Wednesday, November 4, 2009

അഭ്യസ്തവിദ്യരിലെ നിരക്ഷരത

മുൻ കുറിപ്പ് : എനിയ്ക്കു വേണ്ടപ്പെട്ട ഒരു ബി-എഡ് വിദ്യാർത്ഥിയ്ക്ക് അഭ്യസ്തവിദ്യരും അന്ധവിശ്വാസങ്ങളും എന്ന വിഷയം സംബന്ധിച്ച് ക്ലാസ്സിൽ പ്രസംഗിയ്ക്കാൻ നൽകിയ വിവരങ്ങളിലെ ചില പോയിന്റുകൾ ക്രോഡീകരിച്ചതാണ് ഈ പോസ്റ്റ്

അഭ്യസ്തവിദ്യരിലെ നിരക്ഷരത

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പലതാണ്. ജീവസന്ധാരണത്തിനുള്ള ഒരു മാർഗ്ഗം കണ്ടെത്തുന്നതിന് പ്രാപ്തമാക്കുക എന്നതിലുപരി മനുഷ്യനെ സംസ്കരിക്കുക, വ്യക്തിത്വം വികസിപ്പിക്കുക, ശാസ്ത്രബോധവും, യുക്തി ബോധവും വളർത്തുക മുതലായവ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒന്നിനുവേണ്ടി മാത്രമായി നടത്തുന്നതല്ല, അഥവാ ആയിരിയ്ക്കരുത് വിദ്യാഭ്യാസം. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കാര്യങ്ങൾ എല്ലാം വേണ്ടത്ര ആർജ്ജിയ്ക്കുവാൻ ഒരു വിദ്യാർത്ഥിയ്ക്ക് കഴിയുന്നുണ്ടോ എന്നതാണ് ഇവിടെ ചിന്താ വിഷയം. കുറച്ചെങ്കിലും ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ട് എന്നത് നിസ്തർക്കമാണ്. എന്നാൽ വിദ്യാ‍ഭ്യാസത്തിലൂടെ ആർജ്ജിച്ച അറിവുകളെ ചിലതിനെയെങ്കിലും അറിഞ്ഞും അറിയാതെയും നിഷേധിയ്ക്കുന്ന ഒരു സവഭാവം തലമുറകളായി നമ്മുടെ സമൂഹത്തിൽ നില നിൽക്കുകയാണ്.

എല്ലാ തൊഴിലും ചെയ്യാനുള്ള പ്രാപ്തി നേടാൻ പള്ളിക്കൂടത്തിൽ പോകണമെന്നില്ല. എന്നാൽ ചിലതിനൊക്കെ വിദ്യ ആവശ്യവുമാണ്. അതുകൊണ്ട് അക്കാര്യം തൽക്കാലം ഇവിടെ മാറ്റിവയ്ക്കുന്നു. സംസ്കാരം, വ്യക്തിത്വ വികസനം എന്നീ ലക്ഷ്യങ്ങൾ നേടാൻ ഔപചാരിക വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ട് എങ്കിലും വിദ്യാലയങ്ങൾ കണ്ടു പിടിയ്ക്കാത്ത കാലത്തും പരിമിതികളോടെയാണെങ്കിലും അവ നേടാൻ കഴിഞ്ഞിരുന്നു. ആ നേട്ടം കൊണ്ടാണല്ലോ പിന്നീട് ഔപചാരിക വിദ്യാഭ്യാസ രീതികൾ കണ്ടു പിടിയ്ക്കാൻ തന്നെ അവനു പ്രാപ്തിയുണ്ടായത്. പലപ്പോഴും ഒരു നിരക്ഷരനുള്ള സംസ്കാരം അഭ്യസ്ത വിദ്യർക്ക് ഇല്ലാതെ പോകാറുണ്ട് എന്നതും നാം അനുഭവിയ്ക്കാറൂണ്ട്. അതുപോലെ പള്ളിക്കൂടം കണ്ടിട്ടില്ലാത്തവരുടെ വ്യക്തിത്വം വികസിയ്ക്കുകയേ ഇല്ല എന്നും കരുതാനാകില്ല. വിദ്യാലയങ്ങൾ കണ്ടു പിടിയ്ക്കുന്നതിനു മുൻപും ആളുകളുടെ വ്യക്തിത്വം വികസിച്ചിട്ടൂണ്ട്. ഇന്നത്തെ അപേക്ഷിച്ച് പരിമിതികളോടെയാണെങ്കിലും. അപ്പോൾ മൊത്തത്തിൽ മുൻ കാല പരിമിതികളെ മറികടന്നു കൊണ്ട് കൂടുതൽ ലക്ഷ്യങ്ങൾ നേടുവാനാണ് ആധുനിക വിദ്യാഭ്യാസം സഹായിക്കുക എന്നു നമുക്കു കരുതാം.

ഇനിയുള്ള രണ്ടു കാര്യങ്ങൾക്കാണ് ഇവിടെ ഊന്നൽ കൊടുക്കുന്നത്. അതായത്, ശാസ്ത്രബോധം, യുക്തിചിന്ത എന്നിവ ആർജ്ജിക്കുവാൻ വിദ്യാഭ്യാസം സഹായിക്കുന്നുണ്ടോ എന്നത്. തീർച്ചയായും വിദ്യാഭ്യാസം ഏറെക്കുറേ അതിനു സഹായിക്കുന്നുണ്ട്. ശാസ്ത്രത്തിനും യുക്തിയ്ക്കും നിരക്കാത്ത കുറെ കാര്യങ്ങളും കൂടി പഠിപ്പിയ്ക്കപ്പെടുന്നുണ്ടെങ്കിലും. എന്നാൽ ശാ‍സ്ത്രീയമായ വിദ്യാഭ്യാസം നേടുന്ന ആളുകളിൾ ശാസ്ത്രബോധവും യുക്തിചിന്തയും വളരുന്നുണ്ടോ ? ഇതാണ് ഇവിടേ പ്രസക്തമായ ചോദ്യം. യുക്തിചിന്തയ്ക്ക് ശാസ്ത്രം ഒരു പിൻബലമാണ്. ആ ശാസ്ത്രമാകട്ടെ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകവുമാണ്. ഏതു വിഷയവും ഇന്ന് ശാസ്ത്രീയമായ പഠനമായതിനാൽ വിഷയശാഖകൾ എല്ലാം തന്നെ ശാസ്ത്രം ചേർത്താണ് ഓരോന്നും അവയുടെ പേർകൊള്ളുന്നത്. എന്തിന് ശാസ്ത്രത്തിനു നിരക്കാത്ത വിഷയങ്ങൾ പോലും ഇന്ന് ശാസ്ത്രം എന്ന പേർ ചേർത്താണ് വിളിയ്ക്കപ്പെടുന്നത്. ഉദാഹരണം ജ്യോതിഷം. അതും ശാസ്ത്രമാണത്രേ. അത് ഏതൊക്കെയോ സർവ്വകലാശാലകളിൽ പഠിപ്പിയ്ക്കപ്പെടുന്നു!

ഇവിടെ വിഷയം വർഷങ്ങളോളം ശാസ്ത്രത്തിന്റെ പിൻബലത്തോടെ ഓരോരോ വിഷയ ശാഖകൾ (Disciplins)) പഠിച്ച് ബിരുദങ്ങളും ഡിപ്ലോമകളും നേടി വരുന്ന അഭ്യസ്ത വിദ്യർ ശാസ്ത്രബോധം ഉൾക്കൊള്ളൂന്നവരാണോ? ശാസ്ത്രത്തെ അവർ അംഗീകരിയ്ക്കുന്നുണ്ടോ? ശാസ്ത്രത്തിന്റെ പിൻബലമുള്ള യുക്തി ബോധം അവർക്കുണ്ടോ? നിർഭാഗ്യം എന്നു പറയട്ടെ നമ്മുടെ അഭ്യസ്ത വിദ്യരിൽ നല്ലൊരുപങ്കും ശാസ്ത്രത്തിനു നിരക്കാത്തതും യുക്തിരതിതവുമായ ചിന്തകളും പ്രവൃത്തികളും വച്ചു പുലർത്തുന്നു എന്നതാണ് യാഥാർത്ഥ്യം. പലരും ശാസ്ത്രത്തെ പാടേ നിരാകരിയ്ക്കുമ്പോൾ ചിലർ തങ്ങളൂടെ അശാസ്ത്രീയവും യുക്തിരഹിതവുമായ ചിന്തകൾക്കും പ്രവൃത്തികൾക്കും ബലം നൽകാനും വ്യാഖ്യാനിയ്ക്കാനും ശാസ്ത്രത്തെ തന്നെ കൂട്ടു പിടിയ്ക്കുവാൻ വൃഥാശ്രമിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ അഭ്യസ്ത വിദ്യർക്കിടയിലെ നിരക്ഷരതയാണ് നമ്മുടെ സമൂഹം ഇന്ന് അനുഭവിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം.

പ്രാകൃത കാലത്തെ മനുഷ്യനെ വെല്ലുന്ന അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ആധുനിക വികസിത വിദ്യാഭ്യാസത്തിന്റെ എല്ലാ രുചിഭേദങ്ങളും അനുഭവിച്ചിറങ്ങുന്ന അഭ്യസ്ഥ വിദ്യർക്കിടയിൽ വളർന്നു വികസിച്ചു കൊണ്ടിരിയ്ക്കുന്ന ദുര്യോഗം നാളുകളായി നാം അനുഭവിച്ചു കൊണ്ടിരിയ്ക്കുകയാണ്. കാലം ചവറ്റുകുട്ടയിലേയ്ക്കു വലിച്ചെറിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊടിതട്ടിയെടുത്ത് ആധുനിക ഉല്പന്നങ്ങളാക്കി വിറ്റഴിയ്ക്കുന്ന ഉല്പാദകരും അതിന്റെ വിതരണക്കാരും പെരുകിവരികയാണ്. അതിന്റെയൊക്കെ ഫലമായി ഇവിടെ മനുഷ്യ ദൈവങ്ങളും, വിശുദ്ധന്മാരും അവുലിയാക്കളും ഉണ്ടാകുന്നു. ഈ ആധുനിക അന്ധവിശ്വാസ- അനാചാര കച്ചവടക്കാർ യഥാർത്ഥ ദൈവത്തെയല്ല, പണദുർദ്ദേവതയെ ആണ് ആരാധിയ്ക്കുന്നതെന്നു മനസിലാക്കുവാൻ നമ്മുടെ വിദ്യാസമ്പന്നർക്ക് കഴിയുന്നില്ല. എന്തിന് ശാസ്ത്രജ്ഞന്മാർക്കു പോലും കഴിയുന്നില്ല. അവർ അതിന്റെ ഭാഗമായി മാറുകയാണ്.

ഇന്ന് മനുഷ്യ ദൈവങ്ങളുടെ പുറകെ പോകുന്നവരിൽ നല്ലൊരു പങ്കും അഭ്യസ്ഥ വിദ്യരാണെന്നതിൽ നമുക്ക് എന്തുകൊണ്ട് ലജ്ജിച്ചുകൂട? ദിവ്യശക്തികൾ ഉണ്ടെന്ന് അവർ ചുമ്മാ വിശ്വസിയ്ക്കുകയാണ്. മന്ത്രവാദവും മറ്റ് ആഭിചാരക്രിയകളും നടത്തുന്നവരും നല്ലൊരു പങ്ക് അഭ്യസ്തവിദ്യർ തന്നെ. യുക്തിവാദികൾ പണ്ടേ കൊന്നു കുഴിച്ചുമൂടിയ ഭൂതപ്രേത പിശാചുക്കൾ ഇന്നും ഉണ്ടെന്നു വിശ്വസിക്കുന്നവർ ഇന്നുമുണ്ട്, അഭ്യസ്ഥവിദ്യർ അടക്കം. അതൊക്കെ സഹിക്കാമെന്നു വിചാരിക്കാം. ഇന്ന് വർഗ്ഗീയ -ഭീകര പ്രസ്ഥാനങ്ങളിൽ വിശ്വസിയ്ക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരിൽ നല്ലൊരുപങ്കും അഭ്യസ്ത വിദ്യരാണ് എന്നത് നമ്മെ ഭയപ്പെടുത്തുകയാണ്. സാമാന്യ വിദ്യാഭ്യാസമെങ്കിലുമുള്ള ഒരാൾക്ക് ഒരു തികഞ്ഞ വർഗ്ഗീയവാദിയാകാൻ കഴിയുന്നത് അദ്ഭുതകരം തന്നെ! അപ്പോൾ നമ്മുടെ വിദ്യാഭ്യാസത്തിന് എവിടെയോ എന്തോ തകരാറ് ശേഷിയ്ക്കുന്നുണ്ട് എന്നു കരുതേണ്ടിയിരിയ്ക്കുന്നു.

അതുപോലെ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ഉദ്യോഗ കയറ്റം കിട്ടുമ്പോൽ ആദ്യം പോകുന്നത് ആരാധനാലയത്തിലേയ്കാണ്. ഈയിടെ ഐ.എസ്.ആർ.ഒ ചെയർമാനായി സ്ഥാനമേറ്റയാളും ആദ്യം പൂജാദികർമ്മങ്ങൾക്ക് കുടുമ്പക്ഷേത്രത്തിലേയ്ക്കാണു പോയത്. അതൊക്കെ നമുക്ക് പൊറുക്കാം. കാരണം പരമ്പരാഗതമായ വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും മാറിനിൽക്കാനുള്ള മനോധൈര്യം ഇല്ലാത്ത നിലയിൽ വിശ്വാസങ്ങൾ ഉള്ളിൽ രൂഢ മൂലമായി കിടക്കുന്നതു കൊണ്ടാകാം. എന്നാൽ ശാസ്ത്രജ്ഞന്മാർ ഉപഗ്രഹം വിക്ഷേപിയ്ക്കുന്നത് ഗണപതിയ്ക്കു തേങ്ങ ഉടച്ചിട്ടാകുമ്പോൾ അത് ലോകത്തെ പുരോഗതിയിലേയ്ക്ക് ആനയിച്ച ശാസ്ത്രത്തെ അവഹേളിയ്ക്കലാണ്. ദൈവത്തിനു പോലും കഴിയാത്ത കാര്യങ്ങൾ മനുഷ്യനു ചെയ്യാൻ പ്രാപ്തി നൽകിയ ശാസ്ത്രത്തെ ഇങ്ങനെ അവഹേളിയ്ക്കാമോ? അങ്ങനെ വരുമ്പോൾ സാധാരണ അഭ്യസ്ത വിദ്യരെ കുറ്റം പറയുന്നതെങ്ങനെ?

അതു കൊണ്ടൊക്കെയാണ് ഒരു തരത്തിൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നാളുകളായി പിഴച്ചു കൊണ്ടിരിയ്ക്കുന്നു എന്നു പറയുന്നത്. വിദ്യാഭ്യാസത്തിലൂടെ നാം എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും മനുഷ്യൻ ശാസ്ത്രത്തെ നിരാകരിയ്ക്കുന്നവനും യുക്തിചിന്തയെ അന്യം നിർത്തുന്നവനും ആയാൽ മനുഷ്യവർഗ്ഗം പുരോഗതിയിലേയ്ക്കായിരിയ്ക്കില്ല അധോഗതിയിലേയ്ക്കായിരിയ്ക്കും മുന്നേറുക. മനുഷ്യന്റെ അന്വേഷണ ബുദ്ധി ശാസ്ത്രത്തെ വളർത്തി. ശാസ്ത്രം യുക്തിചിന്തയെ ബലപ്പെടുത്തി. യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ നിന്നുണ്ടായതാണ് മനുഷ്യന്റെ സർവ്വ നേട്ടങ്ങളും എന്നതു വിസ്മരിയ്ക്കുന്നത് തലമുറകളോടുതന്നെ ചെയ്യുന്ന അനീതിയാണ്.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു ആധുനിക ഫാഷനാക്കി മാറ്റുവാൻ വെമ്പുന്നവർ ആരെന്നും അവരുടെ ലക്ഷ്യം എന്തെന്നും മനസിലാക്കാനുള്ള വിവേകം നമ്മുടെ അഭ്യസ്ഥ വിദ്യർക്ക് ആർജ്ജിയ്ക്കാനാകുന്നില്ലെങ്കിൽ നമുക്ക് ഇവിടെ വിദ്യാഭ്യാസം എന്തിന്?

പിൻ കുറിപ്പ് : നോക്കൂ; പാഠശാലകളിൽ പ്രസംഗിച്ച് കയ്യടി നേടുവാനും മാർക്കു നേടാനും പുരോഗമനാശയങ്ങളും ശാസ്ത്രവും യുക്തി ചിന്തയും ഒക്കെ വേണം.അതെ, അതെല്ലാം ഇന്നു കേവലം എഴുതാനും, പറയനും ഉള്ള വിഷയങ്ങൾ മാത്രമാകുന്നു. അതൊക്കെ എഴുതിയും പ്രസംഗിച്ചും ബിരുദം നേടി പുറത്തു വന്നിട്ടോ തികച്ചും യുക്തിഹീനരെപ്പോലേ പെരുമാറുകയും ചെയ്യുന്നു.

9 comments:

രഘുനാഥന്‍ said...

പ്രിയ സുഹൃത്തെ,

"ചിലർ തങ്ങളൂടെ അശാസ്ത്രീയവും യുക്തിരഹിതവുമായ ചിന്തകൾക്കും പ്രവൃത്തികൾക്കും ബലം നൽകാനും വ്യാഖ്യാനിയ്ക്കാനും ശാസ്ത്രത്തെ തന്നെ കൂട്ടു പിടിയ്ക്കുവാൻ വൃഥാശ്രമിയ്ക്കുകയും ചെയ്യുന്നു"

എന്ന് താങ്കള്‍ പറയുമ്പോള്‍, ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കോടാനുകോടി നക്ഷത്രങ്ങളും നിറഞ്ഞ അന്ടകടാഹത്തെ ഒരു കുഴപ്പവും കൂടാതെ ഇതേ രീതിയില്‍ നിലനിര്‍ത്തിപ്പോരുന്നതു എല്ലാ
ശാസ്ത്രങ്ങള്‍ക്കും അതീതമായ ഒരു ശക്തിയാണെന്ന് വിശ്വസിക്കുന്നതില്‍ എന്താണ് തെറ്റ്?

"ദൈവത്തിനു പോലും കഴിയാത്ത കാര്യങ്ങൾ മനുഷ്യനു ചെയ്യാൻ പ്രാപ്തി നൽകിയ ശാസ്ത്രത്തെ ഇങ്ങനെ അവഹേളിയ്ക്കാമോ?"

ഒരിക്കലും പാടില്ല. പക്ഷെ ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും മരണം എന്ന നിത്യസത്യത്തെ എന്തുകൊണ്ട് തടയാന്‍ കഴിയുന്നില്ല?

വിദ്യാഭ്യാസം എന്നത് ശാസ്ത്രശാഖകളില്‍ നേടുന്ന നിപുണനം മാത്രമല്ല സുഹൃത്തെ. ഒപ്പം പ്രപഞ്ച സത്യങ്ങളെ അറിയുകയും അതുവഴി പ്രപഞ്ച സൃഷ്ടാവിനെ അംഗീകരിക്കുകയും കൂടി ചെയ്യുന്നതും അതിന്റെ ഒരു ഭാഗം തന്നെയാണ്.

നല്ല ലേഖനം. ആശംസകള്‍

താരകൻ said...

നല്ല ലേഖനം...മിക്കവാറും സമാന ചിന്തകൾ എന്നു തന്നെ പറയാം..എങ്കിലും കുറച്ചു പറയാനുണ്ട്..പിന്നൊരിക്കലാവട്ടെ..
പിന്നെ രഘുനാഥൻ ,ശാസ്ത്രാതീതമായ ശക്തിയെന്ന് വാശിപിടിക്കേണ്ട കാര്യമുണ്ടോ...ശാസ്ത്രാനുവർത്തി തന്നെയായികൂടെ ആശക്തിയും..ശാസ്ത്രമെന്നാ‍ൽ സത്യത്തോട് ഏറ്റവും അടുത്തത്..

ഇ.എ.സജിം തട്ടത്തുമല said...

കമന്റുകൾക്കു നന്ദി, രഘുനാഥൻ, താരകൻ

പക്ഷെ പ്രിയ രഘുനാഥൻ,

എല്ലാ‍വരുടെയും വിശ്വാസങ്ങൾ ഒന്നാവില്ല്ലല്ലോ!ശാസ്ത്രം തെളിയിക്കാത്തിടത്തോളം പ്രപഞ്ചാതീത ശക്തി എന്നത് വിശ്വസിയ്ക്കാൻ വേണ്ടി ഒരു വിശ്വാസം എന്നതിനപ്പുറം പ്രസക്തമല്ലെന്നാണ് ഈയുള്ളവൻ കരുതുന്നത്.

mini//മിനി said...

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ, എന്നല്ലെ പറഞ്ഞത്..

Anonymous said...

ഇൻഡ്യയിൽ ശാസ്ത്രബോധം എന്നൊരു സാധനം ഉണ്ടാകാൻ ഒരു സാധ്യതയുമില്ല.ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം ശാസ്ത്രബോധത്തിനെതിരാണ്. അതാണിവിടെ ആധിപത്യം പുലർത്തുന്നത്. ഭൌതികവാദം ഉയർത്തിപ്പിടിക്കുന്ന കമ്യൂണിസം പോലും ഇവിടെ ബ്രാഹ്മണരുടെ നേതൃത്വത്തിലാണ് വന്നത്. അതുകൊണ്ടുതന്നെ ഇവിടെ കമ്യൂണിസവും വന്നില്ല,ശാസ്ത്രബോധവും വന്നില്ല.യുക്തിവാദികൾ ശബരിമലയ്ക്കു പോകുന്ന കാലം എന്നുവരുമെന്നു നോക്കിയാൽ മതി.
ഇവിടെ ശാസ്ത്രജ്ഞന്മാരുമില്ല. ഐ എസ് ആർ ഒ പോലുള്ള സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളാണവർ. അവർ തേങ്ങയുടച്ചാണ് റോക്കറ്റ് വിടുന്നത്.അവരെല്ലാവരും തന്നെ സവർണരും ജ്യോതിഷവിശ്വാസികളുമാണ്. വിദ്യാഭ്യാസം കിട്ടിയവരേക്കാൾ നൂറേ ഭേദം അതു കിട്ടാത്തവരാണ്.താങ്കളുടെ പോസ്റ്റിന് അഭിനന്ദനം.

കെ.ആര്‍. സോമശേഖരന്‍ said...

ശാസ്ത്രപുരോഗതിയില്‍ ആഹ്ലാദവത്തുകളാ‍വുന്നതോടൊപ്പം ശാസ്ത്രവും വിശ്വാസവും കൈകോര്‍ക്കുന്ന ഒരു ഭാവിയാണ് എന്റെ തലമുറ സ്വപ്നം കണ്ടത്. ഒന്ന് വളരുന്നത് മറ്റൊന്നിനെ തള്ളിക്കൊണ്ടാവണോ? യുക്തിക്കപ്പുറത്ത് എത്രകാര്യങ്ങളുണ്ട്. ഈശ്വരസാന്നിദ്ധ്യമില്ലാതെ ഒരുപുരോഗതിയും സാദ്ധ്യമല്ല എന്ന് കാലം താങ്കളെ പഠിപ്പിക്കട്ടെ.

നിരക്ഷരത എന്നത് അക്ഷരമറിയാത്ത അവസ്ഥയാണ്. അഭ്യസ്തവിദ്യര്‍ എന്നത് വിദ്യ അഭ്യസിച്ചവരും. താങ്കള്‍ ലേഖനത്തില്‍ പ്രതിപാദിച്ചകൂട്ടത്തിന് അക്ഷരമറിയാത്ത അവസ്ഥ ഉണ്ടെന്നു തോന്നാത്തതുകൊണ്ട് തലക്കെട്ടു തെറ്റാണ്.

ഇ.എ.സജിം തട്ടത്തുമല said...

സോമശേഖരൻ മാഷെ,

“യുക്തിക്കപ്പുറത്ത് എത്രകാര്യങ്ങളുണ്ട്. ഈശ്വരസാന്നിദ്ധ്യമില്ലാതെ ഒരുപുരോഗതിയും സാദ്ധ്യമല്ല എന്ന് കാലം താങ്കളെ പഠിപ്പിക്കട്ടെ.“

എന്തിക്കെയാണു സാർ, യുക്തിക്കപ്പുറത്തെ ആ കാര്യങ്ങൾ? പിന്നെ കാലം തെളിയിക്കുമ്പോൾ പുനരാലോചിയ്ക്കാമല്ലോ! സന്തോഷങ്ങളും സന്താപങ്ങളും മാറി മാറി നൽകി രസിയ്ക്കുന്ന ആ ദൈവത്തിന്റെ സാഡിസം അല്പം കടുപ്പം തന്നെ! ലോകത്തു നല്ലൊരു പങ്കാളുകൾ ദൈവങ്ങളിലൊന്നും വീശ്വസിയ്ക്കാതെ തന്നെ മരിച്ചു മണ്ണടിഞ്ഞു. അവരൊക്കെ സ്വാഭാവികമായും നരകത്തിലായിരിയ്ക്കുമല്ലോ!. പാപികളായ ദൈവ വിശ്വാസികളും അവിടെയായിരിയ്ക്കുമോ ചെന്നെത്തുക. അതോ വിശ്വാസികളുടെ കൊടിയ പാതകങ്ങൾ പൊറുക്കപ്പെടുമോ? ഇതൊന്നും കേട്ട് ഞാനൊരു വരട്ടു യുക്തിവാദിയാണെന്നൊന്നും ധരിയ്ക്കല്ലേ. കമന്റിനു നന്ദി!

ഇ.എ.സജിം തട്ടത്തുമല said...

കെ.ആർ.സോമശേഖരൻ മാഷിനോടുതന്നെ,

"നിരക്ഷരത എന്നത് അക്ഷരമറിയാത്ത അവസ്ഥയാണ്. അഭ്യസ്തവിദ്യര്‍ എന്നത് വിദ്യ അഭ്യസിച്ചവരും. താങ്കള്‍ ലേഖനത്തില്‍ പ്രതിപാദിച്ചകൂട്ടത്തിന് അക്ഷരമറിയാത്ത അവസ്ഥ ഉണ്ടെന്നു തോന്നാത്തതുകൊണ്ട് തലക്കെട്ടു തെറ്റാണ്".

വാക്കുകളുടെ അർത്ഥമറിയാതെ അല്ല, തലക്കെട്ടുകൊടുത്തത്. അഭ്യസ്ഥവിദ്യർ നിരക്ഷരർക്കു തുല്യമോ അതിലും കഷടമോ ആണെന്നു സൂചിപ്പിയ്ക്കാൻ തന്നെ തലക്കെട്ട് അങ്ങനെ കൊടുത്തത്.

നിരക്ഷരൻ said...

പലപ്പോഴും ഒരു നിരക്ഷരനുള്ള സംസ്കാരം അഭ്യസ്ത വിദ്യർക്ക് ഇല്ലാതെ പോകാറുണ്ട് എന്നതും നാം അനുഭവിയ്ക്കാറുണ്ട്.

ഇപ്പറഞ്ഞതിന് ഞാന്‍ ഒരു ചായ വാങ്ങിത്തന്ന് എന്റെ സന്തോഷം പ്രകടിപ്പിച്ചെന്ന് വരും. :) :)

ചുമ്മാ തമാശിച്ചതാ :)

ഇനി കാര്യം:-

ശാസ്ത്രജ്ഞരും ക്ഷേത്രത്തില്‍ പോകുന്നതിനെ ഞാന്‍ കാണുന്നതിപ്രകാരമാണ്.

ക്ഷേത്രം , ആരാധന, ദൈവം എന്നൊക്കെ പറയുന്നത് വിഷമ സന്ധികള്‍ ഉണ്ടാകുമ്പോള്‍ , (അല്ലാത്തപ്പോഴും ആകാം) അതില്‍ നിന്ന് കരകയറാന്‍ മനുഷ്യന്‍ മനസ്സിനെ ഒരു കേന്ദ്രത്തിലേക്ക് അല്ലെങ്കില്‍ ശക്തിയിലേക്ക് (ശക്തിയുണ്ടോ ഇല്ലയോ എന്നത് അവനാണ് നിര്‍വ്വചിക്കുന്നതും തീരുമാനിക്കുന്നതും) ശ്രദ്ധ കേന്ദീകരിക്കുന്ന പ്രക്രിയയാണ്. മന്ത്രവാദത്തിനെപ്പോലും ഇതേ പ്രക്രിയയുടെ കൂട്ടത്തില്‍ പെടുത്താം. അങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അവന് മാനസ്സികമായി എന്തെങ്കിലും നല്ലരീതിയിലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അതവന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇപ്പറഞ്ഞത് ചെയ്യപ്പെടുന്നത് ഭക്തി, അല്ലെങ്കില്‍ ഈശ്വരാരാധന എന്നൊക്കെയുള്ള രൂപത്തിലാണെങ്കിലും ശ്രദ്ധ അല്ലെങ്കില്‍ കോണ്‍സണ്ട്രേഷന്‍ എന്ന സംഭവം ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന പ്രക്രിയയായിട്ട് മാത്രമാണ് ഞാനതിനെ കാണുന്നത്. അതുകൊണ്ട് അക്കാര്യത്തില്‍ പണ്ഡിതനും പാമരനും ശാസ്ത്രജ്ഞനും എന്ന വ്യത്യാസം ഒന്നും നോക്കിക്കാണാന്‍ എനിക്കാവില്ല. ഇത് എന്റെ കാഴ്ച്ചപ്പാട് മാത്രം. ഇതൊക്കെയാണെങ്കിലും ഞാനിങ്ങനെ ശ്രദ്ധകേന്ദ്രീകരണം നടത്തുന്ന പതിവില്ല എന്നതാണ് രസാവഹം. എന്നുവെച്ച് നിരീശ്വരവാദിയൊന്നും അല്ല. വിശ്വാസമാണ് ഈശ്വരന്‍ . അത് മനസ്സിലുണ്ടാകണമെന്ന് മാത്രമേയുള്ളൂ.

ലേഖനം ആസ്വദിച്ചു.