Showing posts with label മതം. Show all posts
Showing posts with label മതം. Show all posts

Friday, December 8, 2017

എത്രസുന്ദരം ബഹുസ്വരസമൂഹം

എത്രസുന്ദരം ബഹുസ്വരസമൂഹം


ഞാൻ ഒരു മതവിസ്വാസത്തെയും പിൻപറ്റുന്ന ആളല്ല. പക്ഷെ നിർമതരും നിരീശ്വരവാദികളും മാത്രമുള്ള ഒരു രാജ്യമോ ലോകമോ എന്റെ സ്വപ്നത്തിലേ ഇല്ല. കാരണം. എല്ലാ മതങ്ങളും മതമില്ലാത്തവരും ദൈവ വിശ്വാസികളും നിരീശ്വരവാദികളും കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ബി ജെ പിയും എല്ലാമുള്ള വൈവിദ്ധ്യപൂർണ്ണമായ ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിലാണ് ഞാൻ ജീവിച്ച് പരിചയിച്ചത്.

ഏതെങ്കിലും ഒരു മതം മാത്രമുള്ളതൊ, ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി മാത്രമുള്ളതോ ആയ ഒരു രാജ്യത്ത് ഒരു പൗരനായി എനിക്ക് ജീവിക്കുവാൻ കഴിയില്ല. ഏകമതം, ഏകകക്ഷി ഇവകളോടൊന്നും എനിക്ക് പൊരുത്തപ്പെടാനാകില്ല. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷവും അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം. അക്രമ രാഹിത്യത്തിലും സഹിഷ്ണുതയിലും അടിയുറച്ച സംവാദാത്മകവും വൈവിദ്ധ്യപൂർണ്ണവുമായ ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിൽ ജീവിക്കുന്നതിന്റെ സുഖം ഒരു ഫാസിസ്റ്റ്-ഏകാധിപത്യ രാജ്യത്ത് ലഭിക്കില്ല. 

ലോകത്തെ ഒരു രാജ്യത്തെയും ഉദാഹരണമായി ചൂക്കാട്ടേണ്ട. ഏകാധിപത്യവും മതാധിപത്യവും ഫാസിസവും നിലനിൽക്കുന്ന ഏതൊരു രാജ്യവും കാലന്തരേ ജനാധിപത്യത്തിലേയ്ക്ക് പുരോഗമിച്ചേ മതിയാകൂ. അത് ഇന്നലെങ്കിൽ നാളെ. അല്പം വൈകിയാലും അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം ആധുനിക കാലത്ത് എല്ലാവരും സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ആളുകളുടെ വ്യക്തിത്വ വികാസത്തിന് അനുഗുണവുമായ ഭരണ വ്യവസ്ഥ ജനധിപത്യമാണ്.

Tuesday, December 5, 2017

മതങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകില്ലേ?

മതങ്ങൾ മാറ്റങ്ങൾക്ക്  വിധേയമാകില്ലേ?

മതങ്ങൾ മാറുമോ? മാറില്ലെന്നും മാറ്റാൻ പറ്റാത്തതെന്നും മാറിക്കൂടെന്നും മാറ്റിക്കൂടെന്നും മതപ്രബോധനങ്ങൾ അനന്ത സത്യങ്ങണെന്നുമൊക്കെ വാദിക്കുന്നവർ ഉണ്ടായിരിക്കാം. പക്ഷെ മത ഗ്രന്ഥങ്ങൾ അങ്ങനെ തന്നെ നില നിൽക്കുമെങ്കിലും മതങ്ങളും കാലത്തിനൊപ്പം സൗകര്യപൂർവ്വം മാറും എന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

പണ്ട് എന്നെ പഠിപ്പിച്ച ഒരു ഉസ്താദ് ഉണ്ടായിരുന്നു. ഒരു പാവം നല്ല മനുഷ്യനായിരുന്നു.   ഫോട്ടോ എടുക്കുന്നതും ആളുടെ പ്രതിരൂപം വരയ്ക്കുന്നതും തെറ്റാണെന്ന് അദ്ദേഹം നമ്മളെ പഠിപ്പിച്ചു. അപ്പോഴും മുസ്ലിം കല്യാണവീടുകളിൽ ഫോട്ടോ എടുപ്പ് തകൃതിയിൽ നടന്നു. പിന്നീട് ആ ഉസ്താദ് പാസ്പോർട്ട് എടുത്തതായി അറിഞ്ഞു. പാസ്പോർട്ട് എടുക്കണമെങ്കിൽ ഫോട്ടോ എടുക്കണമല്ലോ. ഞാൻ ഉസ്താദിനോട് ചോദിച്ചു ഉസ്താദ് പാസ്പോർട്ടിനായി ഫോട്ടോ എടുത്തത് അനിസ്ലാമികം അല്ലേയെന്ന്. അപ്പോൾ ഉസ്താദ് പറഞ്ഞു. പാസ്പോർട്ട് എടുക്കുന്നത് പേർഷ്യയിൽ പോകാനാണ്. പേർഷ്യ ഇസ്ലാമിക രാഷ്ട്രംആണ്. അതുകൊണ്ട് അതിനായി ഒരു ഫോട്ടോ എടുക്കുന്നതിൽ തെറ്റില്ല. അന്ന് ഞാൻ അത് വിശ്വസിച്ചു. ഉസ്താദിനെ സംബന്ധിച്ചിടത്തോളം പാസ്പോർട്ടിനെ സംബന്ധിച്ച ജ്ഞാനം അത്രയേ ഉണ്ടായിരുന്നുള്ളൂ. (ഇന്നത്തെ ഉസ്താദന്മാരെ പോലെ അത്ര വലിയ പണ്ഠിതനൊന്നുമായിരുന്നില്ല അന്നത്തെ ആ ഉസ്താദ്).

ഇപ്പോൾ ഉസ്താദന്മാർ അടക്കം സെൽഫിയെടുക്കുന്നു. സ്റ്റില്ലും വീഡിയോയും ഒക്കെ. കല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നത് മുമ്പ് ചില ഉസ്താദന്മാർ വിലക്കിയിരുന്നു. അങ്ങനെയാണ് കല്യാണം എവിടെ വച്ച് നടന്നാലും ഉസ്താദിന്റെ സാന്നിദ്ധ്യം ആവശ്യമായ നിക്കാഹ് തൊട്ടടുത്തുള്ള ഏതെങ്കിലും പള്ളിയിലോ തയ്ക്കാവിലോ വച്ച് നടത്തുന്നത്. താലികെട്ടും മാലയിടലുമൊക്കെ വീഡിയോയുടെ അകമ്പടിയോടു കൂടി കല്യാണ ഹാളിൽ വച്ചു തന്നെ നടക്കും. എന്നാൽ ഇപ്പോൾ കല്യാണത്തിനു വന്നാൽ വീഡിയോക്ക് സന്തോഷത്തോടെ പോസ്സ് ചെയ്യുന്ന ഉസ്താദന്മാരും ഇല്ലാതില്ല. ഫോട്ടോ എടുത്തുകൂടെന്ന് പറയുന്ന ഇസ്ലാമത പണ്ഡിതന്മാർ നടത്തുന്ന മത പ്രഭാഷണങ്ങളുടെ വീഡിയോ ഇന്ന് നെറ്റിൽ സുലഭം, അതൊക്കെ കണ്ടാണ് ഞാൻ ഇസ്ലാമിനെ കുറിച്ച് കുറച്ച് അറിവുകൾ നേടിയതു തന്നെ. ഇപ്പോൾ ചില ഉസ്താദന്മാർ കല്യാണത്തിനു വന്നാൽ വീഡിയോ ഇല്ലേ എന്ന് അങ്ങോട്ട് ചോദിക്കുന്നു.

ഓണം ആഘോഷിക്കുന്നത് അനിസ്ലാമികം എന്ന് ഒരിക്കൽ ഒരു ഉസ്താദ് പ്രസംഗിക്കുന്നതുകേട്ടു. ഇവിടെ ആ വർഷം അത്തപ്പൂക്കള മത്സരത്തിനു സമ്മാനം കിട്ടിയത് ഒരു മുസ്ലിം കുടുംബത്തിന്. അവരെ ഇസ്ലാമിൽ നിന്ന് ഇതുവരെയും പുറത്താക്കിയതായി അറിവില്ല. പണ്ട് ആശുപത്രിയിൽ കൊണ്ടു പോയി കുട്ടികളെ സുന്നത്ത് ചെയ്യുന്നത് മഹല്ലിൽ മുറുമുറുപ്പുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് ആശുപത്രികളിൽ വച്ച് മാത്രമേ സുന്നത്ത് നടക്കുന്നുള്ളൂ. പണ്ട് മുസ്ലിങ്ങൾക്ക് മുസ്ലിം ബാർബറമാരേ മുടി വെട്ടാവൂ ഷേവ് ചെയ്യാവൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇന്ന് മുസ്ലിം ബാർബർമാർ ദുർലഭമായപ്പോൾ ആ ശാസനവും ഇല്ലാതായി. ശാസ്ത്രവിരുദ്ധമായ പല കാര്യങ്ങളും എല്ലാ മതങ്ങളുടെയും മതഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും അത് ഏത് മതസ്ഥർ കണ്ടു പിടിച്ചതെന്നു പോലും നോക്കാതെ എല്ലാ മതസ്ഥരും ഉപയോഗിക്കുന്നു.

ഈ മാറ്റങ്ങളൊന്നും കുറ്റമായി ഞാൻ കാണുന്നില്ല. കാലം മാറുമ്പോൾ മനുഷ്യൻ മാറും. അതിൽ നിന്ന് മാറി നിൽക്കാൻ മതങ്ങൾക്കോ ഒരു പ്രത്യയശാസ്ത്രങ്ങൾക്കോ കഴിയില്ല. അതുകൊണ്ട് മതങ്ങളായാലും വിശ്വാസികൾക്ക് ആചരിക്കാനും അനുഷ്ഠിക്കാനും പാലിക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രം പറയുക. ആ പറയുന്നത് ചെയ്യുക. അല്ലാതെ വിശ്വാസികൾക്ക് ലംഘിക്കനാായി മാത്രം പഴയ ശാസനകൾ നൽകരുത്. അല്ലെങ്കിൽ പണ്ട് കർശനമായ ആചാരനിഷ്ഠകൾ കാരണം ഹിന്ദുമതത്തിൽ നിന്ന് ആളുകൾ ബുദ്ധമതത്തിലേയ്ക്കും ജൈന മതത്തിലേയ്ക്കും പോയതുപോലെയാകും. പിന്നെ ശ്രീ ശങ്കരാചാര്യരും മറ്റും ഒരുപാട് പാട് പെട്ടാണ് ഹിന്ദു മതത്തെ പുനരുദ്ധരിച്ചത്. കുറച്ചുകൂടി ലിബറലായപ്പോൾ ഹിന്ദുമതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കുറഞ്ഞു. ഇന്ന് ബുദ്ധമതവും ജൈന മതവും ദുർബലമാണ്. ഇസ്ലാമതം അടക്കം എല്ലാ മതങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. അഥവാ ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അവർ മതങ്ങളെയും ദൈവങ്ങണെയുമൊക്കെ ആശ്രയിക്കുന്നത്.

ഇതിപ്പോൾ മതങ്ങൾ തന്നെ രാജ്യത്തിനും ലോകത്തിനും സ്വൈരതയും സമാധാനവും നൽകുന്നില്ലെന്നു വന്നാൽ ആളുകൾ മതങ്ങളിൽ നിന്നകലും. പിന്നെ പാവം ഇത്തിരിപ്പോന്ന യുക്തിവാദികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മതത്തിന്റെ പേരിൽ സഹിഷ്ണുതയും സംഘർഷങ്ങളും അരുതെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകളെയും കുറ്റം പറയരുത്. മാറാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് മാർക്സ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ഭാവിയിലും മതങ്ങളുടെ പ്രസക്തിയെ ഒന്നും ചോദ്യം ചെയ്യുന്നില്ല. സമൂഹത്തിനു ഗുണകരമായി മതങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അവ നില നിൽക്കുന്നതിലും ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ ലോകത്തിന്റെ സമാധാനത്തിനും പുരോഗതിയ്ക്കും മതങ്ങൾ പ്രതിബന്ധമാകരുത്.

Wednesday, August 2, 2017

വിശ്വാസികളേ ഇതിലേ........

വിശ്വാസികളേ ഇതിലേ........

എന്തു കൊണ്ട് ഇസ്ലാം മത്വിശ്വാസികൾ നേത്രദാനം ചെയ്യുന്നില്ല? ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും ഒരു വിഭാഗത്തിനെങ്കിലും അതിനു മത വിശ്വാസം തടസ് സമാകുന്നില്ല. (എങ്കിലും ഏറ്റവും കൂടുതൽ അവയവ ദാനവും മൃതശരീര ദാനവും നടത്തുന്നത് നിർമതരും നിരീശ്വര വാദികളുമാണ് . കാരണം അവർ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നില്ല എന്നതുതന്നെ!) പര ലോകത്ത് എത്തുമ്പോൾ കാഴ്ചയില്ലാതെ ബുദ്ധിമുട്ടൂം എന്ന് വിചാരിച്ചിട്ടാണോ മുസ്ലിങ്ങൾ നേറത്രദാനത്തെ ഭയപ്പെടുന്നത്? മൗഷ്യർക്ക് ജീവൻ തരാനും കണ്ണും കാഴ്ചയും തരാനും കഴിവുള്ള അള്ളാഹുവിന് മരണാനന്തരം പരലോകമുണ്ടെങ്കിൽ ഇഹലോകത്ത് നിന്ന് മരിച്ച് അഥവാ അള്ളാഹു മരിപ്പിച്ച് അവിടെ എത്തുന്നവർക്ക് അതൊക്കെ തിരിച്ചു നൽകാനും കഴിയും. മരണാനന്തരം ഇസ്ലാം മത വിശ്വാസികൾക്ക് എന്തുകൊണ്ട് നേത്രദാനം ചെയ്തുകൂട? എന്തുകൊ ണ്ട് അവയ വദാനം ചെയ്തുകൂട? എന്തുകൊണ്ട് മൃത ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുത്തുകൂട? 

അവയവദാനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതെല്ലാം നിർവ്വഹിച്ച ശേഷം ആ മയ്യത്ത് വീട്ടിൽ കൊണ്ടു വന്ന് എല്ലാ വിധ മാതാനുഷ്ഠാനങ്ങളും നടത്തിയശേഷം ഒന്നുകിൽ പള്ളിയിൽ കൊണ്ടു പോയി അടക്കുകയോ മെഡിക്കൽ പഠനത്തിനു വിട്ടുകൊടുക്കുകയോ ചെയ്താൽ എന്താണ് അതിൽ തെറ്റ്? നിലവിൽ എല്ലാ മത വിശ്വാസികളിലും പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കിട്ടുന്നത് അനാഥ മൃതശരീരങ്ങളും ഒരു മതത്തിലും ദൈവത്തിലു വിശ്വസിക്കാത്തവർ നൽകുന്ന മൃതശരീരങ്ങളും മാത്രമാണ്. മുസ്ലിങ്ങൾ അവരുടെ കണ്ണുകളോ മറ്റ് അവയവങ്ങളോ മരണാനന്തരം ദാനം ചെയ്താൽ നരകത്തിൽ പോകുമോ? അങ്ങനെയെങ്കിൽ ഒരു ഇസ്ലാമത വിശ്വാസിയും മറ്റുള്ളവർ നൽകുന്ന കണ്ണുകളോ മറ്റ് അവയവങ്ങളോ സ്വീകരിച്ച് ജീവൻ നില നിർത്തുകയും അരുത്. ഇങ്ങോട്ട് വാങ്ങാം. അത് ഏത് മതക്കാരുടേതായാലും; അങ്ങോട്ട് ആർക്കും കൊടുക്കില്ല എന്ന നിലപാട് ശരിയല്ല.

മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന ഇസ്ലാം മറതവിശ്വാസികളായ കുട്ടികളും അന്യമതസ്ഥരുടെയും മതമില്ലാത്തവരുടെയും മൃതശരീരങ്ങളെ മാത്രം പഠനത്തിന് ആശ്രയിക്കുന സാഹചര്യം ഉണ്ടാകുന്നത് ശരിയാണോ? ഇനിയിപ്പോൾ മൃത ശരീരമൊന്നും വിട്ടു നൽകിയില്ലെങ്കിലും മുസ്ലിങ്ങളും അവയവദാനം ചെയ്യണമെന്ന് ഇസ്ലാമതപണ്ഠിതൻമാർ ആഹ്വാനം ചെയ്യേണ്ടതല്ലേ? എന്തുകൊണ്ട് ചെയ്യുന്നില്ല?  ഇസ്ലാമതത്തിനുള്ളിൽ മാറാത്ത പലതും കാല ക്രമേണ വിശ്വാസികൾ സ്വയമേവ മാറ്റി എടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ഫോട്ടോ എടുപ്പും വീഡിയോ എടുപ്പും മറ്റും. മുമ്പ് അത് മൗലവിമാർ വിലക്കിയിരുന്നു. പ്രത്യേകിച്ചും കല്യാണ വീടുകളിൽ. പിന്നീട് നിക്കാഹ് വിവാഹ ഹാളിന് തൊട്ടടുത്ത പള്ളിയിൽ വച്ച് നടത്തി വിശ്വാസികൾ അതിനെ മറികടന്നു. 

മൗലവിമാരാകട്ടെ ഇപ്പോൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. വീഡിയോയിൽ അഭിനയിക്കുന്നു. അവരുടെ പ്രസംഗങ്ങളുടെ ആഡിയോയും വീഡിയോയും ഒക്കെ ഇറക്കുന്നു. അവ വിറ്റ് കാശ് വാങ്ങുന്നു. അതാണ് പറയുന്നത്. മതപണ്ഠിതന്മാർ മാറിയില്ലെങ്കിൽ വിശ്വാസികൾ സ്വയം മാറുക മാത്രമല്ല, മതപണ്ഠിതന്മാരെത്തന്നെ മാറ്റിത്തീർക്കും. ശാസ്ത്രത്തിന്റ നേട്ടങ്ങൾ പോലും അള്ളാഹുവിന്റെ കൃപയാണെന്നാണല്ലോ വിശ്വസീക്കുന്നത് അപ്പോൾ അവയവങ്ങൾ മാറ്റി വയ്ക്കാൻ കഴിയുന്ന വൈദ്യ ശാസ്ത്ര നേട്ടങ്ങളിൽ പോലും അള്ളാഹുവിന്റെ കൈയ്യൊപ്പ് കാണും. അങ്ങനെയെങ്കിലും മുസ്ലിങ്ങളും നേത്ര ദാനം, അവയവ ദാനം മുതലായവ നടത്തിയാൽ അവ അള്ളാഹു ഇഷ്ടപെടുന്ന പുണ്യ‌കർമ്മങ്ങൾ തന്നെ ആയിരിക്കും എന്നു മാത്രമല്ല അത് സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി എളുപ്പമാക്കുകയും ചെയ്യും.

Wednesday, September 18, 2013

ആഘോഷങ്ങളും മതങ്ങളും

ആഘോഷങ്ങളും മതങ്ങളും 

മതങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു ആഘോഷവും ഇതുവരെ കണ്ടു പിടിക്കാൻ ആർക്കും കഴിഞ്ഞില്ലല്ലോ എന്നത് ദു:ഖകരം തന്നെ. പല കാര്യങ്ങളിലും പഴയ തലമുറ തുടങ്ങിവച്ചവയിൽ നിന്നും വേറിട്ടൊന്നും പിന്നീടുള്ള തലമുറകൾക്ക് കണ്ടെത്താനായില്ല. സാംസ്കാരികമായി നാം ചില കാര്യങ്ങളിലെങ്കിലും നിന്നേടങ്ങളിൽ തന്നെ നിൽക്കുകയാണ്. പകരം വയ്ക്കാൻ ഒന്നുമില്ലെങ്കിൽ ആവർത്തനങ്ങൾ തുടരുകയേ നിവൃത്ത്യുള്ളൂ. 

പക്ഷെ ശാസ്ത്രത്തിന്റെ കാര്യം അതല്ല. കാളവണ്ടിയ്ക്ക് പകരം യന്ത്രവണ്ടികൾ വന്നു. വിമാനം വന്നു. അമ്മിയ്ക്ക് പകരം മിക്സി വന്നു. ഉരലിനു പകരം മില്ല് വന്നു. വിറകടുപ്പിനു പകരം ഗ്യാസ് സ്റ്റൌ വന്നു. റേഡിയോയ്ക്ക് പകരം ടി.വി വന്നു. താളിയോലകൾക്ക് പകരം കടലാസ്സ്. അച്ചടി മാധ്യമങ്ങൾക്ക് പകരമിതാ നവ മാധ്യമങ്ങൾ വന്നു. ശാസ്ത്രം മുന്നോട്ടുതന്നെ. സംസ്കാരമോ? ഒരർത്ഥത്തിൽ അതിപ്പോഴും മതബന്ധിതമായി കിടക്കുന്നു. 

കാ‍ലത്തിന്റെ മാറ്റം മതങ്ങൾക്ക് അത്രവേഗം ഉൾക്കൊള്ളാനുമാകില്ല. അത് നിലനില്പിന്റെ പ്രശ്നമാണ്. ആചാരങ്ങളുടെയും ധനശേഷിയുടെയും കായികശേഷിയുടെയും ബലത്തിലാണ് മതങ്ങൾ നില‌നിൽക്കുന്നത്. അത്തരം ശേഷികൾ ഏറ്റവും കൂടുതലുള്ളത് ഇന്നും മതങ്ങൾക്കാണ്. കാരണം മതം അത്രമാത്രം അടിവേരുകൾ ഉള്ളതാണ്. അവയുടെ നല്ലവശങ്ങൾ സ്വാംശീകരിച്ച് കാലനുസൃതമാക്കിയാൽ തന്നെ സംസ്കാരം പുരോഗമിമിക്കും. മതങ്ങളും മനുഷ്യരും ഗുണപരമായും കാലാനുസൃതമായും പുരോഗമിക്കും. 

മതവും രാഷ്ട്രീയവും നന്നായാൽ മനുഷ്യനു പിന്നെ നന്നാകാതിരിക്കാനാകില്ല. മറ്റൊന്ന് ആത്യന്തികമായി ശാസ്ത്രത്തിന് മാനവരാശിയുടെ സമ്പൂർണ്ണവിജയം നേടാതിരിക്കാനുമാകില്ല. കാരണം ഇന്ന് ശാസ്ത്രത്തെ അംഗീകരിക്കാത്തവരും ശാസ്ത്രത്തിന്റെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളും അനുഭവിക്കുന്നുണ്ട്. ചരിത്രത്തെ പുറകോട്ട് വലിക്കാൻ ശാസ്ത്രനേട്ടങ്ങളെത്തന്നെ ദുരുപയോഗം ചെയ്യുന്നുപോലുമുണ്ട്. നല്ല ചിന്തകളും നല്ല സ്വപ്നങ്ങളും കാണാനെങ്കിലും ഓണം പോലെ നിലവിലുള്ള ആഘോഷങ്ങൾ പ്രയോജനപ്പെട്ടാൽ മതിയായിരുന്നു.

Thursday, December 6, 2012

ബാബറി മസ്ജിദിന്റെ ഓർമ്മയ്ക്ക്

ഡിസംബർ 6: ഒരു കറുത്ത ദിനത്തിന്റെ ഓർമ്മ പുതുക്കൽ

വീണ്ടും ഒരു ഓർമ്മദിനം. ഹിന്ദു വർഗ്ഗീയവാദികൾ ബാബറി മസ്ജിദ് തകർത്തതിന്റെ ഓർമ്മ മതേതര വാദികളുടെ മനസിനെ ചുട്ടുപൊള്ളിക്കുന്ന ദിനം. ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യത്തിനും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വിവിധമത വിശ്വാസികളുടെ മതസഹിഷ്ണുതയ്ക്കും കനത്ത പ്രഹരമേല്പിച്ച ഒരു  പൈശാചികതയുടെ വാർഷികാചരണം.  ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആരാധനാലയമോ  ചരിത്രസ്മാരകമോ നിഷ്കരുണം തകർത്തെറിഞ്ഞു എന്നതിനപ്പുറം ഒരുപാട് മാനങ്ങളുള്ള ഒരു അപ്രിയസത്യത്തോട്  പൊരുത്തപ്പെടാനും  പൊറുക്കാനും വ്രണിതഹൃദയങ്ങളൾ സ്വയം ഊതിയാറ്റുന്ന ദിനം.  

ഒരു കെട്ടിടസമുച്ചയം തകർത്തെറിഞ്ഞു എന്നതിൽ ഒതുങ്ങുന്നതല്ല ബാബറി മസ്ജിദ് തകർത്ത സംഭവം. തകർത്തെറിഞ്ഞ മസ്ജിദിന്റെ സ്ഥാനത്ത് പകരം പള്ളി പണിതോ ക്ഷേത്രം പണിതോ രണ്ടും കൂടി പണിതോ ഒന്നും പണിയാതിരുന്നോ എന്നുളളവയുമൊന്നുമല്ല പ്രശ്നം. ആ ദുഷ്‌പ്രവൃത്തിയുടെ  ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട ചിന്താവിഷയം. ബാബ്‌റി മസ്ജിദ് തകർത്ത  പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെ ഇനി താഴോട്ട്  പറയും വിധം സംഗ്രഹിക്കുന്നു:  

ബാബറി മസ്ജിദ് തകർത്തത് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളിൽ എന്നത്തേയ്ക്കുമുള്ള അരക്ഷിതബോധം സൃഷ്ടിച്ചു. തങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും തുടർന്നും ഭീഷണിയുണ്ടാകുമോ എന്ന ഭയം മുസ്ലിങ്ങളെ മാത്രമല്ല മറ്റ് ന്യുനപക്ഷ മതവിഭാഗങ്ങളെ കൂടി ബാധിച്ചു. പിന്നീടും ഈ ഭയത്തെ ശക്തിപ്പെടുത്താൻ പോന്ന സംഭവങ്ങൾ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട് എന്നതും ഇവിടെ പരാമർശിച്ചുകൊള്ളുന്നു. പള്ളിപൊളിക്കൽ സംഭവം മുസ്ലിങ്ങളിൽ മതേതരവാദികളായിരുന്ന കുറച്ചുപേർ കൂടി വർഗ്ഗീയവാദികളും തീവ്രവാദികളും ആയി  മാറുന്നതിനിടയാക്കി.  അഥവാ അങ്ങനെ അവരെ വഴിതെറ്റിക്കാൻ  മുസ്ലിം വർഗ്ഗീയതീവ്രവാദികൾക്കു കഴിഞ്ഞു.   മുസ്ലിം ഭീകരവാദികൾക്ക് ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങളെ ഭീകരപ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കാൻ പറ്റിയ നല്ലൊരു അവസരമായി ബാബറി മസ്ജിദ് സംഭവത്തെ ഉപയോഗപ്പെടുത്താൻ  കഴിഞ്ഞു. മുസ്ലിം തീവ്രവാദത്തിന് കരുത്തുപകരാൻ ഒരു വഴിമരുന്നായി മാറുകയായിരുന്നു ബാബറി മസ്ജിദ് സംഭവം.

ബാബറി മസ്ജിദ് പൊളിച്ചതോടെ ഇന്ത്യയിലെ  വർഗ്ഗീയവാദികളല്ലാത്ത ഭൂരിപക്ഷം വരുന്ന യഥാർത്ഥ ഹിന്ദുമതവിശ്വാസികളുടെ മനസിൽ എന്നത്തേയ്ക്കും വലിയൊരു കുറ്റബോധം സൃഷ്ടിക്കപ്പെട്ടു. (തകർത്തവരിൽ അതുണ്ടാകില്ല. അവർ മതവിശ്വാസികളല്ല, വർഗ്ഗീയഭീകരരാണ്). ചെയ്തത് വർഗ്ഗീയ വാദികളാണെങ്കിലും ഹിന്ദു മതത്തിന്റെ മഹത്തായ പാരമമ്പര്യത്തിനുമേൽ മായാത്ത കരി വാരിത്തേച്ച സംഭവമായി പള്ളി പൊളിക്കൽ. ഇത് നിഷ്കളങ്കരും അന്യമതസഹിഷ്ണുത പുലർത്തുന്നവരുമായ യഥാർത്ഥ ഹിന്ദുമതവിശ്വാസികളെ ലജ്ജിപ്പിച്ചു. ഇന്നും തങ്ങളെ തെറ്റിദ്ധരിക്കരുതേയെന്ന് ഓരോ യഥാർത്ഥഹിന്ദുവും ഇന്ത്യൻ മുസ്ലിങ്ങളെയും  മറ്റ് മതന്യൂനപക്ഷങ്ങളെയും നോക്കി  അപേക്ഷിക്കുന്നു. ബാബ‌റി മസ്ജിദ് സംഭവത്തിലൂടെ നിങ്ങൾ കണ്ടതല്ല ഹിന്ദുമതമെന്ന് അവർ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ബാബറി മസ്ജിദ് തകർത്തതിൽ യാതൊരു ഉത്തരവാദിത്വവും താല്പര്യവുമില്ലാതിരുന്ന മതേതരവാദികളായ ഹിന്ദു വിശ്വാസികളിൽപോലും തങ്ങളുടെ ഏതെങ്കിലും ക്ഷേത്രങ്ങൾ മുസ്ലിം വർഗ്ഗീയ വാദികൾ പ്രതികാരബുദ്ധ്യാ തകർത്തുകളയുമോ എന്നൊരു ഭയം എന്നത്തേയ്ക്കുമായി സൃഷ്ടിക്കുവാനും അയോദ്ധ്യാസംഭവം കാരണമായിട്ടുണ്ട്. ഓരോ ഡിസംബർ 6-നും ഇന്ത്യയിലെ പല ഹിന്ദുദേവാലയങ്ങൾക്കും കനത്ത സുരക്ഷ ഏർപ്പെടുത്താൻ ഖജനാവിൽ നിന്ന് വൻ‌തുക ചെലവഴിക്കേണ്ടി വരുന്നു. അടികൊണ്ടവൻ എന്നെങ്കിലും തിരിച്ചടിക്കുമെന്ന ഭയം പോലൊന്ന് ഇന്ത്യൻ സമൂഹത്തിൽ എന്നത്തേയ്ക്കുമായി സൃഷ്ടിക്കുവാൻ ബാബറി മസ്ജിദ് സംഭവം കാരണമായി.  

മറ്റൊന്ന് ഇന്ത്യയിലെ മുസ്ലിങ്ങളിൽ നല്ലൊരു വിഭാഗം തങ്ങളുടെ  മതം  തിരിച്ചറിയാനുള്ള അടയാളങ്ങൾ സ്വീകരിച്ചു തുടങ്ങിയതുപോലും  ബാബ‌റി മസ്ജിദ് സംഭവത്തിനുശേഷമാണ്. കേരളത്തിൽ അടക്കം മുസ്ലിങ്ങളിൽ നല്ലൊരു പങ്ക് വിശ്വാസത്തെ പിൻ‌പറ്റുമ്പോഴും മതപരമായ തിരിച്ചരിവ് മറ്റുള്ളവർക്കുണ്ടാകാൻ മന:പൂർവ്വമായി വേഷവിതാനത്തനിലോ മറ്റോ ക്രമീകരണങ്ങൾ വരുത്തിയിരുന്നില്ല. എന്നാൽ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം അങ്ങനെ ചില പ്രതികരണങ്ങൾ ഉണ്ടായ്‌വന്നു. താൻ ഇന്ന മതമാണെന്ന് സദാ വിളിച്ചുപറയുന്നത് ഇന്ത്യയിൽ ഒരു മത വിശ്വാസിയുടെയും ശീലമായിരുന്നിട്ടില്ല.  അതിന്റെ ആവശ്യവുമില്ല. എന്നാൽ ബാബറി സംബവത്തിനു ശേഷം അങ്ങനെ ചിലതുണ്ടായി എന്നത് അത്ര ആശാസ്യമായ ഒരു കാര്യമല്ല. വിശ്വാസത്തോടുള്ള കൂറിനേക്കാളുപരി തങ്ങളെ തിരിച്ചറിഞ്ഞോളൂ , ഭയന്നിട്ട് എവിടെ പോകാൻ എന്നൊരു ധ്വനിപ്പിക്കലാണത്.തികച്ചും സ്വാഭാവികമായ ഒരു പ്രതികരണം.

നാനാ ജാതി മതസ്ഥർക്കും ബാധകമായ എത്രയോ വലിയ ജിവൽ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണാനിരിക്കവേ അത്തരം ലക്ഷ്യങ്ങൾക്കായി ഒരുമിച്ചു നിൽക്കേണ്ട മനുഷ്യരിൽ അധമ വികാരങ്ങളുണ്ടായി വർഗ്ഗീയ കലാപങ്ങളും ആരാധനാലയങ്ങൾ തകർത്തെറിയലും ഒന്നും ഇനിയു ഉണ്ടാകാതിരിക്കട്ടേ എന്ന് ആഗ്രഹിക്കുന്നു. ഓരോരോ മത വിശ്വാസികളുടെ ഭാഗത്തുനിന്നു മാത്രമല്ല സർക്കാരുകളുടെയും  നീതി പീഠങ്ങളുടെയും ഭാഗത്തുനിന്നും ഒരു വിശ്വാസി സമൂ‍ഹത്തെയും പ്രകോപിപ്പിക്കുവാൻ പോന്ന സമീപനങ്ങളും പ്രവർത്തനങ്ങളും അനീതികളും  ഉണ്ടാകാതിരിക്കട്ടെ എന്നുകൂടി ആഗ്രഹിച്ചുകൊണ്ട് ഈ കുറിപ്പ് സംഗ്രഹിക്കുന്നു പറയാൻ ഒരുപാട് ബാക്കി വച്ചുകൊണ്ട്.

ഈ വിഷയം സംബന്ധിച്ച് ഇന്നത്തെ ദേശാഭിമാനിയിൽ വന്ന ലേഖനങ്ങൾ താഴെയുള്ള ലിങ്കുകൾ വഴി പോയി വായിക്കാം: 

അയോദ്ധ്യ നൽകുന്ന സന്ദേശം

ഡിസംബർ ആറിന്റെ ഓർമ്മയ്ക്ക്

Tuesday, October 23, 2012

വിശ്വാസം, അതല്ലല്ലോ എല്ലാം

വിശ്വാസം; അതല്ലല്ലോ എല്ലാം

തിരുവിതാംകൂർ ദേവസ്വം ബോർഡിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാൻ വോട്ടു ചെയ്യണമെങ്കിൽ  നിയമസഭയിൽ ദൃഢപ്രതിജ്ഞയെടുത്ത എം.എൽ.എ മാർ ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കണമെന്ന് സർക്കാർ ഓർഡിനൻസിറക്കി. കൂടുതൽ ഹൈന്ദവ എം.എൽ.എമാർ ഇപ്പോൾ ഇടതുപക്ഷത്താണുള്ളത്. ഈ പ്രതിസന്ധി മറികടക്കുവാനുള്ള യു.ഡി.എഫിന്റെ കുറുക്കുവഴിയാണ് പുതിയ നിയമം എന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും മനസിലാകും. ഇത്തരുണത്തിൽ ഈ സർക്കാരിനു പ്രതിപക്ഷത്തൊടുള്ള ചില  കടപ്പാടുകൾ  ഓർക്കുന്നത് നല്ലതാണ്. സത്യത്തിൽ ഇപ്പോൾ യു.ഡി.എഫ് സർക്കാർ ഭരണം തുടരുന്നതുതന്നെ എൽ.ഡി.എഫിന്റെ ഔദാര്യത്തിലാണ്. കാരണം ഭരണപക്ഷത്തുനിന്ന് ചാടിവരാൻ തയ്യാറുള്ള ഘടകകക്ഷികൾ ചിലതെങ്കിലും ഉണ്ട്.

എന്നാൽ കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും മറ്റും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച്  അധികാരം നേടാൻ എൽ.ഡി.എഫിന്റെ  പോളിസി അനുവദിക്കുന്നില്ല. ഇടതുപക്ഷത്തെ  ഏതെങ്കിലും ഒരു കക്ഷിയോ ഏതാനും നേതാക്കളോ വിചാരിച്ചാൽ ഈ പോളിസിയിൽ മാറ്റം വരുത്താനുമാകില്ല. അതുകൊണ്ട്ടാണ്  നേരിയ ഭൂരിപക്ഷം മാത്രമുള്ള ഇപ്പോഴത്തെ   യു.ഡി.എഫ് സർക്കാർ നിലനിൽക്കുന്നത്. അതായത് ഇടതുപക്ഷത്തിന്റെ ആദർശാധിഷ്ഠിതമായ നയത്തിന്റെ  പിൻബലത്തിൽ! കാലുമാറ്റത്തിലൂടെ ഭരണം അട്ടിമറിക്കില്ലെന്ന എൽ.ഡി.എഫ് പോളിസിയിൽ വിട്ടുവീഴ്ച ചെയ്താൽ ഏതുസമയവും യു.ഡി.എഫ് മന്ത്രിസഭ നിലമ്പൊത്തിയേക്കാം. അവർ  ഭയപ്പെടേണ്ട. കാരണം  എൽ.ഡി.എഫ് അങ്ങനെ ചെയ്യില്ല.

അതുപോലെ ഇപ്പോൾ ദേവസ്വം ബോർഡ് വിഷയത്തിൽ കൊണ്ടുവന്ന പുതിയ നിയമം മൂലം യു.ഡി.എഫിനു ഉദ്ദേശിച്ച ഫലം കിട്ടുന്നെങ്കിൽ അതും എൽ.ഡി.എഫിന്റെ ഔദാര്യത്തിൽ ആയിരിക്കും. കാ‍രണം ദൃഢപ്രതിജ്ഞയെടുത്ത പ്രതിപക്ഷത്തെ  എം.എൽ.എമാർ ആരും ഇനിയിപ്പോൾ പുതിയ  നിയമം മറികടക്കാൻ   ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കാനൊന്നും  സാദ്ധ്യതയില്ല. അതും ഒരു പോളിസിയുടെ ഫലമാണ്. എന്നാൽ ആദർശത്തിൽ അല്പം വിട്ടുവീഴ്ചചെയ്ത് രാഷ്ട്രീയ വിജയത്തിനു വേണ്ടി എൽ.ഡി.എഫിലെ ഹിന്ദു എം.എൽ.എമാർ ഹിന്ദുവിശ്വാസികളാണെന്ന് എഴുതിക്കൊടുത്താൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പുതിയ നിയമം  ധിം തരികിടതോം! ഉദ്ദിഷ്ടകാര്യം നടക്കാതെ പോകും.

ഹിന്ദു വിശ്വാസികൾ എന്ന് എഴുതിക്കൊടുത്തതുകൊണ്ട് അവരാരും വിശ്വാസികളാകാൻ പോകുന്നില്ല. ദൃഢപ്രതിജ്ഞ ചെയ്തതുകൊണ്ട് അവർ എല്ലാവരും  അവിശ്വാസികളുമാകില്ല. വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവരും  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവരും എല്ലാം   യഥാർത്ഥത്തിൽ വിശ്വാസികൾതന്നെ  ആയിരിക്കണമെന്നുണ്ടോ? ഇല്ല. അവരിൽ കടുത്ത അവിശ്വാസികൾ ഉണ്ടാകാം.  ഓരോരോ  മതസ്ഥാപനങ്ങളുടെ ഭരണം കൈയ്യാളി ദൈവ ഭയമില്ലാ‍തെ  കൊടിയ അഴിമതി നടത്തി ദൈവത്തിന്റെ പണം അപഹരിക്കുന്നവർ  ശരിക്കും നിരീശ്വരവാദികൾ ആയിരിക്കണമല്ലോ.

എന്തായാലും യു.ഡി.എഫ് സർക്കാർ ഭയപ്പെടേണ്ട. ദൃഢപ്രതിജ്ഞയെടുത്ത എൽ.ഡി.എഫ് എം.എൽ.എമാർ  പുതിയ ഓർഡിനൻസിനെ മറികടന്ന് ഈ സർക്കാരിനു പണികൊടുക്കാനായി അവർ ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കാനൊന്നും പോകുന്നില്ല. പക്ഷെ  യു.ഡി.എഫ് സർക്കാരിന് ഇക്കാ‍ര്യത്തിൽ എൽ.ഡി.എഫിനോട്  നന്ദി വേണം  കേട്ടോ. പ്രാർത്ഥനകളും ആകാം. ഇടതുപക്ഷം തങ്ങളുടെ ഇത്തരം പോളിസികളിൽ മാറ്റം വരുത്തരുതേ എന്ന്. കുതിരക്കച്ചവടത്തിലൂടെയും ആദർശങ്ങളിൽ വെള്ളം ചേർത്തും ഈ സർക്കാരിനെ ഇടതുപക്ഷം അട്ടിമറിക്കാത്തിടത്തോളം യു.ഡി.എഫ് സർക്കാരിനു ഭരിക്കാം.  ദൃഢപ്രർതിജ്ഞയെടുത്തവർ ഹിന്ദു വിശ്വാസികളെന്ന് എഴുതിക്കൊടുക്കില്ലെന്നതുകോണ്ട് ദേവസ്വം ബോർഡിൽ യു.ഡി.എഫ് വിചാരിക്കുന്നത് നടക്കുകയും ചെയ്യും.

എഴുതിയത് ദേവസ്വം ബോർഡ് വിഷയത്തിൽ പിടിച്ചായതുകൊണ്ട് ഒരു കാര്യം കൂടി പറയാതെ നിർത്തുന്നില്ല. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഹിന്ദുക്കൾ പറയുന്ന ഒരു കാര്യത്തിൽ അല്പം ന്യായമുണ്ട്. ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും മാത്രമേ സർക്കാർ ഇടപെടലുള്ളൂ. ക്രിസ്ത്യാനികളുടെയോ മുസ്ലിങ്ങളുടെയോ ആരാധനാലയങ്ങളുടെ ഭരണത്തിലോ സാമ്പത്തികകാര്യങ്ങളിലോ സർക്കാർ  ഇടപെടലില്ല. ദേവസ്വം ബോർഡു പോലെ ഉള്ള സംവിധാനങ്ങളൊന്നും ക്രിസ്ത്യാനികളുടെയോ മുസ്ലിങ്ങളുടെയോ കാര്യത്തിൽ ഇല്ല. മുസ്ലിങ്ങളുടെ കാര്യത്തിൽ പറയാൻ ഒരു വക്കഫ് ബോർഡെങ്കിലും ഉണ്ട്. ക്രിസ്ത്യാനികളുടെ കാര്യത്തിൽ അതുമില്ല. ഇത് പക്ഷപാതം തന്നെ.

ഏതു മതത്തിന്റെയും  സാമ്പത്തികവും ഭൂ‍പരവും സ്ഥാപനപരവുമായ  കാര്യങ്ങളിൽ സർക്കാരിനു നിയന്ത്രണങ്ങൾ ഉണ്ടാകണം. മതങ്ങളുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ആരുടെ അധീനതയിലും സമ്പത്ത് കുന്നുകൂടൂന്നത് നന്നല്ല. അക്കാര്യത്തിൽ എല്ലാ മതങ്ങളുടെ കാര്യത്തിലും പൊതുവായി ബാധകമായ നിയമങ്ങൾ ഉണ്ടാകേണ്ടതാണ്. ഹിന്ദുക്കളുടെ ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം സർക്കാർ ഇടപെടുന്നു എന്ന പരാതി ഒഴിവാക്കേണ്ടതാണ്. സമ്പത്തിന് മതമില്ല. അത് ഹിന്ദുക്കളുടേതായാലും മുസ്ലിങ്ങളുടേതായാലും ക്രിസ്ത്യാനികളുടെതായാലും.

വ്യക്തികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും  സാമ്പത്തിക കാര്യങ്ങൾക്കുമേൽ സർക്കാരിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിൽ മതങ്ങളുടെ കാര്യത്തിലും അതാകാം.   വിശ്വാസത്തിൽ ഇടപെടേണ്ട. പക്ഷെ വിശ്വാസത്തിന്റെ പേരിൽ ആർജ്ജിക്കുന്ന സമ്പത്തിനുമേൽ വിശ്വാസങ്ങളെ ഭംഗപ്പെടുത്താത്ത വിധത്തിൽ ഭരണകൂടത്തിന്റെ ഇടപെടലുകളും നിയന്ത്രണങ്ങളും വേണം. പ്രത്യേകിച്ചും ദൈവത്തിന്റെ കര്യത്തിൽ സൂക്ഷ്മത പുലർത്തണം. കാരണം ദൈവം നന്മയുടെ പ്രതീകമാണ്. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും.

Monday, March 12, 2012

പൊങ്കാലയ്ക്കെതിരെ കേസെടുക്കുമ്പോൾ

പൊങ്കാലയ്ക്കെതിരെ കേസെടുക്കുമ്പോൾ............

തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല നടത്തിയ സ്ത്രീകൾക്കെതിരെ പോലീസ് കേസ്! പൊങ്കാലയിട്ടവർക്കെതിരെ കേസ് എടുക്കുന്നത് ഇടതുപക്ഷസർക്കാരിന്റെ കാലത്തെങ്ങാനുമാണെങ്കിൽ കാണാമായിരുന്നു പുകിൽ. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാർ വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നുപറഞ്ഞ് ഉറഞ്ഞുതുള്ളിയേനേ. കോൺഗ്രസ്സും യു.ഡി.എഫും ബി.ജെ.പിയും എല്ലാം. എന്തായാലും ഇനിയിപ്പോൾ പാതയോര പൊതുയോഗ നിരോധനത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരുമായിരിക്കും. കാരണം ഭക്തിയ്ക്ക് മേലാണല്ലോ നിയമക്കുരുക്ക് വീണിരിക്കുന്നത്. അതും ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തിനുമേൽ. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കുന്നതിന്റെ  ജനാധിപത്യവിരുദ്ധതയും പൌരാവകാശ നിഷേധവും അതുണ്ടക്കുന്ന പ്രത്യാഘാതങ്ങളും ജനാധിപത്യവാദികൾ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കുന്നത് എല്ലാ രാഷ്ട്രീയകക്ഷികളെയും പൊതുവായി ബാധിക്കുന്നതായിട്ടുകൂടി ഈ വിഷയത്തിലെങ്കിലും ഒരുമിച്ച് നിന്ന് ശക്തമായ നിയമനിർമ്മാണം നടത്താൻ നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് കഴിയാതെ പോയി. രാഷ്ട്രീയാവകാശങ്ങൾക്കു വേണ്ടി മാത്രമല്ല ആളുകളുടെ വിശ്വാസ സ്വാതന്ത്ര്യങ്ങൾക്കു വേണ്ടികൂടിയാണ് എം.വി.ജയരാജനെപോലുരു പൊതുപ്രവർത്തകൻ ജയിൽ‌വാസമനുഭവിക്കേണ്ടി വന്നത് എന്ന കാര്യം ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. രാഷ്ട്രീയക്കാർ പൊതുയോഗവും പ്രകടനവും നടത്തുന്നതാണത്രേ രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്! ഇപ്പോൾ മനസിലായല്ലോ ഭക്തിമാർഗ്ഗവും ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന്! ജനാധിപത്യരാജ്യത്ത് ജുഡീഷ്യറിയും ജനാധിപത്യത്തിനു വിധേയമാണ്. ജനാധിപത്യത്തിനു മീതെ പറന്നല്ല ഇവിടെ ജുഡീഷ്യറി പൌരാവകാശത്തെ സംരക്ഷിക്കേണ്ടത്. പൌരാവകാശങ്ങൾ ലംഘിക്കപ്പെടുന്നിടത്താണ് നീതിന്യായവിഭാഗം  ഇടപെടേണ്ടത് എന്നിരിക്കെ, നീതിപീഠങ്ങൾ  തന്നെ ജനാധിപത്യാവകാശങ്ങൾ നിഷേധിച്ചാൽ എന്തു ചെയ്യും? പുതിയ നിയമനിർമ്മാണമല്ലാതെ മറ്റു വഴിയില്ല.

പാതയോര പൊതുയോഗ നിരോധനം ജനാധിപത്യ വിരുദ്ധമെന്ന് വാദിച്ച്  ഈയുള്ളവൻ മുമ്പും പല പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഈ വിഷയത്തിൽ എന്റെ നിലപാട് വ്യക്തമാക്കാൻ അവസരം വന്നിരിക്കുന്നു. മുമ്പ് പറഞ്ഞതൊക്കെത്തന്നെ മറ്റൊരുവിധത്തിൽ ഇവിടെ വീണ്ടും ആവർത്തിക്കുന്നു. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും  നിരോധിക്കുന്നത് നഗ്നമായ ജനാധിപത്യ നിഷേധമാണ്. ആളുകളുടെ വിശ്വാസസാതന്ത്ര്യങ്ങളെ ഹനിക്കുന്നതിന്  ജനാധിപത്യ വിരുദ്ധം എന്നല്ലാതെ ഒരു വിശേഷണമില്ല. ഏതുകാര്യത്തിനും നിയന്ത്രണങ്ങൾ ആവശ്യമാണ്. പരിമിതികളോ നിയന്ത്രണങ്ങളോ ഇല്ലാത്ത  സ്വാതന്ത്ര്യമല്ല യഥാർത്ഥ സ്വാതന്ത്ര്യം. എന്നാൽ അടിസ്ഥാനപരമായ സ്വാതന്ത്ര്യാവകാശങ്ങളെത്തന്നെ പാടേ   നിഷേധിക്കുന്നത് നീതിയല്ല; അനീതിയാണ്. പൊതുയോഗ നിരോധനം എന്നുപറഞ്ഞാൽ അത് പല അടിസ്ഥാനാവകാശങ്ങൾക്കും മേലുള്ള കടന്നാക്രമണമാണ്. അത് സമാധാനപരമായി കൂട്ടം ചേരാനുള്ള അവകാശത്തിന്റെ നിഷേധം മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യനിഷേധം കൂടിയാണ്. പ്രകടനങ്ങൾ നിരോധിക്കുകയെന്നു പറഞ്ഞാൽ അത് പ്രതിഷേധിക്കുവാനും സമരം ചെയ്യുവാനും  ആഹ്ലാദം പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യങ്ങളുടെയൊക്കെ നിഷേധമാണ്. പൊങ്കാല ഇട്ടവർക്കു നേരെ കേസെടുക്കുകയെന്നു പറഞ്ഞാൽ അത് വിശ്വാസസ്വാതന്ത്ര്യ നിഷേധവുമാണ്.  കേസ് എടുക്കട്ടെ; ആറ്റുകാൽ പൊങ്കാലയിട്ട  ലക്ഷക്കണക്കിനുവരുന്ന  സ്ത്രീകളുടെ പേരിൽ മാത്രമല്ല,   ഈയിടെ  തിരുവനന്തപുരത്ത് സി.പി.ഐ.എം സംസ്ഥാന സമ്മേളനസമാപനത്തിന് വന്നു നിറഞ്ഞ ജനസഞ്ചയത്തിനെതിരെയും,   ഇനി കൊഴിക്കോട്ട് സി.പി.ഐ.എം  പാർട്ടി കോൺഗ്രസ്സിന് അലയടിച്ച് വരാനിരിക്കുന്ന  ജനസാഗരത്തിന്റെ പേരിലും  ഒക്കെ കേസുകൾ എടുക്കട്ടെ. തിരുവനന്തപുരത്ത് ഓണാഘോഷം കാണാൻ വന്ന് റോഡേ നടക്കുന്ന ജനബാഹുല്യത്തിനും ഒക്കെ എതിരെ കേസുകൾ എടുക്കണം. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങൾക്കെതിരെയും കേസെടുക്കണം.എല്ലായിടത്തും പൌരന്റെ സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുകയല്ലേ? വാഹനസഞ്ചാരികളും, പിന്നെ  വല്ലയോഗവും നടക്കുമ്പോൾ അതുവഴി കടന്നുപോകുന്നവരും  മാത്രമാണല്ലോ, പൌരന്മാർ!  എന്താ കഥ!

മറ്റ് ചിലതുകൂടി ഇത്തരുണത്തിൽ സൂചിപ്പിക്കുന്നു. സത്യത്തിൽ ഇവിടെ രാഷ്ട്രീയക്കാർ നടത്തുന്ന പ്രകടനങ്ങളോ യോഗങ്ങളോ അല്ല ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. മതപരമായ ആഘോഷങ്ങളാണ്. അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങ‌ളും ഘോഷയാത്രകളുമാണ് ജനങ്ങൾക്ക് പലപ്പോഴും വലിയ  പ്രയാസങ്ങൾ ഉണ്ടാക്കുന്നത്. പല ഉത്സസവങ്ങളും  ഘോഷയാത്രകളും കാരണം ഗതാഗതംപോലും  തടസ്സപ്പെടാറുണ്ട്. ഇത് ഉത്സവ കാലത്ത് കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിച്ചാൽ ആർക്കും മനസിലാകും..  അതു വച്ച് നോക്കുമ്പോൾ രാഷ്ട്രീയക്കാർ എത്രഭേദം. അവർ യോഗം നടത്തിയാലും പ്രകടനം നടത്തിയാലും ഒരറ്റത്തുകൂടി വാഹനങ്ങളും വഴിയാത്രക്കാരും വലിയ ബുദ്ധിമുട്ടില്ലാതെ കടന്നു പോകും. എന്നാൽ മതാഘോഷങ്ങൾ അങ്ങനെയല്ല. അത് ഒരേസമയം സന്തോഷവും അതേ സമയം ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. ശബ്ദമലിനീകരണത്തിന്റെ കാര്യമെടുത്താൽ പോലും ആരാധനാലയങ്ങളാണ് മുൻപന്തിയിൽ. സദാസമയവും ഉച്ചഭാഷിണി വച്ച് പ്രവർത്തിച്ച് ശബ്ദഘോഷമുണ്ടാക്കുന്നത് ആരാധനാലയങ്ങളാണ്. ഉത്സവകാലത്ത് പ്രത്യേകിച്ചും. പക്ഷെ ഇതെല്ലാം നമ്മുടെ ജനജീവിതത്തിന്റെ ഭാഗമാണ്. അത് ഉത്‌സവാഘോഷങ്ങളായാലും പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റുമായാലും. യാതൊരു സന്തോഷങ്ങളുമില്ലാതെ ജീവിക്കുക എന്നത് യാതനയാണ്. യതൊരു അലോസരവുമില്ലാതെ ജീവിക്കുകയെന്നത് അതിമോഹവുമാണ്. ജനങ്ങളുടെ രാഷ്ട്രീയവും വിശ്വാസപരവുമായ സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തുന്നത് സ്വേച്ഛാധിപതികളുടെ ഭരണകൂടമാതൃകയാണ്. അത് ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല.

ഇവിടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താൻ കഴിയില്ല.പ്രകടനങ്ങൾ നടത്താൻ കഴിയില്ല. ഒരു സെമിനാർ നടത്താൻ കഴിയില്ല. തെരഞ്ഞെടുപ്പ് യോഗം നടത്താൻ കഴിയില്ല. ഒരു തെരുവു നാടകം നടത്താൻ കഴിയില്ല.എന്തിന് ആരെങ്കിലും മരിച്ചാൽ ഒരു അനുശോചനയോഗം നടത്താൻകൂടി കഴിയില്ല.നാളെ ഒരു വിവാഹ മണ്ഡപത്തിനുമുന്നിൽ ബസ് നിർത്തി വിവാഹപാർട്ടിയ്ക്ക് ഇറങ്ങി നടക്കാനാകില്ല.   രാഷ്ട്രീയ പാർട്ടികൾക്കോ സാംസ്കാരിക സംഘടനക്കോ ഏതെങ്കിലും പരിപാടികൾക്ക്  ഇപ്പോൾ  മൈക്ക് ഒർഡർ ലഭിക്കാനും   പ്രയാസമാണ്. എന്നാൽ ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഏത് സമയത്തും പ്രവർത്തിപ്പിക്കുന്നു. അവർക്ക് മൈക്ക് ഓർഡർ വേണ്ട . അവർക്ക് ആവക നിയമങ്ങൾ ബാധകവുമല്ല. അവർ ഘോഷയാത്ര നടത്തിയും പൊങ്കാലയിട്ടും മറ്റും തെരുവുകൾ കൈയ്യടക്കുന്നു. ഒരു നിയമവും മതകാര്യങ്ങളിൽ ഇടപെടുന്നില്ല. മറിച്ച് രാഷ്ട്രീയക്കാർക്കുമേൽ കുതിരകയറുന്നു. അവരാണത്രേ സർവ്വ കുഴപ്പങ്ങൾക്കും കാരണം.  ഇതാണ് ഇതുവരെയുള്ള സ്ഥിതി. എന്നാൽ ഇപ്പോൾ മതത്തിന്റെയും ഭക്തിയുടെയും പേരിലുള്ള നിയമലംഘനങ്ങളിലും നിയമം ഇടപെടാനുള്ള ധൈര്യം കാണിച്ചു തുടങ്ങിയെങ്കിൽ ഒരർത്ഥത്തിൽ നല്ലതു തന്നെ. അതിൽ  വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവരുംകൂടി  നിയമപരമായി നേരിടട്ടെ.

തൻകാര്യം മാത്രം നോക്കി ജീവിക്കുന്ന സ്വാർത്ഥമതികളായ അരാഷ്ട്രീയ വാദികളെ തൃപ്തിപ്പെടുത്താനല്ല ബഹുമാനപ്പെട്ട  നീതി പീഠങ്ങൾ വിധിപറയേണ്ടത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ജനങ്ങൾക്കുമേലുള്ള ഭരണകൂടങ്ങളുടെ അന്യായമായ  ഇടപെടലുകളെ തടയാനും ജനങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും മതപരവും മറ്റുമായ അവകാശങ്ങളെ സംരക്ഷിക്കുവാനുമാണ് ജുഡീഷ്യറി ശ്രമിക്കേണ്ടത്. അല്ലാതെ ഉള്ള അവകാശങ്ങൾ കൂടി ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്. പാതയോര പൊതുയോഗ-പ്രകടനനിരോധനം പോലുള്ള നിയമങ്ങൾ മൂലം പൊതുയോഗങ്ങളും പ്രകടനങ്ങളും മാത്രമല്ല തടയപ്പെടുന്നത്;  ഉത്‌സവങ്ങളും പൊങ്കാലകളും   നബിദിനഘോഷയാത്രകളും  ക്രിസ്‌ത്‌മസ് കരോളുകളും  ഒക്കെക്കൂടിയാണ് എന്ന് മനസിലാക്കുവാൻ പൊങ്കാലയ്ക്കെതിരെയുള്ള കേസ് ഉദാഹരണമാണ്. നീതിപീഠങ്ങളുടെ പൊതുയോഗ നിരോധനവും പ്രകടന നിരോധനവും മറികടന്ന് പൌരാവകാശങ്ങളെ സംരക്ഷിക്കുവാൻ   നിയമനിർമ്മാണ സഭ ശക്തമായ നിയമങ്ങൾ കൊണ്ടുവരണം.അതിന് രാഷ്ട്രീയ പാർട്ടികൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നിലകൊള്ളണം. ലെജിസ്ലേറ്റീവ് ആയാലും ജുഡീഷ്യറിയായാലും എക്സിക്യൂട്ടീവ് ആയാലും ജനാധിപത്യത്തിനു മീതെ പറന്നുകൂടെന്ന് നീതിപീഠങ്ങൾക്ക് ഉൾപ്പെടെ എല്ലാവർക്കും ബോദ്ധ്യപ്പെടേണ്ടതുമുണ്ട്.
*************************************************
പിൻ‌കുറിപ്പ്: പൊങ്കാലയിട്ടവർക്കെതിരെ കേസെടുത്ത പോലീസ് ഓഫീസർമാർക്കെല്ലാം സസ്പെൻഷൻ! പൊതുയോഗവും പ്രകടനവും മറ്റും  നടത്തിയ രാഷ്ട്രീയക്കാർക്കെതിരെ ഇതിനകം കേസെടുത്തവരെ സസ്പെൻഡ് ചെയ്യാൻ ആരെയും കണ്ടില്ല.

Tuesday, February 21, 2012

മതത്തെപ്പറ്റി മിണ്ടരുതെന്ന്!

മതത്തെപ്പറ്റി മിണ്ടരുതെന്ന്

പോസ്റ്റിന്റെ ചുരുക്കം: മതകാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം മതപണ്ഡിതന്മാർക്കുമാത്രമുള്ളതല്ല. എല്ലാവർക്കും പറയാം. മതങ്ങളെ പറ്റി അറിവുള്ളവർ മതപണ്ഡിതന്മാർ മാത്രമല്ല. ഏതൊരാൾക്കും മതത്തെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും സാധിക്കും. മതങ്ങൾ വിമർശനങ്ങൾക്ക് അതീതവുമല്ല. ഏതെങ്കിലും മതകാര്യത്തെപ്പറ്റി ആരെങ്കിലും അഭിപ്രയാം പറഞ്ഞാൽ അതിനെ സമർത്ഥമായ മറുപടിയിലൂടെ ഖണ്ഡിക്കുവനാണ് ശ്രമിക്കേണ്ടത്. അല്ലാതെ മതത്തെ പറ്റി ഒന്നും മിണ്ടിപോകരുതെന്ന് പറഞ്ഞ് അസഹിഷ്ണുത കാട്ടരുത്. മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുത്.

ഇനി വിശദമായ പോസ്റ്റിലേയ്ക്ക്:

പിണറായി വിജയൻ ഏതോ പ്രസംഗ മദ്ധ്യേ തിരുകേശവുമായി ബന്ധപ്പെട്ട് ഒരു പരാ‍മർശം നടത്തിയതിനെ ചൊലിയുള്ള പുകിലുകളാണ് ഈ എഴുതുന്ന സമയത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്തു വിപ്ലവകാരിയാണെന്ന് അദ്ദേഹം പറഞ്ഞതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കും മുമ്പാണ് ഈ പുതിയ വിഷയം വന്നത്. കേശാരാധനപോലുള്ളവ അനാചരങ്ങളാണെന്ന് സൂചിപ്പിക്കുംവിധം ഒരു അഭിപ്രായം സഖാവ് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. എന്നാൽ മതത്തെ പറ്റി പറയാൻ മറ്റാർക്കും അവകാശമില്ലെന്നും അത് മതപണ്ഡിതന്മാർ മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാർ എന്നറിയപ്പെടുന്ന ചിലർ പറഞ്ഞു വയ്ക്കുന്നത്. ആരാണ് ഈ പണ്ഡിതന്മാർ? പണ്ഡിതപ്പട്ടം ഓരോരുത്തർക്കും ആധികാരികമായി ചാർത്തിക്കൊടുക്കുന്നതാരാണ്? അതോ സ്വയം പണ്ഡിതരാണെന്ന് കരുതുന്നവരൊക്കെ പണ്ഡിതരാണോ? മതത്തെക്കുറിച്ച് മത പണ്ഡിതന്മാർക്കു മാത്രമേ അറിയാവൂ എന്നുണ്ടോ? മതങ്ങളെ പറ്റി മറ്റാർക്കും പഠിച്ചുകൂടെന്നുണ്ടോ? മതങ്ങളെ പറ്റി മതപണ്ഡിതന്മാർ എന്ന വിശേഷണം ഉള്ളവർക്കു മാത്രമേ അഭിപ്രായം പറയാവൂ എന്നുണ്ടോ? മതങ്ങളെപ്പറ്റി വല്ലതും പറഞ്ഞുപോയാൽ അവരുടെ വായിൽ പിടിയ്ക്കാൻ ആർക്കാണ് അവകാശം? ആ അവകാശം ആരുതന്നു? അതോ ഇനിയിത് പിണറായി പറഞ്ഞതുകൊണ്ടാണോ? പിണറായി എന്ന വ്യക്തിയോടോ രാഷ്ട്രീയക്കാരനോടോ ഉള്ള അസഹിഷ്ണുത കൊണ്ടാണെങ്കിൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പിണറായി വിജയൻ നിരീശ്വരവാദി ആയിരിക്കാം. പക്ഷെ അദ്ദേഹം വിശ്വാസികളുടെയും മതസ്വാതന്ത്ര്യമടക്കമുള്ള എല്ലാ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. അതുകൊണ്ട് നിരീശ്വരവാദികളുടെയും വിശ്വാസികളുടെയും സ്വാതന്ത്ര്യം പിണറായി വിജയൻ ഒരേപോലെ തന്നെ ഉയർത്തിപ്പിടിക്കുകയും ചെയ്യും. ആരോടെങ്കിലും പ്രത്യേകം ഒരു വിദ്വേഷം അദ്ദേഹം വച്ചു പുലർത്തുകയുമില്ല. അതിന്റെ കാര്യവുമില്ല്ല.

ഇവിടെ മതക്കാർ അഥവാ മതത്തിന്റെ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ അന്യായമായി രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയും അഭിപ്രയാങ്ങൾ പറയുകയും ചെയ്യാറുണ്ട്. മതത്തിന്റെ പേരിൽ പല വിലപേശലുകളും അവർ നടത്താറുണ്ട്. മതത്തിന്റെ പേരിൽ ഭരണത്തിൽതന്നെ അവർ ഇടപെടുന്നു. തെരഞ്ഞെടുപ്പുകളിൽ സാമുദായിക ശക്തികൊണ്ട് അവർ വിലപേശുന്നു. സർക്കാരുകളെ പലവിധത്തിൽ സ്വാധീനിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടക്കം പല സ്ഥാപനങ്ങളും നടത്താൻ അനുമതി നേടി അവർ കൊള്ള ലാഭമുണ്ടാക്കാൻ നോക്കുന്നു. രാഷ്ട്രീയ നേതാക്കളെ അവർ വിരട്ടിയും നോക്കിയും പേടിപ്പിക്കുന്നു. തങ്ങൾ ദൈവങ്ങളേക്കാൾ വലിയവരാണെന്ന മട്ടിലാണ് ചില മത-സാമുദായിക നേതാക്കളും മത പണ്ഡിതന്മാരായി അറിയപ്പേടുന്നവരും പെരുമാറുന്നത്. ഇപ്പോൾ അവരിൽ ചിലർ പറയുകയാണ്, മതങ്ങളെപറ്റി ആരുമൊന്നും മിണ്ടരുതെന്ന്! മതങ്ങളും മതഗ്രന്ഥങ്ങളും മതപണ്ഡിതന്മാരുടെ മാത്രം സ്വന്തമാണോ? അത് ജനസമൂഹത്തിനു മൊത്തം ഉപയോഗിക്കാവുന്നതാണോ അതോ ഒരു കൂട്ടം മതമൌലികവാദികൾക്ക് മാത്രം തീറെഴുതിക്കിട്ടിയതാണോ? മതങ്ങൾ വിമർശനങ്ങൾക്ക് അതീതമാണോ? മതങ്ങളെ പറ്റി ആർക്കും ഒന്നും പറഞ്ഞുകൂടെ? രാഷ്ട്രീയക്കാർ മതമാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാൽ എന്താണ് കുഴപ്പം? ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാൽ ഉലഞ്ഞുപോകുന്നതാണോ ഈ മതങ്ങൾ? ഓരോരുത്തരും അവരുടെ അറിവിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഓരോരോ വിഷയങ്ങളിലും അഭിപ്രായം പറയുന്നത്. മത പണ്ഡിതന്മാരും ഇതിൽ നിന്ന് വ്യത്യസ്തരല്ല. മതങ്ങളെ പറ്റി എല്ലാം പഠിച്ചവരല്ല ഒരു മതത്തിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ. മത പണ്ഡിതന്മാരും അതേ! ഓരോരുത്തർക്കും പഠിക്കാൻ കഴിയുന്നതിനും ചില പരിമിതികൾ ഉണ്ട്. ഒരു മതത്തെ പറ്റിയും പ്രത്യയശാസ്ത്രത്തെ പറ്റിയും ആർക്കും മൊത്തമായി പഠിച്ചു തീർക്കാനാകില്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാകട്ടെ ഡൈനമിക്ക് അഥവാ ചലനാത്മകങ്ങളാണ്. മതപ്രത്യയ ശാസ്ത്രങ്ങളും ചലനാത്മകങ്ങൾ അല്ലെന്നു പറയാൻ കഴിയില്ല. കാലത്തിനൊപ്പം അവയും പ്രായോഗികതലത്തിലെങ്കിലും മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇനി രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചാണെങ്കിൽ സ്വന്തം പ്രത്യയ ശാസ്ത്രം അരച്ചു കലക്കിക്കുടിച്ചവരല്ല ഓരോരോ പാർട്ടികളിലെ ബഹുഭൂരിപക്ഷം വരുന്ന പ്രവർത്തകർ. ഉദാഹരണത്തിന് മാർക്സിസം അരച്ചു കലക്കിക്കുടിച്ചിട്ടല്ല മാർക്സിസ്റ്റുകാർ ആ പാർട്ടിയിൽ വിശ്വസിക്കുകയും അംഗമാവുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. മതത്തെ പറ്റി അധികാരികമായും ഗഹനമായും പഠിച്ചവരല്ല, ഭൂരിപക്ഷം വരുന്ന മത വിശ്വാസികൾ. അത്യാവശ്യം വേണ്ട മതാചാരങ്ങളും പ്രാർത്ഥനാ രീതികളും മറ്റും പരിചയിച്ചിട്ടുള്ളവരാണ് സാധാരണ ഭൂരിപക്ഷം വരുന്ന മതാനുയായികൾ.

അസഹിഷ്ണുത പണ്ഡിതോചിതമല്ല. പണ്ഡിതർ അല്ലാത്തവർക്കും അത് പാടില്ല. ഇവിടെ ഒരാൾ ഒരു അഭിപ്രായം പറഞ്ഞാൽ നീ മിണ്ടിപ്പോകരുത് എന്നു പറയുന്നതല്ല മര്യാദ. മറിച്ച് യുക്തിസഹജമായി ആ അഭിപ്രായത്തെ ഖണ്ഡിക്കാനുള്ള വാദഗതികൾ നിരത്തുകയാണ് വേണ്ടത്. കേശാരാധന അന്ധവിശ്വാസമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഞാൻ ഒരു പോസ്റ്റ് എഴുതിയപ്പോൽ ചിലർ അതിനെ വന്ന് അനുകൂലിച്ചെഴുതി. . എന്നാൽ മറ്റു ചിലർ അവരുടെ അറിവും യുക്തിയും വാക്ക്സാമർത്ഥ്യവും ഉപയോഗിച്ചുകൊണ്ട് എന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കുവാനും എന്നെ തിരുത്തിക്കുവാനും ശ്രമിച്ചു. തിരുകേശത്തെ അവർ ന്യായീകരിക്കുന്നതിനുള്ള കാരണങ്ങൾ അവർ സോദാഹരണം സമർത്ഥിക്കാൻ ശ്രമിച്ചു. അതാണു വേണ്ടത്. പിണറായി വിജയൻ കേശാരാധയെ അന്ധവിശ്വാസമെന്നു വിശേഷിപ്പിച്ചെങ്കിൽ അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് അദ്ദേഹം പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് അന്ധവിശ്വാസമല്ല, മുസ്ലിം വിശ്വാസധാരയുടെ ഭാഗമാണെന്ന് സമർത്ഥിക്കുകയാണ് ആ അഭിപ്രായത്തോട് വിയോജിക്കുന്ന മുസ്ലിം പണ്ഡിതന്മാർ ചെയ്യേണ്ടത്. അല്ലാതെ പിണറായി വിജയന്റെ അഭിപ്രായ സ്വാതന്ത്യത്തെ ചോദ്യം ചെയ്യുകയല്ല ചെയ്യേണ്ടത്. ഈ മത പണ്ഡിതന്മാർ എന്നു പറയുന്നവർ എല്ലാവരും പണ്ഡിതർ തന്നെ ആയിക്കൊള്ളണം എന്നില്ല അങ്ങനെ അവകാശപ്പെടുന്നവരും സ്വയം വിശേഷിപ്പിക്കപ്പെടുന്നവരും ആകാം. എന്തായാലും ഇങ്ങനെ ചില മതപണ്ഡിതന്മാർ മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് പരസ്യമായി ഇത്തരം അസഹിഷ്ണുതകൾ പ്രകടിപ്പിക്കുകവഴി സ്വന്തം മതത്തെപ്പറ്റിത്തന്നെ മറ്റുള്ളവരിൽ അവമതിപ്പുണ്ടാക്കുകയാണു ചെയ്യുന്നത് എന്നാണ് എന്റെ വിനീതമായ അഭിപ്രയം. അഭിപ്രായ സ്വാതന്ത്ര്യത്തിന് പിണറായി വിജയനും മത പണ്ഡിതന്മാർക്കും മാത്രമല്ല, സമസ്തജനങ്ങൾക്കും ഈയുള്ളവനവർകളുടെ പൂർണ്ണ പിന്തുണ!

അനുബന്ധം

മതം എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ല. പക്ഷെ മതം എന്റെയും കുടുംബജീവിതത്തിന്റെ ഭാഗമാണ്. മറ്റ് ഏതു കാര്യങ്ങളിലുമെന്ന പോലെ നാട്ടിലെ മതകാര്യങ്ങളിലും ഞാൻ ഇടപെടാറുണ്ട്. മതാചാരങ്ങൾ എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ഞാൻ മതകാര്യങ്ങളിൽ ഇടപെടുന്നതിനെ എന്റെ നാട്ടിൽ ആരും വിലക്കിയിട്ടുമില്ല. വിശ്വാസങ്ങളും ആചാരങ്ങളും പ്രാ‍ർത്ഥനകളും മറ്റും എന്റെ വ്യക്തി ജീവിതത്തിന്റെയും ഭാഗമാക്കാൻ എന്നോട് സ്നേഹമുള്ള വിശ്വാസികൾ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. വിശ്വാസങ്ങളെ നിരാകരിച്ച് ഞാൻ നഗരത്തിൽ പോകുന്നത് ഒഴിവാക്കാനാണ് എന്നെ സ്നേഹിക്കുന്ന നിഷ്കളങ്കരായ വിശ്വാസികൾ എനിക്കുമേൽ അങ്ങനെയൊരു സമ്മർദ്ദം ചെലുത്തുന്നത് എന്നറിയാവുന്നതുകൊണ്ട് അവരോട് എനിക്ക് സ്നേഹം കൂടുന്നതേയുള്ളൂ. അവരോട് ഒരു അസഹിഷ്ണുതയും എനിക്ക് തോന്നാറില്ല. ഇവിടെയുള്ള എല്ലാ മത്തത്തിലെയും കേൾവിപ്പെട്ട മത പണ്ഡിതന്മാരുമായി എനിക്ക് നല്ല ബന്ധമുണ്ട്. എന്റെ വീട്ടിനു നേരെ എതിർവശത്ത് ഒരു യത്തീംഖാനയാണ്. തൊട്ടുപുറകിൽ പള്ളിയും. യത്തിംഖാനയോട് ചേർന്ന് ഒരു അമ്പലമുണ്ട്. പള്ളിയുടെ അക്കരെയായായി വളരെ ഉയരത്തിലുള്ള പാറയിൽ മറ്റൊരമ്പലവും.( ഇത് എം.സി.റോഡേ വരുന്നവർക്ക് തട്ടത്തുമല ജംഗ്ഷനിൽ എത്തുമ്പോൾ കാണാം.) അടുത്തുതന്നെ ഒരു ക്രിസ്തീയ ദേവാലയവും ഉണ്ട്. വേറെയും ധാരാളം അമ്പലങ്ങളും പള്ളികളും ചർച്ചുകളും ഇവിടെ അടുത്തൊക്കെയുണ്ട്. ഇവിടെയെല്ലാം മിക്കപ്പോഴും മതപ്രബോധനങ്ങൾ നടക്കാറുണ്ട്. അവയുടെയെല്ലാം നല്ലൊരു ശ്രോതാവാണ് ഞാനും. സദസ്സിൽ എന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ എന്നെ അറിയാവുന്ന മതപണ്ഡിതന്മാരിൽ ചിലർ അവരുടെ പ്രഭാഷണങ്ങളിൽ കുറച്ചു കൂടി ഊർജ്ജസ്വലരാകുന്നതും പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. എന്നെപോലുള്ളവരെയാണല്ലോ അവർക്ക് മാറ്റിയെടുക്കേണ്ടത്. ചില കാര്യങ്ങളിലൊക്കെ ഞാനും വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. അതിപ്പോൾ മതവിശ്വാസികൾതന്നെ മതകാര്യങ്ങളിൽ പലതിനെയും നിശിതമായി വിമർശികാറുണ്ടല്ലോ. എന്നാൽ ഞാൻ മതവിശ്വാസങ്ങളെയും മതാചാരങ്ങളെയും അതേപടി പിൻപറ്റി ജീവിക്കാൻ ശ്രമിക്കുന്നില്ലാ എന്നതുകൊണ്ട് വിശ്വാസിസമൂഹത്തോട് ഏതെങ്കിലും തരത്തിലുള്ള ഒരു അസഹിഷ്ണുത ഞാൻ വച്ചു പുലർത്താറില്ല. അതിന്റെ ആവശ്യവും ഇല്ല. ആശയസംവാദങ്ങൾ നടക്കുമ്പോൾ എന്റെ ആശയങ്ങൾ മറ്റുള്ളവർ കേൾക്കാൻ തയാറുണ്ടെങ്കിൽ ഞാനും പങ്കുവയ്ക്കാറുണ്ട്. പക്ഷേ മതപക്ഷത്ത് നിൽക്കുന്ന നല്ലൊരു പങ്കാളുകൾക്ക് എന്താണ് സ്വന്തം മതത്തിനെതിരായ ആശയങ്ങളോട് ഇത്ര അസഹിഷ്ണുത എന്ന് എനിക്ക് മനസിലാകുന്നില്ല. ഏത് മത ഗ്രന്ഥത്തിലാണ് ഈ അസഹിഷ്ണുതയുടെ അടിവേരുകൾ ഉള്ളത്? ഞാൻ പഠിച്ച മതഗ്രന്ഥങ്ങൾ ഒന്നും അന്യന്റെ ആശയങ്ങളോടോ വിശ്വാസങ്ങളോടോ അസഹിഷ്ണുതയുള്ള ഒരാളാക്കി എന്നെ മാറ്റിയിട്ടില്ല. ഞാൻ പഠിച്ച മാർക്സിസമോ ഞാൻ പഠിച്ച യുക്തിവാദമോ നിരീശ്വരവാദമോ ഒന്നും തന്നെ ഏതെങ്കിലും മതവിശ്വാസിയുടെ ഏതെങ്കിലും സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറണമെന്ന് എന്നെ പഠിപ്പിച്ചിട്ടില്ല. പിന്നെന്തേ ചിലർമാത്രം ഇങ്ങനെ! മതങ്ങളെപ്പറ്റി ആരും ഒന്നും മിണ്ടിപ്പോകരുതെന്നും മറ്റും പറയുന്നതിനു പിന്നിലെ പ്രേരണയെന്താണ്?

ഞാൻ പറഞ്ഞ യത്തീംഖാനയുടെ സ്ഥാപക ചെയർമാൻ ആയിരുന്ന ഖാദിമുൽ ഐത്താം പി.എം.ഹംസാ മൌലവി ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനികുകയും ചെയ്തിരുന്ന ഒരാളാണ്. പിതൃതുല്യമായ സ്നേഹം എനിക്കു നൽകിയ അദ്ദേഹം എന്നെ മോനേ എന്നു വാത്സല്യപൂർവ്വം വിളിക്കുന്നത് ഇന്നും എന്റെ കാതുകളിൽ മുഴങ്ങിക്കേൾക്കാം. ഇവിടെ അടുത്ത് യത്തീംഖാന തുടങ്ങിയശേഷം മാത്രമാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത്. ഇത്രയും കുട്ടികൾക്ക് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകി അവരെ ഒരു കരയ്ക്കെത്തിക്കാൻ ശ്രമിക്കുന്നു എന്നത് മഹത്തായ ഒരു കാര്യം തന്നെ. കോടികൾ മുടക്കി ഒരു പള്ളി പണിയുന്നതിനേക്കാൾ വലിയ കാര്യം. മക്കളില്ലാതിരുന്ന അദ്ദേഹത്തിന് അനാഥ അഗതിമക്കളായിരുന്നു സ്വന്തം മക്കൾ. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മരണപ്പെട്ടിട്ട് അധികം വർഷം ആയിട്ടില്ല. അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മയ്യത്ത് യത്തീംഖാനയിൽ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു യത്തീംഖാനാ അധികൃതരുടെ ആഗ്രഹം. എന്നാൽ അതേ ചൊല്ലി നാട്ടുകാരിൽ ചിലരിൽനിന്ന് ചില തടസവാദങ്ങൾ ഉണ്ടായപ്പോൾ ഞാനും സി.പി.ഐ.എമ്മിലെ മറ്റ് നേതാക്കളും കൂടി ഇടപെട്ടാണ് ആ പ്രശ്നം പരിഹരിച്ചത്. ഖബറടക്കം കഴിയുന്നതുവരെ ഞങ്ങൾ പാർട്ടി പ്രവർത്തകർ അവിടെ കാവലാളുകളെ പോലെ നിൽക്കുകയും അനുശോചനയോഗത്തിൽ അടക്കം പങ്കെടുക്കുകയും ചെയ്തു. സി.പി.ഐ.എം നേതാക്കളുടെ നിരീശ്വര മതമൊന്നും അതിനൊന്നും ഒരു തടസ്സവുമായിരുന്നില്ല. ഇപ്പോഴും ആ യത്തീംഖാനയുമായും അവിടുത്തെ ചെയർമാനുമായും കുട്ടികളുമായും ഒക്കെ എനിക്ക് നല്ല ബന്ധമാണ്. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മക്കൾ എനിക്ക് സഹോദര തുല്യരാണ്. യത്തീംഖാനയിൽ നോമ്പിരുപത്തിയേഴിന് കുട്ടികളെ എഴുത്തിനിരുത്തുന്ന ഒരു ആഘോഷത്തിനു തുടക്കം കുറിച്ചത് ഹംസാ മൌലവിയാണ്. അവിടെ വരുന്ന കുട്ടികളെ അറബ് അക്ഷരങ്ങൾ മാത്രമല്ല എഴുതിയ്ക്കുന്നത്. മലയാള അക്ഷരങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും എഴുതിക്കും.ഇപ്പോഴും എല്ലാ വർഷവും നോമ്പ് ഇരുപത്തിയേഴിന് എഴുത്തിനിരുത്തൽ ഉണ്ട്.ആ ദിവസം വമ്പിച്ച ജനാവലി ഇവിടെ ഒത്തു ചേരാറുണ്ട്. കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം അനാഥ അഗതിമക്കളുടെ സമുഹ പ്രാർത്ഥനയുണ്ട്. ഈ ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളായും പണമായും ഭണ്ഡങ്ങളായും സംഭാവനകളുമായി ധാരാളം ആളുകൾ വരാറുണ്ട്. ചില വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും ഇവിടെ വച്ച് നടത്താറുണ്ട്. സമീപത്തെ അന്യമതസ്ഥരുടെ വിവാഹം നടക്കുമ്പോൾ ആ വീട്ടുകാർ നല്ലൊരു തുക ഈ യത്തീം ഖാനയ്ക്ക് നൽകാറുണ്ട്. ചിലർ അവരുടെ വീട്ടിലെ ആരുടെയെങ്കിലും വിവാഹം നടക്കുമ്പോൾ യത്തീംഖാനയിലെ കുട്ടികൾക്കും ഗംഭീര സദ്യയ്ക്കുള്ള പണം മുമ്പേ തന്നെ നൽകാറുണ്ട്. ഞാനിക്കാര്യങ്ങൾ കൂടി ഇപ്പോൾ പറയുന്നത് നമ്മുടെ ഈ ബഹുമത സമൂഹം അങ്ങനെയൊക്കെയാണ് മുന്നേറുന്നത് എന്ന് സൂചിപ്പിക്കുവാൻ കൂടിയാണ്. എന്നാൽ ഈ മതേതര മാനവികതയെ തകർക്കാനും, നമ്മുടെ സംസ്ഥാനം ഒരു മതഭ്രാന്താലയമാക്കാനും ചിലർ ബോധപൂർവ്വവും അല്ലാതെയും ശ്രമിക്കുമ്പോൾ അത്തരക്കാരെ നാം തിരിച്ചറിഞ്ഞ് തിരുത്തിക്കുവാൻ ശ്രമിക്കേണ്ടതാണ്. മതവിശ്വാസം, മതവാദം, മതമൌലികവാദം തുടങ്ങിയ പദങ്ങൾ ദ്യോതിപ്പിക്കുന്ന അർത്ഥാന്തരങ്ങൾ നാം വ്യക്തമായി വേർതിരിച്ചറിയണം.

പിന്‍കുറിപ്പ് : ചില പോസ്റ്റുകൾ എഴുതുമ്പോൾ അതിന് ഇങ്ങനെ ചില ആമുഖവും അനുബന്ധവുമൊക്കെ ഞാൻ എഴുതാറുണ്ട്. ഇവിടെ പേജിന്റെ ദൌർബല്യമൊന്നുമില്ലാത്തതുകൊണ്ട് ആ ആസാദ്ധ്യതകൾ ഉപയോഗിക്കുക തന്നെ ചെയ്യുന്നുവെന്നു മാത്രം. അല്ലാതെ ചുരുക്കിയെഴുതാൻ കഴിയാഞ്ഞിട്ടൊന്നുമല്ല.

Tuesday, February 7, 2012

തിരുകേശവും നിഷ്കളങ്കവിശ്വാസികളും

തിരുകേശവും നിഷ്കളങ്കവിശ്വാസികളും

ഇതെഴുതുന്ന ഞാനവർകൾ ഏതെങ്കിലും മതാചാരങ്ങൾ അനുഷ്ഠിക്കുകയോ പ്രാർത്ഥനകൾ നടത്തുകയോ ചെയ്യുന്നില്ല. എന്നുവച്ച് മതം എന്ന യാഥാർത്ഥ്യത്തെ നിരാകരിക്കുകയോ സ്വത്തനിഷേധം നടത്തുകയോ ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. മതങ്ങൾ നിലനിൽക്കുന്നു എന്നത് ഞാൻ ജിവിക്കുന്ന സമൂഹത്തിലെ ഇന്നിന്റെയും യാഥാർത്ഥ്യമാണ്. ഒരാൾ ജനിച്ചുവളർന്ന കുടുംബത്തിന്റെ മതത്തെ അയാൾ എത്രതന്നെ നിഷേധിച്ചാലും സമൂഹം അയാളുടെ മതം അയാളിൽ ആരോപിക്കുകതന്നെ ചെയ്യും. ഒരാൾക്ക് ഒരു മതവുമില്ലെന്ന് സ്വയം അവകാശപ്പെടാം. പക്ഷെ സമൂഹത്തിൽ ഭൂരിപക്ഷം പേരും മതമില്ലാത്ത ഒരാളായി അയാളെ കാണണമെന്നില്ല. നമ്മുടെ സമൂഹത്തിൽ ജീവിതവും മതവും തമ്മിൽ അത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്നതുതന്നെ കാരണം. പക്ഷെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാൻ വേണ്ടിയുള്ള ഒരു വിശ്വാസപ്രകടനം നടത്തുന്നത് സത്യസന്ധതമല്ലാത്ത ഒരു പ്രവൃത്തിയായിരിക്കും. അതിന്റെ ആവശ്യമില്ലെന്നു മാത്രം. വിശ്വാസം ഒരു പോരായ്മയായോ അവിശ്വാസം ഒരു അപരാധമായോ ഈയുള്ളവൻ കാണുന്നില്ല. അതുകൊണ്ടുതന്നെ മതങ്ങളെക്കുറിച്ച് അധികം വിമർശനം നടത്തിയതുകൊണ്ട് ഈ ലേഖകന് വലിയ സായൂജ്യമൊന്നും ലഭിക്കാനില്ല. മതവിമർശനംകൊണ്ട് പെട്ടെന്നുള്ള എന്തെങ്കിലും മാറ്റം ഏതെങ്കിലും മതത്തിൽ നിന്ന് പ്രതീക്ഷിക്കാനുമില്ല. പ്രത്യേകിച്ചും എല്ലാ വിശ്വാസങ്ങളും വിശ്വാസത്തിനുവേണ്ടി മന:പൂർവ്വമുള്ള വിശ്വാസങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്!

വിശ്വാസമാറ്റങ്ങൾ സാർവത്രികമല്ല

അല്ലെങ്കിൽത്തന്നെ മത- ദൈവ വിശ്വാസങ്ങൾ ഉപേക്ഷിച്ച് യുക്തിവാദ-നിരീശ്വരവാദചിന്തകളിലേയ്ക്കും നേരേതിരിച്ച് യുക്തിവാദ-നിരീശ്വരവാദചിന്തകൾ ഉപേക്ഷിച്ച് മത-ദൈവ വിശ്വാസങ്ങളിലേയ്ക്കും ആളുകൾ പോകുന്നത് വളരെക്കുഞ്ഞൊരളവിൽ മാത്രമാണ്. അങ്ങോട്ടോ ഇങ്ങോട്ടോ പറയത്തക്ക ഒഴുക്ക് സാധാരണ ഗതിയിൽ സംഭവിച്ചു കാണാറില്ല. അതുകൊണ്ടാണല്ലോ പ്രത്യക്ഷനിരീശ്വരവാദികൾ ലോകത്തിൽ അന്നുമിന്നും ചെറുന്യൂനപക്ഷമായിത്തന്നെ നിലനിൽക്കുന്നത്. മാത്രവുമല്ല വിശ്വാസികൾക്ക് ധാരളം സൌകര്യങ്ങൾ ഉണ്ട്. അവിശ്വാസികൾക്ക് ഏറെ അസൌകര്യങ്ങളും. ഇന്നത്തെ കാലത്തുപോലും വിശ്വാസിയായി ജീവിക്കുന്നത്ര എളുപ്പവും സുഖകരവുമല്ല, ഒരു അവിശ്വാസിയായി ജീവിക്കുക എന്നത്. ( ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെ വിശ്വാസികൾ എന്നും മറിച്ചുള്ളവരെ അവിശ്വാസികൾ എന്നുമാണ് വിശേഷിപ്പിക്കേണ്ടിയിരുന്നത്. പക്ഷെ വിശ്വാസി, അവിശ്വാസി എന്നീ വാക്കുകൾ ദ്യോതിപ്പിക്കുന്ന അർത്ഥങ്ങൾ പണ്ടുമുതലേ മറിച്ചായതുകൊണ്ട് അതങ്ങനെതന്നെ ഇരിക്കട്ടെ). മാറ്റത്തിന്റെ കാര്യം പറയുമ്പോൾ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേയ്ക്കുള്ള പരിവർത്തനവും വളരെക്കുറഞ്ഞ അളവിൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അടുത്ത കാലത്തൊന്നും ഏതെങ്കിലും മതത്തിൽ നിന്ന് മറ്റൊന്നിലേയ്ക്കുള്ള കുത്തൊഴുക്ക് ലോകത്തൊരിടത്തും സാധാരണ സംഭവിച്ചു കാണുന്നില്ല. എല്ലാ മതങ്ങളും തങ്ങളുടെ മതമാണ് ലോകത്തിൽ ഏറ്റവും ശ്രേഷ്ഠമായ മതമെന്ന് അവകാശപ്പെടുമ്പോൾ അതേപറ്റി അന്വേഷിക്കാനൊന്നും മിനക്കെടാതെ സൌകര്യാ‍ർത്ഥം ഓരോ മതത്തിലും നിൽക്കുന്നവർ തങ്ങളുടെ മതം തന്നെ ശ്രേഷ്ഠമെന്ന് സ്വയം വിശ്വസിച്ചും സമ്മതിച്ചും കഴിഞ്ഞുകൂടുകയാണ് ചെയ്യുന്നത്.

അക്രമം അന്തർലീനമായ മതങ്ങൾ

മതങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളുടെ ബലത്തിലോ, അവ മനുഷ്യ നന്മയ്ക്ക് ഉതകുന്ന പല നല്ല കാര്യങ്ങളും ചെയ്യുന്നതുകൊണ്ടോ മാത്രമല്ല മതങ്ങൾ നിലനിൽക്കുന്നത്; സംഘടിത ശക്തികൾ എന്ന നിലയിൽ അക്രമത്തിന്റെയും ഭീഷണിയുടേയും കൂടി ബലത്തിലാണ് എല്ലാ മതങ്ങളും നില നിൽക്കുന്നത്. ചിലയിടങ്ങളിൽ അധികാരത്തിന്റെ കൂടി ബലത്തിലും! വ്യക്തി സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തൽ, ജനാധിപത്യനിരാസം മുതലായവ മതങ്ങളുടെ പൊതുസ്വഭാവങ്ങളാണ് എന്നതാണ് മതങ്ങളോടുള്ള ഈ ലേഖകന്റെ വിയോജിപ്പിന്റെ പ്രധാന കാരണം. അല്ലാതെ മതങ്ങൾ ഉൾക്കൊള്ളുന്നന്ന ആശയങ്ങളോ അന്ധവിശ്വാസങ്ങൾ പോലുമോ അല്ല. ഓരോ മതത്തിന്റെയും അന്യമതസഹിഷ്ണുത സംശയാസ്പദമാണ്. തങ്ങളുടെ മതം മാത്രമാണ് ശ്രേഷ്ഠമെന്ന് ഓരോ മതങ്ങളും അവകാശപ്പെടുന്നു. മതത്തിനെതിരായ ആശയങ്ങളെ, പ്രത്യേകിച്ച് യുക്തിവാദത്തെയും നിരീശ്വര വാദത്തെയും ആക്രമിക്കുന്നതിൽ എല്ലാ മതങ്ങളും ഒരുപോലെയാണ്. മതാധിഷ്ഠിത ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നും മറ്റു മതങ്ങൾക്കു സ്വാതന്ത്ര്യമില്ല. അവിടങ്ങളിൽ മതത്തിലോ ദൈവത്തിലോ വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമില്ല. ചില രാഷ്ട്രങ്ങളിൽ ഭരണം മതാധിഷ്ഠിതമല്ലെങ്കിലും ഭൂരിപക്ഷത്തിന്റെ മതം അവിടെ ഔദ്യോഗിക മതമാണ്. മറ്റു മതങ്ങൾക്ക് അവിടങ്ങളിൽ വളരെയൊന്നും നിലനിൽക്കാനോ വളരാനോ കഴിയില്ല. മതരാഷ്ട്രങ്ങളിൽ ഒന്നും തന്നെ ശരിയായ ജനാധിപത്യമോ പൌരാവകാശങ്ങളോ നിലനിൽക്കുന്നില്ല. ആഗോള മതരാഷ്ട്രങ്ങൾ സ്ഥാപിക്കുവാനാണ് പ്രബല മതങ്ങളായ കൃസ്ത്യാനികളും മുസ്ലിങ്ങളും മത്സരിക്കുന്നത്. ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിച്ച് മറ്റുമതങ്ങളെ പിന്തള്ളാനാണ് ഹിന്ദുമതതീവ്രവാദികൾ ശ്രമിക്കുന്നത്. മതതീവ്രവാദത്തിന്റെയും മതഭീകരതയുടെയും ലക്ഷ്യംകേവലം മതസംരക്ഷണമല്ല, അത്യന്തികമായ മതഭരണം സ്ഥാപിക്കുക എന്നതാണ്.

അന്ധവിശ്വാസങ്ങളും മതങ്ങളും

അതൊക്കെ എന്തായാലും മതങ്ങളുടെ അന്ധവിശ്വാസങ്ങളെപ്പറ്റി പരാതിപ്പെടുന്നതിലോ വിമർശിക്കുന്നതിലോ ഒരു കാര്യവുമില്ലെന്നറിയാം. കാരണം മതങ്ങളെല്ലാം അന്ധവിശ്വാസങ്ങളുടെ അടിത്തറയിലാണ് കെട്ടിപ്പൊക്കിയിടുള്ളത്. അന്ധ വിശ്വാസങ്ങൾ ഇല്ലാതായാൽ ഒരു മതത്തിനും നിലനില്പില്ല. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ പ്രത്യേക അന്ധവിശ്വാസത്തെ മാത്രം എടുത്ത് അതിനെ വിമർശിക്കുന്നതിലും വലിയ കാര്യമില്ല. ഓരോ കാലത്തും മതാശയങ്ങളിൽ വെള്ളം ചേർക്കപ്പെടുന്നതുപോലെ ഓരോ കാലത്തും പലതരം പുതിയ അന്ധവിശ്വാസങ്ങളും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കും.

തിരുകേശവിവാദം

ഒരു അന്ധവിശ്വാസത്തിന്റെ കൂടി കൂട്ടിച്ചേർക്കലാണ് ഈ പോസ്റ്റിനാധാരമായ തിരുകേശാരാധന. മതങ്ങളുടെ ഏണ്ണമറ്റ അന്ധവിശ്വാസങ്ങളിൽ ഒന്നായി ഇതിനെയും തള്ളിക്കളയാവുന്നതേയുള്ളൂ. എന്നാൽ അന്ധവിശ്വാസങ്ങൾക്കും ഒരു പരിധിയില്ലേ? അതും ഈ ആധുനിക കാലത്ത്. സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഈ മുടിപൂജയ്ക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്നു. സുന്നിപണ്ഡിതനായ കാന്തപുരം അബൂബേക്കർ ആണ് മുടിപൂജയ്ക്കും അതിനായുള്ള പള്ളിപണിയലിനും നേതൃത്വം നൽകുന്നത്. അതുകൊണ്ട് മുസ്ലിങ്ങളിലെ മറ്റുവിഭാഗങ്ങളായ ജമാ-അത്തെ ഇസ്ലാമിയും മുജാഹിദുകളും മാത്രമാണ് ഇതിനെതിരെ പ്രതികരിക്കുന്നതെങ്കിൽ അവർ സുന്നികളുടെ എതിർപക്ഷമെന്നു കരുതി അവഗണിക്കാമായിരുന്നു. ഇതിപ്പോൾ സുന്നികളിൽതന്നെ നല്ലൊരുപങ്ക് ആളുകളും മുടിപൂജയെ എതിർക്കുകയാണ്. ഈ തിരുമുടി പ്രവാചകന്റേതാണെന്നുള്ള അവകാശവാദത്തെത്തന്നെ വിമർശകർ പാടേ തള്ളിക്കളയുന്നുണ്ട്. ഇനി ഇത് അഥവാ പ്രവാചകന്റേ കേശം തന്നെ ആയാലും ആ കേശത്തെ തിരുകേശമായി കരുതി ആരാധിക്കുന്നതും അതിനായി ഒരു പള്ളിതന്നെ പണിയുന്നതും ഇസ്ലാമതത്തെ സംബന്ധിച്ച് ശരിയായ കാര്യങ്ങളാണോ? അല്ലാ എന്നാണ് ഭൂരിപക്ഷാഭിപ്രായം. കാരണം അത്തരം ആരാധനകൾ ഇസ്ലാമികമല്ല.

ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ല

ഞാൻ പള്ളിക്കൂടത്തിലും പള്ളിയിലും പഠിച്ച അറിവുവച്ച് മുഹമ്മദ് നബിയാണ് ഇസ്ലാമതസ്ഥാപകൻ. ഇസ്ലാമതത്തെ സംബന്ധിച്ച് പള്ളിയിലും പള്ളിക്കൂടത്തിലും പഠിച്ചിട്ടുള്ളത് ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ലെന്നാണ്. “ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ലെന്നു സന്ദേശം നൽകിയ നൂറുള്ളാ.......” എന്നു തുടങ്ങുന ഒരു ഗാനം ഈയുള്ളവനും കൊച്ചിലേ പാടി നടന്നത് ഇപ്പോഴും ഓർമ്മയുണ്ട്. പള്ളികളിൽ നബിദിനാഘോഷങ്ങളിലും മത പ്രഭാഷണങ്ങളിലും മറ്റും സ്ഥിരം പാടിപ്പതിഞ്ഞ ഒരു ഗാനമായിരുന്നു അത്. പ്രവാചകനെ ബഹുമാനിക്കണമെന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. പക്ഷെ പ്രവാചകനെ ആരാധിക്കണമെന്ന് പ്രവാചകൻ പോലും പറഞ്ഞതായി അറിയില്ല. അപ്പോൾപിന്നെ പ്രവാചകന്റെ മുടിയെ ആരാധിക്കുന്നത് ഇസ്ലാമത വിശ്വാസത്തിന് ഒട്ടുംതന്നെ നിരക്കുന്നതല്ല. വസ്തുക്കളേയോ മനുഷ്യനുൾപ്പെടെയുള്ള ജിവികളെയോ അവയുടെ അവയവങ്ങളെയോ ആരാധിക്കുന്ന രീതി ഇസ്ലാമികമല്ലാ എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. വിഗ്രഹാരാധനയെ ഇസ്ലാം അംഗീകരിക്കുന്നില്ല. പ്രവാചകന്റെ ജനനസമയത്ത് അറേബ്യയിലെ വിഗ്രഹങ്ങൾ ഒക്കെയും തകർന്നു വീണതായി പണ്ട് പള്ളിയിൽ ഉസ്താദ് പഠിപ്പിച്ചത് ഓർമ്മയുണ്ട്. സംഭവിച്ചതായാലും അല്ലെങ്കിലും. ഖബർപൂജപോലും തെറ്റാണെന്നാണ് പല ഇസ്ലാമത പണ്ഡിതന്മാരും പറഞ്ഞുതരുന്നത്. ഇതൊക്കെ ഏതൊരു സാധാരണ മുസ്ലിം വിശ്വാസിയും മത പ്രഭാഷണങ്ങളിലൂടെയെങ്കിലും കേട്ട് മനസിലാക്കിവച്ചിട്ടുള്ളതാണ്. നിഷ്കളങ്കമായി ഇസ്ലാമതത്തിൽ വിശ്വസിക്കുന്ന സാധാരണ വിശ്വാസികളുടെ സാമാന്യബോധത്തെ തന്നെ വെല്ലുവിളിക്കുന്നതാണ് തിരുകേശം പോലെയുള്ള ഇത്തരം അന്ധവിശ്വാസ പ്രചരണം.

ചരിത്രപണ്ഡിതമതം

തിരുവനന്തപുരം കാര്യവട്ടത്തെ കേരളസർവ്വലാശാലാ ഇസ്ലാമിക്ക് ഹിസ്റ്ററി വിഭാഗം റീഡർ പ്രൊ. ഷറഫുദീൻ ഈയുള്ളവന്റെ നാട്ടുകാരനും ചരിത്ര പണ്ഡിതനും ചില ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ചരിത്രത്തിലും ഇസ്ലാമിക്ക് ഹിസ്റ്ററിയിലും ആധികാരികമായി അഭിപ്രായം പറയാൻ മാത്രം ചരിത്രപാണ്ഡിത്യം അദ്ദേഹത്തിനുണ്ട്. ഈ തിരുമുടി വിവാദം സംബന്ധിച്ച് ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഈ തിരുകേശം അന്ധവിശ്വാസമാണെന്നും അത് പ്രവാചകന്റേതല്ലെന്നും മതത്തെ സ്വാർത്ഥലാഭങ്ങൾകുവേണ്ടി ഉപയോഗിക്കുന്നവരാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാറുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.

ചിന്താക്കുഴപ്പത്തിലാകുന്ന നിഷ്കളങ്കവിശ്വാസികൾ

ഇക്കാര്യത്തിൽ ഒരു പ്രയോജനവിമില്ലാതെ എന്തിന് ഇങ്ങനെ എഴുതി മനസിനെയും വിരലുകളെയും സമയത്തെയും മിനക്കെടുത്തുന്നു എന്നു ചോദിച്ചാൽ, ഇയുള്ളവൻ ആകാശത്ത് നിന്നുപൊട്ടിമുളച്ച ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല. എന്റെ വീട്ടുപേർ നിരീശ്വരാലയം എന്നുമല്ല. എന്റെ കുടുംബാംഗങ്ങൾ മതാന്ധത ബാധിച്ചവർ അല്ലെങ്കിലും സാധാരണ ഇസ്ലാമത വിശ്വാസികളാണ്. പരമ്പരാഗതമായ വിശ്വാസം തുടർന്നുപോരുന്നവരാണ്. അവരുടെ വിശ്വാസങ്ങൾ എനിക്കും പ്രധാനപ്പെട്ടതാണ്. അവരുടെ വിശ്വാസങ്ങളോട് എനിക്ക് ബഹുമാനമാണ്. അവരുടെ വിശ്വാസത്തിന്റെയും നിസ്കാരപ്പുരയുടെയും വിശുദ്ധി എന്റെയും കൂടി ബാദ്ധ്യതയാണ്. എന്നാൽ ഈ തിരുകേശം അവരുടെ മനസിലും സംശയങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കിയിരിക്കുന്നു. അവർ നിഷ്കളങ്കരായ സാധാരണ ഇസ്ലാമത വിശ്വാസികളാണ്. കേവലം വിശ്വാസികൾ മാത്രമല്ല, സാധാരണ പള്ളികളിലെ പാവം മൌലവിമാരും ആകെ ചിന്താക്കുഴപ്പത്തിലായിരിക്കുന്നു. ആളുകളുടെ ചോദ്യങ്ങൾക്കുമുന്നിൽ അവർ നിസ്സഹായരാകുന്നു. ഓരോ വ്യക്തികൾക്ക് അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി തങ്ങളുടെ ഇഷ്ടപ്രകാരം എന്തുതരം വിശ്വാസവും തിരുകി കയറ്റാവുന്ന ഒന്നായി ഇസ്ലാമതം അധപ്പതിക്കുന്നതിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മുസ്ലിങ്ങൾക്കുള്ള അസ്വസ്ഥത എന്റെയും കൂടി അസ്വസ്ഥതയാകുന്നു. കുടുംബത്തിൽ നിന്നും ചുറ്റിലുമുള്ള സമൂഹത്തിൽ നിന്നും വേറിട്ട് എനിക്കുമില്ലല്ലോ ഒരു വ്യക്തിത്വം! ഇപ്പോൾ തന്നെ ആവശ്യത്തിന് അന്ധവിശ്വാസങ്ങൾ എല്ലാ മതങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഇനി ഇങ്ങനെ പുതിയതോരോന്ന് കൊണ്ടുവരാതിരുന്നാൽ അത്രയും നന്നായിക്കും എന്നു മാത്രം പറഞ്ഞ് ഈ കുറിപ്പ് ചുരുക്കുന്നു.

Friday, November 4, 2011

സൌജന്യ ഹജ്ജ് യാത്രയെപ്പറ്റി

സൌജന്യ ഹജ്ജ് യാത്രയെപ്പറ്റി

ഹജ്ജിനു പോകേണ്ടതിനും ഹജ്ജു ചെയ്യേണ്ടതിനും ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നാണ് എന്റെ അറിവ്. അത്തരം എല്ലാ നിബന്ധനകളെക്കുറിച്ചും വലിയ അറിവില്ലതാനും. ഹജ്ജ് കഴിഞ്ഞ് മടങ്ങിയാലും പിന്നീടുള്ള ജീവിതത്തിലും മുമ്പില്ലാത്ത ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നും കേട്ടിട്ടുണ്ട്. മതപണ്ഡിതന്മാർ പറഞ്ഞുകേട്ടിട്ടുള്ള അറിവികൾക്കു പുറമേ എന്റെ കുടുംബത്തിലുള്ള പലരും ഹജ്ജിനു പോകുകയും മടങ്ങി വരികയും ഒക്കെ ചെയ്യുമ്പോൾ കുടുംബ സദസുകളിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഹജ്ജ് സംബന്ധമായ ചില അറിവുകൾ ലഭിക്കാറുണ്ട്. അതിനൊക്കെ എത്രത്തോളം ആധികാരികതയുണ്ടെന്ന് അറിയില്ല.

എന്തായാലും സാമ്പത്തികമായി ശേഷിയുള്ളവർക്കാണ് ഹജ്ജ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഹജ്ജിനു പോകാനുള്ള ചെലവുകൾ നിർവ്വഹികാൻ കഴിയാത്തവർ ഹജ്ജ് അനുഷ്ടിക്കണമെന്ന് നിർബന്ധമില്ല എന്ന് പല മത പണ്ഡിതന്മാരും പറഞ്ഞറിഞ്ഞറിവുണ്ട്. ഹജ്ജിനു പോകുന്നവർ തങ്ങൾക്ക് ആരുമായെങ്കിലും വല്ല സാമ്പത്തിക ബാദ്ധ്യതയും ഉണ്ടെങ്കിൽ അതൊക്കെ തീർക്കുകയും വേണ്ടപ്പെവർ ആരെങ്കിലുമായി വല്ല വിരോധവും ഉണ്ടെങ്കിൽ അതൊക്കെ അവസാനിപ്പിച്ച് എല്ലാവരുടെയും പൊരുത്തമൊക്കെ വാങ്ങി ശുദ്ധമനസോടെ ഹജ്ജിനു പോകണമെന്നാണ്. അതിൻപ്രകാരം ചിലരൊക്കെ ഹജ്ജ്സമയത്ത് ശത്രുക്കളെപ്പോലും കണ്ട് കെട്ടിപ്പിടിച്ച് പരസ്പരം സൌഹൃദപ്പെടുന്നതും സന്തോഷത്തോടെ യാത്രയാക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്.എന്തായാലും ഹജ്ജിനു പോകുന്ന സന്ദർഭങ്ങൾ മുസ്ലിം വീടുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഹജ്ജിനു പോകുക എന്നത് ഒരു മുസ്ലിം വിശ്വാസിയെ സംബന്ധിച്ച് ഒരു സ്വപ്നവുമാണ്.

ഇപ്പോൾ ഇവിടെ ഈ കുറിപ്പ് എഴുതാൻ കാരണം ഇന്ന് ഒരു പത്രത്തിൽ കണ്ട വാർത്തയാണ്. കുറച്ച പാവങ്ങൾക്ക് ഹജ്ജിനു പോകാൻ ഓരോ വർഷവും സൌദി സർക്കാരിൽനിന്ന് സഹായം ലഭിക്കുമത്രേ. ഇത്തവണ അങ്ങനെ ഇരുപത് പേർക്ക് സൌജന്യ ഹജ്ജ് യാത്ര തരപ്പെട്ടു. പാവപ്പെട്ടവരെ ഉദ്ദേശിച്ചാണ് സൌദി സർക്കാർ ഈ സൌജന്യ ഹജ്ജ് യാത്ര നൽകുന്നത്. എന്നാൽ ഇത്തവണ ഇവിടെ ആ സൌജന്യം പറ്റി ഹജ്ജിനു പോകുന്നവരൊന്നും പാവങ്ങളല്ലത്രേ. ചില മുസ്ലിം ലീഗ് നേതാക്കളും തീരെ പാവങ്ങളല്ലാത്ത ചിലരും ആണത്രേ പാവങ്ങൾക്കുള്ള സൌജന്യം തട്ടിയെടുത്ത് ഹജ്ജിനു പോകുന്നത്. പാണക്കാട് കുടുംബത്തിൽ പെട്ടവർ പോലും ഈ ആനുകൂല്യം പറ്റി ഹജ്ജിനു പോകുന്നുണ്ടത്രേ. പാണക്കാട് കുടുംബം അടുത്തിടെയെങ്ങാനും തീരെ പാപ്പരീകരിക്കപ്പെട്ടു എന്ന വാർത്തകൾ വല്ലതും നമുക്ക് മിസ് ആയോ ആവോ! എം. ഐ.ഷാനവാസ് എം.പിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൌഹൃദ സംഘവും സൌദി സർക്കാരിന്റെ പ്രത്യേക ക്ഷണിതാക്കളായി ഇത്തവണ ഹജ്ജിനു പോകുന്നുണ്ട്. ഇത് സൌജന്യമല്ലെങ്കിലും ഈ ലിസ്റ്റിലും അനർഹരാണത്രേ കടന്നുകൂടിയിരിക്കുന്നത്.

സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർന്ധമുള്ളത്. അല്ലാത്തവരെ നിർബന്ധിച്ചാലും പാവങ്ങൾക്ക് പോകാൻ കഴിയില്ലല്ലോ. ഹജ്ജിനു പോകാൻ സർക്കാരിൽ നിന്ന് സബ്സിഡി നൽകുന്നുണ്ട്. സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർബന്ധമുള്ളത് എന്നിരിക്കെ സർക്കാരിൽ നിന്ന് സബ്സിഡി വാങ്ങുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിച്ച് ബാബറി മസ്ജിദ് ആക്ഷൻ കൌൺസിൽ നേതാവായിരുന്ന സയ്യദ് ഷിഹാബുദ്ദീൻ മുമ്പ് ഏതോ ഒരു പത്രത്തിൽ ലേഖനമെഴുതിയിരുന്നത് ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുകയാണ്. .കാശുള്ളവരാണല്ലോ ഹജ്ജിനു പോകുന്നത്. അഥവാ അവരാണല്ലോ പോകാൻ നിർബന്ധിതർ. അവർക്കുപിന്നെ സബ്സിഡി എന്തിന്? അവർക്ക് അനുവദിക്കുന്ന സബ്സിഡി ഒഴിവാക്കി ആ തുകയിൽ കുറച്ചു പാവങ്ങളെ ഹജ്ജിനയച്ചാൽ അതല്ലേ കൂടുതൽ പുണ്യം.സബ്സിഡി വാങ്ങിയുള്ള ഹജ്ജ് യാത്രയെപോലും ചില മുസ്ലിം പണ്ഡിതന്മാരെങ്കിലും അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത.

പാവങ്ങൾക്ക് സൌദി സർക്കാർ അനുവദിക്കുന്ന സൌജന്യ ഹജ്ജ് യാത്രാ ആനുകൂല്യം സർക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് പാവങ്ങളല്ലാത്തവർ തട്ടിയെടുത്ത് ഹജ്ജ് ചെയ്താൽ അത്.. ...... വേണ്ട, അവർ ഒരു പുണ്യ കർമ്മത്തിനു പോയിരിക്കുകയല്ലേ? അതുകൊണ്ട് കൂടുതൽ എന്തെങ്കിലും ഞാൻ ഇപ്പോൾ എഴുതുന്നില്ല.ഞാൻ ഇതെഴുതാൻ കാരണം, എന്റെ നാട്ടിൽ മരിക്കുന്നതിനുമുമ്പ് ഒന്നു ഹജ്ജിനുപോകാനുള്ള നിവൃത്തി ഉണ്ടായില്ലല്ലോ എന്ന് വിലപിക്കുന്ന ധാരാളം പാവപ്പെട്ട നിഷ്കളങ്കരായ മുസ്ലിങ്ങളുണ്ട്. അങ്ങനെയുള്ള പാവങ്ങളായ ചിലർക്കെങ്കിലും സൌജന്യമായി ഹജ്ജ് ചെയ്ത് ജിവിതസായൂജ്യം നേടാൻ സാധിതമാകുന്ന ഒരു ആനുകൂല്യം സ്വയം തട്ടിയെടുത്ത് അനർഹാരായവർ ഹജ്ജ് യാത്രചെയ്യുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നുമാത്രം.

ഹജ്ജ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അതെങ്ങനെ ആയിരിക്കണം എന്നും ഒക്കെയുള്ള കാര്യങ്ങൾ അവരവരുടെ വ്യക്തിപരമായ കാര്യമാണ്. ഞാൻ വായിച്ച പത്രവാർത്ത സത്യമാണെങ്കിൽ അനർഹമായ മാർഗത്തിൽ ഹജ്ജ് ചെയ്യുന്നവർക്ക് ഒരു മന:സാക്ഷിക്കുത്തും ഇല്ലല്ലോ എന്നത് അദ്ഭുതകരം തന്നെ എന്ന് പറയാതിരിക്കാനാകുന്നില്ല. അവരുടെ ഹജ്ജ് സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന് തീർപ്പു കല്പിക്കാൻ ഞാൻ ആളല്ല. ഞാൻ ഒരു മതപണ്ഡിതനും അല്ല. അതൊക്കെ മത പണ്ഡിതന്മാർ പറയട്ടെ. അല്ലെങ്കിൽ അങ്ങ് സുബർക്കത്തിൽ തീരുമാനിക്കട്ടെ! മേലില്‍ ഇതൊന്നും ആരും ആവര്‍ത്തിക്കാതിരിക്കട്ടെ!

വാലെഴുത്ത്: വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്കില്ല; ഒരു വിഭാഗം വിശ്വാസികളും പുരോഹിതന്മാരും തന്നെ ആയിരിക്കും!