Wednesday, July 27, 2011

തൊടുപുഴ ബ്ലോഗ്ഗേഴ്സ് മീറ്റ്


തൊടുപുഴ ബ്ലോഗ്ഗേഴ്സ് മീറ്റ്


സൌഹൃദങ്ങളുടെ പൂക്കാലം ആഘോഷിക്കുന്ന ബ്ലോഗ്ഗർമാരുടെ പുതിയൊരു കൂടിക്കഴ്ചയ്ക്കു കൂടി സമയമായി.തൊടുപുഴയിലാണ് അടുത്തുവരുന്ന ഒത്തു ചേരൽ. അവിടെയുള്ള ഹരീഷ് തൊടുപുഴയും ദേവനുമാണ് മുഖ്യ സംഘാടകർ. അറുപതില്പരം പേർ പങ്കെടുക്കുമെന്നാണ് ഹരീഷ് തൊടുപുഴയുടെ നിഗമനം.

അഥവാ അല്പം അങ്ങോട്ടോ ഇങ്ങോട്ടോ കൂടുന്നതിലോ കുറയുന്നതിലോ അല്ല കാര്യം എന്നിരിക്കിലും, മുൻ കൂട്ടി പറഞ്ഞിരുന്നവർ എല്ലാം കൃത്യമായി എത്തുക എന്നത് മീറ്റിന്റെ വിജയത്തിന് ആവശ്യമാണ്. ഒഴിച്ചുകൂടാൻ പാടില്ലാത്ത അത്യവശ്യക്കാർ ഒഴിച്ച് പറഞ്ഞിരുന്നവർ എല്ലാം പങ്കെടുക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

അടുത്തിടെ നടന്ന തുഞ്ചൻ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റ് ആളെണ്ണം കൊണ്ടും സംഘാടന മികവുകൊണ്ടും ഒരു മഹാ സംഭവമായിരുന്നു. അതിനുശേഷം ഔപചാരികതകളുടെ ലവലേശമില്ലാതെ എറണകുളത്ത് നടന്ന മീറ്റും പ്രൌഢഗംഭീരമായിരുന്നു.പങ്കെടുത്ത എല്ലാവർക്കും കൂടുതൽ ഇടപഴകാനും പരിചയപ്പെടാനും പരിചയം പുതുക്കാനും ഒക്കെ എറണാകുളം മീറ്റിലും കഴിഞ്ഞു.

ഇപ്പോഴിതാ തൊടുപുഴയിലും ഒരു സംഗമം. തീർച്ചയായും ഇതും ബ്ലോഗ്ഗർമാർക്ക് ഊഷ്മളമായ ഒരു അനുഭവമായിരിക്കും എന്നതിൽ സംശയമില്ല.

2011 ജൂലായ് 31 രാവിലെ 10 മണിയ്ക്ക് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ ആണ് ബ്ലോഗ്ഗേഴ്സ് സംഗമം നടക്കുന്നത്. നാലു മണി വരെ ബ്ലോഗ്ഗേഴ്സിനു അടുത്തും അറിഞ്ഞും മിണ്ടിയും പറഞ്ഞും ഉല്ലസിച്ചും ചെലവഴിക്കാം. ഈയുള്ളവനും അതിനുള്ള അവരസം നഷ്ടമാകില്ലെന്നുതന്നെ ഇതെഴുതുന്നതുവരെയും ഉള്ള പ്രതീക്ഷ.

ഓരോ ബ്ലോഗ്മീറ്റുകളും ജീവിതത്തിലെ ഓരോ അവിസ്മരണീയമായ അനുഭവങ്ങൾ ആകുമ്പോൾ കഴിയുന്നതും അതിൽ പങ്കെടുക്കുക എന്നത് ഒരു ആഗ്രഹമാകാതിരിക്കുന്നതെങ്ങനെ? ഇപ്പോൾ അതൊരു ശീലമായിരിക്കുകയാണ്.ഈയുള്ളവനെ സംബന്ധിച്ച് ഒഴിവാക്കാനാകാത്ത അത്യാവശ്യങ്ങളിൽ ഒന്നായി അതിപ്പോൾ മാറിയിരിക്കുന്നു.

അപ്പോൾ ഇനി തൊടുപുഴയിൽ ബ്ലോഗ്ഗേഴ്സ് സംഗമത്തിന് എത്തുന്നതുവരെ അതിന്റെയൊരു ജിജ്ഞാസയിലും പ്രത്യാശയിലുമാണ്! ഇങ്ങനെയുള്ള കൊച്ചുകൊച്ചു ജിജ്ഞാസകളും പ്രത്യാശകളുമായി ഈയുള്ളവനവർകളും ഈ ചെറിയ ജീവിതം അടയാളപ്പെടുത്തുന്നു! ഓർക്കാനും ഓമനിക്കാനും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടാകണമല്ലോ!

അപ്പോൾ ഇനി തൊടുപുഴയിൽ..........

17 comments:

കെ.എം. റഷീദ് said...

എല്ലാ ബ്ലോഗു മീറ്റുകള്‍ക്കും ആശംസകള്‍
ബ്ലോഗ്ഗര്‍മാരുടെ അഖിലേന്ത്യാ മീറ്റുവരെ മീറ്റുകള്‍ നടക്കട്ടെ

sm sadique said...

ആശംസകൾ...............

അനില്‍@ബ്ലോഗ് // anil said...

എല്ലാ ആശംസകളും നേരുന്നു.

Unknown said...

സജിം.....വരണമെന്നും എല്ലാവരെയും നേരിട്ട് കണ്ട് പരിചയപ്പെടണമെന്നുമുള്ള ആഗ്രഹം അവധി കിട്ടാത്തതിനാൽ ഇത്തവണയും പൊലിഞ്ഞുപോയി...പങ്കെടുക്കുന്ന എല്ലാവർക്കും എല്ലവിധ ആശംസകളും നേരുന്നു.

Anonymous said...

കാശു ഇങ്ങിനെ വെറുതെ കളയാം രണ്ട്‌ പോസ്റ്റും എഴുതാം അല്ലതെന്തു ഗുണം?

ഷെരീഫ് കൊട്ടാരക്കര said...

>>>ഓർക്കാനും ഓമനിക്കാനും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടാകണമല്ലോ!<<<
ഇത് എന്റെയും അഭിപ്രായമായി കൂട്ടിക്കോളീന്‍ .

nandakumar said...

സജീം മാഷില്ലാത്ത ബ്ലോഗ് മീറ്റോ? അസംഭവ്യം!!
;)
വീണ്ടും പരിചയം പുതുക്കാം മാഷേ.

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,

നാം അനാവശ്യമായും ആരോഗ്യത്തിനു ഹാനികരമായും ആർഭാടത്തിനായും ഒക്കെ ചെലവാക്കുന്ന കാശുകളെ പറ്റി ഒന്നു ചിന്തിച്ചു നോക്കൂ. അതു വച്ചു നോക്കുമ്പോൾ ഇതൊക്കെ നല്ല കാര്യങ്ങളല്ലേ? എലാറ്റിനെയും കാശിന്റെ അളവുകോലിലൂടെ മാത്രം നോക്കിക്കാണുന്നത് ശരിയല്ല. കാശ് അധികം ഉണ്ടായിട്ടല്ല; തീരെ ഇല്ലെന്നുതന്നെ പറയാം.കാശില്ലാത്തതിന്റെ വിഷമം അല്പനേരത്തേയ്ക്കെങ്കിലും മറക്കാനും ഇത്തരം ചില സന്തോഷങ്ങൾ ഉപകരിക്കും. മനുഷ്യനു മനുഷ്യനെ സ്നേഹിക്കാൻ പറ്റാത്തതാണ് എന്നും ലോത്തെവിടെയും അശാന്തി വിതച്ചിട്ടുള്ളത്. ഇന്നും അതങ്ങനെ തന്നെ. ഇതിനിടയിൽ കിട്ടിയാലുമില്ലെങ്കിലും സ്നേഹത്തിന്റെ ഒരു ചെറിയ തുരുത്തെങ്കിലും തേടി പോകുന്നവരെ നിരുത്സാഹപ്പെടുത്താതിരിക്കുക. ആധുനിക സൈബർ യുഗത്തിന്റെ നല്ലതും മാനവികവുമായ ഫലങ്ങളിൽ ഒന്നാണ് ഇ-എഴുത്തുകാരുടെ ഇത്തരം ഒത്തുചേരലുകൾ!

കൊമ്പന്‍ said...

എല്ലാ ബ്ലോഗു മീറ്റുകള്‍ക്കും ആശംസകള്‍

സുറുമി ചോലയ്ക്കൽ said...

ശരിയാ സുശീൽ,
കാശ് അളവുകോലാക്കിയവർക്ക് വളരെ ശരിയാ. ബ്ലോഗെഴുത്തും വായനയും ആത്മാർത്ഥമായി അനുഭവിക്കുന്നവർക്ക് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനുഭവമാണ്. ഏതാണ്ട് രണ്ടരക്കൊല്ലമായി ഞാൻ ബ്ലോഗ് വായിക്കുന്നു. ഇപ്പൊ കമന്റുകളെഴുതാൻ മാത്രം ഒരു പ്രൊഫൈൽ നിർമ്മിച്ചു കമന്റുന്നു. കേവലം ഒരു വായനക്കാരി മാത്രമായ ഞാൻ തുഞ്ചൻപറമ്പിൽ മീറ്റിനുമെത്തിയിരുന്നു. മിക്കവാറും എല്ലാ ബ്ലോഗർമാരെയും പരിചയപ്പെട്ടു. മീറ്റ് നിർബ്ബന്ധമായും വർഷത്തിൽ ഒരു തവണയെങ്കിലും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. തൊടുപുഴയിലും പോകണമെന്നാഗ്രഹിക്കുന്നു. കൂടെ പോരുന്ന കൂട്ടുകാരിക്ക് നോമ്പു തുടങ്ങിയില്ലെങ്കിൽ മീറ്റിനുണ്ടാവുകയും ചെയ്യും.

Anonymous said...

പറഞ്ഞത്‌ തിരിച്ചെടുത്തു സോറി അത്ര മഹാ സംഭവം ആണോ? കുറെ എഴുത്തുകാരുമായി പരിചയം പങ്കുചേരല്‍ വെള്ളമടി ഒക്കെ നടത്തിയിട്ടുള്ള അനുഭവം കൊണ്ട്‌ ഞാന്‍ ഒരു പെസിമിസ്റ്റായിപ്പോയി അവരെല്ലാം വെറും കള്ള നാണയങ്ങള്‍ എന്നു ആണു കൂടുതല്‍ അടുത്തിടപഴകുമ്പോള്‍ തോന്നിയിട്ടുള്ളത്‌ നിങ്ങള്‍ അയാളെ പൊക്കി പറഞ്ഞു കൊണ്ടിരുന്നാല്‍ അയാള്‍ നിങ്ങളെ ഒരു ഫാന്‍ ആയി കരുതി ചിരിക്കും കത്തെഴുതും നിങ്ങളുടെ പോകറ്റില്‍ കയ്യിട്ട്‌ പണം കൊണ്ടു പോയി ചെലവാക്കും പക്ഷെ നിങ്ങള്‍ ഒന്നു വിമര്‍ശിച്ചാല്‍ പിന്നെ അയാള്‍ ഒരു മൈന്‍ഡും ഇല്ല നിങ്ങള്‍ ഒരു സംഗതി എഴുതി അതെങ്ങിനെയുണ്ട്‌ എന്നു അയാളോടു ചോദിച്ചാല്‍ തീറ്‍ന്നു കച്ചവടം പിന്നെ നിങ്ങള്‍ അയാളുടെ ശത്രു പുനത്തില്‍ കുഞ്ഞബ്ദുള്ള കേ സുരേന്ദ്രന്‍ എന്നിവര്‍ മാത്രം അപവാദം അവര്‍ രണ്ടും നല്ല മനുഷ്യര്‍ ബ്ളോഗര്‍സ്‌ അത്ര പ്രസിധര്‍ അല്ലാത്തതു കൊണ്ടായിരിക്കാം നിങ്ങള്‍ക്കിടയില്‍ ഇത്ര സൌഹ്ര്‍ദം

Unknown said...

സുശീൽ..താങ്കൾ അനുഭവങ്ങളിൽനിന്മ്, പറഞ്ഞതു ശരിയായിരിക്കാം. പക്ഷെ ബ്ലോഗ് എന്നത് കേവലം പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള മാധ്യമമല്ല. അതിനേക്കാളുപരി സ്വന്തം മനസ്സിൽ വിരിയുന്ന ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും,അതോടൊപ്പം വളരെ ആഴത്തിലുള്ള സൗഹൃദങ്ങൾക്ക് രൂപം കൊടുക്കുകയും ചെയ്യുക എന്നതാണ്. ബ്ലോഗ്ഗേഴ്സിന്റെ നേതൃത്വത്തിൽ നടപ്പാക്കികൊണ്ടിരിക്കുന്ന പല നല്ല കാര്യങ്ങളെയുംകുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാവാം ഇങ്ങനെ ഒരു അഭിപ്രായം താങ്കളിൽനിന്നും ഉണ്ടായത്.

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,
താങ്കൾ രണ്ടാമത് പറഞ്ഞതിൽ ചില സത്യങ്ങൾ ഇല്ലാതില്ല. വലിയ എഴുത്തുകാരായി കഴിഞ്ഞാൽ ചിലർ അങ്ങനെയാണ്. അവർ എഴുതുന്നതിനെ വിമർശിച്ചാൽ ഇഷ്ടമാകില്ല എന്നത് സ്വാഭാവികം എന്നെങ്കിലും പറയാം.പക്ഷെ മറ്റാരെങ്കിലും വല്ലതും എഴുതി ഇതു കൊള്ളാമോ എന്ന് ഒന്നു നോക്കാൻ പറഞ്ഞ് ഒരു വലിയ എഴുത്തിസ്റ്റിനെ കാണിച്ചിട്ട് അയാളുടെ മോന്ത ഒന്നു നോക്കി ഇരിക്കണം. എടുക്കാത്ത പൈസയിൽ നോക്കുമ്പോലെയുള്ള ആ നോട്ടവും പുച്ഛവും ഒക്കെ ഒന്നു കാണേണ്ടതാണ്. പത്രബന്ധുക്കളുടെ തിണ്ണനിരങ്ങി എഴുത്തിസ്റ്റായവരുടെ ജാഡയും ഗമയും സഹിക്കവയ്യാതെ സാക്ഷാൽ ദൈവം (ദൈവം ഉണ്ടോ ഇല്ലയോ എന്നത് തൽക്കാലം അവിടെ നിൽക്കട്ടെ!) ഗൂഗിൾ വഴി അവതരിപ്പിച്ചതാണീ ബ്ലോഗ്. ഇനിയിപ്പോൾ നമ്മൾ മാത്രമാണ് വലിയ എഴുത്തുകാർ എന്ന് ആർക്കും ചമഞ്ഞു നടക്കാനാകില്ല. വലിയ മുഖ്യധാരാ (എന്തു മുഖ്യധാര !)എഴുത്തുകാർ എഴുതുന്നതിനേക്കാൾ മികച്ച സൃഷ്ടികൾ ഇന്ന് ബ്ലോഗുകളിൽ വരുന്നുണ്ട്. നിലവാരം ഉള്ളതും ഇല്ലാത്തതുമൊക്കെ പ്രിന്റ് മീഡിയയിലും വരും ബ്ലോഗിലും വരും. അതൊക്കെ സ്വാഭാവികം.
തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ വച്ച് നന്നായി ബ്ലോഗ് എഴുതുന്ന എരു മഹതി ഒരു കവിത എഴുതി അവിടെ ഉദ്ഘാടനത്തിനു വന്ന ഒരു പ്രമുഖ സാഹിത്യകാരിയുടെ കൈയ്യിൽ കൊടുക്കുന്നതും അത് ഒന്നു മറിച്ചും തിരിച്ചും നോക്കിയിട്ട് നിർവികാരതയോടെ തിരിച്ചു നൽകുന്നതും ഞാൻ കണ്ടിട്ടുണ്ട്.വായിച്ചുനോക്കാനുള്ള സഹിഷ്ണുതപോലും കാണിച്ചില്ല. അവറ്റകളുടെയൊക്കെ കൈയ്യിൽ ഇതൊക്കെ നോക്കാൻ കൊണ്ടു കൊടുക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ. ഏതെങ്കിലും സാഹിത്യ വിഭാഗങ്ങൾക്ക് പ്രത്യേക നിയമങ്ങളും നിബന്ധനകളും ഒന്നുമില്ല. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ആവശ്യമുള്ളവർ കൊണ്ടു നടക്കട്ടെ. ബ്ലോഗ് എഴുതാൻ അക്ഷരം അറിഞ്ഞാൽ മതി. വായിക്കുന്നവരിൽ ആർക്കെങ്കിലും അത് ഇഷ്ടപ്പെട്ടെങ്കിൽ അത് സാഹിത്യം തന്നെ. ഈ മുഖ്യധാരന്മാരുടെ ആരുടെയും സർട്ടിഫിക്കറ്റുകൾ ഒന്നും വേണ്ട. ഒരു പത്രാധിപനെയും പ്രസാധകനെയും മണിയടിക്കാതെ ഒരാൾക്ക് തന്റെ മനസിലുള്ള കാര്യങ്ങൾ ആവിഷ്കരിക്കാൻ കഴിയുന്ന സ്വതന്ത്ര മാധ്യമമാണ് ഇന്റെർനെന്റിന്റെ ലോകത്ത് തുറന്നു കിട്ടിയിരിക്കുന്നത്. അതിന്റെ സന്തോഷം ഈ രംഗത്തെത്തിയവർക്ക് പങ്കുവയ്ക്കാതിരിക്കാനാകില്ല. അതിന്റെ ഭാഗമാണ് ബ്ലോഗ് മീറ്റുകൾ. ബ്ലോഗ് മീറ്റുകളിൽ അദ്ധ്യക്ഷനോ ഉദ്ഘാടകനോ ഒന്നും സാധാരണ ഉണ്ടാകാറില്ല. അതുകൊണ്ട് പ്രോട്ടോ കോൾ പ്രശ്നങ്ങളും ഇല്ല. ( ആർ ആരേക്കാൾ വലിയവൻ എന്നതാണല്ലോ ഈ പ്രോട്ടൊ കോൾ). അതൊന്നും ഇതുവരെ മീറ്റുകളിൽ ഉണ്ടായിട്ടില്ല.ഒരു ഔപചാരികതകളും ഇവിടെ ഇല്ല. ഇന്ന് ഒരു സാധാരണക്കാരന് ബ്ലോഗിൽ, എന്തിന് ഫെയിസ് ബൂക്കിൽ പോലുംകിട്ടുന്ന വായനക്കാരന്റെ നൂറൊലൊരംശം ഈ മുഖ്യധാരാ ജാഡിസ്റ്റ് എഴുത്തുകാർക്ക് ലഭിക്കില്ല. വായനശാലകളിൽ ഒരുപാട് മാ‍റാല പിടിച്ചിരിക്കുന്നുണ്ട്.

(ഞാൻ മേൽ പറഞ്ഞ കാര്യങ്ങൾ പോസും ഗമയും ജാഡയുമായി നടക്കുന്ന ഒരു വിഭാഗം എഴുത്തുകാരെ മാത്രം ഉദ്ദേശിച്ചാണ്. എഴുത്തുകാരായ നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്)

Manoraj said...

നാളെ കാണാം മാഷേ..

ജയിംസ് സണ്ണി പാറ്റൂർ said...

ഇത്തരം കൂടിച്ചേരലുകള്‍ വളരെ നല്ലതാണു്
പ്രേത്സാഹിപ്പിക്കേണ്ടതുമാണു്. അഭിനന്ദനങ്ങള്‍

തൃശൂര്‍കാരന്‍ ..... said...

ആശംസകൾ

സുറുമി ചോലയ്ക്കൽ said...

:)