Sunday, January 1, 2012

അണ്ണാ ഹസാരെയും തെരഞ്ഞെടുപ്പു പ്രചരണവും

അണ്ണാ ഹസാരെയും തെരഞ്ഞെടുപ്പു പ്രചരണവും

ഏതാനും സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അണ്ണാ ഹസാരെ കോൺഗ്രസ്സിനെതിരെ പ്രചരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഒരു പൌരന് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ പ്രചരണം നടത്തുന്നതിനും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ ചേരുന്നതിനും പുതുതായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കുന്നതിനും ഒക്കെയുള്ള അവകാശം നമ്മുടെ രാജ്യത്തെ ജനാധിപത്യം നൽകുന്നുണ്ട്. ആ അവകാശം അണ്ണാഹസാരേയ്ക്കും ഉണ്ട്. എന്നാൽ അണ്ണാ ഹസാരെയെ ഇതുവരെ പൊതുസമൂഹവും മാധ്യമലോകവും അടയാളപ്പെടുത്തിയിരിക്കുന്നത് അദ്ദേഹം നടത്തിയ ചില സവിശേഷമായ പ്രവർത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനത്തിലാണ്. അതിൽ ഏറ്റവും പ്രധാനം ജനലോക്പാലിനുവേണ്ടിയുള്ള സമരമാണ്. അണ്ണാ ഹസാരെയും അനുയായികളും പൌരസമൂഹമെന്ന നിലയ്ക്കാണ് ഇതുവരെ അറിയപ്പെടുന്നത്. അണ്ണാ ഹസാരെയും ഏതാനും അനുയായികളും ചേർന്നാൽ മാത്രം അത് പൊതു സമൂഹമാകില്ലെന്നത് വേറെ കാര്യം. എങ്കിലും അവർ അങ്ങനെയാണ് സ്വയം അവകാശപ്പെടുകയോ വാർത്താ മാധ്യമങ്ങളാൽ വിശേഷിപ്പിക്കപ്പെടുകയോ ചെയ്യുന്നത്.

അഴിമതിയ്ക്കെതിരെയുള്ള ഒരു പോരാട്ടം എന്ന നിലയ്ക്ക് അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും എല്ലാ പ്രവർത്തനങ്ങളോടും സമീപനങ്ങളോടും യോജിക്കാത്തവർകൂടിയും ജനലോക്പാൽ ബില്ലിനു വേണ്ടിയുള്ള പോരാട്ടത്തിനു പിന്തുണ നൽകാനും ഒപ്പം ചേരാനും തയ്യാറായിട്ടുണ്ട്. ഇത് വിഷയാധിഷ്ഠിതമായ ഒരു പിന്തുണയും സഹകരണവുമാണ്. അണ്ണാ ഹസാരെ എന്ന വ്യക്തിയോ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമോ അല്ല, അദ്ദേഹം ഉയർത്തുന്ന മുദ്രാവാക്യമാണ് ജനങ്ങളിൽ താല്പര്യമുണർത്തിച്ചിട്ടുള്ളത്. ഇപ്പോൾ കേന്ദ്രഭരണത്തിലുള്ള കോൺഗ്രസ്സും കൂട്ടു കക്ഷികളും ഒഴിച്ചുള്ള മിക്ക രാഷ്ട്രീയ കക്ഷികളും അണ്ണാഹസാരെ സംഘത്തിന് പിന്തുണ നൽകിയിട്ടുണ്ട്. കോൺഗ്രസ്സിലും കൂട്ടുകക്ഷികളിലും ഉള്ളവരിൽത്തന്നെ നല്ലൊരു വിഭാഗം ഉള്ളുകൊണ്ട് ഈ അഴിമതിവിരുദ്ധ പോരാട്ടത്തിൽ അണ്ണാ ഹസാരെയെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ടൊക്കെത്തന്നെ അണ്ണാ ഹാസാരെ ഒരു പ്രസ്ഥാനമല്ല, ഒരു പ്രതീകമാണ്; അഴിമതിയ്ക്കെതിരെ ധാർമ്മികരോഷം കത്തിക്കാളുന്ന ക്ഷുഭിതമനസുകളുടെ ഒരു പ്രകടിതരൂപമാണ്.

അണ്ണാ ഹസാരെ നടത്തുന്ന സമരം കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഒരു സർക്കാരിനു മാത്രം എതിരായ ഒരു പ്രക്ഷോഭമായി പരിമിതപ്പെടുത്തി കാണേണ്ടതല്ല. കോൺഗ്രസ്സിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും കക്ഷികൾ ഭരണ സാരഥ്യം വഹിക്കുകയാണെങ്കിലും ഈ സമരം പ്രസക്തമാകുമായിരുന്നു. അതായത് ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയ്ക്കോ ഗവർണ്മെന്റിനോ എതിരെ മാത്രമുള്ള ഒരു സമരൈക്യമല്ല ഇത്. ആകുകയുമരുതല്ലോ. ആരു ഭരിക്കുമ്പോഴായാലും അഴിമതിനിറഞ്ഞ ഭരണവ്യവസ്ഥയ്ക്കെതിരെയുള്ള ഒരു പ്രതിരോധമാണ് ജനലോക്പാൽ നിയമം. അഴിമതിയ്ക്കെതിരെയുള്ള ശക്തമായ ഒരു പ്രതിവിധിയാകേണ്ടതാണ് ജനലോക്പാൽ നിയമം (ഇതൊക്കെ വന്നാലും അഴിമതി പൂർണ്ണമായും നിർമ്മർജ്ജനം ചെയ്യപ്പെടുമോ എന്നത് വേറെ കാര്യം). രാജ്യം ആരു ഭരിക്കണം എന്നു തീരുമാനിക്കലല്ല, ആരു ഭരിച്ചാലും അഴിമതി ഇല്ലാതാകുക എന്നതാണ് ലോക്പാലിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ലക്ഷ്യം ആകേണ്ടത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി നിഷ്പക്ഷതയുടേതായ ചില രൂപഭാവങ്ങളിൽ ഇതുവരെ ജനം കാണാൻ ശ്രമിച്ച അണ്ണാ ഹസാരെ സംഘത്തിന് ഒരു രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടാകുന്നതും നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നതും ഈ പ്രക്ഷോഭത്തിനു ഗുണകരമായിരിക്കില്ല. അണ്ണാ ഹസാരെയുടെ വിശ്വാസ്യതയ്ക്കും ഇത് പോറലേല്പിക്കും.

അണ്ണാ ഹസാരെ സംഘത്തിന്റെ സ്പോൺസർമാർ ആര് എന്നത് ഒരു വിവാദവിഷയമായിരിക്കുന്ന ഒരു പശ്ചാത്തലം നിലനിൽക്കുമ്പോൾ രാഷ്ട്രീയ കാര്യങ്ങളിൽ ഏതെങ്കിലും ഒരു പക്ഷത്തിനു ദോഷകരമായും അതുവഴി മറുപക്ഷത്തിനു ഗുണകരാമായും ഭവിക്കാവുന്ന ഇടപെടലുകൾ അണ്ണാ ഹസാരെ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അത്ര സുഖകരമായിരിക്കില്ല. ഇവിടെ പറഞ്ഞുവയ്ക്കുന്നതിന്റെ പൊരുൾ കോൺഗ്രസ്സിനെതിരെ അണ്ണാ ഹസാരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് ശരിയല്ല എന്നുതന്നെയാണ്. കോൺഗ്രസ്സിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് ആരെ സഹായിക്കാനാണെന്ന സംശയത്തിന്റെ കരിനിഴൽ വീഴുന്നത് അണ്ണാ ഹസാരെ സംഘത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് മങ്ങലേല്പിക്കുകയേ ഉള്ളൂ.

ഇപ്പോൾ കേന്ദ്രത്തിലെ കോൺഗ്രസ്സ് ഗവർണ്മെന്റ് കൊണ്ടുവന്നിട്ടുള്ള ലോക്ബാൽ ബില്ല് കുറ്റമറ്റതല്ല. ഏറെ പോരായ്മകൾ ഉള്ളതുതന്നെ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നിലയിൽ ബിൽ പാസായാൽത്തന്നെ അത് കുറച്ചേറെ ദുർബ്ബലവുമായിരിക്കും. ലോക്പാൽ ബില്ല് കഴിഞ്ഞ പാർളമെന്റ് സമ്മേളനകാലത്ത് നടക്കാതെ പോയതിനു പിന്നിൽ ചില അട്ടിമറികളുണ്ട് എന്നത് പകൽ പോലെ വ്യക്തമായിട്ടുള്ളതാണ്. നിയമം ഈ സമ്മേളനകാലത്ത് നടപ്പിലാക്കാൻ കഴിയാതെ പോയതിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സ്സർക്കാരിനു തന്നെ. പ്രതിപക്ഷ കക്ഷികളുടെയോ അണ്ണാ ഹസാരെ സംഘത്തിന്റെയോ അഭിപ്രായങ്ങളെക്കൂടി വേണ്ടവിധം പരിഗണിച്ച് ഒരു സമവായം ഉണ്ടാക്കി ഐകകണ്ഠേന ജനലോക്പാൽ ബിൽ പാസ്സാക്കാൻ കഴിയേണ്ടതായിരുന്നു. ഇക്കാര്യത്തിൽ അവർ ആത്മാർത്ഥത പുലർത്തിയില്ല. ഇനി നാളെ ജനലോക്പാലിന്റെ കാര്യം എന്താകുമെന്നും കണ്ടുതന്നെ അറിയണം. അഴിമതി തടയുന്നതില്‍ അഴിമതി മൊത്തമായും ചില്ലറയായും കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സിന് അഴിമതി തടയാനുതകുന്ന ഒരു നിയമം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് ഊഹിക്കാവുന്നതേയുള്ളൂ!

പക്ഷെ കാര്യങ്ങൾ ഇതുവരെ ഇതൊക്കെത്തന്നെയാണെങ്കിലും ജനലോക്പാലിന്റെ പേരും പറഞ്ഞ് അണ്ണാ ഹസാരെയും കൂട്ടരും കോൺഗ്രസ്സിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നതിനു പിന്നിൽ ജനലോക്പാൽ ബിൽ എന്നതിനപ്പുറം മറ്റു ചില രാഷ്ട്രീയതാല്പര്യങ്ങൾ ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. അണ്ണാ ഹസാരെയ്ക്കും ലോക്പാലിനുമൊക്കെ അപ്പുറം എന്തൊക്കെയോ ചിലത് ഉള്ളതുപോലെ ഒരു തോന്നൽ!

7 comments:

drkaladharantp said...

തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം അഴിമതി ഒരു ചര്‍ച്ച ആക്കെന്ടെന്നു ആഗ്രഹിച്ചേക്കാം.സജീം അങ്ങനെ ആഗ്രഹിക്കുന്നുണ്ടോ
അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന അണ്ണ അവസരങ്ങള്‍ ഉപയോഗിച്ച് കൂടാ എന്ന് ആര്‍ക്കാണ് പറയാന്‍ അവകാശം.അണ്ണ മത്സരിക്കാത്തിടത്തോളം കാലം അത് മുദ്രാവാക്യത്തിന്റെ പ്രസക്തി കൊണ്ട് ന്യായീകരിക്കപ്പെടും.
ഇതു അവസരങ്ങളിലും ജനപക്ഷ മുദ്രാവാക്യം ഉയര്‍ത്താം
ഇപ്പോള്‍ ലോകപാല്‍ ബില്‍ പാസാക്കാന്‍ ആര്‍ക്കാണ് കഴിയുക അവരെ കേന്ദ്രീകരിച്ചു സമ്മര്‍ദം ഉണ്ടാവുക സ്വാഭാവികം.ആ സമ്മര്‍ദം ആണ് അണ്ണ ഉയര്‍ത്തുന്നത്.
പ്രശ്നാധിഷ്ടിതമായി തന്നെ കണ്ടാല്‍ പോരെ.

Anonymous said...

അഴിമതിയേക്കാൾ വലിയ ചില അപകടങ്ങൾ ഉണ്ട്!

Pheonix said...

അണ്ണാ ഹസാരെ ഉയര്‍ത്തുന്ന മുദ്രാവാക്യം പ്രസക്തമാണ് പക്ഷെ അയാളുടെ പിന്നിലുള്ള ചില നിക്ഷിപ്ത താല്പര്യക്കാരെ നമ്മള്‍ തിരിച്ചറിയണം.

SHANAVAS said...

അണ്ണാ ഹജാരെ സംഘം ഏതെന്കിലും രാഷ്ട്രീക്കാര്‍കെതിരെ തിരിഞ്ഞാല്‍ അത് അവരുടെ സ്വീകാര്യത പൊതു സമൂഹത്തില്‍ കുറയ്ക്കും എന്നാ കാര്യത്തില്‍ സംശയം ഇല്ല...മണകൊണാ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടിയാണ് എല്ലാ നിയമങ്ങളും..അപ്പോള്‍ പിന്നെ അണ്ണാഉക്ക് എന്ത് പ്രസക്തി...അല്ലെങ്കില്‍ തന്നെ അണ്ണാ ഫാക്ടര്‍ നനഞ്ഞ പടക്കം ആയിക്കഴിഞ്ഞല്ലോ..

ജി.എൽ.അജീഷ് said...

നന്നായി....അരാഷ്ട്രീയതയുടെ തണലിൽ
വളരാൻ ശ്രമിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ ചട്ടുകമായി.....ഹസ്സാരെ മാറി....ഈ പരസ്യമായ രഹസ്യം ജനം തിരിച്ചറിഞ്ഞു...അതാണ് മുബൈയിൽ സംഭവിച്ചത്....ചരിത്രം സൃഷ്ടിക്കുന്നത് ഒരിക്കലും
വ്യക്തിയല്ലന്ന സത്യം ........................ജനപങ്കാളിത്ത ത്തിന്റെ ഗണിത ശാസ്ത്രത്തിൽ ഹസ്സാരെ സംഘം കള്ളപറയാൻ തുടങ്ങി ചില രാഷ്ട്രീപാർട്ടി നേതാക്കൾ പറയുന്നതുപോലെ....ലോക്പാലിലെ രാഷ്ട്രീയം....ഇനി തിരിച്ചറിയാം

ജി.എൽ.അജീഷ് said...

നന്നായി....അരാഷ്ട്രീയതയുടെ തണലിൽ
വളരാൻ ശ്രമിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ ചട്ടുകമായി.....ഹസ്സാരെ മാറി....ഈ പരസ്യമായ രഹസ്യം ജനം തിരിച്ചറിഞ്ഞു...അതാണ് മുബൈയിൽ സംഭവിച്ചത്....ചരിത്രം സൃഷ്ടിക്കുന്നത് ഒരിക്കലും
വ്യക്തിയല്ലന്ന സത്യം ........................ജനപങ്കാളിത്ത ത്തിന്റെ ഗണിത ശാസ്ത്രത്തിൽ ഹസ്സാരെ സംഘം കള്ളപറയാൻ തുടങ്ങി ചില രാഷ്ട്രീപാർട്ടി നേതാക്കൾ പറയുന്നതുപോലെ....ലോക്പാലിലെ രാഷ്ട്രീയം....ഇനി തിരിച്ചറിയാം

ഞാന്‍ പുണ്യവാളന്‍ said...

കോണ്‍ഗ്രസ്സ്‌ രാഷ്ട്രിയ താല്പര്യത്തോടെ തന്നെയാണ് ലോക പാല്‍ ബില്‍ അവതരിപ്പിച്ചതും അതിന്റെ അട്ടിമറിച്ചതും പക്ഷെ ഹസാരെ കന്ഗ്രസിനെതിരെ മാത്രമായി പ്രചാരണം നടത്തുന്നത് തെറ്റായ സന്ദേശമാണ് നല്‍ക്കുന്നത്

സജീം ചേട്ടന്റെ നല്ല പോസ്റ്റ്‌ ആണ് ഇതു ആശംസകള്‍