കിളിമാനൂരിന്റെ നാൾവഴികളിലൂടെ (പഴയകുന്നുമ്മേലിന്റെയും)
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്. ആസ്ഥാനം കിളിമാനൂർ ടൌൺ. കുന്നുകളും താഴ്വരകളും സമതലങ്ങളും പാറക്കെട്ടുകളും തോടുകളും ആറും
സസ്യലതാദികളും എല്ലാമുള്ള വൈവിധ്യമാർന്ന
ഭൂപ്രകൃതിയുള്ള മനോഹരമായ ഒരു ഗ്രാമപ്രദേശം.
പ്രധാനമായും ഒരു കാർഷികമേഖല. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഉയർന്ന നിലവാരം പുലർത്തുന്നവരും സംസ്കാരസമ്പന്നരും പൊതുവെ സമാധാനപ്രിയരും എന്നാൽ പണ്ടുമുതൽക്കേ
അനീതികൾക്കെതിരെ സമരോത്സുകരുമായമായ ഒരു ജനത. കിളിമാനൂർ ടൌൺ ഉൾപ്പെടെ പണ്ടത്തെ കുന്നുമ്മേൽ രാജ്യത്തിന്റെ
പ്രധാന ഭാഗങ്ങൾ അടങ്ങുന്ന ഒരു ഭൂപ്രദേശം. തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് ചിറയിൻ
കീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജ് മൊത്തമായും ഉൾക്കൊള്ളുന്നതാണ് പഴയകുന്നുമ്മേൽ
ഗ്രാമ പഞ്ചായത്ത്. തിരുവനനതപുരം കൊല്ലം ജില്ലകൾ
ഈ പഞ്ചായത്ത് പ്രദേശത്തുവച്ച് അതിർത്തി പങ്കിടുന്നുണ്ട്.
ഇന്ന് കിളിമാനൂർ എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ഭൂരിഭാഗവും ഉൾപ്പെടുന്നത് പഴയകുന്നുമ്മേൽ
ഗ്രാമപഞ്ചായത്തിലാണ്. അതുകൊണ്ടുതന്നെ പഴയകുന്നുമ്മേലിന്റെ ചരിത്രം എന്നാൽ കിളിമാനൂരിന്റെയും
ചരിത്രംതന്നെ.
കൊല്ലവർഷം 938-ൽ മാർത്താണ്ഡവർമ്മ
മഹാരാജാവ് തുല്യം ചാർത്തിക്കൊടുത്ത് കിളിമാനൂർ അധികാരത്തിനും വളരെ മുമ്പ് ഇന്നത്തെ
കുന്നുമ്മേൽ തലസ്ഥാനമാക്കി അതിപ്രബലമായ ഒരു ആദിവാസിരാജ്യം ഉണ്ടായിരുന്നു. ഉമയമ്മറാണി
ഈ രാജ്യം തകർക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് മാർത്താണ്ഡവർമ്മ ഉമയമ്മ
റാണിയെ തോല്പിച്ചു. ആ കുന്നുമ്മേലിന്റെ പേരാണ് ചരിത്രപരമായി കിളിമാനൂർ ടൌൺ ഉൾപ്പെടുന്ന
പഴയകുന്നുമേൽ പഞ്ചായത്തിനു കിട്ടിയത്. പഴയകുന്നുമ്മേൽ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടപ്പോൾ പഴയ ആ കുന്നുമ്മേൽ
രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന മേഖല
എന്ന നിലയിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് എന്ന് നാമകരണം ചെയ്യപ്പെടുകയായിരുന്നു.
ഇന്നത്തെ കുന്നുമ്മേൽ പ്രദേശം ഉൾപ്പെടെ മൊത്തത്തിൽ കിളിമാനൂർ എന്നു തന്നെയണ് പണ്ടു
മുതലേ അറിയപ്പെട്ടിരുന്നത്. കിളിയും മാനും ഉള്ള ഊര് എന്ന അർത്ഥത്തിലാണത്രേ ഈ സ്ഥലനാമം
ഉണ്ടായത്. അങ്ങനെയെങ്കിൽ കിളിയും മാനും മാത്രമല്ല മറ്റു പല പക്ഷി മൃഗാദികളും സസ്യജാലങ്ങളും
ഉണ്ടായിരുന്ന ഒരു വനമേഖലയായിരുന്നു ഇതെന്ന് ഊഹിക്കാവുന്നതാണ്. കാടും മേടും വെട്ടിത്തെളിച്ചെടുത്ത
ഒരു അധിവാസ മേഖലയാണിത്. ഔദ്യോഗികമായി പഞ്ചായത്ത്
പ്രദേശമാണെങ്കിലും കിളിമാനൂർ ഇന്ന് നാഗരികസ്വഭാവം
കൈവരിച്ചിരിക്കുന്ന മേഖലയാണ് ഇന്നത്തെ പഴയകുന്നുമ്മേൽ
ഗ്രാമപഞ്ചായത്ത് പ്രദേശമുൾപ്പെടെ ഏകദേശം ഏഴ് ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള മേഖല കിളിമാനൂർ
എന്ന് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ അറിയപ്പെട്ടിരുന്നു. അതിനാൽ പഴയകുന്നുമ്മേലിന്റെ
ചരിത്രം കീളിമാനൂരിന്റെ ചരിത്രം തന്നെയാണ്.
ഇന്ത്യയിൽ കേരള സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്താണ്
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇത് കൊല്ലം ജില്ലയോട്
ചേർന്ന് കിടക്കുന്ന തിരുവനന്തപുരം ജില്ലയുടെ അതിർത്തി പ്രദേശമാണ്. ഇതിന്റെ വടക്ക് കൊല്ലം
ജില്ലയിലെ നിലമേൽ ഗ്രാമ പഞ്ചായത്തും, ഏതാണ്ട് വടക്കു കിഴക്കു ഭാഗത്തായി കൊല്ലം ജില്ലയുടെ
തന്നെ കടയ്ക്കൽ ഗ്രാമ പഞ്ചായത്തുമാണ്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറു വശത്തായി കിളിമാനൂർ എന്ന പേരിലുള്ള ഗ്രാമ പഞ്ചായത്തും ( കിളിമാനൂർ ഗ്രാമപഞ്ചായത്ത്
എന്നപേരിൽ മറ്റൊരു ഗ്രാമ പഞ്ചായത്ത് ഇതിനോട് ചേർന്ന് ഉണ്ടെങ്കിലും കിളിമാനൂർ ടൌണിന്റെ
പ്രധാന ഭാഗങ്ങൾ അതിൽ ഉൾപ്പെടുന്നില്ല), തെക്ക്
പുളിമാത്ത് ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നു.
ചിറയിൻ കീഴ് താലൂക്കിൽ ഉൾപ്പെടുന്ന പഴയകുന്നുമ്മേൽ വില്ലേജിനെ പൂർണ്ണമായും ഉൾക്കൊള്ളുന്നതാണ്
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രദേശം. ഇത് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന
പ്രദേശവുമാണ്. ആറ്റിങ്ങൽ പാർളമെന്റ് മണ്ഡലത്തിലും ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലുമാണ്
ഇപ്പോൾ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രദേശം ഉൾപ്പെടുന്നത്. ചരിത്രത്തിന്റെ ഭാഗമായ
കിളിമാനൂർ കൊട്ടാരം കിളിമാനൂർ ടൌണിനോട് ചേർന്നാണെങ്കിലും പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിനു
പുറത്ത് കിളിമാനൂർ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. പേരുപരമായി കിളിമാനൂർ ഗ്രാമപഞ്ചായത്ത് മറ്റൊരു ഗ്രാമ പഞ്ചായത്ത് ആയിപ്പോയി. പഴയകുന്നുമ്മേൽ
ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രവും ഏറ്റവും പ്രധാനപ്പെട്ട സ്ഥലവുമായ കിളിമാനൂർ ടൌൺ ഏതാണ്ട്
പൂർണ്ണമായും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽതന്നെയാണ്. അതുകൊണ്ടാണ് കിളിമാനൂരിന്റെ ചരിത്രവും പഴയകുന്നുമ്മേലിന്റെ ചരിത്രവും ഏറെക്കുറെ
ഒന്നാകുന്നത്. പഞ്ചായത്തുകളുടെ പേരിട്ടപ്പോൾ കിളിമാനൂർ കൊട്ടാരം ഉൾപ്പെടുന്ന തൊട്ടടുത്ത
പഞ്ചയത്തിന് കൊട്ടാരത്തിന്റെ ചരിത്രപ്രാധാന്യം കൊണ്ട് കിളിമാനൂർ ഗ്രാമപഞ്ചായത്തെന്ന്
പേർ വന്നു ഭവിച്ചു. കിളിമാനൂർ ഗ്രമപഞ്ചായത്തിന്റെ ചരിത്രവും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ
ചരിത്രവും സമീപത്തുള്ള മറ്റു ചില പഞ്ചായത്തുകളുടെ ചരിത്രവും കൂട്ടിക്കെട്ടിയാൽ മാത്രമേ
ശരിക്കും കീളിമാനൂരിന്റെ സമ്പൂർണ്ണ ചരിത്രം ആവുകയുള്ളൂ. യഥാർത്ഥത്തിൽ വിശ്വവിഖ്യാത
ചിത്രകാരൻ രാജാ രവികർമ്മയുടെ ജനനസ്ഥലമായ കിളിമാനൂർ കൊട്ടാരം കൂടി ഇപ്പോഴത്തെ പഴയകുന്നുമ്മേൽ
പഞ്ചായത്തിൽ ഉൾപ്പെടുകയും ഈ പഞ്ചായത്തിന്റെ
പേര് കിളിമാനൂർ പഞ്ചായത്തെന്നും ആകേണ്ടതായിരുന്നു. പക്ഷെ പഴയ കുന്നുമ്മേൽ രാജ്യത്തിന്റെ ചരിത്ര പ്രാധാന്യം
കണക്കിലെടുക്കുമ്പോൾ പഴയ കുന്നുമ്മേൽ എന്ന പേരിലും ഒരു പഞ്ചായത്ത് ഉണ്ടാകേണ്ടിയിരുന്നതുതന്നെ.
വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മഗൃഹമായ ആ കിളിമാനൂർ രാജകൊട്ടാരം പഴയകുന്നുമ്മേൽ
ഗ്രാമ പഞ്ചായത്തിനു പുറത്ത് കിളിമാനൂർ ഗ്രാമ പഞ്ചയത്തിലാണ് ഇപ്പോൾ ഉൾപ്പെടുന്നത്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിനോട് ചേർന്നു തന്നെയാണ്
കിളിമാനൂർ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എന്നാൽ കിളിമാനൂർ ടൌണിന്റെ കുറച്ചു
ഭാഗങ്ങൾ മാത്രമേ കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നുള്ളൂ. കിളിമാനൂർ ഗ്രാമ പഞ്ചായത്തും
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് ചിന്താക്കുഴപ്പം
ഉണ്ടാകാതിരിക്കുവാനാണ് അതേ പറ്റി ആവർത്തിച്ച് അല്പം വിശദമായിത്തന്നെ ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് മേഖലയും കിളിമാനൂർ ഗ്രാമ പഞ്ചായത്ത്
മേഖലയും ഒരുമിച്ചെടുത്താലും ഈ മേഖലയിൽ ഒരു
പട്ടണത്തിന്റെ സ്വഭാവം കൈവരിച്ചിട്ടുള്ളത് കിളിമാനൂർ ടൌൺ ആണ്. നിരവധി സർക്കാർ ഓഫീസുകളും
വ്യാപാര സ്ഥാപനങ്ങളും ബഹുനില കെട്ടിടങ്ങളുമായി ഒരു നാഗരിക സ്വഭാവത്തിലുള്ളതാണ് കിളിമാനൂർ
ടൌൺ. ഭരണപരമായി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ കേന്ദ്രമാണെങ്കിലും അടുത്തടുത്ത്
കിടക്കുന്ന പഴയകുന്നുമ്മേൽ, കിളിമാനൂർ, പുളിമാത്ത്, നഗരൂർ, കരവാരം, മടവൂർ, പള്ളിയ്ക്കൽ,
നാവായിക്കുളം എന്നീ പഞ്ചായത്തുകളുടെയും ഒരു
കേന്ദ്രസ്ഥാനമാണ് കിളിമാനൂർ ടൌൺ എന്നു പറയാം. പ്രത്യേകിച്ചും പഴയകുന്നുമ്മേൽ, കിളിമാനൂർ
എന്നീ ഗ്രാമപഞ്ചായത്തുകളുടെ പ്രധാന വ്യാപാര കേന്ദ്രം കിളിമാനൂർ ടൌൺ ആണ്.
സവിശേഷമായ സ്ഥലനാമങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ
ഉൾപ്പെടുന്ന പ്രദേശങ്ങൾ. ഇതിൽ തട്ടത്തുമല കിളിമാനൂർ ടൌൺ കഴിഞ്ഞാൽ പഴയകുന്നുമ്മേൽ ഗ്രാമ
പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ്. ഇത് കിളിമാനൂർ എന്ന പോലെ സ്റ്റേറ്റ് ഹൈവേയിൽ ആണ്.
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രധാന സ്ഥലനാമങ്ങളാണ് തട്ടത്തുമല, തൊളിക്കുഴി,
അടയമൺ, വയ്യാറ്റിൻകര, ചെമ്പകശ്ശേരി, കുറവൻകുഴി, പാപ്പാല, വണ്ടന്നൂർ, മഞ്ഞപ്പാറ, ഇരട്ടച്ചിറ,
ഊമൻപള്ളിക്കര, ചിറ്റിലഴികം, പുതിയകാവ്, കുന്നുമ്മേൽ, കടമുക്ക്, ചാറയം, വട്ടപ്പച്ച,
ഷെഡ്ഡിൽക്കട, കാനാറ, കൊപ്പം, പോട്ടലിൽ, മുതുകുറിഞ്ഞി, ആറ്റൂർ, പറണ്ടക്കുഴി, ചെറുനാരകംകോട്,
പയ്യനാട്, കടമ്പ്രവാരം, നെടുമ്പാറ, നെല്ലിക്കുന്ന്, മറവക്കുഴി, ചാവേറ്റിക്കാട്, പെരുംകുന്നം,
വാഴോട്, കന്നിക്കുഴി, ശാസ്താംപൊയ്ക, വണ്ടിത്തടം, വല്ലൂർ തുടങ്ങിയവ. കൂടാതെ കിളിമാനൂർ
ടൌണിന് പലഭാഗത്തും പല പേരുകൾ ഉണ്ട്. മുക്ക്റോഡ്, മഹാദേവേശ്വരം, തുണ്ടിൽക്കട, ഊമൻപള്ളിക്കര,
പുതിയകാവ് മുതലായവ കിളിമാനൂർ ടൌണിന്റെ ഭാഗങ്ങളാണ്. കിളിമാനൂർ കെ.എസ്.ആർ.റ്റി.സി ബസ്റ്റാൻഡ് സ്റ്റേറ്റ് ഹൈവേയ്ക്ക്
(എം.സി.റോഡ്) അടുത്ത് തുണ്ടിൽകട ഭാഗത്തും, പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുക്ക് റോഡിനു സമീപം
ആറ്റിങ്ങൽറോഡിലും സ്ഥിതി ചെയ്യുന്നു. ഇത് രണ്ടും കിളിമാനൂരിന്റെ ഹൃദയഭാഗങ്ങളിൽ തന്നെ.
പോലിസ് സ്റ്റേഷനും സർക്കിൾ ഓഫീസും ഒരുമിച്ച്
ടൌണിനടുത്തുതന്നെ സ്റ്റേറ്റ് ഹൈവേയിൽ ഊമൻപള്ളിക്കര ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇനി സിവിൽ
സ്റ്റേഷൻ വരുന്നതും പോലിസ് സ്റ്റേഷനോട് ചേർന്നാണ്. ബാങ്കുകൾ മിക്കതും ടൌണിന്റെ ഹൃദയഭാഗങ്ങളിൽ
തന്നെ. തിരുവനന്തപുരത്തുനിന്നും വരുന്ന എം.സി റോഡ് അഥവാ സ്റ്റേറ്റ് ഹൈവേ കിളിമാനൂർ
ടൌണിനെയും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിനെയും കീറി മുറിച്ചുകൊണ്ട് കൊട്ടാരക്കര-കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നു.
നയനാഭിരാമമായ പ്രകൃതി ദൃശ്യങ്ങളാൽ അനുഗ്രഹീതമായ കിളിമാനൂർ- പഴയകുന്നുമ്മേൽ
പ്രദേശത്തിന് ഒരു സുന്ദരഗ്രാമീണ ഛായയാണുള്ളത്. പച്ചപിടിച്ച സസ്യ ലതാദികളും കുന്നുകളും,
താഴ്വരകളും, സമതലങ്ങളും, വയലേലകളും, ആറുകളും ചെറുതോടുകളും, ഉയരമുള്ള പാറകളും, പാറക്കൂട്ടങ്ങളും,
സസ്യലതാദികളും എല്ലാമുള്ള ഒരു ഗ്രാമം. രാഷ്ട്രീയവും സാംസ്കാരികവും, കലാ സാഹിത്യപരവും
ഒക്കെയായി ഉന്നത നിലവാരം പുലർത്തുന്ന ഈ പ്രദേശത്തിനും അതിന്റേതായതും സവിശേഷമായതുമായ
ഒരു പശ്ചാത്തലം ഉണ്ട്. നിരവധി സാമൂഹ്യ പരിഷ്കർത്താക്കൾക്കും, തൊഴിലാളി കർഷക-കർഷക ത്തൊഴിലാളി
നേതാക്കൻമാർക്കും, അവകാശ സമര നായകൻമാർക്കും, പണ്ഡിത ശ്രേഷ്ഠൻമാർക്കും, സാഹിത്യ നായകൻമാർക്കും,
ചിത്രകാരൻമാർക്കും ജന്മം നൽകിയിട്ടുള്ള മണ്ണാണിത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നാമധേയമാണ്
വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടേത്.
ഫ്യൂഡലിസവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വർണ്ണവർഗ്ഗ ചിന്തകളും
ഒരു കാലത്ത് കേരളത്തിൽ എല്ലായിടത്തുമെന്നപോലെ
ഇവിടെയും നിലനിന്നിരുന്നു. അത്തരം അസമത്വ-ചൂഷണ വ്യവസ്ഥകളിൽ നിന്നെല്ലാം മോചിതമായ പ്രദേശമാണിത്.
നാളിതുവരെ എടുത്തുപറയത്തക്ക ഒരു ജാതിവർഗ്ഗസംഘട്ടനങ്ങളും ഈ മണ്ണിൽ ഉണ്ടായിട്ടില്ല. രാഷ്ട്രീയ
സംഘട്ടനങ്ങളിൽ നിന്നും മറ്റുതരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായും
ഒഴിവുള്ള പ്രദേശമെന്ന് അവകാശപ്പെടാൻ കഴിയില്ലെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾ ഇവിടെ
ഏറെയൊന്നും ഉണ്ടായിട്ടില്ല. പൊതുവെ പറഞ്ഞാൽ സമാധാന കാംക്ഷികളും ഉയർന്ന ചിന്താഗതി പുലർത്തുന്നവരുമാണ്
ഇവിടെ കൂടുതലായും ഉള്ളത്. വിദ്യാഭ്യാസപരമായി ഉണ്ടായിട്ടുള്ള ഉയർച്ചയാണ് ഇതിനു കാരണം.
ഔപചാരിക വിദ്യാഭ്യാസവും സമാന്തരവിജ്ഞാനവും നേടിയിട്ടുള്ളവരാണ് ബഹുഭൂരിപക്ഷവും. അഭ്യസ്ഥവിദ്യർ
നൂറുകണക്കിനുണ്ട് ഈ പ്രദേശത്ത്. ഈ പ്രദേശത്ത് വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥശാലകൾ,
സാംസ്കാരിക കേന്ദ്രങ്ങൾ മുതലായവ ജനങ്ങളെ സാംസ്കാരിക ബോധമുള്ളവരാക്കാൻ സഹായിച്ചുപോരുന്നു.
ചരിത്രപശ്ചാത്തലം
“ആശയങ്ങളും സാഹചര്യങ്ങളുമാണ് വിപ്ലവങ്ങൾ രചിക്കുന്നത്. അധികാരത്തിൽ
ഇരിക്കുന്നവരും തങ്ങളുടെ ആശയങ്ങൾക്ക് ഇണങ്ങാത്തവരുടെ നേർക്കെല്ലാം കണ്ണടയ്ക്കുന്നവരുമായവർ
വിചാരിക്കുന്നത് വിപ്ലവങ്ങൾ പ്രക്ഷോഭകാരികളുടെ സൃഷ്ടികളാണെന്നാണ്. യഥാർത്ഥത്തിൽ വയലിൽ
നിന്നും തെരുവിൽ നിന്നും ചന്തസ്ഥലത്തുനിന്നുമാണ് പല വിപ്ലവങ്ങളും ഉടലെടുക്കുന്നത്.
അവരുടെ മട്ടുകൾ അതിനാൽ പ്രാകൃതവും അസുന്ദരവുമാകാം. വിപ്ലവങ്ങൾ രചിക്കുന്നവർ രാജാക്കൻമാരോ
രാജ്യതന്ത്രജ്ഞരോ ഉയർന്ന വിദ്യാഭ്യാസം സിദ്ധിച്ചവരോ ആകണമെന്നില്ല. അവരുടെ ഭാഷയാകട്ടെ
ഏതു കുതന്ത്രങ്ങളെയും മൂടിവയ്ക്കാൻ കഴിവുറ്റ ഒരു കുലീന ഭാഷയും ആകണമെന്നില്ല. അവരുടെ
ചുറ്റുപാടുകളിൽ യാതൊരുവിധ നിഗൂഢതകളുമില്ല. തങ്ങളുടെ മനോവൃത്തികളെ മറച്ചു പിടിക്കാനുള്ള
യാതൊരു മൂടുപടവും അവർക്കില്ല. അവരുടെ ശരീരങ്ങൾക്കുപോലുമില്ല വേണ്ടിടത്തോളം മറവ്. എന്നിട്ടുവേണ്ടേ
മനസ്സിന്.”
ശ്രീ. ജവഹർലാൽ നെഹ്‌റുവിന്റെ “വിശ്വചരിത്രാവലോകനം” എന്ന പുസ്തകത്തിലെ
ഈ വരികളെ അന്വർത്ഥമാക്കിക്കൊണ്ടാണ് 1935 മുതൽ 1947 ആഗസ്റ്റ് 14 വരെ ഈ നാട്ടിൽ നടന്ന
ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമരത്തിലും ജനങ്ങൾ പങ്കാളികളായത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലും നമ്മുടെ
നാടിന്റെ സാമൂഹ്യസ്ഥിതി പരിതാപകരമായിരുന്നു. ജാതിവ്യവസ്ഥ, അയിത്തം, ജന്മി അടിയാൻ സമ്പ്രദായം
എന്നിവ സമൂഹത്തിൽ കൊടികുത്തി വാണിരുന്നു. ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങലിലും കിളിമാനൂരിലുമാണ് ദേശീയ പ്രസ്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനും ആരംഭം
കുറിച്ചത്. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രബിന്ദുവായ കിളിമാനൂരിൽ അറിയപ്പെടുന്നവരും
അല്ലാത്തവരുമായ നിരവധി ആളുകൾ ഇതിൽ ഭാഗഭാക്കുകളായിരുന്നു. ആ സംഭവങ്ങളുടെ വിധാതാക്കളിൽ
മിക്കവരും കഥാശേഷരായി കഴിഞ്ഞു. അവശേഷിക്കുന്നവരാകട്ടെ വാർദ്ധക്യസഹജമായ ഓർമ്മക്കുറവുമായി
കഴിഞ്ഞുകൂടുകയാൽ അവർ നൽകിയ വിവരങ്ങൾ പലതും അപൂർണ്ണങ്ങളുമാണ്. അതുകൊണ്ടുതന്നെ ഈ ചരിത്രാന്വേഷണ
പരിശ്രമത്തിന് കണക്കിലെടുക്കാൻ കഴിയുന്നത് കടയ്ക്കൽ, കല്ലറ-പാങ്ങോട് വിപ്ലവങ്ങളോട്
അനുബന്ധിച്ച് ഗവർണ്മെന്റിന്റെ പക്കലുള്ള വിവരങ്ങളാണ്. എന്നാൽ ഒരു സമ്പൂർണ്ണ ചരിത്രം
അതിൽനിന്നും ലഭ്യമാവുകയുമില്ല. കിളിമാനൂരിന്റെ ഒരു സമഗ്രവും ആധികാരികവും അന്വേഷണാത്മകവുമായ ചരിത്രം ഇനിയും എഴുതപ്പെടേണ്ടതായിട്ടാണിരിക്കുന്നത്.
(മേൽ പറഞ്ഞസ്ഥലങ്ങളിൽ കടയ്ക്കൽ ഇപ്പോൾ കൊല്ലം
ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ആണ്. കല്ലറ പാങ്ങോട് എന്നീ സ്ഥലങ്ങൾ തിരുവനന്തപുരം
ജില്ല്ലയിൽ നെടുമങ്ങാട് താലൂക്കിലാണ്. എന്നാൽ കിളിമാനൂർ, കല്ലറ, പാങ്ങോട്, കടയ്ക്കൽ നിലമേൽ ഇതൊക്കെത്തന്നെ അടുത്തടുത്ത പ്രദേശങ്ങളാണ്).
ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ഈ പ്രദേശത്തെ ഒരു വലിയ നിര പങ്കെടുത്തിരുന്നു. 1935-ൽ തുടങ്ങി
1947 വരെയും വിവിധ പോരാട്ടങ്ങളിൽ പങ്കെടുത്ത ധീരദേശാഭിമാനികൾ കിളിമാനൂർ- പഴയകുന്നുമ്മേൽ
പ്രദേശത്ത് ഉണ്ടായിരുന്നു. ഇവരിൽ പ്രമുഖരായിരുന്നു വി.എസ്.പോറ്റി, കിളിമാനൂർ ശങ്കരപ്പിള്ള,
പെരിഞ്ഞൂലി ഗോവിന്ദപ്പിള്ള, രാമൻകുട്ടിഭക്തൻ, കാഞ്ഞിരത്തുപറമ്പിൽ സോമൻ, രഘുനാഥൻ, പൊരുന്തമൺ
മാധവൻ, കുഞ്ഞുകൃഷ്ണൻ വൈദ്യൻ, ആാറ്റൂർ ഇബ്രാഹിം, കൊട്ടാരത്തിൽ വേലു, കുന്നുമ്മേൽ വേലുവാദ്ധ്യാർ,
കുന്നുമ്മേൽ വാസു മുതലായവർ. 1938-ൽ നടന്ന കടയ്ക്കൽ വിപ്ലവത്തിന് ശ്രീ കിളിമാനൂർ ശങ്കരപ്പിള്ള
നേതൃത്വം കൊടുത്തിരുന്നതായി രേഖകളുണ്ട്. കടയ്ക്കൽ വിപ്ലവത്തിന്റെ സംഘാടകരിൽ ഒരാളായി
പോലീസിന്റെ രേഖകളിൽ സ്ഥാനം പിടിച്ച ഇദ്ദേഹം കേസിലെ 31-)0 പ്രതി ആയിരുന്നു. കടയ്ക്കൽ
വിപ്ലവത്തോടനുബന്ധിച്ച് വാഴോട്, തട്ടത്തുമല എന്നീ സ്ഥലങ്ങളിൽ വച്ച് തിരുവിതാംകൂർ പട്ടാളത്തെ
തോക്കും പടക്കവും ഉപയോഗിച്ച് ആക്രമിച്ചവരിൽ കിളിമാനൂർ വിശ്വനാഥൻ, കൂരൻകുഴി ദാമോദരൻ,
രഘുനാഥൻ വൈദ്യർ, ഇരട്ടക്കുളം പരമു മേശിരി, പാലാംകോണം പരമു, കുന്നുമ്മേൽ വാസു എന്നിവരും
നിലമേൽ, കാര്യം എന്നിവിടങ്ങളിലെ ചെറുപ്പക്കാരും പങ്കെടുത്തിരുന്നു. (കടയ്ക്കൽ, നിലമേൽ,
കാര്യം എന്നീ സ്ഥലങ്ങളൊക്കെ ഇപ്പോൾ കൊല്ലം ജില്ലയിലാണ്). സർക്കാർ രേഖകളിൽ പെടാത്തവരും
ഈ പ്രക്ഷോഭങ്ങളിലൊക്കെ പങ്കേടുത്തിരുന്നു എന്ന വസ്തുതയും വിസ്മരിക്കാവുന്നവയല്ല.
കിളിമാനൂർ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളിൽ പലരും പരോക്ഷമായി ബ്രിട്ടീഷ് സർക്കാരിനെതിരെയുള്ള ദേശീയസമരത്തിൽ പ്രക്ഷോഭകാരികളെ സഹായിച്ചിരുന്നു.
വേലുത്തമ്പി പാലായനം ചെയ്ത അവസരത്തിൽ കിളിമാനൂർ കൊട്ടാരത്തിൽ വരികയും അദേഹത്തിന്റെ
ഉടവാൾ കിളിമാനൂർ കോയിത്തമ്പുരാനെ ഏല്പിക്കുകയും ഉണ്ടായി. തുടർന്ന് വേലുത്തമ്പി മണ്ണടിയിലേയ്ക്ക്
പോവുകയും അവിടെവച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
അദ്ദേഹം ഏല്പിച്ച ഉടവാൾ പിൽക്കാലത്ത് ഇന്ത്യൻ
പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദിന് സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ഉടവാൾ തിരുവനന്തപുരത്ത്
മ്യൂസിയത്തിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു.
ഇത്തരുണത്തിൽ ഇന്ത്യൻ ദേശീയ സമരത്തിനും ഉത്തരവാദ പ്രക്ഷോഭത്തിനും ആവേശം
പകർന്ന ഇന്നാട്ടിലെ വിദ്യാർത്ഥി പ്രസ്ഥാനത്തെ ഓർക്കാതെ വയ്യ. യഥാർത്ഥത്തിൽ അന്നത്തെ
സംഘടിത ശക്തികളിൽ ഒന്ന് വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു. നഗരങ്ങളിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ
നിലനിന്നിരുന്നെങ്കിലും വ്യാപകമായി സമരത്തെ സഹായിച്ച ഘടകം വിദ്യാർത്ഥികളായിരുന്നു. കടയ്ക്കൽ, ചടയമംഗലം,
കല്ലറ, പാങ്ങോട് മുതലായ സ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികൾ കിളിമാനൂരിൽ വന്ന് പഠിച്ചിരുന്നു.
ഇവരെല്ലാം നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് ആവേശം പകർന്നുനൽകി. അവരിൽ ചടയമംഗലം രാധാകൃഷ്ണൻ
നായർ, തങ്കപ്പൻ പിള്ള, വെള്ളാർവട്ടം സുധാകരൻ, മാറ്റാപ്പള്ളി മജീദ്, കല്ലറ ഗംഗാധരൻ പിള്ള,
വൈരവൻ സഹദേവൻ, എം.പി.കുട്ടപ്പൻ, വി.സത്യദേവൻ, കെ.എം.ജയദേവൻ തുടങ്ങിയവർ പ്രത്യേകം സ്മരണീയരാണ്.
ഇവരിൽ പലരും പിൽക്കാലത്ത് നിയമസഭയിലും സംസ്ഥാന രാഷ്ട്രീയത്തിലും നിർണ്ണായകസ്ഥാനങ്ങളിൽ
എത്തിപ്പെട്ടിട്ടുണ്ട്. മാറ്റാപ്പള്ളി മജീദ് എം.എൽ.എ ആയിരുന്നു. കടയ്ക്കൽ വിപ്ലവത്തിൽ പഴയകുന്നുമ്മേൽ വില്ലേജിൽ നിന്നും
പങ്കെടുത്ത വ്യക്തികളിൽ പ്രമുഖരായിരുന്നു അയ്യപ്പൻ പിള്ള, പാച്ചൻ പിള്ള, ശങ്കരപ്പിള്ള,
അസനാരുപിള്ള, മുഹമ്മദ് മുസ്തഫ, നാരായണൻ, കുഞ്ഞുശങ്കരൻ, ഗോപാലപിള്ള തുടങ്ങിയവർ.
1947 ആഗസ്റ്റ് 15-ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയും
ദേശീയ സ്വാതന്ത്ര്യസമരത്തിലും ഉത്തരവാദപ്രക്ഷോഭത്തിലും
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ജനത ധീരോദാത്തമായ സംഭാവനകൾ നൽകിയിരുന്നു. 1947 ആഗസ്റ്റ്
15-ന് ആറ് കാളകളെ പൂട്ടിയ ഒരു വണ്ടി പഴകുന്നുമ്മേൽ പഞ്ചായത്തിന്റെ ഹൃദയഭാഗമായ കിളിമാനൂരിൽ
നിന്നും കൊട്ടാരംവരെ പോവുകയും കൊട്ടാരവളപ്പിൽ രാജാവ് ഇന്ത്യൻ പതാക ഉയർത്തുകയും അങ്ങനെ
സ്വാതന്ത്ര്യദിനം ആഘോഷിക്കുകയും ചെയ്തതായി ചരിത്ര രേഖകൾ പറയുന്നു.
പഴയകുന്നുമ്മേൽ വില്ലേജും തൊട്ടടുത്ത കിളിമാനൂർ വില്ലേജും കിളിമാനൂർ
കൊട്ടാരത്തിന്റെ കീഴിലായിരുന്നു. കരമൊഴിവായി തിരുവിതാംകൂർരാജാവ് കിളിമാനൂർ കൊട്ടാരത്തിന്
കൊടുത്ത ഈ പ്രദേശത്തിന്റെ കരം പിരിവ് കിളീമാനൂർ ഇടവക നേരിട്ട് നടത്തിയിരുന്നു. സംസ്ഥാന
സർക്കാരിന്റെ കരത്തിനേക്കാൾ അധിക തുക ഇടവക ഈടാക്കിയിരുന്നു. മാത്രവുമല്ല കർഷകർക്ക്
ഭൂമിയിൽ സ്ഥിരാവകാശവും ഉണ്ടായിരുന്നില്ല. ഇതിനെതിരെ കൃഷിക്കാർ സംഘടിതമായി പ്രക്ഷോഭം
നടത്തുകയും പിൽക്കാലത്ത് ഈ കരംപിരിവ് സംസ്ഥാന ഗവർമെന്റിന്റെ കീഴിൽ ആകുന്നതുവരെ കൃഷിക്കാർ
സംഘടിതമായി പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കൃഷിഭൂമിയിലെ ഉടമസ്ഥാവകാശവും
ഇതോടനുബന്ധിച്ച് കൃഷിക്കാർക്ക് ഇടവകയിൽ നിന്ന് ലഭിക്കകയുണ്ടായി.
സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ ആവിർഭാവം
സ്വാതന്ത്ര്യാനന്തരം ജനകീയഗവർണ്മെന്റ് അധികാരം ഏറ്റെടുത്തതിനുശേഷമാണ്
ഈ പ്രദേശത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപംകൊണ്ടു തുടങ്ങിയത്. അതിനുമുമ്പ് നഗരപ്രദേശങ്ങളിലും
തീരപ്രദേശങ്ങളിലും പ്രവർത്തിച്ചിരുന്ന തൊഴിലാളി സംഘങ്ങൾ ഗ്രാമപ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കാൻ
തുടങ്ങിയത് പിൽക്കാലത്താണ്. ഒരു കാർഷികമേഖലയായ പഴയകുന്നുമ്മേൽ-കിളിമാനൂർ വില്ലേജുകളിൽ
മറ്റു തൊഴിൽമേഖലകൾ അത്രകണ്ട് ഇല്ലായിരുന്നു.
കേരളത്തിലെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിക്കുന്നവർക്ക്
മനസിലാക്കാൻ കഴിയുന്ന വസ്തുത ഈ പ്രദേശത്തെ ആദ്യത്തെ സംഘടിതപ്രസ്ഥാനം ബീഡിത്തൊഴിലാളികളുടേതായിരുന്നു
എന്നാണ്.
താലൂക്കിൽ
മൂന്നു വിഭാഗക്കാരായിരുന്നു സംഘടിത തൊഴിലാളിവർഗ്ഗം. കയർ, നെയ്ത്ത്,
ബീഡി തൊഴിലാളികൾ എന്നീ വിഭാഗങ്ങളായിരുന്നു അത്.
പഴയകുന്നുമ്മേൽ- കിളിമാനൂർ പ്രദേശത്ത് കയർ, നെയ്ത്ത് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ
നന്നേ കുറവായിരുന്നു.
1948-നും 1952-നും ഇടയിലായി ഈ വിഭാഗക്കാർ (ബീഡി തൊഴിലാളികൾ) ഒരു സംഘടനയ്ക്ക്
രൂപം കൊടുത്തു.
തിന്മകൾക്കും അനീതികൾക്കും എതിരെ പോരാടുവാനും ഒരു പ്രത്യേക രാഷ്ട്രീയ
സങ്കല്പത്തിന് രൂപം കൊടുക്കുവാനും പിൽക്കാലത്ത് ഈ സംഘടനയ്ക്ക് കഴിഞ്ഞു. ഈ സംഘടനയെ മാതൃകയാക്കി
ഇതര ജന വിഭാഗങ്ങൾ വിവിധ മേഖലകളിൽ 1957-നു മുമ്പു തന്നെ സംഘടിതശക്തിയായി ഉയർന്നുവന്നിരുന്നു.
ഇങ്ങനെ വളർന്നുവന്ന സംഘടിതപ്രസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് മുൻകൈസ്ഥാനമാണുണ്ടായിരുന്നത്.
ഭൂപരിഷ്കരണപ്രസ്ഥാനം
കൃഷിഭൂമിയിൽ കൃഷിക്കാരന്റെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു
സ്വാതന്ത്ര്യത്തിനു മുൻപും പിൻപും. ഒരു വലിയ വിഭാഗം ജനത ജന്മികളുടെ ഭൂമിയിൽ കുടികിടപ്പുകാരായിരുന്നു.
വിശിഷ്യാ ഈ പ്രദേശത്ത് കിളിമാനൂർ കൊട്ടാരത്തിന്റെ കീഴിലുള്ള മിക്ക കൃഷിക്കാരും ഭൂമിയിൽ
സ്ഥിരാവകാശം ലഭിക്കാത്തവരായിരുന്നു. ജന്മിഭൂമികളിലെ കുടികിടപ്പുകാരുടെയും സ്ഥിതി ഇതുതന്നെയായിരുന്നു.
ഇവകൾക്കെതിരെ നടന്ന സമരങ്ങളും പ്രക്ഷോഭങ്ങളും കേരളചരിത്രത്തിൽ തന്നെ അവിസ്മരണീയങ്ങളാണ്.
എന്നാൽ 1957-ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ
നേതൃത്വത്തിലുള്ള ഗവർൺമെന്റിന്റ് ഭൂപരിഷ്കരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും
ഒരു ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കുകയുമുണ്ടായി. ഇതിനെത്തുടർന്ന് ഇന്ത്യയിലാദ്യമായി
കൃഷിക്കാരന്റെയും കുടികിടപ്പുകാരന്റെയും രക്ഷയ്ക്കുവേണ്ടി ഒരു നിയമം പ്രാബല്യത്തിൽ
കൊണ്ടുവരികയും ഇവിടുത്തെ ജന്മി- കുടിയാൻ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയും ചെയ്തു.
1970 ആയപ്പോഴേയ്ക്കും ഈ രംഗത്ത് സമൂലമായ മാറ്റം കൈവരിക്കുവാൻ കഴിഞ്ഞു. തിരുവിതാംകൂർ-കൊച്ചിയിൽ
ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് നിലവിൽ വരുന്നത് 1953-ലാണ്. ഇപ്രകാരം പഴയകുന്നുമ്മേൽ
പഞ്ചായത്തിലും തെരഞ്ഞെടുപ്പ് നടക്കുകയും പഞ്ചായത്ത് ഭരണസമിതി രൂപീകൃതമാവുകയും ചെയ്തു.
ആദ്യകാല പഞ്ചായത്തുകൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കുവാനുള്ള സമ്പത്തും സഹായവും അന്ന്
ലഭിച്ചിരുന്നില്ല. ഗവർൺമെന്റിൽ നിന്നും കിട്ടുന്ന നാമമാത്രമായ ഫണ്ടുകളാണ് വികസന കാര്യങ്ങൾക്ക്
ഉപയോഗിച്ചിരുന്നത്. പഞ്ചായത്തിന് സ്വന്തമായ വരുമാനമാർഗ്ഗം കുറവായിരുന്നു. ഗതാഗതത്തിനും
കുടിവെള്ളത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൊടുക്കാൻ
പഞ്ചായത്ത് ശ്രമിച്ചിരുന്നു. നിരവധി റോഡുകൾ
പുതുതായി ഉണ്ടാക്കുകയും ഉള്ളവ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. കുടിവെള്ളത്തിനായി
പലഭാഗത്തും പഞ്ചായത്ത്കിണറുകളും കുളങ്ങളും
സ്ഥാപിച്ചിരുന്നു. പാവപ്പെട്ടവർക്ക് വീടുവച്ചു നൽകുവാനും മാറിമാറിവന്ന പഞ്ചായത്ത്
ഭരണസമിതികൾ ശ്രദ്ധിച്ചിരുന്നു. അലോപ്പതി ആശുപത്രികൾ, ആയൂർവേദാശുപത്രി, മൃഗാശുപത്രി, ട്രാൻസ്പോർട്ട് ബസ്റ്റാൻഡ്,
പ്രൈവറ്റ് ബസ്സ്റ്റാൻഡ് മുതലായവ സ്ഥാപിക്കുവാൻ പഞ്ചായത്ത് കമ്മിറ്റികൾ ശ്രമിച്ചിരുന്നു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും അലോപ്പതി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൃഗാശുപത്രിയും ആയൂർവേദാശുപത്രിയും ഒക്കെ നേരത്തേ നിലവിൽ വന്നെങ്കിലും സ്വകാര്യ വണ്ടിത്താവളം
ഈ അടുത്ത കാലത്താണ് നിലവിൽ വന്നത്. കിളിമാനൂർ കാർഷിക ഗ്രാമവികസനബാങ്കും പഴയകുന്നുമ്മേൽ
സർവ്വീസ് സഹകരണബാങ്കും മറ്റ് ദേശസാൽകൃതബാങ്കുകളും ഉൽപ്പെടെ പല ധനകാര്യസ്ഥാപനങ്ങളും
മറ്റ് വ്യാപാര സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും കിളിമാനൂരിൽ ഉണ്ട്. പോലീസ് സ്റ്റേഷനും സർക്കിൾ ഓഫീസും
സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കിളിമാനൂർ സബ്ട്രഷറിയും വർഷങ്ങൾക്കുമുമ്പേ
സ്ഥാപിതമായി. ഇപ്പോൾ സിവിൽസ്റ്റേഷന്റെ പണി പുരോഗമിക്കുകയാണ്. സൂപ്പർമാർക്കറ്റുകൾ അടക്കം
നിരവധി ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങൾ കിളിമാനൂരിൽ ഉണ്ട്. കിളിമാനൂർ പബ്ലിക്ക്മാർക്കറ്റ്
വളരെ വർഷങ്ങളായി പ്രവർത്തിച്ചുപോരുന്നു. വർഷങ്ങളുടെ പഴക്കമുള്ള കിളിമാനൂർ കശുവണ്ടി
ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഇത് സർക്കാർ ഉടമസ്ഥതയിലാണ്. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ നിരവധി സർക്കാർ, എയിഡഡ്
അൺ എയിഡഡ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഹൈസ്കൂളും ഹയർ സെക്കണ്ടറി സ്കൂളും
ഒന്നേയുള്ളൂ. അത് തട്ടത്തുമല ഗവ.ഹയർസെക്കണ്ടറി സ്കൂൾ ആണ്. എന്നാൽ പഞ്ചായത്തിന്റെ വിവിധ
ഭാഗങ്ങളിൽ എൽ.പി, യു.പി സ്കൂളുകൾ ഉണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ മുമ്പേതന്നെ
മുന്നിൽ നിൽക്കുന്ന പ്രദേശമാണിത്. വർഷങ്ങളുടെ പഴക്കമുള്ള കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, കിളിമാനൂർ രാജാ
രവിവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ (ആർ.ആർ.വി) എന്നിവ കിളിമാനൂർ ടൌണിനോട് ചേർന്നാണ് സ്ഥിതി
ചെയ്യുന്നതെങ്കിലും ഇത് രണ്ടും പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലല്ല. അത് രണ്ടും കിളിമാനൂർ
ഗ്രാമപഞ്ചായത്തിൽ ആണ്.
1964 മുതൽ ഇന്നുവരെയുള്ള കാലയളവിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെയും
കിളിമാനൂരിന്റെയും മുഖച്ഛായ മാറ്റിയെടുക്കുവാൻ മാറിമാറിവന്ന പഞ്ചായത്ത് ഭരണ സമിതികൾ
ശ്രമിച്ചുപോന്നിട്ടുണ്ട്. കുറെയെറെ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മറ്റ്
പല പ്രദേശങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ വികസനത്തിന്റെ കാര്യത്തിൽ കിളിമാനൂരിനും
പഴയകുന്നുമ്മേൽ ദേശത്തിനാകെയും ഇനിയും ബഹുദൂരം മുന്നേറുവാനുണ്ട്.
പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡന്റ്
ശ്രീ.എ.പി.രാഘവൻ ആയിരുന്നു. അദ്ദേഹം കിളിമാനൂർ ആർ.ആർ.വി ഹൈസ്കൂളിലെ ഒരു അദ്ധ്യാപകനായിരുന്നു.
എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം അധികനാൾ തുടർന്നില്ല. ആറുമാസത്തിനുള്ളിൽ അദ്ദേഹം
രാജി വയ്ക്കുകയും ശ്രീ. തട്ടത്തുമല മാധവൻ പിള്ള പ്രസിഡന്റാവുകയും ചെയ്തു. 1954-ഓടു
കൂടി അദ്ദേഹവും പ്രസിഡന്റ് സ്ഥാനം ഒഴിയുകയും
ശ്രീ.സദാശിവൻ പ്രസിഡന്റാവുകയും ചെയ്തു. ഇദ്ദേഹം 1963 വരെയും പ്രസിഡന്റായി തുടർന്നു.
1963 അവസാനത്തോടുകൂടി ശ്രീ.കെ.ശിവശങ്കരപ്പിള്ള പ്രസിഡന്റായി അവരോധിതനായി. അദ്ദേഹം
1978 വരെ പ്രസിഡന്റായി തുടർന്നു. അതിനുശേഷം ആറുമാസം ശ്രീ.കെ.സുധാകരൻ പ്രസിഡന്റായി.
തുടർന്ന് 1979-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്
ഇന്ത്യാ മാർക്സിസ്റ്റ് (സി.പി.ഐ.എം) നേതാവ് ശ്രീ.കെ.എം.ജയദേവൻ മാസ്റ്റർ പഴയകുന്നുമ്മേൽ
പഞ്ചയാത്ത് പ്രസിഡന്റായി. 1994-ൽ അദ്ദേഹത്തിന്റെ മരണം സംഭവിക്കുമ്പോഴും അദ്ദേഹം പ്രസിഡന്റായിരുന്നു.
ചെറിയൊരു കാലയളവിൽ അഡ്മിനിസ്ട്രേഷൻ ഭരണത്തിൽ
കോൺഗ്രസ്സ് നേതാവ് എ.ഷിഹാബുദീനും പ്രസിഡന്റായിരുന്നു. 1966-ൽ നടന്ന തെരഞ്ഞെടുപ്പിനെ
തുടർന്ന് ബി.ഗീത പ്രസിഡന്റായി ഭരണ സമിതി നിലവിൽ വന്നു. പിന്നീട് വന്ന തെരഞ്ഞെടുപ്പുകളിൽ
എം.മൈദീൻ കുഞ്ഞ് അഞ്ചുവർഷവും, എം. നാരായണൻ അഞ്ചുവർഷവും പ്രസിഡന്റുമാരായി. നിലവിൽ ശ്രീ.രഘുനാഥനാണ്
പ്രസിഡന്റ്.1979-ൽ കെ.എം. ജയദേവൻ മാസ്റ്റർ മുതൽ ഇങ്ങോട്ട് സി.പി.ഐ.എം നേതൃത്വത്തിലുള്ള
ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കാണ് പഞ്ചായത്ത് ഭരണം. ഇതുവരെയുള്ള തെരഞ്ഞെടുക്കപ്പെട്ട
പ്രസിഡന്റുമാരെല്ലാം സി.പി.ഐ.എം കാരാണ് (മുമ്പ് സൂചിപ്പിച്ച ഒരിക്കൽ അല്പകാലത്തെ അഡ്മിനിസ്ട്രേറ്റീവ്
ഭരണത്തിൽ ഒഴിച്ച്).
**********************************************************************
കിളിമാനൂർ കോവിലകം
കേരളത്തിലെ കൊട്ടാരങ്ങളെയും കോവിലകങ്ങളെയും മാറ്റിവച്ചുകൊണ്ട് രാജചരിത്രത്തെയും കലാ-സാഹിത്യ ചരിത്രത്തെയും കുറിച്ച് പഠനം നടത്താനാവില്ല. കലാ-സാഹിത്യസംബന്ധിയായി ആഴത്തിലുള്ള പഠനങ്ങൾ കൊട്ടാരങ്ങളെയും കോവിലകങ്ങളെയും കുറിച്ച് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. പഴയ രേഖകളും പട്ടയങ്ങളും താളിയോലകളും തേടിപ്പിടിക്കാനുള്ള പ്രയാസങ്ങളും ഐതിഹ്യങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകളും ഇക്കാര്യത്തിൽ ഗവേഷകരെ പലപ്പോഴും വഴിതെറ്റിച്ചിട്ടുണ്ട്. കൈകാര്യക്കാരുടെ അശ്രദ്ധയും സൂക്ഷിക്കാനുള്ള അപര്യാപ്തതകളും കൊണ്ട് നഷ്ടപ്പെട്ടിട്ടുള്ള വിലയേറിയ രേഖകൾക്ക് കണക്കില്ല.
വാളിനൊപ്പം തൂലിക. അല്ലെങ്കിൽ വാളുപിടിച്ചുതളരുമ്പോൾ തൂലിക എടുത്തു പെരുമാറുക. ഇങ്ങനെ വൈരുദ്ധ്യവും വൈവിധ്യവും നിറഞ്ഞ ദിന ചര്യകൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ വാണരുളിയ അകത്തളങ്ങളാണ് കേരളത്തിലെ പഴയ ഫ്യൂഡലിസ്റ്റ് സങ്കേതങ്ങളിൽ പലതും. കല പൂർണ്ണമായും ജനകീയമായി തീർന്നിട്ടില്ലാത്ത പുരാതനകാലത്ത് ജീവിത രീതികളിലും കലോപാസനകളിലും തികഞ്ഞ ഫ്യൂഡലിസ്റ്റ് മനോഭാവം പുലർത്തിയിരുന്നതിൽ അദ്ഭുതപ്പെടേണ്ടതില്ല. എങ്കിൽ കൂടി അവശേഷിച്ചിട്ടുള്ള കലാസമ്പത്ത് വരുംതലമുറയ്ക്കാകെ അനർഘങ്ങളായി മാറിയിട്ടുണ്ട്. നെല്ലും പതിരും അവയിൽ തരംതിരിച്ചെടുക്കാനുണ്ട്. ഗവേഷകർക്കോ ചരിത്രകാരൻമാർക്കോ മേല്പറഞ്ഞ സമ്പത്തുകളെ പിൻതള്ളിക്കൊണ്ടുള്ള ചരിത്ര രചന പ്രയാസം നിറഞ്ഞതുതന്നെയാണ്.
ഈ വീക്ഷണങ്ങളിലൂടെ മാത്രമേ കിളിമാനൂർ കോവിലകകത്തിന്റെ ചരിത്രത്തിലേയ്ക്ക് കടന്നു ചെല്ലാനാവൂ. തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രത്തിൽ കിളിമാനൂർ കോവിലകം വഹിച്ചിട്ടുള്ള പങ്കിനെപ്പറ്റി പുതിയ തലമുറ ഏറെയൊന്നും ചിന്തിച്ചിരിക്കാൻ ഇടയില്ല. കോവിലകത്തിന്റെ ഉദ്ഭവം മുതൽ നാടുവാഴിത്തത്തിന്റെ അവസാനംവരെ രാജ്യചരിത്രത്തിൽ ഏറിയും കുറഞ്ഞും ഈ കോവിലകം തിളങ്ങി നിൽക്കുന്നു. അതുപോലെ കലാ-സാഹിത്യചരിത്രത്തിലും കിളീമാനൂർ കോവിലകം നേടിയെടുത്തിട്ടുള്ള സ്ഥാനം മഹത്തരമാണ്.
വടക്കൻ കേരളത്തിലെ ചിരപുരാതനമായ പരപ്പനാട്ടുരാജവംശത്തിന്റെ ഒരു ശാഖയാണ് ബേപ്പൂർ സ്വരൂപം. അവിടെനിന്ന് പിരിഞ്ഞവർ “തട്ടാരി കോവിലക”ക്കാരായി അറിയപ്പെട്ടു. തട്ടാരി കോവിലകത്തുനിന്നും തിരുവിതാംകൂറിലേയ്ക്ക് മുമ്പേ ദത്തു പതിവായിരുന്നു. ഉമയമ്മറാണി വേണാട് ഭരിക്കുന്ന കാലത്ത് കൊല്ലവർഷം 880 (എണ്ണൂറ്റിയെൺപത്)- ൽ തട്ടാരി കോവിലകത്തുനിന്നും രണ്ടു
ദത്ത് വേണാട്ടിലേയ്ക്കുണ്ടായി. അതിനുമുമ്പും മാതൃദായക്രമം അനുസരിച്ച് പെൺകുട്ടികളെ പലപ്പോഴും വേണാട്ടിലേയ്ക്ക് ദത്തെടുത്തിട്ടുണ്ട്.
അങ്ങനെ കുട്ടികളായിരുന്ന ഉണ്ണിക്കേരളവർമ്മയും സഹോദരിയും പിതാവായ “ഇത്തമ്മർ” തമ്പുരാനോടും മാതാവിനോടുംകൂടി തിരുവിതാംകൂറിലേയ്ക്ക് പോന്നു. അവർക്കായി കിളിമാനൂരിൽ ഒരു ചെറിയ കോവിലകം പണികഴിപ്പിച്ചു. ആ കോവിലകം “ കൊച്ചുകോയിക്കൽ” എന്ന പേരിൽ അറിയപ്പെട്ടു. ദത്തായിവന്ന പെൺകുട്ടിയെ പിതാവായ ഇത്തമ്മർ തമ്പുരാന്റെ സഹോദരീപുത്രൻ (കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെ പുത്രൻ) രാഘവവർമ്മ പാണിഗ്രഹണം നടത്തി. ഈ രാഘവവർമ്മയുടെ പുത്രനാണ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ്.
വേണാടിന്റെ ഒരു പ്രധാന കൈവഴിയായി കിളിമാനൂർ ശാഖ എല്ലാ മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തി. ശക്തൻമാരായ തമ്പുരാക്കൻമാരുടെ മേൽനോട്ടത്താൽ കളരികളും പോരാളികളും ഉണ്ടായി. വടക്കൻ കേരളത്തിൽനിന്ന് അവർ കൊണ്ടുവന്ന വാല്യക്കാരും സഹായികളുമായി പല ‘കിരിയത്തിൽ’ നായർ കുടുംബങ്ങളും കിളിമാനൂരിൽ താമസമാക്കി.
മാർത്താണ്ഡവർമ്മയെ വകവരുത്താൻ എട്ടുവീടരും സഹായികളും ആസൂത്രണം ചെയ്ത കുതന്ത്രങ്ങളിൽനിന്ന് രാജകുടുംബത്തെയും ഭരണത്തെയും നിലനിർത്താൻ കിളിമാനൂർ കോവിലകത്തുകാർ നിസ്തുലമായ പോരാട്ടം നടത്തി. കുട്ടിയായിരുന്ന ധർമ്മരാജാവിനെയും മാതാവിനെയും രക്ഷിക്കാനുള്ള പോരാട്ടത്തിൽ ധീരനായ രവിവർമ്മ ഒറ്റയ്ക്ക് പോരാടി.
എട്ടുവീടരുമായുള്ള ഏറ്റുമുട്ടലിൽ രവിവർമ്മ ആറ്റിങ്ങലിനടുത്തുവച്ച് കൊല്ലവർഷം 903 (തൊള്ളായിരത്തി മൂന്നിൽ)-ൽ വീരചരമം പ്രാപിച്ചു.*
മാർത്താണ്ഡവർമ്മ രാജ്യവിസ്തൃതി വർദ്ധിപ്പിക്കുന്നതിന് പടയോട്ടം നടത്തുന്ന കാലം. കായംകുളം രാജാവ് മാർത്താണ്ഡ വർമ്മയെ തകർക്കാൻ എ.ഡി. 1742 (ആയിരത്തി എഴുന്നൂറ്റി നാല്‌പത്തി രണ്ട്)-ൽ കൊല്ലത്തുവച്ച് ഡച്ചുകാരെക്കൊണ്ട് കിളിമാനൂരിലേയ്ക്ക് പടനീക്കം നടത്തി. കിളിമാനൂർ തകർത്താൽ തിരുവനന്തപുരം കീഴടക്കാൻ പ്രയാസമില്ലെന്നായിരുന്നു അവരുടെ നിഗമനം. വിവരമറിഞ്ഞ കോവിലകക്കാർ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റി. നാനാഭാഗങ്ങളിലുണ്ടായിരുന്ന കളരിനായർമാരെ ഒത്തുകൂട്ടി.
പടയാളികളെത്തുംമുമ്പേ ഡച്ചുസേന പീരങ്കിപ്രയോഗത്താൽ കൊട്ടാരം തകർത്തു. അവർ തിരുവനന്തപുരത്തേയ്ക്ക് നീങ്ങിയ തക്കം നോക്കി കൊട്ടാരത്തിലെ പ്രധാന യോദ്ധാവായിരുന്ന കേരളവർമ്മ ദൂതൻമാരെ കുതിരപ്പുറത്ത് രഹസ്യമായി അയച്ചും കുന്നുകൾ ഇടിച്ചും പാറക്കൂട്ടങ്ങൾ നിരത്തിയും വഴികൾ അടച്ചുകൊണ്ട് പടയാളികളുമൊത്ത് കേരളവർമ്മ പിന്നിലൂടെ ആക്രമണം നടത്തി, ശക്തമായ പീരങ്കിപ്പടയോട് ഏറ്റുമുട്ടി. കിളിമാനൂരിന് എട്ടു കിലോമീറ്ററിനപ്പുറം വാമനപുരത്തുവച്ച് ഡച്ചുകാരെ പരാജയപ്പെടുത്തി. ഈസമയം തിരുവനന്തപുരത്തുനിന്നും വന്ന സേനകൾ മുന്നിലൂടെയും ആക്രമണം ആരംഭിച്ചു. കിളിമാനൂരിന്റെ മണ്ണിൽ രണ്ടു സംഘത്തിലും പെട്ടവരുടെ ചോര ഒഴുകി. ഡച്ചുകാരിൽ ശേഷിച്ചവരെ തടവുകാരാക്കുകയോ തുരത്തുകയോ ചെയ്തു.
രാജ്യസ്ഥാപനത്തിനുശേഷം മാർത്താണ്ഡവർമ്മ മഹാരാജാവ് തന്നെ രക്ഷിച്ചകിളിമാനൂർ കോവിലകക്കാരെ മറന്നില്ല. വീരൻമാരായ രവിവർമ്മയുടെയും കേരളവർമ്മയുടെയും വീരസ്മരണകളുടെ നിത്യസ്മാരകമായി കരമൊഴിവായി പതിനേഴ് ചതുരശ്രമൈൽ പ്രദേശവും പുതിയ കൊട്ടാരവും എ.ഡി 1753 (ആയിരത്തി എഴുന്നൂറ്റി അൻപത്തിമൂന്ന്)-ൽ മാർത്താണ്ഡവർമ്മ ദാനംചെയ്തു.*
ഇങ്ങനെ വിശാലമായ ഭൂപ്രദേശവും പുതിയ കോവിലകവും അവർക്കുള്ളതായി. കിളിമാനൂർ കോവിലകക്കാർ കല്ലേപിളർക്കുന്ന കല്പനകളാലോ ദണ്ഡനമുറകളാലോ നാടടക്കി വാണില്ല. അധികാര ഗർവ്വുകൊണ്ട് നടത്തിയ പീഡനങ്ങളും ക്രൂരതകളും അന്നാട്ടുകാർ കേട്ടിട്ടില്ല. വേലുത്തമ്പിയുടെ കാലത്തും കിളിമാനൂർ കോവിലകം ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നതായി കാണുന്നു. അതിനിടയിൽ നീണ്ട കലാ-സാഹിത്യ സപര്യയിലായിരുന്നു കോവിലകം നിവാസികൾ.
വടക്കൻ കേരളത്തിൽ പഴശ്ശിരാജയും ബ്രിട്ടീഷുകാരും ഇടഞ്ഞുകഴിയുന്ന കാലം. പഴശിയുടെ ഉറ്റമിത്രവും പണ്ഡിതനും രാജ്യതന്ത്രജ്ഞനുമായിരുന്ന അണിമംഗലത്ത് നമ്പൂതിരിപ്പാട് കിളിമാനൂരിലെ രോഹിണി തിരുനാൾ തമ്പുരാട്ടിയെ കൊല്ലവർഷം 967-ൽ (തൊള്ളായിരത്തി അറുപത്തിയേഴിൽ) പാണിഗ്രഹണം ചെയ്തു. ഗവേഷണബുദ്ധ്യാ വീക്ഷിക്കുമ്പോൾ ഒരു കര്യം വ്യക്തമാകുന്നു. പഴശിരാജ നയതന്ത്ര ചതുരനായ അണിമംഗലത്തെ കരുതുക്കൂട്ടിയാകും കിളിമാനൂരിൽ എത്തിച്ചത്. തിരുവിതാംകൂർ രാജകുടുംബത്തിലും ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കാൻ നമ്പൂതിരിക്ക് കഴിയുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിട്ടുണ്ടാകും.
ധാരാളം യോദ്ധാക്കളെ കിളിമാനൂരിൽ നമ്പൂതിരി താമസിപ്പിക്കുകയും ആയോധന പരിശീലനം നടത്തിക്കുകയും ചെയ്തിരുന്നു. വെള്ളക്കാരെ തുരത്താൻ ആഹ്വാനം മുഴക്കിയ വേലുത്തമ്പി ദളവയും അണിമംഗലവും ഉറ്റമിത്രങ്ങളായിരുന്നു. തിരുവനന്തപുരത്തും കിളിമാനൂരും വച്ച് ഇവർ രഹസ്യങ്ങൾ കൈമാറിയിരുന്നു. അണിമംഗലത്തിന്റെ ഉപദേശങ്ങളും ബുദ്ധിയും വേലുത്തമ്പിയ്ക്ക് വളരെ വിലപ്പെട്ടതുമായിരുന്നു.
പഴശ്ശിരാജാവിന്റെ ദയനീയമായ അന്ത്യവും ബ്രിട്ടീഷുകാരുടെ ആധിപത്യവികസനവും നമ്പൂതിരിയെ വിഷമിപ്പിച്ചു. വേലുത്തമ്പിയും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധവും വഷളായി. നിൽക്കക്കള്ളിയില്ലാതെ തമ്പി പാലായനം ചെയ്തു. തിരുവിതാംകൂർ രാജവംശത്തിനുതന്നെ നാശം വന്നാലോ എന്നുകരുതി വേലുത്തമ്പി തനിക്കെതിരെ രാജാവിനെക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചിട്ടാണ് രായ്ക്കുരാവിൽ അനുജനുമൊത്ത് കിളിമാനൂർ കോവിലകത്ത് എത്തിയത്. ഉരുളിയിൽ ചൂടുമാറാത്ത ഉണക്കലരി ചോറും പച്ചമോരും രാത്രിയിലേയ്ക്ക് കരുതിവയ്ക്കാൻ അണിമംഗലം ശട്ടം കെട്ടിയിരുന്നു. തമ്പി എപ്പോഴാണു വരുന്നതെന്നറിയില്ല. മിക്കപ്പോഴും അകത്തളത്തിൽ തമ്പിയുമൊത്തിരുന്ന് നമ്പൂതിരി ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു. തനിക്ക് രക്ഷയില്ലെന്നുകണ്ട് വേലുത്തമ്പി അന്ത്യത്തിനുമുമ്പ് ഓടിയെത്തിയതും ആത്മമിത്രമായ അണിമംഗലത്തിനെ കാണാനായിരുന്നു. തമ്പിക്ക് രഹസ്യമായി കഴിയാൻ ഇടമുണ്ടാക്കാമെന്ന് നമ്പൂതിരി വാക്കുകൊടുത്തു.
“ഒരുവന്റെ നാശംകൊണ്ട് ഒരു ദേശം രക്ഷപ്പെടുമെങ്കിൽ അതു ചെയ്യണമെന്ന രാജ്യതന്ത്രത്തിലെ പ്രധാന തത്വം നമ്പൂതിരി മറന്നോ?” തമ്പി ചോദിച്ചു.
ആ രാജകുടുംബത്തിന്റെ രക്ഷയെ കരുതി തമ്പിയും അനുജനും രക്ഷപ്പെട്ടു. അതിനുമുമ്പ് “എന്റെ ഓർമ്മയ്ക്ക് ഇത് ഇരിക്കട്ടെ” എന്നുപറഞ്ഞുകൊണ്ട് സ്വന്തം ഉടവാൾ നമ്പൂതിരിയെ ഏല്പിച്ചു. വേലുത്തമ്പിയുടെ വാളിന്റെ കാര്യം 1947 വരെ കിളിമാനൂർ കൊട്ടാരക്കാർ രഹസ്യമാക്കിവെച്ചിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയ്ക്കു ശേഷം ആർട്ടിസ്റ്റ് കെ.ആർ.രവിവർമ്മയാണ് ആ വാൾ ഇന്ത്യൻ പ്രസിഡന്റിനെ ഏല്പിച്ചത്.
***************************************************************
കിളിമാനൂർ കോവിലകക്കാർ ആദ്യകാലം മുതൽ കലോപാസകരായിരുന്നു. ആദ്യ രക്തസാക്ഷിയായ രവിവർമ്മ പോലും, കവിയായിരുന്നു. സകലവിധ ദൃശ്യകലകളും ശ്രവ്യകലകളും കോവിലകത്തിന്റെ അകത്തളങ്ങളിൽ തുടിച്ചുനിന്നിരുന്നു. ജാതിമതഭേദം കൂടാതെ അവർ കലാകാരൻമാർക്ക് ആതിഥ്യമരുളി. വരുമാനത്തിന്റെ നല്ലൊരു ഭാഗം കലാപ്രോത്സാഹനത്തിന് ചെലവഴിക്കാറുണ്ടായിരുന്നു. തർക്കം, വ്യാകരണം, സാഹിത്യം, സംഗീതം, ജ്യോതിശാസ്ത്രം, കഥകളി എന്നീ വിഭാഗങ്ങളിൽ പെടുന്ന അപൂർവ്വഗ്രന്ഥങ്ങൾ നിറഞ്ഞ വിപുലമായ ഗ്രന്ഥപ്പുര അവിടെയുണ്ടായിരുന്നു. വിരൽത്തുമ്പിൽ കാവ്യവും ചുണ്ടുകളിൽ സംഗീതവുമുള്ള തമ്പുരാക്കളും തമ്പുരാട്ടിമാരു കലാകാരൻമാർക്ക് കല്പവൃക്ഷങ്ങളായിരുന്നത്രേ. ശ്രീനാരായണ ഗുരുവും കുമാരനാശാനും അവിടെയെത്തി വേദാന്തചർച്ചകൾ നടത്തിയിരുന്നതായി പറയപ്പെടുന്നു.
***************************************************
*1-(*ഈ സംഭവം നടന്നത് ബുധന്നൂർ വച്ചാണെന്ന് പാച്ചു മൂത്തതും കഴക്കൂട്ടത്തുവച്ചാണെന്ന് ശങ്കുണ്ണി മേനോനും രേഖപ്പെടുത്തുന്നു. വേണാടിന്റെ പരിണാമം എന്ന ഗ്രന്ഥത്തിൽ ശിവശങ്കരൻ നായർ ഇതുരണ്ടും തെറ്റാണെന്നു പറഞ്ഞിരിക്കുന്നു. പക്ഷെ കിളിമാനൂർ കൊട്ടാരത്തിലുണ്ടായിരുന്ന ചില രേഖകൾ പരിശോധിച്ചതിൽനിന്ന് കഴക്കൂട്ടത്തോ ആറ്റിങ്ങലിനടുത്തോ വെച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നു വ്യക്തം. മുറിവേറ്റ രവിവർമ്മയെ ആഗ്രഹപ്രകാരം വർക്കല പാപനാശത്തേയ്ക്ക് കൊണ്ടുപോവുകയും അവിടത്തെ തീർത്ഥജലം കുടിച്ച് വീരസ്വർഗ്ഗം പ്രാപിച്ചെന്നും കിളിമാനൂരിൽ പറഞ്ഞുവരുന്നുണ്ട്. രവിവർമ്മയ്കുവേണ്ടി വർക്കല ക്ഷേത്രത്തിൽ നിത്യവും പാല്പായസ വഴിപാട് മാർത്താണ്ഡവർമ്മ പിൽക്കാലത്ത് ഏർപ്പെടുത്തിയിരുന്നു. കിളിമാനൂർ കൊട്ടാരത്തിന്റെ പേരിലുള്ള വഴിപാടിന്റെ ചെലവ് രാജാക്കൻമാരായിരുന്നു വഹിച്ചിരുന്നത്.)
**************************************************
*2-ത്താണ്ഡവർമ്മ മഹാരാജാവ് കൊല്ലവർഷം 938 (തൊള്ളായിരത്തി മുപ്പത്തെട്ട്)-ൽ തുല്യം ചാർത്തിയ രേഖ താഴെ കാണും പ്രകാരമാണ്:
“ കിളിമാനൂർ അധികാരം ഒഴിഞ്ഞുകൊടുത്ത നിനവ്:-
ശ്രീപാദത്തു കൂട്ടുപാർക്കുന്ന നെടിയിരിപ്പ് വേപ്പൂർ തട്ടാരി കോവിലകത്ത് കേരളവർമ്മമാരായ മൂത്തകോവിൽ പണ്ടാരം കണ്ട് കോവിലിന്റെ ജ്യേഷ്ഠൻ രവിവർമ്മ കോവിൽ പണ്ടാരം തൊള്ളായിരത്തിമൂന്ന് വൃശ്ചിക മാസത്തിൽ കാർത്തികയും പൂർണ്ണവാവും അന്നു നട്ടുച്ചനേരത്ത് ജീവനെ ഉപേക്ഷിച്ച് കാർത്തികതിരുനാൾ പണ്ടാരത്തിലേയ്ക്കും ചെയ്തിരിക്കുന്ന ഉചിതം വിചാരിച്ച് കണ്ടാറെയും 914-)-മാണ്ട് (തൊള്ളായിരത്തി പതിനാലാമാണ്ട്) മകരമാസം പതിനെട്ടിന് കിളിമാനൂർ കോട്ടയ്ക്കുനേർക്ക് ചടപട വെടിയുംവച്ച ഇലന്തപ്പട കേറി കോട്ടപിടിച്ച കിളിമാനൂരും നഗരൂരും അഴിക്കയിൽ കോവിൽ നെടുമങ്ങാടും നെയ്യാറ്റിൻകരയും ചെന്നിരുന്നു. കരക്കാരെയും പടയും ശേഖരിച്ചും വാമനപുരത്തെത്തി നമ്മോടൊന്നിച്ച് പാളയം ഇറങ്ങിയിരിക്കുന്നേടത്തുവന്ന് അന്നുചെയ്ത ഉചിതം വിചാരിച്ചു കണ്ടാറെയും നമ്മുടെ സ്വരൂപവും കോവിലിന്റെ രൂപവും ഒന്നുതന്നെയെന്നു നമുക്കിപ്പോൾ തോന്നിയിരിക്കുന്നു. കോവിലിനും കോവിലിന്റെ ശേഷക്കാരക്കും എന്തുതന്നെ വന്നാലും നമുക്കു തൃപ്തി വരുന്നതല്ലാഴികകൊണ്ടും കോവിലിനും ഇപ്പോൾ കിളിമാനൂർ കുഞ്ചുകോയിക്കൽ പാർക്കുന്ന കോവിലിന്റെ സ്വരൂപത്തിൽ കുഞ്ഞ് ആബാലവൃദ്ധം ഒന്നുള്ളിടത്തോളവും 915 -)-മാണ്ട് (തൊള്ളായിരത്ത് പതിനഞ്ചാമാണ്ട്) കണ്ടെഴിതിയ ചിറയിൻകീഴ് മണ്ടപത്തുംവാതിൽക്കൽ കിളിമാനൂർ അധികാരം ഉള്ളിട്ട നാളതുവരെ നാം അനുഭവിച്ചുവരുന്ന വസ്തുകൃത്യങ്ങൾ എപ്പേർപെട്ടതും ഇന്നാളാൽ നാം ഒഴിഞ്ഞുതന്നിരിക്കുകകൊണ്ട് ഇത്തിൻമണ്ണമൊത്ത് വസ്തുകൃത്യങ്ങൾ കോവിലും കോവിലിന്റെ ശേഷക്കാരരും ആചന്ദ്രകാലമേ സന്തതിപ്രകാരമേ അനുഭവിച്ചുനടന്നുകൊള്ളുമാറും ഇതുകൂടാതെ കോവിലിനും കോവിലിന്റെ സ്വരൂപത്തിനും ദു:ഖം വരുന്ന കാലങ്ങളിൽ ഈ എഴുത്തുകണ്ട് നമ്മുടെ ശേഷക്കാറരിൽ ഉള്ള ആളുകൾ പ്രത്യേകമായിട്ട് വിചാരിച്ച് രക്ഷിച്ചുകൊള്ളുകയും വേണം; എന്നും ഇപ്പടിക്കു 928-)-മാണ്ട് (തൊള്ളായിരത്തി ഇരുപത്തിയെട്ടാമാണ്ട്) ചിങ്ങമാസം പന്ത്രണ്ടിന് തിരുവുള്ളത്തിൻപടി നിനവെഴുതിയ മേലെഴുത്തു കണക്കു താണുമാലയപ്പെരുമാൾ ചോണാചലം എഴുത്ത്..........”
കിളിമാനൂർ കോവിലകത്ത് കലാ-സാഹിത്യോപാസകരായിരുന്നവരെ സംബന്ധിച്ച് ഹ്രസ്വവിവരണം:
രവിവർമ്മ കോയിത്തമ്പുരാൻ- കംസവധം ആട്ടക്കഥ
ഉമാദേവിത്തമ്പുരാട്ടി- വിഷ്ണുമായാചരിതംതുള്ളൽ
രാജരാജവർമ്മ കോയിത്തമ്പുരാൻ (കരീന്ദ്രൻ)- രാവണവിജയം ആട്ടക്കഥ
പുണർതം തിരുനാൾ രാമവർമ്മ- സീതാവിജയം ആട്ടക്കഥ
ചോതി തിരുനാൾ ഗോദവർമ്മ- മുചുകുന്ദമോക്ഷം കഥകളി
രാജരാജവർമ്മ- ചിത്രകാരൻ
ഭരണിനാൾ ഗോദവർമ്മ- പാലാഴിമഥനം തുള്ളൽ
മകയിരം നാൾ ഉമാംബ തമ്പുരാട്ടി- പാർവ്വതീസ്വയംവരം തുള്ളൽ
രാജാരവിവർമ്മ- ലോകപ്രസിദ്ധ ചിത്രകാരൻ
രാജരാജവർമ്മ- ചിത്രകാരൻ, ഏ-ടൂർ-ഇൻ-അപ്പർ-ഇന്ത്യ (യാത്രാവിവരണം)
മംഗളാഭായിത്തമ്പുരാട്ടി-ചിത്രകാരി
ചോതിതിരുനാൾ രാജരാജവർമ്മ-രാസക്രീഡ ആട്ടക്കഥ
ചതയം തിരുനാൾ ഇത്തമ്മർ കോയിത്തമ്പുരാൻ- സുകന്യാചരിതം നാടകം, വീരകൃഷ്ണവിജയം കഥകളി
കുട്ടൻ തമ്പുരാൻ- അപരപദാർത്ഥപ്രകാശിക
കേരളവർമ്മ കോയിത്തമ്പുരാൻ- ചീനുഅയ്യന്റെ ദീനചികിത്സ (ഹാസ്യസാഹിത്യം)
കെ.ആർ.രവിവർമ്മ-ചിത്രകാരൻ
ഡോ.കെ.ഗോദവർമ്മ- ഗവേഷകൻ, ചരിത്രപണ്ഡിതൻ
ഡോ. മാർത്താണ്ഡ വർമ്മ- ചരിത്രം, ഗവേഷണം)
************************************************************************
അവലംബം, കടപ്പാട്: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് രേഖകൾ, സർക്കാർ രേഖകൾ, കടയ്ക്കൽ വിപ്ലവം, കല്ലറ-പാങ്ങോട് വിപ്ലവം, കിളിമാനൂർ കൊട്ടാരം, കിളിമാനൂർ ചന്ദ്രൻ, മുതിർന്ന പൌർൻമാർ, വിവിധ സ്കൂൾ രേഖകൾ.

2 comments:
വളരെ സന്തോഷത്തോടെ, നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു.
ഇത് ഇന്നാണ് വായിക്കുന്നത്
ചരിത്രം രേഖപ്പെടുത്താനെടുത്ത ശ്രമത്തെ അഭിനന്ദിക്കുന്നു
Post a Comment