Tuesday, February 21, 2012

മതത്തെപ്പറ്റി മിണ്ടരുതെന്ന്!

മതത്തെപ്പറ്റി മിണ്ടരുതെന്ന്

പോസ്റ്റിന്റെ ചുരുക്കം: മതകാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം മതപണ്ഡിതന്മാർക്കുമാത്രമുള്ളതല്ല. എല്ലാവർക്കും പറയാം. മതങ്ങളെ പറ്റി അറിവുള്ളവർ മതപണ്ഡിതന്മാർ മാത്രമല്ല. ഏതൊരാൾക്കും മതത്തെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും സാധിക്കും. മതങ്ങൾ വിമർശനങ്ങൾക്ക് അതീതവുമല്ല. ഏതെങ്കിലും മതകാര്യത്തെപ്പറ്റി ആരെങ്കിലും അഭിപ്രയാം പറഞ്ഞാൽ അതിനെ സമർത്ഥമായ മറുപടിയിലൂടെ ഖണ്ഡിക്കുവനാണ് ശ്രമിക്കേണ്ടത്. അല്ലാതെ മതത്തെ പറ്റി ഒന്നും മിണ്ടിപോകരുതെന്ന് പറഞ്ഞ് അസഹിഷ്ണുത കാട്ടരുത്. മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുത്.

ഇനി വിശദമായ പോസ്റ്റിലേയ്ക്ക്:

പിണറായി വിജയൻ ഏതോ പ്രസംഗ മദ്ധ്യേ തിരുകേശവുമായി ബന്ധപ്പെട്ട് ഒരു പരാ‍മർശം നടത്തിയതിനെ ചൊലിയുള്ള പുകിലുകളാണ് ഈ എഴുതുന്ന സമയത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്തു വിപ്ലവകാരിയാണെന്ന് അദ്ദേഹം പറഞ്ഞതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കും മുമ്പാണ് ഈ പുതിയ വിഷയം വന്നത്. കേശാരാധനപോലുള്ളവ അനാചരങ്ങളാണെന്ന് സൂചിപ്പിക്കുംവിധം ഒരു അഭിപ്രായം സഖാവ് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. എന്നാൽ മതത്തെ പറ്റി പറയാൻ മറ്റാർക്കും അവകാശമില്ലെന്നും അത് മതപണ്ഡിതന്മാർ മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാർ എന്നറിയപ്പെടുന്ന ചിലർ പറഞ്ഞു വയ്ക്കുന്നത്. ആരാണ് ഈ പണ്ഡിതന്മാർ? പണ്ഡിതപ്പട്ടം ഓരോരുത്തർക്കും ആധികാരികമായി ചാർത്തിക്കൊടുക്കുന്നതാരാണ്? അതോ സ്വയം പണ്ഡിതരാണെന്ന് കരുതുന്നവരൊക്കെ പണ്ഡിതരാണോ? മതത്തെക്കുറിച്ച് മത പണ്ഡിതന്മാർക്കു മാത്രമേ അറിയാവൂ എന്നുണ്ടോ? മതങ്ങളെ പറ്റി മറ്റാർക്കും പഠിച്ചുകൂടെന്നുണ്ടോ? മതങ്ങളെ പറ്റി മതപണ്ഡിതന്മാർ എന്ന വിശേഷണം ഉള്ളവർക്കു മാത്രമേ അഭിപ്രായം പറയാവൂ എന്നുണ്ടോ? മതങ്ങളെപ്പറ്റി വല്ലതും പറഞ്ഞുപോയാൽ അവരുടെ വായിൽ പിടിയ്ക്കാൻ ആർക്കാണ് അവകാശം? ആ അവകാശം ആരുതന്നു? അതോ ഇനിയിത് പിണറായി പറഞ്ഞതുകൊണ്ടാണോ? പിണറായി എന്ന വ്യക്തിയോടോ രാഷ്ട്രീയക്കാരനോടോ ഉള്ള അസഹിഷ്ണുത കൊണ്ടാണെങ്കിൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പിണറായി വിജയൻ നിരീശ്വരവാദി ആയിരിക്കാം. പക്ഷെ അദ്ദേഹം വിശ്വാസികളുടെയും മതസ്വാതന്ത്ര്യമടക്കമുള്ള എല്ലാ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. അതുകൊണ്ട് നിരീശ്വരവാദികളുടെയും വിശ്വാസികളുടെയും സ്വാതന്ത്ര്യം പിണറായി വിജയൻ ഒരേപോലെ തന്നെ ഉയർത്തിപ്പിടിക്കുകയും ചെയ്യും. ആരോടെങ്കിലും പ്രത്യേകം ഒരു വിദ്വേഷം അദ്ദേഹം വച്ചു പുലർത്തുകയുമില്ല. അതിന്റെ കാര്യവുമില്ല്ല.

ഇവിടെ മതക്കാർ അഥവാ മതത്തിന്റെ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ അന്യായമായി രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയും അഭിപ്രയാങ്ങൾ പറയുകയും ചെയ്യാറുണ്ട്. മതത്തിന്റെ പേരിൽ പല വിലപേശലുകളും അവർ നടത്താറുണ്ട്. മതത്തിന്റെ പേരിൽ ഭരണത്തിൽതന്നെ അവർ ഇടപെടുന്നു. തെരഞ്ഞെടുപ്പുകളിൽ സാമുദായിക ശക്തികൊണ്ട് അവർ വിലപേശുന്നു. സർക്കാരുകളെ പലവിധത്തിൽ സ്വാധീനിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടക്കം പല സ്ഥാപനങ്ങളും നടത്താൻ അനുമതി നേടി അവർ കൊള്ള ലാഭമുണ്ടാക്കാൻ നോക്കുന്നു. രാഷ്ട്രീയ നേതാക്കളെ അവർ വിരട്ടിയും നോക്കിയും പേടിപ്പിക്കുന്നു. തങ്ങൾ ദൈവങ്ങളേക്കാൾ വലിയവരാണെന്ന മട്ടിലാണ് ചില മത-സാമുദായിക നേതാക്കളും മത പണ്ഡിതന്മാരായി അറിയപ്പേടുന്നവരും പെരുമാറുന്നത്. ഇപ്പോൾ അവരിൽ ചിലർ പറയുകയാണ്, മതങ്ങളെപറ്റി ആരുമൊന്നും മിണ്ടരുതെന്ന്! മതങ്ങളും മതഗ്രന്ഥങ്ങളും മതപണ്ഡിതന്മാരുടെ മാത്രം സ്വന്തമാണോ? അത് ജനസമൂഹത്തിനു മൊത്തം ഉപയോഗിക്കാവുന്നതാണോ അതോ ഒരു കൂട്ടം മതമൌലികവാദികൾക്ക് മാത്രം തീറെഴുതിക്കിട്ടിയതാണോ? മതങ്ങൾ വിമർശനങ്ങൾക്ക് അതീതമാണോ? മതങ്ങളെ പറ്റി ആർക്കും ഒന്നും പറഞ്ഞുകൂടെ? രാഷ്ട്രീയക്കാർ മതമാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാൽ എന്താണ് കുഴപ്പം? ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാൽ ഉലഞ്ഞുപോകുന്നതാണോ ഈ മതങ്ങൾ? ഓരോരുത്തരും അവരുടെ അറിവിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഓരോരോ വിഷയങ്ങളിലും അഭിപ്രായം പറയുന്നത്. മത പണ്ഡിതന്മാരും ഇതിൽ നിന്ന് വ്യത്യസ്തരല്ല. മതങ്ങളെ പറ്റി എല്ലാം പഠിച്ചവരല്ല ഒരു മതത്തിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ. മത പണ്ഡിതന്മാരും അതേ! ഓരോരുത്തർക്കും പഠിക്കാൻ കഴിയുന്നതിനും ചില പരിമിതികൾ ഉണ്ട്. ഒരു മതത്തെ പറ്റിയും പ്രത്യയശാസ്ത്രത്തെ പറ്റിയും ആർക്കും മൊത്തമായി പഠിച്ചു തീർക്കാനാകില്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാകട്ടെ ഡൈനമിക്ക് അഥവാ ചലനാത്മകങ്ങളാണ്. മതപ്രത്യയ ശാസ്ത്രങ്ങളും ചലനാത്മകങ്ങൾ അല്ലെന്നു പറയാൻ കഴിയില്ല. കാലത്തിനൊപ്പം അവയും പ്രായോഗികതലത്തിലെങ്കിലും മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇനി രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചാണെങ്കിൽ സ്വന്തം പ്രത്യയ ശാസ്ത്രം അരച്ചു കലക്കിക്കുടിച്ചവരല്ല ഓരോരോ പാർട്ടികളിലെ ബഹുഭൂരിപക്ഷം വരുന്ന പ്രവർത്തകർ. ഉദാഹരണത്തിന് മാർക്സിസം അരച്ചു കലക്കിക്കുടിച്ചിട്ടല്ല മാർക്സിസ്റ്റുകാർ ആ പാർട്ടിയിൽ വിശ്വസിക്കുകയും അംഗമാവുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. മതത്തെ പറ്റി അധികാരികമായും ഗഹനമായും പഠിച്ചവരല്ല, ഭൂരിപക്ഷം വരുന്ന മത വിശ്വാസികൾ. അത്യാവശ്യം വേണ്ട മതാചാരങ്ങളും പ്രാർത്ഥനാ രീതികളും മറ്റും പരിചയിച്ചിട്ടുള്ളവരാണ് സാധാരണ ഭൂരിപക്ഷം വരുന്ന മതാനുയായികൾ.

അസഹിഷ്ണുത പണ്ഡിതോചിതമല്ല. പണ്ഡിതർ അല്ലാത്തവർക്കും അത് പാടില്ല. ഇവിടെ ഒരാൾ ഒരു അഭിപ്രായം പറഞ്ഞാൽ നീ മിണ്ടിപ്പോകരുത് എന്നു പറയുന്നതല്ല മര്യാദ. മറിച്ച് യുക്തിസഹജമായി ആ അഭിപ്രായത്തെ ഖണ്ഡിക്കാനുള്ള വാദഗതികൾ നിരത്തുകയാണ് വേണ്ടത്. കേശാരാധന അന്ധവിശ്വാസമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഞാൻ ഒരു പോസ്റ്റ് എഴുതിയപ്പോൽ ചിലർ അതിനെ വന്ന് അനുകൂലിച്ചെഴുതി. . എന്നാൽ മറ്റു ചിലർ അവരുടെ അറിവും യുക്തിയും വാക്ക്സാമർത്ഥ്യവും ഉപയോഗിച്ചുകൊണ്ട് എന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കുവാനും എന്നെ തിരുത്തിക്കുവാനും ശ്രമിച്ചു. തിരുകേശത്തെ അവർ ന്യായീകരിക്കുന്നതിനുള്ള കാരണങ്ങൾ അവർ സോദാഹരണം സമർത്ഥിക്കാൻ ശ്രമിച്ചു. അതാണു വേണ്ടത്. പിണറായി വിജയൻ കേശാരാധയെ അന്ധവിശ്വാസമെന്നു വിശേഷിപ്പിച്ചെങ്കിൽ അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് അദ്ദേഹം പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് അന്ധവിശ്വാസമല്ല, മുസ്ലിം വിശ്വാസധാരയുടെ ഭാഗമാണെന്ന് സമർത്ഥിക്കുകയാണ് ആ അഭിപ്രായത്തോട് വിയോജിക്കുന്ന മുസ്ലിം പണ്ഡിതന്മാർ ചെയ്യേണ്ടത്. അല്ലാതെ പിണറായി വിജയന്റെ അഭിപ്രായ സ്വാതന്ത്യത്തെ ചോദ്യം ചെയ്യുകയല്ല ചെയ്യേണ്ടത്. ഈ മത പണ്ഡിതന്മാർ എന്നു പറയുന്നവർ എല്ലാവരും പണ്ഡിതർ തന്നെ ആയിക്കൊള്ളണം എന്നില്ല അങ്ങനെ അവകാശപ്പെടുന്നവരും സ്വയം വിശേഷിപ്പിക്കപ്പെടുന്നവരും ആകാം. എന്തായാലും ഇങ്ങനെ ചില മതപണ്ഡിതന്മാർ മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് പരസ്യമായി ഇത്തരം അസഹിഷ്ണുതകൾ പ്രകടിപ്പിക്കുകവഴി സ്വന്തം മതത്തെപ്പറ്റിത്തന്നെ മറ്റുള്ളവരിൽ അവമതിപ്പുണ്ടാക്കുകയാണു ചെയ്യുന്നത് എന്നാണ് എന്റെ വിനീതമായ അഭിപ്രയം. അഭിപ്രായ സ്വാതന്ത്ര്യത്തിന് പിണറായി വിജയനും മത പണ്ഡിതന്മാർക്കും മാത്രമല്ല, സമസ്തജനങ്ങൾക്കും ഈയുള്ളവനവർകളുടെ പൂർണ്ണ പിന്തുണ!

അനുബന്ധം

മതം എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ല. പക്ഷെ മതം എന്റെയും കുടുംബജീവിതത്തിന്റെ ഭാഗമാണ്. മറ്റ് ഏതു കാര്യങ്ങളിലുമെന്ന പോലെ നാട്ടിലെ മതകാര്യങ്ങളിലും ഞാൻ ഇടപെടാറുണ്ട്. മതാചാരങ്ങൾ എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ഞാൻ മതകാര്യങ്ങളിൽ ഇടപെടുന്നതിനെ എന്റെ നാട്ടിൽ ആരും വിലക്കിയിട്ടുമില്ല. വിശ്വാസങ്ങളും ആചാരങ്ങളും പ്രാ‍ർത്ഥനകളും മറ്റും എന്റെ വ്യക്തി ജീവിതത്തിന്റെയും ഭാഗമാക്കാൻ എന്നോട് സ്നേഹമുള്ള വിശ്വാസികൾ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. വിശ്വാസങ്ങളെ നിരാകരിച്ച് ഞാൻ നഗരത്തിൽ പോകുന്നത് ഒഴിവാക്കാനാണ് എന്നെ സ്നേഹിക്കുന്ന നിഷ്കളങ്കരായ വിശ്വാസികൾ എനിക്കുമേൽ അങ്ങനെയൊരു സമ്മർദ്ദം ചെലുത്തുന്നത് എന്നറിയാവുന്നതുകൊണ്ട് അവരോട് എനിക്ക് സ്നേഹം കൂടുന്നതേയുള്ളൂ. അവരോട് ഒരു അസഹിഷ്ണുതയും എനിക്ക് തോന്നാറില്ല. ഇവിടെയുള്ള എല്ലാ മത്തത്തിലെയും കേൾവിപ്പെട്ട മത പണ്ഡിതന്മാരുമായി എനിക്ക് നല്ല ബന്ധമുണ്ട്. എന്റെ വീട്ടിനു നേരെ എതിർവശത്ത് ഒരു യത്തീംഖാനയാണ്. തൊട്ടുപുറകിൽ പള്ളിയും. യത്തിംഖാനയോട് ചേർന്ന് ഒരു അമ്പലമുണ്ട്. പള്ളിയുടെ അക്കരെയായായി വളരെ ഉയരത്തിലുള്ള പാറയിൽ മറ്റൊരമ്പലവും.( ഇത് എം.സി.റോഡേ വരുന്നവർക്ക് തട്ടത്തുമല ജംഗ്ഷനിൽ എത്തുമ്പോൾ കാണാം.) അടുത്തുതന്നെ ഒരു ക്രിസ്തീയ ദേവാലയവും ഉണ്ട്. വേറെയും ധാരാളം അമ്പലങ്ങളും പള്ളികളും ചർച്ചുകളും ഇവിടെ അടുത്തൊക്കെയുണ്ട്. ഇവിടെയെല്ലാം മിക്കപ്പോഴും മതപ്രബോധനങ്ങൾ നടക്കാറുണ്ട്. അവയുടെയെല്ലാം നല്ലൊരു ശ്രോതാവാണ് ഞാനും. സദസ്സിൽ എന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ എന്നെ അറിയാവുന്ന മതപണ്ഡിതന്മാരിൽ ചിലർ അവരുടെ പ്രഭാഷണങ്ങളിൽ കുറച്ചു കൂടി ഊർജ്ജസ്വലരാകുന്നതും പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. എന്നെപോലുള്ളവരെയാണല്ലോ അവർക്ക് മാറ്റിയെടുക്കേണ്ടത്. ചില കാര്യങ്ങളിലൊക്കെ ഞാനും വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. അതിപ്പോൾ മതവിശ്വാസികൾതന്നെ മതകാര്യങ്ങളിൽ പലതിനെയും നിശിതമായി വിമർശികാറുണ്ടല്ലോ. എന്നാൽ ഞാൻ മതവിശ്വാസങ്ങളെയും മതാചാരങ്ങളെയും അതേപടി പിൻപറ്റി ജീവിക്കാൻ ശ്രമിക്കുന്നില്ലാ എന്നതുകൊണ്ട് വിശ്വാസിസമൂഹത്തോട് ഏതെങ്കിലും തരത്തിലുള്ള ഒരു അസഹിഷ്ണുത ഞാൻ വച്ചു പുലർത്താറില്ല. അതിന്റെ ആവശ്യവും ഇല്ല. ആശയസംവാദങ്ങൾ നടക്കുമ്പോൾ എന്റെ ആശയങ്ങൾ മറ്റുള്ളവർ കേൾക്കാൻ തയാറുണ്ടെങ്കിൽ ഞാനും പങ്കുവയ്ക്കാറുണ്ട്. പക്ഷേ മതപക്ഷത്ത് നിൽക്കുന്ന നല്ലൊരു പങ്കാളുകൾക്ക് എന്താണ് സ്വന്തം മതത്തിനെതിരായ ആശയങ്ങളോട് ഇത്ര അസഹിഷ്ണുത എന്ന് എനിക്ക് മനസിലാകുന്നില്ല. ഏത് മത ഗ്രന്ഥത്തിലാണ് ഈ അസഹിഷ്ണുതയുടെ അടിവേരുകൾ ഉള്ളത്? ഞാൻ പഠിച്ച മതഗ്രന്ഥങ്ങൾ ഒന്നും അന്യന്റെ ആശയങ്ങളോടോ വിശ്വാസങ്ങളോടോ അസഹിഷ്ണുതയുള്ള ഒരാളാക്കി എന്നെ മാറ്റിയിട്ടില്ല. ഞാൻ പഠിച്ച മാർക്സിസമോ ഞാൻ പഠിച്ച യുക്തിവാദമോ നിരീശ്വരവാദമോ ഒന്നും തന്നെ ഏതെങ്കിലും മതവിശ്വാസിയുടെ ഏതെങ്കിലും സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറണമെന്ന് എന്നെ പഠിപ്പിച്ചിട്ടില്ല. പിന്നെന്തേ ചിലർമാത്രം ഇങ്ങനെ! മതങ്ങളെപ്പറ്റി ആരും ഒന്നും മിണ്ടിപ്പോകരുതെന്നും മറ്റും പറയുന്നതിനു പിന്നിലെ പ്രേരണയെന്താണ്?

ഞാൻ പറഞ്ഞ യത്തീംഖാനയുടെ സ്ഥാപക ചെയർമാൻ ആയിരുന്ന ഖാദിമുൽ ഐത്താം പി.എം.ഹംസാ മൌലവി ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനികുകയും ചെയ്തിരുന്ന ഒരാളാണ്. പിതൃതുല്യമായ സ്നേഹം എനിക്കു നൽകിയ അദ്ദേഹം എന്നെ മോനേ എന്നു വാത്സല്യപൂർവ്വം വിളിക്കുന്നത് ഇന്നും എന്റെ കാതുകളിൽ മുഴങ്ങിക്കേൾക്കാം. ഇവിടെ അടുത്ത് യത്തീംഖാന തുടങ്ങിയശേഷം മാത്രമാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത്. ഇത്രയും കുട്ടികൾക്ക് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകി അവരെ ഒരു കരയ്ക്കെത്തിക്കാൻ ശ്രമിക്കുന്നു എന്നത് മഹത്തായ ഒരു കാര്യം തന്നെ. കോടികൾ മുടക്കി ഒരു പള്ളി പണിയുന്നതിനേക്കാൾ വലിയ കാര്യം. മക്കളില്ലാതിരുന്ന അദ്ദേഹത്തിന് അനാഥ അഗതിമക്കളായിരുന്നു സ്വന്തം മക്കൾ. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മരണപ്പെട്ടിട്ട് അധികം വർഷം ആയിട്ടില്ല. അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മയ്യത്ത് യത്തീംഖാനയിൽ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു യത്തീംഖാനാ അധികൃതരുടെ ആഗ്രഹം. എന്നാൽ അതേ ചൊല്ലി നാട്ടുകാരിൽ ചിലരിൽനിന്ന് ചില തടസവാദങ്ങൾ ഉണ്ടായപ്പോൾ ഞാനും സി.പി.ഐ.എമ്മിലെ മറ്റ് നേതാക്കളും കൂടി ഇടപെട്ടാണ് ആ പ്രശ്നം പരിഹരിച്ചത്. ഖബറടക്കം കഴിയുന്നതുവരെ ഞങ്ങൾ പാർട്ടി പ്രവർത്തകർ അവിടെ കാവലാളുകളെ പോലെ നിൽക്കുകയും അനുശോചനയോഗത്തിൽ അടക്കം പങ്കെടുക്കുകയും ചെയ്തു. സി.പി.ഐ.എം നേതാക്കളുടെ നിരീശ്വര മതമൊന്നും അതിനൊന്നും ഒരു തടസ്സവുമായിരുന്നില്ല. ഇപ്പോഴും ആ യത്തീംഖാനയുമായും അവിടുത്തെ ചെയർമാനുമായും കുട്ടികളുമായും ഒക്കെ എനിക്ക് നല്ല ബന്ധമാണ്. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മക്കൾ എനിക്ക് സഹോദര തുല്യരാണ്. യത്തീംഖാനയിൽ നോമ്പിരുപത്തിയേഴിന് കുട്ടികളെ എഴുത്തിനിരുത്തുന്ന ഒരു ആഘോഷത്തിനു തുടക്കം കുറിച്ചത് ഹംസാ മൌലവിയാണ്. അവിടെ വരുന്ന കുട്ടികളെ അറബ് അക്ഷരങ്ങൾ മാത്രമല്ല എഴുതിയ്ക്കുന്നത്. മലയാള അക്ഷരങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും എഴുതിക്കും.ഇപ്പോഴും എല്ലാ വർഷവും നോമ്പ് ഇരുപത്തിയേഴിന് എഴുത്തിനിരുത്തൽ ഉണ്ട്.ആ ദിവസം വമ്പിച്ച ജനാവലി ഇവിടെ ഒത്തു ചേരാറുണ്ട്. കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം അനാഥ അഗതിമക്കളുടെ സമുഹ പ്രാർത്ഥനയുണ്ട്. ഈ ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളായും പണമായും ഭണ്ഡങ്ങളായും സംഭാവനകളുമായി ധാരാളം ആളുകൾ വരാറുണ്ട്. ചില വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും ഇവിടെ വച്ച് നടത്താറുണ്ട്. സമീപത്തെ അന്യമതസ്ഥരുടെ വിവാഹം നടക്കുമ്പോൾ ആ വീട്ടുകാർ നല്ലൊരു തുക ഈ യത്തീം ഖാനയ്ക്ക് നൽകാറുണ്ട്. ചിലർ അവരുടെ വീട്ടിലെ ആരുടെയെങ്കിലും വിവാഹം നടക്കുമ്പോൾ യത്തീംഖാനയിലെ കുട്ടികൾക്കും ഗംഭീര സദ്യയ്ക്കുള്ള പണം മുമ്പേ തന്നെ നൽകാറുണ്ട്. ഞാനിക്കാര്യങ്ങൾ കൂടി ഇപ്പോൾ പറയുന്നത് നമ്മുടെ ഈ ബഹുമത സമൂഹം അങ്ങനെയൊക്കെയാണ് മുന്നേറുന്നത് എന്ന് സൂചിപ്പിക്കുവാൻ കൂടിയാണ്. എന്നാൽ ഈ മതേതര മാനവികതയെ തകർക്കാനും, നമ്മുടെ സംസ്ഥാനം ഒരു മതഭ്രാന്താലയമാക്കാനും ചിലർ ബോധപൂർവ്വവും അല്ലാതെയും ശ്രമിക്കുമ്പോൾ അത്തരക്കാരെ നാം തിരിച്ചറിഞ്ഞ് തിരുത്തിക്കുവാൻ ശ്രമിക്കേണ്ടതാണ്. മതവിശ്വാസം, മതവാദം, മതമൌലികവാദം തുടങ്ങിയ പദങ്ങൾ ദ്യോതിപ്പിക്കുന്ന അർത്ഥാന്തരങ്ങൾ നാം വ്യക്തമായി വേർതിരിച്ചറിയണം.

പിന്‍കുറിപ്പ് : ചില പോസ്റ്റുകൾ എഴുതുമ്പോൾ അതിന് ഇങ്ങനെ ചില ആമുഖവും അനുബന്ധവുമൊക്കെ ഞാൻ എഴുതാറുണ്ട്. ഇവിടെ പേജിന്റെ ദൌർബല്യമൊന്നുമില്ലാത്തതുകൊണ്ട് ആ ആസാദ്ധ്യതകൾ ഉപയോഗിക്കുക തന്നെ ചെയ്യുന്നുവെന്നു മാത്രം. അല്ലാതെ ചുരുക്കിയെഴുതാൻ കഴിയാഞ്ഞിട്ടൊന്നുമല്ല.

9 comments:

സങ്കൽ‌പ്പങ്ങൾ said...

sathyam maathram

അനില്‍ഫില്‍ (തോമാ) said...

സന്ദര്‍ഭോചിതമായ പോസ്റ്റ്.


അകമ്പാടം വരച്ച കാര്‍ട്ടൂണിന് ലഭിച്ചതു മാതിരിയുള്ള ഭീഷണികള്‍ ഇനിയിപ്പോള്‍ സജീമിനു നേരെയും പ്രയോഗിക്കാന്‍ അനോണികള്‍ തയ്യാറാകുമോ എന്നു കാത്തിരുന്നു കാണാം.

അനില്‍ഫില്‍ (തോമാ) said...
This comment has been removed by the author.
അനില്‍ഫില്‍ (തോമാ) said...

മത വാണിഭം ആധാരമാക്കി ഞാനും പുതിയ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് വന്നു വായിക്കുമല്ലോ.

Harinath said...

യുക്തിപൂർവ്വം ചിന്തിക്കാതെ, പ്രചരിക്കുന്നതിനെ അതുപടി സ്വീകരിക്കാനുള്ളവർക്കുമാത്രമുള്ളതാണ്‌ മതം എന്നു പറയേണ്ടിവരുമോ ? അതിനിടയാകരുതെന്ന് ആഗ്രഹിക്കുന്നു.
അഭിപ്രായം പറയുന്നതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ ഇവിടെ എഴുതിയിട്ടുണ്ട്.

MOIDEEN ANGADIMUGAR said...

“നമ്മുടെ സംസ്ഥാനം ഒരു മതഭ്രാന്താലയമാക്കാൻ ചിലർ ബോധപൂർവ്വവും അല്ലാതെയും ശ്രമിക്കുമ്പോൾ അത്തരക്കാരെ നാം തിരിച്ചറിഞ്ഞ് തിരുത്തിക്കുവാൻ ശ്രമിക്കേണ്ടതാണ്.“

ഇനി തിരുത്തിക്കാൻ പറ്റുമെന്നു തോന്നുന്നില്ല സജീം. ഭ്രാന്ത് അത്രത്തോളം മൂർച്ഛിച്ച് കഴിഞ്ഞു.

ഷെരീഫ് കൊട്ടാരക്കര said...

മതത്തിന്റെ ആന്തരികാര്‍ത്ഥം ഉള്‍ക്കൊണ്ട് മത വിശ്വാസി ആയി ജീവിക്കുന്നവനും മതത്തെ സ്വാര്‍ത്ഥതക്ക് വേണ്ടി ഉപയോഗിക്കുന്നവനും തമ്മിലുള്ള വ്യത്യാസം കണ്ട് പിടിക്കാന്‍ കഴിയാതെ എല്ലാവരെയും മത വിശ്വാസികള്‍ എന്ന് ഒരു ലേബിളില്‍ കാണുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. ബഹുമാനപ്പെട്ട ഹംസ്സാ മൌലവിയെയും അബൂബക്കര്‍ മുസലിയാരെയും രണ്ട് പേര്‍ക്കും താടിയുണ്ട് എന്ന ഒരു ലക്ഷണത്തില്‍ രണ്ട് പേരും മത വിശ്വാസികള്‍ ആണെന്ന് കാണാന്‍ കഴിയില്ലല്ലോ.മതത്തിന്റെ ആന്തരികാര്‍ത്ഥം ഉള്‍ക്കൊണ്ട് ജീവിച്ച ഹംസ മൌലവി എന്താണ് മതമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് തന്നു. ദേ! ഇതാണ് മതമെന്ന് അബൂബക്കര്‍ മുസലിയാര്‍ നാല്‍പ്പത് കോടി രൂപയുടെ കേശപ്പള്ളിയിലൂടെ ഇപ്പോള്‍ കാണിച്ച് തരുന്നു.രണ്ട് പേരും മത വിശ്വാസികളാകുമോ?

ജയിംസ് സണ്ണി പാറ്റൂർ said...

മതം എക്സപിയറി ഡേറ്റു കഴിഞ്ഞ മരുന്നും
ദെവം അതു വില്ക്കുന്ന കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റുമാണു്

kanakkoor said...

പോസ്റ്റ്‌ ഒരുവട്ടം ഓടിച്ചു വായിച്ചു, പുനര്‍ വായന പിന്നീട് നടത്തണം എന്നും തോന്നി.
മതം മനുഷ്യന്‍റെ ഇന്നത്തെ അവസ്ഥയില്‍ വളരെ സ്വാധീനം ചെലുത്തുവാന്‍ ശരിയായ കാരണം അത് സംഭരിച്ച ശക്തി തന്നെ. ഈ ശക്തി നല്‍കിയത് ശാസ്ത്രത്തിന്‍റെ വളര്‍ച്ചയുമാണ്‌. .
ഏതായാലും മതത്തിന്‍റെ പുതിയ വ്യക്താക്കള്‍ അധികം വൈകാതെ സമൂഹത്താല്‍ ആട്ടിയോടിക്കപെടും.
വരും കാലം അതിന്റെയാണ്.