Monday, November 21, 2011

ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷുകാർ

ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷുകാർ വരുന്നത് നല്ലത്

നമ്മുടെ സംസ്ഥാനത്ത് സ്കൂളൂകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷുകാരെ കൊണ്ടുവരുന്നു. ആദ്യഘട്ടത്തിൽ ഏതാനും സ്കൂളുകളിൽ മാത്രമാണ് വിദേശീയരായ ഇംഗ്ലീഷുകാരെ നിയമിക്കുന്നത്. ഇത് സ്വാഗതാർഹമായ ഒരു കാര്യമാണ്. കാരണം ഇവിടെ എൽ.പി ക്ലാസ്സുമുതൽ പി.ജി ക്ലാസ്സുവരെ പഠിച്ചാലും ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയുന്നില്ല. വായിച്ചാൽ മനസിലാകും. അത്യാവശ്യം എഴുതുകയും ചെയ്യും. പക്ഷെ സംസാരിക്കാൻ കഴിയില്ല. നമ്മുടെ സ്കൂളുകളിലെയും കോളേജുകളിലെയും ഇംഗ്ലീഷ് പഠിപ്പിക്കലിന്റെ പോരായ്മയാണിത്. ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകർ പോലും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയാത്തവരാണ്. പ്രത്യേകിച്ചും ഇംഗ്ലീഷ് സംസാരിക്കുന്ന കാര്യത്തിൽ. നമ്മുടെ ഇവിടെ കാലാകാലങ്ങളായി മറിവരുന്ന പാഠ്യപദ്ധതികളൊന്നും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നവയായിട്ടില്ല. അക്ഷരത്തെറ്റില്ലാതെ എഴുതാനോ വിക്കില്ലാതെ വായിക്കാനോ അത്യാവശ്യകാര്യങ്ങൾ എഴുതാനോ കൂടി കഴിയാത്തവരാണ് അഭ്യസ്തവിദ്യരിൽ നല്ലൊരു പങ്കും. പണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളൂകളിൽ പഠിക്കുന്ന കുട്ടികൾ ഒരുവിധം ഭാംഗിയായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. ഇപ്പോൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്കും ഇംഗ്ലീഷിൽ അത്ര പ്രാവീണ്യമൊന്നും കാണുന്നില്ല.

ഒരു ഭാഷ സംസാരിക്കണമെങ്കിൽ അത് സംസാരിച്ചുതന്നെ പഠിക്കണം. ഒരു ഭാഷ സംസാരിക്കുവാൻ നിർബന്ധിതമാകുകയാണെങ്കിൽ ഒരു നിരക്ഷരൻ പോലും അത് പഠിച്ചുകൊള്ളും. ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്നവർ അറബി പഠിക്കുന്നത് അതുകൊണ്ടാണ്. മറ്റേതെങ്കിലും ഭാഷക്കാരോടൊപ്പം കുറച്ചുനാൾ ഒരുമിച്ച് സഹവസിച്ചാൽ അവരുടെ ഭാഷ സ്വാഭാവികമായി പഠിക്കുംഒരു ഭാഷയിലെയും അക്ഷരങ്ങൾ അറിയില്ലെങ്കിലും . കോവളത്തെ നിരക്ഷരരായ കപ്പലണ്ടിക്കച്ചവടക്കാർ പോലും ഇംഗ്ലീഷ് പറയുന്നത് വിദേശികളുമായുള്ള നിരന്തര സമ്പർക്കംകൊണ്ടാണ്. എഴുത്തും വായനയും അറിയില്ലെങ്കിലും ഒരു ഭാഷ സംസാരിക്കാം. എന്നാൽ സ്കൂളും കോളേജുമായി പത്തു പതിനഞ്ചു കൊല്ലത്തിലധികം ഇംഗ്ലീഷ് പഠിക്കുന്നവർക്ക് ഫ്ലുവന്റായി ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയില്ല. ഏതെങ്കിലും ഉദ്യോഗത്തിനപേക്ഷിക്കുമ്പോൾ ബയോഡേറ്റയിൽ എത്ര ഭാഷ അറിയാമെന്നതിനു മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്ന് മിക്കവരും എഴുതിവയ്ക്കുന്നതുകാണാം. എന്നാൽ ആകെ അവർക്ക് മലയാളം മാത്രമേ സംസാരിക്കാൻ കഴിയൂ. പക്ഷെ ഈ മൂന്നു ഭാഷയും എഴുതുവാനും വായിക്കുവാനും കഴിയും. ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കാൻ കഴിയില്ല. പറഞ്ഞു വന്നതിന്റെ സാരം ഇവിടെ വർഷങ്ങളോളം ഇംഗ്ലീഷ് പഠിച്ചാലും ആ ഭാഷ നന്നായി സംസാരിക്കുവാൻ ഒരു ചെറുന്യുനപക്ഷത്തിനുമാത്രമേ കഴിയുന്നുള്ളൂ. പഠിപ്പിക്കുന്നവർതന്നെ ഇംഗ്ലീഷിന്റെ കാര്യത്തിൽ അല്പജ്ഞാനികളാകുമ്പോൾ അവർ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യം പറയാനില്ലല്ല്ലോ!

ഒരു ഭാഷ പഠിക്കുകയെന്നാൽ ആദ്യംതന്നെ ആ ഭാഷ സംസാരിക്കാൻ കഴിയുക എന്നതാകണം ലക്ഷ്യം. എഴുത്തും വായനയും പിന്നെയേ വരൂ. നിർഭാഗ്യവശാൽ ഇവിടെ ഒരുവിധം എഴുതാനും വായിക്കാനും മാത്രമുള്ള പരിജ്ഞാ‍നമേ വിദ്യാലയങ്ങളിൽനിന്നും ലഭിക്കുന്നുള്ളൂ. ഇത് നമ്മുടെ പാഠ്യ പദ്ധതികളുടെ കുഴപ്പമാണ്. ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷ് ബിരുദ ധാരികൾ തന്നെ വേണമെനൊരു നിബന്ധന നമ്മുടെ സംസ്ഥാനത്ത് നേരത്തേ കൊണ്ടുവന്നിരുന്നു. എന്നാൽ എല്ലാ വിദ്യാലയങ്ങളും ഇത് പാലിക്കുന്നില്ല. അഥവാ പാലിച്ചാൽത്തന്നെ നമ്മുടേ ഇംഗ്ലീഷ് ലിറ്ററേച്ചറുകാരുടെ നിലവാരവും അത്ര മെച്ചമൊന്നുമല്ല. നല്ല മാർക്ക് വാങ്ങി വിജയിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരു വിദ്യാർത്ഥി ഐച്ഛികമായി എടുത്ത വിഷയത്തിൽ നല്ല പ്രാവീണ്യം ഉള്ളവരായി മാറുന്നില്ല; ഇംഗ്ലീഷിന്റെ കാര്യം ഉൾപ്പെടെ. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ഇംഗ്ലീഷുകാർ തന്നെ വരണം. വേണമെങ്കിൽ സ്പോക്കൺ ഇംഗ്ലീഷ് കൂടി സിലബസിൽ ഉൾപ്പെടുത്തി അതിനു മാത്രമായി വിദേശികളെ നിയമിക്കാം. എഴുത്തും, വായനയും, ഗ്രാമറുമൊക്കെ നമ്മുടെ ഇവിടത്തുകാർതന്നെ പഠിപ്പിക്കട്ടെ. സംസാര ഭാഷ യഥാർത്ഥ ഇംഗ്ലിഷ്കാരും പഠിപ്പിക്കട്ടെ. അല്ലെങ്കിൽ ഇവിടുള്ളവർ ഇംഗ്ലണ്ടിലോ മറ്റോ പോയി പരിശീലനം നേടി വരണം.

അതുപോലെ ഹിന്ദി സംസാരിക്കുവാൻ പഠിപ്പിക്കുവാനും ഹിന്ദിക്കാരെത്തന്നെ നിയമിക്കണം. മാസത്തിൽ രണ്ടോ മൂന്നോ ദിവസംവീതം ഓരോ സ്കൂളൂകളിലും അന്യഭാഷാ ആധ്യാപകരെ ഉപയോഗപ്പെടുത്താവുന്നതാണ്. നമ്മുടെ മാതൃഭാഷയായമലയാളത്തിന് ഏറ്റവും മുന്തിയ പ്രാധാന്യം നൽകിക്കൊണ്ടുതന്നെ ദേശീയ ഭാഷയെന്ന നിലയിലും ഇന്ത്യയിൽ ഒരുപാട് പ്രദേശങ്ങളിൽ സംസാരിക്കുന്ന ഭാഷ എന്ന നിലയിലും ഹിന്ദിയ്ക്കും, ലോകഭാഷയെന്ന നിലയിൽ ഇംഗ്ലീഷിനും മതിയായ പ്രാധാന്യം നൽകണം. എത്ര ഭാഷ പഠിക്കാൻ കഴിയുന്നതും നല്ലതുതന്നെ. ഏതെങ്കിലും ഒരു അന്യഭാഷ പഠിപ്പിക്കുവാൻ ആ ഭാഷ മാതൃഭാഷയായിട്ടുള്ളവരെത്തന്നെ കൊണ്ടുവരുന്നതാണ് എന്തുകൊണ്ടും നല്ലത്. അത്തരം ഒരു ശ്രമം തുടങ്ങിവച്ച വിദ്യാഭ്യാസവകുപ്പിന് നന്ദി! ഇനിയെങ്കിലും നമ്മുടെ പിള്ളേർ നല്ല ഇംഗ്ലീഷ് പറയട്ടെ!

12 comments:

ശിഖണ്ഡി said...

നമ്മുടെ പിള്ളേർ നല്ല ഇംഗ്ലീഷ് പഠിക്കട്ടെ.... ഗുണം ചെയ്യും തീര്‍ച്ച

faisu madeena said...

ശരിയാണ് സജിം തട്ടത്തുമല ..നമ്മുടെ വിദ്യാഭ്യാസത്തിനു ഒരു പാട് കുറവുകള്‍ ഉണ്ട്..അതില്‍ പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇത് ...ഒരു അന്യ രാജ്യത്തോ മറ്റോ വന്നു പെടുമ്പോഴേ അതിന്‍റെ ഗൌരവം മനസ്സിലാവൂ..നമുക്ക് ഇന്ഗ്ലീഷ് അറിയാം ,ഹിന്ദി അറിയാം.എഴുതാനും വായിക്കാനും മാത്രം ...പക്ഷെ സംസാരിക്കാന്‍ അറിയില്ലെങ്കില്‍ ഒരു കാര്യവുമില്ല...ഇതൊരു നല്ല കാര്യം തന്നെയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത്...ഇതെങ്കിലും അവര്‍ നടത്തും എന്ന് പ്രതീക്ഷിക്കാം ...


കുറെ മുമ്പ്‌ വായിച്ച ഒരു കാര്യം ഓര്മ വന്നത് പറയാം ..ഒരു ഇന്ത്യന്‍ പ്രൊഫസര്‍ അമേരിക്കയില്‍ പോയി എന്നും അവിടെ എബ്രഹാം ലിങ്കണോ ബര്‍നാഡ് ഷാ അങ്ങിനെ ഏതോ ഒരു പ്രമുഖന്റെ പ്രഭാഷണം കേള്‍ക്കുകയും പ്രഭാഷണം കഴിഞ്ഞ ശേഷം പ്രൊഫസര്‍ അദേഹത്തിന്റെ അടുത്ത് പോയി പറഞ്ഞുവത്രെ ..നിങ്ങള്‍ ഇന്ന് സംസാരിച്ചതില്‍ ഒരു പാട് ഗ്രാമര്‍ തെറ്റുകളും മറ്റും ഉണ്ട് എന്ന് ...ഉടന്‍ മൂപ്പര് പറഞ്ഞുവത്രെ ..ഇംഗ്ലീഷ് എന്ന് പറഞ്ഞാല്‍ ഇംഗ്ലീഷുകാരന്‍ എന്താണോ സംസാരിക്കുന്നത് അതാണ്‌ ..!

Anonymous said...

പ്രിത്വിരാജിന്റെ ഭാര്യ പറഞ്ഞു "എന്റെ ഹസ്ബണ്ടിനു നന്നായി ഇംഗ്ലീഷ് പറയാന്‍ അറിയാം" അതോടെ തീര്‍ന്നു പ്രിത്വിയുടെ കച്ചവടം

എത്ര മിമിക്രി സിനിമാലകള്‍ ഈ ടോപ്പിക്കില്‍ നമ്മള്‍ കണ്ടു

സുരേഷ് ഗോപി എം എ ഇംഗ്ലീഷ് ആണ് അതെ സമയം മമ്മൂട്ടിയെപോലെ പറയാന്‍ അറിയില്ല എന്നാല്‍ നാലാം ക്ലാസ് മാത്രം പഠിച്ച കമല ഹാസന്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു

കുറച്ച എഫര്‍ട്ട് എടുത്താല്‍ നമുക്കെല്ലാം നന്നായി സംസാരിക്കാന്‍ പറ്റും , നിര്‍ബന്ധമായി ഇംഗ്ലീഷ് ക്ലാസില്‍ നമ്മള്‍ ഇംഗ്ലീഷെ സംസാരിക്കൂ എന്ന് ന്യൂസ്ടരിലെ ഒരു ഡിവിഷനില്‍ കുട്ടികളെ കൊണ്ട് തീരുമാനിപ്പിക്കൂ.

സജീമിന് തന്നെ ഇവരുടെ കൂടെ ഇരുന്നാല്‍ നന്നായി ഇംഗ്ലീഷ് പറയാന്‍ പറ്റും സംശയം വേണ്ട

RK said...

നല്ല കാര്യം ഇന്ത്യയും,പ്രത്യേകിച്ച് കേരളത്തെയും ഇഷ്ടപ്പെടുന്ന ധാരാളം വിദേശികളുണ്ട് .പലരും ഇടയ്ക്ക് കേരളത്തില്‍ വന്നു പോകുന്നവരും ആണ് .അവരെ ഉപയോഗിച്ച് നമുക്ക് ഇംഗ്ലീഷ് പഠിക്കാം. ഒരു സേവനമായി തന്നെ ചെയ്യാന്‍ തയ്യാരുള്ളവരും ഉണ്ട് എന്ന് പറഞ്ഞു കേട്ടു.നമ്മുടെ പഴയ തലമുറയ്ക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് ഭാഷ പഠിക്കാന്‍ ഭാഗ്യം ഉണ്ടായി.ഞാന്‍ പഴയ പത്താം ക്ലാസുകാരനാണെന്ന് പറയുന്നവരെ കണ്ടിട്ടില്ലേ.അവര്‍ക്ക് വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് കേട്ടിട്ടുണ്ട് .ഇനിയുള്ള കുട്ടികള്‍ക്കെങ്കിലും അങ്ങനെ ഒരു സൌകര്യം ഉണ്ടാകട്ടെ.

ഇ.എ.സജിം തട്ടത്തുമല said...

ശരിതന്നെ ആർ.കെ

പഴയ പത്താം ക്ലാസ്സുകാരിൽ നല്ലൊരുപങ്കും പിൽക്കാല ഗ്രാജുവേറ്റ്സിനേക്കാളും നന്നായി ഇംഗ്ലീഷ് പറയാൻ അറിയാമായിരുന്നു.

സുശീൽ, ന്യൂസ്റ്റാറിൽ അതിനുള്ള ശ്രമമൊക്കെ നടത്തി. പക്ഷെ സ്കൂളിൽ രീതി വേറെയാണ്. ഉപയോഗമില്ലാത്ത കുറെകാര്യങ്ങൾ എഴുതിച്ചും പറഞ്ഞും സമയം കളയുകായാ‍ണവർ. അവിടെ മാർക്കും ഗ്രേഡും മാത്രമണല്ലോ ലക്ഷ്യം. അതിനൊപ്പം നമ്മളങ്ങ് സഹകരിക്കുകയേ നിവൃത്തിയുള്ളൂ.

ശിഖണ്ഡി,
നന്നായി തുടർന്നാൽ ഗുണം ചെയ്യും.

ഫൈസു,
“ഒരു അന്യ രാജ്യത്തോ മറ്റോ വന്നു പെടുമ്പോഴേ അതിന്‍റെ ഗൌരവം മനസ്സിലാവൂ..നമുക്ക് ഇന്ഗ്ലീഷ് അറിയാം ,ഹിന്ദി അറിയാം.എഴുതാനും വായിക്കാനും മാത്രം ...പക്ഷെ സംസാരിക്കാന്‍ അറിയില്ലെങ്കില്‍ ഒരു കാര്യവുമില്ല...“

ശരിയാണ്.

എന്റെയൊപ്പം പഠിച്ചവരിൽ പാതിവഴിയ്ക്ക് പഠനം നിർത്തി ഗൾഫിൽ പോയവരെല്ലാം എന്നേക്കാൾ ഗൾഫിലൊക്കെ പോയി നല്ല ഇംഗ്ലീഷുകാരായി. അവരുടെ മുന്നിൽ ഇംഗ്ലീഷ് പറയാൻ ഞാൻ നിൽക്കില്ല. ഞാൻ പറയുന്ന ഇംഗ്ലീഷൊന്നും ഇംഗ്ലീഷല്ലെന്ന് അവർക്കറിയാമെന്ന് എനിക്കറിയാമോ എന്ന സംശയംതനെ കാരണം. അതുകൊണ്ടൊരു ഗുണമുണ്ടായി. നമുക്കും അതൊന്നു പഠിച്ചെടുക്കണമെന്നു തോന്നലുണ്ടായി.

ഈയിടെ ദുബായിൽ ഉള്ള ഒരു ശിഷ്യൻ ചാറ്റിൽ തമാശയ്ക്കു പറയുകയാണ്, നിങ്ങൾ സ്കൂളിലെയും ട്യൂട്ടോറിയിലെയും സാറന്മാർ ഇംഗ്ലീഷ് പഠിപ്പിച്ച് നമ്മളെ ഒരു വഴികാക്കി. ഇവിടെ വന്ന് ഇംഗ്ലീഷുകാരുമായി സമ്പർക്കപ്പെട്ടപ്പോഴാണ് നിങ്ങൾ ഇംഗ്ലീഷ് എന്ന പേരിൽ പഠിപ്പിച്ചതൊക്കെ നിങ്ങൾ ഓരൊരുത്തർ കണ്ടുപിടിച്ച മറ്റേതോ ഭാഷയാണെന്ന്!

ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി!

ഇ.എ.സജിം തട്ടത്തുമല said...

ഈയിടെ ദുബായിൽ ഉള്ള ഒരു ശിഷ്യൻ ചാറ്റിൽ തമാശയ്ക്കു പറയുകയാണ്, നിങ്ങൾ സ്കൂളിലെയും ട്യൂട്ടോറിയിലെയും സാറന്മാർ ഇംഗ്ലീഷ് പഠിപ്പിച്ച് നമ്മളെ ഒരു വഴികാക്കി. ഇവിടെ വന്ന് ഇംഗ്ലീഷുകാരുമായി സമ്പർക്കപ്പെട്ടപ്പോഴാണ് നിങ്ങൾ ഇംഗ്ലീഷ് എന്ന പേരിൽ പഠിപ്പിച്ചതൊക്കെ നിങ്ങൾ ഓരൊരുത്തർ കണ്ടുപിടിച്ച മറ്റേതോ ഭാഷയാണെന്ന്!

ജയിംസ് സണ്ണി പാറ്റൂർ said...

പലരും നെറ്റിച്ചുളിക്കും. സജിം. മലയാളത്തിന്റെ
കാര്യവും ഇതു തന്നെ.ഒരു പുസ്തക പ്രകാശന
ചടങ്ങില്‍ ഒരു പ്രമുഖന്റെ പ്രസംഗത്തില്‍ ഈ
പൊസ്തകം എന്നു കേട്ടു ലജ്ജിച്ചു പോയി .
ഭാഷാ പഠനത്തിനു മനസ്സു വെയ്ക്കാത്തതാണു
പ്രശ്നം. പിന്നെ ബ്രിട്ടീഷുകോളണികളല്ലാതായിരു
ന്ന പ്രദേശങ്ങളില്‍ ഇംഗ്ലീഷു സഹായകരമല്ല.
സ്ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഇതില്‍പ്പെടും .
അവിടെ സ്പാനിഷു സഹായകരമാണു്. ഇറ്റലി
യില്‍ ഇറ്റാലിയന്‍ തന്നെ വേണം .

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ നേരെ തിരിച്ചാണ് കേട്ടൊ
സായിപ്പിനെ നല്ല ഇംഗ്ലീഷ് അഭ്യസിപ്പിക്ക്കുന്നതൊക്കെ അന്യഭാഷക്കാരായ നമ്മളെപ്പോലെയുള്ള വിദേശികളാണ്..!

Anonymous said...

hs elenthikara north parvur eranakulam schoolile padanothsavathinte bhaagaaayi 2 american citizens varunnundu 25/04/2013 10 am

kk said...
This comment has been removed by the author.
kk said...

hs elenthikara north parvur eranakulam schoolile padanothsavathinte bhaagaaayi 2 american citizens varunnundu 25/04/2013 10 am 9400291082

Jomy said...

പൊതു വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ മാതൃഭാഷമാധ്യമത്തില്‍ ആക്കുക
ഇംഗ്ലീഷ് മീഡിയം നിരോധിക്കുക.
ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം ആവശ്യമില്ല .
എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.
.ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്ക്ക് പ്രാധാന്യം നല്‍കി മലയാളം മീഡിയം മാത്രമായി നിലനില്‍ക്കുന്ന വിധത്തില്‍ വിദ്യാഭ്യാസം നല്ക്കുക .
ഇംഗ്ലീഷ് മീഡിയം- മലയാളം മീഡിയം എന്ന തരം തിരിവാണ് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നത്.
എല്ലാം മലയാളം മീഡിയം ആക്കുക.
ഇംഗ്ലീഷ് മീഡിയം ഇല്ലാതാക്കുക.
എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.
ഇംഗ്ലീഷ് ഭാഷാപഠനവും ഇംഗീഷ് മാധ്യമ വിദ്യാഭ്യാസവും രണ്ടും രണ്ടാണ്.
മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ.
malayalatthanima.blogspot.in