Saturday, April 22, 2023

നിയമവും സമൂഹവും

 നിയമവും സമൂഹവും

വർഗ്ഗീയതയ്ക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഒക്കെ ഇടയിൽ തന്നെ ശാസ്ത്രം പുരോഗമിച്ചുകൊണ്ടിരിക്കും. പുതിയ പുതിയ കണ്ടുപിടുത്തങ്ങളുണ്ടാകും. കണ്ടുപിടിക്കപ്പെട്ടവ തന്നെ വീണ്ടും വീണ്ടും പരിഷ്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കും. പുതിയ പുതിയ സാങ്കേതിക വിദ്യകൾ വരും. ഈ മാറ്റങ്ങൾക്കനുസൃതമായി ജനങ്ങളുടെ ജീവിത രീതികൾ മാറും. പുതിയ പുതിയ നിയമങ്ങൾ വരും. നിലവിലുള്ള നിയമങ്ങൾ പലതും പരിഷ്ക്കരിക്കപ്പെടുകയോ റദ്ദ് ചെയ്യപ്പെടുകയോ ചെയ്യും. സിവിലും ക്രിമിനലും നിയമങ്ങളിലൊക്കെ മാറ്റങ്ങൾ വരും. സർക്കാർ ഓഫീസുകൾ ഉൾപ്പെടെ ഭരണ നിർവഹണ സംവിധാനങ്ങളിലും സമ്പ്രദായങ്ങളിലും മാറ്റങ്ങളുണ്ടാകും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും സമ്പ്രദായങ്ങളിലും മാറ്റങ്ങളുണ്ടാകും.

പുതിയ പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതിക വിദ്യകളും ട്രാഫിക്ക് നിയമങ്ങളിലാകട്ടെ അടിയ്ക്കടി പരിഷ്‌കരണങ്ങളുണ്ടാക്കും. റോഡുകളുടെ പുരോഗതി, വാഹനങ്ങളുടെ എണ്ണം ഇവ വാഹന അപകടങ്ങളുടെ സാദ്ധ്യത വർദ്ധിപ്പിക്കും. ജനങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ അപകട സാദ്ധ്യതകൾ ഉളത് വാഹന യാത്രകൾക്കാണ്. ജനങ്ങളുടെ ജീവന്റെ നിലനില്പുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നവയാണ് അനിവാര്യമായ വാഹനയാത്രകൾ. ഒരു തരത്തിൽ നോക്കിയാൽ ഓരോ വാഹന യാത്രകളും ഓരോ സാഹസിക പ്രകടനങ്ങളാണ്. അനിവാര്യമാകയാൽ അപകട സാദ്ധ്യതയുടെ ഭയം കൊണ്ട് യാത്രകൾ ഒഴിവാക്കാനുമാകില്ല.

ജീവിതം തന്നെ ഒരു സാഹസികതയാണ്. ആ ജീതം ജീവിച്ചു തീർക്കാൻ ജീവിതത്തിലുടനീളം ചെറുതും വലുതുമായ നിരവധി സാഹസിക പ്രവർത്തനങ്ങളിൽ നിത്യേന മനുഷ്യൻ ഏർപ്പെടുന്നു. ജീവസന്ധാരണത്തിനായി ഓരോരുത്തരും ചെയ്യുന്ന തൊഴിലുകൾ പോലും സാഹസികമാണ്. കാരണം മനുഷ്യ ജീവിതത്തിൽ അപകട സാദ്ധ്യതയില്ലാത്ത ഒരു പ്രവർത്തനവും പെരുമാറ്റവും ഇല്ല. എങ്കിലും വാഹന ഉപയോഗം ഏറ്റവും കൂതൽ അപകട സാദ്ധ്യതകൾ ഉള്ളതാണ്. ഏതൊരു സമൂഹത്തിലും ശക്തമായ ട്രഫ്രിക്ക് നിയമങ്ങൾ ആവശ്യമാണ്. ഏറ്റവും കൂടുതൽ ലംഘിക്കപ്പെടുന്ന പ്രണത നിലനിൽക്കുന്ന ഒരു നിയമ മേഖലയുമാണിത്. അതുകൊണ്ടു തന്നെ ട്രാഫിക്ക് നിയമങ്ങൾ കാലോചിതമായും ആധുനിക സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും പരിഷ്കരിച്ചു കൊണ്ടിരിക്കേണ്ടത് ഭരണകൂട സംവിധാനങ്ങളുടെ ഉത്തരവാദിത്തവുമാണ്.

ജനങ്ങൾ അനുവർത്തിച്ചു പോരുന്ന ചില ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ വൈമുഖ്യമുണ്ടാകുമെന്നതിനാൽ പുതിയ നിയമങ്ങളുണ്ടാകുമ്പോൾ വിമർശനങ്ങളും പ്രതിഷേധങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. അത് കാലാന്തരെ മാറിക്കൊള്ളും. എന്നാൽ പുതിയ നിയമങ്ങൾ വരുമ്പോൾ ക്രിയാത്മകമായി ഉയർത്തുന്ന വിമർശനങ്ങളെയും നിർദ്ദേശങ്ങളെയും അവഗണിക്കുകയുമരുത്. അതുപോലെ തന്നെ ഒരു നിയമം നടപ്പിലാക്കുമ്പോൾ അത് അശാസ്ത്രീയമെന്നോ അപ്രായോഗികമെന്നോ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയെന്നോ ബോദ്ധ്യപ്പെട്ടാൽ അത്തരം നിയമങ്ങൾ റദ്ദ് ചെയ്യുകയോ പരിഷ്കരിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം നിയമം നിർമ്മിച്ച് നടപ്പിലാക്കുന്ന സർക്കാർ-നീതി ന്യായ സംവിധാനങ്ങൾക്കുമുണ്ട്.

No comments: