Tuesday, June 30, 2015

അരുവിക്കരപ്പാഠങ്ങൾ


അരുവിക്കരപ്പാഠങ്ങൾ


(വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും ഇത് ഒരു രാഷ്ട്രീയ വിദ്യാർത്ഥിയുടെ കുറിപ്പായി മാത്രം കാണുക)


വിജയത്തെ വിജയമായും പരാജയത്തെ പരാജയമായും തന്നെ കാണണം. സത്യ സന്ധമായി വിലയിരുത്തിയാൽ ഇപ്പോൾ അരുവിക്കരയിൽ യു.ഡി.എഫ് മാത്രമല്ല ബി.ജെ.പിയും  വിജയിച്ചിരിക്കുകയാണ്. തോറ്റത് എൽ.ഡി.എഫ് മാത്രം.  സാങ്കേതമായി ശബരീനാഥ് ജയിച്ച് എം.എൽ.എ ആയി.   എന്നാൽ യു.ഡി.എഫ് ജയിച്ചതോ എൽ.ഡി.എഫ് തോറ്റതോ  അല്ല അരുവിക്കരയുടെ ഇപ്പോഴത്തെ രാഷ്ട്രീയ   പ്രാധാന്യം.   ബി.ജെ.പി മുപ്പതിനായിരത്തിനു മുകളിൽ വോട്ട് പിടിച്ചതാണ്. അത് ഒ. രാജ ഗോപാലിന്റെ വ്യക്തിപ്രഭാവം എന്ന നിലയ്ക്ക് മാത്രം ചുരുക്കി കാണേണ്ട കാര്യമല്ല. സ്ഥാനാർത്ഥി രാജഗോപാലായാലും താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ മടിയ്ക്കാതിരുന്ന മുപ്പതിനായിരത്തിനു മുകളിൽ ആളുകൾ ആ മണ്ഡലത്തിൽ ഉണ്ടെങ്കിൽ എല്ലാ മണ്ഡലങ്ങളി‌ലും ഈ ഒരു മാറ്റം ഇതിനകം സംഭവിച്ചിട്ടുണ്ടാകണം എന്ന് കരുതേണ്ടിയിരിക്കുന്നു.  

വർഗ്ഗീയത അഴിമതി തുടങ്ങിയ അരുതായ്മകളെ പോസിറ്റീവായി കണുന്ന ഒരു മാനസികാവസ്ഥയ്ലേയ്ക്ക് ജനങ്ങൾ മാറിയിരിക്കുന്നു എന്ന് വേണം കരുതാൻ.  അങ്ങനെ ഒരു മാനസികാവസ്ഥ ജനങ്ങളിൽ ഉണ്ടാകാൻ കാരണമെന്ത് എന്നത് ഇടതുപക്ഷം യുക്തിസഹമായി പരിശോധിക്കേണ്ടതാണ്.  ഭരണസ്വാധീനം കൊണ്ടും  പണം കൊടുത്തും വോട്ട് വാങ്ങി യു.ഡി.എഫ്  ജയിച്ചു എന്നൊന്നും പറഞ്ഞ് ഈ യു.ഡി.എഫ് വിജയത്തെ ചുരുക്കി കാണുന്നതിൽ അർത്ഥമില്ല. ബി.ജെ.പിയുടെ മെസേജ് അയച്ച് അംഗത്വം ചേർക്കൽ പരിപാടി  യുവതലമുറയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഒരു കേഡർ സ്വഭാവമുള്ള പാർട്ടിയായിട്ടു പോലും ബി.ജെ.പി സ്വീകരിച്ച ആ അംഗത്വ വിതരണ  തന്ത്രം  അവർ പ്രതീക്ഷിച്ചതിനേക്കാൾ നേട്ടമുട്ടാക്കി എന്നതു കൂടി തെളിയിക്കുന്നതാണ്  ഈ തെരഞ്ഞെടുപ്പ് ഫലം.

മറ്റൊന്ന് പുറത്തു നിന്ന് ആളെ ഇറക്കി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയതുകൊണ്ടൊന്നും ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകര, അരുവിക്കര എന്നീ ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ  തെളിയിക്കുന്നു. എന്നാൽ റോഡ് ഷോകൾ തുടങ്ങിയ പരിപാടികൾക്ക് തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. കാരണം എൽ.ഡി.എഫ് ചിട്ടയായി സ്ക്വാഡ് പ്രവർത്തനങ്ങളും മറ്റും നടത്തുമ്പോൾ യു.ഡി.എഫ് റോഡ് ഷോ പോലുള്ള പുറം മോടികൾക്കാണ്  ഈ തെരഞ്ഞെടുപ്പിൽ പ്രാധാന്യം നൽകിയത്. പിന്നെ ചില അണ്ടർ ഗ്രൗണ്ട് വർക്കുകളും.

നാട്ടിൽ നടക്കുന്ന അഴിമതിയും കൊള്ളരുതായ്മകളും മറ്റുമൊന്നും അറിയാത്ത നല്ലൊരു പങ്ക് വോട്ടർമാർ എല്ലാ  മണ്ഡലങ്ങളിലും ഉണ്ടാകുമെന്നും ഒരു സ്ഥാനാർത്ഥിയുടെ വിജയ പരാജയങ്ങളെ ഏറ്റവും സ്വാധീനിക്കുന്നവരാണവരെന്നും ഓർമ്മ വയ്ക്കേണ്ടതുണ്ട്. ദൃശ്യമാധ്യമങ്ങളോ സോഷ്യൽ മീഡിയകളോ ഒന്നും  അവരെ സ്വാധീനിക്കുന്നില്ല. അതേ പറ്റിയൊന്നും അവർക്ക് വലിയ വിവരവുമില്ല. എൽ.ഡി.എഫു ബി.ജെ.പിയും നേടിയ വോട്ടുകൾ തമ്മിൽ മുമ്പത്തെ പോലെ അന്തരമില്ല എന്ന യാഥാർത്ഥ്യം എൽ.ഡി.എഫും യു.ഡി.എഫും പാഠമാക്കേണ്ടതാണ്. വർഗ്ഗീയത ഒരു അല‌ങ്കാരമായി കാണുന്ന ഒരു സമൂഹം ഇവിടെ രൂപപ്പെട്ടു വരികയാണെന്ന യാഥാർത്ഥ്യം മതേതര കക്ഷികൾ ഗൗരവത്തിൽ എടുക്കുന്നത് നന്ന്. മുമ്പൊക്കെ ബി.ജെ.പി കൂടുതൽ വോട്ട് പിടിച്ചാ‌ൽ ഇടതുപക്ഷത്തിനായിരുന്നു നേട്ടം. യു.ഡി.എഫിനു നഷ്ടവും. എന്നാൽ ഇപ്പോൾ സംഗതികൾ തിരിച്ചായി! ശബരീ നാഥിന്റെ വിജയത്തിനു പിന്നിൽ ജി.കർത്തികേയന്റെ വ്യക്തി പ്രഭാവത്തിന്റെ  ഇഫക്ടുകൾ ഉണ്ടാകാം. എങ്കിലും പല  ഘടകങ്ങൾ ചേർന്നാണല്ലോ ഒരു തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകുന്നത്. തോൽവിയായാലും അങ്ങനെ തന്നെ.   

പക്ഷെ ഇപ്പോൾ യു.ഡി.എഫിനുണ്ടായ വിജയം ജനാധിപത്യത്തിന്റെ ശക്തിയെ അല്ല ദൗർബല്യത്തെയാണ് കാണിക്കുന്നത് എന്ന് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ചിലർക്കെങ്കിലും തോന്നുന്നത് സ്വാഭവികം. എന്തായാലും  ഇടതുപക്ഷം ഈ ഉപതെരഞ്ഞെടുപ്പിലുണ്ടായ തിക്താനുഭവം അതീവ ഗൗവത്തിലെടുത്ത്  വിലയിരുത്തണം. എന്നാൽ കേവലം വിലയിരുത്തലുകൾക്കപ്പുറം ചില ആത്മ പരിശോധനകൾ അതിനേക്കാൾ ഗൗരവത്തിൽ നടത്തുന്നത് ഗുണകരമായിരിക്കും. സമൂഹത്തിന് എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. അക്രമത്തിന്റെയും വർഗീയതയുടെയും അടിത്തറയിലുള്ള പ്രസ്ഥാനങ്ങൾക്ക് ജന പിന്തുണ വർദ്ധിച്ചു വരുമ്പോഴും പുരോഗമന- ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആവർത്തിച്ച് തിരിച്ചടികൾ ഉണ്ടാകാൻ കാരണമെന്തെന്ന് ചർച്ചചെയ്യണം. അത് അടച്ചിട്ട മുറികളിലിരുന്ന് നേതാക്കൾ മാത്രം രഹസ്യമായി നടത്തിയിട്ട് മാത്രം കാര്യമില്ല. ജനസമക്ഷം തുറന്ന ചർച്ചകൾ വേണം.