Friday, December 28, 2018

അയ്യപ്പ ജ്യോതിയും വനിതാമതിലും

 അയ്യപ്പ ജ്യോതിയും വനിതാമതിലും

മുഴുവൻ വായിക്കാൻ സമയമില്ലാത്തവർ ദയവായി കമന്റെഴുതരുത്. അത് അയ്യപ്പ ജ്യോതി അനുകൂലികളാണെങ്കിലും വനിതാ മതിൽ അനുകൂലികൾ ആണെങ്കിലും.

വനിതാ മതിൽ ഒരു പ്രതീകാത്മക പരിപാടിയാണ്. അതൊരു ഡിബേറ്റിന്റെ ഭാഗമാണ്. ഇന്നലെ ബി.ജെ.പിക്കാർ മുൻകൈയ്യെടുത്തു നടത്തിയ അയപ്പജ്യോതിയെയും ആ നിലയിൽ തന്നെയാണ് കാണുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടതാണ് ആ ഡിബേറ്റ്. അതായത് അതൊരു നിമിത്തം മാത്രം. എന്നാൽ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കലോ പ്രവേശിപ്പിക്കാതിരിക്കലോ അല്ല വനിതാ മതിലിന്റെ ലക്ഷ്യം. കാലന്തരെ വരുന്ന ചില മാറ്റങ്ങളെ ഉൾക്കൊള്ളാൻ പാകമാകാത്ത മനസ്സുകളെ ഒന്ന് ജാഗ്രതപ്പെടുത്തുക. നവോത്ഥാനത്തിന്റെ ചരിത്ര വഴികളെ ഒന്ന് ഓർമ്മപ്പെടുത്തുക. നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഒപ്പം നിൽക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഒരു വിഭാഗം അവരുടെ സംഘടനാ ശേഷി ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സാമൂഹ്യ പുരോഗതിയെ തടസ്സപ്പെടുത്താൻ ശ്രമിക്കുമെന്ന അനുഭവപാഠം ഉൾക്കൊണ്ട് നവോത്ഥാന മൂല്യങ്ങളോട് ഒത്തു പോകുന്ന രാഷ്ട്രീയ നിലപാടുള്ള ഒരു സർക്കാർ തങ്ങളുടെ ഉത്തരവദിത്വം നിർവ്വഹിക്കുന്നുവെന്നു മാത്രം. 

ഞങ്ങളുടെ നിലപാട് ഇതാണ് എന്നതിന്റെ പ്രഖ്യാപനം തന്നെയാണിതെന്നതിൽ സംശയമില്ല. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പത്ത് വോട്ടിനു വേണ്ടി ഇരട്ടത്താപ്പ് നയം ഈ സർക്കാർ സ്വീകരിച്ചില്ല. അതുകൊണ്ടാണ് സുപ്രീം കോടതി ഈ വിഷയത്തിൽ സർക്കാരിന്റെ അഭിപ്രായം ചോദിച്ചപ്പോൾ സ്ത്രീപുരുഷസമത്വത്തെ അനുകൂലിക്കുന്ന നിലപാട് എടുത്തത്. എന്നിട്ടും വിശ്വാസത്തിന്റെ പ്രശ്നമായതിനാൽ ബന്ധപ്പെട്ട വിഷയത്തിൽ പാണ്ഠിത്യമുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണം എന്നായിരുന്നു ഗവർണ്മെന്റിന്റെ നിലപാട്. ഭരിക്കുന്ന പാർട്ടിയുടെയും മുന്നണിയുടെയും നയപരമാായ സമീപനങ്ങൾ ഏത് വിഷയത്തിലുമുള്ള നിലപടുകളെ സ്വാധീനിക്കും. അതിനു കടകവിരുദ്ധമായ നിലപാടെടുത്താൽ അത് രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ്. നയം പറഞ്ഞാണ് വോട്ട് പിടിക്കേണ്ടത്. അല്ലാതെ വോട്ടിനുവേണ്ടി നയം ഉണ്ടാക്കുന്നത് ഏതെങ്കിലുമൊരു പ്രത്യയ ശാസ്ത്രത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കോ മുന്നണിക്കോ അവർ നയിക്കുന്ന സർക്കാരിനോ ഭൂഷണമല്ല. സമൂഹത്തിന്റെ പൊതുവായ താലപര്യങ്ങൾക്കോ രാജ്യത്തിന്റെ ഭരണ ഘടനയ്ക്കും മീതെയോ പ്രതിഷ്ഠിക്കുന്ന ജനഹിതം നോക്കി ഉത്തരവദിത്വമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കോ മുന്നണിക്കോ സർക്കാരിനോ പ്രവർത്തിക്കാനാകില്ല. അത് ജനാധിപത്യവുമല്ല. കൈപൊക്കി കാണിച്ചിട്ട് ഭൂരിപക്ഷം പേരും ഇത് കാലാണെന്ന് പറഞ്ഞാൽ അംഗീകരിക്കപ്പെടേണ്ട ഒന്നല്ല ജനാധിപത്യം. 

ഒരു തർക്കവിഷയം വന്നാൽ അല്പം വൈകിയാണെങ്കിലും അതിനൊരു പരിഹാരവും കാണും. അതിനുള്ള സംവിധാനങ്ങൾ ഈ രാജ്യത്തുണ്ട്. അതുകൊണ്ടാണ് തികഞ്ഞ ആത്മ സംയമനത്തോടെ സർക്കാർ ശബരിമല വിഷയത്തെ സമീപിക്കുന്നത്. അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ആരാണെങ്കിലും അവരുടെ ലക്ഷ്യം എന്താണെങ്കിലും വാശിയല്ല, സമചിത്തതയാണ് ഈ വിഷയത്തിൽ സർക്കാരിനെ നയിച്ചിട്ടുള്ളത്. അതൊരു ബലഹീനതയല്ല. സംഘടിത ശേഷി ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമുള്ളതുമല്ല. അതുകൊണ്ടാണ് വ്യത്യസ്ത ആശ്യങ്ങളും നിലപാടുകളും ലക്ഷ്യങ്ങളുമായി അയ്യപ്പജ്യോതിയും വനിതാ മതിലും ഒക്കെ ഉണ്ടാകുന്നത്.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...


ഒരു തർക്കവിഷയം വന്നാൽ അല്പം വൈകിയാണെങ്കിലും
അതിനൊരു പരിഹാരവും കാണും. അതിനുള്ള സംവിധാനങ്ങൾ
ഈ രാജ്യത്തുണ്ട്. അതുകൊണ്ടാണ് തികഞ്ഞ ആത്മ സംയമനത്തോടെ
സർക്കാർ ശബരിമല വിഷയത്തെ സമീപിക്കുന്നത്. അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ
ആരാണെങ്കിലും അവരുടെ ലക്ഷ്യം എന്താണെങ്കിലും വാശിയല്ല, സമചിത്തതയാണ് ഈ
വിഷയത്തിൽ സർക്കാരിനെ നയിച്ചിട്ടുള്ളത്. അതൊരു ബലഹീനതയല്ല. സംഘടിത ശേഷി
ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമുള്ളതുമല്ല. അതുകൊണ്ടാണ് വ്യത്യസ്ത ആശ്യങ്ങളും
നിലപാടുകളും ലക്ഷ്യങ്ങളുമായി അയ്യപ്പജ്യോതിയും വനിതാ മതിലും ഒക്കെ ഉണ്ടാകുന്നത്...