Showing posts with label സി.പി.ഐ.എം. Show all posts
Showing posts with label സി.പി.ഐ.എം. Show all posts

Friday, August 22, 2014

സി.പി.ഐ.എമ്മും വർഗ്ഗീയഫാസിസവും

സി.പി.ഐ.എമ്മും  വർഗ്ഗീയഫാസിസവും

ഭൂരിപക്ഷ വർഗ്ഗീയതയ്ക്കും അതുയർത്തുന്ന ഭീഷണികൾക്കും എതിരെ ഇപ്പോൾ വിലപിക്കുന്ന ചിലരോട് വിനീതമായി പറയാനുള്ളത്: കേരളത്തിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരെ ചെറുത്ത് നിൽക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനം സി.പി.ഐ.എം ആയിരുന്നു. ആശയപരമായും സ്വന്തം ജീവൻ നൽകിയുമൊക്കെ അവർ അത് ചെയ്തിട്ടുമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളുടെ കായിക ശേഷിക്കു മുന്നിൽ ഇവിടെ നിയമ സംവിധാനങ്ങൾ പോലും ഒന്നുമല്ലല്ലോ. അതിനെത്രയെത്ര അനുഭവങ്ങൾ! സി.പി.ഐ.എമ്മും ഇടതുപക്ഷവും രണ്ട് വർഗ്ഗീയതകളെയും എതിർക്കുമ്പോൾ, വരാനിരിക്കുന്ന അപകടങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകുമ്പോൾ, അതൊന്നുമായിരുന്നില്ലല്ലോ നിങ്ങൾക്ക് വലിയ കാര്യം. എന്നാൽ ഓരോ കാലത്തും പലകാരണങ്ങളാൽ സി.പി.ഐ.എമ്മിന് ഏൽക്കുന്ന ഓരോ തിരിച്ചടികളിലും സന്തോഷിച്ച് തുള്ളിച്ചാടു‌കയായിരുന്നില്ലേ നിങ്ങൾ?  

ഈ നിങ്ങൾ ആരാണെ‌ന്ന് നിങ്ങൾക്ക് മനസിലാകുന്നുണ്ടല്ലോ, അല്ലേ? സി.പി.ഐ.എമ്മുകാർക്ക് ഒരുപക്ഷെ, ഇനി ഒന്നേ നിങ്ങളോട് പറയാനുണ്ടാകൂ. നിങ്ങൾ ഇനി വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് കീഴ്പെട്ട് ജീവിച്ചു കൊള്ളുക. ഇപ്പോൾ രാജ്യത്തിന്റെ ഭരണസാരഥ്യം ഭൂരിപക്ഷമതരാഷ്ട്രവാദികളുടെ കൈകളിലാണെന്ന യാഥാർഥ്യബോധം ഉൾക്കൊള്ളാതിരിക്കാൻ ആകില്ലല്ലോ. സാങ്കേതികമായി അവരുടെ രഹ‌സ്യവും പരസ്യവുമായ അജണ്ടകൾ നടപ്പിലാക്കാനുള്ള അംഗീകാരമാണ് അവർക്ക് ലഭിച്ച ജനവിധി. ജനവിധി അംഗീകരിക്കേണ്ടത് ജനധിപത്യ മര്യാദയുമാണ്. ദേശീയ രാഷ്ട്രീയത്തിൽ സി.പി.ഐ.എം ഒന്നുമല്ലെന്നും, മൂന്നു സംസ്ഥാനങ്ങളിൽ (ഇപ്പോൾ രണ്ട്) മാത്രമുള്ള ഇത്തിരിപ്പോന്ന പാർട്ടിയല്ലേ നിങ്ങൾ എന്നും ഒ‌ക്കെ പറഞ്ഞ് പരിഹസിച്ചിരുന്നവരല്ലേ, നിങ്ങൾ? പശ്ചിമബംഗാളിൽ തൃണമൂൽ ഫാസിസ്റ്റുകളും മാവോയിസ്റ്റുകളൂം കൂടി സി.പി.ഐ.എമ്മുകാരെ കൊന്നൊടുക്കുമ്പോൾ, ഏറെ സന്തോഷിച്ചവരല്ലേ നിങ്ങൾ? ഇപ്പോഴും അവിടെ തൃണമൂലുകാർ സി.പി.ഐ.എം‌ കാരെ കൊന്ന് വംശനാശം വരുത്തിക്കൊണ്ടിരിക്കുന്നത് തുടരുമ്പോഴും നിങ്ങളുടെ സന്തോഷത്തിന് കുറവൊന്നുമുണ്ടാകില്ലല്ലോ, അല്ലേ? 

സി.പി.ഐ.എമ്മുകാർ ഒരു കാര്യം സമ്മതിക്കുന്നു. ദേശീയതലത്തിൽ ഭൂരിപക്ഷ‌വർഗ്ഗീയത ഉയർത്തുന്ന ഭീഷണികളി‌ൽ നിന്നോ അക്രമങ്ങളിൽ നിന്നോാ ആരെയും ഒറ്റയ്ക്ക് രക്ഷിക്കാൻ പറ്റുന്ന വിധത്തിൽ പാർട്ടിയ്ക്ക് വളരാനായിട്ടില്ല. അതിന് പലകാരണങ്ങളു‌ണ്ട് താനും. അതുകൊണ്ട് സി.പി.ഐ.എമ്മിനെ എതിർത്തും പരിഹസിച്ചും അതിനെ തകർക്കാൻ നടക്കുമ്പോൾ നിങ്ങൾ ആരിലൊക്കെയാണോ രക്ഷകരെ കണ്ടിരുന്നത്, അവരിൽത്തന്നെ നിങ്ങൾ അഭയം പ്രാപിച്ചുകൊള്ളുക. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾ എല്ലാം ഏറ്റവും പ്രധാനമയി ടാർജറ്റ് ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. അതുകൊണ്ട് അവർക്കിപ്പോൾ അവരെത്തന്നെ സംരക്ഷിക്കലും നില നിർത്തലുമാണ് പ്രധാനം. ആത്മരക്ഷയേക്കാൾ പ്രധാനമല്ലല്ലോ ആർക്കും ഒന്നും! 

എന്നിരുന്നാലും നിങ്ങൾക്ക് പശ്ചാത്താന്മോ കുറ്റബോധമോ സൽബുദ്ധിയോ തോന്നി (തോന്നാനിടയില്ല) പുനർ വിചിന്തനത്തിന് വല്ല ഉൾപ്രേരണയും സംഭവിക്കുന്നുവെങ്കിൽ സദയം അറിയിക്കാൻ മടിയ്ക്കേണ്ട. ചർച്ചയ്ക്കെടുക്കാൻ ശ്രമിക്കാം. ഉറപ്പൊന്നുമില്ല. അല്ലെങ്കിൽ നിങ്ങളുടെ എക്കാലത്തെയും രക്ഷകരിൽത്തന്നെ വിശ്വാസമർപ്പിച്ച് നിങ്ങൾ ജീവിച്ചുകൊള്ളൂ. അതിനുള്ള അവകാശം നിങ്ങൾക്കുണ്ട്. കമ്മ്യൂണിസ്റ്റുകാർ അവരുടെ കാര്യം നോക്കട്ടെ!

Tuesday, November 5, 2013

ഇനിയെന്ത് ലാവ്‌ലിൻ?

ഇനിയെന്ത് ലാവ്‌ലിൻ?
 
ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തോടുള്ള പ്രതികരണം എന്ന നിലയിൽ   ഞാൻ  2012 ജനുവരി 18-ന്  എന്റെ ബ്ലോഗിൽ  പ്രസിദ്ധീകരിച്ച  ലേഖനം സ. പിണറയി വിജയനെ ലാവ്‌‌ലിൻ കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ പുനർവായനയ്ക്കയി ഒന്നുകൂടി ലിങ്ക് ചെയ്യുന്നു. 

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ പോസ്റ്റിലെത്താം

Tuesday, September 11, 2012

ലാവ്‌ലിൻ കേസിൽ പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ

ലാവ്‌ലിൻ കേസിൽ  പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ


ലാവ്‌ലിൻ കേസിൽസ. പിണറായി വിജയനും, ജി.കാർത്തികേയനും  സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നു. പിണറായിക്കെതിരെ വന്ന സാക്ഷിമൊഴികൾ പച്ചക്കള്ളങ്ങളായിരുന്നുവെന്നും വ്യക്തമായിരിക്കുന്നു. ഈ കേസിനു പിന്നിൽ നിഗൂഢവും ഇപ്പോൾ സ്പഷ്ടവുമായ ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നുവെന്നത് വളരെ മുമ്പേതന്നെ വ്യക്തമായിട്ടുള്ളതാണ്. പിണറായി വിജയൻ എന്ന പേരു കേൾക്കുമ്പോഴേ ലാവ്‌ലിൻ ലാവ്‌ലിൻ എന്നു കുരച്ചു ചാടിയവർക്ക് ഇപ്പോൾ എന്തുണ്ട് പറയാൻ എന്നു ചോദിക്കുന്നില്ല. കാരണം നിലാവു കാണ്ട് കുരയ്ക്കുന്ന പട്ടികളെ വല്ലതും പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടു കാര്യമില്ലല്ലോ. അതുപോലെ തന്നെ പിണറായി വിരുദ്ധപ്രചാരകരുടെ കാര്യവും. പിണറായിയല്ല, ആത്യന്തികമായി സി.പി.ഐ.എം ആണല്ലോ അക്കൂട്ടരുടെ ലക്ഷ്യം. ലാവ്‌ലിൻ കേസിൽ പിണറായിക്കും സി.പി.ഐ.എമ്മിനും എതിരെ തുടർകഥകൾ എഴുതിയ മാധ്യമ സിൻഡിക്കേറ്റുകളോട് നിങ്ങൾ  നൽകിയ ലാവ്‌ലിൻ കഥകൾ തെറ്റായിപ്പോയി എന്ന് സമ്മതിച്ചു ക്ഷമാപണം ചെയ്യുമോ എന്നും ചോദിക്കുന്നില്ല. കാരണം അവരെ സംബന്ധിച്ചും രാത്രിയും നിലാവുമൊക്കെത്തന്നെ പ്രശ്നം.  

സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ പൊതു ജിവിതത്തിനുമേൽ യതൊരടിസ്ഥാനവുമില്ലാതെ അഴിമതിയാരോപണത്തിന്റെ ചെളിവാരിയെറിഞ്ഞ് ജനങ്ങൾക്കിടയിൽ ഇക്കാലമത്രയും സംശയത്തിന്റെ നിഴലിൽ നിർത്തിയ ഈ സിൻഡിക്കേറ്റുകൾക്ക് പിണറായിയുടെ മാനം തിരിച്ചു നല്കാനാകുമോ? സത്യ സന്ധമായി വാർത്ത നൽകിയതിന്റെ പേരിൽ പത്ര പ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും പേരിൽ കള്ളക്കേസെടുക്കുന്ന നിലവിലെ സർക്കാർ കഴിഞ്ഞ എത്രയോ നാളുകളായി പിണറായിക്കെതിരെ നുണവാർത്തകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ആ നുണപത്രക്കാർക്കെതിരെ  കേസെടുക്കുമോ? ആളുകളെ വ്യക്തിഹത്യ ചെയ്ത് അവരുടെ പൊതുജീവിതത്തെയും രാഷ്ട്രീയ ഭാവിയെയും തകർക്കാനും കാശിനു വേണ്ടി കള്ളക്കേസുകൾ ഉണ്ടാക്കി നടത്താനും ശ്രമിക്കുന്ന ശല്യക്കാരായ വ്യവഹാരികൾക്കും അതിനു പിന്നിൽ ഗൂഢാലോചന നടത്തുന്നവർക്കുമെതിരെ ബഹുമാനപ്പെട്ട നീതിപീഢം സ്വമേധയാ കേസെടുക്കേണ്ടതാണ്. കള്ളസാക്ഷി പറഞ്ഞവർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ലാവ്‌ലിൻ കേസിൽ ശിക്ഷിക്കപ്പെട്ട് പിണറായി വിജയൻ ജയിലിൽ പോകുന്ന സ്വപ്നം പേറി നടക്കുന്നവർക്ക് ആ സ്വപ്നലഹരിയിൽ നിന്ന് അത്രവേഗം മുക്തരാകാൻ കഴിയില്ല. കോൺഗ്രസിനും യു.ഡി.എഫിനും  പലപ്പോഴായി   പല രാഷ്ട്രീയ നേട്ടങ്ങളും ഉണ്ടാക്കിക്കൊടുത്തിട്ടുള്ള ഒന്നാണ് കെട്ടിച്ചമയ്ക്കപ്പെട്ട ലാവ്‌ലിൻ കേസ്.  രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി രാജ്യത്തെ നിയമ വ്യവസ്ഥയെയും നീതിന്യായ വ്യവസ്ഥയെയും ദുരുപയോഗം ചെയ്തതിന് അവരെയും ഉചിതമായ നിയമ നടപടികൾക്ക് വിധേയമാക്കേണ്ടതാണ്. അഴിമതിയ്ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സി.പി.ഐ.എമ്മിനെ പ്രതിരോധിക്കുവാൻ ഇക്കാലമത്രയും ഉപയോഗിച്ച ഒരായുധമായിരുന്നു ലാവ്‌ലിൻ കേസ്. പക്ഷെ അതുകൊണ്ടൊന്നും സി.പി.ഐ.എമ്മിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്കു തടയിടാൻ കഴിയില്ലെന്ന യാഥാർത്ഥ്യം എതിരാളികൾ മനസിലാക്കണം. ഇതുപോലെ നൂറു നൂറ് കള്ളക്കേസുകൾ കെട്ടിച്ചമയ്ച്ചാലും സംശുദ്ധരാഷ്ട്രീയം  എന്ന മുദ്രാ വാക്യം ഉയർത്തുന്ന സി.പി.ഐ.എം അഴിമതിപ്പാർട്ടികളുടെ കണ്ണിലെ കരടായി തന്നെ തുടരും. സി.പി.ഐ.എമ്മിനെ കേരളത്തിൽ നിന്നും കെട്ടുകെട്ടിച്ച് അഴിമതിപാർട്ടികളുടെ മുന്നണികൾക്കും  വർഗീയ ഭീകര  സംഘങ്ങൾക്കും ഇവിടെ സർവ്വാധിപത്യം പുലർത്താം എന്ന മോഹം അതിമോഹമാണ് ദിനേശന്മാരേ എന്നു മാത്രമാണ് പറയാനുള്ളത്. വർഗീയതയ്ക്കും അഴിമതിയ്ക്കും ശക്തമായ പ്രതിരോധം തീർത്ത് സി.പി.ഐ.എം നേതൃത്വം നൽകുന്ന ഒരു ശക്തമായ ഇടതുപക്ഷം ഇവിടെ ഒരു ശാശ്വത സത്യമായി തുടരും. ഇതിനിടയിൽ ഭരണമൊക്കെ വന്നും പോയുമിരിക്കും. അതിലൊന്നും വലിയ കാര്യമില്ല. ആത്യന്തിക വിജയം നന്മയുടെ പക്ഷത്തിനു തന്നെയായിരിക്കും.

Thursday, August 2, 2012

കേരളത്തെ അശാന്തമാക്കുന്ന യു.ഡി.എഫ് ഭരണം

കേരളത്തെ അശാന്തമാക്കുന്ന യു.ഡി.എഫ് ഭരണം

കേരളത്തിൽ സി.പി.ഐ.എം ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നതിനുള്ള ഒരു പോരാട്ടത്തിനു നിർബന്ധിതമായിരിക്കുകയാണ്. ഇവിടെ ഇപ്പോൾ ഭരണം കൈയ്യാളുന്ന യു.ഡി.എഫും സഹജമായ ഇടതുപക്ഷവിരുദ്ധത അലങ്കാരമായി കൊണ്ടുനടന്ന് ആഘോഷിക്കുന്ന  ഒരു കൂട്ടം മാധ്യമങ്ങളും ചേർന്ന് സി.പി.ഐഎമ്മിനെതിരെ നടത്തുന്ന ഗൂഢനീക്കങ്ങളും ദുഷ്‌പ്രചരണങ്ങളുമാണ് സി.പി.ഐ എമ്മിന് ശക്തമായി പ്രതിരോധിക്കേണ്ടി വന്നിരിക്കുന്നത്. സി.പി.ഐ.എം എന്നാൽ അക്രമത്തിന്റെയും  സകല തിന്മകളുടെയും പ്രതിരൂപമാണ് എന്നു വരുത്തിത്തീർക്കുവാൻ മാധ്യമസഹായത്തോടെ ഇവിടെ കോൺഗ്രസ്സും കോൺഗ്രസ്സിനെ  ഭരിക്കുന്ന മുസ്ലിം ലീഗും ഉൾപ്പെടുന്ന യു.ഡി.എ.എഫുകാർ  ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറെക്കാലമായി ഏറെക്കുറെ  സമാധാനപരമായ ഒരു രാഷ്ട്രീയാന്തരീക്ഷം കേരളത്തിൽ നില നിൽക്കുകയായിരുന്നു. പൊതുവെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് ദുഷ്പേരുണ്ടായിരുന്ന കണ്ണൂർ പോലും മുൻകാലങ്ങളെ അപേക്ഷിച്ച് സമാധാനപരമായ ഒരു അന്തരീക്ഷത്തിലേയ്ക്ക് മാറിവരികയായിരുന്നു. അവിടെ അക്രമങ്ങൾ പലതും  പരമ്പരാഗത സ്വഭാവം പോലെയും പരസ്പരബന്ധിതമായ തുടർക്കഥകൾ പോലെയുമായതിനാൽ വളരെ വേഗം സമാധാനത്തിലേയ്ക്കു പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നിട്ടുകൂടിയും അവിടെ ഒരുവിധം സമധാനപരമായ രാഷ്ട്രീയാന്തരീക്ഷം  കൈവരികയായിരുന്നു. 

വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിൽ അക്രമോത്സുകമായ രാഷ്ട്രീയം ഏറെക്കുറെ അപ്രത്യക്ഷമായതാണ്. കൂടുതൽ ജനാധിപത്യബോധമുൾക്കൊണ്ട ഒരു രാഷ്ട്രീയ പ്രവർത്തന ശൈലിയിലേയ്ക്ക് കേരളം പുരോഗമിക്കുകയായിരുന്നു. എന്നാൽ ഇതിനെ ബോധപൂർവ്വം അട്ടിമറിക്കാനും കേരളത്തെ വീണ്ടും രാഷ്ട്രീയ സംഘർഷാവസ്ഥ നിറഞ്ഞ അശാന്തമായ സ്ഥിതി വിശേഷങ്ങളിലേയ്ക്ക് തള്ളി വിടാനും യു.ഡി.എഫ് സർക്കാർ ബോധപൂർവ്വം പരിശ്രമിക്കുകയാണ്. മന:പൂർവ്വം പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണ്.  വീണുകിട്ടിയ ഒന്നു രണ്ട് കൊലക്കേസുകളെ സി.പി.ഐ.എമ്മിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് യു.ഡി.എഫ്. ഇപ്പോൾ ചെയ്യുന്നത്. ഇന്നലെ സി.പി.ഐ.എം കണ്ണൂർ  ജില്ലാ സെക്രട്ടറി പി.ജയരാജനെ  ഷുക്കൂർ വധക്കേസിൽ പ്രതിപ്പട്ടികയിൽപെടുത്തി അറസ്റ്റുചെയ്ത് റിമാൻഡിലാക്കിയത് ഉണ്ടാക്കിയ പ്രകോപനം കേരളത്തെ ശക്തമായ പ്രതിഷേധത്തിലേയ്ക്കാണു തള്ളിവിട്ടിരിക്കുന്നത്. ഇന്ന് സി.പി.ഐ.എം അഹ്വാനം ചെയ്ത ഹർത്താലായിരുന്നു. ഇപ്പോൾ സി.പി.ഐ.എം പ്രവർത്തകർക്കും നേതാക്കൾക്കും എതിരേ നടക്കുന്ന പോലീസ് അതിക്രമങ്ങളും കളളക്കേസുകളും  രാഷ്ട്രീയ പ്രേരിതമാണ്. കേസുകൾ തെളിയിക്കനോ യഥാർത്ഥ പ്രതികളെ കണ്ടു പിടിച്ച് നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ അല്ല ഈ സർക്കാർ ശ്രമിക്കുന്നത്. രാഷ്ട്രീയമായി സി.പി.ഐ.എമ്മിനെ വേട്ടയാടാനാണ്. ഭരണപക്ഷത്തിന് ഒരു നീതിയും  പ്രതിപക്ഷത്തിനു മറ്റൊരു നീതിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഗുരുതരമായ കുറ്റം ആരോപിക്കപ്പെട്ട യു.ഡി.എഫ് നേതാക്കൾക്കെതിരെ ഒരു പെറ്റിക്കേസുപോലും ഇല്ല. 

ഇത്തരം പ്രകോപനങ്ങളിലൂടെ  നാട്ടിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ ബാദ്ധ്യസ്ഥമായ ഭരണകൂടംതന്നെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി സംഘർഷങ്ങൾക്ക് വഴിമരുന്നിടുകയാണ്. ഇതിന്റെ പിന്നിൽ സി.പി.ഐ.എമ്മിനെ തകർക്കുക എന്ന ഒരു ലക്ഷ്യം മാത്രമല്ല ഉള്ളത്. സി.പി.ഐ.എമ്മിനെയും അതിന്റെ അണികളെയും പ്രവർത്തകരെയും ബുദ്ധിമുട്ടിലാക്കുകവഴി  അവർക്ക് വേറെയും ചിലതൊക്കെ  നേടാനുണ്ട്. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കണം. സി.പി.ഐ.എം അക്രമ സംഘടയാണെന്ന് തെറ്റിദ്ധാരണ വളർത്തി വീണ്ടും തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വരണം. ബംഗാളിൽ സി.പി.ഐ.എമ്മിനുണ്ടായ തിരിച്ചടിയിൽ ആവേശമുൾക്കൊണ്ടാകണം ഇവിടെയും സി.പി.ഐ.എമ്മിനെ തകർത്തുകളയാം എന്ന മോഹം അവർക്കുണ്ടായത്. സി.പി.ഐ.എമ്മിനെതിരെ അക്രമരാഷ്ട്രീയം ആരോപിച്ച് കോൺഗ്രസ്സും ലീഗും മറ്റ് ചില ഹിന്ദു മുസ്ലിം ഫാസിസ്റ്റുകളും മറ്റും നടത്തുന്ന അക്രമങ്ങളെ മൂടിവയ്ക്കുവാനുള്ള ഗുഢശ്രമവും ഇതിനു പിന്നിലുണ്ട്. എല്ലാ അക്രമങ്ങളും നടത്തുന്നത് സി.പി.ഐ.എം ആണെന്നു സ്ഥാപിക്കുക വഴി മറ്റുള്ളവരെയെല്ലാം അക്രമരഹിത മാർഗ്ഗം സ്വീകരിക്കുന്നവരെന്നു വരുത്തിത്തീർക്കാനാണ് മാധ്യമസഹയാത്തോടെ വിശാല സി.പി.ഐ.എം  വിരുദ്ധ ഐക്യവേദി ശ്രമിക്കുന്നത്.

വീണു കിട്ടിയ രണ്ടു കൊലക്കേസുകൾ വച്ചാണ് സി.പി.ഐ.എമ്മിനെതിരെ യു.ഡി.എഫും, സി.പി.ഐ.എം വിരുദ്ധ മാധ്യമങ്ങളും മറ്റ് പാർട്ടിവിരുദ്ധരും കളിക്കുന്നത്. ശാസ്തീയമായ അന്വേഷണം എന്ന പേരു പറഞ്ഞ് കേരളത്തിലെ ഭരണകൂടം നൽകുന്ന ലിസ്റ്റ് അനുസരിച്ച് സി.പി.ഐ.എം നേതാക്കളെ കേസിൽ കുടുക്കുകയാണ്. വ്യക്തമായ യാതൊരു തെളിവുകളുമില്ലാതെ നേതാക്കളുടെ പേരിൽ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് ജാമ്യം കിട്ടാത്ത വകുപ്പുകളിട്ട്  കേസെടുക്കുന്നു. മിണ്ടി, മിണ്ടിയില്ല, ഫോൺ ചെയ്തു, ഫോൺ അറ്റൻഡ് ചെയ്തു, അറിഞ്ഞു, പറഞ്ഞില്ല, അറിയാൻ ശ്രമിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണത്രേ ശാസ്ത്രീയാന്വേഷണങ്ങളിലൂടെ പുറത്തുവന്ന ഗുരുതരമായ കുറ്റങ്ങൾ! ഏതു കേസുലും ആർക്കും ആരെ പറ്റിയും വഴി പോക്കർക്കു പറഞ്ഞു പരത്താവുന്ന ബാലിശമായ വാദങ്ങളുയർത്തി സി.പി.ഐ.എം നേതാക്കളെ കുറ്റവാളികളാക്കി ജയിലിലടയ്ക്കുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധമുയരുമ്പോൾ അത് പടില്ല, നിയമപരമായി നേരിടണമെന്നത്രേ യു.ഡി.എഫ് ഭരണകൂടവും ചില  മാധ്യമ പുംഗവന്മാരും പറയുന്നത്. ചുമ്മാ പോകുന്നവരെ പിടിച്ച് യാതൊരു തെളിവുകളുമില്ലാതെ ഏതെങ്കിലും കുറ്റം ചാർത്തിയിട്ട് പോയി നിയമപരമായി നേരിടൂ എന്നുപറയുന്നത് എവിടുത്തെ ന്യായമാണാവോ! ഭരണമുള്ളപ്പോൾ പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ്സ് എക്കാലത്തും അനുവർത്തിച്ചുപോരുന്ന ഒന്നായിരുന്നു. എന്നാൽ ഇത് പിന്നെ തിരിച്ചും പണികിട്ടും എന്നു ബോധ്യപ്പെട്ടപ്പോൾ ആന്റണിയുടെ രണ്ടാം ഭരണകാലം മുതൽ ഈ ഒരു രീതി  ഇരു മുന്നനികളും ഏറെക്കുറെ ഉപേക്ഷിച്ചതാണ്. എന്നാൽ ഇപ്പോൾ ഉമ്മൻ ചാണ്ടി ഗവർണ്മെന്റ്  ഭരണപക്ഷ അഹങ്കാരം എന്ന പഴയ രീതി പുന:സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.

ഇന്ന് കേരളത്തിലുണ്ടായ ഹർത്താലും മറ്റ് അനിഷ്ട സംഭവങ്ങൾ വല്ലതും ഉണ്ടായിട്ടുണ്ടെങ്കിൽ അതിനൊക്കെയും ഉത്തരവാദി യു.ഡി.എഫ് സർക്കാർ മാത്രമാണ്. കേരളത്തിൽ ശക്തമായ ജനകീയാടിത്തറയുള്ള സി.പി.ഐ.എമ്മിനെ പോലെ ഒരു പാർട്ടിക്കെതിരെ വിവേകപൂർവ്വമല്ലാത്ത ഭരണകൂട അക്രമങ്ങൾ ഉണ്ടായാൽ നിയമസമാധാനത്തിന്റെ പേരു പറഞ്ഞ് കൈയ്യും കെട്ടിനോക്കി നിൽക്കുവാൻ പാർട്ടി അണികൾ തയ്യാറായെന്നു വരില്ല. അവരെ നിയന്ത്രിക്കാൻ  നേതാക്കളുടെ കൈയ്യെത്താവുന്ന അകലത്തിലായിരിക്കില്ല എപ്പോഴും പാർട്ടി അണികൾ.  അതിന്റെ ഫലം അനുഭവിക്കുന്നത് കേരളീയ സമൂഹം മൊത്തത്തിലായിരിക്കും. അല്ലാതെ സി.പി.ഐ.എമ്മുകാർ മാത്രമായിരിക്കില്ല. രാഷ്ട്രീയ മായി ഒരു പ്രസ്ഥാനത്തിനെതിരെ പ്രകോപനമുണ്ടാക്കുന്നത് ഒരു വിവേകമുള്ള ഭരണകൂടത്തിന്റെ ലക്ഷണമല്ല. എല്ലായ്പോഴും ഭരണം കൂടെയുണ്ടാകില്ലന്ന് ഇക്കാലമത്രയും ചരിത്രപാഠം പഠിച്ചിട്ടും യു.ഡി.എഫുകാർക്ക് മനസിലായിട്ടില്ലെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ. അതും തട്ടിമുട്ടി അധികാരത്തിൽ വന്ന ഈ ഭരണ കാലത്ത്! സി.പി.ഐ.എമ്മിനെതിരെ നടക്കുന്ന ദുഷ്‌പ്രചരണങ്ങളും  കള്ളക്കേസുകളും കണ്ട്  സന്തോഷം കൊള്ളുന്നവർക്കും ഹർത്താലും മറ്റ് പ്രതിഷേധ മാർഗ്ഗങ്ങളും കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമ്പോൾ അവർതന്നെ ഭരണകൂട നടപടികൾക്കെതിരെ പ്രതികരിച്ചു തുടങ്ങും. അതുകൊണ്ടാണ് ഭരണകൂടത്തിനു വിവേകം വേണമെന്നു പറയുന്നത്. ഒരു നിരോധനാജ്ഞകൊണ്ടൊന്നും അടിയന്തിരാവസ്ഥയിൽ ഒലിച്ചുപോകാത്ത പ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന് സാമാന്യയുക്തികൊണ്ട് ആർക്കും തിരിച്ചറിയാവുന്നതേയുള്ളൂ. രാഷ്ട്രീയത്തെ പറ്റി ഒന്നുമറിഞ്ഞു കൂടാത്ത എറാൻ മൂളികളായ ഐ.പി.എസുകാരെ വച്ച്  രാഷ്ട്രീയം കളിച്ചാൽ അതിന്റെ ഫലം ബ്യൂമറാങു പോലെ തിരിച്ചുവന്ന് തങ്ങളുടെ മുഖത്തുതന്നെ തറയ്ക്കുമെന്ന് ഉമ്മൻ ചാണ്ടിയും കൂട്ടരും മനസിലാക്കിയാൽ നന്ന്. ഭരിക്കുന്നതിപ്പോൾ ലീഗാണെങ്കിലും ഉത്തരവാദിത്വങ്ങൾ എല്ലാം ഉമ്മൻ ചാണ്ടിയും  കോൺഗ്രസ്സുമായിരിക്കും ഏറ്റെടുക്കേണ്ടി വരിക എന്നതും ഓർത്താൽ നന്ന്. സി.പി.ഐ.എം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കള്ളക്കേസുകൾ എടുത്ത് പ്രകോപനങ്ങളുണ്ടാക്കി കേരളം സംഘർഷഭരിതമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള യു.ഡി.എഫിന്റെ  ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള ഈ പ്രതിഷേധക്കുറിപ്പ് തൽക്കാലം ചുരുക്കുന്നു. 

Sunday, July 22, 2012

വി.എസിനു പരസ്യശാസനമാത്രം

വി.എസിനു പരസ്യശാസനമാത്രം

നിർണ്ണായകമായ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും സമാപിച്ചു. വി.എസ്. അച്യുതാനന്ദനെതിരെ  കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കുമെന്നും സി.പി.ഐ.എം ഇല്ലാതാകുമെന്നും  ആഗ്രഹിച്ചവർക്കും  അങ്ങനെ പ്രചരിപ്പിച്ചവർക്കും  ഇതൊരു തിരിച്ചടിയാണ്.  ഇനിയും അത്തരക്കാർ കാത്തുതന്നെ ഇരിക്കണം. പ്രതീക്ഷ കൈവിടരുത്. ആഗ്രഹിക്കാനുള്ള അവകാശം  എല്ലാവർക്കുമുണ്ട്. ആഗ്രഹങ്ങളാണല്ലോ മനുഷ്യനു ജീവിക്കാനുള്ള പ്രചോദനം തന്നെ. വി.എസിനെ മുൻനിർത്തി ചില  മാധ്യമങ്ങളടക്കം  പാർട്ടിയുടെയും ചില സി.പി.ഐ.എം നേതാക്കളുടെയും  ശത്രുക്കൾ (അങ്ങനെ കാണുന്നവർ)   സി.പി.ഐ.എമ്മിനെ തകർക്കാനുള്ള ശ്രമങ്ങൾ ഇതോടെ അവസാനിച്ചുവെന്നൊന്നും കരുതേണ്ടതില്ല. വി.എസ് അതിനു നിന്നു കൊടുക്കുന്നിടത്തോളം അത് ഇനിയും തുടരുകതന്നെ ചെയ്യും. അതവിടെ നിൽക്കട്ടെ.

ഈയുള്ളവൻ വി.എസിന്റെ ചില നിലപാടുകളെയും സമീപനങ്ങളെയും പ്രവർത്തികളെയും വിമർശിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ  ഇനിയും വിമർശിച്ചെന്നിരിക്കും. എന്നാൽ അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന എല്ലാ ആശയങ്ങളും തെറ്റാണെന്ന് കരുതിയിട്ടില്ല. മറിച്ച് ചില നേതാക്കളോടുള്ള വ്യക്തി വിദ്വേഷങ്ങളെ മുൻനിർത്തി സ്വന്തം പ്രസ്ഥാനത്തെയും അതിന്റെ പൊതുവായ  താല്പര്യങ്ങളെയും തീരുമാനങ്ങളെയും കണക്കിലെടുക്കാതെ പാർട്ടി ശത്രുവിനെ പോലെ പെരുമാറുന്നതുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തെ പരസ്യമായി തന്നെ വിമർശിക്കേണ്ടി വന്നിട്ടുള്ളത്. അദ്ദേഹത്തിനു പരസ്യ വിമർശനങ്ങൾ ആകാമെങ്കിൽ നമുക്കും അതാകാമല്ലോ. പാർട്ടി നിലപാടുകൾക്കെതിരെ ആരെങ്കിലും പരസ്യമായി ഒരു അഭിപ്രായം പറയുന്നതിനെ അത്ര തെറ്റായ കാര്യമായി ഈയുള്ളവൻ കരുതുന്നില്ല എന്നുകൂടി പറയട്ടെ.

പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കുവാനുള്ള ചുമതല എല്ലാ പാർട്ടി അംഗങ്ങൾക്കും ഉണ്ട്. എന്നാൽ വ്യത്യസ്ത നിലപാടുകൾ ഉണ്ടെങ്കിൽ അത് ഒന്നു പരസ്യമായി പറഞ്ഞു പോയി എന്നുവച്ച് വലിയ അപകടമൊന്നുമില്ല. പക്ഷെ അത് പാർട്ടി എടുക്കുന്ന തീരുമാനങ്ങളും പരിപാടികളും നടപ്പിലാക്കിക്കൊണ്ടുതന്നെയാകണം പറയേണ്ടത്. പാർട്ടി നിലപാടുകളുടെ തെറ്റും ശരിയും പിന്നീടാണ് ബോദ്ധ്യപ്പെടുക. അപ്പോൾ  പാർട്ടിയ്ക്ക് തെറ്റുപറ്റിയാൽ പാർട്ടി തിരുത്തണം. വ്യക്തിയ്ക്ക് തെറ്റു പറ്റിയാൽ വ്യക്തി തിരുത്തണം. പാർട്ടിയ്ക്ക് അതീതനാകാനോ പാർട്ടിയ്ക്ക് മീതേ പറക്കാനോ ശ്രമിക്കുന്നത് ഒരു ഉത്തമ കമ്മ്യൂണിസ്റ്റിനു ചേർന്നതല്ല. വ്യക്തി താല്പര്യങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും കുറച്ചൊക്കെ മാറ്റിവച്ചുകൊണ്ടു മാത്രമേ ഏതൊരു പ്രസ്ഥാനത്തിലും ആർക്കും പ്രവർത്തിക്കനാകൂ.

ഞാൻ പറഞ്ഞുവന്നത് അതൊന്നുമല്ല. പരമാവധി പാർട്ടിയിൽ നിന്ന് ആരെയും പുറത്താക്കാതെ അകത്തു നിർത്തി തന്നെ പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നതാണ് ഈയുള്ളവന്റെ നിലപാട്. പരമാവധി ആരെയും പുറത്താക്കരുത്. വല്ല കൊലപാതകമോ  സ്ത്രീപീഡനമോ ഗുരുതരമായ ധനാപഹരണമോ മറ്റോ നടത്തുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കാം. ഇനി കുറ്റം ഏതാണെങ്കിലും ശിക്ഷയേറ്റുവാങ്ങി  തെറ്റുതിരുത്തി പാർട്ടിയെ അംഗീകരിച്ച്  ഒരു നല്ല മനുഷ്യനായി വന്നാൽ അവരെ പാർട്ടിയിൽ തിരിച്ചെടുക്കണം. പ്രത്യേകിച്ചും കൊലപാതകം,   സ്ത്രീ‍പീഡനം, ഗുരുതരമായ ധനാപഹരണം, മോഷണം, പിടിച്ചുപറി,  മുതലായവയൊഴിച്ച് എന്തെങ്കിലും ആശയപരമായോ മറ്റോ ഉള്ള  അഭിപ്രായ വ്യത്യാസങ്ങളുടെയോ സംഘടനാപരമായ  ഏതെങ്കിലും തീരുമാനങ്ങളിലുള്ള അതൃപ്തികളുടെയോ ഫലമായി പോകുന്നവരൊക്കെ തെറ്റുതിരുത്തി മടങ്ങിവന്നാൽ സ്വീകരിക്കണം.

ഇപ്പോൾ വി. ബി. ചെറിയാനും മറ്റും പാർട്ടിയിലേയ്ക്ക് അടുക്കുന്നത് നല്ല സൂചനയാണ്. ഗൌരിയമ്മയിലും മാനസാന്തരം കാണുന്നുണ്ട്. സി.എം.പിയ്ക്കും മനം മാറ്റം ആകാം. കാലാകാലങ്ങളിൽ പാർട്ടി വിട്ടുപോയവരെ മടക്കിക്കൊണ്ടു വരാൻ ശ്രമിക്കുന്നത് നല്ലതാണ്. കലാകാലങ്ങളിൽ ഏതെങ്കിലും അച്ചടക്ക ലംഘനത്തിന്റെ പേരിൽ  നടപടിയ്ക്ക് വിധേയമാകുന്നവർക്ക് പിന്നീട് തെറ്റു തിരുത്തി മടങ്ങിവരാനുള്ള സാഹചര്യം ഉണ്ടാകണം.( ചിലകുറ്റങ്ങൾ പൊറുത്തുകൂടാത്തതാകാറുണ്ടെന്നത് കാണാതെയല്ല). സി.പി.ഐ.എമ്മിൽ നിന്ന് ഒരിക്കൽ പുറത്തുപോകുന്നവർക്ക് പിന്നീട് ഒരിക്കലും പാർട്ടിയിലേയ്ക്ക് മടങ്ങി വരാനാകില്ലെന്ന സ്ഥിതി മാറണം.  

ഇന്നിപ്പോൾ  വി.എസ് അച്യുതാനന്ദൻ വിഷയത്തിൽ അടക്കം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഔദ്യോഗികമായി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയ്ക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളും മറ്റു ചില നടപടികളും പാർട്ടി അച്ചടക്കത്തിനു നിരക്കുന്നതല്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ. വി.എസിനെ പരസ്യമായി ശാസിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. വി.എസ് പാർട്ടിയ്ക്ക് നൽകിയ സേവനങ്ങളും പാർട്ടിയിൽ അദ്ദേഹത്തിനുള്ള പ്രാധാന്യവും കണക്കിലെടുത്ത് കടുത്ത നടപടികൾ ഒന്നും ഉണ്ടായില്ല. വി.എസ് തനിക്കു പറ്റിയ തെറ്റുകൾ സ്വയം വിമർശനപരാമായി കേന്ദ്ര കമ്മിറ്റിയിൽ സമ്മതിച്ചിട്ടുമുണ്ട്.  മറിച്ച് വി.എസ് കടുത്ത നടപടി വാങ്ങി പുറത്തുവന്ന് പാർട്ടിയുണ്ടാകുമ്പോൾ അതിൽ ചേരാനിരുന്ന ചില മാധ്യമ പുംഗവന്മാരും  ചാനൽ വീരന്മാരും നിരാശരായി. ഇനിയും അവർ വി.എസിനെ ചെത്തമരത്തിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കും. അതിൽ വി.എസ് പെട്ടു പോകാതിരുന്നാൽ പാർട്ടിയ്ക്കും വി.എസിനും നല്ലത്.

വി.എസിന്റെ പോരാട്ടങ്ങൾ അദ്ദേഹം തുടരട്ടെ. അത് പാർട്ടിയുടെ  ഏതെങ്കിലും നേതാക്കളെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയും  പാർട്ടിയെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടും പാർട്ടിയെ നശിപ്പിക്കും വിധത്തിലും ആകരുത് എന്നാണ് പാർട്ടിയെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നത്. ഫൈറ്റ് എല്ലാം കഴിയുന്നത്ര പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ നടത്താവുന്നതേയുള്ളൂ.  അതിനുള്ള ജനാധിപത്യമൊക്കെ പാർട്ടിയ്ക്കുള്ളിൽ ഉണ്ട്.  അത്യാവശ്യം പരസ്യപ്രസ്താവനയൊക്കെ നടത്താമെന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിന് എത്ര സ്വീകാര്യത ലഭിക്കും എന്നത് വേറെ കാര്യം. കോൺഗ്രസിനോളം അൺലിമിറ്റഡ് ജനാധിപത്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്വീകരിക്കനാകില്ലെങ്കിലും  കാലത്തിനനുസരിച്ച് കുറച്ചുകൂടി ജനാധിപത്യം സി.പി.ഐ.എമ്മിൽ ആകാം. അതുകൊണ്ട് പാർട്ടി തകരുകയൊന്നുമില്ല. അപ്പോൾ പിന്നെ പരസ്യപ്രസ്താവനകളുടെ പേരിൽ നടപടികളും വേണ്ടി വരില്ല. 

Friday, March 9, 2012

ഇതാ ഒരു വർഗ്ഗവഞ്ചകൻ, സെൽ‌വരാജ്!

ഇതാ വർഗ്ഗ വഞ്ചനയുടെ ആൾ‌രൂപം

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമായ ശെൽ‌വരാജ്  എം.എൽ.എ സ്ഥാനം രാജിവച്ചു. വെൽഡൺ സെൽ‌വരാജ്! താങ്കൾക്ക് സലാം.ഇതുവരെ നിന്ന പാർട്ടി വിടാനും മറ്റൊരു പാർട്ടിയിൽ പോകാനും താങ്കൾക്ക് എല്ലാവിധ സ്വാതന്ത്ര്യമുണ്ട്. എപ്പോഴാണ് ഒരാളുടെ മനസ്സ് മാറുന്നതെന്നും എന്താണ് അതിനു കാരണവും പ്രലോഭനവുമാകുന്നതെന്നും ആർക്കും പറയാൻ കഴിയില്ലല്ലോ. താങ്കൾ ഇപ്പോൾ പോയതുതന്നെ നല്ലത്. ഇല്ലെങ്കിൽ ഒരു പക്ഷെ ഇതിനേക്കാൾ വലിയ അപകടങ്ങൾ പാർട്ടിയ്ക്കും പാർട്ടി സഖാക്കൾക്കും സംഭവിച്ചേനേ.അത്രയ്ക്കും ക്രൂരനാണു നിങ്ങൾ.  ഞങ്ങൾ ആശ്വാസം കൊള്ളുന്നു. ഇപ്പോഴെങ്കിലും പോയല്ലോ. ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നത്ര ക്രൂരമായ  മാനസികാവസ്ഥയുള്ള താങ്കളെ പോലെ ഒരാൾ എത്രയോ നേരത്തേ പോകേണ്ടതായിരുന്നു. അതിൽ പാർട്ടിയ്ക്ക് തെറ്റുപറ്റി. താങ്കളെ ശരിക്ക് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ.

പാർട്ടിയിൽ ഇത്തരം വർഗ്ഗവഞ്ചകർ ഇനിയുമുണ്ടോയെന്ന് ഒരു പരിശോധന ആവശ്യമാണോയെന്ന്  സംശയിക്കാൻ ഈ സംഭവം പ്രേരിപ്പിക്കുന്നുണ്ട്. കാരണം അത്ര നിഗൂഢമായിട്ടാണല്ലോ ഇയാളുടെ രാജിനീക്കം നടന്നിരിക്കുന്നത്. ഉത്തരേന്ത്യയിലെ രാഷ്ട്രീയ നെറികേടുകൾ കേരളത്തിലേയ്ക്ക് പകർത്താൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ (എന്ന് ധരിച്ചിരുന്ന) മാതൃക കാണിക്കുന്നതിൽ ഞങ്ങൾക്കുള്ള ലജ്ജ മറച്ചു വയ്ക്കുന്നില്ല. എന്തായാലും മിതമാ‍യ ഭാഷയിൽ പറഞ്ഞാൽ മുൻസഖാവേ,  മോശമായി പോയി. തരംതാണതായി പോയി. ഇത്രയും  ക്രൂരവും പൈശാചികവുമായി സ്വന്തം  പ്രസ്ഥാനത്തെ  ഒറ്റിക്കൊടുക്കുവാൻ കഴിഞ്ഞ താങ്കളുടെ മനോനില അപാരം തന്നെ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇയാളോട്  പൊതുവിൽ പാർട്ടി അണികൾക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് മറ്റൊരു സീറ്റ് തന്ന് താങ്കളെ തൃപ്തിപ്പെടുത്തിയത്. ആ പാർട്ടിയോടും താങ്കളോട് അനുഭാവം  പ്രകടിപ്പിച്ച പാർട്ടി അണികളോടും ചെയ്യാവുന്നതിൽ വച്ച് ഏറ്റവും വലിയ ക്രൂരതയാണ് മിസ്റ്റർ സെൽ‌വരാജ്,  നിങ്ങൾ ചെയ്തിരിക്കുന്നത്. ക്രൂരം എന്ന വാക്ക് ഈ കുറിപ്പിൽ പലവട്ടം കടന്നു കയറുന്നത് താങ്കളോടുള്ള പ്രതിഷേധത്തിന്റെ കാഠിന്യം ഒന്നുകൊണ്ടു മാത്രമാണ്. ഇങ്ങനെ ചെയ്യാൻ മാത്രം അത്ര സഹിക്കാൻ പറ്റാത്തതായി എന്തെങ്കിലുമുള്ളതായി താങ്കൾക്ക് പറഞ്ഞു ഫലിപ്പിക്കാൻ പോലുമാകുന്നില്ലല്ലോ. എന്തെങ്കിലും കിട്ടാക്കൊതി കൊണ്ട് ആരെങ്കിലും പാർട്ടി വിട്ടുപോയാൽ അത് സ്വാഭാവികമെന്നു പറയാം. ഇതിപ്പോൾ   അർഹിക്കുന്നതിലും അപ്പുറമുള്ള അംഗീകാരമാണ് ഇക്കാര്യങ്ങളിൽ സി.പി.എം പോലെ ഒരുപാട് പരിമിതികൾ ഉള്ള ഒരു പാർട്ടിയിൽനിന്ന് ഇയാൾക്ക്  ലഭിച്ചിട്ടുള്ളത്.

നല്ല സമയം നോക്കിത്തന്നെ തന്നെ താനാക്കിയ പാർട്ടിക്കിട്ട് ഞൊട്ടിയത്.   ഇങ്ങനെത്തന്നെ വേണം. ഒറ്റുകാർക്ക് എക്കാലത്തേയ്ക്കും ഒരു ഉദാത്ത മാതൃക.യഥാർഥ ജൂദാസ് ഇതറിഞ്ഞ്  നാണിക്കും.  മൂന്നുപ്രാവശ്യം എം.എൽ.എ സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കുന്നു. രണ്ടു വട്ടം ജയിക്കുന്നു. ഒരു പഞ്ചായത്ത്മെമ്പറുപോലുമാകാതെ ആയിരങ്ങൾ പാർട്ടിയിൽ വിശ്വസിച്ച് പ്രവർത്തിച്ച് മരിച്ചു കടന്നു പോകുന്നു. അവർക്ക് രാജിവച്ച് പാർട്ടിയെ വെല്ലുവിളിക്കാൻ സ്ഥാനമാനങ്ങളില്ല.മരിക്കുമ്പോൾ ചെങ്കൊടി പുതച്ച് കിടക്കണമെന്നതുമാത്രമാണ് അവരുടെ ആഗ്രഹം. സെൽ‌വരാജ് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും രണ്ടു വട്ടം  എം.എൽ.എയും ആയി.മറ്റാരെയും കിട്ടാനില്ലാഞ്ഞിട്ടല്ലല്ലോ. അതിലൊന്നും ഇയാൾ തൃപ്തനല്ല. അതിന് ഇയാൾ മനുഷ്യനായിരുന്നില്ലെന്ന് തിരിച്ചറിയാൻ പാർട്ടിയ്ക്ക് കഴിയാതെ പോയില്ലേ?

കഴിഞ്ഞ തവണ ആനാവൂർ നാഗപ്പനെ മത്സരിപ്പിക്കാൻ പാർട്ടി  തീരുമാനിച്ചപ്പോൾ തനിക്ക് ഇനി എം.എൽ.എ അല്ലാതെ ജീവിക്കാൻ പറ്റില്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കി. എന്നിട്ടും തൊട്ടടുത്ത മണ്ഡലത്തിൽ മത്സരിപ്പിച്ച് പാർട്ടി വിട്ടുവീഴ്ച ചെയ്തു. ആനാവൂരിനിട്ട് പണിഞ്ഞ് അദ്ദേഹത്തെ  പാറശാലയിൽ  തോൽപ്പിക്കുകയും ചെയ്തു. എന്നിട്ട് വീണ്ടും സെൽ‌വരാജ്  ജില്ലാ കമ്മിറ്റിയിൽ തുടരുകയും ചെയ്യുന്നു. പണ്ടാണെങ്കിൽ ഇതൊന്നും നടക്കില്ല. പുകഞ്ഞ കൊള്ളികൾ അപ്പപ്പോൾ പുറത്താകും. ഇപ്പോൾ അടുത്തകാലത്തായി കുറച്ചൊക്കെ പ്രശ്നക്കാരാണെങ്കിലും അവരെയെല്ലാം പാർട്ടി ഉൾക്കൊണ്ടു പോകാറുണ്ട് . തിരുത്തപ്പെടും എന്ന പ്രതീക്ഷയിൽ. ഇക്കാലത്ത് ആരെങ്കിലും പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയാലും തെറ്റു തിരുത്താൻ പാർട്ടി  അവസരങ്ങൾ ഏറെ കൊടുക്കുന്നുണ്ട്. സെൽ‌വരാജിന് ആ ആനുകൂല്യങ്ങൾ അല്പം കൂടുതൽ കിട്ടി. അപ്പോ‍ൾ താനെന്തൊക്കെയോ ആണെന്നു തോന്നിയത് സ്വാഭാവികം.

ഇതൊന്നുംകൊണ്ട് സി.പി.എമ്മോ ഇടതുപക്ഷമോ ദുർബലപ്പെടുമെന്ന് ആരും കരുതേണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല.പാർട്ടിയും ഇടതുപക്ഷവും ഇതിലും വലിയ പ്രതിസന്ധികൾ അഭിമുഖീകരിച്ചിട്ടുണ്ട്. അതൊക്കെ വച്ചു നോക്കുമ്പോൾ ഒരു  സെൽ‌വരാജൊന്നും ഒന്നുമല്ല. ഇപ്പോഴത്തെ നിയമസഭയിലെ കക്ഷി നിലവച്ചു നോക്കുമ്പോൾ ഇതിന് ചില പ്രത്യാഘാതങ്ങൾ ഉണ്ട്. അത് യു.ഡി.എഫിന് അനുകൂലവുമാണ്. അത് അവർ മുതലാക്കുകയും ചെയ്യും. സ്വാഭാവികം. എന്നാൽ ഈ സർക്കാരിനെ കലാവധി പൂർത്തിയാകും മുമ്പ് പുറത്തിറക്കാൻ ഇടതുമുന്നണിയ്ക്ക് ഇതുവരെ യാതൊരു ഉദ്ദേശവും ഇല്ലാത്ത അവസ്ഥയിൽ ഈ രാജിയ്ക്ക് അത്രവലിയ പ്രാധാന്യം കല്പിക്കേണ്ടതുമില്ല. ഇനി അഥവാ ഈ സർക്കാരിനെ മറിക്കണമെങ്കിൽ ഒന്നോരണ്ടോ സെൽ‌വന്മാർ പോയാലും ഈസിയായി അത്  സാധിക്കും. പക്ഷെ അതല്ലല്ലോ ഇടതുപക്ഷ ജനാധിപത്യ മുന്നണി. മിമിക്രിക്കാർ ഒരു പാറശാല ശെൽ‌വനെ അവതരിപ്പിക്കാറൂണ്ട്. അതുപോലെ  വെറുമൊരു “പാറശാല ശെൽ‌വന്റെ” കാര്യത്തിന്  കൈ ഇനിയും കൂടുതൽ മിനക്കെടുത്തി അക്ഷരങ്ങളെക്കൂടി  ബുദ്ധിമുട്ടിക്കുന്നില്ല.

ഇനി അഥവാ ഇതിനു വല്ല രാഷ്ട്രീയ പ്രത്യാഘാതവും ഉണ്ടെങ്കിലും നമ്മളങ്ങ് സഹിച്ചോളാം. നമ്മളിതൊക്കെ എത്ര കണ്ടതാ!സെൽ‌വരാജണ്ണന്  ആശംസകൾ! പോയിത്തന്നതിന്!  തന്നതിന് എന്നതിന്  അല്പം സ്ടെസ്സ് കൊടുക്കുന്നു! ചെയ്തത് കൊടും ചതിയാണെങ്കിലും അണ്ണൻ നന്നായാൽമതി. ഇയാൾ  ചെയ്യുന്നതെന്തെന്ന് ഇയാളറിയുന്നില്ല.ഇയാളവർകളോട് പൊറുക്കേണമേ! അത്യുന്നതങ്ങളിൽ യു.ഡി.എഫിനു സ്തുതി! ഉമ്മൻ ചാണ്ടി സാറിനും!

Tuesday, February 21, 2012

മതത്തെപ്പറ്റി മിണ്ടരുതെന്ന്!

മതത്തെപ്പറ്റി മിണ്ടരുതെന്ന്

പോസ്റ്റിന്റെ ചുരുക്കം: മതകാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം മതപണ്ഡിതന്മാർക്കുമാത്രമുള്ളതല്ല. എല്ലാവർക്കും പറയാം. മതങ്ങളെ പറ്റി അറിവുള്ളവർ മതപണ്ഡിതന്മാർ മാത്രമല്ല. ഏതൊരാൾക്കും മതത്തെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും സാധിക്കും. മതങ്ങൾ വിമർശനങ്ങൾക്ക് അതീതവുമല്ല. ഏതെങ്കിലും മതകാര്യത്തെപ്പറ്റി ആരെങ്കിലും അഭിപ്രയാം പറഞ്ഞാൽ അതിനെ സമർത്ഥമായ മറുപടിയിലൂടെ ഖണ്ഡിക്കുവനാണ് ശ്രമിക്കേണ്ടത്. അല്ലാതെ മതത്തെ പറ്റി ഒന്നും മിണ്ടിപോകരുതെന്ന് പറഞ്ഞ് അസഹിഷ്ണുത കാട്ടരുത്. മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുത്.

ഇനി വിശദമായ പോസ്റ്റിലേയ്ക്ക്:

പിണറായി വിജയൻ ഏതോ പ്രസംഗ മദ്ധ്യേ തിരുകേശവുമായി ബന്ധപ്പെട്ട് ഒരു പരാ‍മർശം നടത്തിയതിനെ ചൊലിയുള്ള പുകിലുകളാണ് ഈ എഴുതുന്ന സമയത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്തു വിപ്ലവകാരിയാണെന്ന് അദ്ദേഹം പറഞ്ഞതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കും മുമ്പാണ് ഈ പുതിയ വിഷയം വന്നത്. കേശാരാധനപോലുള്ളവ അനാചരങ്ങളാണെന്ന് സൂചിപ്പിക്കുംവിധം ഒരു അഭിപ്രായം സഖാവ് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. എന്നാൽ മതത്തെ പറ്റി പറയാൻ മറ്റാർക്കും അവകാശമില്ലെന്നും അത് മതപണ്ഡിതന്മാർ മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാർ എന്നറിയപ്പെടുന്ന ചിലർ പറഞ്ഞു വയ്ക്കുന്നത്. ആരാണ് ഈ പണ്ഡിതന്മാർ? പണ്ഡിതപ്പട്ടം ഓരോരുത്തർക്കും ആധികാരികമായി ചാർത്തിക്കൊടുക്കുന്നതാരാണ്? അതോ സ്വയം പണ്ഡിതരാണെന്ന് കരുതുന്നവരൊക്കെ പണ്ഡിതരാണോ? മതത്തെക്കുറിച്ച് മത പണ്ഡിതന്മാർക്കു മാത്രമേ അറിയാവൂ എന്നുണ്ടോ? മതങ്ങളെ പറ്റി മറ്റാർക്കും പഠിച്ചുകൂടെന്നുണ്ടോ? മതങ്ങളെ പറ്റി മതപണ്ഡിതന്മാർ എന്ന വിശേഷണം ഉള്ളവർക്കു മാത്രമേ അഭിപ്രായം പറയാവൂ എന്നുണ്ടോ? മതങ്ങളെപ്പറ്റി വല്ലതും പറഞ്ഞുപോയാൽ അവരുടെ വായിൽ പിടിയ്ക്കാൻ ആർക്കാണ് അവകാശം? ആ അവകാശം ആരുതന്നു? അതോ ഇനിയിത് പിണറായി പറഞ്ഞതുകൊണ്ടാണോ? പിണറായി എന്ന വ്യക്തിയോടോ രാഷ്ട്രീയക്കാരനോടോ ഉള്ള അസഹിഷ്ണുത കൊണ്ടാണെങ്കിൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പിണറായി വിജയൻ നിരീശ്വരവാദി ആയിരിക്കാം. പക്ഷെ അദ്ദേഹം വിശ്വാസികളുടെയും മതസ്വാതന്ത്ര്യമടക്കമുള്ള എല്ലാ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. അതുകൊണ്ട് നിരീശ്വരവാദികളുടെയും വിശ്വാസികളുടെയും സ്വാതന്ത്ര്യം പിണറായി വിജയൻ ഒരേപോലെ തന്നെ ഉയർത്തിപ്പിടിക്കുകയും ചെയ്യും. ആരോടെങ്കിലും പ്രത്യേകം ഒരു വിദ്വേഷം അദ്ദേഹം വച്ചു പുലർത്തുകയുമില്ല. അതിന്റെ കാര്യവുമില്ല്ല.

ഇവിടെ മതക്കാർ അഥവാ മതത്തിന്റെ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ അന്യായമായി രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയും അഭിപ്രയാങ്ങൾ പറയുകയും ചെയ്യാറുണ്ട്. മതത്തിന്റെ പേരിൽ പല വിലപേശലുകളും അവർ നടത്താറുണ്ട്. മതത്തിന്റെ പേരിൽ ഭരണത്തിൽതന്നെ അവർ ഇടപെടുന്നു. തെരഞ്ഞെടുപ്പുകളിൽ സാമുദായിക ശക്തികൊണ്ട് അവർ വിലപേശുന്നു. സർക്കാരുകളെ പലവിധത്തിൽ സ്വാധീനിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടക്കം പല സ്ഥാപനങ്ങളും നടത്താൻ അനുമതി നേടി അവർ കൊള്ള ലാഭമുണ്ടാക്കാൻ നോക്കുന്നു. രാഷ്ട്രീയ നേതാക്കളെ അവർ വിരട്ടിയും നോക്കിയും പേടിപ്പിക്കുന്നു. തങ്ങൾ ദൈവങ്ങളേക്കാൾ വലിയവരാണെന്ന മട്ടിലാണ് ചില മത-സാമുദായിക നേതാക്കളും മത പണ്ഡിതന്മാരായി അറിയപ്പേടുന്നവരും പെരുമാറുന്നത്. ഇപ്പോൾ അവരിൽ ചിലർ പറയുകയാണ്, മതങ്ങളെപറ്റി ആരുമൊന്നും മിണ്ടരുതെന്ന്! മതങ്ങളും മതഗ്രന്ഥങ്ങളും മതപണ്ഡിതന്മാരുടെ മാത്രം സ്വന്തമാണോ? അത് ജനസമൂഹത്തിനു മൊത്തം ഉപയോഗിക്കാവുന്നതാണോ അതോ ഒരു കൂട്ടം മതമൌലികവാദികൾക്ക് മാത്രം തീറെഴുതിക്കിട്ടിയതാണോ? മതങ്ങൾ വിമർശനങ്ങൾക്ക് അതീതമാണോ? മതങ്ങളെ പറ്റി ആർക്കും ഒന്നും പറഞ്ഞുകൂടെ? രാഷ്ട്രീയക്കാർ മതമാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാൽ എന്താണ് കുഴപ്പം? ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാൽ ഉലഞ്ഞുപോകുന്നതാണോ ഈ മതങ്ങൾ? ഓരോരുത്തരും അവരുടെ അറിവിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഓരോരോ വിഷയങ്ങളിലും അഭിപ്രായം പറയുന്നത്. മത പണ്ഡിതന്മാരും ഇതിൽ നിന്ന് വ്യത്യസ്തരല്ല. മതങ്ങളെ പറ്റി എല്ലാം പഠിച്ചവരല്ല ഒരു മതത്തിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ. മത പണ്ഡിതന്മാരും അതേ! ഓരോരുത്തർക്കും പഠിക്കാൻ കഴിയുന്നതിനും ചില പരിമിതികൾ ഉണ്ട്. ഒരു മതത്തെ പറ്റിയും പ്രത്യയശാസ്ത്രത്തെ പറ്റിയും ആർക്കും മൊത്തമായി പഠിച്ചു തീർക്കാനാകില്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാകട്ടെ ഡൈനമിക്ക് അഥവാ ചലനാത്മകങ്ങളാണ്. മതപ്രത്യയ ശാസ്ത്രങ്ങളും ചലനാത്മകങ്ങൾ അല്ലെന്നു പറയാൻ കഴിയില്ല. കാലത്തിനൊപ്പം അവയും പ്രായോഗികതലത്തിലെങ്കിലും മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇനി രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചാണെങ്കിൽ സ്വന്തം പ്രത്യയ ശാസ്ത്രം അരച്ചു കലക്കിക്കുടിച്ചവരല്ല ഓരോരോ പാർട്ടികളിലെ ബഹുഭൂരിപക്ഷം വരുന്ന പ്രവർത്തകർ. ഉദാഹരണത്തിന് മാർക്സിസം അരച്ചു കലക്കിക്കുടിച്ചിട്ടല്ല മാർക്സിസ്റ്റുകാർ ആ പാർട്ടിയിൽ വിശ്വസിക്കുകയും അംഗമാവുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. മതത്തെ പറ്റി അധികാരികമായും ഗഹനമായും പഠിച്ചവരല്ല, ഭൂരിപക്ഷം വരുന്ന മത വിശ്വാസികൾ. അത്യാവശ്യം വേണ്ട മതാചാരങ്ങളും പ്രാർത്ഥനാ രീതികളും മറ്റും പരിചയിച്ചിട്ടുള്ളവരാണ് സാധാരണ ഭൂരിപക്ഷം വരുന്ന മതാനുയായികൾ.

അസഹിഷ്ണുത പണ്ഡിതോചിതമല്ല. പണ്ഡിതർ അല്ലാത്തവർക്കും അത് പാടില്ല. ഇവിടെ ഒരാൾ ഒരു അഭിപ്രായം പറഞ്ഞാൽ നീ മിണ്ടിപ്പോകരുത് എന്നു പറയുന്നതല്ല മര്യാദ. മറിച്ച് യുക്തിസഹജമായി ആ അഭിപ്രായത്തെ ഖണ്ഡിക്കാനുള്ള വാദഗതികൾ നിരത്തുകയാണ് വേണ്ടത്. കേശാരാധന അന്ധവിശ്വാസമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഞാൻ ഒരു പോസ്റ്റ് എഴുതിയപ്പോൽ ചിലർ അതിനെ വന്ന് അനുകൂലിച്ചെഴുതി. . എന്നാൽ മറ്റു ചിലർ അവരുടെ അറിവും യുക്തിയും വാക്ക്സാമർത്ഥ്യവും ഉപയോഗിച്ചുകൊണ്ട് എന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കുവാനും എന്നെ തിരുത്തിക്കുവാനും ശ്രമിച്ചു. തിരുകേശത്തെ അവർ ന്യായീകരിക്കുന്നതിനുള്ള കാരണങ്ങൾ അവർ സോദാഹരണം സമർത്ഥിക്കാൻ ശ്രമിച്ചു. അതാണു വേണ്ടത്. പിണറായി വിജയൻ കേശാരാധയെ അന്ധവിശ്വാസമെന്നു വിശേഷിപ്പിച്ചെങ്കിൽ അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് അദ്ദേഹം പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് അന്ധവിശ്വാസമല്ല, മുസ്ലിം വിശ്വാസധാരയുടെ ഭാഗമാണെന്ന് സമർത്ഥിക്കുകയാണ് ആ അഭിപ്രായത്തോട് വിയോജിക്കുന്ന മുസ്ലിം പണ്ഡിതന്മാർ ചെയ്യേണ്ടത്. അല്ലാതെ പിണറായി വിജയന്റെ അഭിപ്രായ സ്വാതന്ത്യത്തെ ചോദ്യം ചെയ്യുകയല്ല ചെയ്യേണ്ടത്. ഈ മത പണ്ഡിതന്മാർ എന്നു പറയുന്നവർ എല്ലാവരും പണ്ഡിതർ തന്നെ ആയിക്കൊള്ളണം എന്നില്ല അങ്ങനെ അവകാശപ്പെടുന്നവരും സ്വയം വിശേഷിപ്പിക്കപ്പെടുന്നവരും ആകാം. എന്തായാലും ഇങ്ങനെ ചില മതപണ്ഡിതന്മാർ മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് പരസ്യമായി ഇത്തരം അസഹിഷ്ണുതകൾ പ്രകടിപ്പിക്കുകവഴി സ്വന്തം മതത്തെപ്പറ്റിത്തന്നെ മറ്റുള്ളവരിൽ അവമതിപ്പുണ്ടാക്കുകയാണു ചെയ്യുന്നത് എന്നാണ് എന്റെ വിനീതമായ അഭിപ്രയം. അഭിപ്രായ സ്വാതന്ത്ര്യത്തിന് പിണറായി വിജയനും മത പണ്ഡിതന്മാർക്കും മാത്രമല്ല, സമസ്തജനങ്ങൾക്കും ഈയുള്ളവനവർകളുടെ പൂർണ്ണ പിന്തുണ!

അനുബന്ധം

മതം എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ല. പക്ഷെ മതം എന്റെയും കുടുംബജീവിതത്തിന്റെ ഭാഗമാണ്. മറ്റ് ഏതു കാര്യങ്ങളിലുമെന്ന പോലെ നാട്ടിലെ മതകാര്യങ്ങളിലും ഞാൻ ഇടപെടാറുണ്ട്. മതാചാരങ്ങൾ എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ഞാൻ മതകാര്യങ്ങളിൽ ഇടപെടുന്നതിനെ എന്റെ നാട്ടിൽ ആരും വിലക്കിയിട്ടുമില്ല. വിശ്വാസങ്ങളും ആചാരങ്ങളും പ്രാ‍ർത്ഥനകളും മറ്റും എന്റെ വ്യക്തി ജീവിതത്തിന്റെയും ഭാഗമാക്കാൻ എന്നോട് സ്നേഹമുള്ള വിശ്വാസികൾ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. വിശ്വാസങ്ങളെ നിരാകരിച്ച് ഞാൻ നഗരത്തിൽ പോകുന്നത് ഒഴിവാക്കാനാണ് എന്നെ സ്നേഹിക്കുന്ന നിഷ്കളങ്കരായ വിശ്വാസികൾ എനിക്കുമേൽ അങ്ങനെയൊരു സമ്മർദ്ദം ചെലുത്തുന്നത് എന്നറിയാവുന്നതുകൊണ്ട് അവരോട് എനിക്ക് സ്നേഹം കൂടുന്നതേയുള്ളൂ. അവരോട് ഒരു അസഹിഷ്ണുതയും എനിക്ക് തോന്നാറില്ല. ഇവിടെയുള്ള എല്ലാ മത്തത്തിലെയും കേൾവിപ്പെട്ട മത പണ്ഡിതന്മാരുമായി എനിക്ക് നല്ല ബന്ധമുണ്ട്. എന്റെ വീട്ടിനു നേരെ എതിർവശത്ത് ഒരു യത്തീംഖാനയാണ്. തൊട്ടുപുറകിൽ പള്ളിയും. യത്തിംഖാനയോട് ചേർന്ന് ഒരു അമ്പലമുണ്ട്. പള്ളിയുടെ അക്കരെയായായി വളരെ ഉയരത്തിലുള്ള പാറയിൽ മറ്റൊരമ്പലവും.( ഇത് എം.സി.റോഡേ വരുന്നവർക്ക് തട്ടത്തുമല ജംഗ്ഷനിൽ എത്തുമ്പോൾ കാണാം.) അടുത്തുതന്നെ ഒരു ക്രിസ്തീയ ദേവാലയവും ഉണ്ട്. വേറെയും ധാരാളം അമ്പലങ്ങളും പള്ളികളും ചർച്ചുകളും ഇവിടെ അടുത്തൊക്കെയുണ്ട്. ഇവിടെയെല്ലാം മിക്കപ്പോഴും മതപ്രബോധനങ്ങൾ നടക്കാറുണ്ട്. അവയുടെയെല്ലാം നല്ലൊരു ശ്രോതാവാണ് ഞാനും. സദസ്സിൽ എന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ എന്നെ അറിയാവുന്ന മതപണ്ഡിതന്മാരിൽ ചിലർ അവരുടെ പ്രഭാഷണങ്ങളിൽ കുറച്ചു കൂടി ഊർജ്ജസ്വലരാകുന്നതും പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. എന്നെപോലുള്ളവരെയാണല്ലോ അവർക്ക് മാറ്റിയെടുക്കേണ്ടത്. ചില കാര്യങ്ങളിലൊക്കെ ഞാനും വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. അതിപ്പോൾ മതവിശ്വാസികൾതന്നെ മതകാര്യങ്ങളിൽ പലതിനെയും നിശിതമായി വിമർശികാറുണ്ടല്ലോ. എന്നാൽ ഞാൻ മതവിശ്വാസങ്ങളെയും മതാചാരങ്ങളെയും അതേപടി പിൻപറ്റി ജീവിക്കാൻ ശ്രമിക്കുന്നില്ലാ എന്നതുകൊണ്ട് വിശ്വാസിസമൂഹത്തോട് ഏതെങ്കിലും തരത്തിലുള്ള ഒരു അസഹിഷ്ണുത ഞാൻ വച്ചു പുലർത്താറില്ല. അതിന്റെ ആവശ്യവും ഇല്ല. ആശയസംവാദങ്ങൾ നടക്കുമ്പോൾ എന്റെ ആശയങ്ങൾ മറ്റുള്ളവർ കേൾക്കാൻ തയാറുണ്ടെങ്കിൽ ഞാനും പങ്കുവയ്ക്കാറുണ്ട്. പക്ഷേ മതപക്ഷത്ത് നിൽക്കുന്ന നല്ലൊരു പങ്കാളുകൾക്ക് എന്താണ് സ്വന്തം മതത്തിനെതിരായ ആശയങ്ങളോട് ഇത്ര അസഹിഷ്ണുത എന്ന് എനിക്ക് മനസിലാകുന്നില്ല. ഏത് മത ഗ്രന്ഥത്തിലാണ് ഈ അസഹിഷ്ണുതയുടെ അടിവേരുകൾ ഉള്ളത്? ഞാൻ പഠിച്ച മതഗ്രന്ഥങ്ങൾ ഒന്നും അന്യന്റെ ആശയങ്ങളോടോ വിശ്വാസങ്ങളോടോ അസഹിഷ്ണുതയുള്ള ഒരാളാക്കി എന്നെ മാറ്റിയിട്ടില്ല. ഞാൻ പഠിച്ച മാർക്സിസമോ ഞാൻ പഠിച്ച യുക്തിവാദമോ നിരീശ്വരവാദമോ ഒന്നും തന്നെ ഏതെങ്കിലും മതവിശ്വാസിയുടെ ഏതെങ്കിലും സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറണമെന്ന് എന്നെ പഠിപ്പിച്ചിട്ടില്ല. പിന്നെന്തേ ചിലർമാത്രം ഇങ്ങനെ! മതങ്ങളെപ്പറ്റി ആരും ഒന്നും മിണ്ടിപ്പോകരുതെന്നും മറ്റും പറയുന്നതിനു പിന്നിലെ പ്രേരണയെന്താണ്?

ഞാൻ പറഞ്ഞ യത്തീംഖാനയുടെ സ്ഥാപക ചെയർമാൻ ആയിരുന്ന ഖാദിമുൽ ഐത്താം പി.എം.ഹംസാ മൌലവി ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനികുകയും ചെയ്തിരുന്ന ഒരാളാണ്. പിതൃതുല്യമായ സ്നേഹം എനിക്കു നൽകിയ അദ്ദേഹം എന്നെ മോനേ എന്നു വാത്സല്യപൂർവ്വം വിളിക്കുന്നത് ഇന്നും എന്റെ കാതുകളിൽ മുഴങ്ങിക്കേൾക്കാം. ഇവിടെ അടുത്ത് യത്തീംഖാന തുടങ്ങിയശേഷം മാത്രമാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത്. ഇത്രയും കുട്ടികൾക്ക് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകി അവരെ ഒരു കരയ്ക്കെത്തിക്കാൻ ശ്രമിക്കുന്നു എന്നത് മഹത്തായ ഒരു കാര്യം തന്നെ. കോടികൾ മുടക്കി ഒരു പള്ളി പണിയുന്നതിനേക്കാൾ വലിയ കാര്യം. മക്കളില്ലാതിരുന്ന അദ്ദേഹത്തിന് അനാഥ അഗതിമക്കളായിരുന്നു സ്വന്തം മക്കൾ. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മരണപ്പെട്ടിട്ട് അധികം വർഷം ആയിട്ടില്ല. അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മയ്യത്ത് യത്തീംഖാനയിൽ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു യത്തീംഖാനാ അധികൃതരുടെ ആഗ്രഹം. എന്നാൽ അതേ ചൊല്ലി നാട്ടുകാരിൽ ചിലരിൽനിന്ന് ചില തടസവാദങ്ങൾ ഉണ്ടായപ്പോൾ ഞാനും സി.പി.ഐ.എമ്മിലെ മറ്റ് നേതാക്കളും കൂടി ഇടപെട്ടാണ് ആ പ്രശ്നം പരിഹരിച്ചത്. ഖബറടക്കം കഴിയുന്നതുവരെ ഞങ്ങൾ പാർട്ടി പ്രവർത്തകർ അവിടെ കാവലാളുകളെ പോലെ നിൽക്കുകയും അനുശോചനയോഗത്തിൽ അടക്കം പങ്കെടുക്കുകയും ചെയ്തു. സി.പി.ഐ.എം നേതാക്കളുടെ നിരീശ്വര മതമൊന്നും അതിനൊന്നും ഒരു തടസ്സവുമായിരുന്നില്ല. ഇപ്പോഴും ആ യത്തീംഖാനയുമായും അവിടുത്തെ ചെയർമാനുമായും കുട്ടികളുമായും ഒക്കെ എനിക്ക് നല്ല ബന്ധമാണ്. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മക്കൾ എനിക്ക് സഹോദര തുല്യരാണ്. യത്തീംഖാനയിൽ നോമ്പിരുപത്തിയേഴിന് കുട്ടികളെ എഴുത്തിനിരുത്തുന്ന ഒരു ആഘോഷത്തിനു തുടക്കം കുറിച്ചത് ഹംസാ മൌലവിയാണ്. അവിടെ വരുന്ന കുട്ടികളെ അറബ് അക്ഷരങ്ങൾ മാത്രമല്ല എഴുതിയ്ക്കുന്നത്. മലയാള അക്ഷരങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും എഴുതിക്കും.ഇപ്പോഴും എല്ലാ വർഷവും നോമ്പ് ഇരുപത്തിയേഴിന് എഴുത്തിനിരുത്തൽ ഉണ്ട്.ആ ദിവസം വമ്പിച്ച ജനാവലി ഇവിടെ ഒത്തു ചേരാറുണ്ട്. കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം അനാഥ അഗതിമക്കളുടെ സമുഹ പ്രാർത്ഥനയുണ്ട്. ഈ ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളായും പണമായും ഭണ്ഡങ്ങളായും സംഭാവനകളുമായി ധാരാളം ആളുകൾ വരാറുണ്ട്. ചില വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും ഇവിടെ വച്ച് നടത്താറുണ്ട്. സമീപത്തെ അന്യമതസ്ഥരുടെ വിവാഹം നടക്കുമ്പോൾ ആ വീട്ടുകാർ നല്ലൊരു തുക ഈ യത്തീം ഖാനയ്ക്ക് നൽകാറുണ്ട്. ചിലർ അവരുടെ വീട്ടിലെ ആരുടെയെങ്കിലും വിവാഹം നടക്കുമ്പോൾ യത്തീംഖാനയിലെ കുട്ടികൾക്കും ഗംഭീര സദ്യയ്ക്കുള്ള പണം മുമ്പേ തന്നെ നൽകാറുണ്ട്. ഞാനിക്കാര്യങ്ങൾ കൂടി ഇപ്പോൾ പറയുന്നത് നമ്മുടെ ഈ ബഹുമത സമൂഹം അങ്ങനെയൊക്കെയാണ് മുന്നേറുന്നത് എന്ന് സൂചിപ്പിക്കുവാൻ കൂടിയാണ്. എന്നാൽ ഈ മതേതര മാനവികതയെ തകർക്കാനും, നമ്മുടെ സംസ്ഥാനം ഒരു മതഭ്രാന്താലയമാക്കാനും ചിലർ ബോധപൂർവ്വവും അല്ലാതെയും ശ്രമിക്കുമ്പോൾ അത്തരക്കാരെ നാം തിരിച്ചറിഞ്ഞ് തിരുത്തിക്കുവാൻ ശ്രമിക്കേണ്ടതാണ്. മതവിശ്വാസം, മതവാദം, മതമൌലികവാദം തുടങ്ങിയ പദങ്ങൾ ദ്യോതിപ്പിക്കുന്ന അർത്ഥാന്തരങ്ങൾ നാം വ്യക്തമായി വേർതിരിച്ചറിയണം.

പിന്‍കുറിപ്പ് : ചില പോസ്റ്റുകൾ എഴുതുമ്പോൾ അതിന് ഇങ്ങനെ ചില ആമുഖവും അനുബന്ധവുമൊക്കെ ഞാൻ എഴുതാറുണ്ട്. ഇവിടെ പേജിന്റെ ദൌർബല്യമൊന്നുമില്ലാത്തതുകൊണ്ട് ആ ആസാദ്ധ്യതകൾ ഉപയോഗിക്കുക തന്നെ ചെയ്യുന്നുവെന്നു മാത്രം. അല്ലാതെ ചുരുക്കിയെഴുതാൻ കഴിയാഞ്ഞിട്ടൊന്നുമല്ല.

Friday, February 10, 2012

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് അഭിവാദനങ്ങൾ

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് അഭിവാദനങ്ങൾഅക്ഷരാർത്ഥത്തിൽ ചുവന്നപുരിയായി മാറിയ അനന്തപുരിയ്ക്ക് ഉത്സവഛായ പകർന്ന സി.പി.ഐ.എം സംസ്ഥാന സമ്മളനത്തിന് വമ്പിച്ച ബഹുജന റാലി, റെഡ്‌വാളണ്ടിയർ പരേഡ്, പൊതുസമ്മേളനം എന്നിവയോടെ ഇന്ന് (2012 ഫെബ്രുവരി 10) സമാപനം. ഉച്ചയോടെ നഗരത്തിലെ എല്ലാ‍വഴികളിലൂടെയും പൊതുസമ്മേളനം നടക്കുന്ന ചന്ദ്രൻ ശേഖരൻ നായർ സ്റ്റേഡിയത്തിലേയ്ക്ക് ജനം ഒഴുകിയെത്തും.

വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും പാർട്ടി പ്രവർത്തകരും അനുഭാവികളും നഗരത്തിലെ നിശ്ചിത കേന്ദ്രങ്ങളിലെത്തി പ്രകടനമായി പൊതുസമ്മേളസ്ഥലത്തെത്തും. ഉച്ചയോടെ വിവിധ ഏരിയാ കമ്മിറ്റികളിൽ നിന്നും പ്രത്യേക പരിശീലനം നേടിയെത്തുന്ന റെഡ് വാളണ്ടിയർമാർ നഗരത്തെ ചുവപ്പണിയിക്കും. സമ്മേളനം കണുവാൻവേണ്ടി ഇതര ജില്ലകളിൽനിന്നുപോലും രാവിലെതന്നെ പാർട്ടി പ്രവർത്തകരും അനുഭാവികളും ബഹുജനങ്ങളും ആവേശപൂർവ്വം എത്തിച്ചേരുന്നതു‌മൂലം തിരുവനന്തപുരം നഗരം അഭൂതപൂർവ്വമായ ജനത്തിരക്കിലാകും.

മാത്രവുമല്ല നഗരഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സമാപനസമ്മേനം കേന്ദ്രീകരിക്കുന്നത്. പ്രതിനിധി സമ്മേളനം നടക്കുന്ന എ.കെ.ജി ഹാളിലേയ്ക്കും ഇവിടെനിന്നും അധികദൂരമില്ല. പോരാത്തതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഹാളുകളിലും സമ്മേളനത്തിനോട് അനുബന്ധിച്ച് അനുബന്ധ സമ്മേളനങ്ങളും കലാ പരിപാടികളും മറ്റും നടന്നുവരികയാണ്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇതാദ്യമായാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

മുമ്പ് സി.പി.ഐ.എമ്മിന്റെ പതിമൂന്നാം പാർട്ടി കോൺഗ്രസ്സ് തിരുവനന്തനന്തപുരത്ത് വച്ച് നടന്നിരുന്നു. വമ്പിച്ച ജനപങ്കാളിത്തമുണ്ടാക്കിയ ഒരു സമ്മേളനമായിരുന്നു അത്. അന്ന് പ്രതിനിധി സമ്മേളനം ജിമ്മി ജ്യോർജ് ഇന്റോർ സ്റ്റേഡിയത്തിലും സമാപന സമ്മേളനം ശംഖുമുഖം കടപ്പുറത്തുമാണ് നടന്നത്. ശംഖുമുഖം കടപ്പുറത്തേയ്ക്ക് കടൽ പോലെയാണ് അന്ന് ജനം ഇരമ്പിയത്. ആ പതിമൂന്നാം പാർട്ടികോൺഗ്രസ്സിനെ ഓർമ്മിപ്പിക്കും വിധമാണ് ഇപ്പോൾ സൻസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്.

സി.പി.ഐ.എമ്മിന്റെ കരുത്ത് വിളിച്ചോതുന്ന ഈ സമ്മേളനം മുമ്പില്ലാത്ത വിധം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സി.പി.ഐ.എമ്മിന്റെ വളർച്ചയിൽ ഹാലിളക്കമുള്ള ചില കേന്ദ്രങ്ങളും ചില മാധ്യമങ്ങളും ഈ സമ്മേളന കാലത്തും പാർട്ടിയ്ക്കെതിരെ ദുഷ്പ്രചരണങ്ങൾ അഴിച്ചു വിടാൻ ശ്രമിച്ചെങ്കിലും അതെല്ലാം ചീറ്റിപ്പോയി. പാർട്ടിയുടെ വർദ്ധിച്ച ജനപിന്തുണ പർട്ടിയുടെ സ്വാഭാവിക എതിരാളികളെ മാത്രമല്ല, ചില നിക്ഷിപ്ത താല്പര്യക്കാരെയും വാല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങളെ മാത്രം വച്ച് അളക്കേണ്ട ഒന്നല്ല, സി.പി.ഐ.എമ്മിന്റെ ജനപിന്തുണയെന്ന് തെളിയിക്കുന്നതായിരുന്നു ഈ സമ്മേളനവും. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് സി.പി.ഐ.എം. ഇത് ഒരു ജനകീയ വിപ്ലവ പ്രസ്ഥാനമാണ്. ഇത് ജനങ്ങൾ ഏറെ പ്രതീക്ഷകളോടെ നെഞ്ചേറ്റുന്ന ഒരു പ്രസ്ഥാനമാണ്. അത്തരം എല്ലാ തിരിച്ചറിവുകളോടു കൂടിയും കൂടുതൽ ഉത്തരവാദിത്വ ബോധമുൾക്കൊണ്ടുകൊണ്ടും കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ടും മുന്നേറുവാൻ ഈ സസ്ഥാന സമ്മേളനവും പ്രചോദനമാകട്ടെയെന്നാശംസിക്കുന്നു.

സി.പി.ഐ സമ്മേളനത്തിനും അഭിവാദനങ്ങൾ
ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഓരോന്നും അവയുടേതായ രീതിയിൽ ശക്തിപ്പേടേണ്ടതിന്റെയും ഒരുമിച്ചു നിൽക്കേണ്ടതിന്റെയും ആവശ്യകത നാം വേണ്ടവിധം ഉൾക്കൊള്ളേണ്ടതുമുണ്ട്. വ്യത്യസ്ത പാർട്ടികൾ എന്ന നിലയിലുള്ള സ്വാഭാവികമായ വിയോജിപ്പുകൾ പരസ്പരം മനസിലാക്കിക്കൊണ്ടുതന്നെ സഹിഷ്ണുതാപൂർവ്വം യോജിപ്പിന്റെ പുതിയപുതിയ മേഖലകൾ കണ്ടെത്തിക്കൊണ്ട് ഇടതുപക്ഷത്തിന്റെ പൊതുവായതും ആന്ത്യന്തികവുമായ ലക്ഷ്യങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ ഇടതുപക്ഷം ഒരുമിച്ച് ഒറ്റക്കെട്ടായി ജാഗ്രതയോടെ മുന്നേറേണ്ടതുണ്ട്. ഇടതുപക്ഷ ഐക്യം ഇനിയും കൂടുതൽ ശക്തിപ്പെടുത്തേണ്ട ആവശ്യകത ഉൾക്കൊണ്ടുകൊണ്ടുതന്നെ ഇതേസമയം കൊല്ലത്ത് നടക്കുന്ന സി.പി.ഐ സമ്മേളനത്തിനും ആശംസകൾ അർപ്പിക്കുന്നു.

അപ്ഡേറ്റ്: ഈ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ ഉച്ച കഴിഞ്ഞപ്പോൾ അനന്തപുരി ചെങ്കടലായി. ഇത്രയും ജനങ്ങൾ ഇതെവിടെനിന്ന് വരുന്നു എന്ന ആശ്ചര്യമായിരുന്നു പലർക്കും. സി.പി.ഐ.എമ്മിന്റെ ജനകീയാടിത്തറയിൽ ആർക്കെങ്കിലും സാംശയമുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ ഈ ജനസാഗരം കണ്ടാൽ മതിയായിരുന്നു. പ്രകടനത്തിനെത്തിയ പലർക്കും പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് ചെന്നെത്താൻ പോലും കഴിയാത്ത വിധം ജനത്തിരക്കായിരുന്നു അക്ഷരാർത്ഥത്തിൽ ചുവന്നപുരിയായി മാറിയ തിരുവനന്തപുരത്ത്. ഇതിന്റെയപ്പുറമായിരിക്കും കോഴിക്കോട്ട് പാർട്ടികോൺഗ്രസ്സ്! അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ്!

Wednesday, February 8, 2012

ആരപ്പാ ഈ ചന്ദ്രപ്പൻ?

ആരപ്പാ ഈ ചന്ദ്രപ്പൻ?

മുൻ‌കുറിപ്പ്: സി.പി.ഐ എമ്മും സി.പി.ഐയും ഇടതുപക്ഷത്തെ രണ്ട് പാർട്ടികളാണ്. ചിലകാര്യങ്ങളിലെങ്കിലും ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റുമില്ല. അത് ഇടതുപക്ഷ ഐക്യത്തിന് വലിയ കുഴപ്പമൊന്നുമുണ്ടാക്കുകയുമില്ല. എന്നാൽ അഭിപ്രായ വ്യത്യാസവും ആക്ഷേപങ്ങൾ ഉന്നയിക്കലും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ഈ ചെറുകുറിപ്പ് ഇവിടെ പതിഞ്ഞത്.

വലിയമ്പലത്തിൽ ഉത്സവം; അപ്പൂപ്പൻ‌കാവിൽ കൊടുതി

വലിയമ്പലത്തിൽ മഹോത്സവം നടക്കുമ്പോൾ തൊട്ടടുത്ത് അപ്പൂപ്പൻ കാവിൽ ചെറിയ കൊടുതി വച്ചാൽ ആളുകൾ വലിയമ്പലത്തിലോട്ടേ പോകൂ. അതിൽ കുണ്ഠിതപ്പെട്ടിട്ട് കാര്യമില്ല. അതുപോലെ സി.പി.ഐ.എം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വച്ച് നടത്താൻ തീരുമാനിച്ചുവെന്നറിഞ്ഞപ്പോഴേ ഈഗോ കാണിക്കാതെ സി.പി.ഐക്കാർക്ക് കൊല്ലത്ത് നടത്താൻ തീരുമാനിച്ച അവരുടെ സംസ്ഥാന സമ്മേളന തീയതി അല്പം മുമ്പോട്ടോ പുറകോട്ടോ നീട്ടാമായിരുന്നു. തിരിച്ച് സി.പി.ഐ.എമ്മിനു വിട്ടുവീഴ്ച ചെയ്തുകൂടേ എന്ന് ചോദിക്കാം. സി.പി.ഐക്ക് സി.പി.ഐ.എമ്മിനേക്കാൾ ശക്തിയുള്ള ചില സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ടല്ലോ. അവിടെ അതാകാം. കേരളത്തിൽ സി.പി.ഐ.എം സി.പി.ഐയേക്കാൾ ഉമ്മിണി വലിയ പാർട്ടിയല്ലേ? അപ്പോൾ അതിന്റെയൊരു ഹുങ്ക് ആ പാർട്ടി കാണിച്ചാലും ബുദ്ധിപൂർവ്വം സി.പി.ഐ സമ്മേളന തീയതി ഒന്നു മാറ്റിയിരുന്നെങ്കിൽ അതിന്റെ ഗുണം സി.പി.ഐക്കു തന്നെ ആയിരിക്കുമായിരുന്നില്ലേ?

മാധ്യമ ശ്രദ്ധ

സി.പി.ഐ.എം സമ്മേളനവും സി.പി.ഐ സമ്മേളനവും ഒരേസമയം നടക്കുമ്പോൾ സി.പി.ഐ സമ്മേളനത്തിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടില്ലെന്നായിരുന്നു സി.പി.ഐക്കാരുടെ പരാതി. പക്ഷെ സി.പി.ഐ സമ്മേളനത്തിന് മാധ്യമശ്രദ്ധ നേടിക്കൊടുക്കേണ്ടത് സി.പി.ഐ.എമ്മിന്റെ ബാദ്ധ്യതയല്ലല്ലോ. അതുകൊണ്ട് സി.പി.ഐ.എം സമ്മേളനത്തീയതി മാറ്റാൻ തയ്യാറുമായില്ല. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയത്രയും സ്വാഭാവികമായും സി.പി.ഐ.എം സമ്മേളനത്തിലേയ്ക്കായി. അപ്പോൾ ബുദ്ധിപൂർവ്വം തീരുമാനമെടുക്കേണ്ടിയിരുന്നത് സി.പി.ഐ തന്നെ ആയിരുന്നില്ലേ? അതു ചെയ്യാതെ സി.പി.ഐ.എമ്മിനെതിരേ ആക്ഷേപങ്ങൾ പറഞ്ഞ് ഹാലിളകിയിട്ട് കാര്യമുണ്ടോ ചന്ദ്രപ്പൻ സഖാവേ? പറഞ്ഞ മറ്റതെല്ലാം പോട്ടെ. ആ ഇവന്റ് മാനേജ്മെന്റിന്റെ കാര്യം അല്പം കടന്നുപോയി. അത്രയും അസൂയ പാടില്ല. അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലെന്നാണ്. ഇത് രണ്ടും ചന്ദ്രപ്പൻ സഖാവിനുണ്ട്.

ഇവന്റ് മാനേജ്മെന്റ്

സി.കെ. ചന്ദ്രപ്പൻ സി.പി.ഐ.എമ്മിനെതിരെ ഉന്നയിച്ച ഇവന്റ് മാനേജ്മെന്റിനെ സംബന്ധിച്ചാണെങ്കിൽ സി.പി.ഐ.എമ്മിൽ അങ്ങനെയൊന്നുണ്ട്; അങ്ങ് മുകളിൽ പോളിറ്റ് ബ്യൂറോ മുതൽ ഇങ്ങ് താഴെ ബ്രാഞ്ച്തലം വരെയുള്ള ഒരു വിപുലമായ ഒരു ഇവന്റ് മാനേജ്മെന്റ് സംവിധാനം സി.പി.ഐ.എമ്മിലുണ്ട്. അതിനെ സഹായിക്കാനാകട്ടെ ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളും ബഹുജനങ്ങളും. അങ്ങനെയുള്ള ആ ഇവന്റ് മാനേജ്മെന്റാണ് സി.പി.ഐ.എം-ന്റെ പരിപാടികൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നത്. ഇപ്പോൾ തിരുവനന്തപുരത്തു നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനവും ഇനി കോഴിക്കോട് നടക്കാനിരിക്കുന്ന പാർട്ടികോൺഗ്രസ്സും ഒക്കെ ഗംഭീരമാക്കുന്നത് ആ ഇവന്റ് മാനേജ്മെന്റ് സംവിധാനമാണ്. അതായത് സി.പി.ഐ.എമ്മിനെ നെഞ്ചോട് ചേർക്കുന്ന ജനലക്ഷങ്ങൾ. അത്രമാത്രം ശക്തിയും ജനപിന്തുണയും സി.പി.ഐക്കില്ലാതെ പോയത് സി.പി.ഐ.എമ്മിന്റെ കുഴപ്പമല്ലല്ലോ. നിങ്ങൾ നിങ്ങളുടെ പാർട്ടിയെ ആ നിലയിൽ ശക്തിപ്പെടുത്താൻ ശ്രമിക്കുക. അങ്ങാടിയിൽ തോറ്റതിന് അമ്മയെ പഴിച്ചിട്ട് കാര്യമില്ലല്ലോ.

തണുത്ത ചന്ദ്രപ്പനും തണുത്ത സി.പി.ഐയും

കാര്യം ആള് അല്പം സി.പി.ഐ.എം വിരോധിയൊക്കെ ആയിരുന്നെങ്കിലും വെളിയം ഭാർഗ്ഗവനാശാൻ സഖാവ് ഇതുപോലെ സി.പി.ഐ.എമ്മിനെതിരെ ചന്ദ്രപ്പനോളം ഇളകിയിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒന്ന് അട്ടഹസിച്ചിരുന്നുവെന്നു മാത്രം. വെളിയം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് സി.പി.ഐയ്ക്ക് ഒരു തിളക്കമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ പൊതുവേ തണുത്ത ചന്ദ്രപ്പൻ സഖാവ് സംസ്ഥാന സെക്രട്ടറി ആയപ്പോൾ സി.പി.ഐയും ഏതാണ്ട് തണുത്ത് മരവിച്ച പോലെ ആയിട്ടുണ്ട്. തണുത്ത സെക്രട്ടറിയും തണുത്ത പാർട്ടിയും. ഇനി പാർട്ടിയെ ഒന്നു സടകുടഞ്ഞെഴുന്നേല്പിക്കാനും മാധ്യമ ശ്രദ്ധ നേടാനുമുള്ള അടവാണ് ചന്ദ്രപ്പൻ സഖാവ് സ്വീകരിച്ചതെങ്കിൽ കുറ്റം പറയുന്നില്ല.

കോൺഗ്രസ്സ് പാളയത്തിലേക്ക് അനുയായികളുണ്ടാകില്ല

ഇനി പണ്ടത്തെ പോലെ സി.പി.ഐയെ കോൺഗ്രസ്സ് പാളയത്തിലേയ്ക്ക് നയിക്കാനാണ് ഭാവമെങ്കിൽ പണ്ടുമുതലേ സി.പി.ഐ.എം വിരോധം മൂത്ത ചില പഴമൂടുകൾ മാത്രമേ കൂടെ കാണൂ. തീരുമാനമെടുത്ത് ലക്ഷം ലക്ഷം പിന്നാലെയെന്ന് വിളിച്ച് മുമ്പേ നടന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏന്തിയും വലിച്ചും മനസില്ലാമനസോടെ വരുന്ന കുറെ പഴമൂടൂകളും മറ്റുമേ കാണൂ‍. സി.പി.ഐയിലെ പുതുതലമുറക്കാരാരും കൂടെയുണ്ടാകില്ല. ഇപ്പോഴത്തെ തലമുറയിൽ ഈയുള്ളവനറിയാവുന്ന സി.പി.ഐ പ്രവർത്തകരിൽ നല്ലൊരു പങ്ക് വീര്യമാർന്ന അടിയുറച്ച ഇടതുപക്ഷ പ്രവർത്തകരാണ്. അവരിൽ പലരും പലയിടത്തും പല സി.പി.ഐ.എം പ്രവർത്തകരെയും കടത്തിവെട്ടുന്ന വിധം ഇടതുപക്ഷത്തോട് കൂറു പുലർത്തുന്നവരാണ് എന്നുപോലും പറയാൻ കഴിയും. കാരണം കാലം മാറി. സി.പി.ഐ.എം വിരോധത്തിന് ഊർജ്ജം സ്വരൂപിക്കേണ്ട കാലമല്ലിതെന്ന് അവർക്കറിയാം.

പ്രചോദനങ്ങളും പ്രലോഭനങ്ങളും

താരത‌മ്യേന ആളുകുറഞ്ഞ പാർട്ടിയിൽ നിന്നാൽ വേഗം നേതാക്കളും സ്ഥാനമാനങ്ങളുമൊക്കെ നേടാമെന്നുള്ള ഒരു ആഗ്രഹത്തിന്റെ പിൻബലത്തിൽ കൂടിയായിരിക്കാം പുതുതലമുറയിലെ സി.പി.ഐക്കാർ പലരും ആ പാർട്ടിയിൽ എത്തിപ്പെട്ടിരിക്കുക. പക്ഷെ അവർ അചഞ്ചലമായ ഇടതുപക്ഷബോധം ഉൾക്കൊള്ളുന്നവരാണ്. കോൺഗ്രസ്സിനോടൊപ്പം നിന്ന് അധികാരം പങ്കു വയ്ക്കാനൊന്നും അവർ തയ്യാറാകുമെന്നു വിശ്വസിക്കാൻ വയ്യ. നല്ല ഇടതുപക്ഷക്കാരായി സി.പി.ഐയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണവരിൽ നല്ലൊരു പങ്കും. ഭരണത്തിലിരുന്നാലും ചില നേട്ടങ്ങളൊക്കെ ഉണ്ടാകണമെങ്കിൽ യു.ഡി.എഫ് മന്ത്രിസഭയിൽ എത്തുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും സി.പി.ഐയിൽ ഉണ്ടാകാം. അവർക്കുവേണ്ടി പാർട്ടിയെ ബൂർഷ്വാസിക്ക് അടിയറ വയ്ക്കണോ എന്നൊക്കെ ചന്ദ്രപ്പൻ സഖാവ് മാത്രം തീരുമാനിച്ചാൽ മതിയെങ്കിൽ നമുക്കൊന്നും പറയാനില്ല.

എന്നാലും സി.പി.ഐ അത്ര നല്ലപിള്ള ചമയേണ്ട

സി.പി.ഐ.എം കഴിഞ്ഞാൽ സി.പി.ഐ ഇടതുപക്ഷത്തെ പ്രധാന കക്ഷിയാണ്. സി.പി.ഐ ഇല്ലാത്ത ഇറ്റതുപക്ഷത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതും പ്രയാസം തന്നെ. കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് വന്നതിൽ പിന്നെ ഇതുവരെ അവർ ഇടതു മുന്നണി വിട്ടു പോയിട്ടില്ല. എന്നാലും ചില പഴയകാല സി.പി.ഐക്കാരിൽ പാർട്ടി പിളർന്ന കാലം തൊട്ടേ ഒരു സി.പി.എം വിരോധം ഉണ്ട്. അത് തലമുറകളിലേയ്ക്ക് വ്യാപരിപ്പിക്കാനും അവരിൽ ചിലരെങ്കിലും ബോധപൂർവംതന്നെ ശ്രമിക്കാറുണ്ട്. അതിനുദാഹരണമായി ഇപ്പോൾ ചന്ദ്രപ്പൻ സഖാവുതന്നെയുണ്ടല്ലോ. മുന്നണി മര്യാദകൾ പലപ്പോഴും സി.പി.ഐ കാറ്റിൽ പറത്താറുണ്ട്. സി.പി.ഐ.എമ്മിനെതിരെ കോൺഗ്രസ്സും യു.ഡി.എഫുമായി പ്രാദേശികതലങ്ങളിൽ ഗൂഢാലോചനകൾ നടത്തുന്ന പല അനുഭവങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇനിയും ഉണ്ടായിക്കൂടെന്നുമില്ല്ല്ല.

സി.പി.ഐ.എമ്മിനു വോട്ടു ചെയ്യാത്ത സി.പി.ഐ ക്കാർ

നാളിന്നു വരെ സി.പി.ഐ.എം സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തിട്ടില്ലാത്ത സി.പി.ഐക്കാർ കേരളത്തിലുണ്ട്. പോരാത്തതിന് സി.പി.ഐ.എം സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുള്ള രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സി.പി.ഐ സ്ഥാനാർത്ഥികളെ അടക്കം വിജയിപ്പിക്കുവാൻ സി.പി.ഐ.എമ്മുകാർ ഊണുമുറക്കവുമൊഴിഞ്ഞ് പ്രവർത്തിക്കും. വിജയിപ്പിക്കും. എന്നാൽ തിരിച്ച് സി.പി.ഐ.എം മത്സരിക്കുന്ന സീറ്റുകളിൽ പല സി.പി.ഐക്കാരെയും പൊടിയിട്ടു നോക്കിയാൽ ഫീൽഡിൽ കാണില്ല. സി.പി.ഐ നേതാക്കളും എൽ.ഡി.എഫ് യോഗങ്ങളിൽ വരും. പ്രസംഗിക്കും. പക്ഷെ പ്രാദേശിക സി.പി.ഐ പ്രവർത്തകർ ഫീൽഡിലുണ്ടാകില്ല.

തോല്പിക്കാൻ മിടുക്കർ

ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ ഒരുപാട് പേർ അദ്ധ്വാനിക്കണം. എന്നാൽ തോല്പിക്കാൻ ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ മതി. കേരളത്തിൽ തെന്നിയും തെറിച്ചുമുള്ള സി.പി.ഐ പ്രവർത്തകരുടെ പണി പലയിടത്തും അതാണ്. പകൽ മുഴുവൽ എൽ.ഡി.എഫ്. രാത്രിയാകുമ്പോൾ യു.ഡി.എഫ്! സി.പി.ഐ.എം സ്ഥാനാർത്ഥികളെ തോല്പിക്കുകയാണ് ലക്ഷ്യം. ഇതിനു കാലുവാരലാണെന്നാണ് പേര്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലുമാണ് ഈ അട്ടിമറിപ്പണി കൂടുതൽ നടക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിലാണ് സി.പി.ഐയ്ക്ക് വിരലിലെണ്ണാവുന്നതിനപ്പുറം അംഗങ്ങളും അനുഭാവികളും ഉള്ളത്. അവിടങ്ങളിൽ കാലുവാരലിന്റെ അളവ് കൂടുതലാണ്. സി.പി.ഐ.എം പ്രവർത്തകർ പണ്ടുമുതലേ ഇത് സഹിച്ചു പോരുന്നതാണ്. ഇടതുപക്ഷ ഐക്യം തകരരുത് എന്നുകരുതി. എന്നാൽ സഹികെട്ട് ഇപ്പോൾ സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ സി.പി.ഐ.എം പ്രവർത്തകരും അനുഭാവികളും സി.പി.ഐക്കിട്ട് തിരിച്ച് പണി കൊടുത്തു തുടങ്ങി. അതുകാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പഞ്ചായത്ത് ഭരണം പലയിടത്തും നഷ്ടപ്പെട്ടതിന് ഉദാഹരണങ്ങളുണ്ട്. സഹിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ.

സി.പി.ഐക്ക് ഇനി ഇവന്റ് മാനേജ്മെന്റിന്റെ സഹായം വേണ്ടിവരും

സി.പി.ഐ.എമ്മും സി.പി.ഐ.എമ്മും രണ്ടും രണ്ട് പാർട്ടികളാണ്. അതുകൊണ്ട് ചിലപ്പോഴൊക്കെ എതിരഭിപ്രായങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണ്. അത് ഇരു പാർട്ടികളുടെയും ഐക്യത്തിനും ഇടതുപക്ഷത്തിന്റെ കെട്ടുറപ്പിനും വലിയ കോട്ടമൊന്നും വരുത്തുകയുമില്ല. എന്നാൽ സഖാവ് സി.കെ.ചന്ദ്രപ്പനെപ്പോലുള്ളവർ ഇങ്ങനെയാണ് സി.പി.ഐയെ നയിക്കുന്നതെങ്കിൽ ഭാവിയിൽ തങ്ങളുടെ പാർട്ടിയുടെ പരിപാടികൾ സംഘടിപ്പിക്കാൻ ഇവന്റ് മാനേജ്മെന്റിന്റെ സഹായം വേണ്ടിവരും. പരിപാടികൾ സംഘടിപ്പിക്കുവാൻ മാത്രമല്ല, പരിപാടികളിൽ പങ്കെടുക്കാനുള്ള അനുയായികളെക്കൂടി ഇവന്റ് മാനേജ്മെന്റ് മുഖാന്തരം കൂലികൊടുത്ത് കൊണ്ടു വരേണ്ടിവരും. വിളിക്കുന്ന ഓരോ മുദ്രവാക്യത്തിനും റേറ്റ് നിശ്ചയിക്കപ്പെട്ടെന്നുവരും. സി.പി.ഐ എമ്മും സി.പി.ഐയും രണ്ടും രണ്ട് പാർട്ടികളാണെങ്കിലും താന്താങ്ങളുടെ നിലയിൽ രണ്ടും വളർന്ന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുന്നതാണ് ഇരു കൂട്ടർക്കും നാടിനും ജനങ്ങൾക്കും നന്ന്. ജാഗ്രതൈ!

പിൻ‌കുറിപ്പ്: പുന്നപ്ര-വയലാർ സമരത്തിന്റെ പശ്ചാത്തലമുള്ള സഖാവ് സി.കെ.ചന്ദ്രപ്പന് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നുകൊണ്ട് സി.പി.ഐ.എമ്മിനെതിരെ അങ്ങനെയൊക്കെ പറയാമെങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു എളിയ സി.പി.ഐ.എം പ്രവർത്തകനായ ഈയുള്ളവന് ഇങ്ങിനെയുമൊക്കെ പറയാം. സോറി, ഇറ്റ്സ് ഓൾ റൈറ്റ്!

ഖേദപ്രകടനം

ഈ പോസ്റ്റ് പബ്ലിഷ് ചെയ്തതിനുശേഷം തന്റെ ഇവന്റ് മാനേജ്മെന്റ് പരാമർശങ്ങളിൽ സ. സി.കെ.ചന്ദ്രപ്പൻ ഖേദം പ്രകടിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. അതിൽ സന്തോഷമുണ്ട്. അതിനാൽ ഇങ്ങനെ ഒരു പോസ്റ്റെഴുതേണ്ടിവന്നതിലും ഖേദം പ്രകടിപ്പിക്കുന്നു. പക്ഷെ ചന്ദ്രപ്പൻ സഖാവ് പറഞ്ഞതൊക്കെ രേഖപ്പെടുത്തപ്പെട്ടുപോയതിനാൽ ഈ പോസ്റ്റും പിൻ‌വലിക്കുന്നില്ല. ഇതും ഒരു രേഖയായി കിടക്കട്ടെ!

Wednesday, January 18, 2012

ഇനിയെന്ത് ലാവ്‌ലിൻ ?


ഇനിയെന്ത് ലാവ്‌ലിൻ ?


ആദ്യംതന്നെ
സി.പി.ഐ.എമ്മിനും സ. പിണറായി വിജയനും എതിരെ ലാവ്ലിൻ കേസ് ആഘോഷമാക്കിയ മാധ്യമസുഹൃത്തുക്കളോട്,

നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല. ഓർക്കാൻ നിങ്ങൾ ഇഷ്ടപ്പെടാൻ ഇടയില്ലാത്തതുകോണ്ട് ഓർമ്മകൾ നിങ്ങളിലേയ്ക്ക് കടന്നുവരാനും ഇടയില്ല. പക്ഷെ ഞങ്ങൾക്ക് കഴിഞ്ഞതൊന്നും അത്രയ്ക്കങ്ങോട്ട് മറക്കാൻ കഴിയില്ല. കാരണം നിങ്ങൾ ഞങ്ങൾക്കു വാമൊഴിയായും വരമൊഴിയാലും പറഞ്ഞുതന്ന ആ കെട്ടുകഥകളുണ്ടല്ലോ; നിങ്ങൾ ഒരേതൂവൽപക്ഷികളായ പലരാൽ പലവിധത്തിൽ വിരചിതമായതായിരുന്നു ആ കഥകളൊക്കെ. എങ്കിലും എല്ലാവരുടെയും ലക്ഷ്യം ഒന്നാകയാൽ, പലപ്പോഴും അവ നിങ്ങൾ പരസ്പരപൂരിതമാക്കി “അനുവാചകരെ”കോൾമയിർകൊള്ളിച്ചതാണ്. ഓരോ ദിവസവും തുടർച്ചയായി വരുന്ന കഥകൾക്കായി തുടരൻ ക്രൈം ത്രില്ലറുകൾ വായിക്കുവാനുള്ള സസ്പെൻസോടെ ജനം കാത്തിരുന്ന ആ കാലം ആർക്കാണ് പെട്ടെന്ന് മറക്കാനാകുക?

നിങ്ങൾ ഒരു വലിയ കെട്ടുകഥയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന ബോധം പലപ്പോഴും നമുക്ക് നഷ്ടപ്പെട്ടുപോകുന്നത്ര വിദഗ്ദ്ധമായാണ് നിങ്ങൾ അവ പറഞ്ഞുകൊണ്ടിരുന്നത്. പലപ്പോഴും ഈ നുണക്കഥയുടെ മാനസികലയനത്തിൽ നിന്ന് മോചിതമായി സ്ഥലകാലബോധം വീണ്ടെടുക്കുവാൻ ഞങ്ങള്‍ വളരെ പാടുപെടുന്നുണ്ടായിരുന്നു. നിങ്ങൾക്കിഷ്ടപ്പെടാത്ത ജിവിച്ചിരിക്കുന്ന ചില മനുഷ്യരെയും, നിങ്ങൾ ഇഷ്ടപ്പെടാത്ത ഒരു പ്രസ്ഥാനത്തെയും കേന്ദ്രബിന്ദുവാക്കിയായിരുന്നുവല്ലോ നിങ്ങളുടെ കഥാനിർമ്മിതി. ജീ‍വിച്ചിരിക്കുന്ന മനുഷ്യരെ കഥാപാത്രങ്ങളാക്കി സാങ്കല്പിക കഥകൾ വിരചിക്കുന്ന ഒരു പുതിയ സാഹിത്യശാഖയ്ക്ക് രൂപം കൊടുക്കുകവഴി സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരങ്ങൾവരെ നിങ്ങള്‍ക്കു മൊത്തമായും നൽകേണ്ടതാണ്! ഈ പുതിയ സാഹിത്യ ശാഖയ്ക്ക് “ലാവ്‌ലിനോവൽ” എന്നോ മറ്റോ പേർ നൽകാവുന്നതാണ്.

ഈ നുണക്കഥകളുടെ ആരോഹണാവരോഹണങ്ങൾ സധാരണ കമ്മ്യൂണിസ്റ്റ്വിരുദ്ധരിൽ മാത്രമല്ല, ഷണ്ഡന്മാരായ കമ്മ്യൂണിസ്റ്റ്‌ ‌വിരുദ്ധരിൽ ‌‌ പോലും പലതവണ രതിമൂർച്ഛയുണ്ടാക്കുകവഴി നിങ്ങൾ അക്ഷരങ്ങളുടെ അനന്തമായ രതിസാധ്യതകളെയും അങ്ങേയറ്റം പ്രയോജനപ്പെടുത്തിയവരാണ്. ഭാവിയിലെ മാധ്യമ വിദ്യാർത്ഥികൾക്ക് ശൂന്യതയിൽ നിന്നും വാർത്തകളുണ്ടാക്കി ഉദരപൂരണം നടത്താൻ പര്യാപ്തമായ ഒരു പഠന പ്രോജക്ടിനു നൽകാവുന്ന ഒന്നാന്തരം വിഷയമായിരിക്കും ലാവ്ലിൻ കഥ. അസഹിഷ്ണുതയും വിദ്വേഷവും വ്യക്തിഹത്യയുമെല്ലാം മാധ്യമത്തൊഴിലിന്റെ ഭാഗമായിത്തന്നെ എങ്ങനെ കൊണ്ടാടാം എന്നതിനും ഇതിലും വലിയ ഒരു ദൃഷ്ടാന്തകഥ വേറെയില്ല.

ലാവ്‌ലിൻ വാർത്താഫാക്ടറികൾ പൂട്ടുന്നു

ഒടുവിൽ പക്ഷെ കഥയുടെ ക്ലൈമാക്സ്മാത്രം അതിന്റെ സൃഷ്ടാക്കളുടെ വരുതിയിൽ നിൽക്കാതെ പോയി. ജീവിച്ചിരിക്കുന്നവരിൽ കഥാപാത്രങ്ങളെ ആരോപിച്ച് അഥവാ കഥാപാത്രങ്ങളിൽ ജീ‍വിച്ചിരിക്കുന്നവരെ ആരോപിച്ച് കഥയെഴുതുമ്പോൾ അങ്ങനെയൊരു ദുര്യോഗം സംഭവിക്കാമെന്നത് അതിന്റെ സ്രഷ്ടാക്കൾക്കും ആസ്വാദകർക്കും ഒരു അനുഭവപാഠം കൂടിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന അന്തിമോല്പന്നം (ഫൈനൽ പ്രോഡക്ട്) ഇവിടെ ഉല്പാദകർക്ക് ലഭിക്കാതെ പോയി. എന്നാൽ ഉല്പാദനപ്രവർത്തനങ്ങളുടെ മറ്റ് ഘട്ടങ്ങളിൽ ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു എന്നത് സമ്മതിക്കാതിരിക്കാതെ വയ്യ! അന്തിമലക്ഷ്യം നേടാനാകാത്തതിന്റെ ചെരിക്ക് ഇനി ഇവർ എങ്ങനെയാണ് തീർക്കുക എന്നറിയില്ല. അതിനി കാത്തിരുന്ന് കാണുക!

അനന്തരം ഇപ്പോൾ ലാവ്ലിൻ വാർത്താഫാക്ടറികൾ രോഗഗ്രസ്ഥമായ സ്ഥിതിയിലല്ല ; എങ്കിൽ പുനരുജ്ജീവിപ്പിക്കാമായിരുന്നു. ഇതിപ്പോൾ വിഭവലഭ്യത (റിസോഴ്സ് അവെയിലെബിലിറ്റി) ) ഇല്ലാതെ അവ ഒന്നൊന്നായി പൂട്ടിക്കെട്ടേണ്ടി വന്നിരിക്കുന്നു. ആവർത്തനശേഷിയില്ലാത്ത ഒരു വിഭവം എന്നതിനാൽ ലാവ്ലിനെ ഇനി പുനർ:നിർമ്മിക്കുവാനും കഴിയില്ല. ഇടതുവിരുദ്ധ മീഡിയകളുടെ അണ്ടർ ഗ്രൌണ്ടുകളിൽ പ്രവർത്തിച്ചിരുന്ന ഈ നുണനിർമ്മാണ ഫാക്ടറികളിലെ സ്വാഭാവിക വിഷമാലിന്യങ്ങൾകൊണ്ട് ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നവർക്ക് ആര്, എന്ത് നഷ്ടപരിഹാരം നൽകുമെന്നത് ചിന്താവിഷയമാണുതാനും. ഒരു പ്രായശ്ചിത്തം കൊണ്ടെങ്കിലും ആധുനിക മീഡിയാ പ്രൊഫഷണലിസത്തിന്റെ ചെളിക്കുണ്ടിൽ ആണ്ടുപോയവർ ഈ ചെയ്തുകൂട്ടിയ പാപങ്ങൾ കഴുകിക്കളയുമോ എന്നു ചോദിക്കുന്നില്ല. കാരണം ആന്തരികമായ വൃത്തിയും വെടിപ്പുമല്ല, ബാഹ്യമായ മോടികളാണല്ലോ അധുനിക മുതലാളിത്തജീവിതത്തിന്റെ ഉദാത്ത മാതൃകകൾ!

മാധ്യമമാഫിയകൾ

കമ്മ്യൂണിസ്റ്റ് വിരുദ്ധരും അവരുടെ കുഴലൂത്തുകാരായ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ മുതലാളിമാരും അവരുടെ കൂലിയ്ക്കെഴുത്തുകാരും എല്ലാംകൂടി ചേർന്ന സിഡിക്കേറ്റല്ല; ഒരു അധോലോക മാധ്യമമാഫിയയാണ് ആധുനിക മീഡിയാ പ്രൊഫഷണലിസത്തിന്റെ ലേബലിൽ ഇവിടെ വളർന്നുകൊണ്ടിരിക്കുന്നത്. അവരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർ അവർക്കിഷ്ടമില്ലാത്ത അഥവാ‍ അവരുടെ താല്പര്യങ്ങൾക്ക് എതിരു നിൽക്കുന്ന ജനനേതാക്കളോ പ്രസ്ഥാനങ്ങളോ മാത്രമായിരിക്കില്ല്ല്ല, സമൂഹത്തിൽ ആർക്കും എപ്പോഴും അവരിൽ നിന്ന് ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിക്കാം. കാരണം കൊട്ടേഷൻ സംഘങ്ങൾക്ക് ശത്രു തന്റെതന്നെയാ‍കണം എന്നില്ലല്ലോ. അവർക്കതൊരു കൂലിവേലയാണ്. അവരുടെ പ്രൊഫഷൻ! ആയുധം കൊണ്ടുമാത്രമല്ല മനുഷ്യനെ ആക്രമിക്കുവാൻ കഴിയുക എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. മാധ്യമമാഫിയകൾ അക്ഷരങ്ങളിൽ വിഷം പുരട്ടിയാണ് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അപകടപ്പെടുത്തുക!

ഉയർന്ന ജാഗ്രത പുലർത്തിയില്ലെങ്കിൽ നേരും നുണയും തിരിച്ചറിയാനാകത്ത, നന്മയും തിന്മയും വേർത്തിരിച്ചറിയാ‍നാകാത്ത, ചൂഷകരെയും ചൂഷിതരെയും തിരിച്ചറിയാനാകാത്ത ഒരു മാനസിക രോഗാവസ്ഥയിലേയ്ക്ക് സമൂഹത്തെയാകെ ഈ മാധ്യമമാഫിയകൾ കൂട്ടിക്കൊണ്ടുപോകും.

സ. പിണറായി വിജയൻ കുറ്റവിമുക്തനാകുമ്പോൾ

സി.ബി.ഐ അന്വേഷണത്തിൽ ശ്രീ. പിണറായി വിജയൻ ലാവ്ലിൻ കേസിൽ കുറ്റവിമുക്തമാക്കപ്പെട്ടിട്ട് ആ വാർത്ത നേരേ ചൊവ്വേ ഒന്ന് ജനങ്ങളിൽ എത്തിക്കാൻ പോലും ഈ “ “മാധ്യമധർമ്മവിചാരമൂർത്തികൾ” ക്ക് കഴിയാതെ പോയി! അഥവാ അവർ അതിനുള്ള സാമാന്യ മര്യാദ കാണിച്ചില്ല. സ. പിണറായി വിജയനും സി.പി.ഐ.എമ്മിനും ഗുണകരമായ യാതൊന്നും അവർക്ക് അക്ഷരങ്ങളിലൂടെ പ്രകടിപ്പിക്കാനാകില്ല. അതിന് അവരുടെ കൈയ്യും നാവുമൊന്നും എളുപ്പം വഴങ്ങില്ല. ഒരാൾക്കുമേൽ കുറ്റം ആരോപിക്കപ്പെടുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണ് അയാൾ കുറ്റവിമുക്തനാക്കപ്പെടുന്നത് എന്നത് ഇവിടുത്തെ ബൂർഷ്വാമാധ്യമപുംഗവന്മാർക്ക് അറിയില്ല. അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങൾ ഒരാളിൽ ഉണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളും മാനഹാനിയും കഷ്ടനഷ്ടങ്ങളും കുറച്ചൊക്കെ ഒഴിവായി കിട്ടുവാൻ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നതിലൂടെയും, ആ വിവരം മാലോകർ അറിഞ്ഞിരിക്കുന്നു എന്ന ബോധം ആ കുറ്റാരോപിതന് ഉണ്ടാകുന്നതിലൂടെയും സാധിക്കും. അതിന് കഴിയാതിരുന്നാൽ കുറ്റവിമുക്തനാക്കപ്പെട്ടാലും എന്നെന്നും ഒരു കുറ്റാരോപിതൻ എന്ന കളങ്കവുമായി കുറ്റാരോപിതൻ ജീവിക്കേണ്ടിയും വരും. ഇവിടുത്തെ ഈ മാധ്യമമാഫിയകളുടെ ദുരുദ്ദേശവും അതു തന്നെയായിരുന്നു.

സ.പിണറായി വിജയനെയും അദ്ദേഹത്തിലൂടെ സി.പി.ഐ.എമ്മിനെയും ഒരു കളങ്കം പൂശിവിടുക. പാർട്ടിയെയും അതിന്റെ ശക്തനായ ഒരു നേതാവിനെയും പ്രതിരോധത്തിലാക്കി ദുർബലപ്പെടുത്തുക. ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തുക. അതു വഴി യു.ഡി.എഫിനും കോൺഗ്രസിനും കുറച്ച് നേട്ടങ്ങളുണ്ടാക്കിക്കൊടുക്കുക. അത് മാത്രമായിരുന്നു ഉദ്ദേശം. അതിന് ഒരു നുണക്കഥ തട്ടിയുണ്ടാക്കി ഗീബൽസിയൻ തന്ത്രം പ്രയോഗിച്ച് മേമ്പൊടിയ്ക്ക് അനേകം ഉപകഥകളും ചേർത്ത് നിരന്തരം പ്രചരിപ്പിക്കുക. അതുവഴി അവരുടെ പ്രഖ്യാപിത ശത്രുവിനെ ഇല്ലാതാക്കുക. അതാണ് ലാവ്ലിൻ കേസിലും നടന്നത്. പക്ഷെ ഈ വെല്ലുവിളികളെല്ലാം സധൈര്യം ചെറുത്തു നിൽക്കാനുള്ള അതിജീവനശക്തി സ്വതവേ സി.പി.ഐ.എമ്മിനുണ്ട് എന്ന യാഥാർത്ഥ്യം ഈ ഇടതുവിരോധികൾ ഓർത്തിരിക്കേണ്ടതാണ്.

ഒന്നോർത്താൽ ഇത് പൊതുസമൂഹത്തിനാകെ ഒരു ചരിത്ര പാഠമാണ്. ഇടതുപക്ഷത്തിനെതിരെ ഇതുപോലെ ഉയർന്നുവരുന്ന ആരോപണങ്ങൾ വിശ്വസിച്ച് ആരോപണവിധേയരെ മുൻവിധിയോടെ കുറ്റക്കാരായി കാണുന്ന മനോഭാവത്തിൽനിന്ന് കുറച്ചുപേരെങ്കിലും മോചിതരാകും. സി.പി.ഐ.എമ്മും അതിന്റെ നേതാക്കളും ഇനിയും ഇതുപോലെ വേട്ടയാടപ്പെട്ടുകൂടെന്നില്ല. ഇല്ലാത്ത കഥകൾ പാർട്ടിയ്ക്കും പാർട്ടി നേതാക്കൾക്കും എതിരെ ഇനിയും മെനഞ്ഞെടുത്തുകൂടെന്നില്ല. അത്തരം മാധ്യമമാഫിയാ ആക്രമണങ്ങൾക്കെതിരെ പാർട്ടിയ്ക്കും അതിന്റെ നേതാക്കൾക്കും പൊതുസമൂഹത്തിനും കുറച്ചൊക്കെ ജാഗ്രത പുലർത്താൻ ലാവ്ലിൻ നുണക്കേസ് ഒരു ചരിത്രപാഠമാണ്.

സ.പിണറായി വിജയൻ കരുത്തനായ നേതാവ്

കേരളരാഷ്ട്രീയത്തിലെ കരുത്തുറ്റ ഒരു നേതാവാണ് സ.പിണറായി വിജയൻ. ആരെടാ എന്നു ചോദിച്ചാൽ ഞാനെടാ എന്ന് തന്റേടത്തോടെ പറയാൻ ചങ്കൂറ്റമുള്ള ഒരു നേതാവ്. ചളുവാ അടിയ്ക്കതെ കമ്മ്യൂണിസ്റ്റ്ബോധം സദാ ഉൾക്കൊണ്ട് സാധാരണവർത്തമാനം പോലും ഒതുക്കത്തിൽ അളന്നുതൂക്കി പറയുന്ന ഗൌരവവും പക്വതയുമാർന്ന വ്യക്തിത്വത്തിനുടമ. നേതൃപാടവവും ഭരണനിപുണതയും തെളിയിച്ച സഖാവ് പിണറായി വിജയന്റെ ജീവിതകാലം സി.പി.ഐ.എമ്മിനും ജനനന്മയ്ക്കും വളരെയേറെ വളരെയേറെ ഉതകുന്നതാണ്. എണ്ണമറ്റ ചെറുത്തു നില്പുകളിൽ സ്ഫുടം ചെയ്ത ഈ ജനനായകന്റെ മേൽ ഇല്ലാത്ത കളങ്കം ആരോപിച്ച് പത്തു പതിനൊന്നു വർഷക്കാലം ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ സംശയത്തിന്റെ കരിനിഴലിൽ നിർത്തുവാൻ ഇവിടുത്തെ ഇടതുപക്ഷവിരുദ്ധർക്കും അവരുടെ കുഴലൂത്തുകാരായ മാധ്യമസിൻഡിക്കേറ്റുകൾക്കും കഴിഞ്ഞു. അതു വഴി സി.പി.ഐ.എമ്മിനുമേൽ കോൺഗ്രസിനും യു.ഡി.എഫിനും ചില താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കുവാനും കഴിഞ്ഞു. ഈ ആരോപണകാലത്ത് നടന്ന ചില തെരഞ്ഞെടുപ്പുകളിൽ ദു:സ്വാധീനം ചെലുത്തുവാൻ ലാവ്ലിൻ കേസ് സംബന്ധിച്ച ദുഷ്പരചരണങ്ങൾക്ക് കഴിഞ്ഞിരുന്നു.

ലാവ്ലിൻ കേസിൽ സഖാവ് പിണറായി വിജയനുമേൽ ഒരു കുറ്റവും കണ്ടെത്താൻ സി.ബി.ഐയ്ക്ക് കഴിയാതെ പോയതിലൂടെ ലാവ്ലിൻ കേസ് വച്ചുള്ള രാഷ്ട്രീയ മുതലെടുപ്പുകളുകൾക്ക് ഇനി ഭാവിയില്ല. എങ്കിലും ഇനിയും ചില കോൺഗ്രാസ് നേതാക്കളും യു.ഡി.എഎഫ് നേതാക്കളും തെരഞ്ഞെടുപ്പുകാലത്ത് ഇതേ ലാവ്ലിൻ കേസ് വച്ച് സി.പി.ഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ മൈക്കുവച്ചുകൊണ്ടിരിക്കും. “വെറും മൈക്കുകൾക്ക്” എന്ത് പറയണം എന്നതിനെ സംബന്ധിച്ച് പ്രത്യേക നിബന്ധനകൾ ഒന്നുമില്ലല്ലോ!

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഒക്കെ അഴിമതികളെ മൂടിവയ്ക്കുവാനും വെള്ള പൂശുവാനും ഇടതുപക്ഷത്തിനും അതിന്റെ നേതാക്കൾക്കുമെതിരെ എന്തെങ്കിലും ആരോപണങ്ങൾ ഇടതുവിരുദ്ധ മാധ്യമമാഫിയാ കൂട്ടുകെട്ടുകൾ ഇനിയും ഉയർത്തിക്കൊണ്ടുവരും. എല്ലാവരും കണക്കാണെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ഗൂഢോദ്ദേശം. എല്ലാവരെയും കുറച്ചുകാലത്തേയ്ക്ക് വിഢികളാക്കാം. കുറച്ചുപേരെ എല്ലാക്കാലത്തും വിഢികളാക്കാം; എന്നാൽ എല്ലവരെയും എല്ലാക്കാലത്തും വിഢികളാക്കാൻ ഇവർക്കാർക്കും കഴിയില്ല എന്ന സാമാന്യതത്വം ഇത്തരുണത്തിലും ഉദ്ധരിക്കുന്നു.

അനിവാര്യമാകുന്ന ചിലത്

ചരിത്രത്തിൽ ചിലത് അനിവാര്യമായും സംഭവിക്കേണ്ടതുണ്ട്. പക്ഷെ അത് എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. വ്യക്തികളോ പ്രസ്ഥാനങ്ങളോ അതിനു നിമിത്തമാകണം. ഇവിടെ ലാവ്ലിൻ കേസിൽ സഖാവ് പിണറായി വിജയൻ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ തികച്ചും അവസരോചിതമായി ഈ വിഷയത്തിൽ ആധികാരികമായ ഒരു ഓർമ്മ പുതുക്കൽ ആവശ്യമായിരുന്നു. ഇവിടെ ആ നിമിത്തം ഡോ. ടി.എം. തോമസ് ഐസക്കിലൂടെ സംഭവിക്കുന്നു. ലാവ്ലിന്റെ നാൾവഴികൾ ചരിത്രത്തിൽ നിന്ന് അത്രവേഗം മാഞ്ഞുപോകേണ്ട ഒന്നല്ല. കാരണം അത് സമൂഹത്തിനു നൽകുന്ന ചില പാഠങ്ങളുണ്ട്. അതുകൊണ്ടുതന്നെ അനിവാര്യമായും ഒരു ചരിത്രപുസ്തകമായിത്തന്നെ അത് അടയാളപ്പെടുത്തേണ്ടതുണ്ട്. ആ നിയോഗം സ്വയം ഏറ്റെടുത്തുകൊണ്ട് ഡോ. ടി.എം. തോമസ് ഐസക്ക് വ്യത്യസ്തമായ പുതിയൊരു ചരിത്രപുസ്തകം പുറത്തിറക്കുകതന്നെ ചെയ്തു. “ഇനിയെന്ത് ലാവ്ലിൻ, ലാവ്ലിന്‍ ഇനിയെന്ത് ” എന്ന അദ്ദേഹത്തിന്റെ ഈ ഗ്രന്ധം തീർച്ചയായും ചരിത്രത്തിന്റെ ഒരു അനിവാര്യതയുടെ പൂർത്തീകരണമാകുന്നു. അനഭിലഷണീയമെങ്കിലും ലാവ്ലിൻ കേസും കേരളചരിത്രത്തിലെയും കേരളത്തിലെ മാധ്യമചരിത്രത്തിലെയും ഒരു ഏടാണ്. അഭിലഷണീയമായതു മാത്രമല്ലല്ലോ ചരിത്രം. സംഭവിച്ചുപോകുന്നതെന്തും ചരിത്രമാകുന്നു എന്നതിനാൽ അനഭിലഷണീയമായ ആ കറുത്ത അദ്ധ്യായം കൂടി ചരിത്രത്തിന്റെ ഭാഗമായിത്തന്നെ കിടക്കട്ടെ. ഇതും ഒരു ചരിത്രപാഠമാണ്. ഭാവിയിലെ ജാഗ്രതകൾക്ക് ഈ ലാവ്ലിൻ ഓർമ്മകൾ ഉണ്ടായിരിക്കേണ്ടതുതന്നെ!.

ഇനിയെന്തു ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്

ഇനി ഈ കുറിപ്പ് എഴുതാൻ പ്രേരിതമായ കാര്യത്തിലേയ്ക്കു കടക്കാം. സി.ബി.ഐ അന്വേഷണത്തിൽ സ.പിണറായി വിജയൻ ലാവ്ലിൻ അപവാദത്തിൽനിന്ന് മോചിതാക്കപ്പെട്ടതോടെ ഇനിയെന്ത് ലാവ്ലിൻ എന്നു പറഞ്ഞ് ആ കഥ ഒരു ദു:സ്വപ്നം പോലെ മറന്നു കളയാം എന്നാണ് ആദ്യം ധരിച്ചത്. പക്ഷെ അപ്പോഴാണ് അത്രവേഗം ലാവ്ലിൻ കേസ് മറക്കുന്നത് ചരിത്ര കുതുകികൾക്കും ചരിത്രത്തെ അനുഭവപാഠമായി കാണാൻ ആഗ്രഹിക്കുന്നവർക്കും ഭൂഷണമല്ല എന്ന ഓർമ്മപ്പെടുത്തലുമായി ഈ വിഷയത്തിൽ ഡോ. ടി.എം. തോമസ് ഐസക്ക് തന്റെ പുതിയ പുസ്തകം പുറത്തിറക്കിയത്. “ഇനിയെന്തു ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത് ” എന്ന ഈ പുസ്തകത്തിൽ ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് അദ്ദേഹം എല്ലാവരോടും ഉണർത്തിക്കുന്നു.

മുൻസൂചിപ്പിച്ചതുപോലെ അനിവാര്യമായത് അനിവാര്യമായ സമയത്ത് സംഭവിച്ചുകൊണ്ടിരിക്കേണ്ടത് ഒരു ചരിത്രപരമായ ആവശ്യമാണ്. ഇല്ലെങ്കിൽ അനുഭവപാഠമാകേണ്ട ചില ചരിത്രങ്ങൾ കാലവിസ്മൃതിയിലാകും. ഇവിടെ ലാവ്ലിൻ കേസിൽ സഖാവ്. പിണറായി വിജയൻ കുറ്റക്കാരനല്ലെന്നു കണ്ടെത്തുന്ന നിർണായകമായ ഒരു ഘട്ടത്തിൽ പ്രസ്തുത കേസിന്റെ നാൾവഴികൾ ഭാവിവായനയ്ക്ക് തയ്യാറാക്കി വയ്ക്കേണ്ടത് ചുരുങ്ങിയ പക്ഷം സി.പി.ഐ.എമ്മിലും ഇടതുപക്ഷത്തിലും പ്രതീക്ഷയർപ്പിക്കുന്നവർക്കെങ്കിലും ഒരു ആവശ്യമാണ്. ഇടതുപക്ഷവും അതിന്റെ നേതാക്കളും വിവിധ രൂപഭാവങ്ങളുള്ള വർഗ്ഗശത്രുക്കളാൽ എങ്ങനെയെല്ലാം വേട്ടയാടപ്പെടാം എന്നതിന് ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ലാവ്ലിൻ കേസ്. കള്ളവാർത്തകൾ തെളിവുകളാക്കപ്പെടുന്ന വിചിത്രമായ നിയമ-വ്യവഹാര വൈകൃതത്തിനു കൂടി ദൃഷ്ടാന്തമാണ് ഈ കേസ്.

സഖാവ്. പിണറായിയെയും സി.പി.ഐ.എമ്മിനെയും ബന്ധപ്പെടുത്തിയുള്ള ലാവ്ലിൻ എന്ന കെട്ടുകഥയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഓരോ സംഭവങ്ങളും ഒന്നൊഴിയാതെ ഡോ. ടി.എം. തോമസ് ഐസക്ക് തന്റെ പുസ്തകത്തിൽ പ്രതിപാദിച്ചു പോകുന്നുണ്ട്. ലാവ്ലിൻ നുണവാർത്തകളുടെ ഏതെങ്കിലും എപ്പിഡോസുകൾ പൂർണ്ണമായോ ഭാഗീകമായോ ആർക്കെങ്കിലും മിസ് ആയിട്ടുണ്ടെങ്കിൽ അവർക്ക് ഈ പുസ്തകം താല്പര്യമുള്ള ഏതു സമയത്തും എടുത്തു വായിക്കാം. ലാവ്ലിൻ കഥകൾ വായിച്ചും കേട്ടും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടൂള്ളവർക്ക് ഇത് വായിച്ച് മുമ്പേ സംഭവിച്ചുപോയ മുൻ വിധികളും തെറ്റായധാരണകളും തിരുത്താം. ഇതേപറ്റി ഇതുവരെ ഒന്നുമറിയാത്തവർക്കും ഭാവിതലമുറകൾക്കും ഒരു ചരിത്ര പുസ്തകം എന്ന നിലയിൽ ഇത് എടുത്തുവായിക്കാം.

“ജീർണ്ണലിസം”

മാധ്യമവിഷയത്തിൽ “വ്യാജസമ്മിതിയുടെ നിർമ്മിതി” എന്നൊരു പുസ്തകം ഡോ. തോമസ് ഐസക്ക് മുന്നേ എഴുതിയിട്ടുണ്ടെങ്കിലും “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത് ” എന്ന പുസ്തകം അതിനൊരു അനുബന്ധം കൂടി ആകുകയാണ് . ലാവ്ലിൻ കേസ് സംബന്ധിച്ച ഈ പുതിയ പുസ്തകം വ്യാജസമ്മിതിയുടെ നിർമ്മിതി എന്ന പ്രതിഭാസത്തിന് ഏറ്റവും നല്ലൊരു ദൃഷ്ടാന്ത കഥയാണ്. ഇതിലെ ഓരോ അദ്ധ്യായങ്ങളും വ്യാജസമ്മതീനിർമ്മാണത്തിന്റെ ഓരോരോ വിസ്മയങ്ങളാണ്. അന്വേഷണാത്മക ജേർണലിസ പഠനത്തിന്റെ ഭാഗമായി വ്യാജവാർത്താ നിർമ്മിതിയുടെ രീതിശാസ്ത്രം ഏതെങ്കിലും കുബുദ്ധികൾക്ക് പഠിക്കണമെങ്കിൽ ഇതിലെ ഓരോ അദ്ധ്യായങ്ങളും അതിനു സഹായകരങ്ങളാണ്. ജേർണലിസം എങ്ങനെ “ജീർണ്ണലിസ”മാകുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ലാവ്ലിൻ കേസ്. ഡ്രാക്കുളയുടെ അളിയന്മാർ മാധ്യമപ്രവർത്തകരായാൽ അവർ ആരുടെയൊക്കെ ചോര എങ്ങനെയൊക്കെ കുടിച്ച് ദാഹമടക്കും എന്ന് മനസിലാക്കുന്നതിനും ഈ ലാവ്ലിൻ കഥതന്നെ ധാരാളം!

ഓർമ്മകൾ ഉണ്ടയിരിക്കണം

എല്ലാവരും കണക്കാണ്, കമ്മ്യൂണിസ്റ്റുകാരും കണക്കാണ് എന്ന് വരുത്തിത്തീർത്ത് അഴിമതിയെ അലങ്കാരമായും മിടുക്കായും കൊണ്ടുനടക്കുന്ന കോൺഗ്രസ്സ് അടക്കമുള്ള ബൂർഷ്വാ രാഷ്ടീയ കക്ഷികളെയും സി.പി.ഐ എം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളെയും ഒരേ നുകത്തിൽ വലിച്ചുകെട്ടാൻ ബോധപൂർവ്വം പ്രചണ്ഡമായ പ്രചരണങ്ങൾ നടത്തുന്നതിനെ സംബന്ധിച്ച് സ. പിണറായി വിജയന്റെ വാക്കുകളെ ആമുഖത്തിൽ ഉദ്ധരിച്ചുകൊണ്ടാണ് ഗ്രന്ധം ആരംഭിക്കുന്നതുതന്നെ.

പുസ്തകത്തിന്റെ ആമുഖത്തിൽ ഗ്രന്ധകാരൻ പറയുന്നു:

“ചരിത്രത്തിനും തലമുറകൾക്കും മുന്നിൽ കുറ്റവാളികളായി തുടരാൻ തീരുമാനിച്ചവരെ പുസ്തകമെഴുതി തിരുത്താമെന്ന വ്യാമോഹമൊന്നും ഈ സംരഭത്തിനില്ല. അവർക്കുള്ള തിരിച്ചടി സമൂഹമാണ് നൽകേണ്ടത്.............”

ഇത്തരം ആരോപണം നടത്തുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളോട് ജനങ്ങൾക്ക് പൊതുവേയുള്ള മതിപ്പ് ഇല്ലാതാക്കുന്നതിനുവേണ്ടി മാത്രമല്ല, മറ്റു ബൂർഷ്വാ രാഷ്ട്രീയനേതാക്കൾ നടത്തുന്ന അഴിമതികളെയും തീവെട്ടിക്കൊള്ളകളെയും വെള്ളപൂശാൻ കൂടിയാണ്. ഇടതുപക്ഷം ചെയ്യുന്ന കാര്യങ്ങൾ അംഗീകൃതമാതൃകകളാണെന്ന ഒരു ധ്വനി ഇതിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഈ ദുർബുദ്ധികൾ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. അഴിമതിയും തിരിമറിയുമെല്ലാം ഇടതുപക്ഷംകൂടി ചെയ്യുന്നതാകുമ്പോൾ അവ സ്വാഭാവികവും നീതീകരിക്കാവുന്നതുമാകുന്നു എന്നൊരു മനോഭാവം സമൂഹത്തിൽ വളർത്തിയെടുക്കാനാണ് എല്ലാവരും കണക്കാണ് എന്ന നിലയ്ക്കൊരു പ്രചരണം ഈ കുബുദ്ധികൾ നടത്തുന്നത്.

ഈ പുസ്തകത്തിലെ “ഓർമ്മകൾ ഉണ്ടായിരിക്കണം” എന്ന ഒന്നാം അദ്ധ്യായം തുടങ്ങുന്നതിങ്ങനെ:

“കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരള രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ലാവ്ലിൻ അപവാദപ്രചാരണത്തിന്റെ തിരശ്ശീല വീണു കഴിഞ്ഞു. കോടതിയിലുള്ള കേസ് തുടരും. എന്നാൽ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സാമ്പത്തികമായ എന്തെങ്കിലും നേട്ടത്തിനു വേണ്ടി അഴിമതി നടത്തിയതായി തെളിവുകളില്ല എന്ന് തുടരന്വേഷണ റിപ്പോർട്ടിൽ സി.ബി.ഐ തന്നെ ഔപചാരികമായി കോടതിയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഒരുതവണയല്ല, നാലുവട്ടമാണ് ദുരാരോപണങ്ങൾക്ക് തെളിവില്ലെന്ന് സി.ബി.ഐ ഏറ്റുപറഞ്ഞത്.”

ഒന്ന്: ഈ ആരോപണങ്ങളിൽ ഒന്നുപോലും സ്ഥിരീകരണത്തെളിവിന്റെ അടിസ്ഥാനത്തിൽ സാധൂകരിക്കാൻ കഴിഞ്ഞില്ല. ശ്രീ. ടി.പി.നന്ദകുമാറിനുപോലും അദ്ദേഹം പെറ്റീഷനിൽ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കാൻ എന്തെങ്കിലും തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല.

രണ്ട്: ദീപക് കുമാർ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുനതിനു തുടരന്വേഷണത്തിന്റെ ഭാഗമായി പരിശ്രമിക്കുകയുണ്ടായി. പലതവണ മൊഴിയെടുത്തപ്പോൾ ദീപക് കുമാർ പറഞ്ഞ കാര്യങ്ങൾ നിശിതമായ പരിശോധനയ്ക്കു വിധേയമാക്കി. എങ്കിലും ഈ ആരോപണങ്ങളിൽ ഏതെങ്കിലും ഒന്നുപോലും സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകൾ ലഭ്യമായില്ല.

മൂന്ന്: ശ്രീ. ടി.പി. നന്ദകുമാറും ശ്രീ. ദീകക് കുമാറും ചേർന്ന് എസ്.എൻ.സി ലാവ്ലിന്റെ മുൻ ഡയറക്ടർ ശ്രീ. ദിലീപ് രാഹുലനും പിണറായി വിജയനും ജി.കാർത്തികേയനും എതിരായും അവർ തമ്മിൽ ഉള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. ഇവയൊന്നും നിലനിൽക്കുന്നതല്ല.

നാല്: ശ്രീ.ടി.പി. നന്ദകുമാർ പിണറായി വിജയനെതിരെയും കനഡയിലെ എസ്.എൻ.സി ലാവ്ലിന്റെ മുൻഡയറക്ടറായ ദിലീപ് രാഹുലനെതിരെയും ഉന്നയിച്ച ആരോപണങ്ങളും നിലനിൽക്കുന്നതല്ല. എസ്.എൻ.സി ലാവ്ലിനും കുറ്റാരോപിതരും തമ്മിലുള്ള ഇടനിലക്കാ‍രനായി ദിലീപ് രാഹുലൻ പ്രവർത്തിച്ചു എന്ന അദ്ദേഹത്തിന്റെ ആരോപണവും നിലനിൽക്കുന്നതല്ല. വിശ്വാ‍സയോഗ്യമായ സാക്ഷികളെക്കൊണ്ടോ രേഖകളുടെ അടിസ്ഥാനത്തിലോ ഉള്ള എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ശ്രീ. വി.ദിലീപ് കുമാറും ശ്രീ.ടി.പി. നന്ദകുമാറും ഉന്നയിച്ച ഒരു ആരോപണവും സാധൂകരിക്കപ്പെടുന്നില്ല. ശ്രീ. ടി.പി. നന്ദകുമാറിനെയും ശ്രീ. വി. ദീപക് കുമാറിനെയും തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുകയുണ്ടായി. തങ്ങളുന്നയിച്ച ഒരു ആരോപണവും തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല.”

മുൻ ആരോപണങ്ങളുടെ നിജസ്ഥിതി

മാധ്യമങ്ങൾ സഖാവ്. പിണറായിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ കൂട്ടത്തിൽ ഒന്നായിരുന്നുവല്ലോ സിംഗപ്പൂരിലെ “ഒടുക്കത്തെ ” ഒരു കമലാ എക്സ്പോർട്ടിംഗ് കമ്പനി. ഇതു സംബന്ധിച്ച് ഡോ.തോമസ് ഐസക്ക് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്;

“മഞ്ഞപ്പത്രത്തെ വെല്ലുന്ന ക്രൈം മാസികയുടെ പേജുകളിൽ നട്ടുനനച്ച് വളർത്തിയ മഹാ പ്രസ്ഥാനമായിരുന്നല്ലോ ആ കമലാ എക്സ്പോർട്ട്സ്. ആസ്ഥാനം സിംഗപ്പൂരും! ഓഫിസ് എവിടെ, എം.ഡി ആര്, രജിസ്റ്റർ ചെയ്തത് എവിടെ ബാലൻസ് ഷീറ്റ് എങ്ങനെയിരിക്കും അന്നൊക്കെയുള്ള അടിസ്ഥാന ചോദ്യങ്ങളും വിഴുങ്ങി. എന്നിട്ടും കാറ്റ് കാതുകളിലേയ്ക്കും നാവ് നാൽക്കവലകളിലേയ്ക്കും ഈ സ്ഥാപനത്തിന്റെ പെരുമയെത്തിച്ചു. ഒടുവിൽ കേരള ഹൈക്കോടതിയിലും കമലാ ഇന്റർ നാഷണൽ എക്സ്പോർട്ട്സ് പ്രത്യക്ഷപ്പെട്ടു............. ഈ കഥ കേരളത്തിൽ ഒരുപാട് പാണന്മാർ പാടി നടന്നിട്ടുണ്ട്.”....................

..............”കാൻസർ സെന്റർ കോടികൾ എങ്ങോട്ടൊഴുകി?” എന്ന സംഭ്രമജനകമായ ചോദ്യവും മാതൃഭൂമി അതേ ദിവസം (2009 ജനുവരി 24) ഉന്നയിച്ചു. ഈ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞതോ, മാസങ്ങൾക്കു ശേഷം മനോരമയും.“ സിംഗപ്പൂർ ഗൂഢാലോചനയിൽ പിണറായിക്കും പങ്ക്“ എന്ന മനോരമ വാർത്തയിലെ 12-ആം വാക്യം ഇങ്ങനെയാണ്; “എന്നാൽ ഉത്തരേന്ത്യയിലെ ബാങ്കിലേയ്ക്ക് ഈ തുക മാറ്റിയതായി സൂചനയുണ്ട്” (2009 ജൂൺ 10) വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ട് ഈ ഉത്തരേന്ത്യം ബാങ്കിന്റെ പേരെന്തെന്നു പോലും ആർക്കുമറിയില്ല. ഇപ്പോഴാർക്കും ഈ ബാങ്കിനെക്കുറിച്ച് മിണ്ടാനില്ല. ‘അന്നന്നു തോന്നുന്ന നുണകൾ‘ എഴുതുന്നവരാണ് എഴുതുന്നവരാണ് മനോരമയിലെ പഴയതും പുതിയതുമായ ലേഖകർ. “ലാവ്ലിൻ പ്രതികളുടേത് ജാമ്യമില്ലാത്ത കുറ്റം” എന്നു പ്രഖ്യാപിച്ച ദിവസം തന്നെയാണ് ഉത്തരേന്ത്യൻ ബാങ്ക് കഥയും മനോരമ അച്ചടിച്ചത്. പിണറായി വിജയന് ജാമ്യം പോലും കിട്ടരുത് എന്ന് ആഗ്രഹിച്ചവരാണ് ഈ കഥ പ്രചരിപ്പിച്ചത് എന്നു വേണം മനസിലാക്കാൻ”..............

മനോരമയുടെ “ലാവ്ലിൻ വാർത്താഫാക്ടറി ” അങ്ങനെ എത്രയെത്ര കഥകളും ഉപകഥകളും കൊണ്ടാണ് ലാവ്ലിൻ കേസ് കൊഴുപ്പിച്ചത്!

ഇ-മെയിൽ മാളിക

അതിനൊക്കെ ഇടയിലാണ് ആരുടേയോ ഒരു മണിമാളികയുടെ പടം ഇന്റെർനെറ്റിൽ കയറിയത്. പിണറായിയുടെ കൊച്ചു കുടിലെന്ന് അടിക്കുറിപ്പും. ഇത് പിണറായി വിജയന്റെ വീടല്ലെന്നു പറഞ്ഞപ്പോൾ പിണറായിയുടെ യഥാർത്ഥ വീട് കാണിച്ചാൽ പ്രശ്നം തീർന്നല്ലോ എന്നായി തല്പരകക്ഷികൾ! നോക്കണേ ആർക്കെങ്കിലും എന്റെ ഭാര്യയെ കാണണമെന്നു തോന്നുക. നേരിട്ട് അത് പറയാതെ ഏതെങ്കിലും അന്യസ്ത്രീയുടെ പടമെടുത്ത് അത് എന്റെ ഭാര്യയുടെ പടമെന്നു പറഞ്ഞ് ഇന്റെർനെറ്റിൽ ഇടുക. ഞാൻ അത് നിഷേധിക്കുമ്പോൾ എങ്കിൽ യഥാർഥ ഭാര്യയെ കാണിക്കണമെന്ന് ആവശ്യപ്പെടുക. എനിക്ക് ഭാര്യതന്നെ ഇല്ലെങ്കിൽ ഞാൻ കുഴഞ്ഞതുതന്നെ! അതായത് ചുമ്മാതിരിക്കുന്ന എങ്ങാണ്ടോ ചുണ്ണാമ്പു തേയ്ക്കുന്ന ആ മറ്റേ മുറ!

എന്തായാലും ആരുടേയോ ആ വീടിന്റെ ചിത്രം നെറ്റിൽ കയറ്റി പിണറായിയുടേതെന്ന് പ്രചരിപിച്ചവർ നിയമത്തിന്റെ പിടിയിലായി. അന്ന് സ. പിണറായിതന്നെ കേസ് കൊടുത്ത് ആ മണിമാളികാവർത്തമാനം പൊളിച്ചടുക്കിയെങ്കിലും ഒരുപക്ഷെ ആ പ്രചാരണങ്ങളില്പെട്ട് ചിലരെങ്കിലും ഇപ്പോഴും പിണറായിയുടേതാണ് ആ മണിമന്ദിരമെന്ന് കരുതിക്കൂടെന്നില്ല. കാരണം ആദ്യം തങ്ങൾ അറിയുന്ന വ്യാജവർത്തമാനങ്ങളുടെ നിജസ്ഥിതി പിന്നീട് പുറത്തു വരുന്നത് എല്ലാവരും അറിയണമെന്നില്ലല്ലോ. കാരണം തിരുത്തപ്പെടുന്ന വാർത്തകൾക്ക് അത്ര പ്രചാരണം ലഭിക്കാറില്ല. ലാവ്ലിൻ കേസിൽ സ. പിണറായി കുറ്റക്കാനനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയ വിവരം ഇനിയും അറിയാത്തവർ ആരെങ്കിലുമൊക്കെ ഉണ്ടായിക്കൂടെന്നില്ല. കാരണം പിണറായി കുറ്റക്കാരനാണെന്ന് ആരോപിച്ചു കൊണ്ടുള്ള മുൻവാർത്തകളുടെ അത്രയും ഊക്കില്ലായിരുന്നല്ലോ അദ്ദേഹം കുറ്റക്കാരനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയ വാർത്ത.


അല്ലയോ മാധ്യമസുഹൃത്തുക്കളേ, ഇനി പറയൂ!

സഖാവ് പിണറായി വിജയന് സിംഗപൂരിൽ ഉണ്ടെന്നു നിങ്ങൾ അന്നു പറഞ്ഞ ആ കമലാ കമ്പനി ഇപ്പോഴും ഉണ്ടോ? ഇപ്പോൾ അത് നോക്കി നടത്താൻ സഖാവ്. പിണറായി വിജയൻ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്? ഇപ്പോൾ അതിന്റെ ടേൺ ഓവർ എങ്ങനെ? പിന്നീട് എത്രപ്രാവശ്യം പിണറായി സിംഗപ്പൂർ യാത്ര നടത്തീയെന്നതിന്റെ കണക്കെടുത്തോ? അറ്റ്ലീസ്റ്റ് ആകെപ്പാടെ സഖാവ്. പിണറായി വിജയൻ പാർട്ടി ആവശ്യങ്ങൾക്ക് പാർട്ടി നിയോഗപ്രകാരം സിംഗപ്പൂരിൽ എത്രപ്രാവശ്യം പോയിട്ടുണ്ട് എന്ന് ഇനിയെങ്കിലും സത്യസന്ധമായി നിങ്ങൾക്ക് ഒന്ന് അന്വേഷിച്ച് വെളിപ്പെടുത്തരുതോ? അതോ നിങ്ങൾ പറഞ്ഞ പിണറായിപോലും അറിയാത്ത പിണറായിയുടെ സിംഗപ്പൂർയാത്രകളിൽ നിങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവോ?

നിങ്ങൾ ആരോപിച്ച സിംഗപ്പൂർ യാത്രകൾ സ്വപ്നത്തിൽ പോലും കണ്ടതായി സ. പിണറായിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നെപ്പിനെ പിണറായിക്കുപോലും തോന്നിയിരിക്കണം നിങ്ങൾ പറയുമ്പോലെ ഒരു കമ്പനിയെങ്ങാനും തനിക്കുണ്ടോയെന്ന്. നിങ്ങളുടെ നുണമിടുക്ക് അത്രയ്ക്കുണ്ടല്ലോ. ഒടുവിൽ ഈ ലാവ്ലിൻ കഥയിൽ പറയുന്ന പിണറായി വിജയൻ താൻ ആണെന്നതു തന്നെ മറന്ന് സഖാവ് പിണറായി വിജയനും ഈ കഥയൊക്കെ വായിച്ച് ത്രില്ലടിച്ചിരിക്കണം. കാരണം താന്റെ സ്ഥാനവലിപ്പത്തിനപ്പുറം അദ്ദേഹവും പച്ചയായ ഒരു മനുഷ്യൻ ആണല്ലോ. അദ്ദേഹവും മറ്റു സാധാരണ മനുഷ്യരെ പോലെ ഒരു വായനക്കാരനും മാധ്യമനിരീക്ഷകനും ഒക്കെ ആണല്ലോ!

അതുപോലെ ആ ഉത്തരേന്ത്യൻ ബാങ്കിന് ഇനിയെങ്കിലും നിങ്ങൾക്ക് ഒരു പേരിട്ടുകൂടെ? ഇപ്പോഴും ആ ബാങ്കുകാർ പേരു വെളിപ്പെടുത്തുന്നില്ലെന്നുണ്ടോ? നമുക്ക് അതൊന്നു കാണാൻ പറ്റുമോ? അതോ അതങ്ങു പാതാളത്തിലാണോ? അല്ലെങ്കിൽ ലാവ്ലിൻ കേസുമായി ബന്ധപെട്ടവർക്ക് മാത്രം ഇടപാട് നടത്താൻ കഴിയുന്ന നിങ്ങളുടെ തന്നെ സൃഷ്ടിയായ ആ വിചിത്രമായ ബാങ്ക് ഇനിയെങ്കിലും നിങ്ങൾതന്നെ പൂട്ടിക്കെട്ടിയതായി പ്രഖ്യാപിക്കുമോ? സഖാവ്. പീണറായി വിജയൻ അഴിമതി നടത്താത്തസ്ഥിതിയ്ക്ക് അങ്ങനെയൊരു ബാങ്കിന്റെ ആവശ്യംതന്നെ ഇനിയില്ലല്ലോ.

ഇല്ലാത്ത രേഖകൾ, ഇല്ലാത്ത കമ്പനി, ഇല്ലാത്ത ബാങ്ക്, നടക്കാത്ത യാത്രകൾ, കണാത്ത സാക്ഷികൾ അങ്ങനെ ഏതെല്ലാം വിധത്തിലായിരുന്നു നിങ്ങൾ കൊട്ടിയാടിയത്! ഇനിയെങ്കിലും നിങ്ങളെ വിശ്വസിച്ച അതൊക്കെ വായിച്ചും കണ്ടും തെറ്റിദ്ധരിക്കപ്പെട്ടവരോടെങ്കിലും മാപ്പു പറയുമോ? അതിനുള്ള ആർജ്ജവം നിങ്ങളുടെ മാധ്യമധർമ്മവിചാരങ്ങളിൽ നിന്ന് നിങ്ങൾക്കു ലഭിക്കുമോ?

കുറ്റാരോപണത്തിന്റെ മന:ശാസ്ത്രം

ഒരാളുടെ മേൽ ഇല്ലാത്ത ഒരു ആരോപണം ഉന്നയിക്കുക. എന്നിട്ട് അങ്ങനെ ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ ആരോപിതനെ ബാദ്ധ്യസ്ഥനാക്കുക. ഒരാൾ ചുമ്മാ വഴിയേ നടന്നു പോകുന്നു; അയാൾ എന്തെങ്കിലും അവിഹിതത്തിനു പോയിട്ട് പോകുകയാണെന്ന് അരെങ്കിലും ചുമ്മാ ആരോപിക്കുക. ആരോപണം മറ്റുള്ളവർ ഏറ്റെടുക്കുക. എല്ലാവരും അത് വിശ്വസിക്കുക. അഥവാ തല്പരകക്ഷികൾ ചേർന്ന് നന്നായി അത് പറഞ്ഞ് പ്രചരിപ്പിച്ച് വിശ്വസിപ്പിക്കുക. ആരെയെങ്കിലും ഒന്നുരണ്ടുപേരെ സ്വയം കണ്ടെത്തിയിട്ട് അവരാണ് എല്ലാ അവിഹിതങ്ങൾക്കും സാക്ഷികൾ എന്നു പറയുക. ഒടുവിൽ അരോപണം തെളിയിക്കാൻ ആരോപണം ഉന്നയിക്കപ്പെട്ടവരോട് ആവശ്യപ്പെടുക. തങ്ങൾ ഒരു അവിഹിതത്തിനും പോയിട്ടില്ല എന്നതിന് മതിയായ തെളിവുകൾ ഹാജരാക്കണമെന്ന് അവശ്യപ്പെടുക. ഇതു മാതിരിയായിരുന്നല്ലോ ലാവ്ലിൻ കേസ്! എന്തെങ്കിലും വിരോധത്തിന്റെ പേരിൽ നാട്ടിൽകൊള്ളാവുന്ന ആളുകളെക്കുറിച്ച്, അവർ മാടം പൊക്കികളും മതിൽ പൊക്കികളുമാണെന്ന് വരുത്തിത്തീർക്കാൻ ചില നാട്ടുചെറ്റകൾ പയറ്റുന്ന പണിയാണ് ഇവിടെ സി.പി.ഐ.എം വിരുദ്ധ മാധ്യമങ്ങൾ ലാവ്ലിൻ കേസിൽ നടത്തിയത്. ഈ കൊടിയ പാപത്തിനു അവർ മാപ്പുപറയാത്തിടത്തോളം ദൈവമുണ്ടെങ്കിൽ അവർക്ക് ശിക്ഷകിട്ടും. മരണാനന്തരം സ്വർഗ്ഗനരകങ്ങളുണ്ടെങ്കിൽ അവരെ നരകത്തിലെ തീക്കുണ്ടത്തിലേയ്ക്ക് തള്ളും.പാപികളേ ജാഗ്രത!

ഉപസംഹാരം

നന്നായി ഗൃഹപാഠം ചെയ്ത് എഴുതിയ “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്” എന്ന തന്റെ പുസ്തകം താഴെപറയുന്ന പ്രകാരം പറഞ്ഞ് ഡോ.ടി.എം. തോമസ് ഐസക്ക് ഉപസംഹരിക്കുന്നു:

“ഒന്ന്: അഴിമതിയില്ലാത്ത അഴിമതികേസാണിത്.സി.ബി.ഐ അന്വേഷനത്തിൽ ഒരു തരത്തിലുള്ള അഴിമതിയും തെളിയിക്കപ്പെട്ടിട്ടില്ല.മലബാർ ക്യാൻസർ സെന്റർ തലശേരിയിൽ സ്ഥാപിച്ചെടുക്കുകയായിരുന്നു ഇടപാടിലെ സ്വാർത്ഥലക്ഷ്യം എന്ന ആരോപണം പരിഹാസ്യമാണ്.

രണ്ട്: യഥാർത്ഥ പ്രശ്നം തലശേരിയിലെ മലബാർ ക്യാൻസർ സെന്ററിന് പണം സമാഹരിച്ചു നൽകും എന്ന കനേഡിയൻ കമ്പനിയുടെ വാഗ്ദാനം നിറവേറ്റപ്പെടാത്തതാണ്. അതിനുത്തരവാദി, ആ പണം നേടിയെടുക്കാതെ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ്.

മൂന്ന്: കേസുമായി ബന്ധപ്പെട്ട് ഉയർത്തിയ വ്യക്തിഹത്യയും അപവാദ പ്രരണങ്ങളും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ള കള്ളക്കഥകളായിരുന്നു. അവയിൽ ഒന്നുപോലും സി.ബി.ഐ അന്വേഷണത്തിൽ തെളിഞ്ഞില്ല.

നാല്: ജി.കാർത്തികേയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ അന്വേഷണ ഏജൻസി അത്തരം ന്യായങ്ങളൊന്നും പിണറായി വിജയന് ബാധകമാക്കിയില്ല. ഒരാളെ ഒഴിവാക്കാനും മറ്റൊരാളെ ഉൾപ്പെടുത്താനുമുള്ള ന്യായങ്ങൾ ഏജൻസി സൃഷ്ടിക്കുകയായിരുന്നു.

അഞ്ച്: കാനഡയിൽ നിന്ന് പണം സമാഹരിച്ച് ആശുപത്രിയ്ക്കു വേണ്ടി നൽകാമെന്ന വാഗ്ദാനത്തിൽ നിന്ന് ലാവ്ലിൻ സ്വയം പിന്മാറിയതാണോ അതല്ല, അവരെ രക്ഷപ്പെടാൻ കേരളം അന്ന് ഭരിച്ച യു.ഡി.എഫ് സർക്കാർ സൌകര്യം ചെയ്തുകൊടുത്തതാണോ അതിനു പിന്നിലെ കളികളെന്ത് എന്ന കാതലായ ചോദ്യത്തിൽ നിന്ന് സി.ബി.ഐ ഒഴിഞ്ഞു മാറിയിരിക്കുന്നു.”

“ലവ്ലിൻ കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തുടങ്ങിവച്ച നിയമപരവും രഷ്ട്രീയവുമായ പോരാട്ടം മേല്പറഞ്ഞ യാഥാർത്ഥ്യങ്ങളിലേയ്ക്കൂള്ള വതിലുകൾ തുറന്നിരിക്കുന്നു. ഇന്നലെവരെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ സ്വഭാവഹത്യ ചെയ്യാൻ ലാവ്ലിൻ ആയുധമാക്കിയവർക്ക് തലകുനിക്കാനും മാപ്പുയാചിക്കാനുമുള്ള വക ഈ കേസിന്റെ അവസാന ഘട്ടത്തിൽ വേണ്ടതിലേറെയുണ്ട്. ചരിത്രം ഒരേദിശയിൽ ഒഴുകുന്ന നദിയല്ല.”


പുസ്തകത്തിന്റെ പ്രാധാന്യം

തീർച്ചയായും ഡോ.തോമസ് ഐസക്ക് ലാവ്ലിൻ വിഷയത്തിൽ എഴുതിയ പുസ്തകം വായിക്കുന്നത് നല്ലതാണ്. ആരൊക്കെ ഈ പുസ്തകം വായിക്കണം, അരൊക്കെ വായിക്കേണ്ടാ എന്നുകൂടി പറഞ്ഞ് ഈ കുറിപ്പ് തൽക്കലാം ചുരുക്കാം.

ആരൊക്കെ വായിക്കണം

1.നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച ഏകദേശം പതിനൊന്നു വർഷക്കാലത്തെ നുണവാർത്തകൾ വായിച്ച് തെറ്റിദ്ധരിക്കപ്പെടുകയും മുൻ വിധികൾ വച്ചുപുലർത്തുകയും ചെയ്തവരാണെങ്കിൽ നിശ്ചയമായും ഈ പുസ്തകം വായിക്കണം.

2.തിരക്കുകൾക്കിടയിൽപെട്ട് ലാവ്ലിൻ കേസിന്റെ നാൾവഴികളിൽ ഏതെങ്കിലും എപ്പിഡോസുകൾ നിങ്ങൾക്കു മിസ് ആയിട്ടുണ്ടെങ്കിൽ നിശ്ചയമായും ഈ കേസിന്റെ നാൾവഴികളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം നിങ്ങൾ വായിക്കണം.

3. നിങ്ങൾ ഇടതുപക്ഷത്തിൽ പ്രതീക്ഷയർപ്പിക്കുന്ന ഒരാ‍ളാണെങ്കിൽ ഇക്കണ്ട ഇടതുപക്ഷവിരുദ്ധമാധ്യമങ്ങൾ ഏതെല്ലാം തരത്തിൽ ഇടതുപക്ഷത്തെ ആക്രമിക്കാമെന്ന് മനസിലാക്കി ജാഗ്രത പുലർത്താൻ ഈ പുസ്തകം ഉപരിക്കും.

4. നിങ്ങൾ സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്താനിഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഒരു മാധ്യമപ്രവർത്തകൻ എന്തൊക്കെ ചെയ്തുകൂടെന്നറിയാൻ ഈ പുസ്തകം വായിക്കുക

5. നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച് ഇതുവരെ ഒന്നുമറിയാത്ത ആളോ പുതുതലമുറയിൽപെട്ട ആളോ ആണെങ്കിൽ നിങ്ങൾക്ക് ഈ ചരിത്രപുസ്തകം ഒരു നല്ല പാഠപുസ്തകം തന്നെ ആയിരിക്കും.

അരൊക്കെ വായിക്കേണ്ട

1.നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച ഏകദേശം പതിനൊന്നു വർഷക്കാലത്തെ നുണപ്രചരണങ്ങൾ വായിച്ച് തെറ്റിദ്ധരിക്കപ്പെടുകയും മുൻവിധികൾ വച്ചുപുലർത്തുകയും ചെയ്തവരാണെങ്കിൽത്തന്നെയും, സി.പി.ഐ.എം വിരോധംകൊണ്ട് അങ്ങനെയൊക്കെത്തന്നെ വിശ്വസിക്കാൻ മന:പൂർവ്വം ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കേണ്ട.

2. മാധ്യമധർമ്മങ്ങൾക്കു വിരുദ്ധമായിപ്പോലും സി.പി.ഐ.എമ്മിനെയും അതിന്റെ നേതാക്കളെയും അപകീർത്തിപ്പെടുത്താൻ എന്തുതന്നെ ചെയ്യുന്നതും എഴുതുന്നതും പറയുന്നതും ഒക്കെ സന്തോഷമാണെന്നു കരുതുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾ ഈ പുസ്തകം വായിച്ചിട്ട് ഒരു കാര്യവുമില്ല.

3. സി.പി.ഐ.എമ്മും ഇടതുപക്ഷവും അതിന്റെ നേതാക്കളും അഴിമതിക്കാരായിത്തന്നെ ജനങ്ങൾക്കിടയിൽ ചിത്രീകരിക്കപ്പെടണമെന്നും അത് രാഷ്ട്രീയപ്രചരണത്തിനുപയോഗിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു തനി ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയക്കാരാണ് നിങ്ങളെങ്കിൽ , നിങ്ങൾ ഈ പുസ്തകം വായിച്ച് സമയം മിനക്കെടുത്തേണ്ട.

4. എല്ലാരും കണക്കാണെന്നു പറയുന്ന അരാഷ്ട്രീയവാദികളാണു നിങ്ങളെങ്കിൽ ഇത് വായിച്ച് ലാവ്ലിൻ കേസ് സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറിക്കിട്ടിയാലും, നിങ്ങളുടെ ആ എല്ലാരും കണക്കാണെന്ന മനോഭാവത്തിനു മാറ്റമുണ്ടാകാനിടയില്ലാത്ത സ്ഥിതിയ്ക്ക് വായനകൊണ്ടു വലിയ കാര്യമില്ല.

5. മാധ്യമ പ്രവർത്തനം വെറും കൊട്ടേഷൻ പ്രവർത്തനമായി ഏറ്റെടുത്ത് മറ്റുള്ളവരെ കൊന്നുകൊലവിളിച്ചും ഉദരപൂരണം നടത്തണമെന്ന് ചിന്തിക്കുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾ ഈ പുസ്തകം വായിച്ച് ചഞ്ചലചിത്തരാകരുത്!

അക്ഷരങ്ങൾ മറക്കാതിരിക്കാനെങ്കിലും ഇടയ്ക്കൊക്കെ ഒരു വായന എല്ലാവർക്കും നല്ലതേ വരുത്തൂ . അതിനാല്‍ കഴിയുന്നതും നിങ്ങൾ ഏവരും ഡോ. ടി.എം. തോമസ് ഐസക്കിന്റെ “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്” എന്ന പുസ്തകം വാങ്ങി വായിക്കണം എന്ന ഒരു അഭ്യർത്ഥനയോടുകൂടി ഈ കുറിപ്പ് ചുരുക്കുന്നു.