റും ഒക്കെയാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ എത്തുന്നതുതന്നെ. ഇതെഴുതുന്ന സമയത്തെ വാർത്തകൾ അനുസരിച്ച് സംസ്ഥാന കലോത്സവത്തിൽ ഇത്തവണ ആയിരത്തിനു മുകളിൽ അപ്പീലുകൾ ലഭിച്ചിട്ടുണ്ടത്രേ! . എന്നുവച്ചാൽ മത്സരിക്കൻ വരുന്നവർ ആരും തോൽക്കാൻ തയ്യാറല്ല. എല്ലാവർക്കും ഒന്നാം സ്ഥാനം വേണം! കുട്ടികളെ ഇതിൽ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്കൂൾ കലോത്സവങ്ങളിൽ കുട്ടികളെ മുൻനിർത്തി രക്ഷകർത്താക്കൾ തമ്മിലാണ് മത്സരമെന്ന് മുമ്പേ തന്നെ ആക്ഷേപമുണ്ട്.

കലയോടുള്ള താല്പര്യമല്ല; ചില രക്ഷകർത്താക്കൾക്ക് ഇതൊരു പൊങ്ങച്ചമാണ്. ചിലർക്ക് ഗ്രേസ് മാർക്ക് എന്ന പ്രചോദനവും. പല മത്സരങ്ങളിലും പങ്കെടുക്കുന്ന കുട്ടികൾ അവർ മത്സരിക്കുന്ന കലാവിഭാഗത്തിൽ ഉള്ള കഴിവോ അഭിരുചിയോ കൊണ്ട് മത്സരിക്കൻ എത്തുന്നവരല്ല. പണം ചെലവാക്കി തല്ലിപ്പഴിപ്പിച്ചു കൊണ്ടു വരുന്നതാണ് അവരെക്കൾ കഴിവുള്ള പല കുട്ടികൾക്കും നല്ല പരിശീലനത്തിന്റെയും പണത്തിന്റെയും കുറവുമൂലം സ്കൂൾ തലത്തിൽ പോലും മത്സരിച്ച് ജയിക്കൻ കഴിയുന്നില്ല. ഈ കലോത്സവങ്ങൾ പണക്കൊഴുപ്പിന്റെ ഉത്സവം എന്ന ആരോപണം ഉയരുന്നത് ഈ സാഹചര്യത്തിലാണ്. പാവപ്പെട്ട കുട്ടികൾക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരമൊരു കലാമേള വേണോ എന്ന ചോദ്യം ചിലരെങ്കിലും ഉയർത്തുന്നത്. കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ച് സംസ്ഥാന തലം വരെ എത്തുന്നതുതന്നെ വലിയ ഒരു മികവും അംഗീകാരവു‌മാണ്. അവിടെയും തങ്ങൾക്കു തന്നെ ഒന്നാം സ്ഥാനം ലഭിച്ചേ പറ്റൂ എന്ന് മത്സരിക്കുന്നവരെല്ലാം ശാഠ്യം പിടിച്ചാൽ പിന്നെ ഈ കലയും സാഹിത്യവുമൊക്കെ സംസ്കാരത്തിന്റെ ഭാഗമാകുന്നതെങ്ങനെ? കലോത്സവത്തിൽ മാർക്കിടുന്ന വിധികർത്താക്കൾ ആരും മോശക്കാരകാൻ ഇടയില്ല. പരീക്ഷയ്ക്ക് മാർക്കിടുന്നതുപോലെ കലാമത്സരങ്ങൾക്ക് മാർക്കിടാനാകില്ല. ഒരാൾ മാത്രമാണ് മാർക്കിടുന്നതെങ്കിൽ വലിയ പിഴവുകൾ സംഭവിക്കാം. ഇതിപ്പോൾ അങ്ങനെയല്ലല്ലോ. ഇനി നിലവിലുള്ള വിധിനിർണ്ണയ രീതി ശരിയല്ലെങ്കിൽ അതിൽ മാറ്റങ്ങൾ വരുത്തണം.

മൂന്നുപേരടങ്ങുന്ന ഒരു ജഡ്ജിംഗ് പാനലിനുപകരം മൂന്നുപേർ വീതമുള്ള മൂന്നോ അഞ്ചോ ടീമിനെക്കൊണ്ട് വെവ്വേറെ വിധിനിർണ്ണയം നടത്തുന്ന രീതി അനുവർത്തിക്കാം. ഓരോ ടീമിലെയും ഓരോ അംഗങ്ങൾ ഇടുന്ന മാർക്കുകൾ കൂട്ടി ടോട്ടൽ ടീം മാർക്കും, എല്ലാ ടീമിന്റെയും ടോട്ടൽ ടീം മാർക്കുകൾ കൂട്ടി ആകെ മാർക്കും നിർണ്ണയിച്ച് ആദ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ്. വിധിനിർണ്ണയത്തിന് കുറച്ചു കൂടി വിശ്വാസവും സ്വീകാര്യതയും കൈവരാൻ ഇത് സഹായിക്കും. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ മാതിരിയുള്ള അപ്പീൽ പ്രളയം കുറഞ്ഞേക്കും. വിധി നിർണ്ണയം വേണ്ടവിധം വിശ്വാസയോഗ്യമാക്കിയാൽ അപ്പീൽ നൽകാനുള്ള അവസരം നൽകാതെയുമിരിക്കാം. നാട്ടിൽ നടക്കുന്ന ഏതൊരു മത്സരത്തിലും വിധികർത്താക്കളുടെ തീരുമാനം അന്തിമമയിരിക്കും എന്നു പറഞ്ഞിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അതിൽ പിന്നെ അപ്പീലില്ല. എല്ലാവർക്കും സംതൃപ്തി അൽകുന്ന ഒരു വിധിപ്രസ്താവം അസാധ്യമാണ്. എങ്കിൽ അത് മത്സരമകില്ലല്ലോ. എന്തായാലും കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളും അവരുടെ രക്ഷകർത്താക്കളും അപ്പീൽ മത്സരങ്ങൾക്കു വേണ്ടി പരക്കം പായുന്ന സ്ഥിതി ഓഴിവാക്കാനുതകുന്ന പരിഷ്കരണങ്ങൾ സ്കൂൾ കലോത്സവങ്ങളുടെ കാര്യത്തിൽ ഉണ്ടാകണം.

കലാ പ്രവർത്തനങ്ങൾ സംസ്ഥാന സ്കൂൾ കലോത്സം കൊണ്ട് അവസാനിക്കുന്ന ഒന്നല്ലെന്ന കാര്യം എല്ലാവരും ഓർക്കണം. കലോത്സവങ്ങൾക്കും മത്സരങ്ങൾക്കുമപ്പുറം കലയുടെ ലോകം അതിവിശാലമാണ്. സ്കൂൾ കലോത്സവങ്ങളിൽ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല ഒരു കുട്ടിയുടെ കലാപരമായ കഴിവുകളെ ആത്യന്തികമായി നിർണ്ണയിക്കുന്ന ഘടകം. കലാ-സാഹിത്യ രംഗത്ത് പ്രശസ്തിയുടെ കൊടുമുടികളിലേയ്ക്ക് ഉയർന്നവർ എല്ലാവരും സ്കൂൾ കലോത്സങ്ങളിൽ വി‌ജയിച്ചു മുന്നേറിയവരല്ല. ചിലർ യാതൊരു മത്സരങ്ങളിലും പങ്കെടുത്തവർ തന്നെയല്ല. കഴിവുള്ളവർക്ക് അവരവരുടെ കഴിവുകൾ തെളിയിച്ച് കലാലോകം കിഴടക്കാൻ ഒരു കലോത്സവത്തിന്റെയും വി‌ജയപ്രചോദനം ആവശ്യമില്ല. കലോത്സവങ്ങൾക്കു പുറത്താണ് അവസരങ്ങളുടെ വലിയ ലോകം തുറന്നു കിടക്കുന്നത്. ആ അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ ആർക്കും കലയുടെയും സാഹിത്യത്തിന്റെയുമൊക്കെ ശൈലശൃംഗങ്ങൾ കീഴടക്കാം. മറിച്ച് തങ്ങളുടെ കുട്ടി സംസ്ഥാന കലോത്സവത്തിൽ തോറ്റാൽ എല്ലാം അവസാനിച്ചു പോകും എന്നു കരുതുന്നി‌ടത്തു നിന്നാണ് അപ്പീലുകളുടെ പ്രളയം സൃഷ്ടിക്കപ്പെടുന്നത്.

(തരംഗിണി ഓൺലെയിൻ, 2015 ജനുവരി ലക്കത്തിൽ എഴുതിയത്)