ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായ ജ്യോതി എന്ന പെൺകുട്ടി മരണപ്പെട്ടു
ജ്യോതിമോളേ ക്ഷമിക്കുക; നമ്മൾ കുറെ നരാധമൻമാർക്കിടയിൽപെട്ടു പോയി!
ഏതാനും ദിവസങ്ങൾക്കു മുമ്പ് ദില്ലിയിൽ കൂട്ട ബലാൽസംഗത്തിനിരയായ ഇരുപത്തിമൂന്നു
വയസ്സുകാരിയായ ജ്യോതി എന്ന പെൺകുട്ടി മരണപ്പെട്ടു.
വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോയിരുന്ന പെൺകുട്ടി അവിടെ ആശുപത്രിയിൽവച്ച്
ഇന്ന് പുലർച്ചേ രണ്ട് പതിഞ്ച് മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ദില്ലി സെന്റ് സ്റ്റീഫൻ
കോളേജ് വിദ്യാർത്ഥിനിയായിരുന്നു ജ്യോതി. ഫിസിയോതെറാപ്പി
കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇന്റേർണൽ ഷിപ്പിന് വേണ്ടി കുട്ടി പഠനപ്രവർത്തനം തുടർന്നുവരികയായിരുന്നു.
കൂട്ട ബലാൽസംഗത്തിനിരയായ കുട്ടിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും
വിദഗ്ദ്ധ ചികിത്സയ്ക്കായി അവിടെ നിന്നും സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
എന്നാൽ മരണവുമായുള്ള മല്പിടിത്തത്തിൽ ജ്യോതിയും ഡോക്ടർമാരും ഒടുവിൽ പരാജയപ്പെട്ടു. ഇതോടെ ഈ കൂട്ടബലാൽസംഗക്കേസിലെ ഒന്നാം അനുഭവസാക്ഷി ഇല്ലാതായിരിക്കുന്നു.
അതായത് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവ് നശിച്ചിരിക്കുന്നു. ഇനി കേസ് ഏത് വിധം പോകുമെന്നത് കാത്തിരുന്ന് കണേണ്ടിയിരിക്കുന്നു.
പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത ക്രൂരജന്തുക്കളെ മനുഷ്യരെന്ന പരിഗണന വച്ച് ശിക്ഷിക്കേണ്ടവരല്ല.
ഇവർ മൃഗതുല്യരാണെന്ന് പറഞ്ഞാൽ മൃഗങ്ങളടക്കം നിലവിലുള്ള ജീവിവർഗ്ഗങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കും.
ഇവറ്റകളെ അനുകമ്പയർഹിക്കാത്ത വിചിത്ര ജന്മങ്ങളായി കരുതി കടുത്ത ശിക്ഷകൾക്ക് വിധേയരാക്കണം.
അതിന് നിലവിലുള്ള നിയമ സംവിധാനങ്ങൾക്ക് എന്തെങ്കിലും പരിമിതികളുണ്ടെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തണം. കേവലമായ ഒരു വധശിക്ഷകൊണ്ടുപോലും ഇത്തരം കൊലയാളികളെ ശിക്ഷിച്ചു
കലിയടക്കാനാകില്ല. കാരണം വധം അവറ്റകളെ ഒരു തരത്തിൽ രക്ഷിക്കുകയാണല്ലോ.
ജ്യോതിയുടെ മരണത്തെ തുടർന്ന് വീണ്ടും ജനകീയ പ്രതികരണങ്ങൾ ശക്തമാകുമെന്ന്
കരുതി ഭരണകൂട സംവിധാനങ്ങൾ ഇതിനകം ജാഗ്രതപ്പെട്ടിട്ടുണ്ട്. എന്നാൽ കത്തുന്ന പ്രതിഷേധങ്ങൾക്കുനേരേ
കടുത്ത നടപടികൾ എടുത്താൽ അത് എരിതീയിൽ കനലുവാരി ഇടുന്നതിനു തുല്യമായിരിക്കും. പ്രതിഷേധരൂപങ്ങൾ
അക്രമാസക്തമാകാതിരിക്കുവാൻ നിയമ സംവിധാനങ്ങൾ ശ്രദ്ധിക്കേണ്ടതുതന്നെ. എന്നാൽ ജനങ്ങളുടെ
ന്യായമായ പ്രതിഷേധങ്ങളെ ശത്രുഭാവത്തിൽ നേരിടുന്നതിന് ഭരണകൂടം തയ്യാറാകരുത്.
ഭരണവും
ഭരണീയരും എന്ന വ്യത്യാസമില്ലാതെ ഈ സാഹചര്യത്തെ ഒരുമിച്ചു നിന്നു നേരിടേണ്ടതാണ്. കുറ്റവാളികൾക്ക്
അർഹമായ ശിക്ഷ ഉറപ്പുവരുത്താൻ ഭരണകൂടവും നിയമ –നീതി സംവിധാനങ്ങളും അവസരമൊരുക്കണം. ജനങ്ങളാകട്ടെ
ശക്തവും സമാധാനപരവുമായ പ്രതിഷേധങ്ങളിലൂടെ ഇത്തരം കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള
ശക്തമായ മുന്നറിയിപ്പുകളും നൽകണം. അവിടെ നാം
എല്ലാ സങ്കുചിത ചിന്തകളും വെടിയുക.