Thursday, January 13, 2011

സര്‍ക്കാര്‍ ഓഫീസുകളിലെ നൂലാമാലകളെപറ്റിതന്നെ! !

സര്‍ക്കാര്‍ ഓഫീസുകളിലെ നൂലാമാലകളെപ്പറ്റിത്തന്നെ!

ഈയുള്ളവന്റെ കഴിഞ്ഞ രണ്ടു പോസ്റ്റുകൾ സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന പിണറായി വിജയന്റെ അഭിപ്രായത്തിന്റെ ചുവടു പിടിച്ചുള്ളതായിരുന്നു. അതിൽ സർക്കാർ ഉദ്യോഗസ്ഥന്മാരെക്കുറിച്ചും നിയമങ്ങളുടെ നൂലാമാലകളെക്കുറിച്ചും മറ്റും ഉദാഹരണങ്ങൾ സഹിതം എഴുതിയിരുന്നു. അതെഴുതിയതിന്റെ പിറ്റേദിവസം തന്നെ ഈയുള്ളവനുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ഇവിടെ.

ഇപ്പോൾ എഞ്ചിനീയറിംഗിനു പഠിക്കുന്ന എന്റെ ഒരു വിദ്യാർത്ഥിനിയുടെ എസ്.എസ്.എൽ സി സർട്ടിഫിക്കറ്റിൽ ജനനതീയതി തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽനിന്നും വാങ്ങിയിട്ടുമുണ്ടായിരുന്നില്ല. എസ്.എസ്.എൽ.സി ബൂക്കിൽ യഥാർത്ഥ ജനനസർട്ടിഫിക്കറ്റിലെ ജനന തീയതി തന്നെ രേഖപ്പെടുത്തിയിരിക്കണമെന്ന പുതിയ നിയമം വന്നതിനാൽ (പാസ്പോർട്ടിനുള്ള അപേക്ഷയിലാണ് ഈ നിബന്ധനയുള്ളത്. അതായത് പാസ്പോർട്ടിനപേക്ഷിക്കുമ്പോൾ യഥാർത്ഥ ജനന സർട്ടിഫിക്കറ്റും കൂടി ഇപ്പോൾ നൽകേണ്ടതുണ്ട്. മുമ്പ് ഈ നിയമം ഉണ്ടായിരുന്നില്ല) എസ്.എസ്.എൽ.സി ബൂക്കിൽ ജനനതീയതി തിരുത്തുന്നതിനും അതിനായി ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് വാങ്ങാനുമുള്ള ശ്രമം ആരംഭിച്ചു. കുട്ടിയെ പ്രസവിച്ച ആശുപത്രി സ്ഥിതിചെയ്യുന്നത് ഈയുള്ളവൻ താമസിക്കുന്ന പ്രദേശം ഉൾക്കൊള്ളുന്ന പഞ്ചായത്ത് പ്രദേശത്ത് തന്നെ. കുട്ടിയുടെ വാസഗൃഹം തൊട്ടു ചേർന്നു കിടക്കുന്ന കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്തിലും.

കുട്ടിയെ പ്രസവിച്ചത് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ്. ഇത് ഉൾപ്പെടുന്നത് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ആണ്. ഈ കുട്ടിയുടെ മാതാവ് ജനനതീയതി കിട്ടുന്നതിന് കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തി. അവിടെയെത്തുമ്പോൾ അതിനു കുറെ നടപടി ക്രമങ്ങൾ ആവശ്യമായി വന്നു. കാരണം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ഉള്ള ജനനതീ‍യതിയും യഥാർത്ഥ ജനന തീയതിയും തമ്മിൽ പത്തു മാസത്തിനു പുറത്ത് വ്യത്യാസം. ഓരോ തവണ ചെല്ലുമ്പോഴും ഓരോരോ കാര്യങ്ങൾ പറയും. ആവശ്യമായ സർട്ടിഫിക്കറ്റും സത്യവാങ് മൂലങ്ങളും മറ്റും മറ്റുമായി ഓരോന്നോരോന്നായി അവർ വാങ്ങിക്കൊണ്ടു കൊടുത്തു. ഒന്നു കൊണ്ടു ചെല്ലുമ്പോൾ മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നു പറയും. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത പാവം ഒരു സ്ത്രീ ആണ് അവർ . ഭർത്താവ് ഗൾഫിലും. ഒടുവിൽ അവർ കയറിയിറങ്ങി മടുത്തു. വീട്ടിൽ ചെന്ന് ആ അമ്മ കുട്ടിയോടു പറഞ്ഞു; ഇതൊന്നും നടക്കുന്ന കാര്യമല്ല. നീ ഇനി പഠിത്തമൊക്കെ നിറുത്തി വീട്ടിലിരുന്നാൽ മതിയെന്ന്! ഇനി ഈ ആവശ്യവുമായി കയറിയിറങ്ങാൻ വയ്യെന്ന്!

ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടത്, ഇവിടെ ഈ ആവശ്യക്കാരിയെ ഇട്ടു നടത്തിയ്ക്കുവാൻ കാരണം ഉദ്യോഗസ്ഥരുടെ കുഴപ്പം മാത്രമല്ല. നിയമത്തിന്റെ കുരുക്കുകളും കൂടിയാണ്. പക്ഷെ അത് ഈ ആവശ്യക്കാരിയെ സമാധാനപരമായി പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. അതുകൊണ്ടുവാ ഇതുകൊണ്ടുവാ എന്നു പറയുന്നതല്ലാതെ എന്താണ് കുഴപ്പമെന്ന് അവരെ ബോദ്ധ്യപ്പെടുത്തിയില്ല. അതാണു അവർ ഒടുവിൽ മടുത്ത് പിരാകി പിൻവാങ്ങാൻ ഒരുങ്ങിയത്. ഒടുവിൽ അവർ ഇക്കാര്യം എന്നോട് പറഞ്ഞു. അവരിൽനിന്നും ആ അപേക്ഷയും അതിനൊപ്പം അതുവരെ നൽകിയ സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങി ഞാൻ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ചെന്നു.

ബന്ധപ്പെട്ട ജീവനക്കാരിയെ സമീപിച്ച് ഞാൻ കാര്യം അന്വേഷിച്ചു. എന്താണ് ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ ഇനി ചെയ്യേണ്ടത് എന്നു ചോദിച്ചു. അപ്പോൾ ആ ജീവനക്കാരി പെൺകുട്ടി ഉടൻ തന്നെ രേഖകൾ പരിശോധിച്ചു. അപ്പോഴാണ് യഥാർത്ഥ പ്രശ്നം കണ്ടു പിടിച്ചത്. അവിടെ രജിസ്റ്ററിൽ കുട്ടിയുടെ ജനനം ആശുപത്രി അധികൃതർ രേഖപ്പെടുത്തിയിട്ടൂണ്ട്. പക്ഷെ ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടുന്നതിനു കുട്ടിയുടെ മറ്റു സഹോദരങ്ങളുടെ എല്ലാം വിവരങ്ങളും ജനന ക്രമവും അപേക്ഷയോടൊപ്പം നൽകണം. അവിടെ ഓഫീസ് രേഖകളിൽ ഇപ്പോൾ ജനന സർട്ടിഫിക്കറ്റ് കിട്ടേണ്ട കുട്ടിയുടെ ജനന ഓർഡർ അഞ്ചാമതാണ്. അതായത് കുട്ടി മറ്റു നാലു സഹോദരിമാർക്കു ശേഷം അഞ്ചാമതു ജനിച്ചിരിക്കുന്നു. ആകെ ആ കുട്ടിയുടെ അമ്മ പ്രസവിച്ചത് നാലുകുട്ടികളെ മാത്രം! അവിടെയാണ് നിയമ പ്രശ്നം. യഥാർത്ഥത്തിൽ കുട്ടിയെ പ്രസവിച്ച ആശുപത്രി അധികൃതർ നൽകിയ ജനന രേഖകളിൽ അവർ വരുത്തിയ തെറ്റാണ്. നാലാമതു ജനിച്ച കുട്ടി അഞ്ചാമത് ജനിച്ചു എന്നാണ് ആശുപത്രി അധികൃതർ അവിടെ നൽകിയിരിക്കുന്ന വിവരം. ഇത് അപേക്ഷകയായ ഈ പാവം കുട്ടിയുടേതോ രക്ഷകർത്താവിന്റേതോ അല്ലാത്ത കുറ്റം!

ഇപ്പോൾ പ്രശ്നം എന്താണെന്നു ചോദിച്ചാൽ ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ മേല്പറഞ്ഞ അപേക്ഷകളും ആവശ്യമയ സർട്ടിഫിക്കറ്റുകളും എല്ലാം കൂടി പഞ്ചായത്ത് ഡയറക്ടറേറ്റിൽ അയക്കണം. അവിടെ അപേക്ഷകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ട ശേഷം തിരിച്ച് ഗ്രാമ പഞ്ചായത്തിൽ അയക്കും. എന്നിട്ടു വേണം ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കറ്റ് നൽകാൻ. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ ഈ കുട്ടിയുടെ അപേക്ഷകളും ഗ്രാമപഞ്ചായത്തിലെ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്ത വിവരങ്ങളും പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിൽ എത്തുമ്പോൽ സംഗതി പ്രശ്നമാകും. കുട്ടി യഥാർത്ഥത്തിൽ ജനിച്ചിരിക്കുന്നത് നാലാമത്. അതായത് ആ അമ്മയുടെ അവസനത്തെ കുട്ടി. പഞ്ചായത്ത് രജിസ്റ്ററിൽ ജനന ഓർഡർ അഞ്ചാമതും. സംഗതി പൊരുത്തക്കെട്‌.

ഈ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ട് ഡയറക്ടറേറ്റിൽ നിന്നും വീണ്ടും കേസുകെട്ടെല്ലാം കൂടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വരും. പഞ്ചായത്തിലുള്ള രേഖ അവർക്ക് തിരുത്താൻ പറ്റില്ല. നാലാമതു ജനിച്ച കുട്ടിയെ അഞ്ചാമത് ജനനിപ്പിക്കാൻ കഴിയുകയുമില്ല. ആ അമ്മ ആകെ പ്രസവിച്ചത് നാലുമക്കളെ! എന്തു ചെയ്യും? ഇതാണ് പ്രശ്നം. സംഗതി ഗുലുമാൽ. ഇനി ഇത് സത്യസന്ധമായി നേടിയെടുക്കാൻ കഴിയില്ല. ഒരു കൃത്രിമം നടത്തിയേ പറ്റൂ. ഇല്ലെങ്കിൽ പ്രശ്നം കൂടൂതൽ സങ്കീർണ്ണമാകും. അതിന് ഇനി ആ അമ്മ പ്രസവിച്ച എല്ലാ കുട്ടികളുടെയും വിവരം സംബന്ധിച്ച സത്യവാങ് മൂലത്തിൽ കുട്ടികളുടെ ജനന ഓർഡർ കൊടുത്തിരിക്കുന്നതിന്റെ ഇടയിൽ അതായത് നാലാമത് പ്രസവിക്കാത്ത ഒരു കുട്ടിയെ പ്രസവിച്ചതായി കാണിച്ച് ഒരു കള്ള ജനനവും ജനനതീയതിയും കൃത്രിമമായി എഴുതി കയറ്റണം. അപ്പോൾ ഈ പറയുന്ന ജനന സർട്ടിഫിക്കറ്റ് കിട്ടേണ്ട കുട്ടിയുടെ ജനനക്രമം അഞ്ചാമതാകും. ഇവിടെ ചട്ടപ്രതിസന്ധി മറികടക്കാൻ അപേക്ഷക ഒരു കള്ളം ചെയ്യാൻ നിർബന്ധിതമാകുന്നു. നിയമത്തിലെ അനാവശ്യമായ ഒരു നിബന്ധന കാരണം! സത്യത്തിൽ ഒരു കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടുന്നത്തിന് ആ കുട്ടിയുടെ മറ്റ് സഹോദരങ്ങളുടെ ജനന രേഖകൾ കൂടി നൽകണം എന്ന നിബന്ധന തന്നെ അനാവശ്യമാണ്.

എന്നിട്ട് ഈ ഗുലുമാലുകളെല്ലാം കൂടി ഡയറക്ടറേറ്റിൽ എത്തിച്ചാൽ കൊറിയിടാതെ (സർക്കാർ ഓഫീസുകളിലെ ഈ കൊറിയിടലുകളെ പറ്റി തന്നെ ഒത്തിരി എഴുതാനുണ്ട്) അവർ പരിശോധിച്ചശേഷം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അയക്കും. എന്നിട്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് നൽകും. ആ ആ‍ശുപത്രി അധികൃതർ വരുത്തിയ തെറ്റോ അതുമല്ലെങ്കിൽ ഒരു ക്ലറിക്കൽ മിസ്റ്റേക്കോ വരുത്തുന്ന തൊന്തറവുകൾ നോക്കണേ!

സത്യത്തിൽ ഇത്തരം ഒരു കേസ് എന്തിനാണ് ഡയറക്ടറേറ്റിൽ ഒക്കെ പോയി വരുന്നത് ? ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അതെല്ലാം ക്ലിയർ ചെയ്ത് ഈ ജനന സർട്ടിഫിക്കറ്റ് നൽകാവുന്നതല്ലേയുള്ളൂ ? ഈ നൂലാമാലകൾ ഒക്കെ എന്തിനു വേണ്ടിയാണ്? ഒരു പ്രാദേശിക സർക്കാർ കാര്യാലയത്തിൽ വച്ച് പരിഹരിക്കാവുന്നതും സർട്ടിഫിക്കറ്റ് ചെയ്യാവുന്നതുമായ എത്രയെത്ര കാര്യങ്ങൾക്കു വേണ്ടിയാണ് ആളുകൾ താലൂക്ക് കേന്ദ്രങ്ങളിലും ജില്ലാ സംസ്ഥാന ഓഫീസുകളിലും കയറിയിറങ്ങേണ്ടി വരുന്നത്! എന്തിനീ ഗുലുമാലുകൾ ?

ഇനി മേല്പറഞ്ഞ ഈ കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് സങ്കീർണ്ണമായ നടപടിക്രമങ്ങളും പിന്നെ നീണ്ടു നീണ്ട കാത്തിരിപ്പുകൾക്കും ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ചാലും അതിൻ പ്രകാരം എസ്.എസ്.എൽ.സി ബുക്കിൽ അറിഞ്ഞോ അറിയാതെയോ തെറ്റായി രേഖപ്പെടുത്തിയ ജനന തീയതി തിരുത്തി കിട്ടാനുള്ള നടപടിക്രമങ്ങൾ ഇതിനേക്കാൾ ഒക്കെ സങ്കീർണ്ണം ആണ്. എസ്.എസ്.എൽ.സി ബുക്കിൽ ജനനരേഖ തിരുത്തി നൽകാനുള്ള അധികാരം തിരുവനന്തപുരത്ത് പരീക്ഷാ ഭവനിൽ ഇരിക്കുന്ന ജോയിൻ രജിസ്ട്രാർക്കാണ്. പല പല നടപടിക്രമങ്ങൾ കഴിഞ്ഞ് ജനന സർട്ടിഫിക്കറ്റ് തിരുത്തിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഒക്കെ കയ്യിൽ കിട്ടുമ്പോൾ വർഷങ്ങൾ കഴിയും. ഇതേപറ്റി കഴിഞ്ഞ പോസ്റ്റിൽ വിശദമായി എഴുതിയിട്ടുള്ളതിനാൽ ഇവിടെ കൂടുതൽ പറയുന്നില്ല.

Tuesday, January 11, 2011

നിയമക്കുരുക്കുകൾ

നിയമക്കുരുക്കുകൾ

മുൻകുറിപ്പ്:ഇന്നത്തെ പോസ്റ്റ് ഈയുള്ളവന്റെ അനുഭവത്തിലുള്ളതും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ഒരു നിയമത്തിന്റെ നൂലാമാലകളെക്കുറിച്ചാണ്. ഇതിപ്പോൾ ബ്ലോഗത്തിൽ എഴിതിയാൽ ബന്ധപ്പെട്ടവർ ആരെങ്കിലും കാണുമെന്നോ ഇതിനൊരു പരിഹാരം ഉണ്ടാകുമെന്നോ ഉള്ള പ്രതീക്ഷയിൽ ഒന്നുമല്ല എഴുതുന്നത്. ബ്ലോഗിലും ഇത്തരം വിഷയങ്ങൾ രേഖപ്പെടുത്തണം എന്ന താല്പര്യംകൊണ്ട് കുറിച്ചിടുന്നതാണ്. അനുഭവത്തിൽ ഉള്ള ഇത്തരം കാര്യങ്ങൾ ബ്ലോഗുകളിൽ രേഖപ്പെടുത്തുന്നമ്പോൾ ഉള്ള ഒരു മനസുഖത്തിനു വേണ്ടിയാണെന്നു കരുതുന്നതിലും അലോസരം ഒന്നുമില്ല.

കഴിഞ്ഞ ഒരു പോസ്റ്റിൽ സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന പിണറായിയുടെ അഭിപ്രായത്തെ പിന്തുണച്ച് ഒരു പോസ്റ്റ് എഴുതിയിരുന്നു. അതിൽ ഉദ്യോഗസ്ഥതലത്തിൽ നിന്നും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഉദ്യോഗസ്ഥർ മാത്രമല്ല, നിയമങ്ങളിൽ പലതിന്റെയും അനാവശ്യവും സങ്കീർണ്ണവുമായ ചില നടപടിക്രമങ്ങളും കാരണമാകുന്നുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. അത്തരത്തിൽ ഒരു നൂലാമാലയെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന് സ. പിണറായി വിജയൻ പറഞ്ഞതിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥതലത്തിൽ നിന്നും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഉദ്യോഗസ്ഥർ മാത്രമല്ല, നിയമങ്ങളിൽ പലതിന്റെയും അനാവശ്യവും സങ്കീർണ്ണവുമായ ചില നടപടിക്രമങ്ങളും നൂലാമാലകളും കൂടി കാരണമാകുന്നുണ്ട്. അത്തരം ഒരു നൂലാമാലയെക്കുറിച്ചാണ് ഈ കുറിപ്പിൽ സൂചിപ്പിയ്ക്കുന്നത്.

മുമ്പൊക്കെ പസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ പ്രായം തെളിയിക്കുന്നതിനും മറ്റും സ്കൂൾ സർട്ടിഫിക്കറ്റുകൾ മതിയായിരുന്നു. സ്കൂളിൽ എസ്.എസ്.എൽ.സി വരെ പഠിച്ചിട്ടില്ലാത്തവർക്ക് വയസ്സു തെളിയിക്കാൻ പത്താം തരത്തിൽ താഴെയാണെങ്കിലും ഏതെങ്കിലും സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിൽ പഠിച്ച സ്കൂളിൽനിന്നും അഡ്മിഷൻ രജിസ്റ്ററിന്റെ എക്സ്ട്രാക്ട് എടുത്തു നൽകിയാലും മതിയായിരുന്നു. മുസ്ലിങ്ങൾക്കാണെങ്കിൽ പള്ളിയിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് വച്ചും പാസ്പോർട്ട് എടുക്കാമായിരുന്നു. ഇതൊന്നുമില്ലെങ്കിൽ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്റ്റ്ട്രേട്ടിന്റെയോ മറ്റോ സർട്ടിഫിക്കറ്റ് വേണമായിരുന്നു. അതൊക്കെ പഴയകാലം. എന്നാൽ അടുത്ത കാലത്ത് ഒരു പുതിയ നിയമം വന്നു. വർഷം ഓർക്കുന്നില്ല. പാസ്പോർട്ട് എടുക്കണമെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റോ മറ്റോ ഒന്നും പോര; ഒറിജിനൽ ജനനസർട്ടിഫിക്കറ്റ് തന്നെ നൽകണം. 1989-നുശേഷം ഉള്ളവർക്ക് മാത്രമേ നിബന്ധന ബാധകമായിട്ടുള്ളൂ. ( 1989 തന്നെയാ‍ണെന്നാണ് തോന്നുന്നത്. അതോ എൺപതോഎന്നതിൽ അല്പം സംശയം ഉണ്ട്. അതവിടെ നിൽക്കട്ടെ).

അപ്പോൾ സംഭവിക്കുന്നതെന്താണെന്നു വച്ചാൽ പാസ്പോർട്ടിനപേക്ഷിക്കുന്ന ഒരാൾക്ക് അവിടെ സ്കൂൾ സർട്ടിഫിക്കറ്റും ഒറിജിനൽ ജനന സർട്ടിഫിക്കറ്റും പരിശോധിക്കുമ്പോൾ രണ്ടിലും രണ്ടു ജനന തീയതിയാണെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. (ഇതു രണ്ടും പാ‍സ്പോർട്ടപേക്ഷിക്കാൻ ആവശ്യമുള്ളതാണ്). അതുകൊണ്ടാണ് ഇപ്പോൾ എല്ലാവരും എസ്.എസ്.എൽ.സി ബൂക്കിലെ ജനന തീയതി തെറ്റാണെങ്കിൽ അതു തിരുത്തി ഒറിജിനൽ ജനന സർട്ടിഫിക്കറ്റിലെ യഥാർത്ഥ ജനന തീയതി എഴുതിക്കിട്ടാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. പാസ്പോർട്ടിന്റെ കാര്യത്തിലേ ഇപ്പോൾ നിബന്ധനയുള്ളൂ. സർക്കാർ സർവീസ് ഉൾപ്പെടെ എല്ലായിടത്തും സ്കൂൾ സർട്ടിഫിക്കറ്റിലെ പ്രായം തന്നെയാണ് ഇപ്പോഴും പരിഗണിയ്ക്കുന്നത്. ഭാവിയിൽ എല്ലാ മേഖലകളിലും ഒറിജിനൽ ജനന തീയതി കാണിക്കണം എന്ന നിബന്ധന വന്നുകൂടാതെയുമില്ല.

ഒറിജിനൽ
ജനന സർട്ടിഫിക്കറ്റ് നൽകുന്നത് ജനിച്ചത് എവിടെയാണോ സ്ഥലം ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നാണ്. ഉദാഹരണത്തിന് ഒരാൾ താമസിക്കുന്നത് എവിടെയായാലും ജനിച്ചത് തിരുവനന്തപുരം എസ്..റ്റി ആശുപതിയിൽ ആണെങ്കിൽ ജനനസർട്ടിഫിക്കറ്റ് വാങ്ങേണ്ടത് തിരുവനന്തപുരം നഗരസഭയിൽ നിന്നാണ്. ഏതെങ്കിലും പഞ്ചായത്ത് പ്രദേശത്തുള്ള ആശുപത്രിയിലോ വീട്ടിലോ വച്ചാണ് പ്രസവം നടന്നിട്ടുള്ളതെങ്കിൽ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് അതത് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും ആണ് ലഭിക്കുന്നത്. മുനിസിപ്പൽ ഏരിയയിൽ ആണ് പ്രസവം എങ്കിൽ മുനിസിപ്പൽ ഓഫീസിൽ നിന്നുമാണ് ജനന സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്.

മുമ്പ് കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജനനസർട്ടിഫിക്കറ്റ് ആവശ്യമായിരുന്നില്ല. എല്ല്ലാ ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റിൽ കാണുന്ന പ്രായം തന്നെയാണ് അംഗീകരിച്ചു പോരുന്നത്.സർക്കാർ സർവീസിൽ ആയിരുന്നാലും മറ്റേതൊരു കാര്യത്തിനും. അതുകൊണ്ട് ജനന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ആരും വാങ്ങാൻ മിനക്കെട്ടിരുന്നില്ല. (അതൊരു മിനക്കേടുതന്നെയാണ് പലപ്പോഴും). സ്കൂളിൽ ചേർക്കുമ്പോൾ കുട്ടികളുടെ രക്ഷകർത്താക്കൾ അറിഞ്ഞും അറിയാതെയും പറഞ്ഞു കൊടുക്കുന്ന ജനനതീയതി യഥാർത്ഥ ജനനതീയതി ആയിരുന്നില്ല. ചിലർ അഞ്ചു വയസാകുന്നതിന് അല്പം മുമ്പ് കുട്ടികളെ സ്കൂളിൽ ചേർക്കുമായിരുന്നു. എന്നാൽ സ്കൂളിൽ ചേർക്കാൻ അഞ്ചുവയസു വേണംതാനും. അപ്പോൾ ചേർക്കുന്ന സമയത്ത് അഞ്ചു വയസ്സ് തികയത്തക്ക നിലയിൽ ഒരു ജനനതീയതി നൽകും.

ചിലർ
അഞ്ചു വയസു കഴിഞ്ഞിട്ടാകും ചിലപ്പോൾ കുട്ടിയെ ചേർക്കുക. അപ്പോൾ പ്രായം അല്പം കുറച്ച് കിട്ടത്തക്ക നിലയിൽ സമയത്ത് അഞ്ച് വയസ്സേ ആയിട്ടേയുള്ളൂ എന്ന തരത്തിൽ ഒരു ജനന്തീയതി എഴുതിവയ്ക്കും. ചിലർ ഭാവിയിൽ സർക്കാർ സർവീസിൽ ഒക്കെ കയറുമ്പോൾ പെൻഷൻ പ്രായം കുറച്ചുകിട്ടാൻ മന:പൂർവ്വം പ്രായം കുറച്ചു കാണിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ അക്കാലത്ത് നിർദോഷമായി എല്ലാവരും ചെയ്തിരുന്നതാണ്. മുമ്പ് സ്കൂളിൽ ചേർക്കാൻ കൊണ്ടുവരുന്ന കുട്ടികൾക്ക് പ്രായം അഞ്ചുവയസിൽ കൂടുതൽ ആയിട്ടുണ്ടെങ്കിൽ അദ്ധ്യാപർതന്നെ രക്ഷകർത്താക്കളോട് കുട്ടികളുടെ പ്രായം കുറച്ചു വയ്ക്കാൻ ഉപദേശിക്കുമായിരുന്നു. ഏറിയാൽ ഒരു ആറുമാസത്തെയോ ഒരു വർഷത്തെയോ വ്യത്യാസമാണ് മുമ്പോട്ടായാലും പിമ്പോട്ടയാലും രേഖപ്പെടുത്തപ്പെട്ടു പോയിരുന്നത്. അതിനും വളരെ വർഷങ്ങൾക്കു മുമ്പ് വ്ദ്യാഭ്യാസം കുറഞ്ഞ രക്ഷകർത്താക്കൾ പ്രായം കൂട്ടി വച്ച് സ്കൂളിൽ ചേർക്കുമായിരുന്നു. അത് പലരെയു ദോഷകരമായി ഭാവിയിൽ ബാധിക്കുന്നതുമായിരുന്നു. സർക്കാർ സർവീസിൽ കയറിയാൽ നേരത്തെ പെൻഷൻ പറ്റേണ്ടിവരുന്നത് ഉദാഹരണം. രേഖകളിൽ പെൻഷൻപ്രായം ആകും. യഥാർത്ഥത്തിൽ പ്രയം അതായിട്ടുമുണ്ടാകില്ല. നേരെ തിരിച്ചും സംഭവിക്കാം.

ഇപ്പോൾ സ്കൂളിൽ ചേർക്കുമ്പോൾ ഒറിജിനൽ ജനനസർട്ടിഫിക്കറ്റ് നിർബന്ധമാ‍ക്കിയിട്ടുണ്ട്. അതുകൊണ്ട് ഇനിയുള്ള കുട്ടികൾക്ക് ഭാവിയിൽ ഇതു സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ല. ഇതു നല്ലതുതന്നെ. എന്നാൽ മുമ്പ് അറിഞ്ഞും അറിയാതെയും ജനന തീയതി തെറ്റായി രേഖപ്പെടുത്തപ്പെട്ടു പോയ കുട്ടികളും രക്ഷകർത്താക്കളും ഇന്ന് ഏറെ ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ എസ്.എസ്.എൽ.സി കഴിഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഉടൻ എല്ലാവരും സർട്ടിഫിക്കറ്റിൽ തെറ്റായി രേഖപ്പെടുത്തിപ്പോയ ജനന തീയതിമാറ്റി ഒറിജിനൽ ജനന സർട്ടിഫിക്കറ്റിലെ തീയതി രേഖപ്പെടുത്തി കിട്ടുന്നതിനുള്ള നടപടികൾ തുടങ്ങേണ്ടിയിരിക്കുന്നു. എന്നാൽ ഇതിനുള്ള നടപടി ക്രമങ്ങൾ ഏറെ സങ്കീർണ്ണവും നൂലാമാലകൾ നിറഞ്ഞതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്നതു മുതൽ നൂലാമാലകളും പ്രയാ‍സങ്ങളും ആരംഭിക്കുകയായി. ജനന തീയതി തിരുത്താനുള്ള അധികാരം പരീക്ഷാഭവനിലെ ജോയിൻറ്റ് രജിസ്ടാർക്കു മാത്രമാണ്.

എസ്.എസ്.എൽ സി ബൂക്കിൽ ജനനത്തീയതി തിരുത്തി കിട്ടുന്നതിന് ബന്ധപ്പെട്ട കുട്ടി പഠിച്ച സ്കൂളിൽ നിന്നുള്ള സാക്ഷ്യ പത്രങ്ങൾ, നോട്ടറി പബ്ലിക്കിന്റെ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട കുട്ടിയുടെ ഒറിജിനൽ ജനന സർട്ടിഫിക്കറ്റ്, കുട്ടിയ്ക്ക് സഹോദരങ്ങൾ ഉണ്ടെങ്കിൽ അവരുടെ എല്ലാം ഒറിജിനൽ ജനന സർട്ടിഫിക്കറ്റുകൾ, രക്ഷകർത്താക്കളുടെ വിവരങ്ങൾ തുടങ്ങി പലപല നൂലാമാലകളും ശരിയാക്കണം. ഇതിൽ സഹോദരങ്ങളുടെ ജനനസർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെങ്കിൽ പിന്നെ അതിന്റെ തൊന്തറവുകളുമായി വീണ്ടും കയറിയിറങ്ങണം. അതു വാങ്ങാൻ താമസിച്ചു പോയതിന്റെ തൊന്തറവുകൾ ആകട്ടെ അഡീഷണൽ തൊന്തറവുകളാണ്. കുട്ടികളുടെ ജനനരേഖകൾ ഏതെങ്കിലും കരണവശാൽ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇല്ലാതെ വന്നാലത്തെ സ്ഥിതി പറയാനുമില്ല.

ഇനി
ഇതെല്ലാം ശരിയാക്കി ലക്കുകെട്ട് ഒരു കെട്ട് കടലാസുകളും കുത്തിക്കെട്ടി തലയിൽ ചുമന്ന് അത് സ്കൂൾ മുഖാന്തിരം പരീക്ഷാ ഭവനിൽ ജോയിൻ രജിസ്ട്രാർക്ക് എത്തിച്ചാലോ? അവിടെ കേരളമാകെയുള്ള ഇത്തരം കേസുകൾ വന്ന് കുന്നുകൂടി കിടക്കുന്നുണ്ടാകും. ജനനരേഖ തിരുത്തിക്കിട്ടുന്നതിന് പിന്നെ മാസങ്ങളുടെയോ വർഷങ്ങളുടെയോ കാത്തിരിപ്പായി. മൂന്നു മാസം എന്നാണ് പറയുയുന്നതെങ്കിലും ചിലപ്പോൾ ആറുമാസവും ഒരു വർഷവും ഒക്കെ എടുക്കും സർട്ടിഫിക്കറ്റിൽ ജനന തീയതി തിരുത്തിക്കിട്ടുവാൻ. ഒരു വർഷത്തിനോ ആറുമാസത്തിനോ അകത്തുള്ള വ്യത്യാസമാണ് സ്കൂൾ സർട്ടിഫിക്കറ്റിലും ഒറിജിനൽ ജനന സർട്ടിഫിക്കറ്റിലും എങ്കിൽ ചില ഇളവുകൾ ഉണ്ടെന്നു പറയുന്നു. ഇളവുകൾ അനുവദിച്ചു കിട്ടാനുള്ള നടപടിക്രമങ്ങൾ പറഞ്ഞതിലും സങ്കീർണ്ണമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്ന് തന്നെ തൊന്തറവ് ആരംഭിക്കുകയായി. പലരും അവിടെ വച്ചു തന്നെ സ്റ്റെപ്പെടുപ്പുകൾ മടുത്ത് കളഞ്ഞിട്ടു പോയി കുട്ടികളുടെ പഠനം തന്നെ നിർത്തിയാലോ എന്ന് ആലോചിച്ചുപോകും.

സത്യത്തിൽ ഒരു കാര്യത്തിന് ഇത്രമാത്രം നടപടിക്രമങ്ങൾ എന്തിനാണ്? ആളുകളെ ബുദ്ധിമുട്ടിയ്ക്കാൻ വേണ്ടി മാത്രമല്ലേ? തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ഒറിജിനൽ ജനന സർട്ടിഫിക്കറ്റും സ്കൂൾ സർട്ടിഫിക്കറ്റും കൊണ്ട് പരീക്ഷാഭവനിൽ ചെന്നാൽ അന്നോ, തിരക്കുണ്ടെങ്കിൽ രണ്ടു മൂന്നു ദിവസത്തിനകമോ ചെയ്തു കൊടുക്കാവുന്ന ഒരു ലളിതമായ കാര്യത്തിനാണ് കുട്ടികളെയും രക്ഷകർത്താക്കളെയും ഇങ്ങനെ സങ്കീർണ്ണമായ നടപടി ക്രമങ്ങളും നിബന്ധനകളുംകൊണ്ട് ബുദ്ധിമുട്ടിയ്ക്കുന്നത്. ഒരു ഓഫീസിൽ തിരക്കുണ്ടെങ്കിൽ പകരം സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് അധികൃതരുടെ കടമയാണ്. അല്ലെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണം. ഇത്തരം നൂറുനൂറു കാര്യങ്ങളിൽ എന്താണോ ഉചിതം എന്ന് ആലോചിച്ചു ചെയ്യാൻ ഭരണകൂടത്തിനു ബാദ്ധ്യതയുണ്ട്. യഥാർത്തത്തിൽ നൂലാമാലാ നിയമങ്ങൾ എടുത്തുകളഞ്ഞിട്ട് ലളിതമായ നിയമങ്ങൾ ഉണ്ടാക്കാവുന്നതേയുള്ളൂ.

ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ യഥാവിധി കുട്ടിയെ പ്രസവിച്ച ആശുപത്രി അധികൃതർ നൽകാതിരിക്കുക വഴിയോ, വീട്ടിലോമറ്റോ പ്രസവിച്ചിട്ട് യഥാസമയം ജനനം രജിസ്റ്റർ ചെയ്യാത്തതുകൊണ്ടോ പഞ്ചായത്ത്- നഗരസഭാ രേഖകളിൽ ലഭ്യമല്ലാതെ വന്നാലും അത് ലളിതമായ നടപടികളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. പ്രസവിച്ച ആശുപത്രിയിൽനിന്നോ ആശുപത്രി നിലവിൽ ഇല്ലെങ്കിൽ അഥവാ അവിടെ രേഖകളിലില്ലെങ്കിൽ ഏതെങ്കിലും ഒരു സർക്കാർ ഡോക്ടറിൽ നിന്നോ ചുമതലപ്പെടുത്തുന്ന മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനിൽനിന്നോ ജനപ്രതിനിധികളിൽ നിന്നോ ഒരു സർട്ടിഫിക്കറ്റ് വാങ്ങി നൽകിയാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ആവശ്യക്കാരനു നൽകാവുന്നതേയുള്ളൂ. ഇതിന്റെ മേൽ വീണ്ടുംപിന്നെ സർട്ടിഫിക്കറ്റിൽ വയസ്സ് തിരുത്തി കിട്ടാൻ മേൽ സൂചിപ്പിച്ചതുപോലെ നോട്ടറി സർട്ടിഫിക്കറ്റും സഹോദരങ്ങളുടെ ജനന വിവരങ്ങളും തുടങ്ങിയ നിബന്ധനകളുടെയും ആവശ്യമുള്ളതല്ല. അത്തരത്തിൽ നിയമങ്ങൾ ലളിതവൽക്കരിക്കണം.

ഒരു കാര്യത്തിൽ മാത്രമല്ല ഒരുപാട് വിഷയങ്ങളിൽ ഇത്തരം അനാവശ്യവും സങ്കീർണ്ണവുമായ നടപടിക്രമങ്ങളും നൂലാമാ‍ലകളും ഉണ്ട്. നൂലാമാലകളാണ് അഴിമതിയ്ക്കും ചുവപ്പുനാടയ്ക്കും മറ്റും വഴിവയ്ക്കുന്ന കാരണങ്ങളിൽ ഒന്ന്. നമുക്ക് വേണ്ടത് മാറാല പിടിച്ച പഴയ നിയമങ്ങളും അവയുടെ അഴിയാ കുരുക്കുകളും അല്ല. ജനങ്ങൾക്ക് ഏറ്റവും സൌകര്യപ്രദമായ നിലയിൽ നിലവിലൂള്ള നിയമങ്ങൾ പൊളിച്ചെഴുതുകയും പുതിയ പുതിയ നിയമങ്ങൾ ഉണ്ടാകുകയും വേണം. ഒരു നിയമം ഉണ്ടാകുമ്പോൾ അത് ജനങ്ങളെ എങ്ങനെ ബാധിയ്ക്കും എന്നതിന്റെ നനാവശങ്ങളും മുൻ കൂട്ടി കാണാനും കഴിയണം. പക്ഷെ ഇതൊക്കെ ആര് ആരോട് പറയും? ആര് കേൾക്കും? ആര് ചെയ്യും?

പിൻകുറിപ്പ്: ഇപ്പോൾ സ്കൂളിൽ കുട്ടികളെ ചേർക്കാൻ ജനന സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതുകൊണ്ട് ഇപ്പോൾ എല്ലാവരും അത് യഥാവിധി വാങ്ങുന്നു. ഇപ്പോൾ സ്കൂളിൽ ചേർക്കുന്നകുട്ടികൾക്ക് ഭാവിയിൽ ഇതു സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയില്ല. ആവശ്യമായ കാര്യങ്ങൾ യഥാസമയം ചെയ്യാതിരിക്കുകയും നിയമങ്ങൾ പാലിക്കത്തിരിക്കുകയും ചെയ്യുന്ന പ്രവണത പിന്നിട് പല ബുദ്ധിമുട്ടുകൾക്കും ഇടവരുത്തും. അതുകൊണ്ട് എപ്പോഴും സ്വന്തം കുടുംബകാര്യങ്ങളിൽ എല്ലാവർക്കും ഒരു ശ്രദ്ധ വേണം.

Monday, January 10, 2011

ബ്ലോഗ്ഗര്‍ അങ്കിള്‍ അന്തരിച്ചു


ബ്ലോഗ്ഗർ അങ്കിൾ അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ!

അങ്കിൾ എന്ന ചന്ദ്രകുമാർ ഏറെ വായനക്കാരും പിന്തുടരുന്നവരുമുള്ള സർക്കാർ കാര്യം മുറപോലെ ഉപഭോക്താവ് എന്നീ ബ്ലോഗുകളാണ് ചെയ്തിരുന്നത്.

ചിത്രകാരന്റെ പോസ്റ്റിൽനിന്ന് ലഭിച്ച വിവരങ്ങൾ:

“ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുളിമുറിയില്‍ നിന്നും പുറത്തുവരാത്തതുകണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. വിദേശത്തായിരുന്ന മകള്‍ എത്തിയിട്ടുണ്ട്. യു എസ്സില്‍ നിന്നും മകന്‍ കൂടി എത്തിച്ചേരാനുണ്ട്. നാളെ രാവിലെ 9 മണിക്കു ശേഷം അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് അങ്കിളിന്റെ ബ്രദര്‍ ഇന്‍ ലായില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സൌകര്യമുള്ള ബ്ലോഗര്‍മാര്‍ അങ്കിളിനു അന്ത്യാഞ്ജലി അര്‍പ്പിക്കണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്കെതിരേയും, അഴിമതിക്കെതിരേയും ബ്ലോഗിലൂടെ ഒറ്റക്ക് പൊരുതിയ നന്മനിറഞ്ഞ ധീരനാണ് അങ്കിള്‍.“

Trivandrum Bloggers ഗ്രൂപ്പിൽ നിന്ന് ലഭിച്ച വിവരങ്ങൾ:

ശ്രീ പത്മനാഭപിള്ളയുടെയും ശ്രീമതി ഓമനഅമ്മയുടെയും മകനായി 1943 ഫെബ്രുവരി 25 ന് ജനിച്ചു. സംഗീത് മകൻ. ചിത്ര മകൾ. .പൂജാവിദ്യ മരുമകൾ. മദന്‍കുമാര്‍ മരുമകൻ. കീര്‍ത്തന, ഹേമു എന്നിവര്‍ മകളുടെ മക്കളും. സുകുമാരന്‍, രാജകുമാര്‍, മോഹന്‍, വിജയകുമാര്‍ എന്നിവര്‍ സഹോദരന്മാരും ആണ്. തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതല്‍ സജീവ സാന്നിധ്യമായിരുന്നു. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനായ എൻ.പി. ചന്ദ്രകുമാർ 9-12-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ ചെയ്തിരുന്ന അദ്ദേഹത്തിന് നിരവധി വായനക്കാരെയും റെഗുലർ ഫോളോവേഴ്സിനെയും ലഭിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമായ പോസ്റ്റുകളായിരുന്നു തന്റെ ബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചിരുന്നത്.

അദ്ദേഹത്തെക്കുറിച്ച് അദ്ദേഹം പ്രൊഫൈലിൽ നൽകിയിട്ടുള്ള വിവരങ്ങൾ അതേപടി ഇവിടെ നൽകുന്നു. ഇന്നലെയാണ് മരണം നടന്നത്.

“ഞാര്‍ ചന്ദ്രകുമാര്‍.കം‌പ്യൂട്ടറും മലയാളവും ഒരുമിച്ച്‌ ചേര്‍ന്നു കാണാന്‍ 1986 മുതലേ ആഗ്രഹിച്ചൊരാള്‍. അതിന്റെ വിശദീകരണം ഇവിടെയും. ഭാര്യ ചന്ദ്രിക.മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസം, ന്യൂഡല്‍ഹിയില്‍ രണ്ടുപേര്‍ക്കും ജോലി. മകന്‍, യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസം, രണ്ടുപേക്കും ന്യൂയോര്‍ക്കില്‍ ജോലി. എന്റെ ഫോണ്‍: 91-471-2360822 ഔദ്ദ്യോഗിക ജീവിതം: 39 വർഷം. അതിൽ 4 വർഷം സംസ്ഥാന സർക്കാരിന്റെ Internal Audit Board (currently RIAB) ൽ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. മറ്റൊരു 7 വർഷം അക്കൌണ്ടന്റ് ജനറൽ ഓഫീസിൽ തിരിയെ പോയി സംസ്ഥാന സർക്കാരിന്റെ വരവുചെലവു കണക്കുകളും ബാലൻസ് ഷീറ്റും [Finance and Appropriation accounts] നിർമ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വർഷം വീണ്ടും സംസ്ഥാന സർക്കാരിലേക്ക്. അവിടുത്തെ ട്രഷറികൾ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനൽ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകൾ പരിശോധിക്കുവാനൻ യോഗ്യൻ!!.“

അങ്കിളിന്റെ ഫോട്ടോയ്ക്ക് ചിത്രകാരനോട് കടപ്പാട്. ഹരീഷ് തൊടുപുഴയോടും.

Saturday, January 8, 2011

മറൈൻ ഡ്രൈവ് ബ്ലോഗ് മീറ്റ്


മറൈൻ ഡ്രൈവ് ബ്ലോഗ് മീറ്റ്


ഇടപ്പള്ളി ഹൈവേ ഗാർഡനിലെ ബ്ലോഗ്മീറ്റിനു ശേഷം എറണാകുളത്തിനു പോകാൻ ന്യായമായൊരു ആവശ്യമൊന്നും വന്നു ഭവിക്കാത്തതിനാൽ വിഷമിച്ചു വശായിരിക്കുമ്പോഴാണ് രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞപോലെ ജയൻ വൈദ്യർ ഒരു കുറിപ്പടി എഴുതിയത്. വായിച്ചു നോക്കുമ്പോൾ എറണാകുളം ആലപ്പുഴ തൃശൂർ ഭാഗങ്ങളിലെ ബ്ലോഗ് വസന്തക്കാർ മാത്രം രുചിച്ചാൽ മതിയെന്നൊരു സൂചന.ബ്ലോഗിന്റെ വസന്തകാലം വീണ്ടെടുക്കാനുള്ള കൊട്ടിക്കലാശം അവിടെ നടക്കുമ്പോൾ അവിടങ്ങളുകാർക്കെന്താ കൊമ്പുണ്ടോ? നമ്മൾ തിരുവനന്തപുരത്തുകാരെ സംബന്ധിച്ച് എറണാകുളം എന്നത് അങ്ങ് ഉഗാണ്ടയിലോ അന്റാർട്ടിക്കയിലെ മഞ്ഞുവെള്ളത്തീന്റെ അടിപ്പരപ്പിലോ ഒന്നുമല്ലല്ലോ! നമ്മ വലിഞ്ഞുകയറി വരുമെന്നൊരു ഭീഷണി അങ്ങോട്ടും വന്നാൽ അവിടെ വച്ച് കൊമ്പു കോർക്കാമെന്ന് അവർ ഇങ്ങോട്ടും.


നമ്മ നോക്കുമ്പോ ആറും ഏഴും തീയതികളിൽ ഇത്തിരി ഫ്രീയുണ്ട്. വീട്ടിൽ ചുമ്മാതിരിക്കുന്ന സമയത്ത് ബസ് സ്റ്റോപ്പിൽ ചെന്ന് ഒരു ബസുപിടിച്ച് അഞ്ചഞ്ചര മണിക്കൂർ സ്വപ്പനം കണ്ടിരുന്നാൽ വെട്ടിക്കീറാൻ എറണാകുളത്ത് കൊണ്ട് ചവിട്ടി തള്ളിത്തരും. അവിടുന്ന് നടയടിച്ച് മറൈൻ ഡ്രൈവിൽ ചെന്നാൽ ബ്ലോഗുവസന്തത്തിനു ഐക്യദാർഢ്യവും പ്രഖ്യാപിച്ച് രാത്രി വണ്ടികളിലേതിലെങ്കിലും കയറിയിരുന്ന് തൂക്കിത്തട്ടിയാൽ വെളുക്കെ വെളുക്കെ നാട്ടുക്കവലയിൽ കൊണ്ട് തള്ളിത്തരും. അത്രതന്നെ. മാത്രവുമല്ല മീറ്റിന്റെ കാര്യം പിന്നെ ആരെങ്കിലുമൊക്കെ ഇടുന്ന പോസ്റ്റ്വഴി അറിയുന്നതിനേക്കാൾ നേരിട്ട് കണ്ടുതന്നെ അറിയാമല്ലോ . അപ്രകാരമൊക്കെ ചിന്തിച്ചു വശായി ആറാം തീയതി രാവിലെ ഒൻപതേമുക്കാലൊപ്പിച്ച് കോട്ടയത്തിന് പാഞ്ഞുവന്നൊരു ഫാസ്റ്റിൽ കൈകാട്ടുകയും വണ്ടിത്താൻ സഡൻ ബ്രേക്കിട്ട് നിർത്താൻ കനിഞ്ഞതിൻ പ്രകാരം അതിൽ കയറിക്കൂടി ഉച്ചയോടെ കോട്ടയം സ്റ്റാൻഡിൽ എത്തിപെടുകയുംചെയ്തിട്ടുള്ളതാകുന്നു. അവിടൊന്നൊരൂണക്കവും കഴിഞ്ഞ് അടുത്തൊരു വണ്ടിയിൽ കയറി അതുവരെ കണ്ടതിന്റെ തുടർ സ്വപ്നങ്ങളിലൂടെ സഞ്ചരിച്ച് നാലരമണിയോടടുപ്പിച്ച് എറണാകുളം കെ.എസ്.ആർ.റ്റി സി സ്റ്റാൻഡിൽ ലാൻഡ് ചെയ്തു. മടക്കമിനി മീറ്റൊക്കെ കഴിഞ്ഞ് ഇന്നോ നാളെയോ എന്ന് ഉറപ്പിക്കാൻ വയ്യാത്തതിനാൽ ഒരു ലോഡ്ജ് മുറിയെടുത്ത് ഒന്നു ഫ്രഷായിട്ട് ഒരു ഓട്ടോയിൽ ബ്ലോഗ് വസന്തത്തിന്റെ കൊട്ടും കുരവയും മനസിൽ ധ്യാനിച്ച് മറൈൻ ഡ്രൈവിൽ എത്തി. പക്ഷേങ്കി അവിടമൊക്കെ പരതിയിട്ട് ബ്ലോഗ്ഗർ പോയിട്ട് ഒരു ക്ലീഗറുമില്ല.


ആരെയെങ്കിലും വിളിക്കാമെന്നു വച്ച് ഫോൺ എടുത്തപ്പോഴാണ് ഡോ.ജയൻ ദാമോദരൻഅവർകളുടേതടക്കം ഒരു നമ്പരുപോലും ഫോണിൽ തെളിയുന്നില്ല. ഫോണിൽ നമ്പർ എപ്പോഴെങ്കിലും സേവ് ചെയ്താലേ അത് ഫോണിൽ കുത്തിയെടുക്കാൻ പറ്റൂ എന്ന നഗ്ന സത്യം വെളിപ്പെടുകയാൽ ഇതിപ്പോൾ കുട്ടിയാരു കൊല്ലത്തു പോയതുപോലെ ആയോ എന്ന ശങ്കയിലായി.കുട്ടിയാരു കൊല്ലത്തുപോയതുപോലെ എന്ന ഒരു പ്രയോഗം നമ്മുടെ നാട്ടിൽ ഉണ്ട്. അത് ഇനി കൊച്ചുസാറണ്ണൻ കൊച്ചിയിൽ പോയതുപോലെ എന്നുംകൂടി പറയാവുന്നതാണ്. തിരുവനന്തപുരത്തെ തബാറക്ക് റഹ്മാൻ എന്ന ബ്ലോഗ്ഗർ എറണാകുളത്ത് മുമ്പ് മീറ്റിനു വന്നിരുന്നു. ആ വകയിൽ വല്ല നമ്പരോ ഉണ്ടോന്നറിയാൻ ഒന്നു വിളിച്ചു നോക്കിയെങ്കിലും പുള്ളിയുടെ കൈയ്യിൽ എറണാകുളത്തുകാരുടെ നമ്പരുകൾ ഒന്നും ഇല്ല. പിന്നെ മറ്റു നമ്പരുകളിൽ വിളിച്ച് അവരിൽ നിന്ന് എറണാകുളത്തെ ആരുടെയെങ്കിലും നമ്പർ തപ്പാമെന്നു താബു പറഞ്ഞെങ്കിലും ഇനിയിപ്പോൾ അവിടെ കടയിൽ തിരക്കിലിരിക്കുന്ന താബുവിനെ ബുദ്ധിമുട്ടിക്കേണ്ടെന്നുകരുതി ഫോൺ കട്ടാക്കി.


കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും അലയുമ്പോൾ നീ എവിടത്തെ പൂത്ത ബ്ലോഗറെടാ കൂവേ എന്ന് സ്വയം ചോദിക്കുന്നുണ്ടായിരുന്നു. ഇത്രേടം വരെ വരുമ്പോൾ ഒരു കരുതലൊക്കെ വേണ്ടെ? ആരുടെയെങ്കിലും നംബർ ഒന്നു വാങ്ങി വയ്ക്കണ്ടെ? മനസിൽ ഒരക്കം പോലും കരുതി വയ്ക്കാൻ കപ്പാസിറ്റിയില്ലാത്തത്ര ദൃഢമാണ് കണക്കും ഈയുള്ളവൻ അവർകലും തമ്മിൽ ഉള്ള ബന്ധം. സ്വന്തം നമ്പർ പോലും കാണാതെ പറയാൻ മാത്രം വളർന്നിട്ടില്ല ഇനിയും. പിന്നല്ലേ മറ്റുള്ളവരുടെ നംബരുകൾ മനസിൽ സേവാക്കി വയ്ക്കുന്നത്. എന്തായാലും വന്നതോ വന്നു ഇനി ഇന്നു പോകുന്നില്ല. എറണാകുളത്ത് നാട്ടിലെ ഒരു സുഹൃത്ത് സകുടുംബം വാഴുന്നുണ്ട്. നോം എറണാകുളത്ത് കെട്ടിയെഴുന്നള്ളിയ ദിവസങ്ങളിലൊന്നും അങ്ങോട്ടു ചെല്ലാതിരുന്നതിന്റെ പരിഭവങ്ങൾ നാളെ തീർത്തിട്ടു പോകാമെന്ന് കരുതി സമാധാനിച്ചു. വന്നതിൽ എന്തെങ്കിലും പ്രയോജനം വേണ്ടേ? എന്തായാലും മടങ്ങി ലോഡ്ജിൽ വരാം എന്നു തീരുമാനിച്ച ശേഷം ഒരു വട്ടം കൂടി നടനടാന്നു ഒന്നു നടന്നു നോക്കാമെന്നു കരുതി വീണ്ടും വച്ചടി നടന്നു. രണ്ടുമൂന്നുവട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നതിനാൽ ഇനി ആരെങ്കിലും വല്ല ഭീകരവാദിയോ ആണെന്ന് സംശയിച്ച് വശായി കണ്ട്രോൾ റൂമിൽ വിളിക്കുമോ എന്നൊരു ഭയം ഉണ്ടാകാതെയുമിരുന്നില്ല. എന്തായാലും കാൽ കൊണ്ടുള്ള ലാസ്റ്റ് ബ്രൌസിംഗിൽ ബ്ലോഗ്ഗർമാരെ കണ്ടുമുട്ടി. എല്ലാവരും ബോട്ടിംഗ് ഒക്കെ കഴിഞ്ഞ് മടങ്ങി വന്നിരിക്കുന്നു. ചർച്ചയെല്ലാം അതിനുള്ളിൽ ആയിരുന്നു.


നമുക്ക് ചർച്ചാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരുതാർത്ഥ്യം ഉണ്ടാവുകയും പിന്നീടുള്ള ഒത്തിരിക്കൽ, കവിത ചൊല്ലൽ, ഫോട്ടോയ്ക്ക് മസിൽ പിടിക്കൽ, ഭക്ഷണം എന്നീ പരിപാടികളിൽ പങ്കുകൊള്ളാൻ ഇടവരികയും ചെയ്തിട്ടുള്ളതാകുന്നു. ആളെണ്ണം അല്പം കുറഞ്ഞുപോയെങ്കിലും ഈ ഒത്തുചേരലും ബോട്ടിൽ വച്ച് നടന്ന ചർച്ചയും വളരെ ക്രിയാത്മകമായിരുന്നു എന്ന് മനസിലാക്കി. മാത്രവുമല്ല പുതിയതായി ചിലരെ കൂടി പരിചയപ്പെടാനും കഴിഞ്ഞു. എറണാകുളത്തിനു ചുറ്റിലും ഉള്ളവരെയാണ് പ്രധാനമായും ലക്ഷ്യമാക്കിയിരുന്നതെങ്കിലും നമ്മൾ തിരുവനന്തപുരം കൊല്ലം ഭാഗത്തുനിന്നും കണ്ണൂരിൽ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു. വിമൽ ചിറയിൻ കീഴ് (ആളവന്താൻ),പ്രവീൺ വട്ടപ്പറപത്ത്, ജോ, മത്താപ്പ് , ദക്ഷിണാഫ്രിക്കയിൽ നിന്നും അവധിക്കെത്തിയ ആവനാഴി രാഘവൻ ചേട്ടൻ, ഭാര്യ മാവേലി കേരളം പ്രസന്നച്ചേച്ചി തുടങ്ങിയവരെ ആദ്യമായി നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. കൂടാതെ ഷെരീഫിക്കയെ (ഷെരീഫ് കൊട്ടാരക്കര) കൂടുതൽ അടുത്തറിയാനുള്ള അവസരവും ഈ മീറ്റിൽ ഉണ്ടായി. അടുത്തുള്ള ഒരു റെസ്റ്റാറന്റിൽ ഒത്തുകൂടി ലഘുഭക്ഷണങ്ങളും കഴിഞ്ഞ് പിരിയുമ്പോൾ മണി ഒൻപതു കഴിയും. മീറ്റിൽ ഭാഗീകമായി മാത്രം പങ്കെടുക്കാൻ കഴിഞ്ഞത് നിങ്ങൾ വായനക്കാരുടെ ഭാഗ്യം. ഇല്ലെങ്കിൽ പോസ്റ്റ് ഇതുപോലെ ആയിരിക്കുമായിരുന്നില്ല. അനന്തനിർഗ്ഗളം നീണ്ടുമാണ്ടു പോയേനെ!


എന്തായാലും ഈ മീറ്റ് നല്ലൊരു അനുഭവം തന്നെയായിരുന്നു. ഓരോ മീറ്റും സൌഹൃദങ്ങളുടെ നൂറുവസന്തങ്ങൾ വിരിയിച്ചു കൊണ്ടേയിരിക്കുന്നു. നെറ്റിലൂടെ മാത്രം കാണുന്നവർ, അക്ഷരങ്ങൾകോണ്ട് പരസ്പരം അടുപ്പപ്പെട്ടവർ നേരിട്ട് കാണുന്നതിലുള്ള ഒരു സസ്പെൻസ് തന്നെ കുളിർമയുള്ള ഒരു മാനസികാനുഭൂതിയാണ്. ഈ ബൂലോകം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും പരസ്പരം കാണാനിടയില്ലാത്ത എത്രയെത്രപേർ ഇന്ന് നമുക്ക് ഉറ്റവരും ഉടയവരുമാകുന്നു. ഈ ഭൂമിയിൽ നാം ഒറ്റയ്ക്കല്ലെന്ന മനോബലം ഈ ബൂലോകം നമുക്ക് നൽകുന്നു. അക്ഷരങ്ങളുടെ മാനുഷിക മൂല്യം തിരിച്ചറിയുന്ന ഇതുപോലെ എത്രയെത്ര അനുഭവങ്ങൾ. തിരുവനന്തപുരത്തുള്ളതുപോലെ പരിചയം ഇപ്പോൾ കൊച്ചിയിലുമായി. ഇനി ബൂലോകത്തിന്റെ ആസ്ഥാനമായി അത് മാറുന്നതോടെ ആയിരമായിരം സ്നേഹസൌഹൃദങ്ങൾക്ക് കൊച്ചി സാക്ഷിയാകും. മീറ്റിനെക്കുറിച്ചുള്ള ജയൻ ഡോക്ടരുടെയും മറ്റും ഫോട്ടോ സഹിതമുള്ള പോസ്റ്റുകളിൽ എല്ലാവരുടെയും പേരുകൾ പറഞ്ഞ് സവിസ്തരം എഴുതിയിട്ടുള്ളതിനാൽ ഈ പോസ്റ്റ് നീട്ടുന്നില്ല. കണ്ണൂരിൽ നിന്നുവന്ന ചേട്ടനും ചേച്ചിയും (ലീലാ എം.ചന്ദ്രനും , ചന്ദ്രനും ), കൊച്ചിയിലെ മനോരാജും, നന്ദകുമാറും യുസ്സഫ്പായും ഒക്കെ സജീവമായി ഈ മീറ്റിനുണ്ടായിരുന്നു എന്നത് കൂടി പരാമർശിച്ച് നിർത്തുന്നു. മീറ്റും ചർച്ചയും ഒക്കെ കൊള്ളാം. ബൂലോകത്ത് ഇനിയും വസന്തം വിരിയാൻ ഒത്തുകൂടിയതുകൊണ്ട് മാത്രമായില്ല. വല്ലപ്പോഴും ഒരു പോസ്റ്റെങ്കിലും അറ്റ്ലീസ്റ്റ് ഒരു കമന്റെങ്കിലും ഇട്ട് ബൂലോകത്തെ പരിപോഷിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Friday, January 7, 2011

പാതയോരത്തെ പൊതുയോഗനിരോധനം


പാതയോരത്തെ
പൊതുയോഗ നിരോധനം

മുൻകുറിപ്പ്: ബഹുമാനപ്പെട്ട കോടതിയോട് എല്ലാ ആദരവും നിലനിർത്തിക്കൊണ്ടുതന്നെ ഈ കുറിപ്പ് എഴുതുന്നത്. നീതിപീഠത്തിനോടും അവ പുറപ്പെടുവിക്കുന്ന വിധികളോടും ഉള്ള ആദരവും അനുസരണയും അഭിപ്രായപ്രകടനത്തിനു പ്രതിബന്ധമാകുന്നത് ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്ന വിശ്വാസത്തിൽ കോറിയിടുന്നത്.

ഇന്ത്യയുടെ പട്ടിണിയും ദാരിദ്രവും ചൂഷണവും എല്ലാം മാറിക്കിട്ടി! ഇന്ത്യ സമത്വ സുന്ദരമായി. രാജ്യ പുരോഗതിയ്ക്കും ജനക്ഷേമത്തിനും തടസമായി നിന്നിരുന്ന യഥാർത്ഥ പ്രശ്നം കണ്ടെത്തി പരിഹരിക്കപ്പെട്ടിരിക്കുന്നു. അതിധിഷണാശാലിയായിരുന്ന ജവഹർലാൽ നെഹ്രു മുതൽ സാമ്പതികശാസ്ത്രവിശാരദനായ മൻമോഹൻ സിംഗ് വരെ ആർക്കും ഇതുവരെ കണ്ടെത്താൻ കഴിയാതെ പോയ വികസന പ്രശ്നം ഇതാ കണ്ടെത്തിയിരിക്കുന്നു. പൊതുവഴിയിലെ പൊതുയോഗമായിരുന്നു എല്ലാറ്റിനും തടസം. ഇനി ആർക്കും ഇവിടെ വിശക്കില്ല! ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇതോടെ മാറിയിരിക്കുന്നു. ഇനി ഇന്ത്യ സമ്പൂർണ്ണ സമത്വ രാഷ്ട്രം!

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് ഇന്നലെ വരെ ഊറ്റം കൊള്ളാമായിരുന്നു. ഇനി അതു വയ്യ. ഇന്ത്യയെ സമ്പൂർണ്ണ ജനാധിപത്യ രാജ്യം എന്ന എന്ന് ഇനി പറയാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ ഇന്ത്യൻ ജനതതുടെ ജനാധിപത്യാവകാശങ്ങളിൽ പരമപ്രധാനമായ ഏതാനും അവകാശങ്ങൾ പരമോന്നത നീതിപീഠംതന്നെ എടുത്തു കളഞ്ഞിരിക്കുന്നു. അതും ജനധിപത്യവിരുദ്ധത കൈമുതലായുള്ള ഏതോ തല്പര കക്ഷികളുടെ ഹർജി പരിഗണിച്ച്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവർമെന്റിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി ഇതു സംഭന്ധിച്ച് ഹൈക്കൊടതിയുടെ വിധി ശരി വച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട സുപ്രീം കോടതി ഒരു പടി കൂടി കടന്ന് പോലീസ് അനുമതിയോടെ നിയന്ത്രിതമായി പോലും പാതയോരങ്ങളിൽ പൊതു യോഗം നടത്താൻ പാടില്ലെന്ന് വിലക്കിയിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യ ഈ വിധി പ്രഖ്യാപനം നിലവിൽ വന്ന സമയം മുതൽ ഭാഗീകമായി മാത്രം ജനാധിപത്യമുള്ള ഒരു രാജ്യമായി മാറിയിരിക്കുന്നു. ഈ വിധി ബഹുമാനപ്പെട്ട കോടതി പിൻ വലിച്ച് വിധിപറയുകയോ പകരം നിയമനിർമ്മാണ സഭ മറ്റൊരു നിയമം കൊണ്ടുവരികയോ ചെയ്ത് ഇപ്പോൾ എടുത്തുകളഞ്ഞ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതുവരെ ഇന്ത്യ ഭാഗീക ജനാധിപത്യമുള്ള രാജ്യം എന്ന നിലയിലായിരിക്കും. കാരണം നാളിന്നുവരെ ഇന്ത്യൻപൌരന്മാർ അനുഭവിച്ചുവന്നിരുന്ന ഏതാനും അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഈ വിധി അരാഷ്ട്രീയ വാദികൾക്ക് സന്തോഷം പകർന്നേക്കാം. പക്ഷെ ജനധിപത്യത്തെ സ്നേഹിക്കുന്നവർക്ക് ഇത് ജനാധിപത്യ നിഷേധമായേ കണക്കാക്കാൻ കഴിയുകയുള്ളൂ. ജനാധിപത്യം എന്നാൽ പൌരന്മാർക്ക് വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തെരഞ്ഞെടുക്കപ്പെടാനും മാത്രമുള്ള അവകാശമല്ല. ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി ഒട്ടേറെ അവകാശങ്ങൾ പൌരന്മാർക്ക് ഭരണഘടനാപരമായി തന്നെ ഉള്ളതാണ്. അതിൽ തൊട്ടു കളിക്കുന്നത് നീതിപീഠമാണെങ്കിലും അപലപിക്കാതിരിക്കാൻ കഴിയില്ല. നീതിപീഠത്തിലിരിക്കുന്നവരും മനുഷ്യരാണ്. അവരുടെ ജീവിതസാഹചര്യങ്ങളും കാഴ്ചപ്പാടുകളും അവർ പറയുന്ന വിധികളെ സ്വാധീനിക്കും. പൌരാവകാശങ്ങൾ പോലുള്ള വിഷയങ്ങളിൽ കുറച്ചുകൂടി ഗഹനമായ ആലോചനകളും സൂക്ഷമതയും പുലർത്തിയാണ് വിധി പറയേണ്ടത്. നിർഭാഗ്യകരമെന്നു പറയട്ടെ അത് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് കരുതാൻ വയ്യ. വിധി തൽക്കാ‍ലം അനുസരിക്കാൻ നീതിപീഠത്തോട് ആവശ്യമായ വിധേയത്വം കൊണ്ട് എല്ലാവരും ബാദ്ധ്യസ്ഥരാണെങ്കിലും, ഈ വിഷയത്തിൽ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും നിയമ പണ്ഡിതന്മാരും ഇനിയും തുറന്ന സംവാദങ്ങൾ നടക്കേണ്ടതാണ്. ഒരു കോടതിവിധി അനുസരിക്കാനുള്ള ബാദ്ധ്യത അത് ജനാധിപത്യ വിരുദ്ധമാണെന്നു തോന്നിയാൽ തിരുത്തിക്കുവാനുള്ള പരിശ്രമങ്ങൾക്ക് വിലങ്ങുതടിയല്ല. അനുസരണയും വിധിപറഞ്ഞ വിഷയത്തിൽ നീതി പീഠത്തിന്റെ പുനർവിചിന്തനത്തിനുള്ള പ്രേരണയും ഒരു പോലെ നടത്താൻ ജനാധിപത്യബോധമുള്ള ഏതൊരു പൌരനെയും ബാദ്ധ്യതപ്പെടുത്തുന്നു.

ജനാധിപത്യം എന്നു പറഞ്ഞാൽ നേരത്തെ സൂചിപ്പിച്ചതുപോലെ വോട്ടു ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തെരഞ്ഞെടുക്കപ്പെടാനും ഉള്ള അധികാരം മാത്രമല്ല. അതായത് ജനായത്ത ഭരണം എന്നാൽ ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള അവകാശം മാത്രമല്ല. സംഘടിക്കാനുള്ള അവകാശം, സമരം ചെയ്യാനുള്ള അവകാശം, ജാഥകളും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താനുള്ള അവകാശം ഇതെല്ലാം ജനാധിപത്യാവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്. ഇവിടെ പാതയോരത്ത് പൊതുയോഗം നടത്തരുതെന്നാണ് ഇപ്പോഴത്തെ വിധി. ആട്ടെ അത് ഏതെങ്കിലും ഹാൾ വാടകയ്ക്കെടുത്ത് നടത്താം എന്നു വിചാരിക്കാം. മുൻ കൂട്ടി നിശ്ചയിക്കുന്നവയാണെങ്കിൽ. ഇനി പൊതു മൈതാനികളിൽ നടത്തണമെന്നു വിചാരിച്ചാലോ ? എല്ലായിടത്തും പൊതു മൈതാനികൾ ഇല്ല. ചിലയിടങ്ങളിൽ പഞ്ചായത്ത് -നഗരസഭാ മൈതാനങ്ങൾ ഉണ്ട്. ചിലയിടത്ത് സ്കൂൾ മൈതാനങ്ങൾ ഉണ്ട്. എന്നാൽ രാഷ്ട്രീയ യോഗങ്ങൾക്ക് സ്കൂൾ മൈതാനങ്ങൾ മിക്കയിടത്തും അനുവദനീയമല്ല. മാത്രവുമല്ല പൊതുയോഗം നടത്തുന്നത് ആളുകൾ കേൾക്കാനാണ്. സംഘടിപ്പിക്കപ്പെടുന്നവർ മാത്രം കേൾക്കാനല്ല. ജനാധിപത്യത്തിൽ പൌരന്മാർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിൽ പൊതുയോഗങ്ങൾക്ക് വലിയ പങ്കാണുള്ളത്. നമ്മൾ കേരളീയർക്ക് ഇന്ന് ഉണ്ടെന്ന് അവകാശപ്പെടുന്ന പ്രബുദ്ധത കൈവന്നതിൽ കവല യോഗങ്ങൾക്കുള്ള പങ്ക് ആർക്കും നിഷേധിക്കാനാകില്ല. ഇനി ഈ പൊതുയോഗങ്ങളുടെ കാര്യം അങ്ങു വിട്ടിട്ട് ജാഥ, പ്രതിഷേധം, പ്രകടനം, മുതലായവ എടുത്താലോ ? അതും പൊതു നിരത്തുകളിലൂടെ തന്നെയാണ് നടത്താറുള്ളത്. അതും പൊതു നിരത്തിൽ പാടില്ലെന്നു വന്നാൽ പിന്നെ എവിടെയാണ് ജാഥ നടത്തേണ്ടത്? എവിടെ ചെന്നിരുന്നാണ് പ്രതിഷേധവും പ്രകടനവും നടത്തേണ്ടത്? സ്വകാര്യവ്യക്തികളുടെ പ്രോപ്പർട്ടികളിലോ? അവർ അതനുവദിച്ചില്ലെങ്കിലൊ?

പെട്ടെന്ന് ഒരു വിഷയത്തിൽ പ്രതിഷേധമുണ്ടാകുമ്പോൾ ആളുകൾക്ക് ഒത്തു കൂടാനും പ്രതികരിക്കാനും കല്യാണ മണ്ഡപങ്ങൾ തിരക്കി പോകണോ? ജാഥയും പ്രതിഷേധപ്രകടനവും സമ്മേളനവും എല്ലാം അവനവന്റെ വീട്ടിലിരിരുന്നങ്ങ് നടത്തിയാൽ മതിയെന്ന് പറയുന്നതിനു തുല്യമല്ലെ ഇത്തരം അവകാശ നിഷേധങ്ങൾ ? ഇത് ജനാധിപത്യത്തിനു നിരക്കുന്നതാണോ? കോടതികൾക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് പ്രതിബദ്ധതയുണ്ടായിക്കൊള്ളണം എന്നില്ല. അതുകൊണ്ട് അവർ ഇത്തരം വിധികൾ പ്രഖ്യാപിക്കും. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് രാഷ്ട്രത്തോടും ജനങ്ങളോടും ജനാധിപത്യത്തോടും ഉത്തരവാദിത്തം ഉണ്ട്. ജനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെ നിരാകരിച്ചുകൊണ്ട് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടാകുന്നത് നീതി പീഠത്തിന്റെ ഭാഗത്ത് നിന്നായാൽ പോലും നീതിന്യായ വ്യവസ്ഥിതിയെ ദുർബ്ബലപ്പെടുത്താത്ത വിധം തന്നെ അവ നിരുത്സാഹപ്പെടുത്താനും നിയമനിർമ്മാണത്തിലൂടെയും മറ്റും ഇത്തരം പ്രതിസന്ധികളെ മറികടക്കാനും രാഷ്ട്രീയ എക്സിക്യൂട്ടിവുകൾക്ക് ബാദ്ധ്യതയുണ്ട്. അതിന് രാഷ്ട്രീയ പാർട്ടികൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒരുമിച്ച് നിൽക്കേണ്ടതാണ്.

രാഷ്ട്രീയമില്ലാതെ ജനാ‍ധിപത്യത്തിനു നില നില്പില്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുക എന്നതിനെ ഉന്നം വച്ചുള്ള സ്വാർത്ഥ താല്പര്യക്കാരുടെ നീക്കങ്ങൾക്ക് നീതി പീഠങ്ങൾ ഊർജ്ജം പകരുന്നത് പ്രോത്സാഹന ജനകമല്ല. ഇപ്പോൾ സി.പി.ഐ എമ്മും ബി.ജെ.പിയും വഴിയരികിൽ പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അപലപിച്ചിട്ടുണ്ട്. കോൺഗ്രസ്സിന് ഇക്കാര്യത്തിൽ ഉള്ള ഉറച്ച നിലപാട് എന്തെന്ന് വ്യക്തമല്ല. എന്തായാലും കേവലം അഭിപ്രായ പ്രകടനം മാത്രം കോണ്ട് കാര്യമില്ല. രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിന്ന് നീതിന്യായ വിഭാഗത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പൌരാവകാശ നിഷേധങ്ങളെ മറികടക്കുവാൻ ആവശ്യമായ മുൻ കരുതലുകൾ ഇപ്പോഴേ സ്വീകരിക്കുന്നതു നന്ന്! അല്ലെങ്കിൽ പിന്നെ ഭാവിയിൽ രാഷ്ട്രീയ എക്സിക്യൂട്ടീവും നിയമനിർമ്മാണ സഭയും നീതിന്യായ വിഭാഗവും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലുകളിലേയ്ക്കായിരിക്കും കാര്യങ്ങൾ ചെന്നെത്തുക. നമ്മുടെ രാജ്യത്ത് ഈ മൂന്നു വിഭാഗങ്ങളും ഒരേ പോലെ ജനാധിപത്യത്തൊട് അചഞ്ചലമായ കൂറു പുലർത്തിക്കൊണ്ട് വേണം താന്താങ്ങളുടെ കർമ്മങ്ങൾ നിർവഹിക്കേണ്ടത്.

പിൻകുറിപ്പ്: നീതി പീഠങ്ങളെയും അവ പ്രഖ്യാപിക്കുന്ന വിധികളെയും മാനിക്കുകയും അനുസരിക്കുകയും വേണം. എന്നാൽ നീതി പീഠങ്ങൾ വിമർശനങ്ങൾക്ക് അതീതമാണെന്ന ധാരണ ജനാധിപത്യത്തിനു നിരക്കുന്നതല്ല. അതിനാൽ ഈ ധാരണ മാറണമെന്ന് അഭിപ്രായമുണ്ട്.

Tuesday, January 4, 2011

സിവിൽ സർവീസ് പൊളിച്ചെഴുതണം

മുൻകുറിപ്പ്: സത്യസന്ധരും ജനപ്രിയരുമായ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ക്ഷമിക്കുക. പോസ്റ്റിൽ എഴുതുന്ന കുറിപ്പുകളിലെ ചില നിശിത വിമർശനങ്ങളിൽ നിന്ന് നിങ്ങൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു!

അതെ, സിവിൽ സർവീസ് പൊളിച്ചെഴുതണം !

സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന് സി.പി. (എം) സംസ്ഥാന സെക്രട്ടറി . പിണറായി വിജയൻ. .കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര പഠന കോൺഗ്രസ്സിൽ സമാപന പ്രസംഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. അദ്ദേഹം ഒരു പൊതുവേദിയിൽനിന്ന് പരസ്യമായി ഇത് വിളിച്ചുപറഞ്ഞതിന് ഒരു സാധരക്കാരന്റെ പരസ്യമായ പിന്തുണ അറിയിക്കുന്നു. പക്ഷെ കേരളത്തിലെ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ ഏറിയ നാൾ മുതൽ ഇത്തരം ഉറച്ച തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കിയിരുന്നുവെങ്കിൽ ഇപ്പോൾ കുറച്ചെങ്കിലും മാറ്റം വന്നേനെ. ഇപ്പോൾ വിവാദമായിരിക്കുന്നതും ഉദ്യോഗസ്ഥന്മാർമാരും ഇടനിലക്കാരും മാത്രം ഉത്തരവാദികൾ ആയിട്ടുള്ളതുമായ വ്യാജ പി.എസ്. നിയമനം അടക്കമുള്ള പലതും മുമ്പേ പുറത്തു വന്നേനെ.

ഇവിടെ രാഷ്ട്രീയക്കാരല്ല യഥാർത്ഥകുഴപ്പക്കാർ ഉദ്യോഗസ്ഥന്മാരാണെന്ന് എല്ലാവർക്കും അറിയാം. കുതിരകയറാൻ എളുപ്പം രാഷ്ട്രീയക്കാർ ആയതുകൊണ്ട് എല്ലാ കുഴപ്പങ്ങളുടെയും ഉത്തരവാദിത്തം അവരുടെ മേൽ കെട്ടിവയ്ക്കാനാണ് എല്ലാവർക്കും ഇഷ്ടം. കുറെ ജനറൽ നോളജ് കാണാതെ പഠിച്ച് ഒരു ഉദ്യോഗം നേടുന്നതിനപ്പുറം വലിയൊരു കാര്യമില്ലെന്നും ഉദ്യോഗം നേടിയാൽ എല്ലം തികഞ്ഞുവെന്നും വിശ്വസിക്കുന്ന ഒരു സമൂഹമാണ് ഇവിടെ ഉള്ളത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാർക്ക് അർഹിക്കുന്നതിൽ അപ്പുറം അപ്രമാദിത്വം കല്പിക്കുകയും അധികാരം ഉണ്ടെങ്കിലും അവരെ നിലയ്ക്കു നിർത്താൻ തയ്യാറാകതെയും ഇരിക്കുന്നു. ഇതൊക്കെ തന്നെയാണ് നമ്മുടെ ഉദ്യോഗസ്ഥന്മാർ ഇത്രയും അഹങ്കാരികളും ജനവിരുദ്ധരും ആയിത്തീരാൻ കാരണം.

നല്ലൊരു പങ്ക് ഉദ്യോഗസ്ഥരും യാതൊരു സാമൂഹ്യ ബോധവും ഇല്ലാത്തവരാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഒരു സർക്കാർ ഓഫീസിൽ ഏതെങ്കിലും ആവശ്യത്തിനു ചെല്ലുന്ന പാവപ്പെട്ട ജങ്ങൾക്ക് എങ്ങനെ ഒരു ആവശ്യം നടത്തിക്കൊടുക്കാതിരിക്കാം എന്നതിൽ ഗവേഷണം നടത്തുന്നവരാണ് മിക്ക ഉദ്യോഗസ്ഥരും. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാലം മാ‍റിയാലും നിയമത്തിന്റെ കുറെ നൂലാമാലകളുണ്ട്. അതിൽ പിടിച്ചാണ് ഉദ്യോഗസ്ഥർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന നൂലാമാലകൾ എടുത്തുകളഞ്ഞ് പുതിയ നിയമങ്ങൾ ഉണ്ടാക്കാൻ രാഷ്ട്രീയ എക്സിക്യൂട്ടീവുകൾ വേണ്ടത്ര ശ്രമിക്കുന്നുമില്ല. അഥവാ ഏതെങ്കിലും ഒരു നിയമപരിഷ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ചാൽ അതിനു ചുമതലപ്പെടുത്തുന്നതാകട്ടെ സാധാരണ ജനജീവിതത്തെ പറ്റി യാതൊന്നും അറിയാത്ത ജങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ..എസു കാരെയും മറ്റുമാണ്. ഇത് വീണ്ടും ജനദ്രോഹസംവിധാനങ്ങൾ നിലവിൽ വരുന്നതിനാണിടയാക്കുന്നത്.

ഒരു നിസാര കാര്യത്തിനു നൽകേണ്ട അപേക്ഷാഫോറം പോലും അത്യാവശ്യം വിദ്യാഭ്യാസമുള്ളവർക്ക് പോലും ദുർഗ്രാഹ്യതയുണ്ടാക്കുന്ന വിധത്തിലുള്ളവയാണ്. അപ്പോൾ തീരെ സാധാരണക്കാരുടെ കാര്യം പറയാനുമില്ല. ഗവർൺമെന്റുകൾ കൊണ്ടുവരുന്ന പല ജനക്ഷേമ പ്രവർത്തനങ്ങളുടെയും നേട്ടങ്ങൾ യഥാവിധി ജനങ്ങളിൽ എത്താത്തതിന്റെ കാരണക്കാർ ഉദ്യോഗസ്ഥരാണ്. എന്നാൽ യൂണിയൻ ബലമുള്ള അവർക്കെതിരെ ഒന്നും ചെയ്യാൻ സർക്കാരിനു കഴിയുകയുമില്ല. കൈക്കൂലിയും മറ്റും ഒരു അവകാശം പോലെ കരുതുന്നവരാണ് ഉദ്യോഗസ്ഥന്മാരിൽ നല്ലൊരു വിഭാഗം. ജനങ്ങൾ അവർക്ക് ശത്രുക്കളാണ്.

ഇതു പറയുമ്പോൾ തന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉദ്യോഗസ്ഥന്മാരുടെ സമൂഹ്യ ബോധമില്ലായ്മയാണ് അവരുടെ ജനവിരുദ്ധതയ്ക്ക് കാരണം. എന്നാൽ ഉദ്യോഗം കിട്ടുന്നതിനു മുമ്പ് ഏതെങ്കിലും പാർട്ടിയിലോ അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു സാമൂഹ്യ സാംസ്കാരിക സംഘടനയിലോ സ്വന്തം പ്രദേശത്തെ ഒരു ആർട്സ്ക്ലബ്ബിലെങ്കിലുമോ മറ്റോ പ്രവർത്തിച്ചിരുന്നവരാണെങ്കിൽ അത്തരം ആളുകൾ ഉദ്യോഗസ്ഥരായാലും ജനങ്ങളോട് ഒരു വിധം നന്നായി പെരുമാറുന്നവർ ആണെന്നു കാണാം. ഏതെങ്കിലും ഓഫീസിൽ നിന്ന് നമുക്ക് നല്ല പെരുമാറ്റം ലഭിക്കുന്നുണ്ടെങ്കിൽ അവർ ഏതെങ്കിലും തരത്തിൽ സാമൂഹ്യ ബന്ധം ഒക്കെ ഉള്ളവർ ആയിരിക്കും. രാഷ്ട്രീയമോ സാംസ്കാരികമോ സാമൂഹികമോ ഒക്കെയായ ഏതെങ്കിലും പ്രസ്ഥാനങ്ങളുമായൊക്കെ ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ളവരായിരിക്കും അവർ. ചിലർ ഉദ്യോഗം കിട്ടുമ്പോൾ മറ്റേതൊരു ഉദ്യോഗസ്ഥനെയും എന്നപോലെ തികച്ചും ജനവിരുദ്ധരും സ്വാർത്ഥരുമായി തീരുന്നുണ്ട് എന്നതും കാണാതിരിക്കുന്നില്ല. പൊതുവിൽ ഉള്ള കാര്യം പറഞ്ഞതാണ്.

ഇനിയും സ്ത്രീകളായ ചില ഉദ്യോഗസ്ഥകൾ ഉണ്ട്. സർക്കാർ ഓഫീസിലെ ഗുമസ്തയോ എന്തിന് ഒരു തൂപ്പുകാരിയായാൽ പോലും പിന്നെ വലിയ മസിലു പിടുത്തമാണ്. ജനങ്ങൾ വല്ല കാര്യത്തിനും ചെന്നാൽ മുരട്ടു സമീപനമാണ്. ഓഫീസ് അവളുമാരുടെ തറവാട്ട് സ്വത്താണെന്ന് തോന്നും. (ചില അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ ആണു കേട്ടോ) തങ്ങൾ ആകാശത്ത്നിന്ന് പൊട്ടി വീണവരാണെന്നാണ് മട്ടും ഭാവവും. യാതൊരു സാമൂഹ്യ ബന്ധവും ഇല്ലാതെ പുസ്തകപ്പുഴുക്കളായി ഡിഗ്രികളും നേടി ,കുറച്ച് ജനറൽ നോളജും പഠിച്ച് വെറും പി.എസ്. ടെസ്റ്റ് എഴുതിയതുകൊണ്ടു ജോലി കിട്ടിയെത്തുന്നവരാണ് ഇവരിൽ ബഹുഭൂരിപക്ഷവും. അവരാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിയ്ക്കുന്നത്. ശമ്പള പരിഷ്കരണം വരുമ്പോൾ മാത്രം പത്രം വായിക്കുന്നവരാണ് ഇവരിൽ മിക്കവരും. ലോകത്ത് എന്ത് നടക്കുന്നുവെന്നതിലും അവർക്ക് പ്രത്യേകിച്ച് വിചാരമൊന്നുമില്ല. ഇതിൽ എത്രപേർ വ്യാജന്മാരും വ്യാജകളും ആണെന്ന് ആർക്കുമറിയില്ല. പിടിക്കപ്പെടുന്നവർ വളരെ കുറച്ചുപേർ മാത്രം.

നമ്മുടെ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സർക്കാർ സർവീസ് എന്നത് ജനങ്ങളുടെ ആവശ്യത്തിനുള്ളതല്ല, അവർക്ക് ജോലികിട്ടാനും വരുമാനം ഉണ്ടാക്കാനും മത്രം കണ്ടുപിടിച്ച സംവിധാനമായാണ് ഉഗ്യോഗസ്ഥ മേഖലയെ അവരിൽ മിക്കവരും കണക്കാക്കുന്നത്. എന്തിന് പള്ളിക്കൂടം കണ്ടു പിടിച്ചത് കുട്ടികളെ പഠിപ്പിക്കാനല്ല, തങ്ങൾക്ക് അദ്ധ്യാപക ജോലി ചെയ്യാൻ കണ്ടുപിടിച്ച സംവിധാനമാണ് പള്ളിക്കൂടങ്ങളെന്നാണ് ചില അദ്ധ്യാപകരുടെ വിചാരം. അവരുടെ മക്കളെ ഒക്കെ അൺ എയിഡഡ് സ്കൂളുകളിലേ പഠിപ്പിക്കുകയും ഉള്ളൂ‍.

ആരാണ്ട് പറഞ്ഞതുപോലെ സർക്കാർ വണ്ടി ആർക്കുംവേണ്ട, സർക്കാർ ആശുപത്രി ആർക്കുംവേണ്ട, സർക്കാർ സ്കൂൾ ആർക്കും വേണ്ട. പക്ഷെ എല്ലവർക്കും വേണം സർക്കാർ ഉദ്യോഗം! ലക്ഷങ്ങൾ കൊടുത്ത് ഓരോരോ ഉദ്യോഗം നേടുന്നവരെ പറ്റിയാണെങ്കിൽ പിന്നെ സാമൂഹ്യ ബോധത്തെക്കുറിച്ചൊന്നും പറഞ്ഞിട്ടു കാര്യവുമില്ല. ലക്ഷങ്ങൾ കോഴകൊടുത്ത് പഠിച്ചിറങ്ങുന്നവരുടെ കാര്യവും അങ്ങനെ തന്നെ. ഡോക്ടർമാരും എഞ്ചിനീയറന്മാരും അടക്കം.

സത്യത്തിൽ ഇപ്പോൾ ന്യായമായ ഒരാവശ്യവുമായി കയറിച്ചെന്നാൽ മര്യാദയ്ക്ക് പെരുമാറുന്ന ഒരു സർക്കാർ ഓഫീസ് പോലീസ് സ്റ്റേഷനാണ്. പണ്ട് ഭരണ കക്ഷിക്കാർക്ക് മാത്രമേ പോലീസ് സ്റ്റേഷനിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ആരു ഭരിച്ചാലും. എന്നാൽ സത്യം പറയാമല്ലോ. .കെ ആന്റണി (പണ്ടല്ല,രണ്ടാമത്) മുഖ്യമന്ത്രിയായപ്പോൾ മുതലാണ് ഇതിനൊരു മാറ്റം വന്നത്.പിന്നെ കിഴ്വഴക്കം ആരും തെറ്റിച്ചില്ല. ഭരണപക്ഷത്തോട് പോലീസുകാർക്ക് ഒരു ചായ്‌വൊക്കെ ചിലപ്പോഴൊക്കെ ഉണ്ടാകുമെങ്കിലും അവരുടെ തറവാട്ട് സ്വത്തുപോലെ ഇന്നൊരു പോലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നില്ല. പക്ഷെ ഇതുംകേട്ട് പ്രതിയായി പോലീസ് സ്റ്റേഷനിൽ ചെന്നു കയറിക്കൊടുക്കരുത്. പിന്നെ പെട്ടതുതന്നെ. അന്യയമായ ഇടിയും കിട്ടും അങ്ങു ഉഗാണ്ടയിൽ നടന്ന കേസുകളുടെ കൂടി ഉത്തരവാദിത്വം കിട്ടുന്ന പ്രതികളുടെ തലയിലുമാകും!

ചില ചില സർക്കാർ ഓഫീസുകളിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുന്ന മനസിക പീഡനമാണ് ഇത്ര നിശിതമായ ഭാഷയിൽ ഉദ്യോഗസ്ഥരെ വിമർശിക്കുവാൻ കാരണം. എല്ലാവരും അങ്ങനെയാനെന്ന് ഇതിനർത്ഥമില്ല. പിതാവിന്റെ സർക്കാർ ശമ്പളത്തിന്റെ തടിയാണ് ഈയുള്ളവന്റേതും. ഒരുപാട് നല്ല സർക്കാർ ജീവനക്കാരുമായി നല്ല ബന്ധവുമുണ്ട്. നിയമക്കുരുക്കുകൾ മൂലം പെട്ടു പോകുന്ന ചില പാവങ്ങളെ സഹായിക്കാൻ കഴിയാതെ സങ്കടപ്പെടുന്ന ഉദ്യോഗസ്ഥർ പോലും ഉണ്ട്. പക്ഷെ എത്ര പേർ?

ഇനി കൈക്കൂലി വങ്ങാത്ത ഉദ്യോഗസ്ഥരെ പറ്റി. പലപ്പോഴും കൈക്കൂലി വാങ്ങാത്തവർ കൈക്കൂലി വാങ്ങുന്നവരെക്കാ‍ൾ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. നീളെയും പോകില്ല കുറുകെയും പോകില്ല. കാടൻ നിയമങ്ങളുടെ നൂലിൽ പിടിച്ച് നിന്ന് ആൾക്കാരെ കുഴയ്ക്കും. ഇനി കൈക്കൂലിയുടെ കാര്യം പറഞ്ഞാൽ കൈക്കൂലി കൊടുത്താലും എളുപ്പം കാര്യം നടന്നു കിട്ടിയാൽ മതിയെന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്. അഴിമതി വളരാൻ ജനങ്ങൾ തന്നെ കാരണം എന്നർത്ഥം. മാത്രവുമല്ല കൈക്കൂലി കിട്ടിക്കഴിഞ്ഞാൽ വാങ്ങുന്ന ഉദ്യോഗസ്ഥൻ കൊടുക്കുന്നവരോട് പിന്നെ നല്ല പെരുമാറ്റമായിരിക്കും. അതാണല്ലോ ആളുകൾ ആഗ്രഹിക്കുന്നത്. കാശുകൊടുത്ത് നല്ല പെരുമാറ്റം പോലും വിലയ്ക്കു വാങ്ങേണ്ട ഗതികേട്.

ഉദ്യോഗസ്ഥതലത്തിലെ അഴിമത്യ്ക്ക് ജനങ്ങൾക്കു പൊതുവിലും രാഷ്ട്രീയക്കാർക്ക് പ്രത്യ്യെകിച്ചും ഒരു പങ്കുണ്ട്. ചില ആദർശശാലികളായ രാഷ്ട്രീയ നേതാക്കൻമാർ, അതായത് ജനപ്രതിനിധികളും മറ്റും പറയുന്നതുകേൾക്കാം. നമ്മൾ അഴിമതിയിലൂടേ സമ്പാദിക്കാനൊന്നും ആഗ്രഹിക്കുന്നില്ല. എന്നാൽ ഉദ്യോഗസ്ഥരെയൊന്നും മാറ്റിയെടുക്കാൻ ഞങ്ങൽക്കു കഴിയില്ല, അവർക്ക് വല്ലതും ചില്ലറ കൊടുത്താലേ കാര്യങ്ങൾ നടക്കൂ എന്ന്. അപ്പോൾ പിന്നെ ആര് മാറ്റിയെടുക്കും ഉദ്യോഗസ്ഥരെ! അഴിമതിക്കാരെ ഒരു യൂണിയനിലും എടുക്കില്ലെന്ന് തീരുമാനിച്ചാൽ പോലും കുറെ അഴിമതി ഇല്ലാതാകും. യൂണിയനുകൾ അതിനു തയ്യാറാകുമോ? കൊന്നാൽ പാവം തിന്നാൽ തീരും എന്നു പറയുന്നതുപോലെ യൂണിയനുകൾക്കും പാർട്ടികൾക്കും അകമഴിഞ്ഞ് സംഭാവന നൽകിയാൽ കഴുകി കളയാവുന്നതേയുള്ളൂ ഇന്നത്തെ നിലയിൽ അഴിമതി!

ഇനി മറ്റു ചില യാഥാർത്ഥ്യങ്ങൾ പറയാം. ലോകം മുഴുവൻ കമ്പ്യൂട്ടറുകൾ നിയന്ത്രിക്കുന്ന കാലത്തും നമ്മുടെ സർക്കാർ ഓഫീസുകൾ മിക്കതും പഴയ രീതിയിലാണ്. എന്തിനും ഏതിനും കാലതാമസം ആണ്. ഉദ്യോഗസ്ഥർ മന:പൂർവ്വം വരുത്തുന്ന കലതാമസങ്ങൾ വേറെയും. കമ്പ്യൂട്ടറൈസേഷനിലൂടെ തന്നെ കലതാമസങ്ങൾക്കും സങ്കീർണ്ണതകൾക്കും കുറെ പരിഹാരം ഉണ്ടാക്കാം.

മറ്റൊന്ന് ചില ഫോർമാലിറ്റികളുടെ കാര്യമാണ്. ബ്രിട്ടീഷുകാരന്റെ കാലത്ത് നില നിന്ന അതേ സമ്പ്രദായത്തിലാണ് ഇന്നും നമ്മുടെ സർക്കാർ സംവിധനങ്ങൾ പ്രവർത്തിക്കുന്നത്. എന്തിനും ഏതിനും ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന സങ്കീർണ്ണതകളും നൂലാമാലകളുമാണ്. റേഷൻ കാർഡിൽ പേരു ചേർക്കുന്നതു മുതൽ പാസ്പോർട്ട് എടുക്കുന്നതിൽ വരെ സങ്കീർണ്ണതകൾ കാണാം. എന്തിന് ഒരു ജനന സർട്ടിഫിക്കറ്റ് വാങ്ങാൻ ചെല്ലുമ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ നമുക്കറിയാം. ഇനി യഥസമയം അത് അജ്ഞത കൊണ്ടോ മറ്റോ വാങ്ങാത്തവർ പിന്നീടൊരിക്കൽ ചെന്നുനോക്കണം. പലവിധ ഫോർമാലിറ്റികളാ‍ണ്. തുടക്കത്തിലേ ആളുകൾ ഇതിലും ഭേദം ജനന സർട്ടിഫിക്കറ്റ് വേണ്ടെന്നു പറയും.

ഇപ്പോൾ എസ്.എസ്.എൽ.സി ബൂക്കിലെയും യഥർത്ഥ ജനന സർട്ടിഫിക്കറ്റിലെയും തീയതികൾ ഒന്നു മാറിക്കിടന്നാൽ അതൊന്നു തിരുത്തിക്കിട്ടാൻ എടുക്കേണ്ട സ്റ്റെപ്പുകൾ ഒന്നുമാത്രം മതി എത്ര വികലവും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് നമ്മുടെ നിയമങ്ങൾ എന്ന് മനസിലാക്കാൻ. ഒരു തദ്ദേശ സ്വയം ഭരണ സ്ഥാനത്തിൽ നിന്ന് ലഭിക്കുന്ന യത്ഥാർത്ഥ ജനനസർട്ടിഫിക്കറ്റ് കൊണ്ട് സർട്ടിഫിക്കറ്റിലെ തെറ്റായ ജനനതീയതി തിരുത്താവുന്ന കാര്യമേയുള്ളൂ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്. ഇപ്പോൾ അത് പരീക്ഷാഭവനിലിരിക്കുന്ന ജോയിൻ രജിസ്ട്രാർ ആണ്. പക്ഷെ അതിന് എന്തെല്ലാം നടപടിക്രമങ്ങൾ എന്നോ? സ്കൂളിൽ നിന്നുള്ള രേഖകൾ, നോട്ടറി സർട്ടിഫിക്കറ്റ്, എത്ര സഹോദരങ്ങൾ ഉണ്ടോ അത്രയും പേരുടെ ഓറിജിനൽ ജനന സർട്ടിഫിക്കറ്റ്,അതില്ലെങ്കിൽ പിന്നെ അവരുടേത് ഉണ്ടാക്കിയെടുക്കാൻ വേറെ സ്റ്റെപ്പുകൾ, പിന്നെ കുറെ അറ്റസ്റ്റേഷനുകൾ എന്നുവേണ്ട എല്ലാ അപേക്ഷകളും രേഖകളും കൂടി തലയിൽ ചുമന്ന് പരീക്ഷാഭവനിൽ എത്തിച്ചാലോ മൂന്നുമാസം ആറുമാസം കാത്തിരിക്കണം അതു സാധിച്ചുകിട്ടാൻ!

ഈയിടെ കുട്ടികൾക്ക് എന്തോ സർട്ടിഫിക്കറ്റ് നൽകുന്നുവെന്നും ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് വാങ്ങണമെന്നും പറഞ്ഞ് നിയമം വന്നു. ആളുകൾ എല്ലാം കൂടി തീയേ ചൂട്ടേ എന്നു പറഞ്ഞ് നഗരസഭയിൽ ചെന്നു. പഞ്ചായത്ത് പ്രദേശത്ത് ജനിച്ച കുട്ടികളുടെ രക്ഷിതാക്കൾ കൂടി അജ്ഞത കൊണ്ട് അവിടെ വന്നു തള്ളി. എന്തിന് സിറ്റി മുഴുവൻ നീണ്ടുനിൽക്കുന്ന ക്യൂ ആയിരുന്നു. ഒരു ദിവസം അനന്തിരവൾക്കു വേണ്ടി ഞാനും ചെന്ന് ക്യൂ നിന്നു. മൂന്നുമണിക്കൂർ ക്യൂ നിന്ന് നഗര സഭാ വളപ്പിൽ എത്തിയപ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ഇത് ആറുമാസത്തേയ്ക്ക് നീട്ടിയതായി സർക്കാർ അടിയന്തിര ഓർഡർ ഇറക്കി. പിന്നെ അതിപ്പോൾ കേൾക്കാൻ കൂടിയില്ല. രക്ഷപെട്ടു. പിന്നീട് ഈയുള്ളവൻ സർട്ടിഫിക്കറ്റ് നഗരസഭയിൽ ചെന്ന് സാധാരണ നടപടിക്രമം അനുസരിച്ചു വാങ്ങി. അതിനുമുണ്ടയിരുന്നു കുറെ നൂലാമാലകൾ. ഇതൊക്കെ സർക്കാർ കാര്യങ്ങളിലെ നൂലാമാലകളെക്കുറിച്ച് ഉദാഹരിക്കാൻ പറഞ്ഞെന്നേയുള്ളൂ. അങ്ങനെ എത്രയെത്ര കാര്യങ്ങൾ! ഈയുള്ളവനവർകളുടെ അനുഭവത്തിൽ ഉള്ളത് എഴുതിയെന്നേയുള്ളൂ.

ഉദ്യോഗസ്ഥരംഗം നന്നാക്കാൻ സർക്കാർ അവർക്കു മേൽ എന്തെങ്കിലും മൂ‍ക്കുകയർ ഇട്ടതുകൊണ്ടു മാത്രം കാര്യമായില്ല. നിയമങ്ങൾ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സൌകര്യപ്രദമായ രീതിയിൽ പൊളിച്ചെഴുതണം. എന്തിനു സങ്കീർണ്ണതകൾ. കൈക്കൂലിയും ചുവപ്പുനാടയുമൊക്കെ നിലനിൽക്കുന്നതുതന്നെ നിയമത്തിന്റെ നിഗൂഢതകളും സങ്കീർണ്ണതകളും കാർക്കശ്യങ്ങളും നൂലാമാലകളും കൊണ്ടാണ്. എന്തിന് സർക്കാർ ഓഫീസുകളിലെ ഫയലുകളുടെ സ്വഭാവം തന്നെ മാറണം.

ഇന്ന് മിക്ക സർക്കാർ ഓഫീസുകളിലും ചെന്നാൽ ആവശ്യക്കാരന് ഉദ്യോഗസ്ഥന്റെ മുന്നിൽ ഒന്ന് ഇരിക്കാൻ പോലും സൌകര്യമില്ല. ഒരു വില്ലേജ് ഓഫീസിൽ പോലും ആവശ്യക്കാർ ചെന്ന് ഓച്ഛാനിച്ചു നിൽക്കണം. ഒരു കസേര പോലും ഇടില്ല. ജങ്ങളാണോ യജമാനർ ഉദ്യോഗസ്ഥരാണോ ജനാധിപത്യത്തിലെ യജമാനർ? നികുതി നൽകുന്ന ജനങ്ങൾക്കു മുന്നിൽ ഉദ്യോഗസ്ഥരാണ് പ്രണമിക്കേണ്ടത്. അല്ലാതെ ജനങ്ങൾ അല്ല. ഉദ്യോഗസ്ഥൻ തന്നെ ഉദ്യോഗ കസേരയിൽ നിന്ന് ഇറങ്ങിയാൽ വെറും ഒരു പ്രജയാണെന്ന് കൂടി ഓർക്കണം. പറഞ്ഞുവരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള പഴുതുകൾ ഏറെയുള്ള നിയമങ്ങൾ മാറി മറിയണം എന്നാണ്.

പണ്ട് ബ്രിട്ടീഷുകാരുടെ പോലീസുകാർ നിക്കറായിരുന്നു ഇട്ടിരുന്നത്. അത് നമ്മൾ മാറ്റിയില്ലേ? ഇന്ന് നിക്കറിട്ടു നിൽക്കുന്ന പോലീസുകാരെ നമുക്ക് സങ്കല്പിക്കാൻ ആകുമോ? സർക്കാർ ഓഫീസുകളിലെ നമ്മുടെ പല നിയമങ്ങളും ഇപ്പോഴും നിക്കറിൽ നിൽക്കുന്നതേയുള്ളൂ. എല്ലാറ്റിനെയും പാന്റുടുപ്പിക്കാൻ കാലം കഴിഞ്ഞു.

മാറ്റണം മാറ്റിമറിക്കണം എന്നൊക്കെ മുദ്രാവാക്യം വിളിച്ചു നടന്നാൽ പോര. ഭരണം കിട്ടുമ്പോൾ കഴുയുന്നത്ര മാറ്റം വരണം. .പിണറായിയെപ്പോലെ കരുത്തരായ നേതാക്കന്മാർ നയിക്കുമ്പോൾ എന്തെങ്കിലും ഒക്കെ നടന്നില്ലെങ്കിൽ പിന്നെ എന്നാണു നടക്കുക? ആരെയാണ് പാർട്ടി ഭയക്കുന്നത്? ജനങ്ങളെ മൊത്തത്തിൽ ഭയക്കുന്നതു വിനയമാണ്. പക്ഷെ ഉദ്യോഗസ്ഥ മാടമ്പിമാർക്കും ജനവിരുദ്ധനിയമങ്ങൾക്കും എന്തിനു കീഴ്പെടണം? ആർക്കു വേണ്ടി നാറിയ വ്യവസ്ഥിതികളെ സംരക്ഷിക്കുന്നു? എല്ലാം സുതാര്യമാക്കാൻ എന്തിന് അമാന്തിക്കുന്നു?

നാലര വർഷക്കാലം കൊണ്ട് എത്രയോ ജനക്ഷേമപ്രവർത്തനങ്ങൾ ഇടതുപക്ഷ സർക്കാർ നടത്തി. അതിൽ പലതിന്റെയും ഗുണഫലങ്ങൾ എല്ലാ‍വർക്കും കിട്ടി. എന്നാൽ പലതിന്റെയും ഗുണഫലങ്ങൾ യഥാവിധി ജനങ്ങൾക്ക് കിട്ടാതെയും വന്നിട്ടുണ്ട് അതിനുത്തരവാദികൾ സർക്കാർ ഉദ്യോഗസ്ഥർ തന്നെ. സർക്കാരിന്റെ സദുദ്ദേശ ജനക്ഷേമ പ്രവർത്തനങ്ങൾ പലതിന്റെയും സന്ദേശം ജനങ്ങളിൽ എത്തിയില്ലെന്ന് സമീകകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നുമുണ്ട്. ഇതെന്തുകൊണ്ട്? ഇത്രയൊക്കെ ചെയ്തിട്ടും ജനങ്ങൾ അസംതൃപ്തരും നിരാശരുമാകാൻ കാരണമെന്ത്?

എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ വന്ന ഇടതുപക്ഷ സർക്കാരുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ഭരണമാണ് ഇപ്പോഴത്തേതെന്ന യാഥാർത്ഥ്യം നിഷേധിക്കുന്നത് സത്യസന്ധമായിരിക്കില്ല. എങ്കിലും ഇടതുപക്ഷം ഭരിച്ചാലും ജനവിരുദ്ധവ്യവസ്ഥിതികളിൽ പ്രതീക്ഷയ്ക്കൊത്ത് കാര്യമായ മാറ്റം വരുത്താൻ കഴിയാത്തതിലുള്ള പ്രതിഷേധം ജനങ്ങളിൽ നിലനിൽക്കുന്നു എന്ന യാഥർത്ഥ്യം ഇപ്പോഴും നിലനിൽക്കുകയല്ലേ? കുറച്ചൊക്കെ പിഴവുകൾ സി.പി..(എം) അംഗീകരിച്ച് പരസ്യപ്പെടുത്തിയതാണ്. പിഴവുകൾ എല്ലാം വരുന്ന അവശേഷിക്കുന്ന ചുരുങ്ങിയ നാളുകൾ കൊണ്ട് പരിഹരിക്കാൻ കഴിയില്ല. എങ്കിലും കഴിയുന്നത്രയെങ്കിലും ചെയ്യാൻ കഴിയണം.

സർക്കാർ ഉദ്യോഗസ്ഥന്മാരെ വരുതിയിൽ നിർത്തണം. ഉദ്യോഗസ്ഥന്മാരുടെ ഉപദേശങ്ങൾക്കനുസരിച്ചല്ല, തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ ഉപദേശനിർദ്ദേശങ്ങൾക്കനുസരിച്ച് ഉദ്യോഗസ്ഥരെ പ്രവർത്തിപ്പിക്കുകയാണ് വേണ്ടത്. നിലവിലുള്ള നിയമവും നടപടിക്രമങ്ങളിലെ അനാവശ്യമായ വ്യവസ്ഥകളും പ്രയാസങ്ങളും എല്ലാം ദൂരീകരിക്കുന്ന പുതിയ നിയമങ്ങൾ ഉണ്ടാകണം. നല്ല നിലയിൽ ജനപ്രിയരായി സേവനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് വർഷാവർഷം അവാർഡുകളോ പ്രമോഷനുകളോ ഒക്കെ നൽകി പ്രോത്സാഹിപ്പിക്കണം. ജനങ്ങളും ജനകീയ സമിതികളും മറ്റും ആയിരിക്കണം നല്ല ഉദ്യോഗസ്ഥരെന്ന് സാക്ഷ്യപ്പെടുത്തേണ്ടത്. കമ്പ്യൂട്ടർ തുടങ്ങിയ നൂതന സങ്കേതങ്ങൾ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കാൻ പറ്റുന്ന കാര്യങ്ങൾ ആനിലയിൽ പരിഗണിച്ച് വേണ്ടതു ചെയ്യണം.

എല്ലാ സർക്കാർ ഓഫീസുകളെയും മോണിട്ടർ ചെയ്യാൻ ജനകീയ സമിതികളെ നിയോഗിക്കണം. ജനപ്രതിനിധികൾക്ക് ഉദ്യോഗസ്ഥന്മാർക്കുമേൽ ചില നിയന്ത്രണാധികാരങ്ങൾ ഉണ്ടാകാൻ നിയമം കൊണ്ടുവരണം. കലതാമസം കൂടാതെ ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാർ ഓഫീസുകളിൽ നിന്ന് സാധിച്ചുകിട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. സർക്കാർ ഉദ്യോഗസ്ഥർക്ക് സമൂഹ്യ ബോധവും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടാകാനുള്ള ബോധവൽക്കരണം കൂടി ഇടയ്ക്കിടെ നടത്തണം.

തനിക്കു ചുറ്റുമുള്ള സമൂഹത്തെ മനസിലാക്കാനും സ്നേഹിക്കാനും കഴിയാതെ സ്വന്തം സ്വാർത്ഥതയിൽ ഊന്നി ജീവിക്കുന്നവർ സർക്കാർ സർവീസിൽ ഇരിക്കാൻ യോഗ്യരല്ല. ടെസ്റ്റും ഇന്റർവ്യൂവും മാത്രം നടത്തി നിയമനം നടത്തിയാൽ പോരാ ഓരോ ഉദ്യോഗാർത്ഥിയും സമൂഹത്തെ എങ്ങനെ സമീപിക്കുന്നു എന്നൊരന്വേഷണം കൂടി നടത്തണം നിയമനങ്ങൾക്കു മുമ്പും പിൻപും. സർക്കാർ ഉദ്യോഗം വെറും ഒരു തൊഴിലല്ല, ജനസേവനമാണ് എന്ന ബോധമാണ് നമ്മുടെ ഉദ്യോഗസ്ഥർക്കു വേണ്ടത്.

പിൻകുറിപ്പ്: ഏതെങ്കിലും കരണവശാൽ മേൽ എഴുതിയ കുറിപ്പ് വായിക്കാനിടയായി ആരെങ്കിലും പ്രകോപിതരാകുന്നുണ്ടെങ്കിൽ തിരിച്ചറിയുക; നിങ്ങളുംകൂടി ആ വരികളിൽ എവിടെയോ വിമർശിക്കപ്പെട്ടിട്ടുണ്ട്. സ്വയം വിലയിരുത്തി തിരുത്താൻ ശ്രമിക്കുക!

Sunday, January 2, 2011

സ്വാഗതപ്രസംഗം (ബൂലോകം ഓൺലെയിൻ മീറ്റ്)


സ്വാഗതപ്രസംഗം (ബൂലോകം ഓൺലെയിൻ മീറ്റ്)



ബ്ലോഗ് എന്ന സൌഭാഗ്യം

സാഹിത്യ അക്കാഡമി കൂടി ഇ-എഴുത്തും വായനയും അംഗീകരിച്ചുവെന്ന വാർത്ത അറിഞ്ഞതിന്റെ പ്രചോദനത്തിൽ റീപോസ്റ്റ് ചെയ്യുന്നത്.

അതായത് ബൂലോകം ഓൺലെയിൻ ബ്ലോഗ്പത്രം രണ്ടാം ലക്കം പ്രകാശനം, ബ്ലോഗ്ഗർ അവാർഡ്, ബ്ലോഗ് ലിറ്ററസി ഉദ്ഘാടനം, ബ്ലോഗ് മീറ്റ് എന്നീ പരിപാടികളുമായി 2010 ഡിസംബർ 30-ന് തിരുവനന്തപുരത്ത് നടന്ന പരിപാടിയുടെ പ്രചരണാർത്ഥം എഴുതിയ പോസ്റ്റിലെ വാർത്താരൂപത്തിലുള്ള ഭാഗങ്ങൾ ഒഴിവാക്കി പ്രസക്ത ഭാഗങ്ങൾ ഇവിടെ പുന: പ്രസിദ്ധീകരിച്ചിരിക്കുന്നു.

ബ്ലോഗ് എന്ന സൌഭാഗ്യം

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാർത്ഥത്തിൽ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. സ്വന്തം കഥകളും കവിതകളും ലേഖനങ്ങളും മറ്റും മാത്രമല്ല, കാര്‍ട്ടൂണുകളും , ചിത്രങ്ങളും, ഫോട്ടോകളും, വീഡിയോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുവാൻ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍നെറ്റ് വായനയുടെ അനന്ത സാദ്ധ്യതകൾ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും വായിക്കപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. ബ്ലോഗുകളിലും വെബ്സൈറ്റുകളിലും തന്നെ പോഡ്കാസ്റ്റിംഗിനുള്ള സൌകര്യം കൂടി ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ബോധപൂർവ്വമായ ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗത്ത് ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രം പോര. ഇതുവരെയുള്ള ബ്ലോഗ് മീറ്റുകളുടെ കാര്യമെടുത്താൽ അവയിൽ ബ്ലോഗ്ഗർമാർ അല്ലാത്തവർ സാധാരണ പങ്കെടുക്കാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗ്ഗർമാർ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം -സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. -ലോകം എല്ലാവരുടെയും ലോകം ആകണം. ബ്ലോഗിംഗിന്റെ നിലനില്പിനും വളർച്ചയ്ക്കും വികാസത്തിനും ബ്ലോഗ് മീറ്റുകളും അവയുടേതായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും ഉത്തേജനങ്ങളും നൽകട്ടെയെന്ന് ആശംസിക്കുന്നു.