Friday, July 30, 2021

നിഹിദയ്ക്ക് മികച്ച വിജയം

നിഹിദയ്ക്ക് മികച്ച വിജയം

നിഹിദയ്ക്ക് 5 A+, 1 A. സഹോദരീപുത്രിയാണ്. ഫുൾ എ പ്ലസിലൊന്നും വലിയ കാര്യമില്ലെന്നറിയാം. എങ്കിലും പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് ആയിരുന്നു എന്നതിനാൽ തന്നെ പ്ലസ് -ടുവിലും ഫുൾ എ പ്ലസ്പ്രതീക്ഷിച്ചിരുന്നു. പ്ലസ്-ടു സയൻസിൽ ഇപ്പോൾ അഞ്ച് എ പ്ലസും ഒരു എ യും നേടി. കണക്കിന് മാത്രം എ ആയി പോയി. ഒട്ടും സാരമില്ല. മൂത്തവൾക്ക് ഫുൾ എ പ്ലസുകളൊന്നും കിട്ടിയിരുന്നില്ലെങ്കിലും ഇംഗ്ലീഷിൽ ഡിഗ്രിയും ബി എഡും ഇപ്പോൾ എം യും കഴിഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി രോഗത്തോടു മല്ലടിച്ചു കഴിഞ്ഞ സ്വന്തം ഉമ്മയെ വീട്ടിൽ രാവും പകലും മുതിർന്നവരെപോലെ ഒട്ടും മുഷിവില്ലാതെ പരിചരിച്ച് പുണ്യം ചെയ്ത രണ്ട് മക്കളാണ്. പഠിക്കാനുള്ള മാനസികാവസ്ഥയും സമയവും ഏറെ നഷ്ടപ്പെട്ടിരുന്നു. എങ്കിലും വിവരണാതീതമായ കടുത്ത സഹനവുമായി രോശയ്യയിൽ കിടന്നും പഠിക്കാൻ പ്രോത്സാഹിപ്പിച്ച അവരുടെ ഉമ്മച്ചിയ്ക്ക് ഇളയവളുടെ പരീക്ഷാ ഫലമറിഞ്ഞ് സന്തോഷിക്കാനായില്ല.

2021 ജൂലൈ 9 ന് അവരുടെ ഉമ്മച്ചി, എൻ്റെ സഹോദരി വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. മക്കളുടെ പഠനത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി പ്രോത്സാഹിപ്പിച്ച് എന്നും എപ്പോഴും കൂട്ടായി നിന്ന നമ്മുടെ കുടുംബത്തിൻ്റെ സ്നേഹനിധിയായ അവരുടെ മാതാവിൻ്റെ ഓർമ്മയ്ക്കു മുന്നിൽ നിഹിദയുടെ മികച്ച പരീക്ഷാ ഫലം സമർപ്പിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ ആ ദീപത്തിൻ്റെ ഇനിയുമണയാത്ത വെളിച്ചത്തിലിരുന്നല്ലാതെ ഈ പരീക്ഷാ ഫലം നമുക്ക് നോക്കിക്കാണാനാകില്ലല്ലോ!

Saturday, July 17, 2021

ഓർമ്മകൾ ഇനിയും ഉണർന്നു കൊണ്ടേയിരിക്കും

 

ക്ഷമിക്കുക! സർജറിയുടെയും ചികിത്സകളുടെയും നാൾവഴികളിൽ രക്ഷപ്പെടുമോ രക്ഷപ്പെടുമോ എന്ന ഇടയ്ക്കിടെയുള്ള നിൻ്റെ ചോദ്യങ്ങൾക്ക്  അവസാനത്തെ ഒരു മാസം മുമ്പ് വരെയും രക്ഷപ്പെടും രക്ഷപ്പെടും എന്നു പറഞ്ഞ് ഉറപ്പു തന്നത് സത്യമായിരുന്നു. കുറയുന്ന അസുഖമാണെന്ന് ഡോക്ടർമാർ പറഞ്ഞത് ശരി തന്നെയായിരുന്നു. ഉറച്ച ആത്മവിശ്വാസത്തോടെ, പ്രതിക്ഷയോടെ തന്നെയാണത് പറഞ്ഞത്.

പക്ഷെ സഹനത്തിൻ്റെ  ഏതാണ്ട് എട്ട് മാസങ്ങൾക്ക് ശേഷം  രോഗനിലയറിയാൻ ആ വലിയ പെറ്റ് സ്കാൻ എടുത്ത ശേഷം,  ഞാൻ നിന്നോട്   പറഞ്ഞതിൽ പലതും അനിവാര്യമായ കള്ളമായിരുന്നു. അതുവരെയെന്ന പോലെ സഹനശക്തിയുടെ പരമാവധിയെയും വെല്ലുവിളിക്കുന്ന കഠിനമായ വേദനകളെ നേരിടാൻ അതിജീവിക്കുമെന്ന പ്രത്യാശ നിന്നിൽ കെടാതെ നിൽക്കേണ്ടത് അനിവാര്യതയായിരുന്നു. 

ചെയ്ത കീമോ കൾ അപര്യാപ്തമായിരുന്നെന്നും റേഡിയേഷൻ്റെ സാദ്ധ്യതകൾക്കപ്പുറം അസുഖം സ്പ്രെഡായെന്നും ശക്തമായ കീമോ മാത്രമാണ് പ്രതിവിധിയെന്നും  ഡോക്ടർമാർ വിധിക്കുമ്പോഴും അസുഖം കുറയുമെന്ന ഉറപ്പ് ഡോക്ടർമാരുടെ വാക്കുകളിലുമുണ്ടായിരുന്നില്ല. പക്ഷെ വീണ്ടും ശക്തമായ  കീമോ തുടരാൻ കഴിയും വിധം ആരോഗ്യം ക്ഷയിച്ച അവസ്ഥയിൽ നിന്നും നീ വീണ്ടും അതിജീവിച്ചുവരുമെന്ന പ്രതീക്ഷ നമ്മൾ  പൂർണ്ണമായും കൈവിട്ടിരുന്നില്ല. 

ഒരു മിറക്കിളിലായിരുന്നു പിന്നെ എല്ലാവരിലും പ്രതീക്ഷ.  ഉറപ്പില്ലാത്ത ആ പ്രത്യാശയിൽ നിന്നു കൊണ്ട്,  കീമോ വീണ്ടും തുടരാൻ കഴിഞ്ഞാലും രോഗത്തെ അതിജീവിക്കുമെന്ന ഉറപ്പില്ലായ്മ മറച്ചു വച്ചു കൊണ്ട് നിനക്ക് പ്രതീക്ഷ നൽകുകയായിരുന്നു. ഒരു പാട് കർത്തവ്യങ്ങൾ ബാക്കി നിൽക്കുന്ന നിൻ്റെ ജീവിതം കൈവിട്ടു പോകുമെന്നത് നിനക്ക് ചിന്തിക്കാവില്ലെന്ന് എനിക്കറിയാമായിരുന്നു.   ആർ.സി.സിയിൽ അവസാനം പോയ ദിവസം നീ പോലുമറിയാതെ  നൽകിയ മോർഫിൻ ഇഞ്ചക്ഷൻ്റെ സുഖം പറ്റി വീട്ടിലേയ്ക്കുള്ള ആ ആംബുലൻസ് യാത്രയെ പറ്റി നല്ല യാത്രയായിരുന്നു, സുഖമായിരുന്നു എന്ന് നീ പറയുമ്പോൾ എൻ്റെ മനസ്സ് അണകെട്ടി നിർത്തിയ ഒരു കണ്ണീർ കടലായിരുന്നു.  

അവസാനം കൗണ്ട് കൂട്ടാനും ആരോഗ്യം വീണ്ടെടുക്കാനും വേദന കുറയ്ക്കാനുമെന്നു പറഞ്ഞ് നൽകിയ ഇഞ്ചക്ഷനുകൾ മോർഫിനല്ലെങ്കിലും  വേദനയ്ക്ക് ശമനമുണ്ടാകാൻ  വേണ്ടി മാത്രമുള്ളതാണെന്നതായിരുന്നു നിന്നോട് പറയാതിരുന്ന മറ്റൊരു  സത്യം.  അതു കൊണ്ടു തന്നെ അവസാനിമിഷം വരെയും പ്രത്യാശ നഷ്ടപ്പെടാതെ  വേദനകളോടും രോഗത്തോടും അടിപതറാതെ പൊരുതാൻ നിനക്ക് കഴിഞ്ഞു. 

വാക്കുകൾക്കതീതമായ  കൊടിയ   വേദനകൾക്കും രോഗങ്ങൾക്കും ഒടുവിൽ നിൻ്റെ രോഗത്തിനു നിൻ്റെ ജീവനെടുക്കാൻ കഴിഞ്ഞു. പക്ഷെ നിന്നെ  തോല്പിക്കാൻ കഴിഞ്ഞില്ല. തോല്പിക്കാൻ കഴിയാത്ത ശത്രുവിനെ കുതന്ത്രങ്ങൾ കൊണ്ട് കൊന്നു ജയിക്കുന്ന ശത്രുവിനയാന് നിൻ്റെ മരണത്തിൽ ഞാൻ കണ്ടത്.  പൊരുതി പൊരുതി ഒടുവിൽ നീ മരണത്തിൻ്റെ അത്യാഗ്രഹത്തിനു കീഴ്പെട്ടു കൊടുത്തു എന്നേ ഞാൻ പറയൂ. 

സ്വന്തം ജീവിതത്തിൻ്റെ നാൾവഴിപരിസരങ്ങളിൽ നിന്നും നീ ആർജ്ജിച്ചെടുത്ത സഹനശക്തിയുടെ കരുത്ത് മുഴുവൻ പുറത്തെടുത്ത് നീ നടത്തിയ പോരാട്ടങ്ങൾക്ക് ഹൃദയം നുറുങ്ങുന്ന വേദനകളോടെ, നിസ്സഹായതയോടെ സാക്ഷ്യം വഹിച്ച് എൻ്റെ മനസ്സ് ഒടുവിലൊടുവിൽ കല്ലായി മാറിയിരുന്നു എന്നത് നീയും  മനസ്സിലാക്കിയിരുയിരുന്നോ എന്നറിയില്ല. എങ്കിലും നിൻ്റെ അവസാനശ്വാസം വരെ നിൻ്റെയൊപ്പം നിന്നു പരിചരിക്കാൻ കഴിഞ്ഞു എന്നുള്ളതു മാത്രമാത്രമാണ് നമുക്ക് എല്ലാം ആശ്വാസമായുള്ളത്. 

നീ അനുഭവിച്ച വേദനകൾക്കും രോഗത്തിനും പകരം നൽകാൻ ചികിത്സകളും പരിചരണവുമല്ലാതെ നമുക്കെന്താണ് ചെയ്യാൻ കഴിയുക? ജീവൻ്റെ വിലയെന്താണെന്ന്, ജീവിക്കാനള്ള ഒരു മനുഷ്യൻ്റെ ആഗ്രഹമെന്താണെന്ന് എനിക്ക് നല്ല മുന്നറിവും അനുഭവങ്ങളുമുണ്ട്. അല്ലെങ്കിൽ തന്നെ  ഒരുറുമ്പിനെ പോലും നോവിക്കാനിഷ്ടപ്പെടാത്ത, പുറത്ത് പറ്റുന്ന ഒരീച്ചയെ പോലും കൊല്ലാതെ ഊതി വിടുന്ന  ഒരു പിതാവിൻ്റെ മക്കളായ എന്നെയും നിന്നെയും ജീവൻ്റെ വില- അതാരും പഠിപ്പിക്കേണ്ടല്ലോ. 

ആ അവസാന ദിവസം എനിക്ക് മരിച്ചാൽ മതിയെന്ന് നിന്നെക്കൊണ്ട് പറയിച്ചത് ആ  വേദനകളാണ്. അല്ലാതെ ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്ന് എനിക്കറിയാം. അല്ലെങ്കിൽ തന്നെ ജീവിക്കാൻ ആഗ്രഹമില്ലാതെ മരിച്ച ആരെങ്കിലുമുണ്ടാകുമോ ലോകത്ത് ? സ്വയം ജീവനൊടുക്കിയവർ പോലും ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറ്റ് നിവൃത്തികൾ ഇല്ലെന്ന ശരിയോ തെറ്റോ ആയചിന്തയിലാണ് സ്വയം ജീവനൊടുക്കുന്നതു പോലും! . 

വേദനകളില്ലാത്ത ലോകത്തിലേക്കാണ് നീ  പോയതെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. നിന്നെക്കാൾ കുറഞ്ഞ പ്രായത്തിലേ മരിച്ചവരെയോർത്ത് ഞാൻ സമാധാനിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മരിക്കാത്തവരില്ലെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. ഞാനുമൊരിക്കൽ മരിക്കുമെന്നോർത്ത് സമാധാനിക്കുന്നു. അതെ, മരണത്തിൻ്റെ കാര്യത്തിൽ നീ ഒറ്റയ്ക്കല്ല, അതെല്ലാവർക്കും സംഭവിക്കുന്നതാണെന്നോർത്ത് ഞങ്ങൾ എല്ലാവരും സമാധാനിക്കാൻ ശ്രമിക്കുന്നു. അതെ, ശ്രമിക്കുന്നതേയുള്ളു!

Wednesday, July 14, 2021

എൻ്റെ സഹോദരി ഇ.എ.സജീന ഓർമ്മയായി

എൻ്റെ അനിയത്തി പോയി


സ്നേഹസ്വരൂപയായ എൻ്റെ സഹോദരി ഇ.എ.സജീന 9-7-2021 വെള്ളിയാഴ്ച മരണപ്പെട്ടു. ഞങ്ങളുടെ ദു:ഖത്തിൽ വീട്ടിലെത്തിയും ഫോൺ മുഖാന്തരവും സോഷ്യൽ മീഡിയകൾ വഴിയും പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. അവളുടെ  രോഗനിർണ്ണയം മുതൽ വിവിധ ഘട്ടങ്ങളിൽ  രോഗവിമുക്തിക്കായി വിവിധ ആശുപത്രികളിൽ ആത്മാർത്ഥമായ സേവനം നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ്  ജീവനക്കാർക്കും നന്ദി അറിയിക്കുന്നു. 

അവളുടെ സഹനത്തിൻ്റെ നാളുകളിൽ പലവിധത്തിൽ ഞങ്ങൾക്ക് ആശ്വാസമേകുകയും മനക്കരുത്ത് നൽകയും ചെയ്ത എല്ലാ ബന്ധുക്കൾക്കും സൗഹൃദങ്ങളുടെ  കരുതലും  കരുത്തും കരുണയും അക്ഷരാർത്ഥത്തിൽ കാട്ടിത്തന്ന എൻ്റെയും അവളുടെയും സുഹൃത്തുക്കൾക്കൊക്കെയും നന്ദി. പല ഘട്ടങ്ങളിലായി  തിരുവനന്തപുരം കിംസ്, തിരുവനന്തപുരം ആർ സി സി, തിരുവനന്തപുരം  മെഡിക്കൽ കോളേജ്, കാരേറ്റ് പ്രോകെയർ, നിലമേൽ സി.എം , കിളിമാനൂർ സരള, കെ.റ്റി.സി.റ്റി കടുവയിൽ, പല മാർഗ്ഗോപദേശങ്ങളും ആശ്വാസ ചികിത്സകളും നൽകിയ സുഹൃത്തുക്കക്കളും കുടുംബ ബന്ധുക്കളുമായ  ഹോമിയോ ഡോക്ടർമാ തുടങ്ങി വിവിധ ആശുപത്രികളിൽ വിവിധ ശുശ്രൂഷകളും സേവനങ്ങളും നൽകിയ എല്ലാവർക്കും നന്ദി! വേദനകളില്ലാത്ത ലോകത്തിരുന്ന് അവളും നിങ്ങൾ എല്ലാവരോടും നന്ദി പറയുന്നുണ്ടാകും! 

എനിക്ക് അവൾ അദ്ഭുതവും അഭിമാനവുമാണ്.  അതിജീവനത്തിൻ്റെ സമാനതകളില്ലാത്ത കരുത്തുകാട്ടി അവളെവരിഞ്ഞുമുറുക്കിയ  രോഗത്തോടും കൊടിയ വേദനനകളുടെ ക്രൂരതാണ്ഡവങ്ങളോടും നിർഭയം പൊരുതി പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പെട്ടത്. അവളെ ഗ്രസിച്ച രോഗപീഡകൾ അവളോട് ജയിച്ചതല്ല. മരണമെന്ന അവസാനത്തെ ആയുധമെടുത്തു മാത്രമാണ് രോഗത്തിനും വേദനകൾക്കും അവളെ തോല്പിക്കാനായത്.  കൊല്ലാം പക്ഷെ തോല്പിക്കാനാകില്ലെന്ന് അത്രമേൽ രോഗപീഡകൾ ദുർബലമാക്കിയ ശരീരം കൊണ്ടു പോലും തെളിയിച്ച ശേഷമാണ്, ഉൾക്കരുത്തോടെ  പൊരുതിപ്പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പ്പെട്ടു കൊടുത്തത് !

Saturday, July 10, 2021

എൻ്റെ ദീപം പൊലിഞ്ഞു

2021 ജൂലൈ 9- എൻ്റെ ദീപം പൊലിഞ്ഞു! ഒരേയൊരു കൂടെപ്പിറപ്പ്; എൻ്റെ ജീവൻ്റെ ജീവൻ!  നിൻ്റെ ജീവനു പകരം എൻ്റെ ജീവൻ നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നെ ഞാൻ വലിച്ചു കീറി എറിഞ്ഞു കൊടുക്കുമായിരുന്നു, നിന്നെ കീഴ്പ്പടുത്തിയ ആ രോഗത്തിനു മുന്നിലേക്ക്!