ജോനവന് ആദരാഞലികൾ
മെയിൽ ചെക്കു ചെയ്യാൻ തുറന്നപ്പോൾ പകൽകിനാവന്റെ സന്ദേശം വഴിയാണ് ബൂലോക കവിയും കഥാകാരനുമായ ജോനവന്റെ മരണം ഞാൻ അറിഞ്ഞത് . കുറച്ചു ദിവസമായി ബ്ലോഗത്ത് എത്താത്തതുകൊണ്ട് അപകട വിവരങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ ബൂലോകത്തു വന്നിട്ട് ഒരു ബ്ലോഗറുടെ മരണം അറിയുന്നത് ഇതാദ്യം.
ഉടൻ തന്നെ ജോനവന്റെ ബ്ലോഗിലേയ്ക്കു യാത്രയായി. കാരണം ജോനവന്റെ ബ്ലോഗ് എന്റെ ശ്രദ്ധയിൽ ഇതിനു മുമ്പ് വന്നിരുന്നില്ല. ഈ ബ്ലോഗ് ഞാൻ മുമ്പും സന്ദർശിച്ചിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷെ പ്രൊഫൈലും പേരുമൊന്നും നോക്കിയിട്ടൂണ്ടാവില്ല. ആയിരക്കണക്കിന് ബ്ലോഗുകളുള്ളതിനാൽ പല മികവുറ്റ ബ്ലോഗുകളും ഇതു പോലെ എന്റെയും ശ്രദ്ധയിൽ വരാതെ പോയിട്ടുണ്ട്`. ജോനകന്റെ ബ്ലോഗിൽ എത്തിയപ്പോഴാണ് ജോനകനെ ശരിയ്ക്കും അറിയുന്നത്. തീർച്ചയായും മലയാള ബ്ലോഗത്തിന് ഇത് കനത്ത നഷ്ടം തന്നെ. ജോനവന് ഈ എളിയ ബൂലോകന്റെയും ആദരാഞ്ജലികൾ! അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു.
ജോനവന്റെ മരണത്തെ കുറിച്ച് ഒരു പോസ്റ്റിടണമെന്നുണ്ടായിരുന്നു. ഒക്ടോബർ അഞ്ചിന്റെ ദേശാഭിമാനി പത്രത്തിൽ ശ്രീ. എം. എസ്. അശോകൻ ജോനവന്റെ മരണം നന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. . അതുകൊണ്ട് തൽക്കാലം ദീർഘമായ മറ്റൊരു കുറിപ്പിനു പകരം ആ ദേശാഭിമാനി റിപ്പോർട്ടും കൂടി അതേപടി ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു. ജോനകന്റെ ഓർമ്മയ്ക്ക് എന്റെ ബ്ലോഗിൽ ഒരിടം അങ്ങനെ ഞാൻ സൂക്ഷിയ്ക്കട്ട; ജോനവന് അശ്രു പൂജയായി!
‘ബൂലോക‘ പ്രാർഥന വിഫലമാക്കി ജോനവൻ യാത്രയായി
എം എസ് അശോകൻ
(ദേശാഭിമാനി വാർത്ത, 2009-ഒക്ടോബർ 5 തിങ്കൾ)
കൊച്ചി : ഒടുവിൽ ‘ബൂലോക’ ത്തിന്റെ പ്രാർത്ഥന വിഫലമായി.അക്ഷരങ്ങളെ ഹൃദയം കൊണ്ടു പ്രണയിക്കുന്ന ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ബൂലോകത്തിന്റെ ജോനവൻ മരണത്തിനു കീഴടങ്ങി.വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ ആശുപത്രിയിൽ കഴിഞ്ഞ പതിമൂന്നുനാൾ ജോനവൻ എന്ന നവീൻ ജോർജ് (29) സുഖം പ്രാപിക്കാനുള്ള നിറഞ്ഞ പ്രാർഥനയിലായിരുന്നു ബൂലോകം.
‘പൊട്ടക്കലം’ എന്ന പേരിൽ ബ്ലോഗ് എഴുതിയിരുന്ന ജോനവന്റെ മരണം ബൂലോകത്തിന്റെ തീരാവേദനയായി മാറുകയാണ്.ഏറ്റവുമൊടുവിൽ ജോനവൻ പ്രസിദ്ധീകരിച്ച കവിതയും തുടർന്നുണ്ടായ ആസ്വാദകരുടെ കമന്റുകളും അതിനുള്ള ജോനവന്റെ അറം പറ്റിയ മറുപടിയുമാണു കാരണം. കാസർകോട് ഭീമനടി ചെറുപുഷ്പത്തിൽ നവീൻ ജോർജ് നാലുവർഷമായി കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ഡ്രാഫ്ട് സ്മാനാണ്.കഥയും കവിതയും എഴുതുമായിരുന്ന നവീൻ ‘മാൻഹോൾ’ എന്നപതിനാറുവരി കവിതയാണ് ഒടുവിൽ പ്രസിദ്ധപ്പെടുത്തിയത്.
സെപ്തംബർ എട്ടിന് കവിത വായിച്ച് നിരവധിപ്പേർ ആസ്വാദനവും വിമർശനവും കമന്റായി എഴുതി.പാതി തമാശയെന്നോണം വിമർശനത്തിനു മറുപടിയായി ‘ ഇനി മുതൽ ഞാൻ മിണ്ടാതിരുന്നോളാമേ...’എന്നാണ് ജോനവൻ അവസാനമായി കുറിച്ചത്.സെപ്തംബർ 19-ന്,തൊട്ടടുത്തദിവസമായിരുന്നു കാറപകടം. ഒപ്പം സഞ്ചരിച്ചിരുന്ന മൂന്നു സുഹൃത്തുകൾ തൽക്ഷണം മരിച്ചു.ജോനവൻ മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിലായി. കഥയറിയാതെ അപ്പോഴും നൂറുകണക്കിനു കമന്റുകൾ ബ്ലോഗിലേക്ക് വന്നു കൊണ്ടിരിന്നു.
ജോനവന്റെ ബ്ലോഗ് തുറന്ന സഹോദരൻ നെത്സനാണ് അപകടവിവരം ബൂലോകത്തെ അറിയിച്ചത്. ഒക്ടോബർ ഒന്നിന് ജോനവന്റെ ബ്ലോഗിൽ തന്നെ കുറിപ്പായി ഇതു പ്രസിദ്ധപ്പെടുത്തി.തുടർന്ന് ബൂലോകമാകെ നീണ്ട പ്രാർത്ഥനയിലായി.ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുകണക്കിനു പോസ്റ്റുകൾ ജോനകന്റെ ബ്ലോഗിലേയ്ക്ക് ഒഴുകി.‘ഈ രാത്രിയിൽ എന്റെ കണ്ണുകൾ നിനക്കായി പർവ്വതത്തിലേയ്ക്ക് ഉയർത്തുന്നു‘ എന്നായിരുന്നു തെക്കേടൻ എന്ന എന്ന ബ്ലോഗ് എഴുതുന്ന ഷിബു മാത്യു കുറിച്ചത്.‘ഒടുവിലെ വാക്കുകൾ അറം പറ്റാതിരിയ്ക്കട്ടെ, മടങ്ങിവന്ന് മിണ്ടിക്കൊണ്ടേയിരിയ്ക്കുക.’ എന്ന് ‘താമൊഴി ‘ ബ്ലോഗിൽ മുംബയിൽ വിദ്യാർത്ഥിയായ ചിത്ര എഴുതി.
കുവൈത്തിലെ സുഹൃത്തുക്കൾ ജോനകന്റെ ആരോഗ്യ വിവരം ദിവസവും ബ്ലോഗിലൂടെ കമന്റായി ബൂലോകത്തെ അറിയിച്ചിരുന്നു.ഒടുവിൽ ഒക്ടോബർ മൂന്നിന് അർദ്ധരാത്രിയോടെ ജോനവൻ മരണത്തിനു കീഴടങ്ങി.അവിവാഹിതനാണ്.മൃതുദേഹം നാട്ടിൽ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ജോർജു കുട്ടി, വത്സമ്മ എന്നിവർ അച്ഛനമ്മമാർ.മറ്റു സഹോദരങ്ങൾ നിതിൻ, നോഷിന.
ജോനവന്റെ കവിത ഇവിടെ ചൊല്ലിക്കേള്‍ക്കാം
|
4 comments:
രണ്ടു തുള്ളി കണ്ണീര്............
ആദരാഞ്ജലികള്‍
വര്‍ത്തമാനം വാര്‍ത്ത
കമന്റുകൾക്കു നന്ദി!
Post a Comment