നോട്ടുകൾ മരവിപ്പിക്കൽ
8-11-2016, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കേന്ദ്ര സർക്കാർ പൊടുന്നനവെ പിൻവലിച്ചു. ഇന്ന് രാത്രി 12 മണിമുതൽ നടപ്പിലാകുന്നു. പ്രഖ്യാപിച്ചത് പ്രധാന മന്ത്രി നരേന്ദ്ര മോഡി. കള്ളപ്പണം പിടിക്കാനും വ്യാജ നോട്ടുകൾ തടയാനുമാണ് നടപടി. ഒപ്പം തീവ്രവാദം തടയുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നതായി വ്യക്തമാക്കപ്പെടുന്നു. ഇത്തരം ഒരു കടുത്ത തീരുമാനം എടുക്കാനുള്ള ഒരു സർക്കാരിന്റെ ആർജ്ജവം ആദ്യം തന്നെ അംഗീകരിക്കുന്നു. പക്ഷെ ഇത് സാധാരണ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തുഗ്ലക്ക് മോഡൽ പ്രഖ്യാപനം പോലെ ആയിപ്പോയി എന്ന വിമർശനം ഒഴിവാക്കാനാകില്ല. സാധാരണ ജനങ്ങൾക്കു മേൽ തികച്ചും അപ്രതീക്ഷിതമായി ഇത്രയും കടുത്ത പീഡനം നൽകുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. രാജ്യത്ത് കള്ളപ്പണവും വ്യാജ നോട്ടുകളും പെരുകുന്നതിന് സാധാരണ ജനങ്ങൾ എന്ത് പിഴച്ചു? ഏതാനും പേരെ പിടികൂടാൻ ഒരുപാടുപേരെ വലിയതോതിൽ ബുദ്ധിമുട്ടിക്കുന്ന നടപടിയാണിത്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ രൂപത്തിൽ മാത്രമല്ല കള്ളപ്പണമത്രയുമിരിക്കുന്നത്. വിദേശബാങ്കുകളിൽ വമ്പന്മാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന് ഇതു മൂലം ഒരു പോറലുമേൽക്കുകയുമില്ല.പണരൂപത്തിലല്ലാതെയുള്ള കള്ളപ്പണ നിക്ഷേപത്തെയും ഈ നടപടി മൂലം ഒന്നും ചെയ്യനാകില്ല. കള്ളനോട്ടുകൾ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും രൂപത്തിൽ മാത്രമല്ല ഇറങ്ങുന്നത്. കള്ളനോട്ടും വ്യാജ നോട്ടും തടയുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും ഉചിതമായ ഒരു നടപടിയാണിതെന്നതിൽ തർക്കമില്ല. പക്ഷെ ഭരണപരമായ ഒരു നടപടി ഭുരിപക്ഷ ജനത്തെ എങ്ങനെ ബാധിക്കും എന്നത് കണക്കിലെടുക്കേണ്ടതുണ്ട്. തീവ്രവാദികളെ ഒതുക്കാൻ കൂടിയാണ് ഈ നടപടിയെന്നും വ്യക്തമാക്കുന്നുണ്ട്. ഒരു പരിധിവരെ അതിനും ഉപകരിച്ചേക്കാം. എന്നാൽ ഈ കള്ളപ്പണം കൈവശം വയ്ക്കുന്നവരും വ്യാജ നോട്ടുകൾ അടിച്ചിറക്കുന്നവരും തീവ്രവാദികളുമല്ല ഭൂരിപക്ഷ ജനത. അവർ ആപേക്ഷികമായി ന്യൂന പക്ഷമാണ്. ആ ന്യൂനപക്ഷം ചെയ്യുന്ന തെറ്റുകൾക്ക് ജനങ്ങളെ ശിക്ഷിക്കുന്നതുപോലെ ആകേണ്ടിയിരുന്നില്ല ഈ തീരുമാനം നടപ്പിലാക്കേണ്ടിയിരുന്നത്.
കള്ളപ്പണത്തിന്റെ കാര്യത്തെക്കുറിച്ച് പറയുമ്പോൾ കളളപ്പണം മുഴുവനും അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ ഉൾപ്പെടെയുള്ള നോട്ടുകളുടെ രൂപത്തിലല്ല കള്ളപ്പണക്കാർ സൂക്ഷിക്കുന്നത്. അതുപോലെ കള്ള നോട്ടുകൾ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും മാത്രമേ ഇറങ്ങാറുള്ളോ? ഏതെങ്കിലും ഒന്നോ രണ്ടോ നോട്ടുകൾ മരവിപ്പിച്ചതുകൊണ്ടു മാത്രം തീവ്രവാദ പ്രവർത്തനങ്ങൾ കാര്യമായി ദുർബ്ബലപ്പെടുമെന്നും വിശ്വസിക്കാനാകില്ല. മാത്രവുമല്ല നോട്ടുകൾ മാറിയെടുക്കുന്നതിനും മറ്റും ജനങ്ങൾക്ക് കുറച്ചു കൂടി സമയ ദൈർഘ്യം അനുവദിക്കുന്നതുകൊണ്ട് ഈ ഒരു നടപടിയുടെ ലക്ഷ്യം പാളും എന്നും കരുതാനാകില്ല. നോട്ടുകൾ മരവിപ്പിക്കുന്നതോടെ തന്നെ കള്ള നോട്ടുകളും വ്യാജ നോട്ടുകളും കൈയ്യിലുള്ളവർക്ക് അത് ഒന്നും ചെയ്യാനാകാതെ വരും. അതുകൊണ്ട് നല്ല നോട്ടുകളെ കൂടി പെട്ടെന്ന് അശുദ്ധമാക്കേണ്ട കാര്യമില്ല. അതായത് കൈയിലുള്ള നല്ല നോട്ടുകൾ മാറുന്നതിന് കൂടുതൽ സമയവും ബോധവൽക്കരണവും നൽകുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. രാജ്യത്തെ റിമോട്ട് ഏരിയകളിൽ ഉള്ളവർ ഈ കാര്യങ്ങൾ യഥാ സമയം അറിഞ്ഞെന്നും വരില്ല.
പാതിവഴിയിൽ യാത്ര ചെയ്തു വരുന്നവർ, അടുത്ത ദിവസങ്ങളിൽ യാത്ര നടത്തേണ്ടവർ, ഇവന്റുകൾ നടത്തേണ്ടവർ തുടങ്ങി ധാരാളം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം ബുദ്ധിമുട്ടിലാക്കും. ഇവിടെ ചോദ്യം ചെയ്യുന്നത് സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ അല്ല. കള്ളപ്പണവും വ്യാജ നോട്ടുകളും തീവ്രവാദവും തടയാൻ നോട്ടുകൾ മരവിപ്പിക്കുന്നത് തെറ്റായതോ തികച്ചും പ്രയോജന രഹിതമോ ആയ ഒരു നടപടിയുമല്ല. എന്നാൽ കുറച്ചുകുടി ശാസ്ത്രീയമായും ജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാതെയുമാണ് ഇങ്ങനെയൊരു നടപടി പ്രയോഗത്തിൽ വരുത്തേണ്ടത്.