ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Wednesday, January 21, 2015

മാനവികതയുടെ മാഹാത്മാവിന് പ്രണാമം

മാനവികതയുടെ മാഹാത്മാവിന് പ്രണാമം

മനുഷ്യരിൽ പലർക്കും സമാനതകളുണ്ടാകാം.  എന്നാൽ ഒരാൾക്ക് പകരം വയ്ക്കാൻ മറ്റൊരാളുണ്ടാകില്ല. അതുകൊണ്ടാണ് ചില സവിശേഷ വ്യക്തിത്വങ്ങൾ നമ്മെ വിട്ടുപോകുമ്പോൾ നികത്താനാകാത്ത വിടവ്, തീരാ നഷ്ടം എന്നൊക്കെ നമ്മൾ വിശേഷിപ്പിക്കുന്നത്. എല്ലാ മരണങ്ങളും വേണ്ടപ്പെട്ടവർക്ക് ദു:ഖം തന്നെയാണ്. എന്നാൽ എല്ലാവരും സമൂഹത്തെയോ  ചരിത്രത്തെയോ  വലിയ നിലയിൽ സ്വാധീനിച്ച് പ്രശസ്തരാകുന്നില്ല. ചിലർ തങ്ങളുടെ ഏതെങ്കിലും കർമ്മ മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിച്ച്  പ്രശസ്തിയുടെ കൊടുമുടി താണ്ടുന്നു. അത്തരത്തിൽ ഒരു വ്യക്തിത്വമായിരുന്നു സർവ്വാ‌ദരണീയനായ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ.  2014 ഡിസംബർ 4-നാണ്  ആ നീതി ഗോപുരം നമ്മെ വിട്ടു പിരിഞ്ഞത്.

പ്രഗൽഭനായ ഒരു ഭരണാധികാരി എന്ന നിലയ്ക്കും നിയമജ്ഞൻ എന്ന നിലയ്ക്കും മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ ഒരു കാവലാളായി നിന്നുകൊണ്ടാണ് ജസ്റ്റിസ് കൃഷ്ണയ്യർ നമുക്കിടയിൽ പ്രവർത്തിച്ചത്. സർവ്വാദരണീയനായ ഒരു വലിയ കാരണവരുടെ അസാന്നിദ്ധ്യം സൃഷ്ടിക്കുന്ന ഒരു ശൂന്യത ഇനി എപ്പോൾ ആരിലൂടെ പരിഹരിക്കും എന്ന് നമുക്കറിവില്ല. എന്തായാലും നമുക്ക് ശക്തിയും പ്രചോദനവും പല വിഷയങ്ങളിലും  അവസാന വാക്കുമായിരുന്ന ആ നീതിമാൻ നമ്മുടെ ഭരണ ഘടനയുടെ പോലും വ്യാഖ്യാതാവും കാവലാളുമായി കീർത്തിപ്പെട്ട ഒരു മഹാനായിരുന്നു. പദങ്ങൾക്ക് പഞ്ഞമില്ല. പക്ഷെ കൃഷ്ണയ്യരെ പോലെ ചില   മഹാത്മാക്കളെ  വിശേഷിപ്പിക്കുവാനുള്ള പദാവലികൾ തേടുമ്പോൾ ചിലപ്പോൾ  നമ്മുടെ പദ സമ്പത്ത് നമുക്ക് മതിയാകാതെ വരുന്നതായി തോന്നും.  കാരണം  കേവലമായ വിശേഷണ പദങ്ങൾകൊണ്ട് വാഴ്ത്താവുന്നതിലുമപ്പുറമുണ്ട് അദ്ദേഹത്തിന്റെ അപദാനങ്ങൾ.

നീതി നിർവ്വഹണത്തിന്റെ പരമോന്നത ചുമതല സ്ഥാനത്തിരിക്കുമ്പോഴും അതിനുശേഷവും പാവങ്ങളുടെ പക്ഷത്തു  നിന്ന്  വിധി പറയാനും അവർക്ക് വേണ്ടി നീതിയുടെ പക്ഷത്ത് നിന്നു ഉറക്കെ ശബ്ദിക്കുവാനും നമുക്കൊരു മഹാനായ കൃഷ്ണയ്യരുണ്ടായിരുന്നുവെന്ന് എക്കാലത്തും നമുക്ക് അഭിമാനിക്കാനാകും. അദ്ദേഹത്തിന്റെ ശാസനകളും സാന്ത്വനങ്ങളും സമൂഹം ഒരുപോലെ നെഞ്ചേറ്റി. അദ്ദേഹത്തിന്റെ വിലപ്പെട്ട വാക്കുകൾക്കായി നമ്മൾ കാത്തോർത്തു. അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ധൈര്യത്തിനായി നാം എപ്പോഴും ആഗ്രഹിച്ചു. നാം ആഗ്രഹിച്ചതിനുമപ്പുറം അദ്ദേഹം നമുക്കു വേണ്ടി പ്രവർത്തിച്ചു. അതെ ഒരു ജീവിതം ധന്യമാകാൻ കഴിയുന്നതൊക്കെ  തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തി  നമ്മെ ചിന്തിപ്പിച്ചും നമ്മെ പ്രവർത്തിപ്പിച്ചും നമ്മെ വിസ്മയിപ്പിച്ചും അദ്ദേഹം ചരിത്ര പുരുഷനായി.

ഒരു ജീവിതം കൊണ്ട് എന്തൊക്കെ നന്മകൾ ചെയ്യാമെന്നതിന് ഒരു  ഉദാത്ത മാതൃകയായി ജീവിച്ച് അദ്ദേഹം അനിവാര്യമായ അന്ത്യ യാത്ര പറഞ്ഞു. ഒരു നീതിമാനായ ഒരു മനുഷ്യസ്നേഹി ഇവിടെ സ്നേഹം കൊണ്ട് ഒരു തലമുറയെ കീഴടക്കിയെന്ന് ചരിത്രത്തിൽ തങ്കലിപികളാൽ നമുക്ക് എഴുതിവയ്ക്കാ‌നാകും. മാനവികതയുടെ ആൾരൂപമായിരുന്ന ആ മഹാനുഭാവനുള്ള സമർപ്പണമാകട്ടെ ഈ ലക്കം തരംഗിണി. മാനവികതയുടെ പ്രതീകമായിരുന്ന, വിശ്വപൗരനായിരുന്ന, സർവ്വാദരണീയനായ   ജസ്റ്റിസ് വി.ആർ.കൃഷ്ണ‌യ്യർക്ക് ഈയുള്ളവന്റെയും   ആദരാഞ്ജലികൾ!