Monday, September 24, 2012

തിലകൻ: അഭിനയകലയിലെ മഹാപ്രതിഭ


തിലകൻ: അഭിനയകലയിലെ മഹാപ്രതിഭ

നടൻ തിലകൻ ഇന്ന് പുലർച്ചേ അന്തരിച്ചു. അദ്ദേഹം  അഭിനയകലയിലെ  ഒരു മഹാപ്രതിഭതന്നെയായിരുന്നു. സൂപ്പർ താരങ്ങൾ അരങ്ങു വാഴുന്ന സിനിമാ ലോകത്ത് ഒരു നടൻ എന്ന നിലയിൽ  തിലകന്റെ വ്യക്തിത്വം ഒന്നു വേറെ തന്നെയാണ്. നല്ല പ്രായത്തിലേ കോടംപാക്കത്ത് ചെന്ന് അവസരം യാചിച്ച് കാലുതേഞ്ഞ്  സിനിമാ ലോകത്തെത്തിയതല്ല തിലകൻ. നാടകരംഗത്ത് വർഷങ്ങളോളം അരങ്ങുവാണ ഈ  അഭിനയപ്രതിഭ സ്വാഭാവികമെന്നോണം സിനിമാരംഗത്തേയ്ക്ക് ആനയിക്കപ്പെടുകയായിരുന്നു. സിനിമാരംഗത്തെത്തിപ്പെട്ട തിലകനു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമാ രംഗത്ത്  ശ്രദ്ധേമായ സാന്നിദ്ധ്യമായതിനു ശേഷവും നാടകരംഗം അദ്ദേഹം കൈവിട്ടിരുന്നില്ല. നടനായും സംവിധായകനായും ഉപദേശകനായുമൊക്കെ നാടകരംഗത്ത് അദ്ദേഹമുണ്ടയിരുന്നു.

സിനിമാ തിരക്കുകൾക്കിടയിൽ പിന്നീട് പഴയതുപോലെ നാടക രംഗത്ത് സജീവമാകാൻ കഴിഞ്ഞിരുന്നില്ലെങ്കിലും  ആ രംഗത്ത് നിന്നു നേടിയ അനുഭവങ്ങളും പ്രശസ്തിയും എന്നും അദ്ദേഹത്തിനു പിൻബലമായുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ  സിനിമയിൽ നിന്നു ഊരു വിലക്കുമ്പോൾ നാടകരംഗത്ത് വീണ്ടും സജീവമാകുമെന്ന് പ്രഖ്യാപിക്കുവാൻ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായില്ല. വിലക്കൊക്കെ പിന്നെ മാറി. ഇങ്ങനെയൊരു അതുല്യ നടനെ എന്നെന്നേയ്ക്കുമായി അങ്ങനെ വിലക്കി നിർത്താൻ ആർക്കാണു കഴിയുക? വീണ്ടും അദ്ദേഹം സിനിമാരംഗത്ത് പഴയ പ്രതാപത്തോടെ ശോഭിച്ചു തുടങ്ങി.

നാടക രംഗത്തു നിന്ന് സിനിമയിലെത്തിയ ധാരാളം പേരുണ്ട്. അവർ താരമായിട്ടില്ല. പക്ഷെ അവഗണിയ്ക്കാനാകാത്ത നടന്മാരായി മലയാള സിനിമാ രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുവാൻ അതിൽ നല്ലൊരു പങ്കാളുകൾക്ക്  കഴിഞ്ഞിട്ടുണ്ട്. നരേന്ദ്രപ്രസാദും രാജൻ പി ദേവുമൊക്കെ ഈ ഗണത്തിൽ‌പ്പെടും.  സിനിമയിൽ ആർക്കും അഭിനയിക്കാം. താരങ്ങളാകാം. പക്ഷെ നടനാകണമെങ്കിൽ നടനകലയിൽ നല്ല അഭിരുചിയും പ്രാവീണ്യവും വേണം. അതുകൊണ്ടുതന്നെ നാടകരംഗം ഒരു അഭിനേതാവിനു കരുത്തു പകരുന്ന മേഖലയാണ്. ആ കരുത്തുമായി മലയാള സിനിമയിലെത്തിയ തിലകൻ മലയാളികളുടെ മനസിൽ നിന്ന് ഒരിക്കലും മറക്കാത്ത നിരവധി കഥാപത്രങ്ങളെ അഭ്രപാളികളിൽ ജീവിപ്പിച്ചിട്ടുണ്ട്.

തിലകൻ തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലേയ്ക്കും  തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരേ സ്വഭാവത്തിലുള്ള കഥാപാത്രങ്ങളെ കൂടുതലായി അവതരിപ്പിക്കേണ്ടി വരിക എന്നത്  കച്ചവട സിനിമകളുടെ പൊതുവായ ഒരു സവിശേഷതയാണ്. അത് തിലകനും ചെയ്യേണ്ടി വന്നിട്ടുണ്ട്. എങ്കിലും വൈവിദ്ധ്യമാർന്ന നിരവധി കഥാപാത്രങ്ങൾ തിലകന് ലഭിച്ചിട്ടുണ്ട്. അവ ഒന്നിനെയും ഒന്നിനോട് സാമ്യപ്പെടുത്താനാകില്ല. ഓരോ കഥാപാത്രത്തിന്റെയും സൃഷ്ടി കർത്താവും സംവിധായകനും പ്രതീക്ഷിക്കുന്നതിനപ്പുറം ആ കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാൻ തിലകനു കഴിഞ്ഞിരുന്നു.

ചെറുപ്പകാലത്ത് സിനിമയിലെത്താൻ കഴിയാത്തതുകൊണ്ട് തിലകന് യുവകഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. അത് മലയാള സിനിമയ്ക്ക് ഒരു നഷ്ടമാണ്. എന്നിട്ടുകൂടിയും തന്റെ പ്രായത്തോട് പൊരുത്തപ്പെട്ടു  നിൽക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾക്ക് ചിരഞ്ജീവത്വം നൽകുവാൻ തിലകനു കഴിഞ്ഞിരിക്കുന്നു! ഒരു താരത്തിനു മുഖലാവണ്യവും സിനിമാറ്റിക്ക് ഫെയിസുമൊക്കെ വേണമായിരിക്കാം. എന്നാൽ ഒരു നടന് അതൊന്നും ആവശ്യമില്ലെന്ന് തെളിയിച്ചവരിൽ ഒരാളാണ് തിലകൻ. താരവും നടനും രണ്ടാണ്. ആർക്കും താരമാകാം. അതിന്റെ മാനദണ്ഡം സൌന്ദര്യമായിരിക്കാം. എന്നാൽ സൌന്ദര്യത്തിന്റെ പിൻ‌ബലത്തിൽ മാത്രം താരമാകാൻ കഴിയും;  പക്ഷെ   നടനാകാൻ കഴിയില്ല. നിറമോ, സൌന്ദര്യമോ ഒന്നുമല്ല ഒരു നടനെ വിജയിപ്പിക്കുന്നത്. അഭിനയിക്കാനുള്ള കഴിവാണ്.

യഥാർത്ഥ ജീവിതത്തിലെ കഥാപാത്രങ്ങൾ ഒക്കെയും സുന്ദരരൂപങ്ങളല്ല എന്ന യാഥാർത്ഥ്യം പക്ഷെ തിലകനെ പോലുള്ള നടന്മാരുടെ വിജയം കണ്ടെങ്കിലും നമ്മുടെ സിനിമാ ലോകം തിരുത്തേണ്ടിയിരിക്കുന്നു. നമ്മുടെ സൌന്ദര്യ സങ്കല്പങ്ങളെ വെല്ലുവിളിച്ച് എത്രയോ മുഖങ്ങൾ മലയാള സിനിമയെ കീഴടക്കിയിട്ടുണ്ട്. ആ പട്ടികയിൽ തിലകനുമുണ്ട്. മലയാളിക്ക് പരിചിതമായ എത്രയോ കഥാപാത്രങ്ങൾക്ക് തിലകന്റെ ഛായയാണ്. കറുത്ത നിറവും തടിച്ച ചുണ്ടും കനത്ത  മൂക്കുമായി ഒരു നടൻ വന്ന് നമ്മുടെ സിനിമാ ലോകത്തെ കീഴടക്കിയെങ്കിൽ, പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയെങ്കിൽ തിലകനിലെ അഭിനയ പ്രതിഭയെ നാം അങ്ങേയറ്റം അഭിനന്ദിക്കുകയും ആദരിക്കുകയുംതന്നെവേണം. സിനിമയെന്നാൽ സുന്ദരരൂപികൾക്കു മാത്രം വിരാജിക്കുവാനുള്ള ഒരു മേഖലയാണെന്ന സാമാന്യധാരണ നാം തിരുത്തിക്കുറിക്കുകതന്നെ വേണം.

ഒരു വ്യക്തിയെന്ന നിലയ്ക്കും മറ്റ് നടന്മാർക്കില്ലാത്ത പല പ്രത്യേകതകളും തിലകനുണ്ടായിരുന്നു. സിനിമയുടെ  പിന്നാമ്പുറങ്ങളിൽ പലതരം   അന്ധവിശ്വാസങ്ങൾ ഒരു പ്രവണതായായി മൂൻ‌കാലങ്ങളിലേ നിലനിന്നു പോരുന്നുണ്ട്. സിനിമാ രംഗത്തുള്ള നല്ലൊരു പങ്കും  അത്തരം  പല അന്ധ വിശ്വാസങ്ങളുടെയും ഉപാസകരാണ്.  എന്നാൽ തിലകൻ അക്കാര്യത്തിലും വ്യത്യസ്തനാണ്. ഒരു വ്യക്തിയെന്ന നിലയിൽ തികഞ്ഞ ഒരു യുക്തിവാദിയും  നിരീശ്വരവാദിയും മനാവികതാ വാദിയുമായിരുന്നു ഈ മഹാനടൻ.  ജിവിതാവസാനം വരെ ഒരു ഇടതുപക്ഷ മനസിന്റെയും ഉടമയായിരുന്നു ഈ അതുല്യ നടൻ. ഇന്ന്  തിലകൻ ചേട്ടൻ  മരിച്ചു. പക്ഷെ അദ്ദേഹം എന്നെന്നും  ജീവിക്കും;  അദ്ദേഹം ജീവൻ നൽകിയ നിരവധി കഥാപാത്രങ്ങളിലൂടെ. മലയാളിയുടെ മനസിൽനിന്നും  തിലകൻ എന്നൊരാൾ രൂപം അത്രവേഗമൊന്നും പടിയിറങ്ങി പോകില്ല. ആ  മഹാനടന് എന്റെയും ആദരാഞ്‌ജലികൾ!

അന്ധവിശ്വാസി അല്ലാതിരുന്ന ഒരു നടൻ!

അഭിനയ കലയിലെ മഹാപ്രതിഭയയിരുന്ന  തിലകൻ അന്തരിച്ചു. തിലകനു പകരം വയ്ക്കാൻ ഇനി മറ്റൊരു നടനില്ല. തിലകന്റെ വിടവ് അങ്ങനെതന്നെ കിടക്കുവാനേ തരമുള്ളൂ. ഒരു നടൻ എന്ന നിലയ്ക്കും  വ്യക്തി എന്ന നിലയ്ക്കും മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു തിലകൻ. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം സംബന്ധിച്ചുള്ളത്. പൊതുവേ സിനിമാ മേഖലയിലെ ഒരു സ്ഥിരം പ്രവണതയാണ് കൊടികുത്തി വാഴുന്ന അന്ധ വിശ്വാസങ്ങൾ. ഈ രംഗത്തുള്ള യുക്തിവാദികളും നിരീശ്വരവാദികളും പോലും അറിഞ്ഞും അറിയാതെയും ഈ അന്ധവിശ്വാസത്തിൽ ഭാഗഭാക്കപ്പെട്ടുപൊകുന്നുണ്ട്.  ഒരു ബഹുജന മാധ്യമം എന്ന നിലയിൽ ബോധപൂർവ്വവും അല്ലാതെയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ സിനിമകൾക്കുള്ള പങ്ക് നിസാരമല്ല.

ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതുതന്നെ പൂജയോടെയാണ്. പേരിടൽ, ചിത്രീകരണം, ആദ്യപ്രദർശനം ഇതിനൊക്കെ സമയം കുറിയ്ക്കുന്നത് ജ്യോത്സ്യന്മാരാണ്. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന നിർമ്മാതാക്കളും സംവിധായകരും നടീനടന്മാരും മറ്റ് കലാകാരന്മരും നല്ലൊരു പങ്കും തികഞ്ഞ അന്ധവിശ്വാസങ്ങളും പേറി നടക്കുന്നവരാണ്. പലർക്കും ആസ്ഥാന ജ്യോത്സ്യന്മാർ പോലുമൂണ്ടത്രേ! മതചിഹ്നങ്ങൾ അണിഞ്ഞു നടക്കുന്നതിലും ഇവരിൽ  ചിലർ ഉത്സുകരാണെന്നു കാണാം. സകല അമ്പലങ്ങളിലും പള്ളികളിലും ചർച്ചുകളിലും മറ്റും കയറിയിറങ്ങി നടക്കുന്നവരാണ് സിനിമാരംഗത്ത് പ്രവർത്തിക്കുന്ന നല്ലൊരുപങ്കാളുകളും. സിനിമാനടികളുടെ പൊങ്കാലയിടൽ വിശേഷങ്ങൾ പത്രങ്ങൾക്ക് വലിയ പെട്ടിവാർത്തകളാണല്ലോ. അവരുടെ പുണ്യസ്ഥലസന്ദർശനങ്ങൾ എല്ലാം മിക്കപ്പോഴും വലിയ വർത്തമാനങ്ങളായി കൊട്ടിഘോഷിക്കപ്പെടാറുണ്ട്.

 എന്നാൽ തികലനെ പോലെ ചുരുക്കം ചിലയാളുകൾ ത്രം ഇതിൽ നിന്ന് വ്യത്യസ്തരാണ്. തിലകൻ തികഞ്ഞ നിരീശ്വര വാദിയും അത് പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്ന ആളുമായിരുന്നു. ജാതിയിലും മതത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. സ്വന്തം  കഴിവുകൾ വേണ്ട വിധം ഉപയോഗിക്കാൻ കഴിഞ്ഞാൽ ഒരു ദൈവത്തിന്റെയും സഹായമില്ലാതെ തന്നെ ഒരു വ്യക്തിയ്ക്ക് ജീവിതവിജയം നേടാൻ കഴിയുമെന്നതിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് തിലകൻ. അല്ലെങ്കിൽ സർവ്വവിധ പൂജാവിധികളോടും നടത്തുന്ന സിനിമകളിൽ ഒരു നിരീശ്വരവാദിയയ തിലകൻ അഭിനയിച്ചു എന്നതുകൊണ്ട്  അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം പൂജ ഫലിക്കാതെയൂം  ദൈവകോപത്താലും എട്ടരക്കട്ടയ്ക്ക് പൊട്ടേണ്ടതായിരുന്നില്ലേ?  ഒരു പക്ഷേ ഈ നിരീശ്വര വാദിയുടെ അഭിനയ പാടവം കണ്ട് വിസ്മയിച്ച് ദൈവം പോലും തിലകനെ സ്നേഹിച്ചിരുന്നിരിക്കണം!


യുക്തിരേഖമാസികയിൽ നിന്ന്

അന്തരിച്ച പ്രശസ്ത നടൻ തിലകനെക്കുറിച്ച് 2012 ഒക്ടോബർ ലക്കം യുക്തിരേഖ മാസികയിൽ പ്രസിദ്ധീകരിച്ച ഈയുള്ളവനവർകളുടെ ഈ ലേഖനം. ചിത്രത്തിൽ ക്ലിക്കി വലുതാക്കി കണ്ട് വായിക്കാം.
ആദ്യം ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് വ്യൂ ഇമേജിൽ ക്ലിക് ചെയ്യുക. പിന്നെ ക്ലിക്കുമ്പോൾ വായിക്കാൻ പാകത്തിൽ വലുതായി കാണാം.
. 

10 comments:

അനില്‍കുമാര്‍ . സി. പി. said...

ആദരാഞ്ജലികള്‍

nandakumar said...

മഹാനടന് പ്രണാമം.

Vp Ahmed said...

ഓര്‍മ്മയിരിക്കട്ടെ, ഈ അസാധ്യ നടനെ.

ശ്രീ said...

ആദരാഞ്‌‌ജലികൾ!

Anonymous said...

മരിച്ചതിനു ശേഷം കപട വാഴ്ത്തുമൊഴികള്‍ രാവിലെ തൊട്ടു കേട്ട് മടുത്തു , രഞ്ജിത്ത് മാത്രമാണ് സത്യം പറഞ്ഞത്, നമ്മള്‍ കാണികള്‍ക്ക് സിനിമാ കോക്കസില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ എന്നാല്‍ എം എ ബേബി തിലകനോട് ചെയ്യേണ്ടത് ചെയ്തു എന്ന് അഭിപ്രായമില്ല , ആ സമയം വീ എസും ഓ എന്‍ വിയും ഒന്നും തന്നെ സപ്പോര്‍ട്ട് ചെയ്തില്ല സാംസ്കാരിക നായകന്മാര്‍ എല്ലാം തന്നെ കുറ്റകരമായ മൌനം പുലര്‍ത്തി, തിലകന്റെ കഞ്ഞിയില്‍ പാറ്റ ഇട്ട സൂപ്പരുകള്‍ക്ക് ഇടിത്തീ പോലെ ഇന്‍കം ടാക്സ് റെയിഡ് , പടങ്ങള്‍ നിര നിര ആയി പൊട്ടുക എന്നീ അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ ജ്യോത്സ്യന്മാര്‍ പറഞ്ഞതുകൊണ്ടാണ് അവര്‍ അയയാന്‍ തുടങ്ങിയത് , കിംസ് ചികിത്സ ചെലവ് നല്‍കാന്‍ വീ എസ് ഇടപെട്ടു എന്നത് നല്ല കാര്യം തന്നെ, ഗണേശ കുമാരന് അതും പറ്റിയില്ല , സജീം നന്നായി എഴുതിയിരിക്കുന്നു

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അദ്ദേഹത്തിനു ആദരാഞ്ജലികള്‍

Mohammed Kutty.N said...

ബഹുമുഖ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ ...!

kanakkoor said...

മഹാനടന് ആദരാഞ്ജലികള്‍
(ഞങ്ങള്‍ ഇവിടെ കാര്‍വാരില്‍ നാളെ തിലകന്‍ അനുസ്മരണം നടത്തുന്നു .)

kureeppuzhasreekumar said...

നല്ല കുറിപ്പ്.തിലകന്‍റെ അന്ധവിശ്വാസരാഹിത്യം അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
കുരീപ്പുഴശ്രീകുമാര്‍

Echmukutty said...

അന്ധവിശ്വാസങ്ങളില്ലാത്തവരെ സഹിക്കാന്‍ പോലും ഇപ്പോള്‍ ആര്‍ക്കും വയ്യ.........മനുഷ്യനായാല്‍ എന്തെങ്കിലും ഒരു അന്ധവിശ്വാസം വേണം എന്നാണു ഇപ്പോഴത്തെ ഒരു ട്രെന്‍റ്......

കുറിപ്പ് നന്നായി.

മഹാനടന് ആദരാഞ്ജലികള്‍