Saturday, December 29, 2012

ജ്യോതിമോളേ ക്ഷമിക്കുക; നമ്മൾ കുറെ നരാധമൻമാർക്കിടയിൽപെട്ടു പോയി

ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായ ജ്യോതി എന്ന  പെൺകുട്ടി മരണപ്പെട്ടു


ജ്യോതിമോളേ ക്ഷമിക്കുക; നമ്മൾ കുറെ  നരാധമൻമാർക്കിടയിൽപെട്ടു പോയി!

ഏതാനും ദിവസങ്ങൾക്കു മുമ്പ് ദില്ലിയിൽ കൂട്ട ബലാൽസംഗത്തിനിരയായ ഇരുപത്തിമൂന്നു വയസ്സുകാരിയായ ജ്യോതി എന്ന  പെൺകുട്ടി മരണപ്പെട്ടു. വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോയിരുന്ന പെൺകുട്ടി അവിടെ ആശുപത്രിയിൽവച്ച് ഇന്ന് പുലർച്ചേ രണ്ട് പതിഞ്ച് മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ദില്ലി സെന്റ് സ്റ്റീഫൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നു  ജ്യോതി. ഫിസിയോതെറാപ്പി കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇന്റേർണൽ ഷിപ്പിന് വേണ്ടി കുട്ടി പഠനപ്രവർത്തനം തുടർന്നുവരികയായിരുന്നു. 

കൂട്ട ബലാൽസംഗത്തിനിരയായ കുട്ടിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി അവിടെ നിന്നും സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ മരണവുമായുള്ള മല്പിടിത്തത്തിൽ ജ്യോതിയും  ഡോക്ടർമാരും ഒടുവിൽ പരാജയപ്പെട്ടു. ഇതോടെ ഈ  കൂട്ട‌ബലാൽസംഗക്കേസിലെ ഒന്നാം അനുഭവസാക്ഷി ഇല്ലാതായിരിക്കുന്നു. അതായത് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവ് നശിച്ചിരിക്കുന്നു.  ഇനി കേസ് ഏത് വിധം പോകുമെന്നത് കാത്തിരുന്ന് കണേണ്ടിയിരിക്കുന്നു. 

പെൺകുട്ടിയെ കൂട്ട  ബലാൽസംഗം ചെയ്ത  ക്രൂരജന്തുക്കളെ മനുഷ്യരെന്ന പരിഗണന വച്ച് ശിക്ഷിക്കേണ്ടവരല്ല. ഇവർ മൃഗതുല്യരാണെന്ന് പറഞ്ഞാൽ മൃഗങ്ങളടക്കം  നിലവിലുള്ള ജീവിവർഗ്ഗങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കും. ഇവറ്റകളെ അനുകമ്പയർഹിക്കാത്ത വിചിത്ര ജന്മങ്ങളായി കരുതി കടുത്ത ശിക്ഷകൾക്ക് വിധേയരാക്കണം. അതിന് നിലവിലുള്ള നിയമ സംവിധാനങ്ങൾക്ക് എന്തെങ്കിലും പരിമിതികളുണ്ടെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തണം.  കേവലമായ ഒരു വധശിക്ഷകൊണ്ടുപോലും ഇത്തരം കൊലയാളികളെ ശിക്ഷിച്ചു കലിയടക്കാനാകില്ല. കാരണം വധം അവറ്റകളെ ഒരു തരത്തിൽ രക്ഷിക്കുകയാണല്ലോ. 

ജ്യോതിയുടെ മരണത്തെ തുടർന്ന് വീണ്ടും ജനകീയ പ്രതികരണങ്ങൾ ശക്തമാകുമെന്ന് കരുതി ഭരണകൂട സംവിധാനങ്ങൾ ഇതിനകം ജാഗ്രതപ്പെട്ടിട്ടുണ്ട്. എന്നാൽ കത്തുന്ന പ്രതിഷേധങ്ങൾക്കുനേരേ കടുത്ത നടപടികൾ എടുത്താൽ അത് എരിതീയിൽ കനലുവാരി ഇടുന്നതിനു തുല്യമായിരിക്കും. പ്രതിഷേധരൂപങ്ങൾ അക്രമാസക്തമാകാതിരിക്കുവാൻ നിയമ സംവിധാനങ്ങൾ ശ്രദ്ധിക്കേണ്ടതുതന്നെ. എന്നാൽ ജനങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ശത്രുഭാവത്തിൽ നേരിടുന്നതിന് ഭരണകൂടം തയ്യാറാകരുത്. 

ഭരണവും ഭരണീയരും എന്ന വ്യത്യാസമില്ലാതെ ഈ സാഹചര്യത്തെ ഒരുമിച്ചു നിന്നു നേരിടേണ്ടതാണ്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്താൻ ഭരണകൂടവും നിയമ –നീതി സംവിധാനങ്ങളും അവസരമൊരുക്കണം. ജനങ്ങളാകട്ടെ ശക്തവും സമാധാനപരവുമായ പ്രതിഷേധങ്ങളിലൂടെ   ഇത്തരം കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പുകളും  നൽകണം. അവിടെ നാം എല്ലാ സങ്കുചിത ചിന്തകളും വെടിയുക.

13 comments:

ഞാന്‍ പുണ്യവാളന്‍ said...

പ്രിയ കൂട്ടുകാരീ.....

ഈ നാടിന്റെ ദുര്‍ഗതിയോര്‍ത്തു ആരോട് ഞാന്‍ പരിഭവം പറയും...?

നിന്നെ പോലെ ആയിരങ്ങള്‍ ഈ മണ്ണില്‍ മാനത്തിനു വേണ്ടി പിടഞ്ഞിട്ടും

കണ്ണ് തുറക്കാത്ത അധികാര ചിഹ്നങ്ങളെ.....നിങ്ങള്ക്ക് മാപ്പില്ല....

ദുഖത്തോടെ പുണ്യവാളന്‍
@ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ ?

Philip Verghese 'Ariel' said...


സജിം, ഒരു സാധാരണ പൌരന്റെ രോഷവികാരമത്രെ ഞാന്‍ ഈ കുറിപ്പില്‍ കണ്ടത്.
തീര്‍ച്ചയായും ആ മനുഷ്യാധമന്മാരുടെ ചെയ്തികള്‍ മൃഗങ്ങള്‍ക്കു പോലും ലജ്ജ വരുത്തുന്നതും അറപ്പുളവാക്കുന്നതുമാണ് എന്നതിനു രണ്ടു പക്ഷം ഇല്ല. എങ്കിലും അവരെ 'പിച്ചിചീന്താനായി രോഷാകുലരായ ജനങ്ങൾക്ക് മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞു കൊടുത്താലും അത് അധികമാകില്ല. ജനങ്ങൾ അവരെ പിച്ചി ചീന്തട്ടെ' എന്ന ആശയത്തോട് യോജിക്കാനകുന്നില്ല, അങ്ങനെയെങ്കില്‍ അവരും നാമും തമ്മില്‍ എന്ത് ഭേദം. ഇതിനര്‍ത്ഥം അവര്‍ ശിക്ഷിക്കപ്പെടരുത് എന്നല്ല മറിച്ചു നിലവിലുള്ള നിയമങ്ങള്‍ അതിനു മതിയാകുന്നില്ല എങ്കില്‍ കര്‍ശന ഉണ്ടാക്കി അവര്‍ക്ക് കോടതിയില്‍ കിട്ടാവുന്ന പരമാവധി ശിക്ഷ തന്നെ കൊടുക്കണം, അത് ഇപ്പോഴുള്ളതുപോലുള്ള പാടില്ല മറിച്ചു തല്‍ക്ഷണ ശിക്ഷ എന്ന വിധത്തില്‍ നിയമം വരണം. ദുഃഖിതരായ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു. ഞങ്ങളുടെ ആദരാഞ്ജലികള്‍.

mini//മിനി said...

പീഡനവാർത്തകൾ മഹാച്ഛര്യം, ചാനലുകൾക്കിനി ആഘോഷം,
ശിക്ഷിക്കപ്പെടേണ്ടവർക്ക് ശിക്ഷ നൽകാതായാൽ ഇനി എന്തെല്ലാം കാണണം?
വധശിക്ഷ വിരുദ്ധ കൂട്ടായ്മ ഈ കൊലയാളികൾക്കുവേണ്ടിയും പ്രവർത്തിക്കുമോ?
തെറ്റ് ചെയ്യുന്നവരെ ബോധവൽക്കരിക്കാൻ ചിലർ പറയുന്നു,,
ബോധം ഉള്ളവരെയല്ലെ ബോധവൽക്കരിക്കാൻ പറ്റുകയുള്ളൂ,,,

ഇ.എ.സജിം തട്ടത്തുമല said...

പുണ്യവാളൻ, ഏരിയൽ, മിനി,

കമന്റുകൾക്കു നന്ദി.

ഏരിയൽ,

പലപ്പോഴും നിയമത്തിന്റെ പരിമിതികൾ മൂലം പല കൊടും കുറ്റവാളികളും രക്ഷപ്പെട്ടു പോകുന്നുണ്ട്. അതിലുള്ള രോഷം ആ വാക്കുകളിലൂടെ പ്രകടിപ്പിച്ചുവെന്നേയുള്ളൂ. അതിനർത്ഥം ജനങ്ങൾക്ക് കുറ്റവാളികളെ വിട്ടുകൊടുക്കണം എന്നല്ല.ആ പരാമർശത്തിന്റെ അപാകത മനസിലാക്കി ഞാനത് പിൻവലിക്കുന്നു. ഇനി അഥവാ നിയമത്തിനു മുന്നിൽ എത്തുന്നതിനു മുമ്പ് ഈ നരാധമൻമാർ ചെന്നു ജനത്തിന്റെ മുമ്പിൽ വീണാലത്തെ സ്ഥിതി പറയാനില്ല എന്നതിനെ മുൻനിർത്തിക്കൂടിയാണ് അങ്ങനെ പറഞ്ഞുപോയിട്ടുള്ളത്. നിയമം നിയമത്തിന്റെ വഴിക്കു പോട്ടേ. പക്ഷെ അർഹമായ കടുത്ത ശിക്ഷ ഇത്തരം കേസുകളീൽ ഉണ്ടാകണം.

മിനി,

ബോധവൽക്കരണത്തെപ്പറ്റി പറഞ്ഞത് ശരിയാണ്. ബോധമുള്ളവരെയല്ലേ ബോധവൽക്കരിക്കുവാൻ പറ്റൂ.

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ ഏരിയൽ,

താങ്കളുടെ ബ്ലോഗിൽ Widget Index എന്നൊരു ഗാഡ്ജറ്റിന്റെ html കോഡ് അറിഞ്ഞോ അറിയാതെയോ ചേർത്തു പോയിരിക്കുന്നു.അത് ബ്ലോഗ് വായന, കമന്റിടൽ എന്നിവയ്ക്ക് പ്രയാസം ഉണ്ടാക്കുന്നു. അത് മാറ്റാൻ താല്പര്യം ഉണ്ടെങ്കിൽ ലേ ഔട്ട് എടുത്ത് ഗാഡ്ജറ്റുകൾ പരിശോധിച്ച് ആ സാധനം വരാനിടയാക്കുന്ന ഗാഡ്ജറ്റ് റിമൂവ് ചെയ്യുക. അല്ല താങ്കൾക്ക് അത് അങ്ങനെ കിടക്കുന്നതാണ് താല്പര്യമെങ്കിൽ കിടക്കട്ടെ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അഭിപ്രായങ്ങളോട് യോജിക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...

ആറങ്ങോട്ടുകര മുഹമ്മദ്‌,

കമന്റിനു നന്ദി

ajith said...

ഇന്‍ഡ്യയിലെ നീതിന്യായവ്യവസ്ഥയായതുകൊണ്ട് നാളെയൊരിയ്ക്കല്‍ ഈ പ്രതികള്‍ പുറത്തിറങ്ങി വിലസുന്നതും കണ്ടേയ്ക്കാം

മനോജ് ഹരിഗീതപുരം said...

ഗോവിന്ദചാമിമാർ സസുഖം വാഴുന്നു...എല്ലാപഴുതുകളും ഉള്ള നമ്മുടെ നിയമം...കഷ്ടം തന്നെ

ഇ.എ.സജിം തട്ടത്തുമല said...

അജിത്ത്, മനോജ് എം ഹരിഗീതപുരം

കമന്റുകൾക്കു നന്ദി!

sangeetha said...

aadaraanjalikal jyothi...

ഇ.എ.സജിം തട്ടത്തുമല said...

സംഗീതയ്ക്കും കമന്റിനു നന്ദി!

Rajeev Elanthoor said...

അഭിവാദ്യങ്ങള്‍..നല്ല പ്രതികരണത്തിനു..