Thursday, June 24, 2010

പൊതുസ്ഥലങ്ങളിൽ പൊതുയോഗങ്ങൾ വിലക്കുമ്പോൾ........


പൊതുസ്ഥലങ്ങളിൽ പൊതുയോഗങ്ങൾ വിലക്കുമ്പോൾ..........


വിമർശിക്കുവാനുള്ള അവകാശം ജനാധിപത്യത്തിന്റെ സവിശേഷതകളിൽ ഒന്നാണ്. ഒരു ജനാധിപത്യ രാജ്യത്ത് സഭ്യമായ ഭാഷയിൽ ഭരണകൂടത്തെ മാത്രമല്ല, കോടതിയെയും കോടതിവിധികളെയും പോലും വിമർശിക്കുന്നത് തെറ്റോ കോർട്ടലക്ഷ്യമോ അല്ല. കോടതികളിൽ ഇരുന്ന് വിധിപറയുന്ന ന്യായാധിപന്മാരും മനുഷ്യരാണ്. അവരും രാജ്യത്തിലെ പൌരന്മാ‍രാണ്. അവരും പച്ചയായ മനുഷ്യരാണ്. മനുഷ്യ സഹജമായ പിശകുകൾ അവർക്കും സംഭവിച്ചുകൂടെന്നില്ല. അതുകൊണ്ടുതന്നെയാണ് ന്യായാധിപന്മാർ നടത്തുന്ന വിധിപ്രസ്താവങ്ങളെപോലും വിമർശനവിധേയമാക്കുന്നത് തെറ്റോ കോടതിയലക്ഷ്യമോ ആയി കരുതേണ്ടതില്ലെന്ന് പറയുന്നത്.

എന്നാൽ എതെങ്കിലും ഒരു വിഷയം സംബന്ധിച്ച് ബഹുമാനപ്പെട്ട എതെങ്കിലും ഒരു കോടതി ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാൽ അതു സംബന്ധിച്ച് പ്രസ്തുത വിധി പറഞ്ഞ കോടതി, അല്ലെങ്കിൽ അതിനു മുകളിലുള്ള മറ്റൊരു കോടതി മറിച്ചൊരു വിധി പറയുന്നതുവരെയോ, ബന്ധപ്പെട്ട വിഷയത്തിൽ നിയമനിർമ്മാണസഭ മറ്റൊരു നിയമം രൂപീകരിച്ച നടപ്പിലാക്കുന്നതുവരെയൊ നിലവിലുള്ള കോടതി വിധി അനുസരിക്കുവാൻ ബന്ധപ്പെട്ട എല്ലാവരും ബാദ്ധ്യസ്ത്ഥരാണ്.

ജനാധിപത്യത്തിൽ ഭരണകൂടം, നീതിപീഠം എന്നിവ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ജനങ്ങളെ ഭയക്കേണ്ടതുണ്ട്. കാരണം എല്ലാം ജനങ്ങൾക്കു വേണ്ടിയാകുമ്പോൾ അന്തിമ വിധി ജനങ്ങളുടേതാ‍യിരിക്കും; ആയിരിക്കണം. എന്നാൽ എല്ലാ ജനങ്ങളും ഒരേ പോലെ സർവ്വജ്ഞാനികളോ, ഒരേപോലെ കഴിവുകൾ ഉള്ളവരോ ഭരണ ശേഷിയുള്ളവരോ അല്ല. എല്ലാവർക്കും കൂടി ഒരുമിച്ചു കയറിയിരുന്ന് ഭരണം നടത്താനോ നീതിന്യായം നടത്താനോ കഴിയില്ല. അതു കൊണ്ടാണ് ജനങ്ങളുടെ കാര്യങ്ങൾ നോക്കി നടത്തുവാൻ ഭരണകൂടം, നീതി പീഠം തുടങ്ങി വിവിധ ചുമതലകൾ ഏതാനും പേർക്ക് വിഭജിച്ചുനൽകുന്ന നിലയിൽ ഭരണഘടനയും, തെരഞ്ഞെടുപ്പും, ഭരണകൂടവും, നീതിപീഠങ്ങളും ഉദ്യോഗസ്ഥ ശൃംഖലകളും മറ്റുമായി രാഷ്ട്രവ്യവസ്ഥയെ സംവിധാനപ്പെടുത്തിയിട്ടുള്ളത്.

ഇതെല്ലാം ജനങ്ങളുടെ സൌകര്യങ്ങൾക്കു വേണ്ടിയാണ്. ജനങ്ങളുടെ പൌരാവകാശങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കാൻ പറയുന്ന ഒരു ഏജൻസികൾക്കും അവകാശമില്ല. പൌരന്റെ രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും മറ്റുമായ അവകാശങ്ങളെ സംരക്ഷിച്ച് പരിപാലിച്ചു പോരുക എന്നതാണ് എല്ലാ ഭരണഘടനാസ്ഥാപനങ്ങളുടെയും ചുമതല. ഇതിനു കടക വിരുദ്ധമായ ഭരണ നടപടികളോ കോടതി വിധികളോ അതുകൊണ്ടു തന്നെ അന്യായമാണ്, പ്രത്യേകിച്ചും പൌരന്റെ സമാധാനപരമായി സംഘടിക്കുവാനും സമരം ചെയ്യുവാനും പൊതുയോഗങ്ങൾ ചേരുവാനും ആശയങ്ങൾ പ്രചരിപ്പിക്കുവാനും ഉള്ള അവകാശങ്ങൾ ഇല്ലാതാക്കുക എന്നു വന്നാൽ പിന്നെ ജനാധിപത്യം എന്നതിന് എന്തർത്ഥമാണുള്ളത്?

ജനാധിപത്യം എന്ന പദം നാം പറയുമ്പോൾ അതിൽ ഒരുപാട് ആശയങ്ങൾ അടങ്ങിയിട്ടുണ്ട്. അതുപോലെ കുറെ അവകാശങ്ങളെയും അത് ഉൾക്കൊള്ളുന്നുണ്ട്. ചില സ്വാതന്ത്ര്യങ്ങൾ അത് ഉറപ്പു നൽകുന്നുണ്ട്. അവ നിഷേധിക്കപ്പെട്ടാൽ ജനാധിപത്യംതന്നെ ഇല്ലാതാകും. അത്തരം സാഹചര്യം രൂപപ്പെടുന്നതിന് കോടതികൾ കാരണമാകരുത്. ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കാനല്ല, അവയെ സംരക്ഷിക്കാനാണ് കോടതിയുൾപ്പെടെയുള്ള നിയമ സംവിധാനങ്ങൾ നിലകൊള്ളേണ്ടത്. വൈകാരികമായി നീതിപീഠങ്ങൾ കാര്യങ്ങളെ കാണാൻ പാടില്ല.

ഏതെങ്കിലും വ്യക്തിയുടെയോ വ്യക്തികളുടെയോ ചൊറിച്ചിൽ മാറ്റാൻ സഹായിക്കുന്ന വിധികൾ പറഞ്ഞ് നീതി പീഠത്തിന്റെ വില കളയാൻ ഒരു ന്യായാധിപനും തയ്യാറാകരുത്. സമൂഹത്തിന്റെ പൊതു നന്മയ്ക്കു വേണ്ടിയാണ് കോടതികളും നില കൊള്ളേണ്ടത്. രാഷ്ട്രീയമായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം പോലും ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയാൽ അതിൽ ഇടപെട്ട് ജനാധിപത്യത്തെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട നീതിന്യായവിഭാഗം തന്നെ ജനവിരുദ്ധസമീപനം വച്ചു പലർത്തുന്നത് രാജ്യത്തിനകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും.

വാഹനങ്ങളും കെട്ടിട സമുച്ചയങ്ങളും സ്വന്തമായുള്ളവർ മാത്രമല്ല പൌരലോകം. അഥവാ അത്തരക്കാർ ന്യൂനപക്ഷം മാത്രമാണ്. സമ്പത്തിന്റെ പിൻബലത്തിൽ രാഷ്ട്രം, സമൂഹം മുതലായവയോടൊന്നും താല്പര്യം പുലർത്താത്ത അരാഷ്ട്രീയ വാദികൾ ജനാധിപത്യ രാജ്യത്തെ സ്വാഭാവികമായ ദൈനംദിന മനുഷ്യ പ്രവർത്തനങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ട് കേസും വഴക്കുമായി വന്നാൽ അത് കോർട്ടലക്ഷ്യമായി കണ്ട് അവരെ ശാസിച്ച് ജനാധിപത്യ സമൂഹത്തോട് പൊരുത്തപ്പെട്ടു ജീവിക്കുവാൻ ഉപദേശിക്കേണ്ടുന്ന ബഹുമാനപ്പെട്ട കോടതികൾ അത്തരം സമ്പന്നവർഗ്ഗ പിന്തിരിപ്പന്മാർക്ക് ആഹ്ലാദിക്കാനും അറുമ്പാതിക്കനും ഉതകുന്ന വിധിപ്രസ്താവങ്ങൾ നൽകുന്നത് അനുചിതവും അപകടകരവുമാണ്.

ജനാധിപത്യാവകാശങ്ങളെ ഉപയോഗിക്കുമ്പോൾ അത് സമാധാനപരമായും അന്യന്റെ അവകാശങ്ങൾക്ക് കോട്ടം തട്ടാതെയും തന്നെയാണോ ഉപയോഗിക്കുന്നതെന്ന് നീതിപീഠങ്ങൾക്ക് നോക്കാം‍. അതവയുടെ ഉത്തരവാദിത്തങ്ങളിൽ പെടുന്നതു തന്നെ. മറിച്ചായാൽ അതിൽ ഇടപെടാം. വിധിപറയാം. പക്ഷെ അത് ജനാധിപത്യത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാകണം. ജനാധിപത്യത്തോട് ആദരം പുലർത്തിക്കൊണ്ടാകണം.

ഒരു ജനാധിപത്യ രാജ്യത്തിൽ ഒരു അലോസരവുമില്ലാതെ എല്ലാവർക്കും ജീവിക്കണം എന്നു വച്ചാൽ അത് അസാദ്ധ്യമാണ്. പ്രശ്നഭരിതമായ ലോകത്ത് സമരങ്ങളും യോഗങ്ങളുമൊക്കെ നടക്കും. പ്രത്യേകിച്ചും മുതലാളിത്ത ചൂഷണങ്ങളും ഭരണകൂടത്തിന്റെ അന്യായങ്ങളും തദ്വാരാ അസമത്വങ്ങളും ഉള്ള സമൂഹങ്ങളിൽ! വ്യത്യസ്തമായ ആശയങ്ങൾ ഉള്ള ലോകമാകുമ്പോൾ സംവാദങ്ങളും ഉണ്ടാകും. അതൊന്നുമില്ലാതെ സ്വസ്ഥം സ്വജീവിതം നയിക്കണമെന്നുള്ളവർ ജനാധിപത്യമില്ലാത്താ രാജ്യങ്ങൾ തേടി പോകുന്നതാണ് നല്ലത്.

എന്റെ കാതിന് അരോചകമാകും എന്നതിനാൽ മസ്ജിദുകളിൽ ബാങ്കു വിളിക്കരുതെന്നോ പള്ളിയിൽ മണിയടിക്കരുതെന്നോ അമ്പലത്തിൽ സുപ്രഭാതം കേൾപ്പിക്കരുതെന്നോ പറയാൻ കഴിയുമോ? മുനിസിപ്പാലിറ്റിയിൽ സൈറൻ മുഴക്കരുതെന്നു പറയാമോ? ആംബുലൻസുകൾ നിശ്ശബ്ദമായി ഓടിക്കണമെന്നോ ശഠിക്കാമോ? പാർക്കിംഗ് സൌകര്യമില്ലാത്ത സ്ഥലങ്ങളിൽ റോഡു വക്കിൽ വാഹനങ്ങൾ അത്യാവശ്യത്തിനു പാ‍ർക്കു ചെയ്യരുതെന്ന് പറയാമോ? അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾ പൊതുസ്ഥലങ്ങളിൽ തടിച്ചു കൂടരുതെന്ന് പറയാമോ?

ഇപ്പോൾ ഇവിടെ മതപ്രഭാഷണങ്ങളും ഉത്സവങ്ങളും നടത്തുന്നത് അതത് ആരധാനാലയങ്ങളുടെ അകത്തോ സ്വകാര്യ സ്ഥലങ്ങളിലോ ഒക്കെയാണ്. എന്നാൽ അവരുപയോഗിക്കുന്ന ഉച്ചഭാഷിണികൾ കിലോ മീറ്ററുകളോളം ദൂരെ കേൾക്കുന്നുണ്ട്. കേൾക്കാൻ ആഗ്രഹിക്കാത്തവരും അതു കേൾക്കേണ്ടി വരുന്നു. അവ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ട്. എല്ലാ നിയമങ്ങളെയും നിയന്ത്രണങ്ങളെയും അവർ കാറ്റിൽ പറത്തുന്നു. പക്ഷെ അതിനെതിരെ ആർക്കും പരാതിയില്ല. പരാതിപ്പെട്ടാൽ നടപടിയുമില്ല. കാരണം അതിൽ തോട്ടാൽ പൊള്ളും.

അങ്ങനെ ദൈനംദിന ജീവിതത്തിൽ എന്തെല്ലാം അലോസരങ്ങൾ ഉണ്ടാകുന്നു. ഇതൊന്നും സഹിക്കാൻ പറ്റില്ലെന്നു വരുന്നവർ സമൂഹത്തിൽ ജീവിക്കാൻ പറ്റിയവരല്ല. എന്നാൽ രാഷ്ട്രീയ പ്രസ്ഥനങ്ങളെയും മറ്റ് സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളെയും മാത്രമാണ് ഇത്തരം നിയന്ത്രണങ്ങൾ ബാധിക്കുന്നത്. ഒട്ടും അലോസരമില്ലതെ ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നത് തികഞ്ഞ അരാഷ്ട്രീയ തിമിരബാധയുള്ളവരാണ്. അവർ ശരിക്കും അരാജകത്വത്തെ വരവേൽക്കാൻ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ രാഷ്ട്രീയപാർട്ടികൾക്കും മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും ഉള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അഥവാ അത് അവയുടെ ഉത്തരവാദിത്തമാണ്. അങ്ങനെയുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന വിധികൾ നീതിപീഠങ്ങളിൽ നിന്നും ഉണ്ടാകാൻ പാടുള്ളതല്ല. രാഷ്ട്രീയക്കാരുടെ മേൽ മാത്രം എല്ലാവർക്കും കുതിര കയറാം എന്ന ഒരു രീതി ശരിയല്ല. വിമർശനമെന്നാൽ രാഷ്ട്രീയ പാർട്ടികളെ വിമർശിക്കൽ മാത്രമാണെന്ന ധാരണ ഉണ്ടെങ്കിലിൽ അതു ശരിയല്ല. അത് തിരുത്തപ്പെടണം.

ഇപ്പോൾ റോഡ് വക്കിൽ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ട് ബഹുമാനപ്പെട്ട ഹൈക്കൊടതി വിധി പ്രഖ്യാപിച്ചതോടെ ഒരു ജനാധിപത്യ അവകാശം കൂടി കവർന്നെടുക്കപ്പെടുകയാണ്. നേരത്തെ ബന്ദ് നിരോധിച്ചു. (അതിനു ചില ന്യായീകരണങ്ങൾ കണ്ടെത്താമെന്നു വിചാരിക്കാം. ഗതാഗതം തടയുന്നതിനെ ഈയുള്ളവൻ പോലും ന്യായീകരിക്കുന്നില്ല. എന്നു വച്ച് ഹർത്താൽ വിരോധിയുമല്ല). മറ്റൊന്ന് കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനത്തിനു മാനദണ്ഡം വച്ചതു വഴി കാമ്പസുകളിൽ അരാജകത്വം വളരുന്നു. ഇപ്പോൾ പൊതു സ്ഥലങ്ങളിൽ യോഗം ചേരുന്നതു നിരോധിച്ചു.

റോഡിന്റെ മധ്യത്തിലല്ല ആരും പൊതുയോഗം നടത്തുന്നത്. അതിന്റെ ഒരു ഓരത്താണ്. വാഹങ്ങൾക്ക് തടസമില്ലാതെ ആളുകളെ പരമാവധി റോഡരികിൽ ഒതുക്കി നിർത്തിതന്നെയാണ് ഇന്ന് എല്ലാവരും പൊതുയോഗം നടത്തുന്നത്. പോലീസും ഇക്കാര്യത്തിൽ സഹയിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ മുഴുവൻ വിവരദോഷികളാണെന്നു കരുതുന്നതുശരിയല്ല.

വാഹനങ്ങൾ ആൾക്കൂട്ടം കാണുമ്പോൾ ഒന്നു സ്ലോ ചെയ്തു പോകേണ്ടിവരും. അതിപ്പോൾ എവിടെയെങ്കിലും മറ്റുതരത്തിൽ ട്രാഫിക്ക് തടസം ഉണ്ടാകുമ്പോഴും ഒന്നു സ്ലോ ചെയ്യേണ്ടതായോ അല്പം ചവിട്ടേണ്ടതായൊ വരാമല്ലോ. അല്ലാതെ വാഹന അപകടങ്ങൾക്ക് മുഴുവൻ പൊതുയോഗങ്ങളാണ് കാരണമെന്നൊക്കെ നിരീക്ഷിക്കുന്നത് ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ടായിരിക്കണം.

സ്വാതന്ത്ര്യ സമരകാലത്ത് ഇങ്ങനെ ഒരു വിലക്ക് ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നേതാക്കന്മാർ അത് പാലിക്കുമായിരുന്നോ? പൊതു സ്ഥലത്തും മറ്റും യോഗങ്ങളും പ്രകടനങ്ങളും മറ്റു പല സമര രൂപങ്ങളും ഉപയോഗിച്ചു തന്നെയാണ് സ്വാതന്ത്ര്യം ഉൾപ്പെടെ നാം ഇന്ന് അനുഭവിക്കുന്ന പല അവകാശങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും നേടിയെടുത്തിട്ടുള്ളത്. അല്ലാതെ ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ഏതെങ്കിലും കോടതി വിധിയിലൂടെ നേടിയതുമല്ല.

ജനാധിപത്യ രാജ്യത്ത് യോഗങ്ങളും പ്രകടനങ്ങളും പണിമുടക്കുകളുമൊക്കെ സ്വാഭവികമാണ്. ഇതൊന്നും കൂടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിലേയ്ക്ക് പോകുന്നതാണു നല്ലത്. ഇനി നാളെ പ്രകടനങ്ങളും കൂടിയേ നിരോധിക്കുവാനുള്ളു. പൊതു വഴികളിലൂടെയാണല്ലോ പ്രകടനങ്ങൾ നടത്തുന്നത്. പൊതു വഴിയിൽ പ്രകടനം കൂടി നിരോധിച്ചാൽ പിന്നെ എവിടെ പോയി പ്രകടനം നടത്തും? അവനവന്റെ വാഴപ്പണയിലോ? ഇനി പ്രതിഷേധ പ്രകടനങ്ങൾ പോലും സ്വകാര്യ സ്ഥലങ്ങളിൽ വച്ചു നടത്തണമെന്നു പറഞ്ഞുകൂടെന്നില്ല.

എന്തിന്, ഇനി നാളെ റോഡിലിറങ്ങി നിൽക്കരുതെന്നു പറയുമോ എന്നു കണ്ടുതന്നെ അറിയണം? കാരണം റോഡ് നടക്കാനും വാഹനം പോകാനുമുള്ളതാണ്. ആകയാൽ റോഡിനരികിൽ നിൽക്കുന്നവർ നടന്നു കൊണ്ടിരിക്കണം. നിൽക്കാൻ പാടില്ല; പ്രത്യേകിച്ചും കൂട്ടം കൂടി. കാരണം റോഡ് പൊതു വകയാണ്! ഇതു മാതിരി ഇരുന്നുകൂട നിന്നു കൂട നടന്നുകൂട കിടന്നുകൂടാ എന്ന തരത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ഏതു ഭാ‍ഗത്ത് നിന്നുണ്ടായാലും അത് എതിർക്കപ്പെടേണ്ടതാണെന്ന്.

അങ്ങനെ ഒന്നൊന്നായി പൌരാവകാശങ്ങൾ എടുത്തു കളഞ്ഞ് സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ പറ്റിയ പരിസരമൊരുക്കുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല? ജനാധിപത്യ രാഷ്ട്രത്തിലെ നിയമസംവിധാനങ്ങളുടെ പിൻബലത്തോടെ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുവാനുതകുന്ന ശ്രമങ്ങൾ നടത്തുന്നത് പ്രോത്സാഹിപ്പിക്കാവുന്നതല്ല. ഇതിൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ ശക്തമായി പ്രതികരിക്കേണ്ടതാ‍ണ്.

അരാഷ്ട്രീയത ഇന്ന് കോടതികളെ പോലും സ്വാധീനിക്കത്തക്ക നിലയിൽ വളർന്നിരിക്കുന്നുവെന്ന യാഥാർത്ഥ്യങ്ങൾക്കുമുന്നിൽ ജനാധിപത്യവാദികൾ പകച്ചു നിൽക്കരുത്. ഇതിനെ മറികടക്കാൻ സംഘടിതമായ നീക്കങ്ങളാണ് ഉണ്ടാകേണ്ടത്. നിയമപരമായിട്ടാണെങ്കിലും സമാധാനപരമായ ജനകീയ ചെറുത്ത് നില്പുകളിലൂടെയാണെങ്കിലും. സമരമാർഗ്ഗങ്ങൾ രാഷ്ട്രീയ ഭരണകൂടത്തിനും, ഉദ്യോഗസ്ഥ മേലാളന്മാർക്കും, അന്യായം കാണിക്കുന്ന തൊഴിലുടമകൾക്കും എതിരെ മാത്രം പ്രയോഗിക്കനുള്ള ഒന്നല്ല. ധാരണ മാറണം. ഏതൊരു ഭരണഘടനാ സ്ഥാപനത്തെയും നേർവഴിക്കു നയിക്കാൻ ജനങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്.

അങ്ങനെ ഒന്നൊന്നായി പൌരാവകാശങ്ങൾ എടുത്തു കളഞ്ഞ് സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ ഒരുങ്ങുകയാണോ? ജനാധിപത്യ രാഷ്ട്രത്തിലെ നിയമസംവിധാനങ്ങളുടെ പിൻബലത്തോടെ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുവാനുതകുന്ന ശ്രമങ്ങൾ നടത്തുന്നത് പ്രോത്സാഹിപ്പിക്കാവുന്നതല്ല. ഇതിൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ ശക്തമായി പ്രതികരിക്കേണ്ടതാ‍ണ്.

കോടതികൾ നിഷ്പക്ഷമായി നീതി നിർവഹിക്കണം എന്നു വ്യവസ്ഥയുണ്ട്. ജനം പ്രതീക്ഷിക്കുന്നതും അതാണ്. എന്നാൽ ഒരു ജനാധിപത്യ രാജ്യത്തിലെ ജനാധിപത്യ ബോധമുള്ള പൌരന് കോടതികൾ അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ല. ഇത് ഒരു ഗൌരവമുള്ള വിഷയമാണ്. കോടതിവിധിയെ മറികടക്കാനുള്ള നിയമപരമായ മാർഗ്ഗങ്ങൾ അവലംബിക്കുകയും പൌരാവകാശങ്ങൽ നിലനിർത്താൻ സർവ്വ രാഷ്ട്രീയ കക്ഷികളൂടെം ഒരുമിച്ച് അണിനിരക്കേണ്ടിയുമിരിക്കുന്നു.

രാഷ്ട്രം എന്നാൽ ഒരു പ്രത്യേക ഭൂമിശാസ്ത്ര പ്രദേശവും അതുൾക്കൊള്ളുന്ന ജനവും അവകളെ നോക്കിനടത്തുന്ന ജനങ്ങളാൽ (ജനാധിപത്യത്തിൽ) തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ഉൾപ്പെടുന്നതാണ്. ജനങ്ങൾ തന്നെ അവിടെ യജമാനൻ. എന്നാൽ സ്വാർത്ഥമതികളായ ഏതാനും വ്യക്തികൾ മാത്രം ചേർന്നാൽ അതു രാഷ്ട്രമാകില്ല. സ്വാർത്ഥ ലാഭങ്ങളെ ലക്ഷ്യമാക്കി ഏതെങ്കിലും തല്പരകക്ഷികൾ കോടതികളിൽ ഫയൽ ചെയ്യുന്ന അന്യായങ്ങളിന്മേൽ സമൂഹത്തിന്റെ മൊത്തം അവകാശങ്ങളെ നിഹനിക്കുന്ന വിധി പ്രസ്താവനകൾ നടത്തുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ നീതിപീഠങ്ങൾക്ക് യോജിച്ചതല്ല.

Wednesday, June 2, 2010

ആദ്യാക്ഷരിയ്ക്ക് രണ്ടാം വാർഷികാശംസകൾ!

ആദ്യാക്ഷരിയ്ക്ക് രണ്ടാം വാർഷികാശംസകൾ!

ആദ്യംതന്നെ രണ്ടാം വാർഷികം ആഘോഷിക്കുന്ന എന്റെ ബൂലോകഗുരു ആദ്യാക്ഷരി ബ്ലോഗിന് ആശംസകൾ!

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ബ്ലോഗ് തുടങ്ങുന്നത് 2008 ജനുവരിയിലോ ഫെബ്രുവരിയിലോ മറ്റോ ആണ്. ഇപ്പോൾ ഉള്ളതിൽ ഏറ്റവും പഴയ പോസ്റ്റ് ഞാൻ 2008-ആ‍ാഗസ്റ്റ് മാസത്തിൽ ഇട്ടതായാണ് കാണുന്നത്. ഞാൻ ഇന്റെർനെറ്റ് ഉപയോഗിച്ചു തുടങ്ങി അധികം ദിവസങ്ങൾ കഴിയും മുൻപു തന്നെ ബ്ലോഗുകളെക്കുറിച്ചും മനസ്സിലാക്കി.ഓർക്കുട്ടിലെ ഏതോ ലിങ്കു വഴി ആദ്യം കണ്ട ബ്ലോഗ് സിന്ധു ജോയിയുടേതായിരുന്നു. ബ്ലോഗ് എന്ന വാക്കു തന്നെ അന്നാണ് കാണുന്നതും അറിയുന്നതും.

പിന്നെ ഏതാനും ദിവസങ്ങൾക്കകം തന്നെ ഞാനും എന്റേതായ ബ്ലോഗ്-അല്ല-ബ്ലോഗുകൾ- തുടങ്ങി.കമ്പ്യൂട്ടറും ഞാൻ പഠിച്ചു തുടങ്ങിയിട്ട് അപ്പോഴേയ്ക്കും ആറോ ഏഴോ വർഷമേ ആയിട്ടുണ്ടായിരുന്നുള്ളു. മേഖലയിൽ, അതായത് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും പ്രത്യേകിച്ച് ബ്ലോഗിന്റെയും ലോകത്ത എത്താൻ വൈകിയതിൽ ഇന്നും ഞാൻ അതിയായി ദു:ഖിക്കുന്നുണ്ട്.

എന്തായാലും ബ്ലോഗു തുടങ്ങി ഉടൻ ഞാൻ ആദ്യാക്ഷരിയെ കണ്ടെത്തി. എല്ലാം യാദൃച്ഛികമായിരുന്നു. ബ്ലോഗു തുടങ്ങാനുള്ള വിദ്യ ഒരു കമ്പ്യൂട്ടർ സെന്ററിൽ നിന്ന് അല്പം മാത്രം പഠിച്ച എന്റെ ഒരു വിദ്യാർത്ഥിയും ഇപ്പോൾ സഹപ്രവർത്തകനുമായ ഒരു പയ്യന്റെ സഹായത്തോടെ ബ്ലോഗു തുടങ്ങി . പക്ഷെ ബ്ലോഗിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ അറിവൊന്നും പയ്യനില്ലായിരുന്നു. എങ്കിലും ബൂലോകത്തേയ്ക്കുള്ള പ്രവേശനത്തിന് ഉള്ളവന്റെ അല്പജ്ഞാനം എനിക്കു സഹായകമായി.

ബ്ലോഗ് തുടങ്ങിയശേഷം ഞാൻ പണ്ടെന്നോ എഴുതിയ, ആനുകാലികങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചവയും അല്ലാത്തവയുമായസാധനങ്ങൾഓരോന്നും പൊടിതട്ടിയെടുത്ത് മിനക്കെട്ടിരുന്ന് ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്തു തുടങ്ങി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ബാംഗ്ലൂരിൽ ഒരു ഇന്റെർനെറ്റ് പത്രത്തിൽ ജോലി നോക്കിയിരുന്ന എന്റെ സുഹൃത്ത് മാരീചൻ യാദൃച്ഛികമായി എന്റെ ബ്ലോഗ് കണ്ടിട്ട് ഫോൺ വിളിച്ച് പ്രോത്സാഹിപ്പിച്ചു. അപ്പോഴാണ് മാരീചൻ കുറച്ചുകൂടി നേരത്തെ ബ്ലോഗ്ഗിംഗ് തുടങ്ങിയ വിവരം ഞാൻ അറിയുന്നത്തന്നെ. മാരീചനെന്നൊരു അപരനാമത്തിൽ പുള്ളി ബൂലോകത്ത് വിലസുന്ന കാര്യം അപ്പോഴാണ് ഞാൻ അറിയുന്നത്.

കൂടാതെ ദുബായിൽ നിന്നും ഇപ്പോൾ ഇന്ത്യൻ കോൻസുലേറ്റിലുള്ള (അന്ന് ആസ്ട്രേലിയൻ കോൺസുലേറ്റിലോ മറ്റോ ആയിരുന്നെന്നു തോന്നുന്നു.) എന്റെ അയൽ വാസിയും സുഹൃത്തുമായ ജാസിമിന്റെ പ്രതികരണവും പ്രോത്സാഹനവും വന്നു. അദ്ദേഹവും നേരത്തേ ബ്ലോഗു തുടങ്ങിയിരുന്നു. ഞാൻ കൂടി വന്നതോടെ ജാസിം തിരക്കിനിടയിലും അല്പം കൂടി ബ്ലോഗിംഗിൽ സജീവമായി. അവിടെ യു.. യിലെ തട്ടത്തുമല പ്രവാസി സംഗമത്തിന്റെ (തപസ്സ്) ബ്ലോഗിലും മറ്റും ഞാനും ജാസിമും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ ബ്ലോഗിംഗിൽ പരിചയമുള്ള ഒന്നുരണ്ട് കൂട്ട് കിട്ടിയതിൽ ഞാൻ സന്തോഷിക്കുകയും ചെയ്തു. പിന്നീട് ദുബായിലുള്ള എന്റെ അടുത്ത സുഹൃത്ത് വാഴോടനും ബ്ലോഗു തുടങ്ങി.

നാട്ടിൽ വീഡിയോ ഗ്രാഫറും എന്റെ വിദ്യാർത്ഥിയും എന്നെ മൌസു ചലിപ്പിക്കാൻ ആദ്യമായി പരിശീലിപ്പിച്ചവരിൽ പ്രധാനിയുമായ കപിലിന് ഒരു ഫോട്ടോ ബ്ലോഗുണ്ട്. കമ്പ്യൂട്ടർ പഠിക്കാൻ കപിലും മറ്റുമാണ് എന്നെ സഹായിച്ചതെങ്കിൽ ഇന്റെർനെറ്റും ബ്ലോഗിംഗും പഠിക്കാൻ തിരിച്ച് കപിലിനെ ഞാൻ സഹായിക്കുകയായിരുന്നു. എന്നെ കമ്പ്യൂട്ടർ പഠിപ്പിക്കുക വഴി ഇക്കാര്യത്തിൽ എന്റെ ഗുരുക്കന്മാരായി കൂടി മാറിയ എന്റെ പൂർവ്വ വിദ്യാർത്ഥികൾ, ഇപ്പോൾ എനിക്ക് അവരെക്കാൾ കമ്പ്യൂട്ടർ, ഇന്റെർനെറ്റ് എന്നിവയുടെ ചില മേഖലകളിലെങ്കിലും ഉള്ള സാമർത്ഥ്യത്തെപ്പറ്റി ഞാൻ വീമ്പു പറയുമ്പോൾ അവന്മാർ ഗ്രൂപ്പായി എന്നെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്; കശ്മലന്മാർ!

അവന്മാരിൽ ചിലവന്മാർ വലിയ ഹാർഡ് വയറിസ്റ്റുകളും ചിലവന്മാർ വലിയ സോഫ്റ്റ് വയറിസ്റ്റുകളുമാണ്. എന്നാൽ ഇതൊന്നുമല്ലാ‍ത്ത എനിക്ക് അറിയാവുന്ന കമ്പ്യൂട്ടർ സംബന്ധിയായ പലതും അവന്മാർക്കറിയാത്തതിനെ ചൊല്ലി ഞാൻ അവന്മാരെയും കളിയാക്കും. കമ്പ്യൂട്ടർ സംബന്ധിയായ എന്തെങ്കിലും പുതിയ പുതിയ സംശയങ്ങൾ അവരോട് ചോദിക്കുമ്പോൾ അവർക്ക് അറിയില്ലെങ്കിൽ എനിക്ക് ദേഷ്യം വരും. അപ്പോൾ പിന്നെ നീയൊക്കെ എന്തിനെടാ പോളിയിലും കീളിയിലുമൊക്കെ പോയതെന്നാണ് എന്റെ ചോദ്യം.

നമ്മുടെ നാട്ടിൽനിന്നുതന്നെ ഇനിയും കൂടുതൽ പേർ ബ്ലോഗിംഗിലേയ്ക്ക് വരുമെന്നാണ് എന്റെ പ്രതീക്ഷ. പലർക്കും ആഗ്രഹമുണ്ട്. പക്ഷെ പഠിക്കാൻ സമയവും സന്ദർഭവും കിട്ടുന്നില്ല എന്നതാണ് പ്രശ്നം. ചിലർക്കൊക്കെ ഇതെന്തോ തങ്ങൾക്ക് അപ്രാപ്യമായ മേഖലയാണെന്നൊരു തെറ്റിദ്ധാരണയും ഉണ്ട്. ഒക്കെ മാറിവരുമെന്നാണ് എന്റെ വിശ്വാസം.

എന്തായാലും ബ്ലോഗു കണ്ടെത്തിയത് എനിക്ക് ആദ്യം ഒരു കൌതുകവും ആവേശവുമായിരുന്നു. സ്വന്തമായി ബ്ലോഗു തുടങ്ങിയപ്പോൾ അത് ഒരു തരം ഭ്രാന്തായി മാറി. ആദ്യാക്ഷരി കണ്ടതോടെ ഭ്രാന്തു മൂത്തു. പിന്നെ ആദ്യാക്ഷരിയിലെ ഓരോ അദ്ധ്യായവും (എന്റെ പറട്ട സിസ്റ്റത്തിന്റെ സൌകര്യങ്ങളിൽ ഒതുങ്ങുന്നതെല്ലാം) വായിച്ച് പരീക്ഷണങ്ങൾ തുടങ്ങി. എന്തിന്, ആദ്യാക്ഷരിയിലെ പോസ്റ്റുകൾ വായിച്ചു പരീക്ഷിക്കുന്നതിനു മാത്രമായി തന്നെ ചില ബ്ലോഗുകൾ രഹസ്യമായും തുടങ്ങി.

ചുരുക്കത്തിൽ ഇന്റെർ നെറ്റും, ഇമെയിലും, ബ്ലോഗുമെല്ലാം അനല്പമായി എന്നെ പഠീപ്പിച്ചവരെ ഞാൻ തിരിച്ച് വിശദമായി പഠിപ്പിച്ചു തുടങ്ങി. അല്ലെങ്കിലും എന്റെ വിദ്യാർത്ഥികളായിരുന്നവരാണ് എന്നെ കമ്പ്യൂട്ടർ തന്നെ പഠിപ്പിച്ചത്. കമ്പ്യൂട്ടറിൽ അവർ ഇന്നും കേമന്മാരാണ്. പക്ഷെ നെറ്റകത്തെ അദ്ഭുതങ്ങൾ പലതും ഇപ്പോൾ അവർക്ക് ഞാൻ പറഞ്ഞു കൊടുക്കുന്നു. എന്നെ അവർ കമ്പ്യൂട്ടറിന്റ് ലോകത്ത് എത്തിച്ചു. ഇപ്പോൾ ഞാൻ അവരെ ഇന്റെർനെറ്റിന്റെ ലോകത്തെക്കുറിച്ച് പഠിപ്പിക്കുന്നു.

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്നു പറഞ്ഞതു പോലെ തട്ടത്തുമല ദേശത്ത് ബ്ലോഗിംഗിൽ, അതായത് ബ്ലോഗ് സെറ്റിംഗുകളിലും മറ്റും ഇതെഴുതുംവരെ ഞാൻ തന്നെ അഗ്രഗണ്യൻ അഥവാഅതുല്യപ്രതിഭഎന്ന ഒരു ഗമയിലാണ് ഞാൻ നടക്കുന്നത്. ആദ്യാക്ഷരി തന്നെയാണ് എന്റെ പ്രധാന ഗുരു. പിന്നീടാണ് മുള്ളൂക്കാരന്റെ ബ്ലോഗും, നമ്മുടെ തന്നെ നാട്ടുകാരൻ എന്നു പറയാവുന്ന രാഹുൽ കടയ്ക്കലിന്റെ ഇൻഫ്യൂഷനും മറ്റും പരിചയപ്പെടുന്നത്.

ആദ്യാക്ഷരിയിലും മറ്റ് സഹായ ബ്ലോഗുകളിലും പറയുന്ന കാര്യങ്ങൾ പരീക്ഷിക്കുന്നത് കുറെനാൾ എന്റെ ഒരു ശീലമായും പിന്നെ ദുശ്ശീലമായും മാറുകയുണ്ടായി. ഇപ്പോൾ അത് ദുശ്ശീലമല്ലെങ്കിലും ഇടയ്ക്ക് ഒരു ശീലം തന്നെയാണ്. ആദ്യാക്ഷരിയിൽ നിന്നും മറ്റു സഹായ ബ്ലോഗുകളിൽ നിന്നും പഠിച്ച ബ്ലോഗ് സെറ്റിംഗുകൾ എല്ലാം പ്രധാന ബ്ലോഗുകളിൽ ഉപയോഗിക്കാത്തത് ലോഗിംഗ് സമയത്തിൽ ദൈർഘ്യം ഉണ്ടാകും എന്നു ഭയന്നാണ്. ആദ്യാക്ഷരിയിലെ പുതിയ പോസ്റ്റുകൾ അപ്പപ്പോൾ അറിയുന്നതിന് എന്റെ പ്രധാന ബ്ലോഗുകളിൽ എല്ലാം (ബ്ലോഗുകൾ എനിക്ക് പലതുണ്ട് കേട്ടോ. വട്ടല്ലേ? ദയവായി സഹിക്കുക) ആദ്യാക്ഷരിയെ ബ്ലോഗ് ലിസ്റ്റിൽ ആഡ് ചെയ്ത് ബ്ലോഗിന്റെ സൈഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മറ്റൊന്ന് ഇന്നിപ്പോൾ ലോകമാകെ ലക്ഷക്കണക്കിനു ബ്ലോഗുകളും മറ്റും ഉള്ളപ്പോഴും ഇനിയും കമ്പ്യൂട്ടർ എക്സ്പെർട്ടുകളായവരിൽ പോലും നല്ലൊരു പങ്കിനും ബ്ലോഗുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാതെ പോകുന്നുണ്ട് എന്നത് ദു:ഖകരമായ ഒരു വസ്തുതയാണ്. ഞാൻ ചിലപ്പോഴെല്ലാം സന്ദർശിക്കാറുള്ള കിളിമാനൂരിലെ ഒരു ഇന്റെർനെറ്റ് കഫേ നടത്തുന്ന കമ്പ്യൂട്ടർ എക്സ്പെർട്ടിനു ബ്ലോഗ് എന്ന മാധ്യമത്തെ കുറിച്ച് പറഞ്ഞു കൊടുത്തത്തന്നെ ഞാനാണ്. ഇന്നും അയാൾക്ക് ബ്ലോഗുകളെക്കുറിച്ച് വേണ്ടത്ര അറിവില്ല. അങ്ങനെ ഒരുപാട് പേർ.

ഇതുവരെ വന്നതിനേക്കാൾ എത്രയോ പേർ ഇനിയും ബ്ലോഗ്ഗിംഗിലേയ്ക്ക് വരാനിരിക്കുന്നു. ഒരുകാലത്ത് അക്ഷരജ്ഞാനമുള്ള മിക്കവാറും എല്ലാവർക്കും ഒരു വെബ്സൈറ്റോ ബ്ലോഗോ ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. ബ്ലോഗിംഗ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം ആയിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.എന്തായാലും സാക്ഷരതയെന്നാൽ കമ്പ്യൂട്ടർ സാക്ഷരതയും കൂടി ചേർന്ന ഒന്നാകുന്ന കാലം ഇപ്പോൾ തന്നെ വന്നുഭവിച്ചു കഴിഞ്ഞു. കമ്പ്യൂട്ടറിന്റെ ബാല പാഠങ്ങളെങ്കിലും പഠിക്കാത്തത് ഇക്കാലത്ത് ഒരു നിരക്ഷരതതന്നെ.

വിദ്യാലയങ്ങളിൽ എല്ലാം ഓരോ ക്ലാസ് റൂമുകളിലും വലിയ സ്ക്രീനുകൾ വച്ച് ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ഇരുന്ന് വിദഗ് ധരായ അദ്ധ്യാപകർ പഠിപ്പിക്കുന്ന ക്ലാസുകൾ കണ്ടു പഠിക്കുന്നതായിരിക്കും വരും കാലത്തെ അദ്ധ്യാപന രീതി. വെബ് ക്യാമറകളും, -മെയിലും വെബ് സൈറ്റുകളും, ബ്ലോഗുകളും വഴി കുട്ടികൾ ഓൺലൈനായി സംശയങ്ങൾ ചോദിച്ച് നിവാരണം വരുത്തുന്ന ഒരു ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം! സ്കൂളുകളിലെ അദ്ധ്യാപകർ സഹായികളും നോട്ടക്കാരും മാത്രമാകും. കുട്ടികളുടെയും അദ്ധ്യാപകരുടെയും കൈയ്യിൽ പുസ്തകങ്ങളായിരിക്കില്ല, നിശ്ചയമയും ലാപ് ടോപ്പുകളായിരിക്കും ഉണ്ടായിരിക്കുക.

ഏതായാലും പുതിയവരും പഴയവരുമായ ബ്ലോഗർമാർ എക്കാലത്തും പഠിക്കാനെത്തുന്ന ഒരു ബ്ലോഗിംഗ് സർവ്വകലാശാലയായി ആദ്യാക്ഷരി ബൂലോകത്ത് (ഞാൻ ബ്ലോഗം എന്നാണ് പറയാറ്‌) നിലനിൽക്കട്ടെയെന്ന് ആശംസിക്കുന്നു. ബൂലോകത്ത് ഇതുപോലെ നിഷ്കാമ കർമ്മം ചെയ്യുന്ന അപ്പൂമാ‍ഷിനെ പോലുള്ളവർ വരും കാലത്തിന്റെ പ്രതീക്ഷകളാണ്. വരും കാലമെന്നാൽ അത് - ലോകം തന്നെ ആകാതിരിക്കാൻ തരമില്ലല്ലോ. -ലോകത്ത് ബ്ലോഗുകൾക്കുള്ള സ്ഥാനവും വളരെ പ്രധാനപ്പെട്ടതായിരിക്കും എന്നും നമുക്കു പ്രതീക്ഷിക്കാതിരിക്കാൻ കഴിയില്ലല്ലോ!

അപ്പു മാഷേ നിങ്ങൾ ചെയ്യുന്ന സേവനം എക്കാലവും ബൂലോകത്തിനകത്തും പുറത്തും വാഴ്ത്തപ്പെടും !