Showing posts with label അക്രമം. Show all posts
Showing posts with label അക്രമം. Show all posts

Thursday, December 27, 2012

ഡൽഹിയിൽ വീണ്ടും കൂട്ടബലാൽസംഗം

ഡൽഹിയിൽ വീണ്ടും കൂട്ടബലാൽസംഗം

ഡൾഹിയിൽ  ബസിനുള്ളിൽവച്ച് ഒരു വിദ്യാർത്ഥിനി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെ അതിശക്തമായ പ്രതിഷേധങ്ങൾ അലയടിച്ചുകൊണ്ടിരിക്കവേ വീണ്ടും ഡൽഹിയിൽനിന്നുതന്നെ  ഒരു ബലാത്സംഗ കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.  ജയ്പൂര്‍ സ്വദേശിനിയായ 42 കാരിയെ ബുധനാഴ്ച രാത്രി ഒരുസംഘം ആളുകള്‍ തെക്കന്‍ ഡല്‍ഹിയില്‍ കൂട്ടബലാൽസംഗത്തിനിരയാക്കിയതായാണ് പരാതി. യുവതിയുടെ  സുഹൃത്തും  മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ബാലല്‍സംഗം ചെയ്തതെന്നാണ് വിവരം. സംഭവശേഷം യുവതിയെ കല്‍ക്കാജിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പെൺകൂട്ടുകാർ ആൺകൂട്ടുകാരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണം എന്നൊരു ഗുണപാഠംകൂടി പുതിയ കേസിലുണ്ട്. ഇത് കുറ്റം പെൺകുട്ടിയിൽ ചാർത്താൻ വേണ്ടി പറയുന്നതല്ല.

ഇവിടുത്തെ നല്ലൊരു പങ്ക് പുരുഷൻമാരും പ്രായഭേദമന്യേ കുഴപ്പാക്കാരാണ്. പുറമേ കാണുന്നതുപോലെയൊന്നുമല്ല. എല്ലാറ്റിനും കാമപ്പിരാന്താണ്. ലൈംഗികതയുടെ അതിപ്രേരണയില്ലാത്ത സൗഹൃദത്തിന്റെ ഒരു മനോഭാവത്തിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കാൻ ഇനിയും ഒരുപാട് കാലമെടുക്കും.പ്രത്യേകിച്ചും പുരുഷൻമാർ. കപടസദാചാരംകൊണ്ട് മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന കാമവെറി ഇത്തരം ലൈംഗികാതിക്രമങ്ങളിലൂടെ പ്രകടമാക്കപ്പെടുമ്പോൾ അത്  നമ്മുടെ  സാംസ്കാരികമായ പിന്നോക്കാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്.

പുറത്ത് അറിയുന്നവയേക്കാൾ ഭയാനകമായ എത്രയോ സംഭവങ്ങൾ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുപോലെ  നടക്കുന്നുണ്ടാകും. ആയിരം കേസുകൾ ഇതുപോലെ നടക്കുമ്പോഴാകും ചിലത് മാത്രം പുറം ലോകം അറിയുന്നത്. സാക്ഷരീകരിക്കപ്പെട്ടുവെന്ന് നാം അഭിമാനിക്കുന്ന കേരളത്തിൽ പോലും പലതരം ലൈംഗിക കുറ്റകൃത്യങ്ങൾ അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ സ്ഥിതി പ്രത്യേകിച്ച് പറയേണ്ടതില്ല. ആണിനും പെണ്ണിനും ഇവിടെ അരക്ഷിതാവസ്ഥയുണ്ട്. നമ്മുടെ ഭരണകൂട വ്യവസ്ഥയുടെയും  നിയമ-നീതി സംവിധാനങ്ങളുടെയും ദൗർബ്ബല്യം തന്നെയാണ് ഈ അരക്ഷിതാവസ്ഥയുടെ പ്രധാന കാരണം.

മുതലാളിത്തത്തിന്റെ സമ്മർദ്ദംമൂലം അനുദിനം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം  ഗുണ്ടകളും മാഫിയകളും മതഭ്രാന്തൻമാരും അരങ്ങുവാഴുന്ന ഒരു പൊതുസ്ഥിതിയിലേയ്ക്ക് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത് അരാജകത്വത്തിലേയ്ക്കാണ് നമ്മുടെ രാജ്യത്തെ നയിക്കാൻ പോകുന്നത്. കൈയ്യൂക്കും ധനശേഷിയുമുള്ളവൻ കാര്യക്കാരനാകുന്ന പഴയകാലം പുതിയരൂപത്തിൽ ഇവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥയിൽ കൊലപാതകവും  ബലാത്സംഗവും മോഷണവും പിടിച്ചുപറിയും മറ്റ് കുറ്റകൃത്യങ്ങളും പെരുകി വരുന്നതിൽ അദ്ഭുതമൊന്നുമില്ല. അവരവരുടെ സ്വയരക്ഷ അവരവരുടെ ജാഗ്രതപോലിരിക്കും എന്നതാണ് സ്ഥിതി. ഒന്നുകിൽ  നാം ഭയന്ന് ജീവിക്കുക.അല്ലെങ്കിൽ ഈ അരക്ഷിതാവസ്ഥയെ അതിജീവിക്കുന്നതിന് സാമൂഹ്യമായ കരുത്ത് നേടാൻ സംഘടിക്കുക. 

Friday, August 31, 2012

ആർ.എസ്.എസ് അക്രമം ഗാനമേള ട്രൂപ്പിനുനേരെ

ഗാനമേള ട്രൂപ്പിനുനേരെ ആർ.എസ്.എസ് അക്രമം

ഹരിപ്പാട്ട് ഗാനമേള ട്രൂപ്പിനു നേരെ ആർ.എസ്.എസ് അക്രമം. ആർ.എസ്.എസിന്റെ ശാഖാ ഗാനം ആലപിക്കാത്തതിനാലാണത്രേ അക്രമം. പരിക്കേറ്റ ട്രൂപ്പംഗങ്ങൾ ആശുപത്രിയിൽ. ഗാനമേള സംഘത്തിന് ലക്ഷങ്ങളുടെ നഷ്ടം. എസ്.എൻ.ഡി.പി സംഘടിപ്പിച്ച ഒരു പരിപടിയിലാണ് ഈ  അക്രമം നടന്നിരിക്കുന്നത്. അവിടെയുള്ള ഒരു  ഗുരു മന്ദിരവും അക്രമികൾ  അടിച്ചു തകർത്തുവത്രേ! ഒരു ഹിന്ദു സംഘടന നടത്തിയ പരിപാടിയ്ക്കു  നേരേ തന്നെയാണ് ഹിന്ദുത്വത്തിന്റെ വക്താക്കളായ  ആർ.എസ്.എസിന്റെ  അക്രമം.

വിപ്ലവ ഗാനം ആലപിക്കാത്തതിന്റെ പേരിൽ സി.പി.ഐ.എമ്മുകാർ ഏതെങ്കിലും ഗാനമേള ട്രൂപ്പിനു നേരേ ആക്രമണം നടത്തിയതായി കേട്ടിട്ടില്ല. മാർക്സ്സ്റ്റ് അക്രമത്തിനെതിരെ സദാ വാ പൊളക്കുന്നവർ ഹരിപ്പാട്ടെ ഈ അക്രമത്തിനെതിരെ പ്രതികരിക്കുമോ? ആർ.എസ്.എസ് നേതാക്കളുടെ അറിവോടെയാണ് ഈ അക്രമമെന്ന് കരുതുന്നില്ല. മദ്യപാനികളോ മറ്റോ ആയിരുന്നിരിക്കണം. എനിക്കറിയാവുന്ന തരത്തിൽപെട്ട ആർ.എസ്.എസ് നേതാക്കളാരും ഇത്തരം ഒരു അക്രമത്തിന് സംഘം പ്രവർത്തകരെ പറഞ്ഞുവിടില്ല എന്നാണ് വിശ്വാസം. ഹരിപ്പാട്ടെ ഈ അക്രമത്തെ ആർ.എസ്.എസും, ബി.ജെ.പിയുമൊക്കെ അപലപിക്കുമോ? ഈ  അക്രമികളെ സംഘത്തിൽ നിന്നു പുറത്താക്കുമോ?   അറിയാൻ താല്പര്യമുണ്ട്.

ഹരിപ്പാട്ട് നടന്ന  ഈ  ആർ.എസ്.എസ് അക്രമത്തെ അപലപിച്ച്  വാർത്താ ചാനലുകൾ  ഈ വിഷയം ഇന്ന് ചർച്ചയ്ക്കെടുക്കുമോ? അതിനുള്ള ധൈര്യം അവർക്കുണ്ടോ? അതോ ഈ അക്രമത്തിനു പിന്നിൽ  മാർക്സിസുകാരല്ലാത്തതുകൊണ്ട് തീരെ ഒറ്റപ്പെട്ടതും അപ്രധാനവുമായി കരുതി അവഗണിക്കുമോ? അറിയാൻ ആഗ്രഹമുണ്ട്. അതുകൊണ്ട്  ഇവിടുത്തെ  ഓരോ വാർത്താ ചാനലുകാരോടും ചോദിക്കുവാനുള്ളത്  താങ്കളുടെ ചാനൽ ഈ വിഷയം ഗൌരവത്തിലെടുത്ത് ചർച്ചയ്ക്കു വയ്ക്കാൻ തയ്യാറുണ്ടോ എന്നാണ്.

Saturday, May 26, 2012

ആർ ആരെ ചെയ്താലും കൊല കൊടിയ പാതകംതന്നെ!

ആർ ആരെ  ചെയ്താലും കൊല കൊടിയ പാതകംതന്നെ!

(ഇത്  അക്രമങ്ങളെയും കൊലപാതകങ്ങളെയും എതിർത്ത് ഇനി  എഴുതാൻ ആഗ്രഹിക്കുന്ന ഒരു നീണ്ട പോസ്റ്റിന്റെ മുന്നോടി മാത്രമാണ്.)

കേരളത്തിൽ ഇനി ആരും ആരെയും കൊല്ലില്ല. കാരണം ഒരാളെ കൊലപ്പെടുത്തുന്നത് ക്രൂരവും പൈശാചികവുമായ ഒരു പ്രവൃത്തിയാണെന്ന് ഇപ്പോഴാണ് എല്ലാവരും മനസിലാക്കുന്നത്. ഇനി ആർ.എസ്.എസ് കാരോ എൻ.ഡി.എഫുകാരോ കോൺഗ്രസ്സുകാരോ ലീഗുകാരോ  ഒരു മാർക്സിസ്റ്റുകാരനെയും കൊല്ലില്ല. മുമ്പ് നിരവധിയായ മാർക്സിസ്റ്റുകാരെ അവരൊക്കെ കൊന്നു കൊലവിളിച്ചത് അറിവില്ലായ്മ കൊണ്ടു മാത്രമായിരുന്നു. മാത്രവുമല്ല, കൊലപാതകം പൈശാചികമെന്നു ഇതുപോലെ പറഞ്ഞുകൊടുക്കാൻ ഇത്രയധികം മാധ്യമങ്ങളൊന്നും മുമ്പ് ഉണ്ടായിരുന്നുമില്ലല്ലോ. അപ്പോൾ ഇനി മാർക്സിസ്റ്റുകാർക്ക് ശത്രുക്കളെ ഭയക്കേണ്ടതില്ല.മേൽ‌പറഞ്ഞവർ ആരും ഇനി സി.പി.എം കാരെയെന്നല്ല, ആരെയും കൊല്ലില്ല. അങ്ങനെ എല്ലാവരും അക്രമവും കൊലപാതകവും തെറ്റാണെന്ന് തിരിച്ചറിയുന്ന സ്ഥിതിയ്ക്ക് സി.പി.എമ്മുകാർക്ക് മാത്രമായി അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗത്തിൽ സഞ്ചരിക്കാനാകില്ലല്ലോ. അല്ലെങ്കിൽത്തന്നെ പിന്നെ അതിന്റെ കാര്യവുമില്ലല്ലോ.  അഥവാ ഇനി അങ്ങോട്ട് ആർക്കാനും കരണത്തൊരടിയെങ്ങാനും കൊടുത്താൽ ഗാന്ധിമാർഗ്ഗത്തിൽ മറു ചെകിടുകൂടി കാണിച്ചുകൊടുത്താൽ പിന്നെ അടിക്കുന്നവൻ ലജ്ജിക്കുകയല്ലാതെ തുടർന്നൊരു സംഘട്ടനത്തിന് ഒരു സാദ്ധ്യതയുമില്ലല്ലോ. അപ്പോൾ പൊതുവേ അക്രമികളായ (അല്ലെന്ന് പറഞ്ഞാലും ആരും സമ്മതിക്കില്ലല്ലോ) സി.പി.ഐ.എമ്മുകാർക്കും ഇനി അക്രമം കൈവെടിയുകയല്ലാതെ മറ്റു മാർഗ്ഗമില്ല. ഇനിയെങ്കിലും എല്ലാവർക്കും സമാധാനമായി ജീവിക്കാമല്ലോ. ഹാവൂ ആശ്വാസം! 

ഇന്നലെ വരെ നടന്നതെല്ലാം വെറും സ്വപ്നങ്ങൾ മാത്രം. ഇവർ എല്ലാവരും കൂടി അങ്ങോട്ടും ഇങ്ങോട്ടും നടത്തിയിട്ടുള്ള കൊലപാതകങ്ങളും അക്രമങ്ങളും (വെറും സ്വപ്നങ്ങൾ) ഇനി ആരും ഓർമ്മിപ്പിക്കരുതേ എന്നുകൂടി അഭ്യർത്ഥിക്കുന്നു. കൊല ഒരു കൊടിയ പാതകമാണെന്ന് ഇപ്പോഴെങ്കിലും  ഇത്ര ശക്തമായി നമ്മെ ബോധിപ്പിച്ച മാധ്യമ സുഹൃത്തുക്കൾക്ക് ഒരുപാട് നന്ദി!  എങ്കിലും നാളിതുവരെ സി.പി.ഐ.എമ്മുകാർ ചെറുത്തു നില്പുകളുടെ ഭാഗമായി അറിഞ്ഞും അറിയാതെയും നടത്തിയ അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാം തികച്ചും  ക്രൂരവും പൈശാചികങ്ങളുമായ കൊടിയപാതകങ്ങൾ തന്നെയായിരുന്നുവെന്നും  മറിച്ച് നാളിതുവരെ സി.പി.ഐ.എമ്മിന്റെ ശത്രുക്കൾ സി.പി.ഐ.എം പ്രവർത്തകരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും എല്ലാം വളരെ മൃദുലവും മധുരതരവുമായിരുന്നു  എന്നും  മേലിലും വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നുമില്ല. കാരണം മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിക്കുന്നത് ഫാസിസമാണല്ലോ. സി.പി.ഐ.എമ്മുകാരും  ആർ.എസ്.എസുകാരും എൻ.ഡി.എഫുകാരും   കോൺഗ്രസ്സുകാരും ലീഗുകാരും  എല്ലാവരും  ആരെങ്കിലും അങ്ങോട്ട് കത്തിനൂത്ത് കുത്താൻ ചെന്നാലും അത് നെഞ്ചുകൊണ്ട് സന്തോഷപൂർവ്വം ഏറ്റുവാങ്ങി സമാധാനം  സ്ഥാപിക്കുന്ന ആ നല്ലകാലത്തിലേയ്ക്ക് നമുക്കേവർക്കും സ്വാഗതം! അതല്ല, സി.പി.ഐ.എമ്മുകാരെ ശത്രുക്കൾ ആക്രമിക്കുമ്പോൾ കത്തിയാണെങ്കിലും വെടിയുണ്ടയാണെങ്കിലും നെഞ്ചുകൊണ്ട് ബ്ലോക്ക് ചെയ്ത് മരിക്കണമെന്നും സി.പി.ഐ.എം ഒഴികെ മറ്റുള്ളവർക്ക് നേരെ തിരിച്ച് അത്തരത്തിൽ ഒരു അക്രമവും ആരും നടത്തിക്കൂടത്തതുമാണെങ്കിൽ അതും അംഗീകരിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാൻ സി.പി.ഐ.എമ്മും ഇടതുപക്ഷവും സഹകരിക്കേണ്ടതാണെന്നു കൂടി പ്രത്യേകം സൂചിപ്പിച്ചുകൊള്ളുന്നു.

പിൻ‌കുറിപ്പ്: ഇത്രയും എഴുതിയത് സി.പി.ഐ.എം വിരുദ്ധ പ്രചരണങ്ങൾക്ക് കിട്ടിയ അവസരം മാധ്യമധർമ്മങ്ങൾക്ക് തീരെ നിരക്കാത്ത തരത്തിൽ പ്രയോഗിക്കുന്ന ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങങ്ങളോടുള്ള ഒരു പ്രതികരണം എന്ന നിലയ്ക്ക് മാത്രമാണ്. ടി.പി.ചന്ദ്രശേഖരന്റെ മാത്രമല്ല, എല്ലാത്തരം കൊലപാതകങ്ങളെയും ശക്തമായി എതിർക്കുന്ന ഒരാളാണ് ഈയുള്ളവൻ. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ കാലം  എന്നേ  അവസാനിച്ചു എന്ന് കരുതുവാനാണ് ഈയുള്ളവനിഷ്ടം. ഇന്ന് കേരളത്തിൽ ജനാധിപത്യപരമായി എല്ലാവർക്കും സഹകരിച്ച് സമാധാനപരമായി പ്രവർത്തിക്കുവാനുള്ള എല്ലാ സാദ്ധ്യതകളും തുറന്നു കിടക്കുമ്പോൾ ആരും അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗം സ്വീകരിക്കേണ്ടതില്ല.

Saturday, May 5, 2012

കൊലപാതകത്തെ അപലപിക്കുന്നു

കൊലപാതകത്തെ അപലപിക്കുന്നു

റെവലൂഷനറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി..ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. ഒരു കൊലപാതകത്തെ അപലപിക്കുവാൻ അത് ആര് ചെയ്തുവെന്ന് അന്വേഷിക്കേണ്ട കാര്യമില്ല. അത് ആരു ചെയ്താലും അപലപനീയം തന്നെ. ഒഞ്ചിയത്ത് സി.പി.എമ്മിൽ നിന്നും പുറത്തുപോയി വിമതപ്രവർത്തനം നടത്തുകയായിരുന്നു ഇപ്പോൾ കൊലചെയ്യപ്പെട്ട ചന്ദ്രശേഖരനും മറ്റും.  റെവലൂഷണറി മാർക്സിസ്റ്റ് പാർട്ടി എന്നപേരിൽ ഒരു രാഷ്ട്രീയ പാർട്ടിയുമുണ്ടാക്കി പ്രവർത്തിക്കുകയായിരുന്നു. സി.പി.ഐ.എമ്മിന് അവരെക്കൊണ്ട് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.  അതുകൊണ്ടുതന്നെ  ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിന്റെ മേൽ ആരോപിക്കപ്പെടുക സ്വാഭാവികമാണ്.

എന്നാൽ പാർട്ടിയ്ക്ക് ഈ കൊലപാതകവുമായി ബന്ധമില്ലെന്ന് സി.പി.ഐ.എമ്മിന്റെ ജില്ലാ- സംസ്ഥാന- കേന്ദ്രനേതാക്കൾ വ്യക്തമാക്കുകയും പൈശാചികമായ  കൊലപാതകത്തെ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല ഈ കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എമ്മിനും ഇടതുപക്ഷത്തിനും എതിരായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ ആരോപിക്കുകയും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഊർജ്ജിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നെയ്യാറ്റിൻ‌കര  ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന  ഒരു  സാഹചര്യത്തിൽ സി.പി.ഐ.എമ്മിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള കൊലപാതകങ്ങളോ  അക്രമങ്ങളോ പ്രകോപനങ്ങളോ ഒന്നും തന്നെ ഉണ്ടാകുമെന്ന് സാമാന്യ ബുദ്ധിവച്ച് കണക്കുകൂട്ടാനാകില്ല. ഇതിൽ ചില ദുരൂഹതകൾ ഉണ്ട് എന്നു കരുതാതെ വയ്യ.. എന്തായാലും    ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും തന്നെ യോജിച്ചതല്ല ഇത്തരം പൈശാചിക കൃത്യങ്ങൾ. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഈ കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നേതാവിന് അന്ത്യോപചാരം അർപ്പിക്കുവാൻ അദ്ദേഹം പോകുമെന്നും പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇതു സംബന്ധിച്ച് കോൺഗ്രസ്സ് നേതാവ് എം.എം.ഹസ്സന്റെ പ്രതികരണം നിർഭാഗ്യകരമായിപ്പോയി. വി.എസ് അവിടെ പോകുന്നത് മുതലക്കണ്ണീർ ഒഴുക്കാനാണെന്നാണ് ശ്രീ.ഹസ്സൻ പറഞ്ഞിരിക്കുന്നത്. ഒരു കൊലപാതകം നടക്കുന്നിടത്ത് പ്രതിപക്ഷ നേതാവ് പോകുന്നത് സ്വാഭാവികമാണ്. അഥവാ പോകേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. ഇനി അഥവാ ഒരിടത്ത് ഒരു കൊലപാതകത്തിനുത്തരവാദികൾ സ്വന്തം പാർട്ടിക്കാർ ആയാൽ പോലും ആ പാർട്ടിയുടെ നേതാക്കൾ ആ പ്രവൃത്തിയെ അപലപിക്കുന്നതിലും കൊല്ലപ്പെടുന്നവരുടെ വീടുകളിലെത്തി അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിലും ഒരു അപാകതയുമില്ല.

അഥവാ അതിന് ഉത്തരവാദികൾ ആയവരാണ് അതിൽ കൂടുതൽ പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയും കൊലപാതകത്തിൽ പ്രതിഷേധിക്കുകയും കൊലചെയ്തവർക്കെതിരെയുള്ള നിയമ നടപടികളുമായി സഹകരിക്കുകയും ചെയ്യേണ്ടത്. ആ നിലയ്ക്ക് നോക്കിയാലും സി.പി.ഐ.എം നേതൃത്വവും സഖാവ് വി.എസും ഈ  കൊലപാതകത്തെ അപലപിക്കുന്നതിനെ പരിഹസിക്കേണ്ട കാര്യമില്ല. ഈ പറഞ്ഞതിനർത്ഥം ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി സി.പി.ഐ.എമ്മിന് എന്തെങ്കിലും ബന്ധമുണ്ടെന്നല്ല. കൊലയാളികൾ ആരെന്നത് ഇനി അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്. കേരളത്തിൽ അടുത്തകാലത്ത് വളർന്നുവരുന്ന സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ ഊഹാപോഹങ്ങൾക്ക് യാതൊരു യാതൊരു ന്യായീകരണവുമില്ല.

മറ്റുള്ളവരുടെ പ്രതികരണങ്ങളും ഇടപെടലുകളും കണക്കിലെടുക്കാതെയും മുൻ‌വിധികൾ ഒന്നുമില്ലാതെയും നിഷ്പക്ഷമായി അന്വെഷിച്ചാൽ യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാൻ  അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയും. അതിനായി ജനങ്ങൾ കാത്തിരിക്കുന്നു. ഒരു സാധാരണ പൌരൻ എന്ന നിലയിലും എളിയ രാഷ്ട്രീയ-സാമുഹ്യ കാഴ്ചക്കാരൻ എന്നനിലയിലും   ഈയുള്ളവനും ശ്രീ.ടി.പി.ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടതലുള്ള ദുഖവും ഉൽക്കണ്ഠകളും പങ്കുവയ്ക്കുന്നു. കൊലപാതകത്തെ അതിശക്തമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതേയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Friday, January 6, 2012

മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഒരു നിയമപാഠം

മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഒരു നിയമപാഠം

ആദ്യം ഇതുസംബന്ധിച്ച വാർത്ത: “വാർത്ത വിമാനത്താവളത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണ പരിപാടി റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 15 മുസ്ലിംലീഗുകാര്‍ക്ക് ഒരു വര്‍ഷം തടവും 3500രൂപ പിഴയും ശിക്ഷ വിധിച്ചു. 23 ലീഗുകാര്‍ പ്രതികളായ കേസില്‍ രണ്ടുപേരെ വെറുതെവിട്ടു. ആറുപേര്‍ പിടികിട്ടാപ്പുള്ളികളാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഇത്രയധികം പേര്‍ ശിക്ഷിക്കപ്പെടുന്നത് സംസ്ഥാനത്ത് ആദ്യമാണ്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വി ദിലീപാണ് വിധി പ്രഖ്യാപിച്ചത്. 2004 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് വിവാദമായ സമയത്ത് ഉംറ നിര്‍വഹിച്ച് മടങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുസ്ലിംലീഗ് വന്‍ സ്വീകരണം ഒരുക്കി. വിമാനത്താവള പരിസരം പൂര്‍ണമായും കൈയടക്കിയ ലീഗുകാര്‍ പരിപാടി റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വെളിവാക്കുന്ന വാര്‍ത്തകള്‍ നല്‍കിയതാണ് പ്രകോപനം. അക്രമസക്തരായ നൂറുകണക്കിന് ലീഗുകാര്‍ വനിതാ ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ളവരെ അതിക്രൂരമായി മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകരെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. 11 മാധ്യമപ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലായി. ദൃശ്യമാധ്യമങ്ങളുടെ വാഹനങ്ങള്‍ തകര്‍ത്തു. വിമാനത്താവള ടെര്‍മിനലിലേക്കു അതിക്രമിച്ചു കടന്ന ലീഗുകാര്‍ പാര്‍ടി പതാക കെട്ടിടത്തിനു മുകളില്‍ നാട്ടി. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധിക്കാനെത്തിയ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും ലീഗുകാരുടെ ആക്രമണത്തിന് ഇരയായി.” (ദേശാഭിമാനി ദിനപ്പത്രം)

മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും ആ അക്രമികൾക്ക് കടുത്ത ശിക്ഷകിട്ടുന്നതും ആവശ്യം വേണ്ടതുതന്നെ. എന്നാൽ മാധ്യമപ്രവർത്തകരെ ആക്രമിച്ചു എന്നത് മാത്രമല്ല ഈ വിഷയം ഗൌരവതരമാക്കുന്നത്. മാധ്യമപ്രവർത്തനവും പലതരം പൌരാവകാശങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർക്കു നേരേ നടക്കുന്ന അക്രമം മാധ്യമ സ്വാതന്ത്ര്യത്തിനുനേരേ നടക്കുന്ന കടന്നുകയറ്റമാണ്.

എന്നാൽ ഇതുമാത്രമല്ല, മറ്റ് മറ്റുപലതരം ജനാധിപത്യാവകാശ ധ്വംസനങ്ങളും കൂടി ഇവിടെ നടക്കുന്നുണ്ട്. പലതും കേസും വാർത്തയും ഒന്നും ആകുന്നില്ലെന്നേയുള്ളൂ. തങ്ങൾക്കിഷ്ടമല്ലാത്ത ആശയങ്ങൾ പ്രചരിക്കുപ്പിന്നവർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള ആക്രമണങ്ങൾ പലപ്പോഴും ഇവിടെ ഉണ്ടാകാറുണ്ട്. ഒരു ചിത്രം വരച്ചതിന്റെ പേരിൽ എം.എഫ്. ഹുസൈൻ എന്ന ഒരു വിഖ്യാത ചിത്രകാരനെ നാടുകടത്തി പരദേശപൌരനാക്കി മരിക്കാൻ വിധിച്ച ഒരു രാഷ്ട്രമാണല്ലോ നമ്മുടേത്.

ഇവിടെ കേരളത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആശയപ്രചരണത്തിനും എതിരെ ചെറുതും വലുതുമായ പലവിധ അക്രമങ്ങൾ നടക്കാറുണ്ട്. ഇത്തരം ആക്രമങ്ങൾ കൂടുതലായും നടത്തുന്നത് മത-വർഗ്ഗീയ ഫാസിസ്റ്റുകളാണ് എന്ന കാര്യം എടുത്തു പറയേണ്ടതാണ്. രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നും ഇത്തരം അക്രമങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. എങ്കിലും കൂടുതലും വർഗീയ സംഘടനകളാണ് ഏറെ അപകടകാരികൾ.വർഗീയവാദികളാണ് ഏറ്റവും വലിയ ജനാധിപത്യാവകാശധ്വംസകർ.ഫാസിസ്റ്റുകൾ.

പലപ്പോഴും തങ്ങൾക്കിഷ്ടപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിക്കുന്ന യോഗങ്ങളിൽ അവർ കടന്നു കയറി ആക്രമണം നടത്താറുണ്ട്. ആളെണ്ണവും സംഘബലവും കുറഞ്ഞ സംഘടനകൾ നടത്തുന്ന യോഗങ്ങളിലാണ് ഇത്തരം ആക്രമങ്ങൾ കൂടുതലുണ്ടാകുന്നത്. അതുപോലെ ചില പുസ്തകങ്ങൾ, സിനിമകൾ, നാടകങ്ങൾ തുടങ്ങിയവയ്ക്കെതിരെയും ഇവിടെ വർഗ്ഗീയവാദികൾ പ്രശ്നങ്ങൾ ഊണ്ടാക്കാറുണ്ട്.ആവിഷ്കാര സ്വാതന്തന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണത്.

ഒരിക്കൽ ഡി.വൈ.എഫ്.ഐയുടെ യോഗത്തിൽ വച്ച് ഗുജറാത്ത് സർക്കാരിനെ വിമർശിച്ചതിന് സിനിമാതാരം മമ്മൂട്ടിയ്ക്കെതിരെ ഇവിടെ ചിലർ പ്രശ്നമുണ്ടാക്കിയിരുന്നു.ബി.ജെ.പിക്കാരും മറ്റും ടങ്ങുന്ന സംഘപരിവാരം തന്നെ. ഈ വർഷം തന്നെ ക്രിസ്തുമത ഭ്രാന്തന്മരുടെ എതിർപ്പിനെത്തുടർന്ന് പത്താം ക്ലാസ്സിലെ ഒരു പാഠ ഭാഗം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മതമില്ലാത്ത ജീവൻ എന്നൊരു ഏഴാം ക്ലാസ്സ് പാഠത്തിനെതിരെ സർവ്വ മതഭ്രാന്തന്മാരും ഐക്യനിരയുണ്ടാക്കി ആ പാഠ ഭാഗത്തിനെതിരെ തിരിയുകയും അന്നത്തെ എൽ.ഡി.എഫ് സർക്കാർ ആപാഠഭാഗം ഒഴിവാക്കുകയും ചെയ്തു. മതമില്ലെന്ന് പറഞ്ഞുകൂടെന്നത്രേ മതഭ്രാന്തന്മാരുടെ ആജ്ഞ!

അതുപോലെ കേരളത്തിൽ പല ഭാഗങ്ങളിലും ആളെണ്ണത്തിൽ വളരെ ദുർബ്ബലരായ യുക്തിവാദിസംഘം പോലുള്ള ശാസ്ത്രപ്രചാരക സംഘങ്ങൾ നടത്തുന്ന യോഗങ്ങളിൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വർഗ്ഗീയവാദികൾ കടന്നുചെന്ന് അക്രമം നടത്താറുണ്ട്. വർഗീയവാദികളുടെ അക്രമം ഭയന്ന് ഈ ഇത്തിരിപ്പോന്ന സംഘടനകൾ വൻ പോലിസ് സംഘത്തിന്റെ അകമ്പടിയിൽ ജാഥ നടത്തുന്നത് ഈയുള്ളവൻ കണ്ടിട്ടുണ്ട്. യുക്തിവാദികളെ മുസ്ലിം -ഹിന്ദു- വർഗ്ഗീയ വാദികൾ ആക്രമിച്ചിട്ടുള്ള നിരവധി അനുഭവങ്ങൾ ഈ സാക്ഷര കേരളത്തിൽ ഉണ്ടായിട്ടുണ്ട്.

ഈയിടെ തിരുവനന്തപുരത്ത് ഒരു “പുരോഗമന” സ്വാമി പ്രസംഗിച്ച ഒരു യോഗത്തിൽ ആ സ്വാമിയുടെ പുരോഗമന ആശയങ്ങൾ ഒന്നും അംഗീകരിക്കാത്ത ഹിന്ദുമതവർഗ്ഗീയത ഉൾക്കൊള്ളുന്ന ഒരു വർഗീയ സംഘടനക്കാർതന്നെ കയറി ആക്രമണം നടത്തുകയുണ്ടായി. ആർ.എസ്.എസ്കാർ.മുമ്പ് തിരുവനന്തപുരത്തുതന്നെ എൻ.ജി.ഒ യൂണിയന്റെ ഒരു യോഗത്തിൽ ശിവസേനക്കാർ ചെന്ന് കുഴപ്പമുണ്ടാക്കിയിരുന്നു. ക്രിസ്തുമത പ്രചാരകർക്കെതിരെ പലയിടത്തും ആർ.എസ്.എസ്കാർ അക്രമം നടത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഒരു മിഷണറിപ്രവർത്തകനെ വെട്ടിപ്പരികേല്പിച്ച സംഭവം മുമ്പൊരിക്കൽ ഉണ്ടായിട്ടുണ്ട്.

മലപ്പുറത്തെ എൻ.ഡി.എഫുകാർ വ്യക്തി സ്വാതന്ത്ര്യത്തിനെതിരെ അക്രമം നടത്തുന്ന എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ. ഈ ഹിന്ദു-മുസ്ലിം വർഗീയവാദികൾ രാജ്യത്ത് പലയിടത്തും സദാചാരപോലീസ് ചമഞ്ഞും വ്യക്തിസ്വാതന്ത്ര്യത്തിനെതിരെ അക്രമങ്ങൾ നടത്താറുണ്ട്. ഇവിടെ കേരളത്തിൽ മുസ്ലിങ്ങളിലെതന്നെ മുജാഹിദുകൾ നടത്തുന്ന യോഗങ്ങളിൽ സുന്നി വിഭാഗക്കാർ കയറി അടിക്കുന്ന സംഭവങ്ങൾ ഇപ്പോൾ വ്യാപകമായി വരുന്നുണ്ട്. ഒരേ മതത്തിനുള്ളിൽ ഉള്ളവർതന്നെ പരസ്പരം ജനാധിപത്യധംസനം നടത്തുന്നു.

ഇങ്ങനെയെല്ലാമുള്ള പലതരം ജനാധിപത്യ ധ്വംസനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം അക്രമങ്ങൾക്കെതിരെ ഒരു മാധ്യമങ്ങളും വേണ്ടത്ര പ്രതികരിച്ചുകണ്ടിട്ടില്ല. ഒരു പോലീസും കോടതിയും ഇത്തരം അക്രമികൾക്കെതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കാറില്ല. ആക്രമിക്കപ്പെടുന്നവരും പിന്നെ അതിനെതിരെ എന്തെങ്കിലും നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകാൻ പലപ്പോഴും തയാറാകുന്നില്ല.

ഞാൻ ഇവിടെ പറഞ്ഞു വയ്ക്കുന്നത് ഏറ്റവും വലിയ ജനാധിപത്യധ്വംസനക്കാർ മതവർഗ്ഗീയ ഫാസിസ്റ്റുകൾ ആണെന്നാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ലോകത്തെവിടെയും കൊടിയ അക്രമങ്ങളും ഭീകര പ്രവർത്തനങ്ങളും നടത്തുന്നത് മതഫാസിസമാണ്. രാഷ്ട്രീയഫാസിസങ്ങളുടെ എത്രയോ മടങ്ങ് അപകടമാണ് മതഫാസിസങ്ങൾ.

മാധ്യമങ്ങൾക്കെതിരെ മാത്രമല്ല ഇവിടെ അക്രമം നടക്കുന്നത്. ഇവിടെ മേൽ ഉദാഹരിച്ചതുപോലെയുള്ള എല്ലാത്തരം ഫാസിസ്റ്റ് പ്രവർത്തനങ്ങൾക്കുമെതിരെ മാധ്യമങ്ങളും മറ്റ് ജനാധിപത്യവാദികളും പ്രതികരിക്കണം. നിയമപാലകരും നീതിപീഠങ്ങളും ഇത്തരം എല്ലാത്തരം ഫാസിസത്തിനും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ ഇടപെടണം.

കരിപ്പൂരിൽ മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായുണ്ടായ ആക്രമണത്തിലെ പ്രതികൾക്ക് ഉചിതമായ ശിക്ഷനൽകാൻ നീതിപീഠം തയ്യാറായത് ഇത്തരത്തിലുള്ള എല്ലാത്തരം ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെയുള്ള ഒരു താക്കീതായി മാറട്ടെ. ഇനിയും ഇത്തരം ശക്തമായ ശിക്ഷാവിധികളിലൂടെ ഫാസിസ്റ്റുകളുടെ അക്രമവാഴ്ചകൾക്ക് വിരാമമിടണം. അത് ഏതുതരം ഫാസിസമായാലും.

Thursday, November 24, 2011

അടി ആർക്കും എപ്പോഴും കിട്ടാം

അടി ആർക്കും എപ്പോഴും കിട്ടാം

ഒടുവിൽ ഭരണാധിപന്മാർക്ക് അടികിട്ടുന്ന സ്ഥിതിയിലായി കാര്യങ്ങൾ. കേന്ദ്രമന്ത്രി ശരദ് പവാറിന് അടികിട്ടി.സിക്ക്കാരനായ ഒരു ടാക്സി ഡ്രൈവറാണ് അടിച്ചത്. വിലക്കയറ്റത്തിലും അഴിമതിയിയിലും പ്രതിഷേധിച്ചാണത്രേ അയൾ അടിച്ചത്. ഈ അടിച്ചത് തെറ്റാണെന്നകാര്യത്തിൽ ചർച്ചയുടെ ആവശ്യം തന്നെയില്ല. അങ്ങനെ തുടങ്ങിയാൽ അടി അർഹിക്കാത്തവർ ആരുണ്ട് നമ്മുടെ രാജ്യത്ത്? അതൊരു പരിഹാരമേ അല്ല.

ഭരണാധിപന്മാർക്ക് അടികൊള്ളാനുള്ള സാഹചര്യം രാജ്യത്ത് നില നിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അങ്ങനെ നോക്കിയാൽ നാളിന്നുവരെ നമ്മുടെ നാട് മാറിമാറി ഭരിച്ച സകല മന്ത്രിമാർക്കും മുമ്പേ തന്നെ അടി കിട്ടേണ്ടതായിരുന്നു. കാരണം ഒരു ഭരണകൂടത്തിനും ഇവിടെ പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ വേണ്ടവിധം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഭരണകൂട-ബ്യൂറോക്രാറ്റിക്ക് വ്യവസ്ഥ മൊത്തമായും ജനവിരുദ്ധമാണ്. ജനവിരുദ്ധമെന്നു പറഞ്ഞാൽ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വിരുദ്ധം. സമ്പന്നർക്ക് ഒരിക്കലും ഒന്നിനും ഒരു കുറവും വരില്ല.

ഇപ്പോൾ ശരദ്പവാറിനു കിട്ടിയ അടി യു.പി.എ ഗവർമെന്റിനു കിട്ടിയ അടിയാണ്. പക്ഷെ നാളെ ഏത് ഗവർണ്മെന്റിനും ഇതേ അടി കിട്ടാം എന്ന് എല്ലാ പാർട്ടിക്കാരും ഓർക്കുന്നത് നല്ലതാണ്. ചില ഉദ്യോഗസ്ഥപ്രമാണിമാരും ഇത് ഓർത്തു വയ്ക്കുന്നത് നല്ലതാണ്. ചെയ്യാൻ പാടില്ലാത്ത കാര്യമാനെന്ന ബോധംകൊണ്ടല്ല ഇന്ത്യയിൽ ആരും ഇത്തരം അക്രമങ്ങൾ ഒറ്റയ്ക്കും കൂട്ടായും നടത്താത്തത്. നിയമത്തെയും ശിക്ഷകളെയും മറ്റ് പ്രത്യാഘാതങ്ങളെയും ഭയന്നാണ്. ഇതൊന്നും ഭയക്കാത്തവർ നാലും തുനിഞ്ഞിറങ്ങിയാൽ ആർക്കും കിട്ടും അടി. എല്ലാ കാലത്തും എല്ലാ കാര്യങ്ങളും ഒരേ രീതിയിൽ മുന്നോട്ട് പോകണമെന്നില്ല. ഇങ്ങനെയും വല്ലപ്പോഴും സംഭവിക്കാം.

സർവ്വ പ്രതാപിയായ ഒരു കേന്ദ്രമന്ത്രിയ്ക്ക് അടി കിട്ടിയ സ്ഥിതിയ്ക്ക് ചോട്ടാ മന്ത്രിമാരും നേതാക്കളും മുകൾതട്ട് മുതൽ താഴേ തട്ട് വരെയുള്ള ഉദ്യോഗസ്ഥന്മാരും ഒക്കെ ശ്രദ്ധിക്കണം. അതീവ സുരക്ഷാക്രമീകരണങ്ങളോടെ ജീവിക്കുന്ന മന്ത്രിമാരുടെ സ്ഥിതി ഇതാണെങ്കിൽ പ്രത്യേകിച്ച് സുരക്ഷയൊന്നുമില്ലാത്തവരുടെ സ്ഥിതി പ്രത്യേകം പറയേണ്ടല്ലോ. ഇപ്പോൾ പവാറിനെയും മുമ്പ് മുൻ കേന്ദ്രമന്ത്രി സുഖറാമിനെയും അടിച്ച ആ സിക്ക്കാരൻ ഹർവീന്ദർ സിംഗോ എന്തരാസിംഗിന്റെയോ മാതൃക മറ്റേതെങ്കിലും മനോരോഗികൾ രാജ്യത്തെവിടെയും സ്വീകരിച്ചുകൂടെന്നില്ല. ഇങ്ങനത്ത ആളുകളും സമൂഹത്തിലുണ്ടാകും. അത്തരക്കാരെ വേണമെങ്കിൽ തൂക്കിക്കൊല്ലാം. പക്ഷെ കിട്ടാനുള്ളത് കിട്ടിയിട്ട് തൂക്കിക്കൊന്നിട്ട് എന്തുകാര്യം?

ഒരു കാര്യം പറയാം. ഓരോ സാധാരണമനുഷ്യനിലും ഓരോ ധർവീന്ദർ സിംഗ് ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് എല്ലാവരും ഓർക്കുന്നത് നല്ലാതാണ്; ഏതൊരാളിൽ നിന്നും ഒരു ധർവീന്ദർസിംഗ് പൊട്ടിപ്പുറപ്പെടാം: മനോരോഗിയുടെ രൂപത്തിലായാലും അക്ഷമനായ അക്രമിയുടെ രൂപത്തിലായാലും ! ഞാൻ താൻ വലിയവൻ എന്ന് കരുതി ആരും നെഗളിക്കരുത്. ചുരുക്കിപ്പറഞ്ഞാൽ എല്ലാവരും ജാഗ്രതൈ!

ഒരു ഹർവീന്ദ്രർ സിംഗ് വിചാരിച്ചാലൊന്നും നമ്മുടെ രാജ്യമങ്ങു നന്നാകുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. അല്ലപിന്നെ!

Friday, October 21, 2011

മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കപ്പെട്ടതിനെക്കുറിച്ച്

മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കപ്പെട്ടതിനെക്കുറിച്ച്

ഇന്ന് ഉച്ചയ്ക്ക് റ്റി.വി വാർത്തയിലൂടെയാണ് പുതുപ്പള്ളിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീടാക്രമണവിവരം അറിഞ്ഞത്. രാത്രിയുടെ മറവിലായിരുന്നുവത്രേ ആക്രമണം. സി.പി.ഐ (എം) പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് സി.പി.ഐ.എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അറിയിച്ചു. കോൺഗ്രസ്സിലെതന്നെ ഒരു വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്ന് സി.പി.ഐ.എം ആരോപിക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം ഉറപ്പ്. എന്തെങ്കിലും ഗൌരവമേറിയ വിഷയമുണ്ടെങ്കിൽത്തന്നെ സി.പി.ഐ.എമ്മിന്റെ ഒരു ബ്രാഞ്ച് കമ്മിറ്റി പോലും മുഖ്യമന്ത്രിയുടെ വീടാക്രമിക്കാൻ ആഹ്വാനം ചെയ്യുമെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെയെന്നല്ല, ആരുടെയും വീട് ആക്രമിക്കുവാൻ പാർട്ടിനേതാക്കൾ ആഹ്വാനം ചെയ്യില്ല. ഇനി അഥവാ ഏതെങ്കിലും സി.പി.ഐ.എം അനുഭാവികളാണ് ഈ വീടാക്രമണത്തിനു പിന്നിലെങ്കിൽതന്നെ ഇതിനു ന്യായീകരണവുമില്ല. സി.പി.ഐ.എമ്മിൽ അംഗത്വമുള്ളവർ ഇതിനു പിന്നിലുണ്ടെങ്കിൽ അവർക്ക് പാർട്ടിനടപടി ഉറപ്പ്. പക്ഷെ മനസിലാക്കിയേടത്തോളം സി.പി.ഐ.എമ്മിന് ഈ വിഷയവുമായി ബന്ധമൊന്നുമില്ല.

മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചവർ ആരായാലും അവർ വെറും ക്രിമിനലുകളാണ്. സാധാരണ രാഷ്ട്രീയ പ്രവർത്തകർ സംസ്കാര ശൂന്യമായ ഈ ഒരു പ്രവൃത്തി ചെയ്യുമെന്നു കരുതാനാകില്ല. അഥവാ ചെയ്താൽ അത് രാഷ്ട്രീയ പ്രവർത്തനമാണെന്ന് കരുതാനും കഴിയില്ല. സി.പി.ഐ.എമ്മുകാരോ കോൺഗ്രസ്സുകാരോ ബി.ജെ.പിക്കാരോ മുസ്ലിം ലീഗുകാരോ ആരും ഒരിക്കലും എവിടെയും ആരുടെയും വീട് കയറി ആക്രമിച്ചിട്ടില്ലാത്തവരാണെന്നൊന്നും അവകാശപ്പെടുന്നില്ല. അത്തരം ആക്രമണങ്ങൾക്ക് എന്തായാലും ന്യായീകരണവുമില്ല. വീട് ഒരു വ്യക്തിയുടെ അവസാനത്തെ അഭയസ്ഥാനമാണ്. അക്രമം തന്നെ ശരിയല്ലെന്നിരിക്കെ വീട് കയറി ആക്രമണം നടത്തുന്നത് അപരാധത്തിന്മേൽ അപരാധമാണ്. വീടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഒരു തരത്തിലുള്ള അക്രമങ്ങളും ആരും നടത്താൻ പാടുള്ളതല്ല. എന്നു വച്ചാൽ മറ്റുള്ള സ്ഥലങ്ങളിൽ അക്രമം ആകാമോ എന്ന് ചോദിക്കേണ്ടതില്ല. അക്രമമേതും ശരിയല്ലതന്നെ. അക്രമത്തിന്റെ സ്വഭാവം, അക്രമം നടത്തുന്ന സ്ഥലം എന്നിവ കൂടി കണക്കിലെടുത്താണ് അക്രമത്തിന്റെ ഗൌരവം കോടതി പോലും കണക്കാക്കുന്നത്. കുറ്റത്തിന്റെ ഗൌരവം അനുസരിച്ചാണ് ശിക്ഷവിധിക്കുന്നത്. സാധാരണ അടിപിടിക്കേസും വീടാക്രമണവും ആശുപത്രിയിൽ കയറിയുള്ള ആക്രമണവും ഒരുപോലെ കാണാറില്ല. അടി, വെട്ട്, കുത്ത്, വെടി, ബോംബ് ഇവയെല്ലാം വകുപ്പുകൾ വേറെവേറെയാണ്.

ഇവിടെ സാക്ഷാൽ മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇത് ഏത് സാഹചര്യത്തിലായാലും ഗൌരവമേറിയ പ്രശ്നമാണ്. എന്നാൽ ചോദിക്കും മുഖ്യമന്ത്രിയുടെ വീടായതുകൊണ്ടാണോ ഗൌരവം വർദ്ധിക്കുന്നതെന്ന്. മറ്റുള്ളവരുടെ വീടുകൾ ആക്രമിക്കാമോ എന്ന്. ആരുടെ വീടും ആക്രമിക്കാൻ പാടുള്ളതല്ലതന്നെ. എന്നാൽ മുഖ്യമന്ത്രിയുടെ വീട് പോലും ആക്രമിക്കുവാൻ ഇവിടെ ആളുകളുണ്ട് എന്ന അറിവ് അത്ര സുഖകരമായ ഒരറിവല്ല. ഒരു മുഖ്യമന്ത്രിയുടെ വീടിനു സുരക്ഷിതത്വമില്ലെങ്കിൽ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? ഒരു മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ അറിയാത്തവരായിരിക്കില്ല ഈ അക്രമികൾ; അവർ ആരായാലും! അക്രമത്തിന്റെയും അതിന്റെ അനന്തര ഫലങ്ങളുടെയും റിസ്ക്ക് ഏറ്റെടുക്കുവാൻപോന്ന ക്രിമിനലുകൾ ഇവിടെ ഉണ്ട് എന്ന അപ്രിയ സത്യത്തിന്റെ ഗൌരവത്തിലേയ്ക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നു. എന്തും ചെയ്യാൻ മടിക്കാത്ത പൈശാചികമായ മനസുള്ളവർ ഈ സമൂഹത്തിൽ എങ്ങനെ വളർന്നു വരുന്നു എന്നത് ഗൌരവപൂർവ്വം ചിന്തിക്കേണ്ടതാണ്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലോ ഇത്തരം ക്രിമിനലുകളും തീവ്രവാദികളും മറ്റും ഉണ്ടാകുന്നതിന് പല സാഹചര്യങ്ങളും ഉണ്ടായിരിക്കാം. എന്നാൽ അത്തരം അക്രമങ്ങളും തീവ്രവാദപ്രവർത്തനങ്ങളും കേരളം പോലെ ഉയർന്ന സാക്ഷരതാ നിലവാരം പുലർത്തുന്ന ഒരു സംസ്ഥാനത്തുകൂടി വളർന്നു വരുന്നു എന്ന് മനസിലാക്കുമ്പോൾ കേരളവും ജീവിതത്തിന് അത്ര സുരക്ഷിതത്വമുള്ള ഒരു സ്ഥലമൊന്നുമല്ലെന്ന തിരിച്ചറിവ് ഭയാശങ്കകളോടെ നമ്മളെ ബാധിക്കുന്നു. തീർച്ചയായും ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവമായി കണ്ട് നിസാരവൽക്കരിക്കുന്നത് ഭൂഷണമായിരിക്കില്ല. തങ്ങൾക്കിഷ്ടമില്ലാത്ത ആശയങ്ങളെയും അഭിപ്രായങ്ങളെയും അക്രമംകൊണ്ട് നേരിടുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചു വരുന്നുണ്ട്. ജനാധിപത്യബോധവും സഹിഷ്ണുതയും വളർത്തിയേടുക്കുന്ന കാര്യത്തിൽ കേരളം തികഞ്ഞ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു!