Thursday, March 29, 2012

എനിക്ക് ഇങ്ങോട്ട് മെയിൽ അയക്കാം

എനിക്കിങ്ങോട്ട് മെയിലയക്കാനൊരു കുറുക്കുവഴി

താഴെ കാണുന്ന കോളങ്ങളിൽ നിങ്ങളുടെ പേര്, നിങ്ങളുടെ ഇ-മെയിൽ, നിങ്ങളുടെ മെസ്സേജ് എന്നിവയാണ് എഴുതേണ്ടത്. ഒപ്പം ആന്റി സ്പാം പ്രൊട്ടക്ഷനു വേണ്ടിനൽകിയിട്ടുള്ള അക്ഷരങ്ങളും സംഖ്യകളുണ്ടെങ്കിൽ അതും അവയ്ക്ക് നേരേ വലതുവശത്ത് കാണുന്ന കോളത്തിൽ തെറ്റാതെ ടൈപ്പ് ചെയ്യണം. എന്നിട്ട് സെൻഡ് മെസ്സേജ് എന്നിടത്ത് ക്ലിക്ക് ചെയ്യുകയോ കീ ബോർഡിൽ എന്റർ ചെയ്യുകയോ ചെയ്യുമ്പോൾ നിങ്ങൾ അയക്കുന്ന മെസ്സേജ് എന്റെ മെയിലിൽ കിട്ടിക്കൊള്ളും.

foxyform.com


Thursday, March 22, 2012

സി.കെ ചന്ദ്രപ്പന് ആദരാഞ്‌ജലികൾ!

സ.സി.കെ ചന്ദ്രപ്പന് ആദരാഞ്‌ജലികൾ!

സി.പി.ഐ സംസ്ഥാന സെക്രട്ടറി സ.സി.കെ.ചന്ദ്രപ്പൻ അന്തരിച്ചു. പ്രിയ സഖാവിന് ആദരാഞ്‌ജലികൾ!

ദേശാഭിമാനി റിപ്പോർട്ട് ചുവടെ

തിരുവനന്തപുരം: പ്രമുഖ കമ്യൂണിസ്റ്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ സി കെ ചന്ദ്രപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദബാധിതനായി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പകല്‍ പന്ത്രണ്ടേകാലോടെയാണ് അന്ത്യം. മരണസമയത്ത് ഭാര്യ ബുലുറോയിയും സിപിഐയുടെ ഉന്നതനേതാക്കളും സമീപത്തുണ്ടായിരുന്നു. മൂന്നരമുതല്‍ തിരുവനന്തപുരത്ത് സംസ്ഥാനകമ്മറ്റി ഓഫീസായ എംഎന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് ചേര്‍ത്തല വയലാര്‍വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിനുശേഷം സംസ്കാരം അന്ന് വൈകിട്ട് നാലിന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ .

ഫെബ്രുവരിയില്‍ കൊല്ലത്തുചേര്‍ന്ന സംസ്ഥാനസമ്മേളനത്തില്‍ ചന്ദ്രപ്പന്‍ സെക്രട്ടറിയായി തുടര്‍ന്നു. പിറവം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് അവസാനമായി പൊതുവേദിയില്‍ സംസാരിച്ചത്. അസുഖബാധിതനായിരുന്നുവെങ്കിലും അവസാനംവരെ കര്‍മനിരതനായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. 1958-62ല്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി. 62-64ല്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായും 65-78 കാലയളവില്‍ അഖിലേന്ത്യാ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അതോടെ പ്രവര്‍ത്തനം ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചു.

സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും അഖിലേന്ത്യാ കിസാന്‍സഭ ദേശീയ പ്രസിഡന്റുമാണ്. 1970 മുതല്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. നിരവധി യുവജനസമരങ്ങള്‍ക്ക് നേതൃത്വം നല്‍കി പലവട്ടം ജയില്‍വാസം അനുഷ്ഠിച്ചു. ഡല്‍ഹി തിഹാര്‍ ജയിലിലും കല്‍ക്കത്ത പ്രസിഡന്‍സി ജയിലിലും തടവില്‍ കഴിഞ്ഞിട്ടുണ്ട്. 1971ല്‍ തലശ്ശേരിയില്‍നിന്നും 1977ല്‍ കണ്ണൂരില്‍നിന്നും 2004ല്‍ തൃശൂരില്‍നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ചേര്‍ത്തലയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1936 നവംബര്‍ 10ന് പുന്നപ്ര വയലാര്‍ സമരനായകന്‍ വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെടുന്ന ചിരപ്പന്‍ചിറയില്‍ സി കെ കുമാരപണിക്കരുടെയും അമ്മുകുട്ടി അമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി ആലപ്പുഴയിലെ വയലാറില്‍ ജനിച്ചു. ജന്മി കുടുംബത്തില്‍ ജനിച്ചെങ്കിലും സമ്പന്നത നല്‍കിയ സൗഭാഗ്യങ്ങളെ ഉപേക്ഷിച്ച് തൊഴിലാളി വര്‍ഗത്തിന്റെ മുന്‍നിര പോരാളിയായി സമരമുഖത്തിറങ്ങിയ കുമാരപ്പണിക്കരുടെ മകന് വിപ്ലവവീര്യം രക്തത്തില്‍ അലിഞ്ഞതായിരുന്നു. പഠിക്കുന്ന കാലത്ത് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

ചേര്‍ത്തല ബോയ്സ് ഹൈസ്കൂളിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂളില്‍ എ കെ ആന്റണിയുടെയും വയലാര്‍ രവിയുടെയും സീനിയറായിരുന്നു. മഹാരാജാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി ഫേഡറേഷന്റെ നേതൃസ്ഥാനത്തെത്തി. രാഷ്ട്രീയക്കാരനായതിനാല്‍ അവിടെ പഠനം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ചിറ്റൂര്‍ ഗവ. കോളേജില്‍ ബിരുദപഠനം. അക്കാലത്ത് ഗോവന്‍ വിമോചന സമരത്തില്‍ പങ്കെടുത്തു. കൂടെയുണ്ടായിരുന്ന രണ്ട് സഖാക്കള്‍ കൊല്ലപ്പെട്ടു. ഒടുവില്‍ ഗോവ ഇന്ത്യയുടെതായി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എം എ ഇക്കണോമിക്സിനു ചേര്‍ന്നെങ്കിലും വിമോചനസമരത്തിനെതിരായ സമരങ്ങളില്‍ സജീവമായതോടെ പഠനം മുടങ്ങി. അതോടെ മുഴുവന്‍ സമയരാഷ്ട്രീയപ്രവര്‍ത്തകനായി മാറി.

1996ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്ന് എ കെ ആന്റണിയോടും 1987ല്‍ വയലാര്‍ രവിയോടും പരാജയപ്പെട്ടു. മികച്ച പാര്‍ലമെന്റേറിയനായിരുന്നു ചന്ദ്രപ്പന്‍ . കെടിഡിസി ചെയര്‍മാന്‍ , കേരഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ലോക്സഭയില്‍ ഹോം അഫയേഴ്സ്, വുമണ്‍ എംപവേര്‍സ് കമ്മറ്റി, ഹ്യൂമന്‍ ഡവലപ്പ്മെന്റ് കമ്മറ്റി, കമ്മറ്റി ഓഫ് കൊമേഴ്സ് എന്നീ കമ്മറ്റികളില്‍ അംഗമായിരുന്നു. പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ്. ബംഗാളിയും അഖിലേന്ത്യാ വര്‍ക്കിങ് വുമന്‍സ് നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. സഹോദരങ്ങള്‍ : പരേതനായ സി കെ രാജപ്പന്‍ , പരേതനായ സി കെ കൃഷ്ണപ്പന്‍ , സി കെ വേലപ്പന്‍ , ലക്ഷ്മിക്കുട്ടി.

Wednesday, March 21, 2012

പിറവം ഉപതെരഞ്ഞെടുപ്പുഫലം സംബന്ധിച്ച്

ഈ പോസ്റ്റ് വേണ്ടവിധം വായിച്ചു നോക്കാത്തതിനാൽ അക്ഷരത്തെറ്റുകൾ കണ്ടേക്കാം. ദയവായി ചൂണ്ടിക്കാണിക്കുക.

അനൂപ് ജേക്കബിന് അഭിനന്ദനങ്ങൾ

പിറവം ഉപതെരഞ്ഞെടുപ്പിൽ വിജായിച്ച അനൂ‍പ് ജേക്കബിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ!

അങ്ങനെ ആ സസ്പെൻസും പൂർത്തിയായി. പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച അനൂപ് ജേക്കബ് വിജയിച്ചു. പതിനായിരത്തിനു മുകളിലാണ് ഭൂരിപക്ഷം. മുൻമന്ത്രിയും കേരളാ കോൺഗ്രസ്സ് ജേക്കബ്ബ് വിഭാഗം ചെയർമാനുമായിരുന്ന ടി.എം.ജേക്കബ്ബിന്റെ നിര്യാണം മൂലമാണ്,    അദ്ദേഹം മത്സരിച്ചു വിജയിച്ച പിറവം നിയമസഭാ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അനൂപ് ജേക്കബ് ടി.എം.ജേക്കബ്ബിന്റെ മകനാണ്. 

പിറവം  ഉപതെരഞ്ഞെടുപ്പിൽ ആർക്കാണ്  വിജയസാദ്ധ്യതയെന്നത് ഇതു സംബന്ധിച്ച എന്റെ ഒരു മുൻ‌പോസ്റ്റിൽ ഞാൻ  സൂചിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ പിറവം  ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചത് ഈയുള്ളവനെ അദ്ഭുതപ്പെടുത്തിയ ഒന്നല്ല. തെരഞ്ഞെടുപ്പിനു മുമ്പ്  വിജയസാധ്യതകളെ പറ്റി സാമാന്യേന ഓരോ പാർട്ടിക്കാരും മുന്നണിക്കാരും പറയുന്നതിൽ തെറ്റൊന്നുമില്ല. ആത്മവിശ്വാസവും വേണം. എന്നാൽ അതിരുവിട്ട അവകാശവാദങ്ങളും പ്രവചനങ്ങളും  മുൻ‌വിധികളും ഗീർവാണങ്ങളും ആർക്കുംതന്നെ ഭൂഷണമല്ല എന്നാണ് എന്റെ അഭിപ്രായം.  അത് എന്റെ ആ മുൻ പോസ്റ്റിൽ ഞാൻ ആത്മാർത്ഥമായിത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അല്ലാതെ ആരോ അതിൽ കമന്റിട്ടതു പോലെ പിറവത്തെ പരാജയം മുൻ‌കൂട്ടി കണ്ടിട്ടൊന്നുമല്ല ഞൻ അങ്ങനെ പറഞ്ഞിട്ടുള്ളത്.   ഇരുമുന്നണികളിലെയും നേതാക്കൾ മുൻ‌കൂർ നടത്തിയ വിജയപ്രഖ്യാപനങ്ങൾ കണ്ടിട്ടാണ് ഞാൻ അതേ പറ്റി എഴുതിയത്. (അതിന്റെ ലിങ്ക്). എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പിറവം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച എം.ജെ.ജേക്കബ്ബിന്  ജനങ്ങൾക്കിടയിലുള്ള മതിപ്പും  സ്വീകാര്യതയും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം തുച്ഛമായ വോട്ടുകൾക്കാണ് തോറ്റുപോയത് എന്നതും, എൽ.ഡി.എഫ് ഇപ്പോൾ ഭരണത്തിലല്ലാ എന്നതും മാത്രമായിരുന്നു അവിടെ എൽ.ഡി.എഫിന് അനുകൂലമായ ഘടകങ്ങൾ. മറ്റെല്ലാ ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമായിരുന്നു. തെരഞ്ഞെടുപ്പിനു  മുമ്പ് ഇരു മുന്നണികളും പറഞ്ഞിരുന്നതുപോലെ ഈ ഉപതെരഞ്ഞെടുപ്പ് ഇപ്പോൾ കേരളത്തിൽ ഭരണത്തിലുള്ള ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ മാത്രം ആണെന്ന്  ഞാൻ ഇപ്പോഴും  കരുതുന്നില്ല. ഒരു തെരഞ്ഞെടുപ്പിൽ പല ഘടകങ്ങളും സ്വാധീനിക്കും. അതിൽ സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലും പല സ്വാധീന ഘടകങ്ങളിൽ ഒന്നു മാത്രമായിരിക്കും.

പിറവത്ത് ടി.എം.ജേക്കബിന്റെ മകന്റെ സ്ഥാനാർത്ഥിത്തം, ടി.എം.ജേക്കബ്ബിനോടും കുടുംബത്തോടുമുള്ള സഹതാപം, അനുപ് ജയിച്ചാൽ മന്ത്രിയാകുമെന്ന ആ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതീക്ഷ, യുവസ്ഥാനാർത്ഥിയെന്ന ഇമേജ്,  എന്നീ ഘടകങ്ങളുടെ സ്വാധീനമുണ്ട്. കൂടാതെ  സാമുദായിക ശക്തികളുടെ നിർണ്ണായകമായ പിന്തുണ അവിടെ യു.ഡി.എഫിന്  അനുകൂലമായിരുന്നു. സാമുദായിക ശക്തികളുടെ അകമഴിഞ്ഞ പിന്തുണ യു.ഡി.എഫിനു ലഭിക്കും പോലെ എൽ.ഡി.എഫിന് ഒരിടത്തും ഒരു കാലത്തും സ്വാഭാവികമായും ലഭിക്കില്ല. പിറവത്തും മറിച്ചായിരിക്കില്ലല്ലോ. അതൊക്കെ അതിജീവിച്ച് വേണം എൽ.ഡി.എഫിന് ജയിക്കാൻ. അതിനുള്ള ഒരു സാഹചര്യമോ, ജനങ്ങൾക്ക്  ഇപ്പോഴത്തെ യു.ഡി.എഫ്  സർക്കാരിനെ വിലയിരുത്താനുള്ള ഒരു സമയമോ ആയിട്ടുമുണ്ടായിരുന്നില്ല. പിന്നെ ഭരണയന്ത്രങ്ങളുടെ  ദുരുപയോഗം  ഈ തെരഞ്ഞെടുപ്പ് വിജയത്തെ പല രൂപത്തിൽ  കുറച്ചൊക്കെ സ്വാധീനിച്ചിട്ടുണ്ടാകണം. പണം, മദ്യം എന്നിവയൊഴുക്കിയുള്ള വോട്ട് നേടലും ഒരളവുവരെ പിറവത്തും നടന്നിട്ടുണ്ടാവണം. മദ്യവും, പണവും ഒഴുക്കുന്ന കാര്യത്തിൽ യു.ഡി.എഫിനെ വെല്ലാൻ എൽ.ഡി.എഫിനു കഴിയില്ല. ഭരണത്തിലുള്ള കക്ഷിയ്ക്ക് പ്രതിപക്ഷത്തുള്ളവരേക്കാൾ കള്ള വോട്ട് ചേർക്കാനും കഴിയും. അതൊന്നും യു.ഡി.എഫ്കാർ മാത്രം ചെയ്യുന്നതാണെന്ന് ഞാൻ പറയുന്നില്ല. ഇരുപക്ഷത്തുള്ളവരും പലയിടത്തും ഏറിയും കുറഞ്ഞും അതൊക്കെ പരീക്ഷിക്കുന്നുണ്ട്. ഞാൻ പൊതുവേ  അതിന് എതിരാണ്. എങ്കിലും മദ്യവും പണവും നൽകി വോട്ടു പിടിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് യു.ഡി.എഫുകാർ തന്നെയാണെന്നാണ് എനിക്ക് നേരിൽ കാണാൻ കഴിഞ്ഞിട്ടുള്ള  അനുഭവം.

പണം, മദ്യം, കള്ളവോട്ട് എന്നീക്കാര്യങ്ങൾ കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന പ്രവണത ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നത് നിഷേധിക്കനാകില്ല. ജാതിമതശക്തികളുടെ രാഷ്ട്രീയ ഇടപെടലും സ്വാധീനവും കാലം കഴിയുന്തോറും കൂടി വരികയുമാണ്. അത് പിറവത്തും പ്രകടമാണ്. ഇതെല്ലാം കൂടി സമം ചേർന്നില്ലായിരുന്നെങ്കിൽ ഇത്രയും ഭൂരിപക്ഷം (12,070 നു പുറത്താണ്   ഭൂരിപക്ഷം)) അനൂപിന് അവിടെ ലഭിക്കുമായിരുന്നില്ല. ഞാനീ  യു.ഡി.എഫിനിട്ട് അല്പം കുത്തിക്കുത്തി പറഞ്ഞുവന്നത്  തെരഞ്ഞെടുപ്പിൽ പലഘടകങ്ങളും സ്വാധീനിക്കും എന്നുള്ളതാണ്. മത്സരിക്കുന്നവരിൽ  ഒരാളുടെ വിജയത്തിന്റെ രൂപത്തിൽ അതെല്ലാം പുറത്ത് വരും. അതുകൊണ്ട് പിറവം ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ഇപ്പോൾ അധികാരത്തിലുള്ള യു.ഡി.എഫ്  സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ  ഒരു വിലയിരുത്തലായി മാത്രം കാണാൻ കഴിയില്ല എന്നാണ് എന്റെ പക്ഷം. കാരണം ഈ യു.ഡി.എഫ് സർക്കാർ അത്ര ജനപ്രിയ സർക്കാരൊന്നുമല്ല. ബഡ്ജറ്റ് വന്നതോടെ അത് കൂടുതൽ വ്യക്തമായതാണ്. നിലവിലുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരെ പ്രീതിപ്പെടുത്താൻ പെൻഷൻ പ്രായം കൂട്ടുകവഴി  തൊഴിൽ കാത്തു കഴിയുന്ന അഭ്യസ്ഥ വിദ്യരായ ലക്ഷക്കണക്കിനു ചെറുപക്കാരോട് ഈ സർക്കാർ അനീതി കാട്ടി. അവർക്ക് ടെസ്റ്റ് എഴുതാനുള്ള പ്രമാവധി പ്രായം കൂട്ടുകപോലും ചെയ്യാതെയാണ് പെൻഷൻ പ്രായം അന്യായമായി വർദ്ധിപ്പിച്ചത്. എത്ര വലിയ ജകീയപ്രതിഷേധവും ക്ഷണിച്ചു വരുത്തുന്ന നടപടികൾപോലും  പ്രഖ്യാപിക്കാൻ ധിക്കാരം കാണിക്കുന്ന ഒരു ജനവിരുദ്ധ സർക്കാരാണിതെന്നതിന് മറ്റൊരുദാഹരണം വേണ്ട. പെൻഷൻ പ്രായം കൂട്ടുന്നതുപോലെ ഒരു തീരുമാനം കൈക്കൊള്ളുമ്പോൾ  സർക്കാരിന് നേരിയ ഭുരിപക്ഷം മാത്രമേയുള്ളൂ എന്ന ഒരു വിചാരം പോലും ഉണ്ടായില്ല. അത്ര ധിക്കാരം.

എന്തായാലും കൂട്ടത്തിൽ രാഷ്ട്രീയംവിട്ട്  ചിലതുകൂടി പറയാം. പിറവം ഉപതെരഞ്ഞെടുപ്പ് വാശിയേറിയ ഒരു തെരഞ്ഞെടുപ്പായിരുന്നു. രാഷ്ട്രീയവും വികസനവും നന്നായി ചർച്ച ചെയ്യപ്പെട്ട ഒരു തെരഞ്ഞെടുപ്പ്. ഞാൻ മേൽ സൂചിപ്പിച്ച ചില ചില്ലറ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ തികച്ചും ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്. പൊതുവേ വലിയ അക്രമ സംഭവങ്ങളൊന്നും ഇല്ലാതെ നടന്ന തെരഞ്ഞെടുപ്പ്. സമ്പൂർണ്ണസാക്ഷരത നേടിയ ഒരു സംസ്ഥാനം എന്ന നിലയിൽ ഇവിടുത്തെ എല്ലാ ജനങ്ങളും  അങ്ങേയറ്റം പ്രബുദ്ധരാണെന്ന് പറയാനാകില്ലെങ്കിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്  ഇവിടുത്തെ ജനങ്ങൾ പ്രബുദ്ധരാണ്. ഉത്തരേന്ത്യയിലെ കൈയൂക്ക്, പണം, ഗുണ്ടായിസം, ജാതിമതം തുടങ്ങിയവയാൽ നിർണ്ണയിക്കപ്പെടുന്ന രഷ്ട്രീയവും തെരഞ്ഞെടുപ്പുകളും അവയുടെ ഫലങ്ങളും വച്ചു നോക്കുമ്പോൾ നമുക്ക് കേരളത്തിൽ ഏറെ അഭിമാനിക്കാവുന്ന ഘടകങ്ങളുണ്ട്. പിറവത്ത് നടന്ന സമാധാനപരവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പും ഏറെക്കുറെ പ്രബുദ്ധതയുടെയും ജനാധിപത്യ ബോധത്തിന്റെയും അടയാളമായിത്തന്നെ കാണാം. ഞാൻ മേൽ മുന്നേ സൂചിപ്പിച്ച ചില ദുസ്വാധീനങ്ങളും അനഭിലഷണീയപ്രവണതകളും കാണാതെയല്ല, ഇത് പറയുന്നത്. ഇപ്പോഴും നിലനിൽക്കുകയും വളരുകയും ചെയ്യുന്ന അത്തരം ദുഷ്പ്രവണതകളും ദു:സ്വാധീനങ്ങളും പൂർണ്ണമായും  ഇല്ലാതാക്കേണ്ടതുണ്ട്. അവയെ പറ്റി മുമ്പും ഞാൻ എഴുതിയിട്ടുണ്ട്. ഇനിയും എഴുതും. അത് ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തെ മാത്രം അടിസ്ഥാനമാക്കി ചർച്ചചെയ്യേണ്ടതല്ല. വരും നാളുകളിലും   വിശദമായി ചർച്ച ചെയ്യേണ്ടതാണ് എന്ന് കരുതുന്നു. ഉത്തർ പ്രദേശിൽ അഖിലേഷ് യാദവ് അവിടുത്തെ ഗുണ്ടാ മാഫിയാ രാഷ്ട്രീയത്തെ ദുർബ്ബലപ്പെടുത്താൻ ചില ശ്രമങ്ങൾ തുടങ്ങി വച്ചിരിക്കുന്നു എന്നുള്ള അവിടെ നിന്നുള്ള വാർത്തകൾ ശുഭസൂചനയാണ്. അങ്ങനെ ചില നല്ല അനക്കങ്ങൾ ഉത്തരേന്ത്യയിൽ ഒരിടത്തെങ്കിലും സംഭവിച്ചു തുടങ്ങുമ്പോൾ നമ്മൾ ഇപ്പോഴുള്ളതിലും മോശപ്പെട്ട അവസ്ഥയിലേയ്ക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. 

പിറവത്ത് അമിതമായ ആത്മ വിശ്വാസം വച്ചുപുലർത്താൻ മാത്രം അനുകൂലമായ എന്തെങ്കിലും ഘടകങ്ങൾ യു.ഡി.എഫിനെ അപേക്ഷിച്ച് എൽ.ഡി.എഫിന് ഉണ്ടായിരുന്നില്ല എന്ന് ഞാൻ നേരത്തേതന്നെ സൂചിപ്പിച്ചു. എങ്കിലും ഇരു മുന്നണികളും ആത്മ വിശ്വാസത്തോടെയും വിജയപ്രതീക്ഷയൊടെയും തെരഞ്ഞെടുപ്പിനെ നേരിട്ടു. യു.ഡി.എഫിനെ സംബന്ധിച്ച് ഇത് കേവലം ഒരു പ്രിസ്റ്റീജ് തെരഞ്ഞെടുപ്പായിരുന്നില്ല. മറിച്ച് ജീവൻ‌മരണ പോരാട്ടമായിരുന്നു. ഗവർൺ‌മെന്റിന്റെ നിലനില്പിനെ തന്നെ ബാധിച്ചേക്കാമെന്ന ഭയം  നിലവിലുള്ള കക്ഷിനില വച്ച് സ്വാഭാവികവുമാണ്. സെൽ‌വരാജുമാർ ഇനിയും അധികം ഉണ്ടാകണമെന്നില്ലല്ലോ. അതുകൊണ്ട് ആ ഒരു ഗൌരവം ഉൾക്കൊണ്ടുകൊണ്ട് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫിനു കഴിഞ്ഞു. മറുപക്ഷത്ത് എൽ.ഡി.എഫിനെ സംബന്ധിച്ച് ഒരു രാഷ്ട്രീയ വിജയം എന്നതിനപ്പുറം ഒരു പ്രിസ്റ്റീജ് തെരഞ്ഞെടുപ്പായിരുന്നില്ല പിറവം. കാരണം അത് ഒരു സ്ഥിരം എൽ.ഡി.എഫ് മണ്ഡലമല്ല. ചുരുക്കം തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് അവിടെ എൽ.ഡി.എഫിന് നേരിയ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പിൽ നിസാര വോട്ടുകൾക്കാണ് അന്നത്തെയും സ്ഥാനാർത്ഥിയായിരുന്ന എം.ജെ. ജേക്കബ്  തോറ്റുപോയത് എന്നത് എൽ.ഡി.എഫിന് ആത്മ വിശ്വാസം നൽകിയിരുന്നു. എം.ജെ.ജേക്കബ്ബിനെ മുൻ‌നിർത്തി ഒരു കടുത്ത മത്സരം സൃഷ്ടിക്കുവാൻ എൽ.ഡി.എഫിനു കഴിഞ്ഞു. ആരു ജയിച്ചാലും ഒരു അയ്യായിരത്തിനകം വോട്ടിന്റെ ഭൂരിപക്ഷത്തിനപ്പുറം പോകില്ലെന്നായിരുന്നു പൊതുവിൽ വിലയിരുത്തപ്പെട്ടിരുന്നതെങ്കിലും അനൂപ് ജേക്കബിന്റെ ഭുരിപക്ഷം പതിനായിരത്തിനു മുകളിലേയ്ക്ക് ഉയരത്തക്ക വിധം ചില സ്വാധീനങ്ങളും ദു:സ്വാധീനങ്ങളും പിറവത്ത് സംഭവിച്ചു.

അതൊക്കെ എന്തുതന്നെ ആയാലും ഏതെങ്കിലും  ഒരു ഉപതെരഞ്ഞെടുപ്പോടെയോ പൊതുതെരഞ്ഞെടുപ്പോടെയോ തന്നെ എക്കാലത്തേയ്ക്കുമുള്ള ഒരു സൂചന അത് നൽകുന്നുവെന്ന് ആർക്കും കരുതാനാകില്ല. ഇനിയിപ്പോൾ ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പരാജയപ്പെട്ടതുകൊണ്ട് കേരളത്തിലെ എൽ.ഡി.എഫോ സി.പി.ഐ.എമ്മോ നിലമ്പരിശായി എന്നും ആരും കരുതേണ്ടതില്ല. എൽ.ഡി.എഫിന്റെയോ സി.പി.ഐ.എമ്മിന്റെയോ ജനകീയാടിത്തറയിൽ എന്തെങ്കിലും ഇളക്കം തട്ടിയെന്നും ആരും കരുതേണ്ടതില്ല. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ അടിസ്ഥാനമാക്കിയല്ല സി.പി.ഐ.എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ വളർച്ചയും തളർച്ചയും നിർണ്ണയിക്കപ്പെടുന്നത്. ഭരണത്തിലിരുന്ന് വളർന്നതുമല്ല ഇടതുപക്ഷപ്രസ്ഥാനങ്ങൾ. ഭരണമില്ലാത്തപ്പോഴാണ് എൽ.ഡി.എഫും, സി.പി.ഐ.എമ്മും ഒക്കെ കൂടുതൽ വളർന്നിട്ടുള്ളത്. കോൺഗ്രസ്സിനെയോ മറ്റ് യു.ഡി.എഫ് കക്ഷികളെയോ പോലെ തെരഞ്ഞെടുപ്പുകളെയോ ഭരണത്തെയോ മുന്നിൽകണ്ടും അധികാരത്തിനു വേണ്ടി മാത്രവും പ്രവർത്തിക്കുന്ന കേവലം ഒരാൾകൂട്ടമല്ല സി.പി.ഐ.എമ്മും ഇടതുപക്ഷവും. സദാ ജനങ്ങൾക്കൊപ്പം സേവന രംഗത്തും സമര രംഗത്തും  നിൽക്കുന്ന മുന്നണിയാണ് ഇടതുപക്ഷം.  ഈ മുതലാളിത്ത- ബൂർഷ്വാ സാമൂഹ്യ വയവസ്ഥിതിയിൽ ഇടയ്ക്കിടെ ലഭിക്കുന്ന ഭരണം പോലും ഒരു സമരമാണ് ഇടതുപക്ഷത്തിന്. സമൂലമായ സാമൂഹ്യമാറ്റങ്ങൾക്കുവേണ്ടിയാണ് അത് നില നിൽക്കുന്നത്. അതുകൊണ്ടാണ് രാജ്യവ്യാപകമയി മറ്റു ബൂർഷ്വാ പ്രസ്ഥാനങ്ങളെപ്പോലെ  ഇടതുപക്ഷത്തിന് കടന്നു ചെല്ലാൻ കഴിയാത്തതും. കമ്മ്യൂണിസം വളരുന്നത് പല സ്ഥാപിത താല്പര്യങ്ങൾക്കും തടസ്സമാകും. അതുകൊണ്ടുതന്നെ അതിന്റെ വളർച്ചയെ പ്രതിരോധിക്കാൻ ഒളിഞ്ഞും തെളിഞ്ഞും  മുതലാളിത്ത ശക്തികളും  ജാതിമത-വർഗ്ഗീയ ശക്തികളും  അവർ കൈയ്യാളുന്ന ഭരണകൂടവും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അതിന്റെയൊക്കെ ഭാഗമായി പിറവത്തെ പോലെ പല തിരിച്ചടികളും ഉണ്ടാകും. അതിനെയൊക്കെ അതിജീവിച്ച് ഇടതുപക്ഷ പ്രസ്ഥാനം മുൻപോട്ടുതന്നെ പോകുകയും ചെയ്യും. തിരിച്ചടികൾ ഇടതുപക്ഷത്തെ പിന്നോട്ടടിക്കുന്ന ഘടകങ്ങളെ അല്ല.

ഈ ഒരു ഉപതെരഞ്ഞെടുപ്പ് ഫലത്തെ മുൻ നിർത്തി പോലും ചിലർ പറയും; എൽ.ഡി.എഫ് തകർന്നെന്നും സി.പി.ഐ.എം തകർന്നെന്നും കമ്മ്യൂണിസം കാലഹരണപ്പെട്ടെന്നും ഇനി എൽ.ഡി.എഫ് ഒരിക്കലും അധികാരത്തിൽ വരില്ലെന്നും ഒക്കെ.  ചുമ്മാ! ഇതൊക്കെ  എത്രയോ കണ്ടിരിക്കുന്നു!  കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നു പൊതുവിൽ എല്ലാവരും കരുതിയതാണ്. തൊട്ടുമുമ്പ് നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അല്പം മേൽകൈ ഉണ്ടായിരുന്നതുമാണ്. പക്ഷെ എന്നിട്ടും തൊട്ടു പിന്നാലെ നടന്ന നിയമസഭാ പൊതു തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭൂരിപക്ഷത്തോട് അടുത്തു വന്നു. നിസാരമായ സീറ്റുകളുടെ വ്യത്യാസത്തിലാണ് എൽ.ഡി.എഫിനു ഭരണം നഷ്ടപ്പെട്ടതും യു.ഡി.എഫിനു ഭരണം ലഭിച്ചതും. അതുകൊണ്ട് എക്കാലത്തും കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലിരിക്കും എന്നൊരു അഹന്ത ആരും വച്ചു പുലർത്തേണ്ട. കേരളത്തിൽ ഇനിയും എൽ.ഡി.എഫ് അധികാരത്തിൽ വരും. അതുപോലെ ഇനി  നെയ്യാറ്റിൻ‌കര നിയമസഭാ നിയോജക മണ്ഡലത്തിൽ  ഉപതെരഞ്ഞെടുപ്പ് വരുന്നു. അവിടുത്തെ എം.എൽ.എ ആയിരുന്ന സെൽ‌വരാജ് എം.എൽ.എ സ്ഥാനം രാജിവച്ച് സി.പി.ഐ.എം വിട്ടു പോയതാണ് ഉപതെരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തിയത്.  പിറവത്ത് ജയിച്ചതുകൊണ്ട്  യു.ഡി.എഫ് നെയ്യാറ്റിൻ കരയിൽ വിജയിക്കുമെന്നു കരുതേണ്ട. നെയ്യാറ്റിൻ‌കരയിൽ യു.ഡി.എഫിന് അനുകൂല ഘടകങ്ങൾ ഉണ്ടെങ്കിൽ ജയിക്കും. അല്ലാതെ പിറവം ജയിച്ചതുകൊണ്ട് നെയ്യാറ്റിൻ‌കരയിൽ ജയിക്കുമെന്ന് യു.ഡി.എഫോ പിറവം തോറ്റതുകൊണ്ട് നെയ്യാറ്റിൻ‌കരയിൽ തോൽക്കുമെന്ന് എൽ.ഡി.എഫോ കർതേണ്ട. എല്ലായ്പോഴും ഒന്നിന്റെ തനിയാവർത്തനമായിരിക്കും മറ്റൊന്ന് എന്ന് കരുതുന്നതിൽ യാതൊരു യുക്തിയുമില്ല. കേരളത്തിൽ ഒരിക്കൽ ഭരണത്തിലിരിക്കുന്നവർ പിന്നെ അധികാരത്തിൽ വരില്ലെന്ന ധാരണ പൊതുവിൽ ഉണ്ടായിരുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ മാറിത്തുടങ്ങിയിട്ടുണ്ട്. കാരണം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമായിരുന്നു.വിജയത്തിൽ ആരും അഹങ്കരിക്കുകയോ പരാജയത്തിൽ പ്രകൊപിതരാകുകയോ ചെയ്യാൻ പാടില്ല.

അന്യായമായ കുടുംബവാഴ്ചയ്ക്ക് ഞാൻ എതിരാണെങ്കിലും രാഷ്ട്രീയക്കരുടെ മക്കൾ രഷ്ട്രീയത്തിൽ  വരുന്നതിൽ തെറ്റുണ്ടെന്നു കരുതുന്നില്ല. പല രാഷ്ട്രീയ നേതാക്കളും സ്വന്തം മക്കളെ കേട് കൂടാതെ  ഫ്രിഡ്ജിൽ വച്ചിട്ടാണ് മറ്റുള്ളവരുടെ മക്കളെ സംഘടിപ്പിക്കാനിറങ്ങുന്നത്. അനൂപ് ജേക്കാബ് പക്ഷെ അച്ഛന്റെ അനുമതിയോടെ മുമ്പേ തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടുള്ളതാണ്. ടി.എം. ജേക്കബ്ബിനൊപ്പം അദ്ദേഹത്തിന്റെ മരണം വരെയും തുടർന്നിപ്പോൾ മകൻ അനൂപ് ജേക്കബ്ബിനും  പാർട്ടിക്കുമൊപ്പം നിൽക്കുന്ന ജോണി നെല്ലൂരിനെ മറികടന്നാണ് പിറവത്ത് മത്സരിച്ച് ജയിച്ചത് എന്നൊരു ന്യൂനതയുണ്ട് എന്നിരിക്കിലും ജോണി നെല്ലൂരിന് അതിൽ  കുണ്ഡിതമില്ലാത്ത സ്ഥിതിയ്ക്ക് അത് കാര്യമാക്കേണ്ടതില്ലെന്നു കരുതാം. ഏതായാലും അനൂപ് ജേക്കബ്ബിന്റെ തിളക്കമാർന്ന  വിജയത്തിൽ സന്തോഷിക്കുന്നുവെങ്കിലും ഒരു  സി.പി.ഐ.എം കാരൻ എന്ന നിലയിൽ എൽ.ഡി.എഫിന്റെ പരാജയത്തിൽ ദു:ഖിച്ചുകൊണ്ട് ഈ കുറിപ്പ് ചുരുക്കുന്നു. അച്ഛന്റെ പാതയിൽ ഇനി കേരളത്തിലെ ഒരു മന്ത്രികൂടി ആകാനിരിക്കുന്ന അനൂപ് ജേക്കബിന് ആശംസകൾ!

(രാവിലെ തെരഞ്ഞെടുപ്പ്ഫലം അറിഞ്ഞുടൻ നീട്ടിപ്പരത്തിയ ഒരു   പോസ്റ്റ് ഏതാണ്ട് പൂർണ്ണമായി എഴുതിക്കഴിഞ്ഞപ്പോൾ  കറണ്ട് പോയി. സേവ് ചെയ്യാൻ മറന്നു പോയതിനാൽ അതു നഷ്ടമായി. യു.പി.എസ് കേടാണ്. പിന്നെ ഉച്ചയ്ക്കു ശേഷം  എഴുതിയ ഈ പോസ്റ്റ് ആദ്യം എഴുതിയതിന്റെയത്ര സുഖം എനിക്ക് നൽകുന്നില്ല എന്ന ദു:ഖംകൂടി ഇതൊനോടൊപ്പം  പങ്കു വയ്ക്കുന്നു. ഒരിക്കൽ എഴുതിയത് രണ്ടാമത് ഒന്നുകൂടി അതേപടി എഴുതുക എന്നെ സംബന്ധിച്ച് അല്പം  ശ്രമകരമാണ്. ആദ്യം എഴുതിയത് പലതും മറക്കും. )

Thursday, March 15, 2012

സെൽ‌വരാജിന്റെ രാജിയും കൺ‌വെൻഷനും മറ്റും

സെൽ‌വരാജിന്റെ രാജിയും കൺ‌വെൻഷനും മറ്റും

എം.എൽ.എ സ്ഥാനം രാജിവച്ച് സി.പി.ഐ.എമ്മിനെയും ഇടതുപക്ഷജനാധിപത്യമുന്നണിയെയും വഞ്ചിച്ചു പോയ ആർ.സെൽ‌വരാജിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണത്രേ ഇന്ന് നെയ്യാറ്റിൻ‌കരയിൽ കൺ‌വെൻഷൻ വിളിച്ചിരിക്കുന്നു. സി.പി.ഐ.എമ്മിനു വിപ്ലവം പോരെന്ന് പറഞ്ഞ് മുമ്പേ പാർട്ടിവിട്ട് കോൺഗ്രസ്സ് പാളയത്തിലെത്തിയ സാക്ഷാൽ ഒഞ്ചിയം ഫെയിം എം.ആർ മിരളിയാണത്രേ വിശിഷ്ടാതിഥി. അപ്പോൾ തന്നെ സെൽ‌വരാജിന്റെ രാഷ്ട്രീയ നിലപാട് വ്യക്തം. എം.ആർ മുരളിയോടൊപ്പം സി.പി.എം വിട്ടുപോയവരിൽ പിന്നീട് എം.ആർ മുരളി കോൺഗ്രസ്സ് പാളയത്തിലേയ്ക്ക് പോയപ്പോൾ ഒപ്പം പോകാത്ത ഒരു വിഭാഗം ഉണ്ട്. അവരിലാരുമല്ല സെൽ‌വരാജന്റെ യോഗത്തിനെത്തുന്നത്. കോൺഗ്രസ്സ് പാളയത്തിലെത്തിയ എം.ആർ. മുരളിയാണ്. അപ്പോൾ സെൽ‌വരാജിന്റെ ലെയിൻ എന്താണെന്നതിന്റെ വ്യക്തമായ സൂ‍ചനയാണത്. ഇനി കൺ‌വെൻഷൻ കൂടണമെന്നു തന്നെയില്ല. നിലപാട് വ്യക്തം. എം.ആർ.മുരളി- ആർ.സെൽ‌വരാജ് കോമ്പിനേഷൻ കൊള്ളാം. ഈനാമ്പേച്ചിയ്ക്ക് മരപ്പട്ടി കൂട്ടെന്നൊരു ചൊല്ലുണ്ട്. അത്തരം നാടൻ ചൊല്ലുകളെ ഓർമ്മിപ്പിക്കുവാനും ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ സംഭവിക്കണമല്ലോ. ബലേഭേഷ്! ബലേ ഭേഷ്!

കൺ‌വെൻഷനു ശേഷം എഴുതുന്നത്:

കൺ‌വെൻഷൻ നടന്നു. ഉദ്ദേശിച്ച ഫലമുന്നും കണ്ടില്ല. പോലീസുകാരായിരുന്നു കൂടുതൽ. പിന്നെ കോൺഗ്രസ്സുകാരും. പിന്നെ പലപ്പോഴായി പലകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ചിലർ. (അവരിൽ പലരും പുറത്തായ കാരണങ്ങൾ ഇവിടെ പറയുന്നത് പല്ലിൽ കുത്തി മണപ്പിക്കുന്നതുപോലെയാകും. അതുകൊണ്ട് പറയുന്നുമില്ല). ഇവരെ കൂടാതെ സെൽ‌വരാജ് എന്തുപറയുന്നുവെന്നറിയാൻ പരിസരത്തൊക്കെ കറങ്ങിത്തിരിഞ്ഞ സി.പി.ഐ.എം പ്രവർത്തകരും. അല്ല, ഇത്രയൊക്കെ പോലീസ് പ്രൊട്ടക്ഷൻ എന്തിനാണെന്നുമാത്രം മനസിലായില്ല. ആരാണാവോ ഈ സെൽ‌വരാജിനെയൊക്കെ ആക്രമിക്കാൻ ചെല്ലുന്നത്? സി.പി.എമ്മുകാരോ? ഹഹഹ! അവർക്കതിനല്ലേ നേരം. ഇനി അദ്ദേഹം വികസന സമിതി ഉണ്ടാക്കുന്നുവത്രേ. സ്വയം വികസിച്ചുകഴിഞ്ഞു. ഇനി നാടു മൊത്തമായും വികസിപ്പിക്കണം. നല്ല ശ്രമം. ആശംസകൾ!

സെൽ‌വരാജ് വിഷയത്തിൽ ഇനി ഞാൻ പോസ്റ്റുകൾ എഴുതാൻ ഇടയില്ല. ഇതോടെ നിർത്തി. ഒരാൾക്ക് അയാളുടെ പാർട്ടിവിടാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് ഇതുപോലെയാകുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ തികച്ചും അധാർമ്മികമാണ്. ഇത് കേരള രാഷ്ട്രീയത്തിൽ ഭാവിയെ തെറ്റായ ദിശയിലേയ്ക്ക് നയിക്കാനിടയാകാതിരുന്നാൽ നന്ന്. സി.പി.ഐ.എമ്മിന്റെ കാര്യം മാത്രമല്ല. ഒരു പാർട്ടിയിയിലും ഇത് സംഭവിച്ച് കൂടാത്തതാണ്. ഒരു പാർട്ടിക്കാരനും സ്വന്തം പാർട്ടിയോട് ഇങ്ങനെ കാണിച്ചുകൂടാത്തതാണ്. (ഒരു ചാനൽ ചർച്ചയിൽ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രനും ഇതേ അഭിപ്രായം പറയുകയുണ്ടായി. ഒരു പാർട്ടിയിലും ഇങ്ങനെ സംഭവിച്ചുകൂടാത്തതാണ്). കക്ഷിരാഷ്ട്രീയതാല്പര്യങ്ങൾക്കപ്പുറം ഇതൊരു ധാർമ്മിക പ്രശ്നമാണ്.

മറിച്ച് അന്ധമായ മാർക്സിസ്റ്റ് വിരോധംകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയ്ക്കുണ്ടാകുന്ന ഏത് വീഴ്ചയിലും സന്തോഷം കൊള്ളുന്നവരുമായ ഒരു വിഭാഗം സെൽ‌വരാജ് എം.എൽ.എ സ്ഥാനം രാജിവച്ചതിനെയും ന്യായീകരിക്കുണ്ട്. അവരെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. പട്ടിയുടെ വാൽ എത്രനാൾ കുഴലിൽ വച്ചാലും അത് വളഞ്ഞേ ഇരിക്കൂ‍. അഥവാ അവർക്ക് അങ്ങനെയൊക്കെത്തന്നെ വിശ്വസിക്കാനും പറയാനും പ്രവർത്തിക്കുവാനും സ്വാതന്ത്ര്യമുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമില്ല. ഇപ്പോൾ സെൽ‌വരാജ് കാണിച്ചതുപോലെ അധാർമ്മികമായ ഒരു കാര്യം കോൺഗ്രസ്സിലോ മറ്റോ നാളെ സംഭവിക്കുമ്പോൾ ഇവർ എന്തുപറയും എന്ന് അറിയാനുള്ള കൌതുകം ഇല്ലാതില്ല. രാഷ്ട്രീയം വെറുംകളിയല്ല. അത് കാര്യമാണ്. ജനാധിപത്യത്തിന്റെ ജീവവായുവാണ് രാഷ്ട്രീയം എന്നു കരുതണം. വ്യക്തികളുടെ കാലുമാറ്റവും പാർട്ടിമാറ്റവുമൊക്കെ സ്വാഭാവികം. പക്ഷെ അതിലും ചില ധർമ്മങ്ങൾ പാലിക്കുവാനുണ്ട്. ഇത്തരം അധർമ്മരാഷ്ട്രീയം ഭാവിയിൽ കേരള രാഷ്ട്രീയത്തെ മലീമസമാക്കാതിരിക്കട്ടെ!

Monday, March 12, 2012

പൊങ്കാലയ്ക്കെതിരെ കേസെടുക്കുമ്പോൾ

പൊങ്കാലയ്ക്കെതിരെ കേസെടുക്കുമ്പോൾ............

തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല നടത്തിയ സ്ത്രീകൾക്കെതിരെ പോലീസ് കേസ്! പൊങ്കാലയിട്ടവർക്കെതിരെ കേസ് എടുക്കുന്നത് ഇടതുപക്ഷസർക്കാരിന്റെ കാലത്തെങ്ങാനുമാണെങ്കിൽ കാണാമായിരുന്നു പുകിൽ. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാർ വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നുപറഞ്ഞ് ഉറഞ്ഞുതുള്ളിയേനേ. കോൺഗ്രസ്സും യു.ഡി.എഫും ബി.ജെ.പിയും എല്ലാം. എന്തായാലും ഇനിയിപ്പോൾ പാതയോര പൊതുയോഗ നിരോധനത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരുമായിരിക്കും. കാരണം ഭക്തിയ്ക്ക് മേലാണല്ലോ നിയമക്കുരുക്ക് വീണിരിക്കുന്നത്. അതും ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തിനുമേൽ. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കുന്നതിന്റെ  ജനാധിപത്യവിരുദ്ധതയും പൌരാവകാശ നിഷേധവും അതുണ്ടക്കുന്ന പ്രത്യാഘാതങ്ങളും ജനാധിപത്യവാദികൾ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കുന്നത് എല്ലാ രാഷ്ട്രീയകക്ഷികളെയും പൊതുവായി ബാധിക്കുന്നതായിട്ടുകൂടി ഈ വിഷയത്തിലെങ്കിലും ഒരുമിച്ച് നിന്ന് ശക്തമായ നിയമനിർമ്മാണം നടത്താൻ നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് കഴിയാതെ പോയി. രാഷ്ട്രീയാവകാശങ്ങൾക്കു വേണ്ടി മാത്രമല്ല ആളുകളുടെ വിശ്വാസ സ്വാതന്ത്ര്യങ്ങൾക്കു വേണ്ടികൂടിയാണ് എം.വി.ജയരാജനെപോലുരു പൊതുപ്രവർത്തകൻ ജയിൽ‌വാസമനുഭവിക്കേണ്ടി വന്നത് എന്ന കാര്യം ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. രാഷ്ട്രീയക്കാർ പൊതുയോഗവും പ്രകടനവും നടത്തുന്നതാണത്രേ രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്! ഇപ്പോൾ മനസിലായല്ലോ ഭക്തിമാർഗ്ഗവും ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന്! ജനാധിപത്യരാജ്യത്ത് ജുഡീഷ്യറിയും ജനാധിപത്യത്തിനു വിധേയമാണ്. ജനാധിപത്യത്തിനു മീതെ പറന്നല്ല ഇവിടെ ജുഡീഷ്യറി പൌരാവകാശത്തെ സംരക്ഷിക്കേണ്ടത്. പൌരാവകാശങ്ങൾ ലംഘിക്കപ്പെടുന്നിടത്താണ് നീതിന്യായവിഭാഗം  ഇടപെടേണ്ടത് എന്നിരിക്കെ, നീതിപീഠങ്ങൾ  തന്നെ ജനാധിപത്യാവകാശങ്ങൾ നിഷേധിച്ചാൽ എന്തു ചെയ്യും? പുതിയ നിയമനിർമ്മാണമല്ലാതെ മറ്റു വഴിയില്ല.

പാതയോര പൊതുയോഗ നിരോധനം ജനാധിപത്യ വിരുദ്ധമെന്ന് വാദിച്ച്  ഈയുള്ളവൻ മുമ്പും പല പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഈ വിഷയത്തിൽ എന്റെ നിലപാട് വ്യക്തമാക്കാൻ അവസരം വന്നിരിക്കുന്നു. മുമ്പ് പറഞ്ഞതൊക്കെത്തന്നെ മറ്റൊരുവിധത്തിൽ ഇവിടെ വീണ്ടും ആവർത്തിക്കുന്നു. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും  നിരോധിക്കുന്നത് നഗ്നമായ ജനാധിപത്യ നിഷേധമാണ്. ആളുകളുടെ വിശ്വാസസാതന്ത്ര്യങ്ങളെ ഹനിക്കുന്നതിന്  ജനാധിപത്യ വിരുദ്ധം എന്നല്ലാതെ ഒരു വിശേഷണമില്ല. ഏതുകാര്യത്തിനും നിയന്ത്രണങ്ങൾ ആവശ്യമാണ്. പരിമിതികളോ നിയന്ത്രണങ്ങളോ ഇല്ലാത്ത  സ്വാതന്ത്ര്യമല്ല യഥാർത്ഥ സ്വാതന്ത്ര്യം. എന്നാൽ അടിസ്ഥാനപരമായ സ്വാതന്ത്ര്യാവകാശങ്ങളെത്തന്നെ പാടേ   നിഷേധിക്കുന്നത് നീതിയല്ല; അനീതിയാണ്. പൊതുയോഗ നിരോധനം എന്നുപറഞ്ഞാൽ അത് പല അടിസ്ഥാനാവകാശങ്ങൾക്കും മേലുള്ള കടന്നാക്രമണമാണ്. അത് സമാധാനപരമായി കൂട്ടം ചേരാനുള്ള അവകാശത്തിന്റെ നിഷേധം മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യനിഷേധം കൂടിയാണ്. പ്രകടനങ്ങൾ നിരോധിക്കുകയെന്നു പറഞ്ഞാൽ അത് പ്രതിഷേധിക്കുവാനും സമരം ചെയ്യുവാനും  ആഹ്ലാദം പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യങ്ങളുടെയൊക്കെ നിഷേധമാണ്. പൊങ്കാല ഇട്ടവർക്കു നേരെ കേസെടുക്കുകയെന്നു പറഞ്ഞാൽ അത് വിശ്വാസസ്വാതന്ത്ര്യ നിഷേധവുമാണ്.  കേസ് എടുക്കട്ടെ; ആറ്റുകാൽ പൊങ്കാലയിട്ട  ലക്ഷക്കണക്കിനുവരുന്ന  സ്ത്രീകളുടെ പേരിൽ മാത്രമല്ല,   ഈയിടെ  തിരുവനന്തപുരത്ത് സി.പി.ഐ.എം സംസ്ഥാന സമ്മേളനസമാപനത്തിന് വന്നു നിറഞ്ഞ ജനസഞ്ചയത്തിനെതിരെയും,   ഇനി കൊഴിക്കോട്ട് സി.പി.ഐ.എം  പാർട്ടി കോൺഗ്രസ്സിന് അലയടിച്ച് വരാനിരിക്കുന്ന  ജനസാഗരത്തിന്റെ പേരിലും  ഒക്കെ കേസുകൾ എടുക്കട്ടെ. തിരുവനന്തപുരത്ത് ഓണാഘോഷം കാണാൻ വന്ന് റോഡേ നടക്കുന്ന ജനബാഹുല്യത്തിനും ഒക്കെ എതിരെ കേസുകൾ എടുക്കണം. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങൾക്കെതിരെയും കേസെടുക്കണം.എല്ലായിടത്തും പൌരന്റെ സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുകയല്ലേ? വാഹനസഞ്ചാരികളും, പിന്നെ  വല്ലയോഗവും നടക്കുമ്പോൾ അതുവഴി കടന്നുപോകുന്നവരും  മാത്രമാണല്ലോ, പൌരന്മാർ!  എന്താ കഥ!

മറ്റ് ചിലതുകൂടി ഇത്തരുണത്തിൽ സൂചിപ്പിക്കുന്നു. സത്യത്തിൽ ഇവിടെ രാഷ്ട്രീയക്കാർ നടത്തുന്ന പ്രകടനങ്ങളോ യോഗങ്ങളോ അല്ല ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. മതപരമായ ആഘോഷങ്ങളാണ്. അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങ‌ളും ഘോഷയാത്രകളുമാണ് ജനങ്ങൾക്ക് പലപ്പോഴും വലിയ  പ്രയാസങ്ങൾ ഉണ്ടാക്കുന്നത്. പല ഉത്സസവങ്ങളും  ഘോഷയാത്രകളും കാരണം ഗതാഗതംപോലും  തടസ്സപ്പെടാറുണ്ട്. ഇത് ഉത്സവ കാലത്ത് കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിച്ചാൽ ആർക്കും മനസിലാകും..  അതു വച്ച് നോക്കുമ്പോൾ രാഷ്ട്രീയക്കാർ എത്രഭേദം. അവർ യോഗം നടത്തിയാലും പ്രകടനം നടത്തിയാലും ഒരറ്റത്തുകൂടി വാഹനങ്ങളും വഴിയാത്രക്കാരും വലിയ ബുദ്ധിമുട്ടില്ലാതെ കടന്നു പോകും. എന്നാൽ മതാഘോഷങ്ങൾ അങ്ങനെയല്ല. അത് ഒരേസമയം സന്തോഷവും അതേ സമയം ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. ശബ്ദമലിനീകരണത്തിന്റെ കാര്യമെടുത്താൽ പോലും ആരാധനാലയങ്ങളാണ് മുൻപന്തിയിൽ. സദാസമയവും ഉച്ചഭാഷിണി വച്ച് പ്രവർത്തിച്ച് ശബ്ദഘോഷമുണ്ടാക്കുന്നത് ആരാധനാലയങ്ങളാണ്. ഉത്സവകാലത്ത് പ്രത്യേകിച്ചും. പക്ഷെ ഇതെല്ലാം നമ്മുടെ ജനജീവിതത്തിന്റെ ഭാഗമാണ്. അത് ഉത്‌സവാഘോഷങ്ങളായാലും പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റുമായാലും. യാതൊരു സന്തോഷങ്ങളുമില്ലാതെ ജീവിക്കുക എന്നത് യാതനയാണ്. യതൊരു അലോസരവുമില്ലാതെ ജീവിക്കുകയെന്നത് അതിമോഹവുമാണ്. ജനങ്ങളുടെ രാഷ്ട്രീയവും വിശ്വാസപരവുമായ സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തുന്നത് സ്വേച്ഛാധിപതികളുടെ ഭരണകൂടമാതൃകയാണ്. അത് ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല.

ഇവിടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താൻ കഴിയില്ല.പ്രകടനങ്ങൾ നടത്താൻ കഴിയില്ല. ഒരു സെമിനാർ നടത്താൻ കഴിയില്ല. തെരഞ്ഞെടുപ്പ് യോഗം നടത്താൻ കഴിയില്ല. ഒരു തെരുവു നാടകം നടത്താൻ കഴിയില്ല.എന്തിന് ആരെങ്കിലും മരിച്ചാൽ ഒരു അനുശോചനയോഗം നടത്താൻകൂടി കഴിയില്ല.നാളെ ഒരു വിവാഹ മണ്ഡപത്തിനുമുന്നിൽ ബസ് നിർത്തി വിവാഹപാർട്ടിയ്ക്ക് ഇറങ്ങി നടക്കാനാകില്ല.   രാഷ്ട്രീയ പാർട്ടികൾക്കോ സാംസ്കാരിക സംഘടനക്കോ ഏതെങ്കിലും പരിപാടികൾക്ക്  ഇപ്പോൾ  മൈക്ക് ഒർഡർ ലഭിക്കാനും   പ്രയാസമാണ്. എന്നാൽ ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഏത് സമയത്തും പ്രവർത്തിപ്പിക്കുന്നു. അവർക്ക് മൈക്ക് ഓർഡർ വേണ്ട . അവർക്ക് ആവക നിയമങ്ങൾ ബാധകവുമല്ല. അവർ ഘോഷയാത്ര നടത്തിയും പൊങ്കാലയിട്ടും മറ്റും തെരുവുകൾ കൈയ്യടക്കുന്നു. ഒരു നിയമവും മതകാര്യങ്ങളിൽ ഇടപെടുന്നില്ല. മറിച്ച് രാഷ്ട്രീയക്കാർക്കുമേൽ കുതിരകയറുന്നു. അവരാണത്രേ സർവ്വ കുഴപ്പങ്ങൾക്കും കാരണം.  ഇതാണ് ഇതുവരെയുള്ള സ്ഥിതി. എന്നാൽ ഇപ്പോൾ മതത്തിന്റെയും ഭക്തിയുടെയും പേരിലുള്ള നിയമലംഘനങ്ങളിലും നിയമം ഇടപെടാനുള്ള ധൈര്യം കാണിച്ചു തുടങ്ങിയെങ്കിൽ ഒരർത്ഥത്തിൽ നല്ലതു തന്നെ. അതിൽ  വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവരുംകൂടി  നിയമപരമായി നേരിടട്ടെ.

തൻകാര്യം മാത്രം നോക്കി ജീവിക്കുന്ന സ്വാർത്ഥമതികളായ അരാഷ്ട്രീയ വാദികളെ തൃപ്തിപ്പെടുത്താനല്ല ബഹുമാനപ്പെട്ട  നീതി പീഠങ്ങൾ വിധിപറയേണ്ടത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ജനങ്ങൾക്കുമേലുള്ള ഭരണകൂടങ്ങളുടെ അന്യായമായ  ഇടപെടലുകളെ തടയാനും ജനങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും മതപരവും മറ്റുമായ അവകാശങ്ങളെ സംരക്ഷിക്കുവാനുമാണ് ജുഡീഷ്യറി ശ്രമിക്കേണ്ടത്. അല്ലാതെ ഉള്ള അവകാശങ്ങൾ കൂടി ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്. പാതയോര പൊതുയോഗ-പ്രകടനനിരോധനം പോലുള്ള നിയമങ്ങൾ മൂലം പൊതുയോഗങ്ങളും പ്രകടനങ്ങളും മാത്രമല്ല തടയപ്പെടുന്നത്;  ഉത്‌സവങ്ങളും പൊങ്കാലകളും   നബിദിനഘോഷയാത്രകളും  ക്രിസ്‌ത്‌മസ് കരോളുകളും  ഒക്കെക്കൂടിയാണ് എന്ന് മനസിലാക്കുവാൻ പൊങ്കാലയ്ക്കെതിരെയുള്ള കേസ് ഉദാഹരണമാണ്. നീതിപീഠങ്ങളുടെ പൊതുയോഗ നിരോധനവും പ്രകടന നിരോധനവും മറികടന്ന് പൌരാവകാശങ്ങളെ സംരക്ഷിക്കുവാൻ   നിയമനിർമ്മാണ സഭ ശക്തമായ നിയമങ്ങൾ കൊണ്ടുവരണം.അതിന് രാഷ്ട്രീയ പാർട്ടികൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നിലകൊള്ളണം. ലെജിസ്ലേറ്റീവ് ആയാലും ജുഡീഷ്യറിയായാലും എക്സിക്യൂട്ടീവ് ആയാലും ജനാധിപത്യത്തിനു മീതെ പറന്നുകൂടെന്ന് നീതിപീഠങ്ങൾക്ക് ഉൾപ്പെടെ എല്ലാവർക്കും ബോദ്ധ്യപ്പെടേണ്ടതുമുണ്ട്.
*************************************************
പിൻ‌കുറിപ്പ്: പൊങ്കാലയിട്ടവർക്കെതിരെ കേസെടുത്ത പോലീസ് ഓഫീസർമാർക്കെല്ലാം സസ്പെൻഷൻ! പൊതുയോഗവും പ്രകടനവും മറ്റും  നടത്തിയ രാഷ്ട്രീയക്കാർക്കെതിരെ ഇതിനകം കേസെടുത്തവരെ സസ്പെൻഡ് ചെയ്യാൻ ആരെയും കണ്ടില്ല.

Saturday, March 10, 2012

ബോയ്ക്കോട്ട് ലണ്ടൻ ഒളിമ്പിക്സ്

ബോയ്ക്കോട്ട് ലണ്ടൻ  ഒളിമ്പിക്സ് 

ലണ്ടൻ ഒളിമ്പിക്സ് വിവാദത്തിലായിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ നിരവധി സംഘടനകൾ ലണ്ടൻ ഒളിമ്പിക്സ് ഉയർത്തുന്ന ധാർമ്മികപ്രശ്നം ചൂണ്ടിക്കാട്ടി വൻ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നു. ഇന്ത്യ ലണ്ടൻ ഒളിമ്പിക്സ് ബഹിഷ്കരിക്കണമെന്ന ശക്തമായ അഭിപ്രായവും  ഇതിനകം ഉയർന്നുവന്നിരിക്കുന്നു. ഡോ കെമിക്കൽ‌സ് എന്ന സ്ഥാപനം ലണ്ടൻ ഒളിമ്പിക്സിന്റെ പ്രധാ‍ന സ്പോൺസർമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നതാണ് ബഹിഷ്കരണാഹ്വാനത്തിന് കാരണം. ലണ്ടന്‍ ഒളിംപ്ക്‌സ് സ്റ്റേഡിയത്തിനു മുകളില്‍ തയ്യാറാക്കുന്ന മനോഹരമായ തുണികവചമാണ് ഡോ കെമിക്കൽ‌സ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈ  ഡോ കെമിക്കൽ‌സ് യൂണിയൻ കാർബൈഡിന്റെ പിന്തുടർച്ചക്കാരാണ്. അതായത് യൂ‍ണിയൻ കാർബൈഡിന്റെ സകല ആസ്തി-ബാദ്ധ്യതകളും ഏറ്റെടുത്ത് അത് വാങ്ങിയിരിക്കുന്നത് ഡോ കെമിക്കൽ‌സ് എന്ന കമ്പനിയാണ്. ഭോപ്പാൽ ദുരന്തത്തിനുത്തരവാദിയായ യൂണിയൻ കാർബൈഡിന്റെ ആസ്തി-ബാദ്ധ്യതകൾ അപ്പാടെ ഏറ്റെടുക്കുകവഴി ഭോപ്പാൽ ദുരന്തത്തിന്റെ  ഉത്തരവാദിത്തംകൂടി സ്വാഭാവികമായും ഡോ കെമിക്കൽ‌സിന്റെ ചുമലിലാകുകയാണ്.


ഭോപ്പാൽ ദുരന്തത്തിനത്തിനിരയായവർക്ക് നിയപരമായും ധാർമ്മികമായും നൽകേണ്ട ന്യായമായ നഷ്ടപരിഹാരം യൂണിയൻ കാർബൈഡ് ഇതുവരെ നൽകിയിട്ടില്ല. ഇന്ത്യൻ കോടതി വിധികളെ അംഗീകരിക്കാതിരിക്കുക മാത്രമല്ല,  ദുരന്തബാധിതരെ പരിഹസിക്കാൻ കൂടി തയ്യാറായവരാന് യൂണിയൻ കാർബൈഡുകാർ. യൂണിയൻ കാർബൈഡ് ഭോപ്പാൽ ദുരന്തബാധിതർക്ക് നൽകേണ്ട നഷ്ടപരിഹാരം  നൽകാനുള്ള  ബാദ്ധ്യത ഇനി  ആ കമ്പനി ഏറ്റെടുത്ത ഡോ കെമിക്കൽ‌സിനാണ് . ഇത് മുൻകൂട്ടി മനസിലാക്കിക്കൊണ്ടുതന്നെ ഡോ കെമിക്കൽ‌സിന്റെ ഓഹരി ഉടമകളിൽ ഭൂരിപക്ഷം പേർ യൂണിയൻ കാർബൈഡ് ഏറ്റെടുക്കുന്നതിനെ എതിർത്തിരുന്നു. യൂണിയൻ കാർബൈഡ് ഏറ്റുടുക്കുക വഴി  രക്തപങ്കിലമായ അവരുടെ മുൻകാല പാപങ്ങളുടെ ഉത്തരവാദിത്തം കൂടി തങ്ങളുടെ ചുമലിലാകുമെന്നതിനാൽ അത് ഏറ്റെടുക്കരുതെന്ന്  ഡോ കെമിക്കൽ‌സിന്റെ ഭൂരിപക്ഷം  ഓഹരി ഉടമകൾ ആവശ്യപ്പെട്ടു.  ഡോ കമ്പനിയിൽ സാമ്പത്തികമായി കൂടുതൽ ഓഹരികളുള്ളവരായിരുന്നില്ല ഈ ഭൂരിപക്ഷം. അംഗങ്ങളുടെ എണ്ണത്തിൽ ഭൂരിപക്ഷം വരുന്ന ഓഹരി ഉടമകളാണ് ഈ എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ  എണ്ണത്തിൽ ഭുരിപക്ഷമുള്ള ഓഹരി ഉടമകളുടെ എതിർപ്പിനെ അവഗണിച്ച് സാമ്പത്തികമായി കൂടുതൽ ഓഹരികളുള്ള ന്യൂനപക്ഷം ഓഹരി ഉടമകൾ  യൂണിയൻ കാർബൈഡിനെ ഏറ്റെടുക്കുകയായിരുന്നു. 

എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഈ ഒളിമ്പിക്സ് ഒരു ധാർമ്മികപ്രശ്നം ഉയർത്തുകതന്നെ ചെയ്യുന്നു. നിശ്ചയമായും ഇന്ത്യയെ സംബന്ധിച്ച്  ബോയ്ക്കോട്ട് ഇന്ത്യൻ ഒളിമ്പിക്സ് എന്ന ആഹ്വാനം വളരെ പ്രസക്തമാകുന്നു. ഒളിമ്പിക്സിൽ പങ്കെടുത്ത് മെഡലുകൾ നേടുക എന്നത് ഏതൊരു രാജ്യത്തിന്റെയും അഭിമാനം തന്നെയാണ്. കായിക താരങ്ങളെ സംബന്ധിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുകയെന്നത് അവരുടെ പരമമായ ലക്ഷ്യങ്ങളിലൊന്നായിരിക്കും. ഇന്ത്യയെ സംബന്ധിച്ചും ഇന്ത്യൻ കായികതാരങ്ങളെ സംബന്ധിച്ചും അതങ്ങനെ തന്നെ. ഒരു രാഷ്ട്രം എന്ന നിലയ്ക്ക് ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങളും കായിക താരങ്ങളുടെ ഒളിമ്പിക്സ് മോഹങ്ങളും ഒരു പോലെ പ്രധാനപ്പെട്ടതുതന്നെ. അതുകൊണ്ട് ഒളിമ്പിക്സ് ബഹിഷ്കരണം എന്നു കേൾക്കുമ്പോൾ അത് പെട്ടെന്ന് എല്ലാവർക്കും ഉൾക്കൊള്ളാനായെന്നു വരില്ല. എന്നാൽ അല്പം ശാന്തമായി ചിന്തിക്കുന്നവർക്ക് ഒളിമ്പിക്സ് ബഹിഷ്കരിച്ചാലുണ്ടാകുന്ന നഷ്ടങ്ങൾ ഒന്നുമല്ലെന്ന് മനസിലാകും.

ഭോപ്പാൽ ദുരന്തത്തെയും അത് അന്നു നഷ്ടപ്പെടുത്തിയ മനുഷ്യജീവനുകളെയും എന്നത്തേയ്ക്കും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെയും ഇന്നും അതിന്റെ കെടുതികൾ അനുഭവിക്കുന്ന മനുഷ്യരെയും ഓർക്കുന്നവർക്ക് ആ ദുരന്തത്തിനുത്തരവാദികളായവർ സ്പോൺസർ ചെയ്യുന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനെപ്പറ്റി രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരും. ഭോപ്പാൽ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ജീവിച്ചിരിക്കുന്ന അതിന്റെ ഇരകളിൽ നിന്നും അവരുടെ തലമുറകളിലേയ്ക്കു കൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും വലിയ ദുരന്തത്തിനുത്തരവാദികൾ അതിനിരയായവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകിയില്ലെന്നു മാത്രമല്ല, ദുരന്തബാധിതരെ പരിഹസിക്കുകയും ഇന്ത്യയുടെ നീതിപീഠങ്ങളെ വെല്ലുവിളിക്കുകയും കൂടി ചെയ്തു. ഇത് ഇന്ത്യ എന്ന രാഷ്ട്രത്തോടുള്ള അവഹേളനമായി കൂടി കാണേണ്ട ഒന്നാണ്. എന്നാൽ നമ്മുടെ ഭരണകൂടം ഈ പ്രശ്നത്തിന്റെ ഗൌരവം ഉൾക്കൊണ്ട് നടപടികൾ സ്വീകരിക്കാനുള്ള ആർജ്ജവം കാണിച്ചിട്ടുണ്ടോ എന്ന് ഇത്തരുണത്തിലും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.

ഒളിമ്പിക്സ് ബഹിഷ്കരണം എന്നൊക്കെ കേൾക്കുമ്പോൾ നെറ്റി ചുളിക്കേണ്ട കാര്യമൊന്നുമില്ല. ഒരു ഒളിമ്പിക്സ് എന്നല്ല അതിനേക്കാൾ വലിയ ഏത് മഹാസംഭവമായാലും രാജ്യത്തിന്റെയും  രാജ്യത്തെ ജനങ്ങളുടെയും താല്പര്യങ്ങളേക്കാൾ വലുതല്ല ഒന്നും. അങ്ങനെ ചിന്തിക്കാൻ എത്രപേർ തയ്യാറാകും എന്നത് ഓരോരുത്തരുടേയും മാനുഷികവും  ധർമ്മാധർമ്മപരവുമായ വികാരവിചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കയും റഷ്യയും ഉൾപ്പെടെ പല ലോകരാജ്യങ്ങളും പല ഘട്ടങ്ങളിലും തങ്ങളുടെ രാഷ്ട്രതാല്പര്യങ്ങളെ മുൻ‌നിർത്തി രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പല കാരണങ്ങളാലും  ഇത്തരം മഹാമത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന ചരിത്രമുണ്ട്. അതിന്റെ വിശദാംശങ്ങളിലേയ്ക്ക് ഇപ്പോൾ പോകുന്നില്ല. നമ്മുടെ രാഷ്ട്രത്തിന് അത്തരം ശക്തമായ നിലപാടുകൾ എടുക്കാൻ കഴിയുമോ എന്നത് നമ്മുടെ  ഭരണകൂടസ്വഭാവങ്ങളുമായി ബന്ധപെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തും ജനങ്ങൾ അതിനു മനസാ സജ്ജമാകും.പക്ഷെ തീരുമാനമെടുക്കാനുള്ള കരുത്ത് ഭരണകൂടത്തിനുണ്ടാകണം. 

ഒരർത്ഥത്തിൽ ഇവിടെ ബഹിഷ്കരണം എന്നത് ഒളിമ്പിക്സ് സംഘാടകർക്കെതിരെയുള്ള ഒന്നല്ല. മറിച്ച് ഇന്ത്യൻ ജനതയോടും  ഭോപ്പാൽ ദുരന്തബാധിതരോടും അതിനുത്തരവാദികളായവർ  കാട്ടിയ നിഷേധാത്മക സമീപനങ്ങളോടുള്ള പ്രതിഷേധമാണ്. അത് ലോകത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ ഇതിലും വലിയൊരു സന്ദർഭമില്ല. അതിന് ലണ്ടൻ ഒളിമ്പിക്സിൽ പങ്കേടുത്താലുണ്ടാകുന്ന നേട്ടങ്ങളെ നാം ത്യജിക്കേണ്ടി വരും. ത്യാഗമില്ലാതെ വലിയ നേട്ടങ്ങളൊ ലക്ഷ്യങ്ങളോ നേടിയെടുക്കാൻ ചില കാര്യങ്ങളിലെങ്കിലും കഴിയില്ല. ഒപ്പംതന്നെ ഈ പ്രതിഷേധം നമ്മുടെ ഭരണകൂടത്തിന്റെ സൂക്ഷ്മതക്കുറവിനോടുള്ള ഒരു പ്രതിഷേധം കൂടിയാണ്. ഭോപ്പാൽ ദുരന്തബാധിതർക്ക് അർഹമായ നഷ്ടപരിഹാരം അതിനുത്തരവാദികളായവരിൽ നിന്നും നേടിക്കൊടുക്കാൻ നമ്മുടെ ഭരണകൂട സംവിധാനങ്ങൾ പരാജയപ്പെട്ടു.

നമ്മുടെ രാജ്യത്തിനുമേൽ ദുരന്തം വിതച്ചവർക്കുകൂടി ഇപ്പോൾ ഈ ലണ്ടൻ ഒളിമ്പിക്സിന്റെ സ്പോൺസർഷിപ്പ് നൽകിയപ്പോൾ അതിനെതിരെ ഈ ഒളിമ്പിക്സ് ബഹിഷകരിക്കാൻ തീരുമാനിക്കുക പോയിട്ട്  ഈ വിഷയം ലോക ശ്രദ്ധയിൽ  കൊണ്ടുവരാനുതകുന്ന ഒരു ചെറിയ പ്രതിഷേധമെങ്കിലും പ്രകടിപ്പിക്കുവാൻ പോലുമോ നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഈ പ്രതിഷേധത്തിനു ബഹുമുഖത്വമുണ്ട്. ഇത് ഒരേസമയം നമ്മുടെ രാജ്യത്തോട് അനീതികാട്ടിയ ബഹുരാഷ്ട്ര കുത്തകയായ യൂണിയൻ കാർബൈഡിനെതിരെയുള്ള പ്രതിഷേധം, അത്തരമൊരു കമ്പനിയ്ക്കോ അതിന്റെ പിൻ തുടർച്ചകാർക്കോ ഒളിമ്പിക്സ് പോലെയൊരു മഹാ സംഭവത്തിന്റെ സ്പോൺസർഷിപ്പ് നൽകിയതിലുള്ള പ്രതിഷേധം, ഇത്തരം കാര്യങ്ങളിൽ രാജ്യതാല്പര്യങ്ങൾ സംരക്ഷിക്കാനുതകുന്ന നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്ന നമ്മുടെ  ഭരണകൂടത്തിനുനേർക്കുതന്നെയുള്ള പ്രതിഷേധം എന്നീ നിലകളിലെല്ലാം ഈ ബഹിഷ്കരണാഹ്വാനം പ്രസക്തമാകുന്നു.
 *******************************************************************************

 ഈ പോസ്റ്റിന് ചില അനുബന്ധങ്ങൾ കൂടി നൽകുന്നു

ഈ വിഷയം സംബന്ധിച്ച് വന്ന ഒരു ഓൺലെയിൻ പത്രവാർത്ത:

ഒളിമ്പിക്സ് സ്പോൺസർഷിപ്പ് വിവാദത്തിലേയ്ക്ക്

ലണ്ടൻൾ  2012ലെ ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌പോണ്‍സര്‍മാരായ ഡോ കെമിക്കല്‍ കമ്പനി വരുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ഭോപ്പാല്‍ ദുരന്തത്തിനുത്തരവാദിയായ യൂനിയന്‍ കാര്‍ബൈഡിന്റെ ഇപ്പോഴത്തെ ഉടമസ്ഥരാണ് ഡോ കെമിക്കല്‍സ്. ചോരമണക്കുന്ന കമ്പനിയെ സമാധാനത്തിന്റെ ഉല്‍സവത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ദുരന്തത്തില്‍ 5000ലേറെ പേര്‍ക്ക് ജീവന്‍നഷ്ടപ്പെട്ടിരുന്നു. ഇവരുടെ കുടുംബത്തിനും മറ്റു ദുരിതബാധിതര്‍ക്കുമുള്ള നഷ്ടപരിഹാരം പോലും വിതരണം ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല.1989ല്‍ യൂനിയന്‍ കാര്‍ബൈഡുമായുണ്ടാക്കിയ 470 കോടിയുടെ നഷ്ടപരിഹാരത്തില്‍ കൂടുതല്‍ ഒന്നും നല്‍കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്കു പോലും വിഷവാതകത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നുണ്ട്. അത്രമാത്രം മണ്ണും വെള്ളവും മലീമസമായി കഴിഞ്ഞു. വിവിധ സന്നദ്ധസംഘടനകള്‍ 'ഭോപ്പാല്‍ ഒളിംപിക്‌സ്' എന്ന പേരില്‍ ആഗോളവ്യാപകമായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. ഈ വിഷയത്തില്‍ ലണ്ടന്‍ ഒളിംപിക്‌സ് കമ്മിറ്റിക്കും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പരാതി നല്‍കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ലണ്ടന്‍ ഒളിംപ്ക്‌സ് സ്റ്റേഡിയത്തിനു മുകളില്‍ തയ്യാറാക്കുന്ന മനോഹരമായ തുണികവചമാണ് ഡോ സ്‌പോണ്‍സര്‍ ചെയ്യുന്നത്.  
(വൺ ഇന്ത്യ ഓൺലെയിൻ പത്രം, 2011 ആഗസ്റ്റ് 8)
************************************************************************

പ്രതിഷേധം കേരളത്തിലും

ലണ്ടൻ ഒളിമ്പിക്സിൽ ഭോപ്പാൽ ദുരന്തത്തിനുത്തരവദികളായവർകൂടി സ്പോൺസർമാരാകുന്നതിനെതിരെ  കേരളത്തിലും വിവിധ സംഘടനകൾ പ്രതിഷേധത്തിനു തയ്യാറേടുക്കുകയാണ്. ബോയ്കോട്ട് ലണ്ടൻ ഒളിമ്പ്ക്സ് എന്നതുതന്നെയാണ് ഈ സംഘടനകളുടെയും ആഹ്വാനം. തിരുവനന്തപുരം കേന്ദ്രമായ കേരള ഫിലിം ജെൻഡർ ആൻഡ് കൾച്ചറൽ സൊസൈറ്റി ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ  രാഷ്ട്രീയ-സമൂഹിക-ശാസ്ത്ര-സാംസ്കാരിക സംഘടനകളും  മനുഷ്യാവകാശ സംഘടനകളും വരും ദിവസങ്ങളിൽ പ്രതിഷേധരംഗത്തെത്തുമെന്നാണ് സൂചനകൾ.

ഭോപ്പാൽ ദുരന്തം സംബന്ധിച്ച് കോടതി വിധികൾക്കു ശേഷം വന്ന ഒരു  ഓൺലെയിൻ പത്രവാർത്ത:

ഇന്ത്യന്‍ കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് യൂണിയൻ കാർബൈഡ്

ന്യൂയോര്‍ക്ക്: ഭോപ്പാല്‍ വിഷവാതക കേസിലെ ഇന്ത്യന്‍ കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് അമേരിക്കയിലെ യൂണിയന്‍ കാബൈഡ് കമ്പനി പ്രതികരിച്ചു. യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനോ ഉദ്യോഗസ്ഥരോ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇന്ത്യയിലെ കോടതിയുടെ നീതിന്യായ പരിധിയ്ക്കുള്ളില്‍ അല്ലാത്തതു കൊണ്ട് വിധി അനുസരിക്കേണ്ട ഉത്തരവാദിത്തമില്ലെന്നും കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചുഇന്ത്യയിലെ പ്ലാന്റില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടില്ല. സംഭവം നടന്ന ഫാക്ടറി ഉടമസ്ഥത പൂര്‍ണമായും യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്(യുസിഐഎല്‍) ആണ്.''കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.ഇന്ത്യാ സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ഭോപ്പാലിലെ പ്ലാന്‍ രൂപകല്‍പന ചെയ്ത്, പ്രവര്‍ത്തിപ്പിച്ച്, കൈവശം വച്ചു പോന്നത് ഉടമസ്ഥരായ യുസിഐഎല്‍ ആണെന്നും പ്ലാന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയെല്ലാം നടത്തിപ്പു ചുമതല വഹിച്ചിരുന്നവരാണ് കോടതിയില്‍ ഹാജരായതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 
(വൺ ഇന്ത്യ, 2010 ജൂൺ 8)
********************************************************************************** 

ഇനി വിധി സംബന്ധിച്ച് വന്ന ഒരു ലേഖനം:

കോടതി വിധി: രണ്ടാം ഭോപ്പാല്‍ ദുരന്തം
  
ഡി ധനഞ്ജയന്‍ 

ഭോപ്പാലില്‍ പതിനയ്യായിരത്തോളം ജനങ്ങളെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വിചാരണ പോലും ചെയ്യാതെ വിട്ടയച്ച രാഷ്ട്രീയ നേതൃത്വവും, ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കമ്പനിയുടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വെറും രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ച നീതിന്യായ സംവിധാനവും ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ ജീര്‍ണത തുറന്നു കാണിക്കുന്നുവെന്ന് ഡി ധനഞ്ജയന്‍

പോക്കറ്റടിക്കാരന്‌ പോലും മൂന്ന്‌ വര്‍ഷം വരെ ശിക്ഷ നല്‍കാവുന്ന നീതിന്യായ വ്യവസ്‌ഥയുളള ഒരു രാജ്യത്ത്‌ പതിനയ്യായിരത്തിലധികം പേരുടെ ജീവനാശത്തിന് ഉത്തരവാദികളായവര്‍ക്ക് ലഭിച്ച ശിക്ഷ രണ്ട്‌ വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായ ഭോപ്പാല്‍ വാതക ദുരന്തത്തിനുളള ശിക്ഷയാണ്‌ ഒരു വലിയ കോടതി തമാശയായി മാറിയത്‌. ‘കനത്ത’ ശിക്ഷ ലഭിച്ച്‌ ഉടന്‍ തന്നെ പ്രതികള്‍ക്ക്‌ ജാമ്യവും ലഭിച്ചു. കാല്‍ നൂറ്റാണ്ട് നീണ്ട നിയമയുദ്ധത്തിനു ശേഷം ലഘുവായിട്ടാണെങ്കിലും ശിക്ഷ ലഭിച്ചിരിക്കുന്നത്‌ ദുരന്തത്തിന്റെ കാരണക്കാരായ അമേരിക്കന്‍ കമ്പനിയുടെ – യൂണിയന്‍ കാര്‍ബൈഡ് – ഇന്ത്യയിലെ പ്രതിനിധികള്‍ക്കാണ്‌ എന്നതാണ്‌ രസകരമായ മറ്റൊരു കാര്യം. ദുരന്ത സമയത്തെ കമ്പനിയുടെ ചെയര്‍മാനും കേസിലെ പ്രധാന പ്രതിയുമായ വാറന്‍ ആന്‍ഡേഴ്‌സനെതിരേ വിധിന്യായത്തില്‍ പരാമര്‍ശം പോലുമില്ല. അവിടെയാണ് കോടതിവിധി രണ്ടാംഭോപ്പാല്‍ ദുരന്തമായി മാറുന്നത്. തലമുറകളിലേയ്‌ക്ക്‌ നീളുന്ന ദുരിതം സമ്മാനിച്ചവര്‍ക്ക്‌ ‌നല്‍കിയ ശിക്ഷ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ അപമാനവും മരണമടഞ്ഞ ആയിരങ്ങളുടെ ഓര്‍മകളോടുളള അവഹേളനവുമാണ്‌. ഭോപ്പാല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മോഹന്‍ പി തിവാരിയുടെ വിധിയാണ്‌ ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തെ (അങ്ങിനെയൊന്നുണ്ടെങ്കില്‍) കീറിമുറിച്ചത്.

മരണം പുകയുടെ രൂപത്തില്‍

‘ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തെ ഈ രാജ്യത്തിലെ അധികാരികള്‍ തന്നെ ഒരു വാഹനാപകടകേസ്‌ പോലെ മാറ്റിമറിച്ചു’വെന്ന് പറയുന്ന ഭോപ്പാല്‍ ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ നേതാവ്‌ സത്യനാഥ്‌ സാരംഗിയുടെ വാക്കുകള്‍ക്ക് ഒരു സലാം പറയാനേ സാമാന്യബോധമുളള ആര്‍ക്കും കഴിയൂ. 1984 ഡിസംബര്‍ രണ്ടിനാണ്‌ ഭോപ്പാലില്‍ മരണം പുകയുടെ രൂപത്തിലെത്തിയത്‌. യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്‌ടറിയില്‍ നിന്നും ചോര്‍ന്ന മീതൈല്‍ ഐസോസൈനേറ്റ്‌ എന്ന വാതകം ശ്വസിച്ച്‌ ഉറക്കക്കിടക്കയില്‍ വച്ച്‌ തന്നെ ആയിരക്കണക്കിന്‌ പേരുടെയാണ് ജീവനൊടുങ്ങിയത്. പാതിരാത്രി പരന്നൊഴുകിയ വിഷപ്പുക ശ്വസിച്ച്‌ ഞെട്ടിയെഴുന്നേറ്റ്‌ ആത്മരക്ഷാര്‍ത്ഥം ഓടിയവരും പിടഞ്ഞു വീണു മരിച്ചു. വഴിയില്‍ പാതി മരിച്ച്‌ കിടക്കുന്നവരെ ചവിട്ടിമെതിച്ച്‌ ജീവന്‍ രക്ഷിക്കാന്‍ പാഞ്ഞവരും ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി. കാഴ്‌ച നശിച്ചവരുടേയും അംഗവൈകല്യം സംഭവിച്ചവരുടേയും എണ്ണം ഒന്നരലക്ഷം വരും.

ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡിസൈന്‍ ചെയ്‌ത കമ്പനി നഷ്‌ടത്തിലാണെന്ന കാരണം പറഞ്ഞ്‌ വേണ്ടത്ര സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെ പൂട്ടിയിട്ടതാണ്‌ അപകടകാരണമായത്‌. അടച്ചിട്ട കമ്പനിയ്‌ക്ക്‌ വേണ്ടി പണം മുടക്കുന്നത്‌ ശരിയല്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്‌. ഉത്‌പാദനം നിര്‍ത്തിയതോടെ മാരകമായ രാസവസ്‌തുക്കളുടെ ശേഖരം കമ്പനി പരിസരത്ത്‌ അശ്രദ്ധമായി കിടന്നു. പെട്ടന്ന്‌ പ്രതിപ്രവര്‍ത്തനത്തിന്‌ വിധേയമാകുന്ന 60 ടണ്‍ മീഥൈല്‍ ഐസോസയനൈറ്റാണ്‌ മൂന്ന്‌ ടാങ്കുകളിലായി കമ്പനിയില്‍ സൂക്ഷിച്ചിരുന്നത്‌. ഒരു തൊഴിലാളി തുരുമ്പു പിടിച്ച പൈപ്പ്‌ ഫ്‌ളഷ്‌ ചെയ്യിക്കാന്‍ ശ്രമിക്കവേ തകര്‍ന്ന പൈപ്പില്‍ നിന്ന്‌ വെളളം ഏറ്റവും വലിയ ടാങ്കിലേയ്‌ക്ക്‌ ചോര്‍ന്നാണ്‌ അപകടമുണ്ടായത്‌. പ്രതിപ്രവര്‍ത്തനത്തെതുടര്‍ന്ന്‌ ടാങ്കിന്റെ മൂടി തെറിച്ചു പോവുകയായിരുന്നു. വാതക ചോര്‍ച്ചയുണ്ടായാല്‍ തടയാന്‍ സ്ഥാപിച്ചിരുന്ന ആറു സുരക്ഷാ സംവിധാനങ്ങളും അന്ന്‌ തകരാറിലായിരുന്നു.

പതിനായിരത്തോളം റ്റണ്‍ മാരകമായ ഖരമാലിന്യം അവിടെ കുഴിച്ചുമൂടിയതോടെ പിന്നീട്‌ ശുദ്ധജലം പോലും ലഭിക്കാതെയായി. ഭ്രൂണത്തിന്റെ വളര്‍ച്ച പോലും മുരടിപ്പിക്കുന്ന ട്രൈക്ലോറോ ഈഥൈന്റെ അളവ്‌ അനുവദനീയമായതിന്റെ 50 ഇരട്ടിയും, മെര്‍ക്കുറിയുടേത്‌ 60 ലക്ഷം മടങ്ങുമായിരുന്നു. 2002ല്‍ ഗ്രീന്‍പീസ്‌ നടത്തിയ പഠനത്തില്‍ അമ്മമാരുടെ മുലപ്പാലില്‍ പോലും ക്ലോറോഫോം, റെഡാക്ലോറോമീഥേന്‍, ലെഡ്‌, ട്രൈക്ലോറോ ബെന്‍സിന്‍ എന്നിവ അടങ്ങിയതായി കണ്ടെത്തി. വാതക ദുരന്തത്തിനിരയായ സ്‌ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇവര്‍ സമൂഹത്തിന്റെ മുന്നിലെത്തിച്ചു. ഇരുപത്തിയഞ്ച് വയസാകുമ്പോള്‍ തന്നെ ആര്‍ത്തവ വിരാമം സംഭവിക്കുന്നതാണ്‌ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നമെങ്കില്‍ ഗര്‍ഭം ധരിക്കാതിരിക്കുന്നതും, പ്രസവിച്ചാല്‍ തന്നെ നിരവധി അംഗവൈകല്യത്തോടെ ജനിക്കുന്ന കുട്ടികള്‍ ഭോപ്പാലിലെ അമ്മമാരുടെ തീരാത്ത സങ്കടമായി മാറുകയായിരുന്നു. അംഗവൈകല്യമുളള കുട്ടികളെ പ്രസവിക്കുമെന്ന ഭയം മൂലം ദുരന്ത ബാധിത പ്രദേശത്തു നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പോലും പുരുഷന്മാര്‍ തയാറായിരുന്നില്ല. വിഷവാതക ദുരന്തം പ്രത്യുത്‌പാദന ശേഷിയെ എങ്ങിനെ ബാധിച്ചുവെന്നറിയാന്‍ വേണ്ടത്ര ഗവേഷണം പോലും ഇന്നേ വരെ സര്‍ക്കാര്‍ നടത്തിയിട്ടില്ല.

രണ്ടു തരം നീതി

കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ ശേഷം കമ്പനി നല്‍കിയ നഷ്‌ടപരിഹാരമായി ഇരകള്‍ക്ക്‌ ലഭിച്ചത്‌ 150-500 ഡോളര്‍ അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ ചികിത്സാചെലവായിരുന്നു. ഒരു കമ്പനിയെ മറ്റൊരു കമ്പനി ഏറ്റെടുക്കുമ്പോള്‍ ബാധ്യതകള്‍ കൂടി ഏറ്റെടുക്കണമെന്നാണ്‌ നിയമം. യൂണിയന്‍ കാര്‍ബൈഡിനെ ഡൗ കെമിക്കല്‍സ്‌ ഏറ്റെടുത്തെങ്കിലും ഭോപ്പാല്‍ ദുരന്തത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കില്ല എന്ന നയമാണ്‌ സ്വീകരിച്ചത്‌. വെസ്റ്റ് വെര്‍ജീനിയയില്‍ യൂണിയന്‍ കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ജോലി ചെയ്തവരില്‍ ആസ്ബെറ്റോസിന്റെ സ്ഥിരമായ ഉപയോഗം മൂലം ക്യാന്‍സര്‍ രോഗബാധ കണ്ടെത്തിയിരുന്നു. 1969 മുതലാണ് ക്യാന്‍സര്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങുന്നത്. 2,000 പേര്‍ രോഗബാധിതരായെന്നായിരുന്നു പരാതി. യൂണിയന്‍ കാര്‍ബൈഡിനെ ഡൗ കെമിക്കല്‍സ് ഏറ്റെടുത്തപ്പോള്‍ ദുരിതബാധിതര്‍ക്കു നല്‍കേണ്ട 2.2 മില്യണ്‍ ഡോളര്‍ നീക്കി വച്ചു. അമേരിക്കയില്‍ നഷ്ടപരിഹാരം നല്‍കിയ ഡൗ ഇന്ത്യയിലാവട്ടെ കാര്‍ബൈഡ് വരുത്തി വച്ച ദുരിതബാധ്യത ഏറ്റെടുക്കാനാവില്ലെന്ന നിലപാടാണ് എടുത്തത്. യൂണിയന്‍ കാര്‍ബൈഡില്‍ തൊഴിലാളിയായിരുന്ന ആള്‍ട്ടന്‍ വൂള്‍ഫിന്റെ വിധവ വെസ്റ്റ് വെര്‍ജീനിയയിലെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഡൗവിന് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. അതായത് രണ്ട്‌ രാജ്യങ്ങളില്‍ രണ്ട്‌ തരം നീതിയെന്നര്‍ത്ഥം.

ദുരന്തത്തിനരയായവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്‌ തന്നെ രൂപീകരിച്ചെങ്കിലും മാന്യമായ നഷ്‌ടപരിഹാരമോ ചികിത്സയോ നല്‍കാന്‍ കമ്പനിക്കും സര്‍ക്കാരിനും കഴിഞ്ഞില്ല. സാധാരണക്കാരായ ചമ്പാദേവിയും റഷീദാബീയും മുന്‍കൈയെടുത്ത്‌ ‘ഭോപ്പാല്‍ ഗ്യാസ്‌ പീഡിത്‌ മഹിളാ സ്‌റ്റേഷനറി കര്‍മചാരി സംഘ്‌’ എന്ന സംഘടന രൂപീകരിച്ച്‌ നടത്തിയ പ്രവര്‍ത്തനങ്ങളും പോരാട്ടവുമാണ്‌ ദുരിതങ്ങളെ വീണ്ടും ജനമധ്യത്തിലെത്തിച്ചത്‌. യൂണിയന്‍ കാര്‍ബൈഡ്‌ പിന്നീട്‌ ഏറ്റെടുത്ത ഡൗ കെമിക്കല്‍സ്‌ ഭോപ്പാലിലെ ഫാക്‌ടറി പരിസരം വൃത്തിയാക്കണമെന്ന്‌ സ്വിറ്റ്‌സര്‍ലന്റില്‍ പോയി ചമ്പാദേവി ആവശ്യപ്പെട്ടത്‌ വാര്‍ത്തയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും കാണിക്കാതിരുന്ന ഇച്‌ഛാശക്‌തിയാണ്‌ ഇവര്‍ പ്രകടിപ്പിച്ചത്‌.

ആന്‍ഡേഴ്സനെ വിട്ടയച്ചതാര്?

ദുരന്തം നടന്ന്‌ നാലാം ദിവസം തന്നെ ആന്‍ഡേഴ്‌സനെ ഭോപ്പാലില്‍ വച്ച്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. നരഹത്യ മുതല്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങളും ചുമത്തിയാണ്‌ എഫ്‌ഐആര്‍.തയാറാക്കിയത്‌. എന്നാല്‍ അന്നേ ദിവസം തന്നെ 25,000 രൂപ കെട്ടിവച്ച്‌ അയാള്‍ ജാമ്യം നേടി. അന്നത്തെ മധ്യപ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗിന്റെയും, കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടേയും ഒത്താശയോടെ ഇന്ത്യയില്‍ നിന്ന്‌ മുങ്ങിയ ആന്‍ഡേഴ്‌സണ്‍ പൊങ്ങിയത്‌ അമേരിക്കയിലായിരുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആന്‍ഡേഴ്സനെ വിട്ടയയ്ക്കുകയായിരുന്നു എന്ന റിപോര്‍ട്ടുകള്‍ ഇന്നു വെളിച്ചത്തേക്കു വരുന്നുണ്ട്. ഇന്ത്യയിലെ അന്വേഷണ സംഘങ്ങള്‍ക്ക് ഒടുവില്‍ ആന്‍ഡേഴ്സനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കേണ്ടി വന്നു.

അന്തര്‍ദേശിയ അറസ്‌റ്റ്‌ വാറണ്ട്‌ ഉണ്ടായിരുന്നിട്ടും ഇയാള്‍ക്ക്‌ കുറ്റവിചാരണ നേരിടേണ്ടി വന്നില്ല. കുറേ കാലം ഇയാള്‍ എവിടെയായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ആറു വര്‍ഷം മുമ്പ്‌ ഹാംപ്‌ടണില്‍ അത്യാഡംബര ജീവിത രീതി നയിക്കുന്ന ആന്‍ഡേഴ്‌സനെ പരിസ്‌ഥിതി സംഘടനയായ ഗ്രീന്‍പീസ്‌ കണ്ടെത്തി. ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞെങ്കിലും അമേരിക്കയെ പേടിച്ച്‌ കുറ്റവാളിയെ ഇന്ത്യയിലെത്തിക്കാനോ, വിചാരണ ആവശ്യപ്പെടാനോ അന്വേഷണ ഉദ്യോഗസ്‌ഥര്‍ തയാറായില്ല. ഫലത്തില്‍ കേസില്‍ നിന്ന്‌ ആന്‍ഡേഴ്‌സണ്‍ ഒഴിവായി. സിബിഐയും സര്‍ക്കാരും ഒത്തുകളിച്ചപ്പോള്‍ ദുരിതബാധിതരുടെ വിലാപം കേള്‍ക്കാന്‍ ആരുമില്ലാതായി.

ഭോപ്പാല്‍ നിലവിളിക്കുമ്പോള്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍. ആണവ ദുരന്തമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ആണവ കമ്പനികളില്‍ നിന്ന്‌ എടുത്തു മാറ്റി ആണവ റിയാക്‌ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവരിലേക്ക്‌ മാത്രമൊതുക്കുന്ന പുതിയ ബില്‍ ആണവ ബാധ്യതാ നിയമം പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്വപ്ന ബില്ലാണത്രേ. ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ യുപിഎ തയാറെടുക്കുകയാണ്‌. ഭോപ്പാല്‍ ദുരന്തം പോലൊന്ന്‌ ഇനിയുണ്ടായാല്‍ ഉണ്ടായാല്‍ അതില്‍ കമ്പനിക്ക്‌ ഉത്തരവാദിത്തം ഇല്ലാതാവുന്ന തരത്തിലുള്ള വ്യവസ്‌ഥയാണ്‌ ബില്ലിലുള്ളത്‌. ആണവ ദുരന്തമുണ്ടായാല്‍ അതിന്റെ നഷ്‌ടപരിഹാരം നല്‍കുന്നതടക്കമുള്ള മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാരിന്റെ തലയിലാവും. അതോടൊപ്പം, ആണവ ഓപറേറ്റര്‍മാരുടെ ബാധ്യത 500 കോടി മുതല്‍ 2,200 കോടി വരെയായി പരിമിതപ്പെടുത്തുന്നതും ബില്ലിലെ വിവാദ വ്യവസ്‌ഥകളിലൊന്നാണ്‌. ആണവ ദുരന്തത്തിന്റെ പ്രത്യാഘാതം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞും അനുഭവപ്പെടാമെന്നിരിക്കെ നിശ്‌ചിത വര്‍ഷത്തിനകം രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകള്‍ മാത്രമേ പരിഗണിക്കൂ എന്ന വ്യവസ്‌ഥയും ബില്ലില്‍ എഴുതി ചേര്‍ത്ത്‌ അമേരിക്കയെ തൃപ്‌തിപ്പെടുത്താനും ഇന്ത്യ ശ്രമിച്ചിട്ടുണ്ട്‌. ഇന്ത്യ-അമേരിക്ക സ്ട്രാറ്റജിക് കോപറേഷന്‍ ശക്തിപ്പെടണമെങ്കില്‍ ആണവ ബാധ്യതാ നിയമം പാസാക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ഭരണകക്ഷിക്കാര്‍ ഒളിഞ്ഞും മറഞ്ഞും സമ്മതിക്കുന്നുണ്ട്. ഒരു കല്ലില്‍ തട്ടി രണ്ട്‌ തവണ വീഴുന്നയാള്‍ വിഡ്‌ഢിയാണെന്നാണ്‌ പഴമൊഴി

പിന്‍കുറിപ്പ്: ഭോപ്പാല്‍ ദുരന്തത്തിന്റെ വിധി കഴിഞ്ഞയാഴ്‌ച പുറത്ത്‌ വന്നതോടെ ആന്‍്‌ഡേഴ്‌സനെതിരായ നിയമ നടപടി തുടരുമെന്നാണ്‌ കേന്ദ്ര നിയമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞത്‌. മിസ്‌റ്റര്‍ മൊയ്‌ലി, അങ്ങ്‌ നടപടി കാല്‍ നൂറ്റാണ്ട്‌ കൂടി തുടരണം. 1921ല്‍ ജനിച്ച ആന്‍ഡേഴ്‌സന്‌ ഇപ്പോള്‍ 89 വയസ്‌ മാത്രമാണുളളത്‌.  
(ദില്ലി പോസ്റ്റ്, June 13, 2010)
ലേഖകന്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനാണ്.
**********************************************************************

ഭോപ്പാൽ ദുരന്തം: ഒരു ഓർമ്മപുതുക്കൽ

( ഭോപ്പാൽ ദുരന്തം സംബന്ധിച്ച് വിക്കിപ്പീഡിയയിൽ നിന്നും മറ്റും ശേഖരിച്ചത്)  

1984 ലാണ് ഭോപ്പാൽ ദുരന്തം നടക്കുന്നത്. അമേരിക്കൻ സ്ഥാപനമായ യൂണിയൻ കാർബൈഡ് കമ്പനിക്ക് ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. ഈ ദുരന്തത്തിൽ വാതകച്ചോർച്ച ഉണ്ടായ   അന്നുതന്നെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.മറ്റൊരു 8,000 മനുഷ്യർ വിഷവാതകം കാരണമുണ്ടായ രോഗങ്ങൾ മൂലവും മരിച്ചു.വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോൾ ഭോപ്പാൽ ദുരന്തം 15,000-ൽ അധികം മനുഷ്യരുടെ ജീവിതം കൂടി കവർന്നെടുത്തതായി കണക്കക്കേണ്ടി വരും 5 ലക്ഷത്തിലധികം മനുഷ്യരെ ഈ ദുരന്തം നേരിട്ടും പരോക്ഷമായും ബാധിച്ചു. ഇന്നും അതിന്റെ കെടുതികളിൽ നിന്നും അവിടുത്തെ ജനം മുക്തമല്ല. ഇതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ എത്രയെങ്കിലുമുണ്ട്. കൂടാതെ ഈ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ രോഗങ്ങളായും ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളായും ജനന വൈകല്യങ്ങളായും മറ്റും തലമുറകളിലേയ്ക്ക് വ്യാപരിച്ചുകൊണ്ടിരിക്കുന്നു.

1984 ഡിസംബർ 3-ന് ഈ വ്യവസായശാലയിൽ നിന്ന് 42 ടൺ മീതൈൽ ഐസോസയനേറ്റ് (Methyl Isocyanate അഥവാ MIC) എന്ന വിഷവാതകം ചോർന്നു. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു.ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട് എന്നാണ്‌ ഗ്രീൻപീസ് ഫൗണ്ടേഷൻ ഭോപ്പാലിനെ വിളിക്കുന്നത്. ഭോപ്പാൽ ദുരന്തം മൂലം രോഗികളായിത്തീർന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കൽ കമ്മീഷൻ 1993-ൽ നിലവിൽ വന്നു.2010 ജൂണിൽ മുൻ യു.സി.ഐ.എൽ ചെയർമാനടക്കം ഏഴ് ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. ഈ ഉദ്ധ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ്‌ നിരവധി പേർ മരിക്കാനിടയായത് എന്നതിനാൽ ഇവർക്ക് കോടതി രണ്ടു വർഷം തടവും രണ്ടായിരം അമേരിക്കൻ ഡോളർ പിഴയും ചുമത്തുകയുണ്ടായി. എട്ടാമത്തെ ഒരു മുൻ‌തൊഴിലാളികൂടി കുറ്റവാളിയായി വിധിക്കപ്പെട്ടങ്കിലും വിധിതീർപ്പ് വരുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.

കമ്പനിയെക്കുറിച്ച്


1926 ൽ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിർമ്മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളൂടെ വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്.1959 ൽ എവറഡി കമ്പനി നാഷണൽ കാർബൺ കമ്പനി എന്ന പുതിയ പേരു സ്വീകരിച്ചു.1955 ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി.ഇന്ത്യയിലെ ആദ്യ ഡ്രൈസെൽ കമ്പനിയായി തുടങ്ങിയ യൂണിയൻ കാർബൈഡ് പിന്നീട് കീടനാശിനി നിർമ്മാണത്തിലേക്കു കടക്കുകയായിരുന്നു.1970 ൽ ആണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ഭോപ്പാലിൽ പ്ലാന്റ് സ്ഥാപിക്കുന്നത്.മീതൈൽ ഐസോ സയനേറ്റ് ഉപയോഗിച്ച് സെവിൻ എന്ന നാമത്തിൽ കാ‍ർബറിൽ എന്ന രാ‍സവസ്തു ഉണ്ടാക്കുകയായിരുന്നു കമ്പനി ചെയ്തത്.

സെവിൻ എന്ന കാർബറിൽ


മീഥൈലാമൈൻ ഫോസ്ഫീനുമായി പ്രവർത്തിപ്പിച്ചുണ്ടാക്കുന്ന മീതൈൽ ഐസോ സയനേറ്റ് 1- നാഫ്ത്തനോളുമായി പ്രവർത്തിപ്പിച്ചാ‍ണ് കാർബറിൽ എന്ന സെവിൻ ഉദ്പാദിപ്പിക്കുന്നത്. ഇന്ത്യ കീടനാശനിയുടെ വൻ വിപണിയാവും എന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. വെള്ളപ്പൊക്കവും വരൾച്ചയുമായി വലയുന്ന കർഷകർക്ക് കമ്പനിയുടെ വില കൂടിയ കീടനാശിനി വാങ്ങാൻ കഴിവുണ്ടായിരുന്നില്ല.

ദുരന്തപശ്ചാത്തലം

യൂണിയൻ കാർബൈഡ് കമ്പനിയുടെ വ്യവസായശാല 1969-ൽ ഭോപ്പാലിൽ സ്ഥാപിച്ചു. 51% ഓഹരി ഉടമസ്ഥത യൂണിയൻ കാർബൈഡ് കമ്പനിക്കും 49% ഇന്ത്യൻ പൊതുമേഖലാസ്ഥാപനങ്ങൾക്കും ആയിരുന്നു. ഇവിടെ നിന്ന് കാർബാറിൽ (സെവിൻ) എന്ന കീടനാശിനി ഉത്പാദിപ്പിച്ചു പോന്നു. കാർബാറിൽ ഉത്പാദനത്തിനുപയോഗിച്ചിരുന്ന ഒരു രാസവസ്തുവാണ് മീതൈൽ ഐസോസയനേറ്റ്. 1979-ൽ മീതൈൽ ഐസോസയനേറ്റ് ഉത്പാദനവിഭാഗം കൂടി ഈ വ്യവസായശാലയോട് ചേർത്തു. ഇത്ര മാരകമല്ലാത്ത മറ്റ് രാസവസ്തുക്കൾക്ക് പകരമായിരുന്നു MIC ഉപയോഗിച്ചത്. യൂണിയൻ കാർബൈഡ് കമ്പനിക്ക് ഈ രാസവസ്തുവിന്റെ ഗുണഗണങ്ങളെക്കുറിച്ചും അത് കൈകാര്യം ചെയ്യേണ്ടിയിരുന്ന വിധത്തെക്കുറിച്ചും അറിവുണ്ടായിരുന്നു.

ഡിസംബർ രണ്ടാം തീയതി രാത്രി 42 ടൺ മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വൻതോതിൽ വെള്ളം കയറി. അപ്പോൾ നടന്ന രാസപ്രവർത്തനം മൂലം സംഭരണിയിലെ താപനില 2000C ന് മുകളിലേക്ക് ഉയർന്നു. തത്ഫലമായി സംഭരണിക്കുള്ളിലെ മർദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വർദ്ധിച്ചു. ഇങ്ങനെ അമിതമർദ്ദം വരുമ്പോൾ സ്വയം തുറന്ന് വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയിൽ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രവർത്തിച്ച് വൻതോതിൽ വിഷവാതകം പുറന്തള്ളി. രാസപ്രവർത്തനം ചെറുക്കാൻ ശേഷിയുള്ള ലോഹങ്ങൾ കൊണ്ടായിരുന്നില്ല വാതകക്കുഴലുകൾ നിർമിച്ചിരുന്നത്. അവ രാസപ്രവർത്തനത്തിൽ ദ്രവിക്കുകയും ചെയ്തു. അതുമൂലം വിഷവാതകങ്ങൾ ഭോപ്പാൽ നഗരത്തിൽ വ്യാപിച്ചു. ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു. ആയിരങ്ങൾ തത്ക്ഷണം മരിച്ചു.

സംഭവങ്ങളുടെ സമയക്രമം:

1984 ഡിസംബർ 2-3 രാത്രി


ഉത്പാദനശാലയിൽ
  •     21.00 വാതകക്കുഴലുകൾ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കാൻ ആരംഭിച്ചു.
  •     22.00 മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി, രാസപ്രവർത്തനം ആരംഭിച്ചു.
  •     22.30 വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിച്ചു തുടങ്ങി.
  •     00.30 ഉച്ചത്തിൽ മുഴങ്ങിയ അപായ സൈറൺ നിർത്തി.
  •     00.50 അപായ സൈറൺ ശാലക്കുള്ളിൽ മുഴങ്ങി. തൊഴിലാളികൾ പുറത്തേക്ക് രക്ഷപെട്ടു.
ഉത്പാദനശാലക്ക് പുറത്ത്
  •     22.30 വിഷവാതകം ശ്വസിച്ചതിന്റെ ആദ്യലക്ഷണങ്ങളായ ശ്വാസമുട്ട്, ചുമ, ചർദ്ദി, കണ്ണിനു പുകച്ചിൽ എന്നിവ ചുറ്റുപാടുമുള്ളവർക്ക് വന്നുതുടങ്ങി.
  •     01.00 പോലീസ് ജാഗരൂകമായി. ചുറ്റുപാടുമുള്ളവർ ഒഴിഞ്ഞുപോകാൻ തുടങ്ങി. യൂണിയൻ കാർബൈഡ് മേധാവി വാതക ചോർച്ചയുണ്ടായെന്ന വാർത്ത നിഷേധിച്ചു.
  •     02.00 കാഴ്ച മങ്ങൽ, കാഴ്ചയില്ലായ്മ, ശ്വാസതടസം, വായിൽ നിന്ന് നുരയും പതയും, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി ഹമീദിയ ആശുപത്രിയിൽ ആളുകൾ എത്തിത്തുടങ്ങി.
  •     02.10 ഉത്പാദനശാലക്ക് പുറത്തും അപായ സൈറൺ മുഴങ്ങി.
  •     04.00 വാതക ചോർച്ച നിയന്ത്രണ വിധേയമായി.
  •     06.00 പോലീസിന്റെ ഉച്ചഭാഷിണികൾ "എല്ലാം ശരിയായി" എന്നു പ്രഖ്യാപിച്ചു.
കാരണങ്ങൾ

സംഭരണിയിലേക്ക് പെട്ടെന്ന് വെള്ളം കയറുന്നതിനുള്ള കാരണത്തെക്കുറിച്ച് വ്യത്യസ്ത അനുമാനങ്ങൾ നിലവിലുണ്ട്. വാതച്ചോർച്ചയുണ്ടായ സമയത്ത് തൊഴിലാളികൾ വാതകക്കുഴലുകൾ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കുകയായിരുന്നു. ചില നിരീക്ഷകരുടെ അഭിപ്രായം, ഈ സമയത്ത് വാതകക്കുഴലിനുള്ളിലേക്ക് നേരത്തേയുണ്ടായിരുന്ന വിടവുകളിൽ കൂടി വെള്ളം കയറി എന്നാണ്. പക്ഷേ, യൂണിയൻ കാർബൈഡ് കമ്പനി ഇത് നിഷേധിക്കുന്നു.
1985 ലെ റിപ്പോർട്ടുകൾ ദുരന്തത്തെക്കുറിച്ച് കുറെക്കൂടി വ്യക്തമായ ചിത്രം നൽകി. ദുരന്തത്തിനിടയാക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ട പോരായ്മകളിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നു.
  • കൂടുതൽ മാരകമായ രസവസ്തുക്കളുടെ (MIC) ഉപയോഗം
  • ഈ രാസവസ്തുക്കൾ ചെറിയ ചെറിയ സംഭരണികളിൽ സൂക്ഷിക്കുന്നതിനു പകരം വലിയ സംഭരണികളിൽ ഒന്നിച്ച് സൂക്ഷിച്ചത്.
  • കുഴലുകളിൽ എളുപ്പം ദ്രവിക്കുന്ന ലോഹങ്ങൾ ഉപയോഗിച്ചത്.
  • 1980 ൽ ഉത്പാദനം നിർത്തിയ ശാലയുടെ അറ്റകുറ്റ പണികൾ വേണ്ടവിധം നടത്താതിരുന്നത്. 
  • വേണ്ട വിധം പരിപാലിക്കാതിരുന്നതിനാൽ സുരക്ഷാസംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കതിരുന്നത്.
വാതക ചോർച്ചയിലേക്ക് നയിച്ചവയിൽ ഉത്പാദനശാലയുടെ രൂപകല്പനക്കും കമ്പനിയുടെ ചെലവുചുരുക്കൽ നടപടികൾക്കും പങ്കുണ്ട്. ഉത്പാദനശാലയുടെ സ്ഥാനം ജനസാന്ദ്രമായ പ്രദേശത്തായത് സ്ഥിതിഗതികൾ മോശമാക്കി. അവലോകനങ്ങൾ കാണിക്കുന്നത്, ദുരന്തം ഇത്ര ദാരുണമായതിന്റെ ഉത്തരവാദിത്തം ഉത്പാദനശാലയുടെ ഉടമസ്ഥരായ യൂണിയൻ കാർബൈഡ് കമ്പനിക്കും ഭാരത സർക്കാരിനും തന്നെയാണ് എന്നാണ്. മധ്യപ്രദേശ് സർക്കാരിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

വാറൺ ആൻഡേഴ്സൺ

യൂണിയൻ കാർബൈഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാ‍യിരുന്നു വാറൺ ആൻഡേഴ്സൺ.ദുരന്തം നടന്ന് നാലാം ദിവസം ആൻഡേഴ്സണെയും ആറ് ഉദ്യോഗസ്ഥരെയും ഭോപ്പാലിൽ വെച്ച് അറസ്റ്റുചെയ്തു.നരഹത്യമുതൽ വിവിധ ക്രിമിനൽ കുറ്റങ്ങൾ ചാർത്തി.എന്നാൽ അന്നു തന്നെ 25000 രൂപ ജാമ്യത്തുക കെട്ടിവെച്ച് ആൻഡേഴ്സൺ പുറത്തിറങ്ങി.തുടർന്ന് ഇന്ത്യവിട്ടു.മൂന്നു വർഷത്തിനുശേഷം സി.ബി.ഐ ആൻഡേഴ്സണിനും കമ്പനിക്കുമെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടാ‍യി.പലതവണ സമൺസ് അയച്ചു.തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടു.

ഓപ്പറേഷൻ ഫെയ്ത്ത്.

1984 ഡിസംബർ 16 ന് 619,611 എന്നീ രണ്ടു ടാങ്കുകളിൽ നിന്നുകൂടി MIC ഒഴിച്ചു. ഈ സംരഭത്തെ ഓപ്പറേഷൻ ഫെയ്ത്ത് എന്നു വിളിച്ചു.   
 *****************************************************************************

Friday, March 9, 2012

ഇതാ ഒരു വർഗ്ഗവഞ്ചകൻ, സെൽ‌വരാജ്!

ഇതാ വർഗ്ഗ വഞ്ചനയുടെ ആൾ‌രൂപം

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമായ ശെൽ‌വരാജ്  എം.എൽ.എ സ്ഥാനം രാജിവച്ചു. വെൽഡൺ സെൽ‌വരാജ്! താങ്കൾക്ക് സലാം.ഇതുവരെ നിന്ന പാർട്ടി വിടാനും മറ്റൊരു പാർട്ടിയിൽ പോകാനും താങ്കൾക്ക് എല്ലാവിധ സ്വാതന്ത്ര്യമുണ്ട്. എപ്പോഴാണ് ഒരാളുടെ മനസ്സ് മാറുന്നതെന്നും എന്താണ് അതിനു കാരണവും പ്രലോഭനവുമാകുന്നതെന്നും ആർക്കും പറയാൻ കഴിയില്ലല്ലോ. താങ്കൾ ഇപ്പോൾ പോയതുതന്നെ നല്ലത്. ഇല്ലെങ്കിൽ ഒരു പക്ഷെ ഇതിനേക്കാൾ വലിയ അപകടങ്ങൾ പാർട്ടിയ്ക്കും പാർട്ടി സഖാക്കൾക്കും സംഭവിച്ചേനേ.അത്രയ്ക്കും ക്രൂരനാണു നിങ്ങൾ.  ഞങ്ങൾ ആശ്വാസം കൊള്ളുന്നു. ഇപ്പോഴെങ്കിലും പോയല്ലോ. ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നത്ര ക്രൂരമായ  മാനസികാവസ്ഥയുള്ള താങ്കളെ പോലെ ഒരാൾ എത്രയോ നേരത്തേ പോകേണ്ടതായിരുന്നു. അതിൽ പാർട്ടിയ്ക്ക് തെറ്റുപറ്റി. താങ്കളെ ശരിക്ക് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ.

പാർട്ടിയിൽ ഇത്തരം വർഗ്ഗവഞ്ചകർ ഇനിയുമുണ്ടോയെന്ന് ഒരു പരിശോധന ആവശ്യമാണോയെന്ന്  സംശയിക്കാൻ ഈ സംഭവം പ്രേരിപ്പിക്കുന്നുണ്ട്. കാരണം അത്ര നിഗൂഢമായിട്ടാണല്ലോ ഇയാളുടെ രാജിനീക്കം നടന്നിരിക്കുന്നത്. ഉത്തരേന്ത്യയിലെ രാഷ്ട്രീയ നെറികേടുകൾ കേരളത്തിലേയ്ക്ക് പകർത്താൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ (എന്ന് ധരിച്ചിരുന്ന) മാതൃക കാണിക്കുന്നതിൽ ഞങ്ങൾക്കുള്ള ലജ്ജ മറച്ചു വയ്ക്കുന്നില്ല. എന്തായാലും മിതമാ‍യ ഭാഷയിൽ പറഞ്ഞാൽ മുൻസഖാവേ,  മോശമായി പോയി. തരംതാണതായി പോയി. ഇത്രയും  ക്രൂരവും പൈശാചികവുമായി സ്വന്തം  പ്രസ്ഥാനത്തെ  ഒറ്റിക്കൊടുക്കുവാൻ കഴിഞ്ഞ താങ്കളുടെ മനോനില അപാരം തന്നെ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇയാളോട്  പൊതുവിൽ പാർട്ടി അണികൾക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് മറ്റൊരു സീറ്റ് തന്ന് താങ്കളെ തൃപ്തിപ്പെടുത്തിയത്. ആ പാർട്ടിയോടും താങ്കളോട് അനുഭാവം  പ്രകടിപ്പിച്ച പാർട്ടി അണികളോടും ചെയ്യാവുന്നതിൽ വച്ച് ഏറ്റവും വലിയ ക്രൂരതയാണ് മിസ്റ്റർ സെൽ‌വരാജ്,  നിങ്ങൾ ചെയ്തിരിക്കുന്നത്. ക്രൂരം എന്ന വാക്ക് ഈ കുറിപ്പിൽ പലവട്ടം കടന്നു കയറുന്നത് താങ്കളോടുള്ള പ്രതിഷേധത്തിന്റെ കാഠിന്യം ഒന്നുകൊണ്ടു മാത്രമാണ്. ഇങ്ങനെ ചെയ്യാൻ മാത്രം അത്ര സഹിക്കാൻ പറ്റാത്തതായി എന്തെങ്കിലുമുള്ളതായി താങ്കൾക്ക് പറഞ്ഞു ഫലിപ്പിക്കാൻ പോലുമാകുന്നില്ലല്ലോ. എന്തെങ്കിലും കിട്ടാക്കൊതി കൊണ്ട് ആരെങ്കിലും പാർട്ടി വിട്ടുപോയാൽ അത് സ്വാഭാവികമെന്നു പറയാം. ഇതിപ്പോൾ   അർഹിക്കുന്നതിലും അപ്പുറമുള്ള അംഗീകാരമാണ് ഇക്കാര്യങ്ങളിൽ സി.പി.എം പോലെ ഒരുപാട് പരിമിതികൾ ഉള്ള ഒരു പാർട്ടിയിൽനിന്ന് ഇയാൾക്ക്  ലഭിച്ചിട്ടുള്ളത്.

നല്ല സമയം നോക്കിത്തന്നെ തന്നെ താനാക്കിയ പാർട്ടിക്കിട്ട് ഞൊട്ടിയത്.   ഇങ്ങനെത്തന്നെ വേണം. ഒറ്റുകാർക്ക് എക്കാലത്തേയ്ക്കും ഒരു ഉദാത്ത മാതൃക.യഥാർഥ ജൂദാസ് ഇതറിഞ്ഞ്  നാണിക്കും.  മൂന്നുപ്രാവശ്യം എം.എൽ.എ സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കുന്നു. രണ്ടു വട്ടം ജയിക്കുന്നു. ഒരു പഞ്ചായത്ത്മെമ്പറുപോലുമാകാതെ ആയിരങ്ങൾ പാർട്ടിയിൽ വിശ്വസിച്ച് പ്രവർത്തിച്ച് മരിച്ചു കടന്നു പോകുന്നു. അവർക്ക് രാജിവച്ച് പാർട്ടിയെ വെല്ലുവിളിക്കാൻ സ്ഥാനമാനങ്ങളില്ല.മരിക്കുമ്പോൾ ചെങ്കൊടി പുതച്ച് കിടക്കണമെന്നതുമാത്രമാണ് അവരുടെ ആഗ്രഹം. സെൽ‌വരാജ് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും രണ്ടു വട്ടം  എം.എൽ.എയും ആയി.മറ്റാരെയും കിട്ടാനില്ലാഞ്ഞിട്ടല്ലല്ലോ. അതിലൊന്നും ഇയാൾ തൃപ്തനല്ല. അതിന് ഇയാൾ മനുഷ്യനായിരുന്നില്ലെന്ന് തിരിച്ചറിയാൻ പാർട്ടിയ്ക്ക് കഴിയാതെ പോയില്ലേ?

കഴിഞ്ഞ തവണ ആനാവൂർ നാഗപ്പനെ മത്സരിപ്പിക്കാൻ പാർട്ടി  തീരുമാനിച്ചപ്പോൾ തനിക്ക് ഇനി എം.എൽ.എ അല്ലാതെ ജീവിക്കാൻ പറ്റില്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കി. എന്നിട്ടും തൊട്ടടുത്ത മണ്ഡലത്തിൽ മത്സരിപ്പിച്ച് പാർട്ടി വിട്ടുവീഴ്ച ചെയ്തു. ആനാവൂരിനിട്ട് പണിഞ്ഞ് അദ്ദേഹത്തെ  പാറശാലയിൽ  തോൽപ്പിക്കുകയും ചെയ്തു. എന്നിട്ട് വീണ്ടും സെൽ‌വരാജ്  ജില്ലാ കമ്മിറ്റിയിൽ തുടരുകയും ചെയ്യുന്നു. പണ്ടാണെങ്കിൽ ഇതൊന്നും നടക്കില്ല. പുകഞ്ഞ കൊള്ളികൾ അപ്പപ്പോൾ പുറത്താകും. ഇപ്പോൾ അടുത്തകാലത്തായി കുറച്ചൊക്കെ പ്രശ്നക്കാരാണെങ്കിലും അവരെയെല്ലാം പാർട്ടി ഉൾക്കൊണ്ടു പോകാറുണ്ട് . തിരുത്തപ്പെടും എന്ന പ്രതീക്ഷയിൽ. ഇക്കാലത്ത് ആരെങ്കിലും പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയാലും തെറ്റു തിരുത്താൻ പാർട്ടി  അവസരങ്ങൾ ഏറെ കൊടുക്കുന്നുണ്ട്. സെൽ‌വരാജിന് ആ ആനുകൂല്യങ്ങൾ അല്പം കൂടുതൽ കിട്ടി. അപ്പോ‍ൾ താനെന്തൊക്കെയോ ആണെന്നു തോന്നിയത് സ്വാഭാവികം.

ഇതൊന്നുംകൊണ്ട് സി.പി.എമ്മോ ഇടതുപക്ഷമോ ദുർബലപ്പെടുമെന്ന് ആരും കരുതേണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല.പാർട്ടിയും ഇടതുപക്ഷവും ഇതിലും വലിയ പ്രതിസന്ധികൾ അഭിമുഖീകരിച്ചിട്ടുണ്ട്. അതൊക്കെ വച്ചു നോക്കുമ്പോൾ ഒരു  സെൽ‌വരാജൊന്നും ഒന്നുമല്ല. ഇപ്പോഴത്തെ നിയമസഭയിലെ കക്ഷി നിലവച്ചു നോക്കുമ്പോൾ ഇതിന് ചില പ്രത്യാഘാതങ്ങൾ ഉണ്ട്. അത് യു.ഡി.എഫിന് അനുകൂലവുമാണ്. അത് അവർ മുതലാക്കുകയും ചെയ്യും. സ്വാഭാവികം. എന്നാൽ ഈ സർക്കാരിനെ കലാവധി പൂർത്തിയാകും മുമ്പ് പുറത്തിറക്കാൻ ഇടതുമുന്നണിയ്ക്ക് ഇതുവരെ യാതൊരു ഉദ്ദേശവും ഇല്ലാത്ത അവസ്ഥയിൽ ഈ രാജിയ്ക്ക് അത്രവലിയ പ്രാധാന്യം കല്പിക്കേണ്ടതുമില്ല. ഇനി അഥവാ ഈ സർക്കാരിനെ മറിക്കണമെങ്കിൽ ഒന്നോരണ്ടോ സെൽ‌വന്മാർ പോയാലും ഈസിയായി അത്  സാധിക്കും. പക്ഷെ അതല്ലല്ലോ ഇടതുപക്ഷ ജനാധിപത്യ മുന്നണി. മിമിക്രിക്കാർ ഒരു പാറശാല ശെൽ‌വനെ അവതരിപ്പിക്കാറൂണ്ട്. അതുപോലെ  വെറുമൊരു “പാറശാല ശെൽ‌വന്റെ” കാര്യത്തിന്  കൈ ഇനിയും കൂടുതൽ മിനക്കെടുത്തി അക്ഷരങ്ങളെക്കൂടി  ബുദ്ധിമുട്ടിക്കുന്നില്ല.

ഇനി അഥവാ ഇതിനു വല്ല രാഷ്ട്രീയ പ്രത്യാഘാതവും ഉണ്ടെങ്കിലും നമ്മളങ്ങ് സഹിച്ചോളാം. നമ്മളിതൊക്കെ എത്ര കണ്ടതാ!സെൽ‌വരാജണ്ണന്  ആശംസകൾ! പോയിത്തന്നതിന്!  തന്നതിന് എന്നതിന്  അല്പം സ്ടെസ്സ് കൊടുക്കുന്നു! ചെയ്തത് കൊടും ചതിയാണെങ്കിലും അണ്ണൻ നന്നായാൽമതി. ഇയാൾ  ചെയ്യുന്നതെന്തെന്ന് ഇയാളറിയുന്നില്ല.ഇയാളവർകളോട് പൊറുക്കേണമേ! അത്യുന്നതങ്ങളിൽ യു.ഡി.എഫിനു സ്തുതി! ഉമ്മൻ ചാണ്ടി സാറിനും!

Tuesday, March 6, 2012

തെരഞ്ഞെടുപ്പും വിജയപരാജയങ്ങളും

തെരഞ്ഞെടുപ്പും വിജയപരാജയങ്ങളും

ഏതാനും സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരികയും അവിടങ്ങളിൽ ആരൊക്കെ അധികാരത്തിൽ വരുമെന്നതിനെ സംബന്ധിച്ച് ഏതാണ്ട് വ്യക്തത വരികയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും സ്വാഭാവികമായും ജനം ഉറ്റുനോക്കിയിരുന്നത് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തിലേയ്ക്കാണ്.മുലയാംഗ് സിങ് യാദവിന്റെ പർട്ടിയായ സമാജ് വാദി പാർട്ടിയ്ക്ക് ഒറ്റയ്ക്കുതന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം അവിടെ ലഭിച്ചിരിക്കുന്നു. ഈ വിജയത്തിൽ അദ്ദേഹത്തിന്റെ മകനും ഒരു പങ്കുണ്ടത്രേ! എന്തായാലും  അവിടെ നിലവിൽ ഭരണം നടത്തിയിരുന്ന ബി.എസ്.പിയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെടുകയാണ്. കോൺഗ്രസ്സ് അവിടെ വളരെ പ്രതീക്ഷകൾ വച്ചു പുലർത്തിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധി വൻ പ്രചാരണവും മറ്റും നടത്തിയെങ്കിലും വലിയ ഫലമുണ്ടായില്ല.  പുറത്തു നിന്ന് ഉമാഭാരതിയെയും മറ്റും ഇറക്കുമതി ചെയ്ത്  തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിയ്ക്കും അവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ചതുഷ്കോണ മത്സരത്തിൽ അവിടെ എസ്.പി നേടിയത് തിളക്കമാർന്ന വിജയമാണ്.

ഈ കുറിപ്പുകാരന്റെ അഭിപ്രായത്തിൽ  കോൺഗ്രസ്സിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല എന്നതിലല്ല സന്തോഷം കാണേണ്ടത്. മറിച്ച് യു.പിയിൽ വർഗീയ കക്ഷിയായ ബി.ജെ.പി പരാജയപ്പെട്ടതിൽ  അല്പം ആശ്വസിക്കാൻ കഴിയുന്നു എന്നതിലാണ് സന്തോഷിക്കേണ്ടത്. വർഗ്ഗീയ അജൻഡകൾ ഉപേക്ഷിക്കാത്ത പാർട്ടികൾക്ക് അധികാരം ലഭിക്കാതിരിക്കുന്നത് മതേതര വാദികളെ സംബന്ധിച്ച് സന്തോഷകരമാണ്. എങ്കിലും ഭാവിയിൽ ബി.ജെ.പിയ്ക്ക് ഈ സംസ്ഥാനങ്ങളിലെല്ല്ലാം അധികാരത്തിൽ വാരാവുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഗോവയിൽ അവർക്ക് അധികാരം ലഭിച്ചു. പഞ്ചാബിൽ അവർ ഉൾപ്പെട്ട മുന്നണിയാണ് ജയിച്ചത്. ഉത്തരാഖണ്ഡിലും ബി.ജെ.പിയും കോൺഗ്രസ്സും ഏതാണ്ട് തുല്യ നിലയിലാണ്. അങ്ങനെ നോക്കുമ്പോൾ മതേതര ഇന്ത്യയ്ക്കുമേൽ ബി.ജെ.പി എന്ന ഭീഷണി അത്രവേഗം അവസാനിക്കുന്ന ഒരു പ്രതിഭാസമല്ല എന്നാണ് മനസിലാക്കേണ്ടത്. ഇത് ഇന്ത്യയിലെ എല്ലാ മതേതരകക്ഷികളും ഗൌരവത്തിലെടുക്കേണ്ട കാര്യമാണ്. ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചെങ്ങാനും ബി.ജെ.പി അതിന്റെ വർഗീയ അജണ്ടകളിൽ മാറ്റം വരുത്തുമെന്ന് കരുതാനാകില്ല. എങ്കിലും വർഗീയ അജണ്ടകൾ കൊണ്ടുമാത്രം അധികാരം നേടാനാകിലെന്ന് അവരെ ഓർമ്മിപ്പിക്കുവാൻ ഉതകുന്ന ചില പരാജയപാഠങ്ങൾ അവർക്കാവശ്യമാണ്. അല്പമെങ്കിലുമൊരു മാനസാന്തരം വന്നാലോ.

ഏതായാലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും  ലോഡ്ജുകളിൽ മുറിയെടുക്കാൻ ചെല്ലുന്നവരുടെ ജാതികൂടി  ചോദിക്കും വിധം ഗുരുതരമായ രീതിയിൽ വർഗീയത വളർന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് യു.പി പോലെ ഒരു സംസ്ഥാനത്ത് ഒരു വർഗീയ കക്ഷി അധികാരത്തിലെത്തുന്നത് ഒഴിവാക്കപ്പെട്ടിരിക്കുന്നത് തൽക്കാലത്തെയെങ്കിലും ആശ്വാസമാണ്. നാളെ പലയിടത്തും  ലോഡ്ജു  മുറിയെടുക്കാൻ ചെല്ലുന്നവൻ മുണ്ടുപൊക്കി കാണിക്കേണ്ട അവസ്ഥയുണ്ടാകില്ലെന്ന് ആരുകണ്ടു! വർഗ്ഗീയത വളർന്നാൽ എത്രത്തോളമാകുമെന്ന് സൂചിപ്പിക്കാൻ ഞാൻ ഈ ഉദാഹരണം സാന്ദർഭികമായി പറഞ്ഞുവെന്നുമാത്രം. മറ്റൊരു പ്രധാന കാര്യം പറയാനുള്ളത്  ഇന്ത്യയിലെ മതേതര കക്ഷികൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ വർഗീയ കക്ഷികൾ അധികാരത്തിലെത്തുന്നതു തടയാൻ ഒരുമിച്ച് തന്ത്രങ്ങൾ മെനഞ്ഞാൽ അക്കാര്യത്തിൽ വിജയിക്കാനാകും എന്നൊരു സൂചന ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നുണ്ട്. യു.പിയിൽ മതേതര കക്ഷികൾ എല്ലാം കൂടി ഒത്തുനിന്നാൽ ഒരു വർഗീയ കക്ഷിയ്ക്കും അവിടെ അധികാ‍രമേൽക്കാനാകില്ല. പക്ഷെ ഇന്ത്യയെ വർഗീയതയുടെ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ അങ്ങനെയൊരു വിശാലവീക്ഷണത്തിന് ആരൊക്കെ തയ്യാറാകുമെന്നതാണ് പ്രശ്നം.

മറ്റൊന്ന് പറയാനുള്ളത്. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ആരായാലും ആ പരാജയം അംഗീകരിക്കണം. അല്ലാതെ ആരും വീണിടത്തു കിടന്ന് ഉരുളരുത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള ചാനൽ ചർച്ചകളും മറ്റും കണ്ടിട്ട് പറയുന്നതാണ്. ഓരോ പാർട്ടിയ്ക്കും തങ്ങൾ എന്തുകൊണ്ട് ഒരു തെരഞ്ഞെടുപ്പിൽ തോറ്റുവെന്ന് തെരഞ്ഞെടുപ്പിന് ശേഷം കൂലംകഷമായി ചർച്ചചെയ്ത് പരിശോധിച്ച് നിഗമനങ്ങളിൽ എത്താം. പക്ഷെ തോൽ‌വിയെ ന്യായീകരിക്കാനോ വിജയിക്കുന്നവരുടെ വിജയത്തെ കുറച്ചു കാണാനോ ശ്രമിക്കുന്നതിൽ അർത്ഥമില്ല. വിജയിക്കുന്നവരെ അഭിനന്ദിച്ച് സ്വന്തം പരാജയം ആവർത്തിക്കാതിരിക്കാൻ ചെയ്യേണ്ടതെന്തെന്ന് ആലോചിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്.

അതല്ല, ഏതെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ വല്ല തെരഞ്ഞെടുപ്പ് ക്രിത്രിമമോ ജനാധിപത്യധ്വംസനമോ നടത്തിയാണ് വിജയിച്ചതെന്നുകണ്ടാൽ  അത് തുറന്നു കാണിക്കുകയും നിയമപരമായി നേരിടുകയും ചെയ്യാം. ഇനി വർഗീയകാർഡിറക്കിയാണ് ആരെങ്കിലും ജയിക്കുന്നതെങ്കിൽ അത്തരം കാർഡിലൊന്നും ആളുകൾ വീഴാതിരിക്കാനുള്ള ശ്രമങ്ങൾ തുടർന്നും നടത്തണം. അതുകൊണ്ടുതന്നെ  വിജയിക്കുന്നത് ബി.ജെ.പിയായാലും വിജയം വിജയം തന്നെ.  അല്ലാതെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തോൽക്കുന്നവർ ആരായാലും അവർ കൊഞ്ഞണം കുത്തി കാണിക്കുന്ന സ്വഭാവം ആധുനിക കാലത്തിനു ചേർന്നതല്ല. കുറച്ചുകൂടി ജനാധിപത്യ ബോധം നമ്മുടെ എല്ലാ രാഷ്ട്രീയ കക്ഷികളും ഇനിയും ആർജ്ജിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. എന്തായാലും  ഈ കുറിപ്പന്റെ രാഷ്ട്രീയപക്ഷവും നിരീക്ഷണങ്ങളും വച്ച്  ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ  പലരും  വിജയിച്ചുകൂടാത്തവരായിരുന്നുവെ ന്ന വിശ്വാസം ഉള്ളിൽ വച്ചുകൊണ്ടുതന്നെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് വിജയമോ പരാജയമോ ഏറ്റുവാങ്ങിയ  എല്ലാവർക്കും അഭിനന്ദനങ്ങൾ!

Friday, March 2, 2012

പിറവം ഉപതെരഞ്ഞെടുപ്പ്

പിറവം ഉപതെരഞ്ഞെടുപ്പ്:

ആത്മവിശ്വാസമാവാം;  അനുചിതവും അനാവശ്യവുമായ  പ്രസ്താവനകളും പ്രഖ്യാപനങ്ങളും  നന്നല്ല!

ആത്മവിശ്വാസം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർക്കുണ്ടാകുന്നത് നല്ലതാണ്.  എന്നാൽ തെരഞ്ഞെടുപ്പിനു മുമ്പ് വീമ്പും വീരവാദവാങ്ങളും മുഴക്കുന്നതും ആവശ്യമില്ലാത്ത മുൻവിധികളും പ്രഖ്യാപനങ്ങളും നടത്തുന്നതും ആർക്കും ഒട്ടുംതന്നെ ഭൂഷണമല്ല. കേരളത്തെ സംബന്ധിച്ച് നിയമസഭ, പാർളമെന്റ് എന്നിവകളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിലവിലുള്ള  സാഹചര്യത്തിൽ ഏതെങ്കിലും ഒരു മുന്നണിസ്ഥാനാർത്ഥിയ്ക്ക് മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്കൊന്നും വിജയയിക്കുമെന്ന് വലിയ ആ‍ാത്മവിശ്വാസം വച്ചുപുലർത്താനാകില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലപ്പോൾ ചില  സ്വതന്ത്രർ ജയിക്കുന്ന അനുഭവങ്ങൾ ഉണ്ടായിക്കൂടെന്നുമില്ല. മുമ്പും ഉണ്ടായിട്ടുമുണ്ട് . എങ്കിലും സാധാരണ നിലയിൽ ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരത്തിനുള്ള സാഹചര്യം ഉള്ളത്. ആകെപ്പാടെ ഒന്നോരണ്ടോ മണ്ഡലങ്ങളിൽ ബി.ജെ.പിയും മറ്റും  ചില ചില്ലറ  ചലനങ്ങൾ സൃഷ്ടിക്കാറുണ്ട് എന്നു മാത്രം. ചില മണ്ഡലങ്ങളിൽ ചില സംദർഭങ്ങളിൽ  ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇനിയും ചിലപ്പോൾ ചിലയിടങ്ങളിൽ അങ്ങനെ വന്നുകൂടെന്നുമില്ല.

പറഞ്ഞുവന്നത് തെരഞ്ഞെടുപ്പിനു മുമ്പ്  ഓരോ മുന്നളികളുടെയും പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും  അവകാശവാദങ്ങളെയും മറ്റും സംബന്ധിച്ചാണ്. തങ്ങൾ ജയിച്ചാൽ എതിർപാർട്ടിയുടെയും മുന്നണിയുടെയും കഥ അതോടെ കഴിയുമെന്നും എതിർപാർട്ടി ഭരണത്തിലാണെങ്കിൽ ഭരണം തന്നെ തകരുമെന്നും ഒക്കെ വീമ്പ് പറയാറുണ്ട്. അതുപോലെ  നിലവിൽ അധികാരത്തിൽ ഇരിക്കുന്ന സർക്കാരിന്റെ വിലയിരുത്തലാകും വരുന്ന തെരഞ്ഞെടുപ്പെന്ന് മിക്കപ്പോഴും പ്രതിപക്ഷവും ഭരണപക്ഷവും  മുൻകൂട്ടി പറയാറുണ്ട്. പറയുംവിധം സംഭവിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പറഞ്ഞതിലൊരു കൂട്ടർ അപ്പറഞ്ഞതങ്ങ്  പാടേ വിഴുങ്ങും. ഇത്തരം ചില ബാലിശമായ മുൻ­വിധികൾ ഉന്നയിക്കുന്നത് ജനാധിപത്യത്തിന് ഒട്ടും തന്നെ ഭൂഷണമല്ല. ഒരു തെരഞ്ഞെടുപ്പിനെ ഏതെല്ലാം കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സമീപിക്കണമെന്നത് പൊതുജനം തീരുമാനിക്കേണ്ട കാര്യമാണ്. അതിനെ ഏതെങ്കിലും ഒരു കാര്യത്തിലേയ്ക്ക്  മാത്രം കേന്ദ്രീകരിപ്പിക്കുന്നത് ഒട്ടും തന്നെ ശരിയല്ല. പ്രധാനമായും രാഷ്ട്രീയവും എന്നാൽ പ്രപഞ്ചത്തിനു കീഴിലുള്ള പലപല വിഷയങ്ങളും  ചർച്ച ചെയ്യപ്പെടേണ്ട സന്ദർഭങ്ങളാണ് തെരഞ്ഞെടുപ്പുകൾ. അതിനെ ഏതെങ്കിലും പ്രാദേശികവിഷയങ്ങളിലേയ്ക്ക് മാത്രം ചുരുക്കിക്കാണുന്നത് പലതുകൊണ്ടും അഭികാമ്യമല്ല.

ഒരു തെരഞ്ഞെടുപ്പിൽ പല ഘടങ്ങളും സ്വാധീനിക്കും. നിലവിലുള്ള കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഭരണത്തിനു പുറമെ അപ്പോഴത്തെ രാഷ്ട്രീയവും   സാമൂഹ്യവും സാംസ്കാരികവും മറ്റുമായ  സാഹചര്യങ്ങൾ, നാടിന്റെ വികസനം, സ്ഥാനാർത്ഥികളുടെ സ്വീകാര്യതയും ജനസമ്മതിയും,  ജാതിമത സ്വാധീനം,  പലതരം കൃത്രിമങ്ങൾ,   വോട്ടർമാരുടെ സ്വാർത്ഥതാല്പര്യങ്ങൾ തുടങ്ങി പലതും ഒരു തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ സ്വാധീനിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തൽ മറ്റെന്തിനേക്കാളും കൂടുതൽ സ്വാധീനം ചെലുത്തും എന്നത് ശരിതന്നെ. പക്ഷെ വിജയത്തിന്റെയോ പരാജയത്തിന്റെയോ കാരണം അതുമാത്രമാകും എന്ന വിലയിരുത്തൽ സത്യസന്ധമായിരിക്കില്ല. എല്ലാ വോട്ടർമാരും ഒരുപോലെയല്ല ഓരോ തെരഞ്ഞെടുപ്പുകളെയും സമീപിക്കുന്നത്. ഓരോ സമയത്തും ഓരു സ്ഥാനാർത്ഥിയെയോ പാർട്ടിയെയോ മുന്നണിയെയോ വിജയിപ്പിക്കുന്നതിൽ ഓരോരുത്തർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകും. ഉറച്ച രാഷ്ട്രീയ നിലപാടുകളോന്നുമില്ലാത്ത നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന വോട്ടർമാർ ഓരോ തെരഞ്ഞെടുപ്പിലും അവരവർക്ക്  അപ്പപ്പോൾ ഉണ്ടാകുന്ന  കാഴ്ചപ്പാടുകൾക്ക് വിധേയമായായിരിക്കും അവരവരുടെ സമ്മതിദാനാവകശം  വിനിയോഗിക്കുക. ഇതാണ് തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ സങ്കീർണ്ണമാക്കുന്നത്.

മേൽ‌പ്പറഞ്ഞ പശ്ചാത്തലങ്ങൾ കണക്കിലെടുത്തുവേണം  നിന്നുവേണം ഇപ്പോൾ കേരളത്തിൽ പിറവം നിയമസഭാ നിയോജക മണ്ഡലത്തിൽ നടക്കാൻ പോകുന്ന    ഉപതെരഞ്ഞെടുപ്പിനെയും കാണാൻ. പിറവം ഉപതെരഞ്ഞെടുപ്പ്ഫലം എന്തായാലും അത് ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങളൊന്നും  ഉണ്ടാക്കാൻ ഇടയില്ല. നിലവിൽ  ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായുള്ള  യു.ഡി.എഫ് സർക്കാരിനെ അത് ബാധിക്കാനും പോകുന്നില്ല. യു.ഡി.എഫിന്  നിയമസഭയിൽ നേരിയ ഭൂരിപക്ഷം മാത്രമേയുള്ളൂ എന്നതുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോറ്റാൽ ഇപ്പോഴത്തെ  മന്ത്രിസഭ  വീഴാനൊന്നും പോകുന്നില്ല. നിലവിലെ സർക്കാരിനെ ഏതെങ്കിലും തരത്തിൽ അട്ടിമറിക്കണമെന്ന ഉദ്ദേശം പ്രതിപക്ഷത്തിന് ഇല്ലതാനും. പ്രതിപക്ഷമായ  എൽ.ഡി.എഫിന് ഈ സർക്കാരിനെ അട്ടിമറിക്കണമെങ്കിൽ ഇപ്പോൾ  ഈയൊരു  ഉപതെരഞ്ഞെടുപ്പിന്റെയൊന്നും  ആവശ്യമില്ല. എൽ.ഡി.എഫിന്റെ തത്വാധിഷ്ഠിത നിലപാടുകളിൽ വെള്ളം ചേർത്താൽ യു.ഡി.എഫിലെ ഇപ്പോഴത്തെ അസംതൃപ്ത വിഭാഗങ്ങളെ അടർത്തിയെടുത്ത് മന്ത്രിസഭയെ വീഴ്ത്താവുന്നതേയുള്ളൂ. അതിന് എൽ.ഡി.എഫ് ഇതുവരെ  തുനിഞ്ഞിട്ടില്ല. ഇനി തുനിയുമെന്നും  തോന്നുന്നില്ല. യു.ഡി.എഫിന് ഭൂരിപക്ഷം വളരെ കുറവാണെങ്കിലും  ജനവിധി മാനിച്ച് ഈ സർക്കാരിനെ  കാലാവധി തീരുംവരെ ഭരിക്കാൻ വിടുക എന്ന നിലപാട് എൽ.ഡി.എഫ് തുടരാനേ സാദ്ധ്യതയുള്ളൂ. പിറവത്തെ ഫലം എന്തുതന്നെയായാലും നിലവിലുള്ള സ്ഥിതിഗതികളിൽ വലിയ  മാറ്റമൊന്നുമുണ്ടാകാൻ പോകുന്നില്ല.

ഈ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും മത്സരിക്കുന്ന പ്രധാന മുന്നണികൾ രണ്ടും ബാലിശമായ പതിവ് അവകാശവാദങ്ങളും മുൻ‌വിധികളും  ഉന്നയിച്ചിട്ടുണ്ട്. ഇരുകൂട്ടർക്കും ജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല!  ഈ ഉപതെരഞ്ഞെടുപ്പ് നിലവിലുള്ള സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന്  പ്രതിപക്ഷത്തുള്ള എൽ.ഡി.എഫും പിന്നെ  ഭരണമുന്നണിയായ യു.ഡി.എഫും പ്രഖ്യാപിച്ചിട്ടുണ്ട്. സത്യത്തിൽ ഇതൊക്കെ  വെറും ബാലിശവും അനുചിതവുമായ  പ്രഖ്യാപനങ്ങളാണ്. തെരഞ്ഞെടുപ്പുകളിലെ ചില പതിവുരീതികളുടെ. കേവലം അനുകരണങ്ങളും ആവർത്തനങ്ങളും  മാത്രം. ഈ തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ സ്വാധീനിക്കുക ഇപ്പോഴത്തെ സർക്കാരിന്റെ മികവോ മികവില്ലായ്മയോ മാത്രമായിരിക്കില്ല. ഒരു തെരഞ്ഞെടുപ്പും അങ്ങനെയല്ല.  തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലെ പലപല   വിഷയങ്ങളും ജയപരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തും. രഹസ്യ ബാലറ്റിലൂടെ നടക്കുന്ന ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിൽ ആരു വിജയിക്കുമെന്നു മുൻ‌കൂട്ടി പറയുവാൻ ഒരു പൊന്നുമക്കൾക്കും സാധിക്കില്ല.

തെരഞ്ഞെടുപ്പിൽ അനാവശ്യവും അനുചിതവുമായ അവകാശവാദങ്ങളും മുൻവിധികളും പ്രഖ്യാപിക്കാതെ രാഷ്ട്രീയവും ഭരണവും വികസനവും ഉൾപ്പെടെ  ആവശ്യമായ വിഷയങ്ങൾ എന്നു ഓരോരുത്തർക്കും  തോന്നുന്ന  കാര്യങ്ങൾ എല്ലാം  ചർച്ചാ വിഷയമാക്കുക. ഓരോരുത്തരും തങ്ങൾ വിജയിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുക. അതൊക്കെ കേട്ടിട്ട് ജനങ്ങൾ തീരുമാനിക്കട്ടെ. ഒരു തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക്  എത്രകണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുവാൻ  സാധിക്കുമോ അത്രയും നല്ലത്. അതൊന്നുമല്ലാതെ തെരഞ്ഞെടുപ്പ് കഴിയുവോളം മാത്രം നിലനിൽക്കുന്നതും അതിനുശേഷം വിഴുങ്ങേണ്ടി വരുന്നതുമായ പ്രസ്താവനകൾ സ്ഥാനാർത്ഥികളും പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് വിശകലനക്കാരും “പ്രവാചകരും” ഒക്കെ ഒഴിവാക്കുന്നതാണ് ബുദ്ധി. ഒരു തെരഞ്ഞെടുപ്പ് പരാജയത്തോടെ ഒരു സ്ഥാനാർത്ഥിയും പാർട്ടിയും മുന്നണിയും ഇല്ലാതാകുകയൊന്നുമില്ല.  തെരഞ്ഞെടുപ്പ് അനേകം പൊതുപ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ്. അങ്ങനെയാണ് കണക്കാക്കേണ്ടത്. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിലെ ജനവിധി എന്നത്    ആരുടെയെങ്കിലും   വളർച്ചയുടേയോ തളർച്ചയുടേയൊ,  തള്ളാവുന്നവയെയോ   കൊള്ളാവുന്നവയെയോ  മറ്റോ സംബന്ധിച്ച ഒരു അവസാന വാക്കല്ല.

ഈ ഉപതെരഞ്ഞെടുപ്പിൽ കേരള സർക്കാരിന്റെ നേട്ട-കോട്ടങ്ങളൊന്നുമല്ല  ഇവിടെയിപ്പോൾ  കൂടുതലും സ്വാധീനം ചെലുത്താൻ പോകുന്നത്. എൽ.ഡി.എഫിനെ സംബന്ധിച്ച് ഇപ്പോഴത്തെ സ്ഥാനാർത്ഥി എം.ജെ. ജേക്കബ്ബിന്റെ  ജനസമ്മതിയും ഇപ്പോഴത്തെ സർക്കാരിനോടുള്ള ജനങ്ങളുടെ അസംതൃപ്തിയുമായിരിക്കും  പ്രധാനമായും അനുകൂലമാകുക.  എന്നാൽ മറ്റ് പല  ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമാണ്.  പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം.എൽ.എ യും ഇപ്പോഴത്തെ  യു.ഡി.എഫ് സർക്കാരിൽ   മന്ത്രിയുമായിരുന്ന ടി.എം. ജേക്കബ് മരണപ്പെട്ടതുമൂലമാണ് ഇപ്പോൾ പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ടി.എം.ജേക്കബ്ബിന്റെ മകൻ അനൂപ് ജേക്കബ് ആണ്  അവിടെ ഇപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി. മരണപ്പെട്ട നേതാവിനോടുള്ള  ആദരവും സിമ്പതിക്കൽ ഫാക്ടും   കുറച്ചൊക്കെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് അനുകൂ‍ലമാകും. കൂടാതെ  സകല സാമുദായിക നേതാക്കളും യു.ഡി.എഫ്. സ്ഥാ‍നാർത്ഥിയ്ക്ക്  പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. കള്ളവോട്ടു ചേർക്കലും മറ്റ് കൃത്രിമങ്ങളും ഇരു മുന്നണിക്കാരും മത്സരിച്ച് നടത്തിയാലും ഭരണത്തിലിരിക്കുന്നവർക്കാണ് അതിൽ കൂടുതൽ വിജയിക്കാൻ സാധിക്കുക. കള്ള വോട്ടുകൾ ഈ തെരഞ്ഞെടുപ്പിൽ നല്ല സ്വാധീനം ചെലുത്തുമെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

മറ്റൊന്ന് യു.ഡി.എഫിനെ സംബന്ധിച്ച് ഇത് ജീവന്മരണ പോരാട്ടമായതിനാൽ അവർ എന്തു വിലകൊടുത്തും പിറവത്ത് ജയിക്കാൻ നോക്കും. വൻതോതിൽ അവർ പണമൊഴുക്കും. മന്ത്രിമാരെല്ലാം അവിടെ വീടു വീടാന്തരം സ്ക്വഡു  പ്രവർത്തനം നടത്തുന്നുണ്ട്. എൽ.ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അങ്ങോട്ട് കോൺസൺട്രേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ  മന്ത്രിമാരൊക്കെ  ചെന്നിറങ്ങുന്ന ആ ഒരു തിരയിളക്കം ഉണ്ടാകണമെന്നില്ല. നിലവിലെ മന്ത്രിമാരുടെ അത്ര  സ്റ്റാർ വാല്യൂ പ്രതിപക്ഷത്തുള്ള നേതാക്കൾക്ക് ഉണ്ടാകില്ലല്ലോ. നിലവിലെ മന്ത്രിമാർക്ക് നേരിട്ട് വോട്ടർമാർക്ക്  പല വാഗ്ദാനങ്ങളും നൽകി ദുസ്വാധീനിക്കാനും കഴിയും. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു.ഡി.എഫ്  സർക്കാരിനെ നിലനിർത്താൻ “തല്പരകക്ഷികളുടെ” അകമഴിഞ്ഞ പിന്തുണയും അവർക്ക് ലഭിക്കും. ഇതിനെയൊക്കെ അതിജീവിച്ച് പ്രധാനമായും  എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നല്ല ഇമേജ്,  സർക്കാരിനോടുള്ള വോട്ടർമാരുടെ അസംതൃപ്തി എന്നീ ഘടകങ്ങളുടെ സ്വാധീനത്താൽ മാത്രം  എൽ.ഡി.എഫ് സ്ഥാ‍നാർത്ഥി വിജയിച്ചാൽ അതൊരു വലിയ സംഭവം തന്നെയായിരിക്കും!

ഒരു ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം അതർ  കുറച്ചു കാണുന്നില്ല. ഒരു പൊതു തെരഞ്ഞെടുപ്പിനെ  സമീപിക്കുന്നതുപോലെയാകില്ല  ഒരു ഉപതെരഞ്ഞെടുപ്പിനെ ആ മണ്ഡലത്തിലെ ജനങ്ങൾ സമീപിക്കുക. കുറച്ചുകൊടി ഗൌരവത്തിൽ തന്നെയായിരിക്കും. തങ്ങളുടെ നിയോജകമണ്ഡലത്തിനപ്പുറം  പ്രാധാന്യവും പ്രത്യാഘാതങ്ങളും ഉള്ള ഒന്നാണ് ഉപതെരഞ്ഞെടുപ്പ് എന്ന ബോധം ഒരുവിധം ചിന്തിക്കുന്ന  വോട്ടർമാരിൽ ഉണ്ടാകും. അത് ഒരുവിധം ഉൾക്കൊണ്ടുകൊണ്ടായിരിക്കും അവർ വോട്ട് രേഖപ്പെടുത്തുക.  എന്തായാലും  പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചാൽ അത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണം നന്നായിരിക്കുന്നുവെന്നോ എൽ.ഡി.എഫ് ജയിച്ചാൽ ഈ ഭരണം മോശമായിരിക്കുന്നുവെന്നോ   മാത്രമായ ഒരർത്ഥവും  അതിനില്ല. അതും ഒരു ഘടകം എന്നേയുള്ളൂ.  എന്തായാലും   മുൻകൂട്ടി ആരും  വിജയം പ്രഖ്യാപിക്കാൻ വരട്ടെ. ആളുകളുടെ മനസ്സ് വായിക്കാനുള്ള യന്ത്രമൊന്നും കണ്ടുപിടിച്ചിട്ടില്ല. രഹസ്യബാലറ്റാണ്. കാത്തിരുന്ന് കാണാം. ഫലമെന്താണെങ്കിലും പിന്നെ   യാഥാർത്ഥ്യങ്ങളോട്   പൊരുത്തപ്പെടുകയേ എല്ലാവർക്കും നിവൃത്തിയുള്ളൂ. എത്രയോ തെരഞ്ഞെടുപ്പുകൾ വന്നു പോയിരിക്കുന്നു. അല്ലപിന്നെ!