Monday, August 2, 2010

ബ്ലോഗ്‌ പത്രം: " ബൂലോകം ഓണ്‍ലൈന്‍ " തുടങ്ങി

ബ്ലോഗ്പത്രം “ബൂലോകം ഓണ്‍ലൈന്‍” പ്രകാശനം ചെയ്തു

പോസ്റ്റിന്റെ രത്നച്ചുരുക്കം: ഇന്ത്യയില്‍ ആദ്യത്തെ ബ്ലോഗ് പത്രം “ബൂലോകം ഓണ്‍ലൈന്‍” തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ 2010 ജൂലായ് 31-ന് വൈകുന്നേരം പ്രകാശനം ചെയ്തു. ചടങ്ങില്‍ സാമൂഹ്യ-രാഷ്ട്രീയ- കലാ- സാഹിത്യരംഗത്തെ പ്രശസ്തര്‍ വിശിഷ്ടാതിഥികളായി. ബ്ലോഗര്‍മാര്‍ ഉള്‍പ്പെടെ നല്ലൊരു സഹൃദയ സദസ്സും ചടങ്ങിനു സാക്ഷ്യം വഹിച്ചു.

പുസ്തകങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും ബൂലോകത്തിന് അകത്തുനിന്നും പുറത്തുനിന്നും വായനക്കാരെ ലഭിക്കുന്നു. എന്നാല്‍ ബ്ലോഗ് രചനകളാകട്ടെ ബൂലോക വായനയില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. ഇതിനൊരു പരിഹാരമാണ് ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ്പത്രം. ഇനി ഇതിലൂടെ മികച്ച ബ്ലോഗ് രചനകള്‍ അച്ചടി മഷി പുരണ്ട് ബൂലോകത്തിനു പുറത്തും വായിക്കപ്പെടാന്‍ പോകുന്നു. കാലം ആവശ്യപ്പെടുന്ന ഈ ഒരു മഹനീയ സംരംഭം ഒരു നിയോഗം പോലെ സ്വയം ഏറ്റെടുത്തു കൊണ്ട് ബൂലോകത്തെയും സാഹിത്യത്തെയും സര്‍വ്വോപരി മലായാള ഭാഷയെയും സ്നേഹിക്കുന്ന ഏതാനും സുഹൃത്തുക്കള്‍ രംഗത്ത് വന്നതിലുളള സന്തോഷം ആദ്യം തന്നെ അറിയിച്ചു കൊള്ളട്ടെ! ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന്റെ സംഘാടകര്‍ക്ക് ഒരായിരം നന്ദി; അഭിനന്ദനങ്ങള്‍!

അങ്ങനെ ബ്ലോഗര്‍മാര്‍ക്ക് തങ്ങളുടെ മികച്ച രചനകളെ അച്ചടി മഷി പുരട്ടാന്‍ ഇതാ ഒരു സംരഭത്തിനു നാന്ദി കുറിച്ചിരിക്കുന്നു. ബൂലോക പ്രവര്‍ത്തകരും, മലയാള ഭാഷയെയും സാഹിത്യത്തെയും അളവറ്റ് സ്നേഹിക്കുന്നവരുമായ ഏതാനും പ്രവാസി സുഹൃത്തുക്കളാണ് സംരംഭകര്‍. ഒപ്പം നില്‍ക്കാന്‍ ധാരാളം ബൂലോക സുഹൃത്തുക്കളും. കാലം ആവശ്യപ്പെടുന്ന ഈ സംരംഭം ഇന്ത്യയില്‍ ആദ്യമെന്ന സംഘാടകരുടെ അവകാശവാദം ഈയുള്ളവന്റെ അറിവു വച്ച് നിഷേധിക്കാന്‍ കഴിയില്ല. 2010 ആഗസ്റ്റ് 31-ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ലളിതവും പ്രൌഢ ഗംഭീരവുമായ ചടങ്ങില്‍ വച്ച് ബൂലോകത്തിന്റെ സ്വന്തമാകാന്‍ പോകുന്ന ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ്പത്രം പ്രകാശനം ചെയ്യപ്പെട്ടിരിക്കുകയാണ്. ബ്ലോഗുകളില്‍ വരുന്ന മികച്ചരചനകളും മറ്റ് ബൂലോക വിശേഷങ്ങളും ബൂലോകത്തിനു പുറത്തുള്ള വായനാക്കാരിലേയ്ക്കു കൂടി എത്തിക്കുകയാണ് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ ലക്ഷ്യം. ബ്ലോഗ്സാഹിത്യത്തെയും മുഖ്യധാരാ സാഹിത്യത്തെയും പരസ്പരം കൂട്ടിയിണക്കുവാനും, ബ്ലോഗുകള്‍ക്ക് കൂടുതല്‍ പ്രചാരവും സാമൂഹ്യമായ അംഗീകാരവും നേടിയെടുക്കുവാനും ഈ സംരഭം സഹായകരമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ബൂലോകത്ത്നിന്ന് പുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാതൃഭൂമി ബ്ലോഗനയിലൂടെ ഏതാനും മികച്ച ബ്ലോഗ് രചനകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനപ്പുറം ബൂലോകത്തിനു പുറത്ത് ബ്ലോഗ് രചനകള്‍ക്ക് നമ്മുടെ നാട്ടില്‍ ഇനിയും പ്രചാരം വന്നിട്ടില്ല. ഏറെ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ശേഷമാണ് ധരാളം മികച്ച രചനകള്‍ പുസ്തകങ്ങള്‍ ആകുന്നത്. അതുവഴി ബ്ലോഗര്‍മാരില്‍ ചിലര്‍ക്കും മറ്റ് മുഖ്യധാരാ എഴുത്തുകാര്‍ക്കൊപ്പം അറിയപ്പെടുന്ന എഴുത്തുകാരാകാന്‍ കഴിഞ്ഞിട്ടുണ്ട്. ബൂലോക വാസികള്‍ക്ക് പിന്നെ ആകെ ഒരു പ്രോത്സാഹനം അച്ചടി മാദ്ധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന എന്ന പംക്തി മാത്രമാണ്. അതിലൂടെ ചില മികച്ച ബ്ലോഗ് രചനകള്‍ ബൂലോകത്തിനു പുറത്തും വായിക്കപ്പെടുന്നുണ്ട്. ബ്ലോഗുകള്‍ എന്ന അവനവന്‍ പ്രസാധനത്തെ അംഗീകരിക്കുവാന്‍ നമ്മുടെ മറ്റ് പരമ്പരാഗത മാധ്യമങ്ങള്‍ ഇപ്പോഴും മടി കാണിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബ്ലോഗിതര പരമ്പരാഗത മാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ചിലര്‍ ബ്ലോഗുകളെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട് താനും! എന്നാല്‍ ബ്ലോഗുകളെ എഴുത്തിന്റെയും വായനയുടെയും ഒരു സമാന്തര മേഖലയായി പോലും കാണുവാനും അംഗീകരിക്കുവാനും ബ്ലോഗിതര പരമ്പരാഗത മാദ്ധ്യമങ്ങളും എഴുത്തുകാരും തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. ഇത് ഒരു തരം അസൂയയും കോമ്പ്ലക്സും ഗമയും മാത്രമാണ്. അതെന്തുമാകട്ടെ ബ്ലോഗുകള്‍ക്ക് ലോകമാകെ സ്വീകാര്യതയും അംഗീകാരവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍, കണ്ടെത്തലുകളുടെ നാള്‍വഴിയില്‍ തെളിഞ്ഞ അറിവിന്റെ ഈ വെള്ളിവെളിച്ചത്തെ ആര്‍ക്കാണ് ഇവിടെ മാത്രം എക്കാലത്തും മറച്ചു പിടിക്കാനാകുക?

നാളെ അച്ചടിയുടെ ഭാവി എന്തെന്ന് നമുക്കറിയില്ല. എഴുത്തും വായനയും എല്ലാം കമ്പ്യൂട്ടറിലും ഇന്റെര്‍നെറ്റിലുമായി മാത്രം ഒതുങ്ങുന്ന ഒരു കാലം വന്നേക്കാം. എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം, എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍, എല്ലാവര്‍ക്കും ഇന്റെര്‍നെറ്റ് കണക്ഷന്‍ എന്നിവയുള്ള ഒരു കാലം. സ്കൂളില്‍ കുട്ടികളും അദ്ധ്യാപകരും ലാപ് ടോപ്പുമായി പോകുകയും പുസ്തകക്കെട്ടുകള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലം. എല്‍. സി. ഡി മോണിട്ടര്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളില്‍ ഇരിക്കുന്ന കുട്ടികള്‍. വിദ്ദൂരത്ത് ഒരു കേന്ദ്രത്തിലിരുന്ന് ഏറ്റവും വിദഗ്ദ്ധരായ അദ്ധ്യാപകര്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലെയും (കോളേജുകളിലും അതേ) കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സെടുക്കുന്ന ഒരു കാലം. അദ്ധ്യാപകര്‍ ക്ലാസ്സിന്റെ മേല്‍നോട്ടക്കാരും അത്യാവശ്യം വിശദീകരണം നല്‍കുന്നവരുമായി മാറുന്ന ഒരു കാലം. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേരളത്തില്‍ ( ഇന്ത്യയിലും ലോകത്തും എന്നൊക്കെയുള്ള അര്‍ത്ഥത്തിലും എടുക്കാം) എവിടെയുമുള്ള കുട്ടികളുമായും അദ്ധ്യാപകരുമായി സംവദിക്കുന്ന ഒരു കാലം. കുട്ടികള്‍ ഓണ്‍ലൈനായി പരീക്ഷയെഴുതി അപ്പപ്പോള്‍ തന്നെ പരീക്ഷാഫലം അറിയുന്ന ഒരു കാലം. ചുരുക്കത്തില്‍ ഒക്കെയും ഓണ്‍ലൈനാകുന്ന എല്ലാവരും എപ്പോഴും ഓണ്‍ലൈനിലാകുന്ന ഒരു കാലം. ഇങ്ങനെ പോയാല്‍ തീര്‍ച്ചയായും അങ്ങനെയൊക്കെയുള്ള ഒരു കാലം വരും.

അന്ന് അച്ചടിച്ച പുസ്തകങ്ങളോ പത്രങ്ങളോ മറ്റ് ആനുകാലികങ്ങളോ ഉണ്ടാകുമോ എന്നറിയില്ല. പുസ്തങ്ങള്‍ ശേഖരിക്കപ്പെടുന്ന വായന ശാലകള്‍ വരും കാലത്ത് കേവലം ഓര്‍മ്മകള്‍ മത്രമായി മാറുമോ എന്നുമറിയില്ല. എന്തായാലും അന്നും ഒരു കാര്യം ഉറപ്പ് ; വായന മരിക്കില്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വായന നിലനില്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം പുസ്തകങ്ങള്‍ വായനശാലകളില്‍ ഇരുന്ന് മാറാല കെട്ടുമ്പോഴും സമാന്തരമായ വായനയുടെ ഒരു പുതിയ ലോകം ആവിര്‍ഭവിച്ച് വികസിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നാം അനുഭവിച്ചറിയുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്ലോഗുകള്‍. എല്ലാവരും എഴുത്തുകാരും, എല്ലാവരും പത്രപ്രവര്‍ത്തകരും, എന്തിന് എല്ലവരും പത്രാധിപന്മാര്‍ പോലുമാകുന്ന ഒരു ലോകമാണ് ബ്ലോഗുകള്‍ സമ്മാനിക്കുന്നത്. ഇനി ജേര്‍ണലിസ്റ്റുകള്‍ അല്ലാത്തവര്‍ എന്നൊരു തരംതിരിവിന് നിലനില്പില്ല. കാരണം ആരും ഏതു സമയത്തും ഒരു ജേര്‍ണലിസ്റ്റായി മാറാം. എഴുത്തിന്റെയും വായനയുടെയും ലോകത്ത് ഇനി ഒരു വരേണ്യവല്‍ക്കരണം അസാദ്ധ്യമാണ്. അതുകൊണ്ട് ബ്ലോഗിംഗിനെ വെറും നേരം പോക്കായി എഴുതി തള്ളാന്‍ വരട്ടെ. ഇത് ഗൌരവമുള്ള ഒരു മാധ്യമമാണ്. മാധ്യമ പ്രവര്‍ത്തനമാണ്.

ഇതൊക്കെ ഇനി സംഭവിക്കാന്‍ പോകുന്ന അഥവാ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍. എന്നാല്‍ നിലവില്‍ കമ്പ്യൂട്ടറിന്റെയും ഇന്റെര്‍നെറ്റിന്റെയും ലോകത്ത് സമൂഹത്തിലെ നേരിയൊരു വിഭാഗം മാത്രമേ കടന്നു വന്നിട്ടുള്ളു. ബഹുഭൂരിപക്ഷം ബൂലോകത്തിനു പുറത്താണെന്ന് സാരം. വിദ്യാസമ്പന്നരില്‍ തന്നെ നല്ലൊരു പങ്കും കമ്പ്യൂട്ടറിനും ഇന്റെര്‍നെറ്റിനും മുന്നില്‍ ഇന്നും പകച്ചു നില്‍ക്കുന്നതേയുള്ളു. കറണ്ടടിക്കുമെന്ന് പേടിച്ച് കീബോര്‍ഡില്‍ പോലും തൊടത്തവര്‍ പോലുമുണ്ട് അവരില്‍. തങ്ങള്‍ക്ക് അപ്രാപ്യമായ എന്തെല്ലാമോ ആണ് കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സാദ്ധ്യതകളും എന്ന് ഇവര്‍ വൃഥാ തെറ്റിധരിക്കുന്നു. ഇത് മാറിവരാന്‍ ഇനിയും അല്പകാലങ്ങളെടുത്തേക്കും. ഞാന്‍ സൂചിപ്പിക്കുന്നത് വായനക്കാരും എഴുത്തുകാരും അധികവും ഇന്നും ബൂലോകത്തിന് പുറത്താണെന്ന വസ്തുതയാണ്. ഈ ഒരു സാഹചര്യത്തിലാണ് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ പ്രസക്തി. ഇതുവഴി ബൂലോകത്തിനു പുറത്തുള്ളവര്‍ക്ക് ബൂലോകത്ത് എന്ത് നടക്കുന്നുവെന്ന് അറിയാനും മികച്ച ബൂലോക രചനകള്‍ പത്രത്തിലൂടെ വായിക്കുവാനും കഴിയും . ബൂലോകത്തെക്കുറിച്ച് മനസിലാക്കി കൂടുതല്‍ പേര്‍ക്ക് അങ്ങോട്ടേയ്ക്ക് കടന്നുവരാന്‍ ഇത് അവസരമകും. അതുപോലെ തന്നെ ബ്ലോഗര്‍മാര്‍ക്ക് ബൂലോകസൃഷ്ടികള്‍ അച്ചടി മഷി പുരണ്ട് കാണുവാനും തങ്ങളുടെ സൃഷ്ടികള്‍ ബൂലോകത്തിനു പുറത്തുള്ളവരിലേയ്ക്ക് കൂടി എത്തിയ്ക്കുവാനും കഴിയും . ഇതിലൂടെ ബ്ലോഗെഴുത്തുകള്‍ക്ക് കുറച്ചുകൂടി പ്രചരവും സാമൂഹ്യമായ അംഗീകാരവും ലഭിക്കുമെന്നും പ്രത്യാശിക്കാം.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ലളിതവും പ്രൌഢഗംഭീരവുമായ ചടങ്ങില്‍ വച്ച് ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ്പത്രത്തിന്റെ പ്രകാശനം വി.ശിവന്‍ കുട്ടി എം.എല്‍.എ പ്രശസ്ത കഥാകൃത്ത് രഘുനാഥ് പലേരിക്ക് പത്രത്തിന്റെ പ്രതി നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. പ്രൊ.ഡി.വിനയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരന്‍ തമ്പി, മുരുകന്‍ കാട്ടാക്കട, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങി കലാ സാഹിത്യ സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ബ്ലോഗ്ഗര്‍മാര്‍ അടക്കമുള്ള ഒരു നല്ല സൌഹൃദയ സദസ്സ് പരിപാടികള്‍ക്ക് സാക്ഷിയായി. കെ.ജി സൂരജിന്റെ നേതൃത്വത്തില്‍ നടന്ന കവിയരങ്ങ് ചടങ്ങിന് മിഴിവേകി. ഡി.വിനയചന്ദ്രന്‍, മുരുകന്‍ കാട്ടാക്കട, രാജേഷ് ശിവ, ജോഷി തുടങ്ങിയവര്‍ കവിത ചൊല്ലി. ജെയിംസ് ബ്രൈറ്റ്, മോഹന്‍ ജോര്‍ജ് , അനില്‍ കുര്യാത്തി, സുനില്‍ പണിക്കര്‍, ജിക്കു വര്‍ഗ്ഗീസ്, ഖാന്‍ പോത്തന്‍ കോട് തുടങ്ങിയവര്‍ പരിപാടിയുടെ നടത്തിപ്പിനു നേതൃത്വം നല്‍കി. ഉള്ളില്‍ നിറഞ്ഞ സന്തോഷവുമായി എല്ലാത്തിനും മൂകസാക്ഷിയായി ഞാന്‍ എന്ന മഹാനവര്‍കളും! ഈയുള്ളവനോടും കവിത ചൊല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും ആ സദസ്സിലുള്ളവര്‍ ആരും ഈയുള്ളവനോട് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്തതിനാല്‍ ശിക്ഷിക്കാനില്ലെന്നും മറ്റേതെങ്കിലും അവസരത്തില്‍ മറ്റേതെങ്കിലും ഹതഭാഗ്യര്‍ക്കുമുന്നില്‍ അങ്ങനെയൊരു കടും കൈ ചെയ്തുകൊള്ളാമെന്നും പറഞ്ഞ് മഹാനവര്‍കള്‍ ഒഴിയുകയായിരുന്നു.

തുടര്‍ന്ന് നടന്ന ലഘുഭക്ഷണം എന്ന അജണ്ട അക്ഷരാര്‍ത്ഥത്തില്‍ സജീവമായ കലാ-സാഹിത്യ-ബൂലോക ചര്‍ച്ചാ വേദിയായി മാറി. ചടങ്ങിന് എത്തിച്ചേര്‍ന്ന ബൂലോകവാസികള്‍ക്ക് പരസ്പരം പരിചയപ്പെടുവാനും കഴിഞ്ഞു. ആദ്യം പ്രസ്സ്ക്ലബ്ബില്‍ എത്തി പരസ്പരം അറിയാതെ അന്യരെ പോലെ നിന്ന പലരും പിന്നീട് പരസ്പരം പേരുകള്‍ പറഞ്ഞ് പരിചയപ്പെട്ടപ്പോള്‍ അദ്ഭുതം കൊള്ളുകയും പിന്നെ സന്തോഷം കൊള്ളുകയും ബ്ലോഗുകളിലൂടെയും ഓര്‍ക്കുട്ടിലൂടെയും മറ്റും മറ്റുമുള്ള സ്വന്തവും ബന്ധവും നേരിട്ട് പുതുക്കുകയും ചെയ്തു. ഈയുള്ളവന് പിറ്റേന്നു വെളുപ്പിന് ആലുവായില്‍ ഒരു വിവാഹത്തില്‍ സംബന്ധിക്കേണ്ടതുള്ളതുകൊണ്ട് മാത്രമാണ് അല്പം നേരത്തെ, രാത്രി എട്ടരയോടെ മടങ്ങിയത്.

തിരക്കിനിടയില്‍ അന്ന് വന്ന എല്ലാവരെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവരുടെ പേരുകളും അറിയില്ല. അത് ഇത് വായിക്കുന്നവരുടെ ഭാഗ്യം. ഇല്ലെങ്കില്‍ ഈ പോസ്റ്റ് ഇനിയും നീണ്ടുനീണ്ടു പോയേനെ! ( അല്ല, അവരില്‍ ആരെങ്കിലും ഇനി പേരു പറഞ്ഞാലും ഇത് .....). പക്ഷെ മിക്കവരെയും ഇനി കണ്ടാലറിയാം. ഏതായാലും കാണാമറയത്തിരുന്ന് പരസ്പരം ആശയവിനിമയം നടത്തിയിരുന്ന ചിലരെക്കൂടി നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ നല്ല സന്തോഷം. ഈ ഒരു സസ്പെന്‍സ് ഇന്റെര്‍നെറ്റ് ലോകത്ത് കടന്നുവരുന്ന ഏതൊരാളെയും എപ്പോഴും പിന്തുടര്‍ന്നുകൊണ്ടിരിക്കും. കാരണം കുറെ പേരെ നേരിട്ട് കണ്ട് കഴിയുമ്പോഴേയ്ക്കും കാണാമറയത്ത് നിന്ന് പുതിയവര്‍ വരും. പല പേരിലും രൂപത്തിലും ഭാവത്തിലും!

ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന് എല്ലാവിധ ഭാവുകങ്ങളും !

വാലെഴുത്ത്: ബൂലോകം ഓണ്‍ലെയിനെക്കുറിച്ച് അതിന്റെ പ്രവര്‍ത്തകര്‍ ആദ്യലക്കത്തില്‍ ആമുഖമായി പറയുന്ന വാക്കുകളില്‍ നിന്ന്:-

“ഇതൊരു നിയോഗമാണ്. അക്ഷരങ്ങളുടെ ചരിത്രത്തില്‍ ഞങ്ങള്‍ എഴുതിച്ചേര്‍ത്ത നിയോഗം. ഒരിക്കലും അച്ചടി മഷി പുരളില്ലെന്നു കരുതിയ ഒരു പുതിയ മാധ്യമത്തിന്റെ ലിഖിതരൂപം. ഇത് ബ്ലോഗര്‍മാരുടെ ഒരു സ്വപ്ന സാക്ഷാല്‍ക്കാരമാണ്. ഇന്ത്യയില്‍ ആദ്യമായാണ് ബ്ലോഗ് പേപ്പര്‍ എന്ന ഈ സങ്കല്പം പ്രാവര്‍ത്തികമകുന്നത്. ഈ പത്രത്തിന്റെ താളുകളില്‍ ബ്ലോഗര്‍മാര്‍ എഴുതിയ രചനകള്‍ നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയും...........

.........വരും കാലങ്ങളില്‍ ബ്ലോഗുകള്‍ ജനജീവിതത്തിന്റെ ഭാഗമാകും. വാര്‍ത്തകള്‍, കഥകള്‍, കവിതകള്‍ തുടങ്ങിയവ അനുവാചകരിലേയ്ക്ക് എത്തിയ്ക്കുക മാത്രമല്ല, പൊതുജനോപകാരപ്രദമായ പല കാര്യങ്ങളും ബ്ലോഗുകള്‍ വഴി ചെയ്യുവാന്‍ കഴിയും. കാലം മാറുന്നതിനനുസരിച്ച് വായനാ സങ്കല്പങ്ങളും മാറേണ്ടത് ആവശ്യമാണ്. ഇന്ന് ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും വെറും കഴ്ചക്കാരായി മാത്രം മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. നമുക്ക് പറയുവാനുള്ള കാര്യങ്ങള്‍ ആരെയും പേടിക്കതെ പ്രകടിപ്പിക്കുവാനുള്ള അവസരം നിഷേധിക്കുവാന്‍ പാടുള്ളതല്ല.

.........മലയാള ബ്ലോഗര്‍മാരുടെ രചനകള്‍ പൊതുജന സമക്ഷം എത്തിക്കുക എന്നതാണ് ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രത്തിന്റെ ധര്‍മ്മം. ഇന്ന് ബ്ലോഗുകള്‍ അധികവും വായിക്കുന്നത് ബ്ലോഗര്‍മാര്‍ തന്നെയാണെന്ന് തോന്നുന്നു. പൊതുജന പങ്കാളിത്തം ഈ വളര്‍ന്നു വരുന്ന മേഖലയിലും അത്യന്താപേക്ഷിതമാണ്. ജനങ്ങള്‍ ബ്ലോഗര്‍മാരുടെ രചാകള്‍ വായിക്കുകയും വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതിനോടൊപ്പം സ്വയം ബ്ലോഗെഴുത്തുകാരായി മാറി കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്യണം.

ബ്ലോഗ് പേപ്പറിനെ ന്യൂസ് പേപ്പറുമായി താരതംയം ചെയ്യാന്‍ കഴിയില്ല. ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പേപ്പറില്‍ ബ്ലോഗര്‍മാര്‍ എഴുതിയിട്ടുള്ള കഥകള്‍, ലേഖനങ്ങള്‍, കവിതകള്‍ തുടങ്ങിയവയില്‍ നിന്നും തെരഞ്ഞെടുത്തവയാണ് ഈ അച്ചടി രൂപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.........”


ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന് ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് തല്‍ക്കാലം ഇതങ്ങു പോസ്റ്റുന്നു!

11 comments:

Anonymous said...

സജീം...ഈ വിവരണത്തിന് നന്ദി അറിയിക്കുന്നു. തീര്‍ച്ചയായും ഈ സംരംഭം ഇന്ത്യയില്‍ ആദ്യത്തേതാണ് .അവിടെ ഒരു പ്രാസംഗികന്‍ പറഞ്ഞപോലെ നേരില്‍ കാണാത്ത കുറച്ചു പേര്‍ ചേര്‍ന്ന് ഇങ്ങനെ ഒന്ന് ചെയുമ്പോള്‍ അത് വളരെ പ്രാധാന്യവും അതിലുപരി അത്ഭുതവും അര്‍ഹിയ്ക്കുന്നു .അതില്‍ ഒരു കണ്ണി ആകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ആശംസകള്‍..

mini//മിനി said...

അഭിനന്ദനങ്ങൾ.

Unknown said...

ബ്ലോഗ്പത്രം “ബൂലോകം ഓണ്‍ലൈന്‍” ആശംസകള്‍..
അഭിനന്ദനങ്ങൾ...

jayanEvoor said...

ബ്ലോഗ് പത്രത്തിന് ആശംസകൾ!

സ്മിത മീനാക്ഷി said...

thanks for this information.

ബിന്ദു കെ പി said...

വിവരണം നന്നായി. നന്ദി.

.. said...

സജീം ചേട്ടാ...വിവരണം വളരെയധികം ഇഷ്ട്ടമായി.താങ്കള്‍ ആ ചടങ്ങില്‍ വന്നതിനുള്ള നന്ദി ആദ്യം തന്നെ അറിയിക്കട്ടെ...ഭംഗിയായി ഈ ചടങ്ങ് പൂര്‍ത്തീകരിക്കാന്‍ നമ്മുക്ക് കഴിഞ്ഞു.മാഷിനെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.മാഷിനും ഇത് നല്ല ഒരു അനുഭവം ആയി മാറി എന്ന് കരുതുന്നു,തുടര്‍ന്നും സഹകരനഗല്‍ പ്രതീക്ഷിക്കുന്നു,ബ്ലോഗ്‌ പത്രത്തിന്റെ വരും ലക്കങ്ങളില്‍ താങ്കളുടെ കൃതിക്ക് വേണ്ടിയും കാത്തിരിക്കുന്നു.

SUNIL V S സുനിൽ വി എസ്‌ said...

സജീം ഭായ് വളരെ നന്ദി ഈ കുറിപ്പിന്. അവിടെ വച്ച്‌ പരിചയപ്പെടാൻ കഴിഞ്ഞില്ല, അതൊരു നഷ്ടമായി.. ഇനിയും വരുമല്ലോ നമുക്കിതുപോലെ ഒത്തുകൂടാനവസരങ്ങൾ.. വിട്ടുപോകില്ലൊരിക്കലും..

കുസുമം ആര്‍ പുന്നപ്ര said...

സജീം,
ഇതുവായിച്ചപ്പോഴാണ് ിങ്ങനെ ഒരു പരിപാടി നടന്നു എന്നറിയുന്നതു തന്നെ.വളരെ നല്ല കാര്യം. എങ്ങിനെ വരിക്കാരാകാം .എങ്ങിനെ ക്രിയേഷന്സ് പ്രസിദ്ധീകരിക്കാം. ഇതൊക്കെ അറിഞ്ഞാല്‍ കൊള്ളാം

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

കുസുമം ആർ.പ്രസന്ന,

www.boolokamonline.com എന്ന സൈറ്റിൽ പോസ്റ്റ് ചെയ്യുന്ന സൃഷ്ടികളാണ് ബൂലോകം ബ്ലോഗ് പത്രത്തിൽ പ്രസിദ്ധീകരിക്കുക. അതിന് ആദ്യംതന്നെ ബൂലോകം ഓൺലെയിനിൽ ചെന്ന് യൂസർ നെയിമും ഇ-മെയിലും എന്റെർ ചെയ്ത് രെജിസ്റ്റർ ചെയ്യണം. ( സൈറ്റിൽ user name/ register എന്ന ഓപ്ഷൻ ഉണ്ട്)അപ്പോൾ മെയിലിൽ പാസ്സ് വേർഡ് അയക്കും. മെയിൽ തുറന്ന് ആ പാസ് വേർഡ് എടുക്കണം. എന്നിട്ട് ബൂലോകം ഓൺലെയിനിൽ ചെന്ന് ആ പാസ്സ് വേർഡ് നൽകി ലോഗിൻ ചെയ്യണം. എന്നിട്ട് പോസ്റ്റ് പബ്ലിഷ് ചെയ്യണം. സ്വന്തം ബ്ലോഗിലോ മറ്റു ബ്ലോഗുകളിലൊ പബ്ലിഷ് ചെയ്യാത്ത പുതിയ സൃഷ്ടികൾ പബ്ലിഷ് ചെയ്യുന്നതായിരുക്കും ഉചിതം. ശേഷം സൃഷ്ടികൾ ബ്ലോഗ് പത്രം യഥോചിതം പരിഗണിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ പിന്നീട് ചോദിച്ചാൽ അറിയാവുന്നത് പറഞ്ഞുതരാം!