Friday, January 31, 2014

നാടകങ്ങൾ വീണ്ടും കലാപങ്ങളായി മടങ്ങി വരണം

2013 ഡിസംബർ ലക്കം തരംഗിണി ഓൺലെയിൻ മസികയിൽ എഴുതിയ ലേഖനം


നാടകങ്ങൾ വീണ്ടും കലാപങ്ങളായി മടങ്ങി വരണം

`കെ.പി.എ.സി-യുടെ പുതിയ നാടകം ‘നീലക്കുയിൽ’ കണ്ടു. ഇഷ്ടമായി. നല്ല ആവിഷ്കാരം. ഉറൂബിന്റെ നോവലിനെ ആധാരമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത പ്രശസ്ത സിനിമയായ നീലക്കുയിലിന്റെ നാടകീയാവിഷ്ക്കാരമാണ് ഈ പുതിയ നാടകം. ഒരു സിനിമ നാടകമാക്കുമ്പോൾ സിനിമയെ അപേക്ഷിച്ച് നാടകത്തിന് ചില പരിമിതികൾ ഉണ്ട്. എന്നാൽ ആ പരിമിതികളെ ഏറെക്കുറെ തരണം ചെയ്ത് ഉറൂബിന്റെ മൂല കൃതിയുടെയും സിനിമയുടെയും പ്രധാന പ്രമേയം അതിന്റെ എല്ലാ വൈകാരിക ഭാവങ്ങളോടെയും  കാണികൾക്കു മുന്നിൽ എത്തിക്കുവാൻ നാടകത്തിനു കഴിഞ്ഞു. നാടകത്തിന്റെ സന്ദേശം ശക്തമായിത്തന്നെ കാണികളുടെ മനസിലേയ്ക്ക് കടത്തി വിടുന്നതിൽ ഈ നാടകം വിജയം കണ്ടു. തിന്മകളെ തിരസ്കരിക്കുവാനും നന്മകളെ സ്വാംശീകരിക്കുവാനുമുള്ള ആഹ്വാനം ഇതിന്റെ മൂല കൃതിയിൽ തന്നെ ഉൾച്ചേർന്നിരിക്കുന്നതാണ്. അതിൽ ഒട്ടും ചോർച്ചയില്ലാതെ നാടകീയാവിഷ്കാരം നിർവ്വഹിക്കുവാൻ കഴിഞ്ഞു എന്നതിൽ ഇതിന്റെ ശില്പികൾക്ക് ആശ്വസിക്കാവുന്നതാണ്, അഭിമാനിക്കാവുന്നതാണ്.  കെ.പി.എ.സിയുടെ എല്ലാ നാടകങ്ങളും ഓരോന്നും ഓരോന്നിന്റേതായ മികവ് പുലർത്തുന്നവയാണ്. നീലക്കുയിലും അതെ. അതിലെ എല്ലാ കഥാപാത്രങ്ങളെയും തനത് രൂപഭാവങ്ങളോടെ തന്നെ അരങ്ങിലെത്തിക്കാൻ നാടക രചയിതാവിനും സംവിധായകനും നടന്മാർക്കും മറ്റ് അണിയറ ശില്പികൾക്കും  കഴിഞ്ഞു. സുരേഷ് ബാബു ശ്രീസ്ഥയാണ് നീലക്കുയിലിന്റെ  നാടകരൂപാന്തരീകരണത്തിന്റെ രചനാകർമ്മം നിർവ്വഹിച്ചിരിക്കുന്നത്. മനോജ് നാരായണൻ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

കേരളീയ ജനതയെ ഒരു കാലത്ത് ഏറെ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ പരിഷ്കരണങ്ങൾക്കും രാഷ്ട്രീയ മാറ്റങ്ങൾക്കും ഉത്തേജക ഔഷധമായി വർത്തിക്കുകയും ചെയ്ത നാടകം എന്ന രംഗകലയുടെ ശക്തി വിളിച്ചറിയിക്കുന്നതായി കെ.പി.എ.സിയുടെ ഈ പുതിയ നാടകം  നീലക്കുയിൽ.  ഓരോ  കാഴ്ചക്കാരനും  ഈ നാടകം അത്യന്തം  വൈകാരിക തീവ്രതയോടെ കനിവു നിറഞ്ഞ മനസ്സും  ഈറനണിഞ്ഞ കണ്ണുകളുമായി  കണ്ടിരിക്കുകയും നന്മയുടെ- മാനുഷിക മൂല്യങ്ങളുടെ  അംശങ്ങളെ സ്വമനസ്സുകളിലേയ്ക്ക് ആവാഹിച്ചുകൊണ്ടു  പോകുകയും ചെയ്യും. ഈ നാടകം ഉയർത്തിപ്പിടിയ്ക്കുന്ന മാനുഷിക മൂല്യങ്ങൾ സമൂഹത്തിന്റെ മുദ്രാവാക്യങ്ങളാക്കി മാറ്റാനുള്ള കരുത്ത് ഈ നാടകത്തിനും അതു നൽകുന്ന സന്ദേശത്തിനുമുണ്ട്. ദുരഭിമാനത്തിനും കപടസദാചാ‍ര ബോധത്തിനും നേർക്ക് മൂലകൃതി നിവർത്തിപ്പിടിക്കുന്ന കണ്ണാടി നാടകത്തിലും അതേപടി ആവിഷ്കരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

ഇന്നത്തെ കുട്ടികളെയും കൌമാരക്കാരെയും യുവതയെയുമൊക്കെ നീലക്കുയിൽ പോലുള്ള നാടകങ്ങൾ കാണിക്കുകതന്നെ വേണം. നന്മ തിന്മകളെ വേർതിരിച്ചറിയുവാനും മാനുഷിക മൂല്യങ്ങളെ അവരുടെ മനസ്സുകളിലേയ്ക്ക് സന്നിവേശിപ്പിക്കുവാനും നീലക്കുയിൽ പോലുള്ള നാടകങ്ങൾക്കു കഴിയും. എന്നാൽ നിർഭാഗ്യവശാൽ പുത്തൻ തലമുറ നാടകത്തോട് വേണ്ടത്ര ആഭിമുഖ്യം പുലർത്തുന്നില്ല. കാണികളിൽ ബഹുഭൂരിപക്ഷവും മദ്ധ്യവയസ്സ് പിന്നിട്ടവരായിരുന്നു. നാടകത്തോട് പുത്തൻ തലമുറയെ അടുപ്പിക്കുന്നത് നന്നായിരിക്കും. കാരണം ജനങ്ങളെ പ്രായഭേദമെന്യേ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ ഒരു കലാരൂപമാണ് നാടകം. ഇന്നത്തെ ഏറ്റവും വലിയ ജനകീയ മാധ്യമം സിനിമ തന്നെ. ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്ന മാധ്യമവുമാണ് സിനിമ. സിനിമ പ്രചാരം നേടുന്നതിനു മുമ്പ് ജനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്നത് നാടകമാണ്. ഇന്നും നാടകത്തിന് സിനിമയെക്കാൾ കൂടുതൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയും എന്ന് കരുതാനും ന്യായങ്ങളുണ്ട്. കാരണം ആസ്വാദകരായ ജനങ്ങളോട് സിനിമയെക്കാൾ ഏറെ അടുത്തു നിൽക്കുന്ന മാധ്യമമാണ് നാടകം. അവിടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് അഭിനേതാക്കൾ നേരിട്ട് ജനങ്ങൾക്ക് മുന്നിൽ നിന്നാണ്. അതുകൊണ്ടുതന്നെ നാടകത്തിന്റെ വൈകാരിക മുഹൂർത്തങ്ങൾ ജനങ്ങൾക്ക് പൂർണ്ണാർത്ഥത്തിൽ അനുഭവിക്കുവാൻ കഴിയും.

കച്ചവടതാല്പര്യം മാത്രം മുൻനിർത്തി ഇറക്കുന്ന തട്ടിക്കൂട്ട് നാടകങ്ങളിലും നന്മകളുടെ വിജയങ്ങൾ തന്നെയാകും ഘോഷിക്കുക. എങ്കിലും അവയിലൊക്കെ അറിഞ്ഞോ അറിയാതെയോ ധാരാളം പ്രതിലോമതകൾ കടന്നുകൂടിയിരിക്കും. ജനങ്ങൾക്ക് കൈമാറാൻ വലിയ സന്ദേശങ്ങളൊന്നും അവയ്ക്ക് ഉണ്ടാകില്ല. വെറും ഒരു നേരം പോക്ക്. എന്നാൽ പ്രൊഫഷണൽ സ്വഭാവത്തിലുള്ളവയാണെങ്കിലും എല്ലാ നാടകങ്ങളും അങ്ങനെയല്ല. ചിലതൊക്കെ നല്ല നിലവാരം പുലർത്തുന്നവയായിരിക്കും. സിനിമകളുടെയും  ടി.വി സീരിയലുകളുടെയും കുത്തൊഴുക്കിൽ നാടകത്തോട് പൊതു സമൂഹത്തിനുള്ള ആഭിമുഖ്യം കുറഞ്ഞു. ഇത് നമ്മുടെ സമൂഹത്തിന്റെ മൂല്യ ബോധത്തെയും രാഷ്ട്രീയ ബോധത്തെയുമൊക്കെ ദുർബ്ബലപ്പെടുത്തിയിട്ടുണ്ട്. കാരണം കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവുമായ മൂല്യ ബോധം വളർത്തുന്നതിൽ നാടകങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കുന്നതിൽ വരെ കെ.പി.എ.സി നാടകങ്ങൾ ചെലുത്തിയിട്ടുള്ള സ്വാധീനം കേരളത്തിന്റെ ചരിത്ര രേഖകളിൽത്തന്നെ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. നാടകങ്ങൾക്ക് ഇനിയും നമ്മുടെ സമൂഹത്തെ ഉടച്ചുവാർക്കാനാകും. അതിന് നാടകങ്ങളുടെ ഒരു വസന്തകാലം ഇവിടെ തിരിച്ചു വരണം. ഒരു പുതിയ നാടക സംസ്കാരം വളർത്തിക്കൊണ്ടു വരണം. നാടകാസ്വാദനത്തിൽ താല്പര്യമുള്ളവരായി നമ്മുടെ ജനങ്ങളെ പരുവപ്പെടുത്തണം.

നമ്മുടെ സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പല മൂല്യങ്ങളെയും തിരികെ കൊണ്ടു വരുവാൻ നാടകങ്ങൾക്ക് കഴിയും. സിനിമയ്ക്ക് കഴിയാത്തതുകൂടി നാടകത്തിനു കഴിയും. നാടകം ഒരേസമയം കലയും കലാപവുമാണ്. അന്നും ഇന്നും എന്നും. സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ശക്തമായ പ്രതികരണങ്ങളാണ് നാടകങ്ങൾ. ഓരോ നാടകവും ഓരോ സമരമാണ്, പോരാട്ടമാണ്. പലപ്പോഴും അത് കലാപമായും മാറുന്നു. കലയിലൂടെയുള്ള കലാപത്തിലൂടെ രക്തരഹിതമായ വിപ്ലവങ്ങളിലേയ്ക്ക് സമൂഹത്തെ ആനയിക്കാൻ കഴിയും. ഇനിയും നമ്മുടെ സമൂഹത്തിൽ പുതിയൊരു സാംസ്കാരിക വിപ്ലവം അനിവാര്യമാക്കുന്ന സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. നിരവധി പോരാട്ടങ്ങളിലൂടെ നാം നേടിയ സാമൂഹ്യ പരിഷ്കരണങ്ങളെ വൃഥാവിലാക്കും വിധം  സമൂഹം പിന്നോട്ടടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ അപകടങ്ങൾ തരണം ചെയ്യാൻ നാടകം പോലുള്ള ജനകീയ കലാ മധ്യമങ്ങളെ സമരായുധങ്ങളായി നാം വീണ്ടും ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഒരു ഉത്സവകാല വരുമാന മാർഗ്ഗമായും ഉത്സവപ്പറമ്പുകളിൽ നേരം പുലർത്താൻ വേണ്ടിയും ഉള്ള ഒരു ഉപാധി എന്ന നിലയിൽ പരിമിതപ്പെട്ടുപോയ നാടകകലയെ നമുക്ക് പഴയ പ്രതാപങ്ങളോടെ തിരിച്ചു പിടിച്ച് സാമൂഹ്യ നന്മയ്ക്ക് ഉപയോഗിക്കാൻ ഇനിയും വൈകരുത്. നാടകം മാത്രമല്ല, പല കലാരൂപങ്ങളെയും നാം പുനരുജ്ജീവിപ്പിയ്ക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ നന്മയ്ക്ക് സിനിമയ്ക്കും സീരിയലുകൾക്കും മാത്രമായി കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കാലം തെളിയിച്ചിരിക്കുന്നു. വെറും വിനോദോപാധികൾ എന്നതിലപ്പുറം കലയും സാഹിത്യവും എല്ലാം സമൂഹ്യ പുരോഗതിയ്ക്ക് പ്രേരക ശക്തികളായി ഇനിയും മാറണം.

3 comments:

ASOKAN T UNNI said...


ഇന്ന് ടി ഡി എം ഹാളിൽ (എറണാകുളം)ബീമിന്റെ BANK EMPLOYEES ARTS MOVEMENT പ്രതിമാസ പരിപാടിയായി ഈ നാടകം അവതരിപ്പിച്ചിരുന്നു;തിങ്ങി നിറഞ്ഞ സദസ്സിൽ...
തട്ടിക്കൂട്ട് കോലം കെട്ട് ചെണ്ട കുരുത്തോല അവനവൻസേവ സംസ്കൃത വിദേശ പരീക്ഷണ നാടകാസംബന്ധങ്ങൾക്കിടയിൽ നീലക്കുയിൽ തികച്ചും ഒരാശ്വാസമായിരുന്നു..

Manoj Vellanad said...

ഈ ഉത്സവത്തിനെങ്കിലും ഒരു നാടകം ഉണ്ടായിരുന്നെങ്കില്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

എവെടെ...?
ഇമ്മടെ നാടല്ലേ ...മൊത്തം നാടകമാടുന്ന നാട്..!