Showing posts with label ആദരാഞ്ജലികൾ. Show all posts
Showing posts with label ആദരാഞ്ജലികൾ. Show all posts

Monday, October 2, 2017

ജോർജ് സാറിന് ആദരാഞ്ജലികൾ

ജോർജ് സാറിന് ആദരാഞ്ജലികൾ

തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ എന്നെ നാലാം ക്ലാസ്സിൽ പഠിപ്പിച്ച ആയൂർ സ്വദേശി ജോർജ് സാർ  മിനിയാന്ന് (2017 സെപ്റ്റംബർ 29) അന്തരിച്ചു.  സംസ്കാര ചടങ്ങുകൾ നടന്ന ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മൃതുദേഹം കാണുവാനും അന്ത്യാഞ്ജലി അർപ്പിക്കുവാനും സാറിനെ അനുസ്മരിച്ച് അവിടെ സംസാരിക്കുവാനും കഴിഞ്ഞു.

ഓർമ്മകളിൽ നിന്ന് ഒരിക്കലും മറഞ്ഞു പോകാത്ത അദ്ധ്യാപകനായിരുന്നു ജോർജ് സാർ.ജോർജ്ജ് സാർ തട്ടത്തുമല സ്കൂളിൽ ഉള്ളപ്പോൾ എന്റെ വാപ്പയും ഇവിടെ അദ്ധ്യാപകനായിരുന്നു. നമ്മുടെ സ്കൂളിൽ നിന്നും പോയ ശേഷം വളരെ അപൂർവ്വമായി മാത്രമേ ജോർജ്ജ് സാറിനെ കാണാൻ സാധിച്ചിരുന്നുള്ളൂ. അതും വർഷങ്ങൾക്ക് മുമ്പെപ്പോഴോ. പിന്നീട് അദ്ദേഹം ജീവിച്ചിരിക്കുന്നുവോ മരിച്ചു പോയോ എന്നുതന്നെ അറിയില്ലായിരുന്നു. 

എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ അനന്തിരവൻ അലക്സ് സാർ തട്ടത്തുമല സ്കൂളിൽ അദ്ധ്യാപകനായി വന്നപ്പോഴാണ് ജോർജ് സാർ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞത്. പിന്നീട് അലക്സ് സാർ സ്ഥലം മാറി പോയെങ്കിലും ജോർജ്ജ് സാറിന്റെ മരണ വാർത്ത നമ്മുടെയെല്ലാം അറിവിലേയ്ക്കായി ശ്രീ സലിമിന്റെ ഫോണിൽ വിളിച്ചറിയിച്ചു.അതുകൊണ്ട് യഥാസമയം ജോർജ് സാറിന്റെ വീട്ടിലെത്തി മൃതുദേഹം കാണുവാൻ സാധിച്ചു. ഞാൻ സലിം, സി.ബി അനിൽ, സലിമിന്റെ അയൽവാസി ഷെരീർ എന്നിവർ ഒരുമിച്ചാണ് പോയത്. 

മരിച്ചു കിടക്കുമ്പോഴും അന്നത്തെ അതേ തേജസ്സ് ജോർജ്ജ് സാറിന്റെ മുഖത്ത് പ്രകടമായിരുന്നു. 77 വയസ്സുണ്ടായിരുന്നു. ആരോഗ്യവാനായിരുന്ന അദ്ദേഹം അടുത്ത കാലത്ത് മാത്രമാണ് രോഗബാധിതനായതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. എത്രമേൽ വലിയ വിദ്യഭ്യാസം നേടിയാലും പ്രൈമറി സ്കൂളുകളിലെ അദ്ധ്യാപകരെ ആയിരിക്കും എല്ലാവരും കൂടുതൽ ഓർക്കുക. ജോർജ്ജ് സാറിനെ നമ്മൾ ഓർക്കുന്നതുപോലെ. ജോർജ്ജ് സാറിന് ആദരാഞ്‌ജലികൾ!

Saturday, March 7, 2015

ജി.കാർത്തികേയന് ആദരാഞ്‌ജലികൾ




ജി.കാർത്തികേയന് ആദരാഞ്‌ജലികൾ

ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.ജി.കാാർത്തികേയൻ അന്തരിച്ചു. ആദ്യമായി അദ്ദേഹത്തിന് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. ആദരാഞ്‌ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.
 
ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു ശ്രീ.ജി.കാർത്തികേയൻ. ഒരു എളിയ രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ആകെ നിരീക്ഷിച്ചു പോന്നിട്ടുള്ള ഒരാളാണ് ഞാൻ.വളരെ ആകർഷകവും അനുകരണീയവുമായ പൊതുജീവിതത്തിന്റെ ഉദാത്തമായ ഒരു മാതൃക നമുക്കു മുന്നിൽ സൃഷ്ടിച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിരിട്ടുള്ളത്. സാംസ്കാരികമായി വളരെ ഔന്നത്യം പുലർത്തിയി‌രുന്ന ഒരു രാഷ്ട്രീയ നേതാവയിരുന്നു-രാഷ്ട്രീയ പ്രതിഭയായിരുന്നു അദ്ദേഹം. 

പൊതുവെ രാഷ്ട്രീയ നേതാക്കളെപ്പറ്റി ആരോപിക്കുന്ന തലക്കനമോ മറ്റുള്ളവർക്ക് 
ഇഷ്ടപ്പെടാത്ത പെരുമാറ്റമോ അദ്ദേഹത്തിനുള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. വളരെ പക്വതയാർന്നതും സ്നേഹ പൂർവ്വകവുമായ പെരുമാറ്റമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.
നല്ലൊരു വായനാ കുതുകിയായിരുന്ന അദ്ദഹം തന്റെ വായനയിലൂടെ ആർജ്ജിച്ചെടുത്ത അറിവുകളും അനുഭവങ്ങളും അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ചില സാംസ്കാരിക യോഗങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. പരന്ന വായനാനുഭവങ്ങളുടെ സ്വാധീനം ആ പ്രഭാഷണങ്ങളിൽ പ്രതിഫലിച്ചിരുന്നു. അദ്ദേഹത്തിന്റെ അത്തരം പ്രഭാഷണങ്ങളും അഭിമുഖങ്ങളിലെ സംഭാഷണങ്ങളുമെല്ലാം വളരെ വിജ്ഞാനപ്രദങ്ങളായിരുന്നു.

അദ്ദേഹം കേവലം ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല രാഷ്ട്രീയ- സാംസ്കാരിക പ്രതിഭ തന്നെ‌യായിരുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ മാത്രം ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന ആളല്ല അദ്ദേഹം. വിവിധ മേഖലകളിൽ അദ്ദേഹം അവശ്യം ഇടപെടുകയും അഭിപ്രായങ്ങളും നിലപാടുകളും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അഭിപ്രായങ്ങളെയും നിലപാടുകളെയുമെല്ലാം അദ്ദേഹത്തിന്റെ വായനയും ലോക നിരീക്ഷണവും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഒരു രാഷ്ട്രീയ നേതാവ് ഇത്രയെങ്കിലും- അഥവാ ഇങ്ങനെയെങ്കിലും ആയിരിക്കണം എന്ന് അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ചൂണ്ടിക്കാട്ടി നമുക്ക് സധൈര്യം പറയാനാകും. ഏത് നിലയ്ക്കായാലും നമ്മുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതമേഖലയ്ക്ക് മാത്രമല്ല, പൊതുജീവിതമേഖലയ്ക്കാകമാനം ഒരു തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ അകാല നിര്യാണം. അകാല ദേഹ വിയോഗം. അദ്ദേഹത്തിന് ഞാൻ ഒരിക്കൽ കൂടി ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.

Wednesday, January 21, 2015

മാനവികതയുടെ മാഹാത്മാവിന് പ്രണാമം

മാനവികതയുടെ മാഹാത്മാവിന് പ്രണാമം

മനുഷ്യരിൽ പലർക്കും സമാനതകളുണ്ടാകാം.  എന്നാൽ ഒരാൾക്ക് പകരം വയ്ക്കാൻ മറ്റൊരാളുണ്ടാകില്ല. അതുകൊണ്ടാണ് ചില സവിശേഷ വ്യക്തിത്വങ്ങൾ നമ്മെ വിട്ടുപോകുമ്പോൾ നികത്താനാകാത്ത വിടവ്, തീരാ നഷ്ടം എന്നൊക്കെ നമ്മൾ വിശേഷിപ്പിക്കുന്നത്. എല്ലാ മരണങ്ങളും വേണ്ടപ്പെട്ടവർക്ക് ദു:ഖം തന്നെയാണ്. എന്നാൽ എല്ലാവരും സമൂഹത്തെയോ  ചരിത്രത്തെയോ  വലിയ നിലയിൽ സ്വാധീനിച്ച് പ്രശസ്തരാകുന്നില്ല. ചിലർ തങ്ങളുടെ ഏതെങ്കിലും കർമ്മ മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിച്ച്  പ്രശസ്തിയുടെ കൊടുമുടി താണ്ടുന്നു. അത്തരത്തിൽ ഒരു വ്യക്തിത്വമായിരുന്നു സർവ്വാ‌ദരണീയനായ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ.  2014 ഡിസംബർ 4-നാണ്  ആ നീതി ഗോപുരം നമ്മെ വിട്ടു പിരിഞ്ഞത്.

പ്രഗൽഭനായ ഒരു ഭരണാധികാരി എന്ന നിലയ്ക്കും നിയമജ്ഞൻ എന്ന നിലയ്ക്കും മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ ഒരു കാവലാളായി നിന്നുകൊണ്ടാണ് ജസ്റ്റിസ് കൃഷ്ണയ്യർ നമുക്കിടയിൽ പ്രവർത്തിച്ചത്. സർവ്വാദരണീയനായ ഒരു വലിയ കാരണവരുടെ അസാന്നിദ്ധ്യം സൃഷ്ടിക്കുന്ന ഒരു ശൂന്യത ഇനി എപ്പോൾ ആരിലൂടെ പരിഹരിക്കും എന്ന് നമുക്കറിവില്ല. എന്തായാലും നമുക്ക് ശക്തിയും പ്രചോദനവും പല വിഷയങ്ങളിലും  അവസാന വാക്കുമായിരുന്ന ആ നീതിമാൻ നമ്മുടെ ഭരണ ഘടനയുടെ പോലും വ്യാഖ്യാതാവും കാവലാളുമായി കീർത്തിപ്പെട്ട ഒരു മഹാനായിരുന്നു. പദങ്ങൾക്ക് പഞ്ഞമില്ല. പക്ഷെ കൃഷ്ണയ്യരെ പോലെ ചില   മഹാത്മാക്കളെ  വിശേഷിപ്പിക്കുവാനുള്ള പദാവലികൾ തേടുമ്പോൾ ചിലപ്പോൾ  നമ്മുടെ പദ സമ്പത്ത് നമുക്ക് മതിയാകാതെ വരുന്നതായി തോന്നും.  കാരണം  കേവലമായ വിശേഷണ പദങ്ങൾകൊണ്ട് വാഴ്ത്താവുന്നതിലുമപ്പുറമുണ്ട് അദ്ദേഹത്തിന്റെ അപദാനങ്ങൾ.

നീതി നിർവ്വഹണത്തിന്റെ പരമോന്നത ചുമതല സ്ഥാനത്തിരിക്കുമ്പോഴും അതിനുശേഷവും പാവങ്ങളുടെ പക്ഷത്തു  നിന്ന്  വിധി പറയാനും അവർക്ക് വേണ്ടി നീതിയുടെ പക്ഷത്ത് നിന്നു ഉറക്കെ ശബ്ദിക്കുവാനും നമുക്കൊരു മഹാനായ കൃഷ്ണയ്യരുണ്ടായിരുന്നുവെന്ന് എക്കാലത്തും നമുക്ക് അഭിമാനിക്കാനാകും. അദ്ദേഹത്തിന്റെ ശാസനകളും സാന്ത്വനങ്ങളും സമൂഹം ഒരുപോലെ നെഞ്ചേറ്റി. അദ്ദേഹത്തിന്റെ വിലപ്പെട്ട വാക്കുകൾക്കായി നമ്മൾ കാത്തോർത്തു. അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ധൈര്യത്തിനായി നാം എപ്പോഴും ആഗ്രഹിച്ചു. നാം ആഗ്രഹിച്ചതിനുമപ്പുറം അദ്ദേഹം നമുക്കു വേണ്ടി പ്രവർത്തിച്ചു. അതെ ഒരു ജീവിതം ധന്യമാകാൻ കഴിയുന്നതൊക്കെ  തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തി  നമ്മെ ചിന്തിപ്പിച്ചും നമ്മെ പ്രവർത്തിപ്പിച്ചും നമ്മെ വിസ്മയിപ്പിച്ചും അദ്ദേഹം ചരിത്ര പുരുഷനായി.

ഒരു ജീവിതം കൊണ്ട് എന്തൊക്കെ നന്മകൾ ചെയ്യാമെന്നതിന് ഒരു  ഉദാത്ത മാതൃകയായി ജീവിച്ച് അദ്ദേഹം അനിവാര്യമായ അന്ത്യ യാത്ര പറഞ്ഞു. ഒരു നീതിമാനായ ഒരു മനുഷ്യസ്നേഹി ഇവിടെ സ്നേഹം കൊണ്ട് ഒരു തലമുറയെ കീഴടക്കിയെന്ന് ചരിത്രത്തിൽ തങ്കലിപികളാൽ നമുക്ക് എഴുതിവയ്ക്കാ‌നാകും. മാനവികതയുടെ ആൾരൂപമായിരുന്ന ആ മഹാനുഭാവനുള്ള സമർപ്പണമാകട്ടെ ഈ ലക്കം തരംഗിണി. മാനവികതയുടെ പ്രതീകമായിരുന്ന, വിശ്വപൗരനായിരുന്ന, സർവ്വാദരണീയനായ   ജസ്റ്റിസ് വി.ആർ.കൃഷ്ണ‌യ്യർക്ക് ഈയുള്ളവന്റെയും   ആദരാഞ്ജലികൾ!

Friday, January 11, 2013

ബ്ലോഗ്ഗർ ഞാൻ പുണ്യവാളൻ അന്തരിച്ചു

ബ്ലോഗ്ഗർ ഞാൻ പുണ്യവാളൻ അന്തരിച്ചു
 
ഞാൻ ഈ മരണവാർത്ത അല്പം മുമ്പാണ് ഹാഷിമിന്റെ മെയിൽ വഴി അറിയുന്നത്. വിശ്വസിക്കാൻ കഴിയുന്നില്ല. 9-1-2013 ബുധനാഴ്ച രാത്രിയാണ് ഹൃദയസംബന്ധമായ അസുഖം അദ്ദേഹം മരണമടഞ്ഞത്. "ഞാൻ പുണ്യവാളൻ" എന്ന ബ്ലോഗ്ഗർനാമം സ്വീകരിച്ചിരുന്ന ഷിനും (മധു) തിരുവനന്തപുരം സ്വദേശിയാണ് . മികച്ച രചനാ ശൈലിയുടെ ഉടമയായിരുന്ന ഷിനു സജീവ ബ്ലോഗ്ഗറായിരുന്നു. ആനുകാലിക സംഭവങ്ങളോട് മികച്ച പ്രതികരണങ്ങൾ എഴുതിയിരുന്നു. ഞാൻ പുണ്യവാളൻ എന്ന ബ്ലോഗ്ഗർനാമത്തിൽ നാല് ബ്ലോഗുകൾ സ്വന്തമായി ചെയ്തിരുന്നു. എന്റെ ബ്ലോഗുകളിലെ  നിത്യസന്ദർശകനായിരുന്നു. ചാറ്റിലൂടെ നമ്മൾ മിക്കപ്പോഴും സൗഹൃദപ്പെട്ടിരുന്നു. എന്തെങ്കിലും രോഗവിവരം ഉള്ളതായി എന്നോട് പറഞ്ഞിരുന്നില്ല. സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നുവെന്നാണ് മനസിലാക്കിയിട്ടുള്ളത്. പാതിവഴിയിലായ പഠനം തുടരണമെന്ന് കഴിഞ്ഞവർഷം എന്നോട് പറയുകയും അതിനുള്ള മാർഗ്ഗങ്ങൾ ഞാൻ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. പിന്നെ അതെന്തായി എന്നറിയില്ല.  കുറച്ചുനാളായി എന്റെ ചാറ്റിൽ കാണാറില്ലായിരുന്നു. ഏതായാലും നല്ല ഭാവിയുള്ള ഒരു എഴുത്തുകാരനായിരുന്നു. ഷിനുവിന്റെ  മരണം ബൂലോകത്തിന് ഒരു തീരാനഷ്ടമാണ്. ഇത്ര ചെറുപ്പത്തിലേ ആ ജീവൻ മരണം എടുത്തുകളഞ്ഞല്ലോ.  അനിയാ, നമുക്കുതമ്മിൽ നേരിൽ ഒന്നു കാണാൻ ഒരിക്കലും കഴിയാതെ പോയല്ലോ. ഇനി ഈ  യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടണമല്ലോ എന്നോർക്കുമ്പോൾ മനസ്സ് വല്ലാതെ  പിടയുന്നു. ആദരാഞ്‌ജലികൾ  അർപ്പിക്കുകയല്ലാതെ എന്താണ് മാർഗ്ഗമുള്ളത്! എന്റെ പ്രിയ മധുവിന്  ആദരാഞ്ജലികൾ
ബ്ലോഗ്‌ലിങ്ക്:  
 ഞാൻ പുണ്യവാളൻ