ഭൂമിയും ഭവനവും
ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നീ ക്രമത്തിൽ പോകുന്നവയാണ്. ആദ്യം പറയുന്ന ഈ ആവശ്യങ്ങളെ അടിസ്ഥാന ആവശ്യങ്ങൾ എന്നു പറയാം. അടിസ്ഥാനാവശ്യങ്ങൾ എന്നാൽ അനിവാര്യമായ ആവശ്യങ്ങൾ ആണ്. ഏതൊരു രാഷ്ട്രത്തിനും അവിടുത്തെ ജനങ്ങളുടെ ഈ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള ബാദ്ധ്യതയുണ്ട്. എന്നാൽ എല്ലാ രാജ്യങ്ങളിലും പരിമിതമായ അളവിലെങ്കിലും ഇത് നിറവേറ്റിക്കൊടുക്കാൻ കഴിയുന്നില്ല എന്നത് ഒരു യാഥാർത്ഥ്യവുമാണ്. നമ്മുടെ രാജ്യത്തും അതുതന്നെ സ്ഥിതി. ആധുനിക കാലത്ത് ഏതൊരു രാജ്യത്തെ സംബന്ധിച്ചും ഗവർണ്മെന്റ് എന്നാൽ രാജ്യരക്ഷയുടെയും ക്രമസമാധാനപാലനത്തിന്റെയും മാത്രം ചുമതലയുള്ള ഒരു അധികാരകേന്ദ്രം അല്ലെന്ന കാര്യം ശ്രദ്ധിക്കണം.
പട്ടിണിക്കാരുടെയും പാർപ്പിടമില്ലാത്തവരുടെയും എണ്ണപ്പെരുക്കം നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെയും അവസ്ഥയാണ്. വസ്ത്രം, ആരോഗ്യ- വിദ്യാഭ്യാസ സൌകര്യങ്ങൾ എന്നിവയുടെ കാര്യത്തിലും പരാധീനതയനുഭവിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ നല്ലൊരുപങ്ക് ജനങ്ങൾ. പ്രാദേശികമായ മറ്റുപല അസംതുലിതാവസ്ഥകൾ വേറെയും. ഇവയിൽ വിസ്താരഭയത്താൽ മറ്റുള്ളവയെ തൽക്കാലം മാറ്റി നിർത്തി പാർപ്പിടപ്രശ്നത്തിന് മാത്രമാണ് ഈ ലേഖനത്തിൽ ഊന്നൽ കൊടുക്കുന്നത്. രാജ്യത്തെ മൊത്തം പ്രശ്നത്തെ തൽക്കാലം മാറ്റി നിർത്തി സൌകര്യാർത്ഥം കേരളത്തിന്റെ മാത്രം കാര്യമേ ഇവിടെ പ്രതിപാദിക്കുന്നുമുള്ളൂ.
നമ്മുടെ സംസ്ഥാനത്ത് ഭൂരഹിതരായ നിരവധി ആളുകളുണ്ട്. ഭൂരഹിതർ എന്നു പറഞ്ഞാൽ കൃഷിയോ മറ്റോ ചെയ്യാൻ ഭൂമിയില്ലാത്തവർ എന്നല്ല അർത്ഥം. തലചായ്ക്കാൻ സ്വന്തമായി ഒരു കൂരവയ്ക്കാൻ ഭൂമിയിൽ ഇടം ലഭിക്കാത്തവർ എന്നാണ്. സമഗ്രമായ ഭൂപരിഷ്കരണ നിയമങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിട്ടുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും നമ്മുടെ സംസ്ഥാനത്തെ നല്ലൊരു പങ്ക് ജനങ്ങൾക്ക് ഭൂമിയില്ലാത്തതിന്റെ പ്രശ്നം തൃപ്തികരമായി പരിഹരിക്കുവാൻ സാധിച്ചിട്ടില്ല.
ഈയിടെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ സംഭവബഹുലമായ ഒരു ഭൂസമരം നടക്കുകയുണ്ടായി. മിച്ചഭൂമിസമരം മുമ്പും കമ്മ്യൂണിസ്റ്റുകാർ നടത്തിയിട്ടുള്ളതും വിജയം കണ്ടിട്ടുള്ളതുമാണ്. തിർച്ചയായും ഉത്തരവാദിത്തമുള്ള രാഷ്ട്രീയപാർട്ടികൾ ഭൂരഹിതരുടെ പ്രശ്നം ഏറ്റെടുക്കേണ്ടതു തന്നെ. നിലവിലുള്ള മിച്ചഭൂമികൾ കണ്ടെത്തി ഭൂരഹിതർക്ക് നൽകുക എന്നതാണ് സർക്കാരിന് നിയമപരമായി ചെയ്തുകൊടുക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ കഴിയുക. മറ്റൊരാളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ അവർക്കാവശ്യമുള്ളവ കഴിച്ച് പിടിച്ചെടുത്ത് ഭൂമിയില്ലാത്തവർക്കു നൽകുക എന്നത് നിലവിലുള്ള നിയമവ്യവസ്ഥിതിയ്ക്കുള്ളിൽ നിന്ന് ചെയ്യാൻ കഴിയുന്നതുമല്ല. കാരണം തത്വത്തിൽ രാജ്യത്തിന്റെ ഭൂവിസ്തൃതിയിൽ ഏതെങ്കിലുമൊരു ഭാഗം എന്റേത് നിന്റേത് എന്ന നിലയിൽ കൈവശം വയ്ക്കുവാൻ രാഷ്ട്രം ആർക്കും അനുവാദം നൽകിയിട്ടില്ലെങ്കിലും സ്വകാര്യസ്വത്തവകാശം നമ്മുടെ രാജ്യത്ത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഭൂമിയുടെ മേലുള്ള ഉടമസ്ഥത എന്നാൽ അത് ഒരു വ്യക്തിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവർക്ക് പ്രയാസമുണ്ടാകാത്തവിധം ഉപയോഗിക്കുവാനും ക്രയവിക്രയം ചെയ്യുവാനും ഉള്ള അവകാശം എന്നേ അർത്ഥമുള്ളൂ. ഏത് സമയത്തും രാഷ്ട്രത്തിന് ആരുടെ ഭൂമിയും പിടിച്ചെടുത്ത് പൊതുമുതലാക്കാം. പക്ഷെ അതിനു ന്യായമായ കാരണം വേണം. അല്ലാതെ വ്യക്തികൾ തത്വത്തിൽ നിയമവിധേയമായി ഉടമസ്ഥതയിൽ വയ്ക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെങ്കിൽ അതിന് പുതിയ ശക്തമായ നിയമനിർമ്മാണം നടത്തണം. സ്വന്തമായി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ വിസ്തൃതിസംബന്ധിച്ച് ചില നിയമങ്ങളൊക്കെ നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഉപയോഗിച്ച് ഭൂരഹിതർക്ക് ഭൂമി പിടിച്ചെടുത്ത് നൽകുവാൻ കഴിയില്ല.
ഇന്ത്യയിൽ ഹെക്ടർ കണക്കിന് ഭൂമികൾ ഏതാനും വ്യക്തികളിൽ കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. ആവശ്യത്തിലധികം ഭൂമി പലരും കൈവശം വച്ച് അനുഭവിക്കുന്നുണ്ട്. അവയിൽ നിന്ന് കുറെ പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകാൻ ശക്തമായ നിയമങ്ങൾ ഉണ്ടാക്കാവുന്നതേയുള്ളൂ. എന്നാൽ അത് മിശ്രസമ്പദ് വ്യവസ്ഥയെന്ന ചെല്ലപ്പേരിൽ നിന്നും സമ്പൂർണ്ണ മുതലാളിത്തപാതയിലൂടെ നയിക്കപ്പെടുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ അത്ര എളുപ്പമല്ല. അതിനു സമൂലമായ രാഷ്ട്രീയ മാറ്റം ഉണ്ടാകണം. സോഷ്യലിസം വരണം. അതൊന്നും സമീപഭാവിയിൽ സംഭവിക്കുമെന്നും ഇപ്പോൾ കരുതാനാകില്ല.
അപ്പോൾ ഭൂരഹിതരുടെ പ്രശ്നപരിഹാരത്തിന് നിലവിലുള്ള മിച്ചഭൂമികൾ അളന്ന് തിട്ടപ്പെടുത്തി അവ ഭൂരഹിതർക്ക് വീതിച്ചു നൽകുക എന്നതു മാത്രമേ നിലവിൽ പ്രായോഗികമായിട്ടുള്ളൂ. എന്നാൽ നിലവിൽ ഭൂരഹിതരായ എല്ലാവർക്കും ലഭ്യമാക്കാവുന്നത്ര മിച്ചഭൂമി ഇന്ന് കേരളത്തിൽ ഇല്ല. മാത്രവുമല്ല ഇന്ന് എത്ര പരിഹരിച്ചാലും ജനസംഖ്യാ വർദ്ധനവിനനുസരിച്ച് നാളെയും ഭൂമിയില്ലാത്തവർ വീണ്ടുമുണ്ടാകും. അതുകൊണ്ടുതന്നെ മൂന്നോ നാലോ സെന്റ് ഭൂമി വീതം കുറച്ച് ഭൂരഹിതർക്ക് നൽകിയതുകൊണ്ട് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ കഴിയില്ല. ഈ ഒരു ചെറുതുണ്ട് ഭൂമി നൽകുന്നത് ഭൂരഹിതർക്ക് സ്വന്തമായി മൂന്നോ നാലോ സെന്റ് ഭൂമിയുണ്ടെന്ന് സ്വയം അഭിമാനിക്കുന “ഭൂഉടമകൾ“ ആക്കാനല്ല്ല. വീടില്ലാത്ത അവർക്ക് വീട് വച്ച് താമസിക്കുവാനാണ്.
ഭൂരഹിതർ എന്നാൽ ഭവന രഹിതർ എന്നുമാണർത്ഥം. ജനസംഖ്യയുടെ വർദ്ധനവിനനുസരിച്ച് ഭൂമി നിർമ്മിക്കുവാനോ, ഉള്ള ഭൂമിയെ വലിച്ചുനീട്ടുവാനോ സാദ്ധ്യമല്ല. ഭാവിയിലും ഭവന രഹിതർ ഉണ്ടാകും. ഭൂരഹിതർ എന്ന വാക്കിനു പകരം ഭവന രഹിതർ എന്ന വാക്കാണ് ആധുനിക കാലത്ത് നമ്മൾ ഉപയോഗിക്കേണ്ടത്. ഭവന രാഹിത്യത്തിനുള്ള കുറച്ചുകൂടി ഫലപ്രദമായ പരിഹാരം ഒരു വ്യക്തിയ്ക്കോ കുടുംബത്തിനോ ഒരു ചെറുതുണ്ട് ഭൂമി നൽകലല്ല. മറിച്ച് ഉള്ള ഭൂമിയിൽ ബഹുനില ഫ്ലാറ്റുകൾ നിർമ്മിച്ച് ആവശ്യമായ മറ്റ് ഭൌതിക സാഹചര്യങ്ങളും ഒരുക്കി കൂടുതൽ ആളുകൾക്ക് വാസസ്ഥലം ഒരുക്കിക്കൊടുക്കുക എന്നതാണ്. ഭൂവിസ്തൃതി കുറഞ്ഞ രാജ്യങ്ങളിലെല്ലാം പാർപ്പിട സൌകര്യം ഒരുക്കുന്നത് അങ്ങനെയാണ്.
നമ്മൾ ഇപ്പോഴും ഭവനരഹിതർക്ക് ഭവനം എന്ന ലക്ഷ്യത്തിനുപകരം ഭൂരഹിതർക്ക് ഭൂമി എന്നിടത്തുതന്നെ നിൽക്കുന്നത് വലിപ്പത്തിൽ ലോകത്ത് ഏഴാം സ്ഥാനത്ത് നിൽക്കുന്ന വിശാലമായ ഭൂവിസ്തൃതിയുള്ള ഒരു രാജ്യത്ത് ജീവിച്ച് ശീലിച്ചുപോയതുകൊണ്ടാണ്. പക്ഷെ ഒരു സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ ഭൂവിസ്തൃതി അത്ര വിശാലമല്ലെന്ന യാഥാർത്ഥ്യം നമ്മൾ ഉൾക്കൊള്ളണം. ഇവിടെ ഭൂമിയുടെ ലഭ്യതയ്ക്ക് പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ ആകെ ഉള്ള മിച്ചഭൂമി കുറച്ചുപേർക്ക് മാത്രം അളന്നു നൽകി പ്രശ്നത്തെ ചുരുക്കികാണുകയല്ല വേണ്ടത്. ലഭ്യമാക്കാൻ കഴിയുന്നത്ര ഭൂമികളിൽ വിശാലമായ ബഹുനിലഫ്ലാറ്റുകൾ നിർമ്മിച്ച് കഴിയുന്നത്ര ഭവനരഹിതർക്ക് താമസിക്കാൻ ഇടം നൽകുക എന്നതാണ് ഇക്കാര്യത്തിൽ കൂടുതൽ ഫലപ്രദമായ നടപടി. അങ്ങനെയെങ്കിൽ പാർപ്പിടപ്രശ്നത്തിന്റെ കാര്യത്തിൽ ഉള്ള ഭൂമിയെ ഫലപ്രദമായി ഉപയോഗിക്കുന്നവർ എന്ന് ഭാവിയിൽ നമുക്ക് അഭിമാനിക്കാം.