Friday, October 21, 2011

മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കപ്പെട്ടതിനെക്കുറിച്ച്

മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കപ്പെട്ടതിനെക്കുറിച്ച്

ഇന്ന് ഉച്ചയ്ക്ക് റ്റി.വി വാർത്തയിലൂടെയാണ് പുതുപ്പള്ളിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീടാക്രമണവിവരം അറിഞ്ഞത്. രാത്രിയുടെ മറവിലായിരുന്നുവത്രേ ആക്രമണം. സി.പി.ഐ (എം) പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് സി.പി.ഐ.എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അറിയിച്ചു. കോൺഗ്രസ്സിലെതന്നെ ഒരു വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്ന് സി.പി.ഐ.എം ആരോപിക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം ഉറപ്പ്. എന്തെങ്കിലും ഗൌരവമേറിയ വിഷയമുണ്ടെങ്കിൽത്തന്നെ സി.പി.ഐ.എമ്മിന്റെ ഒരു ബ്രാഞ്ച് കമ്മിറ്റി പോലും മുഖ്യമന്ത്രിയുടെ വീടാക്രമിക്കാൻ ആഹ്വാനം ചെയ്യുമെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെയെന്നല്ല, ആരുടെയും വീട് ആക്രമിക്കുവാൻ പാർട്ടിനേതാക്കൾ ആഹ്വാനം ചെയ്യില്ല. ഇനി അഥവാ ഏതെങ്കിലും സി.പി.ഐ.എം അനുഭാവികളാണ് ഈ വീടാക്രമണത്തിനു പിന്നിലെങ്കിൽതന്നെ ഇതിനു ന്യായീകരണവുമില്ല. സി.പി.ഐ.എമ്മിൽ അംഗത്വമുള്ളവർ ഇതിനു പിന്നിലുണ്ടെങ്കിൽ അവർക്ക് പാർട്ടിനടപടി ഉറപ്പ്. പക്ഷെ മനസിലാക്കിയേടത്തോളം സി.പി.ഐ.എമ്മിന് ഈ വിഷയവുമായി ബന്ധമൊന്നുമില്ല.

മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചവർ ആരായാലും അവർ വെറും ക്രിമിനലുകളാണ്. സാധാരണ രാഷ്ട്രീയ പ്രവർത്തകർ സംസ്കാര ശൂന്യമായ ഈ ഒരു പ്രവൃത്തി ചെയ്യുമെന്നു കരുതാനാകില്ല. അഥവാ ചെയ്താൽ അത് രാഷ്ട്രീയ പ്രവർത്തനമാണെന്ന് കരുതാനും കഴിയില്ല. സി.പി.ഐ.എമ്മുകാരോ കോൺഗ്രസ്സുകാരോ ബി.ജെ.പിക്കാരോ മുസ്ലിം ലീഗുകാരോ ആരും ഒരിക്കലും എവിടെയും ആരുടെയും വീട് കയറി ആക്രമിച്ചിട്ടില്ലാത്തവരാണെന്നൊന്നും അവകാശപ്പെടുന്നില്ല. അത്തരം ആക്രമണങ്ങൾക്ക് എന്തായാലും ന്യായീകരണവുമില്ല. വീട് ഒരു വ്യക്തിയുടെ അവസാനത്തെ അഭയസ്ഥാനമാണ്. അക്രമം തന്നെ ശരിയല്ലെന്നിരിക്കെ വീട് കയറി ആക്രമണം നടത്തുന്നത് അപരാധത്തിന്മേൽ അപരാധമാണ്. വീടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഒരു തരത്തിലുള്ള അക്രമങ്ങളും ആരും നടത്താൻ പാടുള്ളതല്ല. എന്നു വച്ചാൽ മറ്റുള്ള സ്ഥലങ്ങളിൽ അക്രമം ആകാമോ എന്ന് ചോദിക്കേണ്ടതില്ല. അക്രമമേതും ശരിയല്ലതന്നെ. അക്രമത്തിന്റെ സ്വഭാവം, അക്രമം നടത്തുന്ന സ്ഥലം എന്നിവ കൂടി കണക്കിലെടുത്താണ് അക്രമത്തിന്റെ ഗൌരവം കോടതി പോലും കണക്കാക്കുന്നത്. കുറ്റത്തിന്റെ ഗൌരവം അനുസരിച്ചാണ് ശിക്ഷവിധിക്കുന്നത്. സാധാരണ അടിപിടിക്കേസും വീടാക്രമണവും ആശുപത്രിയിൽ കയറിയുള്ള ആക്രമണവും ഒരുപോലെ കാണാറില്ല. അടി, വെട്ട്, കുത്ത്, വെടി, ബോംബ് ഇവയെല്ലാം വകുപ്പുകൾ വേറെവേറെയാണ്.

ഇവിടെ സാക്ഷാൽ മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇത് ഏത് സാഹചര്യത്തിലായാലും ഗൌരവമേറിയ പ്രശ്നമാണ്. എന്നാൽ ചോദിക്കും മുഖ്യമന്ത്രിയുടെ വീടായതുകൊണ്ടാണോ ഗൌരവം വർദ്ധിക്കുന്നതെന്ന്. മറ്റുള്ളവരുടെ വീടുകൾ ആക്രമിക്കാമോ എന്ന്. ആരുടെ വീടും ആക്രമിക്കാൻ പാടുള്ളതല്ലതന്നെ. എന്നാൽ മുഖ്യമന്ത്രിയുടെ വീട് പോലും ആക്രമിക്കുവാൻ ഇവിടെ ആളുകളുണ്ട് എന്ന അറിവ് അത്ര സുഖകരമായ ഒരറിവല്ല. ഒരു മുഖ്യമന്ത്രിയുടെ വീടിനു സുരക്ഷിതത്വമില്ലെങ്കിൽ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? ഒരു മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ അറിയാത്തവരായിരിക്കില്ല ഈ അക്രമികൾ; അവർ ആരായാലും! അക്രമത്തിന്റെയും അതിന്റെ അനന്തര ഫലങ്ങളുടെയും റിസ്ക്ക് ഏറ്റെടുക്കുവാൻപോന്ന ക്രിമിനലുകൾ ഇവിടെ ഉണ്ട് എന്ന അപ്രിയ സത്യത്തിന്റെ ഗൌരവത്തിലേയ്ക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നു. എന്തും ചെയ്യാൻ മടിക്കാത്ത പൈശാചികമായ മനസുള്ളവർ ഈ സമൂഹത്തിൽ എങ്ങനെ വളർന്നു വരുന്നു എന്നത് ഗൌരവപൂർവ്വം ചിന്തിക്കേണ്ടതാണ്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലോ ഇത്തരം ക്രിമിനലുകളും തീവ്രവാദികളും മറ്റും ഉണ്ടാകുന്നതിന് പല സാഹചര്യങ്ങളും ഉണ്ടായിരിക്കാം. എന്നാൽ അത്തരം അക്രമങ്ങളും തീവ്രവാദപ്രവർത്തനങ്ങളും കേരളം പോലെ ഉയർന്ന സാക്ഷരതാ നിലവാരം പുലർത്തുന്ന ഒരു സംസ്ഥാനത്തുകൂടി വളർന്നു വരുന്നു എന്ന് മനസിലാക്കുമ്പോൾ കേരളവും ജീവിതത്തിന് അത്ര സുരക്ഷിതത്വമുള്ള ഒരു സ്ഥലമൊന്നുമല്ലെന്ന തിരിച്ചറിവ് ഭയാശങ്കകളോടെ നമ്മളെ ബാധിക്കുന്നു. തീർച്ചയായും ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവമായി കണ്ട് നിസാരവൽക്കരിക്കുന്നത് ഭൂഷണമായിരിക്കില്ല. തങ്ങൾക്കിഷ്ടമില്ലാത്ത ആശയങ്ങളെയും അഭിപ്രായങ്ങളെയും അക്രമംകൊണ്ട് നേരിടുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചു വരുന്നുണ്ട്. ജനാധിപത്യബോധവും സഹിഷ്ണുതയും വളർത്തിയേടുക്കുന്ന കാര്യത്തിൽ കേരളം തികഞ്ഞ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു!

7 comments:

Unknown said...

ഈയ്യിടെ നടന്ന കാഞ്ഞങ്ങാട് കലാപത്തേക്കുറിച്ച് അൻവേഷിച്ചിരുന്നോ?

മാർക്സിസ്റ്റുകാരുടേയും ലീഗുകാരുടേയും വസ്തുവകകൾ നശിപ്പിച്ചത് ഒരേ ശൈലിയിൽ ഒരേ ആൾക്കാർ!

ഇവിടെ എന്തൊക്കെയോ നടക്കാനിരിക്കുന്നു!

ajith said...

വാളെടുക്കുന്നവന്‍ വാളാല്‍

അനില്‍@ബ്ലോഗ് // anil said...

യോജിക്കുന്നു.

മുക്കുവന്‍ said...

എന്തെങ്കിലും ഗൌരവമേറിയ വിഷയമുണ്ടെങ്കിൽത്തന്നെ സി.പി.ഐ.എമ്മിന്റെ ഒരു ബ്രാഞ്ച് കമ്മിറ്റി പോലും മുഖ്യമന്ത്രിയുടെ വീടാക്രമിക്കാൻ ആഹ്വാനം ചെയ്യുമെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നില്ല.


if it is belongs to a common man, they should have said it, right :)

what a logic!

ഞാന്‍ പുണ്യവാളന്‍ said...

താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു .... എവിടെ ആരും സുരക്ഷിതര്‍ അല്ല എന്നാ ബോധം ഓരോ പൌരനും ഉണ്ടാകട്ടെ ..
നിയമസഭയില്‍ സ്നേഹാശംസകളോടെ ഞാന് പുണ്യവാളന്‍

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ചെന്നിത്തലയോ അതോ അഞ്ചാം മന്ത്രിയുടെ നിരാശയോ?

Anonymous said...

“മുഖ്യമന്ത്രിയുടെയെന്നല്ല, ആരുടെയും വീട് ആക്രമിക്കുവാൻ പാർട്ടിനേതാക്കൾ ആഹ്വാനം ചെയ്യില്ല.“

ആഹ്വാനം ചെയ്യില്ല, രഹസ്യമായി പറയും എന്നേ ഉള്ളൂ. തിരുവാര്‍പ്പില്‍ സിപിഐക്കാരുടെ പോലും വീടും പാലവും പരസ്യമായി വലിച്ചവരെക്കുറിച്ചുള്ള മാനവികതാവാതം കൊള്ളാം..