Wednesday, June 2, 2010

ആദ്യാക്ഷരിയ്ക്ക് രണ്ടാം വാർഷികാശംസകൾ!

ആദ്യാക്ഷരിയ്ക്ക് രണ്ടാം വാർഷികാശംസകൾ!

ആദ്യംതന്നെ രണ്ടാം വാർഷികം ആഘോഷിക്കുന്ന എന്റെ ബൂലോകഗുരു ആദ്യാക്ഷരി ബ്ലോഗിന് ആശംസകൾ!

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ബ്ലോഗ് തുടങ്ങുന്നത് 2008 ജനുവരിയിലോ ഫെബ്രുവരിയിലോ മറ്റോ ആണ്. ഇപ്പോൾ ഉള്ളതിൽ ഏറ്റവും പഴയ പോസ്റ്റ് ഞാൻ 2008-ആ‍ാഗസ്റ്റ് മാസത്തിൽ ഇട്ടതായാണ് കാണുന്നത്. ഞാൻ ഇന്റെർനെറ്റ് ഉപയോഗിച്ചു തുടങ്ങി അധികം ദിവസങ്ങൾ കഴിയും മുൻപു തന്നെ ബ്ലോഗുകളെക്കുറിച്ചും മനസ്സിലാക്കി.ഓർക്കുട്ടിലെ ഏതോ ലിങ്കു വഴി ആദ്യം കണ്ട ബ്ലോഗ് സിന്ധു ജോയിയുടേതായിരുന്നു. ബ്ലോഗ് എന്ന വാക്കു തന്നെ അന്നാണ് കാണുന്നതും അറിയുന്നതും.

പിന്നെ ഏതാനും ദിവസങ്ങൾക്കകം തന്നെ ഞാനും എന്റേതായ ബ്ലോഗ്-അല്ല-ബ്ലോഗുകൾ- തുടങ്ങി.കമ്പ്യൂട്ടറും ഞാൻ പഠിച്ചു തുടങ്ങിയിട്ട് അപ്പോഴേയ്ക്കും ആറോ ഏഴോ വർഷമേ ആയിട്ടുണ്ടായിരുന്നുള്ളു. മേഖലയിൽ, അതായത് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും പ്രത്യേകിച്ച് ബ്ലോഗിന്റെയും ലോകത്ത എത്താൻ വൈകിയതിൽ ഇന്നും ഞാൻ അതിയായി ദു:ഖിക്കുന്നുണ്ട്.

എന്തായാലും ബ്ലോഗു തുടങ്ങി ഉടൻ ഞാൻ ആദ്യാക്ഷരിയെ കണ്ടെത്തി. എല്ലാം യാദൃച്ഛികമായിരുന്നു. ബ്ലോഗു തുടങ്ങാനുള്ള വിദ്യ ഒരു കമ്പ്യൂട്ടർ സെന്ററിൽ നിന്ന് അല്പം മാത്രം പഠിച്ച എന്റെ ഒരു വിദ്യാർത്ഥിയും ഇപ്പോൾ സഹപ്രവർത്തകനുമായ ഒരു പയ്യന്റെ സഹായത്തോടെ ബ്ലോഗു തുടങ്ങി . പക്ഷെ ബ്ലോഗിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ അറിവൊന്നും പയ്യനില്ലായിരുന്നു. എങ്കിലും ബൂലോകത്തേയ്ക്കുള്ള പ്രവേശനത്തിന് ഉള്ളവന്റെ അല്പജ്ഞാനം എനിക്കു സഹായകമായി.

ബ്ലോഗ് തുടങ്ങിയശേഷം ഞാൻ പണ്ടെന്നോ എഴുതിയ, ആനുകാലികങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചവയും അല്ലാത്തവയുമായസാധനങ്ങൾഓരോന്നും പൊടിതട്ടിയെടുത്ത് മിനക്കെട്ടിരുന്ന് ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്തു തുടങ്ങി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ബാംഗ്ലൂരിൽ ഒരു ഇന്റെർനെറ്റ് പത്രത്തിൽ ജോലി നോക്കിയിരുന്ന എന്റെ സുഹൃത്ത് മാരീചൻ യാദൃച്ഛികമായി എന്റെ ബ്ലോഗ് കണ്ടിട്ട് ഫോൺ വിളിച്ച് പ്രോത്സാഹിപ്പിച്ചു. അപ്പോഴാണ് മാരീചൻ കുറച്ചുകൂടി നേരത്തെ ബ്ലോഗ്ഗിംഗ് തുടങ്ങിയ വിവരം ഞാൻ അറിയുന്നത്തന്നെ. മാരീചനെന്നൊരു അപരനാമത്തിൽ പുള്ളി ബൂലോകത്ത് വിലസുന്ന കാര്യം അപ്പോഴാണ് ഞാൻ അറിയുന്നത്.

കൂടാതെ ദുബായിൽ നിന്നും ഇപ്പോൾ ഇന്ത്യൻ കോൻസുലേറ്റിലുള്ള (അന്ന് ആസ്ട്രേലിയൻ കോൺസുലേറ്റിലോ മറ്റോ ആയിരുന്നെന്നു തോന്നുന്നു.) എന്റെ അയൽ വാസിയും സുഹൃത്തുമായ ജാസിമിന്റെ പ്രതികരണവും പ്രോത്സാഹനവും വന്നു. അദ്ദേഹവും നേരത്തേ ബ്ലോഗു തുടങ്ങിയിരുന്നു. ഞാൻ കൂടി വന്നതോടെ ജാസിം തിരക്കിനിടയിലും അല്പം കൂടി ബ്ലോഗിംഗിൽ സജീവമായി. അവിടെ യു.. യിലെ തട്ടത്തുമല പ്രവാസി സംഗമത്തിന്റെ (തപസ്സ്) ബ്ലോഗിലും മറ്റും ഞാനും ജാസിമും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ ബ്ലോഗിംഗിൽ പരിചയമുള്ള ഒന്നുരണ്ട് കൂട്ട് കിട്ടിയതിൽ ഞാൻ സന്തോഷിക്കുകയും ചെയ്തു. പിന്നീട് ദുബായിലുള്ള എന്റെ അടുത്ത സുഹൃത്ത് വാഴോടനും ബ്ലോഗു തുടങ്ങി.

നാട്ടിൽ വീഡിയോ ഗ്രാഫറും എന്റെ വിദ്യാർത്ഥിയും എന്നെ മൌസു ചലിപ്പിക്കാൻ ആദ്യമായി പരിശീലിപ്പിച്ചവരിൽ പ്രധാനിയുമായ കപിലിന് ഒരു ഫോട്ടോ ബ്ലോഗുണ്ട്. കമ്പ്യൂട്ടർ പഠിക്കാൻ കപിലും മറ്റുമാണ് എന്നെ സഹായിച്ചതെങ്കിൽ ഇന്റെർനെറ്റും ബ്ലോഗിംഗും പഠിക്കാൻ തിരിച്ച് കപിലിനെ ഞാൻ സഹായിക്കുകയായിരുന്നു. എന്നെ കമ്പ്യൂട്ടർ പഠിപ്പിക്കുക വഴി ഇക്കാര്യത്തിൽ എന്റെ ഗുരുക്കന്മാരായി കൂടി മാറിയ എന്റെ പൂർവ്വ വിദ്യാർത്ഥികൾ, ഇപ്പോൾ എനിക്ക് അവരെക്കാൾ കമ്പ്യൂട്ടർ, ഇന്റെർനെറ്റ് എന്നിവയുടെ ചില മേഖലകളിലെങ്കിലും ഉള്ള സാമർത്ഥ്യത്തെപ്പറ്റി ഞാൻ വീമ്പു പറയുമ്പോൾ അവന്മാർ ഗ്രൂപ്പായി എന്നെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്; കശ്മലന്മാർ!

അവന്മാരിൽ ചിലവന്മാർ വലിയ ഹാർഡ് വയറിസ്റ്റുകളും ചിലവന്മാർ വലിയ സോഫ്റ്റ് വയറിസ്റ്റുകളുമാണ്. എന്നാൽ ഇതൊന്നുമല്ലാ‍ത്ത എനിക്ക് അറിയാവുന്ന കമ്പ്യൂട്ടർ സംബന്ധിയായ പലതും അവന്മാർക്കറിയാത്തതിനെ ചൊല്ലി ഞാൻ അവന്മാരെയും കളിയാക്കും. കമ്പ്യൂട്ടർ സംബന്ധിയായ എന്തെങ്കിലും പുതിയ പുതിയ സംശയങ്ങൾ അവരോട് ചോദിക്കുമ്പോൾ അവർക്ക് അറിയില്ലെങ്കിൽ എനിക്ക് ദേഷ്യം വരും. അപ്പോൾ പിന്നെ നീയൊക്കെ എന്തിനെടാ പോളിയിലും കീളിയിലുമൊക്കെ പോയതെന്നാണ് എന്റെ ചോദ്യം.

നമ്മുടെ നാട്ടിൽനിന്നുതന്നെ ഇനിയും കൂടുതൽ പേർ ബ്ലോഗിംഗിലേയ്ക്ക് വരുമെന്നാണ് എന്റെ പ്രതീക്ഷ. പലർക്കും ആഗ്രഹമുണ്ട്. പക്ഷെ പഠിക്കാൻ സമയവും സന്ദർഭവും കിട്ടുന്നില്ല എന്നതാണ് പ്രശ്നം. ചിലർക്കൊക്കെ ഇതെന്തോ തങ്ങൾക്ക് അപ്രാപ്യമായ മേഖലയാണെന്നൊരു തെറ്റിദ്ധാരണയും ഉണ്ട്. ഒക്കെ മാറിവരുമെന്നാണ് എന്റെ വിശ്വാസം.

എന്തായാലും ബ്ലോഗു കണ്ടെത്തിയത് എനിക്ക് ആദ്യം ഒരു കൌതുകവും ആവേശവുമായിരുന്നു. സ്വന്തമായി ബ്ലോഗു തുടങ്ങിയപ്പോൾ അത് ഒരു തരം ഭ്രാന്തായി മാറി. ആദ്യാക്ഷരി കണ്ടതോടെ ഭ്രാന്തു മൂത്തു. പിന്നെ ആദ്യാക്ഷരിയിലെ ഓരോ അദ്ധ്യായവും (എന്റെ പറട്ട സിസ്റ്റത്തിന്റെ സൌകര്യങ്ങളിൽ ഒതുങ്ങുന്നതെല്ലാം) വായിച്ച് പരീക്ഷണങ്ങൾ തുടങ്ങി. എന്തിന്, ആദ്യാക്ഷരിയിലെ പോസ്റ്റുകൾ വായിച്ചു പരീക്ഷിക്കുന്നതിനു മാത്രമായി തന്നെ ചില ബ്ലോഗുകൾ രഹസ്യമായും തുടങ്ങി.

ചുരുക്കത്തിൽ ഇന്റെർ നെറ്റും, ഇമെയിലും, ബ്ലോഗുമെല്ലാം അനല്പമായി എന്നെ പഠീപ്പിച്ചവരെ ഞാൻ തിരിച്ച് വിശദമായി പഠിപ്പിച്ചു തുടങ്ങി. അല്ലെങ്കിലും എന്റെ വിദ്യാർത്ഥികളായിരുന്നവരാണ് എന്നെ കമ്പ്യൂട്ടർ തന്നെ പഠിപ്പിച്ചത്. കമ്പ്യൂട്ടറിൽ അവർ ഇന്നും കേമന്മാരാണ്. പക്ഷെ നെറ്റകത്തെ അദ്ഭുതങ്ങൾ പലതും ഇപ്പോൾ അവർക്ക് ഞാൻ പറഞ്ഞു കൊടുക്കുന്നു. എന്നെ അവർ കമ്പ്യൂട്ടറിന്റ് ലോകത്ത് എത്തിച്ചു. ഇപ്പോൾ ഞാൻ അവരെ ഇന്റെർനെറ്റിന്റെ ലോകത്തെക്കുറിച്ച് പഠിപ്പിക്കുന്നു.

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്നു പറഞ്ഞതു പോലെ തട്ടത്തുമല ദേശത്ത് ബ്ലോഗിംഗിൽ, അതായത് ബ്ലോഗ് സെറ്റിംഗുകളിലും മറ്റും ഇതെഴുതുംവരെ ഞാൻ തന്നെ അഗ്രഗണ്യൻ അഥവാഅതുല്യപ്രതിഭഎന്ന ഒരു ഗമയിലാണ് ഞാൻ നടക്കുന്നത്. ആദ്യാക്ഷരി തന്നെയാണ് എന്റെ പ്രധാന ഗുരു. പിന്നീടാണ് മുള്ളൂക്കാരന്റെ ബ്ലോഗും, നമ്മുടെ തന്നെ നാട്ടുകാരൻ എന്നു പറയാവുന്ന രാഹുൽ കടയ്ക്കലിന്റെ ഇൻഫ്യൂഷനും മറ്റും പരിചയപ്പെടുന്നത്.

ആദ്യാക്ഷരിയിലും മറ്റ് സഹായ ബ്ലോഗുകളിലും പറയുന്ന കാര്യങ്ങൾ പരീക്ഷിക്കുന്നത് കുറെനാൾ എന്റെ ഒരു ശീലമായും പിന്നെ ദുശ്ശീലമായും മാറുകയുണ്ടായി. ഇപ്പോൾ അത് ദുശ്ശീലമല്ലെങ്കിലും ഇടയ്ക്ക് ഒരു ശീലം തന്നെയാണ്. ആദ്യാക്ഷരിയിൽ നിന്നും മറ്റു സഹായ ബ്ലോഗുകളിൽ നിന്നും പഠിച്ച ബ്ലോഗ് സെറ്റിംഗുകൾ എല്ലാം പ്രധാന ബ്ലോഗുകളിൽ ഉപയോഗിക്കാത്തത് ലോഗിംഗ് സമയത്തിൽ ദൈർഘ്യം ഉണ്ടാകും എന്നു ഭയന്നാണ്. ആദ്യാക്ഷരിയിലെ പുതിയ പോസ്റ്റുകൾ അപ്പപ്പോൾ അറിയുന്നതിന് എന്റെ പ്രധാന ബ്ലോഗുകളിൽ എല്ലാം (ബ്ലോഗുകൾ എനിക്ക് പലതുണ്ട് കേട്ടോ. വട്ടല്ലേ? ദയവായി സഹിക്കുക) ആദ്യാക്ഷരിയെ ബ്ലോഗ് ലിസ്റ്റിൽ ആഡ് ചെയ്ത് ബ്ലോഗിന്റെ സൈഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മറ്റൊന്ന് ഇന്നിപ്പോൾ ലോകമാകെ ലക്ഷക്കണക്കിനു ബ്ലോഗുകളും മറ്റും ഉള്ളപ്പോഴും ഇനിയും കമ്പ്യൂട്ടർ എക്സ്പെർട്ടുകളായവരിൽ പോലും നല്ലൊരു പങ്കിനും ബ്ലോഗുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാതെ പോകുന്നുണ്ട് എന്നത് ദു:ഖകരമായ ഒരു വസ്തുതയാണ്. ഞാൻ ചിലപ്പോഴെല്ലാം സന്ദർശിക്കാറുള്ള കിളിമാനൂരിലെ ഒരു ഇന്റെർനെറ്റ് കഫേ നടത്തുന്ന കമ്പ്യൂട്ടർ എക്സ്പെർട്ടിനു ബ്ലോഗ് എന്ന മാധ്യമത്തെ കുറിച്ച് പറഞ്ഞു കൊടുത്തത്തന്നെ ഞാനാണ്. ഇന്നും അയാൾക്ക് ബ്ലോഗുകളെക്കുറിച്ച് വേണ്ടത്ര അറിവില്ല. അങ്ങനെ ഒരുപാട് പേർ.

ഇതുവരെ വന്നതിനേക്കാൾ എത്രയോ പേർ ഇനിയും ബ്ലോഗ്ഗിംഗിലേയ്ക്ക് വരാനിരിക്കുന്നു. ഒരുകാലത്ത് അക്ഷരജ്ഞാനമുള്ള മിക്കവാറും എല്ലാവർക്കും ഒരു വെബ്സൈറ്റോ ബ്ലോഗോ ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. ബ്ലോഗിംഗ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം ആയിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.എന്തായാലും സാക്ഷരതയെന്നാൽ കമ്പ്യൂട്ടർ സാക്ഷരതയും കൂടി ചേർന്ന ഒന്നാകുന്ന കാലം ഇപ്പോൾ തന്നെ വന്നുഭവിച്ചു കഴിഞ്ഞു. കമ്പ്യൂട്ടറിന്റെ ബാല പാഠങ്ങളെങ്കിലും പഠിക്കാത്തത് ഇക്കാലത്ത് ഒരു നിരക്ഷരതതന്നെ.

വിദ്യാലയങ്ങളിൽ എല്ലാം ഓരോ ക്ലാസ് റൂമുകളിലും വലിയ സ്ക്രീനുകൾ വച്ച് ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ഇരുന്ന് വിദഗ് ധരായ അദ്ധ്യാപകർ പഠിപ്പിക്കുന്ന ക്ലാസുകൾ കണ്ടു പഠിക്കുന്നതായിരിക്കും വരും കാലത്തെ അദ്ധ്യാപന രീതി. വെബ് ക്യാമറകളും, -മെയിലും വെബ് സൈറ്റുകളും, ബ്ലോഗുകളും വഴി കുട്ടികൾ ഓൺലൈനായി സംശയങ്ങൾ ചോദിച്ച് നിവാരണം വരുത്തുന്ന ഒരു ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം! സ്കൂളുകളിലെ അദ്ധ്യാപകർ സഹായികളും നോട്ടക്കാരും മാത്രമാകും. കുട്ടികളുടെയും അദ്ധ്യാപകരുടെയും കൈയ്യിൽ പുസ്തകങ്ങളായിരിക്കില്ല, നിശ്ചയമയും ലാപ് ടോപ്പുകളായിരിക്കും ഉണ്ടായിരിക്കുക.

ഏതായാലും പുതിയവരും പഴയവരുമായ ബ്ലോഗർമാർ എക്കാലത്തും പഠിക്കാനെത്തുന്ന ഒരു ബ്ലോഗിംഗ് സർവ്വകലാശാലയായി ആദ്യാക്ഷരി ബൂലോകത്ത് (ഞാൻ ബ്ലോഗം എന്നാണ് പറയാറ്‌) നിലനിൽക്കട്ടെയെന്ന് ആശംസിക്കുന്നു. ബൂലോകത്ത് ഇതുപോലെ നിഷ്കാമ കർമ്മം ചെയ്യുന്ന അപ്പൂമാ‍ഷിനെ പോലുള്ളവർ വരും കാലത്തിന്റെ പ്രതീക്ഷകളാണ്. വരും കാലമെന്നാൽ അത് - ലോകം തന്നെ ആകാതിരിക്കാൻ തരമില്ലല്ലോ. -ലോകത്ത് ബ്ലോഗുകൾക്കുള്ള സ്ഥാനവും വളരെ പ്രധാനപ്പെട്ടതായിരിക്കും എന്നും നമുക്കു പ്രതീക്ഷിക്കാതിരിക്കാൻ കഴിയില്ലല്ലോ!

അപ്പു മാഷേ നിങ്ങൾ ചെയ്യുന്ന സേവനം എക്കാലവും ബൂലോകത്തിനകത്തും പുറത്തും വാഴ്ത്തപ്പെടും !

10 comments:

Viswaprabha said...

:)
വിശ്വമാനവികം!

Appu Adyakshari said...

സജീം മാഷേ, നന്ദി.

കൂതറHashimܓ said...

ഞാനും ആദ്യാക്ഷരി നോക്കിയാ എല്ലാം പഠിച്ചെ,
അപ്പു മാഷിന്റെ ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ പാടായേനെ

Noushad Vadakkel said...

ശ്രദ്ധേയം , നല്ല പോസ്റ്റ്‌ . നന്ദി സജിം .... :) രണ്ടു വര്ഷം പിന്നിട്ടത് മാത്രമല്ല ബ്ലോഗ്‌ എന്ന ആശയ വിനിമയ മാര്‍ഗ്ഗത്തെ കൈ കാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളും നമുക്ക് ആദ്യാക്ഷരി വഴി കിട്ടുന്നുണ്ട്‌ .നമ്മളറിയാതെ തന്നെ ... അപ്പു മാഷിനു ഈ ശിഷ്യന്‍ മംഗളങ്ങള്‍ നേരുന്നു .

അങ്കിള്‍ said...

:)

അലി said...

പുതുതായി ബ്ലോഗിംഗ് രംഗത്തേക്ക് വരുന്നവർക്ക് ആ‍ദ്യാക്ഷരി നൽകുന്ന സഹായം ചില്ലറയല്ല! ബ്ലോഗ് തുടങ്ങുമ്പോൾ മുന്നിൽ വഴികാണിക്കാൻ ആരുമുണ്ടായിരുന്നില്ല. തുടങ്ങിക്കഴിഞ്ഞു പരിചയപ്പെട്ട ബ്ലോഗർമാരുടെ നിർദ്ദേശം കൊണ്ടൊക്കെ കുറച്ചു മുന്നോട്ട് പോയപ്പോഴേക്കും സഹയാത്രികന്റെ ഹാപ്പി ബ്ലോഗിംഗ് എന്ന പോസ്റ്റ് വന്നു. അന്ന് കിട്ടിയിരുന്നതിൽ ഏറ്റവും മികച്ച മാർഗ്ഗ നിർദ്ദേശം അതായിരുന്നു.പിന്നെയാണ് അപ്പു മാഷിന്റെ ആദ്യാക്ഷരിയുടെ പിറവി. അതിപ്പോഴും പുതിയ പുതിയ വിവരങ്ങൾ ചേർത്ത് അപ്ഡേറ്റ് ചെയ്യുന്നതുകൊണ്ട് ഈയുള്ളവൻ തിരിച്ചുവന്നപ്പോഴും ആശ്രയിക്കുന്നത് ആദ്യാക്ഷരി തന്നെ.

"ആദ്യാക്ഷരിയ്ക്ക് രണ്ടാം വാർഷികാശംസകൾ!"

(കൊലുസ്) said...

informative post. congrates

SAMEER KALANDAN said...

താന്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. ആദ്യാക്ഷരി ഒരു സംഭവം തന്നെയാണ്

Unknown said...

ആദ്യാക്ഷരിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ പറ്റി, അപ്പു മാഷ്ക്ക് ആശംസകള്‍,
നന്ദി ഈ ലേഖനത്തിനു.

Sulfikar Manalvayal said...

നല്ല പോസ്റ്റ്‌. മാഷേ ഫോളോ ചെയ്തിട്ടുണ്ട്. വരാം. ഇനിയും. ഇത്തിരി തിരക്കിലാണ് സാവധാനം വന്നു വിശദമായി വായിക്കാം ട്ടോ.