സംസ്ഥാന സ്കൂൾ കലോത്സവം -2016
സംസ്ഥാന സ്കൂൾ കലോത്സവം 2016 ജനുവരി 19 മുതൽ 25 വരെ തിരുവനന്തപുരത്ത്
നടക്കുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാൻ
തിരുവനന്തപുരത്ത് പോയിരുന്നു (2016 19). വലിയ ഘോഷയാത്രയും പ്രൗഢമായ
ഉദ്ഘാടന ചടങ്ങുമൊക്കെ ഉണ്ടായിരുന്നു. ബോധപൂർവ്വം സംഘടിപ്പിക്കപ്പെടുന്ന
ആഘോഷത്തിന്റേതായ ഒരു പൊലിമയുണ്ടായിരുന്നു. എന്നുവച്ച് ആളുകളിൽ അത്ര വലിയ
ആവേശമൊന്നും കണ്ടില്ല. ഉദ്ഘാടന സമ്മേളനം നടന്ന പുത്തരിക്കണ്ടം മൈതാനത്ത്
വിവിധ ചാനലുകളുടെയും റേഡിയോകളുടെയും താൽക്കാലിക സ്റ്റുഡിയോകൾക്ക് സമീപം
നല്ല തിരക്കുണ്ടായിരുന്നു. അവിടെയൊക്കെ നടക്കുന്ന കാര്യങ്ങൾ കാണാനുള്ള
കൗതുകം കൊണ്ട്! എന്തായാലും ചാനലുകാർക്കും റേഡിയോക്കാർക്കും മറ്റ്
മാധ്യമങ്ങൾക്കും ഒക്കെ ആഘോഷം തന്നെ.
വിവിധ മത്സരങ്ങൾ നടക്കുന്ന
വേദികൾ തമ്മിലുള്ള അകലമാണ് ഈ കലോത്സവത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഓടി
നടന്ന് പരിപാടി കാണാൻ കഴിയില്ല. ഏതാണ്ടൊരു രണ്ട് കിലോമീറ്റർ
ചുറ്റളവിലെങ്കിലും എല്ലാ വേദികളും സജ്ജീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
നന്നായിരുന്നു. നാടക മത്സരം തന്നെ ചില വിഭാഗങ്ങളുടേത് പാളയത്ത് വി.ജെ.റ്റി
ഹാളിലും മറ്റ് ചിലത് ജനറൽ ആശുപത്രിയ്ക്ക് സമീപം സെന്റ് ജോസെഫ്
സ്കൂളിലുമാണ്. തൈക്കാട്ടും മണക്കാടും ഒക്കെ വേദികളുണ്ട്. ഊട്ട്
പൂജപ്പുരയിലാണത്രെ! പാളയത്തു നിന്ന് സംഘാടകരുടെ വണ്ടി കിട്ടിയില്ലെങ്കിൽ
ആട്ടോ വിളിച്ച് പൂജപ്പുര പോയി ആഹാരം കഴിക്കുന്നതിനെക്കൾ ലാഭം പാളയത്ത്
നിന്നോ കിഴക്കേ കിഴക്കേ കോട്ടയിൽ നിന്നോ ബിരിയാണി വാങ്ങി കഴിക്കുന്നതാണ്.
അഥവാ പൂജപ്പുര പോയി ഉണ്ടിട്ട് തിരിച്ച് പാളയത്തോ കിഴക്കേ കോട്ടയയിലോ
എത്തുമ്പോൾ അടുത്ത വിശപ്പിന്റെ വിളി കേട്ടു തുടങ്ങും. മത്സരിക്കാൻ
വേണ്ടിത്തന്നെയും മത്സരാർത്ഥികളും അവരെ കൊണ്ടുവരുന്ന രക്ഷകർത്താക്കളും
അദ്ധ്യാപകരുമൊക്കെ തേരാ പാരാ നെട്ടോട്ടമോടേണ്ടി വരും.
പാളയത്തിനു
ചുറ്റുമുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും വി.ജെറ്റി ഹാാളിലും
സെനറ്റ് ഹാളിലും യുണ്ണിവേഴ്സിറ്റി കോളേജിലും പബ്ലിക്ക്
ലൈബ്രറിയിലുമൊക്കെയായിരുന്നുഎല്ലാ വേദികളും സജ്ജീകരിച്ചിരുന്നതെങ്കിൽ
കുറച്ചു കൂടി സൗകര്യമായിരുന്നേനെ! ഇതിപ്പൊൾ പുത്തരിക്കണ്ടം എവിടെ
കിടക്കുന്നു, പാളയം എവിടെക്കിടക്കുന്നു മണക്കാടെവിടെ കിടക്കുന്നു.
പൂജപ്പുര എവിടെ കിടക്കുന്നു! അതുകൊണ്ടുതന്നെ ഇത് തിരുവനന്തപുരത്തുകാരുടെ
മഹോത്സവമായിട്ടൊന്നും മാറാൻ പോകുന്നില്ല. ഒരു വേദിയിൽ നിന്ന് അടുത്ത
വേദിയിലേയ്ക്ക് എളുപ്പത്തിൽ എത്താൻ കലാസ്വാദകർക്ക് കഴിയണം. അതാണ്
അതിന്റെയൊരു രസം. മത്സരാർത്ഥികൾക്കും കൂടെ വരുന്നവർക്കുമൊക്കെ വണ്ടികൾ
ഏർപ്പാടാക്കിയിട്ടുണ്ട്. എങ്കിലും ട്രാഫിക്ക് ബ്ലോക്കുകളൊക്കെ താണ്ടി വേണം
പല പല വേദികളിലും ഊട്ടുപുരയിലുമൊക്കെ എത്താൻ! ഓരോ പരിപടിയും നടക്കുന്ന
സ്ഥലങ്ങളിലെ കൊച്ചു കൊച്ചു പരിപാടികളായി മേള ചുരുങ്ങുന്നതുപോലെ
അനുഭവപ്പെടും.
സ്കൂൾ കലോത്സവത്തിന്റെ ക്രിയാത്മക വശം പൂർണ്ണമായും
നിഷേധിക്കുന്നില്ല്ല. എങ്കിലും സ്കൂൾ കലോത്സവങ്ങളിൽ മത്സരിക്കുന്നവർ
മിക്കവരും കൃത്രിമമ്മായി ട്രെയിൻ ചെയ്യപ്പെട്ട് വരുന്ന കുട്ടികളാണ്. അല്പം
സാമ്പത്തിക ശേഷിയുള്ള രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇങ്ങനെ
പരിശീലിക്കപ്പെട്ടു വരുന്നത്. പിന്നെ ധനശേഷിയുള്ള ചില സ്കൂളുകളും നന്നായി
കുട്ടികളെ ട്രെയിൻ ചെയ്യിപ്പിച്ച് മത്സരത്തിനയക്കുന്നുണ്ട്. ഗ്രേസ്
മാർക്കാണ് മത്സരാർത്ഥികളുടെ- പ്രത്യേകിച്ച്-അവരുടെ രക്ഷകർത്താക്കളുടെയും
മുഖ്യ ആകർഷണം.പാവപ്പെട്ട കുട്ടികൾക്ക് അതിനൊന്നും അവസരം ലഭിക്കില്ല.
പണക്കാരുടെ ഒരു മേളയായി കലോത്സവം മാറുന്നു എന്ന വിമർശനം മുമ്പേതന്നെ
ഉള്ളതാണ്. പാവപ്പെട്ട കുട്ടികളുടെ സർഗ്ഗ വാസനകൾ കണ്ടെത്തി അവരെ
പ്രോത്സാഹിപ്പിക്കാൻ എല്ലാ സ്കൂളുകളിലും സൗകര്യങ്ങൾ ഒരുക്കണാം.
ഏഷ്യയിലെ
ഏറ്റവും വലിയ മാമാങ്കം എന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ല. ഇതിന്റെ
പ്രയോജനം ആർക്കൊക്കെ ലഭിക്കുന്നു എന്നതും ചിന്താവിഷയമാകണം. സാമ്പത്തിക
ശേഷിയുള്ളവരുടെ പണമൊഴുക്കി കൃത്രിമമായും കഠിനമായും പരിശീലനം നേടിയെത്തുന്ന
സമ്പന്നരുടെ മക്കൾക്ക് മാത്രം മാറ്റുരയ്ക്കാനുള്ള വേദിയായി സ്കൂൾ കലോത്സവം
മാറുന്നത് നീതീകരിക്കാനാകില്ല. പാവപ്പെട്ട്വരുടെ മക്കൾക്കും മത്സര വേദികളിൽ
എത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം. അല്ലെങ്കിൽ സർക്കാർ ഖാജാനയിൽ
നിന്നും ഇത്രയധികം പണം ധൂർത്തടിക്കുന്നത് ആർക്കു വേണ്ടി എന്തിനു വേണ്ടി
എന്ന്ചോദ്യം ഉന്നയിക്കപ്പെടും.
2 comments:
സ്കൂൾ കലോത്സവത്തിന്റെ ക്രിയാത്മക വശം
പൂർണ്ണമായും നിഷേധിക്കുന്നില്ല്ല. എങ്കിലും സ്കൂൾ
കലോത്സവങ്ങളിൽ മത്സരിക്കുന്നവർ മിക്കവരും കൃത്രിമമ്മായി
ട്രെയിൻ ചെയ്യപ്പെട്ട് വരുന്ന കുട്ടികളാണ്. അല്പം സാമ്പത്തിക
ശേഷിയുള്ള രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇങ്ങനെ പരിശീലിക്കപ്പെട്ടു വരുന്നത് ...
പാവപ്പെട്ട കുട്ടികളുടെ സർഗ്ഗ വാസനകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ എല്ലാ
സ്കൂളുകളിലും സൗകര്യങ്ങൾ ഒരുക്കണാം.
തീര്‍ച്ചയായും...
ആശംസകള്‍ മാഷെ
Post a Comment