Friday, February 6, 2015

മഴ കാറ്റിനോട് പറഞ്ഞത്

മഴ കാറ്റിനോട് പറഞ്ഞത് 

ഇന്നലെ (2015 ഫെബ്രുവരി 5) നിലമേൽ സംസ്കാരയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കപ്പെട്ട കൊല്ലം അയനം നാടകവേദിയുടെ "മഴ കാറ്റിനോട്' പറഞ്ഞത് എന്ന നാടകം കണ്ടു. നാടകം അന്നും ഇന്നും ശക്തമായ ഒരു കലാരൂപമാണ്. അതിനു ജനങ്ങളെ സ്വാധീനിക്കാൻ കുറച്ചൊക്കെ കഴിയും എന്ന് ഇന്നും ഈയുള്ളവൻ വിശ്വസിക്കുന്നു. പ്രോഫഷണൽ ചേരുവകൾ ഉൾച്ചേർത്ത് അവതരിപ്പിച്ചതാണെങ്കിലും മഴ കാറ്റിനോട് പറഞ്ഞത് എന്ന നാടകം സംഭവ ബഹുലമായ  ഒരു ചെറുകഥപോലെ ഹൃദയ സ്പർശിയായിരുന്നു.  അവതരണ മികവുറ്റ  ഇതിന്റെ അരംഗിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!

ഈ നാടകം വർഗ്ഗീയതയ്ക്കെതിരെ ശക്തമായ സന്ദേശം നൽകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയയി ഈയുള്ളവൻ കരുതുന്നത്. ഈ നാടകത്തിന്റെ രചയിതാവ് ഹേമന്ദ് കുമാറിന്റെ സാഹിതീയമായ രചനാ പാടവം ഇതിൽ തെളിഞ്ഞു കാണാം. സംവിധായകൻ, നടീ  നടന്മാർ, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരുടെയൊക്കെ മികവ് കുറച്ചു കാണുന്നില്ലെങ്കിലും നാടക രചയിതാവ് ഈ നാടകത്തെ സംബന്ധിച്ച് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇങ്ങനെയൊരു കാലിക പ്രസക്തമായ നാടകം അവതരിപ്പിക്കുവാൻ തയ്യാറായ ഈ നാടകത്തിന്റെ മൂലധന നിക്ഷേപകനെയും അഭിനന്ദിക്കാതിരിക്കാൻ വയ്യ. കാരണം ഈ കലോപഹാരത്തെ ലാഭേച്ഛയിൽ നിർമ്മിക്കുന്ന സാധാരണ തട്ടിക്കൂട്ട് പ്രൊഫഷണൽ നാടകങ്ങളുടെ ഗണത്തിൽ പെടുത്താനാകില്ല.

ഈ നാടകത്തിന്  ഏഴ് സംസ്ഥാന അവാർഡുകൾ നേടാനായത് ഒരു അദ്ഭുതമല്ല. ഇത്തരം നാടകങ്ങളിലൂടെ നാടക കല തിരിച്ചു വരണം എന്ന് ആഗ്രഹിച്ചുപോകുകയാണ്. കുറച്ചൊക്കെ നാടകം തിരിച്ചു വന്നു തുടങ്ങുന്നതിന്റെ സൂചനകൾ ഉണ്ട്.  നാടകം, കഥാപ്രസംഗം എന്നീ കലകളിൽ നിന്ന് കേരളീയ സമൂഹം അകന്നു പോയതും നമ്മുടെ നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് ഒരു കാരണമായിട്ടുണ്ട്. ഈ നാടകം ശരിക്കും കാണേണ്ടത് നാടകോപാസകരായ സ്ഥിരം പ്രേക്ഷകർ മാത്രമല്ല; ആരുടെ മനസ്സുകളെയാണോ പരിവർത്തനപ്പെടുത്തേണ്ടത് അവരുടെ കാഴ്ചയാണ് ഈ നാടകം ആവശ്യപ്പെടുന്നത്. കടുത്ത വർഗ്ഗീയവാദികൾ ഈ നാടകം കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്. അക്കൂട്ടരിൽ ഒരാളുടെയെങ്കിലും മനസ്സ് ഇത് നൽകുന്ന സന്ദേശത്താൽ സ്വാധീനിക്കപ്പെട്ടാൽ അത്രയും ആശ്വാസമാകുമായിരുന്നു.

പക്ഷെ വർഗ്ഗീയ വാദികൾ ഒരിക്കലും കലോപാസകർ ആയിരിക്കില്ലല്ലോ. അവർ നാടകത്തിന്റെയെന്നു മാത്രമല്ല മനുഷ്യ മനസ്സുകളെ സംസ്കരിക്കുവാൻ കഴിയുന്ന ഒരു കലാ-സാഹിത്യ രൂപങ്ങളും അവരെ ആകർഷിക്കില്ല. എങ്കിലും  മനുഷ്യ സ്നേഹത്തിലും  മതമൈത്രിയിലും മാനവികതയിലും വിശ്വസിക്കുന്നവർ ഇത്തരം കലോപഹാരങ്ങൾ പരമാവധി ജനങ്ങൾക്കിടയിൽ എത്തിക്കാൻ ശ്രമിക്കുന്നത് മഹത്തായൊരു  രാഷ്ട്രസേവനമയിരിക്കും. പുരോഗമനോന്മുഖമായ ഒരു സാംസ്കാരിക വിപ്ലവത്തിലൂടെ കേരള ജനതയെ സമുദ്ധരിച്ച് നാം മുമ്പേ ആർജ്ജിച്ച  നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമാക്കി വീണ്ടും പരുവപ്പെടുത്തുവാൻ ബോധപൂർവ്വമായിത്തന്നെ  കലാ സാഹിത്യ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടിയിരിക്കുന്നു.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

മനുഷ്യ സ്നേഹത്തിലും മതമൈത്രിയിലും മാനവികതയിലും വിശ്വസിക്കുന്നവർ ഇത്തരം കലോപഹാരങ്ങൾ പരമാവധി ജനങ്ങൾക്കിടയിൽ എത്തിക്കാൻ ശ്രമിക്കുന്നത് മഹത്തായൊരു രാഷ്ട്രസേവനമയിരിക്കും. പുരോഗമനോന്മുഖമായ ഒരു സാംസ്കാരിക വിപ്ലവത്തിലൂടെ കേരള ജനതയെ സമുദ്ധരിച്ച് നാം മുമ്പേ ആർജ്ജിച്ച നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമാക്കി വീണ്ടും പരുവപ്പെടുത്തുവാൻ ബോധപൂർവ്വമായിത്തന്നെ കലാ സാഹിത്യ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടിയിരിക്കുന്നു.
Posted by ഇ.എ.സജിം തട്ടത്തുമല at