Friday, January 6, 2012

മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഒരു നിയമപാഠം

മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഒരു നിയമപാഠം

ആദ്യം ഇതുസംബന്ധിച്ച വാർത്ത: “വാർത്ത വിമാനത്താവളത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണ പരിപാടി റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 15 മുസ്ലിംലീഗുകാര്‍ക്ക് ഒരു വര്‍ഷം തടവും 3500രൂപ പിഴയും ശിക്ഷ വിധിച്ചു. 23 ലീഗുകാര്‍ പ്രതികളായ കേസില്‍ രണ്ടുപേരെ വെറുതെവിട്ടു. ആറുപേര്‍ പിടികിട്ടാപ്പുള്ളികളാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഇത്രയധികം പേര്‍ ശിക്ഷിക്കപ്പെടുന്നത് സംസ്ഥാനത്ത് ആദ്യമാണ്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വി ദിലീപാണ് വിധി പ്രഖ്യാപിച്ചത്. 2004 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് വിവാദമായ സമയത്ത് ഉംറ നിര്‍വഹിച്ച് മടങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുസ്ലിംലീഗ് വന്‍ സ്വീകരണം ഒരുക്കി. വിമാനത്താവള പരിസരം പൂര്‍ണമായും കൈയടക്കിയ ലീഗുകാര്‍ പരിപാടി റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വെളിവാക്കുന്ന വാര്‍ത്തകള്‍ നല്‍കിയതാണ് പ്രകോപനം. അക്രമസക്തരായ നൂറുകണക്കിന് ലീഗുകാര്‍ വനിതാ ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ളവരെ അതിക്രൂരമായി മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകരെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. 11 മാധ്യമപ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലായി. ദൃശ്യമാധ്യമങ്ങളുടെ വാഹനങ്ങള്‍ തകര്‍ത്തു. വിമാനത്താവള ടെര്‍മിനലിലേക്കു അതിക്രമിച്ചു കടന്ന ലീഗുകാര്‍ പാര്‍ടി പതാക കെട്ടിടത്തിനു മുകളില്‍ നാട്ടി. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധിക്കാനെത്തിയ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും ലീഗുകാരുടെ ആക്രമണത്തിന് ഇരയായി.” (ദേശാഭിമാനി ദിനപ്പത്രം)

മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും ആ അക്രമികൾക്ക് കടുത്ത ശിക്ഷകിട്ടുന്നതും ആവശ്യം വേണ്ടതുതന്നെ. എന്നാൽ മാധ്യമപ്രവർത്തകരെ ആക്രമിച്ചു എന്നത് മാത്രമല്ല ഈ വിഷയം ഗൌരവതരമാക്കുന്നത്. മാധ്യമപ്രവർത്തനവും പലതരം പൌരാവകാശങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർക്കു നേരേ നടക്കുന്ന അക്രമം മാധ്യമ സ്വാതന്ത്ര്യത്തിനുനേരേ നടക്കുന്ന കടന്നുകയറ്റമാണ്.

എന്നാൽ ഇതുമാത്രമല്ല, മറ്റ് മറ്റുപലതരം ജനാധിപത്യാവകാശ ധ്വംസനങ്ങളും കൂടി ഇവിടെ നടക്കുന്നുണ്ട്. പലതും കേസും വാർത്തയും ഒന്നും ആകുന്നില്ലെന്നേയുള്ളൂ. തങ്ങൾക്കിഷ്ടമല്ലാത്ത ആശയങ്ങൾ പ്രചരിക്കുപ്പിന്നവർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള ആക്രമണങ്ങൾ പലപ്പോഴും ഇവിടെ ഉണ്ടാകാറുണ്ട്. ഒരു ചിത്രം വരച്ചതിന്റെ പേരിൽ എം.എഫ്. ഹുസൈൻ എന്ന ഒരു വിഖ്യാത ചിത്രകാരനെ നാടുകടത്തി പരദേശപൌരനാക്കി മരിക്കാൻ വിധിച്ച ഒരു രാഷ്ട്രമാണല്ലോ നമ്മുടേത്.

ഇവിടെ കേരളത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആശയപ്രചരണത്തിനും എതിരെ ചെറുതും വലുതുമായ പലവിധ അക്രമങ്ങൾ നടക്കാറുണ്ട്. ഇത്തരം ആക്രമങ്ങൾ കൂടുതലായും നടത്തുന്നത് മത-വർഗ്ഗീയ ഫാസിസ്റ്റുകളാണ് എന്ന കാര്യം എടുത്തു പറയേണ്ടതാണ്. രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നും ഇത്തരം അക്രമങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. എങ്കിലും കൂടുതലും വർഗീയ സംഘടനകളാണ് ഏറെ അപകടകാരികൾ.വർഗീയവാദികളാണ് ഏറ്റവും വലിയ ജനാധിപത്യാവകാശധ്വംസകർ.ഫാസിസ്റ്റുകൾ.

പലപ്പോഴും തങ്ങൾക്കിഷ്ടപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിക്കുന്ന യോഗങ്ങളിൽ അവർ കടന്നു കയറി ആക്രമണം നടത്താറുണ്ട്. ആളെണ്ണവും സംഘബലവും കുറഞ്ഞ സംഘടനകൾ നടത്തുന്ന യോഗങ്ങളിലാണ് ഇത്തരം ആക്രമങ്ങൾ കൂടുതലുണ്ടാകുന്നത്. അതുപോലെ ചില പുസ്തകങ്ങൾ, സിനിമകൾ, നാടകങ്ങൾ തുടങ്ങിയവയ്ക്കെതിരെയും ഇവിടെ വർഗ്ഗീയവാദികൾ പ്രശ്നങ്ങൾ ഊണ്ടാക്കാറുണ്ട്.ആവിഷ്കാര സ്വാതന്തന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണത്.

ഒരിക്കൽ ഡി.വൈ.എഫ്.ഐയുടെ യോഗത്തിൽ വച്ച് ഗുജറാത്ത് സർക്കാരിനെ വിമർശിച്ചതിന് സിനിമാതാരം മമ്മൂട്ടിയ്ക്കെതിരെ ഇവിടെ ചിലർ പ്രശ്നമുണ്ടാക്കിയിരുന്നു.ബി.ജെ.പിക്കാരും മറ്റും ടങ്ങുന്ന സംഘപരിവാരം തന്നെ. ഈ വർഷം തന്നെ ക്രിസ്തുമത ഭ്രാന്തന്മരുടെ എതിർപ്പിനെത്തുടർന്ന് പത്താം ക്ലാസ്സിലെ ഒരു പാഠ ഭാഗം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മതമില്ലാത്ത ജീവൻ എന്നൊരു ഏഴാം ക്ലാസ്സ് പാഠത്തിനെതിരെ സർവ്വ മതഭ്രാന്തന്മാരും ഐക്യനിരയുണ്ടാക്കി ആ പാഠ ഭാഗത്തിനെതിരെ തിരിയുകയും അന്നത്തെ എൽ.ഡി.എഫ് സർക്കാർ ആപാഠഭാഗം ഒഴിവാക്കുകയും ചെയ്തു. മതമില്ലെന്ന് പറഞ്ഞുകൂടെന്നത്രേ മതഭ്രാന്തന്മാരുടെ ആജ്ഞ!

അതുപോലെ കേരളത്തിൽ പല ഭാഗങ്ങളിലും ആളെണ്ണത്തിൽ വളരെ ദുർബ്ബലരായ യുക്തിവാദിസംഘം പോലുള്ള ശാസ്ത്രപ്രചാരക സംഘങ്ങൾ നടത്തുന്ന യോഗങ്ങളിൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വർഗ്ഗീയവാദികൾ കടന്നുചെന്ന് അക്രമം നടത്താറുണ്ട്. വർഗീയവാദികളുടെ അക്രമം ഭയന്ന് ഈ ഇത്തിരിപ്പോന്ന സംഘടനകൾ വൻ പോലിസ് സംഘത്തിന്റെ അകമ്പടിയിൽ ജാഥ നടത്തുന്നത് ഈയുള്ളവൻ കണ്ടിട്ടുണ്ട്. യുക്തിവാദികളെ മുസ്ലിം -ഹിന്ദു- വർഗ്ഗീയ വാദികൾ ആക്രമിച്ചിട്ടുള്ള നിരവധി അനുഭവങ്ങൾ ഈ സാക്ഷര കേരളത്തിൽ ഉണ്ടായിട്ടുണ്ട്.

ഈയിടെ തിരുവനന്തപുരത്ത് ഒരു “പുരോഗമന” സ്വാമി പ്രസംഗിച്ച ഒരു യോഗത്തിൽ ആ സ്വാമിയുടെ പുരോഗമന ആശയങ്ങൾ ഒന്നും അംഗീകരിക്കാത്ത ഹിന്ദുമതവർഗ്ഗീയത ഉൾക്കൊള്ളുന്ന ഒരു വർഗീയ സംഘടനക്കാർതന്നെ കയറി ആക്രമണം നടത്തുകയുണ്ടായി. ആർ.എസ്.എസ്കാർ.മുമ്പ് തിരുവനന്തപുരത്തുതന്നെ എൻ.ജി.ഒ യൂണിയന്റെ ഒരു യോഗത്തിൽ ശിവസേനക്കാർ ചെന്ന് കുഴപ്പമുണ്ടാക്കിയിരുന്നു. ക്രിസ്തുമത പ്രചാരകർക്കെതിരെ പലയിടത്തും ആർ.എസ്.എസ്കാർ അക്രമം നടത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഒരു മിഷണറിപ്രവർത്തകനെ വെട്ടിപ്പരികേല്പിച്ച സംഭവം മുമ്പൊരിക്കൽ ഉണ്ടായിട്ടുണ്ട്.

മലപ്പുറത്തെ എൻ.ഡി.എഫുകാർ വ്യക്തി സ്വാതന്ത്ര്യത്തിനെതിരെ അക്രമം നടത്തുന്ന എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ. ഈ ഹിന്ദു-മുസ്ലിം വർഗീയവാദികൾ രാജ്യത്ത് പലയിടത്തും സദാചാരപോലീസ് ചമഞ്ഞും വ്യക്തിസ്വാതന്ത്ര്യത്തിനെതിരെ അക്രമങ്ങൾ നടത്താറുണ്ട്. ഇവിടെ കേരളത്തിൽ മുസ്ലിങ്ങളിലെതന്നെ മുജാഹിദുകൾ നടത്തുന്ന യോഗങ്ങളിൽ സുന്നി വിഭാഗക്കാർ കയറി അടിക്കുന്ന സംഭവങ്ങൾ ഇപ്പോൾ വ്യാപകമായി വരുന്നുണ്ട്. ഒരേ മതത്തിനുള്ളിൽ ഉള്ളവർതന്നെ പരസ്പരം ജനാധിപത്യധംസനം നടത്തുന്നു.

ഇങ്ങനെയെല്ലാമുള്ള പലതരം ജനാധിപത്യ ധ്വംസനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം അക്രമങ്ങൾക്കെതിരെ ഒരു മാധ്യമങ്ങളും വേണ്ടത്ര പ്രതികരിച്ചുകണ്ടിട്ടില്ല. ഒരു പോലീസും കോടതിയും ഇത്തരം അക്രമികൾക്കെതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കാറില്ല. ആക്രമിക്കപ്പെടുന്നവരും പിന്നെ അതിനെതിരെ എന്തെങ്കിലും നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകാൻ പലപ്പോഴും തയാറാകുന്നില്ല.

ഞാൻ ഇവിടെ പറഞ്ഞു വയ്ക്കുന്നത് ഏറ്റവും വലിയ ജനാധിപത്യധ്വംസനക്കാർ മതവർഗ്ഗീയ ഫാസിസ്റ്റുകൾ ആണെന്നാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ലോകത്തെവിടെയും കൊടിയ അക്രമങ്ങളും ഭീകര പ്രവർത്തനങ്ങളും നടത്തുന്നത് മതഫാസിസമാണ്. രാഷ്ട്രീയഫാസിസങ്ങളുടെ എത്രയോ മടങ്ങ് അപകടമാണ് മതഫാസിസങ്ങൾ.

മാധ്യമങ്ങൾക്കെതിരെ മാത്രമല്ല ഇവിടെ അക്രമം നടക്കുന്നത്. ഇവിടെ മേൽ ഉദാഹരിച്ചതുപോലെയുള്ള എല്ലാത്തരം ഫാസിസ്റ്റ് പ്രവർത്തനങ്ങൾക്കുമെതിരെ മാധ്യമങ്ങളും മറ്റ് ജനാധിപത്യവാദികളും പ്രതികരിക്കണം. നിയമപാലകരും നീതിപീഠങ്ങളും ഇത്തരം എല്ലാത്തരം ഫാസിസത്തിനും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ ഇടപെടണം.

കരിപ്പൂരിൽ മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായുണ്ടായ ആക്രമണത്തിലെ പ്രതികൾക്ക് ഉചിതമായ ശിക്ഷനൽകാൻ നീതിപീഠം തയ്യാറായത് ഇത്തരത്തിലുള്ള എല്ലാത്തരം ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെയുള്ള ഒരു താക്കീതായി മാറട്ടെ. ഇനിയും ഇത്തരം ശക്തമായ ശിക്ഷാവിധികളിലൂടെ ഫാസിസ്റ്റുകളുടെ അക്രമവാഴ്ചകൾക്ക് വിരാമമിടണം. അത് ഏതുതരം ഫാസിസമായാലും.

5 comments:

Pheonix said...

മാധ്യമ പ്രവര്‍ത്തകരെ ലീഗുകാര്‍ മാത്രമല്ല ആക്രമിക്കുന്നത് എന്ന് ഓര്‍ക്കുക. സി.പി.എമ്മും കോണ്ഗ്രസും മറ്റും സമരം നടത്തുമ്പോള്‍ മാധ്യമാപ്രവര്തകര്‍ക്ക് മര്‍ദ്ദനം എല്ക്കാരുണ്ട്. അതെല്ലാം തേഞ്ഞുമാഞ്ഞു പോകുകയാണ് പതിവ്. ഈ കേസില്‍ കീഴ്കോടതി ശിക്ഷ പ്രഖ്യപിചിട്ടെയുള്ളൂ. മേല്‍ക്കോടതിയില്‍ ഈ കേസ് ഒന്നുമല്ലാതെ ആയിത്തീരാന്‍ ഒരുപാട് ചാന്സുകലുണ്ട്. അതിനുള്ള ബലം നിയമത്തെ വ്യഭിചരിക്കുന്ന വക്കീലന്മാരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ഇ.എ.സജിം തട്ടത്തുമല said...

ഫിയോനിക്സ്:

എന്റെ കുറിപ്പ് മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന എല്ലാ അക്രമങ്ങൾക്കും എതിരാണ്. ലീഗുകാരുടെ ആക്രമണത്തെ മാത്രം അപലപിച്ചുകൊണ്ടുള്ളതല്ല. മേൽക്കോടതിയിൽ പോയി ശിക്ഷഒഴിവായി കിട്ടാൻ ശ്രമിക്കുന്നതൊക്കെ ശിക്ഷകിട്ടിയവരുടെ അവകാശങ്ങളാണ്. അവർ അതിൽ വിജയിക്കുകയോ തോൽക്കുകയോ ചെയ്യാം. എങ്കിലും ഈ വിധി എല്ലാ ജനാധിപത്യധ്വംസകർക്കും ഒരു താക്കീതാണ്. എന്നാൽ നിയമവും ശിക്ഷയും ജയിൽ വാസവും ഒന്നും പ്രശ്നമല്ല, തങ്ങൾക്കിഷ്ടമില്ലാത്തത് പറയുന്നവരെ ആക്രമിക്കും എന്ന് വിചാരിക്കുന്നവർക്ക് ഇതൊന്നും ഒരു താക്കീതാകില്ല. ഒരു താക്കീത് കണ്ട് പഠിക്കണമെങ്കിലും അല്പം വിവരവും ചിന്തിക്കാനുള്ള കഴിവും വേണം. അത് ആർക്കായാലും!

സങ്കൽ‌പ്പങ്ങൾ said...

നമ്മുടെ നാട്ടിൽ മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെടുന്നത് തീർച്ചയായും നിരുത്സാഹപെടുത്തേണ്ട സംഗതിയാണ്.കൂട്ടത്തിൽ നിയമപാലകർക്ക് നേരേ യാതൊരു പ്രകോപനവുമില്ലാതെ നടക്കുന്ന പല അക്രമങ്ങളെയും കണ്ടില്ലെന്നു നടിക്കുന്നവരാണു നാമ്മന്നും മറന്നു കൂടാ.പോലീസ് ആക്രമിച്ചുയെന്നതരത്തിൽ മാധ്യമങ്ങളിൽ പത്രപ്രവർത്തകർകൊടുഅക്കുന്ന മിക്ക സംഭവങ്ങളിലും നിയമപാലകരെ സമരക്കാർ കടന്നാക്രമിച്ച സംഭവങ്ങളാണെന്നു കാണാൻ കഴിയും.പക്ഷെ ആരുയിതിനെ നിരുത്സാഹപ്പെടുത്തുന്നതായോ അപലപിക്കുന്നതായോ കാണുന്നില്ല.നിയമപാലകരും സമൂഹത്തിൽ നിന്നും നിയമിക്കപ്പെടുന്ന ഇവരുടെയൊക്കെ തന്നെ കുടുബകാരാവാമെന്ന് ആരും ചിന്തിക്കുന്നില്ല.

TPShukooR said...

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഒരു സാധാരണ പൗരന് നേരെയുള്ള ആക്രമണത്തില്‍ ഉപരിയായി എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ ദേശീയ പതാക അഴിച്ചു മാറ്റി അവിടെ ലീഗിന്റെ കൊടി കെട്ടി എന്ന് പറയുന്നത് ദേശീയതക്കെതിരാണ്. അവര്‍ കഠിനമായി ശിക്ഷിക്കപ്പെടണം

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഏത് തരത്തിലുള്ള അക്രമവും നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്.. അക്രമികൾ ശിക്ഷിക്കപ്പെടേണ്ടതും ഒരു ജനാധിപത്യ സംവിധാനത്തിൽ അവ്ശ്യഘടകം തന്നെ..!!