Showing posts with label നിരൂപണം. Show all posts
Showing posts with label നിരൂപണം. Show all posts

Sunday, January 10, 2016

യാനം മഹായാനം; ചരിത്രപരമായ ഒരു ഓർമ്മപ്പെടുത്തൽ


യാനം മഹായാനം; ചരിത്രപരമായ ഒരു ഓർമ്മപ്പെടുത്തൽ

കണ്ണൻ സൂരജ് സംവിധാനം ചെയ്ത "യാനം മഹായാനം" സിനിമ 2016 ജനുവരി 8 വെള്ളിയാഴ്ച  റിലീസായി. ആദ്യ ഷോ തന്നെ കണ്ടു. ഇടതു തീവ്രവാദം പ്രമേയമാക്കി പി. സുരേന്ദ്രൻ  എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നോവലിസ്റ്റ് തന്നെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മൂല കൃതിയോട് കൂടുതൽ നീതി പുലർത്താനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിനോദ മൂല്യത്തേക്കാൾ കലാമൂല്യത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയെ വിലയിരുത്താൻ കഴിയുക. എങ്കിലും എല്ലാത്തരം പ്രേക്ഷർക്കും കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രമാണ്. മാത്രവുമല്ല ഇത് വ്യക്തമായ ഒരു സന്ദേശം സമൂഹത്തിനു നൽകുന്നുണ്ട്.

ഇടതു തീവ്രവാദം പ്രമേയമാക്കി മലയാളത്തിലും മറ്റു ഭാഷകളിലും   ധാരാളം ആർട്ട് സിനിമകളും കൊമേഴ്സ്യൽ സിനിമകളും ഇറങ്ങിയിട്ടുണ്ട്.  ഓരോന്നിനും അതിന്റേതായ സവിശേഷതകളും ഉണ്ടായിരുന്നിട്ടുണ്ട്. അക്കൂട്ടത്തിൽ സവിശേഷമായ ഒരു സിനിമകൂടി. അതാണ് യാനം മഹായാനം. ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പുതുമുഖങ്ങൾ അണിനിരന്നിരിക്കുകയാണ്.

 പറയാൻ വേണ്ടി പറയാനാണെങ്കിൽ പല കുറ്റങ്ങളും കുറവുകളും കണ്ടെത്താമെങ്കിലും    ഈ ചിത്രം ശരാശരിക്കു മുകളിൽ മാർക്കിടാവുന്ന നിലവാരം പുലർത്തുന്നുണ്ട്. ബഡ്ജറ്റിന്റെ പരിമിതികളിൽ ഒരു സിനിമാ നിർമ്മിതിയുടെ വിവിധ തലങ്ങളിലും  വീർപ്പുമുട്ടി പൂർത്തീകരിക്കപ്പെടുന്ന  ഒരു സിനിമ ശരാശരിയായാൽ പോലും ആ  സിനിമ വിജയിച്ചു എന്നാണർത്ഥം. ചിത്രത്തിൽ അല്പം ഇഴച്ചിൽ  അനുഭവപ്പെടുന്നുണ്ട്. ഒളിവിലേയ്ക്കുള്ള യാത്രയിലാണ് ഈ ഇഴച്ചിൽ കൂടുതലായി തോന്നുക. പക്ഷെ ആ യാത്ര അനിവാര്യവുമാണ്.  ശേഷമുള്ള കുറെ ഭാഗങ്ങൾ ഒരു നാടക സമാനമായി തോന്നി. ലൊക്കേഷനുകൾ  അധികമില്ലല്ലോ.  അതൊന്നും   സംവിധായകന്റെ കൈപ്പിഴകളല്ല. നിർമ്മാണച്ചെലവും പ്രമേയത്തിന്റെ ഗൗരവവും തമ്മിൽ വേണ്ടത്ര പൊരുത്തപെടാത്ത പരിതസ്ഥിതികളുടെ സമ്മർദ്ദത്തിലും സംവിധായകൻ സിനിമയെ അധികം പതർച്ചയില്ലാതെ വിജയത്തിലെത്തിക്കുന്നുണ്ട്. ഛായാഗ്രഹണവും ഏറെക്കുറെ കുറ്റമറ്റ രീതിയിൽ നിർവ്വഹിക്കപ്പെട്ടിട്ടുണ്ട് എന്നാണ് അതിൽ  ഗ്രാഹ്യമുള്ളവർകൂടി   അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഇതിലെ മുഖ്യ കഥാപാത്രത്തെ (അഭിമന്യു) അവതരിപ്പിച്ച നടൻ മികവുറ്റ അഭിനയമാണ് കാഴ്ച വച്ചിട്ടുള്ളത്. അദ്ദേഹം  ആദ്യമായി കാമറയ്ക്കു മുന്നിൽ എത്തിയതാണെന്നാണ് ഈ സിനിമയുടെ കാമറാമാൻ കപിൽ റോയ് പറഞ്ഞത്. എന്നാൽ ആദ്യം  കാമറയ്ക്കു മുന്നിൽ വരുന്ന ഒരാളാണെന്ന് ഒരിക്കലും തോന്നുകയില്ല. പരിചയ സമ്പന്നനായ ഒരു നടന്റെ എല്ലാ  ലക്ഷണ മികവും ഈ നടനിൽ ഉണ്ടായിരുന്നു. ആ കഥാപാത്രം എന്താണോ അതായി അങ്ങ് ജീവിക്കുകയായിരുന്നു ഈ നടൻ. മറ്റ് അഭിനേതാക്കളും  തങ്ങളുടെ വേഷങ്ങൾക്ക് കഴിയുന്നത്ര ഭാവം പകർന്നിട്ടുണ്ട്. എല്ലാവരും പുതുമുഖങ്ങളാണെങ്കിൽ കൂടിയും അത് സിനിമയുടെ കച്ചവടമൂല്യങ്ങൾക്കല്ലാതെ കലാമേന്മയ്ക്ക് ഒട്ടും കുറവു വരുത്തിയിട്ടില്ല.

സംഭാഷണങ്ങളുടെ ബാഹുല്യം   ഈ സിനിമയിലില്ല. എന്നാൾ ഉള്ളവയൊക്കെ ഉൾക്കാമ്പുള്ള വാക്കുകളാണ്. അനിവാര്യമായ സംഭാഷണങ്ങൾ മാത്രം. സംഭാഷണങ്ങൾ അതതു ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത് എഴുതിക്കാണിക്കാതെ തന്നെ ഒരു സിനിമ  ഏതു ഭാഷക്കാരനും മനസ്സിലാക്കാൻ കഴിഞ്ഞാൽ ആ സിനിമ ഭാഷാതിവർത്തിയും ദേശാതിവർത്തിയും ആകും.  പ്രമേയത്തെക്കുറിച്ച് ഒരു ചെറിയ സൂചന നൽകിയാൽ യാനം മഹായാനം എന്ന ഈ ചിത്രത്തിലെ ദൃശ്യ ഭാഷയും  അഭിനയ ഭാഷയും കൊണ്ടുതന്നെ ഏത് ഭാഷക്കാരനും ഈ സിനിമ മനസ്സിലാകും എന്നത് ഏടുത്തു പറയാവുന്ന ഒരു സവിശേഷതയാണ്.

ഒരു കാലാ രൂപത്തിന് ജനങ്ങളെ സ്വാധീനിക്കാൻ കഴിയുമോ എന്നു ചോദിച്ചാൽ  സ്വാധീനിക്കാനാകും എന്നു തന്നെ ഉത്തരം. അല്ലെങ്കിൽ പല കലാരൂപങ്ങളും നില നിൽക്കുമായിരുന്നില്ല. ഓരോ കാലത്തും ഓരോരോ കലാരൂപങ്ങൾ അതതു കാലത്തെ ജനങ്ങളെ സ്വാധീനിച്ചിരുന്നു. സിനിമയ്ക്ക് ഇത്രയും പ്രചാരം ലഭിക്കുന്നതിനു  മുമ്പ് നാടകങ്ങൾ കേരളീയ സമൂഹത്തെ ഗണ്യമായി സ്വാധീനിക്കുകയും പല സാമൂഹ്യ മാറ്റങ്ങൾക്കും കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്തിന് ഒരു കാലത്ത് കഥാപ്രസംഗങ്ങൾ പോലും-പ്രത്യേകിച്ച് വി.ശിവന്റെ-കേരള സമൂഹത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.  സിനിമയാകട്ടെ ആധുനിക കാലത്തെ ഏറ്റവും ജനപ്രിയ കലയാണ്. അത് ജങ്ങളെ ബഹുവിധം സ്വാധീനിക്കും എന്നതിൽ ആരും തർക്കിക്കും എന്ന് തോന്നുന്നില്ല.

എന്നാൽ സമൂഹത്തിനു ആശാസ്യവും അനാശാസ്യവുമായ വിധത്തിൽ ഈ ദൃശ്യകല ജനങ്ങളെ സ്വാധീനിക്കും. ആശാസ്യമല്ലാത്ത വിധം സിനിമ ജനങ്ങളെ പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും സ്വാധീനിക്കും എന്ന് ആരോപിക്കുമ്പോഴാണ് സിനിമയുടെ ചില വക്താക്കൾ സിനിമ കേവലം വിനോദോപാധിയാണെന്നും അത് ആരിലും  അത്രമേൽ തെറ്റായോ ശരിയായോ ഒരു പ്രേരണയും ചെലുത്തില്ലെന്നും വാദിക്കുന്നത്. കുട്ടികളിൽ കുറ്റവാസനയുണ്ടാക്കുന്നതിൽ സിനിമ പ്രേരകമാകുന്നുണ്ട് എന്ന ആരൊപണങ്ങൾ പലപ്പോഴും ഉയർന്നു വരാറുള്ളതാണ്. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും സിനിമയുൾപ്പെടെ അവർ ആസ്വദിക്കുന്ന കലാ രൂപങ്ങൾ പല സ്വാധീനങ്ങളും ചെലുത്തും. സിനിമകളിൽ കാണുന്ന കാര്യങ്ങൾ പലതുമാണ് ഏറ്റവും കൂടുതൽ അനുകരിക്കപ്പെടുന്നത്. അതിൽ അഭിലഷണീയമായതും അനഭിലഷണീയമായാതും കാണും.

പറഞ്ഞു വന്നത് കലാ സാഹിത്യ സൃഷ്ടികാൾക്ക് ജനങ്ങളുടെ ചിന്തകളെയും ആശയങ്ങളെയും പെരുമാറ്റങ്ങളെയും ഒക്കെ സ്വാധീനിക്കാൻ കഴിയും എന്നുതന്നെയാണ്. പരസ്യങ്ങൾ ജനങ്ങളെ സ്വാധീനിക്കുന്നില്ലെ? അല്ലെങ്കിൽ പരസ്യങ്ങളെന്തിന്? അതുപൊലെ കലയും സാഹിത്യവും മറ്റും. ദോഷവശങ്ങൾ ഏതിലുമുണ്ട്. ജീവിതം തന്നെ ഒരു അനുകരണമാണ് എന്നിരിക്കെ  കലയ്ക്കും സാഹിത്യത്തിനുമൊക്കെ ജനങ്ങളിൽ ഒരുപാട് പ്രേരണകളും കുറച്ചൊക്കെ ദുഷ്പ്രേരണകളും സൃഷ്ടിക്കാനാകും എന്ന് സാമാന്യമായി പറയാം. പ്രത്യേകിച്ച് സിനിമ, സീരിയൽ പോലുള്ള ദൃശ്യാ കലകൾ ജനങ്ങളുടെ ജീവിതത്തിൽ പല അനുരണനങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്ന യാതാർത്ഥ്യം നാം എത്രയോ കാലമായി കാണുന്നു. അതുകൊണ്ടുതന്നെ സിനിമയിൽ ഒരു നല്ല സന്ദേശമുണ്ടെങ്കിൽ അത് കാണുന്നവരെ സ്വാധീനിക്കുകതന്നെ ചെയ്യും.

യാനം മഹായാനം എന്ന സിനിമ സമൂഹത്തിന് പ്രത്യേകിച്ച് രാഷ്ട്രീയപ്രവർത്തകർക്കും രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും വ്യക്തമായ ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. ഗുണപാഠങ്ങൾ നൽകുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ നക്സലിസം പ്രമേയമാക്കി മുമ്പും പല ചിത്രങ്ങളും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ ചില  പുതിയ ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്. കാരണം തമുറകൾ മാറി മാറി വരുമ്പോൾ ചാരിത്രത്തിലെ  അനുഭവ പാഠങ്ങളും പകർന്നു നൽകിക്കൊണ്ടിരിക്കണം. 

ലോകത്ത് വിവിധ തരം തീവ്രവാദവും പൊട്ടിത്തെറികളും  തുടർന്നുകൊണ്ടിരിക്കുമ്പോൾ ഏതൊരു ചെറു സമൂഹത്തിനും സമാധാനത്തിന്റെ ഒരു സന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ അത് മഹത്തരം തന്നെ. മാത്രവുമല്ല ദേശീയ- സാർവ്വ ദേശീയ രംഗങ്ങലിലുള്ള കൊടിയ വർഗ്ഗീയ തീവ്രവാദ ഭീകരതകൾക്കിടയിൽ വാർത്തകളിൽ അത്രകണ്ട് പ്രാധാന്യം ലഭിക്കുന്നില്ലെങ്കിലും  എല്ലാത്തരം തീവ്രവാദങ്ങളുമെന്ന പോലെ ഇടതു തീവ്രവാദവും കേരളത്തിലും ഇന്ത്യയിലും അത്രമേൽ അന്യം നിന്നു പോയിട്ടില്ല എന്നുകൂടി നമ്മൾ തിരിച്ചറിയണം. തീർച്ചയായും സ്ഥിരം ചലച്ചിത്രാസ്വാദകർ മാത്രമല്ല, രാഷ്ട്രീയ പ്രവർത്തകാരും രാഷ്ട്രീയ വിദ്യാർത്ഥികളും ചരിത്ര വിദ്യാർത്ഥികളും നിർബന്ധമായും ഈ ചിത്രം കാണണം.

Friday, February 6, 2015

മഴ കാറ്റിനോട് പറഞ്ഞത്

മഴ കാറ്റിനോട് പറഞ്ഞത് 

ഇന്നലെ (2015 ഫെബ്രുവരി 5) നിലമേൽ സംസ്കാരയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കപ്പെട്ട കൊല്ലം അയനം നാടകവേദിയുടെ "മഴ കാറ്റിനോട്' പറഞ്ഞത് എന്ന നാടകം കണ്ടു. നാടകം അന്നും ഇന്നും ശക്തമായ ഒരു കലാരൂപമാണ്. അതിനു ജനങ്ങളെ സ്വാധീനിക്കാൻ കുറച്ചൊക്കെ കഴിയും എന്ന് ഇന്നും ഈയുള്ളവൻ വിശ്വസിക്കുന്നു. പ്രോഫഷണൽ ചേരുവകൾ ഉൾച്ചേർത്ത് അവതരിപ്പിച്ചതാണെങ്കിലും മഴ കാറ്റിനോട് പറഞ്ഞത് എന്ന നാടകം സംഭവ ബഹുലമായ  ഒരു ചെറുകഥപോലെ ഹൃദയ സ്പർശിയായിരുന്നു.  അവതരണ മികവുറ്റ  ഇതിന്റെ അരംഗിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!

ഈ നാടകം വർഗ്ഗീയതയ്ക്കെതിരെ ശക്തമായ സന്ദേശം നൽകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയയി ഈയുള്ളവൻ കരുതുന്നത്. ഈ നാടകത്തിന്റെ രചയിതാവ് ഹേമന്ദ് കുമാറിന്റെ സാഹിതീയമായ രചനാ പാടവം ഇതിൽ തെളിഞ്ഞു കാണാം. സംവിധായകൻ, നടീ  നടന്മാർ, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരുടെയൊക്കെ മികവ് കുറച്ചു കാണുന്നില്ലെങ്കിലും നാടക രചയിതാവ് ഈ നാടകത്തെ സംബന്ധിച്ച് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇങ്ങനെയൊരു കാലിക പ്രസക്തമായ നാടകം അവതരിപ്പിക്കുവാൻ തയ്യാറായ ഈ നാടകത്തിന്റെ മൂലധന നിക്ഷേപകനെയും അഭിനന്ദിക്കാതിരിക്കാൻ വയ്യ. കാരണം ഈ കലോപഹാരത്തെ ലാഭേച്ഛയിൽ നിർമ്മിക്കുന്ന സാധാരണ തട്ടിക്കൂട്ട് പ്രൊഫഷണൽ നാടകങ്ങളുടെ ഗണത്തിൽ പെടുത്താനാകില്ല.

ഈ നാടകത്തിന്  ഏഴ് സംസ്ഥാന അവാർഡുകൾ നേടാനായത് ഒരു അദ്ഭുതമല്ല. ഇത്തരം നാടകങ്ങളിലൂടെ നാടക കല തിരിച്ചു വരണം എന്ന് ആഗ്രഹിച്ചുപോകുകയാണ്. കുറച്ചൊക്കെ നാടകം തിരിച്ചു വന്നു തുടങ്ങുന്നതിന്റെ സൂചനകൾ ഉണ്ട്.  നാടകം, കഥാപ്രസംഗം എന്നീ കലകളിൽ നിന്ന് കേരളീയ സമൂഹം അകന്നു പോയതും നമ്മുടെ നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് ഒരു കാരണമായിട്ടുണ്ട്. ഈ നാടകം ശരിക്കും കാണേണ്ടത് നാടകോപാസകരായ സ്ഥിരം പ്രേക്ഷകർ മാത്രമല്ല; ആരുടെ മനസ്സുകളെയാണോ പരിവർത്തനപ്പെടുത്തേണ്ടത് അവരുടെ കാഴ്ചയാണ് ഈ നാടകം ആവശ്യപ്പെടുന്നത്. കടുത്ത വർഗ്ഗീയവാദികൾ ഈ നാടകം കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്. അക്കൂട്ടരിൽ ഒരാളുടെയെങ്കിലും മനസ്സ് ഇത് നൽകുന്ന സന്ദേശത്താൽ സ്വാധീനിക്കപ്പെട്ടാൽ അത്രയും ആശ്വാസമാകുമായിരുന്നു.

പക്ഷെ വർഗ്ഗീയ വാദികൾ ഒരിക്കലും കലോപാസകർ ആയിരിക്കില്ലല്ലോ. അവർ നാടകത്തിന്റെയെന്നു മാത്രമല്ല മനുഷ്യ മനസ്സുകളെ സംസ്കരിക്കുവാൻ കഴിയുന്ന ഒരു കലാ-സാഹിത്യ രൂപങ്ങളും അവരെ ആകർഷിക്കില്ല. എങ്കിലും  മനുഷ്യ സ്നേഹത്തിലും  മതമൈത്രിയിലും മാനവികതയിലും വിശ്വസിക്കുന്നവർ ഇത്തരം കലോപഹാരങ്ങൾ പരമാവധി ജനങ്ങൾക്കിടയിൽ എത്തിക്കാൻ ശ്രമിക്കുന്നത് മഹത്തായൊരു  രാഷ്ട്രസേവനമയിരിക്കും. പുരോഗമനോന്മുഖമായ ഒരു സാംസ്കാരിക വിപ്ലവത്തിലൂടെ കേരള ജനതയെ സമുദ്ധരിച്ച് നാം മുമ്പേ ആർജ്ജിച്ച  നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമാക്കി വീണ്ടും പരുവപ്പെടുത്തുവാൻ ബോധപൂർവ്വമായിത്തന്നെ  കലാ സാഹിത്യ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടിയിരിക്കുന്നു.

Thursday, December 18, 2014

പേരറിവാളൻ: വൈജ്ഞാനിക മൂല്യമുള്ള ഒരു നാടക ശില്പം

പേരറിവാളൻ: വൈജ്ഞാനിക മൂല്യമുള്ള ഒരു നാടക ശില്പം

കിളിമാനൂർ കല ഫിനാൻസ് സൊസൈറ്റിയുടെ ഈ വർഷത്തെ ആദ്യ പ്രോഗ്രാം കോഴിക്കോട് ഹിറ്റ്സ് അവതരിപ്പിച്ച 'പേരറിവാളൻ'  എന്ന നാടകമായിരുന്നു. കോഴിക്കോട് ഹിറ്റ്സ് അവതരിപ്പിച്ച 'പേരറിവാളൻ' എന്ന നാടകം അങ്ങനെ ഈയുള്ളവനും കാണാൻ തരപ്പെട്ടു. ഈ നാടകം എങ്ങനെയുണ്ടായിരുന്നു എന്നു ചോദിച്ചാൽ  എനിക്ക് ഇഷ്ടമായി എന്ന് ഒറ്റവാക്കിൽ പറയും. ഒരു കലാ സൃഷ്ടി നന്നായിരുന്നു എന്നതുകൊണ്ട് എല്ലാവരും അത് ഇഷ്ടപ്പെടണം എന്നില്ല. നന്നായില്ല എന്നതുകൊണ്ട് ചിലർക്കെങ്കിലും അത് ഇഷ്ടപ്പെട്ടുകൂടാതെയുമില്ല. കാരണം ആളുകളുടെ അഭിരുചികൾ വ്യത്യസ്തമാണ്. ഈയുള്ളവന്റെ അഭിരുചികളും കലാസൃഷ്ടികളോടുള്ള കാഴ്‌ചപ്പാടുകളും  വച്ച് നോക്കുമ്പോൾ പേരറിവാളൻ ഒരു നല്ല നാടകം ആയിരുന്നു.

ഒരു എന്റർടൈൻ മെന്റ് എന്നതിലുപരി ഗൗരവമുള്ള കാഴ്ചയെ ആവശ്യപ്പെടുന്ന ഒരു നാടകമാണ് പേരറിവാളൻ. കാരണം ഇതിന്റെ പ്രമേയവും അവതരണവും  ഇത് പ്രേക്ഷകർക്ക് നൽകുന്ന സന്ദേശവും  മറ്റ് പ്രൊഫഷണൽ നാടകങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നാണ്. . ഇത് ഒരു തട്ടിക്കൂട്ട് നാടകമല്ല. പ്രൊഫഷണൽ നാടകം എന്നാൽ കച്ചവട നാടകമാണ്. അത് ഒരു ഉല്പന്നമാണ്. വിപണിയും ലാഭവും അതിന്റെ ലക്ഷ്യമാകുന്നത് സ്വാഭാവികം.  പേരറിവളൻ എന്ന നാടകവും ഒരു പ്രൊഫഷണൽ നാടകം തന്നെയാണ്. എന്നാൽ ഇതിന്റെ വിപണന മൂല്യം ഇവിടെ പരിശോധിക്കുന്നില്ല. നമ്മുടെ ഉത്സപ്പറമ്പുകളും ഫിനാൻസ് സൊസൈറ്റികളുമൊക്കെ ഈ നാടകത്തിന് എത്രകണ്ട് വേദിനൽകും എന്നറിയില്ല. ഇതിന്റെ കലാമൂല്യവും വൈജ്ഞാനികമൂല്യവും ചരിത്ര മൂല്യവും വച്ചാണ് ഈ നാടകത്തെ വിലയിരുത്തേണ്ടതെന്നാണ് ഈയുള്ളവന്റെ വിനീതമായ അഭിപ്രായം. ഇത് കലമുല്യമുൾക്കൊള്ളുന്ന ഒരു നാടക ശില്പമാണ്. ഇതിന്റെ വൈജ്ഞാനികവും ചരിത്രപരവുമായ മൂല്യവും വളരെ വലുതാണ്. കാരണം ഒരു ചരിത്ര സംഭവമാണ് ഈ നാടകത്തിന് വിഷയീഭവിച്ചിട്ടുള്ളത്. നാടക രചയിതാവിന് ആദ്യം തന്നെ നല്ലൊരു മാർക്ക് നൽകേണ്ടിയിരിക്കുന്നു. കാരണം വിഷയം ഒരു ചരിത്ര സംഭവം എന്ന നിലയ്ക്ക് ഈ നാടകരചനയ്ക്ക് വേണ്ടി നല്ലൊരു ഗവേഷണവും ഹോം വർക്കും നടന്നിട്ടുണ്ട്.

സംഭാഷണങ്ങളിലൂടെയാണല്ലോ നാടകത്തിന്റെ വിഷയം പ്രധാനമായും ജനങ്ങളിൽ എത്തുന്നത്. തമിഴ് പശ്ചാത്തലമുള്ള ഒരു പ്രമേയം മലയാള നാടകമയി അവതരിപ്പിക്കുമ്പോൾ ഉണ്ടാകാവുന്ന പരിമിതികളെ നന്നായി മറികടക്കാൻ ഈ നാടകത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഡയലോഗ് പ്രസന്റേഷൻ നന്നായി നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. പ്രൊഫഷണൽ നാടകങ്ങൾ എല്ലാം തന്നെ പരമാവധി സങ്കേതങ്ങൾ  പ്രയോജനപ്പെടുത്തുന്നവയാണ്. സാങ്കേതിക സംവിധാനം ഉൾപ്പെടെയുള്ള നാടകത്തിന്റെ സംവിധാനം മൊത്തത്തിൽ മികവുറ്റതായിട്ടുണ്ട്. ഇപ്പോൾ മിക്കവാറും 4:2 എന്ന അനുപാതത്തിലാണ് പ്രൊഫഷണൽ നാടക സമിതികൾ നടീനടന്മാരെ വയ്ക്കുന്നത്.  അതുകൊണ്ടു തന്നെ മാറിമറിഞ്ഞു വരുന്ന കഥാപാത്രങ്ങളെ ഈ നാലേ ഈസ്റ്റു രണ്ടിൽ പെടുന്നവർ തന്നെ അവതരിപ്പിക്കുകയേ നിവൃത്തിയുള്ളൂ. പക്ഷെ ഈ ആർട്ടിസ്റ്റുകൾ വളരെ നല്ല നിലയിൽ തന്നെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ഇത് അഭിനയ കലയിൽ ഈ നടീ നടന്മാർക്കുള്ള കഴിവ് തെളിയിക്കുന്നതായി. എന്നാൽ ഒരു രംഗത്ത് പേരറിവാളന്റെ ചെറുപ്പവും വാർദ്ധക്യവും ഒരേ രംഗത്ത് കാണിക്കേണ്ടി വന്നപ്പോൾ വാർദ്ധക്യം മറ്റൊരു നടനിലൂടെ അവതരിപ്പിക്കേണ്ടി വന്നു. ആ സീൻ ഒരു പൊരുത്തക്കേടായി ഫീൽ ചെയ്തു. പക്ഷെ അവിടെ മറ്റ് മർഗ്ഗങ്ങൾ ഇല്ല. പേരറിവാളനും കാമുകിയും തമ്മിലുള്ള ആ സൈക്കിൾ യാത്രാ രംഗങ്ങളും പാട്ടും വളരെ ആസ്വാദ്യകരമായി. ഒരു സംവിധായകന്റെ കഴിവും കൗശലവും വെളിപ്പെടുത്തുന്നതായി ഈ രംഗങ്ങൾ.

ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധി ജവഹർലാൽ നെഹ്റുവിനെ പോലെ ഒരു പ്രതിഭാധനനോ ഇന്ദിരാ ഗാന്ധിയെ പോലെ ഒരു രാഷ്ട്രീയ തന്ത്രജ്ഞതയുള്ള ഒരു രാഷ്ട്രീയ പ്രതിഭയോ ആയിരുന്നില്ല. എന്നാൽ ഇന്ത്യയെ കുറിച്ച് മഹത്തായ ലക്ഷ്യങ്ങളുള്ള ഒരു നല്ല പ്രധാന മന്ത്രിയായിരുന്നു രാജീവ് ഗാന്ധി. പക്വമാർന്ന ആ വ്യക്തിത്വം പക്വമാർന്ന ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രതീകമായിരുന്നു. പക്വമാർന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന് അനുയോജ്യമായ ഒരു വ്യക്തിത്വം അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.   രാജീവ് ഗാന്ധിവധം ഇന്ത്യയുടെ ഒരു ദേശീയ ദുരന്തമായിരുന്നു. അത് ഒരു വലിയ  ചരിത്ര ദുരന്തവും ആയിരുന്നു. അദ്ദേഹത്തിന്റെ വധത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ഗതി മാറിയെന്നു മാത്രമല്ല അനഭിലഷണീയമായ വഴികളിലൂടെയായി ഇന്ത്യയുടെ പിന്നീടുള്ള സഞ്ചാരം. ഇന്ത്യൻ സെക്യുലറിസത്തിനു കടുത്ത ഭീഷണികൾ നേരിട്ട് തുടങ്ങിയത് രാജീവ് ഗാന്ധിയുടെ മരണ ശേഷമാണ്. ചില വ്യക്തികളുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും ചരിത്രത്തെ ഗുണകരമായും ദോഷകരമായും സ്വാധീനിക്കും.

രാജീവ് ഗാന്ധി വധം സംബന്ധിച്ച ദുരൂഹതകളും വിവാദങ്ങളും ഇന്നും തുടരുകയാണ്. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട ഒരു ഏട് നാടകമാക്കുമ്പോൾ അതിന്റെ വൈജ്ഞാനിക മൂല്യവും ചരിത്ര മൂല്യവും നാം മുഖവില‌യ്ക്കെടുക്കേണ്ടതുണ്ട്. വിജ്ഞാന ദാഹികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഈ നാടകം ഒരു മുതൽക്കൂട്ടാണ്. ആർട്ടിസ്റ്റുകളുമായുള്ള ഒരു നിശ്ചിത കാലത്തേയ്ക്കുള്ള എഗ്രിമെന്റ് പീര്യീഡു വരെ മാത്രമേ ഒരു പ്രൊഫഷണൽ നാടകത്തിനു നില നില്പു‌ള്ളൂ. അതുകൊണ്ടു തന്നെ ഈ നാടകത്തിന്റെ പുസ്തക രൂപവും വീഡിയോ ചിത്രീകരണവും നിർമ്മിക്കുന്നത് വിജ്ഞാന കുതുകികൾക്ക് ഭാവിയിൽ ഉപകാര പ്രദമാകും. നമ്മുടെ നിയമ നീതി സംവിധാനങ്ങളുടെ നെഗറ്റീവ് വശങ്ങൾ സംബന്ധിച്ച ചില ഗൗരവതരമായ സന്ദേശങ്ങൾ ഈ നാടകം നൽകുന്നുണ്ട്. പൊളിച്ചെഴുതപ്പെടേണ്ട നിയമങ്ങളും മാറ്റി  മറിക്കേണ്ട നീതിന്യായ സമ്പ്രദായങ്ങളും സംബന്ധിച്ച അവബോധം പ്രേക്ഷകരിൽ സൃഷ്ടിക്കുവാൻ ഈ നാടകത്തിനു കഴിയുന്നുണ്ട്.  പ്രേക്ഷകരുടെ മാനസികവും വൈകാരികവുമായ തലങ്ങളെ എങ്ങനെ സ്പർശിക്കുന്നെവെന്നത് ഒരു കലാരൂപത്തെ സംബന്ധിച്ച് പ്രധാനമാണ്. ആ നിലയിൽ പേരറിവാളൻ ഒരു വലിയ വിജയമാണ്. വികാര തീവ്രമായ ഒരു ആസ്വാദന തലത്തിലേയ്ക്ക് പ്രേക്ഷകരെ നയിക്കുവാൻ ഈ നാടകത്തിനു കഴിയുന്നുണ്ട്. പ്രേക്ഷകരെ പോസിറ്റീവാ‌യി സ്വാധീനിക്കുവാൻ ഈ നാടകത്തിനു കഴിയുന്നു.

നർമ്മത്തിന്റെ മേമ്പൊടി ഈ നടകത്തിനില്ലാത്തത് ഒരു പോരായ്മയേ ആയി തോന്നിയില്ല. കാരണം ഇത് നർമ്മത്തിൽ ചാലിച്ചെടുക്കാൻ പറ്റിയ ഒരു പ്രമേയമല്ല. ഗൗരവതരമായ നിർമ്മാണം, ഗൗരവതര‌മായ രചന, ഗൗരവതരമായ സംവിധാനം, ഗൗരവ തരമായ ആസ്വാദനം എന്നിവ ആവശ്യപ്പെടുന്ന ഒരു പ്രമേയമാണ് ഈ നാടകത്തിനുള്ളത്. അതുകൊണ്ടുതന്നെ പ്രൊഫഷണൽ എന്നതിനപ്പുറം  സാമൂഹ്യ ബോധമുള്ള ഒരു നാടക സങ്കല്പം ഇതിന്റെ ശില്പികൾക്ക് ഉണ്ട് എന്നത് അഭിനന്ദനാർഹമാണ്. വിപണന സാദ്ധ്യതകൾ സംബന്ധിച്ച ഉൽക്കണ്ഠകൾ ഇല്ലാതെ സാഹസികമായി നിർവഹിച്ച ഒരു കലാ പ്രവർത്തനം എന്ന നിലയ്ക്കുള്ള അംഗീകാരം ഇതിനു വേണ്ടി പണം മുടക്കിയ നാടക മുതലാളിയ്ക്ക് നൽകിയേ മതിയാകൂ. എന്തായാലും അനീതികൾക്കെതിരെ രോഷാകുലമാകുന്ന ഒരു മാനസികാവസ്ഥ പ്രേക്ഷകനിൽ സൃഷ്ടിക്കുവാൻ കരുത്തുള്ള ഒരു നാടക ശില്പമാണ് പേരറിവാളൻ. ഇതിന്റെ അരംഗിലും അണിയറയിലും പ്രവർത്തിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ!