Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

Wednesday, February 27, 2019

പൊങ്ങച്ചം പൊതുവിദ്യാലയങ്ങളിലേയ്ക്ക്

പൊങ്ങച്ചം പൊതുവിദ്യാലയങ്ങളിലേയ്ക്ക്

പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുമ്പോൾ ആംഗലേയ ഭാഷയും നമ്മുടെ സ്കൂളുകളിൽ ശക്തിപ്പെടുകയാണെന്ന യാതാർത്ഥ്യം നാം വിസ്മരിക്കരുത്. പൊതുവിദ്യാലയ ശാക്തീകരണത്തോടൊപ്പം മലയാളിയുടെ പൊങ്ങച്ച സംസ്കാരത്തിനും കൂടി നാം ചൂട്ടുപിടിക്കുന്നുണ്ട്. മുമ്പ് കുട്ടികലൂടെ രക്ഷകർത്താക്കൾ കാശിന്റെ ബലത്തിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ചുമന്നുകൊണ്ടു വച്ചിരുന്ന പൊങ്ങച്ച സംസ്കാരം ഇപ്പോൾ പണച്ചെലവില്ലാതെ പൊതുവിദ്യാലയങ്ങളിലേയ്ക്ക് ചുമന്നിറക്കുമ്പോൾ മാതൃമലയാളം അവഹേളിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ഇനിയും തുറന്നു കാട്ടാതെ വയ്യ. മിക്ക പൊതുവിദ്യാലയങ്ങളിലും ഇന്ന് മലയാളം മീഡിയം കുട്ടികൾ രണ്ടാം തരക്കാരായി കണക്കാക്കപ്പെടുന്നു എന്ന സത്യം മറച്ചു വയ്ക്കേണ്ടതല്ല. 

പൊതു വിദ്യാലയങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയോ അവിടുത്തെ പുതു പുത്തൻ കെട്ടിട സമുച്ചയങ്ങളോ ഹൈട്ടെക്ക് സംവിധാനങ്ങളോ മറ്റ് ഭൗതിക സൗകര്യങ്ങളോ രക്ഷിതാക്കളുടെ സാമ്പത്തിക പരാധീനതകളോ ഒന്നുമല്ല, മറിച്ച് എല്ലാ പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചതാണ് പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്റെ പ്രധാന കാരണം എന്ന വസ്തുതയെ അത്ര ലാഘവത്തോടെ അങ്ങ് നിഷേധിക്കാനാകില്ല. 

രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം എന്ന് മുമ്പ് നാം പറയുമ്പോൾ അതിൽ ഒരു തരം അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മറ്റൊരു തരം മലയാളം മീഡിയമായിട്ടുള്ള പൊതു വിദ്യാലയങ്ങളിലും ആയിരുന്നുവെങ്കിൽ ഇന്ന് രണ്ട് തരം പൗർന്മാരെ സൃഷ്ടിക്കുന്ന പൊതുവിദ്യാലയങ്ങളിൽ തന്നെ പൊടി പൊടിപൊടിക്കുന്നു എന്നതാണ് സ്കൂൾ വിദ്യാഭ്യാസ രംഗത്തുണ്ടായിരിക്കുന്ന "പരിവർത്തനം". നേരെ പറഞ്ഞാൽ അനഭിലഷണീയമായ മാറ്റം. എസ് എസ് എൽ സി പരീക്ഷയുടെ ഫലം പുറത്തു വരുമ്പോൾ ഫുൾ എ പ്ലസു വാങ്ങുന്നവരിൽ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് മീഡിയം കുട്ടികളാകുന്നതിന്റെ കാരണം പഠിക്കുന്ന കുട്ടികൾ എല്ലാം ഇംഗ്ലീഷ് മീഡിയം തെരഞ്ഞെടുക്കുന്നതു കൊണ്ടാണെന്ന് സൗകര്യാർത്ഥം വാദിച്ചു രക്ഷപ്പെടുന്നത് സത്യത്തോട് എത്രമാത്രം നീതി പുലർത്തുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. 

മലയാളം മീഡിയമായാലും ഇംഗ്ലീഷ് മീഡിയമായാലും മലയാളമാകട്ടെ ഇംഗ്ലീഷ് ആകട്ടെ അക്ഷരത്തെറ്റില്ലാതെ എഴുതാനും തപ്പിപ്പറക്കിയും വിക്കിയും മൂളിയുമല്ലാതെ വായിക്കാൻ എത്രകുട്ടികൾക്കറിയാം എന്നു ചോദിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയസമീപനങ്ങളെക്കുറിച്ചുള്ള സങ്കീർണ്ണമായ ഉപന്യാസങ്ങൾ ഉരുവിട്ട് ഖണ്ഠിക്കുന്നതിലും കുണ്ഠിതപ്പെടേണ്ടിയിരിക്കുന്നു. അപ്രിയ സത്യങ്ങളെ നേരിടാൻ കേൾക്കുന്നവന് ഒരിക്കലും മനസ്സിലാകാത്ത, ഗഹനവും സങ്കീർണ്ണവുമായ ചിന്തകളുടെ പിൻബലമുള്ള കടുത്ത ഭാഷാസാഹിത്യം പ്രയോഗിക്കുന്നതാണല്ലോ "ബൗദ്ധികഭാരം" എങ്ങനെയെങ്കിലും ഇറക്കിവയ്ക്കാൻ വെമ്പുന്ന നമുടെ വിദ്യാഭ്യാസ വിചക്ഷണരുടെ സമീപനയുക്തി!

Sunday, April 22, 2018

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം


പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

ഇ.എ.സജിം തട്ടത്തുമല

ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്കുന്ന ഒരു നല്ല അദ്ധ്യാപകന്റെ (ടി.പി.കലാധരൻ മാസ്റ്റർ) ഒരു എഫ് ബി പോസ്റ്റിനോടുള്ള പ്രതികരണം എന്ന നിലയിൽ എഴുതിയതാണ്. ഇത്രയും നീണ്ടു പോയ സ്ഥിതിയ്ക്ക് ഇത്  ഒരു ലേഖനമായി പരിഗണിച്ച് താല്പര്യമുള്ളവർ പ്രതികരിക്കുക.
ടി.പി കലാധരൻ മാസ്റ്റർ

മാഷേ ഒരു സംശയം. മിക്ക സ്റ്റേറ്റ് സിലബസ് പൊതുവിദ്യലയങ്ങളിലും ഇന്ന് ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഉണ്ട്. ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന കുട്ടികൾക്കാണ് കൂടുതലും ഫുൾ എ പ്ലസുകൾ കിട്ടുന്നത്. മലയാളം മീഡിയത്തിലെ സമർത്ഥരായ കുട്ടികൾക്കുപോലും അഞ്ചും ആറും അതിൽ താഴെയും എ പ്ലസുകൾ കൊണ്ട് തൃപ്തരാകേണ്ടി വരുന്നു. പഠിക്കാൻ കഴിവുള്ള കുട്ടികൾ കൂടുതലായും ഇംഗ്ലീഷ് മീഡിയത്തിലാണ് ചേരുന്നതെന്നും ഇംഗ്ലീഷിലായാൽ കുറച്ചു കൂടി ചുരുക്കം വാക്കുകളിൽ ആശയങ്ങൾ എഴുതി ഫലിപ്പിക്കാൻ കഴിയുമെന്നുമൊക്കെയാണ് ഇതിനു ലഭിക്കുന്ന മറുപടി. പക്ഷെ ഞാൻ ആരോപിക്കുന്നു. ഇംഗ്ലീഷ് മീഡിയത്തിലെയും മലയാളം മീഡിയത്തിലെയും കുട്ടികളുടെ പേപ്പറുകൾ രണ്ട് മനോഭാവത്തിലാണ് നോക്കുന്നതെന്ന്.ഹയർസെക്കണ്ടറിയിൽ സ്കൂൾ ഗോയിംഗുകാരുടെയും പ്രൈവറ്റുകാരുടെയും പേപ്പറുകൾ രണ്ട് മനോഭാവത്തിലാണ് നോക്കുന്നതെന്ന് ഇന്ന് എല്ലാവർക്കും അറിയാം. പണ്ട് പ്രീഡിഗ്രിയുടെ കാര്യവും ഇപ്പോഴും ഡിഗ്രിയുടെ കാര്യവും സമാനമാണ്. അത് തൽക്കാലം അവിടെ നിൽക്കട്ടെ.

ഇപ്പോൾ ശരിക്കും പൊതുവിദ്യാലയങ്ങളിൽ സർക്കാർ ചെലവിൽ ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷ് മീഡിയവും പ്രമോട്ട് ചെയ്യപ്പെടുകയും മലയാള ഭാഷയും മലയാളം മീഡിയവും അവഗണിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള അദ്ധ്യാപകരും രഷകർത്താക്കളും നാട്ടുകാരുമൊക്കെ സർക്കാരിനൊപ്പം പൊതു വിദ്യാലയങ്ങളുടെ നില നില്പിനും വളർച്ചയ്ക്കും ബഹുവിധം സഹായിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അറിഞ്ഞും അറിയാതെയും ഇവരെല്ലാം ഇംഗ്ലീഷ് മീഡിയത്തെ പരിഭോഷിപ്പിക്കുകയാണ്. മലയാളത്തെ അവഗണിക്കുക മാത്രമല്ല നിന്ദിക്കുക കൂടിയാണ്. ഇതിന്റെ മറുവശം,  എല്ലാ പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം തുടങ്ങിയതാണ് പല സ്കൂളുകളും പൂട്ടിപ്പോകാതെ ഇന്ന് നില നിൽക്കാൻ തന്നെ കാരണം. അത് കാണാതിരിക്കുന്നില്ല. 

ഇ.എ.സജിം തട്ടത്തുമല (ലേഖകൻ)
ഇവിടെ നമ്മുടെ നാട്ടിലെ ഒരു സർക്കാർ വിദ്യാലയം (തട്ടത്തുമല ഗവ.എച്ച് എസ് എസ് ) യഥാസമയം ഇംഗ്ലീഷ് മീഡിയം തുടങ്ങാത്തതിനാൽ കുട്ടികളില്ലാതെ പൂട്ടുന്ന വക്കോളമെത്തിയതാണ്. ഇംഗ്ലീഷ് മീഡിയം ഉള്ള പൊതുവിദ്യാലയങ്ങൾ തേടി നാട്ടിലുള്ള കുട്ടികളെല്ലാം ദൂരെയുള്ള മറ്റ് പല സ്കൂളുകളിലും ചേരുന്ന സ്ഥിതി വന്നു. പിന്നീട് നമ്മുടെ സ്ഥലത്തെ സ്കൂളിലും ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ നിർബന്ധിതമായി. അതോടെ കുട്ടികൾ കൂടിത്തുടങ്ങി. ഇവിടെയും കൂടുതൽ കുട്ടികൾ മലയാളം മീഡിയത്തിലാണെങ്കിലും നല്ല റിസൾട്ട് ഉണ്ടാക്കുന്നത് ഇംഗ്ലീഷ് മീഡിയം കുട്ടികൾ ആണ്. എന്തുകൊണ്ട്? ഇടയ്ക്ക് മറ്റൊന്നുകൂടി;  ഗ്രെയ്സ് മാർക്ക് കിട്ടുന്ന വിഭാഗങ്ങൾ കൂടുതലായുള്ള സ്കൂളുകളിൽ അതിന്റെ ബലത്തിൽ കൂടുതൽ എ പ്ലസുകൾ വാങ്ങി മറ്റ് സ്കൂളുകളെ കൊഞ്ഞനം കുത്തുകയാണ്. അദ്ധ്യാപനനിലവാരത്തിൽ ഈ സ്കൂളുകൾ തമ്മിൽ 
വ്യത്യാസമില്ലതാനും. (നിർബന്ധമെങ്കിൽ എല്ലാ വിധ ഗ്രേസ് മാർക്കുകളും ഉപരിപഠന അഡ്മിഷൻ സമയത്ത് മാത്രം പരിഗണിക്കണമെന്നാണ് എന്റെ പക്ഷം. മാർക്കിൽ അത് കൂട്ടരുത്.)

ഇനി വീണ്ടും ഞാൻ കേന്ദ്രീകരിച്ച വിഷയത്തിലേയ്ക്ക് വരാം. അഗോള ഭാഷയെന്ന നിലയിൽ ഇംഗ്ലീഷിൽ കുട്ടികളുടെ നിലവാരം വർദ്ധിപ്പിക്കുവാനുതകുംവിധം ഇംഗ്ലീഷ് പഠനം കുറച്ചു കൂടി വിപുലീകരിച്ച് മികവുറ്റതാക്കിയിട്ട് പഠന മാധ്യമം എല്ലാവർക്കും മലയാളം മീഡിയം ആക്കിയാൽ പോരേ? അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ഉദ്ദേശിച്ച് പണ്ട് മുതൽക്കേ നമ്മൾ പറഞ്ഞു വരുന്നുണ്ടല്ലോ, രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം നന്നല്ല എന്ന്; എന്നാൽ  ഇപ്പോൾ നമ്മുടെ പൊതു വിദ്യാലയങ്ങളിലും ഇതല്ലേ നടക്കുന്നത്? ഒരേ സ്കൂൾ. രണ്ടുതരം പൗരന്മാർ. രണ്ടു കൂട്ടരോടും രണ്ട് തരം സമീപനങ്ങൾ!

എൻട്രൻസ് പരീക്ഷയും,  മെഡിക്കൽ-എഞ്ചിനീയറിംഗ് പഠനം തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ ഒക്കെയും,  ഇംഗ്ലീഷിൽ ആണെന്നും പറഞ്ഞാണല്ലോ നല്ലൊരു വിഭാഗം രക്ഷകർത്താക്കൾ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കുന്നത്. ഇവരിൽ എത്രപേർ പിന്നീട് എൻട്രൻസ് പരീക്ഷയെങ്കിലും എഴുതുന്നു? എഴുതിയാൽ തന്നെ എത്ര പേർക്ക് കിട്ടുന്നു? എന്നാൽ ഇക്കാര്യത്തിൽ രക്ഷകർത്താക്കളുടെ അജ്ഞതയ്ക്ക് പരിഹാരമില്ലെന്ന് പറഞ്ഞ് നമുക്ക് മാറ്റി നിർത്താം. പക്ഷെ എന്തുകൊണ്ട് എല്ലാ എൻട്രൻസ് പരീക്ഷകളും മലയാളമുൾപ്പെടെയുള്ള മാതൃ ഭാഷകളിൽ എഴുതാൻ ഇനിയും അവസരമുണ്ടാക്കാൻ കഴിയുന്നില്ല.

കലാധരൻ മാസ്റ്റർ കുട്ടികൾക്കൊപ്പം ഒരു ദിവസം
സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം വന്നതുകൊണ്ടാണ് ഭൂരിഭാഗം രക്ഷകർത്താക്കളും അൺ എയ്ഡഡ് സ്കൂളുകൾ ഉപേക്ഷിച്ച് പൊതു വിദ്യലയങ്ങളെ ആശ്രയിച്ചു തുടങ്ങിയത് എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും ശരിയല്ല. മറിച്ച് അൺ എയ്ഡഡ് സ്കൂളുകളിലെ ബഹുവിധ ഫീസുകളും വണ്ടിച്ചെലവുമൊന്നും താങ്ങാനാവത്തതിനാലാണ് പലരും പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കൻ തയ്യാറാകുന്നത്. ഇന്ന് ആളുകളുടെ ഭൂരിപക്ഷത്തിന്റെയും സാമ്പത്തിക ഉൽക്കണ്ഠകൾ മുമ്പത്തേതിനേക്കാൾ വർദ്ധിച്ചിരിക്കുന്നു. അൺ എയ്ഡഡുകളിൽ ചേർത്താൽ കുട്ടികളെ ആദ്യന്തം അവിടെ തന്നെ പഠിപ്പിക്കാൻ തങ്ങളുടെ സാമ്പത്തികശേഷി നില നിൽക്കുമോ എന്ന ഭയം ഭൂരിഭാഗം രക്ഷകർത്താക്കളെയും ബാധിച്ചിരിക്കുന്നു. ഇത് പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.  എങ്കിലും പൊതു വിദ്യാലയങ്ങളോടുള്ള അവരുടെ സമീപനങ്ങളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. അത്തരക്കാരുടെ താല്പര്യാർത്ഥം മലയാളം മീഡിയത്തെ കുറ്റകരമായി അവഗണിച്ചുകൊണ്ട് ഇംഗ്ലീഷ് മീഡിയത്തെയും ഇംഗ്ഗ്ലീഷ് ഭാഷയെയും എത്രകാലം നമ്മൾ ഔദ്യോഗിക സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടുകളും ഉപയോഗിച്ച് പ്രമോട്ട് ചെയ്യും? മലയള ഭാഷയുടെ മരണം വരെയോ?

ഇനി മറ്റൊന്നു കൂടി പറഞ്ഞ് നിർത്താം. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പഠിക്കുന്ന കുട്ടികൾക്ക് എസ് എസ് എൽ സി മോഡലിൽ രണ്ടു ഭാഷയിലും ഒരേ ചോദ്യങ്ങൾ ചോദിച്ച് പരീക്ഷ എഴുതിച്ചിട്ട് പൊതു സദസ്സിൽ വച്ച് വിദഗ്ധരായ ഒരു പാനലിനെ കൊണ്ട് ആ പേപ്പറുകൾ സത്യസന്ധമായി നോക്കിക്കുക. ഇംഗ്ലീഷ് മീഡിയം കുട്ടികൾ എഴുതിയതാണോ മലയാളം മീഡിയം കുട്ടികൾ എഴുതിയതാണോ കൂടുതൽ കുറ്റമറ്റതെന്ന് നോക്കാം. നോക്കുന്നത് സത്യസന്ധമായാണെങ്കിൽ മലയാളം മീഡിയം കുട്ടികൾ കൂടുതൽ മാർക്ക് നേടും. അതായത് പരീക്ഷകളിൽ സംഭവിക്കുന്നത് മലയാളത്തിലെ കുട്ടികൾ എഴുതിയത് വ്യക്തമായി വായിക്കാൻ കഴിയും. തെറ്റെഴുതിയാൽ മനസ്സിലാക്കാൻ കഴിയും. ഇംഗ്ലഷ് മീഡിയം കുട്ടികൾ എഴുതുന്നത് തെറ്റോ ശരിയോ എന്നു പോലും പേപ്പർ നോക്കുന്നവർക്ക് മനസ്സിലാകില്ല. ഇംഗ്ലീഷ് മിഡിയമല്ലേ, പഠിക്കുന കുട്ടികൾ ആയിരിക്കും എന്നു കരുതി അവർക്ക് കൂടുതൽ മാർക്കിടും.

തട്ടത്തുമല ഗവ.എച്ച്.എസ്.എസ് പൂർവ്വവിദ്യാർത്ഥിസംഗമത്തിൽ ഈ ലേഖകൻ
ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് ഇപ്പോഴത്തെ മോഡലിലുള്ള ചോദ്യങ്ങൾക്ക് മാതൃഭാഷയല്ലാത്ത ഇംഗ്ലീഷിൽ ഉത്തരങ്ങൾ എഴുതി ഫലിപ്പിക്കാനുള്ള നിലവാരം എത്രത്തോളമുണ്ടെന്ന് അദ്ധ്യാപന രംഗത്ത് നിൽക്കുന്ന എല്ലാവർക്കും അറിയാം. സാധാരണ ജനത്തിനറിയില്ലെന്നു മാത്രം! എന്നാൽ ഇപ്പോഴത്തെ മലയാളം മീഡിയം കുട്ടികളുടെയും അക്ഷരജ്ഞാനം എത്രത്തോളമാണെന്നത് ഇപ്പോൾ പരക്കെ ചർച്ചാ വിഷയമണ്. അക്ഷാർത്തെറ്റുകളുടെ മേളം. എന്നാലും ചോദ്യങ്ങൾക്ക് ഉത്തരം വായിക്കുന്നവർക്ക് മനസ്സിലാകും വിധം എഴുതി ഫലിപ്പിക്കൻ അവർക്ക് കഴിയും. ഇംഗ്ലീഷ് മീഡിയം കുട്ടികളാകട്ടെ ഗുരുതരമായ സ്പെല്ലിംഗ് മിസ്റ്റേക്കുകളുടെയും  ഗ്രാമർ മിസ്റ്റേക്കുകളുടെയും അകമ്പടിയോടെ എഴുതി വയ്ക്കുന്നത് വായിക്കുന്നവർക്ക് പോയിട്ട് എഴുതുന്ന ആ കുട്ടികൾക്കെങ്കിലും മനസ്സിലാക്കാൻ സാധിക്കുമോ എന്ന് സംശയമാണ്. ഞാനീ പറഞ്ഞ കാര്യങ്ങൾ കേവലം സാമാന്യവൽക്കരിച്ച് പറയുകയാണെന്ന് പറഞ്ഞ് വെണമെങ്കിൽ തള്ളികളയാം. എന്നാൽ ഞാൻ ഈ കുറിപ്പിൽ എഴിതിയ വരികൾക്കിടയിൽ നിഷേധിക്കാനാകാത്ത പല സത്യങ്ങളുമുണ്ടെന്ന് 
ഞാൻ ഉറച്ചു തന്നെ വിശ്വസിക്കുന്നു. 

ഒരു അഭിപ്രായം കൂടി കൂട്ടിച്ചേർക്കുന്നു; പൊതുവിദ്യാലയങ്ങളിൽ മലയാളം മീഡിയം പഠിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കും ഉപരിപഠനത്തിന് ചേരാൻ പ്രത്യേക വെയിറ്റേജും നൽകണം.മറ്റ് ഗ്രേസ് മാർക്കുകൾ നിർത്തലാക്കണം. ഉപരിപഠനത്തിന് വേണമെങ്കിൽ പാഠ്യേതര പ്രവർത്തന മികവുകൾക്ക് ചെറിയ ഗ്രേസ് മാർക്കോ വെയിറ്റേജോ നൽകാം

തട്ടത്തുമല ഗവ.എച്ച്.എസ് എസ് പൂർവ്വവിദ്യാർത്ഥിസംഗമം
 

Monday, December 25, 2017

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

ഇ.എ.സജിം തട്ടത്തുമല

(നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പാലിച്ചാൽ മതി).

1. എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന മട്ടിലുള്ള ആ മസിൽ ആദ്യം തന്നെ അങ്ങ് വിടുക.
2. എല്ലാ ദിവസവും പത്രം വായിക്കുക. പ്രത്യേകിച്ചും വനിതാ അദ്ധ്യാപകർ ( രവിലെ പത്രമെടുത്ത് ഭർത്താവിന്റെ തലയ്ക്കു മീതെ വലിച്ചെറിയരുത്). ടി വി വാർത്തകൾ കാണുക
3.പാഠ പുസ്തകങ്ങൾ നന്നായി വായിച്ചിട്ടു മാത്രം ക്ലാസ്സിൽ വരിക
4. നിങ്ങൾ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുക
5. എപ്പോഴും പഠനം മാർക്ക് എന്നിവയെക്കുറിച്ച് മാത്രം പറയാതെ കുട്ടികളുടെ സർഗ്ഗാതമതകൾ കൂടി കണ്ടെത്തി പുറത്തെടുക്കുക. അത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി കൂടി ചർച്ച ചെയ്യുക
6. സമ്പന്ന കുടുംബങ്ങങ്ങളിൽ നിന്നു വരുന്നവരെയും സൗന്ദര്യമുള്ള കുട്ടികളെയും മാത്രം ശ്രദ്ധിക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണുക.
7. പഠിക്കാൻ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈൻമെന്റുകളും ഒക്കെ കൊടുക്കുമ്പോൾ അത് കുട്ടികൾ നെറ്റിൽ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ വർക്കുകൾ ചെയ്യാൻ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം ഉത്തരവാദിത്വങ്ങൾ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലിൽ കെട്ടിവയ്ക്കാതിരിക്കുക)
8. അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
9. നല്ല വായനയെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് നൽകുക. അതെ പറ്റി ക്ലാസ്സിൽ ചർച്ചകൾ സംഘടിപ്പിക്കുക
10. അദ്ധ്യാപക പരിശീലന പരിപാടികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കുക.
11. നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃകയാകുക.
12. ലളിതമായ വേഷം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ കുട്ടികൾക്ക് മാതൃകയാകുക.
13. സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കളുമായും നാട്ടുകാരുമായും കുടുംബാംഗങ്ങളോടെന്ന പോലെ ബന്ധം സ്ഥാപിക്കുക
14. സ്കൂളിലെ യുവജനോത്സവം മറ്റ് പൊതു പരിപാടികൾ എന്നിവ ഏതാനും അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി കണ്ട് ഒഴിഞ്ഞു നില്ക്കുകയോ പരിപാടി നടക്കവെ നേരത്തെ വീട്ടിൽ പോകുകയോ ആ ദിവസങ്ങളിൽ വാരാതെ വീട്ടിലിരിക്കുകയോ ചെയ്യാതിരിക്കുക
15. വരുമാനത്തിൽ ഒരു ചെറു വിഹിതം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പാവപ്പെട്ട കുട്ടികൾക്ക് അത്യാവശ്യം സഹയങ്ങൽക്കോ ചെലവാക്കുക
16. മുഖം നോക്കി സി ഇ മാർക്ക് നൽകാതിരിക്കുക.
17. നൂലിൽ പിടിച്ച് കുട്ടികൾക്ക് മാർക്കിടാതിരിക്കുക. കുട്ടികൾ ജയിക്കണം എന്ന മനോഭാവത്തോടെ ഉത്തര കടലാസുകൾ നോക്കണം. അല്ലാതെ വിദ്യാർത്ഥികളെ യുദ്ധകാലത്തെ ശത്രുരാജ്യത്തെ പോലെ കാണരുത്.
18.ഇന്റർനെറ്റ് സാധ്യതകളെ വിദ്യാഭ്യാസത്തിനും നല്ല കാര്യങ്ങൾക്കുമായി എങ്ങനെ പ്രയോജനപെടുത്താമെന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും പഠിപ്പിക്കുക.
19. പ്രൊജക്ടറും മറ്റുമുള്ള സ്മാർട്ട് ക്ലാസ്സുകൾ ആയില്ലെങ്കിൽ ലാപ് ടോപ്പിന്റെ സഹായത്താലെങ്കിലും കുട്ടികൾക്ക് വിഷ്വൽസും നല്ല ക്ലാസ്സുകളും ഒക്കെ കാണിച്ചു കൊടുക്കുക.
20. വല്ലപ്പോഴും കുട്ടികളുമായി പുറത്തിറങ്ങി നാട്ടിലും വീടുകളിലുമൊക്കെ പോയി പരിസര പഠനം നടത്തി സമൂഹത്തെയും പരിസ്ഥിതിയെയും അറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുക
21. തെറ്റുകൾ ചെയ്യുന്ന കുട്ടികളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി നേർ മാർഗ്ഗത്തിലേയ്ക്ക് നയിക്കുക
22. ചെറിയ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ കൊടും കുറ്റവാളികളെ കാണുന്നതുപോലെ കാണാതിരിക്കുക.
23. സ്വന്തം കുട്ടികളെ വല്ലപ്പോഴും സ്കൂളിൽ കൊണ്ടു വന്ന് അവിടുത്തെ കുട്ടികളുമായി ഇടപഴുകാൻ അവസരം നൽകുക. അദ്ധ്യപകൻ/ അദ്ധ്യാപിക നമ്മുടെ കുടുംബാംഗത്തെ പോലെയാണെന്ന് ബോധം കുട്ടികളിൽ സൃഷ്ടിക്കുക
24. കുട്ടികളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ദു;ഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കുക
25. സമ്പന്നരെന്നോ ദരിദ്രരെന്നോ മേൽ ജാതി കീഴ്ജാതിയെന്നോ ഉള്ള ചിന്ത കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
26. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
27. ബിവറേജസിന്റെ ക്യൂവിലോ ബാറുകളിലോ വച്ച് രക്ഷകർത്താക്കളോ കുട്ടികളോ അദ്ധ്യാപകരെ കാണാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
27. അദ്ധ്യപികമാർ ഫാഷൻ ഷോയുമായി സ്കൂളി വരാതെ മാന്യമായതും ലളിതവുമായ വസ്ത്രവും ധരിച്ച് സ്കൂളിൽ എത്തുക.
28. കുട്ടികളെ പോലെ അദ്ധ്യപകരും യൂണിഫോം ധരിച്ചെത്തുന്നത് നല്ലതായിരിക്കും
29. അനാവശ്യമായ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും അദ്ധ്യാപകരുടെ വ്യക്തിജീവിതത്തിൽ നിന്ന് ഒഴിവാക്കുക
30. അദ്ധ്യാപകരും കുട്ടികളും തമ്മിൽ അടിമ ഉടമ ബന്ധമല്ല വേണ്ടത്. സുഹൃത്തുക്കളെ പോലെ പെരുമാറണം. എന്നാൽ കുട്ടികൾക്ക് അദ്ധ്യാപകരോടുള്ള ബഹുമാനത്തിന് ഒട്ടും കുറവു വരികയുമരുത്.

(ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാൻ മാത്രം വിഢിയൊന്നുമല്ല ഞാൻ; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

Friday, May 26, 2017

ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ തുടരണം

പോസ്റ്റിന്റെ രത്ന ചുരുക്കം: കേരള യൂണിവേഴ്സിറ്റി ഡിഗ്രി പാരലൽ അഥവാ പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തിയത്രേ! ഇത് തികഞ്ഞ അനീതിയും അവസര നിഷേധവുമണ്. ഒന്നുകിൽ അത് പുന:സ്ഥാപിക്കണം. അല്ലെങ്കിൽ എസ്.എസ്.എൽ.സിയ്ക്കും പ്ലസ് ടൂവിനും ഉള്ളതുപോലെ ഡിഗ്രിയ്ക്ക് ഏതാനും വിഷയങ്ങളിൽ തുല്യതാ പരീക്ഷ കൊണ്ടു വരണം. മാർക്ക് അല്പം കുറഞ്ഞാലും ഡിഗ്രീ എടുത്ത് ഗ്രാജുവേറ്റാകാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടാകണം.

ഇനി വിശദമായ പ്രതികരണം: എല്ലാ കുട്ടികൾക്കും പ്ലസ് ടൂവിന് ഫുൾ എ പ്ലസ് ഒന്നും വാങ്ങാൻ കഴിയില്ല. എല്ലാവർക്കും ഒരേ ബുദ്ധിയും കാണില്ല. ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് അഥവാ ബുദ്ധിയുണ്ടെങ്കിൽ പോലും നല്ല മാർക്ക് വാങ്ങാൻ കഴിഞ്ഞെന്നു വരില്ല. മാർക്ക് കുറഞ്ഞവർക്ക് കോളേജുകളിൽ അഡ്മിഷൻ കിട്ടില്ല. പണമുള്ളവരുടെ മക്കൾക്ക് എയ്ഡഡ് കോളേജുകളിൽ കോഴ കൊടുത്ത് ചേരാം. അല്ലെങ്കിൽ കോഴയും വൻ തുക സെമസ്റ്റർ ഫീസും കൊടുത്ത് സെൽഫ് ഫിനാൻസ് കോളേജുകളിൽ പഠിക്കാം. സ്വാധീനമുള്ളവർക്ക് ശുപാർശ പിടിച്ച് കോളേജ് അഡ്മിഷൻ തരപ്പെടുത്താം. എന്നാൽ പണവും സ്വാധീനവുമില്ലാത്ത കുട്ടികൾ എന്ത് ചെയ്യും? അവർക്ക് ആകെ ചെയ്യാൻ പറ്റുന്നത് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് വീട്ടിലിരുന്ന് പഠിക്കുകയോ പാരലൽ കോളേജുകളിൽ പോയി പഠിക്കുകയോ ചെയ്യുക എന്നതാണ്. പാരലൽ കോളേജുകളിൽ അവരുടെ കൊക്കിൽ ഒതുങ്ങുന്ന ഫീസേ ആകൂ. ഫീസിളവ് ചെയ്തും സൗജന്യമായും പഠിപ്പിക്കുന്ന പാരലൽ കോളേജുകൾ ധാരാളമുണ്ട്. അല്ലെങ്കിൽ വീട്ടിലിരുന്ന് സ്വന്തമായും പഠിക്കാം. അതിന് വർഷങ്ങളായി നൽകി വരുന്ന സൗകര്യമാണ് ഇപ്പോൾ കേരള യൂണിവേഴ്സിറ്റി എടുത്ത് കളയുന്നത്. ഇത് അനീതിയാണ്.

പാവപ്പെട്ട കുട്ടികൾക്ക് ബിരുദ പഠനം നടത്താനും ഗ്രാജുവേറ്റ് ആകാനും ഉള്ള അവകാശമാണ് ധ്വംസിക്കപ്പെടുന്നത്. കേരളത്തിനു പുറത്തുള്ള തട്ട് മുട്ട് യൂണിവേഴ്സിറ്റികൾ പലതും നടത്തുന്ന ഉഡായിപ്പ് ഡിഗ്രികൾക്ക് പലതിനും അംഗീകാാരം നൽകുന്ന അതേ യൂണിവേഴ്സിറ്റി തന്നെയാണ് ഒരു വിധം കുറ്റമറ്റ നിലയിൽ വർഷങ്ങളായി നടന്നു വരുന്ന ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ ഇല്ലാതാക്കുന്നത്. കേരളത്തിനു പുറത്തുള്ള പല സർവ്വകലാശാലകളും നടത്തുന്ന ഡിഗ്രി കോഴ്സുകൾക്ക് ഫീസടച്ചിട്ട് പരീക്ഷ അറ്റൻഡ് ചെയ്താൽ മതി. ജയിക്കും. പിന്നെ ഇവിടെ മാത്രം എന്തിനാണ് പ്രൈവറ്റ് രജസ്ട്രേഷൻ നിർത്തുന്നത്? പി.ജിയുടെ പ്രൈവറ്റ് രജസ്ട്രേഷൻ മുമ്പേ നിർത്തിയിരുന്നു. ഡിസ്റ്റൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഡിസ്റ്റൻസും നിർത്തുന്നുവെന്ന് കേൾക്കുന്നു. ഡിഗ്രി ലെവൽ മത്സര പരീക്ഷകൾ എഴുതാനെങ്കിലും ഒരു ഡിഗ്രി എടുക്കണം എന്നാഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു കനത്ത പ്രഹരമായിരിക്കും ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കുന്നത്.

മാത്രവുമല്ല ഉപജീവനാർത്ഥം നടത്തുന്ന പാരലൽ കോളേജുകൾക്കും ഇതൊരു പ്രഹരമാണ്. മാന്യമായ ഒരു തൊഴിൽ മേഖലയുടെ നാശത്തിനും ഇതിടയാക്കും. വിദ്യാഭ്യാസക്കച്ചവടക്കാരല്ല ബഹുഭൂരിപക്ഷം പാരലൽ കോളേജുകൾ. ന്യായമായ പ്രതിഫലം മാത്രം വാങ്ങി മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുക വഴി വിദ്യാഭ്യാസ രംഗത്ത് പാരലൽ കോളേജുകൾ വലിയ സേവനമാണ് നൽകി വരുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങൾ മാത്രമല്ല സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ് നല്ലൊരു പങ്ക് പാരലൽ കോളേജുകൾ. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരിൽ നല്ലൊരു പങ്കിന്റെ ഇടത്താവളങ്ങളും ആശ്വാസ കേന്ദ്രങ്ങളും കൂടിയാണ് പാരലൽ കോളേജുകൾ.

 ഡിഗ്രി പാരലൽ നിർത്തിയാൽ പ്ലസ് ടൂ കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ല കുട്ടികൾക്കും കോളേജുകളിൽ അഡ്മിഷൻ ഉറപ്പാക്കുവാൻ യൂണിവേഴ്സിറ്റിയ്ക്കോ സർക്കാരിനോ കഴിയുമോ? ഇല്ലെങ്കിൽ ഇത് കൊടിയ അനീതിയാണ്. അവസര നിഷേധമാാണ്. ഈ ലോകം പണവും സ്വാധീനവുമുള്ളവർക്കും അതി ബുദ്ധിമാന്മാർക്കും മത്രമുള്ളതാണോ? ബുദ്ധിപരമായി ശരാശരിക്കാരും അതിൽ തഴെയുള്ളവരുമാണ് സമൂഹത്തിൽ കൂടുതൽ ഉള്ളത്. സാമ്പത്തികമയും പാവങ്ങളാണ് സമൂഹത്തിൽ കൂടുതൽ ഉള്ളത്. അവർക്കും ഈ രാജ്യത്ത് തങ്ങളുടെ ആഗ്രഹങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് വിദ്യാഭ്യാസം ചെയ്യാൻ അവസരമുണ്ടാകണം. ഡിഗ്രി പാരലൽ കോഴ്സുകൾ അഥവാ പ്രൈവറ്റ് രജിഷ്ട്രേഷൻ പുന:സ്ഥാപിക്കുക. തുടരുക.

Wednesday, October 12, 2016

പൊതുവിദ്യാലയ സംരക്ഷണവും പാഠ്യപദ്ധതിയും

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള ഒറ്റമൂലി ഇപ്പോഴത്തെ പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, ഇപ്പോഴത്തെ "മൊണഞ്ഞ" (വേറെ വാക്ക് കിട്ടുന്നില്ല) ചോദ്യപ്പേപ്പർ ഉപയോഗിച്ചുള്ള പരീക്ഷ എന്നിവ എടുത്ത് കളയുകയാണ്. ഈ ഉഡായിപ്പുകളെ എതിർത്താൽ പുരോഗമന വാദി അല്ലാതായിപ്പോകും എന്ന് കരുതി മിണ്ടാതിരിക്കുന്നത് തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. കുട്ടികളെ പഠിപ്പിക്കുന്നതോ കുട്ടികൾ പഠിക്കുന്നതോ ഒന്നുമല്ല പരീക്ഷയ്ക്ക് ചോദിക്കുന്നത്. പരീക്ഷാ ചോദ്യങ്ങൾക്ക് മിക്കതിനും പാഠപുസ്തകങ്ങളുമായി ഒരു ബന്ധവുമില്ല. പാഠപുസ്തകങ്ങൾ തന്നെ ഒരു തരം പാഴ് വസ്തുക്കൾ പോലെയാണ്. അവയുടെ ഭാരമാകട്ടെ കിലോക്കണക്കിനും! പക്ഷെ ഒരു ഗുണവുമില്ല. ഗൈഡുകൾ ഇറങ്ങുന്നതുകൊണ്ട് അദ്ധ്യാപകരും അത് വാങ്ങാൻ ശേഷിയുള്ള കുട്ടികളും ആശ്വാസം കൊള്ളുന്നു.

ഡി.പി.ഇ.പി വന്നതിനുശേഷമുള്ള കുട്ടികളിൽ നല്ലൊരു പങ്കും സർഗ്ഗ ചേതനകൾ കൈമോശം വന്നവരും സാമൂഹ്യ ബോധമില്ലാത്തവരും ആയി. നല്ലൊരു പങ്ക് കുട്ടികൾ വർഗ്ഗീയ പക്ഷപാതികൾ കൂടിയായി. ഏത് പണക്കാരന്റെ കുട്ടിയും മൊബൈൽ ചാർജ് ചെയ്യാൻ വേണ്ടി (അതിനു വേണ്ടി മാത്രം) എന്ത് തൊഴിലും ചെയ്യാൻ നാണക്കേട് വിചാരിക്കുന്നില്ല എന്നത് മാത്രമാണ് ഇന്നത്തെ പിള്ളേർക്ക് ആകെയുള്ള ഒരു മെച്ചം. അവരെ ഞങ്ങളൊക്കെ പഠിച്ച കൈയ്യിലൊതുങ്ങുന്ന പുസ്തകങ്ങളും അന്നത്തെ പരീക്ഷാ രീതിയും കുറെ പേരെ തോല്പിച്ചിരുന്നു എങ്കിലും അതിന് ഒരു നിലവാരമുണ്ടായിരുന്നു. അന്ന് തോൽക്കുന്നവർക്കു പോലും അക്ഷരത്തെറ്റില്ലാതെ മലയാളമെങ്കിലും എഴുതാൻ കഴിഞ്ഞിരുന്നു. ഇന്നോ? അക്ഷര ശുദ്ധി കൈവരുത്താനുള്ള പകർത്തെഴുത്തില്ല. കേട്ടെഴുത്തില്ല. അക്ഷരം പഠിപ്പിക്കാനേ പാടില്ലത്രേ! വീട്ടുകാരോ അംഗൻ വാടിക്കാരോ വല്ല അക്ഷരവും പഠിപ്പിച്ചു വിടുന്ന കുട്ടികൾ തെറ്റില്ലാതെ എഴുതുകയും വായിക്കുകയും ചെയ്യും. എന്നാൽ സ്കൂളിൽ ചേർത്തു കഴിഞ്ഞാൻ പിന്നെ പഠിച്ച അക്ഷര വിദ്യയും കൂടി കൈമോശം വരുത്തുന്ന "സാങ്കേതിക വിദ്യ" കുട്ടികളിൽ പരീക്ഷിക്കുകയായി!

എല്ലാവരെയും ജയിപ്പിച്ചു വിടുന്നത് നല്ലതു തന്നെ. ഗ്രേഡിംഗും നല്ലതു തന്നെ. പുതിയ പരിഷ്കാരങ്ങൾ, കാലത്തിനൊത്ത കൂട്ടിച്ചേർക്കലുകൾ ഒക്കെ വേണം. പക്ഷെ ശാസ്ത്ര സാഹിത്യ പരിഷത്തുകാരെ പോലുള്ളവർക്ക് തമാശ കളിക്കാനുള്ളതല്ല കുട്ടികളുടെ ഭാവി. (പരിഷത്ത് മറ്റ് പല മേഖലകളിലും നടത്തുന്ന-നടത്തിയിട്ടുള്ള മറ്റ് സേവനങ്ങൾ കുറച്ചു കാണുന്നില്ല). പാഠ പുസ്തകങ്ങളെ ആസ്പദമാക്കി വേണം പരീക്ഷയ്ക്ക് ചോദ്യം ചോദിക്കാൻ. അല്ലാതെ പദ പ്രശ്നം പൂരിപ്പികലാകരുത് പരീക്ഷ. അതൊക്കെ ബാലമ്യും, ബാലമംഗളവും തത്തമ്മയുമൊക്കെ നിർവ്വഹിച്ചു കൊള്ളും. നല്ല ഒരു കവിത എഴുതാനോ ഒരു ഉപന്യാസ മെഴുതാനോ ഇന്നത്തെ കുട്ടികൾക്ക് കഴിയില്ല.

അദ്ധ്യാപകർക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങൾ പ്രോജക്ടും അസൈൻമെന്റുമായി കൊടുക്കും. കുട്ടികൾ അതുമായി ട്യൂട്ടോറിയൽ കാരെ സമീപിക്കും. അവരെക്കൊണ്ട് പറ്റുന്നത് അവർ ചെയ്തു കൊടുക്കും. അല്ലെങ്കിൽ കുട്ടികൾ നെറ്റിൽ കയറി കോപ്പി പേസ്റ്റ് ചെയ്യും. ഇതിൽ കുട്ടിയുടെ കഴിവും മികവും എങ്ങനെയാണ് വികസിക്കുക. ഒന്നും കാണാപ്പാഠം പഠിച്ചു കൂടെന്നാണ് പുതിയ പഠ്യ പദ്ധതിയുടെ വക്താക്കൾ പറയുന്നത്. കാണാതെ പഠിക്കേണ്ട പ്രായത്തിൽ കുട്ടികൾ കുറച്ചൊക്കെ കാണാതെ പഠിച്ചു വയ്ക്കുക തന്നെ വേണം. പി.എസ്.സി പരീക്ഷയ്ക്ക് മത്സരാർത്ഥികൾ ജി.കെ അത്രയും കാണാതെ പഠിക്കുകയല്ലേ ചെയ്യുന്നത്? ( സ്റ്റേറ്റ് സിലബസിൽ ജി.കെ ഇതുവരെയും ഉൾപ്പെട്ടു കണ്ടിട്ടില്ല. സി.ബി.എസ്.സി പിള്ളേർക്ക് അതിനും പുസ്തകവും പരീക്ഷയുമുണ്ട്. (സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് ജോലിയെങ്ങാനും കിട്ടിപ്പോയാലോ!).

ഓരോ വിഷയമായിട്ടെടുത്താൽ സ്റ്റേറ്റ് സിലബസുകാരുടെ പുസ്തകത്തിലുള്ള ഇംഗ്ലീഷ് പഠിച്ച് ഒരു കുട്ടിയും ഒരു ഇംഗ്ലീഷ് വാചകം തെറ്റില്ലാതെ എഴുതുകയോ പറയുകയോ ചെയ്യില്ല. മലയാളത്തിന്റെ കാര്യമെടുത്താൽ കുട്ടികൾ മലയാള ഭാഷ തന്നെ വെറുക്കുന്ന രീതിയിലുള്ള പാഠ ക്രമീകരണങ്ങളാണ്. മറ്റ് വിഷയങ്ങളുടെ കാര്യം പറയാനുമില്ല. വിദ്യാഭ്യാസത്തിന്റെ ഒരു ഗൗരവവും ഉൾക്കൊള്ളാത്ത പാഠപുസ്തകങ്ങളും അദ്ധ്യാപന രീതിയുമാണിന്നുള്ളത്. ഏറ്റവും വലിയ കുഴപ്പം ഈ പാഠ്യ പദ്ധതികൾ അനുസരിച്ച് പഠിപ്പിക്കാനുള്ള നിലവാരം ഇവിടുത്തെ അദ്ധ്യാപകർക്കില്ലെന്നുള്ളതാണ്. ഇത് ഇനിയും നീട്ടേണ്ട ലേഖനമാണ്.ഒരു കാര്യം കൂടി സൂചിപ്പിച്ച് തൽക്കാലം നിർത്തുന്നു. നമ്മുടെ കെ.എസ്.ടി.എക്കാർ പരസ്യമായി ഈ സിലബസിനെ പുകഴ്ത്തുകയും രഹസ്യമായി ഇതിനെതിരെ സംസാരിക്കുകയും ചെയ്യും.

Sunday, July 31, 2016

വീടുകളിൽ പഠന മുറി


പട്ടികജാതി-പട്ടികവർഗ്ഗ വീടുകളിൽ പഠന മുറി

പുതിയ എൽ.ഡി.എഫ് ഗവർണ്മെന്റ്  ശ്രദ്ധാർഹവും ഏറെ അഭിനന്ദനാർഹവുമായ ഒരു പല തീരുമാനങ്ങളും ഇതിനോടകം എടുക്കുകയും അതിൽ പലതും ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് എന്നത് എൽ.ഡി.എഫിന്റെ രാഷ്ട്രീയ എതിരാളികൾ പോലും പരക്കെ സമ്മതിക്കുന്ന കാര്യമാണ്. അക്കൂട്ടത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന ഏറ്റവും വിപ്ലവകരമായ ഒരു തീരുമാനമാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രചോദനം. ഇതിൽ രാഷ്ട്രീയമില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവർണ്മെന്റിന്റെ നല്ല പ്രവർത്തനങ്ങളൊടുള്ള ഒരു ക്രിയാത്മക പ്രതികരണം മാത്രമാണ്. 

പട്ടിക ജാതി ക്ഷേമ വകുപ്പ് മുഖാന്തരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി-പട്ടിക വർഗ്ഗ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അവരുടെ വീടിനോട് ചേർന്ന് പഠന മുറികൾ നിർമ്മിച്ചു നൽകാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഒരു പക്ഷെ അടുത്ത കാലത്തൊന്നും മാറി മാറിവന്ന ഒരു സർക്കാരും ഇത്രയധികം ശ്രദ്ധാർഹമായ ഒരു ജനക്ഷേമ പ്രവർത്തനം നടത്തിയിട്ടുണ്ടാകില്ല.

പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും  അക്കാഡമിക നിലവാരം ഉയർത്തുന്നതിനും ഏറെ ഫണ്ടുകൾ വിനിയോഗിച്ചു വരുന്നുണ്ട്.  പട്ടികജാതി-പട്ടികവർഗ്ഗവിഭാഗങ്ങൾ ഉൾപ്പെടെ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണവും  അവരുടെ വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പുകൾ അടക്കമുള്ള പല സാമ്പത്തിക സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും മുമ്പേ തന്നെ നൽകിപ്പോരുന്നുണ്ട്. എന്നാൽ ഈ കുട്ടികൾ നല്ലൊരു പങ്കും  പഠനത്തിൽ പിന്നോക്കം  പാതി വഴിയിൽ പഠനം ഉപേക്ഷിക്കാനും ഉള്ള കുടുംബപരമായും സാമൂഹ്യമായുമുള്ള കാരണങ്ങൾ വേണ്ടവിധം മനസ്സിലാക്കാനോ അതിന് പരിഹാരം കാണാനോ ശ്രമിച്ചിരുന്നില്ല.

സ്കൂളിൽ വന്നാൽ പഠിക്കാം. വിവിധ കോഴ്സുകളിൽ ചേർന്ന് പഠിക്കാൻ സംവരണമുണ്ട്. ഉദ്യോഗങ്ങൾക്കുമുണ്ട് സംവരണം. എന്നാൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു നല്ല വീടുണ്ടോ, വീട്ടിൽ വെളിച്ചമുണ്ടോ, കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ നല്ലൊരു കസേരയുണ്ടോ, വച്ചെഴുതാൻ പറ്റിയ ഒരു മേശയുണ്ടോ, വീട്ടിലെ മറ്റ് ഒച്ചയും ബഹളവും അധികം കേൾക്കാതെ ഇരുന്ന് പഠിക്കാൻ പറ്റുന്ന ഒരു പഠനമുറിയോ ഹാളോ വീട്ടിലുണ്ടൊ എന്നൊന്നും ആരും ഇതുവരെ വേണ്ടവിധം അന്വേഷിക്കുകയോ പരിഹാരം കാണാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. 

എന്നാൽ ഇപ്പോഴിതാ കേരളത്തിലെ പിണറായി സർക്കാർ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കുടുംബങ്ങളുടെ സാഹചര്യങ്ങൾ കൂടി മനസ്സിലാക്കാനും കുട്ടികളുടെ പഠനത്തിന് തടസമാകുന്ന പ്രശ്നങ്ങളും പരാധീനതകളും കണ്ടറിഞ്ഞ്  പരിഹാരം കാണാനുമുള്ള ധീരമായ നടപടികൾ  എടുത്ത് തുടങ്ങിയിരിക്കുന്നു.  പാവപ്പെട്ട ധാരാളം കുട്ടികൾ അവരുടെ വീടുകളിലെ കുടുസ്സു മുറികളിൽ ശ്വാസം മുട്ടിയാണ് കഴിയുന്നത് പ്രത്യേകിച്ചും കോളനി പ്രദേശങ്ങളിലെ ജനങ്ങൾ. 

ഈ കുട്ടികളുടെ വീടുകളിൽ കൂടി സ്വസ്ഥമായിരുന്ന്  പഠിക്കാൻ  ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാരിനും സർക്കാർ ഏജൻസികൾക്കും, പൊതു സമൂഹത്തിനും കഴിഞ്ഞാൽ അത് വലിയൊരു അനുഗ്രഹം തന്നെ ആയിരിക്കും. ഇപ്പോഴിതാ എൽ.ഡി.എഫ് സർക്കാർ അതിനൊരു മാതൃകയായിരിക്കുന്നു. കക്ഷി രാഷ്ട്രീയം മറന്ന് ഇതിൽ നാം സന്തോഷിക്കുകതന്നെ വേണം. പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്  ഇനി അവരുടെ വീടുകളിലെ  സ്വന്തം പഠന മുറികളിലിരുന്ന് സസന്തോഷം പഠിക്കാം. ഈ പദ്ധതി അതിവേഗം നടപ്പിലാകട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു.  അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും മതിയായ സൗകര്യമുള്ള വീടും പഠന മുറിയുമൊന്നുമില്ലാത്തതുമായ എല്ലാ സമുദായത്തിലും പെട്ട കുട്ടികളുടെയും  വീടുകളിലേയ്ക്കും കൂടി ഈ പദ്ധതി വ്യാപിപ്പിക്കാൻ ശ്രമിക്കണമെന്നു കൂടി അഭ്യർത്ഥിക്കുന്നു. ഇത് ഒരു നല്ല തുടക്കമാകട്ടെ!

Sunday, August 31, 2014

അദ്ധ്യാപക ദിനവും പ്രധാനമന്ത്രിയുടെ സ്കൂൾ പ്രസംഗവും

അദ്ധ്യാപക ദിനവും പ്രധാനമന്ത്രിയുടെ സ്കൂൾ പ്രസംഗവും

നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയ്ക്കും പ്രസിഡന്റിനും ആവശ്യമെന്നു തോന്നുന്ന ഏത് സന്ദർഭത്തിലും ജനങ്ങളെ അഭിസംബോധന ചെയ്യാം. കുട്ടികളെ അഭിസംബോധന ചെയ്യാം. അതിന് ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിക്കാം. സ്വകാര്യ മാധ്യമങ്ങളോട് തങ്ങളുടെ അഭിസംബോധന ജനങ്ങളിലെത്തിക്കാൻ അഭ്യർത്ഥിക്കാം. ആ നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് അദ്ധ്യാപക ദിനത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാം. പ്രധാന മന്ത്രിയുടെ പ്രസംഗം കേൾക്കണമെന്ന് അഭ്യർത്ഥിക്കാം. 

എന്നാൽ ഭരണാധികാരികളുടെ പ്രസംഗം എല്ലാവരും കേട്ടുകൊള്ളണമെന്ന് നിർബന്ധിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. പ്രസംഗം ജനങ്ങൾക്ക് മേൽ അടിച്ചേല്പിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്താൽ അത് അല്പത്തരമെന്നും ജനാധിപത്യ വിരുദ്ധമെന്നുമൊക്കെ ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല. അദ്ധ്യാപക ദിന പ്രസംഗം കുട്ടികളെ സ്കൂളുകളിലൂടെ തന്നെ കേൾപ്പിക്കണമെന്ന് എന്താണിത്ര നിർബന്ധം? അവർ വീട്ടിലിരിക്കുന്ന സമയത്ത് പ്രസംഗം കേൾപിച്ചാൽ പോരേ? താല്പര്യമുള്ളവർ കേൾക്കും. ഇല്ലാത്തവർ കേൾക്കില്ല. 

രാജ്യ സ്നേഹം പോലും ആരുടെ മേലും അടിച്ചേല്പിക്കാനാകില്ല. അത് ഒരാളുടെ ഉള്ളിൽത്തട്ടി ഉണ്ടാകേണ്ടതാണ്. അഭിനയിക്കേണ്ടതല്ല. എന്നാൽ രാജ്യത്തെ പ്രധാന മന്ത്രിയും രാഷ്ട്രപതിയുമൊക്കെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴൊക്കെ സംസ്ഥാനങ്ങളൊട് അനുവാദം ചോദിക്കണമെന്ന വാദം ശരിയല്ല. പ്രത്യേകിച്ചും കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരു പോലെ ഉത്തരവാദിത്തമുള്ള കൺ കറണ്ട് വിഷയങ്ങളിൽ. 

പ്രധാന മന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹം ബി.ജെ.പിയും ആയതുകൊണ്ട് ആരെയും അഭി അംബോധന ചെയ്യരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രിയാണ് അദ്ദേഹം. അല്ലാതെ അധികാരം ജനാധിപത്യ വിരുദ്ധ മാർഗ്ഗത്തിലൂടെ പിടിച്ചെടുത്തതല്ല. എന്നാൽ ജനങ്ങൾക്കുമേൽ നിർബന്ധമായും പാലികേണ്ട നിയമങ്ങൾ അല്ലാതെ മറ്റൊന്നും അടിച്ചേല്പിക്കരുത്.

Friday, June 20, 2014

ജനവിധി 2014

ജനവിധി 2014

ഇക്കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യയുടെ നാളിതവരെയുള്ള ചരിത്രഗതി മാറി മറിയുകയാണ്. ഇന്ത്യ ഒരു പുതിയ യുഗത്തിലേയ്ക്ക് കടക്കുകയാണ്. ജയിച്ചു കയറിയവർക്കും തോറ്റവർക്കുമടക്കം ഇക്കാലമത്രയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെട്ട എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നിരവധി പാഠങ്ങൾ ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. ഒപ്പം ജനങ്ങൾക്കും.  ആരു ജയിച്ചു എന്നതിനപ്പുറം എന്തുകൊണ്ട്, എങ്ങനെ ജയിച്ചു എന്നുള്ളത് ഏത് തെരഞ്ഞെടുപ്പിലും പ്രസക്തമാണ്. എന്നാൽ അത് ജയിക്കുന്നവരും തോൽക്കുന്നവരും കാര്യമായി ഗൌനിക്കാറില്ല. അതിന്റെ ഫലം പിന്നീട് അനുഭവിക്കുകയും ചെയ്യും.

ലിഖിതമോ അലിഖിതമോ ആയ ഒരു പ്രകടന പത്രികയുമായാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാറുള്ളത്. ഇപ്പോൾ അധികാരത്തിലേറുന്നവർക്കും പ്രകടനപത്രികയുണ്ടായിരുന്നു. അപ്പോൾ സാങ്കേതികമായി അവരുടെ പ്രകടന പത്രികയിലെ  വാഗ്ദാനങ്ങൾ എന്തൊക്കെയായിരുന്നെങ്കിലും അത് നടപ്പിലാക്കാനുള്ള അനുമതിയായി ഈ ജനവിധി വിവക്ഷിക്കപ്പെടും. അതിൽ ഏതൊക്കെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയും, ഏതിലൊക്കെ തൊടാൻ കഴിയും എന്നുള്ളതൊക്കെ വെറെ കാര്യം. എന്തായാലും ഇപ്പോൾ ജയിച്ചവർക്ക് ശക്തനായൊരു നേതാവുണ്ട്. കേഡറ്റ് സ്വഭാവത്തിലുള്ള പാർട്ടിയുടെയും  പാർട്ടിയേതര പ്രസ്ഥാനങ്ങളുടെയും ശക്തമായ പിൻ‌ബലമുണ്ട്. ശക്തമായൊരു പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് അവരുടെ  ഭരണ കാലയളവിൽ ഉണ്ടാവുകയും ചെയ്യും. ഏകകക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞുവെന്നുള്ള ധാരണകളും പൊളിച്ചെഴുതപ്പെട്ടിരിക്കുകയാണല്ലോ.

ഏതായാലും രാഷ്ട്രം ജനങ്ങൾക്കു വേണ്ടിയുള്ളതാണോ ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടിയുള്ളതാണോ എന്ന ചോദ്യം ഉത്തരം മുട്ടിക്കുന്ന ഒരു സാഹചര്യം സംജാതമാകുമോ എന്നറിയില്ല. അതൊക്കെ കാത്തിരുന്ന് കാണുക. ഭരണമാണോ ജനങ്ങളാണോ വലുതെന്ന ചോദ്യത്തിന്റെ ഉത്തരമനുസരിച്ചായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലെ ജനവിധി. ജനങ്ങളെ എക്കാലത്തും വിഢികളാക്കാൻ കഴിയില്ലെന്നും സഹികെട്ടാൽ ജനം ഏതറ്റം വരെ പോകുമെന്നുമുള്ള പാഠം കൂടി  ഈ ജനവിധി നൽകുന്നുണ്ട്.
മതേതരത്വം പാടി നടന്നാൽ മാത്രം ജനങ്ങൾക്ക് വയറു നിറയില്ല എന്ന പാഠം മതേതര ലേബലിലുള്ള പാർട്ടികൾക്കില്ലാതെ പോയതിന്റെ ദു:ഖം മതേതരലേബലിലുള്ള പാർട്ടികൾ പങ്കിട്ടെടുക്കട്ടെ. യോജിപ്പും ഭിന്നിപ്പും എല്ലാം ജനങ്ങൾക്കുവേണ്ടിയല്ലാതെ അധികാരത്തിനു വേണ്ടി മാത്രമാകുമ്പോൾ സംഭവിക്കാവുന്ന ദുരന്തങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് മുൻ‌കൂട്ടി കാണാൻ കഴിയാഞ്ഞിട്ടല്ല, നാളെ എന്തായാലും നമുക്കെന്താ നമ്മുടെ കാലം സുഭിക്ഷമാകണമെന്ന സ്വാർത്ഥ ചിന്തയുമായി ഭരിക്കുകയും രാഷ്ട്രീയം കൈകാര്യം ചെയ്യുകയും ചെയ്തവർ ഇനിയെങ്കിലും പാഠം പഠിച്ചാൽ നന്ന്.

എന്തായാലും ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ അവരുടെ പ്രകടന പത്രികയിലെ വിവാദ വാഗ്ദാനങ്ങളും രഹസ്യവും പരസ്യവുമായ അവരുടെ വിവാദവിഷയകമായ അജണ്ടകളും ലക്ഷ്യങ്ങളും സംബന്ധിച്ച മതേതരവാദികളുടെ ആശങ്കകളും ഗുജറാത്തിൽ സംഭവിച്ച ചില പേടിപ്പെടുത്തുന്ന  ഓർമ്മകളും മാറ്റി നിർത്തിയാൽ  ഒരു രാഷ്ട്രീയക്കാരൻ, അതും ശക്തനായ ഒരു നേതാവ് രാജ്യഭരണത്തിനു നേതൃത്വം നൽകുന്നു എന്നത് ഒരു പ്രത്യേകതയാണ്. രാജ്യം ഭരിക്കേണ്ടത് ബ്യൂറോക്രാറ്റുകളല്ല, രാഷ്ട്രീയക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര പ്രസ്ഥാനത്തെ ദയനീയമായി കൂപ്പുകുത്തിച്ചത് ഒരു ബ്യൂറോക്രാറ്റിനെ ഭരണ നേതൃത്വം ഏല്പിച്ചതിന്റെ ദുരന്തഫലമാണെന്ന് കോൺഗ്രസ്സ് അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും ചിന്തിക്കേണ്ട സമയം കൂടിയാണിത്. 

എന്തായാലും ജനവിധി ജനവിധിയാണ്. അതു പിന്നീട് ജനത്തിന്റെ തലവിധിയും തന്നെ. ഇനി മോഡി ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. ബി.ജെ.പി ഗവർണ്മെന്റ് ഇന്ത്യയുടെ ഗവർൺ‌മെന്റാണ്. നമ്മൾ എല്ലാം ഇന്ത്യാക്കാരാണ്. അതുകൊണ്ട് മോഡി സർക്കാർ നമ്മുടെ എല്ലാം സർക്കാർ തന്നെ. ഇനി വിമർശന ബുദ്ധ്യാ ഭരണത്തെ നോക്കികാണുക. ഗുണഫലങ്ങൾ വല്ലതുമുണ്ടെങ്കിൽ അനുഭവിക്കുക. ദോഷങ്ങളുണ്ടായാൽ ജനധിപത്യ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തിരുത്താൻ ശ്രമിക്കുക. ശക്തമായൊരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ജനങ്ങളുടെ ഉത്തരവാദിത്തം  വളരെ വലുതാണ്.


(2014 മേയ് ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയ എഡിറ്റോറിയൽ)

Friday, July 26, 2013

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

ഡിഗ്രിയ്ക്ക് ഇപ്പോൾ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം ആണല്ലോ. ഏതാനും വർഷങ്ങളായി കേരള യൂണിവേഴ്സിറ്റിയിൽ ഇത് തുടങ്ങിയിട്ട്. ഈയുള്ളവൻ അതിനെതിരാണ്. നമ്മളൊക്കെ പഠിച്ചെഴുതിയതു പോലെ കോളേജിൽ പഠിപ്പിക്കുക, യൂണിവേഴ്സിറ്റി പരീക്ഷ നടത്തുക. എഴുതുന്നതുവച്ച് മാർക്കോ ഗ്രേഡോ നൽകുക. “തിരക്കുകൾ“ മൂലം കോളേജിൽ ക്ലാസ്സിൽ കയറാതെ നടക്കുന്നവർക്കും പരീക്ഷാസമയത്ത് അന്തസ്സായി വീട്ടിലിരുന്ന് സ്വന്തമായി പഠിച്ച് പരീക്ഷയിൽ വിജയിച്ച്, ക്ലാസ്സിൽ മുടങ്ങാതെ പോയിരുന്ന പഠിപ്പിസ്റ്റുകളെ ഞെട്ടിക്കാൻ കഴിയുന്ന ആ മുൻസമ്പ്രദായം തന്നെ എന്തുകൊണ്ടും നല്ലത്. അല്ലാതെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ അല്ല.  പഴയ സമ്പ്രദായത്തിൽ പഠിച്ചു ജയിച്ചവർ തന്നെയാണ് ഇപ്പോൾ ഉന്നതങ്ങളിൽ വിരാജിക്കുന്നവർ എല്ലാം; കോളേജ് അദ്ധ്യാപകർ ഉൾപ്പെടെ! അതുപോലെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ വരുന്നതോടെ കോളേജിൽ കിട്ടാത്തവർക്ക് ഇഷ്ടവിഷയങ്ങൾ പാരലലായി പഠിക്കാനുള്ള അവസരം ക്രമേണ നഷ്ടപ്പെടുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം കേരള യൂണിവേഴ്സിറ്റിയിലെ മുൻ അദ്ധ്യാപകരുടെയും ജിവനക്കാരുടെയും വൈസ് ചാൻസലർമാരുടെയും കൂടിച്ചേരൽ ഉണ്ടായിരുന്നു. അതിൽ ഒരു മുൻ വൈസ് ചാൻസലർ തന്നെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തെ വിമർശിച്ചിരിക്കുന്നു. ക്രെഡിറ്റ് ആൻഡ് സെമസ്റ്ററിൽ അദ്ധ്യാപകരിൽ ചിലരിൽ നിന്നെങ്കിലും കുട്ടികൾ പലവിധ പീഡനങ്ങൾക്കും ഇരയാകും എന്ന കാര്യവും അവിടെ പ്രസംഗിച്ച ആ മുൻ വി.സി തന്നെ സ്ഥിരീകരിക്കുന്നു. ഇത്  ഈയുള്ളവന്റെ അഭിപ്രായത്തിനു കൂടുതൽ ദൃഢത നൽകുന്നതാണ് എന്നതിനാലണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. അദ്ധ്യാപകർക്ക് അപ്രമാദിത്വം കല്പിക്കുന്ന ഒരു പാഠ്യപദ്ധതിയും നല്ലതല്ല. അഥവാ വേണമെങ്കിൽ അല്പം  അപ്രമാദിത്വം കല്പിക്കുന്നെങ്കിൽ  അത് എൽ.പി ക്ലാസ്സിലും  യു.പി ക്ലാസ്സിലും  പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് കല്പിക്കണം! കാരണം അവർ പഠിപ്പിക്കുന്നത് ഒന്നുമറിയാത്ത കുട്ടികളെയാണ്. ഡിഗ്രി നിലവാരത്തിൽ എത്തുന്ന കുട്ടികളിൽ  നല്ലൊരു പങ്കും അവരുടെ നല്ലൊരുപങ്ക്  അദ്ധ്യാപകരെക്കാൾ നിലവാരം ഉള്ളവരായിരിക്കും എന്നു പറയുമ്പോൾ കോളേജ് അദ്ധ്യാപകർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നില്ല. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന സത്യങ്ങൾ!

നിലവിലുള്ള  ടി.ടി.സി, ബി-എഡ് എന്നീ കോഴ്സുകൾ നിർത്തലാക്കണം (അടുത്ത വർഷം മുതൽ ബി.എഡ് രണ്ട് വർഷ കോഴ്സ് ആക്കുകയാണത്രേ!). ഡിഗ്രീ വരെ പഠിച്ചവർക്ക് യു.പി വരെയും പി.ജി വരെ പഠിച്ചവർക്ക് പ്ലസ് ടൂ വരെയും ഒന്നിലധികം വിഷയങ്ങളിൽ  പി.ജിയുള്ളവർക്ക് (രണ്ട് പി.ജിയ്ക്ക് പകരം കോളേജ് തലത്തിലേയ്ക്ക് മാത്രം വേണമെങ്കിൽ മറ്റൊരു എലിജിബിലിറ്റി ടെസ്റ്റ് ആകാം)   കോളേജ് വരെയും പഠിപ്പിക്കാൻ അർഹത നൽകണം. അതിനനുസരിച്ച് ഡിഗ്രീ, പി.ജി പാഠ്യപദ്ധതി ക്രമീകരിക്കണം. ചുരുക്കത്തിൽ പിള്ളേരെ പഠിപ്പിക്കാൻ ഡിഗ്രിയും പി.ജിയുമൊക്കെ ധാരാളമാണെന്ന് സാരം. ഓരോ സമയത്തും കുട്ടികൾക്കുള്ള സിലബസ് അനുസരിച്ച് പഠിച്ചാണ് അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്. അല്ലാതെ അദ്ധ്യാപകർ അവരുടെ പഠനകാലത്ത് മനപാഠമാക്കിയ കാര്യങ്ങൾ അല്ലല്ലോ  കുട്ടികളെ പഠിപ്പിക്കേണ്ടത്. എന്തിനേറെ പറയുന്നു, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമേ പൊളിച്ചെഴുതണം.

Sunday, July 29, 2012

എസ്.എഫ്.ഐ-യിൽ പ്രായപരിധി

എസ്.എഫ്.ഐ-യിൽ പ്രവർത്തിക്കുവാൻ പ്രായപരിധി

എസ്.എഫ്.ഐ-യിൽ പ്രവർത്തിക്കുവാനുള്ള പ്രായം  ഇരുപത്തിയഞ്ചാക്കി എന്നു വാർത്ത. ഇപ്പോൾ അങ്ങനെ ഒരു നിബന്ധന കൊണ്ടുവരുവാനുള്ള സാഹചര്യം എന്താണെന്നറിയില്ല. എന്തായാലും ഉയര്‍ന്ന   പ്രായപരിധി ഒരു മുപ്പതു വയസ്സുവരെയെങ്കിലും ആക്കിയാല്‍ മതിയായിരുന്നുവെന്നു തോന്നുന്നു. എസ്.എഫ്.ഐ ഒരു വിദ്യാർത്ഥി സംഘടനയാണ്. വിദ്യാർത്ഥിയായിരിക്കുക എന്നത് ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിക്കുവാനുള്ള മാനദണ്ഡമാകുന്നത് സ്വാഭാവികമാണ്.  എന്നാൽ പഠിക്കുന്നതിന് ഇത്ര പ്രായം വരെയെന്നില്ല. ഏതു പ്രായത്തിലും ആളുകൾക്ക് പഠിക്കാം. പഠിക്കുന്നുമുണ്ട്. പെൻഷൻ പറ്റിയശേഷം പോലും ഏതെങ്കിലും കോഴ്സിനു ചേർന്നു പഠിക്കുന്നവർ ധാരാളമുണ്ട്. ചില കോഴ്സുകൾക്ക് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് പ്രായം നിജപ്പെടുത്തുന്നുണ്ട്. എന്നാൽ സ്വന്തം നിലയിൽ ഒരു കോഴ്സ് മറ്റേതെങ്കിലും മാർഗ്ഗത്തിൽ പഠിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. 

ഒരു നിശ്ചിതപ്രായത്തിനുമുമ്പ് ഇന്ന കോഴ്സ് പഠിച്ചുകൊള്ളണം എന്നൊരു നിബന്ധനവയ്ക്കാൻ കഴിയില്ല. അങ്ങനെ നിബന്ധന വയ്ക്കുന്നത്  ശരിയുമല്ല. ഒരാൾ ഏതു പ്രായത്തിൽ എന്തു പഠിക്കണം എന്നു തീരുമാനിക്കുന്നത് ഓരോരുത്തരുടെയും സാഹചര്യങ്ങൾ, കഴിവ്, സൌകര്യം എന്നിങ്ങനെ പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കും. ചിലർക്ക് ഒരു ക്ലാസ്സിലും തോൽക്കാതെ പഠിക്കാനുള്ള കഴിവ് ഉണ്ടായെന്നുവരില്ല. അവർ ആഗ്രഹിക്കുന്ന ഉയർന്ന കോഴ്സുകളിൽ എത്തിച്ചേരുവാൻ ചിലപ്പോൾ കൂടുതൽ സമയം എടുത്തെന്നിരിക്കും. പ്രായം അല്പം കടന്നുപോകുന്നതുകൊണ്ട് അവർ വിദ്യാർത്ഥികൾ അല്ലാതാകില്ല. എന്തിന്,  സദാ സമയവും രാഷ്ട്രീയ പ്രവർത്തവവുമായി നടന്ന് യഥാസമയം പരീക്ഷയെഴുതാനും വിജയിക്കുവാനും കഴിയാതെ പോകുന്നവർ  ധാരാളമുണ്ടല്ലോ. ഒരു നിശ്ചിത കോഴ്സിനു പഠിക്കുവാനുള്ള സാധാരണ പ്രായം കടന്നുപോയി എന്നു കരുതി ആ കോഴ്സിനു ചേരുന്നവരെ വിദ്യാർത്ഥികളല്ലാതായി കാണാൻ കഴിയില്ല. 

എങ്ങും തോൽക്കാതെ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് ഇരുപത് വയസാകുമ്പോൾ സാധാരണ നിലയിൽ ഒരു ബിരുദ കോഴ്സ് പൂർത്തീകരിക്കാം. ഏതാണ്ട്  ഇതേ പ്രായത്തിൽ തന്നെ ഏതെങ്കിലും പ്രൊഫഷണൽ കോഴ്സിൽ ബിരുദമോ, പോളി ടെക്നിക്ക് പോലുള്ള ഡിപ്ലോമ കോഴ്സുകളോ പൂർത്തീകരിക്കാം. വർഷത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ ചില്ലറ വ്യത്യാസങ്ങളേ വരികയുള്ളൂ. എസ്.എസ്.എൽ.സി കഴിഞ്ഞ് നേരേ പോളി ടെക്നിക്കിനു പഠിക്കുന്ന ഒരു വിദ്യാർത്ഥിയ്ക്ക് പതിനെട്ട്- പത്തൊൻപത് വയസാകുമ്പോൾ ആ കോഴ്സ് പൂർത്തീകരിച്ചു പോകാം. പ്ലസ് ടൂ കഴിഞ്ഞ് നേരേ അഞ്ചുവർഷ  എൽ.എൽ.ബിയ്ക്ക് ചേരുന്ന ഒരു വിദ്യാർത്ഥിയ്ക്ക് ഏതാണ്ട് ഇരുപത്തിമുന്നു വയസാകുമ്പോൾ ആ കോഴ്സ് പൂർത്തിയാക്കാം. പത്താം തരം കഴിഞ്ഞ് ഐ.ടി.ഐ, റ്റി.റ്റി.സി മുതലായ ചില കോഴ്സുകൾക്ക് പോകുന്നവർക്ക് രണ്ടുവർഷം കൊണ്ട്  ആ കോഴ്സ് പൂർത്തിയാക്കാം. ചില ഐ.റ്റി.ഐ ട്രെയിഡുകൾ ഒരു വർഷത്തേതു മാത്രമാണ്. 

പോളി ടെക്നിക്ക്, ഐ.റ്റി.ഐ, റ്റി.റ്റി.സി മുതലായ കോഴ്സുകൾ പൂർത്തിയാക്കുന്നവർ പിന്നീട് ഒരു പക്ഷെ  സാധാരണ ബിരുദ പഠനത്തിനോ ബി.ടെക്ക് പോലെയുള്ള മറ്റ് പ്രൊഫഷണൽ കോഴ്സുകൾക്കോ ചേർന്നെന്നിരിക്കാം. അവർക്ക് അപ്പോൾ വയസ് കുറച്ചു കടന്നിരിക്കും. ഇനിയും  മറ്റു  ചിലർ കുറേ നാൾ പഠനമൊക്കെ നിർത്തിനിന്നിട്ട് പിന്നീട് എപ്പോഴെങ്കിലും പഠിക്കണമെന്നു വിചാരിച്ച് ഏതെങ്കിലും കോഴ്സിനു ചേർന്നെന്നിരിക്കും. വിവാഹവും പേറും മറ്റും കഴിഞ്ഞ് എത്രയോ പെൺകുട്ടികൾ പിന്നീട് പഠനം തുടരാനിറങ്ങുന്നത് ഉദാഹരണമാണ്. അതുപോലെ ചിലർ വിദേശത്തോ സ്വദേശത്തോ മറ്റോ പോയി എന്തെങ്കിലും തൊഴിലിലൊക്കെ ഏർപ്പെട്ടിട്ട് പിന്നെ വീണ്ടും പഠിക്കണം എന്നുവച്ച്  ഇറങ്ങാറുണ്ട്.


എത്രയോ ഉദ്യോഗസ്ഥർ ഈവനിംഗ് ബാച്ചിൽ എൽ.എൽ.ബിയ്ക്കും  മറ്റുപല കോഴ്സുകൾക്കും ചേരുന്നു. ചിലരാകട്ടെ ജോലിയിൽ നിന്ന് പെൻഷൻ പറ്റിയ ശേഷം വീണ്ടും പഠിക്കാനിറങ്ങുന്നു. പെൻഷൻ പറ്റിയശേഷം നിയമപഠനത്തിനു ചേർന്ന് കോഴ്സ് പൂർത്തിയാക്കി കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന എത്രയോ വക്കീലന്മാർ നമ്മുടെ നാട്ടിലുണ്ട്. ഇനിയും ചിലരാകട്ടെ ജീവിത കാലം മുഴുവൻ പഠനം എന്ന പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുന്നവർ ഉണ്ട്. ഒരു കോഴ്സ് പൂർത്തിയാക്കി വീണ്ടും മറ്റേതെങ്കിലും കോഴ്സുകളിലേയ്ക്ക് അവർ പഠനപരമ്പര
തുടർന്നുകൊണ്ടേയിരിക്കും. മറ്റു ചിലരാകട്ടെ ഏതു പ്രായത്തിലും ഒരേ സമയം പല കോഴ്സുകൾ പഠിച്ചു കൊണ്ടിരിക്കുന്നവരായുണ്ട്. 

ഇവിടെ പറഞ്ഞുവന്നത് ഇതാണ്. പഠനത്തിന് ഇന്ന പ്രായം എന്നൊന്നും ഇല്ല. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏതുപ്രായത്തിലും വിദ്യാർത്ഥികൾ ആകാം. അങ്ങനെയിരിക്കെ ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടന ആ സംഘടനയിൽ പ്രവർത്തിക്കുവാനുള്ള പ്രായം സംബന്ധിച്ച് നിബന്ധന വയ്ക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല. ഒരു യുവജന സംഘടനയിൽ പ്രവർത്തിക്കുവാനുള്ള പ്രായം മുപ്പത്തെട്ടെന്നോ നാല്പതെന്നോ ഒക്കെ നിജപ്പെടുത്തിയാൽ അതിലൊരു യുക്തിയുണ്ട്. പക്ഷെ വിദ്യാർത്ഥിസംഘടനയിൽ പ്രവർത്തിക്കുവാനുള്ള  പ്രായം ഇത്രയേ ആകാവൂ എന്നു പറയുന്നതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല.

തിരുവനന്തപുരത്ത്‌ വച്ച് നടന്ന ഒരു എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിൽ ഞാൻ  പ്രതിനിധിയായിരുന്നു. അന്ന് നമ്മുടെ കൂട്ടത്തിൽ ഒരു പാതിരിയുണ്ടായിരുന്നു. ഫാദർ രാജാ മണി എന്നൊരാളായിരുന്നു അത്. തമിഴ്നാട് സ്വദേശിയായ അദ്ദേഹം അക്കാലത്ത് കാര്യവട്ടം കാമ്പസിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം  എസ്.എഫ്.ഐയുടെ തിരുവനന്തപുരം  ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു. അങ്ങനെയാണ് അദ്ദേഹവും അഖിലേന്ത്യാ സമ്മേളനത്തിൽ പ്രതിനിധിയായത്. ഇംഗ്ലീഷ് നന്നേ വശമുണ്ടായിരുന്ന ആ ഫാദർ രാജാ മണിയായിരുന്നു അന്ന് സമ്മേളനത്തിൽ ഇംഗ്ലീഷിലുള്ള പ്രസംഗങ്ങളും ചർച്ചകളും മറ്റും നമുക്കെല്ലാം മൊഴിമാറ്റി തന്നിരുന്നത്   . അതുപോലെ പ്രായമുള്ള പലരും ഇന്നും വിദ്യാർത്ഥികളായി ഉണ്ടാകും. അവരിൽ പലരും എസ്.എഫ്.ഐ-യിലും അംഗങ്ങളായുണ്ടാകും. ചിലർ സജീവ പ്രവർത്തകരുമായിരിക്കും. പലരും നല്ല പല കഴിവുകളും ഉള്ളവരുമായിരിക്കും. പ്രായത്തിന്റെ നിബന്ധന വരുമ്പോൾ അവരുടെയൊന്നും ചുമതലാപരമായ സേവനങ്ങൾ സംഘടനയ്ക്ക് പ്രയോജനപ്പെടുത്താൻ കഴിയാതെ വരും. 

യുവജന സംഘടനകൾക്ക് പ്രായനിബന്ധന വച്ചാൽ പോലും ഒരു വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിക്കുന്നതിനോ അംഗത്വമെടുക്കുന്നതിനോ ഭാരവാഹികൾ ആകുന്നതിനോ  പ്രായപരിധി നിശ്ചയിക്കുന്നത് ബുദ്ധിപരമായിരിക്കില്ല. പ്രായം കടന്ന വിദ്യാർത്ഥികളൊക്കെ പ്രായ നിബന്ധനയില്ലാത്ത വിദ്യാർത്ഥിസംഘടനയിൽ പ്രവർത്തിച്ചാൽ മതിയെന്നാണോ? എന്തായാലും ഈ അബദ്ധം എസ്.എഫ്.ഐ നേതൃത്വം തിരുത്തുമെന്ന് പ്രത്യാശിക്കുന്നു.

ഇ.എം.എസ് ഒരിക്കൽ പറഞ്ഞത്, കോളേജ്  വിദ്യാർത്ഥികൾ പ്രായപൂർത്തിയായവരും വോട്ടവകാശമുള്ളവരും എന്ന നിലയിൽ  കോളേജുകളിൽ വിദ്യാർത്ഥി സംഘടനയ്ക്ക് പകരം പാർട്ടിയുടെ തന്നെ ഘടകങ്ങൾ ഉണ്ടാക്കി പ്രവർത്തിക്കുന്നതിനെ പറ്റി ചിന്തിക്കാവുന്നതാണെന്നാണ്. ഇത് അക്കാലത്ത് കുറച്ചുനാൾ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. വിദ്യാർത്ഥികൾക്ക് സ്വതന്ത്ര വിദ്യാർത്ഥി സംഘടനകൾ അല്ല, രാഷ്ട്രീയവും, പാർട്ടിതന്നെയും ആകാമെന്നാണ് ഇ.എം.എസ് അന്ന് സൂചിപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥർക്ക് പരസ്യമായ രാഷ്ട്രീയ പ്രവർത്തനം അനുവദനീയമല്ലാത്തതിനാൽ അവർക്ക് സർവീസ് സംഘടനകൾക്കു പകരം പാർട്ടി ഘടകങ്ങൾ ഉണ്ടാക്കി പ്രവർത്തിക്കുവാൻ പ്രയാസമുണ്ട്.


എന്നാൽ വിദ്യാർത്ഥി സംഘടനകൾക്കും സ്വകാര്യ മേഖലയിലും മറ്റും ഉള്ള ടേഡ് യൂണിയനുകൾക്കും മറ്റും വേണമെങ്കിൽ  പാർട്ടി എന്ന നിലയ്ക്കുതന്നെ ഘടകങ്ങളുണ്ടാക്കി  പ്രവർത്തിക്കുവാൻ കഴിയും. യൂണിയനുകൾക്ക് പകരം തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഘടകങ്ങൾ തന്നെ ഉണ്ടാക്കി പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇ.എം.എസ് ഒരിക്കൽ ചർച്ചയ്ക്കു വച്ചിരുന്നു.  വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും തൊഴിലാളികൾക്കുമൊക്കെ കക്ഷിരാഷ്ട്രീയത്തിനതീതമായി  ഒരേയൊരു യൂണിയൻ എന്ന ആശയവും ഒരിക്കൽ ഇ.എം.എസ് ചർച്ചയ്ക്കു വച്ചിരുന്നതാണ്.  സാന്ദർഭികമായി ഇക്കാര്യങ്ങൾ കൂടി ഇവിടെ ഞാൻ  സൂചിപ്പിക്കുന്നുവെന്നേയുള്ളൂ.

പറഞ്ഞുവന്ന വിഷയത്തിൽ ഇനി മറ്റു ചിലതുകൂടി പറയാനുണ്ട് . ആരാണ് വിദ്യാർത്ഥി? അംഗീകൃത സ്കൂളുകളിലും കോളേജുകളിലും (സർക്കാരോ എയിഡഡോ അൺ എയിഡഡോ ആകട്ടെ), പ്രൊഫഷണൽ കോളേജുകളിലും ഐ.റ്റികളിലും പോളി ടേക്നിക്കുകളിലും പഠിക്കുന്നവർ മാത്രമാണോ വിദ്യാർത്ഥികൾ? എത്രയോ തരം പഠനപദ്ധതികൾ ഇവിടെയുണ്ട്. തൊഴിലധിഷ്ഠിതമായവയും. അല്ലാത്തവയും. ഇവയിൽ സർക്കാർ സ്ഥാപനങ്ങളും സർക്കാരിതര സ്ഥാപനങ്ങളും നടത്തുന്ന കോഴ്സുകൾ ഉണ്ട്. എത്രയോ പേർ അതിലൊക്കെ വിദ്യാർത്ഥികളായുണ്ട്. ഒരു മോട്ടോർവർക്ക്ഷോപ്പിൽ കരിപുരണ്ട വസ്ത്രവുമായി നിന്ന് മോട്ടോർ മെക്കാനിസം  പഠിക്കുന്നവരും,  ഏതെങ്കിലും കമ്പ്യൂട്ടർ സെന്ററിൽ പോയി കമ്പ്യൂട്ടർ പഠിക്കുന്നവരും , റബ്ബർ ടാപ്പിംഗ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ  പഠിക്കുന്നവരും,  അംഗനവാടി ടീച്ചർമാരാകാൻ പഠിക്കുന്നവരും, ഏതെങ്കിലും ഏതെങ്കിലും ടൈലറിംഗ് ഷോപ്പിലിരുന്ന് തയ്യൽ പഠിക്കുന്നവരും  ഒക്കെത്തന്നെ വിദ്യാർത്ഥികളാണ്. അവരും പഠിക്കുകയാണ്. ഓരോരോ തൊഴിലുകൾ ആണെന്നു മാത്രം. ഇവിടെയൊന്നും പ്രായപരിധിയില്ല.

ഇത്തരത്തിൽ   വിദ്യാർത്ഥികൾ എന്ന നിർവചനത്തിൽ ഇനിയും അംഗീകരിക്കപ്പെടാതെ പോകുന്ന എത്രയെങ്കിലും വിദ്യാർത്ഥികളും  അവരുടെ വ്യത്യസ്തമായ  പഠന മേഖലകളും  ഉണ്ട്. ഇതൊക്കെ വിദ്യാർത്ഥി സംഘടനകൾ ഗൌരവമായി കണക്കിലെടുക്കേണ്ടതാണ്. പാരലൽ കോളേജുകളിൽ പഠിക്കുന്നവർ പോലും പലപ്പോഴും വിദ്യാർത്ഥികളായി പരിഗണിക്കപ്പെടുകയോ അവർക്ക് റെഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ലഭിക്കുകയോ ചെയ്യുന്നില്ല. ഉദാഹരണത്തിന് സ്വകാര്യ ബസുകളിലും കെ.എസ്.ആർ.റ്റി സി ബസുകളിലും പാരലൽ കോളേജുകാർക്ക് റെഗുലർകർക്ക് ലഭിക്കുന്ന കൺസെഷൻ ഇല്ല. ഹാഫ് ടിക്കറ്റിന്റെ  ആനുകൂല്യമാണ് അവർക്കു കിട്ടുന്നത്. അതുതന്നെ പലപ്പോഴും ലഭിക്കാറില്ല. മിക്കപ്പോഴും തർക്കവും വഴക്കുമുണ്ടാക്കിയാലാണ് പാരലൽ കോളേജ് വിദ്യാർത്ഥികൾ അവർക്ക് അർഹമായ കൺസെഷൻ പോലും ലഭിക്കുന്നത്.  ഇതുതന്നെ ഒരു അനീതിയാണ്. 

പഠിക്കുന്നവരെയെല്ലാം വിദ്യാർത്ഥികളായി പരിഗണിക്കണം. ഇങ്ങനെ പല കാര്യങ്ങളിലും വിദ്യാർത്ഥി സംഘടനകൾ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വിദ്യാർത്ഥി എന്നത് അല്പം അർത്ഥവ്യാപ്തിയുള്ള പദമാണ്. അവിടെ വലിപ്പച്ചെറുപ്പമോ പ്രായഭേദമോ കല്പിക്കുന്നത് ഭൂഷണമായിരിക്കില്ല. വിദ്യാർത്ഥി സംഘടനകളിൽ പ്രവർത്തിക്കുന്നതിനോ  അംഗത്വ മെടുക്കുന്നതിനോ ചുമതലകൾ വഹിക്കുന്നതിനോ പ്രായപരിധിവയ്ക്കുന്നത്   ഉചിതമാണോ എന്നത് ഇനിയും ചർച്ച ചെയ്യപ്പെടേണ്ട ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നു.   അല്ലെങ്കിൽ തന്നെ പൊതു പ്രവർത്തനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമൊന്നും പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ  ഏർപ്പെടുത്തുന്നതിൽ  ഞാൻ യോജിക്കുന്ന ആളല്ല. ആരോഗ്യമുള്ള കാലത്തോളം അയാൾ നിരക്ഷരനും പ്രായാധിക്യവുമുള്ള ആളാണെങ്കിൽ പോലും അവർക്ക് കർമ്മരംഗത്ത് തുടരാൻ അവസരമുണ്ടാകണം. 

Monday, November 21, 2011

ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷുകാർ

ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷുകാർ വരുന്നത് നല്ലത്

നമ്മുടെ സംസ്ഥാനത്ത് സ്കൂളൂകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷുകാരെ കൊണ്ടുവരുന്നു. ആദ്യഘട്ടത്തിൽ ഏതാനും സ്കൂളുകളിൽ മാത്രമാണ് വിദേശീയരായ ഇംഗ്ലീഷുകാരെ നിയമിക്കുന്നത്. ഇത് സ്വാഗതാർഹമായ ഒരു കാര്യമാണ്. കാരണം ഇവിടെ എൽ.പി ക്ലാസ്സുമുതൽ പി.ജി ക്ലാസ്സുവരെ പഠിച്ചാലും ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയുന്നില്ല. വായിച്ചാൽ മനസിലാകും. അത്യാവശ്യം എഴുതുകയും ചെയ്യും. പക്ഷെ സംസാരിക്കാൻ കഴിയില്ല. നമ്മുടെ സ്കൂളുകളിലെയും കോളേജുകളിലെയും ഇംഗ്ലീഷ് പഠിപ്പിക്കലിന്റെ പോരായ്മയാണിത്. ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകർ പോലും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയാത്തവരാണ്. പ്രത്യേകിച്ചും ഇംഗ്ലീഷ് സംസാരിക്കുന്ന കാര്യത്തിൽ. നമ്മുടെ ഇവിടെ കാലാകാലങ്ങളായി മറിവരുന്ന പാഠ്യപദ്ധതികളൊന്നും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നവയായിട്ടില്ല. അക്ഷരത്തെറ്റില്ലാതെ എഴുതാനോ വിക്കില്ലാതെ വായിക്കാനോ അത്യാവശ്യകാര്യങ്ങൾ എഴുതാനോ കൂടി കഴിയാത്തവരാണ് അഭ്യസ്തവിദ്യരിൽ നല്ലൊരു പങ്കും. പണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളൂകളിൽ പഠിക്കുന്ന കുട്ടികൾ ഒരുവിധം ഭാംഗിയായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. ഇപ്പോൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്കും ഇംഗ്ലീഷിൽ അത്ര പ്രാവീണ്യമൊന്നും കാണുന്നില്ല.

ഒരു ഭാഷ സംസാരിക്കണമെങ്കിൽ അത് സംസാരിച്ചുതന്നെ പഠിക്കണം. ഒരു ഭാഷ സംസാരിക്കുവാൻ നിർബന്ധിതമാകുകയാണെങ്കിൽ ഒരു നിരക്ഷരൻ പോലും അത് പഠിച്ചുകൊള്ളും. ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്നവർ അറബി പഠിക്കുന്നത് അതുകൊണ്ടാണ്. മറ്റേതെങ്കിലും ഭാഷക്കാരോടൊപ്പം കുറച്ചുനാൾ ഒരുമിച്ച് സഹവസിച്ചാൽ അവരുടെ ഭാഷ സ്വാഭാവികമായി പഠിക്കുംഒരു ഭാഷയിലെയും അക്ഷരങ്ങൾ അറിയില്ലെങ്കിലും . കോവളത്തെ നിരക്ഷരരായ കപ്പലണ്ടിക്കച്ചവടക്കാർ പോലും ഇംഗ്ലീഷ് പറയുന്നത് വിദേശികളുമായുള്ള നിരന്തര സമ്പർക്കംകൊണ്ടാണ്. എഴുത്തും വായനയും അറിയില്ലെങ്കിലും ഒരു ഭാഷ സംസാരിക്കാം. എന്നാൽ സ്കൂളും കോളേജുമായി പത്തു പതിനഞ്ചു കൊല്ലത്തിലധികം ഇംഗ്ലീഷ് പഠിക്കുന്നവർക്ക് ഫ്ലുവന്റായി ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയില്ല. ഏതെങ്കിലും ഉദ്യോഗത്തിനപേക്ഷിക്കുമ്പോൾ ബയോഡേറ്റയിൽ എത്ര ഭാഷ അറിയാമെന്നതിനു മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്ന് മിക്കവരും എഴുതിവയ്ക്കുന്നതുകാണാം. എന്നാൽ ആകെ അവർക്ക് മലയാളം മാത്രമേ സംസാരിക്കാൻ കഴിയൂ. പക്ഷെ ഈ മൂന്നു ഭാഷയും എഴുതുവാനും വായിക്കുവാനും കഴിയും. ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കാൻ കഴിയില്ല. പറഞ്ഞു വന്നതിന്റെ സാരം ഇവിടെ വർഷങ്ങളോളം ഇംഗ്ലീഷ് പഠിച്ചാലും ആ ഭാഷ നന്നായി സംസാരിക്കുവാൻ ഒരു ചെറുന്യുനപക്ഷത്തിനുമാത്രമേ കഴിയുന്നുള്ളൂ. പഠിപ്പിക്കുന്നവർതന്നെ ഇംഗ്ലീഷിന്റെ കാര്യത്തിൽ അല്പജ്ഞാനികളാകുമ്പോൾ അവർ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യം പറയാനില്ലല്ല്ലോ!

ഒരു ഭാഷ പഠിക്കുകയെന്നാൽ ആദ്യംതന്നെ ആ ഭാഷ സംസാരിക്കാൻ കഴിയുക എന്നതാകണം ലക്ഷ്യം. എഴുത്തും വായനയും പിന്നെയേ വരൂ. നിർഭാഗ്യവശാൽ ഇവിടെ ഒരുവിധം എഴുതാനും വായിക്കാനും മാത്രമുള്ള പരിജ്ഞാ‍നമേ വിദ്യാലയങ്ങളിൽനിന്നും ലഭിക്കുന്നുള്ളൂ. ഇത് നമ്മുടെ പാഠ്യ പദ്ധതികളുടെ കുഴപ്പമാണ്. ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷ് ബിരുദ ധാരികൾ തന്നെ വേണമെനൊരു നിബന്ധന നമ്മുടെ സംസ്ഥാനത്ത് നേരത്തേ കൊണ്ടുവന്നിരുന്നു. എന്നാൽ എല്ലാ വിദ്യാലയങ്ങളും ഇത് പാലിക്കുന്നില്ല. അഥവാ പാലിച്ചാൽത്തന്നെ നമ്മുടേ ഇംഗ്ലീഷ് ലിറ്ററേച്ചറുകാരുടെ നിലവാരവും അത്ര മെച്ചമൊന്നുമല്ല. നല്ല മാർക്ക് വാങ്ങി വിജയിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരു വിദ്യാർത്ഥി ഐച്ഛികമായി എടുത്ത വിഷയത്തിൽ നല്ല പ്രാവീണ്യം ഉള്ളവരായി മാറുന്നില്ല; ഇംഗ്ലീഷിന്റെ കാര്യം ഉൾപ്പെടെ. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷുകാർ തന്നെ വരണം. വേണമെങ്കിൽ സ്പോക്കൺ ഇംഗ്ലീഷ് കൂടി സിലബസിൽ ഉൾപ്പെടുത്തി അതിനു മാത്രമായി വിദേശികളെ നിയമിക്കാം. എഴുത്തും, വായനയും, ഗ്രാമറുമൊക്കെ നമ്മുടെ ഇവിടത്തുകാർതന്നെ പഠിപ്പിക്കട്ടെ. സംസാര ഭാഷ യഥാർത്ഥ ഇംഗ്ലിഷ്കാരും പഠിപ്പിക്കട്ടെ. അല്ലെങ്കിൽ ഇവിടുള്ളവർ ഇംഗ്ലണ്ടിലോ മറ്റോ പോയി പരിശീലനം നേടി വരണം.

അതുപോലെ ഹിന്ദി സംസാരിക്കുവാൻ പഠിപ്പിക്കുവാനും ഹിന്ദിക്കാരെത്തന്നെ നിയമിക്കണം. മാസത്തിൽ രണ്ടോ മൂന്നോ ദിവസംവീതം ഓരോ സ്കൂളൂകളിലും അന്യഭാഷാ ആധ്യാപകരെ ഉപയോഗപ്പെടുത്താവുന്നതാണ്. നമ്മുടെ മാതൃഭാഷയായമലയാളത്തിന് ഏറ്റവും മുന്തിയ പ്രാധാന്യം നൽകിക്കൊണ്ടുതന്നെ ദേശീയ ഭാഷയെന്ന നിലയിലും ഇന്ത്യയിൽ ഒരുപാട് പ്രദേശങ്ങളിൽ സംസാരിക്കുന്ന ഭാഷ എന്ന നിലയിലും ഹിന്ദിയ്ക്കും, ലോകഭാഷയെന്ന നിലയിൽ ഇംഗ്ലീഷിനും മതിയായ പ്രാധാന്യം നൽകണം. എത്ര ഭാഷ പഠിക്കാൻ കഴിയുന്നതും നല്ലതുതന്നെ. ഏതെങ്കിലും ഒരു അന്യഭാഷ പഠിപ്പിക്കുവാൻ ആ ഭാഷ മാതൃഭാഷയായിട്ടുള്ളവരെത്തന്നെ കൊണ്ടുവരുന്നതാണ് എന്തുകൊണ്ടും നല്ലത്. അത്തരം ഒരു ശ്രമം തുടങ്ങിവച്ച വിദ്യാഭ്യാസവകുപ്പിന് നന്ദി! ഇനിയെങ്കിലും നമ്മുടെ പിള്ളേർ നല്ല ഇംഗ്ലീഷ് പറയട്ടെ!

Thursday, June 9, 2011

പൊതു വിദ്യാലയങ്ങളെ ആരു സംരക്ഷിക്കും?


മുൻകുറിപ്പ്: നമ്മുടെ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപക സമൂഹത്തിൽ നല്ലൊരു പങ്ക് അവരുടെ മക്കളെ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പൊതു വിദ്യാലയങ്ങളിൽ ചേർത്തു പഠിപ്പിക്കാതെ അൺ എയിഡഡ് - ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേർത്തു പഠിപ്പിക്കുന്നതിൽ പ്രതിഷേധിഷേധിക്കുന്ന കുറിപ്പ്.

പൊതു വിദ്യാലയങ്ങളെ ആരു സംരക്ഷിക്കും?

സംസ്ഥാനത്ത് അംഗികാരമില്ലാത്ത അഞ്ഞൂറിലധികം സ്കൂളുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. യു.ഡി.എഫിനോ അതിലെ ഘടക കക്ഷികൾക്കോ അൺ എയ്ഡഡ് മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടക്കുന്നതിനോട് തത്വത്തിൽ വിയോജിപ്പില്ല. അതവരുടെ നയത്തിന്റെ ഭാഗമാണ്. അവരുടെ നയം നടപ്പിലാക്കുവാൻ അവർക്ക് അവകാശമുണ്ട്. അതിനുള്ള ജനവിധി ഭൂരിപക്ഷം കുറവാണെങ്കിലും അവർക്ക് ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കപ്പെടുന്നതിനോട് ഇടതുപക്ഷത്തെ അപേക്ഷിച്ച് വളരെ മൃദുവായ സമീപനമാണ് വലതുപക്ഷത്തിനുള്ളത്.

എന്നാൽ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മേഖലയുടെ അന്യായമായ കടന്നു കയറ്റത്തോട് വിയോജിപ്പുള്ളവർക്ക് ഇപ്പോഴത്തെ സർക്കാർ നടപടിക്കെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. അതിനുള്ള അവകാശം അവർക്കും ഉണ്ട്. ഇടതുപക്ഷ വിദ്യാഭ്യാസ നയത്തിനു വിപരീതമായ യു.ഡി.എഫ് സർക്കാരിന്റെ നടപടികൾക്കെതിരെ ഇതിനകം ഇടതുപക്ഷാനുകൂല സംഘടനകൾ സമരമുഖത്തിറങ്ങി കഴിഞ്ഞു. ജനാധിപത്യത്തിൽ ഇത് സ്വാഭാവികമാണ്. ഭരണപക്ഷത്തിന്റെ പ്രവർത്തനങ്ങൾ ശരിയല്ലെന്നു കണ്ടാൽ അതിനെതിരെ പ്രതികരിക്കുനതും ചെറുത്തു നില്പ് സംഘടിപ്പിക്കുന്നതും മറ്റും പ്രതിപക്ഷ ധർമ്മവുമാണ്. അതെല്ലാം ആയതിന്റെ വഴിക്ക് നടക്കുകയും ചെയ്യും. പ്രതിപക്ഷ ഇടപെടൽകൊണ്ട് സർക്കാർ തീരുമാനം തിരുത്തപ്പെടുമോ എന്നത് അതിനെതിരെയുള്ള പ്രതികരണങ്ങളുടെ ശക്തിയനുസരിച്ചിരിക്കും.

ഇവിടെ ഇതുമായി ബന്ധപ്പെട്ട മറ്റു ചില വസ്തുതകൾ തുറന്നു പറയാൻ വേണ്ടി കൂടിയാണ് ഈ കുറിപ്പ് എഴുതുന്നത്. ആദ്യം തന്നെ ഈ ലേഖകന്റെ ഇതു സംബന്ധിച്ച അഭിപ്രായം പറയാം. രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ നയത്തെ ഈയുള്ളവൻ അംഗീകരിക്കുന്നില്ല. സ്വകാര്യ മേഖലയിൽ വിദ്യാലയങ്ങളേ പാടില്ല എന്നഭിപ്രായം ഇല്ല. എന്നാൽ പൊതു വിദ്യാലയങ്ങളെ തകർക്കുന്ന നിലയിൽ സ്വകാര്യ മേഖലയുടെ ഇടപെടൽ അന്യായമാണ്. പൊതു വിദ്യാലയങ്ങൾ എന്നാൽ സർക്കാർ-എയ്ഡഡ് മേഖലയെന്നാണ് വിവക്ഷിതാർത്ഥം. ഇംഗ്ലീഷ് , മീഡിയം മലയാളം മീഡിയം എന്ന തരം തിരിവാണ് ശരിക്കും രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നത്. അതിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. ഒന്നുകിൽ എല്ലാം മലയാളം മീഡിയം ആക്കുക. അല്ലെങ്കിൽ എല്ലാം ഇംഗ്ലീഷ് മീഡിയം ആക്കുക.

ലോക ഭാഷയെന്ന നിലയിൽ ഇംഗ്ലീഷിന് വേണ്ടത്ര പ്രാധാന്യം നൽകിക്കൊണ്ടുതന്നെ മലയാളം മീഡിയം മാത്രമായി നിലനിൽക്കുന്ന വിധത്തിൽ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കരണം വരുത്തുന്നതാണ് ഉത്തമം. ഇംഗ്ലീഷ് മീഡിയത്തിലേ മക്കളെ പഠിപ്പിക്കൂ എന്ന് വാശിയുള്ളവർ ഇംഗ്ലണ്ടിലോ അമേരിക്കയിലോ കാനഡയിലോ മറ്റോ അയച്ചു പഠിപ്പിക്കട്ടെ. ഇംഗ്ലീഷ് മീഡിയം സ്കൂളുകളേ നടത്തൂ എന്നുള്ളവർ ഏത് ഉഗാണ്ടയിലോ പോയി നടത്തട്ടെ. അല്ലെങ്കിൽ മറ്റെന്തെങ്കിലും ബ്യിസിനസിലേയ്ക്ക് തിരിയട്ടെ. ഇവിടെ മലയാളം സ്കൂളുകൾ മതി. എന്നാൽ ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പത്താം ക്ലാസ്സ് കഴിയുമ്പോൾ കുട്ടികൾ സംസാരിച്ചു തുടങ്ങുന്ന രീതിയിലുള്ള സിലബസ് ഉണ്ടാകുകയും ആകാം. ഇവയാണ് ഇതു സംബന്ധിച്ച ഈയുള്ളവന്റെ അഭിപ്രായങ്ങൾ.

ഞാൻ ഒരു പാരലൽ അദ്ധ്യാപകനാണ്. എന്റെ പാരലൽ കോളേജിൽ പൊതു വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളും അൺ എയ്ഡഡിൽ പഠിക്കുന്ന കുട്ടികളും ട്യൂഷനു വരുന്നുണ്ട് . ഇതിൽ ഇംഗ്ലീഷ് മീഡിയം കുട്ടികളും മലയാളം മീഡിയം കുട്ടികളും ഉണ്ട്. പക്ഷെ നാളെ വിവാഹിതനായി കുട്ടിളുണ്ടായാൽ (അങ്ങനെയൊന്നും വരാനിടയില്ല) അവരെ ഞാൻ പൊതു വിദ്യാലയത്തിലേ പഠിപ്പിക്കൂ. അതും മലയാളം മീഡിയത്തിൽ. ഇംഗ്ലീഷ് പക്ഷെ അവരെ ഞാൻ വേറെ പഠിപ്പിക്കും. ഹിന്ദിയും തമിഴും ഒക്കെ പഠിപ്പിക്കും. പക്ഷെ ഒന്നാം ഭാഷ മലയാളമായിരിക്കും. മലയാള മക്കളെയാണ് എനിക്കാവശ്യം. സ്വന്തം നിലപാട് വ്യക്തമാക്കാൻ ഇതും കൂടിയൊക്കെ പറഞ്ഞെന്നേയുള്ളൂ. പറയാനിരുന്ന മറ്റു കാര്യത്തിലേയ്ക്ക് വരാം.

അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് അനുമതി നൽകുന്നതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ പാർട്ടികളും ഇടതുപക്ഷാനുകൂല സംഘടനകളും രംഗത്ത് വന്നു കഴിഞ്ഞു. ഇടതുപക്ഷാനുകൂലവും അദ്ധ്യാപകരംഗത്തെ ഏറ്റവും വലിയ സംഘടനയുമായ കെ.എസ്.റ്റി.എ അതിശക്തമായി പ്രതികരിക്കുകയും സമര പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും രംഗത്ത് വന്നു കഴിഞ്ഞു. അതിരു വിട്ട് സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകൾക്ക് അനുമതി നൽകുന്നത് പൊതു വിദ്യാലയങ്ങളെ തകർക്കും എന്നതാണ് ഈ നടപടിയെ എതിർക്കാനുള്ള മുഖ്യ കാരണമായി പറയുന്നത്. ഇതിലാണ് ഒരു വിരോധാഭാസം നിലനിൽക്കുന്നത്. ഇടത് - വലത് ആഭിമുഖ്യമുള്ള അദ്ധ്യാപക സംഘടനകൾക്കോ അതിലെ അംഗങ്ങൾക്കോ പൊതുവിദ്യാലയത്തെ സംരക്ഷിക്കാനെന്ന പേരിൽ സമരം നടത്താൻ ധാർമ്മികമായി അവകാശമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ ആകില്ല. വ്യക്തമായ രാഷ്ട്രീയം കൂടി മാറ്റിവച്ച് ഇത് ഞാനും ചോദിക്കുകയാണ്.

നമ്മുടെ പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്കൂളുകളിൽ വന്ന് ജോലി ചെയ്ത് ശമ്പളം പറ്റി പോകുന്നതല്ലാതെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് എന്ത് പരിശ്രമമാണ് നടത്തുന്നതെന്ന് ഉള്ളിൽതട്ടി പറയാമോ? ഈ അദ്ധ്യാപകർക്ക് പൊതു വിദ്യാലയങ്ങളോട് എത്ര കണ്ട് ആത്മാർത്ഥതയുണ്ട്. ആത്മാർത്ഥത പോട്ടെ; മതിപ്പെങ്കിലും ഉണ്ടോ? ഈ അദ്ധ്യാപകരുടെ മക്കളിൽ നല്ലൊരു പങ്കും സ്വന്തം മക്കളെ അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയച്ചുകൊണ്ട് സ്വന്തം തൊഴിൽ മേഖലയെ തന്നെ പരിഹസിക്കുകയല്ലേ? പൊതു വിദ്യാലയങ്ങൾ കൊള്ളില്ലെന്ന് സ്വയം വിളിച്ചു പറയുകയല്ലേ?

മലയാള ഭാഷയോട് സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഇവർക്ക് പുച്ഛമാണ്. ഇനി അതല്ല ഇംഗ്ലീഷ് മീഡിയം തന്നെ പഠിപ്പിക്കണമെന്നുണ്ടെങ്കിൽ പൊതു വിദ്യാലയങ്ങളിൽ തന്നെ ഇപ്പോൾ സ്റ്റേറ്റ് സിലബസിൽ ഇംഗ്ലീഷ് മീഡിയം ഉണ്ടല്ലോ. അതിൽ ചേർത്താലും പോരേ? എന്തിന് അൺ എയ്ഡഡ് തെരഞ്ഞെടുക്കുന്നു? സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ സവന്തം മക്കളെ ഇംഗ്ലീഷ് മീഡിയം ആയാലും മലയാളം മീഡിയം ആയാലും പൊതു വിദ്യാലയത്തിൽ തന്നെ പഠിപ്പിക്കനമെന്ന വ്യവസ്ഥ അവരുടെ സർവീസ് ചട്ടങ്ങളുടെ തന്നെ ഭാഗമാക്കണം എന്നാണ് ഈയുള്ളവന് പറയുവാനുള്ളത്. പൊതു വിദ്യാലയത്തെക്കുറിച്ച് മതിപ്പില്ലാത്തവർ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നത് പൊതു വിദ്യാലയങ്ങളുടെ നിലനില്പിന് കടുത്ത ഭീഷണിയാണ്. സ്വന്തം മക്കളെ അയക്കാൻ കൊള്ളാത്ത സ്കൂളുകളിൽ അവർ പഠിപ്പിക്കുന്നതെന്തിന്?

അതുകൊണ്ടൊക്കെ തന്നെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർ അവരുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽ ചേർത്ത് പഠിപ്പിക്കണമെന്ന് നിയമം വരണം. നിയമമില്ലെങ്കിലും ധാർമ്മികമായി തന്നെ അവർക്ക് അതിന് ബാദ്ധ്യതയുണ്ട്. പ്ലസ്-ടൂ കഴിഞ്ഞ് എം.ബി.ബി.എസിനും എഞ്ചിനീയറിംഗിനും മറ്റും സ്വാശ്രയ മേഖലയെ അഭയം പ്രാപിക്കുന്നതു മനസിലാക്കാം. പക്ഷെ ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്-ടൂവരെ പൊതു വിദ്യാലയങ്ങളിൽ നിന്ന് സ്വന്തം മക്കളെ അകറ്റി നിർത്തുന്നത് വിവരമുള്ള അദ്ധ്യാപകർക്ക് ചേർന്നതല്ല. അല്ലെങ്കിൽ എന്തു കൊണ്ട് തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽ ചേർക്കാതെ അൺ എയിഡഡ് സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കുന്നു എന്നതിനു ഈ അദ്ധ്യാപകർ പൊതു സമൂഹത്തിനു മനസിലാകുന്ന വ്യക്തമായ വിശദീകരണം നൽകണം. അതുമല്ലെങ്കിൽ പൊതു വിദ്യാലയങ്ങൾ കൊള്ളില്ലെന്ന് ഈ അദ്ധ്യാപകർ വിളിച്ചു പറയണം.

ഈ പറഞ്ഞതുകൊണ്ട് അദ്ധ്യാപകർ മൊത്തത്തിൽ അവരുടെ മക്കളെ പൊതുവിദ്യാലയങ്ങളിൽ അയക്കുന്നില്ല എന്നർത്ഥമില്ല. ഞാൻ ഒരു സർക്കാർ സ്കൂൾ അദ്ധ്യാപകന്റെ മകനാണ്. പഠിച്ചത് അതേ സ്കൂളിൽതന്നെ. അതും മലയാളം മീഡിയം. ആ സ്കൂളിൽ പഠിച്ച അറിവുകൊണ്ടുതന്നെ മലയാളത്തിൽ ഇതുപോലെ ഇത്രയെങ്കിലുമൊക്കെ എഴുതാൻ കഴിയുന്നത്. അതിൽ അഭിമാനവും ഉണ്ട്. എളുപ്പം നോക്കി പ്രീ ഡിഗ്രിക്കും ഡിഗ്രിക്കും കൂടി മലയാളത്തിൽ പഠിച്ചെഴുതിയതാണ്. പിന്നല്ലേ!

മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ കെ.എസ്.റ്റി.എയിലെ സി.പി. എം പാർട്ടി അംഗത്വമുള്ളവരും പ്രധാന പ്രവർത്തകരുമെങ്കിലും നിഷ്കർഷ വയ്ക്കണ്ടേ? മറ്റുള്ളവരുടെ കാര്യം പോട്ടേ. കെ.എസ്.റ്റി.എയിൽ അംഗങ്ങളാകുന്നവർ എല്ലാം സി.പി.എം കാരോ ഇടതുപക്ഷക്കാരോ അല്ല; കടുത്ത കോൺഗ്രസുകാർ പോലും അതിൽ അംഗങ്ങളായിട്ടുണ്ട്. ശക്തമായ സംഘടന അതായതുകൊണ്ട് അവരും അതിൽ അംഗത്വമെടുത്ത് നിൽക്കുന്നു. എന്നാൽ കെ.എസ്.റ്റി.എ യിലെ പാർട്ടി അംഗത്വമുള്ളവരും പ്രധാന ഭാരവാഹികളുമെങ്കിലും സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിച്ചിട്ട് അൺ എയ്ഡഡ് കടന്നുകയറ്റത്തിനനുകൂല മായ സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്നതായിരിക്കും ധാർമ്മികമായ മര്യാദ എന്നാരെങ്കിലും പറഞ്ഞു പോയൽ അതിൽ കുറ്റം കാണാൻ കഴിയില്ല.

എല്ലാ കെ.എസ്.റ്റി.എ നേതാക്കളും കുട്ടികളെ അൺ എയ്ഡഡ് സ്കൂളിൽ പഠിപ്പിക്കുന്നുവെന്ന് ആരോപിക്കുന്നില്ല. നല്ലൊരു പങ്ക് പൊതു വിദ്യാലയങ്ങളിൽ തന്നെ മക്കളെ പഠിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ കെ.എസ്.റ്റി.എ സംസ്ഥാന സെക്രട്ടറി എം.ഷാജഹാൻ എന്റെ നാട്ടുകാരനും പാരലൽ കോളേജിൽ എന്നെ പണ്ട് പഠിപ്പിച്ചിട്ടുള്ള ആളുമാണ്. അദ്ദേഹത്തിന്റെ മകൾ പൊതു വിദ്യാലയത്തിൽ, അതും മലയാളം മീഡിയത്തിൽ തന്നെയാണ് പഠിച്ചത്. നല്ല മാർക്കുവാങ്ങിത്തന്നെ ജയിച്ചത്. ഇപ്പോൾ ആ കുട്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയാണ്. മെറിറ്റ് സീറ്റിൽ സർക്കാർ മെഡിക്കൽ കോളേജിൽ തന്നെ പഠിക്കുന്നുവെന്നാണ് ഞാൻ മനസിലാക്കുന്നത്. പക്ഷെ അദ്ദേഹത്തെ പോലുള്ള നേതാക്കളെ മാതൃകയാക്കാൻ അനുയായികൾ എല്ലാം തയ്യറാകുമോ എന്നതാണ് പ്രശ്നം.

പിൻകുറിപ്പ്: ഇത്രയുമൊക്കെ തുറന്നെഴുതിയെങ്കിലും പൊതു വിദ്യാലയങ്ങളെ തകർക്കുന്നതും രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്നതും വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ വികലമായ സർക്കാർ നടപടികൾക്കെതിരെ നടക്കുന്ന സമരമുഖങ്ങളിൽ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ച് ഞാനും ഉണ്ടാകും.എല്ലാ സത്യങ്ങൾക്കും നേരെ ഒരു പോലെ കണ്ണടയ്ക്കേണ്ട കാര്യമില്ലെന്ന ചിന്തയിൽ പൊതു സമൂഹത്തിന്റെ ബോധ്യത്തിനു വേണ്ടി ഇങ്ങനെ കോറിയിടുന്നു എന്നു മാത്രം. പൊതു സമൂഹത്തിൽ ആരൊക്കെ ഇത് വായിക്കാൻ പോകുന്നു എന്നത് എനിക്ക് പ്രശ്നമേ അല്ല! മറ്റേതു പോസ്റ്റും എന്നതു പോലെ ഇതും എഴുതിയതോടെ ഞാൻ സംതൃപ്തനായിക്കഴിഞ്ഞു.