Tuesday, October 23, 2012

വിശ്വാസം, അതല്ലല്ലോ എല്ലാം

വിശ്വാസം; അതല്ലല്ലോ എല്ലാം

തിരുവിതാംകൂർ ദേവസ്വം ബോർഡിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാൻ വോട്ടു ചെയ്യണമെങ്കിൽ  നിയമസഭയിൽ ദൃഢപ്രതിജ്ഞയെടുത്ത എം.എൽ.എ മാർ ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കണമെന്ന് സർക്കാർ ഓർഡിനൻസിറക്കി. കൂടുതൽ ഹൈന്ദവ എം.എൽ.എമാർ ഇപ്പോൾ ഇടതുപക്ഷത്താണുള്ളത്. ഈ പ്രതിസന്ധി മറികടക്കുവാനുള്ള യു.ഡി.എഫിന്റെ കുറുക്കുവഴിയാണ് പുതിയ നിയമം എന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും മനസിലാകും. ഇത്തരുണത്തിൽ ഈ സർക്കാരിനു പ്രതിപക്ഷത്തൊടുള്ള ചില  കടപ്പാടുകൾ  ഓർക്കുന്നത് നല്ലതാണ്. സത്യത്തിൽ ഇപ്പോൾ യു.ഡി.എഫ് സർക്കാർ ഭരണം തുടരുന്നതുതന്നെ എൽ.ഡി.എഫിന്റെ ഔദാര്യത്തിലാണ്. കാരണം ഭരണപക്ഷത്തുനിന്ന് ചാടിവരാൻ തയ്യാറുള്ള ഘടകകക്ഷികൾ ചിലതെങ്കിലും ഉണ്ട്.

എന്നാൽ കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും മറ്റും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച്  അധികാരം നേടാൻ എൽ.ഡി.എഫിന്റെ  പോളിസി അനുവദിക്കുന്നില്ല. ഇടതുപക്ഷത്തെ  ഏതെങ്കിലും ഒരു കക്ഷിയോ ഏതാനും നേതാക്കളോ വിചാരിച്ചാൽ ഈ പോളിസിയിൽ മാറ്റം വരുത്താനുമാകില്ല. അതുകൊണ്ട്ടാണ്  നേരിയ ഭൂരിപക്ഷം മാത്രമുള്ള ഇപ്പോഴത്തെ   യു.ഡി.എഫ് സർക്കാർ നിലനിൽക്കുന്നത്. അതായത് ഇടതുപക്ഷത്തിന്റെ ആദർശാധിഷ്ഠിതമായ നയത്തിന്റെ  പിൻബലത്തിൽ! കാലുമാറ്റത്തിലൂടെ ഭരണം അട്ടിമറിക്കില്ലെന്ന എൽ.ഡി.എഫ് പോളിസിയിൽ വിട്ടുവീഴ്ച ചെയ്താൽ ഏതുസമയവും യു.ഡി.എഫ് മന്ത്രിസഭ നിലമ്പൊത്തിയേക്കാം. അവർ  ഭയപ്പെടേണ്ട. കാരണം  എൽ.ഡി.എഫ് അങ്ങനെ ചെയ്യില്ല.

അതുപോലെ ഇപ്പോൾ ദേവസ്വം ബോർഡ് വിഷയത്തിൽ കൊണ്ടുവന്ന പുതിയ നിയമം മൂലം യു.ഡി.എഫിനു ഉദ്ദേശിച്ച ഫലം കിട്ടുന്നെങ്കിൽ അതും എൽ.ഡി.എഫിന്റെ ഔദാര്യത്തിൽ ആയിരിക്കും. കാ‍രണം ദൃഢപ്രതിജ്ഞയെടുത്ത പ്രതിപക്ഷത്തെ  എം.എൽ.എമാർ ആരും ഇനിയിപ്പോൾ പുതിയ  നിയമം മറികടക്കാൻ   ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കാനൊന്നും  സാദ്ധ്യതയില്ല. അതും ഒരു പോളിസിയുടെ ഫലമാണ്. എന്നാൽ ആദർശത്തിൽ അല്പം വിട്ടുവീഴ്ചചെയ്ത് രാഷ്ട്രീയ വിജയത്തിനു വേണ്ടി എൽ.ഡി.എഫിലെ ഹിന്ദു എം.എൽ.എമാർ ഹിന്ദുവിശ്വാസികളാണെന്ന് എഴുതിക്കൊടുത്താൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പുതിയ നിയമം  ധിം തരികിടതോം! ഉദ്ദിഷ്ടകാര്യം നടക്കാതെ പോകും.

ഹിന്ദു വിശ്വാസികൾ എന്ന് എഴുതിക്കൊടുത്തതുകൊണ്ട് അവരാരും വിശ്വാസികളാകാൻ പോകുന്നില്ല. ദൃഢപ്രതിജ്ഞ ചെയ്തതുകൊണ്ട് അവർ എല്ലാവരും  അവിശ്വാസികളുമാകില്ല. വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവരും  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവരും എല്ലാം   യഥാർത്ഥത്തിൽ വിശ്വാസികൾതന്നെ  ആയിരിക്കണമെന്നുണ്ടോ? ഇല്ല. അവരിൽ കടുത്ത അവിശ്വാസികൾ ഉണ്ടാകാം.  ഓരോരോ  മതസ്ഥാപനങ്ങളുടെ ഭരണം കൈയ്യാളി ദൈവ ഭയമില്ലാ‍തെ  കൊടിയ അഴിമതി നടത്തി ദൈവത്തിന്റെ പണം അപഹരിക്കുന്നവർ  ശരിക്കും നിരീശ്വരവാദികൾ ആയിരിക്കണമല്ലോ.

എന്തായാലും യു.ഡി.എഫ് സർക്കാർ ഭയപ്പെടേണ്ട. ദൃഢപ്രതിജ്ഞയെടുത്ത എൽ.ഡി.എഫ് എം.എൽ.എമാർ  പുതിയ ഓർഡിനൻസിനെ മറികടന്ന് ഈ സർക്കാരിനു പണികൊടുക്കാനായി അവർ ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കാനൊന്നും പോകുന്നില്ല. പക്ഷെ  യു.ഡി.എഫ് സർക്കാരിന് ഇക്കാ‍ര്യത്തിൽ എൽ.ഡി.എഫിനോട്  നന്ദി വേണം  കേട്ടോ. പ്രാർത്ഥനകളും ആകാം. ഇടതുപക്ഷം തങ്ങളുടെ ഇത്തരം പോളിസികളിൽ മാറ്റം വരുത്തരുതേ എന്ന്. കുതിരക്കച്ചവടത്തിലൂടെയും ആദർശങ്ങളിൽ വെള്ളം ചേർത്തും ഈ സർക്കാരിനെ ഇടതുപക്ഷം അട്ടിമറിക്കാത്തിടത്തോളം യു.ഡി.എഫ് സർക്കാരിനു ഭരിക്കാം.  ദൃഢപ്രർതിജ്ഞയെടുത്തവർ ഹിന്ദു വിശ്വാസികളെന്ന് എഴുതിക്കൊടുക്കില്ലെന്നതുകോണ്ട് ദേവസ്വം ബോർഡിൽ യു.ഡി.എഫ് വിചാരിക്കുന്നത് നടക്കുകയും ചെയ്യും.

എഴുതിയത് ദേവസ്വം ബോർഡ് വിഷയത്തിൽ പിടിച്ചായതുകൊണ്ട് ഒരു കാര്യം കൂടി പറയാതെ നിർത്തുന്നില്ല. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഹിന്ദുക്കൾ പറയുന്ന ഒരു കാര്യത്തിൽ അല്പം ന്യായമുണ്ട്. ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും മാത്രമേ സർക്കാർ ഇടപെടലുള്ളൂ. ക്രിസ്ത്യാനികളുടെയോ മുസ്ലിങ്ങളുടെയോ ആരാധനാലയങ്ങളുടെ ഭരണത്തിലോ സാമ്പത്തികകാര്യങ്ങളിലോ സർക്കാർ  ഇടപെടലില്ല. ദേവസ്വം ബോർഡു പോലെ ഉള്ള സംവിധാനങ്ങളൊന്നും ക്രിസ്ത്യാനികളുടെയോ മുസ്ലിങ്ങളുടെയോ കാര്യത്തിൽ ഇല്ല. മുസ്ലിങ്ങളുടെ കാര്യത്തിൽ പറയാൻ ഒരു വക്കഫ് ബോർഡെങ്കിലും ഉണ്ട്. ക്രിസ്ത്യാനികളുടെ കാര്യത്തിൽ അതുമില്ല. ഇത് പക്ഷപാതം തന്നെ.

ഏതു മതത്തിന്റെയും  സാമ്പത്തികവും ഭൂ‍പരവും സ്ഥാപനപരവുമായ  കാര്യങ്ങളിൽ സർക്കാരിനു നിയന്ത്രണങ്ങൾ ഉണ്ടാകണം. മതങ്ങളുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ആരുടെ അധീനതയിലും സമ്പത്ത് കുന്നുകൂടൂന്നത് നന്നല്ല. അക്കാര്യത്തിൽ എല്ലാ മതങ്ങളുടെ കാര്യത്തിലും പൊതുവായി ബാധകമായ നിയമങ്ങൾ ഉണ്ടാകേണ്ടതാണ്. ഹിന്ദുക്കളുടെ ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം സർക്കാർ ഇടപെടുന്നു എന്ന പരാതി ഒഴിവാക്കേണ്ടതാണ്. സമ്പത്തിന് മതമില്ല. അത് ഹിന്ദുക്കളുടേതായാലും മുസ്ലിങ്ങളുടേതായാലും ക്രിസ്ത്യാനികളുടെതായാലും.

വ്യക്തികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും  സാമ്പത്തിക കാര്യങ്ങൾക്കുമേൽ സർക്കാരിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിൽ മതങ്ങളുടെ കാര്യത്തിലും അതാകാം.   വിശ്വാസത്തിൽ ഇടപെടേണ്ട. പക്ഷെ വിശ്വാസത്തിന്റെ പേരിൽ ആർജ്ജിക്കുന്ന സമ്പത്തിനുമേൽ വിശ്വാസങ്ങളെ ഭംഗപ്പെടുത്താത്ത വിധത്തിൽ ഭരണകൂടത്തിന്റെ ഇടപെടലുകളും നിയന്ത്രണങ്ങളും വേണം. പ്രത്യേകിച്ചും ദൈവത്തിന്റെ കര്യത്തിൽ സൂക്ഷ്മത പുലർത്തണം. കാരണം ദൈവം നന്മയുടെ പ്രതീകമാണ്. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും.

6 comments:

ഷാജു അത്താണിക്കല്‍ said...

വിശ്വാസം അല്ലേ
ഹം

ഉദയപ്രഭന്‍ said...

അധിക വരുമാനമുണ്ടാക്കുന്നത് ചുരുക്കം ചില ക്ഷേത്രങ്ങള്‍ മാത്രമാണ്. ഭൂരിഭാഗവും നേര്ച്ചപ്പണം ദൈനംദിന ചിലവുകള്‍ക്ക് പോലും തികയാത്ത നിലയിലാണ്.ഇത്തരം BPL ക്ഷേത്രങ്ങളെ കൂടി സംരക്ഷിക്കേണ്ടത് ദേവസ്വംബോര്‍ഡ്‌ തന്നെ.അതിനിടയില്‍ അഴിമതിക്ക് സാധ്യത ആരായുക എന്നതാണ് രാഷ്ട്രീയക്കാരന്റെ ലക്‌ഷ്യം.

ലംബൻ said...

ഹോ ഈ ഇടതു പക്ഷം എന്ന് പറയുന്നവര്‍ ഇത്ര കുഞ്ഞാടുകള്‍ ആണെന്ന് ഞാന്‍ അറിഞ്ഞില്ല. ഹോ ഭയങ്കരം.

ajith said...

കാട്ടിലെ തടി
തേവരുടെ ആന

Anonymous said...

ഈ ഓര്‍ഡിനന്‍സ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും , കോടതി എടുത്ത് ദൂരെക്കളയും , കാരണം ഹിന്ദു എന്ന് വച്ചാല്‍ അത് അമ്പലത്തില്‍ പോകുന്നവന്‍ ആകണമെന്ന് നിര്‍ബന്ധം ഇല്ല , അമ്പലം ഇല്ലാതെ ആല്‍ത്തറയില്‍ ഇരുന്നും ദൈവത്തെ ഹിന്ദു ഭജിക്കും , ഈ യു ഡീ എഫ് ഭരണം നാറി നാണം കെട്ടു കഴിഞ്ഞു , ഇവിടെ യു ഡീ എഫ് അല്ല ഭരിക്കുന്നത് കുറെ അഴിമതിക്കാര്‍ , ഇത്ര മോശം ഒരു യു ഡീ എഫ് ഭരണം ഉണ്ടായിട്ടില്ല , അച്ചുതാനന്ദനെ മുഖ്യമന്ത്രി ആക്കാന്‍ താല്പ്പര്യമില്ലാതത് കൊണ്ടാണ് ഇടതിന് ആദര്‍ശം അല്ലെങ്കില്‍ ഭരണം മറിക്കാന്‍ അവര്‍ക്ക് കഴിയും , ഈ ഭരണം മറിയുന്നതാണ് നല്ലത് , അല്ലെങ്കില്‍ നൂറ്റി നാല്‍പ്പത് സീറ്റില്‍ നൂറ്റി ഇരുപതും നേടി എല്‍ ഡീ എഫ് തിരിച്ചു വരും , ആര്‍ക്കും ഒരു പ്രയോജനവും ചെയ്യാത്ത ഒരു ഭരണം ആണ് ഇപ്പോള്‍ നടക്കുന്നത് , അമ്പലങ്ങള്‍ മോഷണത്തിന്റെ കൂത്തരങ്ങാണ് , പള്ളികള്‍ കുറച്ചു വിദ്യാഭ്യാസ സ്ഥാപനം എങ്കിലും തുടങ്ങുന്നുണ്ട് , ദേവസ്വം ബോര്‍ഡ് കള്ളന്മാരുടെ ആവാസ കേന്ദ്രം, ആരു ഭരിച്ചാലും , ഒരു ദേവസ്വം നിയമന ബോര്‍ഡും വരുന്നു പോലും അത് കാശടിക്കാന്‍ മാത്രം പീ എസ് സി ഉണ്ടല്ലോ , ഹിന്ദു candidate മാത്രം അപ്പ്ളൈ ചെയ്‌താല്‍ മതി എന്ന് പറഞ്ഞാല്‍ പോരെ ?

ഇ.എ.സജിം തട്ടത്തുമല said...

സുശീലൻ,

അഴിമതിയൊക്കെ നടക്കുമെങ്കിലും യു.ഡി.എഫിൽ നിന്നും കുറച്ചൊക്കെ പ്രതീക്ഷിച്ചു. എൽ.ഡി.എഫിനു ചെയ്യാൻ കഴിയാത്ത ചിലത്.ചിലതൊക്കെ നടക്കുകയും ചെയ്തു. ഇപ്പോൾ എല്ലാം പോയി.ഇനി ഒന്നും പ്രതീക്ഷിക്കാനില്ല.