ആരു ജയിച്ചാലും..........
ആരു ജയിച്ചാലും കണക്കല്ല; കണക്കാണെന്ന് പറയാനായിരിക്കും വന്നതെന്നു കരുതിയെങ്കിൽ തെറ്റി. അങ്ങനെ ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ പറയുന്നത് അതല്ല. മറ്റു ചില കാര്യങ്ങളാണ്. ഇനി തുടർന്നു വായിക്കുക.
ആരു ജയിക്കും? ആർക്കറിയാം. എല്ലാവരും കണക്കുകൂട്ടലുകൾ നടത്തുന്നു. വിജയപ്രതീക്ഷ പ്രകടിപ്പിക്കുന്നു.എന്തിന്? ജങ്ങൾ വോട്ട് ചെയ്തു.അവ യന്ത്രപ്പെട്ടികളിലുമായി. ഇനി എണ്ണുന്ന ദിവസം വരെ കാത്തിരിക്കാനുള്ള ക്ഷമ മാത്രമാണാവശ്യം. തെരഞ്ഞെടുപ്പിനു മുമ്പ് മത്സരിക്കുന്ന എല്ലാവരും ആത്മവിശ്വാസം പ്രകടിപ്പിക്കും. വിജയിക്കുമെന്ന് ഉറപ്പിച്ച് പറയും. വിജയിക്കാൻ ഒരു സാദ്ധ്യതയുമില്ലാത്ത സ്ഥാനാർത്ഥികൾ പോലും വിജയപ്രതീക്ഷ പ്രകടിപ്പിക്കും. ഇത് സ്വാഭാവികം. തോൽക്കും എന്നു പറഞ്ഞ് സ്ഥാനാർത്ഥികൾക്കോ പാർട്ടികൾക്കോ മുന്നണികൾക്കോ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ല.
തങ്ങൾ വിജയിക്കുമെന്ന ധാരണ ജനങ്ങളിൽ സൃഷ്ടിക്കുവാൻ മത്സര രംഗത്തുള്ള എല്ലാവരും ശ്രമിക്കും. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരാൻ താമസം നേരിടുമ്പോൾ ഫലം വരുന്നതുവരെ കൂട്ടിയും കിഴിച്ചും അവകാശവാദങ്ങൾ ഉന്നയിച്ച് വൃഥാ സമയം കളയേണ്ട കാര്യമില്ല. പാർട്ടികളും മുന്നണികളും താഴേക്കിടയിലുള്ള പ്രവർത്തകർ നൽകുന്ന വിവരങ്ങളെ വിശ്വസിച്ചാണ് ഈ കൂട്ടൽക്കിഴിക്കലുകളും അവകാശവാദങ്ങളും നടത്തുന്നത്. ഈ വിവരങ്ങൾ ഒന്നും വിശ്വാസത്തിൽ എടുക്കാൻ പറ്റുന്നവയേ അല്ല എന്ന് എത്രയോ അനുഭവങ്ങൾ തെളിയിച്ചിരിക്കുന്നു. പൊട്ടക്കണ്ണൻ മാവിലെറിഞ്ഞ് മാങ്ങ വീഴുന്നതു പോലെ ചിലപ്പോൾ ചിലത് സത്യമായി വന്നേക്കാം എന്നേയുള്ളൂ.
തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഐക്യ ജനാധിപത്യ മുന്നണിയോ അധികാരത്തിൽ വരും. ഒരു കൂട്ടർ ഭരണ പക്ഷവും ഒരു കൂട്ടർ പ്രതിപക്ഷവും ആകും. ജനവിധി എല്ലാവരും അംഗീകരിച്ചേ മതിയാകൂ. സഹകരിക്കേണ്ട മേഖലകളിൽ എല്ലാം പ്രതിപക്ഷം ഭരണത്തോട് സഹകരിക്കണം. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രധാന ചുമതല ഭരണത്തെ സൂക്ഷ്മമായി വിലയിരുത്തുക എന്നതാണ്. ഭരണത്തിന്റെ ഗുണങ്ങൾ ചൂണ്ടി കാണിക്കുക എന്നതിനേക്കാൾ ദോഷങ്ങൾ ചൂണ്ടി കാണിക്കുക എന്നതാണ് പ്രതിപക്ഷത്തെ സംബന്ധിച്ച് പ്രധാനമായിട്ടുള്ളത്. ഭരണ നേട്ടങ്ങൾ ഭരണപക്ഷം പറഞ്ഞുകൊള്ളും. ചുരുക്കത്തിൽ പ്രതിപക്ഷത്തിന്റെ ധർമ്മം ഭരണപക്ഷത്തെ വിമർശിക്കുക എന്നതു തന്നെയാണ്. ജനാധിപത്യം ശക്തിപ്പെടാനും ജനവിരുദ്ധ ഭരണ നടപടികളിൽ നിന്ന് ഭരണപക്ഷത്തെ ഒരു പരിധിവരെ പിന്തിരിപ്പിക്കാനും പ്രതിപക്ഷവിമർശനം ആവശ്യമാണ്.സ്വാഭാവികമായും പ്രതിപക്ഷത്തിന് ഒരു ദോഷൈക ദൃഷ്ടി അനിവാര്യമാകുന്നു.
ഇതൊക്കെയാണെങ്കിലും കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട ചില സന്ദർഭങ്ങൾ ഉണ്ടാകും. ചില നിയമങ്ങൾ നിർമ്മിക്കുന്നതിനും ഈ ഐക്യം അനിവാര്യമാണ്. സംസ്ഥാനത്തിന്റെ പ്രത്യേക താല്പര്യങ്ങൾ ഉള്ള വിഷയങ്ങളിൽ ഇത്തരം സർവകക്ഷി ഐക്യത്തിനു പ്രത്യേക പ്രാധാന്യം ഉണ്ട്. എന്നാൽ നിർഭാഗ്യ വശാൽ വളരെ നിർണ്ണായകമായ അത്തരം ചില സന്ദർഭങ്ങളിൽ പോലും ഒരുമിച്ച് ഒരു മനസോടെ നീങ്ങാൻ കേരളത്തിൽ സാധിക്കാതെ പോകുന്നു എന്നത് ദു:ഖകരമാണ്. ഈ സ്ഥിതി മാറണം. അത്തരം പ്രത്യേക സാഹചര്യങ്ങളിൽ സംസ്ഥാനത്തെ പാർട്ടി ഘടകങ്ങൾക്ക് സ്വന്തമായി നിലപാടെടുക്കാൻ രാഷ്ട്രീയ കക്ഷികളുടെ കേന്ദ്ര നേതൃത്വങ്ങൾ അനുവാദം നൽകണം. പാർട്ടികളുടെ പ്രഖ്യാപിത നിലപാടുകളിൽ ചില വിട്ടു വീഴ്ചകൾ ചെയ്യാൻ അതതു പാർട്ടികളുടെ കേന്ദ്ര നേതൃത്വങ്ങൾ തയ്യാറാകണം എന്നു സാരം. അഥവാ അത്തരം നിലപാടുകൾ സ്വീകരിക്കുവാനുള്ള അവകാശം പാർട്ടികളുടെ സംസ്ഥാന ഘടകങ്ങൾ നേടിയെടുക്കണം.
സ്വന്തം സംസ്ഥാനങ്ങളുടെ ചില പ്രത്യേക ആവശ്യങ്ങൾ വരുമ്പോൾ അല്പം സ്വാർത്ഥത ഒഴിവാക്കനാകാത്തതാണ്. അതിനെ സങ്കുചിത ചിന്ത എന്നു പറയാൻ കഴിയില്ല. സ്വന്തം കുടുംബത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ഒരു സ്വാർത്ഥത ഉണ്ടാകില്ലേ? അതിലെന്താ തെറ്റ്? സ്വന്തം കുടുംബ കാര്യങ്ങളിൽ ഈ സ്വാർത്ഥതയില്ലെങ്കിൽ സമൂഹത്തിനു നില നില്പില്ല. കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ. അതുപോലെ നമ്മുടെ വാസസ്ഥലത്തെ (റെസിഡൻഷ്യൽ ഏരിയ) സംബന്ധിച്ചും നമുക്ക് അത്യാവശ്യം സ്വാർത്ഥത ആകാം. സ്വന്തം സംസ്ഥാനത്തിന്റെ കാര്യത്തിലും വേണം ഈ സ്വാർത്ഥത. പിന്നെ വിഷയം അന്തർദേശീയമാകുമ്പോൾ നമ്മുടെ രാജ്യത്തിന്റെ കാര്യത്തിൽ നമ്മൾ ആവശ്യത്തിന് സ്വാർത്ഥരാകണം. ഇതിനെയൊക്കെ സങ്കുചിത പ്രാദേശിക വാദമെന്നോ സങ്കുചിത ദേശീയ വാദമെന്നോ പറയുന്നതിൽ അർത്ഥമില്ല. എന്നാൽ സ്വാർത്ഥതയുടെ അതിർ വരമ്പുകൾ ലംഘിക്കുകയും അതിൽ മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അത് തെറ്റായി മാറുന്നത്.
8 comments:
ദീപസ്തംഭം മഹാശ്ചര്യം..!!!!!!!!!!!!!
എനിക്കും കിട്ടണം പണം .....
നമുക്ക് എന്തായാലും മന്ത് വിധിചിട്ടുള്ളതാണ്.അത് വലതു കാലില്‍ ആണോ അതോ ഇടതു കാലില്‍ ആണോ എന്നേ ഇനി അറിയാന്‍ ഉള്ളൂ.
ജനാധിപത്യത്തിന്റെ മര്യാദകളെ ആരു ഗൗനിക്കാൻ.. പ്രതിപക്ഷമായാൽ അന്ധമായി എതിർക്കണം.. ഭരണ പക്ഷമായാൽ അന്ധമായി ഭരിക്കണം എന്നേ ഉള്ളൂ.. എൻഡോ സൾഫാന്റെ കാര്യത്തിൽ തന്നെ കണ്ടില്ലേ?...ഒന്നിച്ചെതിർത്താൽ ഒഴുകിപ്പോകുന്ന സംഗതികളെ പരസ്പരം ചെളിവാരിയെറിഞ്ഞു കൈ കഴുകും..! അവരവരുടെ ശമ്പളം വർദ്ധിപ്പിക്കാനേ ഒന്നിച്ചു കൈയ്യടിച്ചു പ്രോൽസാഹിപ്പിക്കുകയുള്ളൂ..
ഭാവുകങ്ങൾ!..
ആരു ജയിച്ചാലും കണക്കല്ല എന്ന സജിമിന്റെ അഭിപ്രായം ശരി. സ്വന്തം സംസ്ഥാനതാത്പര്യങ്ങൾ നോക്കുന്നതിൽ തെറ്റില്ല, ദേശീയ-ലോക താത്പര്യങ്ങൾക്ക് കീഴ്പ്പെട്ടേ പാടുള്ളുവെന്നു മാത്രം.
പണ്ടു് ബാങ്ക് ദേശസാല്ക്കരണത്തെ ഭരണ കക്ഷി
യിലെ ഒരു വിഭാഗം എതിര്‍ത്തു.എന്നാല്‍ ഇടതു
പക്ഷത്തിന്റെ സഹകുണത്തോടെ അതു സാധിത
പ്രായമായി. അതിന്റെ ഗുണഫലങ്ങള്‍ ലോക സമ്പദ് ഘടന തകര്ന്നപ്പോളാണു് നാം കൂടുതല്‍
തിരിച്ചറിയുന്നതു്. വേണമിനിയും അത്തരം രാഷ്ടീയ
സന്ധികള്‍ മനുഷ്യ ജീവനെ രക്ഷിക്കാനെങ്കിലും.
എല്ലാം കണക്കല്ല...എല്ലാം കണക്കാനെന്നത് പുത്തന്‍ അരാഷ്ട്രീയതയില്‍ മറഞ്ഞു നില്ക്കുന്നവരുടെ രാഷ്ട്രീയം.
തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഐക്യ ജനാധിപത്യ മുന്നണിയോ അധികാരത്തിൽ വരും. ഒരു കൂട്ടർ ഭരണ പക്ഷവും ഒരു കൂട്ടർ പ്രതിപക്ഷവും ആകും. ജനവിധി എല്ലാവരും അംഗീകരിച്ചേ മതിയാകൂ....
സഹകരിക്കേണ്ട മേഖലകളിൽ എല്ലാം പ്രതിപക്ഷം ഭരണത്തോട് സഹകരിക്കണം.
എന്നാൽ പ്രതിപക്ഷത്തിന്റെ പ്രധാന ചുമതല ഭരണത്തെ സൂക്ഷ്മമായി വിലയിരുത്തുക എന്നതാണ്.
ഭരണത്തിന്റെ ഗുണങ്ങൾ ചൂണ്ടി കാണിക്കുക എന്നതിനേക്കാൾ ദോഷങ്ങൾ ചൂണ്ടി കാണിക്കുക എന്നതാണ് പ്രതിപക്ഷത്തെ സംബന്ധിച്ച് പ്രധാനമായിട്ടുള്ളത്....!
<> പ്രതിപക്ഷത്തിന്റെ ധർമ്മം ഭരണപക്ഷത്തെ വിമർശിക്കുക എന്നതു തന്നെയാണ്. ജനാധിപത്യം ശക്തിപ്പെടാനും ജനവിരുദ്ധ ഭരണ നടപടികളിൽ നിന്ന് ഭരണപക്ഷത്തെ ഒരു പരിധിവരെ പിന്തിരിപ്പിക്കാനും പ്രതിപക്ഷവിമർശനം ആവശ്യമാണ്. <>
കേരളത്തിലെ നിയമസഭയില്‍ മൂന്നു കോടി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്ത് പ്രതിപക്ഷം സ്ഥിരമായി ഇറങ്ങിപോക്ക് നടത്തുന്നത് ഉത്തരവാദിത്വബോധം കൂടിപോയത് കൊണ്ടാണോ എന്നറിയില്ല. ഉമ്മന്‍ ചാണ്ടി എന്ന നേതാവിന് ചേരുന്നതല്ല പ്രതിപക്ഷ നേതാവിന്റെ കുപ്പായം. പത്രക്കാരുടെ മുന്നില്‍ ഞഞ്ഞാപിഞ്ഞാ പറഞ്ഞു ഓരോ ഇറങ്ങി പോക്കിനെയും ന്യായീകരിക്കുന്നതല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും നിയമസഭയില്‍ ക്രിയാത്മകമായി ഇദ്ദേഹം പ്രതികരിക്കുന്നത് കണ്ടിട്ടില്ല.
Post a Comment