Tuesday, August 30, 2011
എനിക്കല്പം ഏകാന്തതവേണംന്നേ!
മുൻകുറിപ്പ് : ഇതല്പം സ്വകാര്യമാണ്. വെറുതെ കുത്തിക്കുറിക്കുന്നത്.......
എനിക്കല്പം ഏകാന്തതവേണംന്നേ!
ഇന്ന് അവധിയായിരുന്നു. ഇനി നാളെയും അവധിതന്നെ. ചെറിയ പെരുന്നാൾ. അതു കഴിഞ്ഞാലുടൻ ഇനി ഓണാവധികൾ വരാനിരിക്കുന്നു. എല്ലാവർക്കും ഇത് ആഘോഷങ്ങളുടെ ദിവസങ്ങളാണ്. എന്നാൽ എന്നെ സംബന്ധിച്ച് ഇപ്പോൾ വലിയ ആഘോഷങ്ങൾ ഒന്നുമില്ല്ല. എന്നാൽ ഈ പൊതു അവധി ദിവസങ്ങൾ എന്നെ സന്തോഷിപ്പിക്കാൻ പോന്നവയാണ്.എപ്പോഴും കുട്ടികളുമായും പൊതുക്കാര്യങ്ങളിൽ ജനങ്ങളുമായും ബന്ധപ്പെട്ട് കഴിയുന്ന ഒരാളാണ് ഈ ഒന്നൊന്നര ഞാൻ. പക്ഷെ ഈ പൊതു അവധി ദിവസങ്ങൾ എനിക്ക് സ്വയം ഏകാന്തത തീർത്ത് വീട്ടിൽ അടച്ചുമൂടി ഇരിക്കാനുള്ളതാണ്. അല്പം വായന, അല്പം ബ്രൌസിംഗ്, ഇടയ്ക്കിടെ കിടന്ന് കൊച്ചുകൊച്ച് ഉറക്കങ്ങൾ. ഈ ദിവസങ്ങളിൽ വീട്ടിലോ വീട്ടിനോട് ചേർന്നുള്ള എന്റെ സർവ്വകലാശാലയിലോ വരുന്നവരോടൊക്കെ നാമമാത്രമായ കുശലപ്രശ്നങ്ങൾ മാത്രം. പിന്നെ വീണ്ടും സ്വന്തം മുറിയിലേയ്ക്ക്. ഈ അസുഖം തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി.
മുമ്പ് ഓണം, ക്രിസ്തുമസ് പെരുന്നാൾ എന്നൊക്കെ പറഞ്ഞാൽ എനിക്കും അതൊക്കെ ആഘോഷങ്ങളുടെ ദിവസങ്ങൾ തന്നെയായിരുന്നു. ചിലപ്പോൾ വീട്ടിൽ തന്നെ കാണുകയില്ല. പുറത്തായിരിക്കും. പെരുന്നാളിന് സുഹൃത്തുക്കളെയൊക്കെ വീട്ടിൽ വിളിച്ചുകൊണ്ടു വരും. അവർക്കൊക്കെ പെരുന്നാൾ സ്പെഷ്യൽ ഭക്ഷണങ്ങൾ നൽകും. ചിലപ്പോൾ ഒരു കൊച്ചു കല്യാണത്തിനുള്ള ആളൊക്കെ വീട്ടിൽ കാണും. ഓണം വന്നാലോ? പിന്നെ ഓരോ ദിവസവും ഓരോ നേരവും ഓരോ വീടുകളിലായിരിക്കും സദ്യ. രാത്രി വീട്ടിലെത്തുമ്പോൾ വയറ് ഡിം ആയിരിക്കും. ക്രിസ്ത്യാനികൾ ഇവിടെ അധികമില്ലാത്തതുകൊണ്ട് ആ ദിവസങ്ങളിൽ ആരും വീടുകളിലേയ്ക്ക് ക്ഷണിയ്ക്കാനില്ല. എങ്കിലും അപ്പോഴും ആഘോഷങ്ങൾ എന്തെങ്കിലുമൊക്കെ കാണും.
പെരുന്നാളിന് അടുത്ത വീടുകളിലൊക്കെ ഓരോ ഭക്ഷണപ്പൊതി കൊണ്ടുക്കൊടുക്കാതെ നമ്മൾ കഴിക്കാറില്ല. മിക്കവാറും പെരുന്നാളിന്റെ തലേ ദിവസമാണ് അയൽ വീടുകളിൽ ഭക്ഷണമെത്തിക്കുന്നതും കൂട്ടുകാരെ വിളിച്ചുകൊണ്ടു വരുന്നതുമൊക്കെ. പെരുന്നാൾ ദിവസം പള്ളിയിൽ പോകുന്നവർ പോയി വരും എന്നതിനപ്പുറം വലിയ അഘോഷങ്ങൾ ഉണ്ടാകാറില്ല. തലേ ദിവസമാണല്ലോ ആടുമാടുകൾക്ക് ജീവഹാനി വരുത്തുന്നതും നമ്മൾ ഇറച്ചി വാങ്ങുന്നതും ഒക്കെ. ഇനി ഓണം വന്നാലോ. അത്തമിടുന്ന ദിവസം മുതൽ പലപല വീടൂകളിൽ നിന്നായി അവിലും മലരും അടപ്രഥമനും ഒക്കെ വന്നുകൊണ്ടിരിക്കും. ഓണത്തിന് കാണിക്കയുമായി വാപ്പയെ കാണാൻ വരുന്നവർ വേറെയും. ഓണത്തിന് വീട്ടിലേയ്ക്ക് ക്ഷണിക്കാത്തവർകൂടിയും അയലത്തെ മറ്റുമതസ്ഥർക്ക് ഒരു പാത്രം പായസമെങ്കിലും എത്തിക്കുന്നത് ഒരു കീഴ്വഴക്കം തന്നെ ആയിരുന്നു. ആയിരുന്നു എന്നല്ല, ഇപ്പൊഴും ഇവിടെ ഇതൊക്കെ നടക്കുന്നുണ്ട്.പണ്ടത്തെ അത്ര തീവ്രവും വ്യാപകവും അല്ലെങ്കിലും.
ഓണവും പെരുന്നാളും ക്രിസ്തുമസുമൊക്കെ നമ്മുടെ നാട്ടിൽ മതേതരമായി കൊണ്ടാടപ്പെടുന്നതാണ്. ഭൂരിപക്ഷം മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളിൽ മുസ്ലിങ്ങൾ ഓണക്കളികളും മറ്റും സംഘടിപ്പിക്കും. ഉമ്മവീട്ടിലും വാപ്പവീട്ടിലുമായി മാറിമാറിയായിരുന്നു നമ്മുടെ താമസം. രണ്ട് ജില്ലകളാണെങ്കിലും ഇവതമ്മിൽ വലിയ അകലമില്ല.തിരുവനന്തപുരം-കൊല്ലം ജില്ലാ ബോർഡർ ഏരിയയാണ് . മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തുള്ള എന്റെ ഉമ്മയുടെ കുടുംബവീട്ടിൽ താമസിക്കുമ്പോൾ സാധാരണ വീട്ടിനു പുറത്തിറങ്ങാത്ത മുസ്ലിം സ്ത്രീകളും പെൺകുട്ടികളും കൂടി ഏതെങ്കിലും വീട്ടുമുറ്റത്തോ തിരക്കൊട്ടുമില്ലാത്ത വഴിയോരത്തോ വന്ന് മാണിക്കച്ചെമ്പഴുക്കയും, സെവന്റീസും, കുറ്റിപ്പന്തും, തുമ്പിതിതുള്ളലുമൊക്കെ കളിച്ചിരുന്നു. തിരുവോണം മുതൽ നാലഞ്ച് ദിവസങ്ങളിൽ തുടർച്ചയായി ഉച്ചയ്ക്ക് ഊണിനു മുമ്പും ശേഷവും ആണും പെണ്ണും ഇടകലർന്ന ഓണക്കളികളും പാട്ടുകളും മറ്റും നടന്നിരുന്നു.അക്കാലത്ത് ഓണം,പെരുന്നാൾ, ക്രിസ്ത്മസ് തുടങ്ങിയ ആഘോഷവേളകൾക്ക് മദ്യത്തിന് ഇന്നത്തെ പോലെ “പ്രസക്തി” ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടില്ല. എന്തായാലും അതൊക്കെ ഒരു കാലം.
എന്നാൽ ഏതാനും വർഷങ്ങളായി ഇത്തരം ആഘോഷങ്ങൾക്കൊന്നും ഞാനത്ര പ്രാധാന്യം നൽകാറില്ല. വായന ശാലയുടെ ഓണാഘോഷ പരിപാടി വല്ലതും ഉണ്ടെങ്കിൽ അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടും. ഇപ്പോൾ ഓണത്തിന് അങ്ങനെ പരിപാടികൽ നടത്താറില്ല. നടത്തിയാലും മറ്റു പയ്യന്മാരൊക്കെ മുൻ നിന്ന് അങ്ങ് നടത്തിക്കൊള്ളും. നമ്മൾ ഒന്നു ശ്രദ്ധിക്കണമെന്നേയുള്ളൂ. വായനശാലയുടെ ആഭിമിഖ്യത്തിൽ പതിവുള്ള നാടൻ പന്ത് കളി ഇത്തവണ ഒട്ട് നടത്തുന്നുമില്ല. അടുത്തിടെ മറ്റൊരു പരിപാടി നടന്നതുകൊണ്ട് ഇനി ഒരു പരിപാടി വേണ്ടെന്നും വച്ചു.
പെരുന്നാൾ, തിരുവോണം, ന്യൂ ഇയർ എന്നീ വിശേഷദിവസങ്ങളിലോ അതിന്റെ തലേന്നോ മദ്യപിച്ചും ആഘോഷിച്ചും അടിപിടി കൂടിയും അകത്താകുന്നവരെ ജാമ്യത്തിലിറക്കാൻ ഇറക്കാൻ ഉറക്കമൊഴിഞ്ഞ് പോലീസ്റ്റേഷനിൽ പോകേണ്ട സ്ഥിതി ഉണ്ടായിരുന്നു. രണ്ടുമൂന്നുകൊല്ലമായി അതില്ല.അഥവാ ഉണ്ടായാലും മറ്റാരെങ്കിലും ഒക്കെ അറ്റൻഡ് ചെയ്യുന്നുണ്ട്. മാത്രവുമല്ല
രാത്രി അനാവശ്യമായ വിഷയങ്ങളുണ്ടാക്കിയിട്ട് എന്നെ വിളിക്കരുതെന്ന് ഞാൻ കർശനമായി വിലക്കിയിട്ടുണ്ട്.പ്രത്യേകിച്ച് രാത്രി വീട്ടിൽ നിന്ന് പോകാൻ പറ്റുന്ന സ്ഥിതിയല്ല. പ്രായം കൊണ്ടും രോഗം കൊണ്ടും അവശതയുള്ള വാപ്പയെയും ഉമ്മയെയും തനിച്ചാക്കി രാത്രി എങ്ങും പോകാൻ കഴിയുകയുമില്ല.
അപ്പോൾ പറഞ്ഞുവന്നത് ഇപ്പോൾ എനിക്ക് ആഘോഷങ്ങളൊട് അത്ര താല്പര്യമൊന്നുമില്ല എന്നാണ്. വീട്ടിൽ കൂട്ടുകാരെ വിളിച്ചുകൊണ്ടുവരുന്ന പതിവൊന്നും ഇപ്പോൾ ഇല്ല. അതിന്റെ കാരണം ഒന്ന് ഉമ്മാക്ക് വച്ച് വിളമ്പാനുള്ള ആവതും ആരോഗ്യവും ഇല്ലാത്തതു തന്നെ. മുമ്പൊക്കെ ആരെയെങ്കിലുമൊക്കെ സഹായത്തിനു കിട്ടുമായിരുന്നു. ഇപ്പോൾ അതുമില്ല. പിന്നെ ഇത്തരം സന്ദർഭങ്ങളിൽ പെണ്ണുകെട്ടാനുള്ള ചില സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുവാനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് ഞാൻ തന്ത്രപൂർവ്വം അക്കാര്യങ്ങൾ ഒന്നും മിണ്ടുകയുമില്ല.
മാത്രവുമല്ല, പെരുന്നാളിനു വീട്ടിൽ വരുന്നവരൊക്കെ ഓണത്തിന് തിരിച്ച് അവരുടെ വീടുകളിലേയ്ക്ക് വിളിക്കും. എനിക്കാണെങ്കിൽ പോകാൻ മടിയും. ഒരുപാട് വീടുകളിൽ പോകേണ്ടിവരും. ഞാൻ വിളിക്കാതിരുന്നാലും അവർ ഓണത്തിനു വിളിക്കും എന്നായപ്പോൾ എന്നെ ദയവായി ക്ഷണിക്കരുതേയെന്ന് ഞാൻ പറഞ്ഞു തുടങ്ങി. വിളീച്ചാലും ഇപ്പോൾ സ്നേഹപൂർവ്വം നിരസിക്കും. അടുത്ത വീടുകളിൽ പോലും പോകാറില്ല! കാരണം മറ്റൊന്നുമല്ല. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും ഒക്കെ എനിക്ക് വീട്ടിൽ എന്റെ മുറിയടച്ചിരിക്കണം. പുസ്തകം വായിക്കണം. നെറ്റകത്ത് വന്നശേഷം ബ്രൌസിംഗും. ഇടയ്ക്കിടയ്ക്ക് പകലുറക്കവും. എനിക്ക് ഈ പൊതു അവധി ദിവസങ്ങളിൽ മാത്രമാണ് ഇങ്ങനെ സ്വതന്ത്രമായി സ്വച്ഛശാന്തമായി വീട്ടിലിരിക്കാൻ കഴിയുന്നത്. തിരക്കുകളില്ലാതെ എനിക്ക് എന്നിലേയ്ക്ക് ഒതുങ്ങി ഇരിക്കാൻ പറ്റുന്ന ഏതാനും ദിവസങ്ങൾ!
ഞാൻ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും നമ്മുടെ സ്ഥാപനവാസികൾ പല വീടുകളിൽ നിന്നും കൊണ്ടുവന്ന പെരുന്നാൾ ഭക്ഷണം കഴിച്ച് സൊറപറഞ്ഞിരിക്കുന്നുണ്ട്. അതിൽ ഒരുത്തൻ കുറച്ച് ഒറട്ടിയും ഇറച്ചിയും കൊണ്ടു കൊടുത്തിട്ട് ഭീഷണിപ്പെടുത്തുകയാണ്. എനിക്ക് ഇത്രയൊക്കെയേ തരാൻ കഴിയൂ. പക്ഷെ ഓണത്തിന് അഞ്ചു ദിവസവും കൊണ്ടു പോയി മൂന്നു ജാതി പ്രഥമൻ അടക്കം വിഭവസമൃദ്ധമായ സദ്യ തന്നുകൊള്ളണം എന്നത്രേ അവന്റെ ആജ്ഞ. അതൊക്കെ എനിക്ക് മുറിയിലിരുന്ന് കേൾക്കാം. അവർക്കൊക്കെ ഇനിയുള്ള ദിവസങ്ങൾ ആഘോഷത്തിന്റേതാണ്. പ്രത്യേകിച്ചും ഭക്ഷണോത്സവം. ഇന്ന് മുസ്ലിങ്ങൾ ചിലർ അവരുടെ വീടുകളിൽ വിളിച്ചുകൊണ്ടുപോയി. ചിലർ ഭക്ഷണം കൊണ്ടുവന്ന് കോടുത്തു. ഇനി നാളെ ഉച്ചയ്ക്ക് ചില വീടുകളിൽ എത്തണമത്രേ. ഇവിടെയൊക്കെ എനിക്കും ക്ഷണമുണ്ട്, പക്ഷേ സോറി. എനിക്ക് അല്പം ഏതാന്തത.........!
“നീ കതകടയ്ച്ചിരുന്നോ, കുഴിമടിയാ! നിന്റെ ഒരു മൊണഞ്ഞ ഏകാന്തത! നിനക്ക് ഇപ്പോൾ ഇതൊന്നും ആഘോഷിക്കാൻ മനസിലെങ്കിൽ വേണ്ടെടെ ഉവ്വേ! റംസാനും ഓണവുമൊക്കെ ഒരുമിച്ച് വന്ന് നിൽക്കുമ്പോൾ അതൊക്കെ ആഘോഷിക്കുന്നവർക്ക് ഒരു ആശംസ കൊടുത്താലെന്താ നിനക്ക്! ഉം, നേരെടാ ആശംസകൾ!” എന്റെ മനസിന്റെതന്നെ ആജ്ഞയാണ്. അനുസരിക്കാതെങ്ങനെ? എല്ലാവർക്കും ഈദ്-ഓണം ആശംസകൾ!
പിൻകുറിപ്പ്: ഇതൊക്കെയല്ലാതെ ഈ ആഘോഷനാളുകളിലൊന്നിൽ എന്തെഴുതാൻ!
Tuesday, August 16, 2011
ജപ്തി ഭീഷണിയിൽ ഒരു ബ്ലോഗ്ഗർ സുഹൃത്ത്
ചെറിയൊരു ജപ്തി ഭീഷണിയിൽ ഒരു ബ്ലോഗ്ഗർ സുഹൃത്ത്
മുൻകുറിപ്പ്: നമ്മൾ ആരെക്കുറിച്ചെല്ലാം, എന്തിനെക്കുറിച്ചെല്ലാം ഓരോരോ പോസ്റ്റുകൾ എഴുതുന്നു; പ്രപഞ്ചത്തിന്റെ കീഴിലുള്ള കൊക്കിലൊതുങ്ങുന്നതും ഒതുങ്ങാത്തതുമായ എന്തെല്ലാം വിഷയങ്ങൾ! അതിനിടയിൽ നമുക്ക് വളരെ അടുപ്പമുള്ള വേണ്ടപ്പെട്ട ഒരാളുടെ പച്ചയായ സ്വന്തം ജീവിതാനുഭവം- പ്രതിസന്ധിയുടെയും നിസഹായാവസ്ഥയുടെയും ഒരു ജീവിതാവസ്ഥ- നമുക്ക് മുന്നിൽ തുറന്നു വയ്ക്കുമ്പോൾ അതും ഒരു പോസ്റ്റ് ആക്കുന്നതിൽ തെറ്റൊന്നുമില്ലല്ലോ! അതും നമ്മെ പോലെ ഒരു ബ്ലോഗ്ഗറുടെ! അതെ, ഒരു ബ്ലോഗ്ഗറുടെ അത്തരം ഒരു ജീവിതാനുഭവമാണ് ഈ ബ്ലോഗ് പോസ്റ്റിന്റെ വിഷയം. ഒരു ബ്ലോഗ്ഗർക്ക് മാത്രമല്ല, ഏതൊരു സാധാരണ മനുഷ്യന്റെയും ജീവിതത്തിൽ സംഭവിക്കാവുന്ന ഒരു കാര്യം തന്നെയാണ് ഇത് എന്നതുകൊണ്ട് കൂടി തന്നെയാണ് ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്.
ഇനി വിഷയത്തിലേയ്ക്ക്
നമുക്കിടയിൽ ചിലരുണ്ട്. കളിയും ചിരിയുമായി അവർ നമുക്കൊപ്പം ഉണ്ടാകും. നർമ്മോക്തിയിൽ സംസാരിക്കുകയും പെരുമാരുകയും ചെയ്യും. അവരുടെ സന്തോഷങ്ങളിൽ നമ്മളും പങ്കു ചേരും. അവരുടെ ബാഹ്യമായ ഈ സന്തോഷപ്രകടനങ്ങൾ അവരുടെ പിരിമുറുക്കമില്ലാത്ത മനസിന്റെ പ്രതിഫലനങ്ങൾ ആണെന്നു നാം കരുതും. അവരുടെ ഈ സന്തോഷത്തിന് ഒരു മറുപുറം ഉണ്ടോ എന്ന് നാം അന്വേഷിക്കുകയോ അവർ അത് നമ്മോട് പറയുകയോ ചെയ്യാത്തിടത്തോളം നമ്മൾ അങ്ങനെ തന്നെ ധരിക്കും. അവരുടെ വ്യക്തി ജീവിതവും കുടുംബ ജീവിതവും പ്രശ്നങ്ങളും പ്രാരബ്ധങ്ങളും ഒന്നുമില്ലാതെ മുന്നോട്ട് നീങ്ങുന്നുവെന്ന അറിവ് അവരുടെ അഭ്യുദയകാംക്ഷികളായ നമ്മളിലും ഒരു സമാധാനവും സന്തോഷവും ഉണ്ടാക്കും. ഇനി അഥവാ അവർക്ക് അവരുടെ ജീവിതത്തിൽ നമ്മളറിയാത്തതായി സംഭവിച്ചുകൊണ്ടിരിക്കുന്ന എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ ഒരു വേള അത് അവരുടെ സ്ഥിരം ശൈലിയിൽ നമ്മോട് പറഞ്ഞാലും നാം അത്ര കാര്യമായി എടുത്തെന്നിരിക്കില്ല.കാരണം സ്വന്തം ജീവിത ദുരന്തങ്ങളെ പോലും അവർ അവതരിപ്പിക്കുന്നത് നർമ്മഭാവത്തിലും ലാഘവത്തിലും ആയിരിക്കും. നമുക്ക് ചിരിച്ചു തള്ളാനുള്ള ഒരു നിർദ്ദോഷ ഫലിതം എന്നതിനപ്പുറം അതിനൊരു ശ്രദ്ധ നമ്മൾ കൊടുത്തെന്നിരിക്കില്ല.
ഈ പറഞ്ഞവിധം ഒരാളെ ബൂലോകത്ത് എനിക്ക് കാണാൻ കഴിഞ്ഞു എന്നതാണ് ഈ കുറിപ്പെഴുതാനുള്ള പ്രേരണ. ആളിന്റെ ഊരോ പേരോ മറ്റ് പ്രൊഫൈൽ വിവരങ്ങളോ ഞാൻ വെളിപ്പെടുത്തുന്നില്ല. ഒരു പക്ഷെ അദ്ദേഹം അതിഷ്ടപ്പെടുമോ ഇല്ലയോ എന്ന് എനിക്കറിയാത്തതുകൊണ്ടു തന്നെ! ബൂലോകത്ത് നിന്നും എന്റെ പരിചിത ലോകത്തേയ്ക്ക് വന്നവരിൽ ഈ ഒരാളെക്കുറിച്ചുള്ള എന്റെ മുൻധാരണകൾ എനിക്ക് തിരുത്തേണ്ടി വന്നിരിക്കുന്നു. ഞാൻ ആദ്യമായി പങ്കെടുത്ത ഒരു ബ്ലോഗ് മീറ്റിൽ വച്ചാണ് ഈ പറയുന്ന ബ്ലോഗ്ഗറെ ഞാൻ അദ്യമായി നേരിൽ കാണുന്നത്.
മലബാറിലൊരിടത്ത് ഒരു സ്വയം തൊഴിലുമായി സകുടുംബം കഴിയുകയാണെന്നാണ് ആദ്യം അദ്ദേഹം തന്ന അറിവ്. അല്പം കൂടി സംസാരിച്ചപ്പോഴാന് അദ്ദേഹം കൊല്ലം ജില്ലയിൽ എന്റെ നാടുമായി വലിയ ദൂരമില്ലാത്ത ഒരിടത്തു നിന്നും മലബാറിലേക്ക് കുടിയേറിയതാണെന്ന് മനസിലായത്.ഞാൻ തിരുവനന്തപുരം ജില്ലക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ ജന്മസ്ഥലവുമായി നമുക്ക് അര മണിക്കൂറിന്റെ സമയ ദൂരമേ ഉള്ളൂ. വിവാഹാനന്തരം ഏതോ സുഹൃത്തുക്കൾ മുഖാന്തരം അദ്ദേഹം മലബാറിൽ എത്തുകയും ഭാര്യയും കുട്ടികളുമായി അവിടെ സ്ഥിരതാമസമാക്കുകയുമായിയിരുന്നു. നാടു വിട്ട് കൂടുവച്ച് സംതൃപ്തമായ കുടുംബ ജീവിതം നടത്തിവരുന്ന ഒരു സാധാരണക്കാരൻ എന്ന അറിവുമായി അദ്ദേഹവുമായുള്ള എന്റെ ബന്ധം ബ്ലോഗിലൂടെയും ടെലഫോൺ വിളികളിലൂടെയും തുടർന്നുകൊണ്ടിരുന്നു. അതിനുശേഷം ചെറുതും വലുതുമായ പല ബ്ലോഗ് മീറ്റുകളിൽ വച്ചും ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടുകൊണ്ടിരുന്നു.
അങ്ങനെ ഏതോ ഒരു മീറ്റിൽ വച്ച് മലബാർ വിട്ട് വീണ്ടും കുടുംബസമേതം കൊല്ലത്തേക്ക് താമസം മാറാൻ പോകുന്നു എന്നൊരു സൂചന നൽകിയിരുന്നു. നാടു മാറിയുള്ള ജീവിതം മതിയാക്കി ഇനി സ്വന്തം ജന്മദേശത്തേക്ക് വരുന്നു എന്നതിനപ്പുറം ഒരു പ്രാധാന്യം ഞാനതിനു നൽകിയിരുന്നില്ല. മാത്രവുമല്ല നമ്മുടെ നാട്ടിലേയ്ക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവിനെ ഞാൻ സന്തോഷ പൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു. അവസാനമായി ഞാൻ കണ്ട മീറ്റിലും മലബാറിൽ നിന്നും തിരുവിതാംകൂറിലേയ്ക്ക് വീണ്ടും കൂടുമാറാൻ പോകുന്നതിനെക്കുറിച്ച് എല്ലാവരോടും സൂചിപ്പിച്ചിരുന്നു.സ്ഥിരം നർമ്മഭാവത്തോടെയും ലാഘവത്തോടെയും തന്നെ അതു പറഞ്ഞത്. ഉള്ള പുരയിടം എസ്.ബി.റ്റിക്കാർ ജപ്തി ചെയ്യാൻ സമയമായി വരുന്നു എന്നും തമാശയായി പറഞ്ഞിരുന്നു. ബാങ്ക് വായ്പകളും പലിശ കടങ്ങളും ഒക്കെ ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ അസാധാരണ സംഭവങ്ങളൊന്നും അല്ലാത്തതുകൊണ്ട് അതും ലാഘവത്തിൽ തന്നെ ഞാനും എടുത്തത്.എന്നോട് മാത്രമായാണ് പറഞ്ഞിരുന്നതെങ്കില്പോലും അത് അമ്മിക്കല്ല് ഉരളിലോട് വന്ന് പരാതി പറയുന്നതുപോലെയേ എനിക്ക് തോന്നുകയുമുള്ളൂ. കാരണം ഇക്കാര്യത്തിൽ എനിക്ക് അദ്ദേഹത്തേക്കാൾ നല്ല എക്സ്പീരിയൻസ് ഉള്ളതാണല്ലോ!
എന്തായാലും സ്വദേശത്തേയ്ക്ക് മടങ്ങിവരാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിൽ അപ്പോഴും എനിക്ക് സന്തോഷമായിരുന്നു. നാടുവിട്ട് ബ്ലോഗ്ഗറായി പ്രശസ്തനായ ഒരാൾ നമ്മുടെ നാട്ടിലേയ്ക്ക് മടങ്ങി വരുന്നതിൽ സന്തോഷം തോന്നുന്നതിൽ അസ്വാഭാവികതയൊന്നും ഇല്ലല്ലോ! എന്നാൽ പിന്നീട് ഒരു ദിവസം അദ്ദേഹം ഒരു ദിവസത്തെ സന്ദർശനത്തിനു കൊല്ലത്ത് തന്റെ കുടുംബനാട്ടിൽ വന്ന് എന്നെ ഫോൺ വിളിച്ചു. നേരിൽ കാണാൻ കഴിയുമോ എന്നു തിരക്കി. ഞാനാകട്ടെ ഒരു ബന്ധുവിന്റെ മരണത്തിനു പോകാനിറങ്ങുകയായിരുന്നു. അത് കഴിഞ്ഞ് ഉച്ചയ്ക്ക്ശേഷം മറ്റൊരു മീറ്റിംഗിൽ പോകാനുമുണ്ട്. അതിനാൽ അന്ന് പിന്നെ കാണാൻ കഴിയില്ലെന്ന് പറഞ്ഞു. ഫോണിലൂടെ നമ്മൾ കുറെ നേരം സംസാരിച്ചു. ഈ സംസാരത്തിനിടയിലാണ് സത്യത്തിൽ ഈ ബ്ലോഗ്ഗറുടെ യഥാർത്ഥ ജീവിതം എനിക്കു മുന്നിൽ തുറക്കപ്പെട്ടത്. അതെല്ലാം ഇവിടെ എഴുതി പിടിപ്പിക്കുവാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. എങ്കിലും അതിന്റെ ചുരുക്കം ഇതാണ്.
കൊല്ലം ജില്ലയിലെ പ്രാരാബ്ദ്ധങ്ങൾ നിറഞ്ഞ ഒരു കുടുംബാംഗമായിരുന്നു ഞാൻ സൂചിപ്പിക്കുന്ന ഈ ചെറുപ്പക്കാരൻ. ഒരു പ്രാരാബ്ധക്കാരനു മാത്രമല്ലേ മറ്റ് പ്രാരാബ്ധക്കാരോട് ശരിക്കും സ്നേഹവും ആർദ്രതയുമൊക്കെ തോന്നുകയുള്ളൂ. ആദർശനിഷ്ഠകളോടെ ഒരു പാവപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തു. എന്നുവച്ചാൽ സ്ത്രീധനാദികളൊന്നും വാങ്ങിയില്ലെന്നർത്ഥം. വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പുകൾ വക വയ്ക്കാതെയായിരുന്നു വിവാഹം .തനിക്കറിയാവുന്ന ഒരു തൊഴിലിലൂടെ ഒരു കുടുംബജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയുള്ള തീരുമാനങ്ങൾ. അടുത്ത ബന്ധുക്കൾ ആരും സഹകരിച്ചില്ലെങ്കിലും ധാരാളം സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. തുടർന്ന് ബന്ധുക്കളുടെ നിസഹകരണം മൂലം ജീവിതം വല്ലാത്ത പ്രതിസന്ധികളിൽ ആയി. സ്വന്തം നാട്ടിൽനിന്നു തന്നെ മാറി നിൽക്കേണ്ട സാഹചര്യം സംജാതമായി. അങ്ങനെയാണ് തന്റെ ഏതോ സുഹൃത്തുക്കൾ വഴി ഇദ്ദേഹം കുടുംബസമേതം മലബാറിലെത്തിയത്. ഒരു വാടക വീട്ടിൽ താമസം. അതിനടുത്ത് മറ്റൊരു വാടകസ്ഥലത്ത് ഒരു സ്വയംതൊഴിൽ സംരംഭം. സ്വാഭാവികമായും ഒരു തുണ്ട് ഭൂമിയും അതിലൊരു കൊച്ചു വീടും ആരെയും പോലെ ഈ കുടുംബത്തിന്റെയും അനിവാര്യമായ സ്വപ്നമായിത്തീരുന്നു.
അഞ്ചു സെന്റ് വസ്തു പരിചയത്തിൽ ഒരാൾ വിൽക്കുന്നുവെന്നറിഞ്ഞപ്പോൾ അത് വാങ്ങാനൊരു ഭൂതി. ആ സമയത്ത് കൈയ്യിൽ പണമൊന്നുമില്ല. വല്ല ബാങ്ക് ലോണോ സംഘടിപ്പിച്ച് അത് വാങ്ങിയാൽ ഒരു കൂര വച്ച് കിടക്കാം. എന്തെങ്കിലും ഈട് വയ്ക്കാതെ ലോണൊന്നും കിട്ടില്ല. ഈട് വയ്ക്കാൻ ഒന്നുമില്ലതാനും! എന്തു വഴിയെന്ന് പലരോടും ആലോചിക്കവേയാണ് ഏറ്റവും അടുത്ത ഒരു സുഹൃത്ത് ഒരു പോംവഴി മുന്നോട്ട് വച്ചത്. ഈ സുഹൃത്തിന്റെ പേർക്ക് അല്പം വസ്തുവുണ്ട്. അതു വച്ച് ലോൺ എടുക്കാമെന്നു വിചാരിച്ചാൽ അതിനു കാല താമസമുണ്ട്. അപ്പോഴേയ്ക്കും ഈ വാങ്ങാനിരിക്കുന്ന വസ്തു ചിലപ്പോൾ മറ്റാരെങ്കിലും വാങ്ങും. പിന്നെ കണ്ട പോംവഴിയുമായി സുഹൃത്ത് തന്റെ വസ്തുവിന്റെ ആധാരവുമെടുത്ത് നമ്മുടെ ബ്ലോഗ്ഗറെയും കൂട്ടി വിൽക്കുന്ന വസ്തുവിന്റെ ഉടമസ്ഥനെ ചെന്നു കണ്ടു. ഈ ആധാരം പണയമായി സ്വീകരിച്ച് തൽക്കാലം വസ്തു എഴുതി കൊടുക്കണം. വസ്തുവിന്റെ ഉടമസ്ഥത അത് വാങ്ങുന്ന നമ്മുടെ കഥാനായകന്റെ പേരിലാകുമ്പോൾ ആ വസ്തു ഈട് വച്ച് ബാങ്ക് വായ്പ എടുത്ത് വസ്തു നൽകുന്ന ആൾക്ക് നൽകും. അപ്പോൾ സുഹൃത്ത് പണയമായി നൽകിയ ആധാരം തിരിച്ചു നൽകണം എന്നായിരുന്നു വ്യവസ്ഥ. അത് ആ വസ്തു വില്പനക്കാരൻ അംഗീകരിക്കുകയും ചെയ്തു. നോക്കണേ ഒരു മനുഷ്യൻ ഒരു കൊച്ചു ജീവിതം കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി പെടുന്ന പാടുകൾ.
പറഞ്ഞതുപോലെ വസ്തു സ്വന്തമായതോടെ നമ്മുടെ ബ്ലോഗ്ഗർ അത് എസ്.ബി.റ്റിയിൽ ഈട് വച്ച് ലോൺ എടുത്തു. ഒരു ലക്ഷം രൂപയുടെ ആവശ്യമേ വസ്തു വാങ്ങാൻ ആവശ്യമായിരുന്നുള്ളൂ. എന്നാൽ യാതൊരു ഉപാധിയുമില്ലാതെ തന്നെ വിശ്വസിച്ച് സ്വന്തം ആധാരം പണയവസ്തുവായി നൽകിയ സുഹൃത്തിനെ കൂടി ഒരു കരയ്ക്കടുപ്പിക്കണമെന്ന ആഗ്രഹം കൊണ്ട് തുക അല്പം കൂട്ടിയെടുത്തു; മൂന്നുലക്ഷം രൂപ! ഒരു ലക്ഷം രൂപാ താൻ വാങ്ങിയ വസ്തുവിനു വിലയായി നൽകിയശേഷം ബാക്കി തുക പണയമായി ആധാരം നൽകി സഹായിച്ച സുഹൃത്തിന്റെ ബ്വിസിനസ് വിപുലീകരിക്കുന്നതിനു വേണ്ടി നൽകി. രണ്ടു പേർക്കും കൂടി ലോൺ അടച്ചു തീർക്കാമെന്നായിരുന്നു വിശ്വാസം.എന്തായാലും അങ്ങനെ നമ്മുടെ ബ്ലോഗ്ഗർ സുഹൃത്തിന് സ്വന്തമായി അഞ്ച് സെന്റ് പുരയിടമായതോടെ ആ കുടുംബത്തിന്റെ സ്വപ്നത്തിൽ പാതി പൂവണിഞ്ഞതാണ്. അതിൽ തങ്ങളുടെ കൊച്ചു സ്വപ്ന വീടിന്റെ അടിസ്ഥാന ശിലകളും പാകിയുറപ്പിച്ചു. കുടുംബ പ്രാരാബ്ധങ്ങൾക്കും ബാങ്ക് കടത്തിനും ഇടയിൽ യഥാവിധി വീടുപണി തുടരുവാൻ കഴിഞ്ഞില്ലെന്നു മാത്രം!.
എന്നാൽ അദ്ദേഹത്തിനു വസ്തു വാങ്ങാൻ പണത്തിനു പകരം സ്വന്തം വസ്തുവിന്റെ ആധാരം പണയവസ്തുവായി നൽകി സഹായിച്ച ആ സുഹൃത്തിന്റെ ജീവിതം പിന്നീട് വലിയ ദുരന്തങ്ങളായി മാറി. അദ്ദേഹത്തിന്റെ ബ്വിസിനസ് ഒക്കെ പൊളിഞ്ഞു. അദ്ദേഹത്തിനു മുമ്പും ചില കടങ്ങൾ ഉണ്ടായിരുന്നു. കുറെ പണം ആരൊക്കെയോ പല വഴിക്ക് കബളിപ്പിക്കുകയും ചെയ്തു. നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ. പിന്നെ വല്ല വിധേനയും ആ സുഹൃത്ത് ഗൾഫിലെത്തി. അതുകൊണ്ടും യാതൊരു പ്രയോജനവും ഇതുവരെ ഉണ്ടായിട്ടില്ല. ലോണെടുത്ത മൂന്നുലക്ഷത്തിലെ രണ്ട് ലക്ഷം രൂപ അടയ്ക്കുക അയാളുടെ ബാദ്ധ്യതയാണെങ്കിലും ലോൺ അടയ്ക്കുക പോയിട്ട് വീട്ട് ചെലവിനു പോലും പണമില്ലാത്ത ദയനീയ അവസ്ഥ! അങ്ങനെയൊരു അവസ്ഥയിൽ നമ്മുടെ ബ്ലോഗ്ഗർക്ക് തന്നെ അത്യാവശ്യ ഘട്ടത്തിൽ സഹായിച്ച കൂട്ടുകാരനെ പണം ചോദിച്ച് സമ്മർദ്ദത്തിലാക്കാൻ കഴിയില്ല. സമ്മർദ്ദത്തിലാക്കിയാലും അയാൾക്ക് മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ല.
അതിനാൽ രണ്ടുപേർക്കും കൂടി എടുത്ത ലോണിന്റെ ബാദ്ധ്യത മുഴുവൻ നമ്മുടെ കഥാനായകന്റെ ബാദ്ധ്യതയുമായി. അത് അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. താൻ എടുത്ത ഒരു ലക്ഷം രൂപയും കഴിഞ്ഞ് അൻപതിനായിരം രൂപയും കൂടി അദ്ദേഹം ബാങ്കിൽ അടച്ചു. മൊത്തം ഒന്നരലക്ഷം രൂപയും അടച്ചു കഴിഞ്ഞു. അപ്പോഴേയ്ക്കും തൊഴിൽ പരമായും സാമ്പത്തികമായും ബുദ്ധിമുട്ടുകളിലായി. കെട്ടിയോളും മൂന്നു കുട്ടികളുമായി കഴിയുന്ന ഈ മനുഷ്യന് തന്റെ തൊഴിലിൽ നിന്ന് കിട്ടുന്ന നേരിയ വരുമാനം കൊണ്ട് കുട്ടികളുടെ പഠന ചെലവടക്കം കുടുംബ ചെലവുകൾ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത ഒരു നിസഹാവസ്ഥയിലായി.
ഇപ്പോൾ തവണകളായി കുടിശിക തീർക്കാമെന്നുള്ള ബാങ്കിന്റെ സെറ്റിൽമെന്റ് കാലാവധിയും കഴിഞ്ഞു. ഇപ്പോൾ വസ്തു ജപ്തി ഭീഷണിയിലാണ്. താൻ എന്തിനുവേണ്ടിയാണോ വായ്പയെടുത്തത് ആ വസ്തു അദ്ദേഹത്തിനു നഷ്ടമാകാൻ പോകുന്നു. ആ വസ്തുവിൽ സ്വന്തം സ്വപ്നവീടിനു കെട്ടിയിട്ട അടിസ്ഥനം കൂടി ജപ്തി ചെയ്യുന്ന വസ്തുവിനോടൊപ്പം നഷ്ടപ്പെടുവാൻ പോകുന്നു. നോക്കൂ ഈ ചെറുപ്പക്കാരൻ ഒന്നും അത്യാഗ്രഹിച്ചതുകൊണ്ടു വന്ന ദുരന്തമല്ല ഇത്. കേവലം ഒരു കൂരവച്ച് കഴിയാൽ അഞ്ചു സെന്റ് വസ്തു; അതു മാത്രമേ മോഹിച്ചുള്ളൂ. അത് നഷ്ടപ്പെടുന്ന വേദന നമുക്കാർക്കും മനസിലാക്കാവുന്നതേയുള്ളൂ.
നമ്മുടെ ഈ ബൂലോക സുഹൃത്തിന് തുച്ഛമായ വരുമാനം കൊണ്ട് വീട്ടു ചെലവുകൾ നടത്താൻ തന്നെ ബുദ്ധിമുട്ട്.പിന്നെ ബാങ്ക് ലോൺ അടയ്ക്കുന്നതെങ്ങനെ? അത് വലിയൊരു ബാദ്ധ്യതയായി കിടക്കുന്നു. ബാങ്കിൽ നിന്ന് തുടരെ ജപ്തി നോട്ടീസുകൾ വന്നു കൊണ്ടിരിക്കുന്നു. ഒരു ഗതിയും മറുഗതിയുമില്ലാത്ത അവസ്ഥ. ഒന്നൊന്നര ലക്ഷം രൂപയുടെ കടമേയുള്ളൂ. പക്ഷെ അത് ഈ ചെറിയ കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ്. ആകെയുള്ള ഒരു മാർഗ്ഗം ഈട് വച്ചിരിക്കുന്ന വസ്തു വിറ്റ് തൽക്കാലം കടക്കെണിയിൽ നിന്ന് രക്ഷപ്പെടുക എന്നതാണ്. പിന്നെ ഒരിക്കലും ഒരു പക്ഷെ ഒരു സെന്റ് ഭൂമി സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്നിരിക്കും. എങ്കിലും വേണ്ടില്ലെന്നു കരുതി വസ്തു വില്പനയ്ക്കൊരുങ്ങി. സ്വഭാവികമായും കടം കയറിയ വസ്തുവില്പനയാണെന്ന് അറിയാവുന്നതു കൊണ്ട് ന്യായയമായ ഒരു വിലയ്ക്ക് അത് ആരും വാങ്ങാൻ വരുന്നില്ല.
കാരണം വിക്കുന്നവൻ അത്യാവശ്യക്കാരൻ ആണെനറിഞ്ഞാൽ വാങ്ങാനാഗ്രഹിക്കുന്നവർ തീർത്തും അത്യാവശ്യക്കാരല്ലാതായി മാറുമല്ലോ. പറ്റിയ തക്കത്തിന് ചീപ്പ് വിലയ്ക്ക് ഒപ്പിച്ചെടുക്കനാകും ആരും ശ്രമിക്കുക. അതാണിപ്പോൾ സംഭവിക്കുന്നത്. ഇത് വിൽക്കാതെ കിടന്നാൽ നാളെ ഇന്ന് കിട്ടുന്നതിന്റെ ഇരട്ടിയ്ക്കിരട്ടി വിലയ്ക്ക് ഈ പറയുന്ന വസ്തു വിൽക്കാൻ കഴിയും. പക്ഷെ അതു വരെ പിടിച്ചു നിൽക്കാനാകില്ലല്ലോ. ഇപ്പോൾ മാന്യമായ ഒരു വില കിട്ടിയിരുന്നെങ്കിൽ അത് വിറ്റ് ബാങ്കിലെ കടവും തീർത്ത് ബാക്കി വരുന്ന പൈസയ്ക്ക് വല്ല കാട്ടുമ്പുറത്തോ പോയി അഞ്ചു സെന്റ് വസ്തുവെങ്കിലും വാങ്ങാമായിരുന്നു. അതുമല്ലെങ്കിൽ നാട്ടിൽ ചെന്ന് എന്തെങ്കിലും അറേജ് മെന്റുകൾ വരുത്താമായിരുന്നു. ഇതിപ്പോൾ ഒന്നിനും പറ്റാത്ത അവസ്ഥ. തൽക്കാലം ഈ ബാങ്ക് ബാദ്ധ്യത ഒന്ന് ഒഴിക്കാൻ കഴിഞ്ഞാൽ സാവധാനം ഒരു നല്ല വിലയ്ക്ക് ഈ വസ്തു വിറ്റ് പ്രതിസന്ധി തരണം ചെയ്യാമായിരുന്നു.
ഒരു ഒന്നര ലക്ഷം രൂപാ സംഘടിപ്പിക്കുവാനുള്ള നെട്ടോട്ടത്തിനിടയിലാണ് ബൂലോകത്തെ ഈ കൊച്ചു പുലി എന്നെ ഫോണിൽ വിളിക്കുന്നത്. എങ്ങനെയെങ്കിലും തൽക്കാലത്തേയ്ക്ക് കുറച്ച് പണം മറിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചായിരുന്നു ആരാഞ്ഞത്. അതിപ്പോൾ അമ്മി വന്ന് ഉരലിനോട് പരാതി പറയുന്നതുപോലെയുമായി. എന്റെ നിസഹായത എങ്ങനെ പ്രകടമാക്കണമെന്നറിയാതെ ഞാൻ നന്നേ വിഷമിച്ചു. ജീവിതം പ്രതിസന്ധിയിലായി സാന്ത്വനം തേടിയെത്തുന്നവരോട് സ്വന്തം പ്രാരാബ്ധങ്ങൾ പറഞ്ഞു കേല്പിക്കുന്നത് ഉചിതമല്ലല്ലോ. ഞാൻ ഇതെഴുതുമ്പോഴും അദ്ദേഹം തന്റെ ജീവിതത്തിലെ ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള പരക്കം പാച്ചിലിലായിരിക്കും എന്നെനിക്കറിയാം. ഇനി ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ അതിജീവനത്തൊനൊരു മാർഗ്ഗം കണ്ടെത്തിയിട്ടുണ്ടാകണമേ എന്ന ആഗ്രഹത്തിൽ ഇരിക്കുകയാണു ഞാൻ.
ഞാൻ ഇത്തരുണത്തിൽ മറ്റു പലതും ആലോചിച്ചു പോയി. നല്ല കാലത്ത് ആദർശത്തിന്റെ ദുശാഠ്യങ്ങൾ വച്ചു പുലർത്താതിരുന്നെങ്കിൽ ഇന്ന് എന്റെ ഒരു ഇഷ്ട മിത്രം സാമ്പത്തികമായി പ്രയാസപ്പെടുമ്പോൾ തീർച്ചയായും എനിക്കു സഹായിക്കാൻ കഴിഞ്ഞേനെ. ജീവിക്കണമെങ്കിൽ പണം വേണം. ഒരാൾ നമ്മളോട് അഞ്ചു രൂപാ കടം ചോദിച്ചാൽ കൊടുക്കണമെങ്കിൽ നമ്മുടെ കൈയ്യിൽ അതുണ്ടാകണം. ആദർശം വിറ്റാൽ പണം കിട്ടില്ല. സുരക്ഷിതമായ ഒരു തൊഴിലുണ്ടെങ്കിൽ ഒരുവിധം അല്ലലില്ലാതെ ജീവിച്ചു പോകാം എന്നതിനപ്പുറം നമ്മുടെ സ്വന്തം പ്രതിസന്ധികളിൽ നമുക്ക് പിടിച്ചു നിൽക്കാനോ , വേണ്ടപ്പെട്ടവരെ പ്രതിസന്ധികളിൽ സഹായിക്കുവാനോ കഴിയില്ല. ഇവിടെ ഞാൻ പറഞ്ഞ നമ്മുടെ ബ്ലോഗ്ഗറും മറ്റുള്ളവരെ പോലെ ചിന്തിച്ചെങ്കിൽ സാമ്പത്തികമായി ചുറ്റുപാടുള്ള ഒരു കുടുംബത്തിൽ നിന്ന് പെണ്ണെടുക്കമായിരുന്നു. എങ്കിൽ ആ വഴിക്കെങ്കിലും ഒരു നേട്ടം ഉണ്ടാക്കാമായിരുന്നു.പൊന്നും പണവും വാങ്ങി വിവാഹിതരാകുന്നവർക്ക് ആർക്കും സാമ്പത്തിക പ്രശ്നം വരില്ലെന്നല്ല. കൂട്ടത്തിൽ പറഞ്ഞതാണ്.
തീർച്ചയായും ജീവിതാദർശങ്ങൾ ഉയർത്തി പിടിക്കുന്നവർ ജീവിതത്തിൽ പരാജയപ്പെടുകയും അന്യരുടെ പരിഹാസങ്ങൾക്ക് വിധേയരാകുകയും ചെയ്യും. അതുകൊണ്ട് എന്റെ മുന്നിൽ ആദർശങ്ങളുമായി ഉപദേശം തേടിയെത്തുന്ന ചെറുപ്പക്കാർക്കൊക്കെ ഞാനതിന്റെ വരും വരായ്കകൾ പറഞ്ഞു കൊടുക്കാറുണ്ട്. പലപ്പോഴും നാട്ടു നടപ്പുകളെ ലംഘിച്ചും ആദർശങ്ങളിൽ വിട്ടുവീഴ്ചയില്ലാതെയും ജീവിക്കുമ്പോൾ സാമ്പത്തികമായ അരക്ഷിതാവസ്ഥ അങ്ങനെ ഒരു ജീവിതം തെരഞ്ഞെടുക്കുന്നവരെ വല്ലാതെ ബാധിക്കും.എന്നു വച്ച് നല്ല ജീവിത മൂല്യങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ നമുക്ക് പറയാനൊക്കുമൊ? പക്ഷെ ചിലപ്പോൾ ചില അനുഭവങ്ങൾ നമ്മെക്കൊണ്ട് അത് പറയിക്കും. സാമ്പത്തികായി സുരക്ഷിതരായ ആളുകൾക്ക് മാത്രമേ ആദർശങ്ങളിൽ ഉറച്ച് ജീവിക്കാൻ കഴിയുകയുള്ളൂ. അല്ലാത്തവർ ആ വഴിക്കു തിരിയാത്തതാണ് നല്ലത്.
ഇത് ആദർശങ്ങളോടുള്ള നിഷേധാത്മക നിലപാട് ഉള്ളിൽ വച്ച് പറയുന്നതല്ല. മറിച്ച് ജീവിതത്തിൽ ചില ആദർശങ്ങളും നല്ല മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ജീവിക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ കണ്ടിട്ട് പറഞ്ഞു പോകുന്നതാണ്. ഈയുള്ളവനും ചില ജീവിത മൂല്യങ്ങൾക്ക് വേണ്ടി എടുത്ത നിലപാടുകൾ മൂലം വലിയ കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതൊന്നും എന്റെ സ്വന്തം കാര്യം ആയതിനാൽ ഇവിടെ വിസ്തരിക്കുന്നില്ല. നോക്കൂ, ഇവിടെ നമ്മുടെ കഥാനായകൻ ഏതെങ്കിലും നല്ല സാമ്പത്തിക ചുറ്റുപാടുള്ള ഒരു കുടുംബത്തിൽ ചെന്ന് കിട്ടാവുന്നത്ര പൊന്നും പണവും സ്ത്രീധനവുമൊക്കെ വാങ്ങി ഒരു വിവാഹം കഴിച്ചിരുന്നെങ്കിൽതന്നെ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. വേറിട്ടതും മാതൃകാപരവുമായ ജീവിതവഴികൾ തെരഞ്ഞെടുക്കുന്ന ഏതൊരാൾക്കും സംഭവിക്കാവുന്ന പ്രശ്നങ്ങളാണ് അദ്ദേഹത്തിന് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് ഒരിക്കലും ശരിയല്ല്ല.
തനിക്ക് ചെയ്യാൻ പറ്റുന്ന തൊഴിലും അനിശ്ചിതവും തുച്ഛവുമായ വരുമാനവും കൊണ്ട് ഇക്കലമത്രയും ഒരു കുടുംബത്തെ നയിച്ചുകൊണ്ടു പോകുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ധ്വാനിക്കുവാനുള്ള മനസ്സ് കൈമുതലുള്ള ആർക്കും അതിനു കഴിയും. പക്ഷെ അത്യാവശ്യം അല്പം വലിയൊരു തുക അത്യാവശ്യമായി വരുമ്പോഴും കൈയ്യിലൊതുങ്ങാത്ത കടബാദ്ധ്യതയിൽ പെട്ടു പോകുമ്പോഴും സാധാരണക്കാരായ മനുഷ്യർ വല്ലാതെ ബുദ്ധിമുട്ടും. അത്തരം ഒരു ബുദ്ധിമുട്ടിൽ അകപ്പെട്ടിരിക്കുന്ന എന്റെ ആ സുഹൃത്തിന് ഏതെങ്കിലും വിധത്തിൽ താൽക്കാലികമായ ഈ പ്രതിസന്ധി തരണം ചെയ്യാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കാൻ മാത്രമേ എന്റെ നിസഹായത അനുവദിക്കുന്നുള്ളൂ.
ഞാൻ ഇതെഴുതുന്നത് നമ്മൾ സമൂഹത്തിൽ കാണുന്ന പല മനുഷ്യരും പുറമേ കാണുന്നതു പോലെയല്ല എന്നതിന് ഒരു ദൃഷ്ടാന്തം ചൂണ്ടി കാണിക്കുവാനാണ്. ചിരിച്ചും സന്തോഷിച്ചും നടക്കുന്നവരിൽ നല്ലൊരു പങ്ക് ആളുകളുടെയും മനസ്സ് പലവിധ പ്രശ്നങ്ങളാൽ വെന്തു നീറുകയായിരിക്കും. അതിൽ നല്ലൊരു പങ്കും അനുഭവിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളുമായിരിക്കും. സാമ്പത്തികാസമത്വങ്ങൾ നിറഞ്ഞാടുന്ന ഒരു സമൂഹത്തിൽ ഇത് സ്വാഭാവികമാണ്. പക്ഷെ സമൂഹം വിചാരിച്ചാൽ ഈ അസംതുലിതാവസ്ഥ ഒരു പരിധി വരെയെങ്കിലും പരിഹരിക്കുവാൻ സാധിക്കും. ഓരോരുത്തരും അവരവരുടെ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് സഹജീവീയ ബോധം കാണിക്കുന്ന പക്ഷം മുങ്ങിത്താഴുന്ന പല ജീവിതങ്ങളെയും വീണ്ടു കൈപിടിച്ച് കരയ്ക്കടുപ്പിക്കുവാൻ കഴിയും. ഓരോരുത്തരും അവരവരുടെ ബന്ധു-സുഹൃത്ത് വലയങ്ങളിലും അനുഭവ പരിധിയിലും ഉള്ളവരോടെങ്കിലും, എന്തിന് സ്വന്തം ഇട്ടാവട്ടങ്ങളിൽ ഉള്ളവരോടെങ്കിലും അനുതാപമുള്ളവരും അവർക്ക് പ്രതിസന്ധികളിൽ കൈത്താങ്ങാകുന്നവരും ആയാൽ പോലും എത്രയോ ജീവിത ദുരന്തങ്ങളെ നമുക്ക് ഒഴിവാക്കാനാകും?
എന്തായാലും ഞാൻ ഈ പോസ്റ്റ് എഴുതി വച്ച് പബ്ലിഷ് ആക്കുന്നതിനു മുമ്പ് ഈ പോസ്റ്റിലെ നായകനായ നമ്മുടെ ബ്ലോഗ്ഗറെ വിളിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടുവരുന്നു. എങ്ങനെയും തന്റെ ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനുള്ള തീവ്രശ്രമത്തിന് അനല്പമായ ഫലം കണ്ടു തുടങ്ങി. ഇപ്പോൾ എങ്ങനെയെങ്കിലും അതിജീവിച്ചു കഴിഞ്ഞാൽ ഭാവിയിൽ തിരിഞ്ഞു നോക്കുമ്പോൾ ഇതൊരു പ്രതിസന്ധ്യായിരുന്നെന്നു തന്നെ തോന്നില്ല. പലരുടെയും പ്രശ്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ.പക്ഷെ അതി ജീവിക്കുന്നതുവരെ ഇതൊരു വലിയ പ്രതിസന്ധി തന്നെയാണ്. ഇപ്പോൾ പുതിയ ഒന്നു രണ്ട് പണിയുടെ കൊട്ടേഷനുകൾ കിട്ടിയിട്ടുണ്ട്. അങ്ങനെ കുറച്ച് വർക്ക് കിട്ടിയാൽ തന്നെ കുറച്ചൊക്കെ പിടിച്ചു നിൽക്കാം. പക്ഷെ അത്യാവശ്യ സമയത്ത് കിട്ടില്ല എന്നത് പ്രകൃതി നിയമം ആണല്ലോ! ഈ വിവരങ്ങൾ അറിയാവുന്ന ഒന്നു രണ്ട് സുഹൃത്തുക്കൾ അവർക്ക് കഴിയാവുന്ന തുകകൾ കടമായി നൽകാമെന്ന് അറിയിച്ചിരിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇനി അവശേഷിക്കുന്ന ബാങ്ക് കടം ഏതാണ്ട് ഒന്നര ലക്ഷം രൂപയാണ്. അതിൽ ഏകദേശം ഇരുപത്തഞ്ച് ശതമാനം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. . എങ്ങനെയെങ്കിലും ഈ കടബാദ്ധ്യത ഒഴിച്ച് ആ വസ്തു വിറ്റാൽ അന്ന് അത് വാങ്ങിയതിനേക്കാൾ നല്ല വിലയ്ക്ക് അത് വിൽക്കാം. അതിൽ ഒരു പങ്ക് കടം വാങ്ങുന്നതൊക്കെ തിരിച്ച് നൽകി, ശേഷിക്കുന്ന തുക കൊണ്ട് സ്വന്തം നാട്ടിൽ ചെന്ന് ഏതെങ്കിലും ഒഴിഞ്ഞ കാട്ടുമ്പുറത്തെങ്കിലും ഒരു കൂര വച്ച് തല ചായ്ക്കാൻ അഞ്ച് സെന്റ് മണ്ണ്! അത് മാത്രമാകുന്നു നമ്മുടെ ഈ ബ്ലോഗ്ഗറുടെ ഇപ്പോഴത്തെയും സ്വപ്നം!
ഇതൊക്കെയാണ് കൂട്ടരേ, നമ്മുടെ സമൂഹത്തിലെ ഓരോരോ മനുഷ്യാവസ്ഥകൾ. കൂട്ടത്തിൽ ഒന്ന് ഇതും!
ഇനി ഈ പോസ്റ്റിന് എങ്ങനെയെങ്കിലും ഒരു ഫുൾ സ്റ്റോപ്പ് ഇടണമല്ലോ! എന്തായാലും അദ്ദേഹം ആത്മ വിശ്വാസത്തിലാണ്. പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് മറ്റുള്ളവർക്ക് ക്രിയാത്മകമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും കൌൺസിലിംഗ് നടത്താനും കഴിയുന്ന അദ്ദേഹത്തിനാണ് ഈ ഒരു പ്രതിസന്ധി. അതുകൊണ്ട് അദ്ദേഹം അത് തരണം ചെയ്യാതിരിക്കില്ല. എങ്കിലും അതിനുള്ള കരുത്തും ഗതിവേഗവും അദ്ദേഹത്തിന് ഞാൻ ആശംസിച്ചുകൊണ്ട് തൽക്കാലം ചുരുക്കുന്നു.
പിൻകുറിപ്പ്: കേവലം ഒന്നര ലക്ഷത്തിന്റെ കടബാദ്ധ്യതയെക്കുറിച്ച് നീണ്ടു പരന്ന ഒന്നൊന്നര പോസ്റ്റോ എന്നാണ് ചോദ്യമെങ്കിൽ അതിനു മറുപടിയായി ഒന്നേ പറയാനുള്ളൂ. ചോനനുറുമ്പിനു വഴിയിൽ കാണും ചെറുകല്ലൊരു വന്മലയാകുന്നു എന്നാണ്! തട്ടിമുട്ടി ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന് ആയിരം രൂപ പോലും ഒരു വലിയ തുകയാണ്.
Tuesday, August 2, 2011
തൊടുപുഴ ബ്ലോഗ് മീറ്റ് പോസ്റ്റ്
തൊടുപുഴ ബ്ലോഗ്ഗേഴ്സ് മീറ്റ്
ആദ്യം ഈ പോസ്റ്റിന്റെ ചുരുക്കം
2011 ജൂലൈ 31 ഞായറാഴ്ച തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ നടന്ന മീറ്റിൽ ഈയുള്ളവനവർകളും പങ്കെടുത്തു. മൊത്തം അറുപതില്പരം ബ്ലോഗ്ഗർമാർ പങ്കെടുത്തുവെന്നാണ് മനസിലാക്കുന്നത്. വ്യക്തമായ കണക്കുകൾ സംഘാടകരുടെ ബ്ലോഗുകളിൽ പ്രതീക്ഷിക്കാം. തൊടുപുഴ മീറ്റും ഈറ്റും പാട്ടും പരിചയപ്പെടലും പരിചയപ്പെടുത്തലും എല്ലാം എല്ലാം മൊത്തത്തിൽ ഗംഭീരമായിരുന്നു. പങ്കെടുത്ത എല്ലാവരിലും സന്തോഷം കാണപ്പെട്ടു. നേരത്തെ കണ്ട പരിചയങ്ങൾ പുതുക്കാനും ആദ്യമായി കാണുന്നവർക്ക് പരസ്പരം പരിചയപ്പെടാനും കഴിഞ്ഞു. പഴയ സൌഹൃദങ്ങൾ ‘അപ്ഡേറ്റ്’ ചെയ്യാനും പുതിയ സൌഹൃദങ്ങൾ തളിരിടാനും മറ്റ് മുൻ മീറ്റുകളെ പോലെതന്നെ ഇതും സഹായിച്ചു. അതിനൊക്കെ ആവശ്യാനുസരണം സമയവും ലഭിച്ചു. മീറ്റ് വിജയകരമാക്കിയ സംഘാടകർക്ക് ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു കൂടുതൽ വായിക്കാൻ സമയവും താല്പര്യവും ഇല്ലാത്തവർ മേൽവരികൾ വായിച്ചെങ്കിൽ കമന്റിടുക . സമയവുമില്ല താല്പര്യവുമില്ലെങ്കിൽ കമന്റും വേണ്ട. വായിച്ചിട്ട് വന്ന വഴിയേ പൊയ്ക്കൊള്ളുക. അത്രതന്നെ!
താല്പര്യവും സമയവും ഉള്ളവര്‍ക്ക് ഇനിയും തുടർന്ന് വായിക്കാം
പക്ഷേങ്കിൽ ഈയുള്ളവനവർകൾ തൊടുപുഴ ബ്ലോഗ് മീറ്റിലും പങ്കെടുത്ത സ്ഥിതിയ്ക്ക് നീട്ടിപ്പരത്തി ഒരു പോസ്റ്റ് എഴുതി ഇടാതിരിക്കാൻ കഴിയില്ല. കാരണം മീറ്റ് കഴിഞ്ഞാൽ ഒരു പോസ്റ്റ് ഇതിനകം ഒരു കീഴ്വഴക്കമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതിനകം അനേകം ബ്ലോഗ് മീറ്റുകൾ നടന്നിട്ടുണ്ട്. ഇനിയും നടക്കും. അവയൊക്കെ ഭാവിയിൽ എപ്പോഴെങ്കിലും തോന്നിയാൽ ഒന്ന് ഓർമ്മിക്കുവാൻ ബ്ലോഗിൽ ഒരു പോസ്റ്റുണ്ടാകുന്നത് നല്ലതാണ്. അവരവരുടെ അനുഭവം അവരവർക്കല്ലേ എഴുതുവാനാകൂ. മീറ്റുകൾ ബൂലോക ചരിത്രത്രിന്റെ ഒരു ഭാഗമാണ്.
ഇതുവരെ നടന്ന മീറ്റുകൾക്കെല്ലാം ഈയുള്ളവനവർകൾ തലേദിവസമേ പോയി മീറ്റ് നടക്കുന്ന സ്ഥലത്ത് മുറിയെടുത്ത് താമസിച്ചിട്ട് രാവിലെ യഥാസമയം മീറ്റിനെത്തുകയായിരുന്നു പതിവ്. പിതാശ്രീയുടെ രോഗാവസ്ഥ കണക്കിലെടുത്തും രാവിലെ തിരിച്ചാൽ യഥാസമയം എത്താവുന്ന ദൂരമേ ഉള്ളു എന്നതിനാലും ആ പതിവ് തെറ്റിച്ചു. അഞ്ച് മണിയ്ക്ക് പുറപ്പെടാനിരുന്നതാണ്. പക്ഷെ ഇറങ്ങിയപ്പോൾ അഞ്ചേമുക്കാലായി. ഹരീഷ് തൊടുപുഴ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സമയദൂരം ഒക്കെ ഒന്നു ചോദിച്ചറിഞ്ഞിരുന്നു. കോട്ടയത്ത് നിന്ന് ഉദ്ദേശം ഒന്നര മണിക്കൂർ സമയദൂരമാണ് തൊടുപുഴയ്ക്ക്. തട്ടത്തുമല നിന്ന് കോട്ടയത്തെത്താൻ പക്ഷെ പല സമയത്തും പല സമയദൂരം വരും. പകലാണെങ്കിൽ റോഡിലെ തിരക്കും മറ്റും കാരണം മൂന്നും ചിലപ്പോൾ മൂന്നരയും മണിക്കൂർ എടുക്കും കോട്ടയത്തെത്താൻ. രാത്രിയോ രാവിലെയോ ആണെങ്കിൽ രണ്ടരമണിക്കൂറിനുള്ളിൽ എത്തും.
അപ്പോ എങ്ങനെയായാലും രാവിലെ ഇറങ്ങിയാൽ സമയത്ത് എത്താം. അങ്ങനെയാണ് യാത്ര അതിരവിലെ ആക്കിയത്. കൃത്യം ആറുമണിയ്ക്ക് തട്ടത്തുമലയിൽ നിന്നും കോട്ടയം സൂപ്പർ ഫാസ്റ്റിൽ കയറി. സൂപ്പർ ഫാസ്റ്റിനു നമ്മുടെ ജംഗ്ഷനിൽ സ്റ്റോപ്പൊന്നുമില്ല. പക്ഷെ എന്റെ ആ ഒരു നില്പും കൈകാണിയ്ക്കലും ഒക്കെ വളരെ വിദഗ്ദ്ധമായിട്ടായിരുന്നു. ഡ്രൈവറെ ഹിപ്നോട്ടിസ് ചെയ്തെന്നും വേണമെങ്കിൽ പറയാം. വണ്ടി നിന്നതോ ഞാൻ കയറിയതോ ഒന്നും ഡ്രൈവർ അറിഞ്ഞിരിക്കാൻ ഇടയില്ല.കോട്ടയം വരെയും പോകാനുള്ള ഒരാളുടെ എല്ലാ ദേഹഭാവാദികളും പ്രകടിപ്പിക്കുന്ന തരത്തിൽ ആധുനിക ഹിപ്നോട്ടിസവും മാന്ത്രിക വിദ്യകളും സമം ചേർത്ത് ശാസ്ത്രത്തിൽ ചാലിച്ച് അവതരിപ്പിച്ച തികച്ചും നൂതനമായൊരു ഐറ്റമായിരുന്നു ആ ഒരു കൈകാണിക്കൽ.
ആ രഹസ്യം ഞാൻ വെളിപ്പെടുത്താം. നിങ്ങൾ ബൂലോകർ ഇതാരോടും പറയരുത്. അത്യാവശ്യത്തിന് ഈ അടവ് പുറത്തെടുക്കുക. വളരെ വിനയത്തോടേ ദൂരേയ്ക്കാണ് നമ്മുടെ യാത്രയെന്ന് തോന്നത്തക്കവിധം ഒന്നു ഒതുക്കത്തിൽ കൈകാണിക്കുക. മുഖത്ത് ഒരു നറു പുഞ്ചിരി വേണം. എന്നാൽ ഗൌരവം വിടുകയും അരുത്. വേഷം വെള്ള മുണ്ടും ഷർട്ടും ആണെങ്കിൽ വളരെ നല്ലത്. ഇത് മന്ത്രിയുടെ ആളാണെന്ന് ഒരു സംശയം ജനിപ്പിക്കും. അതുമല്ലെങ്കിൽ സ്വന്തം യൂണിയന്റെ ആളാണെന്ന് തോന്നിപ്പിക്കും. ഇത് രണ്ടായാലും വണ്ടി നിർത്താൻ ഇടയുണ്ട്. തോളിൽ തൂങ്ങുന്ന ഒരു ബാഗ് ഉള്ളതും ഗുണം ചെയ്യും. പാന്റ്സ് ആണ് ധരിച്ചിരിക്കുന്നതെങ്കിൽ ആ ബാഗായിരിക്കും താരമാകുന്നത്. പി.എസ്.സി ടെസ്റ്റിനോ, അതുമല്ലെങ്കിൽ അവധി കഴിഞ്ഞ് ദൂരെ ഉദ്യോഗത്തിനോ പോകുന്നതാണെന്നാകും അപ്പോൾ ധരിക്കുക.
എന്തായാലും ആകെക്കൂടി ആ രണ്ടുമൂന്നു നിമിഷങ്ങൾ കൊണ്ട് ഡ്രൈവർ മഹാന് നമ്മളോട് ഒരു ദയയും ഭയവും ആരാധനയും ഒക്കെ സമം ചേർന്ന് വരണം. ഇത്രയൊക്കെയേ വേണ്ടൂ. ഇത് മുമ്പും ഞാൻ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. യാത്ര തെക്കോട്ടാണെങ്കിലാണ് അടവുകൾ ഉത്തമം. കാരണം സെക്രട്ടറിയേറ്റിലേയ്ക്കുള്ള പോക്കാണെന്ന് കരുതി വണ്ടി ആഞ്ഞു ചവിട്ടി നിർത്തും. ജോലി കളയാൻ ഒരു ഡ്രൈവറും ഇഷ്ടപ്പെടില്ലല്ലോ! ഇതിപ്പോൾ യാത്ര വടക്കോട്ടാണ്. വടക്കോട്ട് സെക്രട്ടറിയേറ്റ് ഇല്ലല്ലോ. എങ്കിലും കുഴപ്പമില്ല. വേഷ ഭൂഷാദി ദേഹഭാവാദികൾ കണ്ട് എന്തെങ്കിലുമൊക്കെ ധരിച്ചുകൊള്ളും. അങ്ങനെ എന്തായാലും വണ്ടി സമയത്ത് കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലൊ!
ഒരു ബസ് മിസ് ആയാൽ പിന്നെ ഒരു പക്ഷെ പത്തു മണിയ്ക്കെത്തേണ്ടത് പന്ത്രണ്ടുമണിയായാലും എത്തിയില്ലെന്നു വരും. എന്തായാലും ഈ സൂപ്പർ ഫാസ്റ്റ് പിടിച്ചതുകാരണം എട്ടര മണിയ്ക്ക് കോട്ടയം ബസ്സ്റ്റാൻഡിൽ എത്തി. അവിടെനിന്നും അപ്പോൾ തന്നെ ആദ്യം കണ്ട ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ തൊടുപുഴയ്ക്ക് പോയി. തൊടുപുഴ ടൌണിലിറങ്ങി അവിടെ നിന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോട് മീറ്റ് നടക്കുന്ന അർബൻ ബാങ്ക് ഹാൾ ഇരിക്കുന്ന സ്ഥലം ചോദിച്ചറിഞ്ഞ് ഒരു ആട്ടോ പിടിച്ച് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ എത്തി. അപ്പോൾ തന്നെ മിക്കവാറും ബ്ലോഗ്ഗർമാർ എത്തിയിരുന്നു. പലരും എത്തിക്കൊണ്ടിരുന്നു. ചെന്നിറങ്ങുമ്പോൾ ആദ്യം കണ്ടത് നൌഷാദ് വടക്കേലിനെയാണ്. നമ്മൾ ആദ്യമായി കാണുകയാണ്. യാത്രാക്ഷീണവും ഒരു ചായ കുടിക്കാനുള്ള പരക്കം പാച്ചിലിനുമിടയിൽ അല്പം സംസാരിച്ചുവെന്നല്ലാതെ നേരെ പരിചയപ്പെടാൻ കഴിഞ്ഞില്ല. പിന്നെ വിശദമായി പരിചയപ്പെടാൻ തിരക്കിയപ്പോൾ അദ്ദേഹം ഉച്ചയ്ക്കു മുമ്പ് പോയതായി അറിഞ്ഞു. എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നിരിക്കണം.
അൻപതിലധികം ബ്ലോഗ്ഗർമാർ പങ്കെടുത്തുവെന്നാണ് ലഭിച്ച വിവരം. ഏതൊരു മീറ്റിലെയും പോലെ ഈ മീറ്റിലും ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത പലരെയും കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അതൊക്കെ തന്നെ മീറ്റുകളിലെ വലിയ കാര്യം! ഇതിപ്പോ തൊട്ടു മുമ്പ് നടന്ന എറണാകുളം മീറ്റിന്റെ ഒരു തുടർച്ചയാണെന്നും തോന്നി പോയി. കാരണം തൊടുപുഴയിൽ മീറ്റിനു വന്നവരിൽ മിക്കപേരും എറണാകുളം മീറ്റിൽ പങ്കെടുത്തവരായിരുനു. എന്നാൽ ഡോ. ജയൻ ദാമോദരൻ അടക്കം ചിലരുടെ അസാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കണ്ടവരെ വിണ്ടും കാണാനും മുമ്പ് കണ്ടിട്ടും നേരേ പരിചയപ്പെടാൻ കഴിയാത്തതു പരിഹരിക്കാനും അതുവരെ കണ്ടിട്ടേയില്ലാത്തവരെ പുതുതായി കാണാനും ഒക്കെയുള്ള ഒരു പ്രേരണ ഓരോ മീറ്റുകൾക്കു പിന്നിലും ഉണ്ട്. ഈ മീറ്റും എനിക്ക് അങ്ങനെ തന്നെ ആയിരുന്നു. ഇക്കാര്യത്തിൽ ഈ മീറ്റും നല്ല വിജയം തന്നെ ആയിരുന്നു.
ഈ മീറ്റിലെ അവതാരകൻ സാക്ഷാൽ വാഴക്കോടൻ അബ്ദുൽ മജീദ് ആയിരുന്നു. ഒരു ബ്ലോഗ് എഴുത്തുകാരൻ മാത്രമല്ല, നല്ല ഗായകനും മിമിക്രി ആർട്ടിസ്റ്റും മറ്റും മറ്റും ആയ ഒരു സർവ്വകലാ വല്ലഭനാണ് വാഴക്കോടനെന്ന് തെളിയിക്കുന്ന മികച്ച പ്രകടനങ്ങളാണ് പരിചയപ്പെടുത്തലിന്റെ മറവിൽ അദ്ദേഹം തെളിയിച്ചത്. ഉച്ചയ്ക്കു ശേഷം അദ്ദേഹത്തിന്റെ കരോക്കേ ഗാന മേളയും ഉണ്ടായിരുന്നു. എല്ലാവരെയും വിശദമായി പരിചയപ്പെടുന്ന നിലയിൽ ആയിരുന്നു പരിപാടിയുടെ ക്രമീകരണം. ഒക്കെ നന്നായിട്ടുണ്ടായിരുന്നു.
എറണാകുളം മീറ്റിൽ വച്ചും തിരൂർ മീറ്റിൽ വച്ചും അത്ര വിശദമായി എനിക്ക് സംസാരിക്കാൻ പറ്റാത്ത പലരുമായും ഈ മീറ്റിൽ വച്ച് നന്നായിട്ട് പരിചയപ്പെടാനും സംസാരിക്കാനും കൂടുതൽ അറിയാനും കഴിഞ്ഞു. അതിൽ ഒരാളാണ് പുണ്യാളൻ! അദ്ദേഹം കൊല്ലം സ്വദേശിയാണെന്ന് അവിടെ വച്ചാണ് മനസിലായത്. കൊല്ലം നമുക്ക് ഒരു മണിക്കൂർ സമയ ദൂരമാണല്ലോ. പുണ്യാളൻ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലം മുതൽ വിവാഹം വരെയുള്ള വീര ശൂര പരാക്രമങ്ങളെക്കുറിച്ചും നീണ്ടവർഷത്തെ സംഭവ ബഹുലമായ പ്രവാസ ജീവിതത്തെ പറ്റിയും ഒക്കെ ഉള്ള കാര്യങ്ങൾ വളരെ രസകരമായും വിശദമായും നമുക്ക് ചിലർക്ക് പറഞ്ഞു തന്നു.
അതുപോലെ തിരൂർ മീറ്റിൽ വച്ച് ബ്ലോഗ്ഗർ കൂടിയായ ലതികാ സുഭാഷിനെ കണ്ട് സംസാരിച്ചെങ്കിലും അത് ഒരു പരിചയത്തോളം എത്തിയിരുന്നില്ല. അതിൽ അന്ന് വലിയ നിരാശ തോന്നിയിരുന്നു. ഇനി ഒരവസരം കിട്ടും എന്ന് അന്നുതന്നെ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. അത് തൊടുപുഴയിൽ സഫലീകൃതമായി. ബൂലോകത്തിനു പുറത്തും പ്രശസ്തരായ വ്യക്തികൾ മറ്റു ജാഡകൾ ഇല്ലാതെ ബ്ലോഗ് മീറ്റിനെത്തുമ്പോൾ അവരുമായി ഒരു നല്ല സൌഹൃദം ലഭിക്കുന്നത് വലിയ സന്തോഷമാണ്. കേരള രാഷ്ട്രീയത്തിലെ വനിതാ നേതാക്കളിൽ മുൻ നിരയിൽ ഉൾപ്പെടുന്ന ലതിക ചേച്ചിയെ പോലുള്ള ഒരാൾ സമയം കണ്ടെത്തി ബ്ലോഗ് മീറ്റുകളിൽ എത്തുകയും തുടക്കം മുതൽ ഒടുക്കം വരെ അവയിൽ പങ്കെടുക്കുകയും ചെയ്യുന്നതിന് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്.
അല്പം പ്രശസ്തരായാൽ പിന്നെ മിക്കവരും ആവശ്യത്തിനും അനാവശ്യത്തിനും തിരക്കുകൾ അഭിനയിക്കുന്ന ഒരു ലോകത്ത് ലതിക ചേച്ചിയെ പോലുള്ളവരെ കുറിച്ച് നാം അഭിമാനിക്കുകതന്നെ വേണം. ഇതൊന്നും ഞാൻ അവരെ പുകഴ്ത്താൻ വേണ്ടി മാത്രം എഴുന്നള്ളിക്കുന്ന വെറും വാക്കുകളല്ല. ഉള്ളിൽ തട്ടി പറയുന്നതുതന്നെ. പ്രത്യേകിച്ചും വിവിധ രാഷ്ട്രീയ കക്ഷികളിൽ പെട്ട ചെറുതും വലുതുമായ നേതാക്കളിൽ പലരുടെയും ജാഡകൾ അരോചകമായി അനുഭവപ്പെട്ടിട്ടുള്ള ഒരാളാണ് ഞാൻ. രാഷ്ട്രീയമായി നേരിട്ടുള്ള ബന്ധമുള്ളതുകൊണ്ട് നമുക്ക് അത് സദാ അനുഭവിക്കേണ്ടി വരുമല്ലോ. അവർ അറിയുന്നില്ല അവർ ജനങ്ങളാൽ പരിഹസിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമൊന്നുമില്ല.
ഉച്ചയ്ക്ക് ഊണു കഴിക്കുന്ന സമയത്താണ് ലതിക ചേച്ചിയെ ഞാൻ ചെന്നു പരിചയപ്പെടുന്നത്. അവരുടെ മകനും കൂടെ ഉണ്ടായിരുന്നു. നമ്മ ഒരു സി.പി.എമ്മുകാരൻ എന്നു പറഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ സാംസാരിച്ചു തുടങ്ങിയത്. പുതിയ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് ഏതെങ്കിലും ബോർഡ് ചെയർമാൻ സ്ഥാന മോ മറ്റോ ഉണ്ടോ എന്നായിരുന്നു എന്റെ ആദ്യ അന്വേഷണം. ഒരു ബ്ലോഗ്ഗർ അങ്ങനെ വല്ല സ്ഥാനത്തും ഇരിക്കുന്നത് നമുക്ക് ഒരു അഭിമാനമാണല്ലോ.
ഒരു മുഖ്യമന്ത്രിയോട് മത്സരിച്ച് പരാജയപ്പെടുന്ന ഒരാൾക്ക് അങ്ങനെ എന്തെങ്കിലും ഒരു അവസരം ലഭിക്കുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കാർക്കും ചെയർമാൻ പദവികൾ നൽകേണ്ടതില്ലെന്നാണ് അവരുടെ പാർട്ടി തീരുമാനമെന്ന് ലതിക ചേച്ചിയിൽ നിന്നും അറിയാൻ കഴിഞ്ഞു. സത്യത്തിൽ സുരക്ഷിതമായ ഒരു സീറ്റിൽ നിന്ന് ജയിച്ചിരുന്നെങ്കിൽ ഇപ്പോൾ മന്ത്രിസ്ഥാനത്തിരിക്കേണ്ട ആളാണ് ലതികാ സുഭാഷ് എന്ന് അല്പം നഷ്ടബോധത്തോടെ ഓർക്കാൻ എന്റെ രാഷ്ട്രീയ വിശ്വാസം എനിക്കൊരു തടസമായില്ല.
ചേച്ചിയുടെ പത്തൊൻപതുകാരനായ മകനും കൂടെ ഉണ്ടായിരുന്നു. മോന് വൈകിട്ട് ക്രിക്കറ്റ് കളി ഉള്ളതിനാൽ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ്, കൊണ്ടുവന്ന ക്യാമറയും മറ്റും ബാഗിൽ ഭദ്രമായി വച്ച് അത് അമ്മയെ ഏല്പിച്ച് അതൊന്നും എടുക്കാൻ മറക്കരുതെന്ന് പ്രത്യേകം ഓർമ്മിപ്പിച്ച് അമ്മയ്ക്കൊരുമ്മയും നൽകി ബസിൽ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് മീറ്റിൽ നിന്ന് മുമ്പേ മുങ്ങി. പിന്നെ മകനെ പറ്റിയായി നമ്മുടെ അല്പനേരത്തെ സംഭാഷണം.
എറണാകുളം ബ്ലോഗ്മീറ്റിൽ നമ്മുടെ ബൂലോകവും, ബൂലോകം ഓൺലെയിനും സംയുക്തമായി സംഘടിപ്പിച്ച ഫോട്ടോ പ്രദർശന മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ലതികാ സുഭാഷും മാണിക്യവും ഈയുള്ളവനും കൂടി ജോയുടെയും ജിക്കുവിന്റെയും മറ്റും നേതൃത്വത്തിൽ നൽകി. വിക്കി ഹബീബ് ഉൾപ്പെടെയുള്ള വിജയികളും അവരുടെ പ്രതിനിധികളും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
പലരും ഈ മാണിക്യം എന്ന ബ്ലോഗ്ഗറെക്കുറിച്ച് എന്നോടും ആരാഞ്ഞിട്ടുണ്ട്. മുമ്പ് വളരെ സജീവമായിരുന്ന ആളാണ്. അന്ന് നമ്മളൊന്നും സജീവമല്ല താനും. ഒരിക്കൽ അവരെയും നേരിൽ കാണണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു. അത് സാധിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം വന്നതുമുതൽ അവർ മറ്റുള്ള പല ബ്ലോഗേഴ്സുമാരുമായും നല്ല തിരക്കിലായിരുന്നു. ബ്ലോഗ്ഗേഴ്സ് ഒഴിഞ്ഞു പോകുമ്പോഴാകട്ടെ ലതിക ചേച്ചി അവരെ വിടാതെ പിടിച്ചു വച്ചിരിക്കുകയുമായിരുന്നു. അവരും ആദ്യമായി നേരിൽ കാണുന്നതാണെന്നു തോന്നുന്നു. എന്തായാലും സീനിയർ ബ്ലോഗ്ഗറായ മാണിക്യം ചേച്ചി ഈ മീറ്റിലെ ഒരു താരം തന്നെയായിരുന്നു. മീറ്റ് തീരുന്നതുവരെയും അവർ ഉണ്ടായിരുന്നു.
ഇത്തവണയും ഞാൻ ചെല്ലുമ്പോൾ ബൂലോകത്തിന്റെ സ്വന്തം ഷെരീഫ്ക്കാ (ഷെരീഫ് കൊട്ടാരക്കര) കൌണ്ടറിനു മിന്നിൽ മീറ്റിനു റെഡിയായി വന്നിരിക്കുന്നു. ഇതൊക്കെ എങ്ങനെ രാവിലെ എഴുന്നേറ്റ് റെഡിയാകുന്നു എന്നായിരുന്നു എന്റെ ചിന്ത. ഞാൻ രാവിലെ എഴുന്നേറ്റ് വന്ന പാട് എനിക്കറിയാം. ബ്ലോഗ് മീറ്റെന്നു കേട്ടാൽ പിന്നെ മനുഷ്യർക്ക് ഊണുമില്ല ഉറക്കവുമില്ല. എറണാകുളത്തു നിന്നും കൊണ്ടു വന്നു പ്രദർശിപ്പിക്കുന്ന പതിവു മീറ്റ് ദൃശ്യങ്ങളായ നന്ദൻ, മനോരാജ്, പ്രവീൺ വട്ടപ്പറമ്പത്ത്, പിന്നെ ജോ, യൂസഫ് പാ തുടങ്ങിയവരൊക്കെ തൊടുപുഴയിലും പ്രത്യക്ഷരായി. അവരൊന്നുമില്ലെങ്കിൽ പിന്നെ എന്തര് മീറ്റ്! പിന്നെ നമ്മുടെ ഡോക്ടർ ജയൻ ദാമോദരനും ആ കണ്ണൂർ കുമാരനും ഇല്ലാത്ത ഒരു മീറ്റിൽ ഞാൻ ആദ്യമായി പങ്കെടുക്കുകയാണെന്ന് തോന്നുന്നു. അവരുടെ അഭാവം അഭാവം തന്നെയാണ്.
പൊന്മളക്കാരനും, വരില്ലാ വരില്ലാ എന്നു പറഞ്ഞിട്ടൊടുവിൽ സൂത്രത്തിലെത്തുന്ന സൂത്രം ഡോട്ട് കോം സാബു കൊട്ടോട്ടിയും കണ്ടാൽ കൂതറ ലൂക്ക് ഒട്ടുമില്ലാത്ത കൂതറ ഹാഷിമും ഒക്കെ മീറ്റെന്നു കേട്ട് ഇരിക്കപ്പൊറുതിയില്ലാതെ മലബാറിൽ നിന്നും വണ്ടി കയറി മീറ്റിലെത്തി. പൊന്മളയും ഹാഷിമും തലേന്നേ തൊടുപുഴയിൽ വന്ന് ക്യാമ്പടിച്ചിരുന്നു. എവിടെ മിറ്റുണ്ടോ അവിടെയൊക്കെ പൊന്മള തലേന്നേ വന്നിരിക്കും. ഞാനും ഇതൊഴിച്ച് എല്ലാ മീറ്റിലും അങ്ങനെ ആയിരുന്നു. ഈ മീറ്റിൽ രാവിലെ എത്താവുന്ന ദൂരമേ എനിണ്ടായിരുന്നുള്ളുവല്ലോ. ഇപ്പോൾ എറണാകുളത്ത് ജോലിയുള്ള എന്റെ നാട്ടുകാരനും പ്രീഡിഗ്രി സഹപാഠിയും ഇപ്പോൾ തൃപ്പൂണിത്തുറയിൽ സിറ്റീഷൻ ഷിപ്പും ഉള്ള അനൂപ് കിളിമാനൂർ എറണാകുളം മീറ്റുമുതൽ ഇനി എല്ലാ മീറ്റിലും പങ്കെടുക്കും എന്ന പ്രതിജ്ഞയിലാണ്. തൊടുപുഴയിലും അദ്ദേഹം അശോകൻ തുടങ്ങിയ കൂട്ടുകാർക്കൊപ്പം എത്തി.
തിരൂർ മീറ്റിന്റെ തലേന്ന് പാവത്താൻ താമസിച്ച് ഒഴിഞ്ഞ മുറിയിലാണ് ഞാനും തബാറക്ക് റഹ്മാനും അന്ന് താമസിച്ചത്. അന്ന് പരിചയപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇവിടെ തൊടുപുഴയിൽ വച്ച് പാവത്താനെയും പരിചയപ്പെട്ടു. കമന്റും പോസ്റ്റുകളുമായുള്ള പരിചയം മാത്രമുണ്ടായിരുന്ന റെജി പുത്തൻപുരയ്ക്കലിനെയും പട്ടേപ്പാടം റാംജിയെയും ഖാദർ പട്ടേപ്പാടത്തെയും ഒക്കെ നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞത് ഈ മീറ്റിൽ വച്ചാണ്. ഒടിയനെ എറണാകുളത്തേ പരിചയപ്പെട്ടത് ഇപ്പോൾ വീണ്ടും പരിചയം പുതുങ്ങി. തിരുവനന്തപുരത്ത് ദേശാഭിമാനിയിൽ ജോലിയുള്ള രഞ്ജിത്ത് വിശ്വത്തെ ഞാൻ ഈ മീറ്റിൽ വച്ച് പുതുതായി പരിചയപ്പെടുകയാണ്. പിന്നെ എറണാകുളം മിറ്റിൽ വച്ച് തന്നെ കണ്ടിരുന്ന ദിമിത്രോവുമായും അല്പനേരം സംസാരിക്കുവാൻ കഴിഞ്ഞു. ദിമിത്രേവ് നല്ലൊരു ഗായകൻ കൂടിയാണ്. എഴുതിക്കൊണ്ടിരിക്കിമ്പോൾ ഒർമ്മ വന്ന പേരുകൾ മാത്രമാണ് ഇവിടെ എഴുതുന്നത്. അതുപോലെ ഒരുപാട് പേരെ പരിചയപ്പെട്ടു. ചിലരുടെ പേരുകൾ ഓർമ്മകിട്ടുന്നുമില്ല. നെടുംകണ്ടത്തും എറണാകുളത്തും ഉള്ള ഓരോ പോലീസുകാരായ ബ്ലോഗ്ഗർമാരെ പരിചയപ്പെട്ടിരുന്നു. ഈ മീറ്റിനു വന്നവരല്ലെങ്കിലും തിരുവനന്തപുരത്തുള്ള രണ്ട് പോലീസ് ബ്ലോഗ്ഗർമാരുമായി എനിക്ക് നേരത്തേ സൌഹൃദമുണ്ട്. ഇപ്പോൾ ഇവരും കൂടി ആയി. അവരുടെ പേരും നമ്പരും ഞാൻ എഴുതി വച്ചിട്ടുണ്ട്. പേരുകൾ ഇപ്പോൾ ഓർക്കുന്നില്ല.
ഇനിയും ആലോചിച്ചിരുന്നാൽ പലരെക്കുറിച്ചും ഓർമ്മിച്ചെഴുതാൻ കഴിയും. തൽക്കാലം ഇനി അതിനു മുതിരുന്നില്ല. തൊടുപുഴമീറ്റിന്റെ സംഘാടനത്തിന് ഹരീഷിനൊപ്പം നിന്നവർ ആരൊക്കെയെന്ന് അറിയില്ല. എന്തായാലും അധികം ആരും ഉണ്ടായിരുന്നിരിക്കില്ല. ഈ റിസ്ക് ഏറ്റെടുത്ത് വിജയകരമാക്കി തീർത്തതിലുള്ള അഭിനന്ദനവും നന്ദിയും പ്രത്യേകം അറിയിക്കുന്നു. തൊടുപുഴയിൽ ഇനിയും കുറെ നാൾ കഴിയുമ്പോൾ ഹരീഷ് മീറ്റ് നടത്തുമെന്നുറപ്പാണ്. നമ്മുടെ ജയൻ ഡോക്ടറെയും മറ്റും പോലെ. കൂടെക്കൂടെ അവർക്ക് ഉൾവിളി ഉണ്ടാകും. അതാകട്ടെ ബൂലോകത്തെ മറ്റു പലരുടെയും ഉൾവിളികളുടെ പ്രകമ്പനമാണു താനും! ഇതൊക്കെ ഓരോ നിയോഗങ്ങളാണ്. (അതുകൊണ്ട് വല്ല നഷ്ടവും വന്നാലും സഹിച്ചോളണം കേട്ടോ).
മുമ്പ് ഇടപ്പള്ളിയിൽ ചില നിയോഗങ്ങൾ അങ്ങനെ സഹിച്ചതിനെ മാതൃകയാക്കാവുന്നതാണ്. അന്ന് കൈപൊള്ളിയെങ്കിലും മീറ്റുകൾ അവർക്കൊക്കെ ഇന്നും ഒരു ആവേശമാണെന്നറിയുന്നത് നമുക്കും ഒരാവേശമാണ്. കൂടുതൽ ആവേശം എല്ലാവർക്കും വരാൻ വേണ്ടി തൊടുപുഴ മീറ്റിൽ ആരോ നിർദ്ദേശിച്ചതുപോലെ രജിസ്ട്രേഷൻ ഫീസ് എന്ന മൂരാച്ചി ഇടപാട് എടുത്തു കളയുന്നതിൽ ആർക്കും എതിർപ്പുണ്ടാകുമെന്നു തോന്നുന്നില്ല. അല്ല, തിരുവനന്തപുരത്ത് ഒരു മീറ്റിനെ പറ്റി ചിന്തിക്കുന്നുണ്ട്. അതും കൂടി കഴിഞ്ഞിട്ട് രജിസ്ട്രേഷൻ ഫീസ് നിർത്താവുന്നതാണ്. എന്തായാലും ഇനി കണ്ണൂരത്തേത് ഒന്നു കഴിയട്ടെ.
മീറ്റ് കഴിഞ്ഞ് ഞാനും ഷെരീഫ്ക്കയും റെജി പുത്തൻപുരയ്ക്കലും കൂടി പോകാൻ ഇറങ്ങുമ്പോൾ മഴ ചാറുന്നു. ചാറ്റലല്ല അല്പം ചീറ്റൽ തന്നെയാണെന്ന് കണ്ട് ഞങ്ങൾ മഴ തോരാൻ വെയ്റ്റ് ചെയ്തു. അപ്പോഴാണ് കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന മൂന്നു പേർക്ക് ഒരു ഫ്രീ ലിഫ്റ്റ് ഉണ്ടെന്ന് അനൌൺസ് ചെയ്തതായി ആരോ ഇറങ്ങി വന്ന് പറഞ്ഞത്. ഒറ്റക്കുതിപ്പിന് മുകളിൽ ചെന്ന് തിരക്കുമ്പോൾ അത് സാക്ഷാൽ ലതിക ചേച്ചിയുടെ കാറിലാണ്. ഒരാൾ ആയി. അത് ജിക്കുവായിരുന്നു. പിന്നെ എനിക്കും ഷെരീഫ് സാറിനും കൂടി ലിഫ്റ്റ് കിട്ടി. കാർ ഓടിക്കുന്നത് എറണാകുളം മീറ്റിലെ ഫോട്ടോ ഗ്രാഫി അവാർഡ് വിന്നർ കൂടിയായ വിക്കി ഹബീബ്. റെജി പുത്തൻ പുരയ്ക്കൽ ഒറ്റയാക്കാകുമോ എന്ന് സംശയിച്ചപ്പോൾ അദ്ദേഹം വേറൊരു ദിശയിലെയ്ക്കായതുകൊണ്ടും കുറച്ചുകൂടി അടുത്തായതുകൊണ്ടും നമ്മളെ കയറി പോകാൻ നിർബ്ബന്ധിക്കുകയായിരുന്നു.
അങ്ങനെ ഞാനും ഷെരീഫ്ക്കായും ജിക്കു വർഗ്ഗീസും ഹബീബും ലതികച്ചേച്ചിയും കൂടി കാറിൽ കോട്ടയം ഭാഗത്തയ്യ്ക്ക് യാത്രയായി. കാറിലെ യാത്രയ്ക്കിടയിൽ മലമ്പുഴ അസംബ്ലി മണ്ഡലത്തിലെ ദുരിതഭാരം ചുമക്കുന്ന ആദിവാസി സെറ്റിൽമെന്റുകൾ മുതൽ അമേരിക്കൻ ജനതയുടെ സെന്റിമെൻസുകളില്ലാത്ത യാന്ത്രിക ജീവിതം വരെ ലതിക ചേച്ചി ചർച്ചാവിഷയമാക്കി. അങ്ങനെ അന്തർദ്ദേശീയവും ദേശീയവും പ്രാദേശികവും സാമൂഹ്യവും പാരിസ്ഥിതികവുമായ പല വിഷയങ്ങളും വീട്ടു വിശേഷങ്ങളും ഒക്കെ ചർച്ചയ്ക്കെടുത്ത് ചർച്ചയ്ക്കെടുത്ത് ഞങ്ങൾ ഏറ്റുമാനൂർ എത്തിയത് അറിഞ്ഞില്ല. ഇടയ്ക്കിടെ ഹബീബിന് ചേച്ചി വഴി പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ഒരു പൊതു പ്രവർത്തകയുടെ സമൂഹത്തോടും പാരിസ്ഥിതിയോടും മറ്റും ഉള്ള സ്നേഹവും ഉൽക്കണ്ഠകളും ഒക്കെ ലതിക ചേച്ചിയുടെ സംസാരത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു.
ജിക്കു പാലായിൽ ഇറങ്ങിയിരുന്നു. ലതിക ചേച്ചിയ്ക്ക് കുമാരനെല്ലൂരിലേയ്ക്കാണ് പോകേണ്ടതെന്നതിനാൽ ഞാനും ഷെരീഫ്ക്കായും ഏറ്റുമാനൂരിൽ ഇറങ്ങി അവരുമായി പരസ്പരം യാത്ര പറഞ്ഞു. കോട്ടയത്ത് കൊണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും നമ്മൾ വേണ്ടെന്നു പറഞ്ഞു. എന്നോട് യാത്ര പറയുമ്പോൾ സഖാവേ എന്നു വിളിക്കാൻ ലതികച്ചേച്ചി മറന്നില്ല. എന്തായാലും ബ്ലോഗ് മീറ്റിനെ തുടർന്ന് കാറിൽ നമ്മൾ ഒരു മിനി ബ്ലോഗ് മീറ്റ് നടത്തി എന്നു പറഞ്ഞാൽ മതിയല്ലോ. ഏറ്റുമാനൂർ കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിൽ നിന്നും ഒരു ഫാസ്റ്റ് പാസഞ്ചറിൽ കോട്ടയത്തേയ്ക്കും അവിടെ നിന്ന് മറ്റൊരു ഫാസ്റ്റ് പാസഞ്ചറിൽ കൊട്ടാരയ്ക്കരയ്ക്കും ഉള്ള യാത്രകളിൽ ടിക്കറ്റെടുക്കനുള്ള മത്സരത്തിൽ ഞാൻ സ്വയം തോൽവി ഏറ്റുവാങ്ങിയതിനാൽ ഷെരീഫ്ക്കാ തന്നെ ടിക്കറ്റെടുത്തത് എന്റെ ഈ യാത്രച്ചെലവിൽ കുറവും ഷെരീഫ്ക്കയ്ക്ക് നേരിയ നഷ്ടവും ഉണ്ടാക്കി. അല്ലെങ്കിലും അതൊന്നും ഒരു നഷ്ടമല്ലല്ലോ. മറ്റുള്ളവരുടെ സന്തോഷം ആണല്ലോ നമ്മുടെ സന്തോഷം. അല്ലപിന്നെ!
കോട്ടയത്ത് നിന്നും കൊട്ടാരയ്ക്കരയ്ക്കുള്ള യാത്രയ്ക്കിടയിൽ എവിടെയോ വച്ച് എന്റെ അരികിൽ വന്നിരുന്ന ഒരു യാത്രക്കാരനുമായി അല്പം തർക്കിക്കേണ്ടി വന്നു. ആൾ അല്പം മദ്യപിച്ചിട്ടുണ്ട്. പുള്ളിയ്ക്ക് എന്റെ കൈയ്യിൽ തീപ്പെട്ടി ഉണ്ടോന്നറിയണം. ഞാൻ പറഞ്ഞു ബസിനുള്ളിൽ സിഗരറ്റ് വലിക്കാൻ പറ്റില്ലല്ലോ എന്ന്. അതൊന്നും സാരമില്ലെന്നും പുറകിലത്തെ സീറ്റായതിനാൽ ശല്യമില്ലാതെ വലിക്കാൻ കഴിയുമെന്നുമായി അദ്ദേഹം. കണ്ടക്ടർ സമ്മതിക്കില്ലല്ലോ എന്നായി ഞാൻ. ഏതു കണ്ടക്ടർ പുവാൻ പറയെന്നായി എന്നായി മദ്യവാഹിയായ മാന്യദേഹം! എന്നാലും സിഗരറ്റ് വലിച്ചേ പറ്റുവോ എന്ന് ഞാൻ ചോദിച്ചപ്പോൾ അതേ, വലിച്ചിരിക്കും എന്നു പറഞ്ഞ് മദ്യവാഹി അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു.
അപ്പുറത്തെ സീറ്റിലിരുന്ന് ഷെരീഫ്ക്കായും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തീപ്പെട്ടി എന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ അയാൾ ഷെരീഫ് ക്കയുടെ അടുത്തിരിക്കുന്ന ആളോടായി കുശലാന്വേഷണങ്ങൾ. തീപ്പെട്ടി തന്നെ ലക്ഷ്യം! ഞാൻ പറഞ്ഞതുപോലൊക്കെത്തന്നെ ആ മനുഷ്യനും പറഞ്ഞപ്പോൾ അഥവാ ഇനി കണ്ടക്ടർ ഇറക്കി വിട്ടാലും തനിക്കൊന്നുമില്ല. ഇറങ്ങി സിഗരറ്റ് വലിക്കുക മാത്രമല്ല എവിടെ നിന്നെങ്കിലും തൊണ്ണൂറു മരുന്നും കൂടി വാങ്ങി കഴിച്ചിട്ട് വീണ്ടും ഒരു സിഗരറ്റ് വാങ്ങി വലിച്ചിട്ട് അടുത്ത വണ്ടിയിൽ കയറുമെന്നും അല്ലെങ്കിൽ നടന്നു പോകുമെന്നും മദ്യവാഹിയാൽ പ്രഖ്യാപിക്കപ്പെട്ടു. പക്ഷെ ഇപ്പോൾ വേണ്ടതു തീപ്പെട്ടിയും വലിക്കേണ്ടത് സിഗരറ്റും ആണ്! അതിൽ വിട്ടുവീഴ്ചയില്ലത്രേ!
ഇയാൾ ആരിൽ നിന്നെങ്കിലും തീപ്പെട്ടി സംഘടിപ്പിച്ചാൽ ഇരുന്ന് വലിക്കാൻ ഞാൻ ഇരിക്കുന്ന സൈഡ് സീറ്റ് ചോദിക്കും. ഏറ്റവും പുറകിലത്തെ സീറ്റാണ്. എന്റെ സൈഡ് സീറ്റ് ചോദിച്ചാൽ കൊടുക്കില്ലെന്നു മാത്രമല്ല, എന്റെ അടുത്തിരുന്ന് വലിച്ചാൽ സംഗതി ഉടക്കാക്കണമെന്നും കണക്കു കൂട്ടി ഇരിക്കുകയാണ് ഞാൻ. ചിലപ്പോൾ ഇയ്യാൾക്കിട്ട് രണ്ട് പെട കൊടുക്കേണ്ടി വരുമോ എന്ന ചിന്തയും തെല്ലൊന്നലട്ടാതിരുന്നില്ല. സംഗതി നമ്മൾ സമാധാന പ്രിയനാണല്ലോ. പിന്നെ ഒരു പക്ഷെ ഇയാൾ തീപ്പെട്ടി ബസിൽ ആരിൽ നിന്നെങ്കിലും സംഘടിപ്പിച്ച് (കിട്ടില്ല എന്നാലും) വലിച്ചാലും അത് എങ്ങനെ ക്ഷമിക്കാം എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. പെട്ടെന്നു തന്നെ എനിക്ക് ഞാനാൽ തന്നെ സമാധാനം ലഭിച്ചു.
എന്റെ മനസിലേയ്ക്ക് പൊടുന്നനേ ചാടിക്കയറിയ ഞാൻ എന്നോട് ചോദിക്കുകയാണ് , ഇരുന്നു സിഗരറ്റ് വലിക്കുന്ന ഒരു മനുഷ്യൻ വല്ല കൊട്ടേഷൻ സംഘത്തിൽ പെട്ടവനോ, തടി മിടുക്കും കണ്ടാൽ പേടിയും തോന്നുന്ന വല്ല ഭീകര രൂപികളോ മറ്റോ ആയിരുന്നെങ്കിലോ? നീയെന്നാടാ പുളുത്തുമോ? തീപ്പെട്ടി ചോദിക്കുമ്പോൾ തന്നെ നീ വിറച്ചോണ്ട് തീപ്പെട്ടി എടുത്ത് കൊടുക്കില്ലായിരുന്നോ? അഥവാ തീപ്പെട്ടി കൈയ്യിൽ ഇല്ലെങ്കിൽ ബസ് നിർത്തിച്ച് നീ പുറത്തിറങ്ങി തീപ്പെട്ടി വാങ്ങി ഇന്നാ പൊന്നണ്ണാന്നും പറഞ്ഞ് കൊടുക്കില്ലായിരുന്നോ? തിരി കത്തിച്ച് വേണമെങ്കിൽ വായിൽ വച്ച് കൊടുക്കില്ലായിരുന്നോ?
ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ വയ്യാത്ത ഒരുത്തൻ അല്പം കഴിച്ചിട്ട് അറിവില്ലായ്മ കൊണ്ട് ഒരു സിഗരറ്റ് വലിച്ചാൽ നീ ഇയാളെ പെടയ്ക്കണമെന്നു വിചാരിക്കും അല്ലേടാ? അല്ലെങ്കിലും ദുർബലന്മാരോടാണല്ലോ നീയൊക്കെ പ്രതികരണ ശേഷി പ്രകടിപ്പിക്കുന്നത്. ദുർബലന്മാരുടെ തലയിൽ കയറിയാണല്ലോ പലരും ചട്ടമ്പികളാകുന്നത്. നിനക്ക് ഇയാളെ തല്ലി ചട്ടമ്പിയാകണൊടാ ഡാഷ് മോനേ എന്നായി ഞാൻ എന്നോട്! അതോടെ എന്നിലെ ഞാൻ അടങ്ങി. ഇനി ഇയാൾ അടുത്തിരുന്ന് ബീഡി വലിച്ചാലും ഞാൻ മിണ്ടില്ല. ഞാൻ ലോക സമാധാനം കാംക്ഷിക്കുന്നവനാ! ഒരു മദ്യപനു മുന്നിൽ പതറി ആദർശം വെടിയാൻ (അഥവാ തടി കളയാൻ) പാടില്ല. ഗാന്ധിജി പോലും എന്റെ അടുത്ത് വരില്ല. പിന്നല്ലേ!
എന്തായാലും ഭാഗ്യത്തിന് ആ മദ്യദേഹിയ്ക്ക് പിന്നെ തീപ്പെട്ടി കിട്ടിയതുമില്ല, അയാൾ വലിച്ചതുമില്ല. അഥവാ തീപ്പെട്ടി ചോദിക്കാനുള്ള ശക്തികൂടി പുള്ളിയിൽ നിന്നും ക്രമേണ മദ്യം ചോർത്തിക്കൊണ്ടിരുന്നു എന്നതാണ് സത്യം. കുറച്ച് കഴിഞ്ഞ് കണ്ടക്ടറുടെ അടുത്ത് ചെന്നിരുന്ന് ലോഹ്യം പറയുന്നതുകണ്ടു. പിന്നെ ഒരു മയക്കത്തിനിടയിൽ ഞാൻ അയാളുടെ കാര്യം അങ്ങ് മറന്നും പോയി. ഓരോ യാത്രകളിലും ഓരോരോ അനുഭവങ്ങൾ; അത്രതന്നെ!
കൊട്ടാരക്കരയിലിറങ്ങി ഷെരീഫ്സാർ വീട്ടിലേയ്ക്കു പോയി. ഞാൻ നമ്മുടെ സ്വന്തം നാട്ടു ബസ്സ്റ്റാൻഡായ കിളിമാനൂരിലേയ്ക്ക് പിടിച്ചിട്ടിരുന്ന ഒരു ഫാസ്റ്റ് പാസഞ്ചർ വണ്ടി പിടിച്ചു. വീണ്ടും ചെറിയ ഒരു ഉറക്കമൊക്കെ ഉറങ്ങി മുക്കാൽ മണിക്കൂറിനുള്ളിൽ തട്ടത്തുമല ജംഗ്ഷനിൽ വന്നിറങ്ങി രാത്രി ഒൻപതര ഒൻപതേമുക്കാൽ മണിയോടെ വീട്ടിലെത്തി. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്ത ലാഘവത്തോടെ പതിവു ജീവിതവുമായി വീണ്ടും പൊരുത്തപ്പെട്ടു.
തൊടുപുഴ ബ്ലോഗ് മീറ്റിന്റെ തലേന്ന് ഡോ. ജെയിംസ് ബ്രൈറ്റ് ചാറ്റിൽ വന്ന് എറണകുളം മീറ്റിൽ നടന്ന ഫോട്ടോഗ്രഫി മത്സരത്തിന് വന്ന ചിത്രങ്ങളുൾക്കൊള്ളുന്ന ആൽബം ജോയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് കോവളം ബ്ലോഗ് സെന്ററിൽ എത്തിക്കണമെന്ന് പറഞ്ഞിരുന്നു. മീറ്റ് കഴിഞ്ഞുടൻ ആ അതിമനോഹരമായ ആൽബം ജോ എന്നെ ഏല്പിക്കുകയും ചെയ്തു. അതിൻപ്രകാരം പ്രസ്തുത ആൽബവും ഈയിടെ തിരുവനന്തപുരത്ത് സൌഹൃദം മീറ്റിൽ വച്ച് പ്രകാശിതമായ ബ്ലോഗ്ഗർ രാജേഷ് ചിത്തിരയുടെ ‘ഉന്മത്തതയുടെ ക്രാഷ് ലാൻഡിംഗുകൾ’ എന്ന കവിതാ സമാഹാരത്തിന്റെ രണ്ട് കോപ്പികളും 2011 ജൂലായ് 2 ചൊവ്വാഴ്ച ഞാനും കപിൽ എന്നു പേരായ നമ്മുടെ ഒരു ശിഷ്യനവർകളും കൂടി ബൈക്കിൽ കോവളത്ത് ബ്ലോഗ് സെന്ററിൽ പോയി ശ്രീ സുനിൽ അവർകളെ ഏല്പിക്കുകയുണ്ടായിട്ടുണ്ട്. അത് നമ്മുടെ ബ്ലോഗ് സെന്ററിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെടും.
ഒരു അനുബന്ധം കൂടി
ഈ പോസ്റ്റിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം ഇത് പബ്ലിഷ് ചെയ്യുന്ന ഈ ദിവസത്തിന്റെ തലേന്ന് തന്നെ എഴുതി ഡ്രാഫ്റ്റ് ചെയ്തിരുന്നതാണെങ്കിലും എന്റെ കമ്പെട്ടി പണിമുടക്കിയതിനാൽ രാവിലെ ബാക്കി കൂടി എഴുതി എഡിറ്റ് ചെയ്ത് പബ്ലിഷ് ആക്കാൻ കഴിഞ്ഞില്ല. സിസ്റ്റം ഒന്നാകെ എടുത്ത് കഴക്കൂട്ടത്ത് അത് അസംബ്ലി ചെയ്തു തന്ന പയ്യന്മാരുടെ കടയിൽ കൊണ്ടു പോയി കൊടുത്തിട്ട് അതു വഴിയണ് കോവളത്ത് പോയത്. തിരിച്ച് കഴക്കൂട്ടത്തു വന്ന് കമ്പെട്ടി പരിശോധിച്ചപ്പോൾ അതിന്റെ മദർ ബോർഡ് കമ്പനിയിൽ അയച്ച് റീപ്ലെയിസ് ചെയ്യേണ്ടിയിരിക്കുന്നു എന്ന് ആ ഹാർഡ് വെയർ പയ്യന്മാർ പറഞ്ഞു. അപ്പോൾ കമ്പെട്ടി ഇനി അടുത്ത ആഴ്ചയേ കിട്ടൂ.
അതുകൊണ്ട് ഒരാഴ്ചലത്തേയ്ക്ക് രക്ഷപ്പെട്ടുവെന്ന് ഇത് വായിക്കുന്ന നിങ്ങൾ ആരെങ്കിലും കരുതുന്നുവെങ്കിൽ നിങ്ങൾക്കു തെറ്റി. അതുവരെ നിങ്ങളുടെ ക്ഷമകളെ പരീക്ഷിയ്ക്കാതെ നോം എങ്ങനെ സഹിച്ചിരിക്കും ? ഒരാഴ്ചലത്തേയ്ക്ക് മുൻ പറഞ്ഞ കപിലിന്റെ ലാപ് ടോപ്പ് വാഗ്ദാനം ചെയ്യപ്പെടുകയും ആയതു നോം സ്വീകരിക്കുകയും ആ കമ്പെട്ടിയിലാണ് ഈ പോസ്റ്റിന്റെ ഈ അവസാനവരികൾ കോറിയിടുന്നതെന്നും ചുമ്മാ അറിയിച്ചു കൊള്ളുന്നു. അതായത് ഒരാഴ്ച പോയിട്ട് ഒരു ദിവസം കൂടി അടങ്ങിയിരിക്കാതെ നെറ്റകത്തെത്തി നിങ്ങളുടെ ഏവരുടെയും ക്ഷമയെ പരീക്ഷിക്കുന്നത് തുടർന്നുകൊണ്ടിരിക്കുമെന്നു തന്നെ പ്രഖ്യാപിച്ച് ഉത്തരവായിക്കൊള്ളുന്നു!
ഈ പോസ്റ്റിനു കമന്റെഴുതാൻ താല്പര്യമില്ലാത്തവർ പകരം കമന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേവലം അഭിപ്രായങ്ങൾ മാത്രം എഴുതിയാൽ മതിയെന്നും ഇതിനാൽ അറിയിക്കുന്നു. തൊടുപുഴ മീറ്റിന്റെ ചിത്ര സാക്ഷ്യങ്ങൾ ഇവിടെ ഞെക്കിയാൽ ഈ ബ്ലോഗിൽ ഈ ലിങ്കിലും കൂടാതെ ഇവിടെ ചിത്രബ്ലോഗം 2 എന്ന എന്റെ മറ്റൊരു ബ്ല്ലോഗിലും ദൃശ്യമാകും. നോം ഫോട്ടോകൾ എടുത്തില്ല. മറ്റുള്ളവർ എടുത്ത ചിത്രങ്ങൾ കിട്ടുന്ന മുറയ്ക്ക് അവ പ്രസിദ്ധീകരിക്കും. സമയവും താല്പര്യവും പോലെ അങ്ങോട്ടും ഒക്കെ ചെന്നു നോക്കുക.
തൊടുപുഴ മീറ്റ് ചിത്രങ്ങള്‍ (2011, ജുലൈ 31 )
തൊടുപുഴ മീറ്റ് ചിത്രങ്ങള്‍ (2011, ജുലൈ 31 )
എറണാകുളം മീറ്റിൽ നടന്ന ഫോട്ടോഗ്രാഫി മത്സരവിജയികൾക്ക് തൊടുപുഴയിൽ വച്ച് സമ്മാനങ്ങൾ നൽകുന്നു. ലതികാ സുഭാഷ്, ജോ, മാണിക്യം, വാഴക്കോടൻ, , ഇ.എ. സജിം തട്ടത്തുമല, ജിക്കു വര്‍ഗ്ഗീസ്, ഹബീബ് എന്നിവരാണ് ഈ ചിത്രങ്ങളിൽ. മറ്റു കുറച്ച് ചിത്രങ്ങൾ അവയ്ക്കും താഴെയുണ്ട്. ചിത്രങ്ങൾക്കു മുകളിൽ മൌസ് വച്ച് ക്ലിക്ക് ചെയ്ത് അവ വലുതായി കാണുക!
എറണാകുളം മീറ്റില്‍ നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തില്‍ വിജയികളായവര്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കുന്നു. |
വാഴക്കൊടന്റെ പോഴത്തരങ്ങള്‍ |
മഞ്ഞുതുള്ളി ജിക്കുവിനെ വധിക്കുന്നു. |
ഇവരെന്താ സിനിമ കാണുകയാണോ? |
ഞാന്‍ അങ്ങ് തട്ടത്തു മലയില്‍ നിന്നാ ... (സജിം തട്ടത്തു മല) |
ജെയിന്‍ മഞ്ഞുതുള്ളിടൊപ്പം . |
ഞാന്‍ അമ്മുവിന്‍റെ കുട്ടിയ.....(ജാനകി) വാരാന്‍ അല്‍പ്പം വൈകി |
എന്‍റെ ഓര്‍മ്മ ശരിയാണങ്കില്‍ ...(നൌഷാദ് വടക്കേല്‍ ) |
ഞാന്‍ കണ്ണന്‍ .ലതിക സുഭാഷിന്റെ മകനാ.. |
എന്താടോ നിങ്ങളൊന്നും നന്നാവാത്തെ... |
ഇങ്ങനെ ചിരിച്ചാല്‍ മതിയോ ?(ഹബീബ്) |
അങ്ങനെ വലിയ "പുണ്യാളനൊന്നും" ആകണ്ട ... |
നമ്മള്‍ ഇതെത്ര കണ്ടതാ ... |
വട്ടമേശ സമ്മേളനം |
ശോ! ലതിക ചേച്ചിയ്ക്ക് കാണാന്‍ പറ്റുന്നില്ല |
എന്ത് പറഞ്ഞാലും നിങ്ങളുടെ ഫോട്ടോ ഇതില്‍ എടുക്കാന്‍ പറ്റില്ല. |
സംഗതി അത്ര ശരിയായില്ല...ശ്രുതിയാണങ്കില്‍ ഒട്ടും ഇല്ല. |
ഞാനും വലുതാകുമ്പോള്‍ ബ്ലോഗ് എഴുതും |
അല്‍പ്പം കുടുംബ കാര്യം |
വടക്കേലിനും ഷെരിഫ് കൊട്ടാരക്കരയ്ക്കും ഒപ്പം ഞാനും |
ഒരു ചിരി കണ്ടാല്‍.... |
ദേ... ഇങ്ങനെയാണ് അത്. (പ്രവീണ്‍) |
മഞ്ഞുതുള്ളി, പൊന്മളക്കാരന്‍, മഞ്ഞുതുള്ളിയുടെ അമ്മ, ഷെരിഫ് കൊട്ടാരക്കര, എന്നിവര്‍ക്കൊപ്പം ഞാനും. |
തെറ്റിദ്ധരിക്കരുത്... പീഡനക്കേസിലെ പ്രതികളൊന്നും അല്ല. |
പറ്റണ പണിചെയ്താല്‍ പോരെ ...(ഒടിയന്‍ ശ്രീജിത്ത് ) |
നാളെ പരീക്ഷ ഉള്ളത... |
ഇനി വല്ലതും കഴിക്കാം |
ലൈന്‍ അടിയല്ല...ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണേ... |
ഭക്ഷണം ചവച്ചരച്ചു കഴിക്കണം.ദാ ഇങ്ങനെ .. |
നല്ല വിശപ്പ്.. |
മനോരാജ് ഷെരിഫ് കൊട്ടാരക്കര എന്നിവര്‍ക്കൊപ്പം ഞാനും |
ഐസ് ക്രീം എനിക്കൊട്ടും ഇഷ്ടമല്ല. |
ദിമിത്രോ പാടുന്നു... |
മീറ്റിനിടയില്‍ അല്‍പ്പം ചാറ്റിംഗ് ( വാഴക്കോടന്‍ ) |
പുണ്യാളനൊപ്പം നിന്നാല്‍ എല്ലാവരും പുണ്യാളന്‍ ആകുമോ ? |
ദൈവമേ...! ഇതിലെ നോക്കിയിട്ട് ഒന്നും കാണുന്നില്ലല്ലോ? |
സിജീഷിനൊപ്പം |
ലതിക ചേച്ചിയോടൊപ്പം . |
കല്യാണ ആല്‍ബം ആരുടെയാണാവോ ? |
എന്‍റെ നെഞ്ച്ത്തടിക്കരുത് ... |
നന്ദപര്‍വ്വം, രഞ്ജിത് വിശ്വം, ഹബീബ്, സപ്തവര്‍ണ്ണങ്ങള്‍, ,അരുന്‍ നെടുമങ്ങാട് |
പാവം കൊട്ടോട്ടി... ഉറങ്ങി പോയി... |
ജിക്കുവും മാണിക്യം ചേച്ചിയും. |
ഐസ് ക്രീമോ? ഞാന്‍ അത്തരക്കാരനല്ല... |
മീറ്റില്‍ നിന്നും പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കണ്ടത് ... ഈ പോസ്റ്റിലെ ആ അവാർഡ് ദാനത്തിന്റെ ചിത്രങ്ങൾ ബൂലോകം ഓൺലെയിനിൽ നിന്നും എടുത്തതാണ്. മറ്റു ചിത്രങ്ങളുടെ നേരവകാശി റെജി പുത്തൻപുരയ്ക്കൽ ആണ്. അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക് ഇതാണ് സ്പന്ദനം |
Subscribe to:
Posts (Atom)