Monday, December 31, 2018

സൈമൺ ബ്രിട്ടോയ്ക്ക് ആദരാഞ്‌ജലികൾ!

 
സൈമൺ ബ്രിട്ടോയ്ക്ക് ആദരാഞ്‌ജലികൾ! 

സൈമൺ ബ്രിട്ടോ അന്തരിച്ചു. ഇതിഹാസമായി, വിസ്മയമായി ജീവിച്ചിരുന്ന രക്തസാക്ഷി. ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു നോവായും കനലായും ആവേശമായും വെളിച്ചാമയും ജ്വലിച്ച ചെന്താരകം. സവിശേഷമായ സഹനത്തിന്റെയും അതിജീവനത്തിന്റെയും അനുഭവസാക്ഷ്യമായി ജീവിച്ച ഒരു മെഡിക്കൽ സർപ്രൈസ്. തന്റെ ആയുഷ്കാല ശാരീരിക അവശതകൾക്ക് കാരണക്കാരായവരോടു പോലും ക്ഷമിച്ച് ദയാവായ്പ് കാട്ടിയ ഹൃദയവിശാലതയോടെ രാഷ്ട്രീയ എതിരാളികളുടെ പോലും സ്നേഹാദരങ്ങളും അനുതാപവും ഏറ്റുവാങ്ങിയ ജീവിതമാതൃക. സഖാവിന് ആദ്രാഞ്‌ജലികൾ!

തിരുവനന്തപുരത്തു വച്ചു നടന്ന എസ് എഫ് ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിൽ വച്ചാണ് സൈഅംൺ ബ്രിട്ടോയെ ആദ്യമായി കണ്ടതെന്നാണെന്റെ ഓർമ്മ. അതോ അതിനു മുമ്പോ. പിന്നീട്ട് എറണാകുളത്ത് എസ്.എഫ്.ഐയുടെ ഒരു പഠനക്ലാസ്സിൽ പങ്കെടുക്കാൻ പോയപ്പോൾ വിശ്രമസമയത്ത് മഹാരാജാസ് കോളേജിന്റെ മുറ്റത്തൊരു മരത്തണലിൽ ഒരാൾക്കൂട്ടം കണ്ട് അങ്ങോട്ട് ചെന്നപ്പോൾ അവിടെ മരത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഒരാൾ ശാന്തനായി കിടന്ന് എസ് എഫ് ഐ പ്രവർത്തകരോട് കുശലം പറയുന്നു. അടുത്തു ചെന്നപ്പോൽ സൈമൺ ബ്രിട്ടോ. അവിടെ പഠനക്ലാസ്സിനെ അഭിവാദ്യം ചെയ്യാൻ വന്നാതായിരുന്നു. 

അതിനൊക്കെ ശേഷം പിന്നെ കാണുന്നത് തട്ടത്തുമലയി എന്റെ വീടിനോട് ചേർന്ന വീട്ടിൽ തട്ടത്തുമല സ്കൂളിലെ സത്യഭമ ടീച്ചറുടെ മകൻ ഹരിലാലിന്റെ (ഇപ്പോൾ കൊച്ചിൻ യൂണിവേഴ്സിറ്റി ജീവനക്കാരൻ) അതിഥിയായി എത്തിയപ്പോൾ. പത്തനം തിട്ട കോന്നി സ്വദേശികളായിരുന്നു സത്യഭാമ ടീച്ചരും കുടുംബവും. ടീച്ചർക്ക് സ്കൂളിൽ പോകാൻ സൗകര്യത്തിന് എടുത്ത വാടക വീടായിരുന്നു ഇത്. (പിന്നീട് അവർ അത് വിലയ്ക്കു വാങ്ങി. ടീച്ചർ പെൻഷനായ ശേഷം അവർ കോന്നിയ്ക്കടുത്ത് വീടുവച്ച് തമാസം മാറ്റി)) . ഹരിയുമായി ബ്രിട്ടോ വളയെ വലിയ അടുപ്പത്തിലായിരുന്നു എന്ന് അന്നാണ് ഞങ്ങൾ അറിയുന്നത്. തിരുവനതപുരത്ത് ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴിയിലാണ് ഇവിടെ ഒരു രാത്രി തങ്ങിയത്. 

പിന്നീട് ഹരിയുടെ വിവാഹത്തിനന്റെ തലേദിവസം ഹരിയുടെ വീട്ടിലെത്തിയ ബ്രിട്ടോയുടെ ജീവിത സഖി സീനാ ഭാസ്കർ അവിടെ സ്ഥലസൗകര്യമില്ലാത്തതിനാൽ ഞങ്ങൾ താമസിക്കുന്ന കൊച്ചു വീട്ടിൽ വന്ന് എന്റെ ഉമ്മയുടെ കൊച്ചു മുറിയിൽ താമസിച്ചതും ഏറെ രാത്രിയാകുവോളം ബ്രിട്ടോയുടെ കഥയൊന്നും അത്രമേൽ അറിയാത്ത ഉമ്മയുടെ ബ്രിട്ടോയെ കുറിച്ചുള്ള അനുതാപപൂർവമായ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതും ഇത്തരുണത്തിൽ ഞാൻ ഓർക്കുന്നു. വെഞ്ഞാറമൂട് സ്വദേശിനിയായ സീനാ ഭാസ്കർ ബ്രിട്ടോയെ വിവാഹം കഴിക്കുന്നതിനു മുമ്പേ എനിക്കറിവുള്ളതാണ്. ഞങ്ങൾ ഒരേസമയം എസ്.എഫ് ഐയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. 

ബ്രിട്ടോയോടൂള്ള അനുതാപ പ്രണയം മാത്രമായിരുന്നില്ല ബ്രിട്ടോയെ പരിചരിക്കാൻ ഒരു പെൺകൂട്ടിന്റെ ആവശ്യം ബോദ്ധ്യപ്പെട്ടതുകൊണ്ടു കൂടിയാണ് അരയ്ക്ക് താഴെ സ്തംഭിച്ച് ഒരേ കിടപ്പിൽ കഴിയുന്ന ബ്രിട്ടോയെ സീന വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അങ്ങനെ തീഷ്ണമായ യുവതവത്വത്തെ മനുഷ്യസ്നേഹത്തിന്റെ പരമോന്നതിയ്ക്ക് കീഴ്പെടുത്തി ഒരു വിപ്ലവം കുറിക്കുകയായിരുന്നു സീനാ ഭാസ്കർ എന്ന ഞങ്ങളുടെ പഴയ സഹപ്രവർത്തക.

കാലന്തരെ നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് സന്ദർഭങ്ങളുണ്ടായിരുന്നില്ലെങ്കിലും പഴയകലാ ബന്ധങ്ങളുടെ ഓർമ്മകൾക്ക് ഒരുക്കലും മരണമുണ്ടായിരുന്നില്ല. ഇനി സൈമൺ ബ്രിട്ടോ നമ്മളിലൊരാളായി ഇല്ലെന്ന് വരുമ്പോൾ ഒരു ഇതിഹാസം നമ്മോടൊപ്പമില്ല എന്ന യാഥാർത്ഥ്യവുമായാണ് നമ്മൾ പൊരുത്തപ്പെടേണ്ടി വരിക. അങ്ങയുടെ ദേഹം വിയോഗിയായെങ്കിലും അങ്ങയെക്കുറിച്ചുള്ള ഓർമ്മകൾക്കോ അങ്ങയുടെ ചിന്തകൾക്കോ ആശയങ്ങൾക്കോ അങ്ങെഴുതിയ രചനകൾക്കോ അങ്ങ് നൽകിയ സ്നേഹവായ്പുകൾക്കോ വിയോഗമില്ല. റെഡ് സല്യൂട്ട് സൈമൺ ബ്രിട്ടോ. റെഡ് സല്യൂട്ട്!

Friday, December 28, 2018

ശബരിമല വിഷയവും മുത്തലാക്ക് നിയമവും

 ശബരിമല വിഷയവും മുത്തലാക്ക് നിയമവും

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബി.ജെ.പിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച മുസ്ലിം ലീഗുകാർ മുത്തലാക്ക് നിയമം പാസ്സാക്കുമ്പോൾ എവിടെയായിന്നോ ആവോ! ഇതും വിശ്വാസത്തിന്റെ പ്രശ്നം തന്നെയല്ലേ? ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കൊടതി വിധിയെ ലംഘിക്കുന്നതുപോലെ ഈ നിയമത്തെയും ലംഘിക്കേണ്ടതല്ലേ? മുസ്ലിം ലീഗിലെ ആ മുസ്ലിം എന്ന പദം എടുത്തുകളയേണ്ടതല്ലേ? ഇനി കാര്യത്തിലേയ്ക്ക് വരാം. ഇപ്പോൾ പാസ്സാക്കിയ മുത്തലാക്ക് ബിൽ ഒരു വലിയ സംഭവമൊന്നുമല്ല. ഈ ബില്ലൊക്കെ വർഷങ്ങൾക്ക് മുമ്പേ പാസ്സാക്കേണ്ടിയിരുന്നതാണ്. ഇന്നത്തെ കാലത്ത് ഏതെങ്കിലും പുരുഷൻ മുത്തലാക്ക് ചൊല്ലുന്നതിനു മുമ്പേ പെൺപിള്ളേർ അതിന്റെ ഇരട്ടി ആറു തലാക്കും ചൊല്ലി നീ പോടാ നിന്റെ പാട്ടിനെന്ന് പറയും. മുത്തലാക്കും ഒരു ഡൈവേഴ്സ് ആണ്. 

അന്യായമായ വിവാഹ മോചനങ്ങൾക്കെതിരെ എലാ മതങ്ങൾക്കും ബാധകമായ കർക്കശമായ നിയമ വ്യവസ്ഥകൾ നിലവിൽ തന്നെയുണ്ട്. അതനുസരിച്ച് സ്ത്രീകൾക്ക് നീതിയും ലഭിക്കുന്നുണ്ട്. പോരാത്തതിന് മുത്തലാക്കിനെതിരെ സുപ്രീം കോടതിയുടെ ഒരു വിധിയും നില നിൽക്കുന്നു. ഇതൊക്കെ ധാരാളമാണെന്നിരിക്കെ ഇപ്പോഴത്തെ ഈ ബില്ലുതന്നെ അപ്രസക്തമാണ്. പിന്നെ ഞങ്ങളാണ് ഭരിക്കുന്നതെന്ന് മുസ്ലിം സമുദായത്തെ ഒന്ന് ഉണർത്തിക്കുവാനും ഒന്ന് വിരട്ടാനുമാണ് ഈ നിയമം കൊണ്ടുവന്നത്. അല്ലാതെ മുത്തലാക്കിലൂടെ വിവാഹ മോചിത്രാകുന്ന മുസ്ലിം സ്ത്രീകളോടുള്ള കരുണകൊണ്ടൊന്നുമല്ല. ഇങ്ങനെയൊക്കെ മറുഭാഷ്യങ്ങൾ ചമയ്ക്കാനുണ്ടെങ്കിലും മുത്തലാക്ക് നിരോധനത്തെ തത്വത്തിൽ എതിർക്കുന്നില്ല. പിന്നെ എന്തുകൊണ്ട് സി.പി.എം ഉൾപ്പെടെ ഈ വിധിത്തിരെ വിമർശനമുയർത്തുന്നുവെന്ന് ചോദിച്ചാൽ ബില്ലിനെ മൊത്തമായല്ല, ഈ ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവേചനപരമായ ചില വ്യവസ്ഥകളെയാണ് വിമർശിക്കുന്നത്. 

നിലവിൽ വിവാഹ മോചനക്കേസുകളും അതുമായി ബന്ധപെട്ട ശിക്ഷകളുമൊക്കെ സിവിൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. എന്നാൽീ മുത്തലാക്ക് നിയമം അനുസരിച്ച് കുറ്റം ചെയ്യുന്ന പുരുഷനെതിരെ ചുമത്തുന്നത് ക്രിമിനൽ കേസാണ്. അതി പ്രകാരമാണ് മൂന്ന് വർഷം തടവുശിക്ഷ നൽകുന്നത്. മാത്രവുമല്ല ഈ കേസിൽ കുറ്റാരോപിതനാകുന്ന പുരുഷന് ജാമ്യം കിട്ടണമെങ്കിൽ എതിർ കക്ഷിയുടെ വാദം കൂടി കേൾക്കണമത്രേ! ഏതെങ്കിലും കേസിൽ ജാമ്യം ലഭിക്കുന്നതിന് എതിർ കക്ഷിയുടെ വാദം കേൾക്കുന്ന രീതി കേട്ട് കേൾവിയില്ലാത്തതാണ്. എന്നാൽ മറ്റ് മതസ്ഥരുടെ വിവാമോചന കേസുകൾ സിവിൽ നിയമം ആണെന്ന് മാത്രല്ല ഇത്രയും ശിക്ഷകളില്ല. ജാമ്യമെടുക്കാൻ എതിർവാദം കേൾക്കണമെന്നുമില്ല. ഇത് വിവേചനമാണ്. നിയമം പുരോഗമനപരമെങ്കിലും വ്യവസ്ഥകൾ ദുരുപദിഷ്ടമാണ്. 

ഒരു വിഭാഗത്തിന് ഒരു നിയമവും മറ്റൊരു വിഭാഗത്തിന് മറ്റൊരു നിയമവും എന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. തുല്യ നീതി എന്ന തത്വത്തോട് യോജിച്ചുപോകുന്നതല്ല, അത്. അതുകൊണ്ട് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം മുത്തലാക്കിനും ഒന്നും കെട്ടും രണ്ടും കെട്ടും മൂന്നും കെട്ടും നാലും കെട്ടും കൊള്ളാമെങ്കിൽ നാല്പതും കെട്ടുമെന്ന് പറയുന്ന നിലപാടിനോടുമൊക്കെ എതിർപ്പുതന്നെയാണ്. ശരിയത്ത് വിവാദ കാലത്തേ സി .പി എം അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു നിയമം ഉണ്ടാക്കുമ്പോൾ അത് ഭരണ ഘടന ഉറപ്പ് നൽകുന്ന സമനീതി എന്ന ആശയത്തോട് പൊരുത്തപ്പെടുന്നതാകണം. വിവേചനം പാടില്ല. ഉദ്ദേശ ശുദ്ധിയെ സംശയിക്കേണ്ടിയും വരരുത്. പക്ഷെ ഇവിടെ ഉദ്ദേശ ശുദ്ധി മാത്രമല്ല അതുൾക്കൊള്ളുന്ന അന്യായമായ വ്യവസ്ഥകളും വിമർശിക്കപ്പെടുന്നു.

അയ്യപ്പ ജ്യോതിയും വനിതാമതിലും

 അയ്യപ്പ ജ്യോതിയും വനിതാമതിലും

മുഴുവൻ വായിക്കാൻ സമയമില്ലാത്തവർ ദയവായി കമന്റെഴുതരുത്. അത് അയ്യപ്പ ജ്യോതി അനുകൂലികളാണെങ്കിലും വനിതാ മതിൽ അനുകൂലികൾ ആണെങ്കിലും.

വനിതാ മതിൽ ഒരു പ്രതീകാത്മക പരിപാടിയാണ്. അതൊരു ഡിബേറ്റിന്റെ ഭാഗമാണ്. ഇന്നലെ ബി.ജെ.പിക്കാർ മുൻകൈയ്യെടുത്തു നടത്തിയ അയപ്പജ്യോതിയെയും ആ നിലയിൽ തന്നെയാണ് കാണുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടതാണ് ആ ഡിബേറ്റ്. അതായത് അതൊരു നിമിത്തം മാത്രം. എന്നാൽ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കലോ പ്രവേശിപ്പിക്കാതിരിക്കലോ അല്ല വനിതാ മതിലിന്റെ ലക്ഷ്യം. കാലന്തരെ വരുന്ന ചില മാറ്റങ്ങളെ ഉൾക്കൊള്ളാൻ പാകമാകാത്ത മനസ്സുകളെ ഒന്ന് ജാഗ്രതപ്പെടുത്തുക. നവോത്ഥാനത്തിന്റെ ചരിത്ര വഴികളെ ഒന്ന് ഓർമ്മപ്പെടുത്തുക. നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഒപ്പം നിൽക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഒരു വിഭാഗം അവരുടെ സംഘടനാ ശേഷി ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സാമൂഹ്യ പുരോഗതിയെ തടസ്സപ്പെടുത്താൻ ശ്രമിക്കുമെന്ന അനുഭവപാഠം ഉൾക്കൊണ്ട് നവോത്ഥാന മൂല്യങ്ങളോട് ഒത്തു പോകുന്ന രാഷ്ട്രീയ നിലപാടുള്ള ഒരു സർക്കാർ തങ്ങളുടെ ഉത്തരവദിത്വം നിർവ്വഹിക്കുന്നുവെന്നു മാത്രം. 

ഞങ്ങളുടെ നിലപാട് ഇതാണ് എന്നതിന്റെ പ്രഖ്യാപനം തന്നെയാണിതെന്നതിൽ സംശയമില്ല. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പത്ത് വോട്ടിനു വേണ്ടി ഇരട്ടത്താപ്പ് നയം ഈ സർക്കാർ സ്വീകരിച്ചില്ല. അതുകൊണ്ടാണ് സുപ്രീം കോടതി ഈ വിഷയത്തിൽ സർക്കാരിന്റെ അഭിപ്രായം ചോദിച്ചപ്പോൾ സ്ത്രീപുരുഷസമത്വത്തെ അനുകൂലിക്കുന്ന നിലപാട് എടുത്തത്. എന്നിട്ടും വിശ്വാസത്തിന്റെ പ്രശ്നമായതിനാൽ ബന്ധപ്പെട്ട വിഷയത്തിൽ പാണ്ഠിത്യമുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണം എന്നായിരുന്നു ഗവർണ്മെന്റിന്റെ നിലപാട്. ഭരിക്കുന്ന പാർട്ടിയുടെയും മുന്നണിയുടെയും നയപരമാായ സമീപനങ്ങൾ ഏത് വിഷയത്തിലുമുള്ള നിലപടുകളെ സ്വാധീനിക്കും. അതിനു കടകവിരുദ്ധമായ നിലപാടെടുത്താൽ അത് രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ്. നയം പറഞ്ഞാണ് വോട്ട് പിടിക്കേണ്ടത്. അല്ലാതെ വോട്ടിനുവേണ്ടി നയം ഉണ്ടാക്കുന്നത് ഏതെങ്കിലുമൊരു പ്രത്യയ ശാസ്ത്രത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കോ മുന്നണിക്കോ അവർ നയിക്കുന്ന സർക്കാരിനോ ഭൂഷണമല്ല. സമൂഹത്തിന്റെ പൊതുവായ താലപര്യങ്ങൾക്കോ രാജ്യത്തിന്റെ ഭരണ ഘടനയ്ക്കും മീതെയോ പ്രതിഷ്ഠിക്കുന്ന ജനഹിതം നോക്കി ഉത്തരവദിത്വമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കോ മുന്നണിക്കോ സർക്കാരിനോ പ്രവർത്തിക്കാനാകില്ല. അത് ജനാധിപത്യവുമല്ല. കൈപൊക്കി കാണിച്ചിട്ട് ഭൂരിപക്ഷം പേരും ഇത് കാലാണെന്ന് പറഞ്ഞാൽ അംഗീകരിക്കപ്പെടേണ്ട ഒന്നല്ല ജനാധിപത്യം. 

ഒരു തർക്കവിഷയം വന്നാൽ അല്പം വൈകിയാണെങ്കിലും അതിനൊരു പരിഹാരവും കാണും. അതിനുള്ള സംവിധാനങ്ങൾ ഈ രാജ്യത്തുണ്ട്. അതുകൊണ്ടാണ് തികഞ്ഞ ആത്മ സംയമനത്തോടെ സർക്കാർ ശബരിമല വിഷയത്തെ സമീപിക്കുന്നത്. അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ആരാണെങ്കിലും അവരുടെ ലക്ഷ്യം എന്താണെങ്കിലും വാശിയല്ല, സമചിത്തതയാണ് ഈ വിഷയത്തിൽ സർക്കാരിനെ നയിച്ചിട്ടുള്ളത്. അതൊരു ബലഹീനതയല്ല. സംഘടിത ശേഷി ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമുള്ളതുമല്ല. അതുകൊണ്ടാണ് വ്യത്യസ്ത ആശ്യങ്ങളും നിലപാടുകളും ലക്ഷ്യങ്ങളുമായി അയ്യപ്പജ്യോതിയും വനിതാ മതിലും ഒക്കെ ഉണ്ടാകുന്നത്.