Sunday, December 14, 2008

കവിത- ഹൃദയഭൂമി

കവിത

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിര്‍ത്തകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!

Wednesday, December 3, 2008

ചെറുകഥ (നര്‍മ്മം) - മതസൌഹാര്‍ദം സിന്ദാബാദ്

നര്‍മ്മകഥ

മതസൌഹാര്‍ദം സിന്ദാബാദ്

ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാര്ദത്തില്‍ , മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.

അവര്‍ ഒരുമിച്ചേ നടക്കൂ
അവര്‍ ഒരുമിച്ചേ കിടക്കൂ
അവര്‍ ഒരുമിച്ചേ ......

വേണ്ട; തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി.

അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിര്മതനായ ഒരുത്തന്‍ നിന്നു മുദ്രാവാക്യം മുഴക്കുന്നു.


' മതരാഹിത്യം സിന്ദാബാദ്!'

ഒട്ടും അമാന്തിച്ചില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ച് നിര്മതനെ കുത്തിനു പിടിച്ചു നിര്ത്തി.

മൂവരും ഒരുമിച്ച് അവന്റെ ഉടുമുണ്ട് പൊക്കി . ഉടുമുണ്ട് ഉയര്ന്നുപൊങ്ങുമ്പോള്‍ ഒരു കൊടി ഉയര്ത്തുമ്പോള്‍ എന്നപോലെ അവര്‍ മുദ്രാവാക്യം മുഴക്കി.

' മതസൌഹാര്‍ദം സിന്ദാബാദ്! '

നിര്മതന്‍ പേടിച്ചു നിലവിളിച്ചു.

' എന്നെ പീഡിപ്പിയ്ക്കരുതേ .........'

ഛായ്!

മതേതരവാദികള്‍ തെറ്റിധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവരുടെ ലക്ഷ്യം പീഡനമായിരുന്നില്ല; ലിംഗ പരിശോധനയായിരുന്നു.

ലിംഗപരിശോധനയില്‍ ഒരു കാര്യം അവര്ക്കു ബോധ്യമായി. നിര്മതന്‍ ഒരു മുസല്‍മാനല്ല. !

മൂവരില്‍ മുസല്‍മാന്‍ നെടുവീര്‍പ്പിട്ടു.

പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ തര്‍ക്കമായി. നിര്മതന്‍ ഹിന്ദുവോ? ക്രിസ്ത്യാനിയോ?

നിര്മതനൊട്ട് നിലപാട് വ്യക്തമാക്കുന്നുമില്ല.

തര്‍ക്കം മൂത്ത് കയ്യാന്കളിയില്‍ എത്തിയപ്പോള്‍ സൗഹാര്‍ദത്തിന്റെ സന്ദേശവുമായി എടുത്തു ചാടിയ മുസല്‍മാനെ ഹിന്ദുവും ക്രിസ്ത്യാനിയും കൂടി പൊക്കിയെടുത്തു നിലത്തടിച്ചു. എന്നിട്ട് ഉറക്കെ മുദ്രാവാക്യം മുഴക്കി;

'ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സിന്ദാബാദ്'!

ഒറ്റപ്പെട്ട മുസല്‍മാന്‍ മാറിനിന്നു രംഗം നിരീക്ഷിയ്ക്കവേ ഹിന്ദുവും ക്രിസ്ത്യാനിയും നിര്‍മതന്റെ മതത്തെ ചൊല്ലി കയ്യാന്കളി തുടര്‍ന്നു. ഒരുപക്ഷെ ഇനി നടക്കാനിരിയ്ക്കുന്നത് ഒരു ചോരപ്പുഴ.

മുസല്‍മാന്‍ പിന്നെ സമയം പാഴാക്കിയില്ല. നിര്മതനെ പൊക്കിയെടുത്തു പൊന്നാനിയിലേയ്ക്കു യാത്രയാകുന്പോള്‍ മുസല്‍മാന്‍ സ്വയം ഇങ്ങനെ പിറുപിറുത്തു;

'അവന്റെയൊക്കെ ഒരു മതമില്ലായ്മ. സമയത്തും കാലത്തും സുന്നത്ത് നടത്താതെ രാജ്യത്തെ മത സൌഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്നു!'

ഇതുകണ്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാന്റെ പുറകെ പാഞ്ഞടുത്തു. പിന്നെ നിര്മതനുവേണ്ടി പിടിവലിയായി. ഒടുവില്‍ നിര്മതന്റെ കാര്യം തന്നെ മറന്ന് അവര്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു .

'അരുതേ, എന്നെ ചൊല്ലി കലഹിയ്ക്കരുതേയെന്നു' പറഞ്ഞ നിര്മതനെ ഇടയ്ക്കിടെ അവര്‍ താല്‍കാലിക ഐക്യമുണ്‍ടാക്കി ഒരുമിച്ച് കുത്തിനു പിടിച്ചു നിലത്തടിച്ചിട്ടു യുദ്ധം തുടര്‍ന്നു.

തുടരെയുള്ള ആക്രമണത്തില്‍ നിര്മതന്‍ ബോധമറ്റു നിലത്ത് ഒരോരം പറ്റി കിടപ്പായി.

പൊരിഞ്ഞ പോരാട്ടത്തില്‍ വിശ്വാസികള്‍ മൂവരും പരസ്പരം വെട്ടിമരിച്ചു സായൂജ്യരായി!

ബോധം തെളിഞ്ഞ നിര്മതന്‍ കണ്ണും തിരുമ്മി എഴുന്നെല്‍ക്കുന്പോള്‍ ആരും ശേഷിച്ചിരുന്നില്ല. വംശനാശം നേരിടുന്ന ഒരു ജീവിയുടെ മനോഭാവത്തോടെ നിര്മതന്‍ വല്ലവിധേനയും എഴുന്നേറ്റു യാത്രയായി!

Saturday, November 29, 2008

ലേഖനം- അല്പം ചില നാടകചിന്തകളും മറ്റും

ലേഖനം

അല്പം ചില നാടകചിന്തകളും മറ്റും

ഇന്നിപ്പോള്‍ ഇതേപ്പറ്റി ഇതിങ്ങനെയൊക്കെ എഴുതാമെന്ന് കരുതി അത്രയേ ഉള്ളു!

നാടകവുമായി ബന്ധപ്പെട്ട് പല ചൊല്ലുകളുമുണ്ട്. നാടകമേ ഉലകം, നാടകാന്തം കവിത്വം, നടകംതന്നെ ജീവിതം, ജീവിതമേ ഒരു നാടകം, നാട്ടകം തന്നെ നാടകം , അതായത് നാടിനകത്ത് നടക്കുന്നതു തന്നെയാണ് നാടകം എന്നൊക്കെ നാം നാടകവുമായി ബന്ധപ്പെട്ട് പറയാറുണ്ട്. 'നീ വെറുതേ നാടകം കളിയ്ക്കരുത്', 'രാഷ്ട്രീയ നാടകം' ഇതെല്ലാം നാം നിത്യ ജീവിതത്തില്‍ കേള്‍ക്കുന്നതാണ്. നാടകത്തിനു സമൂഹത്തിലുണ്ടായിരുന്ന സ്വാധീനമാണ് ഇതെല്ലാം കാണിയ്ക്കുന്നത്.

നാടകം എന്നാല്‍ നടിയ്ക്കപ്പെടുന്നത്‌ എന്നാണ്. എന്നുവച്ചാല്‍ അനുകരിയ്ക്കപ്പെടുന്നത്. പണ്ടു കാലം മുതല്‍ നടിയ്ക്കാനുള്ള വാസന മനുഷ്യന് സഹജമായി ഉണ്ടായി എന്ന് വേണം കരുതാന്‍. പിന്നീട് ഈ അനുകരണപ്രകടനത്തിനു സ്ഥിരം തറയും മുന്നില്‍ കാണികളും ഉണ്ടായിരിക്കാം. പിന്നെ അരങ്ങൊരുക്കലും വേഷ വിധാനങ്ങളും ആംഗിക ചേഷ്ടകളും അപരിഷ്കൃതമായ ഗാന താളങ്ങളും ഒക്കെ ചേര്‍ന്ന് നമുക്കൊരു നാടക വേദി ഉണ്ടായി എന്ന് കരുതാം.

ഒരു ജനകീയ കലാരൂപമാണ്‌ നാടകം. ജനങ്ങളുമായി ഏറ്റവും അടുത്തു നില്ക്കുന്ന ശക്തമായ ഒരു കലാ രൂപം. ജനങ്ങളെ സ്വാധീനിയ്ക്കുവാനുള്ള അതിന്‍റെ കഴിവ് വളരെ വലുതാണെന്ന് കേരളീയ സമൂഹത്തിന്റെ അനുഭവ സാക്ഷൃമുണ്ട്. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ അധിനിവേശത്തോടെ നാടക കല വിസ്മൃതമാവുമെന്നു കണക്കുകൂട്ടിയവരുണ്ട്. എന്നിട്ടും നാടകം ഇന്നും നിലനില്ക്കുന്നു. പ്രധാനമായും പ്രൊഫഷണലായിട്ടാണെങ്കിലും.

മലയാള നാടക വേദിയ്ക്ക് ഏതാണ്ട് നൂറ്റിയിരുപതു കൊല്ലത്തെ പഴക്കമാണുള്ളത് എന്നാണു പൊതുവേയുള്ള അഭിപ്രായം ; ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും. ആയിരത്തി എണ്ണൂറ്റി എണ്‍പത്തി രണ്ടില്‍ ഉണ്ടായ ശാകുന്തളം മുതലാണ്‌ മലയാളനാടകചരിത്രം ആരംഭിയ്ക്കുന്നതെന്നും അതല്ല അതിനും എത്രയോ മുന്പേ മലയാളനാടകം ആവിര്‍ഭവിച്ചുവെന്നും അഭിപ്രായമുണ്ട്. ഇതിലും പഴക്കമുള്ള 'ആള്‍മാറാട്ടം' എന്ന കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിന്റെ നാടകം ചൂണ്ക്കാണിക്കപ്പെട്ടിട്ടുള്ളത് ഈ തര്‍ക്കത്തിന് ഉദാഹരണമാണ്.

പരമ്പരാഗതവും അനുഷ്ഠാനപരവുമായ കലകളുടെ ഒരു തുടര്‍ച്ചയായാണ് മലയാള നാടകം രൂപപ്പെട്ടതെന്നും അതല്ല അവയില്‍ നിന്നും വഴി മാറി സ്വതന്ത്രമായി രൂപപ്പെട്ടതാണെന്നും ഒക്കെ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. അതൊക്കെ എന്തുതന്നെ ആയാലും നാടകം അന്നും ഇന്നും ഒരു ജനപ്രിയ കലയാണ്‌.

മലയാള നാടകവേദിയുടെ ആരംഭ വികാസ കാലം തന്നെയായിരുന്നു അതിന്റെ വസന്തകാലവും എന്ന് വേണമെങ്കില്‍ പറയാം. നമ്മുടെ നാടകവേദി യഥാര്‍ത്ഥത്തില്‍ മഹത്തായ ഒരു നവോത്ഥാന പ്രസ്ഥാനം ആയിരുന്നു. കേരളീയ സമൂഹം സാംസ്കാരികമായി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്ന് നാം പറയുമ്പോള്‍ അതില്‍ മലയാള നാടക പ്രസ്ഥാനം വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്‌ എന്നത് നിസ്തര്‍ക്കമാണ്.

കേരള ജനതയുടെ മനസ്സുകളെ ഉഴുതു മറിച്ചു ചിന്തയുടെയും തിരിച്ചറിവിന്റെയും വിത്തുകള്‍ പാകി അറിവും ആര്‍ജവവും പ്രതികരണ ശേഷിയും വിളയിച്ചു എന്നത് മാത്രമല്ല മലയാള നാടക പ്രസ്ഥാനത്തിന്റെ സംഭാവന; ചൂഷണരഹിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ജനമനസ്സുകളില്‍ സൃഷ്ടിയ്ക്കുവാനും അതുവഴി മാറ്റത്തിനു വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ കേരള ജനത നെഞ്ചേറ്റുവാനും മലയാള നാടകവേദി കാരണമായിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും മറ്റും വായിച്ചു കമ്മ്യൂനിസ്റ്റുകാരായവരല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ . കെ.പി. എ. സി തുടങ്ങിയ നാടകവേദികള്‍ അവതരിപ്പിച്ച നാടകങ്ങളാണ് ശരിയ്ക്കും കേരളത്തിലെ നല്ലൊരു പങ്കു ജനതയിലും കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ ചിന്ത വളര്‍ത്തിയത്‌ . കേരള ജനതയുടെ പോരാട്ട വീര്യത്തിനും സാംസ്കാരിക വളര്‍ച്ചയ്ക്കും മലയാള നാടക വേദിയോടു കടപ്പാടുണ്ട്. ജാതി മത ,സ്ത്രീ പുരുഷ, കക്ഷി രാഷ്ട്രീയത്തിന് എല്ലാം അതീതമായി നാടകം കേരളീയ സമൂഹത്തെ സ്വാധീനിച്ചിട്ടുന്ട്.

കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യതിരക്തമായ ഒരു സാംസ്കാരികാന്തരീക്ഷം സൃഷ്ടിയ്ക്കുന്നതില്‍ മലയാള നാടക പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. ഇന്നു കേരളത്തിന്‍റേതായി നാം അവകാശപ്പെടുന്ന കലാ- സാഹിത്യ -സാമൂഹ്യ- സാംസ്കാരിക മേന്മകള്‍ക്കെല്ലാം പിന്നില്‍ മലയാള നാടക വേദിയുടെ സ്വാധീനമുന്ട്. എല്ലാറ്റിലുമുപരി കലയ്ക്കും സാഹിത്യത്തിനും ജന മനസ്സുകളെ എങ്ങനെ സംസ്കരിയ്ക്കുവാന്‍ കഴിയും എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു മലയാള നാടക പ്രസ്ഥാനം . പ്രത്യേകിച്ചും ദൃശ്യ കലകള്‍ക്ക്.

സാധാരണ ജനങ്ങളെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റേതെങ്കിലും കലാ -സാഹിത്യ രൂപങ്ങള്‍ ഉണ്ടായിരുന്നോ എന്ന് നാം ആലോചിയ്ക്കണം. കേവലം നിരക്ഷരരായ ജന സമൂത്തെപ്പോലും പ്രബുദ്ധരാക്കുവാന്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ കലാരൂപത്തിന് കഴിഞ്ഞുവെന്നുള്ളതാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിയ്ക്കുമ്പോള്‍ നമുക്കു മനസ്സിലാക്കുവാന്‍ സാധിയ്ക്കുന്നത്. സിനിമ ഉള്‍പെടെയുള്ള ആധുനിക കലാരൂപങ്ങള്‍ക്കു പോലും ഇങ്ങനെയൊരു മാന്ത്രിക സിദ്ധി അന്നും ഇന്നും ഇല്ല എന്ന് നമുക്കു കാണാന്‍ പ്രയാസമില്ല.

തികച്ചും ഒരു കലാമാധ്യമത്തെ സാമൂഹ്യ മാറ്റത്തിന് പ്രയോജനപ്പെടുത്തേണ്ട സമയത്തു ആ സാമൂഹ്യ ബാധ്യത വേണ്ട വിധം നിറവേറ്റുവാന്‍ നമ്മുടെ നാടക പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നുള്ളതും ഒരു പ്രത്യേകതയാണ്. കലയുടെയും സാഹിത്യത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ നാടക രംഗം ഒരു മാതൃക തന്നെയായിരുന്നു. എന്നാല്‍ ഇന്നത്തെ നാടക വേദി ഇക്കാര്യത്തില്‍ എവിടെ നില്ക്കുന്നു എന്നത് മറ്റൊരു ചിന്താവിഷയമാണ്.

നാടകാചാര്യനായ എന്‍. എന്‍. പിള്ള പറഞ്ഞിട്ടുണ്ട് , നില്‍ക്കാനൊരു തറയും പിന്നിലൊരു മറയുമുണ്ടെങ്കില്‍ തനിയ്ക്ക് ഒരു നാടകം കളിയ്ക്കാനാകുമെന്ന്. എന്നാല്‍ തെരുവ് നാടകം പോലുള്ളവയ്ക്ക്‌ ഒരു മറ പോലും വേണ്ട. എവിടെയും അവതരിപ്പിയ്ക്കാം നാടകം. ജനങ്ങള്‍ക്ക്‌ ഒപ്പം നിന്നാണ് , ജനങ്ങളുടെ മുന്നില്‍ നേരിട്ടു നിന്നാണ് നാടകം അവതരിപ്പിയ്ക്കുന്നത്. തികച്ചും ജനകീയം.

മലയാള നാടക പ്രസ്ഥാനം കാഴ്ചക്കാരെ മാത്രം സ്വാധീനിച്ച ഒന്നല്ല. ഒരു കാലത്തു കേരളത്തിലെ കൌമാര യൌവ്വനങ്ങള്‍ക്ക് ജാതിമത വര്‍ണ വര്‍ഗ ഭേദമില്ലാതെ ഒത്തു കൂടുവാനും ആ കൂട്ടായ്മകളുടേയും സൌഹൃദങ്ങളുടേയും ഹൃദ്യമായ അനുഭവങ്ങള്‍ നുകരുവാനുമുള്ള പ്രചോദനമായിരുന്നു നാടകങ്ങള്‍. എത്രയോ ചെറുപ്പക്കാരെ സാമൂഹ്യ വിരുദ്ധന്‍മാരാകാതെ സാമൂഹ്യ ബോധമുള്ള മനുഷ്യസ്നേഹികളായ ഉത്തമ പൌരന്മാരായി അവരെ വാര്‍ത്തെടുക്കുവാന്‍ അവ സഹായിച്ചിരിയ്ക്കുന്നു!

അന്നത്തെ യുവാക്കള്‍ക്ക് ക്രിക്കറ്റ് ജ്വരമായിരുന്നില്ല. നാടക ഭ്രമമായിരുന്നു. നാടകത്തില്‍ അഭിനയിക്കുവാനുള്ള ആഗ്രഹമില്ലാത്ത ആരും ഉണ്ടായിരുന്നില്ല. അതിന് വേണ്ടിയുള്ള കൂട്ടായ്മകള്‍ എത്രയോ കലാ സമിതികള്‍ക്കും വായന ശാലകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. അതില്‍ പലതും ഇന്നും നിലനില്‍ക്കുന്നു.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒക്കെ നാടകത്തില്‍ അഭിനയിക്കുക എന്നത് അതീവ താല്പര്യമുള്ള ഒരു കാര്യമായിരുന്നു. ഒരു കാലത്തു സ്കൂള്‍ യുവജനോല്‍സവങ്ങളിലും വാര്‍ഷികങ്ങളിലും മറ്റും ഇന്നത്തേതിനേക്കാള്‍ പെണ്‍കുട്ടികളും സജീവമായി നാടകങ്ങളില്‍ പങ്കെടുത്തിരുന്നു. സ്കൂളുകളില്‍ കുട്ടികള്‍ മാത്രമല്ല അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും ഒക്കെ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇന്നതെല്ലാം വെറും ഓര്‍മ്മകള്‍ മാത്രം!

അന്നത്തെ സ്നേഹം, സൌഹൃദം , പ്രണയം എല്ലാറ്റിനും ഇന്നത്തേക്കാള്‍ എത്രയോ മധുരമായിരുന്നു!

പ്രശസ്തമായ നാടക വേദികള്‍ മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല യഥാര്‍ത്ഥത്തില്‍ മലയാള നാടക പ്രസ്ഥാനം. അവയ്ക്കൊപ്പം തന്നെ കേരളത്തിലെ കലാസമിതികളും വായനശാലകളും കേന്ദ്രീകരിച്ച് വളര്‍ന്നു കൊണ്ടിരുന്ന അമച്ച്വര്‍ നാടക വേദികളും കൂടി ഉള്‍പ്പെട്ടതായിരുന്നു മലയാള നാടക പ്രസ്ഥാനം. ഒപ്പം തന്നെ തെരുവ് നാടകങ്ങളും ചവിട്ടു നാടകങ്ങളുംമറ്റു പരീക്ഷണ നാടകങ്ങളും ഒക്കെ അരങ്ങു തകര്‍ത്തു കൊണ്ടിരുന്നു.

മലയാള നാടക വേദിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പ്രതിഭാധനന്‍മാര്‍ നിരവധിയാണ്. കൈനിക്കര കുമാര പിള്ള, തോപ്പില്‍ ഭാസി, എന്‍. കൃഷ്ണ പിള്ള, എന്‍. എന്‍. പിള്ള, ജി. ശങ്കരപ്പിള്ള, പി. ജെ. ആന്റണി, സി. എന്‍. ശ്രീകണ്ഠന്‍ നായര്‍, സി. ജെ. തോമസ്, ടി. ആര്‍. സുകുമാരന്‍ നായര്‍ , കെ. ടി. മുഹമ്മദ് അങ്ങനെ നീണ്ടുപോകുന്നതാണ് ആ നിര. മനുഷ്യ ജീവിതത്തെ അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി നാടക വേദിയില്‍ അവതരിപ്പിച്ചവരാണ് അവര്‍. ഇന്നത്തെ നാടക കലാകാരന്മാര്‍ക്ക് അത്രയും തീവ്രമായ അവബോധം ഉണ്ടോയെന്നു നാം പരിശോധിയ്ക്കണം.

അടുക്കളയില്‍ നിന്നു അരങ്ങത്തേയ്ക്ക്, പാട്ടബാക്കി, നമ്മളൊന്ന്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേധം, സര്‍വെക്കല്ല്, തുലാഭാരം, വിശറിയ്ക്ക് കാറ്റു വേണ്ട, മുടിയനായ പുത്രന്‍, ഇതു ഭൂമിയാണ്‌ , ക്രോസ്സ് ബെല്‍റ്റ് തുടങ്ങി എത്രയോ നാടകങ്ങള്‍ കേരളീയ സമൂഹത്തെ മാറ്റിമറിച്ചു. പേരറിയാത്തതുകൊണ്ടല്ല മറ്റു നാടകങ്ങളെ സൂചിപ്പിയ്ക്കാത്തത്; എഴുത്തിന്റെ നീട്ടം കുറയ്ക്കാനാണ്. അത്രയും കരുത്തുള്ള നാടകങ്ങള്‍ തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ഉണ്ടായോ എന്ന് സംശയമാണ്. അവയില്‍ നല്ലൊരു പങ്കും കെ. പി.എ. സിയുടെതുമായിരുന്നു.

കേരളത്തിന്റെ നാടക ചരിത്രം പരാമര്‍ശിയ്ക്കുമ്പോള്‍ കെ. പി. എ. സി മുഴച്ചു നില്ക്കും. കാരണം കേരളത്തിന്റെ നാടക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അതില്‍ കെ. പി. എ. സിയുടെ സംഭാവനകളും വളരെ വലുതാണ്‌. ഒപ്പം തോപ്പില്‍ ഭാസിയും. മറ്റു സമിതികളുടെ സംഭാവനകള്‍ കുറച്ചു കാണുകയല്ല; നാടകത്തിന്റെ പര്യായമായി കെ. പി. എ.സി എന്ന നാലക്ഷരം മാറിപ്പോയി.

കാണേണ്ടത് കാണേണ്ട സമയത്തു കാണുകയും പറയേണ്ടത് പറയേണ്ട സമയത്തു പറയുകയും ചെയ്ത ചരിത്രമാണ് മലയാള നാടക പ്രസ്ഥാനതിനുള്ളത്. കാലഘട്ടത്തിന്റെ കടമ ഏറ്റെടുത്ത് അത് ഭംഗിയായി നിറവേറ്റിയതിന്റെ ചരിത്രമാണ് മലയാള നാടക വേദിയ്ക്ക് പറയാനുള്ളത്. മറ്റൊരു ജനകീയ കലയായ കഥാപ്രസംഗത്തിനല്ലാതെ മറ്റേതെങ്കിലും കലാരൂപത്തിന് ഇതു സാധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. കഥാപ്രസംഗം അതിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു സാമൂഹ്യ പ്രതിബദ്ധത ഏറ്റു വാങ്ങിയ മറ്റൊരു കലാരൂപമാണ്‌.

ഇന്നത്തെ സിനിമ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങള്‍ എത്ര കണ്ടു ജനപ്രിയങ്ങളാണെങ്കിലും വൈകാരികമായി നാടകം ഇന്നും ജനങ്ങളോട് ഏറെ അടുത്ത് നില്ക്കുന്നു. നല്ല നാടകങ്ങള്‍ ഇന്നു വിരളമാണെങ്കിലും. നടീനടന്മാര്‍ കാണികള്‍ക്ക് മുന്നില്‍ നിന്നു നേരിട്ടു അവതരിപ്പിയ്ക്കുന്ന നാടകം കാണുന്നതിന്റെ ആസ്വാദ്യത ഒന്നു വേറെതന്നെയാണ്‌.

ഇന്നിപ്പോള്‍ ഉത്സവപ്പറമ്പുകളിലെ സാധ്യതകളെ മുന്‍നിര്‍ത്തി ഒരുക്കിയെടുക്കുന്ന പ്രൊഫെഷണല്‍ നാടകങ്ങളില്‍ ഒതുങ്ങുന്നതാണ് മലയാള നാടക രംഗം. വിപണന സാധ്യതയെ മാത്രം മുന്‍ നിര്‍ത്തിയുള്ള ഉല്പാദന തന്ത്രങ്ങളില്‍ നിന്നു നാടക കലയും മാറിനില്‍ക്കുന്നില്ല. നാടക രംഗത്ത് ഇപ്പോള്‍ ഒരു പരീക്ഷണങ്ങളും നടക്കുന്നില്ലെന്ന് തന്നെ പറയാം. കാലത്തിന്റെ കുത്തൊഴുക്കില്‍ അമച്ച്വര്‍ നാടകങ്ങള്‍ അരങ്ങൊഴിഞ്ഞെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.

അവിടെയും ഇവിടെയുമായി വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന തെരുവ് നാടകങ്ങള്‍ - അതും ഏതെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങള്‍ക്ക്‌ വേണ്ടി തട്ടിക്കൂട്ടുന്നവ- അല്ലാതെ അവിടെയും പ്രതീക്ഷിയ്ക്കാനില്ല. സര്‍ഗാത്മകമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മകളുണര്ത്തി ഈ ജനകീയ കലാരൂപം 'വംശനാശഭീഷണി' നേരിടുകയാണ്. ഒരു കാലത്തു നാടക രംഗത്ത് തിളങ്ങി ഇന്നു ജീവിതത്തിന്റെ ഉയര്‍ന്ന തുറകളില്‍ പ്രവര്ത്തിക്കുന്ന എത്രയോ പേരുണ്ട്. അവര്‍ പോലും ഇതിന്റെ പുനരുജ്ജീവനത്തിന് വേണ്ടി ഒരു ശ്രമവും നടത്തുന്നില്ല.

പണ്ടു കലാസമിതികളുമായും, വായനശാലകളുമായും മറ്റും ബന്ധപ്പെട്ട് സാഹിത്യവും നാടകവും ഒക്കെ ആയിട്ട് നടന്നവരാണ് ഇന്നത്തെ പ്രശസ്തരില്‍ പലരും. സിനിമാ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന എത്രയോ പേര്‍ പണ്ടത്തെ ആ നാടക പ്രവര്‍തനങ്ങളിലൂടെ കടന്നു വന്നവരാണ്. പ്രശസ്തമായ നാടക ഡ്രൂപ്പുകളായി പില്‍കാലത്ത് മാറിയ പല സ്ഥാപനങ്ങളും പഴയ കലാ സമിതികളോ വായന ശാലകളോ ആയിരുന്നു.

നാടക സാഹിത്യം എന്നൊരു ശാഖ തന്നെ നമ്മുടെ വായനാ ലോകത്തുനിന്ന് ഇല്ലാതാവുകയാണ്. പണ്ടൊക്കെ വായന ശാലകളില്‍ നാടക കൃതികള്‍ക്ക് വേണ്ടി പ്രത്യേക അറകള്‍ ഉണ്ടായിരുന്നു. ഇന്നു നാടക പുസ്തകങ്ങള്‍ കിട്ടാനില്ല. ഇന്നു നാടക കൃതികള്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്നതേയിയില്ല. അമച്ച്വര്‍ നാടക വേദി നശിയ്ക്കാനുള്ള കാരണങ്ങളില്‍ ഒന്നു ഇതായിരിയ്ക്കം. നല്ല സ്ക്രിപ്റ്റുകള്‍ ഇല്ലാതെ നാടകം അവതരിപ്പിയ്ക്കുവാന്‍ ആകില്ലല്ലോ!

നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കലാസമിതികളും വായനശാലകളും ഒക്കെ വീണ്ടും സജീവമാക്കി മാറ്റേണ്ടതിന്‍റെ ആവശ്യം കാലം വിളിച്ചു പറയുന്നു. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്നു കേരളത്തിലെ യുവാക്കള്‍ അകന്നു പോയതിന്റെ ദുര്യോഗങ്ങള്‍ നാം പലവിധത്തില്‍ അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. സ്ത്രീപീഡനവും, കൂലിത്തല്ലും തുടങ്ങി ഭീകര പ്രവര്‍ത്തനം വരെ. തെറ്റായതെല്ലാം- കൊടും പാതകങ്ങള്‍ വരെ- ന്യായീകരിയ്ക്കപ്പെടുന്ന ഒരു കാലത്ത് മാനവിക മൂല്യങ്ങളില്‍ അടിയുറച്ച ഒരു സമൂഹം വാര്‍ത്തെടുക്കുവാന്‍ നാം നന്നേ യത്നിയ്ക്കേടതുണ്ട്.

നിശ്ചയമായും ഒരു കലാസമിതിയില്‍ നിന്നോ ഒരു വായന ശാലയില്‍ നിന്നോ ഒരു രാജ്യ ദ്രോഹിയോ വര്‍ഗീയ വാദിയോ ഭീകര വാദിയോ ഉണ്ടാകില്ല. പുസ്തക വായ്നയ്ക്കിടയിലും നാടക പരിശീലനതിനിടയിലും സാഹിത്യ ചര്‍ച്ചകള്‍ക്കിടയിലും ആയുധ പരിശീലനത്തിന് ഇടമുണ്ടാകില്ല. തന്‍റെ നാലു ചുറ്റിലും ശത്രുക്കളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ആര്‍ക്കും അവനെ ആയുധമണിയിക്കുവാനാകില്ല.

മാറിയ കാലത്ത് ഇനി അങ്ങനെ ഒരു തിരിച്ചു പോക്ക് സാധ്യമാണോ , അതിന് പ്രസക്തിയുണ്ടോ എന്നും മറ്റും ചോദിയ്ക്കുന്നവരുണ്ടാകാം. മാറ്റമെന്നാല്‍ നല്ലതു പോലും തിരസ്കരിച്ചുകൊണ്ടുള്ള പ്രയാണമല്ല; നല്ലതൊക്കെയും നില നിര്‍ത്തിയും അല്ലാത്തവയെ തിരസ്കരിച്ചും ഉള്ള മുന്നേറലാണ്. കാലഹരണപ്പെട്ടവയില്‍ കടിച്ചു തൂങ്ങി കിടക്കേണ്ട. എന്നാല്‍ കാലാതിവര്‍ത്തിയായി മനുഷ്യ ജീവിതത്തിനു മാറ്റ് കൂട്ടുന്ന, മനുഷ്യ സംസ്കാരത്തിനും പുരോഗതിയ്ക്കും സഹായകമാകുന്നതൊക്കെയും നാം പിന്തുടരുകയും നിലനിര്‍ത്തുകയും ചെയ്യണം.

വരൂ നമുക്കു സര്‍ഗാത്മകമായ ആ നല്ല കാലത്തെ തിരികെ കൊണ്ടുവരാം.

( ആരോടു പറയാന്‍ .........!)

Friday, November 7, 2008

കവിത- മുത്തശ്ശി

കവിത

മുത്തശ്ശി

കുഞ്ഞിക്കുടിലിനുകൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി

ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയാത്തൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി

കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി

ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി

കന്നിക്കൊയ്ത്തുകളേറെനടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു

നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്‌
കണ്ണുമിഴിപ്പൂ മുത്തശ്ശി

അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ധക്കെട്ടുംകെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി

ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി

അക്കരെയന്തിയില്‍ മളികവെട്ടം
മുത്തശ്ശിയ്ക്കത് ഘടികാരം
എരിയണവെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി

മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി

കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !

ഉഷ്ണം വന്നു പതിച്ചുതപിച്ചൊരു
ദേഹമുണങ്ങിവരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു

നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മെലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു

കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി

മിച്ചംവച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !

Friday, October 17, 2008

ലേഖനം- ലോക സാമ്പത്തിക തകര്‍ച്ചയും ഇന്ത്യയും

ആഗോള സാമ്പത്തിക തകര്‍ച്ചയുടെ നടുക്കത്തില്‍ നിന്നും ഇതുവരെ മുക്തമായിട്ടില്ല, മുതലാളിത്ത ലോകം. നടുക്കം ശരിയ്ക്കും മാറിയിട്ട് വേണം അതിജീവനത്തിനുള്ള കൂടുതല്‍ തന്ത്രങ്ങള്‍ മെനയാന്‍. ലോകത്തെ സമ്പദ് വ്യവസ്ഥകളുടെ സത്വരമായ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും മുതലാളിത്ത രീതിയാണ് ഉത്തമം എന്നാണല്ലോ, വയ്പ്. മുതലാളിത്തത്തിന്റെ നേര്‍ ബദലായ സോഷ്യലിസത്തിനു ഏറ്റ തിരിച്ചടികള്‍ കൂടിയായപ്പോള്‍ ഈ വാദഗതി കരുത്താര്‍ജിയ്ക്കുകയും, ലോകമാകെതന്നെ ഇന്നു മുതലാളിത്ത പാതയിലൂടെ സഞ്ചരിയ്ക്കുകയും ചെയ്യുന്നു.

സോഷ്യലിസം നിലനില്ക്കുന്ന നാമമാത്രമായ രാജ്യങ്ങളില്‍ പോലും മുതലാളിത്തത്തിന്റെ സ്വാധീനങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്കാനാകാതെ മുതലാളിത്തവുമായി നീക്കുപോക്കുകള്‍ ചെയ്തു മുന്നോട്ടു നീങ്ങേണ്ടുന്ന അവസ്ഥയിലായി, ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍. ലഭേച്ഛയിലും കിടമത്സരത്തിലും അധിഷ്ടിതമായ മുതലാളിത്തം , ഈ ലാഭേച്ഛയും കിടമത്സരവും കൊണ്ടുതന്നെ മെച്ചപ്പെട്ട ഉല്പന്നങ്ങളുടെ ഉല്പാദനത്തിനും , അവയുടെ വിലനിലവാരം കമ്പോള ശക്തികളാല്‍ത്തന്നെ ,അതായത് അവരുടെ മാത്സര്യം കൊണ്ടുതന്നെ പിടിച്ചു നിര്‍ത്തപ്പെടും എന്നാണു മുതലാളിത്തത്തിന്റെ വക്താക്കള്‍ തത്വശാസ്ത്രപരമായി വിശദീകരിയ്ക്കുന്നത്‌.

പൊതുമേഖലയുടെ എല്ലാത്തരം പിടിപ്പുകേടുകള്‍ക്കും അത് പരിഹാരവുമാത്രേ! എന്നാല്‍ ഉത്പാദന വിതരണ വിപണന മേഖലകള്‍ മുതലാളിത്ത ശക്തികള്‍ നിയന്ത്രിയ്ക്കുന്നിടത്ത് സാമൂഹ്യ ക്ഷേമം എന്നത് ഒരു ലക്‍ഷ്യമേ ആകില്ലെന്നു സാമാന്യ യുക്തികൊണ്ട് തന്നെ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. ഉത്പാദന വിതരണ രംഗങ്ങളില്‍ സ്വകാര്യ മേഖലയുടെ സഹകരണം എന്നതിനെ പാടെ നിരാകരിയ്ക്കുന്ന വരട്ടു തത്വം ഉന്നയിക്കുകയല്ല, ഇവിടെ.

സ്വയം അതിജീവിക്കുവാന്‍ ത്രാണിയുള്ള മുതലാളിത്ത സംരംഭകര്‍ ഇപ്പോള്‍ ഭരണകൂടത്തിന്റെയും , മുതലാളിത്തത്തിന്റെ കടന്നുകയറ്റത്താല്‍ തന്നെ ദുര്‍ബലമായിതീരുകയും ചെയ്തുകൊണ്ടിരിക്കുന്ന പൊതുമേഖലാ സംരംഭങ്ങളുടെയും സഹായത്തിനു വേണ്ടി കൈ നീട്ടുന്നത് എന്തിനുവേണ്ടിയാണ് എന്നതാണ് മനസിലാകാത്തത്.

കഴിവുള്ളത് സ്വയം അതിജീവിക്കും എന്നാണല്ലോ പ്രമാണം. മാത്രവുമല്ല സഹായത്തിനുവേണ്ടി ഭീഷണിയും സമ്മര്‍ദ്ദ തന്ത്രങ്ങളും തന്നെ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. പൊതുമേഖലാ സംരംഭങ്ങള്‍ രോഗഗ്രസ്ഥമായാല്‍ സംരക്ഷിയ്ക്കുവാനുള്ള ബാധ്യത ഗവര്‍മെന്റിനുണ്ട്. ലാഭാധിഷ്ടിത മുതലാളിത്ത സംരംഭങ്ങളുടെ തകര്‍ച്ചയെ അതിജീവിക്കുവാന്‍ ഭരണക്കൂടം ഏതറ്റം വരെ സഹായിക്കണം? സമ്പൂര്‍ണ മുതലാളിതത്തെ ഊട്ടി വളര്‍ത്തിയിട്ടുള്ള ഭരണകൂടങ്ങള്‍ക്ക് തീര്‍ച്ചയായും ഈ ബാധ്യത ഏറ്റെടുക്കേണ്ടിവരും.

പക്ഷെ ജനങ്ങള്‍ ഇച്ഛിയ്ക്കുന്നതല്ലല്ലോ, ഭരണകൂടം നടപ്പിലാക്കുന്നത്. അതുകൊണ്ട് സാമാന്യജനത്തിനു ഈ ബാധ്യത ഏറ്റെടുക്കുന്നതില്‍ താല്പര്യപ്പെടേണ്ട കാര്യമില്ല. എന്തായാലും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണാതീതമാണ്.

ഇവിടെ പറയാന്‍ വന്ന കാര്യത്തിനു ഒരു ആമുഖമായി ഇത്രയും പറഞ്ഞെന്നേയുള്ളൂ.

ആഗോള സാമ്പത്തിക തകര്‍ച്ച സ്വാഭാവികമായും ഇന്ത്യയെയും ബാധിച്ചു. നല്ല നിലയില്‍ത്തന്നെ. അതിന്റെ റിപ്പോര്‍ടുകള്‍ ഓരോദിവസവും പുറത്ത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്.

തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ചില സ്ഥാപനങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നതിനുള്ള താത്പര്യം നമ്മുടെ കേന്ദ്ര ഭരണകൂടം പ്രകടിപ്പിച്ചു കാണുന്നുണ്ട്.

ഐ. സി. ഐ. സി.ബാങ്കിന് ഒരു പൊതുമേഖലാ സ്ഥാപനം വന്‍തുക വായ്പ കൊടുക്കാന്‍ പോകുന്നുവെന്നതാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകളില്‍ ഒരെണ്ണം ഒന്നു നോക്കണേ, പൊതു മേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ ദൂഷ്യം പറയാന്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരെ പോസ്റ്റു ചെയ്തു ട്രെയിനിംഗ് കൊടുത്തു നിക്ഷേപങ്ങളും പോളിസികളും ഷെയറുകളും ഒക്കെ സ്വരുക്കൂട്ടിയ സ്വകാര്യ സ്ഥാപനങ്ങള്‍ നിലനില്പിനായി പൊതു മേഖലയ്ക്കും സര്‍ക്കാരിനും മേല്‍ ഒരവകാശം എന്ന പോല്‍ കൈ നീട്ടുകയാണ്.

രസകരമായ മറ്റൊരു വസ്തുത ചില സ്വകാര്യ ധനകാര്യ സ്ഥാപങ്ങളുടെ തലപ്പത്തിരിയ്ക്കുന്നവര്‍ തങ്ങള്‍ നയിക്കുന്ന സ്ഥാപനങ്ങളിലെ അവരുടെ സ്വന്തം നിക്ഷേപങ്ങള്‍ അവിടങ്ങളില്‍ സുരക്ഷിതമല്ലെന്ന് ഭയന്ന് അവ അതീവ രഹസ്യമായി പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് മാറ്റിയിട്ടുവത്രേ! ഇനി പ്രതിസന്ധിയൊക്കെ മുതലാളിത്വത്തിന്റെ കുടില തന്ത്രങ്ങള്‍ ഉപയോഗിച്ചു അതിജീവിച്ചു വന്നാല്‍ തന്നെ ജനങ്ങള്‍ ഇവയെ വിശ്വാസത്തില്‍ എടുക്കുമോ?

അനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാത്ത ജനങ്ങള്‍ ഉണ്ടായിരിക്കുന്നിടത്തോളം ഇനിയും സംരഭകരുടെ വരുത്തുപോക്കിനു കുറവൊന്നും ഉണ്ടാകില്ല!

ഇനി ഒക്ടോബര്‍ പതിനാറിന് മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു വാര്‍ത്ത ,ജെറ്റ് എയര്‍ വെയിസിലെ ആയിരത്തി തൊള്ളായിരം ജീവനക്കാരെ താല്‍കാലികമായി പിരിച്ചുവിട്ടുഎന്നതാണ് .പിറ്റേന്ന് അറിയുന്നു, ഇനി എയര്‍ ഇന്ത്യയും തൊഴിലാളികളെ പിരിച്ചുവിടാന്‍ പോകുന്നുവെന്ന്.എന്നാല്‍ ജെറ്റ് എയര്‍ വെയ്സില്‍ നിന്നു പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമെന്ന് കമ്പനിയുടെ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ പ്രസ്താവനയും ഒക്ടോബര്‍ പതിനാറിന്റെ പത്രങ്ങളില്‍ വന്നു. പ്രസ്തുത വാര്‍ത്തയാണ് ഈ കുറിപ്പ് എഴുതാന്‍ തന്നെ പ്രേരണയായത്.

ഒക്ടോബര്‍ പതിനാറിന് ഹിന്ദു പത്രത്തില്‍ ജെറ്റ് എയര്‍ വെയ്സിലെ തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രസ്തുത കമ്പനിയുടെ ചെയര്‍മാന്‍ നരേഷ് ഗോയല്‍ പറഞ്ഞ കാര്യങ്ങളെ നമുക്കു ഇങ്ങനെ സംഗ്രഹിയ്ക്കാം

Jet reinstates sacked staaff എന്ന ഹെഡിങ്ങിനു താഴെ I cannot see tears in their eyes: Goyel എന്നും കൂടിയുണ്ട്.

അതായത് അവരുടെ കണ്ണുനീര്‍ കാണാന്‍ എനിയ്ക്ക് കഴിയില്ലെന്ന് ആത്മാര്‍ത്ഥമായിട്ടാണ് അതി സമ്പന്നന്‍ അങ്ങനെ പറഞ്ഞിട്ടുള്ളതെങ്ങ്കില്‍ വളരെ നല്ലത്; മനുഷ്യത്വം .

പറഞ്ഞതു ഇങ്ങനെ;

"എനിയ്ക്ക് അവരുടെ കണ്ണുനീര്‍ കാണാന്‍ കഴിയില്ല. അവര്‍ എന്റെ കുടുംബാങ്ങങ്ങള്‍ ആണ്. നാളെ മുതല്‍ അവര്ക്കു ജോലിയില്‍ കയറാം. ഏതെങ്കിലും രാഷ്ട്രീയമായ സമ്മര്‍ദ ഫലമായല്ല ഞാന്‍ ഈ തീരുമാനം എടുക്കുന്നത്. ഇതെന്റെ സ്വന്തം തീരുമാനമാണ്. ആന്തരികമോ, ബാഹ്യമോ ആയ ഒരു സമ്മര്‍ദങ്ങളും ഇല്ല. മറ്റുള്ളവര്‍ എന്ത് പറഞ്ഞു എന്നത് ഞാന്‍ നോക്കുന്നില്ല. എന്റെ ഭാര്യയോടു പോലും ആലോചിയ്ക്കാതെയാണ് ഞാന്‍ ഈ തീരുമാനം എടുത്തിട്ടുള്ളത്.

കമ്പനി മാനേജുമെന്റ് എടുക്കുന്ന ദൈനംദിന തീരുമാനങ്ങള്‍ ഞാന്‍ അറിയാറില്ല. ഇപ്പോഴത്തെ സമ്പത്തിക സാഹചര്യങ്ങള്‍ വച്ചു അങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളതാകാം. എന്റെ മകള്‍ക്ക് പത്തൊന്‍പതു വായസ്സാണ്. ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരും പത്തൊന്‍പതും ഇരുപതും ഇരുപത്തൊന്നും ഒക്കെ പ്രായത്തിലുള്ളവരാണ്. അവരുടെ ദുഖവും സങ്കടവുമോന്നും കാണാന്‍ എനിയ്ക്ക് വയ്യ ". ഗോയല്‍ പറഞ്ഞു .

തീര്‍ച്ചയായും ഒരു തൊഴിലുടമയില്‍ നിന്നു ഇങ്ങനെ നല്ല വാക്കുകളും തീരുമാനവും വരുന്നതു നല്ലതുതന്നെ. ആത്മാര്‍ത്ഥതയില് നമ്മള്‍ സംശയിക്കേണ്ടതില്ല. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ തിരിച്ചെടുക്കലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എങ്ങ്കിലും വാല്‍കഷണമായി ചില കേട്ടുകേഴ്വികളുംകൂടി ഇവിടെ ചുമ്മാ കുറിച്ചിട്ടേയ്ക്കാം. ഭാവിയില്‍ ഉപയോഗം വരുന്നെങ്ങ്കിലോ?

അതായത് മുംബൈ വിമാന താവളത്തില്‍ നിന്നു ജെറ്റ് എയര്‍ വെയ്സിന്റെ ഒരു വിമാനവും പറന്നുയരില്ലെന്നു മഹാരാഷ്ട്ര നവനിര്‍മാന്‍ സേന തലവന്‍ രാജ് താക്കറെയുടെ ഭീഷണി ഉണ്ടായി. മറ്റൊന്ന്, എയര്‍ വെയിസ് കമ്പനികള്‍ ആവശ്യപ്പെട്ട അയ്യായിരം കോടിയുടെ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതിന്റെ ഭാഗമായാണ് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ കാരണമെന്ന് സൂചനയുണ്ടത്രേ!

ഇനി പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയില്‍ നിന്നും പതിനയ്യായിരം പേരെ പിരിച്ചുവിടാന്‍ പോകുന്നുവത്രെ! അവരോട് കണ്ണീരും കനിവും തോന്നാന്‍ ആരാണാവോ ഉണ്ടാവുക. കാത്തിരുന്നു കാണുക.

ഇന്ത്യ മിശ്ര സമ്പദ് വ്യവസ്ഥയെന്നാണ് വയ്പ്. അതില്‍നിന്നു സമ്പൂര്‍ണ മുതലാളിത്തത്ത്തിലെയ്ക്കുള്ള കുതിപ്പിലായിരുന്നു, നമ്മള്‍. പരമാവധിയെല്ലാം സ്വകാര്യവല്‍ക്കരിച്ചു. ഇനിയും ബാക്കിയുള്ളതുകൂടി തീറെഴുതാന്‍ ഇപ്പോഴത്തെ ലോക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയരുന്നതുവരെ കാത്തിരിയ്ക്കുവാന്‍ നമ്മുടെ ഇന്ത്യന്‍ ഭരണകൂടത്തിനു ക്ഷമയുണ്ടാകുമോ എന്നതാണ് ഇനിയും കാണേണ്ടിയിരിയ്ക്കുന്ന മറ്റൊരു കാര്യം!

Friday, October 10, 2008

ലേഖനം- ഒരു ക്ലാര്‍ക്ക് ആകാന്‍ പത്താം ക്ലാസ് പോരെ?

ഉദ്യോഗസ്ഥ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്താന്‍ പി.എസ്.സി. ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു. എല്‍ ഡി.സി ആകാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കണമാത്രേ! അതും കൂടി ഈ സര്‍ക്കാരിനെ കൊണ്ടു ചെയ്യിച്ചിട്ട് വേണം ഇനിയും ചിലര്‍ക്ക് സര്‍ക്കാരിന്‍റെ മേല്‍ കുതിര കയറാന്‍.

വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ പുരോഗമനപരമായ നടപടികളെ സംബന്ധിച്ചുളള
കുതിര കയറ്റങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല.

നാളിതുവരെ എസ്.എസ്.എല്‍.സി ക്കാരാണ് ടെസ്റ്റ് എഴുതി എല്‍.ഡി.സിയും, ലാസ്റ്റ് ഗ്രേഡും ഒക്കെ ആയിക്കൊണ്ടിരിയ്ക്കുന്നത് . അവര്‍ ജോലി ചെയ്തതിന്‍റെ പേരില്‍ അവരുടെ വിദ്യാഭ്യാസ കുറവ് കൊണ്ടു ഇവിടെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. എസ്. എസ്.എല്‍.സിയ്ക്ക് മേല്‍ ഒരുപാടു ഡിഗ്രികള്‍ ഉള്ളതുകൊണ്ട് എസ്.എസ്.എല്‍. സി മോശപ്പെട്ട ഒരു യോഗ്യത ആകുമോ? എല്ലാവര്‍ക്കും ഡിഗ്രീ വരെ പഠിയ്ക്കാന്‍ കഴിയുമോ? അഥവാ പഠിയ്ക്കാംഎന്നു വിചാരിയ്ക്കുന്നവര്‍ക്ക് കോളേജുകളില്‍ അതിനുള്ള അവസരങ്ങള്‍ ഉണ്ടോ?

ഒരു എസ്.എസ്.എല്‍സിക്കാരന് കേവലം ഒരു എല്‍. ഡി.സി യും ,ലാസ്റ്റ് ഗ്രേഡുമെങ്കിലും സ്വപ്നം കാണാന്‍ അര്‍ഹതയില്ലെന്നാണോ?

വിദ്യാഭ്യാസം അല്പം കൂടിപ്പോയവരെയൊക്കെ തലപ്പത്ത്‌ പിടിച്ചിരുത്തിയാല്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങളൊക്കെ കൊണ്ടുവരും .ഒരു പുരോഗമന ഗവര്‍മെന്റിന് അതൊന്നും നടപ്പിലാക്കാനുള്ള ബാധ്യതയില്ല. മേലാളന്മാരുടെ ഇംഗിതങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത്.

കേരളം വിദ്യാഭ്യാസപരമായി മുന്നില്‍ നില്ക്കുന്നു എന്ന് പറഞ്ഞാല്‍ എല്ലാവരും ബിരുദധാരികളാണ് എന്നല്ല അര്‍ഥം .എല്ലാവര്‍ക്കും ബിരുദക്കാരകാന്‍ സാധിയ്ക്കുകയും ഇല്ല.എല്ലാവരും ബിരുദമെടുക്കാന്‍ ആഗ്രഹിച്ചെന്നും വരില്ല.

മാത്രവുമല്ല ,ഇവിടെ പത്താം തരവും പന്ത്രണ്ടാം തരവും കഴിയുന്ന എല്ലാവരും ബിരുദ പഠനം അല്ല നടത്തുന്നത്. കുറച്ചേറെപ്പേരും ഏതെങ്കിലും ടെക്നിക്കല്‍ കോഴ്സുകള്‍ക്കും, ഡിപ്ലോമാകള്‍ക്കും ഒക്കെ പോകും. എന്നാല്‍ അവര്‍ പഠിച്ച ട്രെയിഡില്‍ തന്നെ ജോലി കിട്ടണമെന്നില്ല. അതുപോലെ പത്തുകഴിഞ്ഞ് ത്രിവത്സര പോളിടെക്നിക്കിനും മറ്റും പോകുന്ന കുട്ടികളുണ്ട്. അംഗീകൃത പോളിടെനിക് കോഴ്സുകള്‍ പോലും ഡിഗ്രിയല്ല; ഡിപ്ലോമയാണ്.

അതു പോലെ സിവില്‍ എഞ്ജിനീയറിംഗ് തുടങ്ങിയ കോഴ്സുകളും ഡിഗ്രിയല്ല. പ്ലസ് ടു കഴിഞ്ഞു ടി. ടി.സിയ്ക്കും മറ്റും പോകുന്നവരുണ്ട്. അതൊന്നും ഗ്രാജുവേറ്റ് ആകുന്ന കോഴ്സുകള്‍ അല്ല. ബിരുദ ധാരണം അല്ലാത്തതുകൊണ്ട് അവരൊക്കെ, ആ കോഴ്സുകളൊക്കെ മോശമാനെന്നാണോ അര്‍ഥമാക്കുന്നത്? അങ്ങനെ ഗ്രാജുവേറ്റ് ചെയ്യപ്പെടാത്ത ഒരുപാടു നല്ലനല്ല കോഴ്സുകള്‍ ഉണ്ട്. അവര്‍ക്കൊക്കെ ഗുമസ്തപ്പണി നിഷേധിയ്ക്കുന്നത് നീതിയല്ല.

ഓരോരുത്തരും പഠിയ്ക്കുന്ന കോഴ്സുകള്‍ അടിസ്ഥാനമാക്കിയുള്ള നിയമനങ്ങള്‍ ലഭ്യമാകുമോ? എല്ലാവരും ഗ്രാജുവേറ്റ് ചെയ്യണം എന്നാഗ്രതിച്ചാല്‍ തന്നെ അതിനുള്ള അവസരങ്ങള്‍ ഇവിടെ ഉണ്ടോ? ഡിഗ്രി തന്നെ പഠിയ്ക്കണമെന്ന് എല്ലാവരും ആഗ്രഹിയ്ക്കുമോ? ഓരോരുത്തരും ഓരോ എയിം വച്ചു ഓരോന്ന് പഠിയ്ക്കുന്നു. ചിലര്‍ക്ക് ലക്ഷൃത്തില്‍ തന്നെ എത്താനാകും ; എന്നാല്‍ എല്ലാവര്‍ക്കും അത് സാധിയ്ക്കില്ല.

ഇവിടെ ഇപ്പോള്‍ ക്ലെറിക്കല്‍ ജോലി ഡിഗ്രിക്കാര്‍ക്കുമാത്രമായി നിജപ്പെടുത്തേണ്ട സാഹചര്യം എന്താണ്? എസ്.എസ്.എല്‍സി വരെ പഠിയ്ക്കുന്നവര്ക്ക് ഒരു ക്ലാര്‍ക്കിന്റെ പണി ചെയ്യാന്‍ സാധിയ്ക്കില്ലെന്ന് അനുഭവമുണ്ടോ? ഏതായാലും ഗ്രാജുവേറ്റൊന്നും ആകുന്നില്ലെങ്ങ്കിലും പത്താം തരം വരെ പഠിക്കുന്നവന്‍ കുറെ ഏറെ അറിവുകളൊക്കെ നേടുന്നുണ്ട്. പോരാത്തതിന് ചുമ്മാ അങ്ങ് നിയമിക്കുകയല്ലലോ; പാടുപെട്ടു പഠിച്ചു ടെസ്റ്റ് എഴുതിയല്ലെ അവന്‍ കയറുന്നത്. അതും അവരെക്കാള്‍ വലിയ ബിരുദങ്ങള്‍ ഉള്ളവരെ കടത്തിവെട്ടിക്കൊണ്ട്‌.

ഇനി എത്ര ഉയര്‍ന്ന ബിരുദങ്ങള്‍ ഉള്ളവരാണെങ്ങ്കിലും, വിദ്യാഭ്യാസം കുറഞ്ഞവരാണെങ്ങ്കിലും ഒരു ജോലിയില്‍ നിയമനം നല്‍കിയാല്‍ അവര്‍ക്കു ആ ജോലിയില്‍ പ്രത്യേക പരിശീലനം നല്‍കിയേ മതിയാകൂ. പിന്നെന്തിനു ഒരു പൊട്ടു ക്ലാര്‍ക്കുദ്യോഗത്തിന് പി.എച്ച് ഡി? ഒരാഴ്ചകൊണ്ട് ഏതൊരു മന്ദ ബുദ്ധിയ്ക്കും പഠിച്ചെടുക്കവുന്നതോക്കെയെ ഉള്ളു ഒരു ക്ലാര്‍ക്കിനു ചെയ്യാന്‍. പിന്നല്ലാതെ!

പരിഷ്കാരത്തിനു വേണ്ടി പരിഷ്കാരങ്ങള്‍ കൊണ്ടു വരുന്ന ഏര്‍പ്പാട് നല്ലതല്ല. അതും ഇടതുപക്ഷ സര്‍ക്കാര്‍ ഇരിയ്ക്കുമ്പോള്‍. അതിന്റെ പാപഭാരം കൂടി ഇടതുപക്ഷ ഗവര്‍മെന്റിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആര്‍ക്കാണ് ഇത്ര തിടുക്കം?
ഇതിനെതിരെ യുവജനങ്ങള്‍ ഉണരണം . ഡി വൈ. എഫ്.ഐ. ഇതിനെതിരെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ധൃതി പിടിച്ചു ഈ പരിഷ്കാരം നടത്തരുതെന്ന്. ധൃതി പിടിച്ചല്ല ,പതുക്കെയായാലും ഇതിവിടെ നടപ്പിലാക്കാന്‍ കൊള്ളാവുന്ന കാര്യം അല്ല!

കേരളത്തില്‍ ഇപ്പോഴത്തെ എല്‍. ഡി. എഫ്. ഗവര്‍മെന്റ് നിരവധി യുവാക്കളെ നിരാശരാക്കുന്ന ഇത്തരം ഒരു ശുപാര്‍ശ നടപ്പിലാക്കില്ലെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ശത്രുക്കള്‍ക്ക് ഉറഞ്ഞു തുള്ളാന്‍ ഒരു വടിയും കൂടി എറിഞ്ഞു പുലിവാല് പിടിയ്ക്കരുതേ!

പാവം എസ്.എസ്.എല്‍സി; അതിനും വേണ്ടേ, ഒരു എല്‍. ഡി. ക്ലാര്‍ക്കിന്റെ വിലയെങ്ങ്കിലും!

Tuesday, October 7, 2008

നാടകം- ജീവന്‍റെ വില

നാടകം

ജീവന്‍റെ വില


(തട്ടത്തുമല കൃസ്ത്യന്‍ ചര്‍ച്ചിലെ ഏതാനും പെണ്‍കുട്ടികള്‍ക്ക് അവതരിപ്പിയ്ക്കുന്നതിനു വേണ്ടി പെട്ടെന്ന് എഴുതിയതാണ് ഈ തെരുവ് നാടകം)


അവതരണഗാനം-കോറസ്

സുന്ദരമീ ഭൂവില്‍ ദാനമായ്‌ കിട്ടുന്ന
ഒരുതുള്ളി ജീവ സൗഭാഗ്യം

(പാട്ട് ഉചിതമായത് എഴുതിച്ചേര്‍ക്കുക)

(കഥാപാത്രങ്ങളുടെ പേരിനു പ്രസ്സക്തിയില്ല . അഭിനയിക്കുന്നവര്‍ക്കും സംവിധായകനും തിരിച്ചറിയാന്‍ വേണ്ടി ഓരോ പേരു നല്കുന്നു. ഗ്രേസി, ഷൈനി, റാണി, വിമല, രാധമ്മ, അന്നമ്മ, സുമിത്ര. )

രംഗം 1

സുമിത്ര: (പ്രവേശിയ്ക്കുന്നു) ഞാന്‍ സൂത്രധാരി. അല്ലെങ്കില്‍, സൂത്രക്കാരി. നാടകം.....അല്ല..... നാട്ടകം തന്നെ! ആരംഭിക്കുന്നു. ആദ്യം ഞാന്‍ നിങ്ങള്‍ക്ക് നീലിമയെ പരിചയപ്പെടുത്താം. (പിന്‍വാങ്ങുന്നു )

രംഗം 2

ഗ്രേസി: (നീലിമയായി വരുന്നു) ഞാന്‍ നീലിമ ; സ്വപ്നങ്ങളുടെ കൂട്ടുകാരി. പക്ഷെ ഇന്നെന്‍റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നിരിയ്ക്കുന്നു. അവന്‍...അവനെന്നെ ചതിച്ചു. ഞാന്‍ അവനെ സ്നേഹിച്ചു. അവന് എന്നെ സമര്‍പ്പിച്ചു. പക്ഷെ അവന്‍ എന്നെ പലര്‍ക്കും പിന്നീട് കാഴ്ചവച്ചു. ഇന്നു എന്റെ വയറ്റില്‍ ഒരു പുതുജീവനുണ്ട്. പക്ഷെ സമൂഹം അതംഗീകരിയ്ക്കില്ല. ഞാന്‍ അവഹേളിയ്ക്കപ്പെടും. . അതുകൊണ്ട് ഞാന്‍ ഇനി ജീവിക്കുന്നില്ല. എന്റെ ജീവിതമേ നീ എന്നോട് പൊറുക്കുക. ഈ മരണത്തിനുത്തരവാദി ഞാനല്ല. ഈ സമുഹമാണ്. എന്റെയും എന്റെ വയറ്റില്‍ വളരുന്ന ആ പൊന്നോമാനയുടെ ജീവിതവും..... കഴിയുമെങ്കില്‍ എന്നോട് ക്ഷമിയ്ക്കട്ടെ. വിട......വിട......(കയറില്‍ തൂങ്ങി മരിയ്ക്കുന്നാതായി അഭിനയിക്കുന്നു, പിന്‍വാങ്ങുന്നു)

പാട്ട്- കോറസ്

സുന്ദരമീ ഭൂവില്‍ ദാനമായ്‌ കിട്ടുന്ന
ഒരുതുള്ളി ജീവ സൗഭാഗ്യം

രംഗം 3

സുമിത്ര: (പ്രവേശിയ്ക്കുന്നു) കണ്ടില്ലേ, ഇതു നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ഒരു സംഭവം മാത്രം. നീലിമ കയറില്‍ ജീവന്‍ ഒടുക്കുന്നത് ആരും കണ്ടില്ല. അതുകൊണ്ട് ആരും രക്ഷിച്ചതുമില്ല. അവളും ഒന്നുമറിയാത്ത നിരപരാധിയായ ഒരു ഗര്‍ഭസ്ഥ ശിശുവും കര്ത്താവിങ്കല്‍ നിദ്ര പ്രാപിച്ചു.സ്വര്‍ഗ്ഗ രാജ്യത്തില്‍ ചെന്നു ആ പിഞ്ചു പൈതല്‍ തന്റെ അമ്മയോട് എന്തായിരിക്കും ചോദിച്ചിരിക്കുക. പ്രസവിക്കാത്ത ആ അമ്മ എന്തായിരിക്കും പറഞ്ഞിരിക്കുക. കര്‍ത്താവിന്റെ ശിക്ഷ ആ മാതൃത്വത്തിനോ,അവളുടെ കാമുകനോ, അതോ സമൂഹത്തിനോ? ഉത്തരം കിട്ടാത്ത ചോദ്യം ചോദിച്ചു ബുദ്ധിമാട്ടിക്കരുതെന്നോ? ക്ഷമിക്കുക ഞാനിനിയും വരും.

രംഗം 4


( ഗ്രേസി, ഷൈനി, റാണി, വിമല എന്നിവര്‍ പ്രവേശിക്കുന്നു. പരിഷ്കാരികളായ കോളേജ് വിദ്യാര്‍ത്ഥിനികളാണ്. )

ഷൈനി : (മൊബൈല്‍ ഫോണ്‍ ചെയ്യുന്നു.) ഹല്ലോ, ങാ...... ഞാന്‍ എത്തും. ഇത്ര തിടുക്കമെന്താ, ങേ... ഛെയ്, പോടാ !ഞാന്‍ അങ്ങ് വരട്ടെ ശരിയാക്കിത്തരാം. വേണ്ട വേണ്ട . കുട്ടാ, ഓക്കേ ഡാ.

വിമല: ആരാടീ , നിന്റെ മറ്റവന്‍ തന്നേ?

ഷൈനി: പിന്നല്ലാതെ, നിനക്കു ഇതൊന്നും പറഞ്ഞിട്ടില്ലാല്ലോ.

വിമല: കളി കാര്യമാകാതെ നോക്കിയ്ക്കോ! (റാണിയും, ഗ്രേസിയും ഏതോ പുസ്തകം ചേര്‍ന്നുനിന്നു കൌതുകത്തോടെ വായിക്കുകയായിരുന്നു)

ഷൈനി: ലവളുമാര്‍ ഇതെന്താ വായിക്കുന്നത്.

(വിമലയും ഷൈനിയും അടുത്ത് ചെന്നു നോക്കുന്നു.)

വിമല: ഛെ, ഇതാണോ വായിക്കുന്നത്?

റാണി: ഉം, എന്താ! ഈ പ്രായത്തിലല്ലേ, ഇതൊക്കെ വായിക്കേണ്ടത്.

വിമല: മറച്ചു വായ് പെണ്ണെ ആരെങ്കിലും കണ്ടോട് വരും

ഗ്രേസി:
അവര്‍ക്കും കൂടി കാണിച്ചുകൊടുക്കാം.

ഷൈനി : ഇവളെകൂടി ഇതെല്ലം ഒന്നു പഠിപ്പിച്ചെടുക്കണം.

വിമല : പിന്നെ, എനിക്ക് ? അറിയാത്തതല്ലേ?

(വൃദ്ധയായി അന്നമ്മ പ്രവേശിക്കുന്നു. തലയില്‍ ഒരു ചുമടുണ്ട്. )

റാണി: ടേ, ഒരു പറട്ട കിളവി!

അന്നമ്മ: മക്കളെ, എന്നെ ഈ റോഡൊന്നു കടത്തിവിടുമോ? (വിമല അതിനായി തുനിഞ്ഞു. പക്ഷെ മറ്റുള്ളവര്‍ തടഞ്ഞു. )

ഗ്രേസി:
വയസ്സായാല്‍ വീട്ടില്‍ കിടക്കണം

വിമല: പാവം അല്ലേടി

അന്നമ്മ: വയ്യെന്കി, വേണ്ട മക്കളെ, ഞാന്‍ പൊയ്ക്കോളാം. കണ്ണ് കാണാന്‍ മേലാഞ്ഞിട്ടാ.

(അന്നമ്മ റോഡ് ക്രോസ് ചെയ്യുന്നു.)

ഷൈനി: ഓ, ആ കിളവിയെ ഇപ്പൊ വണ്ടിയിടിക്കും

(പെട്ടെന്ന്, പെണ്‍കുട്ടികള്‍ നാലും നിലവിളിച്ചു കണ്ണ് പൊത്തുന്നു.വണ്ടിയിടിച്ച അന്നമ്മ തെറിച്ചു അവരുടെ മുന്നിലേയ്ക്ക് വീഴുന്നു. )

റാണി:
ഡേയ്, വാ നമുക്കു പോകാം ഇല്ലെങ്കില്‍ . പുലിവാലാകും.

വിമല:
അയ്യോ, കഷ്ടം നമുക്കു ഇവരെ ആശുപത്രിയില്‍ എത്തിയ്ക്കാം.

ഗ്രേസി:
ഓ, പിന്നെ വാപെണ്ണെ. ഇതൊക്കെ എക്സ്പയറി ഡേറ്റ് കഴിഞ്ഞതാ.

ഷൈനി: ഒന്നാമത് ആളൊഴിഞ്ഞ സ്ഥലം. ഇതു നമ്മുടെ തലയിലാകുംമുന്പ് വാ പോകാം.

(നാലുപേരും പോകുന്നു. പക്ഷെ, വിമല മാത്രം സഹതാപത്തോടെ തിരിഞ്ഞു നോക്കുന്നുണ്ട്. അല്പദൂരം പോയിട്ട് വിമല തിരിച്ചു വരുന്നു. )

വിമല: നിങ്ങള്‍ പൊയ്ക്കൊള്ളു. ഞാന്‍ ഇവരെ ആശുപത്രിയില്‍ ആക്കും.

മറ്റുമൂന്നുപേര്‍: ങാ, നീയായി, നിന്റെ പാടായി. ഞങ്ങള്‍ പോകുന്നു. (അവര്‍ പോകുന്നു)

വിമല: (അന്നമ്മയുടെ അടുത്തേയ്ക്ക് നീങ്ങുന്നു. ഒരു ആട്ടോ കണ്ടു കൈ കാണിയ്ക്കുന്നു. പിന്നെ ഒരു കാറ് കൈ കാണിയ്ക്കുന്നു. . ) ഹേ, ഓട്ടോ. നിറുത്തിയില്ല. ഹേ ടാക്സി, അതും നിര്‍ത്തിയില്ലല്ലോ! ദുഷ്ടന്മാര്‍!
(അന്നമ്മയുടെ അടുത്തുചെന്നിരുന്നു, അവരെ വലിച്ചെടുത്തു കൊണ്ടുപോകുന്നു)

പാട്ട്-കോറസ്


സുന്ദരമീ ഭൂവില്‍ ദാനമായ്‌ കിട്ടുന്ന
ഒരുതുള്ളി ജീവ സൗഭാഗ്യം

രംഗം 5,

ആശുപത്രി ( അന്നമ്മയെയുമായി വിമല വരുന്നു. നര്‍സായി ഗ്രേസി വരുന്നു.)

ഗ്രേസി:
എന്തുപറ്റി?

വിമല: ആക്‍സിഡന്‍റാ!

ഗ്രേസി: കുട്ടിയുടെ ആരാ?

വിമല: ആരുമല്ല . റോഡില്‍ വച്ചു കണ്ടപ്പോള്‍ എടുത്തുകൊണ്ടു വന്നതാ!


ഗ്രേസി:
ഓ, അത് ശരി! വഴിയില്‍ കിടന്ന വയ്യാവേലിയും എടുത്തുകൊണ്ടു വന്നിരിയ്ക്കുകയാണ്, അല്ലെ ? ബാക്കിയുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുവാന്‍!

വിമല: സിസ്റ്റര്‍, പരിക്ക് പറ്റുന്നവരെ ആശുപത്രിയില്‍ അല്ലെ കൊണ്ടു വരേണ്ടത്?

ഗ്രേസി: ഇവിടെ വേണ്ടത്ര സൌകര്യങ്ങള്‍ ഒന്നും ഇല്ലെന്നു അറിയില്ലേ?

വിമല:
അതിന് അത്ര മാത്രം പരിക്കൊന്നും ഇല്ലല്ലോ! (ഗ്രേസി, വിമലയെ ഉഴപ്പിച്ചു നോക്കി ഇരുത്തി മൂളുന്നു)

(ഡോക്ടറായി ഷൈനി പ്രവേശിയ്ക്കുന്നു)

ഷൈനി: ഉം, എന്താ പ്രശ്നം ?

വിമല: ആക്സിടെന്ടാ.

ഷൈനി:
(വാച്ചില്‍ നോക്കിയിട്ട്) വലിയ അക്സിടന്റ്റ് ഒന്നും ഇവിടെ എടുക്കില്ലാല്ലോ. അതിനുള്ള സൌകര്യങ്ങളും ഇല്ല.

വിമല: ഡോക്ടര്‍, അങ്ങനെ പറയരുത്. അത്രയ്ക്ക് പരിക്കൊന്നും ഇല്ല. തലയില്‍ ചെറിയൊരു മുറിവുണ്ട്. അതുകൊണ്ടായിരിക്കാം ബോധമില്ലെന്നു തോന്നുന്നു. ഡോക്ടര്‍ പ്രഥമ ശുശ്രൂഷയെങ്കിലും നല്‍കണം.

ഷൈനി: (( നഴ്സിനോട് ) ങാ, നോക്കട്ടെ. (അന്നമ്മയെ പരിശോധിയ്ക്കുന്നു.) ബെഡൊന്നും ഇവിടെ ഒഴിവില്ല. ആ തറയിലോട്ടു കൊണ്ടു കിടത്ത്. (ഗ്രേസിയും, വിമലയും കൂടി അന്നമ്മയെ പിടിച്ചു കൊണ്ടു പോകുന്നു.

ഷൈനി: (സ്വയം) ഇന്നെങ്കിലും കുടുംബസമേതം ഒരു സിനിമയ്ക്ക് പോകാമെന്ന് കരുതിയതാണ്. അത് മുടങ്ങി. (അകത്തേയ്ക്കു പോകുന്നു)

രംഗം 6

(വിമലയുടെ വീട്.അവളുടെ അമ്മ , രാധമ്മ മകളെ കാണാഞ്ഞു ഉല്‍കണ്ഠാകുലയാകുന്നു.)

രാധമ്മ: (സ്വയം) ആ പെണ്ണിനെ ഇതുവരെ കണ്ടില്ലല്ലോ! വരേണ്ട സമയം കഴിഞ്ഞു . നേരം ഇരുട്ടി. ഇതിനെയൊക്കെ പഠിക്കാന്‍ പറഞ്ഞു വിടാത്തതാണ് നല്ലത്. (മൊബൈല്‍ ഫോണ്‍ എടുത്തു വിളിയ്ക്കുന്നു.) ഹൊ! പെണ്ണിന് . റെയ്ഞ്ചില്ല. (വീണ്ടും റാണിയെ വിളിയ്ക്കുന്നു) ഹല്ലോ! റാണിയല്ലേ ? മോളേ, വിമല എന്തിയെ? ഇതുവരെ ഇങ്ങെത്തിയില്ല. ങേ, ആശുപതിയിലോ? എന്തിന്? ......................പെണ്ണിന് വേറെ ജോലിയൊന്നും ഇല്ലായിരുന്നോ? ങാ ഇന്നിങ്ങ് വരട്ടെ. ഒന്നു വിളിച്ചുപോലും പറഞ്ഞില്ല. താന്തോന്നി. (വശത്തേയ്ക്ക് നോക്കി. ങാ, ദേണ്ടെ വരുന്നുണ്ട്. വരട്ടെ!

(വിമല വരുന്നു)

രാധമ്മ: (ദ്വേഷ്യത്തില്‍) എവിടെ പോയിരുന്നെടീ നീ. നീ ആണോ പെണ്ണോ? മണി എത്രയായി ഇപ്പോള്‍? ഇവിടെ തിരക്കി വരാന്‍ നിന്റെ തന്ത ഇരിയ്ക്കുന്നോ? ആണുങ്ങളില്ലാത്ത വീടാണെന്നു നിനക്കറിയില്ലേ?

വിമല: അമ്മേ, എന്റെ ഫോണില്‍ ചാര്‍ജില്ലായിരുന്നു. വിളിച്ചു പറഞ്ഞേക്കാന്‍ഞാന്‍ റാണിയോടു പറഞ്ഞിരുന്നു.

രാധമ്മ: ഞാനറിഞ്ഞു. അവര്‍ക്കാര്‍ക്കും ഇല്ലാത്ത സിമ്പതി നിനക്കെന്തിനു? നിന്റെ ആരാ അവര്‍? അതൊക്കെ വല്ല ആണ്‍ പിള്ളാരും ചെയ്യേണ്ട പണിയല്ലേ?

വിമല: അമ്മേ, നമുക്കും അങ്ങനത്ത അവസ്ഥകള്‍ വരില്ലേ? എന്തോ, എനിക്ക് കണ്ടിട്ട് കളഞ്ഞിട്ടു പോകാന്‍ തോന്നിയില്ല. അപ്പോള്‍ അവിടൊന്നും ആരും ഉണ്ടായിരുന്നില്ല. നമ്മുടെ കോളേജ് ജംഗ്ഷന്‍ ഒരു ആളൊഴിഞ്ഞ ഓണം കേറാമൂലയാണെന്ന് അമ്മയ്ക്ക് അറിയാമല്ലോ!

രാധമ്മ: ബാക്‍കിയുള്ളോരെ തീ തീറ്റിയ്ക്കാനായിട്ട്. ഒന്നാമതു പീഡനങ്ങളുടെ കാലമാ.

വിമല:
( അമ്മയുടെ തോളില്‍ തട്ടി. ) ഈ അമ്മയ്ക്ക് എപ്പോഴും പീടനതിന്റെ കാര്യമേയുള്ളൂ. എന്നെയാരും പീഡിപ്പിയ്ക്കില്ല. അമ്മയെ പണ്ടു ആരെങ്കിലും പീഡിപ്പിച്ചിരുന്നോ?

രാധമ്മ: ( പിടിച്ചു തള്ളിമാറ്റിയിട്ട്) എന്നെ കൂടുതലാര് പീടിപ്പിയ്ക്കണം? നിന്റെ അച്ഛന്റെ പീഡനം മാത്രം മതിയല്ലോ! അതിന്റെ ഫലമല്ലേ, നീ ഒരുത്തി!

വിമല: (സ്നേഹത്തോടെ) അമ്മേ! വഴക്ക് പറയരുത്. നമുക്കു ഒന്നു കൂടി ആ ആശുപത്രി പോകണം. അവരുടെ ആരും വന്നിട്ടില്ല. ഞാന്‍ ഒരു തൂപ്പുകാരിയെ എല്പിച്ചിട്ടാണ് വന്നത്. ചിലപ്പോള്‍..... മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകേണ്ടി വരും.

രാധമ്മ: (ദ്വേഷ്യം) എന്താ പെണ്ണെ? നിനക്കു വട്ടുണ്ടോ?

വിമല: പ്ലീസ് അമ്മേ. ആ അമ്മുമ്മയെ കണ്ടിട്ട് എനിക്ക് പാവം തോന്നുന്നു. ഞങ്ങള്‍ റോഡു മുറിച്ചു കടത്താന്‍ സഹായിചിരുന്നെന്കില്‍ അവര്‍ അപകടത്തില്‍ പെടുകയില്ലായിരുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടമ്മേ.

രാധമ്മ: ആട്ടെ, എന്താ അവരുടെ പേര്. അറിയാമോ?

വിമല: ഞാന്‍ പറഞ്ഞില്ലേ? അവിടെ നിന്ന സ്വീപ്പര്‍ക്ക് അവരെ അറിയാം. അന്നമ്മ എന്നാണത്രേ പേര്.

രാധമ്മ: (അന്നമ്മ എന്ന് കേട്ടപ്പോള്‍ ചിന്തയിലാകുന്നു) അന്നമ്മ.......

വിമല:
അമ്മയ്ക്ക് അവരെ അറിയുമോ?

രാധമ്മ: ങാ, ഏതായാലും, നീ പുലിവാല് പിടിച്ചതല്ലേ? നമു‌ക്ക് അവിടം വരെ ഒന്നു പോയിട്ട് വരാം. ആ സതീശനെ വിളിച്ചു കാര്‍ എടുത്തു കൊണ്ടു വരാന്‍ പറ (രണ്ടു പേരും പിന്‍വാങ്ങുന്നു)

രംഗം 7


സുമിത്ര: (പ്രവേശിയ്ക്കുന്നു) അന്ന് രാത്രി മാത്രമല്ല; പല ദിവസങ്ങളിലും രാധംമയും മകളും ആശുപത്രിയില്‍ പോയി വൃദ്ധയായ അന്നമ്മയെ സന്ദര്‍ശിച്ചു. ശുശ്രൂഷിച്ചു. അവര്‍ സുഖം പ്രാപിച്ചു.

രംഗം 8,

വീണ്ടും ആശുപത്രി. (രാധമ്മയും, വിമലയും പ്രവേശിയ്ക്കുന്നു. മറുവശത്തുനിന്നു അന്നമ്മയും പ്രവേശ്യ്ക്കുന്നു.)

രാധമ്മ: അന്നമ്മ ചേട്ടത്തീ! സുഖമായോ?

അന്നമ്മ: ഒരു വിധം സുഖമായി മക്കളെ. നന്ദിയുണ്ട്, മക്കളെ, നന്ദിയുണ്ട്.

വിമല: അന്നമ്മയുടെ ജീവന്‍ രക്ഷിയ്ക്കാന്‍ അല്ലെങ്കില്‍ തന്നെ നമ്മള്‍ ബാധ്യസ്ഥരല്ലെ?

വിമല: അന്നംമ്മ ചേട്ടത്തിയും അമ്മയും തമ്മിലുള്ള ബന്ധം ഇതുവരെ രണ്ടാളും പറഞ്ഞില്ല.

രാധമ്മ: ങാ, അന്നമ്മ ചേട്ടത്തി അന്ന് വന്നില്ലായിരുന്നെന്കില്‍: ഞാന്‍ ഇന്നുണ്ടാകുമായിരുന്നില്ല. എന്റെ മോള് ജനിയ്ക്കുമായിരുന്നില്ല. അതൊക്കെ പിന്നെ പറയാം. അന്നമ്മ: ഞാന്‍ മരിയ്ക്കാനുള്ള പ്രായമെത്തിയവള്‍ തന്നെ മക്കളെ . പക്ഷെ, ഞാന്‍ ഇപ്പോള്‍ മരിയ്ക്കാന്‍ പാടില്ല. കുറച്ചുകാലം കൂടി എന്റെ ജീവന് വിലയുണ്ട്.(സങ്കടം) കുറച്ചുകാലം കൂട്ടി എനിയ്ക്ക് ജീവിച്ചേ മതിയാകൂ.

വിമല: അതെന്താ അമ്മുമ്മേ? അന്നമ്മ: മോളെ, എനിക്കൊരു മകളുണ്ടായിരുന്നു. ഒരു വണ്ടിയപകടത്ത്തില്‍ മരിച്ചുപോയി. ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ചിരുന്നു. അവള്‍ക്ക് പറക്ക മുറ്റാത്ത രണ്ടു മക്കളുണ്ട്. ഒരു പെണ്ണും, ഒരാണും. പെണ്‍കുട്ടിയ്ക്ക് പതിനൊന്നു വയസ്സായി. ആണിന് ഒന്‍പതു വയസ്സ്. അവന്‍ എങ്ങനെയെങ്കിലും ജീവിയ്ക്കും പക്ഷെ, പെണ്‍കുട്ടി; അവള്‍ പ്രായപൂര്‍ത്തിയാകുമ്പോള് ആരുടെയെന്കിലും തലയില്‍ ഏല്പിച്ചിട്ട് വേണം എനിയ്ക്ക് മരിയ്ക്കാന്‍ !അതുവരെ ജീവിയ്ക്കാന്‍........ കര്‍ത്താവേ ! എന്നെ അനുഗ്രതിയ്ക്കണേ. എന്റെ മക്കളെ അന്ധയായ ഞാന്‍ ഭിക്ഷ യാജിച്ചാണ് ഇന്നു പോറ്റുന്നത്. ഞാന്‍ മരിച്ചാല്‍ എന്റെ പൊന്നു കൊച്ചുമക്കള്‍ അനാഥരാകും. (രണ്ടു പേരോടും )നന്ദിയുണ്ട് മക്കളെ, നന്ദിയുണ്ട്. ഒത്തിരി പൈസ ചെലവായി അല്ലെ? കര്‍ത്താവ് അനുഗ്രതിയ്ക്കും. അനുഗ്രതിയ്ക്കും.

രാധമ്മ:
അന്നമ്മ ചേട്ടത്തി വിഷമിയ്ക്കേണ്ട. യാദൃശ്ചികമായിട്ടാണെങ്കിലും നമ്മള്‍ വീണ്ടും കണ്ടു മുട്ടിയല്ലോ! കുഞ്ഞുങ്ങളുടെ കാര്യമൊക്കെ ഞങ്ങളേറ്റു. ഡിസ്ചാര്‍ജായില്ലേ? നമുക്കു പോകാം.(മൂന്നു പേരും പോകുന്നു. )

പാട്ട്-കോറസ്


സുന്ദരമീ ഭൂവില്‍ ദാനമായ്‌ കിട്ടുന്ന
ഒരുതുള്ളി ജീവ സൗഭാഗ്യം

രംഗം 9

സുമിത്ര: (പ്രവേശിയ്ക്കുന്നു) കണ്ടില്ലേ? പ്രായം ഏറെ ആയവരെങ്കിലും ആ വൃദ്ധയുടെ ജീവന്‍ വിലപ്പെട്ടതാണ്‌. രണ്ടു കുരുന്നുകളെ അവര്‍ സംരക്ഷിച്ചു വളര്‍ത്തുകയാണ്. അവരില്ലെങ്കില്‍ ആ കുഞ്ഞുങ്ങളുടെ സ്ഥിതി എന്താകും? ങാ, ഇനി നമുക്കു അന്നമ്മയുടെയും രാധമ്മയുടെയും പൂര്‍വകാല ബന്ധതിലേയ്ക്ക് ഒന്നു കണ്ണോടിയ്ക്കാം. ഒരു ഫ്ലാഷ് ബാക്ക്!

രംഗം 10

രാധമ്മ: (പ്രവേശിയ്ക്കുന്നു) വയ്യ, ഇനി വയ്യ! ചുരുങ്ങിയ കാലം കൊണ്ടു അനുഭവിയ്ക്കാവുന്നതില്‍ അധികം ഞാന്‍ അനുഭവിച്ചു. വലിയ സ്വപ്നങ്ങളോടെയാണ്, ഞാന്‍ ഒരു വിവാഹ ജീവിതത്ത്തിലേയ്ക്ക് പ്രവേശിച്ചത്‌ . പക്ഷെ ഭര്‍തൃ ഗൃഹത്തില്‍ കാല്‍ വച്ച അന്നു മുതല്‍ ഞാന്‍ പീഡനം അനുഭവിയ്ക്കുകയാണ്. അമ്മായി , നാത്തൂന്‍, ഭര്‍ത്താവ് ! സ്ത്രീധനത്തിന് വേണ്ടിയുള്ളതായിരുന്നു പീഡനം അത്രയും . എന്റെ വിവാഹം കഴിഞ്ഞപ്പോള്‍ അച്ഛന് ഒരു മാരക രോഗം വന്നു. പണം ഒരുപാടു ചെലവായി. പറഞ്ഞ സ്രീധനത്തുകയൊന്നും പിന്നീട് കൊടുക്കാനായില്ല. ഇപ്പോള്‍ ആരോ എന്റെ ഭര്‍ത്താവിനോട് പറഞ്ഞുവത്രേ, എനിയ്ക്ക് പണ്ടൊരു പ്രണയം ഉണ്ടായിരുന്നെന്ന്! ആ മാനക്കേടിനു വേറെ സ്ത്രീധനം വേണമത്രേ! എല്ലാം ഞാന്‍ സഹിച്ചു. പക്ഷെ, ഇന്നലെ എന്റെ ഭര്‍ത്താവ് എന്റെ വയറ്റില്‍ വളരുന്ന കുട്ടിയുടെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ചു. അത് എന്റെ ഭര്‍ത്താവിന്റെ കുട്ടിയല്ലത്രേ! വേണ്ട , ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അടുത്ത ട്രെയിനിനു മുന്നില്‍ ഞാന്‍ ചിതറി തെറിക്കും എനിയ്ക്കിനി ജീവിയ്ക്കേണ്ട.

(റെയില്‍ പാളത്തിനു മുന്നില്‍ ചാടാനുള്ള പുറപ്പാടാണ്. പെട്ടെന്ന് ഒരു ട്രെയിന്‍ വരുമ്പോള്‍ അതിന് മുന്നിലേയ്ക്ക് എടുത്തു ചാടുന്നതായി അഭിനയിക്കുന്നു. പക്ഷെ പെട്ടെന്ന് യാദൃശ്ചികമായി അതു വഴി ഒരു ചുമടുമായി കടന്നുവന്ന അന്നമ്മ ചുമടു താഴെയെറിഞ്ഞിട്ടു രാധമ്മയെ പിടിച്ചു പുറകോട്ടു വലിച്ചു മരണത്തില്‍ നിന്നും രക്ഷിയ്ക്കുന്നു.)

രാധമ്മ:
മനുഷ്യനെ മരിയ്ക്കാനും സമ്മതിയ്ക്കില്ലേ? അന്നമ്മ ചേട്ടത്തി ഇപ്പോള്‍ എവിടുന്നു വന്നു?

അന്നമ്മ: കര്‍ത്താവ്‌ കൊണ്ടു വന്നു. സമയം ആയില്ല കുട്ടീ. കുട്ടി എന്തിനീ സാഹസത്തിനു മുതിര്‍ന്നു? ആ വയറ്റില്‍ ഒരു കുഞ്ഞില്ലേ? അതെന്തു പിഴച്ചു? അതിനെ ഓര്‍ത്തെങ്കിലും....... പ്രശ്നങ്ങള്‍ എല്ലാവര്ക്കും ഉണ്ട് കുട്ടീ. മരണം ഒന്നിനും ഒരു പരിഹാരമല്ല. കര്‍ത്താവ്‌ തന്ന ജീവന്‍ ഇല്ലാതാക്കാന്‍ നമുക്കു അവകാശമില്ല. വാ മോളെ, പോകാം. ഈ റെയില്‍ പാളത്തില്‍ നിന്നു പലരുടെയും ജീവിതം അന്നമ്മ രക്ഷപ്പെടുത്തിയിട്ടുണ്ട്. അന്നമ്മയെക്കാള്‍ പ്രയാസം അനുഭവിക്കുന്നവരായിരുന്നില്ല അവരാരും ; ഈ കുട്ടിയും !(ഇഷ്ടമില്ലാതെയാണെങ്കിലും രാധമ്മ കരഞ്ഞുകൊണ്ട് അന്നമ്മയെ അനുഗമിയ്ക്കുന്നു)

പാട്ട്-കോറസ്

സുന്ദരമീ ഭൂവില്‍ ദാനമായ്‌ കിട്ടുന്ന
ഒരുതുള്ളി ജീവ സൗഭാഗ്യം

രംഗം 11


(രാധമ്മയുടെ വീട്. രാധമ്മയും മകളും പ്രവേശിയ്ക്കുന്നു.)

വിമല: അപ്പൊ, അതാണ്‌ കഥ. ആ അന്നമ്മ അന്നവിടെ വന്നില്ലായിരുന്നെങ്ങ്കില്‍ ഞാനും അമ്മയും ഇന്നുണ്ടാകുമായിരുന്നില്ല. അല്ലെ, അമ്മേ? ഹൊ, ഞാന്‍ അവരെ രക്ഷിയ്ക്കാതിരുന്നെങ്ങ്കിലോ?

രാധമ്മ: നീ എനിയ്ക്ക് വെളിച്ചം പകര്‍ന്നു തന്നു മോളെ. എന്റെ കണ്ണ് തുറപ്പിച്ചു. (അടുത്ത്‌ നിന്നു തന്നെ ഒരു നിലവിളി ഉയര്‍ന്നു കേള്‍ക്കുന്നു.)

നിലവിളികളില്‍ നിന്നുഒരാള്‍: അയ്യോ, ഞങ്ങളെ കൊല്ലരുതേ, ഞങ്ങള്‍ നിരപരാധികളാണ്.

മറ്റൊരാള്‍: അയ്യോ, എന്റെ കുട്ടി തൊട്ടിലില്‍ കിടക്കുകയാണ്. അതിനെ എടുക്കാന്‍ അനുവദിക്കണം

അക്രമികള്‍: മാറെടീ ; അവളുടെ ഒരു കുട്ടി !

കൂട്ടം: അയ്യോ ഞങ്ങളുടെ കുടിലുകള്‍ ഇതാ ചുട്ടെരിയ്ക്കുന്നേ.

അക്രമികള്‍: എല്ലാം നാടു വിട്ടോളണം നിലവിളികള്‍ ഉച്ചത്ത്തിലാകണം കുറച്ചു സമയം ഭീതി ജനകമായ അന്തരീക്ഷം. ഇതിനിടയില്‍ രാധമ്മയുടെ വീട്ടിലേയ്ക്ക്‌ റാണി അയല്‍വാസിയായി കടന്നു വരുന്നു ഭയന്ന് വിറച്ചാണ് വരവ് . )

റാണി: രാധമ്മേട്ടത്തീ, ടെ, അവിടെ വലിയ കലാപം നടക്കുകയാണ്. വര്‍ഗീയ കലാപമായി അത് മാറിക്കൊണ്ടിരിയ്ക്കുന്നു. കഴിഞ്ഞ ദിവസം കവലയില്‍ ഏതോ സാമൂഹ്യ വിരുദ്ധന്മാര്‍ തുടങ്ങിവച്ചതാണ്. വച്ചതാണ്. ഇന്നു അതിന്റെ രൂപം മാറി. അവിടെ കുടിലുകള്‍ നിന്നു കത്തുകയാണ്. നമുക്കും തല്‍കാലം എങ്ങോട്ടെങ്കിലും പോയി രക്ഷപെടാം.

( വിമല പേടിച്ചു രാധമ്മയോട് ചേര്‍ന്നു നില്ക്കുന്നു.)

രാധമ്മ: അമ്മേ..........

രാധമ്മ: എന്ത്? ഏതെങ്കിലും സാമൂഹ്യ വിരുദ്ധന്‍മാര്‍ കാണിയ്ക്കുന്ന തെമ്മാടിത്തരത്തിനു നിരപരാധികളെ കൊന്നോടുക്കുന്നോ? മോളെ ആ ടോര്‍ച്ചെടുത്തുകൊണ്ട് വാ . നമുക്കു അങ്ങോട്ട് പോകാം ഒരു ജീവനെങ്ങ്കിലും രക്ഷിയ്ക്കാന്‍ കഴിയുന്നത്‌ പുണ്യമാണ്. അല്ലെങ്കില്‍ നമ്മളും ചത്തൊടുങ്ങട്ടെ! പേടിച്ചിരുന്നിട്ടു കാര്യമില്ല. ഇവിടെ ഈ ഭൂമിയില്‍ ഓരോ ജീവനും വിലപ്പെട്ടതാണ്‌.

( വിമലപോയി ടോര്‍ച്ചുമായി വരുന്നു മൂവരും കലാപം നടക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു.)

പാട്ട്-കോറസ്

സുന്ദരമീ ഭൂവില്‍ ദാനമായ്‌ കിട്ടുന്ന
ഒരുതുള്ളി ജീവ സൗഭാഗ്യം

Friday, October 3, 2008

ലേഖനം- പുകവലി നിരോധനം

ലേഖനം

പുകവലി നിരോധനം

രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം കര്‍ശനമാക്കിയത് നന്നായി. വളരെ നേരത്തെ നടപ്പിലാക്കേണ്ട ഒന്നായിരുന്നു ഇത്.എങ്കില്‍ എത്രയോ പേരുടെ ജീവനും ആരോഗ്യവും സംരക്ഷിയ്ക്കാമായിരുന്നു.

ഇനിയും ഈ നിയമം ഫലപ്രദമായി നടപ്പിലകുമോയെന്നതാണ് അറിയാനുള്ളത്. നിയമപാലകര്‍ ഇക്കാര്യം ശ്രദ്ധിയ്ക്കണം.

സമ്പൂര്‍ണ നിരോധനം ചില സാമൂഹ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇതിപ്പോള്‍ സമ്പൂര്‍ണ നിരോധനമല്ല. ഫലപ്രദമായ നിയന്ത്രണമാണ്. ഇതുതന്നെ വേണ്ടത്.

പുകവലിക്കാര്‍ സ്വന്തം ആരോഗ്യം നശിപ്പിക്കുക എന്നതിലുപരി മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതാണ് പ്രധാന പ്രശ്നം .പൊതു സ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി വിലക്കിയാല്‍ മറ്റുള്ളവര്‍ക്ക് അത് ഏറ്റവും അനുഗ്രഹം തന്നെ.

മദ്യപിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നതും ഇതുപോലെ നിയന്ത്രിയ്ക്കപ്പെടണം.അല്ലാതെ സമ്പൂര്‍ണ മദ്യനിരോധനമൊന്നും പ്രായോഗികമല്ല.

പല സര്‍ക്കാര്‍ ഓഫീസുകളിലും പരസ്യമായ മദ്യപാനം , ചീട്ടുകളി മുതലായവ നടക്കുന്നുണ്ട്. ഇവ പ്രത്യേകിച്ചും നിയന്ത്രിയ്ക്കണം .

Saturday, September 13, 2008

കവിത (ഗാനം) : പ്രപഞ്ചം

കവിത (ഗാനം)

പ്രപഞ്ചം


ഈ അനന്തമാം വിശാല വിശ്വമൊക്കെയും
മായയല്ല കേവലം മിഥ്യയല്ല കേള്‍
കണ്ണു കൊണ്ടു കണ്ടറിഞ്ഞിടുന്ന സത്യം
സ്വപ്നമല്ലിതര്‍ത്ഥമുള്ള ജീവിതം

അഷ്ടമഗ്രഹങ്ങളും ഉപഗ്രഹങ്ങളും
സമുജ്ജ്വലിച്ചു നിന്നിടുന്ന സുര്യ തേജസ്സും
മറ്റനന്ത കോടി താരകാ ഗണങ്ങളും
എപ്രകാരമാരു തീര്‍ത്തിതൊക്കെയും .....?

ദൈവ സൃഷ്ടമെന്നു വേദ പുസ്തകങ്ങളും
കാര്യ കാരണങ്ങള്‍ കണ്ടു ശാസ്ത്രവും
ഉല്‍ഭവത്തിനുത്തരങ്ങളെത്ര നല്‍കിലും
ചഞ്ചല പ്രപഞ്ചമെന്തൊരല്‍ഭുതം!

മേലെ നീല വാനമുണ്ടു നോക്കുകില്‍
ചെന്നു ചെന്നുചെന്നെത്രയെത്തുമെങ്കിലും
കൈ തൊടാനൊക്കുകില്ല ശൂന്യമെന്നതും
മായയല്ല കേവലം മിഥ്യയല്ല

മായയാകിലും, മിഥ്യയാകിലും ,സത്യമാകിലും
കാര്യകാരണങ്ങളെത്രയുണ്ടെങ്കിലും
സത്യമായനുഭവിച്ചറിഞ്ഞിടുന്നൊരീ
ചഞ്ചല പ്രപഞ്ചമെന്തൊരദ്ഭുതം!

എന്തൊരദ്ഭുതം.......എന്തൊരദ്ഭുതം.....
ചഞ്ചല പ്രപഞ്ചമെന്തൊരദ്ഭുതം.....!

കവിത ( ഗാനം ): പുസ്തകത്താളുകള്‍

കവിത ( ഗാനം)

പുസ്തകത്താളുകള്‍


പുസ്തകത്താളുകള്‍ക്കുള്ളില്‍
അഗ്നി,യക്ഷര ലക്ഷം പരത്തും
അറിവിന്‍ പ്രകാശം തെളിയ്ക്ക്
അക്ഷരം കൂട്ടിവായിക്ക്

അജ്ഞത തന്നന്ധകാരം
മാറ്റി മനസ്സു തെളിയ്ക്ക്

നിന്‍റെ മനസ്സു തെളിഞ്ഞാല്‍
നിന്‍റെ നോക്കും വാക്കും പ്രവൃത്തിയും
എന്നുമെങ്ങും പ്രകാശം പരത്തും

ശാസ്ത്രം, തത്വം, ചരിത്രം, ഗണിതം,
കലാസാഹിത്യ സംസ്കാര സര്‍വ്വം ;
വിജ്ഞാന ശാഖകളെത്ര
ശാഖോപശാഖകളെത്ര!

എത്ര മഹാത്മാക്കള്‍ ദാര്‍ശനികര്‍
എത്ര തത്വങ്ങള്‍ പകര്‍ന്നു തന്നു
എത്രയോ ശാസ്ത്ര പ്രതിഭാ ധനന്മാര്‍
എത്ര കണ്ടെത്തല്‍ നടത്തി!

നിന്നെ നീയാക്കുവാനെത്ര മുന്‍ഗാമികള്‍
ചെഞ്ചോര ചിന്തി ചിന്തിയ്ക്ക്

ചരിത്രം തിരുത്തിക്കുറിയ്ക്കാന്‍
പാത നിനക്കായ് തെളിയ്ക്കാന്‍
എത്രപേര്‍ മൃത്യു വരിച്ചു!

ചോര മണക്കും ചരിത്രം
നിന്നില്‍ വന്നെത്തി നില്‍ക്കുന്നു
ഇനിയും തുടരും ചരിത്രം
ഇനി നീയേ കുറിയ്ക്ക് ചരിത്രം

എത്ര പ്രപഞ്ച ദുരൂഹതകള്‍
തിരഞ്ഞുത്തരം നല്‍കിയ ശാത്രം
ശാഖോപ ശാഖകളായി
നിത്യം വളരുന്നു ശാസ്ത്രം

ശാസ്ത്രം തെളിയിച്ച നിത്യ സത്യങ്ങള്‍
അന്ധ മനസ്സു തെളിയ്ക്കും

ജാതി മതാന്ധ തിമിരം
മാറ്റി മിഴികള്‍ തുറക്ക്‌
പുസ്തകത്താളു മറിയ്ക്ക്

ബദ്ധ വൈരത്തിന്‍റെ ക്രുദ്ധ മനസ്കത-
യെല്ലാമാടക്കിയൊതുക്ക്
സംഹാര ചിന്ത മറക്ക്

മിത്രമായ്‌ മിത്രത്തെ നേട്
മര്‍ത്ത്യ ബോധം കൈവരിക്ക് !
പുസ്തകത്താളു മറിയ്ക്ക്!