Thursday, June 9, 2011

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ കീറാമുട്ടികൾ


സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ കീറാമുട്ടികൾ

കേരളത്തിലെ സ്വാശ്രയ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി പ്രവേശനം സംബന്ധിച്ച വിവാദങ്ങൾ തുടരുകയാണ്. ഗവർണ്മെന്റിന്റെയും കോടതികളുടെയും ഇടപെടലുകൾ തുടരെ ഉണ്ടായിട്ടും ഈ രംഗത്തെ പ്രശ്നങ്ങൾക്ക് ഇതുവരെയും ഒരു ശാശ്വതമായ പരിഹാരം ഉണ്ടാക്കുവാൻ കഴിയുന്നില്ല. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതി ഉറപ്പാക്കുവാൻ വേണ്ടി മുൻ ഗവർണ്മെന്റ്റിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഓടി നടന്നിട്ട് തുടരെ തുടരെ തിരിച്ചടികളാണുണ്ടായത്. ഈ വിഷയത്തിൽ കോടതി വിധികൾ മിക്കതും സർക്കാർ താല്പര്യത്തിന് എതിരായത് ഈ തിരിച്ചടികളുടെ ആക്കം കൂട്ടി. ഒടുവിൽ എം.എ. ബേബി എന്ന നല്ലൊരു രാഷ്ട്രീയ നേതാവിന്റെ ഇമേജ് തന്നെ അദ്ദേഹത്തിന്റേതല്ലാത്ത കാരണങ്ങളാൽ നഷ്ടപ്പെട്ടു.

ഇപ്പോഴും കലുഷിതമായിക്കൊണ്ടിരിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോളേജ് മാനേജുമെന്റുകളുമായി ഇനിയും ചർച്ചയ്ക്കു നടക്കാതെ കോടതികളും ഭരണകൂടവുമായി ചർച്ചകൾ നടത്തി ഒരു ഒത്തു തീർപ്പിലെത്തുന്നതാണ് നല്ലത്. മാനേജുമെന്റുകളുടെ താല്പര്യങ്ങളും സാമൂഹ്യനീതിയ്ക്കു വേണ്ടിയുള്ള സർക്കാർ താല്പര്യവും തമ്മിൽ ഏറ്റുമുട്ടുന്നിടത്ത് ഏതിനാണ് പ്രാമുഖ്യം നൽകേണ്ടതെന്ന കാര്യത്തിൽ നമ്മുടെ നീതി പീഠങ്ങൾ കുറച്ചു കൂടി സാമൂഹ്യ ബോധം ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ മാനേജ്മെന്റുകളുടെ ധാർഷ്ട്യത്തിനെങ്കിലും അല്പം കുറവു വരും. ചില ഭരണ ഘടനാ നിയമങ്ങളെയും മറ്റും ഉദ്ധരിച്ച് കോടതികളിൽ നിന്ന് മാനേജ്മെന്റുകൾക്ക് അനുകൂലമായി അനുകൂലവിധി ലഭിക്കുമെന്ന വിശ്വാസത്തിന്റെ പിൻബലം മനേജുമെന്റ്റുകളെ തികഞ്ഞ പിടിവാശികളിലേയ്ക്കും ധാർഷ്ട്യത്തിലേയ്ക്കും നയിക്കുന്നുണ്ട്. ശക്തമായ നിയമ നിർമ്മാണം കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഈ വിഷയത്തിലെ പ്രതിസന്ധികളെ മറികടന്ന് സാമൂഹ്യ നീതി ഉറപ്പുവരുത്താവുന്നതേയുള്ളൂ. അല്ലെങ്കിൽ ഉന്നത നീതിപീഠം ഇക്കാര്യത്തിൽ സാമൂഹ്യനീതിക്കനുകൂലമായ ഉറച്ച വിധി പ്രസ്താവം നടത്തണം.

സ്വാശ്രയ മേഖലകളിൽ വിദ്യാലയങ്ങൾ അനുവദിക്കുമ്പോൾ ഫിഫ്റ്റി ഫിഫ്റ്റി എന്ന കരാറാണ് സർക്കാരുമായി ഉണ്ടായിരുന്നത്. അൻപത് ശതമാനം സീറ്റ് മാനേജ് മെന്റിനും അൻപതു ശതമാനം സീറ്റ് മെരിറ്റിലും എന്നതായിരുന്നു ധാരണ. മെരിറ്റ് സീറ്റിൽ മെരിറ്റും സംവരണ തത്വങ്ങളും യഥാവിധി പാലിക്കപ്പെടും. പക്ഷെ മാനേജ് കോട്ടയിൽ അതല്ല സ്ഥിതി. എന്നാൽ ഇപ്പോൾ സർക്കാർ സീറ്റിൽ തന്നെ മാനേജ്മെന്റുകൾ കയറി കളിക്കുന്ന കാഴ്ചയാണുള്ളത്. വിദ്യാഭ്യാസം കച്ചവടോപാധിയായി സ്വീകരിക്കുമ്പോൾ ലാഭം പ്രതീക്ഷിക്കുക സ്വാഭാവികമാണ്. നടത്തിക്കൊണ്ടുപോകാനുള്ള പണം മാത്രം പോരാ. ലാഭം തന്നെ ലഭിക്കണം. സാമൂഹ്യസേവനത്തിനല്ലല്ലോ അവർ ഇത് നടത്തുന്നത്. ഇക്കാര്യം എല്ലാവരും അംഗീകരിക്കുന്നു. എന്നാൽ ഇവിടെ ലാഭാർത്തി എന്ന മുതലാളിത്തത്തിന്റെ തനിഗുണമാണ് സ്വാശ്രയ മാനേജ്മെന്റുകൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് കർശന നിലപാട് സ്വീകരിക്കേണ്ടത്. വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ സ്ഥാപനങ്ങൾ വരുമ്പോൾ സമ്പന്നർക്ക് മാത്രം വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുക വഴി സാമൂഹ്യാസമത്വം ശക്തിപ്പെടും എന്നുള്ളതുകൊണ്ടാണ് വ്യവസ്ഥകളോടെ സ്ഥാപനങ്ങൾ നടത്താൻ അനുവദിച്ചത്. പാവപ്പെട്ട കുട്ടികൾക്കും കൂടി പഠിക്കാൻ അവസരം നൽകണമെന്ന തികച്ചും ന്യായമായ ഉപാധിയാണ് ഇത്. ഈ ഉപാധി വഴി പാവപ്പെട്ടവർക്കൊക്കെ ഉന്നത പഠനത്തിന് അവസരം ലഭിക്കുമോ എന്നത് വേറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

മെരിറ്റ് സീറ്റിലാണെങ്കിലും അവസരം ലഭിക്കുന്നവരിൽ അധികവും സാമ്പത്തികമായി നല്ല ചുറ്റുപാടുകളിൽ ഉള്ള കുടുംബങ്ങളിലെ കുട്ടികളാണെന്നതാണ് സത്യം. മറ്റുള്ളവർ പത്താം തരം പോലും ജയിച്ചു വരാത്ത സാഹചര്യമാണ് ഉള്ളത്. പ്രത്യേകിച്ചും ഗ്രാമീണ മേഖലയിൽ. പ്ലസ് ടു കടന്നു കൂടുന്നവരിലാകട്ടെ നല്ലൊരു പങ്ക് എൻട്രസ് കടമ്പയും മറ്റും കടന്നു കയറാനാകാതെ പിന്തള്ളപ്പെടുകയും ചെയ്യുന്നു. മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശനം നേടുന്നവരിൽ ബഹുഭൂരിപക്ഷവും കോച്ചിംഗ് സെന്ററിലൊക്കെ പോയി പഠിച്ച് പരീക്ഷ എഴുതുന്നവരാണ്. പാവപ്പെട്ട കുട്ടികൾക്ക് “കൂടിയ ഇനത്തിൽ‌പ്പെട്ട” എൻ ട്രൻസ് കോച്ചിംഗ് സെന്ററുകളുടെ ഏഴയലത്തു പോലും ചെല്ലാനാകില്ല. പിന്നെയല്ലേ അവർ സ്വാശ്രയ മേഖലയിലായാലും സർക്കാർ മേഖലയിലായാലും ഉന്നത പഠനത്തിനെത്തുന്നത്!

തീരെ ദരിദ്രരായ കുട്ടികൾക്ക് മെഡിക്കൽ- എഞ്ചിനീയറിംഗ് മേഖലയൊക്കെ ഇന്നും വ്യർത്ഥ സ്വപ്നങ്ങൾ മാത്രമാണ്. സാമ്പത്തിക ഭദ്രതയുള്ള വീടുകളിലെ കുട്ടികളെ പോലെ പഠനത്തിൽ മികവ് പുലർത്താനും ഉയർന്ന മാർക്ക് വാങ്ങാനും തീരെ ദരിദ്രരായ കുട്ടികൾക്ക് പല കാരണങ്ങളാലും കഴിയില്ല എന്നത് ഇന്നിന്റെയും യാഥാർത്ഥ്യം തന്നെയാണ്. പിന്നെ പാവപ്പെട്ട കുട്ടികളിൽ എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് വരുന്ന കുറച്ചു പേരെങ്കിലും ഉണ്ടാകും. അവർക്ക് എല്ലാം സർക്കാർ വിദ്യാലയങ്ങളിൽ മാത്രമായി പ്രവേശനം നൽകാൻ നിലവിൽ അവസരവും ഇല്ല. അവിടെയാണ് സ്വാശ്രയ മേഖലകളിൽ സാമൂഹ്യ നീതി കൈവരിക്കേണ്ടതിന്റെ പ്രസക്തി. പാവപ്പെട്ടവരും ഇടത്തരക്കാരുമായ ഒരു വിഭാഗത്തിനെങ്കിലും വിദ്യാഭ്യാസ ലോൺ എടുത്തും വീടും പുരയിടവും വിറ്റും പണയം വച്ചും ആണെങ്കിലും പഠിക്കാൻ അവസരം ലഭിക്കും. (വിദ്യാഭ്യാസ ലോണും പാവപ്പെട്ടവർക്കല്ല, കൂടുതലും പണക്കാർക്കേ ലഭിക്കൂ എന്നത് മറക്കുന്നില്ല. വിദ്യാഭ്യാസ ലോണിന് ബാങ്ക് മാനേജരെ സമീപിക്കുന്ന പവപ്പെട്ടവർക്ക് നക്സലൈറ്റാകാൻ തോന്നിപ്പോകും).

എല്ലാവർക്കും സാമൂഹ്യ നീതി ഉറപ്പുവരുത്താൻ കഴിയുന്നില്ല; എന്നാൽ കുറച്ചുപേർക്കെങ്കിലും അവസരങ്ങൾ നൽകാൻ ആകുന്നത് നല്ലതല്ലേ? ഇവിടെ പാവങ്ങളിൽത്തന്നെ ഒരു വിഭാഗത്തിന് അവസരം ലഭിക്കുകയും ഒരു വിഭാഗത്തിന് അവസരം ലഭിക്കാതെയും വരുന്നു എന്നതിലും ഒരു അസമത്വം ഉണ്ട് എന്നതും സൂചിപ്പിക്കാതെ വയ്യ. എല്ലാവരും ഡോക്ടർമാരും എഞ്ചിനീയർമാരും ആകണോ, അഥവാ ആകാൻ കഴിയുമോ എന്നൊക്കെയുള്ള ചോദ്യം വരാം. എന്നാൽ പണക്കാരുടെ മക്കൾ മാത്രം ഡോക്ടർ മാരും എഞ്ചിനീയർമാരും ആയാൽ മതി , മറ്റുള്ളവരെല്ലാം വേറെ തൊഴിലുകൾ ചെയ്യട്ടെ എന്ന ശാഠ്യം അംഗീകരിക്കാൻ കഴിയുമോ? ഇല്ലേയില്ല. അതുകൊണ്ടുതന്നെ അൻപതു സമ്പന്നക്കുട്ടികൾ ഡോക്ടർമാരും എഞ്ചിനീയർമാരും ആകുമ്പോൾ അൻപത് പാവപ്പെട്ടവർക്കും അതിന് അവസരം നൽകണം. അത് അനുവദിക്കാത്തവരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ അനുവദിക്കരുത്. ലാഭം നേടാൻ വേറെയുമുണ്ട് ബിസിനസുകൾ. അവർ ആ വഴിയ്ക്കു നീങ്ങട്ടെ!

സത്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ ജാതിമതങ്ങളിലും പെട്ട കുട്ടികൾക്ക് ഉന്നത പഠന മേഖലകളിൽ പ്രവേശനത്തിന് മാർക്കിളവു പോലും അനുവദിക്കേണ്ടതാണ്. അല്ലെങ്കിൽ ഇന്നത്തെ നിലയിലുള്ള എൻട്രൻസ് പരീക്ഷകളും മറ്റും എടുത്തു കളയണം. പാവങ്ങൾക്ക് അപ്രാപ്യമായ സംവിധാനങ്ങൾ വിദ്യാഭ്യാസ മേഖലകളിൽ ഉണ്ടാകാൻ പാടില്ല. പ്ലസ് ടൂ ജയിക്കുന്ന എല്ലാ കുട്ടികൾക്കും അതത് സ്കൂളുകളിൽ തന്നെ ഒരു വർഷത്തെ സൌജന്യ എൻട്രൻസ് കോച്ചിംഗ് ഏർപ്പെടുത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. അതുപോലെ കടുത്ത പരീക്ഷണങ്ങളാകുന്ന എണ്ട്രൻസ് പരീക്ഷകൾ ഒഴിവാക്കി മലയാളത്തിലുള്ള പൊതു പരീക്ഷകളായി എണ്ട്രൻസ് പരീക്ഷകൾ മാറണം. ഇന്നത്തെ എൻട്രൻസ് പരീക്ഷയും പ്രവേശന നടപടികളും എല്ലാം പണക്കാരുടെ മക്കളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. അതുകൊണ്ടാണ് പാവങ്ങളുടെ മക്കൾ ആരെങ്കിലും തെന്നിയും തെറിച്ചും കുറച്ചു പേർ പ്രതിബന്ധങ്ങളെ അതി ജീവിച്ച് അങ്ങോട്ട് കടന്നു ചെല്ലുമ്പോൾ പലർക്കും ചൊറിയുന്നത്.

മറ്റൊന്ന് സ്വാശ്രയ വിദ്യാലയങ്ങൾ നിലവിലുണ്ടെങ്കിൽ അവിടെ പഠിക്കാൻ ആളുകൾ ചെല്ലും. കേരളത്തിൽ ഇല്ലെങ്കിൽ അന്യ സംസ്ഥാനങ്ങളിൽ പോകും. വേറെ രാജ്യങ്ങളിലും പോകും. ഇപ്പോഴും പോകുന്നുണ്ടല്ലോ. അതുകൊണ്ടൊക്കെയാണ് തത്വങ്ങളൊക്കെ തൽക്കാലം മാറ്റി നിർത്തി കേരളത്തിലും സ്വാശ്രയ വിദ്യാലയങ്ങൾ തുടങ്ങാൻ അനുവദിച്ചത്. അവിടെ സർക്കാർ സീറ്റിൽ മെരിറ്റുള്ളവരും മാനേജ്മെന്റ് സീറ്റിൽ പൈസയുള്ളവർക്കും പ്രവേശനം നേടാം. ഇവിടെ ഇപ്പോൾ ആരോഗ്യമന്ത്രിയുടെ മകളുടെ പരിയാരം കോളേജ് പ്രവേശനം വിവാദങ്ങളുടെ നടുവിൽ അദ്ദേഹം വേണ്ടെന്നു വയ്ക്കുകയുണ്ടായി. അതുപോലെ ഒരു ഡി.വൈ.എഫ്.ഐ നേതാവിന്റെ മകൾ മാനേജ്മെന്റ് സീറ്റിൽ പ്രവേശനം നേടിയത് പാതകമായും ചിത്രീകരിക്കപ്പെട്ടു. മന്ത്രി ആയി പോയതുകൊണ്ട് അദ്ദേഹത്തിന്റെ മകൾക്ക് പഠിക്കാൻ കേരളത്തിൽ ലഭ്യമാകുന്ന ഒരവസരം നിഷേധിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും അത് ശരിയല്ല. മകളുടെ വിദ്യാഭ്യാസാവകാശം മന്ത്രിയുടെ സ്വസ്ഥതയ്ക്ക് വേണ്ടി നിഷേധിക്കുന്നത് ഒരു മന്ത്രിയച്ഛനെ സംബന്ധിച്ചും ശരിയല്ല. മന്ത്രി അടൂർ പ്രകാശിന്റെ മകൾക്ക് കേരളത്തിനോ ഇന്ത്യയ്ക്കോ പുറത്തു പോയി പി.ജി പഠനം നടത്താൻ ശേഷിയുണ്ടായിരിക്കാമെന്നത് വേറെ കാര്യം.

അതുപോലെ തത്വത്തിൽ വിദ്യാഭ്യാസ കച്ചവടത്തിന് ഡി.വൈ.എഫ്.ഐ പോലൊരു സംഘടന എതിരായതുകൊണ്ട് അതിന്റെ ഒരു നേതാക്കളുടെ കുട്ടികൾക്ക് സ്വാശ്രയ വിദ്യാലയത്തിൽ മാനേജ് മെന്റ് കോട്ടയിൽ പഠിച്ചു കൂടെന്നു പറയുന്നതിലും വലിയ കാര്യമൊന്നുമില്ല. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന അനീതികൾക്കെതിരെ പൊരുതുന്ന സംഘടനയാണ് എസ്.എഫ്.ഐ. എന്നാൽ സ്വാശ്രയ കോളേജുകളിൽ തന്നെ എസ്.എഫ്.ഐ യൂണിറ്റുകളും ഉണ്ട്. മാനേജ്മെന്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളും എസ്.എഫ്.ഐയിൽ അംഗങ്ങളാകുന്നുണ്ട്. തുറന്നുതന്നെ പറയാം; അത്തരം ചില വിരോധാഭാസങ്ങൾ ഒക്കെ ഈ ഒരു വ്യവസ്ഥിതിയിൽ സ്വാഭാവികമാണ്. ഇപ്പോൾ ഡി.വൈ.എഫ്. ഐ യുടെ സംസ്ഥാന നേതാവിന്റെ കുട്ടി പരിയാരത്ത് പ്രവേശനം നേടിയതാണല്ലോ വിവാദമായത്. സി.പി.എമ്മിന്റെ പല പ്രമുഖ നേതാക്കളുടെയും പ്രാദേശിക നേതാക്കളുടെയും മക്കൾ സംസ്ഥാനത്തിനകത്തും പുറത്തും സ്വാശ്രയ വിദ്യാലയങ്ങളിൽ പഠിച്ചിട്ടുണ്ട്. ഇപ്പോഴും പഠിക്കുന്നുണ്ട്.

സിദ്ധാന്തവും പ്രയോഗവും യഥാവിഥി നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത ഒരു വവസ്ഥിതി നില നിൽക്കുന്ന ഒരു രാജ്യം എന്ന നിലയിൽ എല്ലാ രംഗത്തും വ്യവസ്ഥിതിയുമായി സന്ധി ചെയ്തു തന്നെയാണ് ഇടതുപക്ഷം ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അത് ആർക്കാണറിയാത്തത്? നേതാക്കളുടെ മക്കൾ എവിടെ പഠിക്കുന്നു എന്നതൊന്നുമല്ല രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നം. ഇടതുപക്ഷക്കാർ ആയി പോയതുകൊണ്ട് അവരും അവരുടെ മക്കളും ഒക്കെ സോഷ്യലിസം സ്ഥാപിക്കുന്നതുവരെ എല്ലാം ത്യജിച്ച് ജീവിച്ചു കൊള്ളണം എന്ന് ശഠിച്ചാൽ അത് ആരു കേൾക്കാൻ! ബ്രിട്ടീഷ് വിദ്യാഭ്യാസം നേടിക്കൊണ്ടുതന്നെ പണ്ട് ബ്രിട്ടീഷുകാർക്ക് ഇന്ത്യക്കാർ പണികൊടുത്തത് എന്ന ചരിത്ര യാഥാർത്ഥ്യം കൂടി ഓർമ്മിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് തൽക്കാലം അവസാനിപ്പിക്കുന്നു.

8 comments:

Manoj മനോജ് said...

വിദ്യാഭ്യാസ കച്ചവടത്തിന് കടിഞ്ഞാണിടാന്‍ കേന്ദ്രം ദാ വരുന്നു വരുന്നു എന്ന് കോടതിയോടും മറ്റും പറയുന്നതല്ലാതെ ഇന്ന് വരെ ഒരു ഉറച്ച തീരുമാനത്തില്‍ എത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ തന്നെ മാനേജ്മെന്റ് കഴുകന്മാര്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ഭാവി നിയന്ത്രിക്കും....

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ചിലതൊന്നും ന്യായീകരിക്കാന്‍ തോന്നാത്തത് കൊണ്ട് ഈ വിഷയത്തില്‍ കമന്റും പോസ്റ്റും ഇല്ല.

SHANAVAS said...

കേരളത്തിലെ ഭരണാധികാരികള്‍ കുടം തുറന്നുവിട്ട ഭൂതങ്ങളാണ് ഈ സ്വാശ്രയക്കാര്‍. ഇപ്പോള്‍ സര്‍ക്കാരിനെക്കാളും ഉയരത്തില്‍ നിന്നവര്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. പണ്ട് കേരളത്തിലും പ്രവേശന പരീക്ഷ ഉണ്ടായിരുന്നില്ല. അന്നും പണമുള്ളവരുടെ മക്കള്‍ തന്നെ ആണ് ഡോക്ടറും എന്ജിനീരും ഒക്കെ ആയിരുന്നത്. അന്ന് പണക്കാരുടെ മണ്ടന്മാരായ മക്കളും മാര്‍ക്ക് തിരുത്തി ഡോക്ടറും മറ്റും ആയിക്കൊണ്ടിരുന്നു. ഏതോ പണക്കാരന് പറ്റിയ ഒരു കയ്യബദ്ധം കൊണ്ടാണ് എല്ലാം കീഴ്മേല്‍ മറിഞ്ഞത്. സയന്‍സ് വിഷയങ്ങള്‍ക്ക്‌ "പൂജ്യം " മാര്‍ക്ക് കിട്ടിയവര്‍ വരെ നൂറാക്കി പ്രവേശനം നേടി. അത് കണ്ടുപിടിച്ചപ്പോള്‍ ആണ് പ്രവേശന പരീക്ഷ ആരംഭിച്ചത്. ദോഷം പറയരുത്. ഇന്ന് കേരളത്തില്‍ നടക്കുന്ന ഏറ്റവും കാര്യക്ഷമം ആയ ഒരു കാര്യം ആണ് ഈ പ്രവേശന പരീക്ഷ എന്ന് സ്വന്തം അനുഭവത്തിലൂടെ ഞാന്‍ പറയുന്നു. ഇപ്പോള്‍ പാവപ്പെട്ടവരും ഇടത്തരക്കാരും ആയ മിടുക്കന്മാരേയും മിടുക്കികളേയും നമുക്ക് സര്‍ക്കാര്‍ കോളേജുകളില്‍ കാണാന്‍ കഴിയും. മുന്‍പ് അതില്ലായിരുന്നു. പക്ഷെ വീണ്ടും ഈ "സംപൂജ്യര്‍" വിലസ്സാന്‍ വഴി തെളിയുന്നുണ്ട്. എന്ജിനീരിങ്ങിനു ഇപ്പ്രാവശം മുതല്‍ പ്ലസ് ടൂ മാര്‍ക്കും കൂടി നോക്കിയാണ് റാങ്ക് വരാന്‍ പോകുന്നത്. എന്തായാലും ഈ വിഷയത്തില്‍ ആദ്യം ആയി ഗൌരവം ഉള്ള ഒരു പോസ്റ്റ്‌ ഇട്ട സജീമിനെ അഭിനന്ദിക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...

തിരൂർ,

ന്യായീകരിക്കാൻ പറ്റാത്തത് എന്തൊക്കെയാണെന്ന് മനസിലാക്കുന്നുണ്ട്. ചിലതൊക്കെ ന്യായീകരിക്കാൻ നിർബന്ധിതമായി പോവുകയും ചെയ്യുന്നു. സങ്കീർണ്ണമാണ് സ്ഥിതിഗതികൾ ഒക്കെ!

എല്ലാ കമന്റുകൾക്കും നന്ദി!

Anonymous said...

കേരള വിദ്യാഭ്യാസരംഗം ഇത്രേം കുട്ടിച്ചോറാക്കിയത് ആ എം.എ.ബേബി ഒരുത്തനാ..

anushka said...
This comment has been removed by the author.
Anonymous said...

നേതാക്കളുടെ മക്കൾ എവിടെ പഠിക്കുന്നു എന്നതൊന്നുമല്ല രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നം. ഇടതുപക്ഷക്കാർ ആയി പോയതുകൊണ്ട് അവരും അവരുടെ മക്കളും ഒക്കെ സോഷ്യലിസം സ്ഥാപിക്കുന്നതുവരെ എല്ലാം ത്യജിച്ച് ജീവിച്ചു കൊള്ളണം എന്ന് ശഠിച്ചാൽ അത് ആരു കേൾക്കാൻ!

സജീമേ നമ്മളാരും അങ്ങിനെ പറയുന്നില്ല സഖാക്കളുടെ മക്കളും കുത്തകമുതലാളിയുടെ മക്കളും ഒരേ ബഞ്ചില്‍ ഇരുന്നു എന്‍ ജിനീയറിംഗ്‌ പഠിക്കണം എന്നു തന്നെയാണു ആഗ്രഹം പിണറായി തനെ മകനെ ഇംഗ്ളണ്ടില്‍ അയച്ചു പഠിപ്പിക്കുന്നതില്‍ നമ്മളും അഭിമാനിക്കുന്നു, പണ്ടു ഈ എം എസും തണ്റ്റെ മകള്‍ രാധയെ ഈയിടെ ഒരു രമേശന്‍ സഖാവ്‌ ചെയ്തപോലെ ഒറീസ്സ്‌ ക്വാട്ടയില്‍ പഠിപ്പിച്ച്‌ ഡോക്ടറ്‍ ആക്കി പക്ഷെ അന്നു രാധ അഡിമിഷന്‍ എടുക്കരുതെന്നു ആരും പറഞ്ഞതായി കേട്ടിട്ടില്ല ഈ എം എസ്‌ പറഞ്ഞു എനിക്കിതൊന്നും അറിഞ്ഞൂടാ ആരു അഡ്മിഷന്‍ കൊടുത്തോ എന്തോ എന്നാല്‍ പാവം രമേശനു അഡ്മിഷന്‍ ഇപ്പോള്‍ നിരസിക്കേണ്ടി വന്നു

നമ്മള്‍ ചോദിക്കുന്നത്‌ അതല്ല ആ പാവം എം വീ രാഘവന്‍ പരിയാരം കോളേജു തുടങ്ങിയില്ലായിരിന്നെങ്കില്‍ ഇതു വല്ലതും നടക്കുമായിരുന്നോ? അതു തുടങ്ങാതിരിക്കാന്‍ എന്തേല്ലാം പാരകള്‍ നിങ്ങള്‍ പണിഞ്ഞു കൂത്തു പറമ്പ്‌ സംഭവം എന്നു പറയുന്ന സംഭവം തന്നെ അയാളെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ വെടി വച്ചതല്ലേ ഇപ്പോള്‍ എം വീ രാഘവന്‍ ഔട്ട്‌ ഭരണം നമ്മള്‍ പിടിച്ചു എന്നിട്ടു മന്ത്രി അടൂറ്‍ പ്രകാശണ്റ്റെ മോള്‍ ക്കും രമേശണ്റ്റെ മരുമോള്‍ക്കും ഒക്കെ അഡ്മിഷനും കൊടുത്തു പക്ഷെ പാര്‍ട്ടിക്ക്‌ കാശു വേണം ഇതു ശരിയാണൊ ഇതു മൂല്യ ച്യുതി അല്ലേ? ഇതാണൂ ചോദ്യം എന്‍ ട്റന്‍സു മര്യാദക്കു നടക്കുന്നത്‌ സഹിക്കാതെ ആണു മാറ്‍ക്കും കൂടി ചേറ്‍ക്കാം എന്നു തീരുമാനിച്ചത്‌ ഇതു മണ്ടന്‍ തീരുമാനം ആണൂ ഗ്റേഡിംഗ്‌ സിസ്റ്റത്തില്‍ മോഡറേഷന്‍ ഇല്ല എന്നിട്ട്‌ നിങ്ങള്‍ ഒന്‍പത്‌ മാറ്‍ക്ക്‌ മോഡറേഷന്‍ കോടുത്തു അതു സോഫ്റ്റ്‌ വെയറ്‍ വഴി ചെയ്യാന്‍ പറ്റാത്തതിനാല്‍ മാനുവല്‍ ആയി കൊടുത്തു റിസല്‍റ്റ്‌ കുളം ആയി സീ ബി എസ്‌ സിക്കും ഗ്റേഡിംഗ്‌ ആയിരുന്നു അവിടെ മോഡറേഷന്‍ ഇല്ലായിരുന്നു ഈ അനോമാലി ചൂണ്ടിക്കാണിച്ചു റങ്ക്‌ ലിസ്റ്റ്‌ വരുമ്പോള്‍ ആള്‍ക്കാറ്‍ കോടതി കേറും (ഇല്ലെങ്കില്‍ തമിഴ്നാട്‌ വിദ്യാഭ്യാസ കുത്ത്കകള്‍ കയറും ചുരുക്കം കോടതി സ്റ്റേ ചെയ്യും) പണം ഉള്ളവന്‍ മക്കളെ തമിഴ്‌ നാട്ടില്‍ കൊണ്ട്‌ അഡ്മിഷന്‍ എടുക്കും ഇവിടെ ഈ വറ്‍ഷം മുഴുവന്‍ കേസും കോടതിയും ഇതൊക്കെ കാത്തിരുന്നു കാണൂക

പത്രക്കാരന്‍ said...

ഞാന്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ മാനേജ്‌മന്റ്‌ സീറ്റില്‍ ആണ് കയറിയത്. ഒടുവില്‍ പഠിച്ചിറങ്ങുമ്പോള്‍ എസ്എഫ്ഐയുടെ ഏരിയ ഭാരവാഹി ആയിരുന്നു !!!!!
ഇതാ ഇപ്പൊ അവിടെ യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് സഖാക്കള്‍...
എന്നൊക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ..