Saturday, April 22, 2023

"ക്ഷമ നമ്മെ സ്വയം പ്രതിരോധിക്കുന്നു."

 "ക്ഷമ നമ്മെ സ്വയം പ്രതിരോധിക്കുന്നു."

ക്ഷമ ഒരു ബലമാണ്; ദൗർബല്യമല്ല. ക്ഷമ ഒരു വിജയമാണ്; പരാജയമല്ല. ഒരാളുടെ ക്ഷമയ്ക്ക് മറ്റൊരാളുടെ അക്ഷമയെ കെടുത്തിക്കളയാൻ സാധിക്കും. ക്ഷമ വലിയ വലിയ പ്രശ്നങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും. അനാവശ്യമായ പല പ്രശ്ങ്ങൾക്കും അക്ഷമ കാരണമാകും. ആത്മരക്ഷയ്ക്കോ അപരരക്ഷയ്ക്കോ അനിവാര്യമാകുമ്പോൾ മാത്രം അക്ഷമ കാണിക്കാം. നമുക്കെല്ലാം ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും കാരണം അക്ഷമയാണ്. ക്ഷമയെന്നാൽ സമാധാനമാണ്. ജീവിത വിജയം നേടുന്നതിനും ക്ഷമ ഒരവിഭാജ്യ ഘടകമാണ്. ക്ഷമ നമ്മുടെ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കും. ലക്ഷ്യങ്ങളിലേക്കുള്ള മാർഗ്ഗങ്ങളിൽ തടസ്സങ്ങളേതുമുണ്ടാകാതിരിക്കാൻ ക്ഷമ നല്ലതാണ്. ലക്ഷ്യം ക്ഷമയുടെ മാർഗ്ഗത്തെ സാധൂകരിക്കും. അക്ഷമ മനുഷ്യബന്ധങ്ങളെയും സൗഹൃദങ്ങളെയും ഇല്ലാതാക്കും. ലോകത്തുണ്ടാകുന്ന ചെറുതും വലുതുമായ പല പ്രശ്നങ്ങളും അക്ഷമയുടെ സൃഷ്ടിയാണ്. വലിയ യുദ്ധങ്ങൾ പോലും അക്ഷമ കൊണ്ട് സംഭവിക്കന്നതാണ്. മനസ്സിനെ സദാ ശാന്തമാക്കണം. ക്ഷമ ഒരു ശീലമാക്കണം. ക്ഷമാശീലമുണ്ടെങ്കിൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഹാനി വരാതെ എന്നും മന:സമാധാനത്തോടെ ജീവിക്കാൻ കഴിയും!

നിയമവും സമൂഹവും

 നിയമവും സമൂഹവും

വർഗ്ഗീയതയ്ക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഒക്കെ ഇടയിൽ തന്നെ ശാസ്ത്രം പുരോഗമിച്ചുകൊണ്ടിരിക്കും. പുതിയ പുതിയ കണ്ടുപിടുത്തങ്ങളുണ്ടാകും. കണ്ടുപിടിക്കപ്പെട്ടവ തന്നെ വീണ്ടും വീണ്ടും പരിഷ്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കും. പുതിയ പുതിയ സാങ്കേതിക വിദ്യകൾ വരും. ഈ മാറ്റങ്ങൾക്കനുസൃതമായി ജനങ്ങളുടെ ജീവിത രീതികൾ മാറും. പുതിയ പുതിയ നിയമങ്ങൾ വരും. നിലവിലുള്ള നിയമങ്ങൾ പലതും പരിഷ്ക്കരിക്കപ്പെടുകയോ റദ്ദ് ചെയ്യപ്പെടുകയോ ചെയ്യും. സിവിലും ക്രിമിനലും നിയമങ്ങളിലൊക്കെ മാറ്റങ്ങൾ വരും. സർക്കാർ ഓഫീസുകൾ ഉൾപ്പെടെ ഭരണ നിർവഹണ സംവിധാനങ്ങളിലും സമ്പ്രദായങ്ങളിലും മാറ്റങ്ങളുണ്ടാകും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും സമ്പ്രദായങ്ങളിലും മാറ്റങ്ങളുണ്ടാകും.

പുതിയ പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതിക വിദ്യകളും ട്രാഫിക്ക് നിയമങ്ങളിലാകട്ടെ അടിയ്ക്കടി പരിഷ്‌കരണങ്ങളുണ്ടാക്കും. റോഡുകളുടെ പുരോഗതി, വാഹനങ്ങളുടെ എണ്ണം ഇവ വാഹന അപകടങ്ങളുടെ സാദ്ധ്യത വർദ്ധിപ്പിക്കും. ജനങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ അപകട സാദ്ധ്യതകൾ ഉളത് വാഹന യാത്രകൾക്കാണ്. ജനങ്ങളുടെ ജീവന്റെ നിലനില്പുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നവയാണ് അനിവാര്യമായ വാഹനയാത്രകൾ. ഒരു തരത്തിൽ നോക്കിയാൽ ഓരോ വാഹന യാത്രകളും ഓരോ സാഹസിക പ്രകടനങ്ങളാണ്. അനിവാര്യമാകയാൽ അപകട സാദ്ധ്യതയുടെ ഭയം കൊണ്ട് യാത്രകൾ ഒഴിവാക്കാനുമാകില്ല.

ജീവിതം തന്നെ ഒരു സാഹസികതയാണ്. ആ ജീതം ജീവിച്ചു തീർക്കാൻ ജീവിതത്തിലുടനീളം ചെറുതും വലുതുമായ നിരവധി സാഹസിക പ്രവർത്തനങ്ങളിൽ നിത്യേന മനുഷ്യൻ ഏർപ്പെടുന്നു. ജീവസന്ധാരണത്തിനായി ഓരോരുത്തരും ചെയ്യുന്ന തൊഴിലുകൾ പോലും സാഹസികമാണ്. കാരണം മനുഷ്യ ജീവിതത്തിൽ അപകട സാദ്ധ്യതയില്ലാത്ത ഒരു പ്രവർത്തനവും പെരുമാറ്റവും ഇല്ല. എങ്കിലും വാഹന ഉപയോഗം ഏറ്റവും കൂതൽ അപകട സാദ്ധ്യതകൾ ഉള്ളതാണ്. ഏതൊരു സമൂഹത്തിലും ശക്തമായ ട്രഫ്രിക്ക് നിയമങ്ങൾ ആവശ്യമാണ്. ഏറ്റവും കൂടുതൽ ലംഘിക്കപ്പെടുന്ന പ്രണത നിലനിൽക്കുന്ന ഒരു നിയമ മേഖലയുമാണിത്. അതുകൊണ്ടു തന്നെ ട്രാഫിക്ക് നിയമങ്ങൾ കാലോചിതമായും ആധുനിക സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും പരിഷ്കരിച്ചു കൊണ്ടിരിക്കേണ്ടത് ഭരണകൂട സംവിധാനങ്ങളുടെ ഉത്തരവാദിത്തവുമാണ്.

ജനങ്ങൾ അനുവർത്തിച്ചു പോരുന്ന ചില ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ വൈമുഖ്യമുണ്ടാകുമെന്നതിനാൽ പുതിയ നിയമങ്ങളുണ്ടാകുമ്പോൾ വിമർശനങ്ങളും പ്രതിഷേധങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. അത് കാലാന്തരെ മാറിക്കൊള്ളും. എന്നാൽ പുതിയ നിയമങ്ങൾ വരുമ്പോൾ ക്രിയാത്മകമായി ഉയർത്തുന്ന വിമർശനങ്ങളെയും നിർദ്ദേശങ്ങളെയും അവഗണിക്കുകയുമരുത്. അതുപോലെ തന്നെ ഒരു നിയമം നടപ്പിലാക്കുമ്പോൾ അത് അശാസ്ത്രീയമെന്നോ അപ്രായോഗികമെന്നോ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയെന്നോ ബോദ്ധ്യപ്പെട്ടാൽ അത്തരം നിയമങ്ങൾ റദ്ദ് ചെയ്യുകയോ പരിഷ്കരിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം നിയമം നിർമ്മിച്ച് നടപ്പിലാക്കുന്ന സർക്കാർ-നീതി ന്യായ സംവിധാനങ്ങൾക്കുമുണ്ട്.

Saturday, April 1, 2023

തട്ടത്തുമല ഭഗവതി ക്ഷേത്രം


തട്ടത്തുമല ഭഗവതി ക്ഷേത്രം 


തട്ടത്തുമല ജംഗ്ഷനിൽ നിന്ന് വടക്ക് കിഴക്ക് മുകളിലേയ്ക്ക് നോക്കുമ്പോൾ ഉയരത്തിൽ കാണുന്ന പാറയും ഭഗവതി ക്ഷേത്രവും. പണ്ടിത് ആയിരവില്ലി പാറയെന്നാണറിയപ്പെട്ടിരുന്നത്. കല്ലുകൾ കൂട്ടി വച്ച് സന്ധ്യയ്ക്ക് വിളക്ക് കത്തിച്ചിരുന്ന ഒരു ചെറിയ ആരധനാ സ്ഥലമായിരുന്നു. ഹിന്ദുക്കൾ മാത്രമല്ല പരിസരത്തുള്ള മുസ്ലിങ്ങളും ഇവിടെ വിളക്ക് കത്തിച്ചിരുന്നു. പരിസരവസികളായ മുസ്ലിങ്ങളും അക്കാലത്ത് ഇതിൻ്റെ ദൈനംദിന നടത്തിപ്പിൽ സജീവമായി പങ്കെടുത്തിരുന്നു. അവിടുത്തെ ഉച്ചഭാഷിണിയിലൂടെ അതിനടുത്തു താമസിച്ചിരുന്ന മുസ്ലിം യുവാക്കളും അറിയിപ്പുകൾ പറഞ്ഞിരുന്നു. അവരുടെ ശബ്ദം തട്ടത്തുമല പരിസരവാസികളെല്ലാം കേൾക്കുന്നതിലെ ഉൾപുളകം അവർ അനുഭവിച്ചിരുന്നു.

ഈ പാറയ്ക്ക് താഴെയുള്ള ഞങ്ങളുടെ കുടുംബ വീട്ടിൽ ( വാപ്പയുടെ ) താമസിക്കുമ്പോൾ എൻ്റെ ഉമ്മയും അവിടെ പോയി വിളക്ക് കത്തിച്ചിട്ടുണ്ട്. അങ്ങനെയൊരു ദിവസമാണ് ഈ പാറയിൽ ഞാനാദ്യമായി പോകുന്നത്. കുട്ടിക്കാലത്ത് നമ്മുടെ ഒരു വിഹാര കേന്ദ്രമായിരുന്നു ഈ പാറ. ഇതിൻ്റെ താഴെ നിന്നും മുകളിലേയ്ക്ക് കയറിയും ഇറങ്ങിയും ടെൻസിംഗ്-ഹിലാരി കളിക്കൽ നമ്മൾ കുട്ടികളുടെ അക്കാലത്തെ സാഹസിക വിനോദമായിരുന്നു. നമ്മൾ ആരും കെണഞ്ഞടിച്ച് വീണ് തലപൊട്ടി ചാകാതിരുന്നത് അക്കാലത്തെ മഹാദ്ഭുതങ്ങളിൽ ഒന്നായി ചരിത്ര രേഖകളിൽ പറയുന്നുണ്ട്. പാറക്കല്ലുകൾ അടുക്കിക്കെട്ടി വച്ചിരുന്ന വെറും ഒരു വിളക്ക് വയ്ക്കൽ സ്ഥലമായിരുന്നെങ്കിലും വല്ലപ്പോഴും ചില വർഷങ്ങളിൽ അവിടെ ഉത്സവം നടത്തിയിരുന്നു. തട്ടത്തുമലയിലെ പുരോഗമനവാദികളായ ചെറുപ്പക്കാർക്ക് സാംബശിൻ്റെയോ മറ്റോ കഥാപ്രസംഗമോ അവർ ഇഷ്ടപ്പെടുന്ന നാടകങ്ങളോ ഒക്കെ വയ്ക്കണമെന്ന് തോന്നുമ്പോഴായിരുന്നു അവിടെ ഉത്സവം നടത്തിയിരുന്നത്. മാർക്സിസ്റ്റുകാരുടെ ഉത്സവസ്ഥലമെന്നാണ് അക്കാലത്ത് പലരും ഈ തട്ടത്തുമല ആയിരവില്ലിപ്പാറയെ വിശേഷിപ്പിച്ചിരുന്നത്.

ഈ പാറയുടെ ഒരു വശത്തിന് അഭിമുഖമായി താഴെ എം.സി.റോഡിന് അരികിലുള്ള ദളിദ് കോളനിയിലെ തലമുതിർന്ന ഏതെങ്കിലും ഒരാളിൽ നിന്ന് ഒരു രൂപ സംഭാവന വാങ്ങി ഉത്സവപ്പിരിവ് ഉദ്ഘാടനം ചെയ്യുന്ന ആചാരം നിലവിലിരുന്നു. ഒരു തവണത്തെ കാര്യം എനിക്ക് ഓർമ്മയുണ്ട്. പിന്നീട് ആ പതിവുണ്ടോന്ന് അറിവില്ല. പറണ്ടക്കുഴിയും പാറക്കടയുമൊന്നും അക്കാലത്ത് ഇന്നത്തെപ്പോലെ തട്ടത്തുമലയിൽ നിന്ന് വേറിട്ട സ്വതന്ത്ര നഗരങ്ങൾ ആയിരുന്നില്ല. തട്ടത്തുമല നഗരസഭയുടെ ഭാഗമായിരുന്നു ചുറ്റുമുള്ള പ്രദേശങ്ങൾ ഒക്കെ. പിൽക്കാലത്ത് പറണ്ടക്കുഴി- ശാസ്താംപൊയ്ക രാജാക്കന്മാർ സംയുകത സൈന്യത്തിൻ്റെ സഹായത്തോടെ രക്തരഹിതമായ വിപ്ലവങ്ങളിലൂടെ ആയിരവില്ലി പാറപിടിച്ചടക്കി പ്രശ്നം വച്ച് ക്ഷേത്രം പുനരുദ്ധരിച്ച് ഭഗവതിയെ കുടിയിരുത്തി ഇന്നത്തെപ്പോലെ മനോഹരമായ ക്ഷേത്ര നിർമ്മിതിയാക്കി മാറ്റുകയായിരുന്നു.

തട്ടത്തുമലയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ രാത്രി പുലർച്ചെ ഈ പാറയുടെ മുകളിലിരുത്ത് തട്ടത്തുമല നഗരവും പരിസരവും നോക്കിക്കാണണം. മൂന്നാറും പൊന്മുടിയുമൊന്നും തട്ടത്തുമലയുടെ ഏഴയലത്ത് വരില്ല. പക്ഷെ ഈ തട്ടത്തുമല ഭഗവതിപ്പാറയിലിരുന്ന് നോക്കണം.

ഇത്രയും പെരുപ്പിച്ചെഴുതി ഒപ്പു ചാർത്തി പുളകിതനായിക്കൊണ്ട് ഈ പ്രദേശത്തെന്നല്ല മറ്റെവിടെയും കരംതീരുവയില്ലാത്ത ഒരു കാഴ്ചക്കാരൻ-ഇ.എ.സജിം, (വിശ്വ പൗരാനന്ദൻ!) - ഒപ്പ്.