ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Saturday, January 16, 2016

"കാഴ്ചയുടെ വേനലും മഴയും"


"കാഴ്ചയുടെ വേനലും മഴയും"

 "കാഴ്ചയുടെ വേനലും മഴയും" എന്ന പേരിൽ ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ചലച്ചിത്ര ജിവിതം മുപ്പത്തിയഞ്ച് വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷം 2016 ജനുവരി 12-ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്നു. ഈയുള്ളവനും പ്രസ്തുത പരിപാടി കാണാൻ നിശാഗന്ധിയിലെത്തി. പ്രവേശനം സൗജന്യമായിരുന്നു. മലയാള സിനിമാ ലോകത്ത് ലെനിൻ രാജേന്ദ്രന്റെ സ്ഥാനം എന്താണ് എന്ന് വ്യക്തമായി അടയാളപ്പെടുത്തിയ ഒരു ഇവന്റായിരുന്നു കാഴ്ചയുടെ വേനലും മഴയും. അറിഞ്ഞു കേട്ട് ആരാലും സംഘടിപ്പിക്കപ്പെടാതെ സ്വയം പ്രേരണയാൽ ഒഴുകിയെത്തിയ സഹൃദയരെക്കൊണ്ട്   നിശാഗന്ധി ആഡിറ്റോറിയം നിറഞ്ഞു കവിഞ്ഞത് സംഘാടകരെ പോലും വിസ്മയിപ്പിക്കുകയുണ്ടായി.

ഇത്രയധികം ജനങ്ങൾ ലെനിൻ രാജേന്ദ്രനോടും അദ്ദേഹത്തിന്റെ സിനികളോടുമുള്ള സ്നേഹം ഹൃദയത്തിൽ കരുതിവച്ചിരുന്നു എന്നതിന്റെ നേർ സാക്ഷ്യമായിരുന്നു ആ സദസ്സ്. തിരുവനന്തപുരത്തുകാർ ഒരു സായാഹ്നത്തിന്റെ ഉത്സവമാക്കി അതിനെ മാറ്റി. കുറച്ചുപേരെങ്കിലും അവിടെ ഒരു താരനിശ പ്രതീക്ഷിച്ചു വന്നവരായിരിക്കാമെങ്കിലും വളരെ തിടുക്കത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ ഇത്രയധികം ആളുകൾ എത്തിയത് നല്ല സിനിമകളോടും നല്ല സംവിധായകരോടും മുഖം തിരിക്കുന്നവരല്ല കേരളജനത-വിശിഷ്യാ തിരുവനന്തപുരത്തുകാർ- എന്നതിന്റെ പ്രകടനമായി. ലെനിൻ രാജേന്ദ്രന്റെ നാളിതുവരെയുള്ള സിനിമകളിൽ പ്രവർത്തിച്ചവരെ അദ്ദേഹം തന്നെ ആദരിക്കുന്ന അപൂർവ്വ നിമിഷങ്ങൾക്ക് കൂടി വേദിയാകുകയായിരുന്നു കാഴ്ചയുടെ വേനലിലും മഴയിലും. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളിൽ പ്രവർത്തിച്ചവരിൽ ലഭ്യമായ നിരവധിപേരെ ചടങ്ങിൽ ആദരിച്ചു. ഇതിൽ നിർമ്മാതാക്കളും നടീ നടന്മാരും ഛായാഗ്രാഹകരും, ചമയക്കാരും  സാങ്കേതിക വിദഗ്ദ്ധരും ഒക്കെ ഉൾപ്പെടും.

അങ്ങനെ സിനിമയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ സംഗമസ്ഥലമായി എന്നതിലുപരി   രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ കൂടി വിശിഷ്ടാതിഥികളായും കാഴ്ചക്കാരായുമൊക്കെ എത്തിയപ്പോൾ ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും ഒരു സംഗമ സ്ഥലമായി നിശാഗന്ധി മാറിയെന്നു പറയാം. ഒപ്പം പതിഞ്ഞ  ശബ്ദത്തിലൂടെ ഇടയ്ക്കിടെ  സരസമായും സന്ദർഭോചിതമായും  നടത്തിയ സംഭാഷണങ്ങളും പരിചയപ്പെടുത്തലുകളും അദ്ദേഹത്തിന്റെ ചലച്ചിത്രപ്രവർത്തനങ്ങളുടെ ഒരു ചരിത്ര വിവരണമായി. ഒപ്പം മലയാള  സിനിമയുടെ നാൾവഴികളിലെ പല സംഭവങ്ങളും അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ സദസ്യർക്ക് വിജ്ഞാനം പകർന്നു. അങ്ങനെ എന്തുകൊണ്ടും തിരുവനന്തപുരത്തിന് മറക്കാനാകാത്ത ഒരു സായാഹ്നം ലെനിൻ രാജേന്ദ്രന്റെ സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളും ചേർന്ന്  സമ്മാനിച്ചു.

ലെനിൻ രാജേന്ദ്രൻ  സംവിധാനം ചെയ്ത സിനിമകൾ നല്ലൊരു പങ്കും കച്ചവടമൂല്യത്തെക്കാൾ കലാമേന്മയ്ക്ക് പ്രാധാന്യമുള്ളവയായിരുന്നു. അതിൽത്തന്നെ മിക്കതും ചരിത്രപരവും  വൈജ്ഞാനികവുമായ മൂല്യമുള്ളവയുമായിരുന്നു.  മിക്ക സിനിമകളും ലോകസിനിമയോട് മത്സരിക്കാൻ പോന്നവ. മലയാള സിനിമയെ വിശ്വസിനിമയോളം ഉയർത്തുന്നതിൽ ലെനിൻ രാജേന്ദ്രനുമുണ്ടായിരുന്നുട്ടുണ്ട്.  എങ്കിലും  കലാത്മ  സിനിമകൾക്കും കച്ചവട സിനിമകൾക്കും  മധ്യേയുള്ള ഒരു ഇടമാണ് പൊതുവിൽ ലെനിൻ രാജേന്ദ്രന്  കല്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പേർ മലയാള സിനിമയോടെന്നതിനെക്കാൾ ഇന്ത്യൻ  സിനിമയോടും ലോക സിനിമയോടും ചേർത്തു പറയേണ്ടതാണ്.

സാമ്പത്തികമായി അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ വിജയിക്കുകയും മറ്റു ചിലവ പരാജയപ്പെടുകയും ചെയ്തിരിക്കാം. എന്നാൽ  അദ്ദേഹത്തിന്റെ എത്ര ചിത്രങ്ങൾ സാമ്പത്തിക വിജയം നേടി, നേടിയില്ല  എന്നതിനേക്കാൾ എത്ര സിനിമകൾ സംവിധാനം ചെയ്തു എന്നതാണ് പ്രധാനം. കാരണം സാമ്പത്തിക വിജയം നേടിയവ ആയാലും അല്ലാത്തവയായാലും ലെനിൻ രാജേന്ദ്രന്റെ ചിത്രങ്ങൾ ഒന്നുംതന്നെ ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ചില ചിത്രങ്ങളൊക്കെ ഏറെ ഹിറ്റുകളാകുകയും ചെയ്തു.  ഒരു സിനിമ കഴിഞ്ഞ് മറ്റൊരു സിനിമയ്ക്കിടയിലുള്ള ഇടവേള കൂടുതൽ മികവുള്ള ചിത്രങ്ങൾ നിർമ്മിക്കുവാൻ വേണ്ടത്ര സമയം പ്രദാനം ചെയ്തിട്ടുണ്ട് എന്നും  കരുതാവുന്നതാണ്.

അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് തെരഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെ പ്രത്യേകതകളും ലെനിൻ രാജേന്ദ്രന് വേറിട്ടൊരു വ്യക്തിത്വം നൽകുന്നുണ്ട്. ഏറെ ബഹളങ്ങളൊന്നുമില്ലാതെ തന്നെ ലെനിൻ രാജേന്ദ്രൻ എന്ന പേരും അദ്ദേഹത്തിന്റെ സിനിമകളും ജന മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. സിനിമകളെ ആർട്ട് പടങ്ങളെന്നും കൊമേഴ്സ്യൽ പടങ്ങളെന്നും തരം തിരിച്ച് പറയണമോ എന്ന കാര്യത്തിൽ രണ്ട് പക്ഷം ഉണ്ട്. ചില ചിത്രങ്ങൾ ആർട്ട് പടമാണോ കൊമേഴ്സ്യൽ ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം രണ്ടിന്റെയും അംശങ്ങൾ ഇടകലർന്ന് വരുന്നുണ്ട്. ഈ തർക്കത്തിൽ  ഒരു കൊമേഴ്സ്യൽ  പടം സാമ്പത്തികമായി പരാജയപ്പെട്ടാൽ അത് ആർട്ട് പടമാകുമോ  എന്നാൽ ഒരു ആർട്ട് പടം സാമ്പത്തികമായി നല്ല വിജയം നേടിയാൽ അത് കൊമേഴ്സ്യൽ പടമാകുമോ എന്നിങ്ങനെയുള്ള കുസൃതി ചോദ്യങ്ങളൊക്കെ ഉയർന്നുവരാം.

എന്തായാലും  സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളെല്ലാം തനി കൊമേഴ്സ്യൽ എന്നു വിചാരിക്കാനാകില്ല. സാമ്പത്തികമായി  പരാജയപ്പെട്ട ചിത്രങ്ങളെല്ലാം അക്കാരണത്താൽ  ആർട്ട് പടങ്ങളാണെന്നും കരുതാനാകില്ല. ഒരു ആർട്ട് പടം സാമ്പത്തിക വിജയം നേടിയാൽ അത് കൊമേഴ്സ്യലും ആകില്ല. കൊമ്മേഴ്സ്യലായി കരുതാവുന്ന ഒരു സിനിമയുടെ കലാമൂല്യത്തെ നിഷേധിക്കാനുമാകില്ല. അതുകൊണ്ടുതന്നെ ലെനിൻ രാജേന്ദ്രന്റെ ചലച്ചിത്ര വ്യക്തിത്വത്തെ ആർട്ട്, കൊമ്മേഴ്സ്യൽ എന്നിങ്ങനെ തരം തിരിച്ചു കാണാനാകില്ല. ലെനിൻ രാജേന്ദ്രൻ ചിത്രങ്ങളെ ലെനിൻ രാജേന്ദ്രൻ ചിത്രങ്ങൾ എന്നുതന്നെ വിശേഷിപ്പിക്കുന്നതാണ് സൗകര്യമെന്നു തോന്നുന്നു.  കാരണം ലെനിൻ രാജേന്ദ്രൻ സ്വന്തം ചിത്രങ്ങളിലൂടെ തന്റേതുമാത്രമായ ചില ചില അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. തിരിച്ചറിയാനുള്ള അടയാള വാക്യങ്ങളായി  മുമ്പ് അടൂർ അരവിന്ദൻ ചിത്രങ്ങൾ, ഭരതൻ-പത്മരാജൻ ചിത്രങ്ങൾ എന്നൊക്കെ പറയുന്നതുപോലെ ലെനിൻ രാജേന്ദ്രൻ ചിത്രങ്ങൾ എന്നൊരു അടയാള വാക്യം ഒറ്റയ്ക്കുതന്നെ അദ്ദേഹത്താൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

പുരോഗമന പക്ഷത്ത് അടിയുറച്ച ചിന്തയും  മറച്ചു വയ്ക്കാത്ത തന്റെ രാഷ്ട്രീയവും സാമൂഹ്യ പ്രതിബദ്ധതയും കൂടി  ലെനിൻ രാജേന്ദ്രന്റെ  സിനിമാ വ്യക്തിത്വത്തോട് ചേർത്തു വായിക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ച് നമ്മളിൽ ചിലരെങ്കിലും കൂടുതൽ പ്രതീക്ഷവയ്ക്കും.  അതുകൊണ്ടുതന്നെ കാഴ്ചയുടെ വേനലും മഴയുമായി ഇനിയും ലെനിൻ രാജേന്ദ്രൻ ചിത്രങ്ങൾ മലയാളത്തിൽ പെയ്തിറങ്ങട്ടെ. അതിനുള്ള സമയ ദൂരം അദ്ദേഹത്തിനു ലഭ്യമാകട്ടെ. ദീർഘായുസ്സ് ഉണ്ടാകട്ടെ. മലയാള സിനിമാ ചരിത്രത്തിൽ ഇതിനോടകം  സവിശേഷമായ ഒരിടം നേടിയിട്ടുണ്ടെങ്കിലും ഇനിയും അദ്ദേഹത്തിന് ഇടമുണ്ട്. ചെയ്യാൻ ഇനിയുമൊരുപാടുണ്ടാകുകയും ചെയ്യും.

മലയാള സിനിമാ ചരിത്രത്തോട് വിളക്കി ചേർക്കുവാൻ താൻ സൃഷ്ടിച്ച ചരിത്രത്തിനിനിയും തുടർച്ചയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ലെനിൻ രാജേന്ദ്രനെ പോലെയുള്ള വേറിട്ട സിനിമാപ്രതിഭകളാണ് മയാള സിനിമയെ ലോകസിനിമാ ചരിത്രത്തിന്റെ ഭാഗമാക്കിയിട്ടുള്ളത്. പ്രിയ ലെനിൻ രാജേന്ദ്രൻ, മലയാള സിനിമയെ വിശ്വസിനിമയോളം ഉയർത്തുവാൻ ഇതുവരെയെന്നൊണം നിങ്ങളെപ്പോലുള്ളവർക്കാണ് കഴിയുക. അതുകൊണ്ടു തന്നെ താങ്കളെക്കുറിച്ച്  നമ്മൾ സിനിമാപ്രേമികൾ വച്ചു പുലർത്തുന്നതും വലിയ പ്രതീക്ഷകളുടെ ഹിമശൃംഗങ്ങൾതന്നെ! താങ്ങളുടെ ചലച്ചിത്ര ജീവിതത്തിന്റെ മുപ്പത്തിയഞ്ച് വർഷം പൂർത്തിയാകിയതിന്റെ ഈ ആഘോഷ വേളയിൽ താങ്കൾക്ക്  ആയിരമായിരം   അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.!

3 comments:

indian malayali said...

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമകൾ നല്ലൊരു പങ്കും കച്ചവടമൂല്യത്തെക്കാൾ കലാമേന്മയ്ക്ക് പ്രാധാന്യമുള്ളവയായിരുന്നു. അതിൽത്തന്നെ മിക്കതും ചരിത്രപരവും വൈജ്ഞാനികവുമായ മൂല്യമുള്ളവയുമായിരുന്നു.

ajith said...

വ്യത്യസ്തനായൊരു കലാകാരൻ

Muralee Mukundan , ബിലാത്തിപട്ടണം said...

ലെനിൻ രാജേന്ദ്രൻ മലയാളത്തിലെ
ഒരു വേറിട്ട സിനിമാക്കാരൻ തന്നെ...