Showing posts with label കളിമണ്ണ്‌. Show all posts
Showing posts with label കളിമണ്ണ്‌. Show all posts

Wednesday, August 28, 2013

കളിമണ്ണും പ്രസവവും സദാചാരവും മറ്റും

കളിമണ്ണ്: വേറിട്ടൊരു ചലച്ചിത്രാനുഭവം

വിവാദങ്ങളില്‍ നിന്ന് സംവാദങ്ങളും സംവാദങ്ങളില്‍ നിന്ന് വിവാദങ്ങളും ഉണ്ടാകാം. ചിത്രീകരണം പൂര്‍ത്തിയാകും‌മുമ്പേ വളരെയേറെ വിവാദങ്ങള്‍ ഉണ്ടായ ഒരു ചലച്ചിത്രമാണ് കളിമണ്ണ്. അതുപിന്നെ സംവാദങ്ങളിലേയ്ക്കും മുന്നേറി.സാധാരണ സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടാനായി ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രവണത കണ്ടു വരാറുണ്ട്. ഈ സിനിമയില്‍ ഒരു പ്രസവ രംഗം ചിത്രീകരിക്കുന്നു എന്നതിനെ ചൊല്ലിയാണ് വിവാദങ്ങളും സംവാദങ്ങളും ഉണ്ടായത്. അത്രകണ്ട് നിലവാരമൊന്നും പുലര്‍ത്താന്‍ പോകുന്നില്ല എന്ന മുന്‍വിധിയോടെതന്നെയാണ് ഈ ചിത്രം കാണാന്‍ സ്ക്രീനിനുമുന്നിലെത്തിയത്. വലിയ പ്രതീക്ഷവയ്ക്കാതിരുന്നാല്‍ സമയവും ടിക്കറ്റുകാശും നഷ്ടപ്പെട്ടതില്‍ വലിയ നിരാശ തോന്നില്ലല്ല്ലോ. എന്നാല്‍ കളിമണ്ണ് എന്ന വിവാദചലച്ചിത്രം കണ്ടുതുടങ്ങിയതോടെ എന്റെ മുന്‍വിധികള്‍ ശരിയായിരുന്നില്ലാ എന്നു തോന്നി. ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായതല്ല, ഉണ്ടാക്കിയതാണെങ്കില്‍ അത് കച്ചവടതന്ത്രത്തിന്റെതന്നെ ഭാഗമായിരിക്കാം. കലയും കച്ചവടവും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ ഇപ്പോള്‍ ആരും അത്ര കാര്യമായെടുക്കുന്നുമില്ലല്ലോ. സിനിമ പിടിക്കാന്‍ പണം വേണം. പണം മുടക്കുന്നവര്‍ ആരോ അവര്‍ക്ക് ലാഭം വേണം. അതുകൊണ്ടുതന്നെ കച്ചവട തന്ത്രങ്ങളെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. കച്ചവടം തന്നെ ലക്ഷ്യമെന്നവര്‍ തുറന്നു പ്രഖ്യാപിച്ചാല്‍ ആ വിമര്‍ശനം കുറെക്കൂടി ദുര്‍ബ്ബലമാകും. എന്തായാലും ഈ സിനിമ കാണാതിരുന്നെങ്കില്‍ അതൊരു നഷ്ടമായിപ്പോയേനെ എന്ന് സിനിമയുടെ തുടക്കത്തില്‍ത്തന്നെ തോന്നി. കാബറേ കണ്ടിട്ടല്ല, സിനിമയുടെ ഗതിയെങ്ങോട്ടാണ് എന്ന സൂചന ലഭിച്ചതുകൊണ്ടാണ് അങ്ങനെ തോന്നിയത്.

കളിമണ്ണ് ഒരു വിശ്വോത്തര കലാശില്പമൊന്നുമല്ല. കച്ചവടവും കലാമൂല്യവും വിളക്കിച്ചേര്‍ത്തിരിക്കുന്ന ഒരു ചിത്രം തന്നെ. പ്രസവരംഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഒരു സാധാരണ ചിത്രം. ഇതിന്റെ പ്രമേയം അത്രകണ്ട് പുതുമയുള്ളതല്ല. മുമ്പും ഇതിനോട് സാമ്യമുള്ള പ്രമേയങ്ങള്‍ പലരും കൈകാര്യം ചെയ്തിട്ടുള്ളതാണ്. കണ്ടിറങ്ങി കഥപറയാന്‍ പാകത്തിലുള്ള ഒരു കഥാചിത്രവുമല്ല ഇത്. എന്നാല്‍ ഈ ചിത്രം മറ്റൊന്നിന്റെയും തനിപ്പകര്‍പ്പല്ല. ഇത് വേറിട്ടൊരു അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. മരിച്ചുപോയ ഒരാളില്‍ നിന്ന് ധാതുശേഖരിച്ച് ഗര്‍ഭം ധരിക്കുന്നതും തുടര്‍ന്ന് ആ പ്രസവം ചിത്രീകരികരിച്ച് കാണിക്കുന്നു എന്നതും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സമാനപ്രമേയങ്ങളും കഥാഗതികളുമുള്ള മറ്റ് സിനിമകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളായി. കളിമണ്ണ്‌ മോശപ്പെട്ട ഒരു ചിത്രം എന്നു പറയാനാകില്ല. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ടത് എന്ന് കരുതാവുന്ന ഒരു ചിത്രത്തെ എങ്ങനെ മോശപ്പെട്ട ചിത്രം എന്നു പറയാനാകും? കഥയ്ക്കും പ്രമേയത്തിനുമപ്പുറം ഇതിലെ രംഗചിത്രീകരണങ്ങളും സംഭാഷണങ്ങളും വളരെ പ്രധാനപ്പെട്ടതാകുന്നു. സിനിമയുടെ ദൃശ്യഭാഷാപരമായ മികവും ഈ ചിത്രത്തില്‍ അത്യന്തം ദര്‍ശിക്കാം. സിനിമ സംവിധായകന്റെ കലയാണെങ്കില്‍ ഇതിന്റെ സംവിധായകന്‍ ബ്ലെസ്സി ഒരു മികച്ച സംവിധായകന്‍ തന്നെ. ശ്വേതാമേനോന്‍ ഏറ്റവും മികച്ച അഭിനേത്രിയാണെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രം. ഒരു പക്ഷെ ഇതില്‍ എഴുത്തുകാരനും സംവിധായകനും (രണ്ടും ബ്ലെസ്സിതന്നെ) ഉദ്ദേശിച്ച നിലയില്‍ ആ കഥാപാത്രമായി മാറാന്‍ ശ്വേതാമേനൊനല്ലാതെ മറ്റാര്‍ക്കും കഴിയുമായിരുന്നില്ലെന്ന് പറയാന്‍ തോന്നുന്ന മികച്ച അഭിനയമാണ് അവര്‍ കാഴ്ചവച്ചിട്ടുള്ളത്.

നായികപ്രാധാന്യമുള്ള ഒരു ചിത്രമാണിത്. എന്നിരുന്നാലും നായകനോ നായികയോ എന്നതിലപ്പുറം ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയമാണ് ഇതില്‍ ശരിക്കും നായകത്വം വഹിക്കുന്നത്. അതായത് വിഷയസംബന്ധിയായ ഒരു സര്‍ഗ്ഗചിത്രം. ഈ സിനിമ ചില നല്ല സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ വെറുമൊരു കച്ചവട സിനിമയെന്നോ വെറുമൊരു വിനോദസിനിമയെന്നോ പറഞ്ഞ് ഇതിനെ വിലകുറച്ചുകാണാന്‍ കഴിയില്ല. കലാമൂല്യവും വൈജ്ഞാനികമൂല്യവും കച്ചവട-വിനോദ മൂല്യങ്ങളെക്കാള്‍ പ്രകടമായി കാണാന്‍ കഴിയുന്നതാണ് ഈ ചിത്രം. സിനിമയ്ക്കകത്തും പുറത്തും സംവാദങ്ങള്‍ കൊണ്ട് സമ്പന്നമായതിനാല്‍ ഒരു സര്‍ഗ്ഗാത്മക പരിസരത്തുനിന്നുകൊണ്ട് ഈ ചിത്രം കാണുവാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞു. അതായത് തികച്ചും സചേതനമായ ഒരു സര്‍ഗ്ഗക്കാഴ്ച.
ചില അന്ധവിശ്വാസങ്ങള്‍ ഈ ചിത്രത്തിലൂടെ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സൂര്യന്‍ ചക്രവളത്തിലേയ്ക്ക് താഴ്ന്നിറങ്ങുന്ന സമയത്ത് മനസ്സില്‍ വിചാരിക്കുന്നതെന്തും നടക്കുമെന്ന് സുഹാസിനിയെക്കൊണ്ട് പറയിക്കുന്ന ഒരു രംഗം ഉദാഹരണമാണ്. കൂടാതെ ഒഴിവാക്കാവുന്നതോ കുറച്ചുകൂടി മിതത്വം പാലിക്കാവുന്നതോ ആയിരുന്ന ചില രംഗങ്ങള്‍ ഇതിലുണ്ട്. അതിഭാവുകത്വം അരോചകമായ ചില രംഗങ്ങളുമുണ്ട്. അതൊന്നും ചൂഴ്ന്നെടുക്കുന്നില്ല. അങ്ങനെ ചിലതൊക്കെ ഒഴിച്ചുനിര്‍ത്തിയാല്‍ , ഏത് അളവുകോല്‍ വച്ച് അളന്നാലും ഇത് ശരാശരിയിലും എത്രയോ ഉയര്‍ന്നു നില്‍ക്കുന്ന ചിത്രമായിരിക്കും. എന്നാല്‍ ഈ ചിത്രത്തെ സംബന്ധിച്ച് സംവിധായകനടക്കമുള്ള സംഘാടകരുടെ എല്ലാ അവകാശവാദങ്ങളെയും അതേപടി അംഗീകരിച്ചുകൊടുക്കുവാനുമാകില്ല. അതില്‍ വളരെ പ്രധാനപ്പെട്ടത് ആ പ്രസവരംഗത്തിന്റെ ചിത്രീകരണം സംബന്ധിച്ചുള്ളതാണ്.
സ്വന്തം പ്രസവരംഗം പൂര്‍ണ്ണമായോ ഭാഗീകമായോ ചിത്രീകരിക്കുവാനും പ്രദര്‍ശിപ്പിക്കാമുള്ള സ്വാതന്ത്ര്യം ശ്വേതയ്ക്ക് അനുഭവിക്കാം. ഒരു സ്ത്രീ സ്വന്തം പ്രസവരംഗം തന്റെ ഇഷ്ടപ്രകാരം പ്രദര്‍ശിപ്പിച്ചാല്‍ തകര്‍ന്നുപോകുന്നതൊന്നുമല്ല സദാചാരം. ഇന്റെര്‍നെറ്റില്‍ കണ്ടാലറയ്ക്കുന്ന നിരവധി യൂ-ട്യൂബ് വീഡിയോകള്‍ സുലഭമാണ്. അതൊക്കെവച്ചുനോക്കുമ്പോള്‍ ഒരു പ്രസവരംഗമൊന്നും അശ്ലീലമേ അല്ല. കളിമണ്ണ് എന്ന സിനിമയിലാകട്ടെ പ്രസവരംഗം കാണിച്ചിരിക്കുന്നത് അശ്ലീലമായിട്ടല്ലതാനും. അതിലെ പ്രസവരംഗം ഏതാനും സെക്കന്റുകളില്‍ അവസാനിക്കുന്നതാണ്. പ്രസവാര്‍ത്ഥിയുടെ പ്രസവസമയത്തെ മുഖഭാവങ്ങള്‍ക്കും ശരീരിക ചലനങ്ങള്‍ക്കുമാണ് അതില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. കുഞ്ഞ് പുറത്തേക്കുവരുന്ന രംഗം ഒന്നു മിന്നിമറയുന്നുണ്ടെന്നുമാത്രം. ആ രംഗം ആരെങ്കിലും മറ്റൊരു തരത്തില്‍ ആസ്വദിക്കുമെന്ന് കരുതാനാകില്ല. പ്രസവം സദാചാരവിരുദ്ധവുമല്ല. അതൊരു ജൈവികപ്രക്രിയയാണ്. എന്നാല്‍ ചോദിക്കും ലൈംഗികത ജൈവിക പ്രക്രിയ അല്ലേയെന്ന്. ആണ്. പക്ഷെ ലൈംഗികരംഗങ്ങള്‍ കാമോദ്ദീപകങ്ങളും പല പ്രായത്തിലുള്ളവരെ പലതരത്തില്‍ സ്വാധീനിക്കാനിടയുള്ളതുമാണ്. നമ്മുടെ സദാചാര സങ്കല്പങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രമായ ലൈംഗികതയെ അംഗീകരിക്കുന്നുമില്ല. പക്ഷെ പ്രസവം അതല്ലല്ലോ.
 
ഇതൊക്കെയാണെങ്കിലും പ്രസവരംഗം എന്തിനു ചിത്രീകരിക്കുന്നു എന്നത് പ്രസക്തമായ ഒരു ചോദ്യം അല്ലാതാകുന്നില്ല. പ്രസവരംഗങ്ങള്‍ പഠനത്തിനും മറ്റുമായി മുമ്പും സിനിമകളിലും അല്ലാതെയും ചിത്രീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്റെര്‍നെറ്റില്‍ പരതിയാല്‍ ധാരാളം പ്രസവദൃശ്യങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ഒട്ടും മറയില്ലാത്തവതന്നെ. എന്നാല്‍ കളിമണ്ണ്‌ എന്ന സിനിമയില്‍ ആ പ്രസവരംഗം നിമിഷാര്‍ദ്ധങ്ങളുടെ ദൈര്‍ഘ്യം മാത്രമുള്ളതായിരുന്നെങ്കിലും അത് അനിവാര്യമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. തന്റെ ചിത്രത്തില്‍ എന്ത് ചിത്രീകരിക്കണം, എന്ത് ചിത്രീകരിക്കേണ്ടാ എന്നതെല്ലാം ബ്ലെസ്സിയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ മാതൃത്വത്തിന്റെ മഹത്വം ആളുകള്‍ മനസ്സിലാക്കുവാനാണ് പ്രസവരംഗം ചിത്രീകരിച്ചതെന്ന ബ്ലെസ്സിയുടെ അവകാശവാദത്തെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊടുക്കാനാകില്ല. മാതൃത്വത്തിന്റെ മഹത്വം ലോകം അംഗീകരിച്ചിട്ടുള്ളതാണ്. അതിന് പ്രസവരംഗം ചിത്രീകരിച്ചു കാണിക്കേണ്ടതില്ല. ഫോട്ടോയും സിനിമയുമെല്ലാം കണ്ടുപിടിക്കുന്നതിനുമുമ്പും സ്ത്രീയുണ്ട്. പ്രസവമുണ്ട്. മാതൃത്വമുണ്ട്. അതിനു മഹത്വവുമുണ്ട്.
സ്ത്രീയെയും മാതൃത്വത്തെയും ബഹുമാനിക്കാത്ത കുറച്ചാളുകള്‍ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. അത് പ്രസവരംഗം ചിത്രീകരിച്ചുകാണാത്തതുകൊണ്ടല്ല . ദൈവത്തെ ആരും കണ്ടിട്ടല്ലല്ലോ ആളുകള്‍ ദൈവത്തിനു മഹത്വം കല്പിക്കുന്നതും ദൈവത്തില്‍ വിശ്വസിക്കുന്നതും അതുകൊണ്ട് എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞാ‍ലേ അംഗികരിക്കൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കളിമണ്ണ് ഒരു നല്ല ചലച്ചിത്രമാണ്. എന്നാല്‍ അതില്‍ ആ പ്രസവരംഗം അങ്ങനെതന്നെ ചിത്രീകരിക്കുന്നത് അത്രകണ്ട് അനിവാര്യമായിരുന്നുവെന്ന് ചിത്രം കണ്ട എല്ലാവരും അഭിപ്രായപ്പെടുമെന്ന് തോന്നുന്നില്ല. കാരണം കുഞ്ഞ് ജനിച്ച് പുറത്തേയ്ക്ക് വരുന്നത് കാണിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും കളിമണ്ണ് നല്ല ചിത്രമാണ്. അതായത് പ്രസവരംഗം ചിത്രീകരിച്ചു എന്നതുകൊണ്ട് കളിമണ്ണ് ഒരു മോശം ചിത്രം ആകുന്നില്ലാ എന്നതുപോലെതന്നെ പ്രസവരംഗം ചിത്രീകരിച്ചില്ലായിരുന്നെങ്കിലും ഇതൊരു മോശം ചിത്രമാകുമായിരുന്നില്ല.

(ഈ ലേഖനം അക്ഷരം മാസികയിൽ  പ്രസിദ്ധീകരിച്ചിരുന്നു. കമന്റ് അവിടെയും ഇവിടെയും ഇടാം.)

ലിങ്ക്:  http://aksharamonline.com/movies/e-a-sajim-thattathumala/blessy-movie#sthash.fbpwqD9l.dpuf
വിവാദങ്ങളില്‍ നിന്ന് സംവാദങ്ങളും സംവാദങ്ങളില്‍ നിന്ന് വിവാദങ്ങളും ഉണ്ടാകാം. ചിത്രീകരണം പൂര്‍ത്തിയാകും‌മുമ്പേ വളരെയേറെ വിവാദങ്ങള്‍ ഉണ്ടായ ഒരു ചലച്ചിത്രമാണ് കളിമണ്ണ്. അതുപിന്നെ സംവാദങ്ങളിലേയ്ക്കും മുന്നേറി.സാധാരണ സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടാനായി ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രവണത കണ്ടു വരാറുണ്ട്. ഈ സിനിമയില്‍ ഒരു പ്രസവ രംഗം ചിത്രീകരിക്കുന്നു എന്നതിനെ ചൊല്ലിയാണ് വിവാദങ്ങളും സംവാദങ്ങളും ഉണ്ടായത്. - See more at: http://aksharamonline.com/movies/e-a-sajim-thattathumala/blessy-movie#sthash.OjzX97s3.dpuf
വിവാദങ്ങളില്‍ നിന്ന് സംവാദങ്ങളും സംവാദങ്ങളില്‍ നിന്ന് വിവാദങ്ങളും ഉണ്ടാകാം. ചിത്രീകരണം പൂര്‍ത്തിയാകും‌മുമ്പേ വളരെയേറെ വിവാദങ്ങള്‍ ഉണ്ടായ ഒരു ചലച്ചിത്രമാണ് കളിമണ്ണ്. അതുപിന്നെ സംവാദങ്ങളിലേയ്ക്കും മുന്നേറി.സാധാരണ സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടാനായി ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രവണത കണ്ടു വരാറുണ്ട്. ഈ സിനിമയില്‍ ഒരു പ്രസവ രംഗം ചിത്രീകരിക്കുന്നു എന്നതിനെ ചൊല്ലിയാണ് വിവാദങ്ങളും സംവാദങ്ങളും ഉണ്ടായത്. - See more at: http://aksharamonline.com/movies/e-a-sajim-thattathumala/blessy-movie#sthash.OjzX97s3.dpuf