Thursday, January 3, 2013

മദനിയ്ക്ക് നീതി നൽകണമെന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞുവീഴില്ല

മദനിയ്ക്ക് നീതിനൽകണമെന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞുവീഴില്ല

അബ്ദുൽ നാസർ മദനിയോട് കേരളത്തിലെ പ്രമുഖരാഷ്ട്രീയ കക്ഷികൾക്കുള്ള അയിത്തം അനല്പമായെങ്കിലും മാറി വരുന്നതിന്റെ സൂചനകൾ കാണുന്നുണ്ട്. സി.പി.ഐ.എം, മുസ്ലിം ലീഗ് എന്നിവയുടെ നേതാക്കാളും കാന്തപുരത്തെ പോലെ ചില സാമുദായിക നേതാക്കളും ഇതിനകം മദനിയെ സന്ദർശിക്കാൻ തയ്യാറായിട്ടുണ്ട്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കോയമ്പത്തൂർ ജയിലിലെത്തി മദനിയെ കണ്ടിരുന്നു.നല്ല കാര്യം. ഏതൊരു സാധാരണ പൌരനും അർഹമായ സാമാന്യനീതി ഒരു മുസ്ലിം നാമധാരിയായിപ്പോയതിന്റെ പേരിൽമാത്രം അബ്ദുൽ നാസർ മദനിയ്ക്ക് നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നു മാത്രമാണ് നിയമ-നീതി സംവിധാനങ്ങളിൽ വിശ്വസിക്കുന്നവർ ആവശ്യപ്പെടുന്നത്. കുറ്റം ചെയ്തിട്ടുള്ളവർ ആരായാലും അവർക്ക് തങ്ങൾ  ചെയ്തിട്ടുള്ള കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് അർഹമായ ശിക്ഷ കിട്ടണം.  

ആരോപിക്കപെട്ടിട്ടുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ മദനിയുടെ കാര്യത്തിലും മാതൃകാപരമായ ശിക്ഷ നൽകാം. എന്നാൽ മദനിയുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പലതും കെട്ടിച്ചമയ്ക്കപ്പെട്ടവയും അദ്ദേഹത്തിനു നേരിട്ടോ പരോക്ഷമായോ യാതൊരു ബന്ധവുമില്ലാത്തവയാണെന്നും ചിലർക്കെങ്കിലും ധരിക്കാൻ ന്യായങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വെറും സംശയത്തിന്റെ പേരിൽ സാമാന്യനീതി നിഷേധിക്കപ്പെട്ട് ദീർഘകാലം ഒരാളെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് ക്രൂരവും നിയമ-നീതി സംവിധാനങ്ങളോട് ജനങ്ങൾക്ക് അവിശ്വാസം ജനിപ്പിക്കുന്നതുമായ പ്രവൃത്തിയാണ്.  ഭരണകൂടവും നിയമ-നിതി വിഭാഗങ്ങളും ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വമായ സമീപനം സ്വീകരിക്കേണ്ടതാണ്.

കേരളത്തിൽ വ്യത്യസ്ത  സാഹചര്യങ്ങളിൽ ഇടതു- വലതു മുന്നണികൾക്ക് മദനിയുടെ പിന്തുണ ലഭിച്ചിട്ടുള്ളതും അത് ഇരുപക്ഷവും വേണ്ടെന്നു വച്ചിട്ടില്ലാത്തതുമാണ്. നാളെ വീണ്ടുംജയിൽമോചിതനായി  വന്നാൽ മദനിയുടെ രാഷ്ട്രീയ നിലപാടുകൾ ആർക്ക് ഗുണകരവും ആർക്ക് ദോഷകരവുമാകും എന്ന് പറയാനാകില്ല. പക്ഷെ മുമ്പ് എപ്പോഴെങ്കിലും  സഹായിച്ചിട്ടുള്ളവർക്ക് ഒരു വലിയ അപകടസന്ധി വരുമ്പോൾ ഒരു പ്രത്യുപകാരമായെങ്കിലും കഴിയുന്നത്ര സഹായവും ആശ്വാസവും തിരിച്ചു നൽകുക എന്നത് തികച്ചും മാനുഷികമായ ഒരു മര്യാദയെങ്കിലുമാണ്.   അവിടെ മറ്റ് വിരോധങ്ങളോ ഭാവിയിൽ തങ്ങളോട് തിരിച്ച് അവർ   എന്ത് സമീപനം  സ്വീകരിക്കുമെന്നോ നോക്കാൻ  പാടുള്ളതല്ല. ഇനി അങ്ങനെയൊന്നുമല്ലാത്ത ഒരു സാധാരണ മനുഷ്യന്റെ കാര്യത്തിൽ ആയാലും ഒരാൾക്ക്  നീതി നിഷേധിപ്പപ്പെടുന്നിടത്ത് സാമൂഹ്യവും രാഷ്ട്രീയവുമായ ഇടപെടൽ അനിവാര്യമാണ്.  

എന്തായാലും  ഇപ്പോഴെങ്കിലും പരസ്യമായി മദനിയ്ക്കു വേണ്ടി വാദിക്കുവാനും അദ്ദേഹത്തെ ജയിലിൽ പോയി സന്ദർശിക്കുവാനും ചില പാർട്ടികളും നേതാക്കളുമെങ്കിലും മുന്നോട്ട് വന്നിട്ടുള്ളത് ആശ്വാസകരം തന്നെ. മദനിയ്ക്ക് നീതി കിട്ടുക എന്നതിൽ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടോ? കേരളത്തിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കൾക്ക് എന്തുകൊണ്ട് ഒരുമിച്ചു പോയി മദനിയെ കണ്ടുകൂട? എന്തുകൊണ്ട് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എം.എൽ.എമാർക്ക് കർണ്ണാടകയിലേയ്ക്കോ അവിടുത്തെ നിയമനിർമ്മാണ സഭയിലെയ്ക്കോ  കോയമ്പത്തൂർ ജയിൽ പരിസരത്തേയ്ക്കോ ഒരു മാർച്ച് നടത്തിക്കൂട? മദനിയുടെ കാര്യത്തിൽ കേരള നിയമസഭയ്ക്ക് ഏകകണ്ഠമായി കർണ്ണാടക ഭരണകൂടത്തിനുമേൽ ശക്തമായ ഭാഷയിൽ എന്തുകൊണ്ട് ആവശ്യങ്ങൾ ഉന്നയിച്ചുകൂട? അതോ പുറത്തുവന്നാൽ ആർക്ക് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുവേണോ മദനിയെ സഹയിക്കാൻ?

യഥാർത്ഥത്തിൽ മദനിയുടെ പാർട്ടിയായ പി.ഡി.പി ഇന്ന് ഏതെങ്കിലും കക്ഷികളുടെ വിജയപരാജയങ്ങളെ സ്വാധീനിക്കാൻ പോന്ന ഒരു പാർട്ടിയൊന്നുമല്ല ഇപ്പോൾ. അത് ഏറെക്കുറെ ദുർബ്ബലമായികഴിഞ്ഞു. അതുകൊണ്ട് മദനിയുടെ പാർട്ടിയുടെ ഭാവിയിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചുള്ള ഉൽക്കണ്ഠകൾക്ക് വലിയ പ്രസക്തിയില്ല. പിന്നെയുള്ളത് ഒരു വാഗ്മിയും മതപണ്ഠിതനും സമുദായാചാര്യനും എന്ന നിലയിൽ മദനിയ്ക്കുള്ള വ്യക്തിപ്രഭാവമാണ്. ആ വ്യക്തിപ്രഭാവത്തിൽ മാത്രമാണ് ഭാവിയിലും മദനിയുടെ പാർട്ടി നിലനിൽക്കാൻ പോകുന്നത്. മദനിയുടെ കാലശേഷം അതിന്റെ ഗതിയെന്താകും എന്ന് ഇപ്പോൾ പറയാനാകില്ല. എന്നാൽ മദനിയുടെ വ്യക്തിപ്രഭാവം പി.ഡി.പിയ്ക്ക് മാത്രം ഗുണപ്പെടുന്ന ഒന്നല്ല. മദനിയെ കേരളത്തിലെ പ്രത്യേകിച്ച് മുസ്ലിം സമുദായാംഗങ്ങൾ കാണുന്നത് ഒരു പി.ഡി.പി നേതാവെന്ന നിലയിലല്ല. പല പാർട്ടികളിൽപ്പെട്ടവരിലും ഒരു പാർട്ടിയിലും പെടാത്തവരിലും മദനിയെ സ്നേഹിക്കുന്നവരുണ്ട്. മുസ്ലിങ്ങൾ അല്ലാത്തവർക്കിടയിലും  പലകാരണങ്ങളാൽ മദനിയെ സ്നേഹിക്കുന്നവരുണ്ട്. എല്ലാത്തിലുമുപരി ജയിലിൽ സാമാന്യനീതിപോലും നിഷേധിപ്പപ്പെട്ട്  കടുത്ത പീഡനം അനുഭവിച്ചു കഴിയുന്ന മദനിയുടെ കാര്യം ഒരു മനുഷ്യാവകാശപ്രശ്നമാണ്. അതിനെ അതിന്റെ ഒരു പ്രാധാന്യത്തോടും ഗൌരവത്തോടുമാണ് ഏവരും സമീപിക്കേണ്ടത്.

മദനി ഒരു വ്യക്തിയല്ല.ഒരു പ്രസ്ഥാനമാണ്. അന്നും ഇന്നും. അതിനു ചില കാരണങ്ങൾ ഉണ്ട്. പ്രകോപനപരമായതെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള മതപ്രഭാഷണങ്ങളിലൂടെയാണ് മദനി കേരളത്തിൽ ഒരു മുസ്ലിം നേതാവായി  ഉയർത്തപ്പെട്ടത്.  ആദ്യം ഒരു പ്രസ്ഥാനത്തിന്റെയും പിൻ‌ബലം മദനിയ്ക്കുണ്ടായില്ല. സ്വന്തംനിലയിൽ ഒരു നേതാവായി ഉയർന്നുവന്നതാണ്.പ്രത്യേകിച്ചും പ്രകമ്പനം കൊള്ളിക്കുന്ന പ്രഭാഷണചതുരതയുടെയും ആത്മീയവിജ്ഞാനത്തിന്റെയും   കരുത്തിൽ. ഒരു മതപണ്ഡിതൻ എന്ന നിലയിൽനിന്ന് ഒരു മതനേതാവിലേയ്ക്കുള്ള മദനിയുടെ വളർച്ച പെട്ടെന്നായിരുന്നു. ഐ.എസ്.എസ് എന്നപേരിൽ ഒരു അക്രമോത്സുക തീവ്രവാദപ്രസ്ഥാവനുമായി വന്ന മദനി ആർ.എസ്.എസ് എന്ന ഹിന്ദുവർഗ്ഗീയസംഘടനയ്ക്ക് ചെറുതല്ലാത്ത വെല്ലുവിളി ഉയർത്താൻ അധികനാളൊന്നും എടുത്തില്ല.  

ആ ഒരു കാലഘട്ടംവരെ തങ്ങൾ മത്രമാണ് ഏറ്റവും വലിയ അക്രമികൾ എന്ന് അഹങ്കരിച്ചു നടന്നിരുന്ന ആർ.എസ്.എസിന് കേരളത്തിൽ ശക്തമായ ഒരു ബദലായി ഐ.എസ്.എസ് വളർന്നു വന്നു. എങ്കിലും രണ്ടുപേരുടെയും മുഖ്യ ശത്രുവും അവരുടെ അക്രമത്തിന് കൂടുതൽ ഇരയാവുകയും ചെയ്തിട്ടുള്ളത് സി.പി.ഐ.എം ആണ്. തങ്ങൾ വലിയ അക്രമികൾ ആണെന്നു കാണിക്കാൻ ആർ.എസ്.എസുകാരും അന്നത്തെ ഐ.എസ്.എസുകാരും പിന്നീടത്തെ എൻ.ഡി.എഫുകാരും, അതിന്റെ പുതിയ രൂപമായ പോപ്പുലർ ഫ്രണ്ടുകാരും ഒക്കെ സി.പി.ഐ.എമ്മിനെയാണല്ലോ ഇരകളാക്കുന്നത്. സി.പി.ഐ.എമ്മിനു നേരേ ആക്രമണം നടത്തിയാണല്ലോ ഇവരൊക്കെയും തങ്ങളുടെ അക്രമശേഷി വിളിച്ചറിയിക്കുന്നത്. പറയുമ്പോൾ എല്ലാം പറയണമല്ലോ. അതുകൊണ്ട് കൂട്ടത്തിൽ അതുംകൂടി പറഞ്ഞെന്നേയുള്ളൂ.

ഇപ്പോഴത്തെ   മദനിയെ പോലൊരാൾക്ക് ഒറ്റയ്ക്കുതന്നെ ഒരു പ്രസ്ഥാനമായി വളർന്നുവരാവുന്ന ഒരു സാഹചര്യത്തിന്റെ കൂടി സൃഷ്ടിയാണ് നാം മുമ്പ് കണ്ടുപരിചയിച്ച  മദനി. ബാബറി മസ്ജിദ് തർക്കവും അതിന്റെ പൊളിക്കലും അത് മുസ്ലിം സമുദായത്തിനുള്ളിലും  എല്ലാ മതത്തിലുംപെട്ട മതേതരവാദികൾക്കുള്ളിലും   ഉണ്ടാക്കിയ വൈകാരികക്ഷോഭവും മദനിക്ക് വളരാനുള്ള വളക്കൂറായിരുന്നു. ബാ‍ബറി മസ്ജിദ് തകർത്ത ഭീകരതയേക്കാൾ വലുതായി   മദനിയുടെ പ്രകോപനപരമായ പ്രസംഗങ്ങളെയോ ഐ.എസ്.എസിന്റെ രൂപീകരണത്തെയോ കാണേണ്ടകാര്യമില്ല. ബാബറി മസ്ജിദ്  തകർത്തത് സമാനതകളില്ലാത്ത ഭീകരപ്രവർത്തനമാണ്. മദനിയുടെ പേരിലുള്ള സകല കേസുകളും തെളിയിക്കപ്പെട്ടാലും ബാബറി മസ്ജിദ് മദനിയുടെ മുൻ‌കാല ചെയ്തികളേക്കാൾ വലിയൊരു കുറ്റകൃത്യമായിത്തന്നെ കരുതേണ്ടി വരും. ഒരു ദീർഘകാല പക ഒരു ജനസമൂഹത്തിന്റെ മനസിൽ സൃഷ്ടിക്കുംവിധം ഒരു കുറ്റകൃത്യം ചെയ്യുന്നത് ഭാവിയിൽ ചെയ്യാവുന്ന നിരവധി കുറ്റകൃത്യങ്ങൾക്കും അഥവാ അതിനുള്ള പ്രേരണകൾക്കും ഗൂഢാലോചനകൾക്കും തുല്യമാണ്. 

മദനി അഥവാ എന്തെങ്കിലും കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ജീവിതകാലത്തിനിടയിൽത്തന്നെ അനുഭവിക്കാൻ  ആവശ്യമായ ശിക്ഷനൽകി  പരിഹരിക്കാം. പക്ഷെ ബാബറി മസ്ജിദ് തകർത്തതിനോ? അത് പുന:സ്ഥാപിക്കാൻ കഴിയാത്തതിനോ? ഒരു മതസ്ഥാപനമല്ല, ഒരു ചരിത്രസ്ഥാപനമാണ് തകർത്തത് എന്ന നിലയ്ക്ക് കണ്ടാൽ തന്നെ അത് അതിഭീകരമായിപ്പോയി. ഒരു സാധാരണ ഹിന്ദുവിശ്വാസിയ്ക്ക് ഹിന്ദുക്കളുടെയെന്നല്ല,   മുസ്ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ ആരാധനാലയങ്ങൾ ആയാലും അവ പൊളിച്ചടുക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ കൂടി കഴിയില്ല. അതുപോലെ മുസ്ലിങ്ങൾക്ക് മുസ്ലിങ്ങളുടേതെന്നല്ല, ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടെയോ ദേവാലയങ്ങൾ തകർക്കാൻ കഴിയില്ല. അതിനവരുടെ മനസ്സനുവദിക്കില്ല. എല്ലാ ആരാധനാലയങ്ങളും ഏതു മത വിശ്വാസിക്കും പുണ്യസ്ഥലങ്ങളാണ്. യുക്തിവാദികൾ ആരാധനനാലയങ്ങളുടെയും ആരാധനയുടെയും നിരർത്ഥകതയെപ്പറ്റി സംസാരിക്കും. പക്ഷെ അവർപോലും ഒരു ആരാധനാലയം തകർത്തെറിയാൻ നിൽക്കില്ല. അതിന്റെ ചരിത്രമൂല്യത്തെയും നിർമ്മാണമൂല്യത്തെയുമെങ്കിലും  അവരും പരിഗണിക്കും.

ബാബറി  മസ്ജിദ് തകർന്നപ്പോൾ ഇന്ത്യലിയിലെ മുസ്ലിങ്ങളുടെ ചങ്ക് മാത്രമല്ല  തകർന്നത്. അവർ ന്യൂനപക്ഷം എന്ന നിലയിൽ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിച്ചു.  മറിച്ച് യഥാർത്ഥ ഹിന്ദുക്കളുടെ ചങ്ക് കൂടിയാണ് ബാബറി മസ്ജിദിനൊപ്പം തകർന്നത്. ഹിന്ദുക്കളുടെ സഹിഷ്ണുതയിലും ആതിഥ്യ മര്യാദയിലും അന്യമതബഹുമാനത്തിലും ഊറ്റം കൊണ്ടിരുന്ന നിഷ്കളങ്കരായ സാധാരണ ഹിന്ദുവിശ്വാസികളുടെ അഭിമാനത്തിനു കൂടിയാണ് പള്ളിപൊളിക്കൽ ക്ഷതമേല്പിച്ചത്. മുസ്ലിങ്ങളുമായി നൂറ്റാണ്ടുകളായി സൗഹൃദപ്പെട്ട് കഴിയുന്ന മുസ്ലിങ്ങൾ ഇനി തങ്ങളെപ്പറ്റി എന്തു വിചാരിക്കും എന്ന ഉൽക്കണ്ഠ മതാന്ധത ബാധിക്കാത്ത ഓരോ ഹിന്ദുവിനുമുണ്ടായി. ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും അവരൊക്കെത്തന്നെ  ഏതെങ്കിലും ഒരു ആരാധനാലയത്തിനുള്ളിൽ അറിയാതെയെങ്ങാനും  ചെരിപ്പിട്ട് കയറിയാൽ പോലും  വല്ലാത്ത പാപഭാരം തോന്നുന്നവരാണ്.  അത് അവരവരുടെ ആരാധനാലയങ്ങളുടെ മാത്രം കാര്യത്തിലല്ല. ഏത് മതത്തിന്റെ ആരാധനാലയമായാലും എല്ലാ മത വിശ്വാസികളും അവ പുണ്യസ്ഥലമായിത്തന്നെ കാണും. അപ്പോൾ അന്യമത ആരാധനാലയങ്ങൾ പൊളിക്കാനും അന്യമതക്കാരെ ഹിംസിക്കാനും നടക്കുന്നവരുടെ  വിശ്വാസമേത് മതമേത് എന്ന ചോദ്യം ഉയർന്നുവരുന്നു.  

ഒരു ഹിന്ദു തീവ്രവാദിയെ ഒരു ഹിന്ദുവായോ ഒരു മുസ്ലിം തീവ്രവാദിയെ ഒരു മുസ്ലീമായോ ഒരു ക്രിസ്ത്യൻ തീവ്രവാദിയെ ഒരു ക്രിസ്ത്യാനിയായോ കാണാൻ കഴിയില്ല. തങ്ങൾ അവകാശപ്പെടുന്ന മതവുമായി അവർക്ക് യാതൊരു കർമ്മബന്ധവുമില്ല. മനുഷ്യവിരുദ്ധത എന്നൊരു മതമുണ്ടെങ്കിൽ ആ മതത്തിലാണ് അവരെ ഉൾപ്പെടുത്താവുന്നത്. ലോകത്താകെ ഇൽസ്ലാമിക തീവ്രവാദവും ലോകമാകെ ക്രിസ്തീയസഭാധിപത്യലക്ഷ്യവുമായി നടക്കുന്നവർക്കൊന്നും ഇന്ത്യയിലെ ഹിന്ദുരാഷ്ട്രവാദത്തെ വിമർശിക്കാനും ധാർമ്മികമായി അവകാശമില്ല എന്നും കൂടി എടുത്തുതന്നെ പറയുന്നു. ലോകത്തെവിടെയും നടക്കുന്ന കൊടിയ അക്രമങ്ങളും ഭീകരപ്രവർത്തനങ്ങളും അധികവും   മതത്തിന്റെ പേരിലാണ്. ചരിത്രത്തിൽ ഉടനീളം മതത്തിന്റെ പേരിൽ നടന്ന രക്തച്ചൊരിച്ചിലുകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ചരിത്രപാഠങ്ങൾ ഉൾക്കൊള്ളുവാൻ മതവിശ്വാസികൾക്കു കഴിഞ്ഞേക്കും പക്ഷെ മതത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത് നടക്കുന്ന മതാന്ധർക്ക് ഒരു ചരിത്രപാഠവും ഉൾക്കൊള്ളാനാകില്ല.

മദനിയുടെ കാര്യം എഴുതുമ്പോൾ ബാബറി വിഷയം കടന്നുവരുന്നത് യാദൃശ്ചികമല്ല. മദനിയും ഐ.എസ്.എസും പിന്നീട് വന്ന മുസ്ലിം തീവ്രവാദവുമൊക്കെ ബാബറി സംഭവവുമായി കെട്ട് പിണയുന്നുണ്ട്. എന്തിന് തെക്കൻ കേരളത്തിൽ ഹിന്ദുക്കളുടെ ബാഹ്യസംസ്കാരവുമായി ഏറെ പൊരുത്തപ്പെട്ടു ജീവിച്ചിരുന്ന മുസ്ലിം സ്ത്രീകൾ മലപ്പുറത്തെ സ്ത്രീകളെ പോലെ പർദ്ദ ധരിച്ചു നടക്കാൻ തുടങ്ങിയതുതന്നെ ബാബറി സംഭവത്തിനുശേഷമാണ്. മതം തിരിച്ചറിയാനുള്ള അടയാളങ്ങൾ നിർബന്ധബുദ്ധ്യാ ധരിച്ചു തുടങ്ങിയത് ഇന്ത്യയിൽ ബാബറി സംഭവത്തിനുശേഷമാണ്.  അങ്ങനെ എന്തെല്ലാം പ്രത്യാഘാതങ്ങൾ അതുണ്ടാക്കി!  

ആർ.എസ്.എസും ഐ.എസ്.എസും സമാന സ്വഭാവത്തിൽ ഇന്നും പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ ഒക്കെത്തന്നെ അപകടകാരികളാണ് എന്നതിൽ സംശയമില്ല. മദനി പിന്നീട് തീവ്രവാദം ഉപേക്ഷിച്ച് നനാജാതി മതസ്ഥർക്കും പ്രവേശനമുള്ള പുതിയ പാർട്ടിയുണ്ടാക്കി മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി. മദനിയുടെ ആവേശത്തിൽ ഉണ്ടായ ഐ.എസ്.എസ് പിന്നീട് നിരോധിക്കപ്പെട്ടു. അതോടെ മത തീവ്രവാദത്തിന്റെ പാത ഉപേക്ഷിച്ച് തികഞ്ഞ മതനിരപേക്ഷതാവാദിയായി മദനി പരിണമിച്ചു. എവിടെ പ്രസംഗിച്ചാലും അക്രമത്തെയും  മതതിവ്രവാദത്തെയും ശക്തമായി അപലപിച്ചു. ആദ്യം ഒരിക്കൽ നീണ്ട ജയിൽ വാസത്തിനുശേഷം പുറത്തുവന്ന മദനിയിൽ ഒരു ഇടതുപക്ഷ അഭിനിവേശംപോലും  പ്രകടമാകുന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ  മാറ്റത്തിന് അനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുത്ത നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. 

മാനസികപരിവർത്തനം വന്ന മദനി തീവ്രവാദത്തെ ഇനി ഒരിക്കലും ന്യായീകരിക്കില്ലെന്നും പ്രോത്സാഹിപ്പിക്കില്ലെന്നും ഉള്ള നിശ്ചയദാർഢ്യം. പൊതുവേദികളിൽ സംസാരിക്കുമ്പോൾ കൂടുതൽ സമയവും വർഗ്ഗീയയെയും തീവ്രവാദത്തെയും എതിർക്കാനും ജനാധിപത്യത്തോടും മതേതരത്വത്തോടും അചഞ്ചലമായ കൂറ് പ്രഖ്യാപിക്കുവാനും അദ്ദേഹം തയ്യാറായി. നിരീശ്വരവാദികളുടെയും  യുക്തിവാദികളുടെയും  വിശ്വാസങ്ങളെപ്പോലും പരസ്യമായി മാനിക്കുവാനും  അവരോട് സഹിഷ്ണുത പുലർത്തുവാനും കഴിയും വിധം മാനസിക പരിവർത്തനം മദനി എന്ന മതപണ്ഡിതനിൽ ഉണ്ടായി.  ഇനി സകല കള്ളക്കേസുകളും മദനിയുടെ തലയിൽ കെട്ടിവച്ച് വ്യാജ തെളിവുകളുമുണ്ടാക്കി ആയിരം വട്ടം വധശിക്ഷ നടപ്പിലാക്കിയാലും മദനി മതതീവ്രവാദത്തെയോ ഹിംസാത്മകമായ മറ്റേതെങ്കിലും പ്രവർത്തനങ്ങളെയോ ന്യായീകരിക്കാൻ പോകുന്നില്ല. കാരണം അത്ര കണ്ട് ക്ഷമിക്കാനും പൊറുക്കാനും പാകപ്പെട്ട ഒരു മാനസിക പരിവർത്തനം അദ്ദേഹത്തിൽ വന്നു കഴിഞ്ഞു.  

ഇനി മദനി പല തെറ്റുകളും ചെയ്തിരുന്നു എന്നിരിക്കട്ടെ. അതിന് തെളിവുകളും കിട്ടി എന്നിരിക്കട്ടെ. ശിക്ഷ കുറ്റം ചെയ്തവർക്കും പിന്നീട് കുറ്റം ചെയ്യാൻ സാധ്യതയുള്ളവർക്കും ഉള്ള ഒരു താക്കീതാണെന്നിരിക്കട്ടെ.   ശിക്ഷ ഒരു കുറ്റത്തിൽ നിന്ന് ബന്ധപ്പെട്ട കുറ്റവാളിയെയോ പിന്നീട് കുറ്റം ചെയ്യാൻ സാധ്യതയുള്ള മറ്റുവരെയോ അതിൽ നിന്നു പിന്തിരിപ്പിക്കാനുള്ള ഒരു മുൻകരുതൽ ആണെന്നിരിക്കട്ടെ.  അതല്ല,  കുറ്റം ചെയ്ത ഒരാളിൽ മാനസിക പരിവർത്തനം വരുത്തി കുറ്റവാസനയിൽ നിന്നും മോചിപ്പിക്കാനാണെന്നും ഇരിക്കട്ടെ.  അങ്ങനെ ശിക്ഷകൾക്കുള്ളിൽ  പല സിദ്ധാന്തങ്ങളും ഉദ്ദേശങ്ങളും അന്തർലീനമായിരിക്കുന്നുണ്ട്. ഇനി അതൊന്നുമല്ല്ല ശിക്ഷ ശിക്ഷിക്കാൻ വേണ്ടി മാത്രമുള്ളത് എന്ന് മാത്രം കരുതിയാലും മദനി ചെയ്തെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾക്ക് അനുഭവിക്കാവുന്നതിലധികം ശിക്ഷ അദ്ദേഹം ഇതിനകം ഏറ്റുവാങ്ങിക്കഴിഞ്ഞു. 

ഗർഭിണിയുടെ  കുടൽമാല കുത്തിപ്പുറത്തെടുത്തവരും കന്യാമഠങ്ങളെ തീകൊണ്ട് കളിച്ചു   രസിച്ചവരും    ഇന്നും അധികാരത്തിന്റെ സ്വാദും നുണഞ്ഞ് വിരാജിക്കുമ്പോൾ മദനിക്ക് സാമാന്യനീതിയെങ്കിലും ലഭിക്കാൻ അർഹതയുണ്ട്.  മാത്രവുമല്ല കുറ്റങ്ങളൊന്നും ചെയ്തിരുന്നില്ലെങ്കിൽ ത്തന്നെ താൻ കുറച്ചുകാലം വിശ്വസിച്ചും പ്രചരിപ്പിച്ചും നടന്നിരുന്ന അക്രമോത്സുകവും മനുഷ്യത്വ വിരുദ്ധവുമായ സിദ്ധാന്തങ്ങളെ ഓർത്ത് പശ്ചാത്തപിക്കാനും അവയൊക്കെ അപ്പാടെ തള്ളിക്കളയാനും സ്നേഹത്തിലും സമാധാനത്തിലും സഹിഷ്ണുതയിലും ഊന്നിയ മാനവികതയുടെ ആശയങ്ങളെ മുറുകെ പിടിക്കാനും  തന്റെ അനുയായികളെ മാത്രമല്ല,  സമൂഹത്തെ മുഴുവൻ ആഹ്വാനം ചെയ്യുന്ന നിലയിൽ പരിവർത്തനം ചെയ്യപ്പെട്ട ഒരു പച്ചമനുഷ്യനെ, ഒരു പൗരനെ ഇത്രമാത്രം പീഡിപ്പിക്കുമ്പോൾ ആ മനുഷ്യന് നീതി നൽകാൻ ഒത്തൊരുമിച്ച് നിന്ന്  ഒന്നു പറഞ്ഞുപോയാൽ ഇടിഞ്ഞു വീഴാൻ മാത്രം ഒരു ആകാശം തന്നെ ഇവിടെ ഇല്ലല്ലോ.

മദനിയ്ക്ക് നീതി നൽകുക എന്ന വിഷയത്തിൽ ഊന്നി ഇവ്വിധമൊക്കെ എഴുതി എന്നു കരുതി  എനിക്ക് ഏതെങ്കിലും ഒരു മതത്തോട് പ്രത്യേകമായ പ്രതിബദ്ധതയോ  വിദ്വേഷമോ ഒന്നുമില്ലെന്ന കാര്യം ആദ്യമായി എന്നെ വായിക്കുവരെ കൂട്ടത്തിൽ  അറിയിച്ചുകൊള്ളട്ടെ. മുമ്പേ വായിച്ചിട്ടുള്ളവർക്ക് എന്റെ നിലപാടുകൾ അറിയാം  അറിഞ്ഞുകൊണ്ട്  വ്യക്തി ജീവിതത്തിൽ ഒരു വിധ മതാചാരങ്ങളെയും പിൻപറ്റുന്നതുമില്ല. അഥവാ ഇനി  പിൻപറ്റുന്നെങ്കിൽ തന്നെ അതുകൊണ്ട് ഭൗതികമായ എന്തെങ്കിലും പ്രയോജനം ഉണ്ടാകണം. യാഥാർത്ഥ്യബോധത്തിൽ ഊന്നിയാണ് ജീവിതം ക്രമീകരിച്ചുപോരുന്നത്. അർഹമായ നീതി മദനിക്കായാലും ആർക്കായാലും ലഭിക്കണം. എന്നെ സംബന്ധിച്ച്  പരിവർത്തിതമദനിയോട്   ഇത്രയധികം താല്പര്യം തോന്നാൻ കാരണം  അദ്ദേഹം മതതീവ്രവാദവും  ഭീകരവാദവും  ഉപേക്ഷിച്ചു എന്നതുകൊണ്ടുകൂടിയാണ്.  ഇനി നാളെ ഏതെങ്കിലും ഹിന്ദുവർഗ്ഗീയവാദിയ്ക്കോ ക്രിസ്ത്യൻ വർഗ്ഗീയവാദിയ്ക്കോ  മാനസാന്തരമുണ്ടായാൽ അവരെക്കുറിച്ചും നല്ലതു പറയും. ആശയങ്ങളും ലക്ഷ്യങ്ങളും എത്ര അപകടകരമായാലും  ഒരു പ്രസ്ഥാനവും അക്രമത്തെ മുഖമുദ്രയാക്കി പ്രവർത്തിക്കരുതെന്നത് എന്റെ അചഞ്ചലമായ നിലപാടാണ്. അത് രാഷ്ട്രീയ കക്ഷികൾ ആയാലും.

രണ്ടാം ജന്മത്തിലെ (പരിവർത്തിത മദനി) മദനിയുടെ പ്രസംഗം കേട്ടനാൾമുതൽ ഞാൻ മദനിയെ പറ്റി നല്ല വാക്കുകൾ  പറഞ്ഞുപോരുന്നുണ്ട്. എനിക്കത്  അക്രമത്തിനും മതതീവ്രവാദത്തിനും എതിരെയുള്ള പ്രചരണത്തിന്റെ ഭാഗം കൂടിയാണ്. ഇനിയും വല്ല ഹിന്ദു-മുസ്ലിം-കൃസ്ത്യൻ വർഗ്ഗീയവാദികൾ അത് ആർ.എസ്.എസ് കാരായാലും ശിവസേനക്കാരായാലും പോപ്പുലർ ഫ്രണ്ടുകാരായാലും മറ്റാരെങ്കിലുമായാലും  അക്രമം വെടിഞ്ഞ് വർഗ്ഗീയത വെടിഞ്ഞ്, അന്ധമായ മാർക്സിസ്റ്റ് വിരോധം വെടിഞ്ഞ് സി.പി.ഐ.എമ്മുകാരെ ആക്രമിക്കലും കൊല്ലലുമൊക്കെ നിർത്തി മാനസാന്തരപ്പെട്ടുവന്നാൽ അവരെപ്പറ്റിയും ഞാൻ നല്ലതു പറയും. നിങ്ങൾ ആരും ദൈവത്തെയും മതത്തെയും ഒക്കെ ഉപേക്ഷിച്ച് എല്ലാവരും  നിരീശ്വരവാദികളോ യുക്തിവാദികളോ കമ്മ്യൂണിസ്റ്റുകാരോ ഒന്നും ആകണമെന്ന് നമ്മൾ ആരും  നിർബന്ധിക്കുന്നില്ലല്ലോ. ഭീകരപ്രവർത്തനങ്ങളും  അക്രമവും മതതീവ്രവദവും  വെടിഞ്ഞ് നല്ല മനുഷ്യരായാൽ മതി.  

ജീവിതം ഒരിക്കലേ ഉള്ളൂ. അത് പരമാവധി സ്നേഹിച്ചും സഹകരിച്ചും സഹവർത്തിച്ചും  സഹായിച്ചും ആശ്വസിപ്പിച്ചും തീർക്കേണ്ടതാണ്. മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി. അത് മത- ദൈവ വിശ്വാസികൾ ആയാലും നിരീശ്വരവാദികളും യുക്തിവാദികളും ആയാലും കമ്മ്യൂണിസ്റ്റുകാർ ആയാലും കോൺഗ്രസ്സുകാർ ആയാലും. ഇനി ഇതൊന്നു ചുരുക്കണമല്ലോ. ഇപ്പോൾ തന്നെ പറയാൻ ഉദ്ദേശിച്ചതിലും അധികമായി. ഇനി തൽക്കാലം ചുരുക്കുന്നു. എല്ലാവർക്കും നല്ലതും വരട്ടെ. മദനിയ്ക്ക് നീതിയും ലഭിക്കട്ടെ. മദനിയ്ക്ക് നീതി നൽകണമെന്ന് ആവശ്യപെട്ടതിന് ശൂന്യമായ  ആകാശം ഇടിഞ്ഞു വീഴുമോ എന്നു ഭയന്ന് ആകാശം നോക്കിയിരിക്കണമല്ലോ എന്നതാണ്  ഇനിയുള്ള പ്രശ്നം. ഓ! ആകാശം ഇടിഞ്ഞു വീണാൽ ഞാൻ മാത്രമല്ലല്ലോ ഒടുങ്ങുന്നത്, സാരമില്ല!  

Monday, December 31, 2012

സ്ത്രീകളോട്

സ്ത്രീകളോട്

ഇനി നിങ്ങളിൽ ഒരാളിന്റെ യാത്രയ്ക്ക്
വാളും പരിചയുമായ്
ആയിരം ആർച്ചമാർ മുന്നിലും
കുതിരപ്പുറമേറി
ആയിരം ത്സാൻസിമാർ പിന്നിലും
കൂട്ടിനുണ്ടാകണം
അറിയുക നിങ്ങൾ തന്നുള്ളിൽ
ഉറങ്ങിക്കിടപ്പുണ്ട്
ആയിരം ഉണ്ണിയാർച്ചമാരും
ആയിരം ത്സാൻസീ റാണിമാരും
അവശ്യം അവരെ പുറത്തെടുക്കുക
മുന്നിലും പിന്നിലും
അണി നിരത്തുക
സ്വയമൊരു സുരക്ഷാവലയം തീർത്ത്
സധൈര്യം യാത്ര ചെയ്യുക!

Saturday, December 29, 2012

ജ്യോതിമോളേ ക്ഷമിക്കുക; നമ്മൾ കുറെ നരാധമൻമാർക്കിടയിൽപെട്ടു പോയി

ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായ ജ്യോതി എന്ന  പെൺകുട്ടി മരണപ്പെട്ടു


ജ്യോതിമോളേ ക്ഷമിക്കുക; നമ്മൾ കുറെ  നരാധമൻമാർക്കിടയിൽപെട്ടു പോയി!

ഏതാനും ദിവസങ്ങൾക്കു മുമ്പ് ദില്ലിയിൽ കൂട്ട ബലാൽസംഗത്തിനിരയായ ഇരുപത്തിമൂന്നു വയസ്സുകാരിയായ ജ്യോതി എന്ന  പെൺകുട്ടി മരണപ്പെട്ടു. വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോയിരുന്ന പെൺകുട്ടി അവിടെ ആശുപത്രിയിൽവച്ച് ഇന്ന് പുലർച്ചേ രണ്ട് പതിഞ്ച് മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ദില്ലി സെന്റ് സ്റ്റീഫൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നു  ജ്യോതി. ഫിസിയോതെറാപ്പി കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇന്റേർണൽ ഷിപ്പിന് വേണ്ടി കുട്ടി പഠനപ്രവർത്തനം തുടർന്നുവരികയായിരുന്നു. 

കൂട്ട ബലാൽസംഗത്തിനിരയായ കുട്ടിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി അവിടെ നിന്നും സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ മരണവുമായുള്ള മല്പിടിത്തത്തിൽ ജ്യോതിയും  ഡോക്ടർമാരും ഒടുവിൽ പരാജയപ്പെട്ടു. ഇതോടെ ഈ  കൂട്ട‌ബലാൽസംഗക്കേസിലെ ഒന്നാം അനുഭവസാക്ഷി ഇല്ലാതായിരിക്കുന്നു. അതായത് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവ് നശിച്ചിരിക്കുന്നു.  ഇനി കേസ് ഏത് വിധം പോകുമെന്നത് കാത്തിരുന്ന് കണേണ്ടിയിരിക്കുന്നു. 

പെൺകുട്ടിയെ കൂട്ട  ബലാൽസംഗം ചെയ്ത  ക്രൂരജന്തുക്കളെ മനുഷ്യരെന്ന പരിഗണന വച്ച് ശിക്ഷിക്കേണ്ടവരല്ല. ഇവർ മൃഗതുല്യരാണെന്ന് പറഞ്ഞാൽ മൃഗങ്ങളടക്കം  നിലവിലുള്ള ജീവിവർഗ്ഗങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കും. ഇവറ്റകളെ അനുകമ്പയർഹിക്കാത്ത വിചിത്ര ജന്മങ്ങളായി കരുതി കടുത്ത ശിക്ഷകൾക്ക് വിധേയരാക്കണം. അതിന് നിലവിലുള്ള നിയമ സംവിധാനങ്ങൾക്ക് എന്തെങ്കിലും പരിമിതികളുണ്ടെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തണം.  കേവലമായ ഒരു വധശിക്ഷകൊണ്ടുപോലും ഇത്തരം കൊലയാളികളെ ശിക്ഷിച്ചു കലിയടക്കാനാകില്ല. കാരണം വധം അവറ്റകളെ ഒരു തരത്തിൽ രക്ഷിക്കുകയാണല്ലോ. 

ജ്യോതിയുടെ മരണത്തെ തുടർന്ന് വീണ്ടും ജനകീയ പ്രതികരണങ്ങൾ ശക്തമാകുമെന്ന് കരുതി ഭരണകൂട സംവിധാനങ്ങൾ ഇതിനകം ജാഗ്രതപ്പെട്ടിട്ടുണ്ട്. എന്നാൽ കത്തുന്ന പ്രതിഷേധങ്ങൾക്കുനേരേ കടുത്ത നടപടികൾ എടുത്താൽ അത് എരിതീയിൽ കനലുവാരി ഇടുന്നതിനു തുല്യമായിരിക്കും. പ്രതിഷേധരൂപങ്ങൾ അക്രമാസക്തമാകാതിരിക്കുവാൻ നിയമ സംവിധാനങ്ങൾ ശ്രദ്ധിക്കേണ്ടതുതന്നെ. എന്നാൽ ജനങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ശത്രുഭാവത്തിൽ നേരിടുന്നതിന് ഭരണകൂടം തയ്യാറാകരുത്. 

ഭരണവും ഭരണീയരും എന്ന വ്യത്യാസമില്ലാതെ ഈ സാഹചര്യത്തെ ഒരുമിച്ചു നിന്നു നേരിടേണ്ടതാണ്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്താൻ ഭരണകൂടവും നിയമ –നീതി സംവിധാനങ്ങളും അവസരമൊരുക്കണം. ജനങ്ങളാകട്ടെ ശക്തവും സമാധാനപരവുമായ പ്രതിഷേധങ്ങളിലൂടെ   ഇത്തരം കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പുകളും  നൽകണം. അവിടെ നാം എല്ലാ സങ്കുചിത ചിന്തകളും വെടിയുക.

Thursday, December 27, 2012

ഡൽഹിയിൽ വീണ്ടും കൂട്ടബലാൽസംഗം

ഡൽഹിയിൽ വീണ്ടും കൂട്ടബലാൽസംഗം

ഡൾഹിയിൽ  ബസിനുള്ളിൽവച്ച് ഒരു വിദ്യാർത്ഥിനി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെ അതിശക്തമായ പ്രതിഷേധങ്ങൾ അലയടിച്ചുകൊണ്ടിരിക്കവേ വീണ്ടും ഡൽഹിയിൽനിന്നുതന്നെ  ഒരു ബലാത്സംഗ കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.  ജയ്പൂര്‍ സ്വദേശിനിയായ 42 കാരിയെ ബുധനാഴ്ച രാത്രി ഒരുസംഘം ആളുകള്‍ തെക്കന്‍ ഡല്‍ഹിയില്‍ കൂട്ടബലാൽസംഗത്തിനിരയാക്കിയതായാണ് പരാതി. യുവതിയുടെ  സുഹൃത്തും  മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ബാലല്‍സംഗം ചെയ്തതെന്നാണ് വിവരം. സംഭവശേഷം യുവതിയെ കല്‍ക്കാജിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പെൺകൂട്ടുകാർ ആൺകൂട്ടുകാരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണം എന്നൊരു ഗുണപാഠംകൂടി പുതിയ കേസിലുണ്ട്. ഇത് കുറ്റം പെൺകുട്ടിയിൽ ചാർത്താൻ വേണ്ടി പറയുന്നതല്ല.

ഇവിടുത്തെ നല്ലൊരു പങ്ക് പുരുഷൻമാരും പ്രായഭേദമന്യേ കുഴപ്പാക്കാരാണ്. പുറമേ കാണുന്നതുപോലെയൊന്നുമല്ല. എല്ലാറ്റിനും കാമപ്പിരാന്താണ്. ലൈംഗികതയുടെ അതിപ്രേരണയില്ലാത്ത സൗഹൃദത്തിന്റെ ഒരു മനോഭാവത്തിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കാൻ ഇനിയും ഒരുപാട് കാലമെടുക്കും.പ്രത്യേകിച്ചും പുരുഷൻമാർ. കപടസദാചാരംകൊണ്ട് മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന കാമവെറി ഇത്തരം ലൈംഗികാതിക്രമങ്ങളിലൂടെ പ്രകടമാക്കപ്പെടുമ്പോൾ അത്  നമ്മുടെ  സാംസ്കാരികമായ പിന്നോക്കാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്.

പുറത്ത് അറിയുന്നവയേക്കാൾ ഭയാനകമായ എത്രയോ സംഭവങ്ങൾ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുപോലെ  നടക്കുന്നുണ്ടാകും. ആയിരം കേസുകൾ ഇതുപോലെ നടക്കുമ്പോഴാകും ചിലത് മാത്രം പുറം ലോകം അറിയുന്നത്. സാക്ഷരീകരിക്കപ്പെട്ടുവെന്ന് നാം അഭിമാനിക്കുന്ന കേരളത്തിൽ പോലും പലതരം ലൈംഗിക കുറ്റകൃത്യങ്ങൾ അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ സ്ഥിതി പ്രത്യേകിച്ച് പറയേണ്ടതില്ല. ആണിനും പെണ്ണിനും ഇവിടെ അരക്ഷിതാവസ്ഥയുണ്ട്. നമ്മുടെ ഭരണകൂട വ്യവസ്ഥയുടെയും  നിയമ-നീതി സംവിധാനങ്ങളുടെയും ദൗർബ്ബല്യം തന്നെയാണ് ഈ അരക്ഷിതാവസ്ഥയുടെ പ്രധാന കാരണം.

മുതലാളിത്തത്തിന്റെ സമ്മർദ്ദംമൂലം അനുദിനം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം  ഗുണ്ടകളും മാഫിയകളും മതഭ്രാന്തൻമാരും അരങ്ങുവാഴുന്ന ഒരു പൊതുസ്ഥിതിയിലേയ്ക്ക് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത് അരാജകത്വത്തിലേയ്ക്കാണ് നമ്മുടെ രാജ്യത്തെ നയിക്കാൻ പോകുന്നത്. കൈയ്യൂക്കും ധനശേഷിയുമുള്ളവൻ കാര്യക്കാരനാകുന്ന പഴയകാലം പുതിയരൂപത്തിൽ ഇവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥയിൽ കൊലപാതകവും  ബലാത്സംഗവും മോഷണവും പിടിച്ചുപറിയും മറ്റ് കുറ്റകൃത്യങ്ങളും പെരുകി വരുന്നതിൽ അദ്ഭുതമൊന്നുമില്ല. അവരവരുടെ സ്വയരക്ഷ അവരവരുടെ ജാഗ്രതപോലിരിക്കും എന്നതാണ് സ്ഥിതി. ഒന്നുകിൽ  നാം ഭയന്ന് ജീവിക്കുക.അല്ലെങ്കിൽ ഈ അരക്ഷിതാവസ്ഥയെ അതിജീവിക്കുന്നതിന് സാമൂഹ്യമായ കരുത്ത് നേടാൻ സംഘടിക്കുക. 

Tuesday, December 25, 2012

സൂപ്പർ ബ്ലോഗ്ഗർ അവാർഡ് -2012

സൂപ്പർ ബ്ലോഗ്ഗർ അവാർഡ്-2012

ബൂലോകം ഡോട്ട് കോമിൽ 2012 -ലെ  സൂപ്പർ ബ്ലോഗ്ഗറെ തെരഞ്ഞെടുക്കുവാനുള്ള വോട്ടെടുപ്പ് നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം  ഫൈനൽ ലിസ്റ്റിൽ വന്ന പത്തുപേരിൽ ഞാനും ഉണ്ടായിരുന്നു. കിട്ടിയത് തികച്ചും അർഹതയുള്ള ഒരാൾക്കു തന്നെ. മനോജ് രവീന്ദ്രൻ (നിരക്ഷരൻ) ഇത്തവണയും ഞാൻ ഫൈനൽ ലിസ്റ്റിൽ ഉണ്ട്. ആ ലിസ്റ്റിൽ  പലർക്കും വോട്ടു ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. ചിലരുടെ പേരുകൾ ഞാനും നിർദ്ദേശിച്ചിരുന്നു. ആ പേരുകൾ ഏതാണ്ട് എല്ലാം  ഫൈനൽ ലിസ്റ്റിൽ വന്നിട്ടുമുണ്ട്. അവരിൽ ആർക്കെങ്കിലും  ഒരാൾക്കല്ലേ വോട്ട് ചെയ്യാൻ പറ്റൂ.  പക്ഷെ ഞാനും ആ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉള്ള സ്ഥിതിയ്ക്ക് ഞാൻ എന്തുചെയും? അപ്പോൾ പിന്നെ എന്റെ വോട്ടെങ്കിലും എനിക്കു കിട്ടണ്ടേ? മാത്രവുമല്ല  എനിക്ക് വോട്ടു ചെയ്യുമായിരുന്നു എന്നു കരുതാവുന്ന  പലരും മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉണ്ട്. അപ്പോൾ അവരുടെ വോട്ടും അവരവർക്ക് പോയി. എന്തായാലും കഴിഞ്ഞവർഷവും ഈ വർഷവും ഫൈനൽ ലിസ്റ്റിൽ എന്നെയും ഉൾപ്പെടുത്തിക്കണ്ടതു തന്നെ വലിയൊരു അവാർഡും അംഗീകാരവുമായി കരുതുന്നു. അർഹതയുള്ള ആർക്കും അവാർഡ് കിട്ടിക്കൊള്ളട്ടെ. ആർക്കു കിട്ടിയാലും എന്റെ മുൻകൂർ ആശംസകൾ! എന്തായാലും എല്ലാവരും വോട്ടിംഗിൽ പങ്കെടുക്കുക. ഇതൊക്കെ ഒരു പ്രോത്സാഹനവും പ്രചോദനവുമാണ്. അത്തരം സംരഭങ്ങൾ ഒരുക്കുന്നവരോട് നമ്മൾ സഹകരിക്കേണ്ടതാണ്. വോട്ട് ചെയ്യാൻ www.boolokam.com -ൽ എത്തുക. ബന്ധപ്പെട്ട പോസ്റ്റിൽ മത്സരലിസ്റ്റിലുള്ള പേരുകളിൽ നിങ്ങൾക്കിഷ്ടപ്പെട്ട പേരിന്റെ മുന്നിലുള്ള കള്ളിയിൽ വച്ച് ഒന്നു ക്ലിക്കിയിട്ട് ആ കോളത്തിനു താഴെ vote എന്ന കള്ളിയിൽ കൂടി ക്ലിക്കുമ്പോൾ നിങ്ങൾ വോട്ട് ചെയ്തു കഴിഞ്ഞു. വെരി സിമ്പിൾ. ഡിസംബർ 31 വരെ വോട്ട് രേഖപ്പെടുത്താം. നിങ്ങളുടെ വോട്ടും കാത്ത് ആ പേരുകൾ കാത്തിരിക്കുന്നു. ഈ അവാർഡ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ബൂലോകം ഡോറ്റ് കോമിന് ആശംസകൾ!

Thursday, December 6, 2012

ബാബറി മസ്ജിദിന്റെ ഓർമ്മയ്ക്ക്

ഡിസംബർ 6: ഒരു കറുത്ത ദിനത്തിന്റെ ഓർമ്മ പുതുക്കൽ

വീണ്ടും ഒരു ഓർമ്മദിനം. ഹിന്ദു വർഗ്ഗീയവാദികൾ ബാബറി മസ്ജിദ് തകർത്തതിന്റെ ഓർമ്മ മതേതര വാദികളുടെ മനസിനെ ചുട്ടുപൊള്ളിക്കുന്ന ദിനം. ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യത്തിനും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വിവിധമത വിശ്വാസികളുടെ മതസഹിഷ്ണുതയ്ക്കും കനത്ത പ്രഹരമേല്പിച്ച ഒരു  പൈശാചികതയുടെ വാർഷികാചരണം.  ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആരാധനാലയമോ  ചരിത്രസ്മാരകമോ നിഷ്കരുണം തകർത്തെറിഞ്ഞു എന്നതിനപ്പുറം ഒരുപാട് മാനങ്ങളുള്ള ഒരു അപ്രിയസത്യത്തോട്  പൊരുത്തപ്പെടാനും  പൊറുക്കാനും വ്രണിതഹൃദയങ്ങളൾ സ്വയം ഊതിയാറ്റുന്ന ദിനം.  

ഒരു കെട്ടിടസമുച്ചയം തകർത്തെറിഞ്ഞു എന്നതിൽ ഒതുങ്ങുന്നതല്ല ബാബറി മസ്ജിദ് തകർത്ത സംഭവം. തകർത്തെറിഞ്ഞ മസ്ജിദിന്റെ സ്ഥാനത്ത് പകരം പള്ളി പണിതോ ക്ഷേത്രം പണിതോ രണ്ടും കൂടി പണിതോ ഒന്നും പണിയാതിരുന്നോ എന്നുളളവയുമൊന്നുമല്ല പ്രശ്നം. ആ ദുഷ്‌പ്രവൃത്തിയുടെ  ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട ചിന്താവിഷയം. ബാബ്‌റി മസ്ജിദ് തകർത്ത  പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെ ഇനി താഴോട്ട്  പറയും വിധം സംഗ്രഹിക്കുന്നു:  

ബാബറി മസ്ജിദ് തകർത്തത് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളിൽ എന്നത്തേയ്ക്കുമുള്ള അരക്ഷിതബോധം സൃഷ്ടിച്ചു. തങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും തുടർന്നും ഭീഷണിയുണ്ടാകുമോ എന്ന ഭയം മുസ്ലിങ്ങളെ മാത്രമല്ല മറ്റ് ന്യുനപക്ഷ മതവിഭാഗങ്ങളെ കൂടി ബാധിച്ചു. പിന്നീടും ഈ ഭയത്തെ ശക്തിപ്പെടുത്താൻ പോന്ന സംഭവങ്ങൾ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട് എന്നതും ഇവിടെ പരാമർശിച്ചുകൊള്ളുന്നു. പള്ളിപൊളിക്കൽ സംഭവം മുസ്ലിങ്ങളിൽ മതേതരവാദികളായിരുന്ന കുറച്ചുപേർ കൂടി വർഗ്ഗീയവാദികളും തീവ്രവാദികളും ആയി  മാറുന്നതിനിടയാക്കി.  അഥവാ അങ്ങനെ അവരെ വഴിതെറ്റിക്കാൻ  മുസ്ലിം വർഗ്ഗീയതീവ്രവാദികൾക്കു കഴിഞ്ഞു.   മുസ്ലിം ഭീകരവാദികൾക്ക് ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങളെ ഭീകരപ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കാൻ പറ്റിയ നല്ലൊരു അവസരമായി ബാബറി മസ്ജിദ് സംഭവത്തെ ഉപയോഗപ്പെടുത്താൻ  കഴിഞ്ഞു. മുസ്ലിം തീവ്രവാദത്തിന് കരുത്തുപകരാൻ ഒരു വഴിമരുന്നായി മാറുകയായിരുന്നു ബാബറി മസ്ജിദ് സംഭവം.

ബാബറി മസ്ജിദ് പൊളിച്ചതോടെ ഇന്ത്യയിലെ  വർഗ്ഗീയവാദികളല്ലാത്ത ഭൂരിപക്ഷം വരുന്ന യഥാർത്ഥ ഹിന്ദുമതവിശ്വാസികളുടെ മനസിൽ എന്നത്തേയ്ക്കും വലിയൊരു കുറ്റബോധം സൃഷ്ടിക്കപ്പെട്ടു. (തകർത്തവരിൽ അതുണ്ടാകില്ല. അവർ മതവിശ്വാസികളല്ല, വർഗ്ഗീയഭീകരരാണ്). ചെയ്തത് വർഗ്ഗീയ വാദികളാണെങ്കിലും ഹിന്ദു മതത്തിന്റെ മഹത്തായ പാരമമ്പര്യത്തിനുമേൽ മായാത്ത കരി വാരിത്തേച്ച സംഭവമായി പള്ളി പൊളിക്കൽ. ഇത് നിഷ്കളങ്കരും അന്യമതസഹിഷ്ണുത പുലർത്തുന്നവരുമായ യഥാർത്ഥ ഹിന്ദുമതവിശ്വാസികളെ ലജ്ജിപ്പിച്ചു. ഇന്നും തങ്ങളെ തെറ്റിദ്ധരിക്കരുതേയെന്ന് ഓരോ യഥാർത്ഥഹിന്ദുവും ഇന്ത്യൻ മുസ്ലിങ്ങളെയും  മറ്റ് മതന്യൂനപക്ഷങ്ങളെയും നോക്കി  അപേക്ഷിക്കുന്നു. ബാബ‌റി മസ്ജിദ് സംഭവത്തിലൂടെ നിങ്ങൾ കണ്ടതല്ല ഹിന്ദുമതമെന്ന് അവർ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ബാബറി മസ്ജിദ് തകർത്തതിൽ യാതൊരു ഉത്തരവാദിത്വവും താല്പര്യവുമില്ലാതിരുന്ന മതേതരവാദികളായ ഹിന്ദു വിശ്വാസികളിൽപോലും തങ്ങളുടെ ഏതെങ്കിലും ക്ഷേത്രങ്ങൾ മുസ്ലിം വർഗ്ഗീയ വാദികൾ പ്രതികാരബുദ്ധ്യാ തകർത്തുകളയുമോ എന്നൊരു ഭയം എന്നത്തേയ്ക്കുമായി സൃഷ്ടിക്കുവാനും അയോദ്ധ്യാസംഭവം കാരണമായിട്ടുണ്ട്. ഓരോ ഡിസംബർ 6-നും ഇന്ത്യയിലെ പല ഹിന്ദുദേവാലയങ്ങൾക്കും കനത്ത സുരക്ഷ ഏർപ്പെടുത്താൻ ഖജനാവിൽ നിന്ന് വൻ‌തുക ചെലവഴിക്കേണ്ടി വരുന്നു. അടികൊണ്ടവൻ എന്നെങ്കിലും തിരിച്ചടിക്കുമെന്ന ഭയം പോലൊന്ന് ഇന്ത്യൻ സമൂഹത്തിൽ എന്നത്തേയ്ക്കുമായി സൃഷ്ടിക്കുവാൻ ബാബറി മസ്ജിദ് സംഭവം കാരണമായി.  

മറ്റൊന്ന് ഇന്ത്യയിലെ മുസ്ലിങ്ങളിൽ നല്ലൊരു വിഭാഗം തങ്ങളുടെ  മതം  തിരിച്ചറിയാനുള്ള അടയാളങ്ങൾ സ്വീകരിച്ചു തുടങ്ങിയതുപോലും  ബാബ‌റി മസ്ജിദ് സംഭവത്തിനുശേഷമാണ്. കേരളത്തിൽ അടക്കം മുസ്ലിങ്ങളിൽ നല്ലൊരു പങ്ക് വിശ്വാസത്തെ പിൻ‌പറ്റുമ്പോഴും മതപരമായ തിരിച്ചരിവ് മറ്റുള്ളവർക്കുണ്ടാകാൻ മന:പൂർവ്വമായി വേഷവിതാനത്തനിലോ മറ്റോ ക്രമീകരണങ്ങൾ വരുത്തിയിരുന്നില്ല. എന്നാൽ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം അങ്ങനെ ചില പ്രതികരണങ്ങൾ ഉണ്ടായ്‌വന്നു. താൻ ഇന്ന മതമാണെന്ന് സദാ വിളിച്ചുപറയുന്നത് ഇന്ത്യയിൽ ഒരു മത വിശ്വാസിയുടെയും ശീലമായിരുന്നിട്ടില്ല.  അതിന്റെ ആവശ്യവുമില്ല. എന്നാൽ ബാബറി സംബവത്തിനു ശേഷം അങ്ങനെ ചിലതുണ്ടായി എന്നത് അത്ര ആശാസ്യമായ ഒരു കാര്യമല്ല. വിശ്വാസത്തോടുള്ള കൂറിനേക്കാളുപരി തങ്ങളെ തിരിച്ചറിഞ്ഞോളൂ , ഭയന്നിട്ട് എവിടെ പോകാൻ എന്നൊരു ധ്വനിപ്പിക്കലാണത്.തികച്ചും സ്വാഭാവികമായ ഒരു പ്രതികരണം.

നാനാ ജാതി മതസ്ഥർക്കും ബാധകമായ എത്രയോ വലിയ ജിവൽ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണാനിരിക്കവേ അത്തരം ലക്ഷ്യങ്ങൾക്കായി ഒരുമിച്ചു നിൽക്കേണ്ട മനുഷ്യരിൽ അധമ വികാരങ്ങളുണ്ടായി വർഗ്ഗീയ കലാപങ്ങളും ആരാധനാലയങ്ങൾ തകർത്തെറിയലും ഒന്നും ഇനിയു ഉണ്ടാകാതിരിക്കട്ടേ എന്ന് ആഗ്രഹിക്കുന്നു. ഓരോരോ മത വിശ്വാസികളുടെ ഭാഗത്തുനിന്നു മാത്രമല്ല സർക്കാരുകളുടെയും  നീതി പീഠങ്ങളുടെയും ഭാഗത്തുനിന്നും ഒരു വിശ്വാസി സമൂ‍ഹത്തെയും പ്രകോപിപ്പിക്കുവാൻ പോന്ന സമീപനങ്ങളും പ്രവർത്തനങ്ങളും അനീതികളും  ഉണ്ടാകാതിരിക്കട്ടെ എന്നുകൂടി ആഗ്രഹിച്ചുകൊണ്ട് ഈ കുറിപ്പ് സംഗ്രഹിക്കുന്നു പറയാൻ ഒരുപാട് ബാക്കി വച്ചുകൊണ്ട്.

ഈ വിഷയം സംബന്ധിച്ച് ഇന്നത്തെ ദേശാഭിമാനിയിൽ വന്ന ലേഖനങ്ങൾ താഴെയുള്ള ലിങ്കുകൾ വഴി പോയി വായിക്കാം: 

അയോദ്ധ്യ നൽകുന്ന സന്ദേശം

ഡിസംബർ ആറിന്റെ ഓർമ്മയ്ക്ക്

Tuesday, November 27, 2012

ചിരിച്ചു ചിരിച്ച് ഊപ്പാടഞ്ചും വന്നു!

ഒരു കോമഡി ഷോ കണ്ടപ്പോൾ ചുമ്മാ എഴുതാൻ തോന്നിയത്.  

ചിരിച്ചു ചിരിച്ച് ഊപ്പാടഞ്ചും വന്നു.

എനിക്ക് സ്ഥിരമായി റ്റി.വി പരിപാടികളൊന്നും കാണാൻ കഴിയാറില്ല. രാത്രി കിട്ടുന്ന സമയത്ത് ചാനലുകൾ മാറിമാറി പിടിയ്ക്കാറുണ്ട്. വാർത്തയും വാർത്താധിഷ്ഠിത പരിപാടികളും കഴിഞ്ഞാൽ പിന്നെ ഞാനേറെ കാണുന്നത് കോമഡി ഷോകളാണ്. കോമഡി സീരിയലുകളും കാണാറുണ്ട്. ചിരിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യർ അപൂർവ്വമാണല്ലോ. ചില കോമഡി ഷോകൾ വെറും തറ പരിപാടികളാണ്. അവ കണ്ടാൽ ചിരിയല്ല കലിയാണു വരിക. എന്നാൽ ചിലതൊക്കെ കണ്ടാൽ ചിരിച്ചു ചിരിച്ച് നെഞ്ചിൻകൂട് തകരും.

ഇന്ന് രാത്രി മഴവിൽ മനോരമയിൽ കണ്ട ഒരു കോമഡി ഷോ കണ്ട് ചിരിച്ച് ചിരിച്ച് ചുമച്ചും കുരച്ചും ഇരുന്നുകൊണ്ടാണ് ഇതെഴുതുന്നത്. ഇന്നലെ ഇതിന്റെ ക്ലിപ്പിംഗുകൾ കണ്ടപ്പോഴേ തുടങ്ങിയ ചിരിയാണ്. ഇനി നാളത്തേതിന്റെ ക്ലിപ്പിംഗുകളും കണ്ടു. അതും മോശമാകില്ലെന്നു തോന്നുന്നു. കോമഡിയുടെ തീമുകളെയും അതിലെ സംഭാഷണങ്ങളെയും വേണമെങ്കിൽ നാലും മൂന്നും പറഞ്ഞ് വിമർശിക്കാം. പക്ഷെ വെറും ചിരിക്കാനുള്ള പരിപാടികൾ എന്ന രീതിയിൽ മാത്രം കണ്ടാൽ അവ നല്ല നേരം പോക്കുകൾ തന്നെ.കോമഡി പരിപാടികളുടെ കാര്യത്തിൽ ഉള്ളൂതുറന്നു ചിരിക്കുക എന്നതു മാത്രമാണ് പ്രേക്ഷകർക്കു ചെയ്യാനുള്ളത്.

മഴവിൽ മനോരമയിലെ മറിമായം എന്ന സീരിയലും ഇന്ന് ഏറെ പേർ കാണുന്നുണ്ട്. ഞാനും. അതിൽ പക്ഷെ അല്പം കളിയും കാര്യവുമുണ്ട്. ശരിക്കും നമ്മുടെ വ്യവസ്ഥിതികൾക്കെതിരെയുള്ള നല്ല പ്രതികരണങ്ങളാണ് മറിമായത്തിലെ ഓരോ എപ്പിസോഡുകളുടെയും പ്രമേയങ്ങൾ. സാധാരണ ഞാൻ സിനിമാ-സീരിയൽ നടീനടന്മാരെയൊന്നും ആരാധിക്കുന്ന ആളല്ല. പുതിയ നടീനടന്മാരെ പലരെയും എനിക്ക് തിരിച്ചുപോലും അറിയില്ല. അഭിനയം കൊള്ളാമെങ്കിൽ ഇഷ്ടപ്പെടും. ഇല്ലാത്തപ്പോൾ ഇല്ല. എന്നാൽ മറിമായത്തിലെ അഭിനേതാക്കളെ മാത്രമല്ല, അതിന്റെ പിന്നിലും മുന്നിലും പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.അത്രയ്ക്കിഷ്ടമാണ് എനിക്കാ പരിപാടി.

മറിമായത്തിലെ സ്ത്രീകഥാപാത്രമായ (രചനയെന്നാണ് പേരെന്നു തോന്നുന്നു) ആളെ എനിക്ക് വളരെ ഇഷ്ടമായി. ആ സംസാരവും ശരീര ഭാഷയുമെല്ലാം അപാരം തന്നെ. സൗന്ദര്യം മാത്രം കൈമുതലായി അഭിനയരംഗത്തേക്ക് വരുന്ന നടികൾക്കിടയിൽ രചന വേറിട്ടൊരനുഭവമാണ്. സൗന്ദര്യവും അഭിനയമികവും ഒരുപോലെ കൈമുതലുള്ള രചനയുടെ രൂപം മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇതുവരെ സ്ഥിരം നാം കണ്ടുവന്നിരുന്ന പല പരിപാടികളിൽ നിന്നും വ്യത്യസ്തമായി സാധാരണ ജനങ്ങൾക്ക് വളരെ പരിചിതമായ പ്രമേയങ്ങളാണ് മറിമായത്തിന്റെ പ്രത്യേകതകളിലൊന്ന്. ശരിക്കും ആക്ഷേപഹാസ്യം. സാമൂഹ്യ വിമർശനം ഹ്യൂമറിന്റെ സഹായത്തോടെ നിർവ്വഹിച്ചിരിക്കുകയാണ് മറിമായത്തിൽ.

മഴവില്ലിലെ തന്നെ തട്ടീം മുട്ടീം സീരിയലും ചിരിക്കു വകനൽകുനതാണ്. ഏഷ്യാനെറ്റിലെ കോടീശ്വ്വരൻ പരിപാടിയിൽ അവതാരകൻ സുരേഷ് ഗോപി എന്തൊരു ബഹളമായിരുന്നു. ആ പരിപാടി ഇപ്പോൾ ഇല്ലെന്നു തോന്നുന്നു. എന്നാൽ കൈരളിയിലെ പച്ചക്കുതിര അവതരിപ്പിക്കുന്ന സിദ്ദീക്കിനെ നോക്കൂ. എത്ര നല്ല ഒതുക്കത്തിലാണ് അദ്ദേഹം ആ പരിപാടി അവതരിപ്പിക്കുന്നത്. യാതൊരു ബഹളവുമില്ല. ദാ പോയി ദാ വന്നു എന്ന മട്ടിലുള്ള വൃത്തികേടുകൾ ഒന്നുമില്ല. കോടീശ്വരൻ കണ്ടപ്പോൾ തോന്നിയ വെറുപ്പ് പച്ചക്കുതിര കാണുമ്പോൾ ഇല്ല.

എനിക്കത്ര ഇഷ്ടപ്പെടാത്ത പരിപാടീകളാണ് മഴവില്ലിലെ വെറുതയല്ല ഭാര്യ, കൈരളിയിലെ അമ്മ അമ്മായിയമ്മ എന്നീവ. ഇ-ലോകവുമായി ബന്ധപ്പെട്ട പരിപാടികൾ ഏതു ചാനലിൽ വന്നാലും ഞാൻ കാണും. ദർശന റ്റി.വിയിൽ ബ്ലോഗ്ഗർമാരെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി തുടങ്ങിയിട്ടുണ്ട്. അതെനിക്ക് വളരെ ഇഷ്ടമായി. ഇ-ലോകത്തെ എഴുത്തുകാരെയും ശ്രദ്ധിക്കാൻ ഏതെങ്കിലും ചാനൽ തയ്യാറാകുന്നല്ലോ. നന്ന്.ആ പരിപാടി ഞാനിനി സ്ഥിരം കാണും. എല്ലാ ചാനലുകളിലെയും എല്ലാ പരിപാടികളെയും കുറിച്ച് ഇപ്പോൾ വിശദമായി എഴുതുന്നില്ല. ഇന്നത്തെ ചിരിയുടെ ആവേശത്തിൽ ഇത്രയും എഴുതിയതാണ്. നല്ല ചാനൽ പരിപാടികൾ ഒരുക്കി അവതരിപ്പിക്കുന്നവർക്കെല്ലാം അഭിനന്ദനങ്ങൾ!

Friday, November 23, 2012

പി.ഗോവിന്ദപ്പിള്ളയ്ക്ക് ആദരാഞ്‌ജലികൾ

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു


മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി.ഗോവിന്ദപ്പിള്ള (പി.ജി) അന്തരിച്ചു. മാർക്സിസ്റ്റ് സൈദ്ധാന്തിക രംഗത്ത്  ഇ.എം.എസിന് തൊട്ടടുത്ത സ്ഥാനമാണ് അദ്ദേഹത്തിനു കല്പിക്കാവുന്നത്. സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരമായിരുന്നു പി.ജി. അറിവിന്റെ  ഭാരം സദാ തലയിലേറ്റി നടന്നിരുന്ന അദ്ദേഹം പക്ഷെ യാതൊരു തലക്കനമോ ബുദ്ധിജീവി ജാഡകളോ ഒരിക്കലും  ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല. നിഷ്കളങ്കമായ ചിരിയും സ്നേഹമയമായ  പെരുമാറ്റവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സാംസ്കാരിക കേരളത്തിനാകെയും സി.പി.ഐ.എമ്മിനും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും പ്രത്യേകിച്ചും ഒരു വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.  തന്റെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും  വിശ്വമാനവികതയുടെ മഹത്തായ  സന്ദേശമാണ് പ്രചരിപ്പിച്ചിരുന്നത്. അദ്ദേഹം കേവലം ഒരു ചാരുകസേരബുദ്ധിജീവി മാത്രമായി ഒത്തുങ്ങാൻ ഇഷ്ടപ്പെട്ടിരുന്നില്ല. സംസ്ഥാന നിയമസഭാംഗമായും സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായും കേരള ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനുമൊക്കെയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വായന ഒരു ലഹരിയായി കൊണ്ടു നടന്ന പി.ജി അതിലൂടെ താൻ നേടുന്ന അറിവുകൾ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ജനസമക്ഷം പങ്കുവച്ചുകൊണ്ടിരുന്നു. നിരവധി അമൂല്യമായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. ബുദ്ധിജിവികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സാധാരണക്കാരുടെയും   റഫറൻസ് ഗ്രന്ഥങ്ങളാണ് പി.ജിയുടെ പുസ്തകങ്ങൾ. അദ്ദേഹത്തിന്റെ ഓരോ ലേഖനങ്ങളും പ്രഭാഷണങ്ങളും ക്ലാസ്സുകളും മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ ചെലവഴിക്കുന്ന ഏതു സന്ദർഭവും     ഓരോ “സർവ്വകലാശാലകൾ“  തന്നെയായിരുന്നു. എഴുത്തിൽ പുസ്തകങ്ങളുടെ എണ്ണപ്പെരുപ്പം  അദ്ദേഹം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം  എഴുതിയ പുസ്തകങ്ങൾ ഓരോന്നും എക്കാലത്തും  വിലമതിക്കാനാകാത്ത ബൌദ്ധിക സ്വത്തുക്കളായിരിക്കും. പി.ജിയ്ക്ക് പകരം പി.ജി മാത്രം. സഖാവ് പി.ജിയുടെ അഭാവം നമ്മുടെ സാംസ്കാരിക ലോകത്തിന്  വലിയൊരു നഷ്ടം തന്നെയായിരിക്കും. സാംസ്കാരിക കേരളത്തിന്റെ അഭിമാനമായ മാർക്സിസ്റ്റ് ആചാര്യന്, ആ മഹാ പണ്ഡിതന്, ആ സാംസ്കാരിക പ്രതിഭയ്ക്ക് എന്റെയും   ആദരാഞ്‌ജലികൾ

ദേശാഭിമാനി വാർത്ത ചുവടെ


പി.ഗോവിന്ദപ്പിള്ള അന്തരിച്ചു
Posted on: 22-Nov-2012 11:23 PM
തിരു: മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനിയുടെ മുന്‍ മുഖ്യപത്രാധിപരുമായിരുന്ന പി ഗോവിന്ദപിള്ള (86) അന്തരിച്ചു. ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി ജി വ്യാഴാഴ്ച രാത്രി പതിനൊന്നോടെ തിരുവന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്. നവംബര്‍ 14 നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സൈന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25നാണ് പി ജി ജനിച്ചത്. അഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. ഉയര്‍ന്ന മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് പാസായ അദ്ദേഹം യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇക്കണോമിക്സില്‍ ബിരുദം നേടി. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 57ലും 67ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965ല്‍ തടവില്‍ കഴിയുമ്പോള്‍ മത്സരിച്ചു ജയിച്ചെങ്കിലും നിയമസഭാ ചേര്‍ന്നില്ല. 1998ല്‍ മുകുന്ദപുരം ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ചു.

പാര്‍ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു. പ്രസ് അക്കാദമി ചെയര്‍മാന്‍, ജേര്‍ണല്‍ ഓഫ് ആര്‍ട് ആന്റ് ഐഡിയാസ് ത്രൈമാസികയുടെ പത്രാധിപസമിതി അംഗം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, സി ഡിറ്റിന്റെ സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കാലിക്കറ്റ് സര്‍വകലാശാലകളുടെ ഭരണ സമിതിയിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്‍റ്റികളിലും അംഗമായിരുന്നു.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലയാള മനോരമ വാർത്ത ചുവടെ

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം. പ്രമുഖ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള(86) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 25നു ജനിച്ച പി.ഗോവിന്ദപ്പിള്ള  ആലുവ യുസി കോളജില്‍ പഠിക്കുമ്പോള്‍ പി. കൃഷ്ണപിള്ളയുടെ സ്വാധീനവലയത്തില്‍പ്പെട്ടു കമ്യൂണിസ്റ്റുകാരനായി. വിദ്യാഭ്യാസകാലത്തു ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ടു നാലുതവണ ജയില്‍വാസം അനുഭവിച്ചു. ജയില്‍വാസക്കാലം ഹിന്ദി, തമിഴ്, കന്നട ഭാഷകള്‍ പഠിക്കാന്‍ വിനിയോഗിച്ചു. എതല്‍ ലിലിയന്‍ വോയ്നിച്ചിന്റെ 'കാട്ടുകടന്നല്‍ പരിഭാഷപ്പെടുത്തിയതു ജയില്‍വാസത്തിനിടയ്ക്കാണ്. 1951ല്‍ ഇരുപത്താറാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരുകൊച്ചി നിയമസഭയിലേക്കു ജയിച്ചു. 1953 മുതല്‍ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍.

സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ത്തന്നെ പെരുമ്പാവൂരില്‍നിന്ന് നിയമസഭയിലേക്കു വിജയിച്ചു. 1960ല്‍ മല്‍സരിച്ചു തോറ്റു. 1964ലും 67ലും പെരുമ്പാവൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.

ന്യൂ ഏജ് പത്രാധിപസമിതി അംഗം, ദേശാഭിമാനി മുഖ്യപത്രാധിപര്‍, കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

'മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം; ഉദ്ഭവവും വളര്‍ച്ചയും എന്ന പഠനഗ്രന്ഥത്തിന് 1988ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ നൂറു വാല്യങ്ങളുള്ള സമാഹാരം പ്രസിദ്ധപ്പെടുത്തിയതിന്റെ ജനറല്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു.

എം. എന്‍. ഗോവിന്ദന്‍നായരുടെ അനന്തരവളും റിട്ട. ഫിലോസഫി പ്രഫസറുമായ രാജമ്മയാണു ഭാര്യ. മക്കളായ എം.ജി. രാധാകൃഷ്ണനും പാര്‍വതിയും പത്രപ്രവര്‍ത്തനരംഗത്തു സജീവം. സിപിഎം. നേതാവും തിരുവനന്തപുരം മുന്‍ മേയറുമായ വി. ശിവന്‍കുട്ടി മരുമകന്‍.

വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം മികച്ച വായനക്കാരനും വിവിധ വിഷയങ്ങളില്‍ പണ്ഡിതനുമായിരുന്നു. 30,000 പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി സ്വന്തമായിരുന്നു. കൈരളി ടെലിവിഷനില്‍ അവതരിപ്പിച്ച 'വിദേശം പരിപാടി വിജ്ഞാനത്തിലും വീക്ഷണത്തിലുമുള്ള പുതുമകൊണ്ട് വലിയ ശ്രദ്ധ പിടിച്ചുപറ്റി.
കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആശയ പ്രചാരകനുമായിരിക്കുമ്പോഴും പാര്‍ട്ടിനയങ്ങളുമായി പൊരുത്തപ്പെടുത്താന്‍ പി.ഗോവിന്ദപ്പിള്ളയ്ക്കു പലപ്പോഴും കഴിയാതെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂര്‍ച്ചയുള്ള ആ നാവും തൂലികയും പലതവണ പാര്‍ട്ടി ശാസനയും നടപടിയും ഏറ്റുവാങ്ങി.

സൈലന്റ് വാലി വിവാദത്തില്‍ സിപിഎം നയത്തിനു വിരുദ്ധമായി ശാസ്ത്ര സാഹിത്യ പരിഷത്തിനോടൊപ്പം നിന്നു പദ്ധതിയെ എതിര്‍ത്ത പിജി, പാര്‍ട്ടിയുടെ അപ്രീതിക്കു പാത്രമായെങ്കിലും നിക്ഷ്പക്ഷമതികളുടെ പ്രശംസ നേടി.

അടിയന്തരാവസ്ഥക്കാലത്തു നക്സലൈറ്റ് നേതാവായ കെ. വേണുവിനെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു എന്ന കുറ്റത്തിനും പാര്‍ട്ടി വിമര്‍ശനം ഏറ്റുവാങ്ങി. അടിയന്തരാവസ്ഥയില്‍ ജയില്‍വാസത്തില്‍നിന്നു രക്ഷപ്പെടാന്‍ പിജി തന്ത്രം മെനഞ്ഞതായും പാര്‍ട്ടി കുറ്റപ്പെടുത്തുകയുണ്ടായി. കര്‍ണാടകയില്‍ നാടന്‍പാട്ടു ഗവേഷണത്തിന് അദ്ദേഹം പോയതിനെപ്പറ്റിയായിരുന്നു ആരോപണം. അതേച്ചൊല്ലിയുണ്ടായ വിവാദത്തില്‍ സംസ്ഥാന കമ്മിറ്റി അംഗത്വം നഷ്ടപ്പെട്ടു.

ചൈനയിലെ ടിയനന്‍മെന്‍ സ്ക്വയറില്‍ സ്വാതന്ത്യ്രദാഹികളായ യുവജനങ്ങളെ ഡെങ് സിയാവോ പിങ്ങിന്റെ സൈന്യം കൂട്ടക്കൊല ചെയ്തപ്പോള്‍ അതിനെതിരെ തൂലിക ചലിപ്പിക്കാന്‍ ഇദ്ദേഹം ധൈര്യംകാട്ടി. അതിനും പാര്‍ട്ടിയുടെ ശാസന നേരിടേണ്ടി വന്നു.
മന്നത്തു പത്മനാഭനെ വര്‍ഗീയവാദിയെന്നു വിശേഷിപ്പിച്ചതും വന്‍ ഒച്ചപ്പാടു സൃഷ്ടിച്ചിരുന്നു. 1999ല്‍  ദേശാഭിമാനിയുടെ ഞായറാഴ്ച പതിപ്പിലായിരുന്നു വിവാദ ലേഖനം വന്നത്. സംസ്ഥാനമെമ്പാടും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നു പാര്‍ട്ടിയും ദേശാഭിമാനിയും വിവാദ പരാമര്‍ശം തങ്ങളുടെ അഭിപായമല്ലെന്നു പിജിയെ തള്ളിപ്പറഞ്ഞു. ഭാഷാപോഷിണിയില്‍ വന്ന അഭിമുഖത്തിലെ ഇ എം എസിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിജിയെ സംസ്ഥാന കമ്മിറ്റിയില്‍നിന്നു പുറത്താക്കിയിരുന്നു. ഈ പ്രശ്നത്തില്‍ ഇഎംഎസ് സമ്പൂര്‍ണകൃതികളുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

കേരള കൌമുദി വാർത്ത ചുവടെ 

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം: മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ള(86) അന്തരിച്ചു. കുറച്ചുദിവസമായി വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ചികിത്‌സയിലായിരുന്നു. ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി.ഗോവിന്ദപ്പിള്ള(പി ജി)​ വ്യാഴാഴ്ച രാത്രി പതിനൊന്നേ കാലോടെ തിരുവന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്.

പി.ജിയുടെ ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 11 മുതൽ 12 മണിവരെ എ.കെ.ജി സെന്രറിലും 12 മണി മുതൽ വി.ജെ.ടി ഹാളിലും പൊതു ദർശനത്തിനുവയ്ക്കും. വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരിക്കും.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25നാണ് പി ജി ജനിച്ചത്. അഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 1957ലും 1967ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.   പാര്‍ട്ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു.

വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പി.ജിയുടെ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സൈന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.