Showing posts with label തരംഗിണി. Show all posts
Showing posts with label തരംഗിണി. Show all posts

Saturday, December 5, 2015

ഒരുമയുടെ ഉത്സവമാകട്ടെ നാടിന്റെ വികസനം

ഒരുമയുടെ ഉത്സവമാകട്ടെ നാടിന്റെ വികസനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു. എങ്കിലും പൊതുവെ സമാധാനപരവും സൗഹാർദ്ദപരവുമയിരുന്നു തെരഞ്ഞെടുപ്പ്. അനിഷ്ട സംഭവങ്ങൾ വളരെയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇത് പക്വമായ ജനാധിപത്യത്തിന്റെ സൂചനയാണ്. പൊതുവെ ഈ തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യ മഹോത്സവമായാണ് ജങ്ങൾ കൊണ്ടാടിയത്. എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു. ധാരാളം സ്വതന്ത്രൻമാർ മത്സരിച്ചെങ്കിലും അവരിൽ ചിലരൊക്കെ ജയിച്ചിട്ടുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പ് പൊതുവെ രാഷ്ട്രീയ മത്സരമായിരുന്നു. എൽ.ഡി.എഫിനാണ് മൊത്തത്തിൽ ഇപ്പോൾ മേൽക്കൈ നേടനായിരിക്കുന്നത്. യു.ഡി.എഫ് രണ്ടാം സ്ഥാനത്തും. സീറ്റുകളുടെ എണ്ണത്തിൽ ഈ രണ്ടു കൂട്ടരോടും അടുത്തെത്താനായിട്ടില്ലെങ്കിലും ബി.ജെ.പി മുന്നണിയും അവരുടേതായ സാന്നിദ്ധ്യം അറിയിച്ച് മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
 
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അതിന്റെ കടുത്ത രഷ്ട്രീയമാത്സര്യം ഇല്ലാതാകണം. ഭൂരിപക്ഷം നേടിയവർ പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെ നാടിന്റെ വികസനത്തിനായി പ്രവർത്തിക്കണം. പ്രതിപക്ഷത്തുള്ളവർ ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുകയും വികസനപ്രവർത്തനങ്ങൾക്ക് ഭരണ പക്ഷത്തിന് ഉറച്ച പിന്തുണ നൽകുകയും വേണം. ഭരണ സ്തംഭനം ഉണ്ടാക്കുന്ന വിധത്തിലുള്ള രഷ്ട്രീയ കിടമത്സരങ്ങൾക്കുള്ള വേദിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മാറാതിരിക്കാൻ പരമവധി വിട്ടു വീഴ്ചകൾക്ക് രാഷ്ട്രീയകക്ഷികൾ തയ്യാറാകണം. കാരണം ജനങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്ന ഭരണകൂട സ്ഥാപനങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. താഴെ തട്ടിൽ നടിന്റെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. പരമ്പരാഗതമായ വികസന സങ്കല്പങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ കാലാനുസാരിയായ വികസന സങ്കല്പങ്ങൾക്ക് രൂപം നൽകാൻ പുതിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാകുകയും വേണം.

വികസനമെന്നാൽ റോഡ് നിർമ്മാണം മാത്രമാണെന്ന ധാരണ മാറണം. ഗതാഗത രംഗത്ത് പുരോഗതി ഉണ്ടാകേണ്ടെന്നല്ല; എന്നാൽ അതു മാത്രമാകരുത് വികസനം. കരാറുകാർക്കും അഴിമതിയിൽ തല്പരരായ ജന പ്രതിനിധികൾക്കും നേതാക്കൾക്കും ഗുണമുള്ള പ്രോജക്ടുകൾക്ക് മാത്രം മുൻതൂക്കം നൽകുന്ന പ്രവണത മാറണം. പല പ്രോജക്ടുകളും കരാറുകാർ കൊണ്ടു വരുന്നതാണെന്നും ജന പ്രതിനിധികൾ അവരുടെ ഉത്തരവാദിത്വങ്ങൾ കരറുകാർക്ക് അടിയറ വയ്ക്കുന്നു‌വെന്നെന്നും ഉള്ള ആക്ഷേപങ്ങൾ പൊതുവേ ഉള്ളതാണ്. വികസന കാര്യങ്ങൾ കരാറുകാർ തീരുമാനിച്ചാൽ റോഡുകൾ മത്രമേ വരൂ. കാരണം അവർക്ക് ഏറ്റവും ലാഭം റോഡുകളാണ്. അഴിമതിക്കാരായ ജനപ്രതിനിധികൾക്ക് അതിന്റെ വിഹിതവും കിട്ടും. രഷ്ട്രീയ പാർട്ടികൾ അവരവരുടെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച ജനപ്രതിനിധികൾ അഴിമതിക്കാരാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം പർട്ടി ഫണ്ടിന്റെ പേരു പറഞ്ഞാണ് പല ജന പ്രതിനിധികളും കരാറുകാരിൽ നിന്ന് പണം പറ്റുന്നത്.
 
പറഞ്ഞു വന്നത് വികസന പ്രവർത്തനമെന്നാൽ പുതിയ റോഡുണ്ടാക്കലും ടാറു ചെയ്യാത്തവ ടാറുചെയ്യലും മാത്രമാകരുത് എന്നാണ്. ഗതാഗതം, വാർത്താവിനിമയം എന്നിവയ്ക്കു പുറമെ കുടിവെള്ളം, അരോഗ്യം, ശുചിത്വം, പാർപ്പിടം, വിദ്യാഭ്യാസം, കൃഷി, മറ്റ് ക്ഷേമപ്രവർത്തനങ്ങൾ മുതലായവയ്ക്ക് നാളിന്നു വരെ നൽകിയതിനെക്കാൾ കൂടുതൽ പ്രാമുഖ്യം നൽകണം. ആരോഗ്യപരിപാലന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം. നമ്മുടെ പൊതു വിദ്യാലയങ്ങളുടെ അലകും പടിയും മാറണം. എല്ലാ വിദ്യലയങ്ങളും ആധുനീകരിക്കണം. എല്ലാ പൊതു വിദ്യാലയങ്ങൾക്കും നല്ല കെട്ടിടം, സ്മാർട്ട് ക്ലാസ്സ് റൂമുകൾ, വാഹനം, കലാകായിക സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ, മുതലായവ ഉണ്ടാകണം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ലഘൂകരിക്കനുതകുന്ന ക്ഷേമ പ്രവർത്തനങ്ങൾ സമസ്ത മേഖലകളിലും കൊണ്ടു വരണം.

തനതു വരുമാന ലഭ്യതയിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരു പോലെയല്ല. സർക്കാർ ഗ്രന്റുകളാണ് പ്രധന ആശയം. സർക്കാർ ഗ്രാന്റുകൾ, എം.പി, എം.എൽ.എ ഫണ്ടുകൾ തുടങ്ങിയവ വർദ്ധിപ്പിക്കാൻ നടപടികൾ ഉണ്ടാകണം. സർക്കാരിന്റെയും അതിന്റെ എല്ലാ ഏജൻസികളുടെയും ചുമതല പ്രധാനമായും ജനക്ഷേമവും നാടിന്റെ വികസനവുമാണ്. എല്ലാവരും ഒത്തു പിടിച്ചാൽ നടിന്റെയും ജനങ്ങളുടെയും സർവ്വതോൻമുഖമായ വികസനത്തിൽ പ്രവചനതീതമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും. അതിനാകട്ടെ നമ്മുടെ പരിശ്രമം!

Wednesday, April 1, 2015

ചില മാതൃഭാഷാചിന്തകൾ

ചില മാതൃഭാഷാചിന്തകൾ

ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 21 നാണ്  ഈ കുറിപ്പ് എഴുതുന്നത്. അവരവരുടെ മാതൃഭാഷയെക്കുറിച്ച് ഗൗരവതരമായ ചിന്തയ്ക്ക് ഏറ്റവും പ്രേരകമായ ഒരു ദിവസമാണ് ഇന്ന്. നമുക്കുമുണ്ട് ഒരു മാതൃഭാഷ. നമ്മുടെ മാതൃഭാഷയെ സംബന്ധിച്ചും നമ്മൾ ഉൽക്കണ്ഠകൾ പങ്കു വയ്ക്കാൻ തുടങ്ങിയിട്ട് കാലമെറെയായി. ഇപ്പോഴും ഈ ഉൽക്കണ്ഠകളും മാതൃഭാഷാ മുറവിളികളും തുടരുന്നു. എന്നാൽ ഇക്കാര്യത്തിൽ നമുക്ക് എത്രത്തോളം ആത്മാർത്ഥതയുണ്ട് എന്ന കാര്യം നാം സ്വയം വിലയിരുത്തേണ്ടതാണ്.

ഒരു കാലത്ത് വളരെക്കുറച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളുകളേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അവിടെയാകട്ടെ നല്ല സാമ്പത്തിക ശേഷിയുള്ളവർ മാത്രമേ കുട്ടികളെ അയച്ചിരുന്നുള്ളൂ. എന്നാൽ വിദ്യാഭ്യാസം ലാഭകരമായ ഒരു കച്ചവടമാണെന്ന് മനസ്സിലാക്കിയതോടെ  മുക്കിനുമുക്കിന് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നു. പണക്കാർ മാത്രമല്ല സാധാരണക്കാരും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേ പഠിപ്പിക്കുകയുള്ളൂ എന്ന നില വന്നു. കാരണം തങ്ങളുടെ മക്കൾ സമ്പന്നരുടെ മക്കളോട് മത്സരിച്ച് തോൽക്കരുതെന്ന് അവരും ആഗ്രഹിക്കുന്നു. അതിന് അവരെ കുറ്റം പറയാൻ ആകില്ല.

ചുരുക്കത്തിൽ ഇപ്പോൾ സർക്കാർ-എയിഡഡ് പൊതുവിദ്യാലയങ്ങൾ എല്ലാം അവയുടെ നില നില്പിനായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാൻ നിർബന്ധിതമായിരിക്കുന്നു. ഫീസ് കൊടുക്കാതെ പഠിക്കാൻ പറ്റുന്ന സ്കൂളുകളിൽ പാവപ്പെട്ടവരുടെ പോലും മക്കൾ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ കുട്ടികളെ ചേർക്കുന്നു. അവരെയും കുറ്റം പറയാനാകില്ല. പാവങ്ങൾക്കുമുണ്ട് അവരുടെ കുട്ടികളെ സംബന്ധിച്ച ഉൽക്കണ്ഠകൾ. മാതൃഭാഷയുടെ സംരക്ഷണം പാവങ്ങളുടെ മാത്രം ബാദ്ധ്യതയല്ലല്ലോ. ആർക്കും വേണ്ടെങ്കിൽ പിന്നെ പാവങ്ങൾക്കു മാത്രമായി എന്തിനൊരു മാതൃഭാഷ?

ഇവിടെ പ്രശ്നമെന്തെന്നോ? ഒരു വിഭാഗം കുട്ടികൾ ഇംഗ്ലീഷ് മീഡിയം പഠിക്കുമ്പോൾ മറ്റൊരു വിഭാഗം മലയാളം മീഡിയം പഠിക്കാൻ നിൽക്കില്ല എന്നതാണ്. കാര്യങ്ങൾ വേണ്ടവിധം ഗ്രഹിച്ചു പഠിക്കാൻ മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് നല്ലതെന്ന് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.  ലോകത്ത് പല രാജ്യങ്ങളിലും മെഡിക്കൽ വിദ്യാഭ്യാസമടക്കമുള്ള പ്രൊഫഷണൽ കോഴ്സുകൾ പോലും മാതൃഭാഷയിൽ നടത്തുന്നുണ്ട്. അതാണ് ഏറ്റവും നല്ലതെന്നും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
പക്ഷെ ഇവിടെ ഒരു പൊങ്ങച്ച സംസ്കാരവും ഇംഗ്ലീഷിന് സമുഹത്തിൽ നിന്ന് ഒരു പൊങ്ങച്ചഭാഷാ പദവിയും ഉണ്ടായതൊടെ ഇംഗ്ലീഷ് ഭ്രമം അതിന്റെ പാരമ്യതകൾ തേടുന്നു. ജീവിത വിജയം നേടാൻ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണമെന്നൊരു ധാരണ പരക്കെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടക്കാരാണ് ഈ പ്രചരണങ്ങൾക്കു പിന്നിൽ ഉള്ള പ്രധാന ശക്തികൾ.

മാതൃഭാഷയെ സംരക്ഷിക്കാൻ ഒറ്റമൂലികൾ ഒന്നുമില്ല. കേവലമായ മുറവിളികൾ കൊണ്ടും മാതൃമലയാളം സംരക്ഷിക്കപ്പെടില്ല. മാതൃഭാഷാ സ്നേഹം മുറ്റിയ ചർച്ചകളോ സെമിനാറുകളോ  മാതൃഭാഷാ  ഡിപ്പാർട്ട്മെന്റുകളോ  ഫണ്ടിംഗുകൾ കോണ്ടോ ഒന്നും മാതൃഭാഷ  സംരക്ഷിക്കപ്പെടുകയോ നില നിൽക്കുകയോ ചെയ്യില്ല. അതൊക്കെ അതിന്റെ വഴിക്കു തുടരും. ഭാഷ നശിക്കുന്നത്  നമ്മൾ അറിയുകയുമില്ല. ഒരു ഭാഷ നില നിൽക്കണമെങ്കിൽ ആ ഭാഷ സംസാരിക്കാൻ ആളുണ്ടാകണം. എഴുതാൻ ആളുണ്ടാകണം. കേൾക്കാനും വായിക്കാനും ആളുണ്ടാകണം. അതില്ലെങ്കിൽ പിന്നെ ഒരു ഭാഷയ്ക്ക് എന്തു പ്രസക്തി?

അക്കാഡമിക്ക് രംഗത്ത് ഒരു  ഭാഷയ്ക്കുമേൽ മറ്റൊരു ഭാഷ മേൽ കൈ നേടിയാൽ ആ ഒരു  ഭാഷ നശിക്കുകയേ ഉള്ളൂ. അതുപോലെ അക്കാഡമിക്ക് രംഗത്ത് മലയാളത്തിനുമേൽ ഇംഗ്ലീഷിന് അപ്രമാദിത്വം വന്നാൽ മലയാളത്തിന്റെ നില നില്പ് അപകടപ്പെടാതിരിക്കുന്നതെങ്ങനെ? അതും മലയാളം ഒരു ഇട്ടാവട്ട പ്രാദേശിക ഭാഷ. ഇംഗ്ലീഷാകട്ടെ ഒരു ആഗോളഭാഷയും! അപ്പോൾ ഇതിൽ ഏത് അതിജീവിക്കും? ഇംഗ്ലീഷ് മീഡിയം-മലയാളം മീഡിയം എന്നിങ്ങനെ രണ്ടുതരം സ്കൂളുകൾ നില നിന്നാൽ ലോകഭഷാ പദവിയുള്ള ഇംഗ്ലീഷ് മീഡിയം മാത്രമേ  ആളുകൾ തെരഞ്ഞെടുക്കുകയുള്ളൂ.

നമ്മുടെ മാതൃഭാഷ  നേരിടുന്ന വെല്ലുവിളികൾ   മറി കടക്കാൻ ഭരണകൂടത്തിന്റെ ഇച്ഛാ ശക്തിയാണാവശ്യം. ഇതിന് ശക്തമായ നിയമ നിർമ്മാണത്തിലൂടെ സ്റ്റേറ്റ് സിലബസ് ആയാലും കേന്ദ്ര സിലബസ് ആയാലും പ്ലസ് ടൂ തലം വരെയെങ്കിലും  മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം നിർബന്ധമാക്കണം. മാതൃഭാഷാ മീഡിയം സ്കൂളുകൾക്കു മാത്രമേ അംഗീകാരം നൽകാവൂ. അല്ലാതെ രണ്ടും കൂടി മുന്നിൽ വച്ചിട്ട് ഇംഗ്ലീഷ് വേണോ മാതൃഭാഷ വേണോ എന്ന് ചോദിച്ചാൽ ഇന്നത്തെ ലോകത്ത് ഇംഗ്ലീഷല്ലാതെ ആരും തെരഞ്ഞെടുക്കില്ല. അതുകൊണ്ട് മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്ന തരം തിരിവ്  നിർത്തി പഠനമാധ്യമം പൂർണ്ണമായും മാതൃഭാഷയിലാക്കുക.

Friday, February 6, 2015

സവിശേഷ കായിക­വിദ്യാലയങ്ങൾ ആരംഭിക്കണം.

സവിശേഷ കായിക­വിദ്യാലയങ്ങൾ ആരംഭിക്കണം.

കേരളത്തിന്റെ കായിക പുരോഗതിയ്ക്കായുള്ള ചില നിർദ്ദേശങ്ങൾ എന്ന നിലയ്ക്കാണ് ഈ കുറിപ്പ് എഴുതുന്നത്. കേരളത്തിന്റെ കായിക പുരോഗതിയ്ക്കും പുതിയ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. സ്വാഭാവികമായും യാദൃശ്ചികമായും ഉയർന്നു വരുന്ന കായിക പ്രതിഭകൾക്കു പുറമെ നാം ബോധപൂർവ്വം പരിശ്രമിച്ച് പരിശീലിപ്പിച്ചെടുക്കുന്ന കായിക പ്രതിഭകളും കൂടി ചേരുമ്പോൾ നല്ലൊരു കായികസമ്പത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാനാകും. ഇതിന് സ്കൂൾതലം മുതൽക്കുള്ള പ്രവർത്തനം ആവശ്യമാണ്. എല്ലാ ജില്ലകളിലും സർവ്വ സൗകര്യങ്ങളോടും താമസ സൗകര്യങ്ങളോടും കൂടിയ വിശാലമായ കായിക സ്കൂളുകൾ സ്ഥാപിക്കണം. ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം സ്കൂളുകൾ ആരംഭിക്കണം.

ആഞ്ചാം ക്ലാസ്സ് മുതൽക്കെങ്കിലും കുട്ടികളെ കായികമായി പരിശീലിപ്പിച്ചു തുടങ്ങിയാലെ അവരെ നല്ല കായിക പ്രതിഭകളായി വളർത്തിയെടുക്കാൻ കഴിയുകയുള്ളൂ. എന്നാൽ ആ പ്രായം മുതൽക്ക് ബോർഡിംഗ് സ്കൂളിൽ നിർത്തി പഠിപ്പിക്കുക അഭികാമ്യമല്ല. അതിനാൽ സാധാരണ സ്കൂളുകളിലെല്ലാം അഞ്ചാം തരം മുതൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക സ്പോർട്സ് ഡിവിഷനുകൾ ഉണ്ടാക്കി അവർക്ക് വിവിധ കളികളിൽ പരിശീലനം നൽകുകയും അവരവരുടെ അഭിരുചികളും കഴിവുകളും വിലയിരുത്തുകയും വേണം. അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകൾകൊണ്ട് സ്പോർട്സിൽ അഭിരുചിയും കഴിവുകളും ഉള്ളവരായി അവരെ മാറ്റണം. അതിനുശേഷം മാനദണ്ഡങ്ങൾക്ക് വിധേയമായി താല്പര്യവും കഴിവും ഉള്ള കുട്ടികളെ കണ്ടെത്തി എട്ടാം തരം മുതൽ ജില്ലാതല സ്പോർട്സ് സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കണം. ഇതിന്റെ ചെ‌ലവ് സർക്കാർ വഹിക്കണം. എന്നാൽ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികളിൽ നിന്ന് ആശാസ്യമായ നിശ്ചിത ഫീസ് ഏർപ്പെടുത്താവുന്നതുമാണ്. എന്നാൽ പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെട്ട കുട്ടികൾക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ് വിഭാഗങ്ങളിലെ കുട്ടികൾക്കും, സമ്പൂർണ്ണമായും സൗജന്യമായിരിക്കണം സ്പോട്സ് സ്കൂളിലെ പഠനം.

എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടൂ വരെ ജില്ലാ സ്പോർട്ട്സ് സ്കൂളുകളിൽ പഠിക്കാൻ ഈ കുട്ടികൾക്ക് അവസരം നൽകണം. ഈ പഠന കാലയളവിൽ പോലീസ് പരിശീലനം, അത്യാവശ്യം സൈനിക മോഡൽ പരിശീലനം എന്നിവയും കുട്ടികൾക്ക് നൽകാവുന്നതാണ്. ഈ സ്കൂളുകളിൽ പഠിച്ചിറങ്ങുന്ന കുട്ടികളെ പോലീസിലും സൈനിക വിഭാഗങ്ങളിലും നിയോഗിക്കപ്പെടുന്നതിന് പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം നൽകണം. മറ്റ് സാധാരണ പാഠ്യപദ്ധതിയുടെ ഭാഗമായ ശാസ്ത്ര വിഷയങ്ങൾക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ നല്ല ആശയ വിനിമയ പാഡവമുള്ളവരായിക്കൂടി ഈ കുട്ടികളെ വളർത്തിയെടുക്കാനുതകും വിധം പാഠ്യ പദ്ധതികൾ ക്രമീകരിക്കണം. വെറും കായിക പഠനം മാത്രമായിരിക്കരുത്, മറ്റ് സ്കൂളുകളിലെ പോലെ എല്ലാ വിഷയങ്ങളും സ്പോർട്സ് സ്കൂളുകളിൽ പഠിപ്പിക്കണം. എന്നാൽ സിലബസ് പഠന ഭാരം ലഘൂകരിക്കും വിധം ആയിരിക്കണം ക്രമീകരിക്കേണ്ടത്. സ്പോർട്സ് സ്കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾ കായികമായും ബുദ്ധിപരമായും ഉയർന്ന നിലവാരം പുലർത്തും വിധമുള്ള ഒരു പാഠ്യ പദ്ധതി അവർക്കായി പ്രത്യേകം തന്നെ തയ്യാറാക്കാവുന്നതാണ്.

പ്ലസ് ടൂ ജയിക്കുന്നതോടെ കുട്ടികൾക്ക് പിന്നെ അവരുടെ ഇഷ്ടാനുസരണം ഉപരിപഠനം തുടരുകയോ മറ്റ് പ്രൊഫഷനുകളിലേയ്ക്ക് പോകുകയോ ചെയ്യാവുന്നതാണ്. എന്നാൽ പോലീസ്, സൈന്യം തുടങ്ങി കായികക്ഷമതാ പരിശീലനം ആവശ്യമുള്ള എല്ലാ ഉദ്യോഗങ്ങൾക്കും സ്പോർട്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് നിശ്ചിത ശതമാനം സംവരണവും മാർക്കിളവും നൽകണം. ഒപ്പം കായികക്ഷമതാ പരീക്ഷകളിൽ നിന്ന് അവരെ ഒഴിവാക്കുകയും വേണം. അതുമല്ലെങ്കിൽ പ്ലസ് ടൂ കഴിയുന്നതോടേ സ്പോർട്സ് സ്കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് മാത്രമായി ടെസ്റ്റ് നടത്തി പോലീസിലേയ്ക്കും സൈന്യത്തിലേയ്ക്കും നിയമനം നടത്താവുന്നതുമാണ്. ഏത് ഉദ്യോഗങ്ങളിലും സ്പോർട്ട്സ്‌സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനകൾ നൽകണം. സ്പോർട്ട്സ് സ്കൂളുകളിൽ നിന്നും പ്ലസ് ടൂ കഴിഞ്ഞവരിൽ ഡിഗ്രി പഠനം പൂർത്തിയാക്കുന്നവർക്ക് എസ്.ഐ ടെസ്റ്റ് മുതലായവയിൽ നിശ്ചിത സംവരണവും മാർക്കിളവും അനുവദിക്കണം. അവർക്ക് എഴുത്തു പരീക്ഷ കഴിഞ്ഞ് കായികക്ഷമതാ പരീക്ഷകളിൽ നിന്ന് ഒഴിവാക്കി നേരിട്ട് നിയമനം നൽകണം. സ്പോർട്സ് സ്കൂളുകളിൽ പഠിച്ച് കായിക ക്ഷമത വികസിപ്പിച്ചിറങ്ങുന്ന കുട്ടി‌കൾക്ക് പിന്നീട് ഒരു ഒരു ഉദ്യോഗത്തിനും കായിക ക്ഷമതാ പരീക്ഷ നടത്തേണ്ട ആവശ്യമില്ല. ഐ.എ.എസ്, ഐ.പി.എസ് പരീക്ഷകളിലും സ്പോർട്ട്സ് സ്കൂളുകളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പ്രിലിമിനറി ടെസ്റ്റ് മുതൽ പ്രത്യേക പരിഗണന നൽകണം. മെഡിക്കൽ- എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളീലും സ്പോർട്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനകൾ നൽകണം.

ഇപ്പോൾ നിലവിലുള്ള സ്പോർട്സ് സ്കൂളുകളിൽ നിന്നും വേറിട്ടതായിരിക്കണം ഇവിടെ പറയുന്ന സ്പോട്സ് സ്കൂളുകൾ. അത്യാവശ്യം സ്പോർട്‌സിൽ താല്പര്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ചില സാധാരണ സ്പോർട്സ് സ്കൂളുകൾ ഇപ്പോൾ തന്നെയുണ്ട്. എന്നാൽ ഇവിടെ വിഭാവന ചെയ്യുന്ന സ്പോർട്സ് സ്കൂളുകൾ വളരെ ഉയർന്ന നിലവാരത്തിലുള്ളതും വേറി­ട്ടവയുമാണ്. അങ്ങനെ ഭാവിയിൽ സ്പോർട്സ് സ്കൂളുകൾ വഴി ജീവിതത്തിന്റെ സമസ്ത മേഖലകളിലും കായിക ക്ഷമമായ ഒരു തലമുറയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താനാകും. ഏറ്റവും പ്രധാനമായി സ്പോർട്സ് സ്കൂളുകളിൽ നിന്നും പഠിച്ചു വരുന്നവരിൽ വിവിധ കളികളിൽ ഏറ്റവും മികവു പുലർത്തുന്നവർ ഉൾപ്പെടുന്ന കായിക പ്രതിഭകളുടെ ഒരു ഔദ്യോഗിക ബാങ്ക് തന്നെ സൃഷ്ടിക്കുവാനാകും. സ്പോർട്സ് സ്കൂളുകളിൽ നിന്ന് പരിശീലനം നേടിയിറങ്ങുന്ന മികച്ച കളിക്കാരെ രാജ്യത്തിന്റെ മികച്ച കളിക്കാരായി ഉയർത്തിക്കൊണ്ടു വരാൻ കഴിയും. . അങ്ങനെ നമ്മുടെ രാജ്യത്തിന്റെ കായിക സമ്പത്ത് വർദ്ധിപ്പിക്കാം. അതാണ് അതി‌ന്റെ ഏറ്റവും പ്രധാനമായ ഉദ്ദേശവും.

സ്പോർട്സ് സ്കൂളുകളിൽ പഠി­ച്ചിറങ്ങുന്ന കുട്ടികളിൽ ഒരു വിഭാഗം പോലീസ്, സൈന്യം, അർദ്ധ സൈന്യം തുടങ്ങിയ മേഖലകളിലേയ്ക്കു പോയി രാജ്യത്തെ സേവിക്കും. കുറച്ചുപേർ മറ്റ് വിവിധസ് മേഖലകളിൽ പോയി രാജ്യത്തെ സേവിക്കും. ജീവിത വിജയം നേടും. സ്പോർട്സ് സ്കൂൾ പഠനം കഴിഞ്ഞിറങ്ങുന്നവരിൽ മറ്റൊരു നല്ല പങ്കാകട്ടെ മികച്ച കായിക താരങ്ങളായി രാജ്യത്തിന്റെ കായിക "സേനയുടെ" ഭാഗമാകും. അങ്ങനെ മികച്ച ഒരു കായിക സംസ്ഥാനമായി രാജ്യത്ത് കേരളത്തിന് തല ഉയർത്തി നിൽക്കാം. രാജ്യത്തെ കായിക മേഖലയ്ക്ക് മികച്ച സംഭാവന നൽകുന്ന ഒരു സംസ്ഥാനമായി നമുക്ക് മാറാം. രാജ്യത്തിനു മികച്ച കായിക താരങ്ങളെയും കായിക പ്രതിഭകളെയും സൃഷ്ടിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻനിർത്തി നടത്തുന്ന സ്പോർട്സ് സ്കൂളുകൾ വഴി ഈ ലേഖനത്തിലുടനീളം പരാമർശിച്ച മറ്റ് നിരവധി നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാം. പഠിതാക്കൾക്കും അവരിലൂടെ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനാകെയും!

Friday, May 23, 2014

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിന് അനുകൂലമായി കേരള സർക്കാർ ഹൈക്കോടതിയിൽ അഭിപ്രായം പ്രകടിപ്പിച്ചതായി വാർത്ത വന്നിരിക്കുന്നു. കേരളത്തിൽ സ്കൂൾ കോളേജ് രാഷ്ട്രീയത്തിനെതിരെ ഒരു വിഭാഗം അരാഷ്ട്രീയ വാദികൾ മുമ്പും പലപ്പോഴും രംഗത്തു വന്നിട്ടുണ്ട്. കോടതികളെ സമീപിച്ചിട്ടുണ്ട്. ചില അനുകൂല വിധികൾ സമ്പാദിക്കുകയും അത് പിന്നീട് സ്കൂൾ- കലാലയ രാഷ്ട്രീയത്തെ കുറച്ചൊക്കെ പ്രതികൂ‍ലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കലാലയ രാഷ്ട്രീയം പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടിരുന്നില്ല. ലിങ്ദോ കമ്മീഷന്റെയും മറ്റും ചില ഇടപെടലുകൾ കലാലയ രാഷ്ട്രീയം,  കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് എന്നിവയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും അരാഷ്ട്രീയ വാദികൾ തൃപ്തരായില്ല. അവർക്ക് വേണ്ടത് സമ്പൂർണ്ണ നിരോധനമാണ്. അതിനായി അവർ നിരന്തരം വ്യവഹാരങ്ങൾ നടത്തുന്നു. വിദ്യാഭ്യാസക്കച്ചവടക്കാരായ മാനേജ്മെന്റുകൾക്ക് വേണ്ടിയാണ് ഇത്തരകാരിൽ ചിലർ  കലാലയ രാഷ്ട്രീയത്തിനെതിരെ രംഗത്തുവരുന്നത്. സ്വകാര്യ മാനേജുമെന്റുകൾക്ക് തങ്ങളുടെ തോന്ന്യാസങ്ങൾ നടത്താൻ പലപ്പോഴും കലാലയ രാഷ്ട്രീയം തടസ്സമാകുന്നുണ്ട്. കലാലയ രാഷ്ട്രീയം ഇല്ലാത്ത കലലയങ്ങളിൽ തികഞ്ഞ അരജകത്വം ഉണ്ടാകുമെന്ന് അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. അത്തരം കലാലയങ്ങളിൽ  കാമ്പസ്  രാഷ്ട്രീയത്തിന്റെ അഭാവത്തിൽ   ക്രിമിനൽ സ്വഭാവമുള്ള കാളികൂളി പിള്ളെരുടെ  ഗ്യാംഗുകളും ഗ്യാംഗ് വാറുകളും ഉണ്ടാകുന്നു. മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വലിയ വിപണീകളായി അത്തരം കലാലയങ്ങൾ മാറുന്നു. വിദ്യാർത്ഥികൾ വർഗ്ഗീയവാദികളും തീവ്രവാദികളും രാജ്യ ദ്രോഹികളുമായി മാറാനും അരാഷ്ട്രീയ കലാലയങ്ങൾ കാരണമാകും.  അങ്ങനെ എല്ലാം കൊണ്ടും തികഞ്ഞ അരാജകത്വമാകും അരാഷ്ട്രീയ കലാലയങ്ങളിൽ സംഭവിക്കുക.

സാമൂഹ്യ ബോധവും രാഷ്ട്രീയ ബോധവും വരും തലമുറയിൽ അന്യം നിൽക്കാനാകും കലാലയ രാഷ്ട്രീയ നിരോധനം സഹായകമാകുക. പണ്ട് കലാലയ സംഘട്ടനങ്ങളുടെ പേരു പറഞ്ഞാണ് ഒരു വിഭാഗം അരാഷ്ട്രീയ വാദികൾ രംഗത്തിറങ്ങിയിരുന്നത്. ചിലർ  അക്കാഡമിക നിലവാരം തകർച്ചയെക്കുറിച്ചും മുതലക്കണ്ണീ‍രൊഴുക്കി.  ഇന്നും  അരാഷ്ട്രീയവാദികൾ   വിദ്യാർത്ഥിരാഷ്ട്രീയത്തിനെതിരെ ഉയർത്തുന്നത് വിദ്യാർത്ഥിസംഘട്ടനം,  അക്കാഡമിക നിലവാരത്തകർച്ച തുടങ്ങിയ വാദങ്ങളാണ്.  കലാലയ രാഷ്ട്രീയം വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകരുടെയും നേതാക്കളുടെയും പോലും അക്കാഡമിക നിലവാരം തകർക്കുന്നില്ല എന്നതണ് അനുഭവം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും വളർന്നു വന്ന നേതക്കളെല്ലാം ഉയർന്ന മാർക്കോടെ ഉന്നത ബിരുദങ്ങൾ  കരസ്ഥമാക്കിയിട്ടുള്ളവരാണ്. രാഷ്ട്രീയത്തിലൊന്നുമിറങ്ങാതെ പഠിക്കുന്ന എത്രയോ പേർ ഉഴപ്പിയും കളിച്ചു നടന്നും ലഹരി വസ്തുക്കൾക്കടിമപ്പെട്ടും അവരുടെ ഭാവി കളയുന്നുണ്ട്. പലരും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നുമുണ്ട്. എന്നാൽ വിദ്യാർത്ഥി നേതാക്കൾ ബഹുഭൂരിപക്ഷവും കൈ നിറയെ ബിരുദങ്ങളും ബിരുദാ‍നന്തര ബിരുദങ്ങളുമായി തന്നെയാണ് പൊതു ധാരയിലേയ്ക്ക് വരുന്നത്. അവർ മറ്റുള്ളവർക്ക് മാതൃകകളുമാണ്. ഏതെങ്കിലും വിദ്യാർത്ഥിയുടെ അക്കാഡമിക്ക് ഭാവി തകരുന്നുണ്ടെങ്കിൽ അതിന്റെ കുറ്റം കലാലയ രാഷ്ട്രീയത്തിന്റെ തലയിൽ കെട്ടിവയ്ക്കരുത്. കലാലയ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നവരേക്കാൾ കൂടുതൽ അക്കാഡമികത്തകർച്ച മറ്റ് വിദ്യാർത്ഥികളിൽ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം ഏത് പ്രതിഭാസത്തിന്റെ  തലയിൽ കെട്ടിവയ്ക്കും?

പണ്ട് കലാലയ രാഷ്ട്രീയം കത്തിനിന്ന കാലങ്ങളിൽ നമ്മുടെ കലാലയങ്ങൾ സർഗ്ഗാത്മകവും സംവാദാത്മകവും ആയിരുന്നു. ഇടയ്ക്കിടെ അവ സംഘർഷാത്മകമാകുമായിരുന്നു എന്നത് നേരുതന്നെ. ഇന്നും പലപ്പോഴും സംഘർഷങ്ങൾ നടക്കുന്നുണ്ട്. അടിപിടി അക്രമങ്ങൾ കലാലയങ്ങളുടെ മാത്രം പ്രത്യേകതയല്ല. അത് സമൂഹത്തിന്റെ  പല മേഖലകളിലും സംഭവിക്കുന്നുണ്ട്. അതിനെ നേരിടാൻ നിയമങ്ങളുമുണ്ട്. എങ്കിലും കലാലയങ്ങളിൽ സംഘർഷങ്ങൾ ഒഴിവാക്കി കലാലയ രാഷ്ട്രീയം സർഗ്ഗാത്മകവും  സംവാദാത്മകവുമാക്കി  നിലർത്തുവാനുള്ള നിയന്ത്രണങ്ങൾ സ്വാഗതാർഹമാകും. അല്ലാതെ സമ്പൂർണ്ണ വിദ്യാർത്ഥി‌രാഷ്ട്രീയ നിരോധനം ജനാധിപത്യവിരുദ്ധമാണ്. അത് ഭൂഷണമല്ല. കലാലയത്തിലല്ല, എവിടെയും രാഷ്ട്രീയം  നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സമാധാനപരമായി സംഘടിക്കുവാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും  സമരം ചെയ്യുവാനും ഉള്ള അവകാശം നമ്മുടെ ഭരണഘടന എല്ലാ പൌരൻ‌മാർക്കും  നൽകുന്നുണ്ട്. കലാലയങ്ങളിലും തൊഴിൽ സ്ഥലങ്ങളിലും പുറത്തും എവിടെയും ഈ പൌരാവകാശങ്ങൾ ആർക്കും നിഷേധിക്കുവാൻ കഴിയില്ല. കലാലയ മാനേജു  മെന്റുകൾ വിദ്യാർത്ഥിരാഷ്ട്രീയം നിഷേധിച്ചു കൊണ്ടുള്ള റൂൾസ് ആൻഡ് റെഗുലേഷൻ ഇറക്കുന്നതും അതിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൊണ്ട് ഒപ്പു വയ്പ്പിക്കുന്നതും പോലും  ഭരണഘടനാ വിരുദ്ധമാണ്.

സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ബഹുമാനപ്പെട്ട നീതി പീഠങ്ങളായാലും ഭരണകൂടമായാലും കോളേജ് മാനേജുമെന്റുകളായാലും അത്  ഭരണഘടനാ വിരുദ്ധമാണ്. ഭരണ കൂടം ഈ സ്വാതന്ത്ര്യ നിഷേധത്തിന് ഒത്താശ ചെയ്ത് അതിനുകൂട്ടുനിന്നാൽ അത് ഭരണകൂട ഭീകരതയാണ്. നമ്മുടെ കലാലയങ്ങൾ സംഘർഷ രഹിതവും എന്നാൽ തികച്ചും ജനധിപത്യപരമായി രാഷ്ട്രീയ സംഘടനാ സ്വാതന്ത്ര്യം ഉള്ളവയും സർഗ്ഗാത്മകവും സംവാദാത്മകവും  ആകണം. മാറുന്ന  കാലത്തിനനുസരിച്ച് അതിന് എന്തൊക്കെ ചെയ്യണം, എന്തൊക്കെ മാറ്റങ്ങൾ വരുത്തണം,  ആവശ്യമായ നിയന്ത്രണങ്ങൾ  എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കാം.  അല്ലാതെ രാഷ്ട്രീയ നിരോധനം ഒരു ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല. അത് കലാലയങ്ങളിലായലും മറ്റെവിടെയായാലും. ഭാവി തൽമുറ സാമൂഹ്യ ബോധം ഉള്ളവരാകണം. രാഷ്ട്രീയ ബോധമുള്ളവരാകണം. ജനാധിപത്യത്തിന്റെ ബാല പാഠങ്ങൾ അവർ ചെറുപ്രായത്തിലേ പഠിച്ച് പക്വതയാർജ്ജിക്കണം. അവർ തികഞ്ഞ ജനാധിപത്യ വിശ്വാസികളാകണം.  അവർ സഹിഷ്ണുതയുള്ളവരും സമാധാന പ്രിയരും  ആകണം. പക്വമാർന്ന ഒരു ജനധിപത്യ സമൂഹം ഇവിടെ വളർന്നു വരണം. രാജ്യത്തിന്റെ ഭാവി ഭാവി‌തലമുറയിലാണ്. അവർ കേവലം പുസ്തകപ്പുഴുക്കളും  സ്വാർത്ഥമതികളും അരാഷ്ട്രീയ വാദികളുമാകരുത്. സഹജീവീയ സ്നേഹവും രാഷ്ട്രീയബോധവും ജനാധിപത്യ ബോധവും   ഉള്ളവരാകണം. വരും തലമുറ രാജ്യ സ്നേഹവുമുള്ള ഉത്തമ പൌരൻ‌മാരാകണം. അതിന് സർഗ്ഗാത്മകവും സമാധാന പൂർണ്ണവുമായ കലാലയങ്ങൾ ഉണ്ടാകണം. അതിന് കലാലയങ്ങളിൽ  രാഷ്ട്രീയവുമുണ്ടാകണം.

(2014 ഏപ്രിൽ ലക്കം തരംഗിണി ഓൺലെയിൻ മാഗസിനിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ)

Sunday, April 20, 2014

ഇന്ത്യൻ ജനാധിപത്യത്തിന്റെ പാഠഭേദങ്ങൾ

ഇന്ത്യൻ ജനാധിപത്യത്തിന്റെ പാഠഭേദങ്ങൾ

(തരംഗിണി ഓൺലെയിൻ മാസികയിൽ എഴുതിയത്)

നമ്മുടെ രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു ഘട്ടത്തിലാണ് ഈ കുറിപ്പെഴുതുന്നത്. കേരളത്തിലെ  ലോകസഭാ മണ്ഡലങ്ങളിൽ നിന്നുള്ള  തെരഞ്ഞെടുപ്പ്  നടന്നു കഴിഞ്ഞു. ഇവിടെ എൽ. ഡി. എഫും യു. ഡി. എഫും വിജയപ്രതീക്ഷയിലാണ്. രാജ്യത്ത് ബി. ജെ. പി യും കോൺഗ്രസ്സും  മൂന്നാം മുന്നണിയും  അധികാരത്തിൽ വരാനുള്ള സാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ആര് ജയിക്കും ആര് തോൽക്കും ആര് അധികാരത്തിൽ വരും എന്നുള്ളതൊക്കെ തൽക്കാലം അവിടെ നിൽക്കട്ടെ. ഒരു പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് നമ്മുടെ ജനാധിപത്യം എവിടെയെത്തി നിൽക്കുന്നുവെന്നുള്ളതും ചിന്താവിഷയമാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപരീക്ഷണശാല എന്നൊക്കെ ഇന്ത്യയെപ്പറ്റി പറയുന്നുണ്ട്. വിപുലമായ ജനസംഖ്യയും ബഹുകക്ഷി സമ്പ്രദായവും മുടങ്ങാതെയുള്ള തെരഞ്ഞെടുപ്പുകളും മറ്റും വച്ച് നോക്കുമ്പോൾ അങ്ങനെയൊരു വിശേഷണത്തിന് ഇന്ത്യ അർഹമല്ല എന്ന് പറയാനാവില്ല. എന്നാൽ പരിപക്വമായ ഒരു ജനാധിപത്യസമൂഹം നമ്മുടെ രാജ്യത്ത് രൂപപ്പെട്ടുകഴിഞ്ഞുവെന്ന് നമുക്ക് കരുതാനാകുമോ? ശരിയായ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അറിവും വിവേകവും ആർജ്ജിച്ചവരാണോ നമ്മുടെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ?

ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകൾ നിരക്ഷരതയിലും അന്ധവിശ്വാസങ്ങളിലുമാണ്ട് കഴിയുന്നവരാണ്. പട്ടിണിയുടെയും ദാരിദ്രത്തിന്റെയും തൊഴിലില്ലായ്മയുടെയും കാര്യത്തിലും ജനങ്ങൾ ഭൂരിപക്ഷമാണ്. അത്തരമൊരു ജനതയിൽ പരീക്ഷിക്കപ്പെടുന്ന  ജനാധിപത്യം എത്രകണ്ട് ഫലപ്രദമാകും? നമ്മുടെ രാജ്യത്ത് പല മേഖലകളിലും വമ്പിച്ച  വികസനം നടന്നുവെന്ന് നാം അഭിമാനിക്കുമ്പോഴും പട്ടിണി, ദാരിദ്രം, നിരക്ഷരത, തൊഴിലില്ലായ്മ മുതലായ പ്രശ്നങ്ങൾ വളരെ ഗുരുതരമായ രീതിയിൽ തന്നെ ഇന്നും തുടരുന്നു എന്ന യാഥാർത്ഥ്യം നാം മറന്നുപോകരുത്. അതുകൊണ്ടുതന്നെ നാളിതുവരെ നടന്ന ജനവിധികൾ വിവേകപൂർവ്വമായിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരും.

ജനങ്ങൾക്ക് വോട്ടവകാശം നൽകി എന്നതുകൊണ്ട് മാത്രം ജനാധിപത്യം വിജയിക്കില്ല. തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുവാനുള്ള ജനങ്ങളുടെ കഴിവ് കൂടി വർധിച്ചാലേ യഥാ‌ർത്ഥ ജനവിധി നടക്കൂ. അത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന വിവേകത്തിലൂടെ മാത്രമേ സാധ്യമാവൂ. ഒപ്പം നീതിപൂർവ്വകവും സമധാനപരവുമായ തെരഞ്ഞെടുപ്പുകളും നടക്കണം. നിർഭാഗ്യവശാൽ ഇന്ത്യയിൽ മിക്കയിടങ്ങളിലും അതൊന്നുമല്ല നടക്കുന്നത്. ഐവരിൽ മൂന്നുപേർ കൈപൊക്കി കാണിച്ചിട്ട് ഇത് കാലാണെന്നു പറഞ്ഞാൽ അംഗീകരിക്കേണ്ട ചില ദൌർബല്യങ്ങളും ജനാധിപത്യത്തിന്റെ കൂടെപ്പിറപ്പായുണ്ട്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയമറിയില്ല. ജനാധിപത്യമെന്തെന്നറിയില്ല. ആര് തെരഞ്ഞെടുക്കപ്പെടണമെന്നറിയില്ല. കാരണം അവർ നിരക്ഷരരാണ്. അവിടെ ജനാധിപത്യം പരാജയപ്പെടുന്നു. കേരളത്തിലെ പോലെയുള്ള രാഷ്ട്രീയ പ്രവർത്തനരീതികളൊന്നുമല്ല മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളത്. അവിടങ്ങളിൽ പണാധിപത്യമാണ് നടക്കുന്നത്. മറിച്ച് ജനാധിപത്യമല്ല. അവിടങ്ങളിൽ സമ്പന്നവർഗ്ഗങ്ങളും വൻ ഭൂപ്രഭുക്കളും പഴയ രാജപരമ്പരയുടെ പിന്മുറക്കാരും അധോലോക ഗുണ്ടാമാഫിയകളുമാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഏറ്റവും കൂടുതൽ പണമൊഴുക്കുന്നവർ വിജയിക്കും. ഏറ്റവും കൂടുതൽ ഗുണ്ടായിസം കാണിക്കുന്നവർ വിജയിക്കും. ചിലയിടങ്ങളിൽ വോട്ട് വിലയ്ക്ക് വാങ്ങും.

കൊടിയ ക്രിമിനലുകളും രാജ്യദ്രോഹികളും വർഗ്ഗീയവാദികളും അഴിമതിക്കാരും ജനവിരുദ്ധഭരണം നടത്തുന്നവരും വീ‍ണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോൾ ഇന്ത്യൻജനാധിപത്യത്തിൽ നിന്നും എന്ത് പാഠമാണ് നാം പഠിക്കേണ്ടത്? ഇന്ത്യൻ ജനാധിപത്യം ഒരുപാട് വെല്ലുവിളികളെ നേരിടുന്നുണ്ട്  എന്നതു തന്നെ. നീതിപൂർവ്വകമല്ലാത്ത തെരഞ്ഞെടുപ്പുകളിലൂടെ ജയിച്ചു വരുന്നവരാണ് നല്ല്ലൊരു പങ്ക് ജനപ്രതിനിധികൾ. അവരെ ജനപ്രതിനിധികളെന്നു വിളിക്കാമോ? സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിലെ ജനങ്ങൾ പോലും പലപ്പോഴും നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പല തെരഞ്ഞെടുപ്പുഫലങ്ങളും തെളിയിച്ചിട്ടുണ്ട്.

തികച്ചും അർഹരല്ലാത്തവരെ തെരഞ്ഞെടുക്കുകയും അരഹരായവരെ അവഗണിക്കുകയും ചെയ്യുന്ന ജനവിധികൾ കേരളത്തിൽ പോലുമുണ്ടാകുന്നു. അപ്പോൾ വിദ്യാഭ്യാസം കൊണ്ടുമാത്രം പ്രബുദ്ധതയും വിവേകവും കൈവരില്ലെന്ന പാഠവും നമുക്ക് ലഭിക്കുന്നു. ജനങ്ങളെന്തായാലും തിരസ്ക്കരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നവർ വിജയിക്കുകയും ജനങ്ങളെന്തായാലും സ്വീകരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നവർ  പരാജയപ്പെടുന്നതുമായ അനുഭവങ്ങൾ കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിൽ  എത്രയെങ്കിലും ഉണ്ട്.  അപ്പോൾ നമ്മുടെ ജനാധിപത്യം ഇനിയും പരിപക്വമാകേണ്ടിയിരിക്കുന്നു. നമ്മുടെ ജനാധിപത്യം ഇനിയും ശക്തിപ്പെടേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നു പറഞ്ഞാൽ ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള കഴിവ് വർധിപ്പിക്കുക, നിർഭയമായി തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം സൃഷ്ടിക്കുക നീതിപൂർവ്വകമായ തെരഞ്ഞടുപ്പുകൾ എല്ലായിടത്തും ഉറപ്പു വരുത്തുക, ശരിയായ ജനാധിപത്യ വിദ്യാഭ്യാസം പൌരന്മാർക്കു നൽകുക എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. ഇക്കാര്യത്തിൽ നമുക്ക് ബഹുദൂരം ഇനിയും സഞ്ചരിക്കുവാനുണ്ട് എന്നു മാത്രം പറഞ്ഞ് തൽക്കാലം ഈ കുറിപ്പിന് വിരാമമിടുന്നു.        

Friday, January 31, 2014

നാടകങ്ങൾ വീണ്ടും കലാപങ്ങളായി മടങ്ങി വരണം

2013 ഡിസംബർ ലക്കം തരംഗിണി ഓൺലെയിൻ മസികയിൽ എഴുതിയ ലേഖനം


നാടകങ്ങൾ വീണ്ടും കലാപങ്ങളായി മടങ്ങി വരണം

`കെ.പി.എ.സി-യുടെ പുതിയ നാടകം ‘നീലക്കുയിൽ’ കണ്ടു. ഇഷ്ടമായി. നല്ല ആവിഷ്കാരം. ഉറൂബിന്റെ നോവലിനെ ആധാരമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത പ്രശസ്ത സിനിമയായ നീലക്കുയിലിന്റെ നാടകീയാവിഷ്ക്കാരമാണ് ഈ പുതിയ നാടകം. ഒരു സിനിമ നാടകമാക്കുമ്പോൾ സിനിമയെ അപേക്ഷിച്ച് നാടകത്തിന് ചില പരിമിതികൾ ഉണ്ട്. എന്നാൽ ആ പരിമിതികളെ ഏറെക്കുറെ തരണം ചെയ്ത് ഉറൂബിന്റെ മൂല കൃതിയുടെയും സിനിമയുടെയും പ്രധാന പ്രമേയം അതിന്റെ എല്ലാ വൈകാരിക ഭാവങ്ങളോടെയും  കാണികൾക്കു മുന്നിൽ എത്തിക്കുവാൻ നാടകത്തിനു കഴിഞ്ഞു. നാടകത്തിന്റെ സന്ദേശം ശക്തമായിത്തന്നെ കാണികളുടെ മനസിലേയ്ക്ക് കടത്തി വിടുന്നതിൽ ഈ നാടകം വിജയം കണ്ടു. തിന്മകളെ തിരസ്കരിക്കുവാനും നന്മകളെ സ്വാംശീകരിക്കുവാനുമുള്ള ആഹ്വാനം ഇതിന്റെ മൂല കൃതിയിൽ തന്നെ ഉൾച്ചേർന്നിരിക്കുന്നതാണ്. അതിൽ ഒട്ടും ചോർച്ചയില്ലാതെ നാടകീയാവിഷ്കാരം നിർവ്വഹിക്കുവാൻ കഴിഞ്ഞു എന്നതിൽ ഇതിന്റെ ശില്പികൾക്ക് ആശ്വസിക്കാവുന്നതാണ്, അഭിമാനിക്കാവുന്നതാണ്.  കെ.പി.എ.സിയുടെ എല്ലാ നാടകങ്ങളും ഓരോന്നും ഓരോന്നിന്റേതായ മികവ് പുലർത്തുന്നവയാണ്. നീലക്കുയിലും അതെ. അതിലെ എല്ലാ കഥാപാത്രങ്ങളെയും തനത് രൂപഭാവങ്ങളോടെ തന്നെ അരങ്ങിലെത്തിക്കാൻ നാടക രചയിതാവിനും സംവിധായകനും നടന്മാർക്കും മറ്റ് അണിയറ ശില്പികൾക്കും  കഴിഞ്ഞു. സുരേഷ് ബാബു ശ്രീസ്ഥയാണ് നീലക്കുയിലിന്റെ  നാടകരൂപാന്തരീകരണത്തിന്റെ രചനാകർമ്മം നിർവ്വഹിച്ചിരിക്കുന്നത്. മനോജ് നാരായണൻ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

കേരളീയ ജനതയെ ഒരു കാലത്ത് ഏറെ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ പരിഷ്കരണങ്ങൾക്കും രാഷ്ട്രീയ മാറ്റങ്ങൾക്കും ഉത്തേജക ഔഷധമായി വർത്തിക്കുകയും ചെയ്ത നാടകം എന്ന രംഗകലയുടെ ശക്തി വിളിച്ചറിയിക്കുന്നതായി കെ.പി.എ.സിയുടെ ഈ പുതിയ നാടകം  നീലക്കുയിൽ.  ഓരോ  കാഴ്ചക്കാരനും  ഈ നാടകം അത്യന്തം  വൈകാരിക തീവ്രതയോടെ കനിവു നിറഞ്ഞ മനസ്സും  ഈറനണിഞ്ഞ കണ്ണുകളുമായി  കണ്ടിരിക്കുകയും നന്മയുടെ- മാനുഷിക മൂല്യങ്ങളുടെ  അംശങ്ങളെ സ്വമനസ്സുകളിലേയ്ക്ക് ആവാഹിച്ചുകൊണ്ടു  പോകുകയും ചെയ്യും. ഈ നാടകം ഉയർത്തിപ്പിടിയ്ക്കുന്ന മാനുഷിക മൂല്യങ്ങൾ സമൂഹത്തിന്റെ മുദ്രാവാക്യങ്ങളാക്കി മാറ്റാനുള്ള കരുത്ത് ഈ നാടകത്തിനും അതു നൽകുന്ന സന്ദേശത്തിനുമുണ്ട്. ദുരഭിമാനത്തിനും കപടസദാചാ‍ര ബോധത്തിനും നേർക്ക് മൂലകൃതി നിവർത്തിപ്പിടിക്കുന്ന കണ്ണാടി നാടകത്തിലും അതേപടി ആവിഷ്കരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

ഇന്നത്തെ കുട്ടികളെയും കൌമാരക്കാരെയും യുവതയെയുമൊക്കെ നീലക്കുയിൽ പോലുള്ള നാടകങ്ങൾ കാണിക്കുകതന്നെ വേണം. നന്മ തിന്മകളെ വേർതിരിച്ചറിയുവാനും മാനുഷിക മൂല്യങ്ങളെ അവരുടെ മനസ്സുകളിലേയ്ക്ക് സന്നിവേശിപ്പിക്കുവാനും നീലക്കുയിൽ പോലുള്ള നാടകങ്ങൾക്കു കഴിയും. എന്നാൽ നിർഭാഗ്യവശാൽ പുത്തൻ തലമുറ നാടകത്തോട് വേണ്ടത്ര ആഭിമുഖ്യം പുലർത്തുന്നില്ല. കാണികളിൽ ബഹുഭൂരിപക്ഷവും മദ്ധ്യവയസ്സ് പിന്നിട്ടവരായിരുന്നു. നാടകത്തോട് പുത്തൻ തലമുറയെ അടുപ്പിക്കുന്നത് നന്നായിരിക്കും. കാരണം ജനങ്ങളെ പ്രായഭേദമെന്യേ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ ഒരു കലാരൂപമാണ് നാടകം. ഇന്നത്തെ ഏറ്റവും വലിയ ജനകീയ മാധ്യമം സിനിമ തന്നെ. ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്ന മാധ്യമവുമാണ് സിനിമ. സിനിമ പ്രചാരം നേടുന്നതിനു മുമ്പ് ജനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്നത് നാടകമാണ്. ഇന്നും നാടകത്തിന് സിനിമയെക്കാൾ കൂടുതൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയും എന്ന് കരുതാനും ന്യായങ്ങളുണ്ട്. കാരണം ആസ്വാദകരായ ജനങ്ങളോട് സിനിമയെക്കാൾ ഏറെ അടുത്തു നിൽക്കുന്ന മാധ്യമമാണ് നാടകം. അവിടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് അഭിനേതാക്കൾ നേരിട്ട് ജനങ്ങൾക്ക് മുന്നിൽ നിന്നാണ്. അതുകൊണ്ടുതന്നെ നാടകത്തിന്റെ വൈകാരിക മുഹൂർത്തങ്ങൾ ജനങ്ങൾക്ക് പൂർണ്ണാർത്ഥത്തിൽ അനുഭവിക്കുവാൻ കഴിയും.

കച്ചവടതാല്പര്യം മാത്രം മുൻനിർത്തി ഇറക്കുന്ന തട്ടിക്കൂട്ട് നാടകങ്ങളിലും നന്മകളുടെ വിജയങ്ങൾ തന്നെയാകും ഘോഷിക്കുക. എങ്കിലും അവയിലൊക്കെ അറിഞ്ഞോ അറിയാതെയോ ധാരാളം പ്രതിലോമതകൾ കടന്നുകൂടിയിരിക്കും. ജനങ്ങൾക്ക് കൈമാറാൻ വലിയ സന്ദേശങ്ങളൊന്നും അവയ്ക്ക് ഉണ്ടാകില്ല. വെറും ഒരു നേരം പോക്ക്. എന്നാൽ പ്രൊഫഷണൽ സ്വഭാവത്തിലുള്ളവയാണെങ്കിലും എല്ലാ നാടകങ്ങളും അങ്ങനെയല്ല. ചിലതൊക്കെ നല്ല നിലവാരം പുലർത്തുന്നവയായിരിക്കും. സിനിമകളുടെയും  ടി.വി സീരിയലുകളുടെയും കുത്തൊഴുക്കിൽ നാടകത്തോട് പൊതു സമൂഹത്തിനുള്ള ആഭിമുഖ്യം കുറഞ്ഞു. ഇത് നമ്മുടെ സമൂഹത്തിന്റെ മൂല്യ ബോധത്തെയും രാഷ്ട്രീയ ബോധത്തെയുമൊക്കെ ദുർബ്ബലപ്പെടുത്തിയിട്ടുണ്ട്. കാരണം കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവുമായ മൂല്യ ബോധം വളർത്തുന്നതിൽ നാടകങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കുന്നതിൽ വരെ കെ.പി.എ.സി നാടകങ്ങൾ ചെലുത്തിയിട്ടുള്ള സ്വാധീനം കേരളത്തിന്റെ ചരിത്ര രേഖകളിൽത്തന്നെ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. നാടകങ്ങൾക്ക് ഇനിയും നമ്മുടെ സമൂഹത്തെ ഉടച്ചുവാർക്കാനാകും. അതിന് നാടകങ്ങളുടെ ഒരു വസന്തകാലം ഇവിടെ തിരിച്ചു വരണം. ഒരു പുതിയ നാടക സംസ്കാരം വളർത്തിക്കൊണ്ടു വരണം. നാടകാസ്വാദനത്തിൽ താല്പര്യമുള്ളവരായി നമ്മുടെ ജനങ്ങളെ പരുവപ്പെടുത്തണം.

നമ്മുടെ സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പല മൂല്യങ്ങളെയും തിരികെ കൊണ്ടു വരുവാൻ നാടകങ്ങൾക്ക് കഴിയും. സിനിമയ്ക്ക് കഴിയാത്തതുകൂടി നാടകത്തിനു കഴിയും. നാടകം ഒരേസമയം കലയും കലാപവുമാണ്. അന്നും ഇന്നും എന്നും. സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ശക്തമായ പ്രതികരണങ്ങളാണ് നാടകങ്ങൾ. ഓരോ നാടകവും ഓരോ സമരമാണ്, പോരാട്ടമാണ്. പലപ്പോഴും അത് കലാപമായും മാറുന്നു. കലയിലൂടെയുള്ള കലാപത്തിലൂടെ രക്തരഹിതമായ വിപ്ലവങ്ങളിലേയ്ക്ക് സമൂഹത്തെ ആനയിക്കാൻ കഴിയും. ഇനിയും നമ്മുടെ സമൂഹത്തിൽ പുതിയൊരു സാംസ്കാരിക വിപ്ലവം അനിവാര്യമാക്കുന്ന സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. നിരവധി പോരാട്ടങ്ങളിലൂടെ നാം നേടിയ സാമൂഹ്യ പരിഷ്കരണങ്ങളെ വൃഥാവിലാക്കും വിധം  സമൂഹം പിന്നോട്ടടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ അപകടങ്ങൾ തരണം ചെയ്യാൻ നാടകം പോലുള്ള ജനകീയ കലാ മധ്യമങ്ങളെ സമരായുധങ്ങളായി നാം വീണ്ടും ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഒരു ഉത്സവകാല വരുമാന മാർഗ്ഗമായും ഉത്സവപ്പറമ്പുകളിൽ നേരം പുലർത്താൻ വേണ്ടിയും ഉള്ള ഒരു ഉപാധി എന്ന നിലയിൽ പരിമിതപ്പെട്ടുപോയ നാടകകലയെ നമുക്ക് പഴയ പ്രതാപങ്ങളോടെ തിരിച്ചു പിടിച്ച് സാമൂഹ്യ നന്മയ്ക്ക് ഉപയോഗിക്കാൻ ഇനിയും വൈകരുത്. നാടകം മാത്രമല്ല, പല കലാരൂപങ്ങളെയും നാം പുനരുജ്ജീവിപ്പിയ്ക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ നന്മയ്ക്ക് സിനിമയ്ക്കും സീരിയലുകൾക്കും മാത്രമായി കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കാലം തെളിയിച്ചിരിക്കുന്നു. വെറും വിനോദോപാധികൾ എന്നതിലപ്പുറം കലയും സാഹിത്യവും എല്ലാം സമൂഹ്യ പുരോഗതിയ്ക്ക് പ്രേരക ശക്തികളായി ഇനിയും മാറണം.

Tuesday, January 28, 2014

ചലച്ചിത്രമേളകൾ ജനകീയവൽക്കരിക്കപ്പെടണം

ചലച്ചിത്രമേളകൾ ജനകീയവൽക്കരിക്കപ്പെടണം


(2013 ഡിസംബർ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ എഴുതിയ എഡിറ്റോറിയൽ)

പതിവുപോലെ കുറെ വിവാദങ്ങൾ ബാക്കിയാക്കി പതിനെട്ടാമത് അന്തർദ്ദേശീയ ചലച്ചിത്രമേളയ്ക്കും  തിരശ്ശീല വീണു. പതിനെട്ടു വർഷങ്ങളായി തുടർച്ചയായി തിരുവനന്തപുരത്ത് ഈ ആഘോഷം നടക്കുന്നു. സർക്കാരും സർക്കാരിന്റെ തന്നെ ഏജൻസിയായ ചലച്ചിത്രവികസന കോർപ്പറേഷനുമാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഇത്തരം മേളകൾ ആവശ്യവുമാണ്. അതിനു ഗുണപരമായി ചില ധർമ്മങ്ങൾ നിർവഹിക്കുവാനുമുണ്ട്. എന്നാൽ ഇതിന്റെ വിമർശനാത്മക വശങ്ങളും ചിന്തനീയമാണ്. സാധാരണ ചലച്ചിത്ര മേളകൾ എന്നു പറഞ്ഞാൽ അതൊരു ബുദ്ധിജീവി മഹോത്സവമായിട്ടാണ് കണക്കാക്കിവരുന്നത്. ബുദ്ധിജീവികളോ ബുദ്ധിജീവികൾ എന്നു നടിക്കുന്നവരോ ബുദ്ധിജീവിയാകാൻ ആഗ്രഹിക്കുന്നവരോ ഒക്കെയാണ് ഈ മേളയിലെ “മുഖ്യ ആകർഷണം.” എന്നാൽ സാധാരണക്കാരന് ഈ മേള കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. സാ‍ധാരണക്കാർ എന്നു പറഞ്ഞാൽ സിനിമാപ്രേമികളായ സാധാരണക്കാർ. ചലച്ചിത്രകലാസ്വാദകരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവരുടെ കണക്കെടുത്താലും സാധാരണക്കാർക്കാണ് ഭൂരിപക്ഷം. നിർഭാഗ്യവശാൽ ഈ മേള മേൽപ്പറഞ്ഞതുപോലുള്ള ചില  പ്രത്യേകവിഭാഗങ്ങൾക്കു വേണ്ടി മാത്രം ഉള്ളതാണെന്ന  ഒരു ധാരണയോ തെറ്റിദ്ധാരണയോ പരക്കെയുണ്ട്. 

സ്ഥിരമായി ചലച്ചിത്രോത്സവം ആഘോഷിക്കുവാൻ എത്തുന്നവരുണ്ട്. അവരിൽ പ്രവേശനപ്പാസ് എടുത്തുവരുന്നവരിൽത്തന്നെ   ചിലർമാത്രം  കഴിയുന്നത്ര സിനിമകൾ കാണും. അനുബന്ധപരിപാടികളിൽ സജീവമായി പങ്കുകൊള്ളും. ചിലരാകട്ടെ തിയേറ്ററുകൾ തോറും കറങ്ങി നടക്കും. പല സിനിമാ പ്രതിഭകൾക്കും ഒപ്പം നിന്ന്  ചിത്രങ്ങളെടുക്കും. പടമൊന്നും തിയേറ്ററിൽ കയറിയിരുന്ന് കാണില്ല. ഇനിയും ചിലർ മേളയോടനുബന്ധിച്ചുള്ള കള്ളുസഭകളിൽ മാത്രം പങ്കെടുത്ത് അവരവരുടെ  ബുജിസ്ഥാ‍നം അരക്കിട്ടുറപ്പിക്കും. ഏറ്റവും രസകരമായ വസ്തുത മേളയിലേയ്ക്ക് ഒഴുകുന്നവരിൽ നല്ലൊരു പങ്ക് പ്രവേശന പാസ് പോലും എടുക്കാത്തവരാണ് എന്നുള്ളതാണ്. പാസ് എടുക്കേണ്ടത് എങ്ങനെയെന്നുതന്നെ ചിലർക്കറിയില്ല. എങ്കിലും അവർ മേളയ്ക്കെത്തിയിരിക്കും. തിയേറ്ററുകൾക്കു പുറത്ത് ബുജിസഭകൾ കൂടി അവർ വലിയ വലിയ ബൌദ്ധിക ചർച്ചകളിൽ ഏർപ്പെടും. മേളയെ കൊഴുപ്പിക്കുന്ന ഘടകങ്ങൾ തന്നെയാണിവയൊക്കെയും എന്ന കാര്യത്തിൽ സംശയമില്ല. എല്ലാം കൂടി ചേർത്തു നോക്കുമ്പോൾ ചലച്ചിത്രമേള ഒരു കൌതുകോത്സവം തന്നെ. പക്ഷെ സമൂഹത്തിൽ മേൽ സൂചിപ്പിച്ചതു മാതിരിയുള്ള ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് ചലച്ചിത്ര മേളയുടെ ഗുണഭോക്താക്കൾ. 

സിനിമ ഇഷ്ടപ്പെടാത്തവർ വിരളമാണ്. ലക്ഷോപലക്ഷം  സിനിമാസ്വാദകർ  ഇവിടെയുണ്ട്. എന്നാൽ മേളയ്ക്കെത്തുന്നത് ഏതാനും  ആയിരങ്ങൾ മാത്രമാണ്. പല സിനിമാ പ്രേമികൾക്കും ഇങ്ങനെയൊരു മേളയെക്കുറിച്ചോ അതിൽ പങ്കെടുക്കാൻ പാസ് നേടേണ്ട വിധമോ ഒന്നുമറിയില്ല. പറഞ്ഞുവയ്ക്കുന്നത് ഈ മേള വേണ്ടത്ര  ജനകീയമല്ല എന്നുതന്നെ. ടിക്കറ്റെടുക്കേണ്ടത് ഓൺലൈൻ വഴിയോ ബാങ്ക് വഴി നേരിട്ടോ ആണ്. അപ്പോൾ തന്നെ സാധാരണക്കാരിൽ നല്ലൊരു വിഭാഗം ഇതിൽ നിന്ന് ഒഴിവാകും. നേരിട്ട് തിയേറ്ററുകളിൽ ചെന്ന് ടിക്കറ്റെടുത്ത് കയറാനാകില്ല. ഒരേ സമയം പല തിയേറ്ററുകളിൽ പല സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പാസെടുത്ത് പോകുന്നവർക്കുതന്നെ മേളയിൽ വരുന്ന എല്ലാ  ചിത്രങ്ങളും കാണാനാകില്ല. ഇഷ്ടപ്പെട്ടവയിൽത്തന്നെ ചിലത് ഒഴിവാക്കി ചിലതു മാത്രം കാണുകയേ നിവൃത്തിയുള്ളു. മുൻകൂട്ടി പാസ് എടുക്കാതെ അപ്പപ്പോൾ ഇഷ്ടപ്പെടുന ചിത്രങ്ങൾ മാത്രം അതതു തിയേറ്ററുകളിൽനിന്ന് അതതു സമയങ്ങളിൽ ടിക്കറ്റെടുത്ത് കാണുവാൻ കഴിയുകയുമില്ല. അത്തരത്തിലായാൽ മേളയുടെ ലക്ഷ്യം പിഴയ്ക്കുമെന്ന് പറയുമായിരിക്കും. അത് ശരിയാണ്. പക്ഷെ സാധാരണക്കാരുടെ താല്പര്യങ്ങളേയും   സമയത്തിന്റെ ലഭ്യതയേയും മുൻനിർത്തി ആ ഒരു പോരായ്മ ചൂണ്ടിക്കാണിയ്ക്കുമ്പോൾ ആ വിമർശനത്തേയും അവഗണിയ്ക്കാനാകില്ല. 

ഇനി മേളയിലെത്തുന്ന സിനിമകളുടെ കാര്യമെടുത്താൽ ഈ വർഷത്തെ സംഘാടകരിൽ ചിലർ തന്നെ അതേപ്പറ്റി വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളതാണ്. മുൻവർഷങ്ങളെപ്പോലെ നിലവാരമുള്ള സിനിമകൾ ഇത്തവണ ഉണ്ടായില്ല എന്നതാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. ഇപ്പോൾ ഇത് കച്ചവടപക്ഷ സിനിമക്കാരുടെ ഒരു മേളയായി മാറിപ്പോയി എന്നും ആക്ഷേപമുണ്ട്. സിനിമ ഇന്നൊരു വ്യവസായമാണ്. ഒരു വിനോദോപാധി എന്ന നിലയ്ക്ക് സിനിമയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ചലച്ചിത്രമേള വെറും വ്യാപാര സിനിമകൾ പ്രദർശിപ്പിക്കാനോ പ്രചരിപ്പിക്കാനോ ഉള്ള വേദിയായി ചുരുങ്ങിക്കൂട. സിനിമ ഒരു സാഹിത്യ ശാഖ കൂടിയാണ്. ഒരു സാഹിത്യശില്പം എന്ന നിലയ്ക്ക് ബൌദ്ധികമൂല്യവും  കലാമൂല്യവുമുള്ള നല്ല സിനിമകൾക്ക് മുന്തിയ മുൻ‌ഗണന നൽകണം. അത്തരം സിനിമകളെ സ്നേഹിക്കുന്നവർ ധാരാളമുണ്ട്. അവരിലും നല്ലൊരു പങ്ക് സാധാരണക്കാരാണ്. അങ്ങനെ നോക്കുമ്പോൾ ഇത്തവണ മേളയ്ക്കെത്തിയ പല ചിത്രങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു എന്ന വിമർശനം ഉണ്ട്. ഇക്കാര്യത്തിൽ ഇനി വരുന്ന മേളകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. 

കുറെ സിനിമകൾ പ്രദർശിപ്പിക്കുക എന്നതിലപ്പുറം ഗൌരവമേറിയ സിനിമാചിന്തകൾക്കും ചർച്ചകൾക്കും ഉതകുന്ന അന്തർദ്ദേശീയ നിലവാരമുള്ള സെമിനാറുകളും മറ്റും മേളയുടെ ഭാഗമാക്കണം. മുമ്പത്തെപ്പോലെ ഓപ്പൺ ഫോറം പോലും ഇപ്പോൾ നടന്നില്ല എന്ന വിമർശനം ഉണ്ട്. തിയേറ്ററുകൾക്ക് പുറത്തും സ്വതന്ത്രമായി നല്ല ചിത്രങ്ങൾ പ്രദർശിപ്പിച്ച് കൂടുതൽ ജനപങ്കാളിത്തമുള്ള ഒരു പരിപാടിയാക്കി മേള മാറ്റിയെടുക്കണം. നല്ല സിനിമകളെക്കുറിച്ചുള്ള സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ മേളയ്ക്ക് കഴിയണം. പണം മുടക്കി മേളയിലെ ചിത്രങ്ങൾ കാണാൻ കഴിയാത്തവരും  താല്പര്യപ്പെടാത്തവരും ഉണ്ടാകും. എന്നാൽ അവരിൽ നല്ല ചലച്ചിത്രാസ്വാദകർ ഉണ്ടാകും. അവർക്കുവേണ്ടി തിയേറ്ററിനു പുറത്ത് സമാന്തരമായി പ്രദർശനങ്ങൾ സംഘടിപ്പിക്കണം. നവാഗതർക്കും മറ്റും തങ്ങളുടെ സിനിമാശില്പങ്ങൾ ജനമധ്യത്ത് സാക്ഷാൽക്കരിക്കുവാൻ അവസരമൊരുക്കണം. സ്വാധീനമുള്ള കുറച്ചാളുകളുടെ സിനിമകൾക്ക് പ്രചാരവും അംഗീകാരവും നൽകാൻ വേണ്ടി മാത്രം സർക്കാരിന്റെ പണം മുടക്കി മേള നടത്തുന്നത് ശരിയല്ലെന്ന് വിമർശിക്കുന്നവരെയും കുറ്റം പറയാനാകില്ല. 

ചലച്ചിത്ര മേളയെന്നാൽ തിയേറ്ററിനകത്ത് അടച്ചു പൂട്ടിയിരുന്ന് ആരാലൊക്കെയോ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും ചിത്രങ്ങൾ കാണുവാനുള്ള ഒന്നു മാത്രമാകരുത്. ലോകോത്തര നിലവാരമുള്ള കൂടുതൽ ചിത്രങ്ങൾ തിയേറ്ററിനകത്തും പുറത്തുമായി പ്രദർശിപ്പിക്കപ്പെടണം. ഒപ്പം നമ്മുടെ നാട്ടിലെ നവാഗതരും മറ്റുമായ ചലച്ചിത്ര പ്രതിഭകളുടെ ചെറുതും വലുതുമായ ചലച്ചിത്ര സൃഷ്ടികൾ തെരുവോരത്തെങ്കിലും പ്രദർശിപ്പിക്കുവാനുള്ള അവസരം മേളയുടെ ഭാഗമായി ഉണ്ടാകണം. ചുരുക്കത്തിൽ ചലച്ചിത്ര മേളയെന്നാൽ നഗരത്തിന്റെ മുക്കിലും മൂലയിലും വെള്ളിത്തിരകൾ സ്ഥാപിച്ച് അക്ഷരാർത്ഥത്തിൽ  ചലച്ചിത്രപ്രദർശനങ്ങളുടെയും ചലച്ചിത്ര സംബന്ധിയായ അനുബന്ധ പരിപാടികളുടെയും ഒരു ജനകീയ ഉത്സവമായി മാറണം. ചലച്ചിത്രമേളകൾ മാധ്യമങ്ങളിലെ മാത്രം ഉത്സവമായാൽ പോരാ. ജനങ്ങൾക്ക് അത് നേരിട്ട് അനുഭവിക്കാനാകണം. സാധാരണ ജനങ്ങളെക്കൂടി ആകർഷിച്ച് ജനങ്ങൾക്കിടയിൽ നല്ലൊരു ചലച്ചിത്ര സംസ്കാരം വളർത്തിയെടുക്കാൻ മേളകൾക്കു സാധിക്കണം. അതിന് ചലച്ചിത്രമേളകളും സാധാരണ ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കണം. ചലച്ചിത്രമേളകൾ കൂടുതൽ ജനകീയവൽക്കരിക്കപ്പെടണം. 

Monday, November 25, 2013

മലയാളത്തിന്റെ കാര്യം എന്തൊക്കെയായി?

ഈ പോസ്റ്റ് വായിക്കുന്നതിനു മുമ്പോ ശേഷമോ ഇതുസംബന്ധിച്ച് ഈയുള്ളവനവർകൾ മുമ്പെഴുതിയ ഒരു ലേഖനം  കൂടി താല്പര്യമുണ്ടെങ്കിൽ വായിക്കാം. അതിന്റെ ലിങ്ക് ഇതാണ്:


മലയാളത്തിന്റെ കാര്യം എന്തൊക്കെയായി?

മലയാളഭാഷാസ്നേഹികളെ ഏറെ സന്തോഷിപ്പിച്ച രണ്ടുകാര്യങ്ങൾ അടുത്തകാലത്ത് സംഭവിച്ചു. ഒന്ന് മലയാളസർവ്വകലാശാലയുടെ രൂപീകരണം. മറ്റൊന്ന്  മലയാളത്തിന്  ശ്രേഷ്ഠഭാഷാപദവി ലഭിച്ചത്. മലയാള സർവകലാശാല പ്രവർത്തനമാരംഭിക്കുന്നതോടെ ഭാഷയ്ക്ക് ഏറെ ഗുണങ്ങൾ സ്വാഭാവികമായും  പ്രതീക്ഷിക്കാവുന്നതുതന്നെ. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചാലുള്ള നേട്ടങ്ങളെപ്പറ്റിയും ഏറെ വായിച്ചറിഞ്ഞിരുന്നു. ഇവ രണ്ടിന്റെയും ഫലങ്ങൾ വല്ലതും കണ്ടുതുടങ്ങിയോ? അതേപറ്റി പൊതുജനങ്ങൾക്ക് കൂടുതൽ വിവരങ്ങളൊന്നും പിന്നീട് ലഭിച്ചുകാണുന്നില്ല. അറിയാനുള്ള ആഗ്രഹം പൊതുജനങ്ങൾക്ക്,  പ്രത്യേകിച്ച് ഭാഷാസ്നേഹികൾക്ക് ഉണ്ടാകും. കാര്യങ്ങൾ യഥാസമയം അറിയാൻ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്നത് വാർത്താമാധ്യമങ്ങളെയാണ്. മലയാളസർവ്വകലാശാല രൂപീകരിച്ച് അതിന് കൊള്ളാവുന്ന ഒരു വൈസ് ചാൻസലറെയും നിയമിച്ചു. ആവശ്യത്തിനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടാകും  എന്നു കരുതാം. എന്നിട്ടിപ്പോൾ എന്തൊക്കെയായി? മലയാളത്തിന്റെ വളർച്ചയ്ക്കും വികാസനത്തിനും ഉതകുന്ന വല്ല പരിപാടിയും ആലോചിച്ചോ? തീരുമനിച്ചോ? നടപ്പിലാക്കിയോ? എന്തെല്ല്ലാം കോഴ്സുകൾ ഇതിനകം അരംഭിച്ചു? എന്തൊക്കെ ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു? എന്തുണ്ട് മലയാള സർവ്വകലാശാലാവിശേഷങ്ങൾ? ബാലാരിഷ്ടതകൾ ഉണ്ടാകും. എങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങാനുള്ള സമയം ഇതിനകം ആയിക്കഴിഞ്ഞല്ലോ. അപ്പോൾ ജനങ്ങൾക്ക് അതേപ്പറ്റി തിരക്കിത്തുടങ്ങാമല്ലോ. അതുപോലെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചാൽ ഉണ്ടാകുന്ന വല്ല നേട്ടവും കൈവന്നു തുടങ്ങിയോ? വാർത്തകളില്ലൊന്നും ഇപ്പോൾ മലയാളസർവ്വകലശാലയോ ശ്രേഷ്ഠഭാഷാ പദവിയോ സംബന്ധിച്ച കാര്യങ്ങൾ ഒന്നുംതന്നെ കാണുന്നില്ല. അതേപറ്റിയെല്ലാം അറിയാനുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് ഭാഷാസ്നേഹികളുടെ കൌതുകം അദ്യംതന്നെ പങ്കുവയ്ക്കുകയാണ് ഈ കുറിപ്പിൽ.

ഒരു മലയാള സർവ്വകലാശാല രൂപീകരിച്ചതുകൊണ്ടോ മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതുകൊണ്ടോ മാത്രം നമ്മുടെ ഈ ഭാഷ രക്ഷപ്പെട്ടുകൊള്ളും എന്നൊരു മിഥ്യാധാരണ ആർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഭാഷയെ സംരക്ഷിക്കുവാൻ സ്വീകരിക്കാവുന്ന നിരവധി നടപടികളിൽ സർകലാശാലാരൂപീകരണവും ശ്രേഷ്ഠഭാഷാപദവി നേടിയെടുക്കലുമൊക്കെ ഉൾപ്പെടുമെന്നുമാത്രം.  ആ വഴിയും ഏറെ നേട്ടങ്ങൾ ഉണ്ടാക്കാം. ഭരണതലത്തിലും സാമൂഹ്യതലത്തിലും മറ്റും  പല ഇടപെടലുകളും ഉണ്ടെങ്കിൽ മാത്രമേ ഒരു ഭാഷയ്ക്ക് നിലനിൽക്കാനാകൂ. വളരാനും വികസിക്കാനും ആകൂ. ഒക്കെയുണ്ടെങ്കിലും ഒരു ഭാഷ എഴുതാനും വായിക്കുവാനും തല്പരരായ  ഒരു ജനസമൂഹവുമുണ്ടാകണം. ഒരു ഭാഷ ഒരു ജനസമൂഹത്തിന് ആവശ്യമയിരിക്കുകയും വേണം. ഇവിടെ മലയാളഭാഷ ആവശ്യമില്ലെന്നും ഇംഗ്ലീഷ് മതിയെന്നുമുള്ള  മനോഭാവക്കാരുടെ എണ്ണം കൂടിവരുന്നുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും പല കാര്യങ്ങളിലും ജനങ്ങൾക്കുമേൽ നിയമസംവിധാനങ്ങളും  ഭരണകൂടവും  പല നിബന്ധനകളും ഏർപ്പെടുത്തപ്പെടുന്നുണ്ട്. അതുപോലെ മാതൃഭാഷയും പലകാര്യത്തിലും ഒരു നിബന്ധനയാകണം. ഉദാഹരണത്തിന് പി.എസ്.സി ജോലികൾ ലഭിക്കാൻ മലയാളഭാഷ നിർബന്ധമാക്കുന്ന നിബന്ധന ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതുപോലെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിന്  ആർജ്ജവമുണ്ടാകണം.

മറുനാട്ടിലുള്ള മലയാളികൾ ഇതരഭാഷകൾ മാധ്യമമായിട്ടുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ പ്രത്യേകമായിത്തന്നെ മലയളം പഠിപ്പിക്കുവാൻ സൌകര്യം ചെയ്യാറുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളിസമാജങ്ങൾ പോലുള്ള സംഘടനകൾ  ഇക്കാര്യങ്ങളിൽ നേതൃത്വം വഹിക്കാറുണ്ട്. അതുപോലെ മക്കളുടെ  പഠനമാധ്യമം ഏതായാലും വീട്ടിൽ നിർബന്ധമായും മലയാളം സംസാരിക്കണമെന്ന് മറുനാടൻ മലയാളി രക്ഷകർത്താക്കളിൽ ചിലരെങ്കിലും നിബന്ധന വയ്ക്കാറുണ്ട്. അതുകൊണ്ടണ് മറ്റ് സംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ പ്രവാസത്തിൽ കഴിയുന്നവരുടെ മക്കൾ നന്നായി മലയാളം സംസാരിക്കുകയും എഴുതുകയും മറ്റും ചെയ്യുന്നത്. മറുനാടൻസ്കൂളുകളിൽ മിക്കതിലും മലയാളം പഠിപ്പിക്കുന്നില്ലെങ്കിലും അവിടങ്ങളിൽ പഠിച്ചുവളരുന്ന കുട്ടികൾ മലയളത്തിൽ സാഹിത്യസൃഷ്ടികൾ പോലും രചിക്കുന്നത് അത്തരം ഇടപെടലുകൾ ഉള്ളതുകൊണ്ടാണ്. അല്ലാതെ മറുനാട്ടിൽ അവരുടേതല്ലാത്ത ഒരു ഭാഷ നിർബന്ധമായും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാനാകില്ലല്ലോ. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്ത് മലയാളം സംസാരിക്കാൻ അനുവദിക്കാത്ത, മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനിഷ്ടപ്പെടാത്ത സ്കൂളുകൾക്കുപോലും അംഗീകാരം ലഭിച്ചെന്നുവരും!

കേരളത്തിൽ ചില പൊങ്ങച്ചകുടുംബങ്ങളിൽ കുട്ടികളെ കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന രക്ഷകർത്താക്കളെ നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻ പുറങ്ങളിൽപോലും കാണാം. ഭാവിയിൽ ഇംഗ്ലീഷ് പഠിക്കാൻ പ്രയാസം തോന്നാതിരിക്കാനാണ് ഈ മുറി ഇംഗ്ലീഷ് പരിശീലനം. അല്ലാതെ ഭാവിയിൽ മലയാളം എഴുതാനും പറയാനും കഴിയാതെ പോകുന്നതിലല്ല, അവരുടെ ഉൽക്കണ്ഠ!  മലയാളം നിലനിൽക്കണമോ വേണ്ടയോ  എന്നു തീരുമാനിക്കേണ്ടത് മലയാളികളാണ്. അവർ വേണ്ടെന്നു വച്ചാൽ എത്ര മലയാള സർവ്വകലാശാലകൾ വന്നാലും എത്ര ശ്രേഷ്ഠഭാഷാ പദവികൾ ലഭിച്ചാലും മലയാളം നിലനിൽക്കില്ല. മലയാള സർവ്വകലശലാരൂപീകരണം,  ശ്രേഷ്ഠഭാഷാലഭ്യത, പി.എസ്.സി നിയമനങ്ങൾക്ക് മലയാളപഠനം നിർബന്ധമാക്കുന്നത് തുടങ്ങിയവയെല്ലാം ഭാഷയുടെ കാര്യത്തിൽ ഭരണകൂട ഇടപെടലുകൾക്കുദാഹരണങ്ങളാണ്. അതാകട്ടെ ഭാഷാസ്നേഹികളുടെ ഇടപെടലുകളുടെയും സമ്മർദ്ദങ്ങളുടെയും ഫലവുമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രതിജ്ഞാബദ്ധരും ജാഗരൂകരുമാകേണ്ടത്  ഭാഷാ സ്നേഹികളും സർക്കാരുമാണ്. മലയാളസർവകലശാലയുടെ സാന്നിദ്ധ്യം,  ശ്രേഷ്ഠഭാഷ എന്നതിലുള്ള  അഭിമാനം എന്നതിലപ്പുറം നമ്മുടെ ഭാഷയെ സംരക്ഷിക്കുവാനും  വികസിപ്പിക്കുവാനും ഭാഷാ സ്നേഹികളും ഭരണകൂടവും മേലിലും ശ്രദ്ധാലുക്കളായിരിക്കണം എന്ന് ഓർമ്മപ്പെടുത്തുവാൻകൂടിയാണ് ഈ കുറിപ്പ്.

(ഈ ലേഖനം ഇതിനു മുമ്പ് തരംഗിണിയി ഓൺലെയിൻ മാ‍ഗസിനിലും  പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്)

ഇനി ഇതുസംബന്ധിച്ച് ഈയുള്ളവനവർകൾ മുമ്പെഴുതിയ ഒരു ലേഖനം  കൂടി താല്പര്യമുണ്ടെങ്കിൽ വായിക്കാം. അതിന്റെ ലിങ്ക് ഇതാണ്:

Monday, September 16, 2013

അ- എഴുത്തും ഇ-എഴുത്തും

 അ- എഴുത്തും ഇ-എഴുത്തും

ഓൺലെയിൻ സാഹിത്യം തഴച്ചുവളരുന്ന ഈ കാലത്ത് വായന മരിക്കുന്നു എന്ന വിലാപം അർത്ഥശൂന്യമാണ്. ഒരു കാലത്തും എല്ലാവരും എഴുത്തുകാരും എല്ലാവരും വായനക്കാരുമായിരുന്നിട്ടില്ല. ഇപ്പോഴും അതെ! സമൂഹത്തിൽ ഒരു ചെറുന്യൂനപക്ഷം മാത്രമാണ് ഏതു കാലത്തും എഴുത്തിന്റെയും വായനയുടെയും ലോകത്തേയ്ക്ക് കടന്നുവന്നിട്ടുള്ളത്. കാലങ്ങളെ താരമ്യം ചെയ്യുമ്പോൾ ഇക്കാലത്ത്   മുൻ കാലങ്ങളെ അപേക്ഷിച്ച് എഴുത്തുകാരുടെയും വായനക്കരുടെയും ലോകം വിപുലീകരിക്കപ്പെടുകയാണ്. വായനശാലയിൽനിന്നോ പുസ്തകക്കമ്പോളത്തിൽനിന്ന് വിലകൊടുത്തോ   പുസ്തകം വാങ്ങി വായിക്കുന്നതു മാത്രമാണ് വായനയെന്ന് കണക്കു കൂട്ടുന്നത് പുതിയ കാലത്ത് ഭൂഷണമല്ല. എഴുത്തെന്നാൽ അച്ചടിക്കുന്ന സൃഷ്ടികൾ മാത്രമാണ് എന്ന ധാരണയും ശരിയല്ല.   ഇ-വായനയും വായനയുടെ ഭാഗമാണ്. ഇ- എഴുത്തും എഴുത്തിന്റെ ഭാഗമാണ്. അ-എഴുത്തും ഇ-എഴുത്തും ഭാഷയ്ക്കും സാഹിത്യത്തിനും ഒരുപോലെ മുതൽക്കൂട്ടാണ്. ഭാഷയെ കൊല്ലാൻ ചിലരുണ്ടെങ്കിലും ഇനി മലയാള ഭാഷയും സാഹിത്യവും മരിക്കുമെന്നൊരു ഭയാശങ്ക നമുക്ക് മാറ്റിവയ്ക്കാം.   എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്താൽ ഒരു ഭാഷയ്ക്ക് മരണമില്ല.  ഇ-എഴുത്തിന്റെയും ഇ-വായനയുടെയും  സജീവത നമ്മുടെ ഭാഷയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അതിർ വരമ്പുകൾ ഓൺലെയിൻ സാഹിത്യം വഴി ഇല്ലാതാകുകയാണ്. വായനക്കാർ ബഹുഭൂരിപക്ഷവും എഴുത്തുകാർ കൂടിയാകുന്ന വിസ്മയങ്ങൾക്ക് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സർഗ്ഗസംവാദം ഒരു പുതിയ സാഹിതീയസംസ്കാരത്തിന് വിധേയമാകുകയാണ്. ഓൺലെയിൻ മാധ്യമങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്.

ആർ എന്തൊക്കെ  പറഞ്ഞാലും വന്നുകൊണ്ടിരിക്കുന്നത് ഒരു ഓൺലെയിൻ യുഗമാണ്. എഴുത്തും വായനയും ഇനി ഓൺലെയിനിൽ ആയിരിക്കും. ചിത്രങ്ങളും ചലച്ചിത്രങ്ങളും ഇനി ഏറ്റവും കൂടുതൽ വീക്ഷിക്കപ്പെടുവാൻ പോകുന്നത് ഓൺലെയിനിൽ ആയിരിക്കും. ഓൺലെയിനിൽ ലഭ്യമാകുന്നത് ഡൌൺലോഡ്  ചെയ്ത് തങ്ങളുടെ കമ്പ്യൂട്ടർ ഡ്രൈവുകളിലാക്കി സമയവും സൌകര്യവും പോലെ ഉപയോഗിക്കുവാനുള്ള ഓപ്ഷൻ കൂടിയുള്ളതിനാൽ ഓൺലെയിൻ മാധ്യമങ്ങളുടെ പ്രസക്തി പിന്നെയും വർദ്ധിക്കുന്നു. പുസ്തകം, പത്രം, മാസിക ഇതെല്ലാം ഇനി വായിക്കപ്പെടാൻ പോകുന്നത് ഓൺലെയിനിൽ നിന്നായിരിക്കും. ലോകത്തെ പ്രശസ്തമായ പല പത്രങ്ങളും മാസികകളും അവയുടെ അച്ചടി മതിയാക്കി ഓൺലെയിൻ വെർഷനുകൾ മാത്രമാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് വാർത്തകൾ. ഇന്നോ നളെയോ അച്ചടി മാധ്യമങ്ങളെ മൊത്തമായും ഓൺലെയിൻ മാധ്യമങ്ങൾ വിഴുങ്ങിക്കളയും എന്നല്ല; പക്ഷെ അച്ചടി മാധ്യമങ്ങളെക്കൾ ശക്തിയും പ്രാധാന്യവും ഓൺലെയിൻ മാധ്യമങ്ങൾക്ക് കൈവരും എന്ന കാര്യത്തിൽ സംശയിക്കാനില്ല. പുതുതലമുറയുടെ എഴുത്തും വായനയും മറ്റ് ബൌദ്ധികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങളുമെല്ലാം കമ്പെട്ടിബന്ധിതമയിരിക്കും. കമ്പെട്ടിയും ഇന്റർനെറ്റുമില്ലാത്ത ഒരു ലോക്കം ഇനിയുള്ള കാലത്ത് ചിന്തിക്കാൻ കൂടി കഴിയില്ല.

മൊബെയിൽ ഫോണുകൾ വഴി അനായാസം ഇന്റെർനെറ്റ് സൌകര്യം ലഭ്യമാകുന്നതിനാൽ പുതുതലമുറ സദാസമയവും ഓൺലെയിനിൽ ആയിരിക്കും. എഴുത്തിന്റെയും വായനയുടെയും ചിത്രം വരയുടെയും ലോകം ഇനിയാർക്കും കുത്തകയാക്കി വയ്ക്കാനാകില്ല.  ചലച്ചിത്രാവിഷ്കാരവും  ഒരു “വരേണ്യവർഗ്ഗത്തിനും” തങ്ങളുടെ അഹങ്കാരമായി കൊണ്ടു നടക്കാനാകില്ല. പത്രപ്രവർത്തനത്തിന്റെ കാര്യം  പറയാനുമില്ല. ഇന്ന് എല്ലാവരും ജേർണലിസ്റ്റുകൾ ആണ്. ഓൺലെയിൻ മാധ്യമങ്ങളിലൂടെ സിറ്റിസൺ ജേർണ്ണലിസം അരങ്ങുവാഴുന്ന കാലം സംജാതമായിക്കഴിഞ്ഞു. പരമ്പരാഗത അച്ചടി-ദൃശ്യമാധ്യമങ്ങളിൽ വരുന്നതിനേക്കാൾ വേഗത്തിൽ ഇന്ന് വാർത്തകൾ ഓൺലെയിൻ മാധ്യമങ്ങളിലൂടെ ലോകമറിയുന്നു. ഒരേസമയം ഫോണും കമ്പ്യൂട്ടറും ക്യാമറയും  കൊണ്ടു നടക്കുന്നവരാണ് ഇന്ന് ഓരോ പൌരൻ‌മാരും. എല്ലാവരും സദാജേർണ്ണലിസ്റ്റുകൾ എന്നർത്ഥം. എല്ലാവർക്കും സ്വയം എഴുത്തുകാരും പ്രശസ്തരും ആകാം.  ജനാധിപത്യത്തെയും പൌരാവകാശങ്ങളെയും അരക്കിട്ടുറപ്പിക്കുവാൻ ഓൺലെയിൻ മീഡിയകൾക്ക് കഴിയും. ജനാഭിപ്രായ രൂപീകരണത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് ഇനി ഓൺലെയിൻ മീഡിയകൾ ആയിരിക്കും. സാക്ഷരതയെന്നാൽ  കമ്പ്യൂട്ടർസാക്ഷരത എന്നായിരിക്കും ഭാവിയിൽ അർത്ഥമാക്കുക. ഇനിയുള്ള കാലം നിരക്ഷരർ എന്നു പറഞ്ഞാൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചിട്ടില്ലാത്തവർ എന്നാകും അർത്ഥമാക്കുക. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമാണല്ലോ. അത് നേടാൻ നമ്മൾ സമ്പൂർണ്ണസാക്ഷരതാ പ്രവർത്തനം നടത്തിയതു പോലെ ഇനി കമ്പ്യൂട്ടർസാക്ഷരതാ പ്രവർത്തനം നടത്തേണ്ടിയിരിക്കുന്നു.

കമ്പ്യൂട്ടർ യുഗം ഇവ്വിധം പുരോഗമിക്കുമ്പോഴും നമ്മുടെ ചില പരമ്പരാഗത “അച്ചടിപ്രതിഭകൾക്ക്” ഓൺലെയിൻ സഹിത്യത്തെ ഉൾക്കൊള്ളാനാകുന്നില്ല. ഓലെയിൻ സാഹിത്യം “സർവ്വവിജ്ഞാനകോശമായ” ഒരു  എഡിറ്ററുടെ കത്രികയ്ക്ക് വിധേയമാകാത്തതിനാൽ അവയ്ക്ക് നിലവാരം പോരെന്നത്രേ  വാദം. സത്യത്തിൽ അച്ചടി മാധ്യമമായാലും അവിടെയെത്തുന്ന രചനകൾ എല്ലാം എഡിറ്റ് ചെയ്യപ്പെടുന്നു എന്നതുതന്നെ തെറ്റിദ്ധാരണയാണ്. എഡിറ്റിംഗ് ആവശ്യമുള്ളവ മാത്രമാണ് എഡിറ്റ് ചെയ്യപ്പെടുക. കുറ്റങ്ങളും കുറവുകളും ഒട്ടുമില്ലാത്ത സൃഷ്ടികൾ എഡിറ്റ് ചെയ്യപ്പെടുന്നില്ല. അതിന്റെ കാര്യമില്ല. എന്നാൽ അച്ചടി മുതലാളിമാരുടെയും അവരുടെ കൂലിക്കാരായ “എഡിറ്റർമഹാരഥന്മാരുടെയും” വേണ്ടപ്പെട്ടവരുടെ സൃഷ്ടികൾ എത്ര നിലവാരമില്ലാത്തവയാണെങ്കിലും അവ വെളിച്ചപ്പെട്ട് അതിന്റെ സൃഷ്ടാക്കൾ മഹാസാഹിത്യകാരൻ‌മാരായി വാഴ്ത്തപ്പെടുന്നുമുണ്ട്. അത്തരം ആളുകളുടെ സൃഷ്ടികൾ പലതും  എഡിറ്ററാൽ പാടേ മാറ്റിയെഴുതപ്പെട്ട് എഴുത്തുകാരനെത്തന്നെ ഞെട്ടിച്ചാകും പലപ്പോഴും പ്രസിദ്ധീകരിക്കപ്പെടുക.  പല മഹാസാഹിത്യകാരൻ‌മാരുടെയും സൃഷ്ടികൾ അവരുടെ പേരുകളിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കിലും  ജ്ഞാതരും അജ്ഞാതരുമായ എഡിറ്റർപുംഗവൻ‌മാരുടെ  സ്വന്തം രചനകളായി അടിമുടി  രൂപാന്തരീകരണം സംഭവിച്ചവയാണെന്നത് എഴുത്തുകാരനും എഡിറ്റർക്കും മാത്രം അറിയാവുന്ന രഹസ്യമാണ്.  ഈ സത്യങ്ങൾ നില നിൽക്കുമ്പോഴാണ് ഓൺലെയിൻ സാഹിത്യത്തിന്റെ നിലവാരമില്ലായ്മയെ പറ്റി ചിലർ വാചാലരാകുന്നത്.

യഥാർത്ഥത്തിൽ നിലവാരമുള്ളതും ഇല്ലാത്തതും അച്ചടി മാധ്യമങ്ങളിലും വരും. അതുപോലെ ഓൺലെയിൻ സാഹിത്യത്തിലും നിലവാരമുള്ളവയും ഇല്ലാത്തവയും വരും. ഒരു എഡിറ്റർക്കും കത്രിക്കുവാൻ തോന്നാത്ത, അഥവാ അതിന്റെ ആവശ്യമില്ലാത്തത്ര നിലവാരമുള്ള രചനകൾ ബ്ലോഗുകളിലൂടെയും ഫെയിസ് ബൂക്കിലൂടെയും ഓൺലെയിൻ മാഗസിനുകളിലൂടെയും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എഴുതിയ പ്രതലം ഓൺലെയിനിൽ ആയതുകൊണ്ട് അവയ്ക്കൊന്നിനും നിലവാരമില്ലെന്ന ആക്ഷേപം ഒരിക്കലും മൌസ് വഴങ്ങാത്തവരുടെ അഥവാ കമ്പ്യുട്ടറും കീബോർഡും മൌസുമൊക്കെ കണ്ടാൽ തലകറങ്ങുന്ന മന്ദബുദ്ധിസാഹിത്യപ്രഭൃതികളുടെ അസൂയയിൽ നിന്നും ഉണ്ടാകുന്നതാണ്. എഡിറ്റ് ചെയ്യപ്പെട്ടും പ്രതിഫലം ലഭിച്ചും പ്രസിദ്ധീകരിക്കപ്പെടുന്നവ മാത്രമാണ് ഉദാത്തം എന്ന ധാരണ തിരുത്തപ്പെടണമെങ്കിൽ അനുനിമിഷം ബ്ലോഗുകളിലൂടെയും ഓൺലെയിൻ മാസികകളിലൂടെയും വെളിച്ചപ്പെടുന്ന സൃഷ്ടികൾ മുൻ‌വിധിയില്ലാതെ വായിക്കുകതന്നെ വേണം. സർക്കാർ അവർഡുകൾക്കും മറ്റും മേലിൽ ഓൺലെയിൻ സാഹിത്യത്തെ അവഗണിച്ച്  അച്ചടിസാഹിത്യത്തെ മാത്രം പരിഗണിയ്ക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടതാണ്.

എല്ലാവീട്ടിലും ടി.വി എന്നപോലെ എല്ലാ വീട്ടിലും കമ്പെട്ടിയും ഇന്റെർനെറ്റ് കണക്ഷനും ലഭിക്കുന്ന കാലം വരെയെങ്കിലും അച്ചടി മാധ്യമങ്ങൾ ഇന്നത്തെപ്പോലെ പ്രചാരത്തിലുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇത് ഒന്ന് മറ്റൊന്നിനാൽ നിരാകരിക്കപ്പെടുന്ന അഭിപ്രായമല്ല. കാലത്തിന്റെ മാറ്റങ്ങൾ വീക്ഷിക്കുന്ന ഏതൊരാൾക്കും തോന്നാവുന്ന കാര്യമാണ്.  ഒരു പത്രം മാത്രം വീട്ടിൽ വരുത്തുന്നവർക്ക് ഇന്ന് എല്ലാ പത്രങ്ങളും ഓൺലെയിനിൽ വായിക്കാം എന്നിരിക്കെ അച്ചടിപ്പത്രങ്ങളുടെ ഭാവി ഏതുവരെ എന്നതും ചിന്തനീയമാണ്. എന്തായാലും ഓൺലെയിൻ സാഹിത്യത്തെ അടച്ചാപേക്ഷിക്കുന്നവർക്കുള്ള മറുപടി അനുനിമിഷം പുരോഗമിക്കുന്ന ഓൺലെയിൻ സാഹിത്യം തന്നെയാണ്. അതെ, ഇനിയുള്ള കാലം എല്ലാവരും സദാ ഓൺലെയിനിലായിരിക്കും. അഥവാ ആകേണ്ടിവരും. ഇന്ന് ഓൺലെയിൻ സാഹിത്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നവർകൂടി  ഓൺലെയിനിൽ ആകാൻ നിർബന്ധിതമാകുന്ന കാലം വിദൂരമല്ല. പരസ്പരം  കൊടുത്തും വാങ്ങിയും കൈകോർത്തും അച്ചടി മാധ്യമങ്ങളും ഓൺലെയിൻ മാധ്യമങ്ങളും ഒരുപോലെ നിലനിന്നുപോകുന്നത്  നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും ഏറെ ഗുണപ്പെടും. അതിനായി ഇനിയും ഓഫ്‌ലെയിനിൽ കിടക്കുന്നവർ കൂടി വേഗം ഓൺലെയിനിൽ ആകുക എന്നുംകൂടി പറഞ്ഞ് ഈ കുറിപ്പിനു തൽക്കാലം വിരാമം.

(തരംഗിണി ഓൺലെയിൻ മാസികയുടെ 2013 ആഗസ്റ്റ് ലക്കത്തിൽ എഴുതിയത്)

Tuesday, August 20, 2013

തിരിച്ചറിഞ്ഞ് തിരുത്തൽ ശക്തികളാകുക

2013 ജൂലായ് ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ പ്രസിദ്ധീകരിച്ചത്

തിരിച്ചറിഞ്ഞ് തിരുത്തൽ ശക്തികളാകുക

അഴിമതി ഒരു മാറാവ്രണമായി  നമ്മുടെ അധികാരകേന്ദ്രങ്ങളെ ഗ്രസ്സിച്ചിരിക്കുന്നു. സാധാരണ ചികിത്സകൊണ്ടൊന്നും ഈ രോഗത്തിന് ഒരു ചെറിയ ആശ്വാസംപോലും നൽകാനാകില്ല. ഭയംപോലും ഭയക്കുന്ന സ്ഥിതിവിശേഷങ്ങളിലൂടെയാണ്  ആ രോഗാവസ്ഥകൾ  പുരോഗമിക്കുന്നത്. പഴുത്ത് പൊട്ടിയൊലിക്കുന്നു. അധികാരകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി വിജയകരമായി നടത്താവുന്ന അഴിമതികളുടെ പുതിയപുതിയ മേഖലകൾ കണ്ടെത്താനും അത് വിപുലീകരിക്കുവാനുമുള്ള ഗവേഷണബുദ്ധി തെല്ലൊന്നുമല്ല നിഗൂ‍ഢമായി പ്രവർത്തിച്ചുപോരുന്നതെന്ന്  നമ്മെ ഓർമ്മപ്പെടുത്തുന്ന നിരവധി വാർത്തകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. നടുക്കം പോലും നടുങ്ങുന്ന തട്ടിപ്പുവാർത്തകൾ പലതും അപസർപ്പകകഥകളെ വെല്ലുന്നവയാണ്.  തട്ടിപ്പുകൾ ഒരു അംഗീകൃത തൊഴിൽമേഖലയായി കരുതപ്പെടുന്ന നില വന്നിരിക്കുന്നുവെന്നുവേണം കരുതാൻ. സുഖഭോഗതൃഷ്ണയിൽ  ധനദുർമോഹികളായി മാറുന്ന ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയാധികാര കേന്ദ്രങ്ങളും അധോലോകമാഫിയകളുംകൂടി കൈമെയ് മറന്ന് ഒരുമിച്ചു ചേരുമ്പോൾ  മറിയുന്നത് കോടികൾ. അതിലേറെയും ഖജനാവിൽ നിന്ന്!  സർവ്വസദാചാരങ്ങളും കാറ്റിൽ‌പ്പറത്തിയുള്ള ഉന്നതരുടെ  ദുർനടപ്പുകളുടെ കഥകൾകൂടി  ചേരുമ്പോൾ അത്യാവശ്യത്തിനുമപ്പുറം മസാലകളുമായി! എല്ലാത്തരം അഴുക്കുകൾകൊണ്ടും ദുർഗന്ധപൂരിതമാകുന്ന സാമൂഹ്യ-രാഷ്ട്രീയന്തരീക്ഷത്തിൽ നാം മൂക്കുംപൊത്തി ശ്വാസംമുട്ടി ജീവിക്കേണ്ടി വന്നിരിക്കുന്നു.

സുഖഭോഗതൃഷ്ണകളും ധനദുർമോഹവും  നമ്മുടെ സമൂഹത്തെ ഒന്നാകെ ദുഷിപ്പിക്കുമ്പോൾ അതിന്റെ സാധീനം ഉന്നതതലങ്ങളിലേയ്ക്കും കടന്നു ചെല്ലുകയാണ്. ആഗോളവൽക്കരണ കാലഘട്ടത്തിൽ അപകടകരമായ തരത്തിൽ  മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ആളുകളുടെ അഭിരുചികളും കാഴ്ചപ്പാടുകളും നമ്മുടെ സമൂഹത്തെ വളരെ മോശപ്പെട്ട വഴികളിലൂടെയാണ് നയിക്കുന്നത്.  സമൂഹത്തെ കാർന്നുതിന്നുന്ന അഴിമതിയും സാമൂഹ്യതിന്മകളും അസമത്വങ്ങളും എല്ലാം മഹത്വവൽക്കരിക്കപ്പെടുകയാണ്. ഭരണം എന്നാൽ അഴിമതിയെന്നും നേതാവെന്നാൽ മാഫിയയെന്നും ആളുകൾ മനസ്സിലാക്കുന്ന നിലയിൽ ആ വാക്കുകൾക്ക് അർത്ഥവ്യത്യാസമുണ്ടായിരിക്കുന്നു. ഭരണം എന്നതിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ ഭരണനേതാക്കളും ഉൾപ്പെടും. മാഫിയ എന്ന പദം നേതാക്കൾക്കു മാത്രമല്ല, നല്ലൊരു പങ്ക്  ഉദ്യോഗസ്ഥർക്കും ചേരുന്ന പദമാണ്. ജനങ്ങളുടെ തലയിൽ ചവിട്ടിനിന്ന് അവരെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്ന ഭരണ-രാഷ്ട്രീയനേതൃത്വങ്ങളെ  പ്രതിരോധിക്കാതെ നിഷ്ക്രിയരും കേവലം കാഴ്ചക്കാരുമായി നിൽക്കുന്നത് പൌരധർമ്മത്തിന് നിരക്കുന്നതല്ലെന്ന് നമ്മൾ സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു. പോരാട്ടത്തിന്റെ വിവിധവഴികൾ തുറക്കേണ്ടിയിരിക്കുന്നു. തിരിയാത്ത ഭൂമിയെ ചവിട്ടിത്തിരിക്കേണ്ടിയിരിക്കുന്നു.

സമ്പത്ത്-അതൊന്നുമാത്രം അന്തസ്സിന്റെ അടയാളമാകുമ്പോൾ മനുഷ്യർ ഏത് വിധത്തിലും പണമുണ്ടാക്കാൻ നോക്കും. അതിനുള്ള ശ്രമത്തിനിടയിൽ തങ്ങൾക്ക് വഴങ്ങുന്നവരെയെല്ലാം അവർ വിധേയരാക്കി മുന്നേറും. അതല്ല്ല, തനിക്കു മുന്നിൽ പ്രതിബന്ധമായി നിൽക്കുന്നവരാണെങ്കിൽ അവരെ ആക്രമിച്ചും കൊന്നും കൊലവിളിച്ചും മുന്നേറാൻ ധനദുർമോഹികൾക്ക് മടിയില്ല. ഭരണക്കാരും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം സൌകര്യാർത്ഥം ഇക്കൂട്ടർക്ക്  സഹായികളായും കൂട്ടു സംരംഭകരായും ഇരുന്നുകൊടുത്ത് നേട്ടങ്ങളുണ്ടാക്കുകയാണ്. ഈ ലോകം എത്തിപ്പെട്ടവരുടേത് മാത്രമാകുന്നു. എത്തിപ്പെട്ടവരെന്നാൽ രാഷ്ട്രീയ-ഭരണരണ രംഗത്തെ   ഉത്തുംഗങ്ങളിൽ എത്തി വിരാജിക്കുന്നവർ! അവരുടെ മുന്നിൽ അവർ മാത്രമേയുള്ളൂ. അവരുടെ സുഖഭോഗലഭ്യതകളുടെ അനന്തസാദ്ധ്യതകളിൽ മാത്രമാണ് അവരുടെ കണ്ണ്. എത്തിപ്പെടുന്നവർക്ക് പിന്നെ തിരിഞ്ഞുനോക്കുമ്പോൾ പൊതുസമൂഹം   ഒരു ബാദ്ധ്യതയായിട്ടാണ് അനുഭവപ്പെടുക. ഇവിടെ നാം അടുത്തിടെ വായിച്ചും  കണ്ടും  കേട്ടും അറിഞ്ഞ കൊടിയ അഴിമതികൾ, തട്ടിപ്പുകൾ,  ഉന്നതരുടെ ദുർനടപ്പുകൾ തുടങ്ങിയ സംഭവങ്ങൾ ഒന്നൊന്നായി പേരെടുത്ത് പറയുന്നില്ല. കാരണം അവ എല്ല്ലാവർക്കും അറിയാം. ഒന്നുമാത്രം പറയുന്നു. അധികാര വർഗ്ഗത്തിനും അവർ നയിക്കുകയോ അവരെ നയിക്കുകയോ ചെയ്യുന്ന അധോലോകമാഫിയകൾക്കുമെതിരെ   പൌരസമൂഹം ശക്തമായ ഒരു തിരുത്തൽശക്തിയായി മാറുന്നില്ലെങ്കിൽ ഒരു നല്ല നാളെയെക്കുറിച്ചുള്ള വിദൂരസ്വപ്നങ്ങൾ പോലും വൃഥാവിലാകും!

Sunday, June 23, 2013

ഇന്നിനെ നോക്കി നാളെയെക്കുറിച്ച് ഭയപ്പെടുമ്പോൾ

ഇന്നിനെ നോക്കി നാളെയെക്കുറിച്ച് ഭയപ്പെടുമ്പോൾ

എന്തുകൊണ്ടാണ് നമ്മുടെ പുതുതലമുറ ഇങ്ങനെ ആകുന്നത്? അവരിൽ മാനവികമൂല്യങ്ങൾ എത്രത്തോളമുണ്ട്? മനുഷ്യസഹജമായ സർഗ്ഗാത്മകതകളുടെ ലവലേശങ്ങൾപോലും ആരാലൊക്കെയോ, എന്തിനാലൊക്കെയോ അപഹരിക്കപ്പെട്ട ഒരു തലമുറ; പുസ്തകങ്ങൾ വയിക്കാത്ത തലമുറ. പത്രപാരായണം പോലും ഒരു ശീലമേ അല്ലാത്ത തലമുറ. ഈണത്തിൽ ഒരു കവിത ചൊല്ലുന്നത് കേട്ടാൽ അത് ആസ്വദിക്കാൻ കഴിയാത്തവരാണ് അവർ. അടിച്ചുപൊളി പാട്ടുളിലാണ് അവർ സംഗീതം കണ്ടെത്തുന്നത്. പ്രസംഗങ്ങൾക്കും പ്രഭാഷണങ്ങൾക്കും കാതുകൊടുക്കാത്ത തലമുറ കലയോടും സംസ്കാരത്തോടും തീരെ മുഖം തിരിക്കുന്നു. സിനിമയും മിമിക്രിയും മാത്രമാണ് അവർക്ക് കല. മറ്റൊരു കലയോടും അവർക്ക് താല്പര്യമില്ല. സഹജീവീയ സ്നേഹത്തെപറ്റിയൊന്നും അവർ അധികം ചിന്തിക്കാൻ ഇടവരുന്നില്ല. ഈ തലമുറ ഒരു മൊബെയിൽ ഫോണും കുറെ എസ്.എം.എസും ഉണ്ടെങ്കിൽ തീർത്തും സംതൃപ്തരാണ്!

തനിക്കു ചുറ്റുമുള്ള ലോകത്ത് എന്ത് സംഭവിക്കുന്നുവെന്ന് തീരെ അന്വേഷിക്കാൻ താല്പര്യപ്പെടാത്ത തലമുറ അയൽക്കാരന്റെ വീട്ടിലേയ്ക്കുള്ള വഴിപോലുമറിയാതെ ഉഴലുന്നതും കാണാം. തന്റെ വീടിന്റെ മതിലുകൾപ്പുറത്ത് ആരൊക്കെ താമസിക്കുന്നുവെന്ന് അറിയാത്തവർ. അറിഞ്ഞിട്ടും വലിയ കാര്യമില്ലത്തവർ! സ്വന്തബന്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകബുദ്ധിപോലും കൈവിട്ടുപോകുന്ന തലമുറ ജീവിക്കുന്നതോ തികച്ചും യാന്ത്രികമായി. എന്നാൽ ഇതേ തലമുറയിൽ നല്ലൊരു പങ്ക് അക്രമത്തിലേയ്ക്കും മതതീവ്രവാദത്തിലേയ്ക്കും അതിവേഗം ആകർഷിക്കപ്പെടുന്നു. സ്വയം പൊട്ടിത്തെറിക്കുന്ന ബോംബുകളാകാൻ അവർക്ക് മടിയില്ല. ഭയമില്ല. മറ്റൊരു പങ്ക് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നു. മറ്റു ചിലരാകട്ടെ സ്വന്തം സ്വാർത്ഥത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് സ്വയം തീരുമാനത്തിലെത്തി സായൂജ്യമടയുന്നു. അവനവനിലേയ്ക്ക് ചുരുങ്ങിച്ചുരുങ്ങി അവനവനെത്തന്നെ അവനവനു കാണാൻ കഴിയാത്തത്ര അവർ ചെറുതാകുന്നു. സ്ഥിതിഗതികൾ സങ്കീർണ്ണം തന്നെ! ഒന്നുമാത്രമറിയാം. നമ്മുടെ തലമുറ വഴിപിഴച്ചിരിക്കുന്നു.

സാമൂഹ്യബോധം തീരെയില്ലാത്തവരായി പുതുതലമുറ മാറുന്നതെന്തുകൊണ്ട്? സാമൂഹ്യ പരിതസ്ഥിതികൾ പലതും പുതുതലമുറയെ സ്വാധീനിക്കും. എങ്കിൽ അങ്ങനെയൊരു സാമൂഹ്യപരിതസ്ഥിതി ഇവിടെ രൂപപ്പെടാൻ കാരണമെന്ത്? കുടുംബവും സമൂഹവും എത്ര മൂല്യബോധം പഠിപ്പിച്ചാലും അവർ ഒന്നും പഠിക്കാത്തതെന്തുകൊണ്ട്?
കേരളത്തിലെ സർഗ്ഗാത്മക കലാലയങ്ങൾ എവിടെ? നമ്മുടെ ഗ്രന്ഥശാലകളിലെ ആ പഴയകാല സർഗ്ഗാത്മകസായാഹ്‌നങ്ങൾ ആര് അപഹരിച്ചുകൊണ്ടുപോയി? പഴയ നാടകക്കളരികളുടെ സ്ഥാനത്ത് മറ്റെന്താണ് പ്രതിഷ്ഠിക്കപ്പെട്ടത്? അതോ അവിടം  ഒഴിഞ്ഞുതന്നെ കിടക്കുന്നുവോ? രാഷ്ട്രീയപാർട്ടികളുടെ ഇടവഴിതാണ്ടിയുള്ള കാൽ നടജാഥകളും തെരുവോരയോഗങ്ങളും രാഷ്ട്രീയ ബോധവൽക്കരണവും എവിടെ? നവോത്ഥാനനായകൻ‌മാർ ഉഴുതു മറിച്ച മണ്ണിൽ അക്രമവും സ്ത്രീപീഡനവും മതതീവ്രവാദവും ഇത്രമേൽ കടന്നുവന്നതെങ്ങനെ?

വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അഭൂതപൂർവ്വമായ പുരോഗതിയുണ്ടായിട്ടും സമ്പൂർണ്ണ സാക്ഷരത നേടിയിട്ടും സങ്കുചിതചിന്താഗതികളും വർഗ്ഗീയതയും അക്രമങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടങ്ങി എല്ലാ അനഭിലഷണീയപ്രവണതകളും കൊടികുത്തിവാഴുന്ന ഒരു സാമൂഹ്യസാഹചര്യം ഇവിടെ എങ്ങനെ ഉടലെടുത്തു? പുരോഗമന ജനധിപത്യ പ്രസ്ഥാനങ്ങളെ വെല്ലുവിളിക്കാൻ പാകത്തിൽ പ്രതിലോമപ്രസ്ഥാനങ്ങൾക്ക് ആളും അർത്ഥവും ഇവിടെ ലഭിക്കാനിടയാകുന്ന സാഹചര്യം എങ്ങനെ ഉണ്ടായി? എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരുന്നത്? സമൂഹത്തിന് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിനെ ആരും മോണിട്ടർ ചെയ്തിരുന്നില്ല. മോണിട്ടർ ചെയ്യാൻ അരും അരെയും നിയോഗിച്ചിരുന്നില്ലല്ലോ. സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനും ശരിയായ ദിശാബോധം നൽകുവാനുമുള്ള നിയോഗം വന്നുചേർന്നവരോ സ്വയം ആ നിയോഗം ഏറ്റെടുത്തവരോ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയോ?

ഇന്നത്തെ തലമുറയെ നോക്കി നാളെയെക്കുറിച്ച് ഭയന്നു നിൽക്കുന്നവർക്ക് ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുവാനുണ്ട്. പക്ഷെ ഉത്തരം നൽകേണ്ടതാര്? അങ്ങനെ ഉത്തരം തരാൻ ബാദ്ധ്യസ്ഥരായി ആരും മുന്നോട്ട് വരാനില്ലെന്നിരിക്കെ, ചോദ്യകർത്താക്കൾതന്നെ സ്വയം ഉത്തരം കണ്ടെത്തണം. കണ്ടെത്തുന്ന ഉത്തരങ്ങൾക്ക് വ്യക്തത വരണം. ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങൾ ആവർത്തിക്കേണ്ടി വരാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ ആരായണം? ആര് ആരോട്? നമ്മൾ നമ്മളോട് തന്നെ!


(2013 ജൂൺ ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയ ലേഖനം)