Showing posts with label ജനാധിപത്യം. Show all posts
Showing posts with label ജനാധിപത്യം. Show all posts

Tuesday, December 5, 2017

മതങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകില്ലേ?

മതങ്ങൾ മാറ്റങ്ങൾക്ക്  വിധേയമാകില്ലേ?

മതങ്ങൾ മാറുമോ? മാറില്ലെന്നും മാറ്റാൻ പറ്റാത്തതെന്നും മാറിക്കൂടെന്നും മാറ്റിക്കൂടെന്നും മതപ്രബോധനങ്ങൾ അനന്ത സത്യങ്ങണെന്നുമൊക്കെ വാദിക്കുന്നവർ ഉണ്ടായിരിക്കാം. പക്ഷെ മത ഗ്രന്ഥങ്ങൾ അങ്ങനെ തന്നെ നില നിൽക്കുമെങ്കിലും മതങ്ങളും കാലത്തിനൊപ്പം സൗകര്യപൂർവ്വം മാറും എന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

പണ്ട് എന്നെ പഠിപ്പിച്ച ഒരു ഉസ്താദ് ഉണ്ടായിരുന്നു. ഒരു പാവം നല്ല മനുഷ്യനായിരുന്നു.   ഫോട്ടോ എടുക്കുന്നതും ആളുടെ പ്രതിരൂപം വരയ്ക്കുന്നതും തെറ്റാണെന്ന് അദ്ദേഹം നമ്മളെ പഠിപ്പിച്ചു. അപ്പോഴും മുസ്ലിം കല്യാണവീടുകളിൽ ഫോട്ടോ എടുപ്പ് തകൃതിയിൽ നടന്നു. പിന്നീട് ആ ഉസ്താദ് പാസ്പോർട്ട് എടുത്തതായി അറിഞ്ഞു. പാസ്പോർട്ട് എടുക്കണമെങ്കിൽ ഫോട്ടോ എടുക്കണമല്ലോ. ഞാൻ ഉസ്താദിനോട് ചോദിച്ചു ഉസ്താദ് പാസ്പോർട്ടിനായി ഫോട്ടോ എടുത്തത് അനിസ്ലാമികം അല്ലേയെന്ന്. അപ്പോൾ ഉസ്താദ് പറഞ്ഞു. പാസ്പോർട്ട് എടുക്കുന്നത് പേർഷ്യയിൽ പോകാനാണ്. പേർഷ്യ ഇസ്ലാമിക രാഷ്ട്രംആണ്. അതുകൊണ്ട് അതിനായി ഒരു ഫോട്ടോ എടുക്കുന്നതിൽ തെറ്റില്ല. അന്ന് ഞാൻ അത് വിശ്വസിച്ചു. ഉസ്താദിനെ സംബന്ധിച്ചിടത്തോളം പാസ്പോർട്ടിനെ സംബന്ധിച്ച ജ്ഞാനം അത്രയേ ഉണ്ടായിരുന്നുള്ളൂ. (ഇന്നത്തെ ഉസ്താദന്മാരെ പോലെ അത്ര വലിയ പണ്ഠിതനൊന്നുമായിരുന്നില്ല അന്നത്തെ ആ ഉസ്താദ്).

ഇപ്പോൾ ഉസ്താദന്മാർ അടക്കം സെൽഫിയെടുക്കുന്നു. സ്റ്റില്ലും വീഡിയോയും ഒക്കെ. കല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നത് മുമ്പ് ചില ഉസ്താദന്മാർ വിലക്കിയിരുന്നു. അങ്ങനെയാണ് കല്യാണം എവിടെ വച്ച് നടന്നാലും ഉസ്താദിന്റെ സാന്നിദ്ധ്യം ആവശ്യമായ നിക്കാഹ് തൊട്ടടുത്തുള്ള ഏതെങ്കിലും പള്ളിയിലോ തയ്ക്കാവിലോ വച്ച് നടത്തുന്നത്. താലികെട്ടും മാലയിടലുമൊക്കെ വീഡിയോയുടെ അകമ്പടിയോടു കൂടി കല്യാണ ഹാളിൽ വച്ചു തന്നെ നടക്കും. എന്നാൽ ഇപ്പോൾ കല്യാണത്തിനു വന്നാൽ വീഡിയോക്ക് സന്തോഷത്തോടെ പോസ്സ് ചെയ്യുന്ന ഉസ്താദന്മാരും ഇല്ലാതില്ല. ഫോട്ടോ എടുത്തുകൂടെന്ന് പറയുന്ന ഇസ്ലാമത പണ്ഡിതന്മാർ നടത്തുന്ന മത പ്രഭാഷണങ്ങളുടെ വീഡിയോ ഇന്ന് നെറ്റിൽ സുലഭം, അതൊക്കെ കണ്ടാണ് ഞാൻ ഇസ്ലാമിനെ കുറിച്ച് കുറച്ച് അറിവുകൾ നേടിയതു തന്നെ. ഇപ്പോൾ ചില ഉസ്താദന്മാർ കല്യാണത്തിനു വന്നാൽ വീഡിയോ ഇല്ലേ എന്ന് അങ്ങോട്ട് ചോദിക്കുന്നു.

ഓണം ആഘോഷിക്കുന്നത് അനിസ്ലാമികം എന്ന് ഒരിക്കൽ ഒരു ഉസ്താദ് പ്രസംഗിക്കുന്നതുകേട്ടു. ഇവിടെ ആ വർഷം അത്തപ്പൂക്കള മത്സരത്തിനു സമ്മാനം കിട്ടിയത് ഒരു മുസ്ലിം കുടുംബത്തിന്. അവരെ ഇസ്ലാമിൽ നിന്ന് ഇതുവരെയും പുറത്താക്കിയതായി അറിവില്ല. പണ്ട് ആശുപത്രിയിൽ കൊണ്ടു പോയി കുട്ടികളെ സുന്നത്ത് ചെയ്യുന്നത് മഹല്ലിൽ മുറുമുറുപ്പുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് ആശുപത്രികളിൽ വച്ച് മാത്രമേ സുന്നത്ത് നടക്കുന്നുള്ളൂ. പണ്ട് മുസ്ലിങ്ങൾക്ക് മുസ്ലിം ബാർബറമാരേ മുടി വെട്ടാവൂ ഷേവ് ചെയ്യാവൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇന്ന് മുസ്ലിം ബാർബർമാർ ദുർലഭമായപ്പോൾ ആ ശാസനവും ഇല്ലാതായി. ശാസ്ത്രവിരുദ്ധമായ പല കാര്യങ്ങളും എല്ലാ മതങ്ങളുടെയും മതഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും അത് ഏത് മതസ്ഥർ കണ്ടു പിടിച്ചതെന്നു പോലും നോക്കാതെ എല്ലാ മതസ്ഥരും ഉപയോഗിക്കുന്നു.

ഈ മാറ്റങ്ങളൊന്നും കുറ്റമായി ഞാൻ കാണുന്നില്ല. കാലം മാറുമ്പോൾ മനുഷ്യൻ മാറും. അതിൽ നിന്ന് മാറി നിൽക്കാൻ മതങ്ങൾക്കോ ഒരു പ്രത്യയശാസ്ത്രങ്ങൾക്കോ കഴിയില്ല. അതുകൊണ്ട് മതങ്ങളായാലും വിശ്വാസികൾക്ക് ആചരിക്കാനും അനുഷ്ഠിക്കാനും പാലിക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രം പറയുക. ആ പറയുന്നത് ചെയ്യുക. അല്ലാതെ വിശ്വാസികൾക്ക് ലംഘിക്കനാായി മാത്രം പഴയ ശാസനകൾ നൽകരുത്. അല്ലെങ്കിൽ പണ്ട് കർശനമായ ആചാരനിഷ്ഠകൾ കാരണം ഹിന്ദുമതത്തിൽ നിന്ന് ആളുകൾ ബുദ്ധമതത്തിലേയ്ക്കും ജൈന മതത്തിലേയ്ക്കും പോയതുപോലെയാകും. പിന്നെ ശ്രീ ശങ്കരാചാര്യരും മറ്റും ഒരുപാട് പാട് പെട്ടാണ് ഹിന്ദു മതത്തെ പുനരുദ്ധരിച്ചത്. കുറച്ചുകൂടി ലിബറലായപ്പോൾ ഹിന്ദുമതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കുറഞ്ഞു. ഇന്ന് ബുദ്ധമതവും ജൈന മതവും ദുർബലമാണ്. ഇസ്ലാമതം അടക്കം എല്ലാ മതങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. അഥവാ ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അവർ മതങ്ങളെയും ദൈവങ്ങണെയുമൊക്കെ ആശ്രയിക്കുന്നത്.

ഇതിപ്പോൾ മതങ്ങൾ തന്നെ രാജ്യത്തിനും ലോകത്തിനും സ്വൈരതയും സമാധാനവും നൽകുന്നില്ലെന്നു വന്നാൽ ആളുകൾ മതങ്ങളിൽ നിന്നകലും. പിന്നെ പാവം ഇത്തിരിപ്പോന്ന യുക്തിവാദികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മതത്തിന്റെ പേരിൽ സഹിഷ്ണുതയും സംഘർഷങ്ങളും അരുതെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകളെയും കുറ്റം പറയരുത്. മാറാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് മാർക്സ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ഭാവിയിലും മതങ്ങളുടെ പ്രസക്തിയെ ഒന്നും ചോദ്യം ചെയ്യുന്നില്ല. സമൂഹത്തിനു ഗുണകരമായി മതങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അവ നില നിൽക്കുന്നതിലും ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ ലോകത്തിന്റെ സമാധാനത്തിനും പുരോഗതിയ്ക്കും മതങ്ങൾ പ്രതിബന്ധമാകരുത്.

Sunday, April 20, 2014

ഇന്ത്യൻ ജനാധിപത്യത്തിന്റെ പാഠഭേദങ്ങൾ

ഇന്ത്യൻ ജനാധിപത്യത്തിന്റെ പാഠഭേദങ്ങൾ

(തരംഗിണി ഓൺലെയിൻ മാസികയിൽ എഴുതിയത്)

നമ്മുടെ രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു ഘട്ടത്തിലാണ് ഈ കുറിപ്പെഴുതുന്നത്. കേരളത്തിലെ  ലോകസഭാ മണ്ഡലങ്ങളിൽ നിന്നുള്ള  തെരഞ്ഞെടുപ്പ്  നടന്നു കഴിഞ്ഞു. ഇവിടെ എൽ. ഡി. എഫും യു. ഡി. എഫും വിജയപ്രതീക്ഷയിലാണ്. രാജ്യത്ത് ബി. ജെ. പി യും കോൺഗ്രസ്സും  മൂന്നാം മുന്നണിയും  അധികാരത്തിൽ വരാനുള്ള സാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ആര് ജയിക്കും ആര് തോൽക്കും ആര് അധികാരത്തിൽ വരും എന്നുള്ളതൊക്കെ തൽക്കാലം അവിടെ നിൽക്കട്ടെ. ഒരു പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് നമ്മുടെ ജനാധിപത്യം എവിടെയെത്തി നിൽക്കുന്നുവെന്നുള്ളതും ചിന്താവിഷയമാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപരീക്ഷണശാല എന്നൊക്കെ ഇന്ത്യയെപ്പറ്റി പറയുന്നുണ്ട്. വിപുലമായ ജനസംഖ്യയും ബഹുകക്ഷി സമ്പ്രദായവും മുടങ്ങാതെയുള്ള തെരഞ്ഞെടുപ്പുകളും മറ്റും വച്ച് നോക്കുമ്പോൾ അങ്ങനെയൊരു വിശേഷണത്തിന് ഇന്ത്യ അർഹമല്ല എന്ന് പറയാനാവില്ല. എന്നാൽ പരിപക്വമായ ഒരു ജനാധിപത്യസമൂഹം നമ്മുടെ രാജ്യത്ത് രൂപപ്പെട്ടുകഴിഞ്ഞുവെന്ന് നമുക്ക് കരുതാനാകുമോ? ശരിയായ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അറിവും വിവേകവും ആർജ്ജിച്ചവരാണോ നമ്മുടെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ?

ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകൾ നിരക്ഷരതയിലും അന്ധവിശ്വാസങ്ങളിലുമാണ്ട് കഴിയുന്നവരാണ്. പട്ടിണിയുടെയും ദാരിദ്രത്തിന്റെയും തൊഴിലില്ലായ്മയുടെയും കാര്യത്തിലും ജനങ്ങൾ ഭൂരിപക്ഷമാണ്. അത്തരമൊരു ജനതയിൽ പരീക്ഷിക്കപ്പെടുന്ന  ജനാധിപത്യം എത്രകണ്ട് ഫലപ്രദമാകും? നമ്മുടെ രാജ്യത്ത് പല മേഖലകളിലും വമ്പിച്ച  വികസനം നടന്നുവെന്ന് നാം അഭിമാനിക്കുമ്പോഴും പട്ടിണി, ദാരിദ്രം, നിരക്ഷരത, തൊഴിലില്ലായ്മ മുതലായ പ്രശ്നങ്ങൾ വളരെ ഗുരുതരമായ രീതിയിൽ തന്നെ ഇന്നും തുടരുന്നു എന്ന യാഥാർത്ഥ്യം നാം മറന്നുപോകരുത്. അതുകൊണ്ടുതന്നെ നാളിതുവരെ നടന്ന ജനവിധികൾ വിവേകപൂർവ്വമായിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരും.

ജനങ്ങൾക്ക് വോട്ടവകാശം നൽകി എന്നതുകൊണ്ട് മാത്രം ജനാധിപത്യം വിജയിക്കില്ല. തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുവാനുള്ള ജനങ്ങളുടെ കഴിവ് കൂടി വർധിച്ചാലേ യഥാ‌ർത്ഥ ജനവിധി നടക്കൂ. അത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന വിവേകത്തിലൂടെ മാത്രമേ സാധ്യമാവൂ. ഒപ്പം നീതിപൂർവ്വകവും സമധാനപരവുമായ തെരഞ്ഞെടുപ്പുകളും നടക്കണം. നിർഭാഗ്യവശാൽ ഇന്ത്യയിൽ മിക്കയിടങ്ങളിലും അതൊന്നുമല്ല നടക്കുന്നത്. ഐവരിൽ മൂന്നുപേർ കൈപൊക്കി കാണിച്ചിട്ട് ഇത് കാലാണെന്നു പറഞ്ഞാൽ അംഗീകരിക്കേണ്ട ചില ദൌർബല്യങ്ങളും ജനാധിപത്യത്തിന്റെ കൂടെപ്പിറപ്പായുണ്ട്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയമറിയില്ല. ജനാധിപത്യമെന്തെന്നറിയില്ല. ആര് തെരഞ്ഞെടുക്കപ്പെടണമെന്നറിയില്ല. കാരണം അവർ നിരക്ഷരരാണ്. അവിടെ ജനാധിപത്യം പരാജയപ്പെടുന്നു. കേരളത്തിലെ പോലെയുള്ള രാഷ്ട്രീയ പ്രവർത്തനരീതികളൊന്നുമല്ല മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളത്. അവിടങ്ങളിൽ പണാധിപത്യമാണ് നടക്കുന്നത്. മറിച്ച് ജനാധിപത്യമല്ല. അവിടങ്ങളിൽ സമ്പന്നവർഗ്ഗങ്ങളും വൻ ഭൂപ്രഭുക്കളും പഴയ രാജപരമ്പരയുടെ പിന്മുറക്കാരും അധോലോക ഗുണ്ടാമാഫിയകളുമാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഏറ്റവും കൂടുതൽ പണമൊഴുക്കുന്നവർ വിജയിക്കും. ഏറ്റവും കൂടുതൽ ഗുണ്ടായിസം കാണിക്കുന്നവർ വിജയിക്കും. ചിലയിടങ്ങളിൽ വോട്ട് വിലയ്ക്ക് വാങ്ങും.

കൊടിയ ക്രിമിനലുകളും രാജ്യദ്രോഹികളും വർഗ്ഗീയവാദികളും അഴിമതിക്കാരും ജനവിരുദ്ധഭരണം നടത്തുന്നവരും വീ‍ണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോൾ ഇന്ത്യൻജനാധിപത്യത്തിൽ നിന്നും എന്ത് പാഠമാണ് നാം പഠിക്കേണ്ടത്? ഇന്ത്യൻ ജനാധിപത്യം ഒരുപാട് വെല്ലുവിളികളെ നേരിടുന്നുണ്ട്  എന്നതു തന്നെ. നീതിപൂർവ്വകമല്ലാത്ത തെരഞ്ഞെടുപ്പുകളിലൂടെ ജയിച്ചു വരുന്നവരാണ് നല്ല്ലൊരു പങ്ക് ജനപ്രതിനിധികൾ. അവരെ ജനപ്രതിനിധികളെന്നു വിളിക്കാമോ? സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിലെ ജനങ്ങൾ പോലും പലപ്പോഴും നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പല തെരഞ്ഞെടുപ്പുഫലങ്ങളും തെളിയിച്ചിട്ടുണ്ട്.

തികച്ചും അർഹരല്ലാത്തവരെ തെരഞ്ഞെടുക്കുകയും അരഹരായവരെ അവഗണിക്കുകയും ചെയ്യുന്ന ജനവിധികൾ കേരളത്തിൽ പോലുമുണ്ടാകുന്നു. അപ്പോൾ വിദ്യാഭ്യാസം കൊണ്ടുമാത്രം പ്രബുദ്ധതയും വിവേകവും കൈവരില്ലെന്ന പാഠവും നമുക്ക് ലഭിക്കുന്നു. ജനങ്ങളെന്തായാലും തിരസ്ക്കരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നവർ വിജയിക്കുകയും ജനങ്ങളെന്തായാലും സ്വീകരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നവർ  പരാജയപ്പെടുന്നതുമായ അനുഭവങ്ങൾ കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിൽ  എത്രയെങ്കിലും ഉണ്ട്.  അപ്പോൾ നമ്മുടെ ജനാധിപത്യം ഇനിയും പരിപക്വമാകേണ്ടിയിരിക്കുന്നു. നമ്മുടെ ജനാധിപത്യം ഇനിയും ശക്തിപ്പെടേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നു പറഞ്ഞാൽ ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള കഴിവ് വർധിപ്പിക്കുക, നിർഭയമായി തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം സൃഷ്ടിക്കുക നീതിപൂർവ്വകമായ തെരഞ്ഞടുപ്പുകൾ എല്ലായിടത്തും ഉറപ്പു വരുത്തുക, ശരിയായ ജനാധിപത്യ വിദ്യാഭ്യാസം പൌരന്മാർക്കു നൽകുക എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. ഇക്കാര്യത്തിൽ നമുക്ക് ബഹുദൂരം ഇനിയും സഞ്ചരിക്കുവാനുണ്ട് എന്നു മാത്രം പറഞ്ഞ് തൽക്കാലം ഈ കുറിപ്പിന് വിരാമമിടുന്നു.        

Tuesday, December 17, 2013

രാജഭരണവും ജനാധിപത്യവും

രാജഭരണവും ജനാധിപത്യവും

വിവര ദോഷം പലതരം ഉണ്ടല്ലോ. ചില വിവരദോഷികളും അരാഷ്ട്രീയ വാദികളും  തൊട്ടടുത്തുള്ള ഏതെങ്കിലും പ്രാദേശിക ജന നേതാവിനോടുള്ള വല്ല ദ്വേഷ്യവും കാരണം പറയാറുണ്ട്. ഇവിടെ രാജ ഭരണം വരണം.എങ്കിലേ നാടു നന്നാവൂ എന്നും മറ്റും! രാജ ഭരണം സംബന്ധിച്ച് ചരിത്ര പുസ്തകങ്ങൾ വായിച്ചും പ്രായംചെന്നവർ പറഞ്ഞും നമ്മൾ പലതും മനസിലാക്കിയിട്ടുണ്ട്. അതിലൊന്ന് ഇവിടെ പറയാം. പണ്ട് ചില രാജാക്കൻ‌മാർ ഇന്ന് നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  ചെയ്യും പോലെ  പോലെ ജനസമ്പർക്കത്തിനിറങ്ങും.  പലർക്കും സമ്മാനങ്ങൾ നൽകും. സമ്പർക്കവഴിയിൽ വല്ല സുന്ദരിയെയും കണ്ടു മോഹിച്ചാൽ തിരിച്ച് കൊട്ടാരത്തിൽ പോയിട്ട് കിങ്കരന്മാർപക്ഷം കട്ടിൽ  കൊടുത്തുവിടും. ഈ കട്ടിൽ രാജ കിങ്കരൻ‌മാർ രാജാവിനിഷ്ടപ്പെട്ട സുന്ദരിയുടെ വീട്ടിൽ കൊണ്ടു ചെന്നിടും. താമസം വിനാ രാജാവും കട്ടിലിട്ട വീട്ടിൽ  എത്തും എന്നർത്ഥം. സുന്ദരി ആരുടെ മകളായാലും ഭാര്യയായാലും രാജാവിനു പ്രശ്നമല്ല. രാജാവിന്റെ ഇംഗിതം നടന്നിരിക്കും. ജാതിമത ഭേദമന്യേ ഇത്തരം കട്ടിലിടൽ പരിപാടി ആചരിച്ചിരുന്ന പല രാജാക്കന്മാരും ഉണ്ടായിരുന്നുവത്രേ! എന്നാൽ ഇന്ന്` അത് നടക്കില്ല. ഇന്ന് ഇവിടെ  ജനാധിപത്യ ഭരണമാണ്.

ഉമ്മൻ ചാണ്ടി ജന സമ്പർക്കപരിപാടി നടത്തും. എൽ.ഡി.എഫ് കരിങ്കൊടി കാണിയ്ക്കും. പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യും. (നാണമില്ലാത്തതുകൊണ്ട് ഉമ്മൻ ചാണ്ടി രാജിവയ്ക്കുന്നില്ലെന്നതൊക്കെ വേറേ കാര്യം). ജന സമ്പർക്ക പരിപാടിയും കരിങ്കൊടി പ്രതിഷേധവുമൊക്കെ അതാതിന്റെ വഴിയ്ക്ക് നടന്നെനും നടന്നില്ലെന്നും ഇരിക്കും. നടന്നാൽ അത് കഴിഞ്ഞ് ഉമ്മൻ ചാണ്ടി സെക്രട്ടറിയേറ്റിലേയ്ക്ക് പോകും. പ്രതിഷേധക്കാർ അവരവരുടെ വീടുകളിലേയ്ക്കും. മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ ചെന്നിട്ട് ജനസമ്പർക്കത്തിനു വന്ന ഒരു പ്രജയുടെയും വീട്ടിലേയ്ക്ക് കിങ്കരന്മാർ പക്ഷം കട്ടിലും കൊടുത്ത്  വിടില്ല. കാരണം ഇത് ജനാധിപത്യ ഭരണമാണ്. രാജാവ് അഥവാ മുഖ്യമന്ത്രി ഇവിടെ അവസാന വാക്കല്ല. പ്രജകളുടെ പ്രതിനിധി മാത്രമാണ്. രാജാവ് (മുഖ്യമന്ത്രി) തന്നെയും ഒരു പ്രജയാണ്. രാജ ഭരണം വരണമെന്ന് വാദിക്കുന്ന അരാഷ്ട്രീയ വാദികൾ ഇനി പറയൂ. ഇവിടെ ജനാധിപത്യം വേണോ? അതോ നിങ്ങളുടെ വീട്ടിലും “രാജകട്ടിൽ വരണോ?“ ( ഈയടുത്ത ദിവസങ്ങളിലെ ചിലരുടെ രാജഭക്തിയും രാജഭരണ വാഴ്ത്തലുകളും ഫെയ്സ് ബൂക്കിലും മറ്റും  വായിച്ചതിന്റെ പ്രതികരണം എന്ന നിലയിൽ എഴുതിപ്പോയതാണ്. ക്ഷമിക്കണമെന്നില്ല)