ചലച്ചിത്രമേളകൾ ജനകീയവൽക്കരിക്കപ്പെടണം
(2013 ഡിസംബർ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ എഴുതിയ എഡിറ്റോറിയൽ)
പതിവുപോലെ കുറെ വിവാദങ്ങൾ ബാക്കിയാക്കി പതിനെട്ടാമത് അന്തർദ്ദേശീയ ചലച്ചിത്രമേളയ്ക്കും തിരശ്ശീല വീണു. പതിനെട്ടു വർഷങ്ങളായി തുടർച്ചയായി തിരുവനന്തപുരത്ത് ഈ ആഘോഷം നടക്കുന്നു. സർക്കാരും സർക്കാരിന്റെ തന്നെ ഏജൻസിയായ ചലച്ചിത്രവികസന കോർപ്പറേഷനുമാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഇത്തരം മേളകൾ ആവശ്യവുമാണ്. അതിനു ഗുണപരമായി ചില ധർമ്മങ്ങൾ നിർവഹിക്കുവാനുമുണ്ട്. എന്നാൽ ഇതിന്റെ വിമർശനാത്മക വശങ്ങളും ചിന്തനീയമാണ്. സാധാരണ ചലച്ചിത്ര മേളകൾ എന്നു പറഞ്ഞാൽ അതൊരു ബുദ്ധിജീവി മഹോത്സവമായിട്ടാണ് കണക്കാക്കിവരുന്നത്. ബുദ്ധിജീവികളോ ബുദ്ധിജീവികൾ എന്നു നടിക്കുന്നവരോ ബുദ്ധിജീവിയാകാൻ ആഗ്രഹിക്കുന്നവരോ ഒക്കെയാണ് ഈ മേളയിലെ “മുഖ്യ ആകർഷണം.” എന്നാൽ സാധാരണക്കാരന് ഈ മേള കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. സാധാരണക്കാർ എന്നു പറഞ്ഞാൽ സിനിമാപ്രേമികളായ സാധാരണക്കാർ. ചലച്ചിത്രകലാസ്വാദകരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവരുടെ കണക്കെടുത്താലും സാധാരണക്കാർക്കാണ് ഭൂരിപക്ഷം. നിർഭാഗ്യവശാൽ ഈ മേള മേൽപ്പറഞ്ഞതുപോലുള്ള ചില പ്രത്യേകവിഭാഗങ്ങൾക്കു വേണ്ടി മാത്രം ഉള്ളതാണെന്ന ഒരു ധാരണയോ തെറ്റിദ്ധാരണയോ പരക്കെയുണ്ട്.
സ്ഥിരമായി ചലച്ചിത്രോത്സവം ആഘോഷിക്കുവാൻ എത്തുന്നവരുണ്ട്. അവരിൽ പ്രവേശനപ്പാസ് എടുത്തുവരുന്നവരിൽത്തന്നെ ചിലർമാത്രം കഴിയുന്നത്ര സിനിമകൾ കാണും. അനുബന്ധപരിപാടികളിൽ സജീവമായി പങ്കുകൊള്ളും. ചിലരാകട്ടെ തിയേറ്ററുകൾ തോറും കറങ്ങി നടക്കും. പല സിനിമാ പ്രതിഭകൾക്കും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കും. പടമൊന്നും തിയേറ്ററിൽ കയറിയിരുന്ന് കാണില്ല. ഇനിയും ചിലർ മേളയോടനുബന്ധിച്ചുള്ള കള്ളുസഭകളിൽ മാത്രം പങ്കെടുത്ത് അവരവരുടെ ബുജിസ്ഥാനം അരക്കിട്ടുറപ്പിക്കും. ഏറ്റവും രസകരമായ വസ്തുത മേളയിലേയ്ക്ക് ഒഴുകുന്നവരിൽ നല്ലൊരു പങ്ക് പ്രവേശന പാസ് പോലും എടുക്കാത്തവരാണ് എന്നുള്ളതാണ്. പാസ് എടുക്കേണ്ടത് എങ്ങനെയെന്നുതന്നെ ചിലർക്കറിയില്ല. എങ്കിലും അവർ മേളയ്ക്കെത്തിയിരിക്കും. തിയേറ്ററുകൾക്കു പുറത്ത് ബുജിസഭകൾ കൂടി അവർ വലിയ വലിയ ബൌദ്ധിക ചർച്ചകളിൽ ഏർപ്പെടും. മേളയെ കൊഴുപ്പിക്കുന്ന ഘടകങ്ങൾ തന്നെയാണിവയൊക്കെയും എന്ന കാര്യത്തിൽ സംശയമില്ല. എല്ലാം കൂടി ചേർത്തു നോക്കുമ്പോൾ ചലച്ചിത്രമേള ഒരു കൌതുകോത്സവം തന്നെ. പക്ഷെ സമൂഹത്തിൽ മേൽ സൂചിപ്പിച്ചതു മാതിരിയുള്ള ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് ചലച്ചിത്ര മേളയുടെ ഗുണഭോക്താക്കൾ.
സിനിമ ഇഷ്ടപ്പെടാത്തവർ വിരളമാണ്. ലക്ഷോപലക്ഷം സിനിമാസ്വാദകർ ഇവിടെയുണ്ട്. എന്നാൽ മേളയ്ക്കെത്തുന്നത് ഏതാനും ആയിരങ്ങൾ മാത്രമാണ്. പല സിനിമാ പ്രേമികൾക്കും ഇങ്ങനെയൊരു മേളയെക്കുറിച്ചോ അതിൽ പങ്കെടുക്കാൻ പാസ് നേടേണ്ട വിധമോ ഒന്നുമറിയില്ല. പറഞ്ഞുവയ്ക്കുന്നത് ഈ മേള വേണ്ടത്ര ജനകീയമല്ല എന്നുതന്നെ. ടിക്കറ്റെടുക്കേണ്ടത് ഓൺലൈൻ വഴിയോ ബാങ്ക് വഴി നേരിട്ടോ ആണ്. അപ്പോൾ തന്നെ സാധാരണക്കാരിൽ നല്ലൊരു വിഭാഗം ഇതിൽ നിന്ന് ഒഴിവാകും. നേരിട്ട് തിയേറ്ററുകളിൽ ചെന്ന് ടിക്കറ്റെടുത്ത് കയറാനാകില്ല. ഒരേ സമയം പല തിയേറ്ററുകളിൽ പല സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പാസെടുത്ത് പോകുന്നവർക്കുതന്നെ മേളയിൽ വരുന്ന എല്ലാ ചിത്രങ്ങളും കാണാനാകില്ല. ഇഷ്ടപ്പെട്ടവയിൽത്തന്നെ ചിലത് ഒഴിവാക്കി ചിലതു മാത്രം കാണുകയേ നിവൃത്തിയുള്ളു. മുൻകൂട്ടി പാസ് എടുക്കാതെ അപ്പപ്പോൾ ഇഷ്ടപ്പെടുന ചിത്രങ്ങൾ മാത്രം അതതു തിയേറ്ററുകളിൽനിന്ന് അതതു സമയങ്ങളിൽ ടിക്കറ്റെടുത്ത് കാണുവാൻ കഴിയുകയുമില്ല. അത്തരത്തിലായാൽ മേളയുടെ ലക്ഷ്യം പിഴയ്ക്കുമെന്ന് പറയുമായിരിക്കും. അത് ശരിയാണ്. പക്ഷെ സാധാരണക്കാരുടെ താല്പര്യങ്ങളേയും സമയത്തിന്റെ ലഭ്യതയേയും മുൻനിർത്തി ആ ഒരു പോരായ്മ ചൂണ്ടിക്കാണിയ്ക്കുമ്പോൾ ആ വിമർശനത്തേയും അവഗണിയ്ക്കാനാകില്ല.
ഇനി മേളയിലെത്തുന്ന സിനിമകളുടെ കാര്യമെടുത്താൽ ഈ വർഷത്തെ സംഘാടകരിൽ ചിലർ തന്നെ അതേപ്പറ്റി വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളതാണ്. മുൻവർഷങ്ങളെപ്പോലെ നിലവാരമുള്ള സിനിമകൾ ഇത്തവണ ഉണ്ടായില്ല എന്നതാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. ഇപ്പോൾ ഇത് കച്ചവടപക്ഷ സിനിമക്കാരുടെ ഒരു മേളയായി മാറിപ്പോയി എന്നും ആക്ഷേപമുണ്ട്. സിനിമ ഇന്നൊരു വ്യവസായമാണ്. ഒരു വിനോദോപാധി എന്ന നിലയ്ക്ക് സിനിമയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ചലച്ചിത്രമേള വെറും വ്യാപാര സിനിമകൾ പ്രദർശിപ്പിക്കാനോ പ്രചരിപ്പിക്കാനോ ഉള്ള വേദിയായി ചുരുങ്ങിക്കൂട. സിനിമ ഒരു സാഹിത്യ ശാഖ കൂടിയാണ്. ഒരു സാഹിത്യശില്പം എന്ന നിലയ്ക്ക് ബൌദ്ധികമൂല്യവും കലാമൂല്യവുമുള്ള നല്ല സിനിമകൾക്ക് മുന്തിയ മുൻഗണന നൽകണം. അത്തരം സിനിമകളെ സ്നേഹിക്കുന്നവർ ധാരാളമുണ്ട്. അവരിലും നല്ലൊരു പങ്ക് സാധാരണക്കാരാണ്. അങ്ങനെ നോക്കുമ്പോൾ ഇത്തവണ മേളയ്ക്കെത്തിയ പല ചിത്രങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു എന്ന വിമർശനം ഉണ്ട്. ഇക്കാര്യത്തിൽ ഇനി വരുന്ന മേളകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്.
കുറെ സിനിമകൾ പ്രദർശിപ്പിക്കുക എന്നതിലപ്പുറം ഗൌരവമേറിയ സിനിമാചിന്തകൾക്കും ചർച്ചകൾക്കും ഉതകുന്ന അന്തർദ്ദേശീയ നിലവാരമുള്ള സെമിനാറുകളും മറ്റും മേളയുടെ ഭാഗമാക്കണം. മുമ്പത്തെപ്പോലെ ഓപ്പൺ ഫോറം പോലും ഇപ്പോൾ നടന്നില്ല എന്ന വിമർശനം ഉണ്ട്. തിയേറ്ററുകൾക്ക് പുറത്തും സ്വതന്ത്രമായി നല്ല ചിത്രങ്ങൾ പ്രദർശിപ്പിച്ച് കൂടുതൽ ജനപങ്കാളിത്തമുള്ള ഒരു പരിപാടിയാക്കി മേള മാറ്റിയെടുക്കണം. നല്ല സിനിമകളെക്കുറിച്ചുള്ള സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ മേളയ്ക്ക് കഴിയണം. പണം മുടക്കി മേളയിലെ ചിത്രങ്ങൾ കാണാൻ കഴിയാത്തവരും താല്പര്യപ്പെടാത്തവരും ഉണ്ടാകും. എന്നാൽ അവരിൽ നല്ല ചലച്ചിത്രാസ്വാദകർ ഉണ്ടാകും. അവർക്കുവേണ്ടി തിയേറ്ററിനു പുറത്ത് സമാന്തരമായി പ്രദർശനങ്ങൾ സംഘടിപ്പിക്കണം. നവാഗതർക്കും മറ്റും തങ്ങളുടെ സിനിമാശില്പങ്ങൾ ജനമധ്യത്ത് സാക്ഷാൽക്കരിക്കുവാൻ അവസരമൊരുക്കണം. സ്വാധീനമുള്ള കുറച്ചാളുകളുടെ സിനിമകൾക്ക് പ്രചാരവും അംഗീകാരവും നൽകാൻ വേണ്ടി മാത്രം സർക്കാരിന്റെ പണം മുടക്കി മേള നടത്തുന്നത് ശരിയല്ലെന്ന് വിമർശിക്കുന്നവരെയും കുറ്റം പറയാനാകില്ല.
ചലച്ചിത്ര മേളയെന്നാൽ തിയേറ്ററിനകത്ത് അടച്ചു പൂട്ടിയിരുന്ന് ആരാലൊക്കെയോ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും ചിത്രങ്ങൾ കാണുവാനുള്ള ഒന്നു മാത്രമാകരുത്. ലോകോത്തര നിലവാരമുള്ള കൂടുതൽ ചിത്രങ്ങൾ തിയേറ്ററിനകത്തും പുറത്തുമായി പ്രദർശിപ്പിക്കപ്പെടണം. ഒപ്പം നമ്മുടെ നാട്ടിലെ നവാഗതരും മറ്റുമായ ചലച്ചിത്ര പ്രതിഭകളുടെ ചെറുതും വലുതുമായ ചലച്ചിത്ര സൃഷ്ടികൾ തെരുവോരത്തെങ്കിലും പ്രദർശിപ്പിക്കുവാനുള്ള അവസരം മേളയുടെ ഭാഗമായി ഉണ്ടാകണം. ചുരുക്കത്തിൽ ചലച്ചിത്ര മേളയെന്നാൽ നഗരത്തിന്റെ മുക്കിലും മൂലയിലും വെള്ളിത്തിരകൾ സ്ഥാപിച്ച് അക്ഷരാർത്ഥത്തിൽ ചലച്ചിത്രപ്രദർശനങ്ങളുടെയും ചലച്ചിത്ര സംബന്ധിയായ അനുബന്ധ പരിപാടികളുടെയും ഒരു ജനകീയ ഉത്സവമായി മാറണം. ചലച്ചിത്രമേളകൾ മാധ്യമങ്ങളിലെ മാത്രം ഉത്സവമായാൽ പോരാ. ജനങ്ങൾക്ക് അത് നേരിട്ട് അനുഭവിക്കാനാകണം. സാധാരണ ജനങ്ങളെക്കൂടി ആകർഷിച്ച് ജനങ്ങൾക്കിടയിൽ നല്ലൊരു ചലച്ചിത്ര സംസ്കാരം വളർത്തിയെടുക്കാൻ മേളകൾക്കു സാധിക്കണം. അതിന് ചലച്ചിത്രമേളകളും സാധാരണ ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കണം. ചലച്ചിത്രമേളകൾ കൂടുതൽ ജനകീയവൽക്കരിക്കപ്പെടണം.
3 comments:
ചലച്ചിത്രമേളകളും സാധാരണ ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കണം.
ചലചിത്രമേള എന്താണെന്ന് അറിയില്ല. അറിയാൻ ശ്രമിച്ചിട്ടുമില്ല. ഇപ്പോൾ ഇത് വായിച്ചപ്പോഴാണ് അതേക്കുറിച്ച് ആലോചിക്കുന്നത്. തെരുവോരത്ത് സിനിമ പ്രദർശിപ്പിക്കുന്നതിനോട് യോജിപ്പില്ല. നാടകത്തിന്റെ ഫലമേ ഉണ്ടാവൂ. ആഡിറ്റോറിയങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
കുറെ സിനിമകൾ പ്രദർശിപ്പിക്കുക എന്നതിലപ്പുറം ഗൌരവമേറിയ സിനിമാചിന്തകൾക്കും ചർച്ചകൾക്കും ഉതകുന്ന അന്തർദ്ദേശീയ നിലവാരമുള്ള സെമിനാറുകളും മറ്റും മേളയുടെ ഭാഗമാക്കണം
കുറെ സ്ഥിരം കക്ഷികള്‍ ഈ മേളയെ എല്ലാ തവണയും ഹൈജാക്ക് ചെയ്യുന്നുണ്ട്.അക്കാദമി തലപ്പത്ത് ആര് വന്നാലും ഇതു തന്നെ അവസ്ഥ
Post a Comment